
കാലചക്രത്തിരിപ്പു നിമിത്തം സമകാലീനരുടെ ‘കക്കുസു് കവി’ (‘മാന്യ’മല്ലാത്ത വിഷയങ്ങളെ സമകാലീന സാഹിത്യസാങ്കേതികനിയമങ്ങളെ ലംഘിച്ചു പ്രതിപാദിക്കുന്ന കവിയിൽ നിന്നു) ഇന്നുള്ളവരുടെ ഒരു അത്ഭുതമനുഷ്യനും, ആധുനിക കവിതാലോകത്തിലെ ഒരു പ്രസ്ഥാന സ്ഥാപകനുമായി ഉയർന്നുവന്നിട്ടുള്ള ഫ്രഞ്ചു മഹാകവി ആർതർ റിംബോ വിനെക്കുറിച്ചു മാതൃഭൂമി ആഴ്ചപ്പതിപ്പിലും, ഒരു മാതൃഭൂമി ടാഗോർ വിശേഷാൽ പ്രതിയിലും ഞാൻ ലേഖനങ്ങൾ കുറേ വർഷങ്ങൾക്കു മുമ്പു് എഴുതിയിരുന്നു. റിംബോവിന്റെ ഒരു ജീവചരിത്രം രചിച്ചിട്ടുള്ള ഈനിഡ്സ്റ്റാക്കി, അദ്ദേഹത്തിന്റെ ട്രാജഡിയുടെ മൂലകാരണക്കാരി തന്റെ മാതാവാണെന്നു സ്ഥാപിച്ചിട്ടുണ്ടു്. മനുഷ്യസഹജങ്ങളായ സൗമ്യവികാരങ്ങളെ മതത്തിന്നുവേണ്ടി ബലികഴിക്കുന്നതു മാന്യതയുടെ ഉത്തമലക്ഷണമാണെന്നു വിശ്വസിച്ചിരുന്ന ഒരു ബൂർഷ്വാസികളിൽപ്പെട്ട അതിഭക്തയായ ഒരു കത്തോലിക്ക മാതാവായിരുന്നു ആ സ്ത്രീ. അവരുടെ രൗദ്രമായ ശിക്ഷണം റിംബോവിൽ മതവിദ്വേഷവും മാന്യതാവിദ്വേഷവും ജനിപ്പിക്കുകയും, ബാല്യത്തിൽത്തന്നെ വീടു വിട്ടോടിപ്പോകുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ‘ആദ്യത്തെ കമ്യൂണിയൻ’ എന്ന കവിതയിൽ മാതാവിന്റെ കൊടിയ മതഭക്തി അവരെ എങ്ങനെ ചീത്തയാക്കിയെന്നു റിംബോ തന്നെ ധ്വനിപ്പിച്ചുട്ടുണ്ടു്.

ഇതുപോലെ, നാലുപേർക്കൊപ്പം മാന്യമായി കുടുംബാംഗങ്ങളെ വളർത്തിക്കൊണ്ടു പോകുവാൻ അവരോടു പണമുണ്ടാക്കുന്നതിനു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉഗ്രമായ ശിക്ഷണം പൊന്തിച്ചുനില്ക്കുന്ന പെരുമാറ്റം കൂടിയേ തിരൂ എന്നു വിശ്വസിച്ചിരുന്ന ദേഹമത്രേ ശ്രീ. ബഷീറിന്റെ പിതാവു്. ശ്രീ. ബഷീറിനെ ബാല്യത്തിൽത്തന്നെ വിടുവിട്ടോടിപ്പോകുവാനും, മാന്യതയെ വെറുക്കുന്ന വിപ്ലവകാരിയായ ഒരു സാഹിത്യകാരനാകുവാനും ഇതു ഇടയാക്കി. എന്നാലും റിംബോ മാതാവിനെ ഗാഢമായി സ്നേഹിച്ചിരുന്നതുപോലെ, ബഷീറും പിതാവിനെ സ്നേഹിച്ചിരുന്നു. ഇതിലാണു് ഇവർ ഇരുവരുടേയും ട്രാജഡി സ്ഥിതിചെയ്യുന്നതു്. ഈ പിതൃപുത്രട്രാജഡിയാണു് ഭാഷാസാഹിത്യത്തിലെ ഉത്തമ ചെറുനോവലുകളിലൊന്നായ ‘ബാല്യകാലസഖി’യിൽ ബഷീർ ചിത്രീകരിച്ചിട്ടുള്ളതും. ശീലത്തിന്റെയും, മാമൂലിന്റെയും പുത്രിയായ ‘മാന്യത’യെന്ന നിരർത്ഥമായ മുദ്രാവാക്യത്തിന്റെ വിവിധവശങ്ങളെ ‘ജന്മദിനം’ എന്ന കഥാസമാഹാരത്തിലെ ‘ജന്മദിനം’ ‘ഐഷക്കുട്ടി’ ‘സെക്കണ്ട് ഹാൻഡ്’ ആദിയായ ചില ചെറുകഥകളിലും ‘അനര്‍ഘനിമിഷം’, ‘കഥാബീജം’. ‘പ്രേമലേഖനം’ മുതലായ കൃതികളിലും ബഷീർ വെല്ലുവിളിച്ചിട്ടുണ്ടു്. ഭാരതീയസാഹിത്യത്തിലേയും ഭാഷാസാഹിത്യത്തിലേയും പരാജയപ്രസ്ഥാനത്തിൽപ്പെട്ട ഉത്തമചെറുകഥകളിലൊന്നായ ‘ശബ്ദങ്ങളി’ൽ ഈ വെല്ലുവിളി പരമകാഷ്ഠ പ്രാപിച്ചിരിക്കുന്നതു കാണാം. മാന്യതയുടെ തോതിന്നും മറ്റുള്ള കാര്യങ്ങളെപ്പോലെ യുഗംതോറും മാറ്റമുണ്ടാകുന്നതാണെന്നും, നരവംശങ്ങളെ ആസ്പദിച്ചും മാന്യതയുടെ തോതുകൾക്കു തമ്മിൽ വ്യത്യാസമുണ്ടായിരിക്കുമെന്നുള്ള പച്ചപ്പരമാർത്ഥവും ഇവിടെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.

12 അദ്ധ്യായങ്ങളുണ്ടെങ്കിലും, പ്രകൃതകൃതി ഒരു ചെറുനോവലല്ല, പിന്നെയോ, ഒരു ദീർഘചെറുകഥ മാത്രമാണു്. ഇന്നത്തെ ലോകം ഒരു ചിത്തരോഗാസ്പത്രിയാണെന്നുള്ള ഏകീകൃത ബോധം (യൂണിറ്റി ഓഫ് ഇമ്പ്രഷൻ) ‘ശബ്ദങ്ങൾ’ ജനിപ്പിക്കുന്നതു നിമിത്തമാണു് ഇതു് ഒരു ചെറുകഥയേയും ഒരു നോവലിനേയും, തമ്മിൽ വേർതിരിക്കേണ്ടതു്. ഒരു ചെറുകഥയ്ക്കു ഇത്ര ദൈർഘ്യമേ ആകാവൂ എന്നൊരു നിയമവുമില്ല. ദൈർഘ്യം ഏറിയിരുന്നാലും, പ്രസ്തുത ഏകീകൃതബോധം ജനിപ്പിക്കുന്നുവെങ്കിൽ, അതു ഒരു ചെറുകഥയായിരിക്കും. നോവൽ ചെറുകഥ എന്നീ രണ്ടു രൂപങ്ങളുടെ സാങ്കേതികമാർഗ്ഗങ്ങൾക്കു തമ്മിൽ വ്യത്യാസവുമുണ്ടു്. ഉദാഹരണമായി ബഷീറിന്റെ 96 പേജുള്ള ‘ബാല്യകാലസഖി’ ഒരു ചെറുനോവലും 103 പേജുള്ള ‘ശബ്ദങ്ങൾ’ ഒരു ചെറുകഥയുമാണു്. ഒന്നാം തരം ചെറുകഥയെഴുത്തുകാരായ കിപ്ലിങ്ങ്, ജേക്കബ്സ്, ടാഗോർ, കാതറൈൻ മാൻസ്ഫീൽഡ് മുതലായ പലരും നോവലെഴുത്തിൽ പരാജയപ്പെട്ടിട്ടുണ്ടു്. വിശ്വസാഹിത്യത്തിൽ എച്ച്. ജി. വെത്സ്, ടോൾസ്റ്റായ്, ഗോഗോൾ, മാപ്പസങ്ങ്, സോമർ സെറ്റ്മാം, മുൽക്ക് രാജ് ആനന്ദ് എന്നിവരെപ്പോലെയുള്ള അപൂർവ്വം ചിലരും ഭാഷാസാഹിത്യത്തിൽ തകഴിയും, ബഷീറും മാത്രമേ രണ്ടിലും ഒന്നുപോലെ വിജയിച്ചിട്ടുള്ളു.

ഒരു നാലും കൂടും വഴിയിൽനിന്നു് ഒരു വൈദികൻ എടുത്തു വളർത്തിയ ഒരു ചോരക്കുഞ്ഞു വളർന്നു് ഒരു പട്ടാളക്കാരനായി രണ്ടാംലോകയുദ്ധത്തിൽ പങ്കുകൊള്ളുന്നു. അവിടെനിന്നു പതിവായ സിഫിലിസ്രോഗം പോലും സമ്പാദിക്കാതെ തിരിച്ചുവന്ന അദ്ദേഹത്തിന്നു തന്റെ ധൈര്യം മുഖേന ഒരു ഉപജീവനമാർഗ്ഗം ലഭിയ്ക്കുന്നു. അനന്തരം മനുഷ്യസഹജമായ ലൈംഗിക ജീവിതജിജ്ഞാസയും മറ്റൊരാളുടെ വഞ്ചനയും ഹേതുവായി താൻ ചെയ്യുന്നതെന്തെന്നറിയാതെ അദ്ദേഹം സ്വവർഗ്ഗ സംഭോഗം ചെയ്തു ഗൊണോറിയാ രോഗം നേടുന്നു. ഈ നേട്ടം വരുത്തിവച്ച ഫലങ്ങൾനിമിത്തം അദ്ദേഹം തെരുവും തിണ്ണയുമാശ്രയിച്ചു ജീവിക്കുകയും, സമകാലീനജീവിതത്തിന്റെ പലവശങ്ങൾ കാണുകയും ചെയ്യുന്നു. പ്രസ്തുത രോഗം കൊണ്ടുള്ള കായികപീഡയും ഇന്നത്തെ ലോകത്തിന്നു് ഒരു ചിത്തരോഗാസ്പത്രിയോടുള്ള സാദൃശ്യത്തിന്റെ ബോധവും വരുത്തിവച്ച കൊടിയ നൈരാശ്യം തന്നെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെങ്കിലും, ഇതിലും അദ്ദേഹം പരാജയപ്പെടുന്നു. എന്നിട്ടു് ചില സന്ദർഭങ്ങളിൽ മനുഷ്യർക്കു സഹജമായി തോന്നാറുള്ള കുമ്പസാരമോഹത്തിനു വഴിപ്പെട്ടു് അദ്ദേഹം ഒരു രാത്രി താൻ ബഹുമാനിക്കുന്ന ഒരു സാഹിത്യകാരന്റെ വീട്ടിൽ കേറിച്ചെന്നു് ആ മനുഷ്യനോടു തന്റെ ചരിത്രം, ലോകത്തിന്റെ ഭ്രാന്തു തന്നിലും പകർന്നമട്ടിൽ, പറഞ്ഞുകേൾപ്പിക്കുന്നു. ഇതാണു് കഥയുടെ പോക്കു്. ഇടയ്ക്കിടയ്ക്കു് അസംഗതങ്ങളായ പ്രകൃതിലാവണ്യ വർണ്ണന, വിശ്വത്തിന്റെ പരിണാമാദി പ്രശ്നങ്ങൾ എന്നിവ വലിച്ചുകൊണ്ടുവന്നിട്ടുണ്ടു്. പ്രസ്തുത ചിത്തഭ്രമ അന്തരീക്ഷം തുടരേ ധ്വനിപ്പിക്കുവാനും, ലാവണ്യപൂർണ്ണമായി ജീവിക്കേണ്ട മനുഷ്യൻ ഇന്നു് എത്രയധികം വൈരൂപ്യപൂർവ്വം ജീവിച്ചുവരുന്നു എന്നും വിശ്വപരിണാമാദി പ്രശ്നങ്ങൾക്കു തുല്യം പ്രാധാന്യമേറിയവയാണു് പട്ടിണിബഹിഷ്ക്കരണം, രോഗനിവാരണം ആദിയായ ഭൗതികപ്രശ്നങ്ങളെന്നും കാണിക്കുവാനുമാണു് ഇങ്ങിനെ ചെയ്തിരിക്കുന്നതു്. ഇതിലെ കുമ്പസാര സാങ്കേതികമാർഗ്ഗം ബഷീറിന്റെ ജന്മസിദ്ധമായ കലാവാസനയ്ക്ക് ഒരു നല്ല ഉദാഹരണമാണു്. ഈ കഥയിലെ സാഹിത്യകാരനെപ്പോലെ ചിന്താശീലനായ മറ്റൊരാളുടെ വിമർശനം കൂടാതെ സ്വന്തം കഥ കഥാകാരൻതന്നെ പറയുന്ന ആഖ്യാനരീതി വിജയിക്കുന്നതല്ലെന്നുള്ള പരമാർത്ഥം ഗ്രഹിച്ചിട്ടാണു് ബഷീർ ഈ സാഹിത്യകാരനെ ഇതിൽ കൊണ്ടുവന്നിട്ടുള്ളതും.

മാന്യതയോടുള്ള പരമമായ വെല്ലുവിളി, കലാമാഹത്മ്യം, എന്നിവയ്ക്കു പുറമേ പ്രകൃതകൃതിക്കു മറ്റു ചില വൈശിഷ്ടങ്ങളും പ്രത്യേകതകളും ഉള്ളതായി കാണാം. ഒന്നാമതായി ഞാൻ ശ്രീ. പൊറ്റേക്കാട്ടിന്റെ ‘പൗർണ്ണമി’ നിരൂപണം ചെയ്തപ്പോൾ ചൂണ്ടിക്കാണിച്ചിരുന്ന ഒരു പ്രത്യേകത ഇതിലുണ്ടു്, രോഗാതുരരുടെ പീഡിതജീവിതം അനുഭാവപൂർവ്വം വർണ്ണിച്ചിട്ടുള്ളതാണു് ഇതു്. ‘പൗർണ്ണമി’യിലെ ‘ആശ്രമത്തിന്റെ നെടുവീർപ്പുകൾ’ എന്ന കഥയിൽ കുഷ്ഠരോഗികളുടെ ജീവിതം വർണ്ണിച്ചിരിക്കുന്നു. ‘ശബ്ദങ്ങളി’ലാകട്ടെ ഗൊണൊറിയാ രോഗികളുടെ ജീവിതമാണു് പ്രതിപാദിച്ചിട്ടുള്ളതു്. പൊറ്റേക്കാട്ടിന്റെ പ്രസ്തുതകഥയിലെ ഒരുതരം ന്യൂനതയായി ഞാൻ ചൂണ്ടിക്കാണിച്ചിരുന്നതും, ഇന്നത്തെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള അജ്ഞതയിൽനിന്നു ജനിക്കുന്നതുമായ പരാജയമനസ്ഥിതി ബഷീറിന്റെ കഥയിലും കാണാം.

രണ്ടാമതായി, ആധുനിക ഭാഷാസഹിത്യത്തിൽ ഇന്നുവരെ ആരും തുറന്നു വർണ്ണിച്ചിട്ടില്ലാത്ത സ്വവർഗ്ഗസംഭോഗം പ്രകൃതകൃതിയിൽ തുറന്നു വർണ്ണിച്ചിരിക്കുന്നു. വിശ്വസാഹിത്യത്തിൽ പല മഹാസാഹിത്യകാരന്മാരും ഇതിനെ പ്രതിപാദിച്ചിട്ടുണ്ടു്. ഇതിന്നു് ഉദാഹരണങ്ങൾ പെട്രോണിയസ് എന്ന പ്രാചിന ലത്തീൻ സാഹിത്യകാരനും, ദിദറോ, ബൽസാക്ക്, ഗോതിയേ, ഫ്ളാബർട്ട്, മോപ്പ്സങ്ങ്, ബെലോ, ബൂർഷേ, കാതുല്ലേമെന്ദെസ്, ലമാർതീൻ, വെർലെയിൻ, പീയർ ലൂയിസ് എന്നി ഫ്രഞ്ചുസാഹിത്യകാരരും, ഏക്കുദ് എന്ന ബെൽജിയൻ സാഹിത്യകാരനും, നോബൽ സമ്മാനം നേടിയ തോമസ്മാൻ എന്ന ജർമ്മൻ സാഹിത്യകാരനും, സ്വിൻബേൺ, ഡി. എച്ച്. ലാറൻസ്, എച്ച്. ഈ. ബേറ്റ്സ്, എന്നീ ഇംഗ്ലീഷ് സാഹിത്യകാരരുമാണു്. ശ്രീ പൊൻകുന്നം വർക്കി ‘നിവേദന’ത്തിലെ ‘പാളങ്കോടൻ’ എന്ന കഥയിലും, ശ്രീ ചങ്ങമ്പുഴ തന്റെ പ്രസിദ്ധികരിക്കാത്ത ഒരു കവിതയായ ‘ആശ്രമമൃഗം’ എന്നതിലും ഇതിനെ ധ്വനിപ്പിക്കുക മാത്രം ചെയ്തിരുന്നു. ‘ശബ്ദങ്ങളി’ലെ സ്വവർഗ്ഗഭോഗ പ്രതിപാദനം മാന്യരും സന്യാസിമാരുമായ നമ്മുടെ സഹൃദയർക്കു ചുഴലിരോഗം പിടിപ്പിക്കുമെന്നു ജീവിതത്തിന്റെ സൃഷ്ടിക്കു പ്രാരംഭമായി വേണ്ട സർവ്വേയിൽ ഇന്നത്തെ ജീവിതത്തിന്റെ സകല വശങ്ങളും ഒന്നൊഴിയാതെ ചിത്രീകരിക്കേണ്ടതാണെന്നുള്ള പരാജയപ്രസ്ഥാനാദർശം പുരസ്കരിച്ചു് ഈ വിഷയത്തിന്റെ പ്രതിപാദനം സമ്പൂർണ്ണമായി ന്യായീകരിക്കാവുന്നതാണു്.

മൂന്നാമതായി, സംഗീതാത്മകത്വം നിമിത്തം ഇംഗ്ലീഷ് കവിതാലോകത്തിലെ ചങ്ങമ്പുഴ എന്നു വിളിക്കാവുന്ന മഹാകവി സ്വിൻബേൺ സ്ത്രീകൾ തമ്മിലുള്ള സ്വവർഗ്ഗപ്രണയം വർണ്ണിക്കുന്ന “അനക്തോറിയാ ” എന്ന കവിത രചിച്ചതിനെപ്പറ്റി ആർണോൾഡ് ബെന്നെറ്റ് എന്ന നിരൂപകൻ ഇങ്ങനെ പറഞ്ഞിരുന്നു: “പരമമായ പ്രതിഭയുള്ള ഒരു സാഹിത്യകാരനു തന്റെ ജന്മദേശത്തോടു കാട്ടിക്കൂട്ടാവുന്ന പ്രായേണ അനന്യസദൃശമായ ഒരു നേരമ്പോക്കു സ്വിൻബേൺ നടത്തിയിരുന്നു.” പ്രതിപാദിക്കുവാൻ നിവൃത്തിയില്ലാത്ത ‘അനക്തോറിയ’ എന്ന മനോഹരമായ കവിത രചിച്ചു് തന്റെ നാട്ടിലെ സാഹിത്യത്തിൽ അതിനു് ഒരു പരമോച്ചസ്ഥാനം കൊടുത്തതാണു് ഈ നേരമ്പോക്കു്, ഇതുപോലെ നേരമ്പോക്കുകൾ ഭാഷാസാഹിത്യത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള യഥാർത്ഥ സാമുദായിക നോവലുകളിൽ വച്ചു ഉത്തമമായ “തോട്ടിയുടെ മകനി”ൽ മാന്യമല്ലാത്ത തോട്ടിവേല മുഖ്യമായി പ്രതിപാദിച്ചിരിക്കുന്നതുകൊണ്ടു് തകഴിയും, ഭാഷാസാഹിത്യത്തിലെ ഒരു ഉത്തമ ചെറുകഥയായ ‘ശബ്ദങ്ങളി’ൽ അസഭ്യമായ സ്വവർഗ്ഗഭോഗം വ്യക്തമായി വർണ്ണിച്ചിട്ടുള്ളതു നിമിത്തം ബഷീറും ഇപ്രകാരമുള്ള നേരമ്പോക്കുകൾ പ്രവർത്തിച്ചിരിക്കുന്നു.

നാലാമതായി, വിശ്വസാഹിത്യത്തിലെ അവിസ്മരണീയങ്ങളും അത്യുജ്ജ്വലങ്ങളും, ലോകോത്തരമായ അതിവൈചിത്ര്യമുള്ളവയുമായ രംഗങ്ങളിൽ ഒന്നു ബഷീർ പ്രകൃതകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു. ഇതിലെ “അമ്മയും മകനും”, ‘ഭാവിയിലെ ഒരു പൗരൻ’ എന്ന തലക്കെട്ടുകളോടുകൂടിയ 9-ാം, 10-ാം അദ്ധ്യായങ്ങളിൽ ചിത്രീകരിച്ചിട്ടുള്ള വഴിയമ്പലരംഗമാണു് ഇതു്. ഇതിനെ സ്വപ്നത്തിൽ കണ്ട ഒരു രംഗം പോലെയാക്കുവാൻ ബഷീറിനെ പ്രേരിപ്പിച്ച കലാവാസനയേയും പ്രതിഭയേയും എത്രയധികം പ്രശംസിച്ചാലും അതു് അധികമായിപ്പോകുന്നതല്ല. ഒരു ആസ്പത്രിയിൽ വെടിയേറ്റു കിടക്കുന്ന ഒരു പട്ടാളക്കാരന്റെ അടുക്കൽ പട്ടാപ്പകൽ മറ്റുള്ളവർ അയാളുടെ ഭാര്യയെ സംഭോഗത്തിനായി കർട്ടനിട്ടു കട്ടിലിനകത്തു കൂട്ടിവിട്ടിട്ടു്, അതു കഴിയുന്നതുവരെ അവളുടെ കുട്ടിയെ എടുത്തുകൊണ്ടു നില്ക്കുന്ന രംഗം ലക്ഷോപലക്ഷം പ്രതികൾ നാനാ ഭാഷകളിൽ വിറ്റഴിഞ്ഞ സുപ്രസിദ്ധ ജർമ്മൻ നോവലായ റെമാക്കിന്റെ ‘ആൾക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് ’ എന്നതിൽ ചിത്രീകരിച്ചിട്ടുണ്ടു്. സോള യുടെ ‘നാനാ’യിലും, ചങ്ങമ്പുഴയുടെ ‘കളിത്തോഴി’യിലും സംഭോഗരംഗ ചിത്രീകരണം കാണാം. ബഷീറിന്റെ പ്രസ്തുത വഴിയമ്പലരംഗത്തിലും ഒരു മാന്യനും പിച്ചക്കാരിയും തമ്മിലുള്ള സംഭോഗത്തിന്റെ പ്രാരംഭത്തെപ്പറ്റി ഒരു വർണ്ണനയുണ്ടു്. പക്ഷേ, ഇതൊക്ക ഈ രംഗത്തെ അവിസ്മരണീയവും ഉജ്ജ്വലവും വിചിത്രവുമാക്കിച്ചമച്ചിട്ടുള്ളതു്. ഈ രംഗത്തിൽ നടക്കുന്ന സകല സംഗതികളും ഒന്നിച്ചുകൂടിയാണു് പ്രസ്തുത ബോധം ഇതു ജനിപ്പിക്കുന്നതു്. വിശാലമായ അമാന്യലോകജീവിതം കലാവാസനാപൂർവ്വം ഫോർഷോർട്ടനിങ്ങ് ചെയ്തു ബഷീർ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.

ഇവയ്ക്കു പുറമേ, പ്രകൃതകൃതിയിൽ മഹായുദ്ധങ്ങളുടെ നിരർത്ഥകത്വം, യുദ്ധക്കളങ്ങളിലെ ഭീകരത്വം, ആഭ്യന്തരവർഗ്ഗീയ യുദ്ധക്കളങ്ങളിലെ ഭീകരത്വം, ആഭ്യന്തരവർഗ്ഗീയ യുദ്ധങ്ങളുടെ മൃഗീയത്വം, മാന്യമെന്നു പറഞ്ഞു വരുന്ന ജീവിതങ്ങളിലെ മാന്യതയില്ലായ്മയും സുഖമില്ലായ്മയും, മാന്യരല്ലെന്നു പറഞ്ഞവരുടെ ജീവിതത്തിലെ യഥാർത്ഥ മാന്യതയും സുഖവും, ജനിക്കുന്ന മതത്തിൽ തന്നെ മനുഷ്യൻ വളർന്നു വരണമെന്നുള്ള വയ്പിന്റെ യുക്തിരാഹിത്യം, വേശ്യാവൃത്തി, പാതിവ്രത്യം മുതലായ പല പ്രശ്നങ്ങളും ബഷീർ ഭംഗിയായി ധ്വനിപ്പിച്ചിരിക്കുന്നു.
ഗ്രന്ഥകർത്താ: വൈക്കം മുഹമ്മദ് ബഷീർ.
പ്രസാധകർ: നേഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം.
വില: 1ക. 8ണ.—മംഗളോദയം, തുലാം 1123.
(വൈക്കം മുഹമ്മദ് ബഷീറിന്റെ ലേഖനത്തിനു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)

പാശ്ചാത്യ സാഹിത്യ ചിന്തകളുടെ ഊഷ്മള ചൈതന്യം മലയാള ഭാഷയിലേക്കു് ആവാഹിച്ച ഫ്യൂച്ചറിസ്റ്റ് ചിന്തകനും വിമർശകനും. പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു.
1889-ൽ തമ്പാനൂരിലെ പുളിക്കൽ മേലേ വീട്ടിൽ ജനനം. പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരൻകർത്താവാണു് അച്ഛൻ. അമ്മ പാർവ്വതി അമ്മ. കുടിപ്പള്ളിക്കൂടത്തിലും കൊല്ലം ഹൈസ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം. 1908-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നു് ചരിത്രം ഐഛികമായെടുത്തു് ബി. എ. ജയിച്ചു. ഗേൾസ് കോളേജിലും കൊല്ലം മഹാരാജാസ് കോളേജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു. സായാഹ്നക്ലാസിൽ പഠിച്ചു് 1913-ൽ ബി. എൽ. ജയിച്ചു. 1917-ൽ ജോലി രാജി വെച്ചു വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം ഹൈക്കോടതിയിൽ വക്കീലായിരുന്നു.
1922 മെയ് 14-൹ സമദർശിയുടെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ടു് പത്രപ്രവർത്തനരംഗത്തേക്കു് പ്രവേശിച്ചു. 1926 ജൂൺ 19-൹ സമദർശിയുടെ പത്രാധിപത്യം രാജിവെച്ചു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങൾ നടത്തി. 1930 ജൂൺ 4-൹ പ്രബോധകൻ ശാരദാ പ്രസ്സിൽ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബർ 10-൹ ലൈസൻസ് റദ്ദാക്കിയതുകൊണ്ടു് പ്രബോധകൻ നിർത്തി. പിന്നീടു് 1930 സെപ്തംബർ 18-൹ തന്നെ കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1931 ഫെബ്രുവരി 19-൹ കോടതിയലക്ഷ്യത്തിനു് 200 രൂപ പിഴ ചുമത്തുന്നു. 1935 ഏപ്രിൽ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാൻ കഴിയാതാവുകയും 1936-ൽ കടം താങ്ങാനാവാതെ ശാരദാ പ്രസ്സും ഉപകരണങ്ങളും വിൽക്കുകയും ചെയ്യുന്നു.
പാശ്ചാത്യ സാഹിത്യത്തെ മലയാളികൾക്കു് പരിചയപ്പെടുത്തിക്കൊടുത്തതു് കേസരിയാണു്. ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിനു് പ്രയോഗിക്കേണ്ട ഒരായുധമായിട്ടാണു് അദ്ദേഹം സാഹിത്യത്തെ കണ്ടതു്. വൈദേശിക സാഹിത്യപ്രസ്ഥാനങ്ങളെ മുൻ നിർത്തി മലയാളസാഹിത്യത്തെ വിലയിരുത്താനാണു് അദ്ദേഹം ഉദ്യമിച്ചതു്. പ്രസ്ഥാന നിരൂപകൻ, സാങ്കേതിക നിരൂപകൻ, ചിത്രകലാ നിരൂപകൻ, എന്നൊക്കെയാണു് കേസരി വിശേഷിപ്പിക്കപ്പെടുന്നതു്.
മലയാളം കൂടാതെ ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നിവയും അസീറിയൻ, സുമേറിയൻ ഭാഷകളും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ യൂറോപ്യൻ ഭാഷകളും സംസ്കൃതം, അറബി എന്നിവയും തമിഴു്, തെലുങ്ക്, കന്നട, ചൈനീസ് എന്നീ ഭാഷകളും അറിയാമായിരുന്നു.
1930-കളിൽ ശാരദ പ്രസ്സിൽ ഒത്തു കൂടിയിരുന്ന എഴുത്തുകാരുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും കൂട്ടായ്മയാണു് കേസരി സദസ്. തകഴി, പട്ടം താണുപിള്ള, എ. വി. കൃഷ്ണപിള്ള, കെ. എ. ദാമോദരൻ, എൻ. എൻ. ഇളയതു്, ബോധേശ്വരൻ, സി. നാരായണപിള്ള തുടങ്ങിയവരായിരുന്നു കേസരി സദസിൽ ഒത്തു കൂടിയിരുന്നതു്.
1942 സെപ്തംബർ 3-നു് തിരുവനന്തപുരത്തു നിന്നും വടക്കൻ പറവൂരിലേക്കു് താമസം മാറ്റി. 1960 ഡിസംബർ 18-നു് ആ മഹാമനീഷി ഈ ലോകത്തോടു വിടപറഞ്ഞു.
പതിമൂന്നു വിവർത്തനങ്ങളുൾപ്പെടെ 41 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
- കാമുകൻ (തർജ്ജമ)
- ലാർഡ് കിച്ചനർ
- പുരാതത്വ പ്രദീപം
- അലക്സാണ്ടർ മഹാൻ
- യുളിസസു് ഗ്രാന്റ്
- രണ്ടു് സാഹസികയാത്രകൾ
- ഐതിഹ്യ ദീപിക
- വിക്രമാദിത്യൻ ത്രിഭുവന മല്ലൻ
- ഹർഷ വർദ്ധനൻ
- കാർമെൻ (തർജ്ജമ)
- നവലോകം
- പ്രേതങ്ങൾ
- രൂപമഞ്ജരി
- ഒരു സ്ത്രീയുടെ ജീവിതം
- ഓമനകൾ
- ആപ്പിൾ പൂമൊട്ട്
- നോവൽ പ്രസ്ഥാനങ്ങൾ
- മൂന്നു് ഹാസ്യ കഥകൾ
- മോപ്പസാങ്ങിന്റെ ചെറുകഥകൾ (തർജ്ജമ)
- സാഹിത്യ ഗവേഷണ മാല
- പ്രാചീന കേരള ചരിത്ര ഗവേഷണം
- സാങ്കേതിക ഗ്രന്ഥ നിരൂപണങ്ങൾ
- ഒമ്പതു് പ്രഞ്ച കഥകൾ
- നാലു് ഹാസ്യ കഥകൾ
- സാഹിത്യ വിമർശനങ്ങൾ
- ആദം ഉർബാസ്
- എട്ടു് പാശ്ചാത്യ കഥകൾ
- കേസരിയുടെ മുഖ പ്രസംഗങ്ങൾ
- ചരിത്രത്തിന്റെ അടിവേരുകൾ
- കേസരിയുടെ സാഹിത്യ വിമർശനങ്ങൾ
- കേസരിയുടെ ലോകങ്ങൾ
- നവീന ചിത്ര കല
- ചരിത്ര പഠനങ്ങൾ
- Outline of Proto Historic Chronology of Western Asia
- കേസരിയുടെ ചരിത്ര ഗവേഷണങ്ങൾ (നാലു വാള ്യം)
ഡ്രോയിങ്: വി. ആർ. സന്തോഷ്.
(വിവരങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)