ശ്രീ. പൊറ്റെക്കാട്ടിന്റെ ഉത്തമ കഥകളിലൊന്നും, നല്ല കഥകളിൽ മൂന്നും, വെറും സാധാരണ കഥകളിൽ ഒന്നും അടങ്ങിയ ഒരു ചെറുകഥാസമാഹാരമാണു് പ്രകൃതഗ്രന്ഥം. റിയലിസ്റ്റ് സാങ്കേതികമാർഗ്ഗം പ്രയോഗിച്ചിട്ടുള്ള ഒരു പരാജയപ്രസ്ഥാന കഥയായ “ആശ്രമത്തിന്റെ നെടുവീർപ്പുകൾ” ആണു് ഉത്തമം. നല്ല കഥകൾ, ഒരു റൊമാന്റിക് പ്രസ്ഥാനകഥയായ “പ്രതികാരത്തിന്റെ പരിണാമം”, റിയലിസ്റ്റ് സാങ്കേതിക മാർഗ്ഗം പ്രയോഗിച്ചിട്ടുള്ള പരാജയപ്രസ്ഥാനകഥകളായ “ആ ചെരിപ്പു്” “ഒരുറുപ്പികയുടെ കടം” എന്നിവയാണു്. സാധാരണ കഥ റൊമാന്റിക് പ്രസ്ഥാനത്തിൽപ്പെട്ട “വനറാണി”യും.
ഒരു കുഷ്ഠരോഗിക്കോളണിയിലെ ജീവിതവും, ഈ രോഗികളിൽ ഒരുത്തന്റെ പ്രണയവും ഭംഗിയായി ചിത്രീകരിച്ചിട്ടുള്ള “ആശ്രമത്തിന്റെ നെടുവീർപ്പുകൾ” ആദ്യമായി എടുക്കാം. പ്രസ്തുത കോളണിയിലെ തോട്ടത്തിൽനിന്നു് ഒരു അശോകപ്പൂങ്കുല, ആ സ്ഥലം കുഷ്ഠരോഗികളുടെ പാർപ്പിടമാണെന്നറിയാതെ, വഴിയേപോയ ഒരു ബാലിക പറിച്ചെടുക്കുന്നതും, അവിടെ തൂക്കിയിരുന്ന ബോർഡിൽനിന്നു് ആ സ്ഥലത്തിന്റെ യാഥാർത്ഥ്യം ഗ്രഹിച്ചപ്പോൾ, അവൾ അതിരറ്റ അറപ്പോടും ഭീതിയോടുംകൂടി അതു വലിച്ചെറിഞ്ഞുകൊണ്ടു് ഓടിപ്പോകുന്നതും, ചിത്രീകരിക്കുന്ന ഈ കഥയിലെ പ്രഥമരംഗം തന്നെ ഗ്രന്ഥകാരന്റെ മികച്ച കലാവാസന പ്രസ്പഷ്ടമാക്കുന്നുണ്ടു്. മറ്റു് മൂന്നു വിധത്തിലുംകൂടി ഈ കഥയ്ക്കു പ്രധാന്യമുണ്ടു്. വിഷയത്തിന്റെ പുതുമയും, കലാസ്ഥിതിയോടുള്ള പൊരുത്തവും ഇതിനു പ്രാധാന്യം നൽകുന്നു. കൂടാതെ, ഭാഷാകഥയെഴുത്തിലെ ഒരു പ്രധാന കുറവും ഇതു സൂചിപ്പിക്കുന്നുണ്ടു്. കുഷ്ഠരോഗികളുടെ ജീവിതം ഭാഷാസാഹിത്യകാരന്മാർ ഏതൽപര്യന്തം വിഷയമാക്കീട്ടുള്ളതായി അറിവില്ല. മനുഷ്യരുടെ സ്വാർത്ഥതയും അജ്ഞതയും നിമിത്തം, യുഗങ്ങളായി അവരുടെ അതിരറ്റ ക്രൂരതയ്ക്കു് ഇരയായി ഭവിച്ചിട്ടുള്ള കുഷ്ഠരോഗികളുടെ അതിദയനീയവും ആശയറ്റതുമായ ജീവിതത്തെ, ആർത്തരോടുള്ള ഉള്ളഴിഞ്ഞ കരുണയും സർവ്വസാഹോദര്യവും മുദ്രാവാക്യങ്ങളായിത്തീർന്നിട്ടുള്ള ഇന്നത്തെ മനഃസ്ഥിതിക്കു് അനുയോജ്യമായി, ഗ്രന്ഥകാരൻ ഇതിൽ ഹൃദയസ്പൃക്കാകുംവണ്ണം വർണ്ണിച്ചിരിക്കുന്നു. ഇവരോടുള്ള സമുദായത്തിന്റെ അതിക്രൂരമായ പെരുമാറ്റത്തിനു കാരണമായ അതിഭയം ഇന്നത്തെ ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തിൽ ഏറിയകൂറും ന്യായീകരിക്കത്തക്കതല്ല. ഈ പെരുമാറ്റം ഈ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിനു് വിഘാതമായി നില്ക്കുന്നുണ്ടു്. പ്രസ്തുത രണ്ടു പരമാർത്ഥങ്ങളും സൂചിപ്പിക്കുന്നതിനുദ്യമിക്കാതെ, ഈ പെരുമാറ്റം അനിവാര്യവും ശോചനീയവുമായ ഒരു ദുഃസ്ഥിതിയാണെന്നുള്ള പരാജയഭാവം ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നതാണു് ഭാഷാകഥയെഴുത്തിലെ ഒരു സാരമായ കുറവു ധ്വനിപ്പിക്കുന്നതും. ഒടുക്കം പറഞ്ഞ പോയിന്റിനെ വിശദീകരിക്കേണ്ടിയിരിക്കുന്നു.
കുഷ്ഠരോഗത്തെക്കുറിച്ചു് അടുത്തകാലത്തു നടത്തിയിട്ടുള്ള പല ശാസ്ത്രീയപര്യവേഷണങ്ങളുടേയും ഫലമായി, അതു പിടിപെട്ടിട്ടുള്ള ലോകത്തിലെ ഇരുപതു ലക്ഷത്തിൽപരം നിർഭാഗ്യവാന്മാർക്കു് ആശയും ആശ്വാസവും നല്കുന്ന പല കണ്ടുപിടിത്തങ്ങളും ഇന്നുണ്ടായിരിക്കുന്നു. ക്ഷയരോഗത്തിനു ഉപയോഗിച്ചുവരുന്ന സൽഫോൺ ഔഷധങ്ങൾ കുഷ്ഠത്തിനു് കൂടുതൽ പ്രയോജനകരമാണെന്നു് കണ്ടുപിടിച്ചിട്ടുള്ളതു് ലോകത്തിൽനിന്നു് ഈ ക്ഷയരോഗം അകറ്റാമെന്ന ആശ ഉദിപ്പിച്ചിട്ടുണ്ടെന്നു ബ്രിട്ടീഷ് എമ്പയർ ലെപ്രസി റിലീഫ് അസോസിയേഷന്റെ മെഡിക്കൽ സെക്രട്ടറിയായ ഡാക്ടർ മുയിർ 1947-ലെ “ബ്രിട്ടീഷ് മെഡിക്കൽ ജേർണലി”ന്റെ ഒരു ലക്കത്തിൽ എഴുതിയിരുന്നു. “പ്രോമിൻ” എന്നും “ഡയാസോൺ” എന്നും പേരുകളുള്ള രണ്ടു സൽഫോൺ ഔഷധങ്ങൾ മുഖേന 19 കുഷ്ഠരോഗികളുടെ ദീനം പാടെ മാറ്റി പറഞ്ഞയച്ചിട്ടുണ്ടെന്നു യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാർവില്ലിലെ മറൈൻ ആസ്പത്രിയിലെ ഡോക്ടർ ഫാജെറ്റ് ഈയ്യിടെ പ്രസ്താവിക്കുകയുണ്ടായി. ഡിഫ്തീരിയ എന്ന തൊണ്ടവ്യാധിയുടെ രോഗബീജങ്ങളിൽനിന്നു നിർമ്മിച്ച “ഓക്സിഡിഫ്ത്തീരിക്ക് ആസിഡ്” എന്ന പുതിയ ഔഷധം കുഷ്ഠത്തിനു് ഒരു സിദ്ധൗഷധമാണെന്നു രണ്ടു സോവിയറ്റ് ശാസ്ത്രജ്ഞർ ഈയിടെ കണ്ടിപിടിച്ചിട്ടുണ്ടു്. ഇന്റർനാഷണൽ ലെപ്രസി അസോസിയേഷന്റെ ഉപദേഷ്ടാക്കളിൽ ഒരാളായ റൊഡേഷ്യയിലെ ഡാക്ടർ മോയ്സെർ പാറ്റകളാണു് ഈ രോഗം പരത്തുന്നതെന്നു് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. വേണ്ട മുൻകരുതലോടുകൂടി കുഷ്ഠരോഗികളോടു് അടുത്തു പെരുമാറിയാൽ, അതു പകരുന്നതല്ലെന്നാണു് ഇന്നത്തെ വിദഗ്ദ്ധാഭിപ്രായം. ഈ കണ്ടുപിടുത്തങ്ങൾ അറിയായ്കയാലാണത്രേ സമുദായം ഈ രോഗികളോടു് അതിനിർദ്ദയമായി പെരുമാറിവരുന്നതും.
അജ്ഞാനത്തിൽ നിന്നുത്ഭവിച്ച പ്രസ്തുത പെരുമാറ്റംപോലെ, ശാസ്ത്രത്തിന്റെ അർദ്ധജ്ഞാനം നിമിത്തം സിഫിലിസ് (ചിത്തപ്പുണ്ണു്) രോഗികളോടു് അമേരിക്കക്കാർ ക്രൂരമായി പെരുമാറിവരുന്നുണ്ടു്. ഈ രോഗികളോടുള്ള അടുത്ത സംസർഗ്ഗവും, ഇവർ ഉപയോഗിക്കുന്ന സാധനങ്ങളെ തൊടുന്നതുപോലും, രോഗം പകർത്തുന്നു എന്നുള്ള അടിസ്ഥാനരഹിതമായ വിശ്വാസം ഹേതുവായി അമേരിക്കയിലെ ഫാക്ടറി തൊഴിലാളികൾ ഇതു പിടിപെട്ടിട്ടുള്ള വേലക്കാരെ വച്ചുകൊണ്ടിരിക്കുന്ന ഫാക്ടറികളിൽ പണിമുടക്കു നടത്തുകയും, ഫാക്ടറി ഉടമസ്ഥന്മാർ രക്തപരിശോധന മുഖേന സിഫിലിസ് പിടികൂടിയിട്ടുണ്ടെന്നു കണ്ടുപിടിച്ചിട്ടുള്ള തൊഴിലാളികൾക്കു് വേല കൊടുക്കാതെയിരിക്കുകയും ചെയ്തുവരുന്നു. രോഗികളുടെ സ്പർശനമേറ്റ നിർജ്ജീവസാധനങ്ങൾ മുഖേന സിഫിലിസ്സും ഗൊണോറിയയും പകരുന്നതല്ലെന്നും, പാരമ്പര്യമായി ഇവ പിടിപെട്ടിട്ടുള്ളവരുടെ കാര്യം വിഗണിക്കുന്നതായാൽ, മൈഥുനക്രിയ മുഖേന മാത്രമേ ഇവ പകരുകയുള്ളൂ എന്നു പറയാമെന്നും, അമേരിക്കയിലെ ജാൺഹോപ്കിൻസ് സ്ക്കൂൾ ഓഫ് ഹൈജീൻ ആന്റ് പബ്ളിക്ക് ഹെൽത്ത് എന്ന സ്ഥാപനത്തിലെ ജനനേന്ദ്രിയരോഗവിദഗ്ദ്ധൻ ഡാക്ടർ നെൽസൺ അടുത്തകാലത്തു് അഭിപ്രായപ്പെട്ടിരുന്നതും ഇവിടെ സ്മരണീയമാണു്.
സമുദായത്തിലെ സാമ്പത്തിക അനീതികളെ അകറ്റുവാൻ സോഷ്യോളജിയുടെ സിദ്ധാന്തങ്ങളും, സമുദായാംഗങ്ങളുടെ ലൈംഗികജീവിതത്തിലെ അനീതികളെ അകറ്റുവാൻ ലൈംഗികശാസ്ത്രസിദ്ധാന്തങ്ങളും, ഇന്നത്തെ ബൃഹത് പുരോഗമനസാഹിത്യപ്രസ്ഥാനക്കാർ തങ്ങളുടെ കൃതികളിൽ ഉൾക്കൊള്ളിച്ചുവരുന്നുണ്ടല്ലോ. ഇക്കാര്യങ്ങളിൽ സോഷ്യൽ സയൻസുകളുടെ തത്വങ്ങളെ ഉപയോഗപ്പെടുത്തുന്നതുപോലെ, ചിലതരം മഹാരോഗികളോടു് സമുദായം കാണിച്ചുവരുന്ന അനീതികളെ അകറ്റുവാനായി പ്രസ്തുത സാഹിത്യകാരന്മാർ നാച്ചുറൽ സയൻസുകളുടെ കണ്ടുപിടിത്തങ്ങളെയും തങ്ങളുടെ കൃതികളിൽ ഉൾക്കൊള്ളിക്കേണ്ടതല്ലേ? ഇതാണു് ശ്രീ: പൊറ്റെക്കാട്ടിന്റെ കഥ അങ്കുരിപ്പിക്കുന്ന പ്രത്യേകപ്രശ്നം. ഇതിനുപുറമേ, ഒരു സാമാന്യപ്രശ്നംകൂടി ഈ കഥ ഉത്ഭവിപ്പിക്കുന്നുണ്ടു്. അപ്ലൈഡ് സയൻസിന്റെ (പ്രായോഗികശാസ്ത്രത്തിന്റെ) പുരോഗതിയെ തങ്ങളുടെ ഭാവന മുഖേന സാഹിത്യകാരന്മാർക്കു—പ്രത്യേകിച്ചു്, കാഥികർക്കു്—സഹായിക്കുവാൻ സാധിക്കുകയില്ലേ എന്നതാണു് പ്രസ്തുത സമാന്യപ്രശ്നം. സാഹിത്യകാരന്റെ നിയന്ത്രിതഭാവനയും (ഇമാജിനേഷനും), പ്രായോഗിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തത്തിന്നു വേണ്ടതായ നിയന്ത്രിതഭാവനയും, മൗലികമായി ഒന്നുപോലെയുള്ളവയാണെന്നു്— അതായതു്, സ്മരണയിലും നിരീക്ഷണത്തിലും നിന്നു ലഭിക്കുന്ന വസ്തുതകളെ പുതിയ രീതിയിൽ സജ്ജീകരിക്കുന്നതാണെന്നു്—ഇന്നത്തെ മനഃശ്ശാസ്ത്രജ്ഞർ സ്ഥാപിച്ചിട്ടുള്ളതു് ഇതു സാധിക്കുമെന്നു് ഉത്തരം പറയാൻ നമ്മെ ധൈര്യപ്പെടുത്തുന്നുണ്ടു്. കൂടാതെ,ശാസ്ത്രീയസാധ്യതകളെക്കുറിച്ചു ഭാവനാപരമായി പ്രതിപാദിച്ചിട്ടുള്ള ചില പാശ്ചാത്യ കാഥികരുടെ ആശയങ്ങളും, ഇവയ്ക്കപ്പുറവും, പിൽക്കാലത്തെ പ്രായോഗികശാസ്ത്രജ്ഞർ സാധ്യമാണെന്നു് പര്യവേഷണം മുഖേന സ്ഥാപിക്കുകയോ, നടപ്പിൽവരുത്തുകയോ ചെയ്തിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണു്. എച്ച്. ജി. വെത്സി ന്റെ “ദി കൺട്രി ഓഫ് ദി ബ്ളൈൻഡ്” (കുരുടരുടെ രാജ്യം) എന്ന ചെറുകഥാസമാഹാരവും മറ്റു ചില കഥകളും, ഫ്രഞ്ചുകാരനായ ജൂലിയസ് വേർണി ന്റെ ‘എൺപതുദിവസംകൊണ്ടു ലോകം ചുറ്റിസഞ്ചരിക്കാം’ ആദിയായ കഥകളും, മറ്റൊരു ഫ്രഞ്ചുകാരനായ ഫ്രെഡ്രിക് ബൂതേയുടെ ‘പര്യവേഷണം’ ആദിയായ കഥകളും, പ്രസ്തുതതരം കൃതികൾക്കു് ഉദാഹരണങ്ങളാണു്. ജൂലിയസ് വേർണ്ണിന്റെ കാലമായ 19-ാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ എൺപതു ദിവസംകൊണ്ടു ലോകം ചുറ്റിസ്സഞ്ചരിക്കുക എന്നതു് ഒരു അസാധ്യകാര്യമായിരുന്നു. ഇന്നാകട്ടെ, എൺപതു മണിക്കൂർകൊണ്ടു് മിൽട്ടൺ റെയ്നോൾഡ്സ് ലോകം ചുറ്റിസ്സഞ്ചരിക്കുന്നു. ചന്ദ്രനിലേയ്ക്കു പോകുന്നതിനു ജൂലിയസ് വേർൺ നിർദ്ദേശിച്ച റോക്കറ്റിനെ (ബാണത്തെ) “സ്റ്റെപ്പ്-റോക്കറ്റ്” ആയി രൂപാന്തരപ്പെടുത്തിയാൽ, ഈ യാത്ര സാധ്യമാകുമെന്നു ഡോക്ടർ ഗൊഡ്ഡാർഡ്, റെയിൻഹോൾഡ് ടില്ലിങ്ങ്, ആദിയായ ഇന്നത്തെ ആകാശയാനശാസ്ത്രജ്ഞർ പര്യവേഷണംമൂലം വിശ്വസിക്കുന്നു. തന്റെ ‘അദൃശ്യനായ മനുഷ്യൻ’ എന്ന കഥയിൽ എച്ച്. ജി. വെത്സ്, ശരീരം അദൃശ്യമാണെങ്കിലും അതിനകത്തു് ചെല്ലുന്ന ആഹാരസാധനത്തെ അതു ദഹിച്ചു ശരീരത്തോടു ലയിക്കുന്നതുവരെ കാണാമെന്നുള്ള ആശയം ഉൾക്കൊള്ളിച്ചിരിക്കുന്നു. ആഹാരസാധനഘടകങ്ങളെ ‘റേഡിയോ-ആക്ടീവ്’ ആക്കിച്ചമയ്ക്കുന്നതായാൽ, അവ പോയി ദഹിച്ച ശരീരത്തോടു് ലയിക്കുന്നതും മറ്റും കാണാമെന്നുള്ള ഇന്നത്തെ പ്രസിദ്ധ വൈദ്യശാസ്ത്രജ്ഞൻ മോറൻപ്രഭുവിന്റെ അഭിപ്രായം വെത്സിന്റെ പ്രസ്തുത ആശയം സാധ്യമാണെന്നു് സ്ഥാപിക്കുന്നുണ്ടു്.
അദ്ധ്യാത്മികത്വക്കുത്തകയും, സകലതും ശുദ്ധമാക്കിയേ സ്വീകരിക്കുകയുള്ളൂ എന്നു് അതു ജനിപ്പിക്കുന്ന നിഷ്ഠയും, വച്ചു പുലർത്തിക്കൊണ്ടു് പോരുക നിമിത്തം ഭൗതികപുരോഗതി വന്നിട്ടില്ലാത്ത ഭാരതത്തിൽ മുകളിൽ നിർദ്ദേശിച്ച പ്രകാരം പ്രവർത്തിക്കേണ്ടതു് സാഹിത്യകാരന്മാരുടെ പ്രാഥമിക കർത്തവ്യങ്ങളിൽ ഒന്നാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതു സ്ഥാപിക്കുവാനായി കുറേ മാസങ്ങൾക്കു മുമ്പു നാഷണൽ കെമിക്കൽ ലാബോററ്ററിയുടെ കല്ലിടൽകർമ്മം നിർവ്വഹിച്ചപ്പോൽ സർ ശാന്തിസ്വരൂപ് ഭട്ട്നഗർ ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ. ശുദ്ധസയൻസിന്നു ഭാരതീയ ശാസ്ത്രജ്ഞർ നൽകിയിട്ടുള്ള സമ്മാനങ്ങൾ അവർക്കു് ഒന്നാന്തരം ശാസ്ത്രീയ ജോലി നിർവ്വഹിക്കുവാനുള്ള കെല്പുണ്ടെന്നു് സ്ഥാപിച്ചിരിക്കുന്നു എന്നു പറഞ്ഞതിന്നുശേഷം, അദ്ദേഹം ഇങ്ങനെ തുടരുന്നു: “ഒരു ശുദ്ധശാസ്ത്രീയ കണ്ടുപിടിത്തത്തിൽനിന്നും അതു വിജയപൂർവ്വം വ്യവസായത്തിൽ പ്രയോഗിക്കുന്നതിലേയ്ക്കുള്ള വഴി സാധാരണയായി ദീർഘവും മുഷിപ്പിക്കുന്നതുമാണു്. ഈ താവളത്തിൽ ഒരു ഭാരതീയശാസ്ത്രജ്ഞൻ അപൂർവ്വമായി മാത്രമേ എത്തിച്ചേരാറുള്ളൂ. അയാൾ തന്റെ കണ്ടുപിടിത്തം പ്രസിദ്ധപ്പെടുത്തിയയുടനെ അതിനെ പ്രായോഗികശാസ്ത്രത്തിൽ ഉപയോഗപെടുത്തുന്നതിനുവേണ്ട കെല്പുള്ള അന്യരാജ്യക്കാർ അപ്രകാരം ചെയ്തു് അതിനെ മുതലാക്കുകയും ചെയ്തുവരുന്നു… പലപ്പോഴും ഈ പ്രായോഗികഘട്ടത്തിൽ എത്തിച്ചേരുന്നതിനു് അത്യുന്നതങ്ങളായ ചില ഗുണങ്ങളും അദൃഷ്ടപൂർവ്വകത്വവുംകൂടി ഉണ്ടായിരുന്നേ മതിയാവൂ.” മുകളിൽ പ്രസ്താവിച്ച നിയന്ത്രിതഭാവനയെയാണു് ഭട്ട്നഗർ ഒടുവിലത്തെ വാചകത്തിൽ സൂചിപ്പിച്ചിട്ടുള്ളതു്.
പരിതാപകരമായ ഈ സ്ഥിതിയിൽനിന്നുള്ള ഉയർച്ചയുടെ നാന്ദിയായി പ്രസ്തുത തരത്തിൽപ്പെട്ട ചില സാഹിത്യകൃതികൾ ഈയ്യിടെ ഭാരതത്തിൽ ഉണ്ടാകുവാൻ തുടങ്ങിയിരിക്കുന്നതു് ആശ്വാസജനകമാണു്. തലച്ചോറിൽ ശസ്ത്രക്രിയ ചെയ്യുന്നതിനെ സംബന്ധിച്ചു് അത്ഭുതകരമായ പുരോഗതി ഇന്നു് അമേരിക്കയിൽ വന്നിരിക്കുന്നു. രണ്ടായിരത്തിൽപരം ചിത്തഭ്രമരോഗികളുടെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തി അവരെ സാധാരണമനുഷ്യരാക്കിച്ചമയ്ക്കുവാൻ അമേരിക്കൻ ഡാക്ടർമാർക്കു് സാധിച്ചിട്ടുണ്ടു്. ഈ വിഷയത്തിലുള്ള പ്രസ്തുത ശാസ്ത്രീയ പുരോഗതിയെ ആസ്പദിച്ചു് ഒരു ഭാരതീയസാഹിത്യകാരനായ ശ്രീ: പുരുഷോത്തമ ത്രികുംദാസ് “ദി ലിവിങ്മാസ്ക്ക് ” എന്ന ഭാവനാപരവും ഹാസ്യരസപൂർണ്ണവുമായ ഒരു കഥ ഈയ്യിടെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഭാരതീയനായ ഒരു രാഷ്ട്രീയപ്രവർത്തകന്റെ തലച്ചോറു് ആരോഗ്യമുള്ള ശരീരവും രോഗം ബാധിച്ച തലച്ചോറുമുള്ള ഒരു യൂറോപ്യൻ പോലീസുദ്യോഗസ്ഥന്റെ തലയിൽ മാറ്റി സ്ഥാപിക്കുന്ന പ്ലാേട്ടിനെ ആസ്പദിച്ചുള്ള ഒരു കഥയാണു് ഇതു്. ഭാഷാകാഥികരും ഇതുൾപ്പെടുന്ന പ്രസ്ഥാനത്തിൽ ശ്രദ്ധ പതിപ്പിച്ചാൽ കൊള്ളാം.
ആറ്റംബോംബിന്റെയും, ആറ്റോമിക് പൈൽസുകളുടേയും രശ്മികളേറ്റു ഭാവിയിൽ മനുഷ്യരുടെ ലൈംഗികവാസന ക്ഷയിക്കുന്നതാണു്. ഇവയേറ്റു രണ്ടുതല മുതലായവയുള്ള പുതിയതരം രാക്ഷസീയ മനുഷ്യർ ഭാവിയിൽ ജനിക്കുകയും ചെയ്യും. തുടരേയുള്ള ബോംബാക്രമണം ജനിപ്പിക്കുന്ന മനോവ്യഥ മനുഷ്യരെ സ്ത്രീപുരുഷഭേദമെന്യേ ആബാലവൃദ്ധം കഷണ്ടിത്തലയരാക്കുന്നതാണു്. ബാലന്മാരുടെ ഇടയ്ക്കു് കണ്ടുവരുന്ന അധികമായ മരണനിരക്കു കുറയ്ക്കുവാനായി ഒരുതരം “ഹോർമോൺസ്” കുത്തിവച്ചു് അവരെ തൽക്കാലത്തേക്കു ബാലികമാരാക്കുകയും, ബാല്യം കഴിയുമ്പോൾ മറ്റൊരുതരം ഹോർമോൺസ് കുത്തിവച്ചു് വീണ്ടും പുരുഷന്മാരാക്കുകയും ചെയ്യേണ്ടതാണെന്നു് ഈയ്യിടെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ പ്രൊഫസർ ക്രൂ നിർദ്ദേശിക്കുകയുണ്ടായി. ഇതു ഭാവിയിൽ നടപ്പിൽ വരുത്തുമ്പോൾ കുറേക്കാലം സ്ത്രീകളായിരുന്ന ഈ പുരുഷന്മാർ സ്ത്രീകളോടു പെരുമാറുന്നരീതിയിൽ വലിയ മാറ്റം സംഭവിക്കുവാൻ ഇടയുണ്ടു്. ഏഴായിരത്തി അഞ്ഞൂറു കൊല്ലത്തോളം മുമ്പു് അറേബ്യയിൽ പാർത്തിരുന്ന ശിവഭാര്യ ഉമാദേവി ചണത്തിൽനിന്നു നൂലുനൂറ്റുള്ള തുണിനെയ്തു ലോകത്തിൽ നൂൽവസ്ത്രവ്യവസായം ഇദംപ്രഥമമായി സ്ഥാപിച്ചു എന്നു് വിശ്വസിക്കുവാൻ കാരണമുണ്ടു്. നൂൽ നൂല്ക്കുക; നെയ്യുക എന്ന ഇരട്ടപ്രവൃത്തികൾ ഒഴിച്ചുകൂടാത്തതായ ഈ പൗരാണികവ്യവസായത്തെ സംബന്ധിച്ചു് അതിവിപ്ലവകരമായ ഒരു കണ്ടുപിടുത്തം ഇന്നത്തെ അമേരിക്കയിൽ നടന്നിരിക്കുന്നു. ഒരു അറ്റത്തു പഞ്ഞി വച്ചുകൊടുത്താൽ മറ്റേ അറ്റത്തു തുണി പുറത്തു തള്ളുന്ന ഒരു യന്ത്രം ലാബൊറട്ടറിയിൽ നടത്തിയ പര്യവേഷണങ്ങൾ മുഖേന നിർമ്മിക്കുവാൻ സാദ്ധ്യമാണെന്നുള്ള കണ്ടുപിടിത്തമാണു് ഇതു്. പ്രസ്തുത ഇരട്ടപ്രവൃത്തികൾ കൂടാതെ മറ്റു പ്രവൃത്തികൊണ്ടു വസ്ത്രമുണ്ടാക്കുന്ന ഈ കണ്ടുപിടിത്തം പ്രായോഗികദശയിലെത്തുന്ന അടുത്ത ഭാവിയിൽ, ഗാന്ധിജിയുടെ ഗ്രാമീണചർക്കാപദ്ധതി മുഖേന അന്നും വസ്ത്രവ്യവസായം നടത്തിയേക്കാവുന്ന ഭാരതീയരുടെ സ്ഥിതി രസകരമായിരിക്കും. ഇന്നത്തെ ശാസ്ത്രീയപര്യവേഷണങ്ങൾ വെളിപ്പെടുത്തുന്ന രസകരങ്ങളായ ഇത്യാദികാര്യങ്ങളെ നമ്മുടെ സാഹിത്യകാരന്മാരായ ഭാവനാപരമായി പ്രതിപാദിക്കുവാൻ സാധിക്കുമെന്നു കാലനില്ലാത്ത കാലത്തെ അനുഭവങ്ങളെ നമ്മുടെ കുഞ്ചൻനമ്പ്യാർ വിജയപൂർവ്വം വർണ്ണിച്ചിട്ടുള്ളതു് സ്ഥാപിക്കുന്നുണ്ടു്. ഇന്നത്തെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുമായി, അവയെ പ്രതിപാദിക്കുന്നു. മാഗസിൻസ് വായിച്ചു, നിത്യസമ്പർക്കമുണ്ടായാൽ മതി ഇവർക്കു് ഇതു സാധിക്കുവാൻ.
“ഒരു സ്ത്രീക്കു് ഒരു പുരുഷനോടുള്ള പ്രേമത്തിൽ എഴുപത്തിയഞ്ചു ശതമാനവും ദയയോ, സഹതാപമോ കലർന്നതായിരിക്കും… ഒരു പുരുഷൻ പ്രേമിക്കുന്നതു് സ്ത്രീയുടെ സൗന്ദര്യത്തേയോ, അഥവാ, അവളുടെ ഗൂഢാത്മകമായ വ്യക്തിത്വത്തെയോ ആയിരിക്കും. എന്നാൽ ഒരു സ്ത്രീ സ്നേഹിക്കുന്നതു പുരുഷനേയല്ല; അവന്റെ പ്രേമത്തേയാണു് ” എന്നു ഗ്രന്ഥകാരൻതന്നെ വിവരിച്ചിട്ടുള്ള ആശയത്തെ ആസ്പദിച്ചുള്ള ഒരു പ്ലാേട്ടും, ക്യാരക്ടർ സൃഷ്ടിയും “പ്രതികാരത്തിന്റെ പരിണാമം” എന്ന കഥയിൽ കാണാം. പ്രകൃതഗ്രന്ഥത്തിന്റെ തലക്കെട്ടും ഇതിൽനിന്നാണു് എടുത്തിട്ടുള്ളതു്. വികാരങ്ങളുടെ പരസ്പര വിരുദ്ധങ്ങളായ ഭാവദ്വയങ്ങൾ (ആംബിവാലൻസ്) എന്ന ആശയമാണു് ഫ്രായ്ഡ് തന്റെ “ടോട്ടവും ടാബൂവും ” എന്ന കൃതിമുഖേന മനഃശാസ്ത്രത്തിനു നല്കിയിട്ടുള്ള ഏറ്റവും അദൃഷ്ടപൂർവ്വമായ സമ്മാനമെന്നു ഡാക്ടർ വൈറ്റ് അഭിപ്രായപ്പെട്ടിരുന്നു. ഫ്രായ്ഡിന്റെ ഈ ആശയത്തെ ആസ്പദിച്ചു ആസ്ത്രീയക്കാരനായ സുപ്രസിദ്ധ സാഹിത്യകാരൻ ആർതർ ഷ്നിറ്റ് സ്ലെർ “മരിച്ച ഗേബ്രിയൽ” എന്ന വിശ്വസാഹിത്യത്തിലെ ഒരു ഉത്തമമനഃശ്ശാസ്ത്ര ചെറുകഥ രചിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്ലാേട്ടിനോടു ശ്രീ. പൊറ്റക്കാട്ടിന്റെ ഈ കഥയുടെ പ്ലാേട്ടിനു് ഒരു അകന്ന സാദൃശ്യമുണ്ടെങ്കിലും, മനഃശ്ശാസ്ത്രത്തെ പുച്ഛിക്കുന്ന അദ്ദേഹത്തിന്റെ പ്രതിപാദനത്തിൽ സൈക്കോളജി കൊണ്ടുവന്നിട്ടില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ശ്രീ. കുറ്റിപ്പുഴയുടെ “വിചാരവിപ്ലവം ” ഞാൻ നിരൂപണം ചെയ്തപ്പോൾ പ്രസ്താവിച്ചിരുന്ന അമേരിക്കക്കാരി ഡാക്ടർ മാർഗററ്റ് മിഡി ന്റെ “സെക്സ് ആൻഡ് ടെമ്പറമെന്റ്”, ജർമ്മൻ സമുദായശാസ്ത്രജ്ഞരായ മത്തിൽഡ് വേർതിങ്ങും മാത്തിയാസ് വേർതിങ്ങും കൂടി രചിച്ചിട്ടുള്ള “ദി ദോമിനന്റു സെക്സ്” എന്നീ കൃതികൾ നല്കുന്ന വെളിച്ചത്തിൽ, സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രേമങ്ങൾക്കു് തമ്മിലുള്ള വ്യത്യാസത്തെ സംബന്ധിച്ചു ശ്രീ. പൊറ്റെക്കാട്ടും മറ്റു ചിലരും പുറപ്പെടുവിച്ചിട്ടുള്ള പ്രസ്തുത അഭിപ്രായം സാർവ്വത്രികമായ ഒരു സത്യത്തിൽ സ്ഥാപിച്ചിട്ടുള്ള ഒന്നാണോ എന്നു സംശയിക്കേണ്ടതായി വരുന്നു.
മുകളിലുദ്ധരിച്ച ആശയവിവരണത്തിലെ പ്രഥമവാചകത്തെ ആസ്പദിച്ചുള്ള ഒരു വെറും പാട്ടുകഥയാണു് “വനറാണി”. തനിക്കു സഹജമായ പ്രകൃതിവർണ്ണനാപാടവം പ്രയോഗിച്ചു കഥാരംഗമായ താമരശ്ശേരിയിലെ ഭൂപ്രകൃതിയുടെ ചിത്രം വരച്ചു് ഈ കഥയെ നല്ലതായ ഒന്നാക്കുവാൻ ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടില്ല. ഒരു മലയാളി ലോഡ്ജിലെ അന്തരീക്ഷം “ആ ചെരിപ്പു്” എന്ന കഥയിലും, മംഗലാപുരത്തുനിന്നു ബോംബയ്ക്കു പോകുന്ന ഒരു നാടൻ കപ്പലിലെ അന്തരീക്ഷം “ഒരു റുപ്പികയുടെ കടം” എന്നതിലും ഗ്രന്ഥകാരൻ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.
ഗ്രന്ഥകാരൻ: എസ്സ്. കെ. പൊറ്റക്കാട്ട്
പ്രസാധകർ: മംഗളോദയം ലിമിറ്റഡ്, തൃശ്ശിവപേരൂർ
വില: 1ക. 8ണ.—മംഗളോദയം, ചിങ്ങം 1123.
(എസ്സ്. കെ. പൊറ്റക്കാട്ടിന്റെ കഥാസമാഹാരത്തിനു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)