images/Der_einsame_Baum.jpg
Solitary Tree, painting by Caspar David Friedrich (1774–1840).
യുവാക്കളായ എഴുത്തുകാർക്കും വായനക്കാർക്കും വേണ്ടി
സായാഹ്ന പ്രവർത്തകർ

ഇതൊരു മനോഹരമായ പ്രസംഗം വായിക്കാനുള്ള ക്ഷണമാണു്. കലയും സാഹിത്യവും ഒരു ഭാഷാ സമൂഹത്തിനു് എത്ര പ്രധാനമാണു് എന്നറിയാൻ ഈ പ്രസംഗം ഉപകരിക്കുമെന്നു് ഞങ്ങൾ കരുതുന്നു.

കേസരി ബാലകൃഷ്ണപിള്ളയുടെ അറുപതാം പിറന്നാൾ ചടങ്ങാണു് സന്ദർഭം, അക്കാലത്തെ പ്രമുഖരായ എഴുത്തുകാർ ഒരിടത്തു് കൂടി, കേസരിയെ ആദരിക്കുന്നു. അവർ അദ്ദേഹത്തിനു് ഒരു മംഗളപത്രം നൽകുന്നു. ജീവിതം കൊണ്ടു് എന്തു് അർത്ഥമാണു് താൻ ആഗ്രഹിക്കുന്നതു് എന്നു് മറുപടി പ്രസംഗത്തിൽ കേസരി പറയുന്നുണ്ടു്. ഒപ്പം, യുവാക്കൾക്കു്, സമൂഹത്തിലും സാഹിത്യത്തിലും നിശ്ചിതമായും വേണ്ടുന്ന പരിഗണനയെ പറ്റിയും പറയുന്നു. അതാണു് ഞങ്ങളെ ആകർഷിച്ചതു്. സാംസ്കാരിക സംബന്ധങ്ങളായ തന്റെ ആലോചനകളിൽ വരും തലമുറകളിലേയ്ക്കു് കൂടി പ്രസരിപ്പിക്കാനുള്ള ഊർജ്ജം കണ്ടെത്താൻ കേസരി എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണു് ഇന്നും അദ്ദേഹത്തിന്റെ എഴുത്തുജീവിതം നമ്മെ തൊട്ടു നിൽക്കുന്നതും.

മലയാളത്തിലെ യുവാക്കളായ എഴുത്തുകാർക്കും വായനക്കാർക്കും വേണ്ടി ഞങ്ങൾ കേസരിയുടെ ഈ പ്രസംഗം പ്രസിദ്ധീകരിക്കുകയാണു്. ഇതിനോടുള്ള അവരുടെ പ്രതികരണങ്ങളറിയാൻ ഞങ്ങൾക്കു് ആഗ്രഹവുമുണ്ടു്.

അദ്ധ്യക്ഷപ്രസംഗം

എം. പി. പോൾ അദ്ധ്യക്ഷപ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: ‘രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ നിന്നും ജീവിതമത്സരങ്ങളിൽനിന്നും അകന്നു് ഏറെക്കാലമായി പൂർവ്വാർജ്ജിതവും സ്വയാർജ്ജിതവുമായ അസ്വാസ്ഥ്യങ്ങളോടു മല്ലിട്ടു ജീവിതം നയിക്കുന്ന ഈ അറുപതുകാരനെ അഭിനന്ദിക്കുന്നതിനാണു് അഖില കേരള പുരോഗമന സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ സമ്മേളനം ഇവിടെ കൂടിയിട്ടുള്ളതു്. പുരോഗമനസാഹിത്യകാരന്മാർ ഒരു വ്യക്തിയെയും അധികം ആദരിക്കുന്ന കൂട്ടത്തിലല്ല; അവരിൽ അനേകം പേർ ഇന്നു പല കഷ്ടതകളും വിഷമതകളും സഹിച്ചു് ഇവിടെ എത്തിച്ചേർന്നതിന്റെ രഹസ്യമെന്താണു്. ശ്രീ. ബാലകൃഷ്ണപിള്ള ഇന്നു കേരളത്തിലുള്ള ഒരു ശക്തികേന്ദ്രമാണു്. ഇന്നത്തെ തലമുറ അറിയുന്നില്ല; അവർ അദ്ദേഹത്തെ നോക്കി പരിഹസിക്കുന്നു; ചിരിക്കുന്നു. പക്ഷേ, ഭാവിചരിത്രകാരന്മാർ അതറിയും. അവർ അദ്ദേഹത്തിന്റെ പ്രാധാന്യത്തെയും സംഭാവനകളെയും ശരിയായ കാഴ്ചപ്പാടിൽ ദർശിക്കും. ഇന്നു കേരളത്തിലെ ഒരു ബുദ്ധിജീവിക്കും ഇത്രയും അനുയായികളെ, ആളുകളെ, ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയരംഗത്തു് വമ്പിച്ച കോലാഹലങ്ങൾ നടക്കുന്ന കാലമാണിതു്. ഇതിലൊന്നുംതന്നെ നിവർത്തനത്തിനുശേഷം അദ്ദേഹം നേരിട്ടു പങ്കെടുത്തിട്ടില്ല. ഡോക്ടർ രാധാകൃഷ്ണൻ പ്രസ്താവിക്കുകയുണ്ടായിട്ടുണ്ടു്, ‘അസ്വതന്ത്രത അനുഭവിക്കുന്ന ജനത, ക്യാൻസർ പിടിപെട്ട ഒരു രോഗിയെപ്പോലെയാണു്’ എന്നു്. അവർക്കു് അതിനെപ്പറ്റി ചിന്തിക്കാനേ നേരമുള്ളൂ. സ്വാതന്ത്യം സമ്പാദിച്ചു കഴിഞ്ഞിട്ടും നമുക്കു് ആ രോഗം മാറിയിട്ടില്ല. ആ വിധത്തിലുള്ള രാഷ്ട്രീയരോഗം മാറാത്തതുകൊണ്ടാണു് ശ്രീ. പിള്ളയ്ക്കു് ഇന്നു് അഭിനന്ദനം കുറയുന്നതു്. എന്നാൽ അറിയേണ്ടവർ അദ്ദേഹത്തെ അറിയുന്നുണ്ടു്, അഭിനന്ദിക്കുന്നുണ്ടു്, ആരാധിക്കുന്നുമുണ്ടു്. ഇന്നു് ഒരു പുതിയ ചിന്താഗതി ഉദയം ചെയ്തിരിക്കുന്നു. രാഷ്ട്രീയകക്ഷിയിൽ ചേർന്നാൽ സർവ്വജ്ഞത്വം നേടി എന്നുള്ള മനോഭാവം. പാർട്ടിയിൽ ചേർന്നാൽ എന്തിനെയും പറ്റി വിദഗ്ദ്ധാഭിപ്രായം പറയാമെന്നായിട്ടുണ്ടു്. ശ്രീ. ബാലകൃഷ്ണപിള്ളയുടെ സേവനങ്ങളുടെ ആകെത്തുക കണക്കാക്കി മനുഷ്യ പുരോഗതിക്കു് അതു് എത്രമാത്രം ഉപയുക്തമായിട്ടുണ്ടു് എന്ന മാനദണ്ഡംവച്ചു നോക്കിയാൽ കേരളത്തിലെ ഒരൊറ്റ വ്യക്തിയും ഇദ്ദേഹത്തെപ്പോലെ ബഹുമാന്യത അർഹിക്കുന്നില്ല.

“സ്വതന്ത്രമായി ചിന്തിക്കുക,” അതാണു് ശ്രീ. ബാലകൃഷ്ണപിള്ളയുടെ പാഠം. പ്രമാണാധിഷ്ഠിത ചിന്താപാരമ്പര്യമാണു് നമുക്കുള്ളതു്. ‘തത്വമസി’ എന്ന വാക്കിനെ അടിച്ചുപരത്തി വ്യാഖ്യാനിക്കുകയാണു പഴയ പതിവു്. എന്നാൽ, ഇന്നു് അതിനു പകരം “വർഗ്ഗസമരം” എന്ന പഞ്ചാക്ഷരി സ്ഥലം പിടിച്ചിരിക്കുന്നു. തീർച്ചയായും ഇതൊന്നും സ്വതന്ത്രചിന്തയല്ല.

കേസരിക്കു ഈവക പ്രകടനം അരോചകമാണെന്നു ഞങ്ങൾക്കു് അറിയാം. ഞങ്ങളുടെ മനസ്സമാധാനത്തിനാണു് ഞങ്ങൾ അദ്ദേഹത്തെ ഇപ്രകാരം പൂജിക്കുന്നതു്. അതുകൊണ്ടു് ഞങ്ങൾ ഞങ്ങളെത്തന്നെയാണു പൂജിക്കുന്നതു്; മാനിക്കുന്നതു്. മാനിക്കേണ്ടവനെ മാനിക്കുന്നതുകൊണ്ടു് മാനിക്കുന്നവനു തന്നെയാണു മാനം. ഞങ്ങളുടെ ഈ പ്രശംസകൾ കേരളീയരുടേതാണെന്നു് അദ്ദേഹം കരുതണം. ഞങ്ങൾ അദ്ദേഹത്തിനു ദീർഘായുസ്സും സകല മംഗളങ്ങളും ആശംസിക്കുന്നു’ എന്നു പറഞ്ഞു എം. പി. പോൾ അദ്ധ്യക്ഷപ്രസംഗം ഉപസംഹരിച്ചു.

അടുത്തതായി കുററിപ്പുഴ കൃഷ്ണപിള്ള മംഗളപത്രം വായിച്ചു് അദ്ദേഹത്തിനു സമർപ്പിച്ചു. അദ്ദേഹത്തിനു ദീർഘായുസ്സു് നേർന്നു കൊണ്ടു് ദാമോദരമേനോൻ, തകഴി ശിവശങ്കരപ്പിള്ള, എ. കെ. ഗോപാലപിള്ള, എം. ഗോവിന്ദൻ, പി. എൻ. കൃഷ്ണപിള്ള, പൊൻകുന്നം വർക്കി, പി. കേശവദേവ്, കെ. രാമകൃഷ്ണപിള്ള, മുണ്ടശ്ശേരി മുതലായവരും ആശംസാപ്രസംഗങ്ങൾ നടത്തി. തുടർന്നു് ബാലകൃഷ്ണപിള്ള വേദിയിലെ ചാരുകസേരയിൽ ഇരുന്നുകൊണ്ടു് വിനീതഭാവത്തിലും ശാന്തമായ സ്വരത്തിലും നേരത്തെ എഴുതിത്തയ്യാറാക്കിയിരുന്ന മറുപടിപ്രസംഗം വായിച്ചു. ഉന്മേഷത്തോടെയാണു് പാരായണം ചെയ്തതെങ്കിലും ഒടുവിൽ കുറച്ചു ക്ഷീണിതനായി കാണപ്പെട്ടു.

മംഗളപത്രം

അങ്ങേയ്ക്കു് ഈവക പ്രകടനങ്ങളൊന്നും ഇഷ്ടമില്ലെന്നു് ഞങ്ങൾക്കറിയാം. എന്നിരുന്നാലും ഞങ്ങളുടെ സംതൃപ്തിക്കും ചാരിതാർത്ഥ്യത്തിനുമായി അങ്ങു് ഈ മംഗളപത്രം സ്വീകരിക്കാമെന്നു് സമ്മതിച്ചാൽ ഞങ്ങൾക്കുള്ള അളവറ്റ ആഹ്ലാദവും കൃതജ്ഞതയും ആദ്യമായി ഇവിടെ രേഖപ്പെടുത്തുന്നു.

കേരളത്തിലൊട്ടാകെയുള്ള സ്വതന്ത്രചിന്തകന്മാർക്കു്, പ്രത്യേകിച്ചു് പുരോഗമനസാഹിത്യകാരന്മാർക്കു് അങ്ങയോടുള്ള കടപ്പാടു് നിസ്സീമമാണു്.

അങ്ങു കേരളത്തിന്റെ വൈജ്ഞാനികവും സാംസ്കാരികവുമായ പുരോഗതിയ്ക്കു് അടുത്തകാലത്തു് മറ്റാരേയുംകാൾ കൂടുതലായി മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നുള്ളതു് പക്ഷാന്തരമില്ലാത്ത ഒരു ചരിത്രവസ്തുതയാകുന്നു.

ഡോക്ടർ ജാൺസൺ ഗോൾഡ്സ്മിത്തിനെപ്പറ്റി പറഞ്ഞതുപോലെ അങ്ങു് കൈവച്ചിട്ടില്ലാത്ത വിജ്ഞാനശാഖയില്ല; കൈവച്ചിട്ടുള്ളതൊന്നും അലങ്കരിക്കാതെയുമിരുന്നിട്ടില്ല. അങ്ങേയ്ക്കു് ഏറ്റവും പ്രിയകരമായ പ്രാചീന ചരിത്രഗവേഷണത്തിൽ അങ്ങു് സമാർജ്ജിച്ചിട്ടുള്ള നൂതനജ്ഞാനസമ്പത്തിന്റെ മൂല്യം നിർണ്ണയിക്കുവാൻ ഇതേവരെ ഇന്നാട്ടിൽ ആർക്കും കഴിഞ്ഞിട്ടില്ല. അങ്ങു ആസൂത്രണം ചെയ്തിട്ടുള്ള കല്പകാലഗണന ഒരു നവീന ഗവേഷണ പദ്ധതിയെ ഉൽഘാടനം ചെയ്തിട്ടുണ്ടെന്നു് വിശ്വഭാരതിയിലെ ചൈനീസ് പ്രൊഫസർ അഭിപ്രായപ്പെട്ടിട്ടുള്ളതു് ഞങ്ങൾ ഈ അവസരത്തിൽ അഭിമാനപൂർവ്വം സ്മരിക്കുന്നു. പൗരാണികത്വത്തിൽനിന്നു് അധികം മുന്നോട്ടു നീങ്ങാതിരുന്ന മലയാളസാഹിത്യത്തെ ഇരുപതാംനൂറ്റാണ്ടിലെ പുരോഗതിയിലേയ്ക്കു് കടത്തിവിട്ടതു് അങ്ങയുടെ നേതൃത്വമാണെന്നുള്ളതു് ഞങ്ങളോടൊപ്പം ഭാവിയിലെ ചരിത്രകാരന്മാരും സമ്മതിക്കുന്നതാണു്. പത്രലോകത്തിനു് അങ്ങയുടെ “കേസരി” ഇന്നും ദുഷ്പ്രാപ്യമായ ഒരു മാതൃകയായി പരിലസിക്കുന്നു. വിമർശം, വിവർത്തനം, പരാമർശം എന്നിതുകൾ വഴിയായി അങ്ങു് ഞങ്ങൾക്കു് പരിചയപ്പെടുത്തിത്തന്ന വിവിധ വിദേശീയ ഭാഷകളിലുള്ള ഉൽകൃഷ്ടങ്ങളായ അനേകം ഗ്രന്ഥങ്ങൾ എത്രയെത്ര സാഹിത്യകാരന്മാർക്കാണു് പ്രചോദനവും പ്രബുദ്ധതയും നൽകിയിട്ടുള്ളതു്! മലയാളസാഹിത്യനിരൂപണത്തിൽ സാഹിത്യത്തിന്റെ വിശ്വവ്യാപകതയെ ആസ്പദമാക്കി “താരതമ്യവിമർശനം” എന്ന പദ്ധതി വെട്ടിത്തുറന്നതും അങ്ങല്ലാതെ മറ്റാരുമല്ല. മനുഷ്യത്വത്തെ അധഃപതിപ്പിക്കുന്ന ഇന്നത്തെ സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥകളെ പാടെ തട്ടിമാറ്റി ശാസ്ത്രജ്ഞാനത്തിന്റെ പ്രകാശത്തിൽ ഒരു പുതിയ സമുദായത്തെ വാർത്തെടുക്കുന്നതിനുള്ള വിപ്ലവാത്മകമായ സംസ്ക്കാരമാണു് അങ്ങു് നാനാപ്രകാരേണ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതു്.

ഇപ്രകാരം കേരളീയരുടെ ജീവിതമാർഗ്ഗത്തിൽ വെളിച്ചം വീശുന്ന ഒരു വിജ്ഞാനതേജസ്സായി പ്രശോഭിക്കുന്ന അങ്ങു് ഈ നിലയിൽ ഇനിയും ഏറെനാൾ ജീവിച്ചുകാണുവാൻ ഞങ്ങൾക്കു് ഭാഗ്യമുണ്ടാകട്ടെ എന്നു് അകമഴിഞ്ഞു് ആശംസിച്ചുകൊണ്ടു് ഞങ്ങൾ ഈ മംഗളപത്രം അങ്ങയ്ക്കു് സവിനയം സമർപ്പിച്ചുകൊള്ളുന്നു.

എന്നു്,

കേരളീയ സാഹിത്യകാരന്മാർ.

പറവൂർ,

27-9-1124

ശ്രീ ബാലകൃഷ്ണപിള്ളയുടെ മറുപടിപ്രസംഗം

അദ്ധ്യക്ഷനവർകളെ, മാന്യരെ, മഹതികളെ,

നിങ്ങളുടെ മംഗളപത്രത്തിനും ശുഭാശംസകൾക്കും എന്റെ അതിരറ്റ കൃതജ്ഞത പ്രകടിപ്പിച്ചുകൊള്ളുന്നു. ഞാൻ ഒരു പ്രാസംഗികനല്ല. എഴുത്തുകാരൻ മാത്രമാണു്. അതുകൊണ്ടു് എന്റെ സാധാരണ ലേഖനങ്ങളെപ്പോലെയുള്ള നെടുനെടുങ്കനും മുഷിപ്പനുമായ ഒരു പ്രസംഗം വായിച്ചു് നിങ്ങളെ ഉപദ്രവിക്കുമെന്നു് ഭയപ്പെടേണ്ട. ഇത്തരം സന്ദർഭങ്ങളിൽ പതിവുള്ള അതിശയോക്തികൾ നിറഞ്ഞ മംഗളപത്രത്തിലും പ്രസംഗങ്ങളിലുമുള്ള ചില കാര്യങ്ങളെസംബന്ധിച്ചു് രണ്ടു വാക്കുവീതം പറയാൻ മാത്രമേ ഞാൻ തുനിയുന്നുള്ളു.

ആദ്യമായി എന്റെ ദീർഘായുസ്സിനായുള്ള നിങ്ങളുടെ ആശംസകളെപ്പറ്റി പറയാം. ഞാൻ ദീർഘായുസ്സു കാംക്ഷിക്കുന്നവനല്ല. കാരണം പറയാം. പണ്ടു് ഗ്രീസിൽ തിയൊഫ്രാസ്തസ് എന്നൊരു തത്വജ്ഞാനിയുണ്ടായിരുന്നു. ആരിസ്റ്റാട്ടിൽ എന്ന സുപ്രസിദ്ധനായ തത്വശാസ്ത്രജ്ഞന്റെ പ്രധാന ശിഷ്യനായിരുന്നു ഇദ്ദേഹം. തിയൊഫ്രാസ്തസ് 81-ാമത്തെ വയസ്സിലൊ, 107-ാമത്തെ വയസ്സിലൊ മരിച്ചു എന്നാണു് ഐതിഹ്യം. മരിക്കുന്ന സമയത്തു് അദ്ദേഹം ഇങ്ങിനെ പറയുകയുണ്ടായി: “ജീവിതപ്രശ്നങ്ങളെക്കുറിച്ചു് ശരിയായ ജ്ഞാനം ഉദിക്കുവാൻ തുടങ്ങുമ്പോൾ, മനുഷ്യായുസ്സു് അവസാനിക്കുന്നു. മനുഷ്യൻ ഇങ്ങിനെ അല്പായുസ്സായിപ്പോയതു് കഷ്ടമാണു്.” ഇന്നത്തെ ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങളുടെ പോക്കുകണ്ടിട്ടു് 120 വയസ്സു് മനുഷ്യന്റെ ആയുഷ്കാലമായി അടുത്തുതന്നെ ഭവിച്ചേക്കുമെന്നു് തോന്നുന്നു.

ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന പഴയതത്വശാസ്ത്രജ്ഞന്മാരിൽ ഒരുത്തനാണു് ആരിസ്റ്റാട്ടിൽ. എങ്കിലും അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ തിയോഫ്രാസ്തസ്സിന്റെ അഭിപ്രായത്തോടു് എനിക്കു യോജിക്കുവാൻ നിവൃത്തിയില്ല. ഇതിനു് രണ്ടു കാരണങ്ങളുണ്ടു്. ഒന്നു വ്യക്തിപരവും, മറ്റേതു താത്വികവും, വ്യക്തിപരമായ കാരണം ആദ്യം പറയാം. ആസ്ത്മാ (ഏങ്ങൽ, കാസശ്വാസം) എന്ന മാറാരോഗത്തോടുകൂടിയാണു് ഞാൻ ജനിച്ചതു്. മദ്ധ്യവയസ്സിന്റെ പ്രാരംഭത്തിൽ മറ്റു മൂന്നു മാറാരോഗങ്ങൾകൂടി സമ്പാദിക്കുകയും ചെയ്തു. കൂടാതെ ഒന്നിലധികം പരമദുഃഖങ്ങളും ഞാൻ അനുഭവിച്ചിട്ടുണ്ടു്. ഇവ ജനിപ്പിക്കുന്ന നിത്യപീഡയാണു് മുമ്പു പറഞ്ഞ വ്യക്തിപരമായ കാരണം. അല്പായുസ്സു് എനിക്കു് ഇതിൽനിന്നുള്ള ഒരു രക്ഷാമാർഗ്ഗമാണുതാനും.

ഇനി താത്വികമായ കാരണം പറയാം. തിയോഫ്രാസ്തസ്സിന്റെ കാലമല്ല ഇന്നത്തെ കാലം. ഇന്നത്തെ ജീവിതം പണ്ടത്തേതിനേക്കാൾ വളരെയധികം സങ്കീർണ്ണമായിത്തീർന്നിരിക്കുന്നു. അതുകൊണ്ടു് ഒരു ഒറ്റ മനുഷ്യൻ എത്രയധികം ദീർഘായുഷ്മാനായിരുന്നാലും, അയാൾക്കു തന്റെ ജീവിതകാലത്തു ജീവിതപ്രശ്നങ്ങളെപ്പറ്റിയുള്ള ശരിയായ വിജ്ഞാനത്തിന്റെ ഒരു സാരമായ അംശം പോലും നേടുവാൻ സാധിക്കുന്നതല്ല. ഇന്നത്തെ പ്രകൃതിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളും ഇതുതന്നെ സ്ഥാപിച്ചിട്ടുണ്ടു്. നാം വിചാരിച്ചിരുന്നതിൽ നിന്നു വളരെയധികം സങ്കീർണ്ണമായിട്ടുള്ളതാണു് പ്രകൃതി എന്നു് എയിൻസ്റ്റെയിന്റെ കണ്ടുപിടുത്തങ്ങളിൽനിന്നു് സിദ്ധിക്കുന്നു. ഒരു ഒറ്റ വ്യക്തിയുടെ അറിവിനകത്തു്—അയാൾ എത്രയധികം മഹാനായാലും, ദീർഘായുഷ്മാനായാലും ശരി—വരുന്നതല്ല പ്രകൃതിയുടെ മുഴുവൻ സങ്കീർണ്ണസ്വഭാവം. പ്രകൃതിയുടെ ഈ സങ്കീർണ്ണത അതിന്റെ ഒരു നിസ്സാരഘടകമായ മനുഷ്യജീവിതത്തിലും കാണാം. പല കാലങ്ങളിലും, പല സ്ഥലങ്ങളിലുമുള്ള അനേകം മനുഷ്യരുടെ നിരീക്ഷണങ്ങളും ചിന്തകളും താരതമ്യപ്പെടുത്തിപ്പഠിച്ചാൽ മാത്രമെ സത്യമെന്നു സാധാരണയായി പറഞ്ഞുവരുന്നതിലേയ്ക്കുള്ള ആദ്യത്തെ പടി കടക്കുവാൻ നമുക്കു സാധിക്കുകയുള്ളൂ. മറ്റൊരുവിധത്തിൽ ഇതിനെ വിവരിക്കാം. വ്യക്തിപരമായ പ്രവർത്തനം കൊണ്ടല്ല, സാമുദായികമായ പ്രവർത്തനം കൊണ്ടുമാത്രമേ ജീവിതപ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ. ഈ സാമുദായികനിരീക്ഷണത്തിൽ ഒരു പണ്ഡിതന്റെയും ഒരു സാധാരണ മനുഷ്യന്റെയും ഒരു കുബേരന്റെയും ഒരു കുചേലന്റെയും ഒരു വൃദ്ധന്റെയും ഒരു യുവാവിന്റെയും നിരീക്ഷണങ്ങൾക്കും അനുഭവങ്ങൾക്കും ഒന്നുപോലെ പ്രാധാന്യമുണ്ടായിരിക്കും. പണ്ഡിതനും വൃദ്ധനും നിരീക്ഷണശക്തി ഏറിയിരിക്കുമെങ്കിലും ഇവർ എല്ലാം കണ്ടു എന്നു വരുന്നതല്ല. ഇവർ കാണാത്തതു സാധാരണ മനുഷ്യനും യുവാവും കണ്ടേക്കാം. അനുഭവത്തെ സംബന്ധിച്ചു് സാധാരണ മനുഷ്യന്റെയും യുവാവിന്റെയും അനുഭവങ്ങൾക്കു് തീക്ഷ്ണത സാധാരണയായി കൂടിയിരിക്കും. അനുഭവങ്ങളുടെ പരപ്പല്ല, തീക്ഷ്ണതയാണു് മൗലിക കാരണങ്ങൾ കണ്ടുപിടിക്കുവാൻ മനുഷ്യരെ പ്രേരിപ്പിക്കാറുള്ളതും. ഇത്തരം സമുദായോന്മുഖമായ വീക്ഷണകോടിയാണു് ഇന്നു സകലരുടേയും നാവുകളിൽനിന്നു പുറപ്പെടുന്ന “സോഷ്യലിസം” എന്നതിന്റെ തത്വശാസ്ത്രപരമായ അടിസ്ഥാനവും.

രണ്ടാമതായി എനിക്കു് പറയുവാനുള്ളതു് എന്നെപ്പോലെയുള്ള കിഴവന്മാരെ മാത്രം ബഹുമാനിക്കുന്ന നിങ്ങളുടെ പോക്കിനെപ്പറ്റിയാണു്. വാടിക്കരിയാൻ പോകുന്ന ചെടിക്കു് വളമിടാൻ പോകുന്നതുപോലെയുള്ള ഒരു പ്രവർത്തിയാണിതു്. ചെടി മുളച്ചുതുടങ്ങുന്ന കാലത്തു വളമിട്ടാലേ ഫലം അധികം കിട്ടുകയുള്ളൂ. എന്നെപ്പോലെയുള്ള കിഴവൻ സാഹിത്യകാരിൽ കാണിക്കുന്ന കരുണയുടെ ഒരംശമെങ്കിലും യുവസാഹിത്യകാരന്മാരോടു് കാണിക്കണേ എന്നു് ഞാൻ നിങ്ങളോടു അപേക്ഷിച്ചുകൊള്ളുന്നു. ഇവരുടെ സങ്കടങ്ങൾ ഇവരുമായുള്ള നിത്യസമ്പർക്കത്തിൽനിന്നു് എനിക്കു് നേരിട്ടു് അറിയാം. പേരെടുത്ത മദ്ധ്യവയസ്ക്കരും വൃദ്ധന്മാരുമായ സാഹിത്യകാരന്മാരുടെ കൃതികൾ മാത്രമേ നമ്മുടെ പ്രസിദ്ധീകരണശാലക്കാർ സ്വീകരിച്ചു വരുന്നുള്ളൂ. യുവാക്കന്മാരുടെ കൃതികൾ സ്വീകരിക്കണമെങ്കിൽ പേരെടുത്ത നിരൂപകരുടെ അവതാരിക കൂടിയുണ്ടായിരിക്കണം. ഇതു എല്ലാവർക്കും ലഭിക്കുവാൻ സ്വാഭാവികമായി സാധിക്കുന്നതല്ലല്ലോ. നിർമ്മാണസാഹിത്യകാരന്മാരെ അപേക്ഷിച്ചു് നിരൂപകർക്കുള്ള സ്ഥാനം വളരെ നിസ്സാരമാണു്. ഭാവിതലമുറകൾ നിർമ്മാണസാഹിത്യകാരെ മാത്രമേ ഓർക്കുകയുള്ളൂ. നിരൂപകരെ അവർ മറന്നുകളയും. പ്രസാധകരുടെ ഈ നയം നിമിത്തം മുളച്ചു തുടങ്ങിയയുടനെതന്നെ വാടിക്കരിഞ്ഞുപോകുന്ന ചെടികളുടെ സ്ഥിതിയാണു് മിക്ക യുവസാഹിത്യകാരന്മാർക്കും വന്നുചേർന്നിരിക്കുന്നതു്. പ്രസിദ്ധീകരണശാലക്കാർ ഇതിൽ കുറ്റക്കാരല്ല. നിങ്ങളിലാണു് കുറ്റമാരോപിക്കേണ്ടതു്. നിങ്ങൾ യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുമെന്നറിഞ്ഞാൽ പ്രസിദ്ധീകരണശാലക്കാർ ഇന്നത്തെ നയം മാറ്റും. സമുദായത്തിന്റെയും സാഹിത്യത്തിന്റെയും ഗുണത്തെ കരുതി മാത്രമല്ല, നിങ്ങളുടെ സ്വന്തം ഗുണത്തെ കരുതിയുംകൂടി, നിങ്ങൾ ഈ യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടതാണു്.

അല്പം ഭാവന പ്രയോഗിച്ചാൽ വ്യക്തിപരമായി നിങ്ങൾക്കു് ഇതിൽനിന്നുണ്ടാകുന്ന ഗുണങ്ങൾ എളുപ്പം മനസ്സിലാക്കാം. നിങ്ങളുടെ മക്കളുടെയും മരുമക്കളുടെയും മറ്റു കുടുംബബന്ധുക്കളുടെയും കൂട്ടത്തിൽ സാഹിത്യവാസനയുള്ള ചെറുപ്പക്കാർ ഉണ്ടെന്നു സങ്കല്പിക്കുക. വൃദ്ധസാഹിത്യകാരന്മാരെ മാത്രം പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പോക്കു് നിങ്ങൾ തുടർന്നുകൊണ്ടുപോയാൽ, ഇത്തരം വാസനയുള്ള നിങ്ങളുടെ കുടുംബബന്ധുക്കളെത്തന്നെ നിങ്ങൾ നശിപ്പിക്കുന്നതാണു്.

സാഹിത്യത്തിനു് നിങ്ങളുടെ നയം മാറ്റത്തിൽ നിന്നുണ്ടാകുന്ന ഗുണത്തെപ്പറ്റി ഇനി പറയാം. പ്രായത്തിനു സാഹിത്യനിർമ്മാണശക്തിയോടുള്ള ബന്ധത്തെപ്പറ്റി ശാസ്ത്രീയ ഗവേഷണം നടത്തി “തലച്ചോറിന്റെ വളർച്ച” എന്നൊരു കൃതി ഒരു പത്തുനാല്പതു കൊല്ലത്തിനു മുമ്പു് ഡോണാൾഡ്സൺ പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രസിദ്ധരായ കുറെയധികം എഴുത്തുകാരുടെ കൃതികളെ ആസ്പദിച്ചാണു് ഈ ഗവേഷണം നടത്തിയതു്. സംഗീതജ്ഞരിലും ചിത്രകാരരിലും നൂറു ശതമാനം പേരും, കവികളിൽ 92 ശതമാനം പേരും, നോവലെഴുത്തുകാരിൽ 80 ശതമാനം പേരും, തത്വശാസ്ത്രജ്ഞരിൽ 60 ശതമാനം പേരും, നാല്പതു വയസ്സിനു മുമ്പു് ഉത്തമകൃതികൾ രചിച്ചു് പ്രസിദ്ധി നേടിയിരുന്നു എന്നു് ഡോണാൾഡ്സൺ കാണിച്ചിട്ടുണ്ടു്. നാല്പതു വയസ്സിനു് മുമ്പു് മിക്ക സാഹിത്യകാരന്മാരും നാല്പതു വയസ്സിനു ശേഷം മിക്ക ചിന്തകരും ഉത്തമകൃതികൾ രചിച്ചു വരുന്നു എന്നു് ഇതിൽ നിന്നു അനുമാനിക്കാം. ഈ നിയമത്തിൽ നിന്നുള്ള ഏതാനും വ്യതിയാനങ്ങളും ഇല്ലാതില്ല. ഇവയുടെ സംഖ്യ കുറവു നിമിത്തം ഇവയെ നമുക്കു വിഗണിക്കാം. അടുത്തകാലത്തു് പ്രൊഫസർ ഹെയിഡ്ലർ, ഡാക്ടർ ലഹ്മാൻ എന്നീ മനഃശ്ശാസ്ത്രജ്ഞരും ഇതേപ്പറ്റി ഗവേഷണം നടത്തിയിരുന്നു. നാല്പതു വയസ്സു മുതൽക്കു് സാഹിത്യനിർമ്മാണശക്തി കുറഞ്ഞുവരുമെന്നുള്ള ഡോണാൾഡ്സന്റെ കണ്ടുപിടുത്തത്തെ ഈ നവീന ഗവേഷകരും പിന്താങ്ങുകയാണു് ചെയ്തിരിക്കുന്നതു്. അപ്പോൾ സാഹിത്യത്തിനു് പൂർവ്വാധികം അഭിവൃദ്ധി വേണമെങ്കിൽ യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിച്ചേ മതിയാവൂ എന്നു് സിദ്ധിക്കുന്നു.

ഇനി സാമുദായിക ഗുണത്തെപ്പറ്റി പറയാം. എന്നും ചലനാത്മകമായിരിക്കുന്ന ജീവിതം ഇന്നു പണ്ടത്തേക്കാൾ അധികം വേഗത്തിൽ പരിവർത്തിച്ചു കൊണ്ടിരിക്കുന്നു. ജീവിതത്തെപ്പറ്റിയുള്ള ഒരു വീക്ഷണകോടിയുടെ ആവിഷ്കരണമാണല്ലോ സാഹിത്യം. ദ്രുതഗതിയിലുള്ള ഇന്നത്തെ സമുദായ ജീവിത പരിവർത്തനം അതിവേഗം മനസ്സിലാക്കുവാനുള്ള ശക്തി യുവാക്കന്മാർക്കു് മാത്രമെയുള്ളു. കാരണം, ഇവരിൽ ശീലങ്ങൾ (Habits) ഉറച്ചിട്ടില്ലാത്തതാണു്. ഇതു നിമിത്തം യുവസാഹിത്യകാരന്മാർ വേണം സാഹിത്യത്തിൽ നമ്മെ നയിക്കേണ്ടതും. നാല്പതു വയസ്സു കഴിഞ്ഞാൽ ശീലമെന്ന ഒരു പുതിയ ഭാര്യ എല്ലാവർക്കും ലഭിക്കുമെന്നു് ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ടു്. സമുദായത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരണമായി ജീവിതരീതിയും മാറുന്നതിനു് ശീലം തടസ്സമുണ്ടാക്കും. ഇതു നിമിത്തം സമുദായാഭിവൃദ്ധി കുറയുകയും ചെയ്യും. ഈ കുറവിനെ പരിഹരിക്കുന്നതിനു് ശ്രമിക്കുകയാണു് യുവസാഹിത്യകാരന്മാർ ചെയ്തുവരുന്നതു്.

സാമുദായിക പരിവർത്തനങ്ങൾ വളരെ മന്ദഗതിയിൽ മാത്രം വന്നുകൊണ്ടിരുന്ന പണ്ടത്തെ കാലത്തു ജനിച്ച ഒരു ആശയമാണു് കിഴവന്മാരോടുള്ള ബഹുമാനവും യുവജനങ്ങളോടുള്ള പുച്ഛവും.

ഇതിനും പുറമേ, സനാതനമായ സാമൂഹ്യമൂല്യങ്ങൾ സനാതനമായ സാഹിത്യതത്വങ്ങൾ എന്നിവയേയും താരതമ്യേന പരിവർത്തനരഹിതമെന്നു് പറയാവുന്ന പണ്ടത്തെക്കാലം ജനിപ്പിക്കുകയുണ്ടായി. പിന്നേയും, പണ്ടു് ഇന്നത്തെ അത്ഭുതകരമായ ശാസ്ത്രീയപുരോഗതിയുണ്ടായിരുന്നില്ല. അതുകൊണ്ടു് മനുഷ്യന്റെ പുരോഗതിക്കു് ഒരു അതിരുണ്ടെന്നും പണ്ടുള്ളവർ വിശ്വസിച്ചിരുന്നു. ഇന്നാകട്ടെ നവീനശാസ്ത്രം പ്രയോഗിച്ചാൽ മനുഷ്യനുണ്ടാകുന്ന പുരോഗതിക്കു് അതിരില്ലെന്നുള്ള വിശ്വാസമാണു് നിലവിലിരിക്കുന്നതും. ഈ പുരോഗതിക്കുവേണ്ടി മുൻകൂട്ടി നിശ്ചയിച്ച ഒരു ശാസ്ത്രീയ പ്ലാൻ സമുദായമാകപ്പാടെ ആത്മാർത്ഥമായി അനുസരിച്ചു പ്രവർത്തിക്കുകയും വേണം. ഈ പ്ലാൻ നടപ്പാക്കുന്നതിൽ ഭാവനയും പരിവർത്തന വാസനയും ഏറുന്ന യുവജനങ്ങൾക്കു് വൃദ്ധന്മാരെക്കാളധികം പ്രാധാന്യമുണ്ടായിരിക്കുകയും ചെയ്യും.

നിങ്ങൾ ഏതിനെയെല്ലാമാണു് ബഹുമാനിച്ചു വരുന്നതു് എന്നു് ഒന്നു ആലോചിച്ചു നോക്കുക. ശീലങ്ങൾ മുരടിച്ചതുകൊണ്ടു് വലിച്ചാൽ നീളാത്ത വൃദ്ധമനസ്സു്, പരിവർത്തനരഹിതങ്ങളായ സാഹിത്യതത്വങ്ങളും സാംസ്ക്കാരികമൂല്യങ്ങളും, ഇവയെയാണു് നിങ്ങൾ ആരാധിക്കുന്നതു്. അതുകൊണ്ടു് നിങ്ങളെ പണ്ടത്തെ ഗ്രീക്കുകഥയിലെ പ്രൊക്രസ്റ്റസ് എന്ന പ്രസിദ്ധനായ കൊള്ളക്കാരനോടു് ഞാൻ ഉപമിക്കുന്നതു് ക്ഷമിക്കണമെന്നു് അപേക്ഷിച്ചുകൊള്ളുന്നു. ആഥൻസ് നഗരത്തിലേയ്ക്കു് പോകുന്ന വഴിയിലാണു് ഈ മനുഷ്യൻ പാർത്തിരുന്നതു്. ഈ വഴിക്കു് പോകുന്നവനെ പിടികൂടി തന്റെ ഒരു ഇരുമ്പുകട്ടിലിൽ കിടത്തി ഇയ്യാൾ അവനെ അതിനോടു് വരിഞ്ഞുകെട്ടും. ആ വഴിപോക്കന്റെ ഉടൽ നീളം കട്ടിലിന്റെ നീളത്തേക്കാൾ കുറഞ്ഞിരുന്നാൽ ഇയ്യാൾ അവനെ അതിനോടൊപ്പം വലിച്ചുനീട്ടിക്കൊല്ലും. ഉടൽ നീളം കട്ടിലിന്റെ കൂടിപ്പോയാൽ അവന്റെ ശരീരത്തെ വെട്ടിക്കുറച്ചാണു് അവനെ കൊല്ലുന്നതു്. ഈ കൊള്ളക്കാരനെ പ്രസിദ്ധനായ തെസിയൂസെന്ന ആഥൻസ് രാജാവു് ഒടുക്കം കൊന്നു എന്നാണു് ഐതിഹ്യം. നിങ്ങളുടെ ഇരുമ്പു കട്ടിലല്ല, പിന്നെയോ വലിച്ചു കുറെയധികം നീട്ടാവുന്നതും കുറെ അധികം കുറയ്ക്കാവുന്നതുമായ സ്പ്രിംഗ് കട്ടിലാണു് സാഹിത്യാഭിവൃദ്ധിക്കു് വേണ്ടതു്. ഇങ്ങിനെയുള്ള ഒരു സ്പ്രിംഗ് കട്ടിലുണ്ടാക്കുന്നതിനുള്ള ഒരു എളിയ ശ്രമമാണു് ഞാൻ ഭാഷാസാഹിത്യലോകത്തു് നടത്തി വന്നതു്. ജാതിയോ മതമോ സ്ഥലമോ വയസ്സോ നോക്കി ഞാൻ ഒരു സാഹിത്യകാരനേയും കട്ടിലിൽ കിടത്തി അതു വലിച്ചു നീട്ടുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ല. വിശ്വസാഹിത്യത്തിൽ കാണാവുന്ന വിവിധ സാഹിത്യപ്രസ്ഥാനങ്ങളുടെ പ്രത്യേക ലക്ഷണങ്ങളനുസരിച്ചു് മാത്രമേ ഞാൻ നീട്ടലും കുറയ്ക്കലും ചെയ്തിട്ടിള്ളു.

എന്റെ ഗവേഷണവേലയെപ്പറ്റി നിങ്ങൾ പ്രസ്താവിച്ചിട്ടുള്ളതിലേയ്ക്കു് കടക്കുന്നതിനുമുമ്പു് പുരോഗമനസാഹിത്യകാരന്മാരെപ്പറ്റി രണ്ടു വാക്കു പറഞ്ഞുകൊള്ളട്ടെ. അതിവേഗം മാറിമാറിവരുന്ന സമുദായജീവിതത്തിന്റെ വിവിധ വശങ്ങൾ അനുഭവമോ, സൂക്ഷ്മനിരീക്ഷണമോ മുഖേന മനസ്സിലാക്കി നിങ്ങളെ അതു ധരിപ്പിച്ചും അതിനെപ്പറ്റി ചിന്തിപ്പിച്ചും നാശത്തിൽനിന്നും രക്ഷിക്കുന്നവരാണു് പുരോഗമനസാഹിത്യകാരന്മാർ. ഇതുകൊണ്ടാണു് ഒരു ലേഖനത്തിൽ ഞാൻ സമുദായസേവകരായ ഇവർക്കു് സമുദായത്തിലെ വിഷംതീനികൾ എന്നു പേരിട്ടിരുന്നതും. പുരോഗമനസാഹിത്യകാരന്മാരെപ്പറ്റി വലിയ ഒരു തെറ്റിദ്ധാരണയുണ്ടു്. അവർ തെറിയന്മാരാണെന്നു് ഒരു കൂട്ടർ. വിപ്ലവകാരികളാണെന്നു് മറ്റൊരു കൂട്ടരും. സനാതനങ്ങളായ സാംസ്ക്കാരികമൂല്യങ്ങളെ നശിപ്പിക്കുന്ന കാടന്മാരാണെന്നു ശേഷിച്ചവരും വിചാരിച്ചു വരുന്നു. ഈ ആക്ഷേപങ്ങൾ വാസ്തവമാണു്. “ഫങ്ക്ഷനാലിസം” എന്നു് ഇന്നത്തെ നിരൂപകർ പേരിട്ടിട്ടുള്ള ഒരു തത്വത്തിന്റെ ഫലമാണിതു്. ഇതു ഇന്നത്തെ സകല കലകളിലും പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കൃതിയുടെ ഉദ്ദേശം നിറവേറ്റുവാൻ വേണ്ടതു ചെയ്യുകയാണു് ഒരു കലാകാരന്റെ പ്രധാന കർത്തവ്യം എന്ന തത്വത്തിനാണു് ഫങ്ക്ഷനാലിസം എന്നു പേരിട്ടിട്ടുള്ളതു്. ഒരു വീടു് പണിയുമ്പോൾ അതിൽ ധാരാളം വായുവും വെളിച്ചവും പ്രവേശിപ്പിച്ചു വാസയോഗ്യമാകും വണ്ണം അതു പണിയണമെന്നതാണു് ശില്പകലയെ സംബന്ധിച്ചുള്ള ഫങ്ക്ഷനാലിസം.

പുരോഗമന സാഹിത്യത്തിലെ ഫങ്ക്ഷനാലിസം സമുദായ വിപ്ലവത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിപ്പിച്ചു് മനുഷ്യരെ അതു വരുത്തുവാൻ പ്രേരിപ്പിക്കുക എന്നതാണു്. ജീവിതം തെറിയും തെറിയില്ലായ്മയും ചേർന്ന ഒന്നാണു്. ജീവിതം സദാ പരിവർത്തിച്ചുകൊണ്ടു്, അതായതു് വിപ്ലവത്തിനു് വഴിപ്പെട്ടു് ഇരിക്കുന്ന ഒന്നാണു്. തെറിയില്ലെങ്കിൽ ജീവൻ ഉത്ഭവിക്കുന്നതല്ല. ജീവൻ നശിപ്പിക്കുന്ന കൊലപാതകവും, യുദ്ധവും പ്രതിപാദിക്കാമെങ്കിൽ അതിനെ ഉത്ഭവിപ്പിക്കുന്നതു് പ്രതിപാദിക്കുവാൻ പാടില്ലെന്നു് നിരോധിക്കുന്നതു് ന്യായമാണോ? തെറി ജീവിതത്തിന്റെ ഒരു അംശമാണല്ലോ. അതിനാൽ അതിന്റെ സ്വഭാവത്തിലും കാലാനുസൃതമായ പരിവർത്തനം വരുത്തിയേ മതിയാവൂ. ഇതു വരുത്തുവാൻ അതിനേയും പ്രതിപാദിക്കതന്നെ വേണം. പരിതഃസ്ഥിതിയോടു് മനുഷ്യനെ രഞ്ജിപ്പിച്ചു് അതിനെ സഹ്യമാക്കുന്ന ഒരു ഉപകരണമാണു് സംസ്ക്കാരമൂല്യം. പരിതഃസ്ഥിതി, ഇന്നു പ്രത്യേകിച്ചു് സദാ മാറിക്കൊണ്ടിരിക്കുന്നതിനാൽ, ഫങ്ക്ഷനാലിസ തത്വമനുസരിച്ചു് സംസ്കാരമൂല്യവും മാറിക്കൊണ്ടിരിക്കേണ്ടതാണു്.

ഇവിടെ ഒരു ചോദ്യം ഉദിക്കുന്നു. തെറിയും തെറിയില്ലായ്മയും കലർന്നതാണല്ലോ ജീവിതം. പിന്നെ എന്തിനു് ചില പുരോഗമനസാഹിത്യകാരന്മാർ തെറി മാത്രം ചിത്രീകരിക്കുന്നു? അമ്മയും സഹോദരിമാരും ഒന്നിച്ചിരുന്നു വായിച്ചു രസിക്കുവാൻ കൊള്ളാത്ത തെറികൃതികൾ ഇവരിൽ ചിലർ എഴുതി വിടുന്നതു് എങ്ങിനെ ന്യായീകരിക്കാം? ഇതിനുള്ള രണ്ടു കാരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കുവാനേ ഇപ്പോൾ സമയമുള്ളൂ. ഇന്നു അധികം പ്രചാരമുള്ള ചെറുകഥ, ചെറുകവിത എന്നീ സാഹിത്യരൂപങ്ങളെ സംബന്ധിച്ചതാണു് ഒന്നു്. ഇവയുടെ ചെറുരൂപം നിമിത്തം തെറിയെപ്പറ്റി മുഖ്യമായി പ്രതിപാദിക്കുന്ന പുരോഗമനസാഹിത്യകാരനു തന്റെ കൃതിയിൽ മറ്റു പല ഭാവങ്ങളും കലർത്തി തെറിയുടെ ശക്തി കുറയ്ക്കാൻ സാധിക്കുന്നില്ല. ഒരേ ഒരു സ്ഥായീഭാവം ഇല്ലെങ്കിൽ ഇവയുടെ സാഹിത്യമേന്മ കുറഞ്ഞുപോകും. നാനാഭാവങ്ങളെ ഉൾക്കൊള്ളിക്കാവുന്ന നോവലുകൾ, ദീർഘ കവിതകൾ മുതലായവ ഭാഷയിൽ ധാരാളമായി ജനിച്ചു തുടങ്ങുമ്പോൾ തെറിയെപ്പറ്റിയുള്ള പരാതി കുറഞ്ഞു വരുന്നതാണു്.

പണ്ടത്തെ സാഹിത്യംപോലെ രസിപ്പിക്കണമെന്ന പ്രധാന ഉദ്ദേശ്യമുള്ള ഒന്നല്ല പുരോഗമനസാഹിത്യം. ചിന്തിപ്പിക്കലാണു് പുരോഗമനസാഹിത്യത്തിന്റെ പ്രധാന ഉദ്ദേശം. മനുഷ്യൻ ചിന്തിക്കുന്ന ജന്തുവാണെന്നു് പറയാറുള്ളതിൽ യാതൊരു വാസ്തവവുമില്ല. രസിപ്പിക്കാനുള്ള സാഹിത്യം വായിക്കുമ്പോൾ അതു് അവന്റെ ഒരു ചെവിയിലൂടെ പ്രവേശിച്ചു് ഉടനെ തന്നെ മറ്റെ ചെവിയിലൂടെ പുറത്തേയ്ക്കു പോകുന്നു. മനുഷ്യനെക്കൊണ്ടു് ചിരിപ്പിക്കണമെങ്കിൽ, അവനിൽ അസുഖം ജനിപ്പിച്ചേ മതിയാവൂ. ലൈംഗികജീവിത പരിവർത്തനം ഉദ്ദേശിക്കുന്നവർ അതിനെ നഗ്നമായി വിവരിച്ചാൽ മാത്രമേ മനുഷ്യനിൽ അസുഖം ജനിക്കുകയുള്ളു. സാമാന്യമായ വിപ്ലവാശയം പരത്തണമെന്നു് വിചാരിക്കുന്നവർ അതിനായി ശകാരവും സമരഭാഷയും ഉപയോഗിച്ചു വരുന്നു. ഇതും അസുഖം ജനിപ്പിച്ചു് മനുഷ്യനെ ചിന്തിപ്പിക്കുന്നു. ഈ രണ്ടു കൂട്ടരും ഒന്നുപോലെ “ഫങ്ക്ഷനാലിസ” തത്വമനുസരിച്ചാണു് ഇങ്ങിനെ ചെയ്തുവരുന്നതു്.

മനുഷ്യർക്കു് ഒരുമിച്ചിരുന്നു് ഒരു സാഹിത്യകൃതി വായിച്ചു രസിക്കുവാൻ കഴിയും. എന്നാൽ ഒന്നിച്ചിരുന്നു് ചിന്തിക്കുവാൻ സാധിക്കയില്ല. ചിന്തിക്കുമ്പോൾ ഓരോരുത്തരും വ്യക്തിപരമായി മാത്രമേ ചിന്തിക്കാറുള്ളു. തെറികൃതികൾ ചിന്തിപ്പിക്കുവാൻ ഉദ്ദേശിച്ചു് രചിച്ചിട്ടുള്ളവയാണു്. അതുകൊണ്ടു് അമ്മയും സഹോദരിയും ഒരുമിച്ചിരുന്നു് അതു വായിക്കണമെന്നു് അവയുടെ കർത്താക്കന്മാർ ഉദ്ദേശിച്ചിട്ടില്ല. നേരെമറിച്ചു് രസിപ്പിക്കുവാൻ രചിച്ചിട്ടുള്ള പഴയസാഹിത്യകൃതികൾ വേണം ഇവർ ഒന്നിച്ചിരുന്നു് വായിക്കേണ്ടതു്.

എന്റെ ഗവേഷണവേലയെപ്പറ്റി അല്പം പറഞ്ഞുകൊണ്ടു് ഈ മുഷിപ്പൻ പ്രസംഗം അവസാനിപ്പിക്കാം. ഗവേഷണവേലയ്ക്കു് പൊതുവേ “ഉണക്കശാസ്ത്രിത്വം” എന്നൊരു നല്ലപേരു നമ്മുടെ സരസനായ ഒരു യുവസാഹിത്യകാരൻ ഒരിക്കൽ നൽകുകയുണ്ടായി. നമ്മുടെ യുവസാഹിത്യകാരന്മാരിൽ 99 ശതമാനവും എന്റെ ഗവേഷണലേഖനങ്ങളെ പകർച്ചവ്യാധി പോലെ ഒഴിഞ്ഞു മാറി പോകയാണു് ചെയ്തുവരുന്നതു്. എന്റെ പ്രത്യേകതരം ഗവേഷണത്തെപ്പറ്റി നമ്മുടെ സർവകലാശാലയിലെ “ശാസ്ത്രീയ” ചരിത്രഗവേഷകർക്കു് പരമമായ പുച്ഛമാണുള്ളതു്. പുരാണങ്ങളിലെ ആ ശാസ്ത്രീയമായ മുത്തശ്ശിക്കഥകളെ ആസ്പദിച്ചു് “വായിൽ തോന്നിയതു് കോതയ്ക്കു് പാട്ടു് ” എന്നമട്ടിൽ പല അസംബന്ധങ്ങളും എഴുതിവിടുന്ന ഒരു മുഴുക്കിറുക്കനാണു ഞാനെന്നു ഇവർ വിചാരിച്ചു വരുന്നു. മ്ലേച്ഛരായ അറബികളുടെ ഇന്നലെ കുരുത്ത സംസ്ക്കാരത്തെ, സ്വയംഭൂവും സനാതനവും ലോകോത്ഭവത്തൊടൊന്നിച്ചു് ഉദിച്ചതുമായ ആർഷസംസ്ക്കാരത്തിന്റെ ജനനിയാക്കി ഭാരതത്തെ അവമാനിക്കുന്ന ഒരു കൊടുംദ്രോഹിയായി ഇവരിൽ ദേശീയവാദികളായ പണ്ഡിതന്മാർ എന്നെ പരിഗണിച്ചു വരുന്നു.

എന്റെ “ഉണക്കശാസ്ത്രിത്വ”ത്തിന്റെ ഉണങ്ങിയ തൊലിക്കു പിറകിൽ കുറെയധികം പച്ച സാധനം വാസ്തവത്തിലുണ്ടു്. ആറ്റംബോംബിന്റേയും നാദതുല്യം വേഗത്തിൽ പായുന്ന എയറോപ്ലേനുകളുടേയും മറ്റും കണ്ടുപിടുത്തങ്ങളോടുകൂടി ദേശീയത്വമെന്ന പഴയ ആശയം ക്ഷയിച്ചു തുടങ്ങുകയും, ഏകലോകം, ഏകഖണ്ഡവ്യാപ്തിയുള്ള രാഷ്ട്രങ്ങൾ എന്ന ആശയങ്ങൾ ഉദിക്കുകയും ചെയ്തിരിക്കുന്നു. ഈ പുതിയ ആശയങ്ങളെ നടപ്പിൽ വരുത്തുവാൻ പ്രാരംഭമായി വേണ്ട മനഃസ്ഥിതി മനുഷ്യരിൽ സ്ഥാപിക്കുവാൻ എന്റെ ഗവേഷണത്തിന്റെ ഫലങ്ങൾ സഹായിക്കാം. ഈ മാനസിക പരിവർത്തനത്തിനു് ശേഷം സാമ്പത്തികവും രാഷ്ട്രീയവുമായ ബാധകൾ ഏഷ്യാരാജ്യങ്ങൾ തമ്മിൽ സൃഷ്ടിച്ചാൽ മാത്രമെ അവ ശാശ്വതമായിരിക്കയുള്ളൂ.

അദൃഷ്ടപൂർവ്വമായ കാര്യങ്ങൾ കാണുന്നവനെ കിറുക്കനെന്നു പേരിടുന്നതു് പണ്ടേ മനുഷ്യരുടെ ഒരു സ്വഭാവമാണു്. എന്റെ മുത്തശ്ശിക്കഥാപ്രേമം ഏഷ്യയുടെ ഓരോ രാജ്യത്തിലും നിവസിക്കുന്ന പല മതക്കാരുടെയും പല നരവംശക്കാരുടെയും ഇടയ്ക്കു പരസ്പരം യോജിപ്പും സൗഹാർദ്ദവും വളർത്തുന്നതാണു്. ഏഷ്യയിലെ ഓരോ രാജ്യക്കാരുടെയും ഇടയ്ക്കു തങ്ങളുടെ സ്വന്തം സംസ്ക്കാരത്തെ കുറിച്ചുള്ള ശ്രേഷ്ഠത്വബോധം എന്റെ ഗവേഷണം നശിപ്പിക്കും. ഇതിന്റെ ഫലമായി കിടമത്സരം കൈവെടിഞ്ഞു് ചരിത്രാതീതകാലത്തുണ്ടായിരുന്നതുപോലെയുള്ള ഒരു ഏക ഏഷ്യൻസംസ്ക്കാരം കെട്ടിപ്പടുക്കുന്നതിൽ ഏഷ്യാനിവാസികൾ ശ്രദ്ധിക്കുന്നതുമാണു്.

ആധുനികസംസ്ക്കാരങ്ങളുടെ ഉത്ഭവത്തെക്കുറിച്ചു് രണ്ടു വിഭിന്നാഭിപ്രായങ്ങൾ ഇന്നത്തെ സമുദായ നരവംശശാസ്ത്രജ്ഞരുടെ ഇടയ്ക്കു നിലവിലിരിക്കുന്നു. മനുഷ്യപ്രകൃതിയുടെ ഏകരൂപതനിമിത്തം പല സ്ഥലങ്ങളിലും ഏറെക്കുറെ ഒരേ സമയത്തു് ഏറെക്കുറെ ഒന്നുപോലെയുള്ള പല സംസ്ക്കാരങ്ങൾ പണ്ടു ജനിച്ചുവെന്നും ഇവയുടെ സന്താനങ്ങളാണു് ഇന്നത്തെ സംസ്ക്കാരങ്ങളെന്നും, ഇവരിൽ ഒരുകൂട്ടർ വിചാരിച്ചുവരുന്നു. ഒരു നാലായിരത്തി അഞ്ഞൂറൂ വർഷത്തിനു മുൻപു് ഈജിപ്തിൽ ഇന്നത്തെ സംസ്ക്കാരങ്ങളുടെ തള്ള ജനിച്ചുവെന്നും, അവിടെനിന്നും ഇതു ലോകമാസകലം പരന്നുവെന്നും, ഇതിന്റെ സന്താനങ്ങളാണു് ഇന്നുള്ള സംസ്ക്കാരങ്ങളെന്നും ശേഷിച്ച കൂട്ടർ വിശ്വസിച്ചുവരുന്നു. ഈ രണ്ടാമത്തെ കൂട്ടരുടെ വാദമാണു് ശരിയെന്നു് എന്റെ ഗവേഷണങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു. പക്ഷേ, ഇവർ പറയുന്ന ഈജിപ്ത് ഇന്നു് ആ പേരിൽ ലോകർ അറിയുന്ന സ്ഥലം അല്ലെന്നു ഞാൻ കണ്ടു പിടിച്ചിട്ടുണ്ടു്. ഈ ഈജിപ്ത് കിഴക്കേ അറേബ്യയാണു്. കൂടാതെ ഇവർ ഈ തള്ളസംസ്ക്കാരത്തിനു നൽകിയിട്ടുള്ള കാലം വളരെ കുറഞ്ഞുപോയെന്നും ഞാൻ കണ്ടുപിടിച്ചിട്ടുണ്ടു്. വാസ്തവത്തിൽ ഇതിനു് 8100-കൊല്ലത്തെ പഴക്കമാണുള്ളതു്. ഇതിനുമുമ്പും സംസ്ക്കാരങ്ങൾ പലതും ഉണ്ടായിരുന്നു. പക്ഷേ, ഇവയെ ഇന്നത്തെ സംസ്ക്കാരങ്ങളോടു് ഘടിപ്പിക്കുന്ന ജനകീയ ഐതിഹ്യങ്ങൾ ഇന്നു് നശിച്ചുപോയിരിയ്ക്കുന്നു.

കേസരിയുടെ ലഘുജീവചരിത്രക്കുറിപ്പു്

Colophon

Title: Yuvākkaḷāya ezhuttukārkkum vāyanakkārkkum vēṇṭi (ml: യുവാക്കളായ എഴുത്തുകാർക്കും വായനക്കാർക്കും വേണ്ടി).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-08-03.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Paillai, Yuvakkalaya Ezhuthukarkkum vayanakkarkkum vendi, കേസരി ബാലകൃഷ്ണപിള്ള, യുവാക്കളായ എഴുത്തുകാർക്കും വായനക്കാർക്കും വേണ്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 19, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Production history: Data entry: the author; Typesetter: ...; Editor: PK Ashok; Encoding: ....

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.