കേരളത്തിൽ പഠിപ്പു കുറഞ്ഞവരും രോഗികളും ധാരാളമുണ്ടെങ്കിലും മുറിവൈദ്യന്മാരെയും എഴുത്തശ്ശന്മാരെയും ക്ഷാമം ഇത്രയധികം തീർന്നുകിട്ടുന്ന ദിക്കും, വേറെ ഉണ്ടോ എന്നു വളരെ സംശയമാണു്. പണ്ടു തുഞ്ചത്തെഴുത്തശ്ശൻ ഒരു ഗ്രന്ഥം തീരാറായ സമയം അമാനുഷനായ ആ മഹാകവിയെ പരീക്ഷിക്കേണ്ടതിനു ചില നമ്പൂതിരിമാർ മൂലഗ്രന്ഥം ഒളിച്ചു വെച്ചപ്പോൾ അതുവരെയുള്ള കഥാപ്രസംഗത്തിനനുസരിച്ചു ബാക്കിയുള്ള ഒന്നു രണ്ടു ശ്ലോകങ്ങൾ താൻ തന്നെ ഉണ്ടാക്കി ചേർത്തുപോലും. പിന്നീടു മൂലഗ്രന്ഥവുമായി ഒത്തുനോക്കിയപ്പോൾ ശ്ലോകങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവും കണ്ടില്ല. അതിൽ പിന്നെ ഈ മഹാകവിക്കു സരസ്വതി പ്രത്യക്ഷമാണെന്നു തീർച്ചപ്പെടുത്തി, “എഴുത്തിന്റെ അച്ഛൻ” അല്ലെങ്കിൽ എഴുത്തച്ഛൻ എന്ന സ്ഥാനപ്പേരും കിട്ടി എന്നൊരു കഥയുണ്ടു്. ഇപ്പോൾ എഴുത്തശ്ശനാവാൻ എഴുത്തുമായിട്ടു സംബന്ധംതന്നെ വേണമെന്നില്ല. അരിക്കും നെല്ലിനും മാത്രമേ വില കയറീട്ടുള്ളൂ. മറ്റെല്ലാ സാധനങ്ങൾക്കും എന്നുവേണ്ട, സ്ഥാനമാനങ്ങൾക്കു കൂടി ഇപ്പഴ് വില സഹായമുണ്ടു്. കഷ്ടിച്ചു കൂട്ടിവായിക്കാറായാൽ എഴുത്തശ്ശനാവാം. ഒന്നു രണ്ടു ശ്ലോകമുണ്ടാക്കിയാലത്തെ കഥ പറയേണ്ട. കവിയായിപ്പോയി. വൈദ്യനോ വൈദികനോ ആവാൻ അത്രയും അറിയണമെന്നില്ല. അച്ഛനോ അമ്മാമനോ വൈദ്യനായാൽ താനും വൈദ്യനായി. എഴുത്തശ്ശനാവാൻ പാരമ്പര്യം കൂടി നോക്കാനില്ല. ഈ ജാതിയിൽ നാലഞ്ചു തരക്കാരുണ്ടെങ്കിലും തൽക്കാലം ഇവിടെ വിവരിക്കാൻ പോകുന്നതു്, കാലക്രമേണ നശിച്ചു പോകുന്നവരും നാട്ടുംപുറങ്ങളിൽ മാത്രം ഇപ്പഴും ദുർലഭമായി കണ്ടുവരുന്നവരുമായ കൂട്ടരെപ്പറ്റിയാണു്. മലയാളത്തിലെ ആശാരി, മൂശാരി, തട്ടാൻ, ജന്മി, എജമാനൻ, ഉദ്യോഗസ്ഥൻ എന്നുവേണ്ട, മിക്ക ജാതിക്കാരേയും കാണുമ്പോൾത്തന്നെ ഇന്ന ജാതിക്കാരാണെന്നു ക്ഷണത്തിൽ തിരിച്ചറിയാവുന്നതുപോലെ എഴുത്തശ്ശന്മാരെയും ഏതാണ്ടു കാണുമ്പോൾതന്നെ തിരിച്ചറിയാവുന്നതാണു്. സാധാരണജനങ്ങളുടെ ഉടുപ്പും മാതിരിയും മറ്റും കാണുമ്പോൾ അവരു് ഇന്ന ദിക്കുകാരാണെന്നു നാം മിക്കവാറും ഊഹിച്ചു പറയുന്നവസ്ഥയ്ക്കു എഴുത്തശ്ശനാണെന്നു പറഞ്ഞുനടക്കുന്നവരെയും നമുക്കു ക്ഷണത്തിൽ ഊഹിച്ചറിയാം. കഷണ്ടിയാണെന്നു പറയാൻ പാടില്ലാത്തവിധത്തിൽ തലയിൽ രോമം വളരെ കുറഞ്ഞു്, ഇരുവിരൽ നെറ്റിയും കുണ്ടൻ കണ്ണും, ഒട്ടിയ കവിളും, നീട്ടം കുറഞ്ഞു് ബഹുവിസ്തീർണമായ ദ്വാരത്തോടുകൂടിയ മൂക്കും, നേരിയ ചുണ്ടും, ഒരുമാതിരി പച്ചനിറത്തോടുകൂടിയ നീണ്ട പല്ലും വലിയ മുഴയോടുകൂടി വണ്ണം കുറഞ്ഞ കഴുത്തും, നെഞ്ഞുന്തി ലേശംപോലും ഉദരപുഷ്ടിയില്ലാത്ത മെലിഞ്ഞ ദേഹവും, കയ്യും കാലും നന്ന നേർത്തും, കഷ്ടിച്ചു മുട്ടുമറയുന്നതായ കട്ടിമുണ്ടും ഉടുത്തു്, എടങ്ങഴി ഭസ്മവും വാരിത്തേച്ചു് നല്ലൊരു എഴുത്താണി പീശാങ്കത്തിയുമായി, ക്ഷയരോഗിയുടെ മാതിരി സദായ്പോഴും കുരച്ചോണ്ടു്, ചൊറിഞ്ഞോണ്ടു്, ആകപ്പാടെ മനുഷ്യാകൃതിയിൽ, ഭയങ്കരമായിട്ടുള്ള ഒരു പൈശാചികരൂപം കണ്ടാൽ, അതൊരു എഴുത്തശ്ശനായിരിക്കണമെന്നു് ഊഹിക്കുന്നതായാൽ അധികമായ അബദ്ധമൊന്നും വരാനിടയില്ല. കാലാവസ്ഥകൊണ്ടു ചിലരുടെ വേഷം ഇതിലും കുറെ നന്നായിട്ടുണ്ടു്. അങ്ങനെയുള്ളവരുടെ ആകൃതിക്കനുസരിച്ചു് പ്രകൃതിക്കും ചില വ്യത്യാസങ്ങൾ കാണാം. ഇപ്പോൾ മിക്ക ദിക്കിലും ഗ്രാമസ്കൂൾ വെച്ചതു കൊണ്ടും, നവീന സമ്പ്രദായക്കാർക്കു് ഇങ്ങനെയുള്ള കൂട്ടരെ പരിഹാസമുള്ളതുകൊണ്ടും കാവടിക്കാരെപ്പോലെ ഇവർക്കും പട്ടണങ്ങളിൽനിന്നു നിത്യവൃത്തിക്കു വേണ്ടുന്ന അനുഭവമൊന്നും കിട്ടാത്തതിനാൽ ഈ വക വിദ്വാന്മാരേയും കുറഞ്ഞൊരു കാലമായി നാട്ടുംപുറങ്ങളിലാണു് സാധാരണ കണ്ടുവരുന്നതു്. എഴുത്തശ്ശന്മാരെക്കൊണ്ടു പലേ ഉപകാരങ്ങളുമുണ്ടു്. ഒന്നാമതു വീട്ടിൽ കള്ളന്മാർ കടക്കുമെന്നുള്ള ഭയം വേണ്ട. എണ്ണയോ കുഴമ്പോ കാച്ചണമെങ്കിൽ അതിനും തയാറാണു്. പഞ്ചാംഗത്തിന്റെ ആവശ്യവും കുറയും. എഴുത്തശ്ശന്മാരുടെ മട്ടു പല ദിക്കിലും പലമാതിരിയാകകൊണ്ടു് അവരുടെ പ്രവൃത്തി എന്തെല്ലാമാണെന്നു ഖണ്ഡിച്ചു പറയാനായിട്ടു പ്രയാസമാണു്. ചില ദിക്കിലുള്ള കൂട്ടരു്, കണ്ടാൽ യോഗ്യന്മാരായിരിക്കും. അങ്ങനെയുള്ളവർക്കു ഭക്തിവിഷയത്തിൽ സക്തികുറയും. ശൃംഗാരത്തിലായിരിക്കും വാസന. കുളിയും ജപവും തോർത്തുമുണ്ടും ചന്ദനപ്പൊട്ടും അമ്മായി ശ്ലോകങ്ങളും, മൂളൻപാട്ടും, അതിനടുത്തു് വേറെ ചില രസികത്വങ്ങളും ഒക്കെയുണ്ടാകും. പക്ഷേ, ഈ തരക്കാരെ കസ്ബസ്ഥലങ്ങളിൽ വളരെ ദുർലഭമേ കാണുന്നുള്ളൂ. ചില ദിക്കിൽ ഇവർ മന്ത്രവാദികളായിട്ടും നടക്കാറുണ്ടു്. ചിലേടങ്ങളിൽ എഴുത്തശ്ശൻതന്നെയായിരിക്കും കലവറക്കാരൻ. മിക്ക ദിക്കിലും സംബന്ധക്കാരെ അന്വേഷിച്ചുണ്ടാക്കുന്ന ഭാരവാഹിത്വം എഴുത്തശ്ശന്മാരിൽത്തന്നെയാണു്. ആകപ്പാടെ വിചാരിച്ചുനോക്കിയാൽ എഴുത്തശ്ശൻ എല്ലാറ്റിനും കൊള്ളുന്നവനായിരിക്കണം. അവർക്കു സകലതും ഗ്രാഹ്യമാണെന്നാ വച്ചിട്ടുള്ളതു്. ചില സങ്കീർത്തനങ്ങളും നാലഞ്ചഷ്ടകങ്ങളും കുറെ പച്ചപ്പാട്ടും ഒന്നുരണ്ടു ഖാണ്ഡത്തിൽ ചുരുങ്ങാതെ അമരവും ഒന്നോ രണ്ടോ ചില്ലറ കാവ്യങ്ങളും കുറേശ്ശേ വൈദ്യവും അൽപ്പം പ്രശ്നമാർഗവും വൈകുന്നേരത്തെ വിനോദത്തിനു മാത്രം കുറച്ചു വേദാന്തവും അറിയാത്ത എഴുത്തശ്ശന്മാരു് ചുരുങ്ങും. കുറഞ്ഞൊരു കാലത്തിനിന്നോട്ടു് അൽപ്പം വ്യവഹാരം ശീലിച്ചവരും ഇല്ലെന്നില്ല. എഴുത്തറിയുമെങ്കിൽ സംഗീതം വശമുണ്ടോ എന്നു ചോദിക്കണമെന്നുതന്നെയില്ല. ഉൾനാടുകളിൽ രാമായണം, ഭാരതം മുതലായതു വായിക്കുന്നതു് ഇന്നു ‘എഴുത്തശ്ശൻ മട്ടിലാണു്.’ ചിലരുടെ പക്ഷം അങ്ങനെ വായിച്ചാലേ ഗുണമുള്ളൂ എന്നുകൂടിയുണ്ടു്. ഈ രാഗം ആലാപിക്കയെന്നോ വിലാപിക്കയെന്നോ എന്താ പറയേണ്ടതെന്നുതന്നെ നിശ്ചയമില്ല. ഏതെങ്കിലുമായിക്കോട്ടെ, ചിലരു് ഇതു ശീലിക്കാനായി വളരെ പ്രയാസമാണെന്നു ധരിച്ചുവശായിട്ടുണ്ടോ എന്നു ശങ്കിക്കേണ്ടിവന്നിരിക്കുന്നു. ദീക്ഷിതരു്, ത്യാഗരാജൻ മുതലായ മഹായോഗ്യന്മാരും കൂടി ഈ രാഗത്തിന്റെ സ്വരചിത്ത എന്താണെന്നറിയേണ്ടതിനു വളരെ ശ്രമിച്ചിട്ടേതും ഫലമായില്ലെന്നു കേട്ടിട്ടുണ്ടു്. കുറേ മനസ്സിരുത്തി നോക്കിയാൽ നാം വിചാരിക്കുന്നത്ര ബുദ്ധിമുട്ടുണ്ടെന്നു തോന്നീല്ല. ഒന്നാമതു നല്ല കണ്ഠമായിരിക്കണം. ഇടത്തെ കൈ, ഇടത്തെ ചെവിയുടെ അടുക്കൽ ഒറപ്പിച്ചുവെച്ചു് ഉദാത്തം, അനുദാത്തം, സ്വരിതം എന്നീ മൂന്നു വിധത്തിൽ ഒന്നായിട്ടും വേറെയും വായ നല്ലവണ്ണം പൂട്ടി തല കലുക്കിയും കൊണ്ടു വളരെ നേരം മൂളാനായിട്ടാണു് ആദ്യമായി അഭ്യസിക്കേണ്ടതു്. പിന്നെ, വായ പാടുള്ളടത്തോളം തുറന്നു്, ‘ആ’ എന്നു് ഉച്ചത്തിൽ നിലവിളിക്കാൻ ശീലിക്കണം. അങ്ങനെതന്നെ വായ കവിടിസഞ്ചിയുടെ മാതിരി പൂട്ടി. ‘ഊ’ എന്നു കാളാനും പഠിക്കണം. അവസാനം വായപകുതി തുറന്നു്, ‘ഏ’കാരം പുറപ്പെടുവിക്കാനും മനസ്സിലാക്കേണ്ടതാവശ്യമാണു്. ഇതൊക്കെ ശീലിച്ചു പോയാൽ വർണം, അലങ്കാരം എന്നുവേണ്ട, സകല രാഗങ്ങളും പൊടിപാറിച്ചു പാടാം. പേരു മാത്രം തരംപോലെ വിളിച്ചോണ്ടാൽ മതി. എഴുത്തശ്ശൻ രാഗത്തിലും കഥകളിപ്പാട്ടിലും ഉച്ചത്തിൽ നിലവിളിക്കുന്നതാണു് മുഖ്യാവശ്യം. ആദ്യത്തെ സ്വരം ഏകദേശം പകുതി ആവുമ്പോൾത്തന്നെ സമീപമുള്ള നായ്ക്കളൊക്കെ ഞെട്ടി ഉണർന്നു, ‘ശങ്കിടി’ പാടാൻ തുടങ്ങണം. ഇതൊരു പരിഹാസമാണെന്നു വിചാരിക്കരുതു്. ഒരു വസ്തുഗന്ധമില്ലാത്ത പശുക്കൾ കൂടി നല്ല പാട്ടു കേട്ടാൽ ഭ്രമിച്ചുനില്ക്കുന്ന അവസ്ഥയ്ക്കു്, അവറ്റിനേക്കാൾ എത്രയോ ബുദ്ധിയുള്ള നായ്ക്കൾ ചിലസമയം ഒന്നിച്ചു പാടുന്നതാശ്ചര്യമാണോ! വല്ലതും വായിക്കുമ്പോൾ കേൾക്കുന്നാൾക്കു മാത്രമല്ല, വായിക്കുന്നവനുകൂടി അർഥം മനസ്സിലാവാത്ത വിധത്തിൽ പദങ്ങൾ മുറിച്ചും ചില അക്ഷരങ്ങൾ കൂട്ടിച്ചേർത്തും വായിക്കണം. ഈ തത്ത്വം കഥകളിപ്പാട്ടുകാർക്കു നല്ലവണ്ണം ഓർമയുണ്ടെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. അക്ഷരം തിരിയാത്ത ദിക്കിൽ മൂളിക്കൊള്ളണം. അങ്ങനെതന്നെ അക്ഷരം രാഗം മാറുന്നതും അക്ഷരം തിരിയാത്ത ദിക്കിൽ മൂളിക്കൊള്ളണം. അങ്ങനെ രാഗം മാറുന്നതും അക്ഷരം തിരിയാത്ത ദിക്കിന്നു തന്നെ വേണ്ടതാണു്. “…വട്ടാ…ത്തിൽ… നില്കുമീ… വറ്റെ… യേ… യേ… യൊരമ്പെ… യിതു… ഊ… പൊട്ടിക്കിൽ ബാലിയെ… ക്കൊല്ലാ… ആ…യി വരും… … ദൃഢം…” എന്നാണു് പാടിയതെങ്കിൽ അതിന്റെ അർഥം ‘വട്ടത്തിൽ നില്കുമിവറ്റെ, യൊരമ്പെയ്തു, പൊട്ടിക്കിൽ, ബാലിയെ കൊല്ലായ്വരും ദൃഢം’ എന്നാണു്.
എഴുത്തശ്ശന്മാരുടെ വായനയേക്കാൾ രസം പിടിക്കുന്നതു്, അവരുടെ അർത്ഥം പറയലിലാണു്. നാരായണീയത്തിലെ ആദ്യത്തെ ശ്ലോകത്തിന്റെ അർഥമാണു് പറയാൻ ഭാവമെങ്കിൽ, വൈയാകരണന്മാരൊക്കെ ഓടി ഒളിക്കേണ്ടുന്ന പാകത്തിൽ ലേശംപോലും ദയയില്ലാതെ, പദങ്ങളൊക്കെ തറിച്ചു മുറിച്ചു് എഴഞ്ഞൊണ്ടു് കൊഴഞ്ഞൊണ്ടു് ശ്ലോകം ആകപര്യന്തം ഒന്നു് നീട്ടിവലിച്ചു ചൊല്ലി, അവസാനം ‘ഒരു ദീർഘശ്വാസം വിട്ടു്’ “എന്താണവിടുത്തെ മഹിമ” എന്നും പറഞ്ഞു്, രണ്ടാമതും “സാന്ദ്രാനന്ദാവ ബോധത്മകമനുപമിതം കാലദേശാവധിഭ്യാം—ഗുരുവായൂരപ്പന്റെ വിലാസം!—എന്തൊരാശ്ചര്യമാണു്!—കാലത്തെ അവിടെ പോയി തൊഴുതാൽത്തന്നെ ആനന്ദമായി. ആനന്ദം വന്നാലോ ആത്മാവിനു് ബോധവും വന്നില്ലേ—നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം—പോയാൽത്തന്നെ മുക്തിയായി. പത്തായിരം ജനങ്ങൾ ദിവസേന വന്നു തൊഴുന്നില്ലേ! എന്റെ ഭഗവാനേ… പട്ടേരിപ്പാട്ടീന്നു് ഇതു് ചൊല്ലിയപ്പോൾത്തന്നെ ഭഗവാൻ തല കുലുക്കിയിരിക്കുന്നു. അസ്പഷ്ടം ദൃഷ്ടമാത്രെ—തല കുലുക്കിയപ്പോൾ ആ ബിംബത്തിന്റെ മൂർധാവിങ്കൽ വച്ച നാരങ്ങ കാണാനില്ല. പുനരുരു പുരുഷാർത്ഥാത്മകം ബ്രഹ്മതത്ത്വം—നിന്തിരുവടിയുടെ മായാവിലാസം ഏതൊരു പുരുഷനെക്കൊണ്ടാണു് അറിയാൻ കഴിയുന്നതു്—അവിടുത്തെ കൃപാകടാക്ഷമുണ്ടായാൽ ഒന്നിനും ഒരാലസ്യമുണ്ടാവില്ല. തത്താവൽ ഭാതിസാക്ഷാൽ ഗുരു പവനപുരേ ഹന്ത ഭാഗ്യം ജനാനാം—ഏഃ-ഏഃ— എന്താണവിടുത്തെ മഹിമ. ഗുരുവായൂരുള്ള ജനങ്ങളുടെ ഭാഗ്യം പറഞ്ഞാലവസാനിക്കില്ല—കാലത്തു മുട്ടോളം എകരത്തിൽ കാണും—ഉച്ചപൂജ കഴിഞ്ഞാൽ അരയോളമാകും—വൈകുന്നേരമാകുമ്പോഴേക്കു് ഒരാളെകരത്തിൽ ഒട്ടും കുറയില്ല. സാക്ഷാൽ ഭഗവാൻ തന്നെയാണതു്. ആ പായസവും മഞ്ഞുളാലും കിഴക്കേ നടയും അനവധി പെണ്ണുങ്ങൾ നിത്യേന കുളിച്ചുവരുന്ന വരവും എന്റെ ഭഗവാനേ—എന്താ പറയേണ്ടതു്, കാണേണ്ടതു തന്നെയാണു്—അതു തന്നെയാണു് ഭാഗ്യം—” എനി ഈ വിദ്വാന്മാരുടെ അഭ്യാസക്രമം ഇതിലും കേമമാണു്.
ബാലന്മാരുടെ ഹൃദയങ്ങളെ ആദ്യമേ ഉപയോഗമുള്ളവയും അറിവിനെ വർദ്ധിപ്പിക്കുന്നതുമായ വിഷയങ്ങളിൽ പ്രവർത്തിക്കേണ്ടതാണെന്നോ, ജനങ്ങൾക്കു് ബാല്യത്തിൽ ഉണ്ടാവുന്ന ശീലം എന്നും മനസ്സിൽ സ്ഥിരമായിരിക്കുന്നതിനാൽ ബാലപരിചരണത്തിൽ എത്രയോ ശ്രദ്ധവയ്ക്കേണ്ടതാണെന്നോ, കുട്ടിക്കു് തന്റെ മാതാപിതാക്കന്മാരെ വ്യാവർത്തിച്ചറിയാറായപ്പോൾത്തന്നെ അതിന്നു് പ്രഥമമായി ഉണ്ടായ വ്യാമോഹം നശിച്ചിരിക്കുന്നു എന്നോ ബാല്യത്തിൽ കുട്ടികൾക്കു് അറിവില്ലല്ലോ എന്നു് വിചാരിച്ചു് അവർക്കു് വേണ്ടുന്ന ജ്ഞാനങ്ങളേയും ബുദ്ധിയേയും ഉണ്ടാക്കുന്നതിനു പ്രയത്നപ്പെട്ടില്ലെങ്കിലും ദുരൂഹമായിരിക്കുന്ന ദൈവശക്തികൊണ്ടു് അവരുടെ മനസ്സിൽ ദിവസംപ്രതി ഓരോ ബോധങ്ങളും സ്വഭാവഭേദങ്ങളും ഉൽപ്പന്നങ്ങളായിരിക്കുമെന്നൊ ഒന്നും നമ്മുടെ ഈ വക ഗുരുക്കന്മാർക്കു് നിശ്ചയമില്ലാത്തതുകൊണ്ടു് കുട്ടികളുടെ മുമ്പാകെ ഇന്നതു പറഞ്ഞുകൂടാ, അല്ലെങ്കിൽ ഇന്നതു് ചെയ്തുകൂടാ എന്നൊരു പിടുത്തവുമില്ല. പുത്രധനം ദൈവദത്തമായിട്ടുള്ളതാകകൊണ്ടു് അവരെ സന്മാർഗത്തിൽ വളർത്തേണ്ടുന്ന ഭാരം മാതാപിതാക്കന്മാരിൽ പ്രത്യേകം ഇരിക്കുന്നതാണെങ്കിലും കേരളീയ സമ്പ്രദായപ്രകാരം, മക്കളെ നല്ലവണ്ണം വിളിക്കാനും പറയാനും കൂടി പാടില്ലാത്തതാണു്. അച്ഛനെ കാണുമ്പോൾ കുട്ടികൾ കിടുകിട വിറയ്ക്കണം. അതു കൊണ്ടു് ശൈശവം മുഴുവനും വല്ല പീറകളുടേയോ ബുദ്ധിയില്ലാത്ത ദാസികളുടേയോ സഹവാസത്തിലായതുകൊണ്ടു് അവരെ വളരെ ദുർബുദ്ധികളായി അവരുടെ ദുസ്സാമർഥ്യംകൊണ്ടു് അമ്മയച്ഛന്മാർക്കു് ബുദ്ധിമുട്ടാവുമ്പോഴേ, വിദ്യാഭ്യാസത്തിന്റെ ആലോചന ഉണ്ടാകുന്നുള്ളൂ. അപ്പോൾ എവിടെനിന്നെങ്കിലും ലേശംപോലും കണ്ണിൽ ചോരയില്ലാതെ രാവും പകലും അടിച്ചു പഠിപ്പിക്കുന്ന ഒരു എഴുത്തശ്ശനെ തിരഞ്ഞുകൊണ്ടു വരും. അഞ്ചാം വയസ്സ് തുടങ്ങുന്നതിനു മുമ്പേത്തന്നെ എഴുത്തിനുവയ്ക്കും. വായനയ്ക്കാരംഭിച്ചാൽ എത്രതന്നെ അശക്തനായാലും വേണ്ടതില്ല; ഉദയത്തിനുമുമ്പേ എഴുനീറ്റില്ലെങ്കിൽ ചെവി പിടിച്ചു വലിച്ചുതള്ളി എഴുത്തുപള്ളിയിൽ കൊണ്ടാക്കി നാഴിമണലും മുമ്പിൽ വാരിയിട്ടു, മൂത്രം വീഴ്ത്താൻ കൂടി വിടാതെ അച്ഛന്റെയോ കാരണവന്മാരുടെയോ എച്ചിലിലിരിക്കാൻ അമ്മയോ മറ്റോ വിളിക്കുന്നതുവരെ അവിടെ ഇരുത്തും. ‘ശീഘ്രഭോജീ ചിരാൽ സ്ഥായീ’ എന്ന പ്രമാണമുള്ളതുകൊണ്ടു് ഊൺ ക്ഷണം കഴിയണം. സുഖിക്കു വിദ്യയില്ലാത്തതുകൊണ്ടു് സുഖമായിട്ടുള്ള ഭക്ഷണവും കിടപ്പും പാടില്ല. വിദ്യാർഥികൾക്കു് വിനോദം ഒരിക്കലും പാടില്ലെന്നാണു് വച്ചിട്ടുള്ളതു്.
അനദ്ധ്യായ ദിവസം വല്ലതും എഴുതിക്കൊണ്ടിരിക്കണം. സന്ധ്യകഴിഞ്ഞു വീട്ടിലെത്തിയാലും ഈ രോഗബാധയുടെ ഉപദ്രവത്തിനു് കുറവില്ല. എഴുത്തുപള്ളിയിൽ നേരംപോക്കു പറയാനും ചില്ലറ കാര്യങ്ങൾ പറഞ്ഞുതീർക്കാനുമായി പലരും വരുന്നതുകൊണ്ടു് എഴുത്തശ്ശനു് അധികം മുഷിച്ചിലൊന്നും ഉണ്ടാവില്ല. മൂപ്പരുടെ പകലത്തെ ഉറക്കവും എഴുത്തു പള്ളിയിൽത്തന്നെ കഴിയും. അപ്പഴേ കുട്ടികൾക്കു് അൽപ്പം മനസ്സിനൊരു സുഖമുണ്ടാവുള്ളൂ. അതിനുമാത്രം ഉറക്കം കഴിഞ്ഞാൽ ഒരു വരി തല്ലുണ്ടു്. ഈശ്വര! അതു് വിചാരിക്കുമ്പോൾത്തന്നെ കണ്ണീന്നു് വെള്ളം വരുന്നു. മാതാപിതാക്കന്മാരെ തോൽപ്പിക്കേണ്ടതിനു് താൻ വലിയ ഭക്തനാണെന്നു് നടിക്കും. എന്നല്ല അവരെ സന്തോഷിപ്പിക്കേണ്ടതിനു്, വലിയ ആളുകൾക്കു കൂടി കടിച്ചാൽ പൊട്ടാത്ത ചില മുറിയൻ ശ്ലോകങ്ങളും കീർത്തനങ്ങളും ചൊല്ലിക്കൊടുക്കും. ‘ഗുരു ശുശ്രൂഷയാ വിദ്യാ’ എന്ന പ്രമാണ പ്രകാരം എഴുത്തശ്ശന്റെ ഭൃത്യപ്പണി മുഴുവനും ശിഷ്യന്മാരു് തന്നെ. അവർക്കു് അതിനു മടി തോന്നാതിരിക്കേണ്ടതിനു് തന്റെ ഗുരുവിനു വേണ്ടി പലതും ചെയ്തിട്ടുണ്ടെന്നൊക്കെ ഓരോന്നു പറയുന്ന കൂട്ടത്തിൽ പണ്ടോരോ വിദ്വാന്മാർ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ ബഹുകഥകളും പറയും. എഴുത്തശ്ശന്മാർക്കും ജ്യോതിഷക്കാർക്കും കളവു പറയുന്നതിനത്ര വിരോധമില്ലല്ലോ. ഇത്രയധികം കളവു പറയുന്നതു കൊണ്ടായിരിക്കും ഇവർക്കു ദാരിദ്ര്യത്തിനു് കുറവില്ലാത്തതു്. പത്തു് നാഴിക രാച്ചെന്നിട്ടു് ഉറങ്ങാൻ പോയാൽത്തന്നെ വല്ല സുഖമുണ്ടോ? “മണലുകൂട്ടി തുടയ്ക്കു നുള്ളുന്നു. ഏത്തം ഇടീക്കുന്നു. എഴുത്താണികൊണ്ടു് കവിളിൽ കുത്തുന്നു. ചെവി പിടിച്ചു തിരുമ്മുന്നു ചണ്ണയ്ക്ക മുറിയേ തല്ലുന്നു. അതാ എഴുത്തശ്ശൻ വരുന്നു.” എന്നിങ്ങനെ പുലരുന്നവരെ സ്വപ്നം കാണും. പല്ലു് തേയ്ക്കാനുണ്ടാക്കുക, കുളിക്കാൻ തയാറാക്കുക, മുറുക്കാൻ കൊണ്ടുവരിക, കാലു് തിരുമ്മുക; എന്നുവേണ്ട സകല പ്രവൃത്തികളും അവരേക്കൊണ്ടെടുപ്പിക്കും. പറഞ്ഞപോലെ കേട്ടില്ലെങ്കിൽ പിന്നേയും തല്ലുതന്നെ. ആരോടു് സങ്കടം പറയും മരുമക്കത്തായക്കാരായ അമ്മയച്ഛന്മാരുടെ സ്നേഹം മുഴുവൻ ഉള്ളിലാണല്ലോ. അവർ അതു് ഒരിക്കലും പുറത്തു് കാണിക്കില്ല. ‘ലാളനാൽ ബഹവോദോഷാഃ താഡനാൽ ബഹവോ ഗുണാഃ’ എന്നു് അവരും മനസ്സിലാക്കീട്ടുണ്ടു്. എന്തിനധികം പറയുന്നു. ഒന്നു രണ്ടു കൊല്ലം കഴിയുമ്പോഴേക്കു്, ‘വേട്ടാളൻ പോറ്റിയ പുഴു’വിന്റെ മാതിരി, തന്റെ ശിഷ്യന്മാരെ ഒക്കെ ഏതാണ്ടു് ഗുരുവിന്റെ ആകൃതിയിലാക്കിത്തീർക്കും. അതിനിടയ്ക്കു നിലത്തെഴുത്തും വശാവും. അതു് കഴിഞ്ഞാൽ ഗണപതിയോല പഠിക്കയായി. ആദ്യമായി എഴുതിക്കൊടുക്കുന്ന ശ്ലോകത്തിലെങ്ങും, അതുവരെ കഷ്ടപ്പെട്ടു പഠിച്ച അക്ഷരങ്ങളൊന്നും കാണില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ, വളരെ പ്രയാസമുള്ള വകയായിരിക്കും. എഴുത്തശ്ശന്റെ യോഗ്യതാവസ്ഥ കാണിക്കേണ്ടതിന്നു് ‘ബ്രഹ്മാവിഷ്ണുർഗ്ഗിരീശസ്സുരപതിരനലഃ പ്രേതരാഢ്യസ്തുനാഥ’ എന്നൊക്കെയാണു് ആദ്യത്തെ പ്രയോഗം അതു് ചൊല്ലിക്കൊടുത്തു തന്നെ പഠിപ്പിക്കും. ഗുരുവിന്റെ ശേഷിയുണ്ടായിട്ടു് അങ്ങനെ ഒരു കൊല്ലം കഴിയുമ്പോഴെയ്ക്കു പത്തു നൂറു ശ്ലോകം കേട്ടു പഠിച്ചില്ലെന്നും വരില്ല. അതുകഴിഞ്ഞാൽ അമരം ചൊല്ലാൻ തുടങ്ങി. അതേകദേശം ഒന്നു രണ്ടു ഖണ്ഡമാവുമ്പോഴേക്കു് അക്ഷരം കണ്ടാൽ തിരിയാറാവും. നാവിന്റെ കോട്ടവും തീരും. ആകപ്പാടെ നാലഞ്ചുകൊല്ലം കഴിഞ്ഞാൽ കാവ്യം വായിക്കാനാരംഭിക്കയായി. പിന്നെത്തെ പുറപ്പാടു് ഇതിലും കേമമാണു്.

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (ജീവിതകാലം: 1861 മുതൽ 14 നവംബർ 1914 വരെ). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയതു് അദ്ദേഹമാണു്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തു് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ, പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു.
ഒരു ബാരിസ്റ്റർ എന്ന നിലയിൽ അദ്ദേഹം 1913-ൽ മദ്രാസ് നിയമ നിർമ്മാണസഭയിൽ കാസർഗോഡ് താലൂക്ക് മലബാറിലേയ്ക്കു് ചേർക്കുന്നതിനായി ഒരു നിർദ്ദേശം വച്ചു. പക്ഷേ, കർണ്ണാടകത്തിന്റെ ശക്തമായ എതിർപ്പുമൂലം അതു് അംഗീകരിക്കപ്പെട്ടില്ല പിന്നീടു് 1956 നവംബർ 1-നു കാസർഗോഡ് കേരളത്തിന്റെ ഭാഗമായിമാറി.
കൊല്ലവർഷം 1036 തുലാമാസത്തിൽ (1860 ഒക്ടോ–നവം) തളിപ്പറമ്പ് പെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസൻ സോമയാജിപ്പാടിന്റെയും, പയ്യന്നൂർ വേങ്ങയിൽ കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളജിൽ ചേർന്നു് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ചു് കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാറുകാരൻ ജന്മിയും കൃഷിക്കാരനുമാണു് കുഞ്ഞിരാമൻ നായനാർ. 1891-ൽ കേസരി എഴുതിയ “വാസനാവികൃതി” മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കപ്പെടുന്നു. കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ടു്. 1892-ൽ നായനാർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അംഗമായി. കോയമ്പത്തൂർ കൃഷി വിദ്യാശാലയിലെ അംഗമായും ഇംഗ്ലണ്ടിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനത്തിനുവേണ്ടി രൂപവത്ക്കരിച്ച ഉപദേശകസമിതിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ടു്. ജോർജ് ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവകാലത്തു് ബ്രിട്ടീഷ് സർക്കാർ കീർത്തി മുദ്രനൽകി നായനാരെ ആദരിച്ചിരുന്നു. 1912-ൽ നായനാർ മദിരാശി നിയമസഭയിൽ അംഗമായി. മലബാർ, ദക്ഷിണ കർണ്ണാടകം എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണു് നിയമസഭാംഗമായി പോയതു്. 1914 നവംബർ 14-നു് നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഹൃദയസ്തംഭനത്താൽ കുഴഞ്ഞുവീണു് മരിച്ചു. 54 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിനു്. മൃതദേഹം നാട്ടിലേയ്ക്കു് കൊണ്ടുപോകുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവളപ്പിൽ സംസ്കരിയ്ക്കുകയും ചെയ്തു.
തലശ്ശേരി അറത്തിൽ കണ്ടത്തിൽ കുടുംബാംഗമായിരുന്ന കല്യാണിയമ്മയായിരുന്നു കുഞ്ഞിരാമൻ നായനാരുടെ ഭാര്യ. ഇവരുടെ നാലാമത്തെ മകനായിരുന്നു സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനുമൊക്കെയായി ശ്രദ്ധേയനായ എ. സി. എൻ. നമ്പ്യാർ. ഇവരുടെ മൂത്ത മകൻ എം. എ. കണ്ടത്ത് വിവാഹം കഴിച്ചതു് കോൺഗ്രസിന്റെ ഏക മലയാളി അദ്ധ്യക്ഷനായിരുന്ന സർ സി. ശങ്കരൻ നായരുടെ മകളെയാണു്. ഈ ബന്ധത്തിലെ മകനായിരുന്നു ഗോവ വിമോചനം നടത്തി ശ്രദ്ധേയനായ കെ. പി. കണ്ടത്ത്.
- വാസനാവികൃതി
- ദ്വാരക
- മേനോക്കിയെ കൊന്നതാരാണു്?
- മദിരാശിപ്പിത്തലാട്ടം
- പൊട്ടബ്ഭാഗ്യം
- കഥയൊന്നുമല്ല