പിരിയുന്ന സന്ധ്യയിൽ നീ പറഞ്ഞു:
ചിരിയായിരുന്നു നമുക്കു ഭാഷ,
നമുക്കു് പാത.
അതിലുമാഴത്തിൽ നി-
ന്നൊന്നും മനസ്സു് വിരിയിച്ചില്ല.
ഒന്നും കയങ്ങൾ തിളക്കിയില്ല.
അതിലുമേകാന്തമായ്
ഒന്നുമുദിച്ചു് വളർന്നതില്ല
പമ്പയും കായലും
കടലും കവിഞ്ഞു്
പടർന്നുമില്ല.
അതിലുമകലത്തിൽ നി-
ന്നിനി ലക്ഷ്യമൊന്നും വരാനുമില്ല.
ചിരി തൂകി
എന്നെ നീ യാത്രയാക്കൂ
നിറനാളമായതെൻ ഭാവിദൂരം
മൃതിഭീതി തീണ്ടാതെ
കാത്തുകൊള്ളും.
ഒരു മന്ദഹാസമായ് എന്റെ ആത്മാ-
വവതരിച്ചെങ്കിലെ-
ന്നെന്റെ മോഹം.
ആറ്റിലും കാറ്റിലും
കോളിലും തിരയിലും
അതു് ചെന്നു മഴവില്ലായ്
പലതായി
നിന്നെ എഴുതിയെങ്കിൽ.
1972–73 ‘പ്രസക്തി’ ത്രൈമാസികത്തിന്റെ ആദ്യ ലക്കം ഇറങ്ങിയ കാലം. തിരുവനന്തപുരത്തു് ‘നവധാര’ സജീവം. (1974-ൽ ‘അയ്യപ്പപ്പണിക്കരുടെ കൃതികൾ’ നവധാര പ്രസിദ്ധീകരിച്ചു. പണിക്കർക്കവിതകളുടെ ആദ്യസമാഹാരം. ‘നവധാര’യുടെ ആദ്യപുസ്തകം). ‘നവധാര’യുടെ യോഗം കഴിഞ്ഞു് സന്ധ്യയോടെ ഞാനും ബി. രാജീവനും അയ്യപ്പപ്പണിക്കരെ കാണാൻപോയി.
ബാർട്ടൺ ഹില്ലിലാണു് അന്നു് അയ്യപ്പപ്പണിക്കരുടെ വീടു്, ‘സരോവരം.’ ഞങ്ങൾ കുന്നിൻമുകളിലെ വീട്ടിലെത്തി. ‘കുന്നില്ലാത്തൊരു നാട്ടിൽ’ നിന്നു വന്ന കവിക്കു് കുന്നിനുമേലേ വീടു്. ഓടും വെള്ളച്ചുമരുമുള്ള തിരുവനന്തപുരത്തെ ഒരു നാടൻ വീടു്. പൊക്കമുള്ള നീണ്ട വരാന്ത. ചവിട്ടുപടികൾ എത്തുന്നതിന്റെ നേരേ വാതിൽ. അതിന്റെ ഇരുവശവും ജനാലകൾ. സ്വാസ്ഥ്യത്തിന്റെ പഴയ സിമെട്രി.
“ഇപ്പൊ വരും. ഇരിക്കൂ.”
ഇരുന്നു.
ഞങ്ങൾക്കിടയിൽ ഒരു നിശ്ശബ്ദത വന്നിരുന്നു. മനുഷ്യരെ തൊട്ടിരിക്കാൻ ഇഷ്ടമുള്ള ഒരു മിണ്ടാമുയൽ. ‘എന്തൊരു ഫദുഫദുപ്പു്!’ മതിലിൽ വന്നിരുന്നു മറ്റൊരു നിശ്ശബ്ദത. മനുഷ്യരെ ഇഷ്ടമാണെങ്കിലും ഇത്തിരി അകന്നിരിക്കാറുള്ള ഒരു സൗമ്യജാഗ്രത. ഈ പ്രാവു് പണിക്കരുടെ വീട്ടിലോ സ്വഭാവത്തിലോ കവിതയിലോ? ചുവരിൽ ഒരു ഉറുമ്പിൻ വര; വരി. ജാഥ. സത്യം പറ ഉറുമ്പുകരക്കാരേ, നിങ്ങളല്ലേ പണിക്കരുടെ ‘ഉറുമ്പു്’ കവിതയിലെ ആ നനഞ്ഞ ഭിത്തിയിലെ തെളിഞ്ഞ ഗദ്യത്തിന്റെ കൊത്തുവേലക്കാർ? ഇത്ര ശബ്ദം കുറച്ചു് കവിതയിൽ ഗദ്യം കൊത്തിയെടുത്തതു്? വാമൊഴി തിരുകിയതു്? കവിതയിൽ ഗദ്യം ഇങ്ങനെ ഇതാദ്യം. മിതം. സ്വച്ഛന്ദം.
‘ഏതായാലും കാറു് പോവ്വാണല്ലോ, സ്ഥലോം ഒണ്ടല്ലോ, ഞങ്ങളും വരാം’ എന്നും പറഞ്ഞു് പദ്യത്തിന്റെ ഒഴുക്കിൽ പതിവായി കേറിക്കൂടാറുള്ള സാദാ ഫില്ലർ ചിലപ്പുകളെയും ശീലങ്ങളെയും മറ്റും ഈ പുതിയ ഗദ്യരൂപത്തിൽനിന്നു് ഒഴിച്ചുവിട്ടതു കാരണം കവിതയിൽ കവിതയ്ക്കു് സ്വൈരം കിട്ടി. പക്ഷി, വസന്തം, മരണക്കുറിപ്പു് തുടങ്ങി ചിലതുകൂടി ഈ ഗണത്തിൽ അന്നു വന്നു.
എഴുപതുകളിൽ ആധുനിക രാഷ്ട്രീയ ഭാവുകത്വത്തിന്റെ വ്യാപ്തിയോടെ കവിതയിൽ സ്വാഭാവികമായി വന്ന ഗദ്യരൂപത്തിനു മുന്നോടിയായി പണിക്കരുടെ ഈ കവിതകളുണ്ടു്. ‘സമീക്ഷ’യിലും ‘കേരള കവിത’യിലും ‘യുഗരശ്മി’യിലും മറ്റും വന്ന പുതിയ കവിതകളിലും വിവർത്തനങ്ങളിലും ജാഡ്യത്തിൽനിന്നു് കവിത മുക്തമാവുന്നതിന്റെ സൂചനകളുണ്ടായിരുന്നു. പുതിയ കവിത പുതിയൊരു കുതിപ്പിനു വേണ്ട കരുത്തു നേടിയതു് അറുപതുകളിലെ ആധുനികതയുടെ മാധ്യമസാധ്യതകൾ സ്വാംശീകരിച്ചും വിപുലീകരിച്ചുമാണു്. ഭാവന കൂടുതൽ സംവാദാത്മകവും ദൈനംദിന നൈതികപ്രശ്നങ്ങളെ കൂടുതൽ ആഴത്തിൽ അഭിമുഖീകരിക്കുന്നതുമായതോടെ സംസാരഭാഷയിൽനിന്നു് താളവും സംഗീതവും വിളയിച്ചെടുക്കുന്നതിലും നടോടി-ജനകീയ പാരമ്പര്യങ്ങളുമായി ഇണക്കുന്നതിലും കവിതയിൽ പുതിയ വിജയങ്ങളുണ്ടായി. കവിതയുടെ രൂപം ശരിവയ്ക്കാൻ ഭൂതകാലത്തെ വിളിക്കുന്നവർ കുറഞ്ഞു. പുതിയ കവിതയിൽ കവിതയും പുതുമയും പുനർനിർവചിക്കപ്പെട്ടു. ഇവയ്ക്കു് മുൻ മാതൃകകളില്ല. ലോകത്തെ ഇതര ഭാഷകളിൽ ഇതേ കാലത്തുതന്നെയാണു് ഇതേതരം കവിതകൾ വന്നതു്. മുൻനിന്നോ പിൻനിന്നോ പണിക്കരുടെ തലമുറയിലെ ചില കവികളും ഈ പുതിയ കവിതയെ തുണച്ചു.
ആ ബാർട്ടൺഹിൽ വീടിന്റെ പഴയ വരാന്തയിലിരിക്കുമ്പോൾ, പരിസരത്തിൽനിന്നു് പണിക്കർക്കവിതയിലേക്കു പോകുന്ന സാന്ധ്യമൗനങ്ങളെത്രയെന്നു നോക്കൂ എന്നമട്ടിൽ പിന്നെയും മനസ്സിൽ വന്നുകൊണ്ടിരുന്നു, പ്രകൃതിയിൽനിന്നും പാരമ്പര്യത്തിൽനിന്നും കുട്ടനാട്ടിൽ നിന്നും പട്ടണത്തിൽനിന്നുമുള്ള മങ്ങൂഴവരവുകൾ. സന്ധ്യയ്ക്കു് വീടുകളിൽ ചേക്കേറുന്ന ദൈവഭയങ്ങൾ പോയ പകലിനെയോർക്കുന്ന നോവുകൾ, ബാല്യത്തിൽ നഷ്ടമായവ, ‘എന്തിനു വന്നു പിറന്നു ധരയിതിൽ എല്ലുന്തിനിന്നു് കിതയ്ക്കും മലകളിൽ’ പോലുള്ള ചോദ്യജപങ്ങൾ, ‘നർമ്മ മൃദുമർമ്മരവിലാസങ്ങൾ’ പൊരുളാരായുന്ന വിഷാദവെളിവുകൾ, കുളിരിളകുന്ന ചെറുതെന്നലേറിവന്നു് ഘനശൈത്യമായി വളരുന്ന മരണത്തിന്റെ മൂഢാനുരാഗം, ഇങ്ങനെ പണിക്കരുടെ കവിതയിലേക്കെത്തുന്ന ‘സായന്തനസഖികൾ’ എത്രയെന്നില്ല. അവയ്ക്കു് ഇഷ്ടംപോലെ വന്നു പാർക്കാൻ പണിക്കർക്കവിതയിൽ പല കുന്നിൻചെരുവുകൾ, മുറ്റങ്ങൾ, വരാന്തകൾ, ഉള്ളറകൾ. സന്ധ്യയായി എന്നല്ല ‘സഹ്യാദ്രിതീരവുമിരുണ്ടു’ എന്നു് പറയാനാണു് തോന്നിയതു്; സന്ധ്യയാണു് ആ വീടിന്റെ കാലമെന്നും.
“കൊള്ളാം, ആധുനികകവിയുടെ പൗരാണിക വീടു്.”—രാജീവൻ
“പഴയ വീട്ടിൽപ്പിറന്നതാണു് നമ്മുടെ ആധുനികത.” ഞാൻ
‘പ്രസക്തി’ പ്രസക്തമാണെന്നു പറഞ്ഞു് അയ്യപ്പപ്പണിക്കരെത്തി. ഉള്ളിൽ ഏതോ പുസ്തകം തിരയുകയായിരുന്ന ചങ്ങാതിയെ (നാടക രംഗശില്പി. കെ. വി. നീലകണ്ഠൻ നായർ?) യാത്രയാക്കീട്ടു്.
വോസ്ന്യേസെൻസ്കി യുടെ ‘ഭൂമി’ (വിവ. അയ്യപ്പപ്പണിക്കർ) പ്രസക്തിയിലുണ്ടായിരുന്നു. വോസ്ന്യേസെൻസ്കിയുടെ ഭാര്യ അന്ന അഹ്മെദൂലിനയുടെയും കവിതകളെക്കുറിച്ചായി സംഭാഷണം. ആയിടെ സോവിയറ്റ് യൂണിയനിൽപ്പോയ ഇന്ത്യൻ എഴുത്തുകാർക്കു് യെവ്തു ഷെങ്കോവി നെ കാണാൻ അനുമതി കിട്ടാഞ്ഞതു്, ക്രൂഷ്ചേവി ന്റെ അസ്റ്റാലിനീകരണം, റഷ്യൻ കവിത, പുരോഗമന സാഹിത്യത്തിന്റെ യാന്ത്രികത, ആധുനികത, തുടങ്ങിയ അക്കാലത്തെ സംഭാഷണങ്ങളുടെ പതിവു് പാതകളിലൂടൊക്കെ ആ വർത്തമാനവും പോയി.
എന്നാൽ അന്നു് ഞങ്ങൾക്കു് ഇത്തിരി അദ്ഭുതമുണ്ടാക്കിയ ഒരു കാര്യം ആ കൂട്ടത്തിൽ വന്നു. കൗമാരത്തിൽ അയ്യപ്പപ്പണിക്കർക്കുണ്ടായിരുന്ന ചെറിയ കമ്യൂണിസ്റ്റ് ബന്ധം. ഒളിവിലെ സഖാക്കൾക്കു് (ടി. വി. ഉൾപ്പെടെ) കത്തെത്തിച്ചു കൊടുക്കാൻ നടന്ന അനുഭവം പറഞ്ഞതു്. കാവാലത്തെ രാത്രിവഴികൾ. ആ രാത്രിനടത്തങ്ങളെ തുണച്ചു് ദൂരെ നിന്ന താരങ്ങൾ. അങ്ങനെ കമ്മ്യൂണിസത്തിനും അയ്യപ്പപ്പണിക്കർക്കും യുവത്വമുണ്ടായിരുന്ന കാലത്തെ ഒരു രഹസ്യരാഷ്ട്രീയസൗഹൃദം.
എന്നെങ്കിലും അങ്ങനെയൊരു ബന്ധത്തിൽ സങ്കല്പിക്കാൻ സാധിക്കാത്തത്ര രാഷ്ട്രീയത്തിൽനിന്നു്, പ്രത്യേകിച്ചു് കമ്മ്യൂണിസത്തിൽനിന്നു്, ദൂരെയാണു് അന്നു് അയ്യപ്പപ്പണിക്കരെ ഞങ്ങൾ കണ്ടിരുന്നതു്. എന്നല്ല എം. ഗോവിന്ദന്റെയും മറ്റും ‘കമ്മ്യൂണിസ്റ്റു വിരുദ്ധത’യോടു ചേർന്നായിരുന്നു പൊതുധാരണയിൽ അയ്യപ്പപ്പണിക്കരും. എഴുത്തുകാരായി അവരെയൊക്കെ വളരെ ഇഷ്ടം; രാഷ്ട്രീയ വിമർശകരായി ഇഷ്ടമല്ല. ഇതായിരുന്നു അന്നു് ഞങ്ങളുടെ നില. ചില കാര്യങ്ങളുടെ വിശദീകരണം കിട്ടിയാൽ അസ്തിത്വവാദത്തി ൽനിന്നും റാഡിക്കൽ ഹ്യൂമനിസത്തി ൽനിന്നും അരാഷ്ട്രീയതയിൽനിന്നും ശൂന്യതാഭജനയിൽനിന്നും ആധുനികരെ നമ്മുടെ തീവ്ര ഇടത്തിലേക്കു് അനുഭാവികളായെങ്കിലും കിട്ടുമെന്നു് അന്നൊരു സ്വകാര്യഗണിതം ഞങ്ങൾക്കുണ്ടായിരുന്നു. ആധുനികതയിൽനിന്നു് അരാഷ്ട്രീയതയെ തുരത്തുക. അതുതന്നെ ഒരു മിനി വിപ്ലവം. കോവിലനും എം. സുകുമാരനും പട്ടത്തുവിളയും മുമ്പേയുണ്ടു്. എൻ. എസ്. മാധവൻ, മേതിൽ, യു. പി. ജയരാജ് തുടങ്ങിയവർ വരുന്നു. കടമ്മനിട്ട യുണ്ടു്. സച്ചിദാനന്ദനെ കിട്ടി. ആറ്റൂരിനെയും ഗംഗാധരനെയും കിട്ടും. നിലപാടു് നിർമ്മാതാക്കാളായ ചിലരെക്കൂടിക്കിട്ടിയാൽ വിപ്ലവത്തിന്റെ സാംസ്ക്കാരികമുന്നണി അതിശക്തമാവും. അഖിലേന്ത്യാതലത്തിൽ ഇപ്പോൾതന്നെ വലിയൊരു ഗാലക്സി ഉദിച്ചു് നിരന്നുകഴിഞ്ഞു. ‘പ്രസക്തി’ തുടങ്ങുന്നതിനു പിന്നിൽ ഈ ഗണിതവും പ്രവർത്തിച്ചിരുന്നു.
നേരത്തേ അറിയുമെങ്കിലും ഇപ്പോൾ ഈ ഊർജ്ജത്തിലാണു് പണിക്കരെ കാണുന്നതു്. ഗോവിന്ദനുമായും വി. കെ. എന്നു മായും ഏതാണ്ടു് ഇതേ കാലത്തു് നീണ്ട വർത്തമാനങ്ങൾ നടന്നിരുന്നു. വി. കെ. എൻ. നീഗ്രോ വിപ്ലവശിങ്കങ്ങളെ മലയാളത്തിലേക്കു് എയ്തുവീഴ്ത്താമെന്നേറ്റു. വോളേസോയിങ്ക പോലുളളവരെ (പിന്നെ അതു് സുഭാഷ്ചന്ദ്ര ബോസിന്റെ ‘സ്ട്രീറ്റ്’ മാസികയിൽ വന്നു) എഴുത്തിനും സ്വാതന്ത്ര്യത്തിനും സർഗ്ഗാത്മകതയ്ക്കും മനുഷ്യാന്തസ്സിന്നും വിമോചനസ്വപ്നത്തിനും മാനുഷികമൂല്യങ്ങൾക്കും സ്റ്റാലിനിസം കഴുമരമായതിനെപ്പറ്റിയും ട്രോട്സ്കി യുടെയും റോസാ ലക്സംബെർഗ്ഗി ന്റെയും അന്ന അഖ്മതോവ യുടെയും മറീനാ സ്വെതയേവ യുടെയും മയക്കോവ്സ്കി യുടെയും യെസേനിന്റെയും പാസ്റ്റർനാക്കി ന്റെയും മറ്റു് ആയിരങ്ങളുടെയും സഹനങ്ങളെപ്പറ്റിയും ഗോവിന്ദൻ സംസാരിച്ചു. അതൊക്കെ അറിയാമെന്നും അതൊന്നും ആവർത്തിക്കാത്ത മനുഷ്യസ്നേഹമഹോത്സവമാണു് ഇനി വരുന്ന വിപ്ലവം എന്നുമായിരുന്നു ഞങ്ങടെ നില. (വെളിച്ചം എന്നു നടിച്ച ക്രൂരതയുടെ ആ ന്യായീകരണക്കനൽ ഏറെനാൾ കെടാതെനിന്നില്ല. ചൈനയിലെ സാംസ്ക്കാരിക വിപ്ലവചരിത്രംകൂടി റിലീസായതോടെ അതു കെട്ടു. കാത്ത കൈ പൊള്ളിച്ചും വടു ബാക്കിയാക്കിയും).
ഈ നിലത്തേക്കാണു് അയ്യപ്പപ്പണിക്കരുടെ ഓർമ്മകൾ വന്നു വീണതു്. അതിൽ സുഖം തോന്നി. ഞങ്ങളുടെ അന്നത്തെ തീവ്രവാദക്കൂറിന്റെ തോളത്തു് കാവാലത്തെ ആ പഴയ രാഷ്ട്രീയ കൗമാരത്തിന്റെ കൈ സ്നേഹത്തോടെ തൊടുന്നു എന്നു തോന്നി. ആ രാഷ്ട്രീയം പിന്നെ കവിയുടെ ഒരു കൗമാരപ്രണയംപോലെ വീണപൂവായി പമ്പയാറ്റിലൂടെ ഒഴുകിപ്പോയിക്കാണും. അദ്ദേഹം നീന്തി ആധുനികതയുടെ അരാഷ്ട്രീയക്കരയിൽ എത്തിയിട്ടുമുണ്ടാവുമെന്നും അന്നു തോന്നി.
പിൽക്കാലത്തു് രാഷ്ട്രീയത്തിൽ അധികാരവിപണി, ഭാഷയിൽ സൗന്ദര്യവിപണി, സംസ്ക്കാരത്തിൽ ബിംബവിപണി, മതത്തിൽ ആത്മീയവിപണി, ബന്ധങ്ങളിൽ ലാഭവിപണി എന്നിവ ചീർത്തു വളർന്നു് കാഴ്ചയിൽ നിറഞ്ഞു തുടങ്ങിയപ്പോൾ ആധുനികതയിലെ സൂക്ഷ്മമായ രാഷ്ട്രീയവിളവുകൾ കൂടുതൽ തെളിഞ്ഞുവന്നു.
‘കുരുക്ഷേത്ര’ത്തിലെ
“ആളു തിക്കിത്തിരക്കിയേറുന്ന
താണു ചന്തയതാണെൻ പ്രപഞ്ചം
വില്പനയ്ക്കു് ചരക്കുകളും പേറി വില്പനക്കാർ വരുന്നു,
പോകുന്നു,
തങ്ങളെത്തന്നെ വില്ക്കുന്നു വീണ്ടും
തങ്ങൾതന്നെ വിലപേശി നില്പൂ”
എന്നു തുടങ്ങുന്ന വരികൾ ബന്ധങ്ങളുടെ പുതുസന്ദർഭത്തെയും സംസ്കാരത്തിലെ വാണിജ്യവൽക്കരണത്തെയും പ്രവചിച്ചു എന്നു തോന്നി.
‘കുരുക്ഷേത്ര’ത്തിൽ മാത്രമല്ല ‘ശീതസമരം’, ‘മനുഷ്യപുത്രൻ’,‘പ്രിയതമേ പ്രഭാതമേ’, ‘അഗ്നിപൂജ’, ‘ഹേ ഗഗാറിൻ’, ‘മൃത്യുപൂജ’,‘പക്ഷി’, ‘ഉറുമ്പു്’, ‘പാലങ്ങൾ’, ‘കുട്ടനാടൻ ദൃശ്യങ്ങൾ’, ‘കുടുംബപുരാണം’, ‘കാർട്ടൂൺ കവിതകൾ’, ‘മഹാരാജ കഥകൾ’, ‘പത്തുമണിപ്പൂക്കൾ’ തുടങ്ങി ധാരാളം പണിക്കർ കവിതകളിൽ കവിതയ്ക്കു മാത്രം ചെന്നു തൊടാൻ കഴിയുന്ന രാഷ്ട്രീയാനുഭവത്തിലെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങൾ സൂക്ഷ്മാഖ്യാനങ്ങൾ കാണാനായി. പുതിയ മുനയും മുദ്രയും നല്കി, ആഴം നൽകി, വൈപുല്യം നല്കി, രീതി വൈവിധ്യം നല്കി, പരിഹാസത്തെ പണിക്കർ പുതിയ അധികാരവിമർശനത്തിനു പ്രാപ്തമാക്കി. കവിതകളിൽ മാത്രമല്ല, അയ്യപ്പപ്പണിക്കരുടെ വിവർത്തനങ്ങളിലും ലേഖനങ്ങളിലും എഡിറ്റു ചെയ്ത ഇംഗ്ലീഷ്/മലയാള കൃതികളിലും സംഭാഷണങ്ങളിലും ഇതര പ്രേരക-പ്രചോദക-സമന്വയ-നവീകരണ സാംസ്ക്കാരിക പ്രവർത്തനങ്ങളിലുമെല്ലാം കാണാം, രാഷ്ട്രീയമായി കൂടുതൽ പ്രതികരണസന്നദ്ധനാവുന്ന കവിയെ. ‘കടുക്ക’പോലെ പലതും ഓർക്കാം. വർഗ്ഗീസിനെപ്പറ്റി എഴുതിയപോലെ ചില പ്രകട രാഷ്ട്രീയ കവിതകൾ എഴുതാൻവരെ പണിക്കർ സന്നദ്ധനായി. അതിനെക്കാൾ ജൈവമായി രാഷ്ട്രീയവും കവിതയും ഇണങ്ങിയതു് പണിക്കരുടെ ചില മുൻ രചനകളിലാണു്.
“ഇതിനടുത്തെവിടെയോ ആണു് ആശാൻ താമസിച്ചിരുന്ന വീടു്; കുന്നുകുഴിയിൽ.” രാത്രിയിൽ മടങ്ങുമ്പോൾ രാജീവൻ പറഞ്ഞു.
ഞാനോർത്തു, പണിക്കർക്കവിതയുടെ ആഴത്തിൽ ആശാൻ ലയം. ‘മൃത്യുപൂജ’യിലെ പ്രരോദനാംശം മാത്രമല്ല. ആ കവിതയെ എന്നും തൊട്ടുനില്ക്കുന്ന മൃത്യുബോധത്തിനൊപ്പം, ജന്മസാരമായി സദാ കൂടെ സഞ്ചരിക്കുന്ന പ്രണയത്തിനൊപ്പം ഫലിതമെല്ലാം മറന്നു് പൊരുളിലേക്കുയരുന്ന ജ്ഞാനയോഗത്തിനൊപ്പം പണിക്കർക്കവിതയിൽ വന്നു് വലുതാകാറുള്ള രാത്രികൾക്കൊപ്പം, ഇരുട്ടിലെ ഏകാന്തയാത്രയിൽ പിതൃഭാവംപോലെ തെളിയുന്ന പണിക്കരിലെ ആശാൻ വെളിച്ചം.
പണിക്കർക്കവിതയിലെ മറ്റൊരു സൂക്ഷ്മസാന്നിധ്യമാണു് കുഞ്ചൻ നമ്പ്യാർ. നമ്പ്യാർക്കു മുമ്പും പിമ്പും എന്നാണു് പണിക്കരെഴുതിയ സാഹിത്യചരിത്രത്തിൽ വഴിത്തിരിവിന്റെ കാഴ്ച. അതുകൊണ്ടു മാത്രമല്ല പലരും ഇതു പറയുന്നതു്. അയ്യപ്പപ്പണിക്കരിൽനിന്നു് കുഞ്ചൻ നമ്പ്യാരിലേക്കു നോക്കിയാൽ കാവാലത്തുതന്നെയാണു് അമ്പലപ്പുഴയും കിള്ളിക്കുറിശ്ശിമംഗലവും. ചങ്ങമ്പുഴ യിലും വിറ്റ്മാനി ലും ബോദ്ലെയറിലും എലിയറ്റി ലുമേറെ നമ്പ്യാരുണ്ടു് പണിക്കരിൽ. പണിക്കരുടെ വാഗ്ബോധത്തിലും നേരെ നോട്ടത്തിലും ചിരിക്കരുത്തിലും എഴുത്തിലെ സ്വാതന്ത്ര്യത്തിലും എളുപ്പം തോന്നിപ്പിക്കലിലും തെളിമയിലും വിസ്മൃതിയിലും ധർമ്മബോധത്തിന്റെ ആഴത്തിലുമൊക്കെ പലപ്പോഴും കാണാം നവീകരിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്തു തുടരുന്ന കുഞ്ചൻ നമ്പ്യാരെ.
എക്കാലവും പണിക്കരിലുണ്ടായിരുന്നു നിരന്തരം പുതുരൂപം കൊള്ളുന്ന പല പാരമ്പര്യങ്ങൾ. ആധുനികതയും അതിലൊരു പാരമ്പര്യമാണു്. പുതുപാരമ്പര്യം ഏറ്റവും പുതിയ നിമിഷത്തോടൊപ്പം ആധികാരികമായിരിക്കുന്നതിലായിരുന്നു പണിക്കരുടെ അർപ്പണം. എഴുതുന്ന ഏറ്റവും പുതിയ തലമുറയെക്കാൾ ഒരിമേജിനോ, ഒരീണത്തിനോ, ഒരുൾക്കാഴ്ചയ്ക്കോ, ഒരാശയത്തിനോ, പിന്നിലാവാതെതന്നെ എന്നും കാലത്തിനു മുന്നിൽ നടത്താൻ പാകത്തിലായിരുന്നു പണിക്കരുടെ ഉള്ളൊരുക്കങ്ങൾ. മുന്നിൽ തനിച്ചായവന്റെ സൗവർണ ഏകാന്തതയിൽ പണിക്കരോളം രസിച്ചവർ നമുക്കേറെയില്ല. ഏറ്റവും ഇളയകവികളോടു് ഇത്ര രസകരമായി മേളിക്കാൻ കഴിയുന്നവർ കുറവാണു്. അതും എന്നും സ്വയം പുതുക്കാൻ വ്യഗ്രതയുള്ള പണിക്കർപ്രകൃതിയുടെ സ്വഭാവമാണു്. ഈ ‘സ്വയ’ത്തിൽ സ്വന്തം കാലവും സ്വന്തം ഭാഷയുമെല്ലാം പെടും. പ്രവചനാതീത്വത്തിൽ രാപാർക്കാനായിരുന്നു കവിയായ പണിക്കർക്കെന്നും പ്രിയം. ഒരു കവിതയും ആരും പ്രതീക്ഷിക്കുന്നപോലെ ആവാതിരിക്കുന്നതിൽ ബഹുരസം. ചെറുപ്പത്തിലേ മെറിറ്റ് അംഗീകരിക്കണം. കവിതയിൽ വേണ്ടതു് മെറിറ്റോക്രസിയാണു്. പണിക്കർ പറയാറുണ്ടു്.
ഏതു രൂപത്തിലും അവതരിക്കാം പണിക്കരുടെ കവിതയിൽ കാലം. കൂത്തോ കൂടിയാട്ടമോ കഥയോ കഥകളിയോ കവിതയോ അവയുടെ രൂപാന്തരങ്ങളോ കാവ്യനാടകമോ സംഗീതികയോ. കാക്കാരിശ്ശിയോ മാർഗ്ഗംകളിയോ ഒപ്പനയോ വഞ്ചിപ്പാട്ടോ ചെണ്ടമേളമോ ഒമ്പതാം സിംഫണിയോ പ്രഭാഷണമോ പ്രസ്താവനയോ സംഭാഷണമോ ജാതകമോ തർക്കമോ എന്തും പണിക്കർക്കു് കവിതയുടെ ഒരു പുതിയ രൂപസാധ്യതയാണു്. ആടിൽനിന്നു് ആടും പ്ലാവിൽനിന്നു് പ്ലാവും പിറക്കുംപോലെ കഥയിൽനിന്നു് കഥയും കവിതയിൽനിന്നു് കവിതയും പിറക്കുമെന്നായിരുന്നില്ല പണിക്കരുടെ പാരമ്പര്യവിശ്വാസം. ഭാഷണത്തിന്റെ ബൃഹദ് പാരമ്പര്യങ്ങളുമായുള്ള സംവാദത്തിൽനിന്നാണു് പണിക്കരുടെ കവിത രൂപം നേടുന്നതു്. വ്യവസ്ഥാപിത വേദിയിലായിരുന്നില്ല പണിക്കരുടെ കാവ്യനർത്തകി ആടിയതും പാടിയതും. വ്യവസ്ഥാപിത പരിധിയിലൊതുങ്ങിയിരുന്നില്ല പണിക്കർക്കവിതകളുടെ അവതരണ/പാരായണ സാധ്യത. ചൊല്ലാനും പറയാനും ആടാനും പാടാനും അവയ്ക്കു് കവി ഒരുക്കിയിരുന്നു നിരന്തരം പുതുക്കാവുന്ന സ്വന്തം ആട്ടപ്രകാരം.
‘ഗോത്രയാന’ത്തിലെ വക്താവായ മൂപ്പനെപ്പോലെ ഓരോ നിമിഷവും വെല്ലുവിളിയായിക്കണ്ട പണിക്കർ, രൂപങ്ങളുടെയും ആശയങ്ങളുടെയും ഒരു പുതു/ബദൽ ലോകം രചിച്ചുകൊണ്ടാണു് വർത്തമാനകാലത്തിന്റെ സങ്കീർണ്ണതകളെ നേരിട്ടതു്. പാരമ്പര്യത്തിന്റെ സൂക്ഷ്മസിരകളും സ്വരങ്ങളും ഭാവിസ്വപ്നങ്ങളും ഓർമ്മ മാണിക്യംപോലെ ഉപബോധത്തിൽ തിളങ്ങുന്ന രൂപങ്ങളുടെ ഒരു പുതുലോകം. ഇന്നലെയെ ഇന്നും ഇന്നിനെ ഇന്നലെയും വിഴുങ്ങാൻ വെമ്പുന്നതിന്റെ യുദ്ധവൃത്തമായി ആഗോള ധനഭീകരരും ആഗോളമതഭീകരരും ലോകത്തെ ഉരുട്ടിക്കളിക്കുമ്പോൾ ഒരു കവിക്കെന്തു ചെയ്യാൻ കഴിയും? വിരുദ്ധതകളിൽ ഭ്രമിക്കലായി ജീവിതം മാറുമ്പോൾ ഭ്രമങ്ങളുടെ അപനിർമ്മിതികൾകൊണ്ടു വിയോജിപ്പുകൾ എത്രനാൾ കുറിച്ചുവെക്കാം? വാക്കിനെ എത്രനാൾ പ്രതിരോധപ്പോരാളിയാക്കാം? സ്ഫോടനങ്ങൾക്കിടയിൽ എത്രനാൾ തോൽവി കാതിൽ മന്ത്രിക്കാതിരിക്കാം? ബദൽലോകം സാധ്യമാണെന്നു് വായനക്കാരോടു പറയാം. ഒഴികഴിവു് പറയാതിരിക്കാം. പല വേദനകളിൽ ചിലതായി ഈ ചോദ്യങ്ങൾ പണിക്കർ കവിതയിൽ വിതറിയിട്ടുണ്ടു്.
ഒന്നിൽനിന്നും സ്വയം വിച്ഛേദിക്കുന്നില്ല പണിക്കർ. എല്ലാറ്റിനോടും തന്നെ അന്വയിക്കുകയാണു്. ടാഗോർ പറഞ്ഞതുപോലെ ശുഭ്രോത്തരീയംപോലെ കാലത്തിൽ സ്വന്തം സത്തയെ സ്വയം നീർത്തിവിരിക്കുകയാണു് പണിക്കർ. പേടിച്ചില്ലദ്ദേഹം പേപ്പിടികളെ. ഇന്നലെയോ ഇന്നോ നിന്നു വന്ന ശകാരങ്ങളെ, വരാനിരിക്കുന്ന വിധികളെ. സ്വാതന്ത്ര്യം ഇങ്ങനെ ആഘോഷിക്കാനായിരുന്നു പണിക്കർക്കു് ഹരം. “ചീത്തക്കവിതകൂടി എഴുതാനുള്ളതാണു് കവിയുടെ സ്വാതന്ത്ര്യം” എന്നു് നേരും തിട്ടവുമുണ്ടായിരുന്നു പണിക്കർക്കു്. ധാരാളം നല്ല കവിതകളും തെളിഞ്ഞ ചിന്തകളും എഴുതിയ കഠിനസാധനയ്ക്കൊപ്പം, ചിരി പുരണ്ട ഈ കൂസലില്ലായ്മയ്ക്കുമൊരു നല്ല പങ്കുണ്ടു്. പണിക്കരെ ഇന്നു നാം കാണുന്നതുപോലൊരു സ്വച്ഛന്ദ ബഹുലതയായി നമ്മുടെ കാലത്തിൽ വിന്യസിക്കുന്നതിൽ; ഭാഷയിലെ ബൃഹതു് പാരമ്പര്യങ്ങളോടും കവിതയിലെ ലോകപാരമ്പര്യങ്ങളോടും സൗന്ദര്യശാസ്ത്രചിന്തയിലെയും നടനത്തിലെയും നാടകത്തിലെയും ദേശീയപാരമ്പര്യങ്ങളോടും അന്വയിക്കുന്നതിലും.
ബോർഹസി ന്റെ ഒരു കഥയിൽ ഒരിടമുണ്ടു്. ‘അലിഫ്.’ (പണ്ടു് വായിച്ചതു്. പിഴയ്ക്കു് മുൻകൂർ മാപ്പു്). അവിടെനിന്നു് ലോകത്തെ എല്ലായിടത്തേക്കും ദൂരം തുല്യം. പണിക്കരെ ഓർക്കുമ്പോൾ മനസ്സിൽ വന്നിട്ടുണ്ടു് പലപ്പോഴും ഇക്കഥ. പണിക്കരാണു് ആ ഇടമെന്നു തോന്നാറുണ്ടു്. പണിക്കരിൽനിന്നും തുല്യദൂരമാണു് എല്ലാറ്റിലേക്കും എല്ലായിടത്തേക്കും എല്ലാവരിലേക്കും. പാരമ്പര്യത്തിലേക്കും ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും തുല്യദൂരമാണു്. ‘പോയെറ്റിക്സി’ലേക്കും ‘നാട്യശാസ്ത്ര’ത്തിലേക്കും ‘പൊരുളതികാര’ത്തിലേക്കും ‘ഓഫ് ഗ്രമറ്റോളജി’യിലേക്കും. എലിയറ്റി ലേക്കും നെരൂദ യിലേക്കും പാസി ലേക്കും ബ്രെഹ്റ്റി ലേക്കും ദെറിദ യിലേക്കും ഗഗാറിനിലേക്കും സി. വി. യിലേക്കും ബഷീറി ലേക്കും തകഴി യിലേക്കും ഏറ്റവും പുതിയവരിലേക്കും നാടൻപാട്ടിലേക്കും ദണ്ഡകത്തിലേക്കും ശ്ലോകത്തിലേക്കും ഗദ്യത്തിലേക്കും നോവലിലേക്കും നാടകത്തിലേക്കും കഥയിലേക്കും എല്ലാറ്റിലുമാണ്ടു്, എല്ലാറ്റിൽനിന്നും അകന്നു് ഒരു നല്ല കവിയുടെ വ്യാപ്തി.
വ്യക്തിപരമായി എനിക്കു് അയ്യപ്പപ്പണിക്കർ ഏറ്റവും നല്ല പ്രചോദകനായി എന്നുമുണ്ടായി. ഇന്ത്യയിലും പുറത്തുമുള്ള പല പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി കവിതകൾ ആവശ്യപ്പെട്ടു. കവിതകൾ വിവർത്തനം ചെയ്യാൻ പറഞ്ഞു. കേരളകവിതാ ഗ്രന്ഥവരിയിൽ എന്റെ ആദ്യസമാഹാരമിറക്കി. ധാരാളം എഴുത്തുകാരുമായി സൗഹൃദം വ്യാപിപ്പിച്ചുതന്നു. ഞാൻ കവിത എഴുതാതെ കഴിഞ്ഞ വർഷങ്ങളിൽ നിരന്തരം കത്തുകളെഴുതിയും (അവയിൽച്ചിലതു് മദ്രാസിലോ ഹൈദ്രാബാദിലോ ദില്ലിയിലോ കൊൽക്കത്തയിലോ, മാൻഹട്ടണിലോ, കാലിഫോർണിയയിലോ ഇരുന്നെഴുതിയവയാണു്. താമസിക്കുന്ന ഹോട്ടലുകളുടെ പാഡുകളിലാണു് കത്തുകൾ വരിക. ചിലതു് മാർജിനിൽ ചിത്രങ്ങൾ സഹിതം) യാത്ര കഴിഞ്ഞു വരുമ്പോൾ കവിതാപുസ്തകങ്ങൾ സമ്മാനിച്ചും ഉത്തേജിപ്പിച്ചിരുന്നതു് മറക്കാനാവില്ല. ‘സമകാലീന കവിത’യ്ക്കുവേണ്ടി ഞാൻ എന്താവശ്യപ്പെട്ടതും ഉടൻ ചെയ്തുതന്നു. കവിതയും ലേഖനങ്ങളും വിവർത്തനങ്ങളും. അതികാലത്താണു് അധികം ഫോൺവിളികളും. കവിതതന്നെയാവും വിഷയം. എന്റെ അമ്മയ്ക്കു് അൾഷിമേഴ്സ് തുടങ്ങിയ കാലത്തു് മിക്കവാറും അതിനെക്കുറിച്ചു് അന്വേഷിച്ചുകൊണ്ടിരുന്നു. ആകെയുള്ളതു് ഒരോർമ്മയാണു്, ആ ഒരു ശ്വാസത്തിലാണല്ലോ എല്ലാം എന്നു പറയും.
ഞാൻ താമസിച്ചിരുന്ന മുറികളിലും വീടുകളിലുമെല്ലാം പലവട്ടം പണിക്കർ വന്നിട്ടുണ്ടു്. മുണ്ടശ്ശേരി സ്മാരക പ്രഭാഷണത്തിനു വന്നതാണു് ഒടുവിലത്തെ വരവു്. അന്നു് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ശ്രീപാർവതിയും മകൾ കവയിത്രി എം. കുമാരിയും കൂടെയുണ്ടായിരുന്നു. ഒരു പകൽ മുഴുവൻ ഫലിതം പൊട്ടിച്ചിട്ടു് വൈകുന്നേരം മുണ്ടശ്ശേരി ഹാളിൽ ഗംഭീരപ്രഭാഷണം.
തിരുവനന്തപുരത്തു് ഇക്കഴിഞ്ഞ ചലച്ചിത്രോത്സവത്തിനിടയ്ക്കൊരു ഉച്ചനേരത്തു് ഞാനും ഗോപീകൃഷ്ണനും അയ്യപ്പപ്പണിക്കരെ വീട്ടിൽച്ചെന്നു കണ്ടു. കഴിഞ്ഞതവണ കണ്ടതിലും ക്ഷീണം തോന്നി. മുഖത്തു് വൃദ്ധൻ വന്നു നിന്നിരുന്നു. ഫലിതങ്ങൾ ഇനിയും ബാക്കിയുണ്ടെന്നു് ചില വാക്കിൽ തോന്നിച്ചിരുന്നെങ്കിലും ആ മുഖത്തു് അസ്തമനത്തിനുള്ള ഒരുക്കങ്ങൾ കണ്ടുതുടങ്ങിയിരുന്നു. എനിക്കു വിഷമം തോന്നി. നീലമ്പേരൂരും കവടിയാർ രാമചന്ദ്രനും അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ കൊടുക്കാൻ അവിടെ എത്തിയിരുന്നു. അധികം സംസാരിപ്പിക്കാതെ ഞങ്ങൾ വേഗം പോന്നു. അടുത്ത കേരളകവിതയെപ്പറ്റിപ്പറയാൻ പണിക്കർ മറന്നില്ല.
അവസാനത്തെ മാസത്തിലാണു് ഞാനും ലക്ഷ്മിയുംകൂടി ചെന്നതു്. ആശുപത്രിയിൽനിന്നു് രണ്ടു ദിവസം മുമ്പു വന്നതേയുള്ളൂ. കാഴ്ചയിൽ അവശത അധികമാണു്. അടുത്ത കേരളകവിതയെപ്പറ്റിപ്പറയാൻ അപ്പോഴും മറന്നില്ല. മടക്കത്തിൽ പഴയ അയ്യപ്പപ്പണിക്കരെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ വിങ്ങി വന്നുകൊണ്ടിരുന്നു.
ഭാഷയിലെ നൂറുനൂറായിരം ചെറുയാത്രകൾ ഇഴകളായ ഒരു വലിയ ഒഴുക്കായി ഏതു നല്ല കാവ്യജീവിതവും കാണാം. കടലിലെത്താറായി എന്നതിന്റെ അറിവുകൾ നേർത്ത തിരിഞ്ഞൊഴുക്കുകളായി, വേഗക്കുറവുകളായി, കിതപ്പുകളായി, ആഴക്കൂടുതലായി, ശാന്തതയായി, ഗംഭീരതയായി, സൗമ്യതയായി, വാക്കുകളിൽ പതിഞ്ഞുകിടക്കും. പതികാലമായി കേൾക്കും. വാക്കാണിവിടെ സൂക്ഷ്മശരീരം. വാക്കിലാണു് കവിയുടെ മിടിപ്പു്. വാക്കിന്റെ നാഡി നോക്കി ഇവിടെ ജീവൻ മശായിക്കു് പ്രവചിക്കാനാവും, കവിയിലേക്കെത്തിക്കൊണ്ടിരിക്കുന്ന പിംഗളകേശിനിയുടെ വരവു്. കക്കാടിൽ ആ പകലറുതി നാം അടുത്തു കേട്ടു. അയ്യപ്പപ്പണിക്കരിൽ, ‘ഗോത്രയാന’ത്തിൽ ആ ഇറക്കം കേട്ടു തുടങ്ങി. അതിലെ ഗോത്രമൂപ്പൻ ചിരിക്കുന്നില്ല. ചിരിപ്പിക്കുന്നുമില്ല. ഗോത്രയാനം, അയ്യപ്പപ്പണിക്കരുടെ ജ്ഞാനപ്പാന. ചിരികൾക്കെല്ലാം മീതെയാണു് അവിടെ അന്ത്യത്തെക്കുറിച്ചുള്ള അറിവു്. ലക്ഷ്യത്തെക്കുറിച്ചുള്ള വെളിവു്. ഏതു ചിരിയിലും ആ അറിവു് ചാഞ്ഞുവീഴുന്ന വെയിലായി. ‘ചിരി മാഞ്ഞുപോയൊരെൻ ചുണ്ടിന്റെ കോണിലൊരു നിർവേദമുദ്ര നീ കാണും’ എന്നു് പാഠഭേദത്തിനു് അതിൽ സമയമായി. ‘അവസാനമവസാനമീയാത്ര അവസാനമവസാനമല്ലോ’ എന്നു് ഏതെങ്കിലും സ്വരത്തിൽ പണിക്കരിൽ ഈ അന്തിചായൽ പതിവായി. ചിരിയെല്ലാം ചിരിക്കുന്നുണ്ടെങ്കിലും മരണസംവാദം ഒരിക്കലും ഒഴിവാക്കിയിട്ടില്ല പണിക്കർ. ‘പത്തുമണിപ്പൂക്കൾ’ എന്ന സമാഹാരത്തിൽ അതു കൂടുതൽ ദൃഢമായി.
ചിരികാലത്തിന്റെ പൗർണമി നിലാവിലാണു് ‘ഇണ്ടൻ’[1] എന്ന പൂർണ വൃത്തത്തിന്റെ ഉദയം. അവസാനമില്ലാത്ത കർമ്മതാളം അവസാനമുള്ള ജന്മവാദ്യംകൊണ്ടു് കൊട്ടിക്കുകയാണതിൽ അയ്യപ്പപ്പണിക്കർ. ഒരിക്കൽ ഇണ്ടനു് ഞാനൊരു പൂരണമെഴുതി. ‘മണ്ടൻ.’ ഒരു ചെറു പരിഹാസം. ‘ചിന്ത’ വാരികയുടെ ഒരു വിശേഷാൽപ്പതിപ്പിൽ. ദേശമംഗലം രാമകൃഷ്ണൻ അന്നു് ചിന്തയിലുണ്ടു്. പണിക്കർക്കു് വിഷമം തോന്നുമോ എന്നു് എനിക്കു് വിഷമം. പിന്നെക്കണ്ടപ്പോൾ പണിക്കർ അതു് രസമായി എന്നു പറഞ്ഞു.
[1] “ഇണ്ടനമ്മാവനിടംകാലിലെച്ചെളി സ്വന്തം വലംകാലുകൊണ്ടു തുടച്ചതും പിന്നെയിടംകാലുകൊണ്ടു വലംകാൽ തുടച്ചതും പിന്നെ വലംകാലുകൊണ്ടിട്ടിടംകാൽ തുടച്ചതും പിന്നെയിടംകാലുകൊണ്ടു വലംകാൽ തുടച്ചതും പിന്നെ… ” അയ്യപ്പപ്പണിക്കര്‍.
ബാർട്ടൺ ഹില്ലിൽനിന്നു് പണിക്കർ വീടു് മാറി വഴുതക്കാട്ടായിട്ടും എന്റെ മനസ്സിൽ പലപ്പോഴും പണിക്കർ ആ കുന്നിൻമുകളിൽത്തന്നെയാണു്.
കുന്നിന്റെ ഇരുണ്ടുതുടങ്ങിയ ആ മറ്റേച്ചെരിവിനെക്കുറിച്ചു് എനിക്കു തോന്നാറുണ്ടായിരുന്നതു് അതു് ഇംഗ്ലണ്ടിലെ ഒരു താഴ്‌വരയാണെന്നാണു്, അവിടെ, മഞ്ഞു മൂടിത്തുടങ്ങിയ ഒരു വലിയ തോട്ടം, മരങ്ങളും വെളിയിടങ്ങളും നിറഞ്ഞതു്. അടിവാരത്തു് വയലും തടാകവുമുള്ളതു്. ഏകാന്തതയും പ്രണയവും വിഷാദവും ഡാഫൊഡിൽപ്പൂക്കളും അമേരിക്കയിൽനിന്നു വന്നു് എമിലി ഡിക്കൻസനും വസിക്കുന്നതു്. രമണനും മദനനുമൊത്തു് ചങ്ങമ്പുഴ ചിലപ്പോഴെല്ലാം അവിടെ പോയിവരാറുണ്ടു്.
തോട്ടത്തിന്റെ ഇരുണ്ട ഗേറ്റു കടന്നു് വെള്ളക്കുതിരകളെപ്പൂട്ടിയ ഒരു കുതിരവണ്ടി പുറത്തേക്കു വരും. വലിയ വയലിന്റെ നടുവിലെ ആൾ സഞ്ചാരം കുറഞ്ഞ നെടുമ്പാതയിലൂടെ നീങ്ങും. എമിലി ഡിക്കൻസൻ അതിലിരിക്കുന്നുണ്ടാവും. വെളുത്ത വസ്ത്രങ്ങൾ അവരിൽ ഒരു മാലാഖയെ മെനയാൻ നോക്കും. നെറ്റിയുടെ നടുവിൽ പിന്നിലേക്കു് മുടിവകയുന്ന വരയിൽ ആ വെണ്മ ക്ഷയിക്കും എകാന്തതയും പ്രണയവും ശിരസ്സിലെ ആ മങ്ങിയ വരയിൽ ഉലാത്തും. എമിലി പറയും: ആത്മാവു് സ്വന്തം സമൂഹത്തെ സ്വയം വരിക്കുന്നു.
ഇരുട്ടിൽ ഭയത്തിന്റെ കുളമ്പടി. മൃത്യുവിന്റെ തുടി. മൃത്യുപൂജ. എമിലി പറയും: മരിച്ചവരൊഴികെ എല്ലാം ഇവിടെയുണ്ടെങ്കിലും മരിച്ചവരുടെ അടുത്തിരിക്കാനാണു് നമുക്കിഷ്ടം. ഉടയുന്ന ഗണിതത്തിൽ നമ്മുടെ വില തിട്ടപ്പെടുത്തിക്കൊണ്ടു്.
മാസികകളുടെ കവർ ചിത്രങ്ങൾ: പ്രദീപ് പനങ്ങാടിന്റെ ശേഖരത്തിൽ നിന്നു്.