
വെറ്റിലയിൽ ചെറിയോരോട്ട.
ചെറുതേതും വലുതിൻ സൂചന.
പെരുകാമിതു് പെരിയ കിടങ്ങായ്.
ഒരു പുഴു ഒളിവിലിരുന്നു്
തുളയ്ക്കുന്നോ കാതൽ?
പേജോരോന്നും
വാക്കോരോന്നും
വെളിവോരോന്നും
വീറായ് വീശും കൊടിയോരോന്നും
തുളയിട്ടു് തുലയ്ക്കുന്നോ
ഒളിവിലിരുന്നൊരു തിമിരക്കീടം?
ചെയ്തികൾ തോറും
ദൃശ്യം തോറും
സാരം തോറുമിരുണ്ട കയം.
ഒരു പുഴു ഉള്ളിലിരുന്നു്
ചുരുട്ടുന്നോ നമ്മെ,
ഉള്ളു് ചുരുട്ടിക്കീടം?
തടയുന്നോ ഭീരുക്കീടം
മുഴുരൂപം ഉദിക്കൽ?
മുഴുനോട്ടം നോക്കൽ?
മുഴുസത്യം കാണൽ?
മുഴുപ്രേമം പ്രേമിക്കൽ?
മുഴുമയ്ക്കായ് പോരാടി
മുഴുനീതി ജയിക്കൽ?
മുഴുജന്മം ജീവിക്കൽ?
ഒരു പുഴു മുന്നിൽ നടന്നു് നയിക്കുന്നോ,
ഒരു വാഗ്ദാനക്കീടം?
വീഴ്ത്തുന്നോ തുള മൊഴിയിൽ
മിനിയാന്നേ കൂടിയ കീടം?
കേടില്ലാതൊരു വിളയും
പാടില്ലെന്നോ കൃഷിയിൽ?
ഒരു പുഴു നമ്മെത്തിന്നും
നമ്മിലഴുക്കു് നിറച്ചും
ഉള്ളു് കശക്കുന്നോ?
ഒരു വിശ്വാസക്കീടം?
മഴയെവിടെപ്പെയ്തെന്നാലും
ചോരുന്നെൻ കൂര.
പ്രായമെനിക്കേറും തോറും.

മലയാള കവി.
ചിത്രം: വി. മോഹനൻ