images/Bodhisattva_Avalokitesvara.jpg
Bodhisattva Avalokitesvara from Sri Lanka, a bronze statue by .
ശബരിമല അഥവാ ടിബറ്റും കേരളവും തമ്മിലുള്ള ബന്ധം
കേസരി ബാലകൃഷ്ണപിള്ള
images/1st_Dalai_Lama.jpg
ഗദൂൻ ദൂബ്.

ടിബറ്റിലെ ലൗകികവും ആദ്ധ്യാത്മികവുമായ ഭരണാധികാരി ദലേലാമ യെ അദ്ദേഹം ജനിച്ച അവിടത്തെ കൊക്കോനാർ സംസ്ഥാനത്തിലെ ഒരു കുഗ്രാമത്തിൽ അഞ്ചുവർഷത്തെ അന്വേഷണങ്ങൾക്കുശേഷം കണ്ടുപിടിക്കുകയും, ഈയിടെ അദ്ദേഹത്തെ പതിനാലാമത്തെ ദലേലാമയായി വാഴിക്കുകയും ചെയ്ത വാർത്ത ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നല്ലോ. ഈ ദലേലാമകൾക്കു് കേരളവുമായി എന്തെങ്കിലും ഒരു ബന്ധമുണ്ടായിരിക്കുമെന്നു് ഒരുത്തരും സ്വപ്നേപി വിചാരിച്ചിരിക്കില്ല. എന്നാൽ വാസ്തവത്തിൽ ദലേലാമകൾക്കും കേരളത്തിനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും, ദലേലാമ അവതാരമായി ജനിക്കുന്ന അവിലോകിതേശ്വര ബോധിസത്വന്റെ പ്രധാനവാസസ്ഥലമായ പോതാളകം കേരളത്തിലെ ശബരിമലയിൽ സ്ഥിതി ചെയ്തിരുന്നതിനാലാണു് പ്രസ്തുതബന്ധം ജനിച്ചതെന്നും സ്ഥാപിക്കുവാനാണു് ഇവിടെ ഉദ്യമിക്കുന്നതു്.

images/Dalai_Lama_boy.jpg
14-ാമത്തെ ദലേലാമ.
ദലൈലാമയും അവലോകിതേശ്വരനും:

ദലേലാമ (ശരിയായ രൂപത്തിൽ ദലേലാമ) സുപ്രസിദ്ധനായ അവലോകിതേശ്വര ബോധിസത്വന്റെ അവതാരമാണെന്നാണു് ടിബറ്റുകാർ വിശ്വസിച്ചുവരുന്നതു്. പല ജന്മങ്ങളിലും ബോധിസത്വന്മാരായി, അതായതു് പരോപകാരാർത്ഥം ജീവിക്കുന്ന ഒരുതരം സന്ന്യാസികളായി, ജീവിച്ചതിനുശേഷം മാത്രമേ ഒരു മനുഷ്യനു ഒരു ബുദ്ധനായി ഭവിക്കുവാൻ കഴിയുകയുള്ളൂ എന്നാണു് ബൗദ്ധമത വാദം. ബോധിസത്വന്മാർ തന്നെ ദിവ്യരും ദിവ്യേതരരും എന്ന രണ്ടുതരമുള്ളതിൽ, ദിവ്യബോധിസത്വന്മാരിൽ വെച്ചു് ഏറ്റവും പ്രധാനനായിട്ടുള്ള ദേഹമാണു് അവലോകിതേശ്വരൻ. ഇദ്ദേഹത്തിനു മഹാകരുണൻ, പത്മപാണി, സമന്തമുഖൻ എന്ന പേരുകളുമുണ്ടു്. കരുണയുടെ മുർത്തീകരണമാണു് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മന്ത്രം “ഓം മണിപത്മേ ഹും” എന്നും ബീജാക്ഷരം ഹ്രീം എന്നുമാണു്. മഹായാനബുദ്ധമതക്കാർ പാർത്തു വരുന്ന ടിബറ്റ്, ചീനം, ജപ്പാൻ, മംഗോളിയാ, മഞ്ചൂറിയ എന്നീ സ്ഥലങ്ങളിൽ അവലോകിതേശ്വര ബോധിസത്വനെ ആരാധിക്കാത്തവർ ഇന്നു് അധികം കാണുകയില്ല. താൻ അഫ്ഘാനിസ്ഥാന്റെയും ഭാരതത്തിന്റെയും പല ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോൾ അവിടെ പല സ്ഥലങ്ങളിലും അവലോകിതേശ്വരന്റെ വിഗ്രഹങ്ങൾ കണ്ടതായി യുവൻചാങ്ങ് എന്ന പ്രസിദ്ധ ചീനാസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ടു്. അവലോകിതേശ്വരൻ പോതാളക ത്തിലും ടിബറ്റിലും സുഖാവതി യിലും അവതരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രധാന വാസസ്ഥലം പോതാളകമാണു്. ടിബറ്റിൽ അവതരിച്ചപ്പോൾ അവലോകിതേശ്വരൻ അന്നു് പരിഷ്കാരത്തിന്റെ കണിക പോലുമില്ലാതെ ജീവിച്ചിരുന്ന ടിബറ്റു നിവാസികളുടെ ഇടയ്ക്കു് ഇദംപ്രഥമമായി പരിഷ്കാരം സ്ഥാപിക്കുകയുണ്ടായി. തന്നിമിത്തം തങ്ങളുടെ പരിഷ്കാരത്തിന്റെ സ്ഥാപകനായി ടിബറ്റുകാർ അവലോകിതേശ്വരനെ ആരാധിച്ചുവരുന്നു. എ. ഡി. ഏഴാം ശതാബ്ദത്തിൽ ടിബറ്റിലെ വർഗ്ഗക്കാർ തമ്മിലുള്ള ആഭ്യന്തരയുദ്ധങ്ങൾ അവസാനിപ്പിച്ചു് ആ രാജ്യത്തെ ഒരു മഹാശക്തിയാക്കി അതിൽ ചീന സംസ്കാരം സ്ഥാപിച്ച സുപ്രസിദ്ധനായ ടിബറ്റ് രാജാവു് സ്രങ്ങ്ത്സൻ ശംബോ, അവലോകിതേശ്വരന്റെ അവതാരമാണെന്നു ടിബറ്റുകാർ വിശ്വസിച്ചു വരുന്നുണ്ടു്. ഇദ്ദേഹം ഒരു ബുദ്ധമത വിശ്വാസിയായിരുന്നു. എ. ഡി. 1203-ൽ ചീനത്തെ സുപ്രസിദ്ധനായ ടാട്ടർ ചക്രവർത്തി ചെംഗീസ്ഖാൻ ടിബറ്റിനെ പിടിച്ചടക്കുകയുണ്ടായി. ചെംഗീസ്ഖാന്റെ ബൗദ്ധരായ പുത്രരും പിൻഗാമികളും ടിബറ്റിന്റെ പല ഭാഗങ്ങളെയും ഭരിക്കുന്നതിനായി ശാക്യപശാഖയിൽപ്പെട്ട ബൗദ്ധഭിക്ഷുക്കളുടെ തലവന്മാരായ ലാമകളെ ഏൽപിച്ചിരുന്നു. ഇങ്ങനെയാണു് ലാമമാർക്കു് (അതായതു്, ഭിക്ഷുക്കളായ പണ്ഡിതന്മാർക്കു്) ടിബറ്റിൽ ലൌകിക ഭരണാധികാരം ആദ്യമായി ലഭിച്ചതു്.

images/Songstengampo.jpg
ടിബറ്റിലെ സ്രങ്ങ്ത്സൻ ശംബോ.

എ. ഡി. 15-ാം ശതാബ്ദത്തിന്റെ പ്രാരംഭത്തിൽ മഞ്ഞത്തൊപ്പി ധരിച്ചിരുന്ന ഗെൽഗുപ എന്ന ഭിക്ഷുസംഘത്തിന്റെ സ്ഥാപകനായ ഝംഗ്ഖപ എന്ന പ്രസിദ്ധ ഭിക്ഷു ദപൂര് മുതലായ പല പ്രസിദ്ധ ബുദ്ധവിഹാരങ്ങളും ടിബറ്റിൽ സ്ഥാപിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഒരു ബന്ധുവും ശിഷ്യനുമായ ഗദൂൻ ദൂബാണു്, ഇന്നത്തെ ടിബറ്റിൽ ദലേലാമ കഴിഞ്ഞാൽ പ്രധാന മതാനുയായിയായിട്ടുള്ള തശിലാമ യുടെ തലസ്ഥാനമായ തശിലൂമ്പൊ വിഹാരം എ. ഡി. 1446-ൽ സ്ഥാപിച്ചതു്. ദപൂര് വിഹാരത്തിന്റെ തലവനായ ഇദ്ദേഹത്തിന്റെ പരിപാവനമായ ജീവിതം നിമിത്തം, ഇദ്ദേഹത്തിനു് ദലേലാമ എന്ന ബിരുദം ഉണ്ടായിരുന്നില്ലെങ്കിലും എ. ഡി. 1541-ൽ സംഭവിച്ച ഇദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണു് ഇന്നത്തെ ദലേലാമകളെ കണ്ടുപിടിച്ചു തിരഞ്ഞെടുക്കുന്ന ആചാരം ആദ്യമായി നടപ്പിൽ വന്നതു്. ഗദൂൻ ദൂബ് മരിച്ചയുടനെ ദപൂര് വിഹാരത്തിലെ ഭിക്ഷുക്കൾ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഏഴു് ആഴ്ചയ്ക്കകം ജനിച്ചവനും, അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന സാധനങ്ങളെ മറ്റു സാധനങ്ങളോടു കൂട്ടിക്കലർത്തിവെച്ചപ്പോൾ, അദ്ദേഹം ഇഷ്ടപ്പെട്ടവയിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചവനുമായ ഒരു ബാലനെ കണ്ടുപിടിച്ചു് അവൻ അദ്ദേഹത്തിന്റെ അവതാരമാണെന്നു് വിശ്വസിച്ചു് അവനെ ആദ്യം തശിലൂമ്പൊ വിഹാരത്തിന്റെയും, പിന്നീടു് ദപൂര് വിഹാരത്തിന്റെയും നാഥനായി വാഴിച്ചു. ഇദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരാളായ നാഗ്വങ്ങ്ലോത്സങ്ങ് ആണു് ഒന്നാമത്തെ ദലേലാമ. മുകളിൽ വിവരിച്ച അവതാരവാദമനുസരിച്ചു് ഇദ്ദേഹം താൻ അവിലോകിതേശ്വരന്റെ പ്രധാന വാസസ്ഥലത്തിന്റെ നാമത്തെ ആസ്പദിച്ചു് പോതാളകം എന്നു പേരിടുകയും ചെയ്തു.

images/SongstenGampoandwives.jpg
സ്രങ്ങ്ത്സൻ ശംബോ (മധ്യഭാഗം), വെൻചെംഗ് രാജകുമാരി (വലതു്), നേപ്പാളിലെ ഭ്രികുതി ദേവി (ഇടതു്).
ദലേലാമയും തശിലാമയും

ടിബറ്റിൽ ദലേലാമയെന്നും തശിലാമയെന്നും രണ്ടു് പ്രധാന ലാമമാരുണ്ടു്. ദലേലാമയുടെ തലസ്ഥാനം ലാസയും, തശിലാമയുടേതു് ശിഗാറ്റ്സ് നഗരത്തിനു സമീപമുള്ള തശിലൂമ്പൊവുമാണു്. ദലേലാമയെ അവലോകിതേശ്വര ബോധിസത്വന്റെയും തശിലാമയെ മഞ്ജുളശ്രീ, വജ്രപാണി എന്നീ ബോധിസത്വന്മാരുടെയും അവതാരങ്ങളായി പരിഗണിച്ചു വരുന്നു. ദലേലാമയ്ക്കു് ടിബറ്റിൽ ഒരു മതാദ്ധ്യക്ഷന്റെ അധികാരങ്ങൾക്കു പുറമേ ഒരു രാജാവിന്റെ സകലാധികാരങ്ങളുമുണ്ടു്. ചീനത്തെ ഗവൺമെന്റ് മേൽക്കോയ്മയിൻ കീഴിൽ ദലേലാമ ടിബറ്റിലെ ഭരണം നടത്തി വരുന്നു. തശിലാമയ്ക്കു് ടിബറ്റിലെ ചങ് സംസ്ഥാനത്തിൽ മാത്രമേ ഭരണാധികാരമുള്ളൂ. ടിബറ്റുകാരും ചിനത്തുകാരും മംഗോളിയന്മാരുമായ സകല മഹായാന ബുദ്ധമതക്കാരും തശിലാമയെ തങ്ങളുടെ മതഗുരുവായി ബഹുമാനിച്ചു വരുന്നുമുണ്ടു്. പുതിയ ദലേലാമയായി കണ്ടുപിടിക്കുന്ന ബാലന്റെ ഗുരുവും രക്ഷാകർത്താവുമായി പ്രവർത്തിക്കേണ്ട കർത്തവ്യം തശിലാമയ്ക്കാണുള്ളതും.

images/9th_Panchen_Lama.jpg
ഒൻപതാം തശിലാമ.
യുവൻചാങ്ങും പോതാളകവും

എ. ഡി. ഏഴാം ശതാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിൽ ഇന്ത്യയിൽ സഞ്ചരിച്ച യുവൻചാങ്ങ് എന്ന ചീനത്തുകാരനായ ബൗദ്ധഭിക്ഷു, അവലോകിതേശ്വര ബോധിസത്വന്റെ പ്രധാന ഇരിപ്പിടമായ പോതാളകത്തിന്റെ സ്ഥാനം കണ്ടുപിടിക്കുന്നതിനു സഹായകമായ വിവരങ്ങൾ അദ്ദേഹത്തിന്റെ സഞ്ചാര ഗ്രന്ഥത്തിൽ നൽകിയിട്ടുണ്ടു്. ഉത്തരഭാരതത്തിലെ പര്യടനം കഴിഞ്ഞു് എ. ഡി. 642-നു സമീപിച്ചു് യുവൻചാങ് മദ്രാസിനു സമീപമുള്ള കാഞ്ചീപുരത്തിലെത്തി. അവിടെവച്ചു് താൻ പോതാളകത്തിന്റെ സ്ഥാനത്തെക്കുറിച്ചു കേട്ടവിവരങ്ങളാണു് അദ്ദേഹം തന്റെ സഞ്ചാരഗ്രന്ഥത്തിൽ ചേർത്തിട്ടുള്ളതു്. യുവൻചാങ് നൽകിയിട്ടുള്ള വിവരങ്ങളെ ചുവടെ സംക്ഷേപിച്ചു് ചേർക്കുന്നു.

images/Xuanzang-01.jpg
യുവൻ-ചാങ്

കാഞ്ചിയിൽ നിന്നു് ഉദ്ദേശം അഞ്ഞൂറുമൈൽ തെക്കായി “മൊലൊ-കു-ച” എന്ന രാജ്യം സ്ഥിതിചെയ്യുന്നു. ഇതിനു് ഉദ്ദേശം 833 മൈൽ ചുറ്റളവും, ഇതിന്റെ രാജധാനിക്കു് എട്ടുമൈൽ ചുറ്റളവുമുണ്ടു്. അവിടത്തെ മണ്ണിൽ ഉപ്പിന്റെ കാരം അധികം കലർന്നിട്ടുള്ളതിനാൽ വിളവു് കുറവാണു്. സമീപമുള്ള ദ്വീപുകളിലെ ചരക്കുകൾ അവിടെ കൊണ്ടുവരുന്നുണ്ടു്. ഈ രാജ്യത്തിലെ ശീതോഷ്ണസ്ഥിതി വളരെ ചൂടുള്ളതും ഇവിടത്തെ ജനങ്ങൾ ഇരുണ്ട നിറമുള്ളവരും ധൈര്യവും എടുത്തുചാട്ടവുമുള്ളവരുമാണു്. ഇവരിൽ ചിലർ ബുദ്ധമതവും, ശേഷിച്ചവർ മറ്റുള്ള മതങ്ങളും അനുസരിച്ചുവരുന്നു. കച്ചവടത്തിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതുകൊണ്ടു്, പാണ്ഡിത്യത്തിൽ ഇവർ അധികം ശ്രദ്ധ പതിപ്പിക്കുന്നില്ല. ജീർണ്ണിച്ച പല ബൗദ്ധവിഹാരങ്ങളും ഇവിടെ കാണാവുന്നതാണു്. കാടുപിടിച്ച മുറ്റത്തോടുകൂടിയ ഒരു സംഘാരാമം (ബുദ്ധക്ഷേത്രം) തലസ്ഥാനത്തു് കുറെ കിഴക്കായി സ്ഥിതിചെയ്യുന്നുണ്ടു്. ഇതിന്റെ അടിക്കെട്ടുകൾ മാത്രമേ ഇപ്പോൾ അവശേഷിച്ചിട്ടുളുളു. അശോകരാജാവിന്റെ അനുജൻ മഹേന്ദ്രൻ പണിയിച്ചതാണു് സംഘാരാമം. ഇതിനു കിഴക്കായി ഇപ്പോൾ ഭുമിയിൽ അടങ്ങിക്കിടക്കുന്ന ഉന്നതഭിത്തികളോടുകുടിയ ഒരു സ്തൂപമുണ്ടു്. ഇതിന്റെ താഴികക്കുടത്തിന്റെ മുകൾ ഭാഗം മാത്രമേ കാണാനുള്ളൂ. ഇതു് അശോകൻ പണിയിച്ച സ്തൂപമാണു്.

images/11th-century_mauscript.jpg
പതിനൊന്നാം നൂറ്റാണ്ടിലെ ശിഷ്യലേഖ കൈയെഴുത്തുപ്രതി, എ. ഡി. അഞ്ചാം നൂറ്റാണ്ടിൽ ചന്ദ്രഗോമിൻ രചിച്ചതാണു്. നേപ്പാളിൽ കണ്ടെത്തിയ ദേവനാഗരി ലിപിയിലെ ബുദ്ധ-സംസ്കൃത പാഠമാണിതു്.

“ഈ രാജ്യത്തിന്റെ സമുദ്രതീരത്തുള്ള തെക്കൻ ഭാഗത്തിൽ ഉയർന്നശിഖരങ്ങളും കീഴ്ക്കാൻതൂക്കായ ചരിവുകളുമുള്ള മൊ-ല-യെ എന്ന പർവ്വതനിര സ്ഥിതിചെയ്യുന്നു. ഇതിൽ വെള്ള ചന്ദനമരങ്ങളും, ‘ചന്ദനേവ’മരങ്ങളും വളരുന്നുണ്ടു്. ഈ രണ്ടു വൃക്ഷങ്ങൾക്കും തമ്മിൽ വലിയ വ്യത്യാസമില്ല. ഒടുക്കം പറഞ്ഞതിൽ സർപ്പങ്ങൾ തുങ്ങിക്കിടക്കുന്നതു കാണാം. മൊ-ല-യെ പർവ്വത നിരയ്ക്കു് കിഴക്കായി പോതാളകമല സ്ഥിതിചെയ്യുന്നു. ഇതിലുള്ള മലവഴികൾ വളരെ ആപൽക്കരങ്ങളും, ചരിവുകൾ കീഴ്ക്കാംതൂക്കായവയുമാണു്. ഈ മലയുടെ മുകളിൽ കണ്ണാടിപോലെ നിർമ്മലമായ വെള്ളമുള്ള ഒരു തടാകമുണ്ടു്. ഈ മലയുടെ ഒരു വിടവിൽ നിന്നു് ഒരു വലിയ നദി പുറപ്പെട്ടു് അതിനെ ഇരുപതു് തവണ വലംവെച്ചു് ദക്ഷിണ സമുദ്രത്തിലേക്കു ഒഴുകി വീഴുന്നു. പ്രസ്തുത തടാകത്തിന്റെ സമീപത്തായി ഹിന്ദുക്കളുടെ ഒരു ശിലാക്ഷേത്രമുണ്ടു്. പോകുമ്പോഴും വരുമ്പോഴും അവലോകിതേശ്വരൻ ഇതിൽ തന്റെ താമസമുറപ്പിക്കുന്നു. ഈ ബോധിസത്വന്റെ ദർശനം ലഭിക്കണമെന്നു് അതിയായി ആഗ്രഹിക്കുന്നവർ തങ്ങളുടെ ജീവരക്ഷ പരിഗണിക്കാതെ, പ്രതിബന്ധങ്ങളും അപകടങ്ങളും വിഗണിച്ചു് ജലാശയം കടന്നു് മലകയറുന്നു. ഇങ്ങനെ മല കേറുന്നവരിൽ അപൂർവ്വം ചിലർ മാത്രമേ അതിന്റെ മുകളിൽ എത്തുന്നുള്ളു. എന്നാൽ മലകയറാൻ ധൈര്യപ്പെടാതെ അതിന്റെ ചുവട്ടിൽ നിൽക്കുന്നവർക്കും, അവർ ഹൃദയംഗമമായി പ്രാർത്ഥിക്കുന്നതായാൽ ചിലപ്പോൾ ഈശ്വരദേവന്റെ (ശിവന്റെ) രൂപത്തിലോ മറ്റു ചിലപ്പോൾ ഒരു പാശുപത യോഗിയുടെ രൂപത്തിലോ, അവലോകിതേശ്വബോധിസത്വൻ പ്രത്യക്ഷപ്പെടുകയും, അവരോടു് ചില വാക്കുകൾ പറഞ്ഞു്, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുകയും ചെയ്യാറുണ്ടു്. ഈ മലയ്ക്കു് വടക്കുകിഴക്കായി സമുദ്രതീരത്തിൽ സ്ഥിതിചെയ്യുന്ന ഒരു തുറമുഖത്തിൽ നിന്നാണു് ജനങ്ങൾ സിലോണിലേക്കു കപ്പൽ കയറുന്നതു്.

images/Thamirabarani.jpg
താമ്രപർണി നദി.

യുവൻ-ചാങ്ങിന്റെ സഞ്ചാര ഗ്രന്ഥത്തിന്റെ ചീനത്തുകാരനായ പ്രസാധകൻ മൊ-ലൊ-കു-ച രാജ്യത്തിനു് ചി-മൊ-ലൊ എന്നും പേരുണ്ടെന്നു് അതിൽ ഒരു കുറിപ്പു് ചേർത്തിട്ടുണ്ടു്. യുവൻ-ചാങ്ങിന്റെ ഈ വിവരണത്തിൽ പ്രസ്താവിച്ചിട്ടുള്ള സ്ഥലങ്ങളുടെ സ്ഥാനങ്ങളെ സംബന്ധിച്ചു് പണ്ഡിതന്മാർക്കു് ഏകാഭിപ്രായമില്ല. മൊ-ലൊ-യെ പർവ്വതം മലയപർവ്വതമാണെന്നും പോതാളകം അഗസ്ത്യന്റെ ഇരിപ്പിടവും പൊതികം എന്ന പേരുംകൂടിയുള്ളതുമായ അഗസ്ത്യകൂട മലയാണെന്നും അഗസ്ത്യകൂടത്തിൽ നിന്നുത്ഭവിച്ചു മന്നാർ ഉൾക്കടലിൽ വീഴുന്ന തിരുനൽവേലി ജില്ലയിലെ താമ്രപർണി നദിയെയാണു് പോതാളകത്തിൽ നിന്നുത്ഭവിക്കുന്ന നദിയായി യുവൻചാങ് വർണ്ണിച്ചിട്ടുള്ളതെന്നും പോതാളകത്തിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന തുറമുഖം നാഗപട്ടണമാണെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. മൊ-ലൊ-കു-ച ചേരരാജ്യവും മൊ-ല-യെ മലയപർവ്വതവും പോതാളകം ശബരിമലയും പോതാളകത്തിൽ നിന്നുത്ഭവിക്കുന്ന നദി പമ്പാനദിയും പോതാളകത്തിനു വടക്കുകിഴക്കുള്ള തുറമുഖം നാഗപട്ടണവുമാണെന്നാണു് ഈ ലേഖകൻ വിചാരിക്കുന്നതു്.

images/Astasahasrika_Prajnaparamita.jpg
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു സംസ്കൃത പനയോല കൈയെഴ്ത്തുപ്രതിയിലെ അവലോകിതേശ്വരന്റെ ചിത്രം.
മൊ-ലൊ-കു-ച-രാജ്യം

യുവൻചാങ്ങിന്റെ സഞ്ചാരഗ്രന്ഥത്തിന്റെ രണ്ടു് പ്രത്യേകതകൾ ഇവിടെ ഓർക്കേണ്ടതാണു്. താൻ നേരിട്ടു സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങൾ വളരെ സൂക്ഷ്മമായും, താൻ സന്ദർശിക്കാത്തവയെ കേട്ടുകേൾവി അനുസരിച്ചു് സൂക്ഷ്മമല്ലാതെയും അദ്ദേഹം വിവരിച്ചിരിക്കുന്നു എന്നുള്ളതാണു് ഒന്നാമത്തേതു്. രണ്ടാമത്തേതു് രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ദൂരമായി അദ്ദേഹം വിവരിക്കുന്നതു് ആ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ തമ്മിലുള്ള ദൂരമാണെന്നുള്ളതാണു്. മൊ-ലെ-കു-ച രാജ്യത്തെ അദ്ദേഹം കേട്ടുകേൾവി അനുസരിച്ചാണു് വിവരിച്ചിട്ടുള്ളതെന്നു് മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനാൽ അതുവളരെ സൂക്ഷ്മമായിരിക്കുകയില്ല. ഭൂപടത്തിൽ കാഞ്ചിക്കു തെക്കു അഞ്ഞൂറു മൈൽ അളന്നുനോക്കിയാൽ സമുദ്രത്തിൽ ചെന്നുചാടും. അതിനാൽ കാഞ്ചിയ്ക്കും മൊ-ലൊ-കു-ച രാജ്യത്തിന്റെ തലസ്ഥാനത്തിനും തമ്മിൽ യുവൻ ചാങ്ങ് നൽകുന്ന ദൂരം സൂക്ഷ്മമായിട്ടുള്ളതല്ല. വാസ്തവത്തിലുള്ള ദൂരത്തിനും യുവൻചാങ്ങിന്റെ ദൂരത്തിനും തമ്മിലുള്ള വ്യത്യാസം ഒരു നൂറുമൈൽ മുതൽ ഇരുന്നൂറു മൈൽവരെ വന്നേക്കാം. ഈ രാജ്യത്തിന്റെ ചുറ്റളവു് മുപ്പത്തിമൂന്നു മൈലോളമുണ്ടെന്നു് അദ്ദേഹം പറയുന്നതിനാൽ അതു് ഒരു വലിയ രാജ്യമായിരുന്നേ മതിയാകൂ. കാഞ്ചിക്കും ചേരതലസ്ഥാനമായ കൊടുങ്ങല്ലൂരിനും തമ്മിൽ ഒരു ഋജുരേഖയായുള്ള ദൂരം മുന്നൂറു മൈലോളം വരും. റോഡുവഴിയായുള്ള യഥാർത്ഥദൂരം ഇതിൽ അമ്പതിൽപ്പരം മൈൽ അധികമായിരിക്കുകയേയുള്ളൂ. കാഞ്ചിയും പാണ്ഡ്യതലസ്ഥാനമായ മധുരയും തമ്മിലുള്ള ദൂരം ഇതിൽ ഒരു എഴുപത്തഞ്ചു് മൈലോളം കുറഞ്ഞിരിക്കുന്നതാണു്. ഈ സംഗതികളിൽ നിന്നു് യുവൻ-ചാങ് പറയുന്ന ദൂരത്തോടു് കൂടുതൽ അടുക്കുന്ന കൊടുങ്ങല്ലൂർ രാജധാനിയായുള്ള ചേരരാജ്യമാണു് യുവാൻ ചാങ്ങിന്റെ മൊ-ലൊ-കു-ച രാജ്യമെന്നു് നിസ്സംശയം വിശ്വസിക്കാം.

images/Chandragomin.jpg
മഹാസിദ്ധ ചന്ദ്രഗോമിൻ, ബംഗ്ലാദേശ്, പന്ത്രണ്ടാം നൂറ്റാണ്ടു്.

മൊ-ലൊ-കു-ച എന്ന ചീനവാക്കിന്റെ ശരിയായ ഭാരതീയ രുപമെന്താണു്? ഇതിനു് സാധാരണയായി മലയകുടമെന്നുള്ള ഭാരതീയ രൂപമാണു് നൽകാറുള്ളതു്. എന്നാൽ യുവൻചാങ്ങിന്റെ ചീനഭാഷയിലുള്ള സഞ്ചാരഗ്രന്ഥം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത ദേഹവും ഒരു തികഞ്ഞ ചീനഭാഷാ പണ്ഡതിനുമായ റവറന്റ് ബിൽ ഈ അഭിപ്രായത്തോടു് യോജിക്കുന്നില്ല. മൊ-ലെ-യെ എന്നുള്ളതു് മലയം ആണെന്നുള്ളതിൽ സംശയമില്ലെന്നും, എന്നാൽ മൊ-ല-യെ എന്നതിലെ ‘ല’ യിൽ നിന്നു് മൊ-ലൊ-കു-ച എന്നതിലെ ‘ലൊ’ എന്ന അക്ഷരം വ്യത്യാസപ്പെടുത്തി എഴുതിയിരിക്കുന്നതിനാൽ ഒടുവിൽ പറഞ്ഞ പേരിനെ മർകുട എന്നാക്കുന്നതായിരിക്കും കൂടുതൽ സൂക്ഷ്മമായിരിക്കുന്നതെന്നു് ബിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ അഭിപ്രായമാണു് സ്വീകാര്യമായിട്ടുള്ളതു്. പക്ഷേ, മർകുട എന്ന ഒരു രാജ്യമില്ലായ്കയാൽ ഇതിനെ മേർകുടം എന്നു വായിക്കേണ്ടതാണു്. മേർകുടം എന്നതിന്റെ അർത്ഥം പടിഞ്ഞാറെ കുടരാജ്യം എന്നാകുന്നു. അക്കാലത്തെ തമിഴ് സംഘകാവ്യങ്ങൾ ചേരരാജ്യത്തിനു് കുടരാജ്യമെന്നും, ചേരരാജാക്കന്മാർക്കു് കുടകോ എന്നും പേരുകൾ ഇട്ടിട്ടുണ്ടു്. അതിനാൽ യുവൻ-ചാങ് പറയുന്ന രാജ്യം ചേരമാണെന്നുള്ളതിനു് സംശയമില്ല. കാഞ്ചിയിൽ വെച്ചു് ഈ രാജ്യത്തെ പറ്റി യുവൻ-ചാങ്ങിനോടു് സംസാരിച്ച മനുഷ്യൻ, കാഞ്ചിയിൽ നിന്നു് പടിഞ്ഞാറായിട്ടാണു് അതു് സ്ഥിതിചെയ്തിരുന്നതെന്നു് കാണിക്കുവാനായി മേർകുടം എന്നു പറഞ്ഞതിനെ യുവൻ-ചാങ് അതുപോലെതന്നെ പകർത്തുകയാണു് ചെയ്തതു്. ശബരിമലയെ തൊട്ടു് വടക്കായി തൊടുപുഴ,ദേവീകുളം, മുവാറ്റുപുഴ എന്നീ താലൂക്കുകളുൾപ്പെട്ട മാളുവാ എന്നൊരു രാജ്യം പണ്ടുണ്ടായിരുന്നു. പക്ഷേ, ഇതൊരു ചെറിയ രാജ്യമാകയാൽ യുവാൻ-ചാങ് പറഞ്ഞിട്ടുള്ള രാജ്യം ഇതായിരിക്കുകയില്ല. മൊ-ലൊ-കു-ച രാജ്യത്തിന്റെ മറ്റൊരു പേരായി യുവാൻ-ചാങ്ങിന്റെ കൃതിയുടെ പ്രസാധകൻ പ്രസ്താവിച്ചിട്ടുള്ള ചി-മൊ-ലൊ എന്നതിനു് കുമാർ എന്ന ഭാരതീയ രൂപം ബിൽ നൽകിയിരിക്കുന്നു. കുമാർ കന്യാകുമാരിയാണു്. എ. ഡി. ഏഴാം ശതാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിന്റെ പ്രാരംഭത്തിൽ ചേരത്തെ ഭരിച്ചിരുന്ന പൽയാനൈ ചെൽ കെഴുകുട്ടുവൻ (മക്കത്തുപോയ ചേരമാൻ പെരുമാൾ) കന്യാകുമാരി വരെയുള്ള പ്രദേശങ്ങളെ കിഴക്കേ ചേരത്തോടു് ചേർത്തിരുന്നതു കൊണ്ടായിരിക്കണം ചേരത്തിനു് കന്യാകുമാരി രാജ്യം എന്ന പേരുകൂടി അന്നു് കിട്ടിയതു്.

images/Chenrezigthangka.jpg
നാലുകൈകളുള്ള അവലോകിതേശ്വരന്റെ ടിബറ്റൻ രൂപം.

കൊടുങ്ങല്ലൂരിൽ പണ്ടു് ബുദ്ധസംഘാരാമങ്ങളും വിഹാരങ്ങളും ഉണ്ടായിരുന്നതായി തമിഴ് സംഘകാവ്യങ്ങൾ പ്രസ്താവിക്കുന്നുണ്ടു്. ഇവയെയാണു് യുവാൻ-ചാങ് വർണ്ണിച്ചിട്ടുള്ളതു്. ചേര തലസ്ഥാനത്തിനു് കുറെ കിഴക്കായി നിന്നിരുന്ന ബൗദ്ധസംഘാരാമത്തെയും സ്ഥലത്തെയും പിന്നീടു് ചെങ്കുട്ടുവൻ ചേരൻ പുതുക്കി അവിടെ ഇന്നത്തെ കൊടുങ്ങല്ലൂർ ഭഗവതിയെ പ്രതിഷ്ഠിച്ചു എന്നു വിചാരിക്കുവാൻ കാരണമുണ്ടു്. അന്നത്തെ കൊടുങ്ങല്ലൂരിലെ കച്ചവടത്തിരക്കിനെപ്പറ്റി യുവൻ-ചാങ് വർണ്ണിച്ചിട്ടുള്ളതിനെയും തമിഴ് സംഘകാവ്യങ്ങൾ പിന്താങ്ങുന്നു.

images/Aryadeva-1-.jpg
ആര്യദേവൻ.
പോതാളകം

മലയപർവ്വതത്തിലുള്ള അഗസ്ത്യകൂടമല്ല പോതാളകം. അഗസ്ത്യകൂടത്തിന്റെ ഒരു പര്യായമായ പൊതികം എന്നതിനും പോതാളകത്തിനും തമ്മിൽ പ്രത്യക്ഷമായ വ്യത്യാസമുണ്ടു്. കൂടാതെ ബുദ്ധമതവുമായി അഗസ്ത്യകൂടത്തിനു യാതൊരു ബന്ധവുമില്ല. എന്നാൽ അവലോകിതേശ്വര ബോധിസത്വന്റെ പ്രധാന ഇരിപ്പിടമായ പോതാളകം പ്രാചീനകാലം മുതൽക്കു് ഒരു പ്രസിദ്ധപ്പെട്ട ബൗദ്ധ തീർത്ഥാടന സ്ഥലമായിരുന്നു. ബി. സി. ഒന്നാം ശതകത്തിൽ ജീവിച്ചിരുന്ന മഹായാന ബുദ്ധമത സ്ഥാപകനായ നാഗാർജ്ജുന ബോധിസത്വന്റെ സിലോൺ ദേശക്കാരൻ ശിഷ്യനും ചതുഃശതകത്തിന്റെ കർത്താവുമായ പ്രസിദ്ധ ഭിക്ഷു ആര്യദേവൻ, അഥവാ കണ്ണദേവൻ, എ. ഡി. അഞ്ചാംശതകത്തിൽ ജീവിച്ചിരുന്ന ചന്ദ്രവ്യാകരണ കർത്താവായ ചന്ദ്രഗോമി മുതലായവർ പോതാളകത്തിലേക്കു തീർത്ഥയാത്ര പോയിരുന്നു എന്നുവിചാരിക്കുവാൻ കാരണങ്ങളുണ്ടു്. മദ്ധ്യതിരുവിതാംകൂറിലുള്ള ശബരിമലയുടെ പേരിൽ ഈ ബൗദ്ധമതവുമായുള്ള ബന്ധം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും. അതു് ബുദ്ധമതത്തിന്റെ ലക്ഷണങ്ങളായ ശരണംവിളി, കർപ്പൂരം കത്തിക്കൽ മുതലായവയോടുകൂടി ഒരു സുപ്രസിദ്ധ തീർത്ഥസ്ഥലമായി ഇന്നും വർത്തിച്ചുവരുന്നതിനാൽ ശബരിമലയാണു് പോതാളകം എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇത്തവണത്തെ മകരവിളക്കിനു് അഞ്ചുലക്ഷം അയ്യപ്പന്മാർ ശബരിമല സന്ദർശിച്ചു എന്നു കേൾക്കുകയുണ്ടായി. പത്തൊമ്പതാം ശതാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിൽ ശബരിമല വിളക്കിനു് തമിഴ്‌നാട്ടിൽ നിന്നു് ധാരാളം തീർത്ഥയാത്രക്കാർ പോകാറുണ്ടായിരുന്നുവെന്നു് വാർഡും, കൊണറും അവരുടെ തിരുവിതാംകൂർ സർവ്വെ റിപ്പോർട്ടി ൽ രേഖപ്പെടുത്തിയിട്ടുണ്ടു്. പോതാളകത്തിന്റെ വിവരണം ശബരിമലയ്ക്കു് സൂക്ഷ്മമായി യോജിക്കുന്നു എന്നുള്ളതിനു പുറമേ ഇവ രണ്ടും ഒന്നാണെന്നു വിചാരിക്കുവാൻ മറ്റു കാരണങ്ങളുമുണ്ടു്.

images/Pothigai_Hills_Range.jpg
തമിഴ്‌നാട്ടിലെ പൊതിഗയ് മല, ഇന്ത്യയിലെ പോതാളക മലയായി അറിയപ്പെടുന്നു.

ആദ്യമായി യുവാൻ-ചാങ്ങിന്റെ വിവരണം ശബരിമലയ്ക്കു് എത്ര യോജിച്ചിരിക്കുന്നു എന്നു വിശദമാക്കാം. ശബരിമലയും പോതാളകവും മലയപർവ്വതത്തിലാണു് സ്ഥിതിചെയ്യുന്നതു്. ശബരിമല കേറാൻ പണ്ടുണ്ടായിരുന്ന വൈഷമ്യങ്ങൾ കേരളീയരായ നമുക്കു് അറിയാമല്ലോ. ഈ വൈഷമ്യങ്ങൾ തന്നെയാണു് പോതാളകത്തിൽ കയറുന്നവർക്കും അഭിമുഖീകരിക്കേണ്ടിവന്നതു്. ശബരിമലയിലും സമീപമുള്ള മലകളിലും പോതാളകത്തിലെന്നപോലെ ചന്ദനമരം വളരുന്നുണ്ടു്. ചന്ദനമരത്തിന്റെ ഒരു പര്യായമായ സർപിഷ്ടം എന്നതിനെ ആസ്പദിച്ചാണു് ചന്ദനമരങ്ങളിൽ സർപ്പങ്ങൾ തുങ്ങിക്കിടക്കുമെന്നു് യുവൻ-ചാങ് പറഞ്ഞിട്ടുള്ളതു്. ശബരിമലയുടെ ഒരുവശത്തു് നിന്നു് പമ്പാനദി ഉത്ഭവിച്ചു് അതിന്റെ ഒരു വശം മുഴുവൻ ചുറ്റിയാണു് പടിഞ്ഞാറോട്ടൊഴുകുന്നതു്. ഇതിനെയാണു് യുവാൻ-ചാങ് പോതാളകത്തിൽ നിന്നുത്ഭവിക്കുന്ന നദി അതിനെ ഇരുപതു് തവണ വലംവെച്ചൊഴുകുന്നു എന്നു് അതിശയോക്തിപൂർവ്വം വർണ്ണിച്ചിരിക്കുന്നതു്. അഗസ്ത്യകൂടത്തിൽ അഥവാ ചെറിയ പൊതികയിൽ നിന്നുത്ഭവിക്കുന്ന താമ്രപർണി അതിനെ വലംവെച്ചൊഴുകുന്നില്ല. ശബരിമലമുകളിൽ ഇന്നുള്ള ഉറക്കുഴി തീർത്ഥം മുതലായ തീർത്ഥങ്ങളിൽ ഒന്നിനെയായിരിക്കണം യുവാൻ-ചാങ് പോതാളകത്തിന്റെ മുകളിലുള്ള തടാകമായി വർണ്ണിച്ചിട്ടുള്ളതു്. ഈ തടാകത്തിനു സമീപമുള്ള ഹിന്ദുശിലാക്ഷേത്രം ശബരിമലയിൽ ഇന്നത്തെ അയ്യപ്പന്മാർ ആദ്യമായി കാണുന്ന ശബരിപീഠമായിരിക്കണം. അവലോകിതേശ്വരൻ അദ്ദേഹത്തിന്റെ ഒരു അവതാരസ്ഥലമായ ടിബറ്റിൽ നൽകിയിട്ടുള്ള പേർ ചേരസി എന്നാണു്. ടിബറ്റിൽ നിന്നുത്ഭവിച്ചു് സിക്കിമിലെ ലച്ഛാ വർഗ്ഗക്കാരുടെ ഇടയ്ക്കു് ആദിമനുഷ്യനും ആദിസ്ത്രീയും പാർത്തിരുന്നതു് ടിബറ്റിലെ ശബരകോ എന്ന മലയിലായിരുന്നു എന്നു് ഐതിഹ്യമുള്ളതിനാലും. ലച്ഛാ വർഗ്ഗക്കാരിൽ ഒരു വലിയ വിഭാഗത്തിനു് ശബരൻ എന്നു പേരുള്ളതിനാലും ടിബറ്റിലെ ആദിമനിവാസികൾക്കു് ശബരൻ എന്ന വർഗ്ഗനാമമുണ്ടായിരുന്നു എന്നു വിചാരിക്കാം. ശബരൻ എന്നതിന്റെ ഒരു രൂപഭേദമാണു് ചേരേ(സി) എന്നതു്. ശബരൻ ചവരനും ചേരനുമായി പരിണമിച്ചു. അതിനാൽ ശബരന്റെ (അതായതു് ചേരസിയുടെ അഥവാ അവലോകിതേശ്വരന്റെ) വാസസ്ഥലം ശബരിപീഠമായി ഭവിച്ചു. ശബരിമലയിൽ അയ്യപ്പക്ഷേത്രവും മറ്റും ഹിന്ദുക്കൾ പണികഴിപ്പിച്ചപ്പോൾ, അവർ രാമായണത്തിന്റെ സ്മരണയിൽ നിന്നു് ശബരമലയെ ശബരിമലയും ശബരപീഠത്തെ ശബരി പീഠവുമാക്കുകയും അതിൽ നിന്നുത്ഭവിച്ച നദിയ്ക്കു് പമ്പ എന്നു പേരിടുകയും ചെയ്തുവെന്നു് വിചാരിക്കേണ്ടിയിരിക്കുന്നു. പമ്പയ്ക്കു് ആദികാലങ്ങളിൽ മറ്റൊരു പേരാണുണ്ടായിരുന്നതെന്നു് പിന്നീടു് ചൂണ്ടിക്കാണിക്കുന്നതാണു്.

ത്രിലോകനാഥൻ
images/Waddell.jpg
ലോറൻസ് ഓസ്റ്റിൻ വഡ്ഡെൽ

മല കേറാതെ പോതാളകത്തിന്റെ ചുവടെനിന്നു് പ്രാർത്ഥിക്കുന്നവർക്കു് ചിലപ്പോൾ അവലോകിതേശ്വരൻ ശിവന്റെയോ ഒരു പാശുപതയോഗിയുടെയോ രൂപത്തിൽ ദർശനം നൽകും എന്നതു് യുവൻ-ചാങ്ങിന്റെ വാക്കുകളും അവലോകിതേശ്വരന്റെ ശബരിപീഠം ശിവക്ഷേത്രമായതെങ്ങനെയെന്നും മനസ്സിലാക്കുവാനായി അവലോകിതേശ്വരനും ശിവനും തമ്മിലുള്ള ബന്ധം അറിയേണ്ടതാണു്. ടിബറ്റിലെ മഹായാന ബൗദ്ധമത ഗ്രന്ഥങ്ങളിൽ നിന്നു് അവലോകിതേശ്വര വിഗ്രഹങ്ങൾക്കു് ഇരുപത്തിരണ്ടു് രൂപങ്ങൾ ഉണ്ടെന്നു് വഡ്ഡെൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. മരാകരുണൻ, ആര്യാവലോകിതേശ്വരൻ, സ്വപ്നഛേദി, അഷ്ടഭയ നിവാരകൻ, സിംഹനാദൻ, സാഗരജിതൻ, ചതുർഭുജൻ, ത്രിമണ്ഡലൻ, ധർമ്മേശ്വവജ്രൻ, ഖചരൻ, ത്രിമണ്ഡലാമോഘ വജ്രമഹാകരുണൻ, സുഖാവത്യയവലോകിതേശ്വരൻ, അമോഘവ്രതൻ, ഖസർപ്പണാവലോകിതേശ്വരൻ, ഹാലാഹലൻ, പത്മപാണി, ഏകാദശമുഖാവലോകിതേശ്വരൻ, ചിന്താചക്രൻ, ആകാശരാജൻ, വജ്രഗർഭൻ, ത്രിലോകേശ്വരൻ അഥവാ ത്രിലോകനാഥൻ, സപ്താക്ഷരാവലോകിതേശ്വരൻ എന്നിവയാണു് ആ ഇരുപത്തിരണ്ടു രൂപങ്ങളുടെയും പേരുകൾ. ഇന്ത്യയിലെ ബൗദ്ധവിഗ്രഹ ശാസ്ത്രത്തെപ്പറ്റി ഋഷെർ എന്ന ഫ്രഞ്ചുപണ്ഡിതൻ എഴുതിയിട്ടുള്ള പ്രസിദ്ധകൃതിയിൽ അവലോകിതേശ്വരന്റെ വിഗ്രഹങ്ങൾക്കും ശിവന്റെ വിഗ്രഹങ്ങൾക്കും തമ്മിലുള്ള വളരെ അടുത്ത സാദൃശ്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ടു്. പഞ്ചാബിലെ കാംഗ്ര ജില്ലയിലെ ത്രിലോകനാഥം മുതലായ പല സ്ഥലങ്ങളിലും ത്രിലോകനാഥൻ എന്ന പേരിൽ ഇന്നു ശിവനെ ആരാധിച്ചുവരുന്നുണ്ടു്. ഈ സ്ഥലങ്ങളിലെ ഈ വിഗ്രഹങ്ങളുടെ പരിശോധനയിൽ നിന്നു് അവ അവലോകിതേശ്വരന്റെ വിഗ്രഹങ്ങളാണെന്നു് ഡോക്ടർ വേഗെൽ സ്ഥാപിച്ചിട്ടുണ്ടു്. അവലോകിതേശ്വരബോധിസത്വന്റെ വിഗ്രഹങ്ങളുടെ ഒരു പ്രധാന ലക്ഷണം, അദ്ദേഹത്തിന്റെ ഉത്ഭവമൂർത്തിയായ അമിതാഭൻ എന്ന ധ്യാനിബുദ്ധന്റെ ഒരു ചെറിയ വിഗ്രഹം അദ്ദേഹത്തിന്റെ മുടിയിലോ മകുടത്തിലോ ഉണ്ടായിരിക്കുമെന്നുള്ളതാണു്. ഇതു് കാൻഗ്രാജില്ലയിലെ ത്രിലോകവിഗ്രഹങ്ങളിലും കാണാനുണ്ടു്. ഈ സംഗതികൾ അവലോകിതേശ്വരനും ശിവനും തമ്മിലുള്ള ബന്ധം സ്പഷ്ടമാക്കുന്നുണ്ടു്. ഇവർ തമ്മിലുള്ള ഈ ബന്ധം നിമിത്തം യുവാൻ-ചാങ് പറയുന്ന പോതാളകത്തിലെ ശിലാനിർമ്മിതമായ ഹിന്ദുക്ഷേത്രം, അതായതു് ഇന്നത്തെ ശബരിമലയിലെ ശബരിപീഠമാണെന്നു് മുകളിൽ ചൂണ്ടിക്കാണിച്ചതു്, ഒരു ശിവക്ഷേത്രമായിരുന്നേ മതിയാവൂ.

images/wood_Honolulu.jpg
അവലോകിതേശ്വരന്റെ ചൈനീസ് പ്രതിമ, 1025 സി. ഇ.
മൂലവാസം

കേരളത്തിന്റെ കടൽക്കരയിൽ സ്ഥിതിചെയ്തിരുന്ന മൂലവാസം എന്ന ബൗദ്ധസംഘാരാമത്തെ വിക്രമരാമൻ എന്ന മൂഷിക രാജാവു് കടലാക്രമണത്തിൽ നിന്നു രക്ഷിച്ചു എന്നു മൂഷികവംശകാവ്യത്തിൽ പ്രസ്താവിച്ചിട്ടുണ്ടെന്നും ഈ മൂഷിക രാജാവു് എ. ഡി. ഏഴാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ നാടുവാണിരുന്ന ചെങ്കുട്ടുവൻ ചേരനാണെന്നും മുമ്പു് ഒരു ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. ലൂഷെർ എന്ന മുകളിൽ പ്രസ്താവിച്ച പണ്ഡിതൻ വടക്കു പടിഞ്ഞാറേ ഇന്ത്യയിലെ ഗാന്ധാര ദേശത്തുനിന്നു് കണ്ടുപിടിച്ച ഒരവലോകിതേശ്വര വിഗ്രഹത്തിൽ ‘ദക്ഷിണാപഥമൂലവാസ ലോകനാഥ’ എന്നു എഴുതിയിരിക്കുന്നതിനാൽ ഇതു് കേരളത്തിലെ മൂലവാസത്തിലെ അവലോകിതേശ്വരന്റെ വിഗ്രഹത്തിന്റെ ഒരു പകർപ്പാണെന്നും മൂലവാസത്തു് അവലോകിതേശ്വരനെ ലോകനാഥൻ എന്ന അദ്ദേഹത്തിന്റെ ഭാവത്തിലാണു് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും സിദ്ധിക്കുന്നു. ഈ മൂലവാസം കോഴിക്കോടിനു് സമീപത്തായിരിക്കാമെന്നു് മുമ്പൊരിക്കൽ ഈ ലേഖകൻ അഭിപ്രായപ്പെട്ടതു് ശരിയല്ല. കൊടുങ്ങല്ലൂർ താലൂക്കിൽ ലോകമലേശ്വരം എന്നൊരു ഗ്രാമം ഇപ്പോഴുണ്ടു്. മൂലവാസസംഘാരാമം ഈ ഗ്രാമത്തിനു പടിഞ്ഞാറുള്ള കടൽക്കരയിൽ പണ്ടു സ്ഥിതിചെയ്തിരുന്നുവെന്നും, ഈ ഗ്രാമത്തിന്റെ പേർ മൂലവാസത്തെ ലോകനാഥനിൽ, അഥവാ ലോകേശ്വരനിൽ നിന്നും ജനിച്ചതാണെന്നു് ഈ ലേഖകനു തോന്നുന്നു. എ. ഡി. 9-ാം ശതാബ്ദത്തിന്റെ അന്ത്യകാലംവരെ മൂലവാസത്തെ സംഘാരാമം നിലനിന്നിരുന്നു എന്നു കാണിക്കുന്ന രേഖകളുണ്ടു്. അതിനുശേഷം ഇതു് കടലാക്രമണം മൂലം നശിച്ചിരിക്കണം.

images/Potala.jpg
പോതാള കൊട്ടാരം.

അവലോകിതേശ്വരന്റെ ഒരു സംഘാരാമമായ മൂലവാസം സ്ഥിതി ചെയ്തിരുന്ന കൊടുങ്ങല്ലൂരിനെയും ആ ബോധിസത്വന്റെ വാസസ്ഥാനമായ ശബരിമലയെയും ഘടിപ്പിക്കുന്ന ഒരു പഴങ്കഥയുണ്ടു്. ഒരിക്കൽ കൊടുങ്ങല്ലൂർക്കാരായ കുറെ അയ്യപ്പന്മാർ മകരവിളക്കിനു ശബരിമലയിലേയ്ക്കു പോയി. മകരവിളക്കിന്റെ അന്നാണല്ലോ കൊടുങ്ങല്ലൂർ താലപ്പൊലിയും. കൊടുങ്ങല്ലൂർക്കാരായ അയ്യപ്പന്മാർ ശബരിമലയിൽ വെച്ചു് “നാളെയാണല്ലോ കൊടുങ്ങല്ലൂർ താലപ്പൊലി, അതു കാണാതെ നാം ഇവിടെ കിടന്നു് നരകിക്കയാണല്ലോ ചെയ്യുന്നതു് ! എന്നു വിചാരിച്ചുകൊണ്ടു് കിടന്നുറങ്ങി. നേരം വെളുത്തപ്പോൾ തങ്ങൾ കൊടുങ്ങല്ലൂരിലാണെന്നു് അവർക്കു് മനസ്സിലാകുകയും ഇതുകണ്ടു് അത്ഭുതപ്പെടുകയും ചെയ്തു. ഇതിനുശേഷം കൊടുങ്ങല്ലൂർകാർ ശബരിമലയ്ക്കു പോകാറില്ല. ഈ പഴങ്കഥയിൽ കാര്യമുണ്ടെന്നു തോന്നുന്നു. ശബരിമലയിലെ അവലോകിതേശ്വരന്റെ ഒരു പ്രതിഷ്ഠ കൊടുങ്ങല്ലൂരിലുള്ള മൂലവാസത്തുള്ളപ്പോൾ ശബരിമലയ്ക്കു് തീർത്ഥയാത്ര പോകേണ്ട ആവശ്യമില്ലെന്നാണു് അതു്.

images/Khasarpana_Lokesvara.jpg
ഖസർപാന ലോകേശ്വരന്റെ ശില്പം.
II

ശബരിമല ഒരു ബൗദ്ധപുണ്യസ്ഥലമായിരുന്നു എന്നു കാണിക്കുന്ന തെളിവുകളിലേക്കു് ഇനി കടക്കാം. ശബരിമല സ്ഥിതിചെയ്യുന്ന തിരുവിതാംകൂറിലെ പത്തനംതിട്ട താലൂക്കിന്റെ കിഴക്കുള്ള മാവേലിക്കര താലൂക്കിലും മാവേലിക്കരയ്ക്കു കിഴക്കുള്ള അമ്പലപ്പുഴ, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ താലൂക്കുകളിലും മാവേലിക്കരയ്ക്കു തെക്കുള്ള കുന്നത്തൂർ താലൂക്കിലും ബുദ്ധവിഗ്രഹങ്ങൾ ധാരാളമായി കണ്ടുപിടിച്ചിട്ടുണ്ടു്. അമ്പലപ്പുഴ താലൂക്കിലെ സുപ്രസിദ്ധമായ തകഴി ശാസ്താവിനെ പറ്റിയുള്ള ഐതിഹ്യം ആ ശാസ്താവിന്റെ വിഗ്രഹം ശബരിമലയിൽ നിന്നു് പമ്പയിൽ കൂടി ഒഴുകി തകഴിയിൽ ചെന്നുചേർന്നു എന്നതാണു്. പ്രസ്തുത താലൂക്കുകളിലെ ബുദ്ധവിഗ്രഹങ്ങളും ഇപ്രകാരം ശബരിമലയിൽ നിന്നുത്ഭവിച്ചിരിക്കാം. പിന്നെയും പത്തനംതിട്ട താലൂക്കിന്റെ കിഴക്കുവശമുള്ള തിരുനെൽവേലി ജില്ലയിലെ ശങ്കരനായിനാർ കോയിൽ താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രാചീന ബൗദ്ധഭിക്ഷുക്കളുടെ പടുക്കകൾ (ശിലാനിർമ്മിതമായ ശയനസ്ഥലങ്ങൾ) കണ്ടു പിടിച്ചിട്ടുണ്ടു്. ഈ സംഗതികളിൽ നിന്നു് ശബരിമല കേന്ദ്രമായി അതിന്റെ ഇരുപാർശ്വങ്ങളിലും ധാരാളം ബുദ്ധമതക്കാർ പാർത്തിരുന്നു എന്നു് വിശ്വസിക്കാം.

images/OM_MANI_PADME_HUM.png
‘ഓം മണിപത്മേ ഹും’ (ടിബറ്റൻ അക്ഷരമാലയിൽ എഴുതിയ അവലോകിതേശ്വരയുടെ ആറു് അക്ഷര മന്ത്രം).
കല്ലിടും കുന്നു്

ശബരിമലയ്ക്കു് തീർത്ഥയാത്ര പോകുന്ന അയ്യപ്പന്മാർ വഴിക്കു് അഴുതമേട്ടിലുള്ള കല്ലിടുംകുന്നു് എന്ന സ്ഥലത്തു് കല്ലിട്ടുവന്ദിക്കുന്നു. ടിബറ്റിലെ ബൗദ്ധസന്ന്യാസിമാരുടെ സമാധിസ്ഥലങ്ങളാകയാൽ പാവനമായിത്തീർന്ന സ്ഥലങ്ങളിൽ ടിബറ്റുകാർ ഇങ്ങനെ കല്ലിട്ടു വന്ദിക്കുന്നു എന്നു് സെൻഹെസ്വിൻ പ്രസ്താവിച്ചിട്ടുണ്ടു്. ഇതു ശബരിമല ഒരു ബൗദ്ധ തീർത്ഥസ്ഥലമായിരുന്നു എന്നും കല്ലിടുംകുന്നിൽ വെച്ചു് പ്രാചീന ബൗദ്ധതീർത്ഥക്കാരിൽ ഒരു യോഗി സമാധിയടഞ്ഞു എന്നും കാണിക്കുന്നു. മലമ്പാറ്റകൾ പണ്ടു് കല്ലിടുംകുന്നിൽ നിന്നു് വന്നു് മനുഷ്യനെ ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതിനെ തടുക്കുവാനാണു് അവിടെ കല്ലിടുന്നതെന്ന ഇന്നത്തെ ഐതിഹ്യം ഒരയ്യപ്പന്റെ വിചിത്രമായ മനോധർമ്മത്തിൽ നിന്നു് ജനിച്ചതായിരിക്കണം.

images/3rd_Panchen_lama.jpg
മൂന്നാം തശിലാമ (1505–1556).
വലാഹസ്സ ജാതകം

വലാഹസ്സ ജാതകത്തിലും, രാജാവലീ ദർപ്പണം എന്നു തർജ്ജമ ചെയ്യാവുന്ന പേരുള്ള ടിബറ്റിലെ ഒരു ചരിത്രഗ്രന്ഥത്തിലും അവലോകിതേശ്വരന്റെ ഒരു പരാക്രമം വിവരിച്ചിട്ടുണ്ടു്. ഒരിക്കൽ ദക്ഷിണേന്ത്യയിലെ കുറെ കച്ചവടക്കാർ സിംഹള ദ്വീപിലേക്കു കച്ചവടത്തിനു പോയപ്പോൾ അവിടെ ആ ദ്വീപിലെ നിവാസികളായ രാക്ഷസികൾ വശീകരിച്ചു് അവിടെ പാർപ്പിച്ചു എന്നും, ക്രമേണ ആ രാക്ഷസികൾ അവരെ ഓരോരുത്തരെയായി ഭക്ഷിച്ചു തുടങ്ങിയെന്നും, ഒടുക്കം അവരെ ആ ദ്വീപിൽ നിന്നു രക്ഷിക്കുവാനായി അവലോകിതേശ്വരൻ ഒരശ്വത്തിന്റെ രൂപത്തിൽ അവിടെ പ്രത്യക്ഷപ്പെട്ടു് ആ വണിക്കുകളോടു് തന്റെ പുറത്തുകയറി രക്ഷപ്പെടുവാൻ ഉപദേശിച്ചുവെന്നും എന്നാൽ ഒരു കച്ചവടക്കാരനു മാത്രമേ അങ്ങനെ ചെയ്യുവാനുള്ള നല്ല ബുദ്ധിതോന്നിയുള്ളൂ എന്നും അയാളെ തന്റെ പുറത്തുകയറ്റി ആ അശ്വം ദക്ഷിണേന്ത്യയിലുള്ള അയാളുടെ ഗ്രാമത്തിൽ കൊണ്ടുചെന്നുവിട്ടു എന്നുമാണു് ഇതിൽ പറഞ്ഞിരിക്കുന്നതു്. സിലോണിനടുത്തുള്ള ശബരിമലയിൽ അവലോകിതേശ്വരൻ പാർത്തിരുന്നു എന്നു് ഇതു് കാണിക്കുന്നു.

images/Sherman_E_Lee.jpg
ഏഷ്യൻ പ്രതിമയ്ക്കു് മുന്നിൽ ഋഷെർ.
പൗരുണഗിരി

എ. ഡി. പതിനൊന്നാം ശതാബ്ദത്തിനു മുമ്പു് രചിച്ചിട്ടുള്ള ഹേവജ്രതന്ത്രം എന്ന ബൗദ്ധ താന്ത്രികകൃതിയിൽ നാലു പ്രധാന ബോധിസത്വപീഠങ്ങളും അനേകം ഉപപീഠങ്ങളും വിവരിക്കുന്നുണ്ടു്. നാലു പ്രധാന ബോധിസത്വ പീഠങ്ങളെ പ്രസ്താവിക്കുന്ന ഭാഗം ചുവടെ ചേർക്കുന്നു.

“പീഠം ജലന്ധരം ഖ്യാതം

ഒഡ്ഡിയാണം തഥൈവ ച

പീഠം പൗരുണഗിരം ചൈവ

കാമരൂപം തഥൈവ ച”

images/Khedrup_Je.jpg
ഖെദ്രുപ് ഗെലെക് പെൽസാങ്, ഒന്നാം തശിലാമ.

ഇതിൽ വിവരിക്കുന്ന നാലു പ്രധാന പീഠങ്ങളായ ജലന്ധരം, ഒഡ്ഡിയാണം, പൗരുണഗിരി, കാമരൂപം എന്നിവയിൽ, ജലന്ധരം പഞ്ചാബിലും, ഒഡ്ഡിയാണം വടക്കുപടിഞ്ഞാറൻ അതിർത്തി പ്രോവിൻസിലും കാമരൂപം ആസ്സാമിലുമാണു്. പൗരുണഗിരി എവിടെയാണെന്നു് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഈ പൗരുണഗിരിയ്ക്കു് പിൽക്കാലങ്ങളിലെ ബൗദ്ധതന്ത്ര കൃതികൾ പൂർണ്ണഗിരി എന്നു പേരിട്ടിട്ടുണ്ടു്. ഇതിന്റെ ശരിയായ രൂപം പൗരുന്നഗിരിയാണെന്നു വിചാരിക്കുവാനാണു് കാരണമുള്ളതു്. മഹായാന ബുദ്ധമതത്തിലെ അമിതാഭൻ തുടങ്ങിയ അഞ്ചു ധ്യാനബുദ്ധന്മാരും (സങ്കല്പ ബുദ്ധന്മാർ) അഞ്ചുതാരകളും (ശക്തികൾ) അഞ്ചു ബോധിസത്വന്മാരും കൂടിച്ചേർന്നു് പിൽക്കാലങ്ങളിൽ ഹേരുകനും അദ്ദേഹത്തിന്റെ ശക്തിയായ വജ്രവരാഹിയേയും അവലോകിതേശ്വരനേയും കീർത്തിക്കുന്ന ഹേവജ്ര തന്ത്രത്തിൽ വിവരിച്ചിട്ടുള്ള ബോധിസത്വ പീഠങ്ങൾ അവലോകിതേശ്വരന്റെ പീഠങ്ങളാണെന്നുള്ളതു് സ്പഷ്ടമാണല്ലോ. അവലോകിതേശ്വരന്റെ മുഖ്യപീഠം പോതാളകം അഥവാ ശബരിമലയാകയാൽ പൗരുന്നഗിരി ശബരിമലയുടെ മറ്റൊരു പേരാണെന്നു സിദ്ധിക്കുന്നു. ശബരിമലയിൽ നിന്നുത്ഭവിക്കുന്ന ഇന്നത്തെ പമ്പാനദിയ്ക്കു് പണ്ടു് പൗരുന്ന നദിയെന്നു പേരുണ്ടായിരുന്നു എന്നു വിചാരിക്കുവാൻ കാരണമുണ്ടു്. മൂഷികവംശകാവ്യത്തിൽ ഈശാനവർമ്മൻ രണ്ടാമൻ എന്ന കേരളവർമ്മ രാജാവുമായി വാഹിനി ഭരണമെന്ന ദേശത്തിൽക്കൂടിയൊഴുകുന്ന പരുഷ്ണീനദിയുടെ കരയിൽവെച്ചു് യുദ്ധം ചെയ്തതായി പറഞ്ഞിരിക്കുന്നു. ഈ സ്ഥലങ്ങളെപ്പറ്റി പറയുന്ന ശ്ലോകം ചുവടെ ചേർക്കുന്നു.

“യാനദുന്ദുഭിരവധ്വനിതാശം

വാഹിന ഭരണ നാമിതഭുമിഃ

രേണുജാല പിഹിതാന്തര മുച്ചൈ-

രാസസാദ സരിതം സപരുഷ്ണീം”

images/White_avalokiteshvara.jpg
അവലോകിതേശ്വരന്റെ ആറു കൈകളുള്ള നേപ്പാളി പ്രതിമ, 14-ാം നൂറ്റാണ്ടു് സി. ഇ.

ഇതിൽ പറഞ്ഞിട്ടുള്ള വാഹിനീഭരണം എന്ന ദേശം തിരുവിതാംകുറിലെ ചങ്ങനാശ്ശേരിക്കടുത്തുള്ള തിരുവാറ്റുവായ് ദേശവും, പരുഷ്ണീനദി അതിൽക്കൂടി ഒഴുകുന്ന പമ്പാനദിയുമാണെന്നു തോന്നുന്നു. എ. ഡി. 9-ാം ശതാബ്ദത്തിൽ നാടുവാണിരുന്ന രാജശേഖരൻ എന്ന ഒരു ചേരരാജാവിന്റെ ചെപ്പേടിൽ നിന്നു് തിരുവാറ്റുമായ് ചങ്ങനാശ്ശേരിക്കടുത്തുള്ള പ്രദേശമാണെന്നു മനസ്സിലാക്കാം. അതിനു സമീപമുള്ള തിരുവല്ലയുടെ പേരിന്റെ പ്രാചീന രൂപങ്ങൾ തിരുവല്ലായ് എന്നും തിരുവല്ലവാഴ് എന്നും ആണെന്നു് പ്രാചീന വൈഷ്ണവ ആഴ്‌വാരായ നമ്മാൾവാരുടെ സ്തോത്രങ്ങളിൽ നിന്നു മനസ്സിലാക്കാവുന്നതിനാൽ, തിരുവാറ്റുവായ് എന്ന പേരിന്റെ ഒരു പ്രാചീനരൂപം തിരുവാറ്റുവാഴ് ആയിരുന്നു എന്നനുമാനിക്കാം. ആറ്റുവാഴിനെ സംസ്കൃതീകരിച്ചാൽ വാഹിനിഭരണമെന്നു കിട്ടും. പൗരുണീനദിയെ ഋഗ്വേദപ്രധാനമായ് പരുഷ്ണീ നദി എന്നാക്കി മൂഷികകാവ്യ കർത്താവു് സംസ്കൃതീകരിച്ചു എന്നു വിശ്വസിക്കാം. പൗരുന്നഗിരിയിൽ, അഥവാ ശബരിമലയിൽ നിന്നുത്ഭവിച്ചതു കൊണ്ടായിരിക്കണം ഇന്നത്തെ പമ്പാനദിയ്ക്കു പണ്ടു് പൗരുണീ നദി എന്ന പേരു ലഭിച്ചതു്. പമ്പാനദിയ്ക്കു പ്രാചീന യവന ഭൂമിശാസ്ത്രജ്ഞനായ ടോളമി നൽകിയിട്ടുള്ള പേരായ ബാരിസ് എന്നതു് പൗരുണ എന്നതിന്റെ ഒരു രൂപഭേദമായിരിക്കുവാനിടയുണ്ടു്.

തലപ്പാറമല

ശബരിമലയ്ക്കു തീർത്ഥയാത്ര പോകുന്ന അയ്യപ്പന്മാർ വഴിക്കുള്ള തലപ്പാറമലയിലെ ദേവതയെ വന്ദിച്ചു് അവിടെ തേങ്ങയുടക്കുകയും കാണിക്ക ഇടുകയും മറ്റും ചെയ്തുവരുന്നു. ഈ തലപ്പാറമല പണ്ടു തങ്ങളുടെ ഒരധിവാസ സ്ഥാനമായിരുന്നുവെന്നു് മലവർഗ്ഗക്കാരായ കൊച്ചുവേലന്മാർ വിചാരിക്കുന്നുണ്ടു്. ഇവർക്കു് ഉള്ളാടൻ, കാട്ടാളൻ എന്ന പേരുകളും കൂടിയുണ്ടു്. ഈ കൊച്ചുവേലന്മാർ ആണ്ടുതോറും തലപ്പാറ മലയിൽ നേർച്ച കഴിക്കുകയും ചെയ്യുന്നു. കാട്ടാളൻ എന്ന പദത്തിനു് ശബരൻ എന്നു പര്യായം സംസ്കൃതത്തിലുണ്ടല്ലോ. അവലോകിതേശ്വരൻ ടിബറ്റിൽ അവതരിച്ചപ്പോൾ അദ്ദേഹം അവിടുത്തെ ശബരന്മാരുടെ ഇടയ്ക്കു് ജനിച്ചു് അവരുടെ ഇടയ്ക്കു് പരിഷ്ക്കാരം സ്ഥാപിച്ചതുപോലെ, അദ്ദേഹം ശബരിമലയിലെ ശബരന്മാരുടെ അഥവാ കൊച്ചുവേലന്മാരുടെ ഇടയ്ക്കു് അവതരിച്ചപ്പോൾ ഇവരുടെ ഇടയ്ക്കും അദ്ദേഹം പരിഷ്ക്കാരം സ്ഥാപിച്ചിരുന്നിരിക്കും. അതുകൊണ്ടായിരിക്കും കൊച്ചുവേലന്മാർ തലപ്പാറമലയിൽ ആരാധന നടത്തുന്നതു്. ദ്രാവിഡരുടെ ആവിർഭാവത്തിനു മുമ്പു് കൊച്ചു വേലന്മാരും മറ്റുള്ള മലവർഗ്ഗക്കാരും കേരളത്തിന്റെ നാഥന്മാരായിരുന്നിരിക്കണം.

images/Bodhisattva.jpg
വിയറ്റ്നാമീസ് ചരിത്ര മ്യൂസിയത്തിൽ നിന്നുള്ള ബോധിസത്വ അവലോകിതേശ്വര ശില്പം.
മണികണ്ഠൻ

അയ്യപ്പന്മാർ ശബരിപീഠവും ശരംകുത്തിയാലും കടന്നുചെല്ലുമ്പോൾ ഗണപതി, മാളികപ്പുറത്തമ്മ, വാവരുസ്വാമി, കറുപ്പൻ, കടുത്ത എന്നീ ദേവതകളുടെ ഇരിപ്പിടങ്ങൾക്കു് നടുവിൽ സ്ഥിതിചെയ്യുന്ന പതിനെട്ടു പടവുകളോടുകുടിയ ഒരു ചെറിയ കുന്നിൽ അയ്യപ്പക്ഷേത്രം അവർ കാണുന്നു. അയ്യപ്പന്റെ ആശ്രിതരായ ഈ ദേവതമാരിൽ വാവരുസ്വാമി ഒരു മൊഹമ്മദീയ സന്ന്യാസിയാണെന്നുള്ളതു് കൌതുകകരമായ ഒരു സംഗതിയാണു്. അയ്യപ്പന്റെ അവതാരമായ മണികണ്ഠൻ പമ്പാനദീതീരത്തു യോഗികളായി പാർത്തിരുന്ന രണ്ടു വൃദ്ധദമ്പതികളുടെ പുത്രനായും പന്തളം രാജാവിന്റെ വളർത്തുപുത്രനായും ജനിച്ചുവളർന്നു. തന്നെ പന്തളം രാജാവു് കിരീടാവകാശിയാക്കിയതിൽ കോപിച്ചു് തന്നെ ചതിച്ചുകൊല്ലാൻ ശ്രമിച്ച ആ രാജാവിന്റെ ഭാര്യയേയും മന്ത്രിയേയും ശബരിമലയിലേക്കു പോകുന്ന വഴിക്കുള്ള എരുമേലിയിൽ പാർത്തിരുന്ന വാവരുസ്വാമി എന്ന മുഹമ്മദീയ സന്ന്യാസിയുടെ സഹായത്തോടെ ജയിച്ചു്, അവർക്കു് മോക്ഷമാർഗ്ഗം ഉപദേശിച്ചതിനുശേഷം, തന്റെ ശിഷ്യരായ കടുത്ത, കറുപ്പൻ എന്നിവരോടും ശിഷ്യയായ മാളികപ്പുറത്തമ്മയോടും കൂടി ശബരിമലയിൽ ചെന്നു്, ശബരിപീഠത്തിനപ്പുറം ഇന്നു് അവരുടെ ക്ഷേത്രങ്ങൾ ഇരിക്കുന്ന സ്ഥലങ്ങളിൽ പാർത്തു തപസ്സു ചെയ്തു് മോക്ഷമടഞ്ഞുവെന്നാണു് അയ്യപ്പന്മാരുടെ ഇടയ്ക്കുള്ള ഐതിഹ്യം. ഇതിൽനിന്നും, പന്തളം രാജവംശക്കാർക്കു് ശബരിമല ശാസ്താവിന്റെ ക്ഷേത്രത്തിൽ ഇന്നും ചില അവകാശങ്ങൾ ഉണ്ടെന്നുള്ളതിൽ നിന്നും, ശബരിമല ശാസ്താവിന്റെ പ്രതിഷ്ഠ നടത്തിയതും ക്ഷേത്രം പണിയിച്ചതും പന്തളം രാജാക്കന്മാരാണെന്നു് സിദ്ധിക്കുന്നുണ്ടു്. ഈ പന്തളം രാജാക്കന്മാർ ആദ്യമായി തിരുവിതാംകൂറിൽ പ്രവേശിച്ചു് അധികാരം സ്ഥാപിച്ചതു് എ. ഡി. 904-ലാണെന്നു് ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രത്തിൽ പറഞ്ഞിരിക്കുന്നതിനാൽ, ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠയും ക്ഷേത്രപ്പണിയും നടന്നതു് എ. ഡി. 10-ാം ശതാബ്ദത്തിലോ അതിനുശേഷമോ ആയിരുന്നുവെന്നു് അനുമാനിക്കാം.

ശബരിമല ശാസ്താവും ബുദ്ധമതവും
images/Vogel.jpg
വേഗെൽ (1931).

ബുദ്ധനു ശാസ്താവെന്ന പേരും കൂടിയുള്ളതിനാലും, ശരണം വിളിമുതലായ ബൗദ്ധ ലക്ഷണങ്ങൾ ശബരിമല തീർത്ഥയാത്രയിൽ കാണുന്നതിനാലും ശബരിമല ശാസ്താവു് ബുദ്ധനാണോ എന്നുള്ളതിനെക്കുറിച്ചു് അയ്യപ്പന്മാരുടെ ഇടയ്ക്കു് ഇന്നൊരു വാദം നടന്നുവരുന്നു. ചരിത്രദൃഷ്ട്യാ നോക്കുന്നതായാൽ ഇങ്ങനെ ഒരു വാദത്തിന്റെ ആവശ്യമില്ലെന്നു കാണാം. ശാസ്താവിന്റെ പ്രതിഷ്ഠയ്ക്കു വളരെ മുമ്പുതന്നെ ശബരിമല ഒരു പ്രസിദ്ധപ്പെട്ട ബുദ്ധതീർത്ഥ സ്ഥലമായിരുന്നു. ബുദ്ധമതം പൂർണ്ണമായ താന്ത്രികരൂപം പൂണ്ടതിനുശേഷം നടന്ന അയ്യപ്പ പ്രതിഷ്ഠയോടുകൂടി അതൊരു പ്രസിദ്ധഹിന്ദു തീർത്ഥ സ്ഥലമായും ഭവിച്ചു. ശബരിമലയിൽ ഇരിപ്പിടമുള്ള അവലോകിതേശ്വരൻ ശിവന്റെ ഒരു ഭാവമാണെന്നു മുകളിൽ സൂചിപ്പിച്ചിട്ടുള്ളതിനാൽ, അദ്ദേഹം ശിവപുത്രനായ ശാസ്താവല്ലെന്നു് ഖണ്ഡിച്ചു പറയാം. അവലോകിതേശ്വരന്റെ ചില വിഗ്രഹങ്ങളിൽ മണിധരൻ, ഉപനന്ദൻ എന്ന രാജകുമാര ശിഷ്യന്മാരെയും നീലതാര, ഭൂകുടി, വസുന്ധര, പ്രേതറാണി മുതലായ ശക്തികളേയും ശിഷ്യത്തികളേയും കൂട്ടിച്ചേർത്തുകാണുന്നുണ്ടു്. മണികണ്ഠൻ ഈ മണിധരനും മാളികപ്പുറത്തമ്മ ഈ ശക്തികളിൽ ഒന്നും ആണെന്നു വന്നേക്കാം.

images/Padmapani_Ajanta_cave.jpg
അവലോകിതേശ്വരൻ/പത്മപാണി, അജന്ത ഗുഹകൾ, ഇന്ത്യ.

താന്ത്രിക മതത്തിനു ഹിന്ദുമതത്തെയും ബുദ്ധമതത്തെയും രഞ്ജിപ്പിക്കുവാനുള്ള ഒരുദ്യമമെന്ന ഭാവമുണ്ടെന്നും, കേരളത്തിലെ ഹിന്ദുക്കളുടെ ഇടയ്ക്കു് പണ്ടേ താന്ത്രികമതത്തിനു് അതിയായ പ്രാബല്യമുണ്ടായിരുന്നു എന്നുമുള്ള പരമാർത്ഥങ്ങൾ അറിയുന്നവർ ബൗദ്ധ ദേവതകൾ ഹിന്ദു ദേവതകളായി പരിവർത്തിക്കുന്നതു കണ്ടു് അത്ഭുതപ്പെടുകയില്ല. ഇന്നത്തെ തിരുവിതാംകൂറിലെ 1427 സർക്കാർ ക്ഷേത്രങ്ങളിൽ 375-ൽപരം ക്ഷേത്രങ്ങളും ഭഗവതിയുടെ അതായതു് താന്ത്രികമതത്തിലെ താരയുടെ, അഥവാ ശക്തിയുടെ ക്ഷേത്രങ്ങളാണു്. മറ്റു ദേവന്മാരുടെ ക്ഷേത്രങ്ങളുടെ സംഖ്യ ഇതിൽ കുറഞ്ഞിരിക്കുന്നു. കൊച്ചിയിലേയും മലബാറിലേയും സ്ഥിതിയും ഇതുതന്നെയായിരിക്കും. കേരളത്തിലെ സകലരാജവംശങ്ങളുടെയും പരദേവത താന്ത്രികമതത്തിലെ ശക്തി അഥവാ ഭഗവതിയാണു്. ഈ ശക്തിദേവിയുടെ ഒരു ഭാവമായ നീലതാരയെ അർജ്ജുന ബോധിസത്വൻ ടിബറ്റിൽ നിന്നു ഭാരതത്തിലേക്കു കൊണ്ടുവന്നുവെന്നു് താന്ത്രിക കൃതികൾ പറയുന്നുണ്ടു്. സമ്മോഹന തന്ത്രം എന്ന കൃതിയിൽ ചീനത്തു (അതായതു് ടിബറ്റിൽ) ആറു പ്രധാന തന്ത്രങ്ങളും ഏഴു് ഉപതന്ത്രങ്ങളും ദ്രാവിഡദേശത്തു് ഇരുപതു് പ്രധാനതന്ത്രങ്ങളും ഇരുപത്തഞ്ചു് ഉപതന്ത്രങ്ങളും, കേരളത്തിൽ അറുപതു് ഉപതന്ത്രങ്ങളുമുണ്ടെന്നു് പ്രസ്താവിച്ചിരിക്കുന്നു. മഞ്ജു ശ്രീമൂലകല്പം എന്ന ബൗദ്ധ താന്ത്രിക കൃതിയുടെ കൈയെഴുത്തു പ്രതി ആദ്യമായി കണ്ടുപിടിച്ചതു് കേരളത്തിൽ നിന്നാണു്. അതിന്റെ ടിബറ്റൻ ഭാഷയിലുള്ള ഒരു തർജ്ജമ പിന്നീടു് കണ്ടുപിടിക്കുകയുണ്ടായി. എ. ഡി. 16-ാം ശതാബ്ദത്തിൽപോലും താന്ത്രികമതം കേരളത്തിൽ പ്രാബല്യത്തിലിരുന്നിരുന്നു എന്നു് സുപ്രസിദ്ധ ബൗദ്ധമത ചരിത്രകാരനായ ടിബറ്റുകാരൻ താരാനാഥ ന്റെ ഗുരുവായ ബുദ്ധഗുപ്തന്റെ സഞ്ചാരം സ്ഥാപിക്കുന്നുമുണ്ടു്.

images/Taranatha.jpg
താരാനാഥൻ.
വാവരുസ്വാമി

ശബരിമലയിലും ടിബറ്റിലും അവതരിച്ചതിനു പുറമേ അവലോകിതേശ്വരൻ സുഖാവതി എന്ന ലോകത്തിലും അവതരിച്ചിട്ടുണ്ടെന്നു് മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അമിതായുർദ്ധ്യാന സൂത്രം എന്ന പേരുകേട്ട മഹായാനബുദ്ധകൃതിയിൽ, സുഖാവതി എന്ന ദിവ്യലോകത്തിൽ അമിതായുസ്, അഥവാ അമിതാഭൻ എന്ന ധ്യാനി ബുദ്ധന്റെ ഇരുവശത്തുമായി അവലോകിതേശ്വരൻ, മഹാസ്ഥാമൻ എന്ന രണ്ടു ബോധിസത്വന്മാരിരിക്കുന്നതായി പ്രസ്താവിച്ചിരിക്കുന്നു. അറേബ്യയുടെ തെക്കുള്ള സൊക്കോട്രോ ദ്വീപിന്റെ ഹിന്ദുനാമം സുഖദ്വാരം എന്നാണെന്നും മദ്ധ്യ അറേബ്യയിലെ ശലുമേക്കായലിന്റെ കരയിലാണു് ബൈബിളിൽ പറഞ്ഞിട്ടുള്ള ആദി മനുഷ്യൻ പാർത്തിരുന്ന സ്വർഗ്ഗത്തിലെ ഏദൻതോട്ടം സ്ഥിതിചെയ്തിരുന്നെതന്നും സെമറ്റിക് വർഗ്ഗക്കാരെക്കുറിച്ചു് എഴുതിയിരുന്ന ഒരു ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. ഒരു സുപ്രസിദ്ധ മഹായാനഗ്രന്ഥമായ സദ്ധർമ്മ പുണ്ഡരീകത്തിൽ ശുഭവ്യൂഹൻ എന്നൊരു രാജാവു് ശാലേന്ദ്രരാജൻ എന്നൊരു ബുദ്ധനായി ഭവിക്കുമെന്നും, അദ്ദേഹത്തിന്റെ കാലത്തിനു് അഭ്യുഗ്ദര രാജന്റെ കാലമെന്നു പേരുണ്ടാകുമെന്നും മുൻ ബുദ്ധന്മാരിൽ ഒരാൾ പ്രവചിച്ചിരുന്നു എന്നു പ്രസ്താവിച്ചിട്ടുണ്ടു്. അവലോകിതേശ്വരനും അഭ്യുഗ്ദര രാജൻ എന്നു പേരുണ്ടായിരുന്നു. അതിനാൽ ശാലേന്ദ്ര രാജനും സുഖാവതിയിലെ അവലോകിതേശ്വരനും ഒന്നാണെന്നുമാനിക്കാം. ശാലേന്ദ്രരാജൻ എന്ന നാമം പ്രത്യക്ഷത്തിൽ ശാലൂമോ അഥവാ ശാലൂമേക്കായലിന്റെ പേരിൽ നിന്നു ജനിച്ചതാകയാൽ, അവലോകിതേശ്വരൻ അവതരിച്ച സുഖാവതി ലോകം ശലുമെക്കായലിലുള്ള അറേബ്യയാണെന്നു വിചാരിക്കാം. അറേബ്യയുടെ ദ്വാരത്തിലുള്ള സെക്കോട്ര ദ്വീപിനു് സുഖദ്വാരം എന്ന പേരുള്ളതു് ബുദ്ധ ഗ്രന്ഥങ്ങളിലെ സുഖാവതിലോകം അറേബ്യയാണെന്നു കാണിക്കുന്നു. അവലോകിതേശ്വരനു തുല്യനായ അൽമക എന്നൊരു ദൈവത്തെ ഇസ്ലാമിനു മുമ്പുള്ള സബയൻ അറബികൾ ആരാധിച്ചിരുന്നുവെന്നും ഇന്ത്യയിൽ പ്രാചീന കാലത്തു ധാരാളമായി കുടിയേറി പാർത്തിരുന്ന സബയൻ അറബിക്കച്ചവടക്കാരിൽ നിന്നാണു് ബുദ്ധമതക്കാർക്കു് അവലോകിതേശ്വരനെ ലഭിച്ചതെന്നും ബിൽ അഭിപ്രായപ്പെട്ടിട്ടുളളതും ഇവിടെ പ്രത്യേകം സ്മരണീയമാണു്. അതിനാൽ ഇസ്ലാം മതത്തിന്റെ സ്ഥാപനത്തിനു മുമ്പു് സബയൻ അറബികൾ സിലോണിലെ ആഡംസ്പീക്ക് (സമന്തകുടാ) എന്ന പർവ്വതത്തിലേയ്ക്കു് തീർത്ഥയാത്ര പോയിരുന്നതുപോലെ തങ്ങളുടെ ഒരു ദേവനായ അവലോകിതേശ്വരന്റെ ഇരിപ്പിടമായ ശബരിമലയിലേയ്ക്കും തീർത്ഥയാത്ര പോകാറുണ്ടായിരുന്നു എന്നും ഇങ്ങനെയുള്ള തീർത്ഥയാത്രാ നരൻ സബയൻ അറബി ഒരു തീർത്ഥയാത്ര കഴിഞ്ഞു് തിരിച്ചുപോകുന്ന വഴിക്കു് എരുമേലിയിൽ വെച്ചു് സമാധിയടഞ്ഞു എന്നും വിചാരിക്കാവുന്നതാണു്. അറബിയായതിനാൽ പിൽക്കാലത്തു് കേരളീയർ അദ്ദേഹത്തെ ഒരു മുസ്ലിമായി സങ്കല്പിക്കുകയായിരിക്കും പിന്നീടു് ചെയ്തതു്.

മാതൃഭൂമി ആഴ്ചപതിപ്പു്,

1940 മാർച്ച് 3, 10.

കേസരിയുടെ ലഘുജീവചരിത്രം

Colophon

Title: Sabarimala Adhava Tibetum Keralavum Thammilulla Bandam (ml: ശബരിമല അഥവാ ടിബറ്റും കേരളവും തമ്മിലുള്ള ബന്ധം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-21.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Sabarimala Adhava Tibetum Keralavum Thammilulla Bandam, കേസരി ബാലകൃഷ്ണപിള്ള, ശബരിമല അഥവാ ടിബറ്റും കേരളവും തമ്മിലുള്ള ബന്ധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 6, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Bodhisattva Avalokitesvara from Sri Lanka, a bronze statue by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.