സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-06-17-ൽ പ്രസിദ്ധീകരിച്ചതു്)

നാല്പതിലേറെ വർഷങ്ങൾക്കു മുൻപു് “അഞ്ചു ചീത്തക്കഥകൾ” എന്ന പേരിൽ ഒരു കഥാസമാഹാരഗ്രന്ഥം ആരോ പ്രസിദ്ധപ്പെടുത്തി. എസ്. കെ. പൊറ്റെക്കാട്ടി ന്റെ “കള്ളപ്പശു”, പൊൻകുന്നം വർക്കി യുടെ “വിത്തുകാള” ഈ കഥകളോടൊപ്പം കേശവദേവി ന്റെ “പതിവ്രത” എന്ന കഥയും അതിലുണ്ടായിരുന്നു. കഥയുടെ വിശദാംശങ്ങൾ എന്റെ ഓർമ്മയിൽ നിന്നു് ഓടിപ്പോയിരിക്കുന്നു. അരോഗദൃഢഗാത്രനായ ഭർത്താവും സുന്ദരിയായ ഭാര്യയും അവർക്കു് ഒരു മകനും. ഭർത്താവു് അകാലചരമം പ്രാപിക്കുന്നു. വളരെ വർഷങ്ങൾ കഴിഞ്ഞു്. ദൂരെയെവിടെയോ ആയിരുന്ന മകൻ അമ്മയുടെ വീട്ടിലെത്തുന്നു. ഭർത്താവിന്റെ അതേ ഛായായാർന്ന മകനെക്കണ്ടു് അവർ ചലനം കൊള്ളുന്നു. മരിച്ചയാളിനോടു് അക്കാലത്തുണ്ടായിരുന്ന കാമവികാരമാണു് മകനെ കണ്ടപ്പോൾ ആ മാതാവിന്റെ മനസ്സിൽ ഓളം തല്ലിയതു്. അവൾ പണിപ്പെട്ടു് സ്വയം നിയന്ത്രിച്ചു. രാത്രിയായി, അവൾക്കു് ഉറക്കം വരുന്നില്ല. എഴുന്നേറ്റു. മകൻ കിടന്നുറങ്ങുന്ന മുറിയുടെ വാതിലിൽ ചെന്നു തട്ടി. അയാളെഴുന്നേറ്റു വാതിൽ തുറക്കുന്നതിനു മുൻപു് സന്മാർഗ്ഗചിന്തയാൽ പ്രചോദിതയായി അവൾ ‘ശാന്തം പാപം’ എന്നു പറഞ്ഞുകൊണ്ടു് തിരിച്ചു് സ്വന്തം മുറിയിലേക്കു പോന്നു.

കഥാപാത്രങ്ങളുടെ മാനസികവും സദാചാരപരവുമായ അംശങ്ങൾക്കു് ഊന്നൽ നല്കാതെ ശാരീരിക തലത്തിലേക്കു മാത്രം കഥയെ കൊണ്ടുചെല്ലുകയാണു് കേശവദേവ്. കാമവികാരോദ്ദീപനം എന്ന കൊടും വിപത്തിൽ അമ്മയെന്ന കഥാപാത്രത്തിനു തകർന്നടിയാം; അല്ലെങ്കിൽ അതിനോടു മല്ലിട്ടു വിജയം വരിക്കാം. ബഹിർഭാഗസ്ഥതയിൽ അഭിരമിക്കുന്ന കേശവദേവിനു രണ്ടവസ്ഥകളും ചിത്രീകരിക്കാൻ കഴിയുന്നില്ല. മുതലാളിയോടു മര്യാദ ലംഘിക്കാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളി, വിചാരിച്ചിരിക്കാത്ത സന്ദർഭത്തിൽ ബനിയന്റെ ഉള്ളിൽ ഒളിച്ചുവച്ച ചുവന്ന തുണി പെട്ടെന്നെടുത്തു വീശി ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നു വിളിക്കുന്നതു പോലെ കഥാകാരന്റെ കഥാപാത്രം ഝടിതിയിൽ ‘ശാന്തം പാപം’ എന്നു് ഉദ്ഘോഷിച്ചിട്ടു് അങ്ങു നിഷ്ക്രമിക്കുകയാണു്. നിഷ്ക്രമിക്കട്ടെ. ഉപരിപ്ലവതയ്ക്കു് അതിൽക്കൂടുതലായി ഒന്നും സാദ്ധ്യമല്ലല്ലോ.

ആസ്ട്രോ–ഹംഗേറിയൻ സാഹിത്യകാരൻ ഗേസ ചേത്തി ന്റെ (Géza Csáth, 1887–1919) “Meeting Mother” എന്ന കഥ ഞാൻ വായിച്ചു.

images/CsathGeza.jpg
ഗേസ ചേത്ത്

“എനിക്കു ജന്മം നല്കിക്കൊണ്ടു് അമ്മ മരിച്ചു. മുറിയാകെ മരുന്നിന്റെ നാറ്റം. രക്തം അങ്ങിങ്ങായി ആവി പുറപ്പെടുവിച്ചു. ആളുകൾ മുറുമുറുത്തുകൊണ്ടു് വിരലൂന്നിനടന്നു. പ്രഭാതം അങ്ങകലെ. വളരെയകലെ. എന്റെ സുന്ദരിയായ അമ്മ വേദനയിൽ ഏങ്ങിക്കൊണ്ടു പ്രാർത്ഥിച്ചു. അമ്മയ്ക്കു് ഇരുപതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അമ്മയെ മറന്നു. അങ്ങനെ കാലം കഴിഞ്ഞു. അതിനുശേഷം ഞാനെത്ര ചെറുപ്പക്കാരികളെ കണ്ടു! അവർ തലമുടിയുടെ സൗരഭ്യം കൊണ്ടു് എന്റെ വിവർണ്ണമായ മുഖമുഴിഞ്ഞു. എന്റെ മെലിഞ്ഞ കണംകൈ അവരുടെ മൃദുലവും അലസവും അരുണാഭവുമായ കൈകൾക്കു് ഉള്ളിലാക്കി. എന്റെ പുച്ഛമാർന്ന ചുണ്ടുകളെ മരണത്തിന്റെ ഹർഷങ്ങൾ പ്രസരിപ്പിക്കുന്ന ചുംബനങ്ങൾ കൊണ്ടു മൂടി. പക്ഷേ, വർഷങ്ങൾക്കു മുൻപു് ദീർഘനേരം ഏങ്ങിക്കൊണ്ടു്, ചോര തെറിച്ച, മരുന്നിന്റെ നാറ്റമാർന്ന മുറിയിൽ കിടന്നു് അന്ത്യശ്വാസം വലിച്ച അമ്മയുടെ ഓർമ്മയെ അതൊന്നും പ്രത്യാനയിച്ചില്ല.

കഴിഞ്ഞ രാത്രിയിൽ അമ്മ എന്റെ മനസ്സിലെത്തി. ഞാൻ ഒരു സ്ത്രീയുടെ അടുത്തു നിന്നു് വൈകിയെത്തി ക്ഷീണിച്ചു് ഉറക്കത്തിൽ വീണവനാണു്. അമ്മ അടുത്തടുത്തു വന്നു. ചെറുപ്പം. ഓജസ്സു് ഇവയാർന്ന അമ്മ. അമ്മയുടെ നീലക്കണ്ണുകൾ എന്നിലേക്കു താണു. ഓടിച്ചെന്നു് അമ്മയെ ഉമ്മവയ്ക്കാനും കെട്ടിപ്പിടിക്കാനും എനിക്കു കൊതി. പക്ഷേ, അമ്മയുടെ കൈ ചുംബിക്കാൻ പോലും അമ്മ അനുവദിച്ചില്ല. അതെനിക്കു് അദ്ഭുതമുളവാക്കി. ഞങ്ങൾക്കു ചുറ്റും മേയ് മാസക്കാലം. വയലുകൾക്കപ്പുറത്തു പാടുന്ന പുല്ലാങ്കുഴൽ. ലില്ലിപ്പൂക്കൾ മാധുര്യമാർന്ന സുഗന്ധം ഞങ്ങൾക്കു വേണ്ടി മൂളുകയായിരുന്നു. എന്റെ അമ്മ എന്തു സുന്ദരി! അവർ എത്ര ചെറുപ്പം. എനിക്കു പാലുതരാത്ത അമ്മയുടെ കൊച്ചുമുലകളെ ഞാൻ ലില്ലിപ്പൂക്കൾ കൊണ്ടു മൂടി. നിശ്ശബ്ദമായ ചിരിയോടുകൂടി അമ്മ എന്നെ നോക്കി, എന്റെ കൈയിലെ പൂക്കൾ തീരുന്നതുവരെ. ഹാ, ഞങ്ങൾ നീലക്കാട്ടിലെത്തി. ഞങ്ങൾക്കു രണ്ടുപേർക്കും വിഷാദം. കൈകോർത്തു പിടിച്ചു ഞങ്ങൾ പുൽത്തകിടികളിൽ നടന്നു. കാട്ടിന്റെ അതിരിൽ വച്ചു് ഞങ്ങൾക്കു പിരിയേണ്ടതാണു്. മരിച്ച സുന്ദരിയായ അമ്മയെ എനിക്കു കെട്ടിപ്പിടിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, വേദനിപ്പിക്കപ്പെട്ട ഭാവത്തിൽ അമ്മ എന്നെ നോക്കി. മാപ്പു തരുന്നു എന്ന രീതിയിൽ അമ്മ എന്റെ കവിൾ തടവി. ധവളിമയാർന്ന മായാരൂപം പോലെ അവർ അപ്രത്യക്ഷയായി. നീലക്കാടിന്റെ അരികിൽ ഞാൻ നിന്നു: ദുഃഖിച്ചു്, ആരാധിച്ചു്. ഇപ്പോൾ ഞാനെന്നും അമ്മയെ ഓർമ്മിക്കുന്നു. കറുത്ത തലമുടിയുള്ള മധുര ശബ്ദമുള്ള യുവതികളെ ഞാൻ അമ്മയ്ക്കു വേണ്ടി ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ സുന്ദരിയായ, ഇരുപതു വയസ്സുള്ള ഒരിരുണ്ട പ്രഭാതത്തിൽ മരിച്ച അമ്മയെ ഞാൻ സ്വപ്നം കാണുന്നു; ദീർഘനേരം ഏങ്ങി മരിച്ച അമ്മയെ”. കഥ തീർന്നു.

വേശ്യയുടെ അടുക്കൽ നിന്നു തിരിച്ചെത്തിയ അയാൾക്കു് അന്നു രാത്രിയിൽ സ്വപ്നമുണ്ടാകുന്നു. സ്വപ്നത്തിൽ ആവിർഭവിച്ച അമ്മയോടുള്ള അഗമ്യ ഗമനാസക്തിയെ കഥാകാരൻ പ്രഗല്ഭമായി സൂചിപ്പിക്കുന്നു. അമ്മ ആ ആസക്തി നിന്ദ്യമാണെന്നു വ്യക്തമാക്കിയതും അദ്ദേഹം ധ്വനിപ്പിക്കുന്നു. സ്വപ്നദർശനത്തിനു ശേഷം അയാൾ എല്ലാ മലിന ചിന്തകളിൽ നിന്നും മുക്തനായി. കത്സിതമായ അഗമ്യ ഗമനാഭിലാഷം വിശുദ്ധമായ ആദ്ധ്യാത്മിക വികാരമായി മാറുന്നു. ഉദ്ഗ്രഥിതമായ ഭാവനാശക്തിയുടെ കഴിവാണിതു്. കേശവദേവ് എവിടെ? ഗേസ ചേത്ത് എവിടെ? കേശവദേവ് എപ്പോഴും ‘സൂപർഫിഷലായ’ എഴുത്തുകാരനായേ എനിക്കു തോന്നിയിട്ടുള്ളു. നമ്മുടെ പല കഥാകാരന്മാരും ഇങ്ങനെ തന്നെയാണു്.

ഉമാമഹേശ്വരൻ

ഇതെഴുതുന്ന ആൾ തിരുവനന്തപുരത്തെ സയൻസ് കോളേജിലാണു് ഇന്റർമീഡിയറ്റിനു് പഠിച്ചതു്. തിങ്കളാഴ്ച കാലത്തു് ആദ്യത്തെ പീരിയെഡ് കഴിയാറാവുമ്പോൾ കുട്ടികളുടെ മുഖം മങ്ങും. കാരണം ഗോപാലകൃഷ്ണയ്യർ സാർ ബ്രൗണിങ്ങി ന്റെ കവിത പഠിപ്പിക്കാൻ സെക്കൻഡ് പീരിയെഡിൽ വരുമെന്നതാണു്. ബ്രൗണിങ് ഗദ്യകവി. ചിന്താപ്രധാനമെങ്കിലും വികാരശൂന്യമായ കവിതയുടെ രചയിതാവു്. പഠിപ്പിക്കുന്ന സാറ് ഗോപാലകൃഷ്ണയ്യരും വളരെ വിരസം. ഒരു ദിവസം തിങ്കളാഴ്ച സെക്കൻഡ് പീരിയെഡിൽ ക്ലാസ്സിലേക്കു കയറിവന്നതു് ഉമാമഹേശ്വരൻ സാറാണു്. അദ്ദേഹം ചൊവ്വാഴ്ച രണ്ടാമത്തെ പീരിയെഡിൽ വരേണ്ട ഗുരുനാഥനാണു്. ആഴ്ച തെറ്റിപ്പോയതാകാമെന്നു വിചാരിച്ചു കുട്ടികൾ വിളിച്ചുപറഞ്ഞു: “സാർ ക്ലാസ്സ് നാളെയാണു്” ഉമാമഹേശ്വരൻ സാറ് പറഞ്ഞു: “ശരി തന്നെ. ഗോപാലകൃഷ്ണയ്യർ നാളെ രണ്ടാമത്തെ പീരിയെഡിൽ വരും. ഇതൊരു അഡ്ജസ്റ്റ്മെന്റ് ഈ ആഴ്ചത്തേക്കു മാത്രം”. കുട്ടികൾ ആഹ്ലാദിച്ചു. ഉമാമഹേശ്വരൻ സാറിന്റെ ക്ലാസ്സിലിരുന്നാൽ സമയം പോകുന്നതു് അറിയില്ല. അത്രയ്ക്കു രസമുണ്ടു്. വിചാരിച്ചിരിക്കാതെ ഉണ്ടാകുന്ന ഈ ആഹ്ലാദവും അതിനോടു ചേർന്ന അദ്ഭുതവുമുണ്ടല്ലോ അതാണു് കലയിൽ നിന്നുണ്ടാകേണ്ടതു്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ‘റെസ്റ്റോറന്റ്’എന്ന കഥയെഴുതിയ അഷ്ടമൂർത്തി ക്കു് രചനാ വൈദഗ്ദ്ധ്യമുണ്ടു്. അതു് ഇക്കഥയിലും കാണാം. റെസ്റ്റൊറന്റിൽ കൂട്ടുകാരനെ കാത്തിരിക്കുന്നു ഒരുവൻ. അയാളുടെ മുൻപിൽ ഒരു യുവതിയും വേറൊരുത്തരും. ആ വേറൊരുത്തൻ പോകുമ്പോൾ അവൾ അയാളോടു കൂട്ടുകൂടിത്തുടങ്ങുന്നു. വരേണ്ടയാൾ വന്നപ്പോൾ യുവതിയും കാത്തിരുന്നതു് അയാളെത്തന്നെയാണെന്നു വ്യക്തമാകുന്നു. ചെറുപ്പക്കാരി വേശ്യയാണെന്നു നമുക്കു ഗ്രഹിക്കാം. സർവ്വസാധാരണമായ ഈ വിഷയം ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ടു് കഥാകാരൻ. പക്ഷേ, വായനക്കാരനു് ആഹ്ലാദാനുഭൂതിയില്ല, അദ്ഭുതപ്രതീതിയില്ല. ഉമാമഹേശ്വരൻ സാറല്ല വരുന്നതു് ഗോപാലകൃഷ്ണയ്യർ സാറാണു്.

ഗോപാലകൃഷ്ണയ്യർ സാർ ബ്രൗണിങ് കവിതയിൽ പാണ്ഡിത്യമുള്ള ആളായിരുന്നു. അദ്ദേഹം ആ കവിയെക്കുറിച്ചു് പ്രബന്ധം തയ്യാറാക്കി ഇംഗ്ലീഷ് നിരൂപകൻ സേന്റ്സ്ബറീ ക്കു് അയച്ചുകൊടുത്തു പോലും. ഉടനെ സായ്പിന്റെ മറുപടി വന്നു. അതു് സാറ് ക്ലാസ്സിൽ കൊണ്ടുവന്നു കുട്ടികളെ വായിച്ചു കേൾപ്പിച്ചുവെന്നാണു് കഥ. സേന്റ്സ്ബറീയുടെ കത്തു് ഏതാണ്ടു് ഇങ്ങനെയായിരുന്നു: You have not considerably added to the nonsense that has been written on Browning. യഥാർത്ഥമാണോ ഇതു്? അതോ സാറിന്റെ അതിരു കടന്ന ബ്രൗണിങ് കവിതാപ്രതിപത്തി കണ്ടു് വല്ല രസികനും നിർമ്മിച്ചു വച്ചതോ?

ഗീയാൻ
images/NicolasGuillen.jpg
നീകോലാസ് ഗീയാൻ

ക്യൂബയിലെ സുപ്രധാനനായ കവിയാണു് നീകോലാസ് ഗീയാൻ (Nicolas Guillen, 1902), മ്യൂലറ്റോയാണു് അദ്ദേഹം (അച്ഛനമ്മമാരിൽ ഒരാൾ ധവള വർഗ്ഗത്തിലും മറ്റേയാൾ കറുത്ത വർഗ്ഗത്തിലും പെടുമ്പോൾ ആ സന്തതിയെ മ്യൂലറ്റോ—mulatto—എന്നു വിളിക്കുന്നു). സങ്കരജാതിയിൽപ്പെട്ട ഗീയാൻ നീഗ്രോ കവിതയുടെ (poesia negra) ഉദ്ഘോഷകനായതിൽ വിസ്മയിക്കാനില്ല. ഇത്തരം കവിതയിൽ പ്രാകൃതിക ലൈംഗികത, ഹർഷോന്മാദം, ആഭിചാരം, ഗുഢാർത്ഥ സ്വഭാവം, ഒരളവിലുള്ള നെഗ്രിറ്റ്യൂഡ് (negritude = ആഫ്രിക്കൻ ദേശീയത സാഹിത്യത്തിലും മാനവിക ശാസ്ത്രത്തിലും പ്രതിഫലിക്കണമെന്ന വാദം) ഇവ കാണുമെന്നു നിരൂപകമതം. I am the son, the great grandson and the great-great-grandson of a slave എന്നു പ്രഖ്യാപിച്ച ഗീയാൻ കമ്മ്യൂണിസ്റ്റാണു്. അതുകൊണ്ടു് ന്യാസീകൃത കവിതയുടെ (Committed Poetry) നേതാവുമാണു്. കവിതയ്ക്കു സമർപ്പിതസ്വഭാവം വരുമ്പോൾ പ്രചാരണ സ്വഭാവവും വാവദൂകതയും വന്നുകൂടും. ഗീയാന്റെ, ഞാൻ വായിച്ചിടത്തോളം കാവ്യങ്ങളിൽ ഈ ദോഷങ്ങളുണ്ടു്. The troubled waters of the river are deep and hold their dead; turtle shells, heads of black children. At night the river sticks out its arms and tears the silence with its nails, which are the nails of a frenzied crocodile.—ഈ ഭാഗം ഗീയാന്റെ Ballad of the Little Black Dwarf എന്ന കാവ്യത്തിലെ ഒരു ഭാഗമാണു് (ഛന്ദോബദ്ധമായ മൂലകാവ്യത്തിന്റെ ഗദ്യപരിഭാഷ). കലാപരമായ ആവശ്യകതയിൽക്കവിഞ്ഞ വാചാലത ഈ ഭാഗത്തിനുണ്ടു്. അതു് ഗീയാന്റെ മാനസികനിലയുടെ സവിശേഷതയോടു ബന്ധപ്പെട്ടിരിക്കുന്നു. നീഗ്രോയുടെ പ്രശ്നങ്ങൾക്കു് (പ്രശ്നത്തിനു ചോദ്യമെന്നേ അർത്ഥമുള്ളു) പരിഹാരം ലഭിക്കുമ്പോൾ ഇത്തരം കാവ്യങ്ങൾ വിസ്മരിക്കപ്പെടും.

“പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകൾ” എന്നു പണ്ടു വള്ളത്തോളെഴുതിയതു വായിച്ചു പുളകമനുഭവിച്ചവർ ഇന്നു് ആ കാവ്യം വായിക്കുമോ? വായിച്ചാൽ അവർക്കു പുളകമുണ്ടാകുമോ? പ്രചാരണ സ്വഭാവമാർന്ന കാവ്യങ്ങൾക്കു ചിരസ്ഥായിത്വമില്ല. ഗീയാന്റെ ചില പദ്യങ്ങൾ അയ്യപ്പപ്പണിക്കർ തർജ്ജമ ചെയ്തിരിക്കുന്നു. ഉമിക്കരി ചവച്ചപോലെ വിരസങ്ങളായ ഇത്തരം തർജ്ജമകൾ കൊണ്ടു് നമ്മൾ ഒന്നും നേടുന്നില്ല.

Native Son എന്ന നോവലെഴുതി വിശ്വവിഖ്യാതനായി ഭവിച്ച റിച്ചേഡ് റൈറ്റ് അമേരിക്കയിലെ നീഗ്രോ സാഹിത്യകാരനാണു് (1960-ൽ മരിച്ചു). അതുകൊണ്ടു അദ്ദേഹം Political poetry is proverbially bad poetry—രാഷ്ട്ര വ്യവഹാരത്തെസ്സംബന്ധിച്ച കവിത കുപ്രസിദ്ധമായ വിധത്തിൽ അധമ കവിതയാണു്—എന്ന ചൊല്ലിന്റെ സത്യാത്മകത തെളിയിക്കുന്ന ആളുമാണു്. എങ്കിലും ചിലപ്പോൾ ശുദ്ധസൗന്ദര്യത്തിന്റെ ഉപാസകനായി പ്രത്യക്ഷനാകാറുണ്ടു് അദ്ദേഹം.

In the falling snow

A laughing boy holds out his palms

Until they are white.

നീഗ്രോയുടെ വേദനവേണമെങ്കിൽ ഇതിലും കാണാം. പക്ഷേ, സൗന്ദര്യത്തിനാണു് ഇവിടെ പ്രാധാന്യം.

ഒ. എൻ. വി. കുറുപ്പു്
images/Onv.jpg
ഒ. എൻ. വി. കുറുപ്പു്

ഒ. എൻ. വി. കുറുപ്പി ന്റെ “സൂര്യഗീത”ത്തെ ഞാൻ “സുപ്രീം എച്ചീവ്മെന്റ്” Supreme achievement—പരമോന്നതമായ നേട്ടം) എന്നു വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു (കലാകൗമുദി). വയലാർ രാമവർമ്മ യെയും ഒ. എൻ. വി.-യെയും താരതമ്യപ്പെടുത്തുന്ന ചില അപക്വമതികൾ രാമവർമ്മയ്ക്കാണു് സർഗ്ഗശക്തി കൂടുതലെന്നു പറയാറുണ്ടു്. ആ താരതമ്യം ശരിയല്ല. ആ പ്രസ്താവവും ശരിയല്ല. ബഹുഭാഷിതയിലാണു് രാമവർമ്മയ്ക്കു കൗതുകം. മധുരപദങ്ങളുടെ സന്നിവേശം കൊണ്ടു ജനിപ്പിക്കുന്ന ബാഹ്യമായ താളമാണു് വയലാർക്കവിതയുടെ സവിശേഷത. മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത എന്നു വിശ്വസിക്കുന്ന ഒ. എൻ. വി. ആന്തരലയത്തിൽ അഭിരമിക്കുന്ന കവിയാണു്. സൂര്യഗീതത്തിന്റെ കർത്തൃത്വം കൊണ്ടു് അദ്ദേഹം വയലാർ രാമവർമ്മയെ മാത്രമല്ല ഇന്നത്തെ പല കവികളെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു.

സൗരയൂഥത്തിന്റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന ആ മഹാഗോളത്തിനു ചുറ്റും മറ്റു ഗോളങ്ങളും ഉപഗ്രഹങ്ങളും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ആ മഹാഗ്രഹമൊന്നു കണ്ണടച്ചാൽ മറ്റു കോടാനുകോടി ഗ്രഹങ്ങൾ അന്ധകാരത്തിൽ വീഴും. തന്റെ ഉജ്ജ്വല കാവ്യത്തിന്റെ കേന്ദ്രസ്ഥാനത്തു് സൂര്യനെ പ്രതിഷ്ഠിച്ചിട്ടു് കവി ഈ ലോകത്തുള്ള ചരാചരങ്ങളെയാകെ ഭ്രമണം ചെയ്യിക്കുന്നു. അപ്പോൾ അനുവാചകൻ കാണുന്നതു് ഔജ്ജ്വല്യം, കേൾക്കുന്നതു് ഗ്രഹങ്ങളുടെ ഉദാത്ത സംഗീതം. ക്ഷുദ്രങ്ങളായ വസ്തുക്കളിൽപ്പോലും ഈ മഹാചൈതന്യം പ്രസരിക്കുന്നതു് കവിയുടെ വാക്കുകളിൽക്കൂടിത്തന്നെ ദർശിച്ചാലും:

“………തില

മണികളിലെഴുതും സ്നേഹകണികകള്‍ കറന്നെടു

ത്തൊരുമണ്‍ചിരാതിന്റെ തിരയിലിറ്റിച്ചതിന്‍

തിരുമിഴി തിളക്കവേ, ഇരുള്‍ വിറകൊള്‍കവേ

നീയതിലുയിര്‍ക്കുന്നു സൂര്യ!…

പാറിപ്പറന്നുവന്നായിരം ഖദ്യോത

ജാലങ്ങളാരണ്യ ശാഖികളില്‍ സൗവര്‍ണ

കേസരമെഴുന്ന പൂങ്കുലകളായുലയവേ

നീയതിലുയിര്‍ക്കുന്നു സൂര്യ!… ”

ഗോളങ്ങൾക്കു ചാക്രികചലനം ഉള്ളതുപോലെ ഈ കാവ്യത്തിനും ചാക്രികചലനമുണ്ടു്. ആന്തരലയമാണു് അതുളവാക്കുന്നതു്. ഈ ചലനം സ്നേഹത്തിന്റെ ചലനശക്തിയോടു ബന്ധപ്പെടുത്തിയിരിക്കുന്നു കവി. ആ സ്നേഹത്തിന്റെ പ്രതിരൂപം സൂര്യനും. സൂര്യനോടുബന്ധപ്പെട്ടവയെല്ലാം സ്നേഹത്തിന്റെ പ്രതിരൂപങ്ങളും. അങ്ങനെ എല്ലാം സ്നേഹമയം, സൂര്യനെക്കുറിച്ചുള്ള ഈ ഗീതം വിശ്വസ്നേഹത്തെക്കുറിച്ചുള്ള ഗീതമായി ഭവിക്കുന്നു. മഹനീയമായ അനുഭവമത്രേ ഈ കാവ്യത്തിന്റെ പാരായണം.

ആന്റി ക്ളൈമാക്സ്

പ്രിൻസിപ്പൽ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യുന്നു. അതിന്റെ പേരിൽ ക്ലാസ്സിലെ വിദ്യാർത്ഥികളാകെ പണിമുടക്കുന്നു. സസ്പെൻഷൻ പിൻവലിക്കാൻ പ്രിൻസിപ്പലിനു ഭാവമില്ല. അടുത്ത ദിവസം കോളേജ് മുഴുവൻ സ്ട്രൈക്കിലേർപ്പെടുന്നു. പട്ടണത്തിലെ കോളേജുകൾ എല്ലാം അതിനടുത്ത ദിവസം പണിമുടക്കുന്നു. പിന്നെ സ്റ്റേറ്റിലെ കോളേജുകളാകെ സ്ട്രൈക്കിൽ. സർക്കാർ വക ബസ്സുകൾ കത്തിക്കുന്നു. വലിയ ബഹളം. വെടിവയ്പു്. മരണങ്ങൾ. ഇതാണു് ക്രമാനുഗതമായ പരകോടിയിലേക്കുള്ള കയറ്റം. ഇനി മറ്റൊരു സംഭവം.

പഠിക്കുന്ന കാലത്തു് തെമ്മാടിയായി നടന്നവൻ കോൺഡെക്ട് സർട്ടിഫിക്കറ്റിനായി പ്രിസിപ്പലിന്റെ അടുക്കലെത്തുന്നു. പ്രിൻസിപ്പൽ: “ആരെടാ, രാമകൃഷ്ണനോ? നിനക്കു് സ്വഭാവ സർട്ടിഫിക്കറ്റോ? പൊയ്ക്കോ. തെമ്മാടികൾക്കു ഗുഡ് കോൺഡെക്ട് സർട്ടിഫിക്കറ്റ് ഞാൻ തരില്ല”. രാമകൃഷ്ണൻ നെഞ്ചു ഞെളിച്ചുപിടിച്ചുനിന്നു് പറയുന്നു: “സാറേ സർട്ടിഫിക്കറ്റ് തന്നേ തീരു. വാങ്ങിയേ ഞാൻ പോകൂ”. പ്രിൻസിപ്പൽ: “പ്യൂൺ, ഇവനെ പിടിച്ചു് വെളിയിലാക്കു”. വെളിയിലാക്കി, പഴയ വിദ്യാർത്ഥി പ്രിൻസിപ്പലിന്റെ മുറിയുടെ വാതില്ക്കൽ നീണ്ടു നിവർന്നു് കിടക്കുന്നു. അയാളുടെ കക്ഷിയിൽപ്പെട്ട വിദ്യാർത്ഥികൾ തടിച്ചുകൂടുന്നു. ‘പ്രിൻസിപ്പൽ നീതി പാലിക്കുക, സർട്ടിഫിക്കറ്റ് കൊടുത്തില്ലെങ്കിൽ കൊടുപ്പിക്കും’ എന്നൊക്കെ തുടങ്ങുന്ന മുദ്രാവാക്യങ്ങൾ എടാ… മോനേ സർട്ടിഫിക്കറ്റ് കൊടുക്കെടാ എന്ന നിലവിളിയിൽ അവസാനിക്കുമ്പോൾ പ്രിൻസിപ്പൽ കസേരയിൽ നിന്നെഴുന്നേല്ക്കുന്നു. രാമകൃഷ്ണന്റെ തോളിൽ മൃദുലമായി തട്ടുന്നു. “രാമകൃഷ്ണാ, എഴുന്നേല്ക്കു്, ഞാൻ നിനക്കു സർട്ടിഫിക്കറ്റ് തരില്ലെന്നു പറഞ്ഞോ. ഞാൻ ഇവിടെ ഇരിക്കുന്നതു് അതിനല്ലേ? വാ, നിനക്കു് എത്ര സർട്ടിഫിക്കറ്റ് വേണം?” എന്നു മൊഴിയുന്നു. വെപ്രാളത്തോടുകൂടി എഴുതുന്നു: The Character of Mr Ramakrishnan is excellent”. പഠിച്ച കാലത്തു് കോളേജ് തീവച്ചവനും പ്രതിയോഗി നേതാവിന്റെ മുഖത്തു് സൾഫ്യൂറിക് ആസിഡ് ഒഴിച്ചവനുമായ രാമകൃഷ്ണൻ മുണ്ടിന്റെ ഒരു വശം പൊക്കി മുഷ്കവൃദ്ധിയുള്ളവനെപ്പോലെ കവച്ചുകവച്ചു നടന്നു പോകുന്നു. പ്രിൻസിപ്പൽ ക്ഷീണിച്ചവശനായി കസേരയിൽ ഇരിക്കുന്നു. (യഥാർത്ഥസംഭവം, പ്രിൻസിപ്പൽ പിന്നീടു് ഡെപ്യൂട്ടി കോളീജിയേറ്റ് ഡയറക്ടറായി. പെൻഷൻ പറ്റി. മരിച്ചു. മേ ഹിസ് സോൾ റെസ്റ്റ് ഇൻ പീസ്.) ഇതു് ആന്റി ക്ലൈമാക്സ്. ക്രമാനുഗതമായ ഈ tilting off ദയനീയമാണു്. ഇതു തന്നെയാണു് ഹരികുമാർ കലാകൗമുദിയിലെഴുതിയ “വെറുമൊരു ബ്ലാക്ക് മെയ്ലർ ” എന്ന കഥയുടെ മുദ്ര. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികവേഴ്ച അവരറിയാതെ ഫോട്ടോ എടുത്ത ഒരുത്തൻ പുരുഷനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നു. ഇരുപത്തയ്യായിരം രൂപ ചോദിച്ച അയാൾ വെറും രണ്ടു രൂപയ്ക്കു വേണ്ടി ഒടുവിൽ യാചിക്കുന്നു. അതിലെ ആന്റി ക്ലൈമാക്സ് തന്നെ കഥയിലുമുണ്ടു്. വർണ്ണോജ്ജ്വലങ്ങളായ ആയിരമായിരം കൊച്ചുഗോളങ്ങളായി അന്തരീക്ഷത്തിൽ ചിതറി വീഴേണ്ട അമിട്ടു് ‘ശ്ശൂ’ എന്ന ശബ്ദം കേൾപ്പിച്ചുകൊണ്ടു് കെട്ടുപോകുന്ന പ്രതീതി. സത്യം പറഞ്ഞാൽ പോരാ കഥാകാരൻ. സത്യം അതിന്റെ തീക്ഷ്ണതയിൽ ആവിഷ്കരിക്കണം.

പച്ചയായ അനുഭവം
images/Levistrauss.jpg
ക്ലോദ് ലേവീ സ്ട്രൗസ്

വിഖ്യാതനായ നരവംശശാസ്ത്രജ്ഞനാണു് ക്ലോദ് ലേവീ സ്ട്രൗസ് (Claude Levi-Straauss) ഇറച്ചി പൊരിക്കുന്നതു് സ്വാഭാവിക പ്രവർത്തനവും അരി വെള്ളത്തിലിട്ടു തിളപ്പിച്ചു് ചോറാക്കുന്നതു സാംസ്കാരിക പ്രവർത്തനവുമാണെന്നു് പറഞ്ഞിട്ടുണ്ടു്. പൊരിച്ച ഇറച്ചി ഭാഗികമായി മാത്രം പാകപ്പെടുത്തിയതാണു്. വെള്ളമോ വായുവോ വേണ്ട അതിനു്. തീ മതി. അതുകൊണ്ടു് അതൊരു ഭാഗിക പ്രവർത്തനമത്രേ. (ചീനച്ചട്ടിയിലോ മറ്റോ ഇടാതെ നേരെ തീയിലേക്കു മാംസം ഇടുന്നതിനെയാണു് ലേവി സ്ട്രൗസ് ലക്ഷ്യമാക്കുന്നതു്.) അരി വേവിക്കുമ്പോൾ വെള്ളം വേണം. സംസ്കാരത്തിന്റെ ഒരു ഭാഗമായ പാത്രം വേണം. അതുകൊണ്ടാണു് ചോറുണ്ടാക്കുന്നതു സാംസ്കാരിക പ്രവർത്തനമായതു്.

ഇതു മനുഷ്യനെസ്സംബന്ധിച്ച കാര്യം. മൃഗത്തിനെ സംബന്ധിച്ചാണെങ്കിൽ? പച്ചമാംസം തന്നെ കടുവയുടെ കൂട്ടിലേക്കു് എറിയണം. പൊരിച്ച ഇറച്ചി അവൻ തൊട്ടില്ലെന്നു വരും. മനുഷ്യന്റെ അനുഭവങ്ങളും പച്ചമാംസക്കഷണങ്ങൾ തന്നെ. അവ പൊരിച്ചാലേ, വേവിച്ചെടുത്താലേ കഴിക്കാനാവൂ. സർഗ്ഗശക്തിയുള്ള കലാകാരന്മാർ ഭാവനയുടെ അഗ്നിയിൽ അതു വേവിച്ചെടുക്കുന്നു; നമുക്കു ഭക്ഷിക്കാനായി. മനോരാജ്യത്തിൽ ‘കറുത്ത സായാഹ്നങ്ങൾ’ എന്ന കഥയെഴുതിയ തുളസി കോട്ടുക്കലിന്റെ വിചാരം വാരികകൾ വായിക്കുന്ന നമ്മളെല്ലാം കൂട്ടിൽകിടക്കുന്ന വ്യാഘ്രങ്ങളാണെന്നാണു്. അനുഭവത്തിന്റെ പച്ചയിറച്ചി അദ്ദേഹം നമ്മുടെ നേർക്കെറിയുന്നു. നമ്മൾ കടുവകളല്ലാത്തതുകൊണ്ടു് അതു തൊടുന്നതേയില്ല. രവിയെ ഭാര്യവീട്ടുകാരും സ്വന്തം വീട്ടുകാരും അലട്ടുന്നു. സഹോദരിയെ വിവാഹം കഴിച്ചയയ്ക്കാൻ ഭാര്യവീട്ടുകാർ തടസ്സം. ചുമതലയെന്ന നിലയിൽ അതു ചെയ്തേ തീരൂ എന്നു രവിയുടെ അച്ഛൻ. രണ്ടു വികാരങ്ങളും തമ്മിൽ സംഘട്ടനം. “ദശാവിശേഷാൽ സാമാർത്ഥ്യമാർന്നു് ഒടുവിലത്തതു താൻ ജയിച്ചു”. പക്ഷേ, ഇതു കഥയുമല്ല, സാഹിത്യവുമല്ല. ഇറച്ചി എറിയലാണു്.

ജോവാന്നി
images/Dumas.jpg
അലക്സ്സാങ്ദ്രെ ദൂമ

വളരെയൊന്നും വായിക്കാതെ ധാരാളം വായിച്ചുവെന്നു് നടിക്കുന്ന ആളുകളുണ്ടു്. ധാരാളം വായിച്ചാലും അതു പ്രകടിപ്പിക്കാതെ കഴിയുന്നവരുമുണ്ടു്. പി. സി. കുട്ടിക്കൃഷ്ണൻ ചില പുസ്തകങ്ങൾ വായിക്കും. അതിനെക്കുറിച്ചു പറയുകയും ചെയ്യും. ഒരു ദിവസം മീറ്റിങ്ങിനു പോകുമ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു. “മൊറേവ്യാ യുടെ The Two of us എന്ന നോവൽ നിങ്ങൾ വായിച്ചോ?” ഞാൻ: “വാങ്ങി വച്ചിട്ടുണ്ടു്. വായിച്ചില്ല”. പി. സി. “എന്നാൽ വായിക്കൂ. സ്വന്തം ജനനേന്ദ്രിയം ഒരുത്തനെ പീഡിപ്പിക്കുന്നതിന്റെ കഥയാണിതു്”. കുട്ടിക്കൃഷ്ണൻ പറഞ്ഞതുകൊണ്ടു് ഞാനതു വായിച്ചു. മഹാനായ കലാകാരനാണു് മൊറേവ്യാ എന്നു് നിരൂപകൻ പറയുന്നുണ്ടെങ്കിലും എനിക്കു് ആ നോവൽ ഇഷ്ടപ്പെട്ടില്ല. അതിന്റെ പ്രമേയം—ലൈംഗികമായ സമ്മർദ്ദം കൂടുമ്പോൾ റോമാക്കാരായ ചെറുപ്പക്കാർ സ്വന്തം ജനനേന്ദ്രിയത്തെ നോക്കിക്കൊണ്ടു പറയും പോലും: ഹാ ജോവാന്നി നീ എന്നെ പറ്റിച്ചല്ലോ. ഇതു വഞ്ചനയാണു്”. റോമാക്കാരനെ പറ്റിക്കുന്ന ജോവാന്നിയെപ്പോലെ സുകുമാർ കൂർക്കാംചേരി “മലയാളനാട്ടു”കാരെ പറ്റിക്കുന്നു. അടുത്ത വീട്ടിലെ കറുമ്പിപ്പെണ്ണു് തന്തയ്ക്ക് ജനിച്ചവളല്ല, മറ്റൊരുത്തനു് ഉണ്ടായവളാണെന്നു് ഒരു മെഡിക്കൽ റെപ്രിസെൻറ്റേറ്റീവ് കണ്ടുപിടിച്ചു പോലും. കണ്ടുപിടിക്കട്ടെ. അതു സാഹിത്യമാണെന്നു് അയാളും സുകുമാറും പറയാതിരുന്നാൽ മതി. അത്യാവശ്യമായി ഡോക്ടറെ കാണാൻ ചെന്നിരിക്കുകയും മൂന്നു മണിക്കൂറിനു ശേഷം നമ്മുടെ ഊഴം വരികയും ചെയ്യുമ്പോൾ ഇറുകിപ്പിടിച്ച സൂട്ടിനകത്തു സ്വന്തം ശരീരം കടത്തിവിട്ടു് ഒരു കറുത്ത ബാഗുമായി വടി പോലെ ഡോക്ടറുടെ മുറിയിലേക്കു കയറിപ്പോയി ഒന്നു് ഒന്നര മണിക്കൂർ നേരം അദ്ദേഹത്തോടു സംസാരിക്കുന്ന, അത്രയും നേരം നമ്മെ ഡോക്ടറെ കാണാൻ സമ്മതിക്കാത്ത മെഡിക്കൽ റെപ്രിസെൻറ്റേറ്റീവിനെക്കാൾ എത്രയോ നല്ലവനും പരോപകാര തൽപരനുമാണു് സുകുമാറിന്റെ കഥയിലെ മെഡിക്കൽ റെപ്രിസെൻറ്റേറ്റീവ്. അയാൾ അയൽ വീട്ടിലെ പെണ്ണിന്റെ അർദ്ധനഗ്നമേനി കണ്ടു രസിക്കുന്നവൻ മാത്രമാണല്ലോ. അവളുടെ തന്തയാരാണെന്നു കണ്ടുപിടിക്കുന്നവൻ മാത്രമാണല്ലോ.

ഡോക്ടറെക്കുറിച്ചു് ഇവിടെ എഴുതിയപ്പോൾ ഫ്രഞ്ച് സാഹിത്യനായകൻ അലക്സ്സാങ്ദ്രെ ദൂമ ഒരു ഡോക്ടറെക്കുറിച്ചെഴുതിയതു് ഓർമ്മയിൽ വരുന്നു. പ്രസിദ്ധനായ ഡോക്ടർ ഷീസ്തയുടെ അതിഥിയായിച്ചെന്നു ദൂമ. ഡിന്നറിനു ശേഷം ഡോക്ടർ അദ്ദേഹത്തോടു് അഭ്യർത്ഥിച്ചു തന്റെ ആൽബത്തിൽ എന്തെങ്കിലും എഴുതാൻ. ദൂമ പുഞ്ചിരി തൂകിക്കൊണ്ടു് എഴുതി: “ഡോക്ടർ ഷീസ്ത രോഗികളെ ചികിത്സിക്കാൻ നമ്മുടെ പട്ടണത്തിൽ വന്നതിനു ശേഷം ആശുപത്രി ഇടിച്ചു പൊളിച്ചു കളഞ്ഞു”. ഡോക്ടർ അതു കണ്ടു സന്തുഷ്ടനായി, “മുഖസ്തുതിക്കാരാ” എന്നു ദൂമയെ വിളിച്ചു. ദൂമ തുടർന്നു് എഴുതിക്കൊണ്ടിരുന്നു: “എന്നിട്ടു് അതിന്റെ സ്ഥാനത്തു് വലിയൊരു ശവപ്പറമ്പു് ഉണ്ടാക്കി”.

images/DavidMalouf.jpg
David Malouf

ആസ്ട്രേലിയൻ സാഹിത്യം മറ്റൊരു സാഹിത്യത്തിന്റെയും പിറകിലല്ല. നോവൽ രചനയ്ക്കു പല സമ്മാനങ്ങളും നേടിയ David Malouf എഴുതിയ Child’s Play ഉജ്ജ്വലമായ നോവലാണു്. “I am what the newspapers call a terrorist” എന്നു തന്നെ വിശേഷിപ്പിക്കുന്ന ഒരു ഭീകര പ്രവർത്തകൻ മഹായശസ്കനായ ഒരു സാഹിത്യകാരനെ കൊല്ലാൻ വേണ്ടി തയ്യാറെടുക്കുന്നു. വധം കഴിഞ്ഞാൽ അയാൾക്കു് അവിടം വിട്ടുപോകാം. ഭീകരപ്രവർത്തകൻ സാഹിത്യകാരന്റെ മുൻപിൽചെന്നു… വരട്ടെ നോവൽ വായിക്കാൻ താല്പര്യമുള്ളവരുടെ രസത്തിനു് ഞാൻ ഭംഗം വരുത്തുന്നില്ല. അസാധാരണമായ ശക്തിയുള്ള നോവലാണിതു്. ആസ്ട്രേലിയയിലെ പെൻഗ്വിൻ ബുക്ക്സാണു് ഇതു പ്രസാധനം ചെയ്തതു്. And in the miraculous assurance of being safe at last, walk on under the early blossoms എന്നു നോവലിന്റെ അവസാനം. ഈ നോവലിസ്റ്റിന്റെ മുമ്പിൽ നമ്മുടെ കലാബോധവും സുരക്ഷിതമത്രേ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-06-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 3, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.