“എങ്കിൽ, ആരാണു് യഥാർത്ഥ ലോകവിപ്ലവകാരികൾ? തങ്ങളുടെ ജീവിതകാലത്തിനുശേഷം വരുന്ന മാനുഷികജീവിതത്തെ പഴയതിൽനിന്നു പാടെ വ്യത്യാസപ്പെടുത്തുന്നവർ ആരാണു് ? ഇവരിൽ മുക്കാലേ മുണ്ടാണിയും തങ്ങളുടെ തൊഴിലിനെപ്പറ്റി ചിന്തിച്ചിരുന്ന വിദഗ്ദ്ധരായ കൈവേലക്കാരാണെന്നു ഞാൻ വിചാരിക്കുന്നു. ഇവരിൽ ഏറ്റവുമധികം മഹത്വമുളളവർ യഥാർത്ഥനാമങ്ങൾപോലും ഇന്നത്തെ ലോകർ മറന്നു കളഞ്ഞിരിക്കുന്ന രണ്ടുപേരാണു്. മനുഷ്യരെ അഗ്നിനിർമ്മാണ വിദ്യ ഇദംപ്രഥമമായി പഠിപ്പിച്ച പ്രൊമെഥെയുസും, കൃഷി വിദ്യ ഇദംപ്രഥമമായഭ്യസിപ്പിച്ച ത്രിതോലേമസ്സുമാണു് ഇവർ… ഇവയിൽനിന്നു് ഉടനടിയുണ്ടായ ഫലം പരിഷ്കാരത്തിനു വളർന്നുവരാവുന്ന നിബിഡമായി സ്ഥിരവാസമുള്ള ഒരു ജനതതിയുടെ സൃഷ്ടിയാണു്. ഉപകാരപ്രദമാകയാൽ ലോകമൊട്ടുക്കു പരക്കാതെ ഗത്യന്തരമില്ലാത്ത ശ്രേഷ്ഠമായ കണ്ടുപിടുത്തങ്ങൾ ചരിത്രകാലത്തു മുഴുവനും ഉണ്ടായിക്കൊണ്ടിരുന്നു. ബുദ്ധിപരമായ മേത്തരം കണ്ടുപിടുത്തങ്ങളും ഇക്കാലത്തു ഉണ്ടായിട്ടുണ്ടെങ്കിലും, യാതൊരു പ്രായോഗികഫലത്തിലും ചെന്നു കലാശിക്കായ്കയാൽ, ഇവയിൽ മിക്കവയേയും ലോകർ മറന്നു കളഞ്ഞു. പ്രാചീന ഈജിപ്തുകാർക്കു് ഒരുതരം പ്രാഥമികബീജഗണിതം അറിയാമായിരുന്നു… പക്ഷേ, ഇതു പില്ക്കാല തലമുറകൾ മറന്നുകളഞ്ഞു. കാരണം ഇതു യാതൊരു പ്രായോഗികകാര്യത്തിനും പ്രയോഗിക്കാതെയിരുന്നതാണു്. നേരെമറിച്ചു, പ്രാചീന ഈജിപ്തുകാരുടെ സർവ്വേ രീതികൾ ഇന്നു നടപ്പിലിരിക്കുന്ന സർവ്വേ രീതികളായി വളർന്നുവരുകയും ചെയ്തു. ഇന്നു സയൻസിന്നു പ്രാധാന്യം സിദ്ധിച്ചിട്ടുള്ളതു അതു പ്രായോഗികമായിരിക്കുന്നതു (അപ്ലൈഡ്) നിമിത്തമാണു്. സയൻസിന്റെ പ്രയോഗക്ഷമമായ മാർഗ്ഗങ്ങൾക്കു മാത്രമേ ചിരഞ്ജീവിത്വം ലഭിക്കുകയുള്ളു എന്നു ഖണ്ഡിച്ചു പറഞ്ഞാൽ, ഇതിൽ വലിയ തെറ്റുണ്ടായിരിക്കുന്നതല്ല.
“കഴിഞ്ഞ ശതാബ്ദത്തിലെ ജീവശാസ്ത്രജ്ഞരിൽ മഹത്വം ഏറ്റവുമുള്ള പാസ്ച്ചുറേയും ഡാർവിനേയും എടുത്തു നമുക്കു താരതമ്യപ്പെടുത്തി നോക്കാം. പാസ്ച്ചുറുടെ മൗലികാശയങ്ങൾ ചിരഞ്ജീവികളായിരിക്കുമെന്നു് ഏറക്കുറെ ഖണ്ഡിച്ചു പറയാം. കാരണം അവയിൽ വിശ്വാസമില്ലാത്ത രാജ്യക്കാർ ഈ അവിശ്വാസം പ്രയോഗത്തിൽ വരുത്തുന്നതായാൽ, അവരുടെ മരണനിരക്കു ഇരട്ടിക്കുമെന്നുള്ളതാണു്. എന്നാൽ ഡാർവിന്റെ പ്രധാനാശയങ്ങളെ മിക്ക ശാസ്ത്രജ്ഞരും സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇവയെ തിരസ്ക്കരിച്ചാൽ ആകാശം ഇടിഞ്ഞു വീഴുന്നതല്ല… ഞാൻ മാർപ്പാപ്പയാകുകയാണെങ്കിൽ—ഇതിനു ഇന്നത്തെ നിലയ്ക്കു് അധികം ഇടയില്ല—ഒരു വിശ്വാസിയായ കത്തോലിക്കനായിരുന്ന പാസ്ച്ചുറെ ഒരു പുണ്യവാനാക്കുന്നതിനു (കാനൊണൈസേഷനു) എന്റെ സർവ്വശക്തിയുമുപയോഗിച്ചു ശ്രമിക്കുമായിരുന്നു… പാസ്ച്ചുർ ഒരു ശ്രേഷ്ഠനായ ചിന്തകൻ മാത്രമല്ല, പിന്നെയോ, കൈവേലയിൽ അതിയായ സാമർത്ഥ്യമുള്ള ഒരുത്തനും കൂടിയായിരുന്നു. സാധനങ്ങളെ മൈക്രോബുകളിൽ (വിഷകൃമികളിൽ) നിന്നു രക്ഷിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനും, ഒരുതരം മൈക്രോബുകളെ മറ്റുള്ളവയുടെ സമ്പർക്കമേല്ക്കാതെ വളർത്തുന്നതിനുമുള്ള സങ്കീർണ്ണമായ ടെൿനിക്കിന്റെ ഒരു വലിയ ഭാഗം സൃഷ്ടിച്ച ദേഹവും പാസ്ച്ചുറാണു്. ബാക്ടീരിയോളോജിക്കൽ തിയറിയുടെ ഭൂരിഭാഗവും ഈ ടെക്നിക്കിന്റെ ശബ്ദീകരണം മാത്രമാണു്. പാസ്ച്ചുർ തന്റെ കൈകൊണ്ടു വളരെയധികം ചിന്തിച്ചിരുന്നു; ഡാർവിനാകട്ടെ, കൈകൊണ്ടു വളരെ കുറച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളു.”
‘ചരിത്രം കള്ളമാണോ?’ എന്ന തലക്കെട്ടിൽ പരേതനായ ജെ. ബി. എസ്സ്. ഹാൽഡെയിൻ എഴുതിയിരുന്ന ഒരു ലേഖനത്തിൽ നിന്നാണു് മുകളിൽ ചേർത്തിരിക്കുന്ന ഭാഗം ഉദ്ധരിച്ചിട്ടുളളതു്. ശ്രേഷ്ഠരായ രാഷ്ട്രീയപ്രവർത്തകരോ, ആദർശവാദികളായ കവികളോ, തത്വജ്ഞാനികളോ മതസ്ഥാപകരോ അല്ല ലോകവിപ്ലവകാരികളായ മഹാന്മാർ എന്നു സ്ഥാപിച്ചതിനു ശേഷമാണു് ഹാൽഡെയിൻ മുകളിലുദ്ധരിച്ചതു പറഞ്ഞിരിക്കുന്നതു്. ലോകവിപ്ലവകാരികളിൽ അഗ്രഗണ്യരായി ഹാൽഡെയിൻ പ്രസ്താവിച്ചിട്ടുള്ള പ്രൊമെഥെയുസ് മഹാവിഷ്ണുവും, ത്രിതോലേമസ് സോമബ്രഹ്മാവുമാണു്. ഹാൽഡെയിൻ പറഞ്ഞിട്ടുള്ള ശുദ്ധശാസ്ത്രജ്ഞനേയും പ്രായോഗികശാസ്ത്രജ്ഞനേയുംപോലെ, ശാസ്ത്രത്തെപ്പറ്റി എഴുതുന്നവരിലും രണ്ടു തരക്കാരുണ്ടു്. ഇവർക്കു സയൻസിനോടുള്ള മനഃസ്ഥിതികളെ പുരുഷന്മാർക്കു സ്ത്രീകളോടുള്ള മനഃസ്ഥിതികളോടു സദൃശപ്പെടുത്തി വിശദീകരിക്കാം. “സ്ത്രീയോടുകൂടി പാർക്കുവാനും വയ്യാ, അവളെ കൂടാതെ പാർക്കുവാനും വയ്യാ” എന്നു പറഞ്ഞ ഫ്രഞ്ചുകാരന്റെ സ്ഥിതിയാണു് ഇവരിൽ ഒരു കൂട്ടർക്കുള്ളതു്. ഈ മനസ്ഥിതക്കു കാരണം മറ്റൊരു ഫ്രഞ്ചുകാരനായ മഹാകവി ബാദ്ലെയർ,
“സ്ത്രീ പ്രകൃതിക്കനുരൂപമായ സൃഷ്ടിയാണു്; അതായതു്, ജുഗുപ്സ ജനിപ്പിക്കുന്നവൾ” എന്ന വാക്കുകളിൽ പറഞ്ഞിരിക്കുന്നു. ഇവരാണു് എഴുത്തുകാരിൽ ശുദ്ധശാസ്ത്രജ്ഞർ. ശേഷിച്ച ശാസ്ത്രമെഴുത്തുകാർ, ശേഷിച്ച പുരുഷർ, സ്ത്രീയെപ്പറ്റി വിചാരിക്കുന്നതുപോലെ, ശാക്തേയമനഃസ്ഥിതിപൂർവ്വം സയൻസിനെ സർവ്വമോക്ഷദായിനിയായ ദേവിയായി ആരാധിച്ചുവരികയും ചെയ്യുന്നു.
ഭാഷാസാഹിത്യത്തിൽ നാച്ചുറൽ സയൻസുകളെപ്പറ്റി എഴുതുന്ന അംഗുലീപരിമിതരായ നല്ല എഴുത്തുകാരിൽ പ്രസ്തുത ഫ്രഞ്ചുഫലിതക്കാരനോടു സാദൃശമുള്ള ഒരു ദേഹം ശ്രീ. കെ. ഭാസ്കരൻനായരാണു്. പ്രകൃതഗ്രന്ഥത്തിന്റെ കർത്താവായ ശ്രീ. എം. സി. നമ്പൂതിരിപ്പാടിനു പ്രസ്തുത ശാക്തേയനോടാണു് സാദൃശമുള്ളതു്. ഇന്നു വേണ്ടതായ ഒരു അടിയന്തിരകാര്യം കേരളത്തിലെ അർദ്ധമിസ്റ്റിക്കുകളായ ജനസാമാന്യത്തിൽ ശാസ്ത്രീയമനഃസ്ഥിതി ജനിപ്പിക്കുന്നതാണു്. പൊതുവേ ഇവിടെ പ്രായോഗിക ശാസ്ത്രവാസന വളർത്തുകയും വേണം. ഈ രണ്ടു കാര്യങ്ങൾക്കും ശ്രീ. ഭാസ്കരൻനായരുടെ കൃതികളെക്കാൾ വളരെയധികം സഹായകമായിത്തീരുന്നതു സയൻസിന്റെ ഇന്നത്തെ പുതിയ വികാസങ്ങൾ കണ്ടു ഭ്രമിച്ചു മിസ്റ്റിസിസത്തിൽ ചാടാതെ പൊതുജനങ്ങൾക്കു എളുപ്പം ഗ്രഹിക്കാവുന്ന അകൃത്രിമവും അതിപ്രസന്നവുമായ ഭാഷയിൽ സയൻസിനെപ്പറ്റി പ്രതിപാദിച്ചിട്ടുള്ള പ്രകൃതഗ്രന്ഥകാരന്റെ ഈ കൃതിയാണു്.
“ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനു്”
എന്നു കുഞ്ചൻനമ്പ്യാർ പറഞ്ഞിട്ടുള്ളതിന്റെ പരമാർത്ഥം പ്രകൃത ഗ്രന്ഥകാരൻ ഇന്നത്തെ സയൻസിന്റെ മിസ്റ്റിക്ക് പുറംചട്ടയെ സംബന്ധിച്ചു നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു.
‘സയൻസ് എന്നാൽ എന്തു്?’ എന്നും ‘സയൻസിന്റെ നേട്ടങ്ങൾ’ എന്നും രണ്ടു ഭാഗങ്ങളായി പ്രകൃതഗ്രന്ഥത്തെ വിഭജിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗത്തിൽ, സയൻസിന്റെ അർത്ഥം ജനനം, വളർച്ച എന്നിവയേയും, ഇന്നത്തെ സയൻസിനേയും സയൻസിനോടുള്ള വെല്ലുവിളികളേയുമാണു് പ്രതിപാദിച്ചിരിക്കുന്നതു്. ഇന്നത്തെ സയൻസിന്റെ നില ഭംഗിയായും സുഗ്രഹമായും ഇതിൽ സംക്ഷേപിച്ചു വിവരിച്ചിട്ടുണ്ടു്. സാമ്രാജ്യത്വം, ഫാഷിസം, സോഷ്യലിസം എന്നീ മൂന്നുതരം സമുദായഘടനകളുടേയും കീഴിൽ സയൻസിനുള്ള നിലയെ വിജ്ഞാനപ്രദമായ രീതിയിൽ ഇതിൽ വർണ്ണിക്കുകയും ചെയ്തിരിക്കുന്നു. രണ്ടാം ഭാഗത്തിലാകട്ടെ, ആറ്റംബോംബ്, ആറ്റംശക്തിയും ആരോഗ്യവും, ഇലക്ട്രോണിക്സ്, യുദ്ധകാലത്തെ ചില ശാസ്ത്രീയ നേട്ടങ്ങൾ, വാതകങ്ങളിൽനിന്നും പെട്രോളുണ്ടാക്കുന്നതു്, വാർദ്ധക്യം ശമിപ്പിക്കാവുന്ന ഒരു രോഗമാണെന്നു ബൊഗോമലറ്റ്സ് എന്ന സോവിയറ്റ് റഷ്യൻ ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചിട്ടുള്ളതു്, ഏതു ഋതുവിലും ഏതു സ്ഥലത്തും വിളയുന്ന “സീറ്റ്സിൻ ഗോതമ്പു്” എന്നിവയാണു് പ്രതിപാദ്യ വിഷയങ്ങൾ. പകരം ഉപയോഗിക്കാവുന്ന പലതും യുദ്ധകാലത്തുണ്ടാക്കിയതുകൂടി ഇതിൽ ഉൾക്കൊള്ളിക്കാമായിരുന്നു. സയൻസിന്റെ ഓരോ കണ്ടുപിടുത്തത്തിന്റേയും സാമുദായിക ഫലങ്ങളെ ബലപ്പെടുത്തി അവയെ ഏറ്റവും പ്രസന്നമായ രീതിയിൽ വിവരിച്ചിട്ടുള്ള മറ്റൊരു കൃതി ഭാഷാസാഹിത്യത്തിലുണ്ടോ എന്നു സംശയമാണു്. ഇതുനിമിത്തമാണു് സാധാരണ ജനങ്ങളിൽ സയൻസ് മനഃസ്ഥിതി ജനിപ്പിക്കുവാൻ പ്രകൃതകൃതി ഏറ്റവും പറ്റിയതാണെന്നു മുകളിൽ പറഞ്ഞിട്ടുള്ളതു്. ഇന്നത്തെ സയൻസിന്റെ വിചിത്രമായ വികാസം ഈ കൃതിയുടെ “ഇന്നത്തെ സയൻസ്” എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ളതുപോലെ വിശദമായും മിസ്റ്റിസിസത്തിന്റെ കലർപ്പില്ലാതെയും ഭാഷയിലെ മറ്റൊരു ശാസ്ത്രകൃതിയിലും വിവരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മിസ്റ്റിക്കായ ജീൻസിന്റെ പ്രപഞ്ചത്തെപ്പറ്റിയുള്ള വീക്ഷണകോടിക്കെതിരായി മറ്റു ശാസ്ത്രജ്ഞരായ ടോൾമാൻ, ഫെസ്സെൻകോവ്, ബാനർജി, സെൻ, മിൽനു് എന്നിവർ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള കാര്യവും ശ്രീ. നമ്പൂതിരിക്കു് ഈ അദ്ധ്യായത്തിൽ പ്രസ്താവിക്കാമായിരുന്നു. ആറ്റംബോമ്പിനെ വിവരിച്ചിരിക്കുന്ന ഇതിലെ അദ്ധ്യായവും വളരെ നന്നായിട്ടണ്ടു്.
പ്രകൃതകൃതി വളരെ ചുരുക്കിക്കളഞ്ഞു എന്നതാണു് ഞാൻ ഇതിൽ കാണുന്ന ഏക കുറവു്. ഈയ്യിടെ ഒരു റേഡിയൊ ബ്രോഡ്കാസ്റ്റിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റൊമിക്ക് എനർജി കമ്മീഷന്റെ അദ്ധ്യക്ഷനായ മി. ഡേവിഡ് ലിലിയെന്താൽ സമാധാനകാലത്തു് ആറ്റംശക്തികൊണ്ടുണ്ടാകാവുന്ന ഉപകാരങ്ങളെ വിശദീകരിക്കുകയുണ്ടായി. രോഗത്തിന്റെ നിയന്ത്രണവും ചികിത്സയും, കൂടുതൽ ആഹാരസാധനോല്പാദനത്തിനും ആരോഗ്യകരമായ ഭക്ഷണം കഴിക്കലിനും വഴിതെളിക്കുന്ന സസ്യമൃഗാദികളുടെ വളർച്ചയെപ്പറ്റിയുള്ള പുതിയ വിജ്ഞാനം. മനുഷ്യരുടെ അതിയായ കായികാദ്ധ്വാനത്തിനു കുറവു വരുത്തുക, എന്നിവയാണു് ലിലിയെന്താൽ പ്രസ്താവിച്ച ഉപകാരങ്ങൾ. ആറ്റംശക്തി ആറ്റംബോമ്പുണ്ടാക്കുന്നതിനു മാത്രമേ കൊള്ളുകയുള്ളു എന്ന കെട്ടുകഥ വിശ്വസിച്ചുപോകരുതെന്നും അദ്ദേഹം അമേരിക്കക്കാരോടു് ഉപദേശിച്ചു.
ഈയ്യിടെ കട്ടക്കിൽവെച്ചു നടന്ന ഇന്ത്യൻ അക്കാഡമി ഓഫ് സയൻസിന്റെ പതിമൂന്നാം വാർഷികയോഗത്തിൽ വെച്ചു ഒരു ശുദ്ധശാസ്ത്രജ്ഞപക്ഷപാതിയായ സർ ചന്ദ്രശേഖരൻ ആറ്റംബോമ്പുണ്ടാക്കുന്ന പാശ്ചാത്യരെപ്പറ്റി പുച്ഛിച്ചു പ്രസംഗിക്കുകയുണ്ടായി. ഭാരതീയ ശാസ്ത്രജ്ഞന്മാർ ഇതിൽ നിന്നു പിന്തിരിഞ്ഞു സാധാരണ മനുഷ്യന്റെ കൃഷിക്കു് അന്തിമമായി ഉപകരിക്കുന്ന, സമ്മേളനാദ്ധ്യക്ഷൻ സർ സി. വി. രാമന്റെ ഇൻഫ്രാ-റെഡ്സ്പെക്ട്രം ഗവേഷണംപോലെയുള്ളവയിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതിൽ സാധാരണ മനുഷ്യന്റെ കാര്യം എടുത്തു വിളമ്പിയതു ലോകരുടെ കണ്ണിൽ മണ്ണിടാനായിരിക്കാം. ഇത്തരക്കാരുടെ മുഖത്തു കരിതേയ്ക്കുവാനായി പ്രകൃതഗ്രന്ഥകാരനു്, പുസ്തകം ചുരുക്കണമെന്ന വിചാരമില്ലായിരുന്നുവെങ്കിൽ, അറ്റോമിക്ക് പൈൽസിനെപ്പറ്റി പല കാര്യങ്ങളും ഇതിൽ ചേർക്കാമായിരുന്നു. ബോമ്പുണ്ടാക്കുന്ന അറ്റോമിക്ക് പൈൽസിൽനിന്നു മാത്രമേ കൃഷിയുടെ പോഷണത്തിനു വേണ്ടതായ അളവിൽ റേഡിയോ ആക്ടിവിറ്റി ശേഖരിക്കുവാൻ സാധിക്കുകയുള്ളു എന്നു റഷ്യൻ ശാസ്ത്രജ്ഞനായ പ്രൊഫസ്സർ വിനോഗ്രഡോവ് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അമേരിക്കയിലെ ടെനെസ്സേയിലെ ഓക്ക്റിഡ്ജ് അറ്റോമിക്ക് ഫിഷൺ പൈൽസിൽ നിന്നു കിട്ടിയ കുറച്ചു റേഡിയോ ആക്ടീവ് അയോഡീൻ വെള്ളത്തിൽ കലക്കിക്കൊടുത്തു ഹൈപ്പർതയറോയിഡിസം എന്ന രോഗം പിടിപെട്ടിരുന്ന പലരുടേയും വ്യാധി ശമിപ്പിച്ചതിനെക്കുറിച്ചു വടക്കേ അമേരിക്കയിലെ റേഡിയോളോജിക്കൽ സൊസൈറ്റിക്കു് മൂന്നു ഡാക്ടർമാർ കൂടിച്ചേർന്നു് ഒരു റിപ്പോർട്ടു സമർപ്പിച്ചിരുന്നു. ഇലക്ക്ട്രോൺ മൈക്രോസ്കോപ്പിനെക്കുറിച്ചു ഗ്രന്ഥകാരൻ പറയുന്നുണ്ടെങ്കിലും, ജ്യോതിശ്ശാസ്ത്രത്തിൽ ഇലക്ക്ട്രോണിക്ക് ഉപകരണങ്ങൾ ഭാവിയിൽ ടെലെസ്കോപ്പിന്റെ പ്രയോജനം കുറയ്ക്കുമെന്ന ചിക്കാഗൊ സർവ്വകലാശാലാ പ്രൊഫസ്സർ സ്ട്രൂവ് അഭിപ്രായപ്പെട്ടതു ഗ്രന്ഥകാരൻ പ്രസ്താവിച്ചില്ല. ഇത്തരം രസകരങ്ങളായ വിവരങ്ങളുംകൂടി ചുരുക്കണമെന്ന വിചാരമില്ലായിരുന്നുവെങ്കിൽ ഗ്രന്ഥകാരനു പ്രകൃതകൃതിയിൽ കൊണ്ടുവരാമായിരുന്നു. ശ്രീ. നമ്പൂതിരിപ്പാടിൽനിന്നു മേലാലും ശാസ്ത്രീയകൃതികൾ പുറപ്പെട്ടാൽ, അതു കേരളത്തിലെ ജനസാമാന്യത്തിനു് അത്യന്തം ഉപകാരപ്രദമായിരിക്കുന്നതാണു്.
ഗ്രന്ഥകർത്താ: എം. സി. നമ്പൂതിരിപ്പാടു്
പ്രസാധകർ: മംഗളോദയം ലിമിറ്റഡ്, തൃശ്ശിവപേരൂർ.
വില: 1 ക. 8 ണ.—മംഗളോദയം, 1123 ധനു & മകരം.
(എം. സി. നമ്പൂതിരിപ്പാടിന്റെ ശാസ്ത്രീയകൃതിയ്ക്കു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)