
“ജന്തുവർഗ്ഗത്തിലെ ഒരു ജാതിയെന്ന നിലയ്ക്കു മനുഷ്യൻ വിശ്വത്തിന്റെ ഇടനാഴിയിലൂടെ പ്രതിധ്വനിച്ചേയ്ക്കാവുന്ന മഹാകാവ്യസ്വരത്തോടുകൂടിയ ഒരു സാഹസികയാത്രയുടെ ആരംഭത്തിലെത്തിയിരിക്കുന്നു”—എന്നു 1939-ലെ മഹായുദ്ധത്തിനു ഏതാനും വർഷങ്ങൾക്കു മുമ്പുവരെ മാസ്ക്കോവിലെ ‘ഇൻസ്റ്റിട്യൂട്ട് ഓഫ് എക്സ്പെരിമെന്റൽ ബയോളജി’യിലെ ഒരു ഗവേഷക പ്രൊഫസറായിരുന്ന എച്ച്. ജെ. മുള്ളർ തന്റെ ‘ഇരുട്ടിൽനിന്നു്’ എന്ന അതിസ്മരണീയമായ ഉപന്യാസസമാഹാരത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഈ സാഹസികയാത്ര വിജയപൂർവ്വം തുടങ്ങണമെങ്കിൽ, നാം ഉത്തമപുരുഷന്മാരുടെ ശുക്ലം ആരോഗ്യവതികളായ സ്ത്രീകളിൽ കൃത്രിമമായി കുത്തിവെച്ചു ബുദ്ധിശക്തിയും സഹകരണമനഃസ്ഥിതിയുമുള്ള മനുഷ്യരെ ജനിപ്പിക്കേണ്ടതാണു്. ഉത്തമശുക്ലത്തിന്റെ തിരഞ്ഞെടുപ്പും അതിന്റെ കുത്തിവെയ്പും (ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ) നടത്തുന്നതിനു പ്രാരംഭമായി, ജന്മനാ ഉത്തമന്മാരായിട്ടുള്ളവരെ കണ്ടുപിടിക്കാനും, കുത്തിവയ്പു നടത്താനും, യഥാക്രമം ഇന്നു പ്രതിബന്ധമായി നില്ക്കുന്ന സാമ്പത്തികാസമത്വത്തേയും, പ്രണയവും അഥവാ സെക്സും സന്താനോല്പാദനവും തമ്മിലുള്ള ആകസ്മികമായ വേഴ്ചയേയും, ഒരു സാർവ്വത്രികമായ സമുദായവിപ്ലവം മുഖേന നശിപ്പിച്ചേ മതിയാവൂ എന്നും കൂടി ഇദ്ദേഹം അതിൽ സ്ഥാപിച്ചിരിക്കുന്നു. ജീവിതത്തിൽ ജയം നേടണമെങ്കിൽ ഒരു മനുഷ്യനു് അപാരതയോടും, തന്റെ ഇണയോടും, തന്റെ സമുദായത്തോടും പൊരുത്തമുണ്ടാകണമെന്നു മറ്റൊരു പണ്ഡിതൻ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പണ്ഡിതന്റെ അഭിപ്രായത്തിലെ അപാരതയോടുള്ള പൊരുത്തമെടുത്തു മറയത്തു കളഞ്ഞു, അതിനുപകരം വ്യക്തിക്കു് തന്നോടുതന്നെയുള്ള പൊരുത്തം സ്ഥാപിച്ചുകൊണ്ടും, ശേഷിച്ച രണ്ടു പൊരുത്തങ്ങൾ സ്വീകരിച്ചുകൊണ്ടുമാണു് മുള്ളർ മുകളിൽ ഉദ്ധരിച്ച പ്രകാരം പറഞ്ഞിട്ടുള്ളതു്. ഏതൽപര്യന്തം പ്രകൃതിശക്തികൾക്കു് യഥേഷ്ടം പ്രവർത്തിക്കുവാനായി മനുഷ്യവർഗ്ഗം ഗത്യന്തരമില്ലായ്കയാൽ വിട്ടുകൊടുത്തിരുന്ന മനുഷ്യന്റേയും സമുദായത്തിന്റേയും പുരോഗതിസ്ഥാപനം, ഇന്നു സയൻസിനെ ആസ്പദിച്ചു കെട്ടിപ്പടുത്തിട്ടുള്ള സാമുദായിക പ്ലാനിങ്ങ് മുഖേന അവർ തന്നെ ഏറ്റെടുത്തു നടത്തണമെന്നുംകൂടി മുള്ളർ ഉദ്ധൃതഭാഗത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്.

ഒരു പ്രസിദ്ധ യുക്തിവാദിയും നല്ല നിരൂപകനുമായ ശ്രീ. കുറ്റിപ്പുഴ കൃഷ്ണപിള്ള യുടെ ‘വിചാരവിപ്ലവം’, സോവിയറ്റു റഷ്യക്കാരുടെ യുക്തിവാദാത്മക മനഃസ്ഥിതി, അവരുടെ സാമുദായിക പ്ലാനിങ്ങ് പദ്ധതി, എന്നിവ കേരളത്തിലും സ്വീകരിച്ച മുള്ളറുടെ പ്രസ്തുത മൂന്നു പൊരുത്തങ്ങളും ഇവിടെ വരുത്തേണ്ടതിന്റെ ആവശ്യകതയെ പുരസ്ക്കരിച്ചു് പ്രസന്നമായ ഭാഷാരീതിയിൽ രചിച്ചിട്ടുള്ള 22 ഉപന്യാസങ്ങളുടെ ഒരു സമാഹാരമാണു്. കാര്യത്തിൽ കരണത്തിലേതിനേക്കാളധികം ദൃഷ്ടിചെലുത്തി സത്യവ്യതിചലനത്തിൽ ചെന്നുചാടാറുള്ള ഇവിടത്തെ ശാസ്ത്രീയോപന്യാസ കർത്താക്കളുടെ ഇരുതരം സാഹിത്യക്കോങ്കണ്ണുകളിൽ ഒന്നും തന്നെ ശ്രീ. കുറ്റിപ്പുഴയിൽ കാണ്മാനില്ല. 1936–1945 എന്ന കാലഘട്ടത്തിൽ പല പത്രങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിരുന്ന ഈ 22 ഉപന്യാസങ്ങൾ മൂന്നു തരങ്ങളിൽപ്പെടുമെന്നു സാമാന്യമായി പറയാം. ഇവയിൽ 19 എണ്ണത്തിൽ, അതായതു്, യുക്തിവാദം, മതവും സന്മാർഗ്ഗബോധവും, വിശ്വാസവും യുക്തിവിചാരവും, കാര്യകാരണബന്ധം, മനംമയക്കുന്ന ആ ശബ്ദജാലം, മാനസികമായ അടിമത്തം, പുരോഹിതൻ പോലീസ് പട്ടാളം, ചാർവ്വാകമതം, നാസ്തികത്വം, വിചിത്രമായ ഗുരുശിഷ്യബന്ധം, കുഡാബക്സിന്റെ ചെമ്പുതെളിഞ്ഞു, ഭൂമിയിലെ സ്വർഗ്ഗരാജ്യം, ദോഷാനുദർശനം, മന്ത്രവാദം മതം ശാസ്ത്രം, മതാധികാരികളും യുദ്ധവും, കപിലൻ, വാൾട്ടയർ, ബകുനിൻ, ട്രോട്സ്ക്കി, എന്നിവയിൽ പ്രസ്തുത സാമുദായികപ്പൊരുത്തസൃഷ്ടിക്കു പ്രാരംഭമായി വേണ്ട ശാസ്ത്രീയവും യുക്തിവാദാത്മകവുമായ മനഃസ്ഥിതിയുടെ അംഗീകരണത്തിന്റെ ആവശ്യകതയെ വ്യഞ്ജിപ്പിച്ചോ സ്പഷ്ടമാക്കിയോ പ്രതിപാദിച്ചിരിക്കുന്നു. സ്ത്രീകളുടെ പാരതന്ത്ര്യം, റഷ്യയിലെ സ്ത്രീകൾ, എന്നീ രണ്ടു ഉപന്യാസങ്ങളുടെ വിഷയം പ്രസ്തുത ഇണപ്പൊരുത്തമാണു്. മനുഷ്യശരീരത്തിലെ ധാതുദ്രവ്യങ്ങൾ എന്ന ശേഷിച്ച ഉപന്യാസത്തിൽ പ്രസ്തുത സ്വയംപൊരുത്തമുണ്ടാകുവാനുള്ള ഒരു മാർഗ്ഗത്തെപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. ശ്രീ. വൈക്കം മുഹമ്മദുബഷീർ തന്റെ സ്മരണീയമായ ‘അനർഘനിമിഷ’ത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള കവലയിൽ മനുഷ്യസമുദായം എത്തിയിരിക്കുന്ന ഇന്നു ‘വിചാരവിപ്ലവം’ പോലെയുള്ള വിപ്ലവചിന്താത്മകമായ ഒരു കൃതി പ്രകൃത്യാ ചിന്താശീല ശൂന്യരായ കേരളീയരുടെ ഇടയ്ക്കു് ആവിർഭവിച്ചിട്ടുള്ളതിന്റെ അതിയായ പ്രാധാന്യം വിസ്തരിക്കേണ്ട ആവശ്യമില്ലല്ലോ.

ആദ്യമായി സ്വയംപൊരുത്തസംബന്ധമായ പ്രസ്തുതോപന്യാസമെടുക്കാം. സ്വയംപൊരുത്തസിദ്ധിക്കു് ആരോഗ്യം നിറഞ്ഞ ഒരു ശരീരം കൂടിയേ തീരൂ. ഇത്തരം ഒരു ശരീരത്തിന്റേയും, ഇതിലെ മാനസികവും വികാരപരവുമായ പ്രത്യാഘാതങ്ങളുടേയും, സൃഷ്ടിയിൽ പോഷകാംശങ്ങൾ വേണ്ടുവോളം അടങ്ങിയ അതിയായ പ്രാധാന്യമുണ്ടെന്നു് ഇന്നത്തെ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു. ഈയിടെ വരെ ഡോക്ടർമാരും ഗവേഷണശാസ്ത്രജ്ഞരും, “രോഗങ്ങൾ എന്ന ഒന്നില്ല; രോഗികളെന്നു് ഒന്നു മാത്രമേയുള്ളു’ എന്ന ട്രൂസ്സിയന്റെ പരമാർത്ഥവാക്കുകൾ വിസ്മരിച്ചു്, രോഗത്തെയാണു്, അനാരോഗ്യത്തെയല്ല, പഠിച്ചിരുന്നതു്. ‘ദാരിദ്ര്യവും പൊതുജനാരോഗ്യവും’ എന്ന സംയുക്തകൃതിയിൽ ഡോക്ടർ മക്ഗോണിഗിളും, കിർബിയും പോഷകാംശം കുറഞ്ഞ ആഹാരസാധങ്ങൾ ഭക്ഷിക്കുന്നതു നിമിത്തം ബ്രിട്ടീഷുകാരിൽ ചില തരക്കാരുടെ ഇടയ്ക്കു വർദ്ധമാനമായി വരുന്ന മരണനിരക്കു കാണാമെന്നും, ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങളുടെ ഉപയോഗത്തിനു കാരണം ആഹാരത്തിനു വേണ്ടി ചെലവാക്കാൻ ശേഷിക്കുന്ന പണത്തിന്റെ കുറവാണെന്നും സ്ഥാപിച്ചിട്ടുണ്ടു്. “കൊടിയ അയൊഡിൻ കുറവു് ഉത്ഭവിപ്പിച്ച ഭ്രൂണികൃതമായ ഒരു കുരങ്ങാണു് മനുഷ്യൻ” എന്നും, നീഗ്രോയ്ഡ് നരവംശത്തിന്റെ നിറം “സോഡിയം ധാരാളമായി ശരീരത്തിൽ ശേഖരിച്ചു വച്ചിട്ടുള്ളതു” നിമിത്തം ജനിച്ചതാണെന്നും, വെള്ളക്കാരുടെ വെള്ളത്തൊലി ധാതുദ്രവ്യ ന്യൂനത വരുത്തിവെച്ച മൃഗീയമായ “ഹൈപ്പോ തയറോയ്ഡ് സ്ഥിതി”യുടെ ഫലമാണെന്നും ജെ. ആർ. എച്ച്. മാരെറ്റ് തന്റെ നരവംശവും സെക്സും പരിതസ്ഥിതിയും എന്ന കൃതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ സംഗതികളിൽ നിന്നു പോഷകാംശങ്ങളേറിയ ആഹാരത്തിന്റെ ആവശ്യകത കാണിക്കുന്ന “മനുഷ്യശരീരത്തിലെ ധാതുദ്രവ്യങ്ങൾ’ എന്ന ഉപന്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ.

ഇനി ഇണപ്പൊരുത്തസംബന്ധമായ രണ്ടു ഉപന്യാസങ്ങളെടുക്കാം. 19-ാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവശാസ്ത്രത്തിലെ പരിണാമവാദം പാശ്ചാത്യരുടെ ചിന്താഗതിയിൽ ഒരു വിപ്ലവമുണ്ടാക്കിയതുപോലെ, ഇന്നു നരവംശശാസ്ത്രത്തിലെ ‘സംസ്കാരപരമായ സാപേക്ഷകത്വം’ (കൾച്ചറൽ റിലേറ്റിവിസം എന്ന ആശയം അവരുടെ ചിന്താഗതിയിൽ ഒരു വിപ്ലവമുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു ഇതിന്റെ ഫലമായി സംസ്ക്കാരമൂല്യങ്ങൾ ഉദ്ദേശസൃഷ്ടികൾ ആശയങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള മനുഷ്യരുടെ പദ്ധതികൾ മുഴുവനും അവർ അനുസരിച്ചുവരുന്ന സംസ്ക്കാരത്തിന്റെ ഫലങ്ങളാണെന്നുള്ള പരമാർത്ഥത്തിൽ മനുഷ്യർ അചിരേണ എത്തിച്ചേരുന്നതാണു്. അമേരിക്കക്കാരിയായ ഡോക്ടർ മാർഗററ്റ് മീഡി ന്റെ ‘സെക്സും ടെമ്പറമെന്റും’, ‘സമോവാ ദ്വീപിലെ പുരുഷപ്രാപ്തി’, ‘ന്യൂഗനിയായിലെ മനുഷ്യരുടെ വളർച്ച’ എന്നീ കൃതികൾ സംസ്കാരപരമായ സാപേക്ഷകത്വമെന്ന ആശയം ജനിപ്പിക്കുന്നതിലും പരത്തുന്നതിലും ഒരു പ്രധാന ഭാഗം അഭിനയിച്ചിട്ടുണ്ടു്. സ്ത്രീക്കും പുരുഷനും തമ്മിൽ കാണുന്ന സ്വഭാവവ്യത്യാസങ്ങൾ അവരുടെ ശരീരഘടനകൾക്കു തമ്മിലുള്ള വ്യത്യാസങ്ങളുടെ ഫലമാണെന്നു് 19-ാം ശതാബ്ദത്തിലെ അഭിപ്രായവും, സ്ത്രീയുടെ സ്വഭാവപ്രത്യേകതയ്ക്കു് അവളുടെ ‘ഇൻടേർണൽ സെക്രീഷൻസ്’ ആണു് കാരണമെന്നുള്ള ഹാവ്ലോക്ക് എല്ലിസ്സി ന്റെ അഭിപ്രായവും ശരിയല്ലെന്നും, അവ ഏറിയകൂറും സംസ്ക്കാരം ജനിപ്പിച്ചിട്ടുള്ള വ്യത്യാസങ്ങളാണെന്നും, സംസ്ക്കാരത്തിൽ സാമുദായിക പ്ലാനിങ്ങ് മുഖേന പരിവർത്തനം വരുത്തി അവയെ ഇല്ലാതാക്കുവാൻ സാധിക്കുമെന്നും ഡോക്ടർ മീഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ഫാഷിസ്റ്റ് സംസ്ക്കാരവും, ഭാരതീയസംസ്ക്കാരവും ഒന്നുപോലെ പുരുഷനെ വിത്തുകാളയും വീട്ടുതമ്പ്രാനും, സ്ത്രീയെ പേറ്റുമൃഗവും അടുക്കളച്ചക്കിയുമാക്കുകയാണു് ചെയ്തിട്ടുള്ളതു്. അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥകളുമായ കേരളീയ വനിതകൾ പോലും അടിമ മനഃസ്ഥിതിയും പേറ്റുമൃഗസ്ഥിതിയോടുള്ള ഇഷ്ടവും കാണിക്കാറുള്ളതു് ശ്രീ. കുറ്റിപ്പുഴ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. സെക്സും സന്താനോല്പാദനശക്തിയും പ്രത്യേകോദ്ദേശ്യങ്ങളോടുകൂടിയാണു് പ്രകൃതി മനുഷ്യർക്കു ദാനം ചെയ്തിട്ടുള്ളതെന്ന പരമാർത്ഥം ഇന്നത്തെ ജീവശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ടു്. ഇതു മനസ്സിലാക്കി പ്രസ്തുത കേരളീയസ്ത്രീകൾപോലും സന്താനനിയന്ത്രണോപകരണങ്ങൾ ഉപയോഗിച്ചു പുരുഷന്റെ അടിമകളും പേറ്റുമൃഗങ്ങളുമാകാതെ പ്രണയം അനുഭവിക്കുവാൻ മുതിരാതെയിരിക്കുന്നതു ഭാരതീയ സംസ്ക്കാരത്തിന്റെ പിടിനിമിത്തമാകുന്നു. റഷ്യയിലെ കമ്യൂണിസ്റ്റ് സംസ്ക്കാരം സ്ത്രീയെ സാമ്പത്തികസ്വാതന്ത്ര്യമുള്ള ഒരു പൗരിയും, യഥേഷ്ടം മാതാവാകാൻ അവകാശമുള്ള ഒരുത്തിയുമാക്കിച്ചമച്ചു് അവളുടെ ചരിത്രകാലങ്ങളിലെ അടിമത്തം ഒട്ടധികം നശിപ്പിച്ചിരിക്കുന്നു. സോവിയറ്റ് റഷ്യയിലെയും അന്യരാജ്യങ്ങളിലെയും സ്ത്രീയുടെ നിലകളെ തമ്മിൽ താരതമ്യപ്പെടുത്തി സമുൽജെവിച്ച് എന്ന റഷ്യൻ 1937-ൽ പ്രസിദ്ധപ്പെടുത്തിയ ‘കാപ്പിറ്റലിസ്റ്റും സോഷ്യലിസ്റ്റും പരിതസ്ഥിതികളിലുള്ള മാതൃത്വം’ എന്ന സുപ്രസിദ്ധ ലഘുലേഖ ഇവിടെ പ്രസ്താവയോഗ്യമാണു്. സോവിയറ്റ് റഷ്യയിൽപ്പോലും സ്ത്രീപുരുഷന്മാരുടെ ലൈംഗികജീവിതത്തിലുള്ള കുറവുകൾ, ഫ്രായ്ഡിന്റെ മാനസികാപഗ്രഥനവും കമ്യൂണിസവും കൂട്ടിക്കലർത്തി ‘സെക്ഷുവൽ എക്കോണമിക്സ് ’ എന്ന ഒരു പുതിയ ശാസ്ത്രശാഖ സ്ഥാപിച്ച ദേഹമായ വിൽഹെൽമ് റെയിക്ക് ചൂണ്ടിക്കാണിച്ചിരുന്നതിനെപ്പറ്റി ഈ രണ്ടു ഉപന്യാസങ്ങളിലും പ്രകൃതഗ്രന്ഥകാരൻ ഒന്നും പ്രസ്താവിച്ചിട്ടില്ല.

അവസാനമായി സാമുദായികപ്പൊരുത്തം സംബന്ധിച്ചുള്ള ഉപന്യാസങ്ങളെപ്പറ്റി രണ്ടു വാക്കു പറയാം. ‘മന്ത്രവാദം മതം ശാസ്ത്രം’ എന്ന ഉപന്യാസത്തിൽ മന്ത്രവാദയുഗം മതയുഗത്തിനു മുമ്പു നടപ്പിലിരുന്നിരുന്നു എന്നുള്ള സർ ജെയിംസ് ഫ്രേസറു ടെ അഭിപ്രായമാണു് ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നതു്. എന്നാൽ ഡോക്ടർ മാരേറ്റു മുതലായ പിൽക്കാല നരവംശശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളും, പുരാതന വസ്ത്വന്വേഷണഖനനങ്ങളും മറ്റും ഇതു സൂക്ഷ്മമല്ലെന്നും, മന്ത്രവാദത്തിന്റേയും മതത്തിന്റേയും ഘടകങ്ങൾ കലർന്ന ‘ടാബൂ—മന’ എന്ന ഏറ്റവും പ്രാചീനമായ ഒരു സങ്കീർണ്ണാശയസഞ്ചയത്തിൽനിന്നു മന്ത്രവാദവും മതവും ഒരേസമയത്തു പുറപ്പെട്ടുവെന്നും സ്ഥാപിച്ചിട്ടുണ്ടു്. ഏറ്റവും പ്രാചീനമായ പ്രസ്തുത ‘ടാബൂ—മന’ താന്ത്രികമതത്തിലും, ഈ ‘ടാബൂ—മന’യിൽനിന്നു് ഒരേ സമയത്തു ജനിച്ച ‘ആനിമാറ്റിസവും’, ‘ആനിമിസവും’ യഥാക്രമം ബ്രാഹ്മണരുടെ വേദമായ ഋഗ്വേദത്തിലും, തമ്മിൽ ചില സാദൃശ്യങ്ങളുള്ള ക്ഷത്രിയ വേദമായ അഥർവ്വവേദം, ബൈബിളിലെ ഉല്പത്തിപുസ്തകം എന്നിവയിലും നിഴലിച്ചു കാണാവുന്നതാണു്. ചാർവ്വാകമതമെന്ന ഉപന്യാസത്തിൽ പ്രാചീനമായ ചാർവ്വാകമതത്തിനു പിൽക്കാലങ്ങളിൽ സ്വഭാവവാദമെന്ന പേരു കിട്ടിയതു് ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, ആദിയിൽ ചാർവ്വാകമതത്തിനു സ്വഭാവവാദത്തോടല്ല, യദൃച്ഛാവാദത്തോടാണു് സാദൃശ്യമുണ്ടായിരുന്നതെന്നുള്ള വസ്തുത ഗ്രന്ഥകാരൻ പ്രസ്താവിച്ചിട്ടില്ല. യദൃച്ഛാവാദം, സ്വഭാവവാദം എന്നിങ്ങനെ പ്രത്യേകം പ്രത്യേകമായി ശ്വേതാശ്വതരോപനിഷത്തിലും കുസുമാഞ്ജലി മുതലായ പിൽക്കാല കൃതികളിലും പ്രസ്താവിച്ചിട്ടുണ്ടു്.

ജീവിതത്തിന്റെ ഉത്തരാർദ്ധത്തിൽ എത്തുമ്പോൾ പല മനുഷ്യർക്കും അനതിദൂരത്തിലുള്ള മരണത്തെ അഭിമുഖീകരിക്കാൻ വേണ്ടി മതം ഒരു ആവശ്യമായി തോന്നാറുണ്ടെന്നു പ്രസിദ്ധ മനഃശ്ശാസ്ത്രജ്ഞനായ യുങ്ങ് ചൂണ്ടിക്കാണിച്ചിട്ടുള്ളതിനു് അടിസ്ഥാനമുണ്ടെങ്കിലും, മതം ആവശ്യമാണെന്നു കാണിക്കുവാനും മതമത്സരങ്ങൾ നിറുത്തുവാനുമായി ഇന്നു് എടുത്തുവിളമ്പാറുള്ള ഒരു പുതിയ വാദത്തിനു്—അതായതു്, എല്ലാ മതങ്ങളുടേയും ആന്തരികതത്വം ഒന്നാണെന്നുള്ളതിനു്—നില്ക്കക്കള്ളിയില്ല. ഈ പുതിയ വാദത്തെ ശ്രീ. കുറ്റിപ്പുഴ യുക്തിപൂർവ്വം ‘മനംമയക്കുന്ന ആ ശബ്ദജാലം’ എന്ന ഉപന്യാസത്തിൽ ഖണ്ഡിച്ചിട്ടുണ്ടു്. ‘സജീവമതങ്ങളും ആധുനിക ചിന്താഗതിയും’ എന്ന 1936-ൽ പ്രസിദ്ധപ്പെടുത്തിയ തന്റെ കൃതിയിൽ ഒരു തത്വജ്ഞാന പ്രൊഫസ്സറായ മി. വിഡ്ജെറി 11 മതങ്ങളെ പരിശോധിച്ചതിനു ശേഷം മതത്തെസ്സംബന്ധിച്ചുള്ള ഇന്നത്തെ ഭേദപ്പെട്ട വീക്ഷണകോടി മതത്തിന്റെ പ്രയോജനത്തെ ഇടിച്ചുതാഴ്ത്തേണ്ട ആവശ്യം കാണിക്കുന്നില്ലെന്നു് അഭിപ്രായപ്പെട്ടിരിക്കുന്നു. അനന്തരം, ദൈവമെന്നുള്ള കേന്ദ്രവസ്തുത എല്ലാ മതങ്ങളിലും ഒന്നു പോലെ കാണാമെന്നും, മതങ്ങൾ തമ്മിലുള്ള പ്രതികൂലനിരൂപകർ പർവ്വതീകരിച്ചുവരുന്നുവെന്നും, ഒരു സാർവ്വ ദേശീയമായ സംസ്കാരം എന്ന ആശയം ഉത്ഭവിച്ചു തുടങ്ങിയിരിക്കുന്ന ഇന്നു പ്രത്യേക സംസ്കാരങ്ങളെന്നും മതങ്ങളെന്നും പേരിട്ടിട്ടുള്ളവയെ ഈ ഒറ്റയായതിന്റെ ഭാഗങ്ങളെന്നു വേണം പരിഗണിക്കേണ്ടതെന്നും പറഞ്ഞിരിക്കുന്നു. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ ഘടകങ്ങളെ ബലപ്പെടുത്തുന്നതിലുള്ള വ്യത്യാസങ്ങളെ ആസ്പദിച്ചു ജനിച്ചിട്ടുള്ളവയാണു്. ഇതിനുദാഹരണങ്ങളായി, ഇസ്ലാം പ്രാർത്ഥനയും ദൈവത്തിന്റെ ഏകത്വവും, ബുദ്ധ മതം സംസാരസങ്കടത്തിൽനിന്നുള്ള മോക്ഷവും, ക്രിസ്തുമതം പാപമോചനവും, പാർസിമതം സകല തിന്മകളോടുമുള്ള പട വെട്ടലും, ഹിന്ദുമതം ദൈവത്തോടുള്ള മിസ്റ്റിക്ക് സംയോഗവും, ബലപ്പെടുത്തിയിരിക്കുന്നതു് ഉദ്ധരിക്കാമെന്നും, മനുഷ്യവർഗ്ഗം ഒരു ഒറ്റമതം സ്വീകരിക്കുന്നതുകൊണ്ടു മതത്തിന്റെ സമ്പത്തു വർദ്ധിക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഒരു ഒറ്റമതത്തിന്റെ സ്വീകരണത്തെ വിഡ്ജെറി പ്രതികൂലിച്ചിട്ടുള്ളതു ശ്രീ. കുറ്റിപ്പുഴയുടെ നിലയെ യഥാർത്ഥമായി പിന്താങ്ങുകയാണു് ചെയ്യുന്നതു്.

എയിൻസ്റ്റെയി ന്റെ സാപേക്ഷകത്വവാദവും, പ്ലാങ്കി ന്റെ ക്വാണ്ടം മെക്കാനിക്സും, പ്രകൃതിശാസ്ത്രജ്ഞരെ തങ്ങളുടെ ചിന്താരീതികളിൽ ചിലതിനെ പരിഷ്കരിക്കുവാൻ പ്രേരിപ്പിച്ചതിനെ ആസ്പദിച്ചു്, 20-ാം ശതാബ്ദത്തിലെ ശാസ്ത്രജ്ഞർ ആസ്തിക്യത്തിലേക്കു മടങ്ങി വന്നിരിക്കുന്നു എന്നു മതപക്ഷക്കാർ പുറപ്പെടുവിക്കാറുള്ള വാദവും ശ്രീ. കുറ്റിപ്പുഴ യുക്തിപൂർവ്വം ഖണ്ഡിച്ചിട്ടുണ്ടു്. 1933-ൽ വൈദ്യശാസ്ത്രത്തിനു നോബൽ പ്രൈസ് കിട്ടിയ ദേഹവും, മെൻഡലി ന്റെ ഇൻഹെറിറ്റൻസ് വാദത്തിൽ ഒരു പ്രമാണിയായ ഗവേഷകനുമായ പ്രൊഫസ്സർ ടി. എച്ച്. മോർഗൻ 1933-ൽ പ്രസിദ്ധപ്പെടുത്തിയ ‘പരിണാമവാദത്തിന്റെ ശാസ്ത്രീയമായ അടിസ്ഥാനം’ എന്ന കൃതിയിൽ, പ്രസ്തുത പുതിയ കണ്ടുപിടുത്തങ്ങൾ നിമിത്തം തത്വജ്ഞാനികൾ സയൻസിൽ തലയിടുവാൻ തുടങ്ങിയിരിക്കുന്നതിനെ ഇങ്ങനെ ആക്ഷേപിച്ചിരിക്കുന്നു: “ഏറ്റവും വിശാലമായ അർത്ഥമുള്ള മെക്കാനിസ്റ്റ് മാർഗ്ഗം എന്നതിന്റെ പ്രയോഗത്തിൽ നിന്നു സയൻസിനു വളരെയധികം പുരോഗതി ലഭിച്ചിട്ടുണ്ടെന്നു മെക്കാനിസ്റ്റ് ശാസ്ത്രജ്ഞൻ ഉറപ്പിച്ചു പറയുന്നു. തത്വശാസ്ത്രജ്ഞർ ഈ മെക്കാനിസ്റ്റുകളുടെ പുരോഗതിക്കു സീമകൾ കല്പിക്കുന്നതിനെ ഇവർ ഇഷ്ടപ്പെടുന്നില്ല. ഈ തത്വശാസ്ത്രജ്ഞരുടെ തീരുമാനങ്ങളുടെ നിസ്സന്ദേഹത്വത്തെ ഇവർ ചോദ്യം ചെയ്യുകപോലും ചെയ്യുന്നു. മെക്കാനിസ്റ്റ് ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ ഏറ്റവും ധീരരായവർ ഇതിലുമധികം മുന്നോട്ടു പോകുന്നു. അന്തരാലോകനപരമായ ആത്മവിദ്യയുടേയും, ലോകോത്തരമായ തത്വജ്ഞാനത്തിന്റേയും പ്രകാശത്തിൽ മൂടുപടം ധരിച്ചുകൊണ്ടു വിശ്വത്തിലെ സകല പ്രശ്നങ്ങളേയും തീരുമാനിക്കുന്നതായി നടിക്കുന്ന മാനുഷിക മനസ്സിന്റെ രഹസ്യപഠനങ്ങളേയും, മായാദർശനങ്ങളേയും, കിറുക്കുകളേയും തങ്ങളുടെ ഗവേഷണത്തതിനകത്തു കൊണ്ടുവന്നു പരിശോധിക്കുവാൻ കാലക്രമേണ സാധിക്കുമെന്നും കൂടി ഇവർ വിചാരിക്കുന്നു”. കമ്യൂണിസ്റ്റുകളുടെ ചില കാര്യങ്ങളിലുള്ള യുക്തിവാദരാഹിത്യംപോലും ശ്രീ. കുറ്റിപ്പുഴ എടുത്തുകാട്ടുന്നുണ്ടു്.
ഗ്രന്ഥകർത്താ: കുറ്റിപ്പുഴ കൃഷ്ണപിള്ള
പ്രസാധകർ: മംഗളോദയം ലിമിറ്റഡ്, തൃശ്ശിവപേരൂർ
വില 1ക. 8ണ. മംഗളോദയം, 1121 കന്നി.
(കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനത്തിനു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)

പാശ്ചാത്യ സാഹിത്യ ചിന്തകളുടെ ഊഷ്മള ചൈതന്യം മലയാള ഭാഷയിലേക്കു് ആവാഹിച്ച ഫ്യൂച്ചറിസ്റ്റ് ചിന്തകനും വിമർശകനും. പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു.
1889-ൽ തമ്പാനൂരിലെ പുളിക്കൽ മേലേ വീട്ടിൽ ജനനം. പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരൻകർത്താവാണു് അച്ഛൻ. അമ്മ പാർവ്വതി അമ്മ. കുടിപ്പള്ളിക്കൂടത്തിലും കൊല്ലം ഹൈസ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം. 1908-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നു് ചരിത്രം ഐഛികമായെടുത്തു് ബി. എ. ജയിച്ചു. ഗേൾസ് കോളേജിലും കൊല്ലം മഹാരാജാസ് കോളേജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു. സായാഹ്നക്ലാസിൽ പഠിച്ചു് 1913-ൽ ബി. എൽ. ജയിച്ചു. 1917-ൽ ജോലി രാജി വെച്ചു വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം ഹൈക്കോടതിയിൽ വക്കീലായിരുന്നു.
1922 മെയ് 14-൹ സമദർശിയുടെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ടു് പത്രപ്രവർത്തനരംഗത്തേക്കു് പ്രവേശിച്ചു. 1926 ജൂൺ 19-൹ സമദർശിയുടെ പത്രാധിപത്യം രാജിവെച്ചു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങൾ നടത്തി. 1930 ജൂൺ 4-൹ പ്രബോധകൻ ശാരദാ പ്രസ്സിൽ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബർ 10-൹ ലൈസൻസ് റദ്ദാക്കിയതുകൊണ്ടു് പ്രബോധകൻ നിർത്തി. പിന്നീടു് 1930 സെപ്തംബർ 18-൹ തന്നെ കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1931 ഫെബ്രുവരി 19-൹ കോടതിയലക്ഷ്യത്തിനു് 200 രൂപ പിഴ ചുമത്തുന്നു. 1935 ഏപ്രിൽ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാൻ കഴിയാതാവുകയും 1936-ൽ കടം താങ്ങാനാവാതെ ശാരദാ പ്രസ്സും ഉപകരണങ്ങളും വിൽക്കുകയും ചെയ്യുന്നു.
പാശ്ചാത്യ സാഹിത്യത്തെ മലയാളികൾക്കു് പരിചയപ്പെടുത്തിക്കൊടുത്തതു് കേസരിയാണു്. ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിനു് പ്രയോഗിക്കേണ്ട ഒരായുധമായിട്ടാണു് അദ്ദേഹം സാഹിത്യത്തെ കണ്ടതു്. വൈദേശിക സാഹിത്യപ്രസ്ഥാനങ്ങളെ മുൻ നിർത്തി മലയാളസാഹിത്യത്തെ വിലയിരുത്താനാണു് അദ്ദേഹം ഉദ്യമിച്ചതു്. പ്രസ്ഥാന നിരൂപകൻ, സാങ്കേതിക നിരൂപകൻ, ചിത്രകലാ നിരൂപകൻ, എന്നൊക്കെയാണു് കേസരി വിശേഷിപ്പിക്കപ്പെടുന്നതു്.
മലയാളം കൂടാതെ ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നിവയും അസീറിയൻ, സുമേറിയൻ ഭാഷകളും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ യൂറോപ്യൻ ഭാഷകളും സംസ്കൃതം, അറബി എന്നിവയും തമിഴു്, തെലുങ്ക്, കന്നട, ചൈനീസ് എന്നീ ഭാഷകളും അറിയാമായിരുന്നു.
1930-കളിൽ ശാരദ പ്രസ്സിൽ ഒത്തു കൂടിയിരുന്ന എഴുത്തുകാരുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും കൂട്ടായ്മയാണു് കേസരി സദസ്. തകഴി, പട്ടം താണുപിള്ള, എ. വി. കൃഷ്ണപിള്ള, കെ. എ. ദാമോദരൻ, എൻ. എൻ. ഇളയതു്, ബോധേശ്വരൻ, സി. നാരായണപിള്ള തുടങ്ങിയവരായിരുന്നു കേസരി സദസിൽ ഒത്തു കൂടിയിരുന്നതു്.
1942 സെപ്തംബർ 3-നു് തിരുവനന്തപുരത്തു നിന്നും വടക്കൻ പറവൂരിലേക്കു് താമസം മാറ്റി. 1960 ഡിസംബർ 18-നു് ആ മഹാമനീഷി ഈ ലോകത്തോടു വിടപറഞ്ഞു.
പതിമൂന്നു വിവർത്തനങ്ങളുൾപ്പെടെ 41 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
- കാമുകൻ (തർജ്ജമ)
- ലാർഡ് കിച്ചനർ
- പുരാതത്വ പ്രദീപം
- അലക്സാണ്ടർ മഹാൻ
- യുളിസസു് ഗ്രാന്റ്
- രണ്ടു് സാഹസികയാത്രകൾ
- ഐതിഹ്യ ദീപിക
- വിക്രമാദിത്യൻ ത്രിഭുവന മല്ലൻ
- ഹർഷ വർദ്ധനൻ
- കാർമെൻ (തർജ്ജമ)
- നവലോകം
- പ്രേതങ്ങൾ
- രൂപമഞ്ജരി
- ഒരു സ്ത്രീയുടെ ജീവിതം
- ഓമനകൾ
- ആപ്പിൾ പൂമൊട്ട്
- നോവൽ പ്രസ്ഥാനങ്ങൾ
- മൂന്നു് ഹാസ്യ കഥകൾ
- മോപ്പസാങ്ങിന്റെ ചെറുകഥകൾ (തർജ്ജമ)
- സാഹിത്യ ഗവേഷണ മാല
- പ്രാചീന കേരള ചരിത്ര ഗവേഷണം
- സാങ്കേതിക ഗ്രന്ഥ നിരൂപണങ്ങൾ
- ഒമ്പതു് പ്രഞ്ച കഥകൾ
- നാലു് ഹാസ്യ കഥകൾ
- സാഹിത്യ വിമർശനങ്ങൾ
- ആദം ഉർബാസ്
- എട്ടു് പാശ്ചാത്യ കഥകൾ
- കേസരിയുടെ മുഖ പ്രസംഗങ്ങൾ
- ചരിത്രത്തിന്റെ അടിവേരുകൾ
- കേസരിയുടെ സാഹിത്യ വിമർശനങ്ങൾ
- കേസരിയുടെ ലോകങ്ങൾ
- നവീന ചിത്ര കല
- ചരിത്ര പഠനങ്ങൾ
- Outline of Proto Historic Chronology of Western Asia
- കേസരിയുടെ ചരിത്ര ഗവേഷണങ്ങൾ (നാലു വാള ്യം)
ഡ്രോയിങ്: മധുസൂദനൻ.
(വിവരങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)