സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-06-24-ൽ പ്രസിദ്ധീകരിച്ചതു്)

images/NayantaraSahagal.jpg
നയൻതാരാ സെഗാൾ

മുൻപു് എസ്. കെ. നായരുടെ ആധിപത്യത്തിൽ പ്രസാധനം ചെയ്തിരുന്ന മലയാളനാടു വാരികയിൽ ഈ പംക്തി പതിവായി പ്രത്യക്ഷപ്പെട്ടിരുന്നപ്പോൾ ഒരു മാന്യൻ ഇതിനെ ഒഴിച്ചുകൂടാൻ പാടില്ലാത്ത കുത്സിതത്വമായി—ഈവിൾ നെസെസിറ്റിയായി—ചിത്രീകരിച്ചു. ഞാൻ അദ്ദേഹത്തോടു തർക്കിക്കാൻ പോയില്ല. ഇതിനെക്കുറിച്ചു നല്ല അഭിപ്രായം പറയുന്നവരുമുണ്ടെന്നു കാണിക്കാൻ, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി യുടെ ബന്ധു നയൻതാരാ സെഗാൾ ‘സാഹിത്യവാരഫല’ത്തെക്കുറിച്ചു് ഉതിർത്ത പ്രശംസാവചനങ്ങൾ ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുചെന്നു. വടക്കേയിന്ത്യയിലേക്കു പോയ ‘മലയാളനാടു് ’ പത്രാധിപസമിതിയിലെ അംഗങ്ങൾ നയൻതാരയെ കണ്ടപ്പോൾ ഈ പംക്തിയിൽ വന്ന ഒരു ലേഖനം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു നല്കി. ശ്രീമതി അതു വായിച്ചിട്ടു ലോകത്തൊരിടത്തും ഇത്രത്തോളം ആകർഷകത്വമുള്ള മറ്റൊരു കോളം ഇല്ലെന്നു പറഞ്ഞു. പ്രതിഭാശാലികൾ മറ്റുള്ളവരെ നിന്ദിക്കാറില്ല. തങ്ങൾക്കിഷ്ടമില്ലാത്ത രചനകളെപ്പോലും അവർ വാഴ്ത്താറേയുള്ളൂ. നോവലിസ്റ്റായ നയൻതാര മലയാളനാടു് പത്രാധിപരെയും മറ്റംഗങ്ങളെയും നോക്കി നാലു നല്ല വാക്കു വെറുതേ പറഞ്ഞതാണെന്നു തന്നെയിരിക്കട്ടെ. എന്നാലും ഈ പംക്തി ദുഷ്ടമായ ആവശ്യകതയാകുന്നതെങ്ങനെ?

തിന്മകൾ അന്യോന്യം കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഒരു ഓഫീസ് മുമ്പു് ഉണ്ടായിരുന്നു. അവിടെയുള്ള ഒരുത്തൻ—നരകവുമായി ഇടപാടുള്ള ഒരു ഭയങ്കരൻ—തിന്മകൾ ‘എക്സ്ചെയ്ഞ്ജ്’ ചെയ്യും. ഒരു ദിവസം താനറിയാതെ വിഷം കഴിച്ചിട്ടു് ഒരുത്തൻ ആ ഓഫീസിൽ ഓടിക്കയറിച്ചെന്നു. പന്ത്രണ്ടു മണിക്കൂർ മാത്രമേ അയാൾ ജീവിച്ചിരിക്കുകയുള്ളു. തിന്മകൾ കൈമാറ്റം ചെയ്തുകൊടുക്കുന്നവൻ അയാളെ സഹായിച്ചു. വേറൊരുത്തന്റെ ജീവനെടുത്തു് വിഷം കഴിച്ചവനു കൊടുത്തു. വിഷം കഴിച്ചവന്റെ മരണമെടുത്തു മറ്റേയാൾക്കും. ഇക്കഥ പറയുന്നയാൾ യാദൃച്ഛികമായി ലിഫ്റ്റിൽ കയറാൻ പേടിയുള്ള ഒരാളെ കണ്ടു. കഥ പറയുന്നയാളിനു് കടലിൽ യാത്ര ചെയ്യാൻ വയ്യ. കടൽച്ചൊരുക്കു് ഉണ്ടാകും. രണ്ടുപേരും തിന്മകൾ ഓഫീസ് അധികാരിയുടെ സാന്നിദ്ധ്യത്തിൽ കൈമാറ്റം ചെയ്തു. പ്രമാണത്തിൽ ഒപ്പു വച്ചു് പണവും കൊടുത്തിട്ടു് കഥ പറയുന്ന ആൾ ഹോട്ടലിൽ എത്തിയപ്പോൾ തളർന്നു. ലിഫ്റ്റിൽ കയറി അയാൾക്കു മുകളിലേക്കു പോകാൻ വയ്യ. (ഐറിഷ് നാടകകർത്താവു് ലോഡ്ഡൻ സേനി, മരണം 1957, എഴുതിയ ഒരു കഥ വായിച്ച ഓർമ്മയിൽ നിന്നു്.)

സാഹിത്യവാരഫലം തിന്മയാണെന്നിരിക്കട്ടെ. എന്നാലും ഞാനതു നവീന നിരൂപണവുമായി എക്സ്ചെയ്ഞ്ജ് നടത്തുമോ? ഇല്ല. നവീന കവിതയുമായി, നവീന കഥയുമായി എക്സ്ചെയ്ഞ്ജ് നടത്തുമോ? ഇല്ലേയില്ല. ജീവൻ അങ്ങോട്ടു കൊടുത്തിട്ടു് മരണം ഇങ്ങോട്ടു വാങ്ങുമോ? ഈ ലോകത്തു ജനിക്കുന്നതാണു് ഏറ്റവും വലിയ ദുഃഖമെന്നു സാമുവൽ ബക്കറ്റ് പറഞ്ഞിട്ടുണ്ടു്. ജനിച്ച സ്ഥിതിക്കു് ഇനിയുള്ള ഹ്രസ്വകാലം കൂടി ഞാൻ ജീവിച്ചു കൊള്ളട്ടെ.

‘ദൂരദർശിനി’ എന്ന മരണം
images/WWJacobs.jpg
W. W. Jacobs

രാത്രി, പെട്ടെന്നു് ഉണർന്നപ്പോൾ അടച്ച ജന്നലിന്റെ കണ്ണാടിയിലൂടെ ആരോ തുറിച്ചു നോക്കുന്നുവെന്ന തോന്നൽ. വെറും തോന്നലായിരിക്കാമെന്നു കരുതി വീണ്ടും സൂക്ഷിച്ചു നോക്കുന്നു. നോക്കുന്തോറും രൂപത്തിന്റെ വ്യക്തത കൂടിക്കൂടി വരുന്നു. പേടികൊണ്ടു് എഴുന്നേല്ക്കാൻ വയ്യ. എങ്കിലും ഒരു വിധത്തിൽ എഴുന്നേറ്റു് ജന്നൽ തുറക്കുന്നു. തൊട്ടപ്പുറത്തു നില്ക്കുന്ന മരത്തിന്റെ ഇലപ്പടർപ്പിൽ ദൂരെയുള്ള തെരുവുവിളക്കിന്റെ പ്രകാശം വീണപ്പോൾ അതിന്റെ നിഴൽ കണ്ണാടിയിൽ പതിച്ചതാണു് ആ രൂപമെന്നു് ഞാൻ മനസ്സിലാക്കുന്നു. ഈ പേടിയാണു് പ്രേതകഥകളുടെ ജനനത്തിനു ഹേതുവായിത്തീരുന്നതു്. അതു വേണ്ട രീതിയിൽ പ്രതിപാദിച്ചാൽ പ്രേതങ്ങളിൽ വിശ്വാസമില്ലാത്തവർക്കും രസമുളവാകും. ക്ലാസിക് എന്നു നിരൂപകർ വിശേഷിപ്പിക്കുന്ന Monkey’s Paw (W. W. Jacobs എഴുതിയതു്) വായിക്കൂ. പ്രേതദർശനം മതിവിഭ്രമമാണെന്നു കരുതുന്നവർ ത്രസിച്ചു് ഇരുന്നു പോകും. എന്നാൽ സീനത്ത് കുങ്കുമം വാരികയിലെഴുതിയ ‘ജിന്നും ഞാനും’ എന്ന പ്രേതകഥ വായിച്ചാലോ? വൈദ്യൻ കഷായമുണ്ടാക്കാനായി എഴുതിത്തരുന്ന ഡാപ്പ് ഇതിനെക്കാളെത്രയോ ഭേദം എന്നു് വിചാരിച്ചു പോകും. ജിന്നാണു് കഥ പറയുന്ന ആളിന്റെ മുൻപിൽ എത്തുന്നതു്. നല്ലകാര്യം തന്നെയാണു് ജിൻ ഉപദേശിക്കുന്നതും. പക്ഷേ, അതു കൊണ്ടെന്തു പ്രയോജനം? റേഡിയോ ഗർജ്ജിച്ചാൽ അവനെ സ്വിച്ചോഫ് ചെയ്തുകളയാം. വീട്ടിലാരെങ്കിലും ടെലിവിഷൻ ഓൺ ചെയ്താൽ, അപ്പോൾ വൈരൂപ്യമാർന്ന സ്ത്രീയോ പുരുഷനോ ന്യൂസ് വായന എന്ന പേരിൽ ഗോസായി ഭാഷയുടെ ശബ്ദം കേൾപ്പിച്ചാൽ അടുത്ത മുറിയിൽച്ചെന്നു് കൈയിൽ കിട്ടുന്ന വാരിക വായിച്ചുകൊണ്ടിരിക്കാം. ദൗർഭാഗ്യം കൊണ്ടു കിട്ടുന്നതു് കുങ്കുമം വാരികയുടെ 39-ആം ലക്കവും തുറന്നെടുക്കുന്നതു് സീനത്തിന്റെ കഥയുള്ള പേജുമാണെങ്കിൽ എന്തുചെയ്യും? പിന്നീടു് രക്ഷപ്പെടാൻ മുറിയില്ലെങ്കിൽ, ആകെ ഒന്നുള്ളതു കക്കൂസ് മാത്രമാണെങ്കിൽ! അതിനകത്തു കയറിക്കൊള്ളണം. അവിടെ നിന്നുകൊണ്ടു് “ആ ടെലിവിഷൻ ഒന്നു നിറുത്തു്, നിറുത്തു്” എന്നു പിള്ളേരോടു് ആജ്ഞാപിക്കാം. ഇപ്പോഴത്തെ പിള്ളേർ പറഞ്ഞാൽ കേൾക്കുന്നവരല്ല. എങ്കിലും തന്തയ്ക്കു് എന്തോ ആപത്തെന്നു വിചാരിച്ചു് അവർ ദുർദർശിനി ‘ടേണോഫ് ’ ചെയ്തേക്കും.

images/Monkeyspaw.jpg

കക്കൂസ് എന്ന പദം എഴുതിയപ്പോൾ ഒരു കാവ്യം ഓർമ്മയിലെത്തി. ഞാൻ തിരുവനന്തപുരത്തെ ആർട്സ് കോളേജിൽ ജോലി നോക്കിയിരുന്നപ്പോൾ ഒരു യുവാവു് അദ്ദേഹം രചിച്ച കാവ്യങ്ങളുടെ സമാഹാരഗ്രന്ഥം കൊണ്ടു തന്നു. ഞാനും ഇന്നു ഹിന്ദി പ്രൊഫസറായിരിക്കുന്ന കൃഷ്ണപിള്ളയും കൂടി അതു വായിച്ചു രസിച്ചു. അതിലെ രണ്ടുവരി: “കക്കൂസ് തോടിന്റെ ചാരത്തു നില്ക്കുന്ന കൊച്ചു പൂവോ” കൊച്ചുപൂവിനു നില്ക്കാൻ കണ്ട സ്ഥലം നോക്കൂ. കൃഷ്ണപിള്ള ചിരിച്ചപ്പോൾ ഞാൻ പറഞ്ഞു. “ചിരിക്കാനൊന്നുമില്ല. ഇതു പി. എച്ച്. ഡി. തീസിസിനുള്ള വിഷയമാണു്. The concept of lavation in modern Malayalam Poetry എന്നതു് സർവകലാശാലയുടെ അനുമതിക്കായി അയച്ചു കൊടുക്കാം”. ഇതു കേട്ടപ്പോൾ കൃഷ്ണപിള്ള പറഞ്ഞു: “ഈ തിരുമലക്കാരന്റെ കവിതയിൽ ‘ലവറ്റോറി’യുടെ പരാമർശം ഉണ്ടെങ്കിലും നവീന മലയാള കവിതയിൽ അതില്ലല്ലോ”. ഞാൻ മറുപടി നല്കി. “കൃഷ്ണപിള്ളേ, വാക്കില്ലെങ്കിലും കവിതയിൽ അതുണ്ടു്. ജോയിസി ന്റെ ‘യൂലിസ്സീസ്സി’ലും സ്വിഫ്റ്റി ന്റെ നോവലിലും ഫ്രാങ്സ്വ റബ്ലേ യുടെ ഗാർഗൻച്വാ എന്ന കൃതിയിലും വിസർജ്ജനത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ വാടയില്ല. വാടയുള്ളതു് അതിന്റെ പരാമർശമില്ലാത്ത നവീന കവിതയിലാണു്. പിന്നെ സർവകലാശാല അത്ര വേഗം ഈ വിഷയത്തിനു് അപ്രൂവൽ—സമ്മതി—തരില്ല. സ്പെസിഫിക് ആയിരിക്കണം വിഷയമെന്നു് അവർ പറയും. അപ്പോൾ നമുക്കു് ഇങ്ങനെ എഴുതി അയയ്ക്കാം. ‘The concepts of lavation and coprophilia in modern Malayalam poetry with special reference to the collection of poems by the Thirumala poet’. അപ്രൂവൽ വരും. റിസർച്ച് ആകാം. ഒരു സൂപർവൈസിങ് ടീച്ചറുടെ റേറ്റ് തുച്ഛമായ അയ്യായിരം രൂപ മാത്രം. ഡിഗ്രിയെടുക്കാം. ഒരു ബാഗും തൂക്കി ഒരു വശം ചരിഞ്ഞു നടക്കാം. പിന്നെ ഗോപാലപിള്ളയോ ജോണോ ഒന്നുമല്ല. ഡ്ർർ ഗോപാലപിള്ള, ഡ്ർർ ജോൺ”. അപ്പോൾ തമിഴ് പ്രൊഫസർ ആർ. എച്ച്. എസ്. മണിയുടെ ചോദ്യം. എന്താണു് കൊപ്രഫീലിയ? ‘An extreme interest in faeces’ എന്നു് എന്റെ ഉത്തരം.

ജനവഞ്ചന അരുതു്

കരയാത്ത ചെറുപ്പക്കാരൻ കാട്ടാളനും ചിരിക്കാത്ത വൃദ്ധൻ മണ്ടനുമാണെന്നു് സാന്തായാനാ എന്ന തത്ത്വചിന്തകൻ പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് ഡോക്ടർ ജയകുമാരി പത്മജൻ ‘കുമാരി’ വാരികയിലെഴുതിയ ‘ദുഃഖപുത്രികൾ’ എന്ന കഥ വായിച്ചു് പ്രായം കൂടിയ ഞാൻ ചിരിക്കുന്നു. ചിരിക്കു് സാന്തായാന മാത്രമല്ല കാരണക്കാരൻ. ഒരു ദിവസം ചങ്ങമ്പുഴ യും ഞാനും കൂടി എറണാകുളത്തെ പാർക്കിൽ ഇരുന്നപ്പോൾ ഒരു മുടന്തൻ യാചിച്ചുകൊണ്ടു് അവിടെയെത്തി. അംഗവൈകല്യം കണ്ടു് അന്നു് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഞാൻ ചിരിച്ചപ്പോൾ ചങ്ങമ്പുഴ ദേഷ്യത്തോടെ പറഞ്ഞു: മനുഷ്യന്റെ അംഗഭംഗം കണ്ടു ചിരിക്കരുതു്. കലയിലെ വൈരൂപ്യം കണ്ടു ചിരിക്കാം, ചിരിക്കണം.

images/ArthurSchnitzler.jpg
ഷ്നിറ്റ്സ്ളർ

ഡോക്ടർ ജയകുമാരി കഥയെഴുതി പ്ലാറ്റിറ്റൂഡിൽ—ഒരു കഴമ്പുമില്ലാത്ത സാധാരണമായ പ്രസ്താവത്തിൽ—അഭിരമിക്കുന്നതുപോലെ അവരുടെ ഒരു കഥാപാത്രവും അതിൽ അഭിരമിക്കുന്നു. “ഭർത്താവും ഭാര്യയുമല്ലേ ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയും കിടക്കും. ഭർത്താവിന്റെ ദോഷങ്ങളെ പെരുപ്പിച്ചു കാണരുതു് ”. ഇതു് ഉപദേശമായി നല്കിയ കഥാപാത്രം (വുമൻ ഡോക്ടർ) വിധവയാണെന്നു് ആ ഉപദേശം ചെവിക്കൊണ്ടു മറ്റൊരു കഥാപാത്രം ഗ്രഹിക്കുന്നു. ചെഞ്ചുണ്ടിൽ അങ്കുരിച്ച പുഞ്ചിരിയെ പുറങ്കൈകൊണ്ടു തുടച്ചുകൊണ്ടു് അവൾ നിങ്ങളുടെ ശരീരത്തോടു ചേർന്നിരിക്കുമ്പോൾ അതൊരു അന്യാദൃശമായ—യൂണിക്കായ—നിമിഷമാണു്. ചുറ്റും വന്മരങ്ങൾ നില്ക്കുന്ന ജലാശയത്തിൽ ചന്ദ്രക്കല പ്രതിഫലിച്ചു കാണുമ്പോൾ അതൊരു ഹർഷോന്മാദത്തിന്റെ നിമിഷമാണു്. ഷ്നിറ്റ്സ്ളറു ടെ ‘മരിച്ചവർ മിണ്ടുകില്ല’ എന്ന കഥ വായിക്കുമ്പോഴും ആനന്ദനിർവൃതിയുടെ അസുലഭ നിമിഷം സംജാതമാകുന്നു. ഇതു് ഉളവാക്കാൻ കഴിവില്ലാത്തവർ തൂലികയെടുക്കുന്നതു് ശരിയല്ല എന്നു ഞാൻ പറയുന്നില്ല. സ്വന്തം മാനസോല്ലാസത്തിനുവേണ്ടി വല്ലതും എഴുതുന്നതു് തടയാൻ എനിക്കെന്തു് അധികാരം? എങ്കിലും ഇതൊക്കെ സാഹിത്യമല്ലെന്നു പറഞ്ഞില്ലെങ്കിൽ അതു ജനവഞ്ചനയായിരിക്കും.

ബോർഹെസ്
images/Borges.jpg
ബോർഹെസ്

ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ബോർഹെസ്സി നു് 1983 ആഗസ്റ്റ് 24-ആം തീയതി 84 വയസ്സു തികഞ്ഞു. അദ്ദേഹം എഴുതിയ 1983 ആഗസ്റ്റ് 25 എന്ന ചെറുകഥ ഇലസ്ട്രെറ്റഡ് വീക്ക്ലിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ബോർഹെസ് കഥ പറയുകയാണു്. അദ്ദേഹം ഹോട്ടൽ മുറിയിലേക്കു പോകാൻ ബുക്കിൽ പേരെഴുതാൻ ഭാവിച്ചു. അദ്ഭുതകരം. ആരോ ബോർഹെസ് എന്നെഴുതിയിരിക്കുന്നു അതിൽ. പത്തൊമ്പതാം നമ്പർ മുറിയിലേക്കു നേരത്തേ പോയ ബോർഹെസ് തന്നെക്കാൾ പ്രായം കൂടിയവനാണെന്നു മനസ്സിലാക്കിക്കൊണ്ടു് അദ്ദേഹം അങ്ങോട്ടു ചെന്നു. അവിടെ കിടക്കുന്നു ആദ്യം ചെന്ന ബോർഹെസ്. കിടക്കുന്ന രൂപം പറഞ്ഞു: “എന്തു വിചിത്രം, നമ്മൾ രണ്ടു പേരാണു്. നമ്മൾ ഒരാളും. പക്ഷേ, സ്വപ്നങ്ങളിൽ വിചിത്രമായി ഒന്നുമില്ല”. മുറിയിൽ ചെന്ന ബോർഹെസ് അവിടെ കിടക്കുന്ന ബോർഹെസ്സിനെ അറിയിച്ചു: “പക്ഷേ, ഇന്നലെയായിരുന്നു എന്റെ അറുപത്തൊന്നാമത്തെ ജന്മദിനം”.

അപ്പോൾ മറ്റേ രൂപം: “നിങ്ങൾ ഈ രാത്രിയിലെത്തുമ്പോൾ നിങ്ങളുടെ എൺപത്തിനാലാമത്തെ ജന്മദിനം ഇന്നലെയായിരിക്കും. ഇന്നു് 1983 ആഗസ്റ്റ് 25 ആണു്”.

കഥ സംഗ്രഹിച്ചെഴുതുന്നില്ല സ്ഥലപരിമിതിയെ പരിഗണിച്ചു്. കഥയുടെ അവസാനത്തിൽ എൺപത്തിനാലു വയസ്സുള്ള ബോർഹെസ് മരിക്കുന്നു. അവിടെ ചെന്നു കയറിയ ബോർഹെസ് മുറിയിൽ നിന്നു് ഓടിപ്പോയി. വെളിയിൽ മറ്റു സ്വപ്നങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.

നമ്മൾ സ്വപ്നം കാണുന്നു. സ്വപ്നദർശകരായ നമ്മൾ മറ്റൊരുടെയോ സ്വപ്നമല്ലെന്നു് എങ്ങനെയറിയാം. ഹാംലെറ്റ് നാടകം അഭിനയിക്കുകയാണെന്നിരിക്കട്ടെ. അതിലെ അന്തർനാടകം രാജാവും ഗർട്രൂഡും മറ്റുള്ളവരും കണ്ടു കൊണ്ടിരിക്കുന്നു. അവരെ നമ്മൾ കാണുന്നു. നമ്മൾ തന്നെ മറ്റൊരു നാടകത്തിലെ കഥാപാത്രങ്ങളല്ലെന്നു് എങ്ങനെയറിയാം? ജീവിതത്തെസ്സംബന്ധിച്ച പ്രഹേളികയെ തന്റേതായ രീതിയിൽ ആവിഷ്കരിക്കുകയാണു് ബോർഹെസ്. മറ്റൊരാശയവും കൂടി ഇക്കഥയിലുണ്ടു്. ഒരുദാഹരണം കൊണ്ടു് അതു വ്യക്തമാക്കാൻ ശ്രമിക്കാം. വർഷങ്ങൾക്കു മുമ്പു് പി. കെ. ബാലകൃഷ്ണന്റെ ‘പ്ലൂട്ടോ, പ്രിയപ്പെട്ട പ്ലൂട്ടോ’ എന്ന നോവൽ കലാത്മകമല്ലെന്നു കാണിച്ചു് ‘കൗമുദി’ വാരികയിൽ എഴുതി. ഇന്നു ചെയ്യാറുള്ളതു പോലെ അന്നും ഒരു പടിഞ്ഞാറൻ കൃതിയുടെ സൗന്ദര്യം വ്യക്തമാക്കി. സ്പാനിഷ് കവി റാമോൺ ഹീമനേത്തി ന്റെ (Ramon Jimenez, നോബൽ സമ്മാനം 1956) Platero and I എന്ന ഗദ്യകാവ്യം—ഒരു കഴുതയുടെ ജീവിതം ചിത്രീകരിക്കുന്ന കാവ്യം—എടുത്തു കാണിച്ചു. വഴക്കുണ്ടാക്കാനായിരിക്കണം പത്രാധിപർ ആ ലേഖനത്തിനു് ഞാനെഴുതാത്ത ഒരു തലക്കെട്ടു നല്കി, പി. കെ. ബാലകൃഷ്ണൻ ഹീമനേത്തിന്റെ കൃതി ചൂഷണം ചെയ്തു എന്ന അർത്ഥത്തിൽ. കോപിഷ്ഠനായ ഗ്രന്ഥകാരൻ അടുത്ത കൗമുദി വാരികയിൽ ഒരു നോവലെഴുതിത്തുടങ്ങി. അതിന്റെ ആദ്യത്തെ ഖണ്ഡിക വായിച്ചപ്പോൾ ഏതോ ഒരാളിനെ അവതരിപ്പിക്കുന്നു എന്നേ എനിക്കു തോന്നിയുള്ളൂ. വായിച്ചു വരുന്തോറും അതു് എന്നെക്കുറിച്ചാണോ എന്ന സംശയം ഉണ്ടായിത്തുടങ്ങി. ഒടുവിൽ ഞാൻ തന്നെയാണു് വൾഗറായ ആ നോവലിലെ പ്രധാന കഥാപാത്രം എന്നു മനസ്സിലാക്കി. ഇങ്ങനെ നമ്മുടെ ‘സെൽഫ്’ നമ്മുടെ സെൽഫിനെത്തന്നെ കാണുന്ന സന്ദർഭങ്ങളുണ്ടു്. അതും കൂടെ പ്രദർശിപ്പിക്കുന്നു ബോർഹെസ്. വായനക്കാർ ഇത്തരം കഥകൾ വായിച്ചു് അനുഭവ ചക്രവാളം വികസിപ്പിക്കണം. അല്ലാതെ ഖസാക്കിന്റെ ഇതിഹാസം, ഒ. വി. വിജയൻ: ഒ. വി. വിജയൻ, ഖസാക്കിന്റെ ഇതിഹാസം, ഉത്തരായനം, അരവിന്ദൻ; അരവിന്ദൻ, ഉത്തരായനം എന്നു മാത്രം ഉരുവിട്ടുകൊണ്ടു് ഇരിക്കരുതു്. വിജയനോടും, അരവിന്ദനോടും എനിക്കു സ്നേഹബഹുമാനങ്ങളേയുള്ളുവെന്നും അവരെ ഒരുവിധത്തിലും ആക്ഷേപിക്കുകയല്ലെന്നും കൂടി എഴുതിക്കൊള്ളട്ടെ.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 49-ആം പുറത്തു് ഒരു പരസ്യം. “മണലാരണ്യത്തിന്റെ മടിത്തട്ടിൽ” മണൽക്കാടു് എന്ന അർത്ഥത്തിലാണു് പ്രയോഗമെങ്കിൽ ‘മണലരണ്യം’ എന്നു വേണം. അരണ്യം = കാടു്. ആരണ്യം = കാടിനെസ്സംബന്ധിച്ചതു്. ‘ശബ്ദതാരാവലി’യുടെ ആറാമത്തെ പ്രസാധനത്തിൽ ആരണ്യത്തിനു് കാടു് എന്നു് അർത്ഥം നല്കിയിരിക്കുന്നതു് ചിന്തനീയം. സർ മോണിയർ വില്യംസി ന്റെ Sanskrit–English Dictionary-യിൽ ആരണ്യ ശബ്ദത്തിനു് being in or relating to a forest എന്നേ അർത്ഥം കൊടുത്തിട്ടുള്ളൂ.

ഉത്കണ്ഠയും ജിജ്ഞാസയും

കഥകൾ വായിക്കുമ്പോൾ രണ്ടു തരത്തിലുള്ള മാനസികാവസ്ഥകളാണു് അനുവാചകനു് ഉണ്ടാവുക. ഒന്നു്: ജിജ്ഞാസ. രണ്ടു്: ഉത്കണ്ഠ. ജിജ്ഞാസയ്ക്ക് അതിപ്രസരം സംഭവിച്ചാൽ ഡിറ്റക്ടീവ് അംശം കൂടി എന്നർത്ഥം. ഉത്കണ്ഠയ്ക്കും ജിജ്ഞാസയ്ക്കും ബന്ധമില്ല. സഹാനുഭൂതിയാണു് ഉത്കണ്ഠയ്ക്കു് ആസ്പദം. ജിജ്ഞാസയിൽ സഹാനുഭൂതി തീരെയില്ല. വൈക്കം മുഹമ്മദ് ബഷീറി ന്റെ ‘പൂവമ്പഴം’. എന്ന ചെറുകഥ വായിക്കുമ്പോൾ നവവധുവിനു് പൂവമ്പഴം വാങ്ങിക്കൊണ്ടു വരാൻ വേണ്ടി നദി നീന്തിക്കടക്കുന്ന നവവരനോടു നമുക്കു സഹതാപമുണ്ടാകുന്നു. ഈ സഹതാപം അല്ലെങ്കിൽ സഹാനുഭൂതിയാണു് സാഹിത്യകൃതിയുടെ ഉത്കൃഷ്ടത കൂട്ടുന്നതു്. തകഴി ശിവശങ്കരപ്പിള്ള യുടെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥയിലെ പട്ടിയോടു് നമുക്കു് സഹതാപം ജനിക്കുന്നു. അതുകൊണ്ടാണു് അതിന്റെ മരണത്തിൽ നമുക്കു വിഷാദം ജനിക്കുന്നതു്. ഉറൂബി ന്റെ “വാടകവീടുകൾ” എന്ന കഥയിലെ ദരിദ്രനായ സാഹിത്യകാരനെ പങ്കജം ലോജ്ജിൽ നിന്നു് ഇറക്കി വിടുമ്പോൾ നമ്മുടെ സഹാനുഭൂതി പരകോടിയിലെത്തുന്നു. ‘പൂവമ്പഴ’ത്തിലെ ഭർത്താവിന്റെയും ‘വെള്ളപ്പൊക്ക’ത്തിലെ പട്ടിയുടെയും ‘വാടകവീടുകളി’ലെ സാഹിത്യകാരന്റെയും കഥകൾ എന്റെ കഥകൾ തന്നെയാണെന്നു് എനിക്കു തോന്നുന്നു. ഈ അനുഭവം എൻ. ടി. ബാലചന്ദ്രന്റെ കഥകൾ പ്രദാനം ചെയ്യുന്നില്ല. ഒരു യുവാവിനെ കാണാൻ ഒരതിസുന്ദരി വരുന്നു. അവളെ അയാൾക്കു് ഓർമ്മയില്ല; അവൾ പൂർവ്വ കാമുകിയായിരുന്നിട്ടും. അവൾ ദുഃഖിക്കുന്നു. ഓർമ്മക്കുറവിന്റെ കാര്യം കഥയുടെ അന്ത്യത്തോടു് അടുപ്പിച്ച് കഥാകാരൻ വ്യക്തമാക്കുന്നുണ്ടു്. വിപ്ലവകാരിയായ ആ ചെറുപ്പക്കാരൻ പൊലീസിന്റെ മർദ്ദനമേറ്റതുകൊണ്ടു് തലച്ചോറു് തകരാറിലായിപ്പോയി. പഴയ കാര്യമൊന്നും അയാളുടെ സ്മൃതിപഥത്തിലെത്തുകയില്ല. കഥാകാരൻ കഥ പറഞ്ഞവസാനിപ്പിച്ചിട്ടും നമ്മൾ ഒരു വികാരവും കൂടാതെ മാതൃഭൂമി ആഴ്ചപ്പതിപ്പു് അടച്ചു വയ്ക്കുന്നു. “അഞ്ചു വയസ്സുള്ള ഒരാൾ” എന്ന ഈ കഥയിൽ സഹാനുഭൂതിക്കല്ല, ജിജ്ഞാസയ്ക്കാണു പ്രാധാന്യം. ഒരു ‘കോൺസെപ്റ്റ്’ നേരത്തേ രൂപപ്പെടുത്തിയതിനു ശേഷം അതിനെ ഭാഷ കൊണ്ടു പൊതിഞ്ഞാൽ ഇതായിരിക്കും ഫലം. ജിജ്ഞാസ എന്ന അംശം പ്രാമുഖ്യമാർജ്ജിക്കുന്നതു് ഇൻഫീരിയർ ആർട്ടിലാണു്.

രാത്രി. വിദ്യുച്ഛക്തിയില്ല. മുൻപിലിരിക്കുന്ന മെഴുകുതിരിയുടെ ദീപം ഇതെഴുതാൻ എന്നെ സഹായിക്കുന്നില്ല. കൂരിരുട്ടിൽ നിന്നു് എന്നെയും കൊടും തമസ്സിനെയും സ്വതന്ത്രമാക്കാനാണു് ദീപം യത്നിക്കുന്നതു്, വ്യർത്ഥയത്നം ജനലുകളിൽകൂടി ഇരച്ചു കയറുന്ന അന്ധകാരം എന്നെ ഗ്രസിക്കുന്നു. എന്റെ കൊച്ചു മെഴുകുതിരി ദീപത്തെ ഗ്രസിക്കുന്നു. സാഹിത്യത്തിന്റെ അന്ധകാരം അനുവാചക ഹൃദയത്തിലെ ചെറിയ ദീപത്തെ—കലാസ്വാദന പ്രകാശത്തെ വിഴുങ്ങുന്നതു പോലെ. പ്രകൃതിയും സാഹിത്യത്തിനു ചേർന്നിരിക്കുന്നു.

ജലജ
images/Jalaja.jpg
ജലജ

ഈ ലോകത്തു് ഏറ്റവും മനോഹരമായിട്ടുള്ളതു സുന്ദരിയായ ചെറുപ്പക്കാരിയുടെ ചിരിയോ പുഞ്ചിരിയോ ആണെന്നു് ഇതെഴുതുന്ന ആൾ മുൻപു പറഞ്ഞിട്ടുണ്ടു്. മലയാളനാടു വാരികയുടെ മുഖചിത്രം നോക്കുക. ചലചിത്രതാരം ജലജ യുടെ പടം. ആ യുവതി പുഞ്ചിരി പൊഴിക്കുന്നു. അതിനെക്കാൾ ആകർഷകമായി ഈ ലോകത്തു വേറൊന്നുമില്ലെന്നു് എനിക്കു തോന്നുന്നു.

സംസ്കാര സമ്പന്നയാണു് ഈ ചലച്ചിത്രതാരം. അവരെ എനിക്കു നേരിട്ടറിയാം. ഒരു ദിവസം ഒരു സമ്മേളനത്തിനു പോകാൻ അവർ എന്റെ വീട്ടിന്റെ മുൻപിൽ വന്നു. ജലജയാണു് കാറിനകത്തിരിക്കുന്നതെന്നു് അറിഞ്ഞപ്പോൾ അവരെ പരിചയപ്പെടാൻ എന്റെ ബന്ധുക്കൾക്കു് താല്പര്യം. ഞാൻ ഒന്നു് സൂചിപ്പിച്ചതേയുള്ളു. അതിനു മുൻപു് ജലജ കാറിൽ നിന്നിറങ്ങി അവരോടു സ്നേഹപൂർവ്വം സംസാരിച്ചു. ചലച്ചിത്ര താരങ്ങളുടെ അഹങ്കാരവും മര്യാദകേടും അഭിജാതയായ ഈ യുവതിക്കില്ല.

സമ്മേളനം ആരംഭിച്ചപ്പോൾ സ്വാഗതം ആശംസിച്ചയാൾ ജലജയെ ശ്രീമതി എന്ന പദം കൊണ്ടു വിശേഷിപ്പിച്ചു. കൈ കുടഞ്ഞുകൊണ്ടു് “ഞാൻ ശ്രീമതിയല്ല, വിവാഹം കഴിഞ്ഞിട്ടില്ല എന്റെ” എന്നു് അവർ എന്നോടു പറഞ്ഞു. “ശ്രീയുള്ളവൻ ശ്രീമാൻ. ശ്രീയുള്ളവൾ ശ്രീമതി. അതുകൊണ്ടു ശ്രീമതി എന്ന വിശേഷണത്തിൽ തെറ്റൊന്നുമില്ലെ”ന്നു ഞാനറിയിച്ചു. മലയാളനാടിന്റെ കവർ പേജിൽ ജലജ ശ്രീയോടുകൂടി വിലസുന്നതു കണ്ടപ്പോൾ ഇത്രയും കുറിക്കണമെന്നു തോന്നി.

വി. കെ. എൻ

വി. കെ. എൻ. പ്രഭാഷണവേദിയിലിരിക്കുന്നു. സ്വാഗതം ആശംസിക്കൽ എന്റെ ജോലി. എന്റെ സ്വാഗത പ്രഭാഷണം.

“സഭാവേദിയിലിരിക്കുന്ന വണ്ണവും പൊക്കവും കൂടിയ ആൾ വി. കെ. എന്നാണു്. പ്രശസ്തനായ ഹാസ്യസാഹിത്യകാരൻ. മറ്റു ഹാസ്യസാഹിത്യകാരന്മാരെക്കാൾ അദ്ദേഹത്തിനു് പൊക്കമുണ്ടു്. വണ്ണവും കൂടുതലാണു്. അതു കൊണ്ടുതന്നെയാണു് അദ്ദേഹത്തെ ഞങ്ങൾ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതു്.

കലാപരങ്ങളായ വസ്തുതകളെക്കാൾ സത്യത്തെ മാനിക്കുകയും സത്യത്തെക്കാൾ കലാപരങ്ങളായ വസ്തുതകളെ മാനിക്കുകയും ചെയ്യുന്ന ഈ അതികായൻ നമ്മെ ചിരിപ്പിക്കുന്ന പല പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. എംബസ്സികളിൽ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്തതു കൊണ്ടാവണം അദ്ദേഹത്തിന്റെ ഹാസ്യ കൃതികൾ മറ്റു ഭാഷകളിലേക്കു തർജ്ജമ ചെയ്യാത്തതു്. എങ്കിലും ഹാസ്യത്തിന്റെ വിലയറിയുന്ന കാലം വരുമെന്നും വി. കെ. എന്നിന്റെ തിരഞ്ഞെടുത്ത കഥകൾ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യുമെന്നും ഞാൻ വിചാരിക്കുന്നു. മന്ത്രിമാരുടെ കാറുകൾക്കു വേഗം കൂടുകയും മനുഷ്യായുസ്സിന്റെ കാലം വളരെ കുറയുകയും ചെയ്യുന്ന ഈ കാലത്തു് വി. കെ. എന്നിന്റെ കൃതികൾ വായിക്കുന്നതു കൊള്ളാം. ചിരിച്ചുകൊണ്ടു് റോഡിലിറങ്ങി, മന്ത്രിയുടെ കാറുതട്ടി മരിച്ചു എന്നൊരാശ്വാസം പരേതാത്മാവിനു് ഉണ്ടാകും.

കുറെയൊക്കെ ആവർത്തനമുണ്ടെങ്കിലും ഏതു വിഷയവും തന്റേതായ രീതിയിൽ പ്രതിപാദിക്കുന്ന ഈ ഹാസ്യസാഹിത്യകാരൻ റേഡിയോ പ്രഭാഷണത്തിനു പോയി പണം ചെലവാക്കുന്ന ഒരു മദ്യപനെ കലാകൗമുദി വാരികയിൽ അവതരിപ്പിച്ചിട്ടുണ്ടു്. നിഷ്പ്രയാസം വഴങ്ങുന്ന തരുണിയോടു് ആഭിമുഖ്യം കുറയും പുരുഷനു്. വളരെക്കാലം തട്ടിയും മാറ്റിയും ചീറ്റിയും നില്ക്കണം അവൾ. എങ്കിലേ രസം കൂടൂ. വളരെ വേഗത്തിൽ വഴങ്ങുന്നവളല്ല വി. കെ. എന്നിന്റെ ഹാസ്യാംഗന വഴങ്ങിക്കഴിഞ്ഞാൽ രസം നല്കുകയും ചെയ്യും. മഹതികളേ, മഹാന്മാരേ, ഇതാ വി. കെ. എൻ”.

പരുഷോക്തികൾ

ഗർഹണീയങ്ങളായ കഥകൾ ഉണ്ടായേ മതിയാവൂ. അല്ലെങ്കിൽ എനിക്കു കുറ്റം പറയാൻ കഴിയുകയില്ലല്ലോ. അതുകൊണ്ടു് മനോരാജ്യത്തിൽ മൂക്കുത്തിയെക്കുറിച്ചു് കഥയെഴുതിയ ഗിരിജാ തമ്പിക്കു കൃതജ്ഞത പറയുന്നു. മൂക്കുത്തി മോഷ്ടിച്ചതു് ഗൃഹനായികയുടെ മകൻ. സംശയിച്ചതു് വേലക്കാരനെയും, സത്യം തെളിയുന്നു. എന്തൊരു തുച്ഛ സംഭവം! എന്തൊരു തുച്ഛമായ കഥ!

എഴുപതു വയസ്സായ കിഴവി റബ്ബർ അകത്തുള്ള ‘ബ്രാ’ ധരിച്ചു് പട്ടു ബ്ളൗസിട്ടു് മിനി സ്കർട്ട് ഉടുത്തു നിന്നാൽ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമോ അങ്ങനെയിരിക്കുന്നു മലയാള മനോരമ ആഴ്ചപ്പതിപ്പിലെ ചാപ്പൻ എന്ന കഥ. ഏനാത്തു് മാത്യൂസ് സൈമൺ കിഴവിയെ അവതരിപ്പിക്കുന്നു.

എന്റെ വീട്ടിൽ ഒരു വാരികയ്ക്കു ലേഖനം ചോദിക്കാൻ വരാറുണ്ടായിരുന്ന ഒരു നല്ല ചെറുപ്പക്കാരൻ കോവളം കടലിൽ കുളിക്കാൻ പോയി. കൂടെ ചില സുഹൃത്തുക്കളും. യുവാവിനെ കടൽ വലിച്ചെടുത്തുകൊണ്ടു് പോയപ്പോൾ അദ്ദേഹം ‘രക്ഷിക്കണേ’ എന്ന മട്ടിൽ കൈ വീശി. എന്നാൽ കടൽക്കരയിൽ നിന്ന കൂട്ടുകാർ വിചാരിച്ചതു് അദ്ദേഹം സ്നേഹസൂചകമായി കൈ വീശി എന്നാണു്. യുവാവിന്റെ മൃതദേഹം പോലും കിട്ടിയില്ല. സഖി വാരികയിൽ ഒരു ‘ദുഃഖസ്മൃതി’ എന്ന മിനിക്കഥ എഴുതിയ കലഞ്ഞൂർ സഹദേവൻ കലാസാഗരത്തിൽ മുങ്ങിത്താഴുകയാണു്. അദ്ദേഹത്തിന്റെ കൈവീശൽ സ്നേഹസൂചകമല്ല. രക്ഷിക്കൂ പാവത്തിനെ.

വിദഗ്ദ്ധന്മാർ അശ്ലീലം പറഞ്ഞാലും രസപ്രദമായിരിക്കും. തിക്കുറിശ്ശി സുകുമാരൻ നായരു ടെ പാരഡികൾ—ഹാസ്യാനുകരണങ്ങൾ—പ്രഖ്യാതങ്ങളാണു്. രമണീയങ്ങളാണു് മറ്റൊരാൾ ചെയ്താൽ ആഹ്ലാദദായകങ്ങളാവുന്ന പ്രവൃത്തികൾ തനിയെ ചെയ്താൽ അങ്ങനെയാവുകയില്ലെന്നു തെളിയിക്കാൻ വേണ്ടി വള്ളത്തോൾ ഒരിക്കൽ പറഞ്ഞു: “സുഖമോ സുന്ദരാംഗിക്കു സ്വഹസ്ത കുചമർദ്ദനം?”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-06-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 3, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.