
ഏഴാം മൈലിലെ മേരിമാതാ പള്ളിയായിരുന്നു കുട്ടിക്കാലത്തു് എന്റെ പള്ളി. ഫാദർ റൊസാരിയോ ആന്റണി അവിടെ അച്ചനായി വന്ന കാലത്തു്. മതങ്ങളിലെ കവിതയോ ദർശനമോ കറുപ്പോ മധ്യകാലദംഷ്ട്രകളോ നരകമോ സ്വർഗ്ഗമോ എനിക്കൊട്ടും പരിചയമില്ലാത്ത കാലത്തു്. ആറിലോ ഏഴിലോ എന്റെ അച്ഛന്റെ വിദ്യാർത്ഥിയായിരുന്നു ഫാദർ റൊസാരിയോ ആന്റണി. അച്ഛന്റെയും അമ്മയുടെയും ആത്മസുഹൃത്തുക്കളുടെ മകനും. ഫാദർ റൊസാരിയോ പലപ്പോഴും വീട്ടിൽ വന്നു. വൈകുന്നേരങ്ങളിൽ. കുതിരപ്പുറത്തെന്നപോലെ ഒരു വലിയ റാലിസൈക്കിളിൽ. കട്ടിയുള്ള പനാമാത്തൊപ്പിവച്ചു്. ഡോൺ ക്വിക്സോട്ടിനെയോ റോബിൻസൺ ക്രൂസോയെയോ സിനിമയിലോ ചിത്രകഥയിലോ രേഖാചിത്രങ്ങളിൽപ്പോലുമോ കണ്ടിട്ടില്ല. എങ്കിലും ഞങ്ങൾ ഫാദർ റൊസാരിയോയെ ആ ഗണത്തിലൊരു കഥാപാത്രമായി കരുതി. സൈക്കിളിന്റെ ഹാൻഡിലിൽനിന്നു് ഒരു ഹിഡുംബൻകുട ഭൂമിയിലേക്കൊരു കൂർത്ത നോട്ടവുമായി ഗീവർഗ്ഗീസ് പുണ്യാളന്റെ കുന്തംപോലെ മുൻചക്രത്തിന്റെ വശത്തേക്കു് തൂങ്ങിനിന്നു.
അച്ചന്റേതു് തോരാസംസാരം. അതിൽ കഥകളും ഘോഷാക്ഷരങ്ങളും പൊട്ടിച്ചിരികളും പ്രതാപത്തോടെ ഉയർന്നു പന്തലിച്ചു. ആ വൈകുന്നേരങ്ങൾ മറക്കാതായി.

പള്ളിമേടയിൽ ഞങ്ങൾക്കു് സ്വാതന്ത്ര്യമായി. അച്ചന്റെ തത്തയും കുശിനിക്കാരനും പുസ്തകങ്ങളും മാഗസിനുകളുമായി ഞങ്ങൾ അടുപ്പത്തിലായി. പാഠപുസ്തകം പൊതിയാൻ പതിവായി ലൈഫ് മാഗസിൻ തന്നു. കീറാൻ തോന്നിക്കാത്ത മിനുസശബളമായ ആ വർണ്ണത്താളുകളിൽ ഞങ്ങൾ മണമുള്ള ലോകപ്പെരുമ ശ്വസിച്ചു. ഒരിക്കൽ തളിർക്കടലാസ്സിൽ അച്ചടിച്ച സത്യവേദപുസ്തകം തന്നു. അത്രയും ചെറിയ അക്ഷരങ്ങൾ കാണുന്നതു് അന്നാദ്യം. അത്ര നേർത്ത കടലാസും. കാണാനും തൊടാനുമുള്ളതായിരുന്നു എത്രയോ നാൾ എനിക്കു് ബൈബിൾ. “മാൻ നായാട്ടുകാരന്റെ കൈയ്യിൽനിന്നും പക്ഷിവേട്ടക്കാരന്റെ കൈയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്ക. മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക, അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക” (സദൃശവാക്യങ്ങൾ). എന്റെ അമ്പിൽനിന്നും വലയിൽ നിന്നും എനിക്കു് എന്നെത്തന്നെ രക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇങ്ങനെ എനിക്കായിത്തന്നെ തുറന്ന ചില വാതിലുകളിലൂടെയാണു് പിൽക്കാലത്തു് ഞാൻ ബൈബിളിലേക്കു പോയതു്. ഉറുമ്പുകളുടെ ശിഷ്യനായി. ഓരോ തരിയും അടുത്തു കണ്ടു കേട്ടു് മണത്തു് രസിച്ചു്… മടിയിൽനിന്നുള്ള അനേകം ഉയിർത്തെഴുന്നേൽപ്പുകളുടെ കഥയായി എന്റെ ജീവിതം.

ഫാദർ റൊസാരിയോയ്ക്കു് വളരെ ഇഷ്ടമായിരുന്നു കഥ പറയാൻ. പല കഥാപാത്രങ്ങളുടെ സ്വരങ്ങൾ വരും. അച്ചൻ അവരായി മാറും. മുഴുകിപ്പറയും. ആ കഥകൾ എന്റെ ഭൂമിയിലും ആകാശത്തിലും വെളിച്ചത്തിന്റെ പ്രാവുകളെ തുറന്നുവിട്ടു. ഭാഷയിലെ എണ്ണമറ്റ വാതിലുകളിൽ പലപ്പോഴും ഒരു മനുഷ്യന്റെ ധ്യാനിയായ നിഴൽ വന്നു നിന്നു. എന്റെ കൂടെ സദാ നടക്കുന്നുണ്ടു് മറ്റൊരാൾ. ഒരു മൂന്നാമൻ. പുരുഷനോ സ്ത്രീയോ? എണ്ണി നോക്കുമ്പോൾ നീയും ഞാനും മാത്രം. പക്ഷേ, ആരാണെന്റെ മറുവശത്തു്?

പിൽക്കാലത്തു് എലിയറ്റിൽ ഞാനെന്റെ അക്കാലം അടുത്തു് കണ്ടു. റൊസാരിയോ അച്ചൻ പറയുന്ന കഥ കേട്ടിരിക്കുമ്പോൾ ലോകകാലങ്ങൾ എനിക്കു് തൊട്ടടുത്ത നാടുകളിലായി. ഗലേലക്കടൽ ചവറയിൽനിന്നു് കാണാവുന്നതായി. ബേത്ലഹേം ശാസ്താംകോട്ടയിലായി. യോർദ്ദാൻ നദി കല്ലടയാറായി. ക്ഷുഭിതനായ യേശു ബലിയടുപ്പുകളിൽനിന്നു് പ്രാവുകളെ മോചിപ്പിക്കുകയും കള്ളപ്പരിഷകളെ തല്ലിയോടിക്കുകയും ചെയ്തതു് കടമ്പനാട്ടെ വലിയ പള്ളിയുടെ മുറ്റത്തുനിന്നായി. ശിശിരകാലത്തെ ഈർപ്പം കുടിച്ചു് കുതിർന്നു് ഭാരം കൂടിയ പോപ്ലാർ മരത്തിലുണ്ടാക്കിയ കുരിശും ചുമന്നു് കുരിശിന്റെ വഴിയിൽ ചാട്ടവാറടിയേറ്റു് പുളയുന്ന യെരുശലേം കടമ്പനാടായി. ഇടയ്ക്കാട്ടിലെ ദേവൂന്നു് കാൽവരിയായി. ദൈവക്കുന്നോ ദേവൻകുന്നോ പറഞ്ഞുറഞ്ഞ ദേവൂന്നു്. ചരിത്രവും പുരാവൃത്തവും നിറഞ്ഞതു്.

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു് സ്പാർട്ടക്കാർ നവജാതശിശുക്കളുമായി ദേവൂന്നിൽ വന്നതു്. അർഹതയുള്ളവർ അതി ജീവിക്കട്ടെ എന്നു കുഞ്ഞുങ്ങളെ ദേവൂന്നിന്റെ താഴെ എനിക്കു മാത്രം കാണാവുന്ന കിടങ്ങിലെ ഇരുൾത്തണുപ്പിൽ ഉപേക്ഷിച്ചുപോയതു്. മൂന്നാം നാൾ അവരിൽ ചിലർ ഉറ്റവരുടെ വിറകൈകളിലേക്കു് ഉയിർത്തെണീറ്റു. യഹൂദർ കുറ്റവാളികളെ കല്ലെറിഞ്ഞു കൊല്ലാനും റോമാക്കാർ ക്രൂശിക്കാനും കൊണ്ടുവന്നതും ദേവൂന്നിൽത്തന്നെ. പരീക്ഷിക്കാനായി യേശുവിനെ ഏറ്റവും ഉയർന്നൊരു മലമുകളിൽ കൂട്ടിക്കൊണ്ടുപോയി സകല രാജ്യങ്ങളെയും അവയുടെ മഹത്ത്വവും കാണിച്ചു് എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു് തരാമെന്നു് പിശാചു് പ്രലോഭിപ്പിക്കാൻ നോക്കിയതും അതേ ദേവൂന്നിൽ. ബോർഹസ്സിന്റെ കഥയിലെ ‘ആലിഫ്’ പോലെ എനിക്കവിടം സർവ്വമധ്യം. ദുഃഖത്തിന്റെയും നീതിയുടെയും ഏതടിവാരത്തിലേക്കും അവിടെനിന്നു് ഒരേ ദൂരം.

അവിടെ അവസാനിച്ചില്ല പിശാചിന്റെ ആരോഹണം. ദൈവവും ചെകുത്താനും തമ്മിലുള്ള രഹസ്യബന്ധമാണു് എന്നെ അത്ഭുതപ്പെടുത്തുന്നതെന്നു് സരമാഗുവിന്റെ യോഹന്നാൻ ചിന്തിച്ചുപോകുന്നത്ര ഉയരത്തിലേക്കു് സങ്കീർണ്ണവും അദൃശ്യവുമാണു് പിശാചിന്റെ ആരോഹണത്തിന്റെ പടവുകൾ. ആയുസ്സറുതിയുടെ മ്ലാനാകാശത്തിലേക്കുയരുന്ന ശാപങ്ങളുടെ വർത്തുള കോവണിയാണു് ബൈബിളിൽ ചെകുത്താൻ. ദൈവത്തിന്റെ നീചമറുപുറം. നരകസമാന്തരം. വ്യവസ്ഥയുടെ അബോധത്തിൽ അതു് പെരുകുന്നു. ബഹുരൂപിയായ തൃഷ്ണകളും തിന്മകളുമായി. പുരുഷാരത്തിന്റെ നാവിൽ ‘അവനെ’ ക്രൂശിക്കണം എന്ന ഭ്രാന്തൻ ജനവിധിയായി. യേശുവിന്റെമേൽ ചമ്മട്ടിയുടെ തീനാവായി. മുൾക്കിരീടമായി. നിന്ദയും പരിഹാസവുമായി. കയ്പു് കലക്കിയ വീഞ്ഞായി. തലയോട്ടികളുടെ മേടായ ഗോൽഗോത്താ മലയുടെ നെറുകയിലേക്കു് ചോരയിലും കണ്ണീരിലും നരകിപ്പിച്ചു് യേശുവിനെ വലിച്ചിഴയ്ക്കലായി. ഉടലിലൂടെ സമയക്കുരിശിലേക്കാഴ്‌ന്നിറങ്ങുന്ന പീഡാനുഭവ മൂർച്ചയായി. രണ്ടു് കള്ളൻമാർക്കു നടുവിൽ കുരിശിൽ തറയ്ക്കപ്പെട്ട നീതിയുടെ ഏകാന്തത പ്രവചനാത്മകമായ ഒരു ഭാവിചരിത്ര സൂചകമായി. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിർത്തെണീക്കലിന്റെയും ആ ശൃംഗം മനുഷ്യർ പറഞ്ഞ കഥകളിലേക്കും ഉയരം കൂടിയ കൊടുമുടിയായി.

പിശാചിന്റെ/തിന്മയുടെ ഒരു ഇരുൾച്ചരിത്രം ബൈബിളിൽ ഉടനീളമുണ്ടു്. ബഹുരൂപിയായ അധികാരവും എതിരൊഴുക്കുകളും വെല്ലുവിളികളുമായി സമയത്തിൽ അവൻ നീതിക്കും സ്വാതന്ത്ര്യത്തിനുമെതിരേ സദാ ഉണർന്നു പ്രവർത്തിക്കുന്ന കുനുഷ്ടാസൂത്രകൻ. അധികാരികളെയും മഹാപുരോഹിതന്മാരെയും സമർത്ഥമായി വിന്യസിച്ചും വിനിയോഗിച്ചും മനുഷ്യനെതിരേ തന്ത്രപരമായും മൃദുവായും ബലമായും ക്രൂരമായും പിടിമുറുക്കുന്നവൻ. അവനെ സഹിക്കലും നേരിടലും അതിജീവിക്കലുമാക്കി നമ്മുടെ തിരക്കഥയെ തിരിച്ചടികളിലേക്കും വ്യർത്ഥവ്യതിയാനങ്ങളിലേക്കും സദാ പിടിച്ചുവലിക്കുന്നവൻ. സ്നേഹഗാഥയായിരിക്കുമ്പോൾതന്നെ ബൈബിളിനെ വെറുപ്പിന്റെ സാഹിത്യവുമാക്കുന്നവൻ.

കുരിശുമരണത്തിൽ പിശാചാണു് വിജയി. ഉയിർത്തെഴുന്നേൽപ്പു് പിശാചിന്റെമേൽ മനുഷ്യപ്രതിഭയുടെ ഉജ്ജ്വലാരോഹണവും വിജയവും. ഇതിലും തേജസ്സോടെ സംഭവിക്കാനില്ല സർഗ്ഗാത്മകത. പതനത്തിലൂടെ പതനത്തെ തോൽപ്പിച്ചുയർത്തെണീക്കുന്നു. നൂറുമേനിയായി വിളയുന്ന, വിത്തിന്റെ ഭാഷയാണു് ഉയിർത്തെണീക്കലിന്റെ മാതൃഭാഷ. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശാസ്ത്രത്തിന്റെയും രാഗങ്ങളിൽ ആലപിക്കാവുന്നതാണു് ഉയിർത്തെഴുന്നേൽപ്പിന്റെ ജൈവസത്യം. ‘എല്ലാറ്റിന്റെയും പുതുക്കലാണു് ഉയിർത്തെഴുന്നേൽപ്പു് എന്നു് പത്രോസിനെ ഉദ്ധരിക്കുന്നുണ്ടു് പോളിഷ് കവി സെസ്ലോ മീവാഷ് ‘സഹനത്തിനുശേഷം’ എന്ന കവിതയിൽ.

വസന്തത്തിന്റെ വിളംബരംകൂടിയാണു് ഈസ്റ്റർ എന്നോർക്കുമ്പോൾ ആ വാക്കുകളുടെ വ്യാപ്തി വരമ്പോരത്തു് സന്തോഷിച്ചുലയുന്ന വയൽപ്പൂക്കളോളം. ഒരാണ്ടോ പതിറ്റാണ്ടോ നൂറ്റാണ്ടോ ഒരായിരം കോടി ആണ്ടുകളോ കഴിഞ്ഞാണെങ്കിലും പ്രിയരിലേക്കും പ്രിയങ്ങളിലേക്കും പ്രിയനാടുകളിലേക്കും ഓരോരുത്തർക്കും തിരിച്ചുവരാതെ വയ്യ. വെടിയേറ്റു നുറുങ്ങിയ ഒരസ്ഥികൂടമായി ബൊളീവിയയിലെ വില്ലി ഗ്രാന്റിലോ/സി. ഐ. എ-യുടെ മാത്രം അറിവിലെ ഒരു കാൽവരിയിലോ വെറും ഒരുപിടി മൺമറവിയിലൊടുങ്ങാതെ ചെഗുവേര എത്ര ലോകങ്ങളിൽ ഉയിർത്തെണീറ്റു എന്നറിയാത്തവരില്ല. ഒരു കഥയിൽ ഒരാളിൽ അവസാനിക്കുന്നില്ല മഹാബലി.

മൂന്നാംനാൾ സത്യമായും ക്രിസ്തു ഉയിർത്തെണീറ്റോ? മറ്റാരെയും അടക്കിയിട്ടില്ലാത്തതും പാറ തുരന്നുണ്ടാക്കിയതുമായ പുതിയ കല്ലറയിലെ ആദരശയ്യയിൽ മീറയും അകിലും ചേർന്ന സുഗന്ധക്കൂട്ടു് പുരട്ടി ലിനൻകച്ചയിൽ പൊതിഞ്ഞു് അരിമഥ്യക്കാരൻ യോസഫ് അടക്കിയിടത്തുനിന്നു് അവൻ ഉയിർത്തണീറ്റുപോയോ? സ്വതന്ത്രവെളിച്ചത്തിന്റെ മഹാവിസ്ഫോടനമായി അവൻ പുരോഹിതപ്രമാണിമാരുടെ കാവൽക്കൂട്ടത്തെ കടന്നു് പോയോ? മരണത്തിലൂടെ അവൻ മരണത്തെ തോൽപ്പിച്ചെന്നും മരണമില്ലാത്തവനായി എന്നും സ്നേഹിക്കുന്നവരിലേക്കും വിശ്വസിക്കുന്നവരിലേക്കും തിരിച്ചെത്തിയെന്നും കേൾക്കുന്നതു് വിശ്വസിക്കാമോ? സുവിശേഷങ്ങൾ പ്രകീർത്തിക്കുന്നതു് നേരൊ? ബ്രൂഗലി ന്റെയും റാഫേലി ന്റെയും റെംബ്രാൻഡി ന്റെയുമൊക്കെ ചിത്രസാക്ഷ്യങ്ങൾ സത്യമോ? രണ്ടായിരം വർഷങ്ങളായി സംശയിക്കുന്നവരുണ്ടു്; വിശ്വസിക്കുന്നവരും.

ഉയിർത്തെണീക്കലിൽനിന്നു് പുതിയ മതേതര/സൗന്ദര്യാത്മക നാനാർത്ഥങ്ങൾ ഉയിർത്തെണീക്കുന്നുണ്ടു്. യേറ്റ്സിന്റെ ഈസ്റ്റർ 1916-ൽ ഉയിർത്തെഴുന്നേൽക്കുന്നതു് ഐറിഷ് സ്വത്വവും ചരിത്രവുമാണു്. രക്തസാക്ഷികളുടെ ഓർമ്മയിൽ വളരുന്ന വീരക്കല്ലുകളും പ്രണയസ്മരണകളും വിജയം ഇച്ഛിക്കുന്ന വിമോചനത്വരയുമാണു്. “എല്ലാം മാറി. ഭീകരമായ ഒരു പുതിയ സൗന്ദര്യം പിറവികൊണ്ടിരിക്കുന്നു” എന്നു് നീതിപ്രബുദ്ധമായ ഏതു് മനുഷ്യസന്നാഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെ നോക്കിയും പറയാം. പള്ളിമുറ്റത്തെ ക്ഷുഭിതക്രിസ്തുവിന്റെ സൗന്ദര്യം ആ മാറ്റിത്തീർക്കലിന്റെ സൗന്ദര്യമായിരുന്നു. ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം പേരുണരുന്നതു് ആ സൗന്ദര്യത്തിലെ പ്രത്യാശയുടെ അജയ്യയിലാണു്. ഉയിർത്തെണീക്കൽ പ്രത്യാശയുടെ ദർശനവും സന്ദേശവും പുതുനിലങ്ങളിൽ വീണ്ടും വിതയ്ക്കുന്നു.

ഈസ്റ്റർ ദിവസം രാവിലെ ഇടയ്ക്കാട്ടിലെ തോട്ടുവാത്തോടിന്റെ കരയിൽനിന്നു് ദാനിയേലച്ചായൻ എന്ന നാടൻ കർഷകത്തൊഴിലാളി കൂട്ടുകാരന്റെ മക്കൾക്കു് കൊടുക്കാൻ ഈസ്റ്റർ അപ്പവുമായി കാതങ്ങൾ വഴി നടന്നു് മുടങ്ങാതെ വന്നെത്തിയിരുന്ന വർഷങ്ങൾ എനിക്കോർമ്മവരുന്നു.
ഫാദർ റൊസാരിയോയുടെ മറ്റൊരു പ്രിയ മിത്രം. എന്തരോ മഹാനുഭാവുലു. ആ വിശുദ്ധനും മറഞ്ഞു. ഉയിർത്തെണീറ്റിട്ടുണ്ടാവും ദാനിയേലച്ചായൻ ഏതെങ്കിലുമൊരു സ്നേഹവയലിൽ.

ഡ്രോയിങ്: വി. ആർ. സന്തോഷ്