സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-07-22-ൽ പ്രസിദ്ധീകരിച്ചതു്)

images/Kleist.jpg
ക്ലൈസ്റ്റ്

ജി. ശങ്കരക്കുറുപ്പു് മഹാകവിയുമല്ല, കവിയുമല്ല എന്നു് എൻ. ഗോപാലപിള്ള പറഞ്ഞ കാലം. ഗോപാലപിള്ളസ്സാറിന്റെ ഒരു പരിഷത്തുപ്രസംഗം ശങ്കരക്കുറുപ്പു് പത്രാധിപരായ പരിഷത്തു മാസികയിൽ ഒടുവിലത്തെ പുറത്തു് അച്ചടിച്ചു എന്നതാണു് ആ പ്രസ്താവത്തിനു കാരണം. ശങ്കരക്കുറുപ്പു് അതു കരുതിക്കൂട്ടി ചെയ്തതാണെന്നു് എറണാകുളത്തെ ഒരു നുണയൻ വന്നു ഗോപാലപിള്ളസ്സാറിനെ അറിയിച്ചു. ഏതു നുണയും വിശ്വസിക്കുന്ന ആളായിരുന്നു അദ്ദേഹം. അതു കൊണ്ടു് ഉടനെ കിട്ടിയ ഒരു പ്ലാറ്റ്ഫോമിൽ നിന്നു് പ്രഖ്യാപനം. “ശങ്കരക്കുറുപ്പു് മഹാകവിയല്ല, കവിപോലുമല്ല”. ഇക്കാലത്തു് ഗോപാലപിള്ള സാറിനോടൊരുമിച്ചു് ഞാനൊരു മീറ്റിങ്ങിനു പോയി. അദ്ദേഹം പറഞ്ഞതു് ശരിയല്ലെന്നു് ആർക്കും ആ മുഖത്തു നോക്കി ഉരിയാടാൻ വയ്യ. പരുഷമായി പെരുമാറിയതിന്റെ പേരിൽ ഒരു ഗവർണറെയും വിശ്വവിഖ്യാതനായ ഒരു വൈസ് ചാൻസലറെയും ഒരു മുഖ്യമന്ത്രിയെയും ചീത്ത വിളിച്ച ധീരനാണു് ഗോപാലപിള്ള സാർ. ഭാരതത്തിലെങ്ങും പ്രശസ്തനായ ഒരഭിഭാഷകൻ അദ്ദേഹത്തെ അധിക്ഷേപിക്കാൻ വേണ്ടി ഒരു മീറ്റിങ്ങിൽ വച്ചു് ഇങ്ങനെ പറഞ്ഞു: “ഇവിടെ ഗോപാലപിള്ളയും മറ്റു പണ്ഡിതന്മാരും വന്നിട്ടുണ്ടു്. അവരെല്ലാം വിദ്വജ്ജനോചിതമായി പ്രസംഗിക്കും. പിന്നെ പണ്ഡിതന്മാർ പട്ടികളെപ്പോലെയാണു്. അവർ കടിപിടികൂടും. അതും കാണാം നിങ്ങൾക്കു്”. (കരഘോഷം!) അദ്ധ്യക്ഷനായിരുന്ന അഭിഭാഷകൻ പ്രഭാഷണത്തിനു ശേഷം ഇരുന്നു. ഗോപാലപിള്ള സാർ പ്രസംഗിക്കാനായി എഴുന്നേറ്റു. അദ്ദേഹം പ്രസംഗം തുടങ്ങിയതു് ഇങ്ങനെയാണു്: “ഞങ്ങളൊക്കെ പണ്ഡിതന്മാരും പണ്ഡിതന്മാരായതുകൊണ്ടു് പട്ടികളെപ്പോലെ കടിപിടി കൂടുന്നവരുമാണെന്നു് അദ്ധ്യക്ഷൻ പറഞ്ഞു. ശരിയാണതു്. പക്ഷേ, നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. അദ്ധ്യക്ഷൻ തന്നെ ഒരു മൂത്ത പണ്ഡിതനാണു്”. (നീണ്ടുനിന്ന കരഘോഷം.) എല്ലാവരും പേടിച്ചിരുന്ന ഈ അഭിഭാഷകൻ ഒരു വിവാഹപ്പന്തലിൽ വച്ചു് ഗോപാലപിള്ള സാറിനോടു പരുക്കൻ മട്ടിലെന്തോ പറഞ്ഞു. അദ്ദേഹം തിരിഞ്ഞു്. “Who are you? You are a mere criminal vakil” എന്നു് അട്ടഹസിച്ചു. ആരെയും സ്വത്വംകൊണ്ടും വാക്കുകൊണ്ടും ‘അസ്തമിപ്പിച്ചു’ കളയുന്ന ആ അഭിഭാഷകൻ—ബുദ്ധിശക്തിയുടെ പ്രതീകമായ അഭിഭാഷകൻ—‘അസ്തമിച്ചു’ പോയി. സംസ്കൃതകോളേജിന്റെ പ്രിൻസിപ്പലായിരുന്നു ഗോപാലപിള്ള. അക്കാലത്തു കുട്ടികൾ പണിമുടക്കിയപ്പോൾ ആ പണിമുടക്കിന്റെ പിൻപിൽ പ്രിൻസിപ്പൽ കൂടിയുണ്ടെന്നു് സർവകലാശാലയിലെ അധികാരികൾ ധരിച്ചുവച്ചു. അവിടത്തെ ഒരുദ്യോഗസ്ഥനെ കാണണമെന്നു് കത്തു വന്നപ്പോൾ സാറ് പോയി. ഞാൻ കൂടിചെല്ലാൻ അദ്ദേഹം നിർദ്ദേശിച്ചു. കോപാകുലനായ ആ ഉദ്യോഗസ്ഥൻ ഗോപാലപിള്ള സാറിന്റെ ജോലി ഇല്ലാതാവുമെന്നു പറഞ്ഞയുടനെ അദ്ദേഹം ഇംഗ്ലീഷിൽ തുടങ്ങി. “Mr… You are only a glorified clerk. I am impervious to your anger. You are a vulgar man. The vulgarity of your words is only matched by your slow-thinking”. (ഓർമ്മയിൽ നിന്നു കുറിക്കുന്നതു്.) ഇതൊക്കെ അറിയാമായിരുന്ന ഞാൻ വിനയത്തോടെ ചോദിച്ചു: “സാർ, ശങ്കരക്കുറുപ്പിന്റെ ഒരു കവിത ചൊല്ലട്ടോ?” “ആകട്ടെ” എന്നു് അദ്ദേഹം. ഞാൻ “ആ സന്ധ്യ” എന്ന കാവ്യം ചൊല്ലി. അതുകേട്ടു് ഗോപാലപിള്ള സാർ പറഞ്ഞു: “വളരെ നന്നായിരിക്കുന്നു. ഇനി ഇതിന്റെ ഒറിജിനൽ കൂടി കണ്ടുപിടിച്ചാൽ മതി”. മന്ദസ്മിതം പുരണ്ട കടക്കണ്ണുകൊണ്ടു് അദ്ദേഹം എന്നെ നോക്കി. ആ നേരമ്പോക്കുകേട്ടു് ഞാൻ ചിരിച്ചു. ശങ്കരക്കുറുപ്പിന്റെ ‘സാഗരസംഗീതം’ സി. ആർ. ദാസ്സി ന്റെ ‘സാഗരഗീത’ത്തിന്റെ പകർപ്പാണെന്നു് സുകുമാർ അഴീക്കോടു് പ്രഖ്യാപിച്ച കാലമാണതു്. അതും കൂടി അറിഞ്ഞാലേ ഗോപാലപിള്ള സാറിന്റെ നേരമ്പോക്കിനുള്ള രസികത്വം മുഴുവൻ ആസ്വദിക്കാനാവൂ. ഇന്നു ഗോപാലപിള്ള സാറ് ഇല്ല. പരലോകത്തിരുന്നു് അദ്ദേഹം ചോദിക്കുന്നതു് ഞാൻ കേൾക്കുന്നു. കൃഷ്ണൻ നായർ, ‘സാഹിത്യദർപ്പണ’ത്തിൽ ഒരു തരുണി എഴുതിയ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടു്. യഃകൊമാരഹരഃ സ ഏവ ഹി വരഃ എന്നു തുടങ്ങുന്ന ശ്ലോകം. അതു വായിച്ചിട്ടുണ്ടോ നിങ്ങൾ? വായിച്ചിട്ടു് നിങ്ങളുടെ ശങ്കരക്കുറുപ്പിന്റെ “ആ സന്ധ്യ” ഒന്നുകൂടെ വായിക്കൂ.

സാഹിത്യചോരണം എന്ന അർത്ഥത്തിൽ പറയുകയല്ല. താഴെച്ചേർക്കുന്ന വിഷയങ്ങൾ ഗവേഷണത്തിനുകൊള്ളാം.

 1. ചന്തുമേനോന്റെ ഇന്ദുലേഖ യും ഡിസ്റേലി യുടെ ഹെൻട്രീറ്റ ടെമ്പിളും.
 2. സി. വി. രാമൻപിള്ള യുടെ ‘മാർത്താണ്ഡവർമ്മ’യും വാൾട്ടർ സ്കോട്ടിന്റെഐവാണോ’യും.
 3. സി. വി.-യുടെ ‘പ്രേമാമൃത’വും മേരിക്കോർലി യുടെ ‘വെൻഡെറ്റ’യും.
 4. സ്റ്റൈൻബക്കി ന്റെ ‘ഗ്രേപ്സ് ഒഫ് റാത്തുംഎസ്. കെ. പൊറ്റെക്കാട്ടി ന്റെ ‘വിഷകന്യക’യും (മലയാളം നോവലിന്റെ പേരു് അതു തന്നെയോ? കുടിയേറിപ്പാർപ്പിനെ വർണ്ണിക്കുന്ന നോവലാണു് ഉദ്ദേശിക്കുന്നതു് ഞാൻ).
 5. ജി. ശങ്കരക്കുറുപ്പിന്റെ ‘സാഗരസംഗീത’വും സി. ആർ. ദാസ്സിന്റെ സാഗരഗീതവും (അരവിന്ദ ഘോഷി ന്റെ ഇംഗ്ലീഷ് തർജ്ജമ).
ഇനിയുമുണ്ടു് ഇതു പോലത്തെ വിഷയങ്ങൾ. പിന്നീടു് എഴുതിക്കൊള്ളാം.
ജീർണ്ണത

എല്ലാ വിധത്തിലും ജീർണ്ണിച്ച കാലയളവിലാണു് നമ്മൾ ജീവിക്കുന്നതു്. ഇന്ത്യ ഇംഗ്ലീഷുകാർ അടക്കി ഭരിക്കുകയും ഇന്ത്യയുടെ ഒരു ഭാഗമായ തിരുവിതാംകൂർ നാട്ടുരാജ്യം ആദ്യം റീജന്റ് റാണിയും പിന്നീടു് ചിത്തിര തിരുനാൾ മഹാരാജാവും ഇംഗ്ലീഷുകാരുടെ ഇച്ഛയ്ക്കൊത്തു ഭരിക്കുകയും ചെയ്തിരുന്ന കാലത്തു് ജീവിതത്തിന്റെ ബാല്യകാലവും യൗവനകാലവും കഴിച്ചു കൂട്ടിയവനാണു് ഞാൻ. അന്നു് ഇന്നുള്ള കഷ്ടപ്പാടിന്റെ ആയിരത്തിലൊരംശം പോലും ഇല്ലായിരുന്നു എന്നതു് അത്യുക്തിയില്ലാത്ത പ്രസ്താവമാണു്. പത്തംഗങ്ങളുള്ള കുടുംബം പുലരാൻ അന്നു് ഇരുപതു രൂപ ശമ്പളം കിട്ടിയാൽ മതി ഗൃഹനായകനു്. അതിൽ നിന്നു് അഞ്ചു രൂപ വരെ മാസം തോറും മിച്ചം വയ്ക്കാൻ കഴിയും. ഇന്നു് നാലു രൂപ കൊടുത്തു വാങ്ങുന്ന ഒരു നാളികേരത്തിനു് ഒരു ചക്രം (ഏതാണ്ടു് ആറു പൈസ) വിലയേ അന്നു് ഉണ്ടായിരുന്നുള്ളൂ. അന്നു പണിമുടക്കുകളില്ല, ജാഥകളില്ല, കൊലപാതകങ്ങളും ബലാത്സംഗങ്ങളും വിരളം. നല്ല മാർക്കു് വാങ്ങുന്ന ഏതു കുട്ടിക്കും കോളേജിൽ ചേരാം. ഭീമമായ തുക ഡൊണേഷൻ എന്ന ഓമനപ്പേരിൽ കൈക്കൂലിയായി കൊടുക്കേണ്ടതില്ല. ഓണോഴ്സ് പരീക്ഷയിൽ ഒന്നാം ക്ലാസ്സിൽ ജയിച്ചോ? അവൻ/അവൾ കോളേജിൽ ലക്ചറർ ആയതു തന്നെ. ഇന്നു് നാല്പതിനായിരം രൂപ പ്രൈവറ്റ് കോളേജ് മാനേജ്മെന്റിനു് കൊടുത്തിട്ടു് നാലു വർഷം വരെ കാത്തിരുന്നാലും നിയമനം ലഭിച്ചില്ലെന്നു വരും.

images/Majakovszkij.jpg
മയകോവ്സ്കി

ഇന്നത്തെ ‘സ്പിരിച്ച ്വൽ ക്രൈസിസും’ അന്നില്ലായിരുന്നു. ജീവിതം ഇന്നു മരവിച്ചിരിക്കുന്നു. മനുഷ്യനു് തന്നിൽ നിന്നു പോലും അകൽച്ച. യുക്തിക്കും നീതിക്കും സ്ഥാനമില്ല ഇന്നു്. മനുഷ്യൻ ഇന്നു് അചേതനമായ വസ്തുവാണു്. രാഷ്ട്രീയക്കാർക്കും അധികാരമുള്ളവർക്കും തട്ടിയെറിയാവുന്ന വസ്തുമാത്രം. മനുഷ്യജീവിതമെന്നതു് ഇന്നു് നിസ്സഹായതയുടെ പര്യായശബ്ദമായി മാറിയിരിക്കുന്നു (എറിക്ക് ഫ്രം). ആത്മഹത്യ മാത്രമാണു് മനുഷ്യനു് ഏക രക്ഷാമാർഗ്ഗം എന്നു വന്നിരിക്കുന്നു (ഈ ചിന്താഗതിയോടു് ഈ ലേഖകൻ യോജിക്കുന്നില്ല). ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷമുള്ള ഈ ദുരവസ്ഥയെ ഭാവനാത്മകസാഹിത്യത്തിന്റെ സൗന്ദര്യം നശിപ്പിക്കാതെ തന്നെ വിനയൻ ഒരു ചെറുകഥയിലൂടെ സ്ഫുടീകരിക്കുന്നു (കുഞ്ഞുണ്ണിക്കിടാവിന്റെ മരണം, മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 6). ഇംഗ്ലീഷുകാർ ഭാരതം ഭരിച്ച കാലത്തു് ജീവിതം തുടങ്ങിയ കുഞ്ഞുണ്ണിക്കിടാവു്; അന്നില്ലാത്ത ബലാത്സംഗം സ്വാതന്ത്ര്യമാർജ്ജിച്ച ഭാരതത്തിൽ നിത്യ സംഭവം. അതും അതിനെക്കാൾ ഗർഹണീയങ്ങളായ പല സംഭവങ്ങളും കണ്ടും കേട്ടും ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരുന്ന കുഞ്ഞുണ്ണിക്കിടാവിന്റെ പ്രാണൻ പോകുമ്പോൾ പതിമ്മൂന്നു വയസ്സായ ഒരു പെൺകുട്ടി ധർഷണത്തിനു വിധേയയായി മരിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മെ ചിന്തിപ്പിക്കുന്ന വികാരത്തിലേക്കു വലിച്ചെറിയുന്ന കഥയാണിതു്.

Dr. Michael Carrera എഴുതിയ “Sex” നല്ല ലൈംഗിക ഗ്രന്ഥമാണു്. ബലാത്സംഗം ഒഴിവാക്കാൻ അതിൽ ഡോക്ടർ നല്കുന്ന നിർദ്ദേശങ്ങൾ

 1. പരിചയമില്ലാത്ത ആരെയും വീട്ടിനുള്ളിൽ കയറാൻ അനുവദിക്കരുതു്.
 2. രാത്രിയും പകലും വീടു് അടച്ചിട്ടിരിക്കണം.
 3. നടന്നു പോകുമ്പോൾ ആരെങ്കിലും കാറിൽ കയറാൻ വിളിച്ചാൽ കയറരുതു്. സ്വയം കാറോടിച്ചു പോകുമ്പോൾ പരിചയമില്ലാത്ത ഒരാളെയും അതിൽ കയറ്റരുതു്.
 4. റോഡിലൂടെ പോകുമ്പോൾ ആരെങ്കിലും സംസാരിക്കാൻ വന്നാൽ മറുപടി പറയരുതു്. ആൾക്കൂട്ടമുള്ള സ്ഥലത്തേക്കു നടന്നു നീങ്ങണം.
 5. വിജനസ്ഥലത്തു് ഒറ്റയ്ക്കു നടക്കരുതു്.

ഇനി ബലാത്സംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ. ഇവയും “Sex”-ൽ നിന്നുതന്നെ.

 1. പെണ്ണുങ്ങൾക്കിഷ്ടമുണ്ടെങ്കിലേ ബലാത്സംഗം നടക്കൂ.
 2. പരിചയമില്ലാത്ത പുരുഷന്മാരേ ബലാത്സംഗം ചെയ്യൂ.
 3. ലൈംഗികാസക്തി കൂടിയവരാണു് ഇതിനു് ഒരുമ്പെടുന്നതു്.
 4. ബലാത്സംഗത്തിനു മടിയില്ലാത്ത പുരുഷന്മാരെ കണ്ടാലറിയാം.
 5. വിവാഹം കഴിക്കാതെ ഗർഭിണികൾ ആകുന്നവർ തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു പറയും.
അഞ്ചാമത്തേതു് അത്ര ശരിയോ എന്നു് എനിക്കു സംശയം. ഭ്രൂണഹത്യ കുറ്റമായിരുന്നകാലത്തു് ഭർത്താവില്ലാതെ പ്രസവിച്ച ചില സ്ത്രീകൾ തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു പരാതി പറഞ്ഞതു് ഞാൻ കേട്ടിട്ടുണ്ടു്. അതേ സമയം അവർ പുരുഷന്മാരെ പ്രേരിപ്പിക്കുകയായിരുന്നു താനും.
images/Esenin.jpg
യിസ്യേനിൻ

സീമോൻ ദ ബൊവ്വാറി ന്റെ (Simone de Beauvoir) ആത്മകഥയിൽ അവരെ ഒരറബി ബലാത്സംഗം ചെയ്യാൻ പോയതെങ്ങനെയെന്നതിന്റെ വർണ്ണനമുണ്ടു്. റ്റൂനീഷ (Tunisia) റിപ്പബ്ളിക്കിന്റെ തലസ്ഥാനമാണു് റ്റൂനിസ് (Tunis). ആ നഗരത്തിനടുത്തു് കടപ്പുറത്തു പുസ്തകം വായിച്ചു കിടക്കുകയായിരുന്നു ബൊവ്വാർ. അവർ ഉറങ്ങിപ്പോയി. കടപ്പുറത്തു പൂച്ചയുമുണ്ടോ? ഇങ്ങനെ സംശയിച്ചു് അവർ കണ്ണു തുറന്നപ്പോൾ ഒരറബി അവരുടെ വയറ്റിൽ കയറിയിരിക്കുന്നു. വൃദ്ധനും വൃത്തികെട്ടവനുമായിരുന്നു അയാൾ. മണലിൽ ഒരു കത്തി. “മരിക്കുന്നതിനെക്കാൾ നല്ലതു ബലാത്സംഗം ചെയ്യപ്പെടുന്നതുതന്നെ’ എന്നു വിചാരിച്ചു ബൊവ്വാർ. എങ്കിലും പേടി കൊണ്ടു് അവർ ബോധം കെടുകയായിരുന്നു. അറബിയെ തള്ളി മാറ്റിക്കൊണ്ടു് അവർ പറഞ്ഞു അയാൾക്കു പണം കൊടുക്കാമെന്നു്. പഴ്സിലുള്ളതെല്ലാം അയാളുടെ കൈയിൽ തട്ടിയിട്ടിട്ടു് ബൊവ്വാർ അതിവേഗം ഓടി (Force of Circumstance, Chapter 2).

ഇനി ബലാത്സംഗത്തെക്കുറിച്ചു് ഒരു പടിഞ്ഞാറൻ നേരമ്പോക്കുകൂടി.

മധ്യവയസ്കനായ ഒരാൾ യുവാവായ കോടീശ്വരന്റെ അടുക്കലെത്തിപ്പറഞ്ഞു: “സർ നിങ്ങളൊരു വൃത്തികെട്ടവനാണു്. എന്റെ മകൾ കാതറീനയെ നിങ്ങൾ ബലാത്സംഗം ചെയ്തു. പതിനാറു വയസ്സു മാത്രമുള്ള അവളിന്നു ഗർഭിണിയാണു്. വേണ്ടതു് നിങ്ങൾ ചെയ്യുമോ എന്നറിയാനാണു ഞാൻ വന്നതു്”. യുവാവു് മറുപടി നല്കി: “എനിക്കു വൈഷമ്യമുണ്ടു്. കുഞ്ഞു ജനിച്ചാൽ മാസന്തോറും ഞാൻ ആയിരം ഡോളർ നിങ്ങളുടെ മകൾക്കു കൊടുക്കാം. മതിയോ?” മധ്യവയസ്കൻ: “മതി, മതി… പക്ഷേ, അവളുടെ ഗർഭം അലസിപ്പോയാലോ? രണ്ടാമതൊരു സന്ദർഭം കൂടി നിങ്ങൾ അനുവദിക്കുമോ?”

ഗ്രാബിങ്
images/SylviaPlath.jpg
പ്ലേത്തു്

തിരുവനന്തപുരത്തു വച്ചു സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങൾ നടക്കുന്ന കാലമാണു്. സർദാർ കെ. എം. പണിക്കർ ക്കു മുൻവരിയിലാണു് കസേര. അദ്ദേഹം കുറച്ചുനേരം ഒരു പ്രഭാഷകന്റെ ഗർജ്ജനം കേട്ടിട്ടു് എഴുന്നേറ്റുപോയി. പോയ തക്കം നോക്കി ആ കസേരയിൽ വേറൊരാൾ കയറിയിരുന്നു. കുറച്ചു കഴിഞ്ഞു് പണിക്കർ തിരിച്ചെത്തി. തന്റെ കസേരയിൽ ഒരുവൻ ഇരിക്കുന്നതു് കണ്ടു് അദ്ദേഹം ഉറക്കെപ്പറഞ്ഞു: “എഴുന്നേല്ക്കു. എന്റെ സീറ്റാണിതു്”. അയാൾ എഴുന്നേറ്റപ്പോൾ അദ്ദേഹം വീണു: “ഞാൻ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. എനിക്കിരിക്കാനുള്ള കസേരയാണിതു്. അതുകൊണ്ടു് ഞാൻ എഴുന്നേല്പിക്കുക തന്നെ ചെയ്യും”. കെ. എം. പണിക്കർ പറഞ്ഞതു ശരി. പക്ഷേ, അദ്ദേഹത്തെക്കാൾ സംസ്കാരം കൂടിയ ഒരു സാധാരണക്കാരൻ അങ്ങനെ പ്രവർത്തിക്കുമായിരുന്നില്ല. എക്സ്പ്രസ്സ് ബസ്സിൽ സീറ്റ് റിസർവ് ചെയ്ത നമ്മൾ കാപ്പി കുടിക്കാൻ എഴുന്നേറ്റു പോകുന്നു. തിരിച്ചെത്തുമ്പോൾ വേറൊരാൾ അവിടെ ഇരിക്കുന്നതു കണ്ടാൽ നമ്മളിൽ പലരും അയാളെ എഴുന്നേല്പിക്കാറില്ല. ഒഴിഞ്ഞു കിടക്കുന്ന വേറൊരു സീറ്റിലിരിക്കും അത്രേയുള്ളു. കെ. എം. പണിക്കർ സ്വന്തം കസേരയെ മറ്റൊരുത്തനിൽ നിന്നു് പിടിച്ചെടുക്കുകയായിരുന്നു. ഇതിനെ ഇംഗ്ലീഷിൽ ഗ്രാബിങ് എന്നു പറയും. ഈ കടന്നു പിടിത്തം സംസ്കാരലോപത്തെയാണു കാണിക്കുന്നതു്. കോളേജുകളിൽ ഇതു് ധാരാളം കാണാം. വർഷത്തിന്റെ ആരംഭത്തിൽ, പഠിപ്പിക്കാനുള്ള പുസ്തകങ്ങൾ ഓരോ അദ്ധ്യാപകനെയും ഏല്പിക്കുകയാണു് ഡിപ്പാർട്ട്മെന്റ് അദ്ധ്യക്ഷൻ. “ങാ, ഇനി നോവൽ. ആർക്കാണു വേണ്ടതു്?” ഒരദ്ധ്യാപകൻ: “നോവൽ ഞാനെടുത്തുകൊള്ളാം”. അദ്ധ്യക്ഷൻ: “ശരി. ശങ്കരക്കുറുപ്പിന്റെ ‘വിശ്വദർശനം’. നാടകം”. അതേ അദ്ധ്യാപകൻ: “നാടകം എന്റെ സ്പെഷൽ സബ്ജക്ടാണു്. ഞാനതു് എടുത്തു കൊള്ളാം”. മറ്റു മാന്യന്മാർ മിണ്ടാതിരിക്കുമ്പോൾ ഇയാൾ എല്ലാം ഗ്രാബ് ചെയ്യുന്നു. ബസ്സിൽ ഇടിച്ചു കയറുന്നവൻ, കയറിയിരുന്നു കഴിഞ്ഞാൽ വേറൊരുത്തൻ അവിടെ ഇരിക്കരുതെന്നു കരുതി കാലു കവച്ചു വയ്ക്കുന്നവൻ, ഏഴെട്ടുപേർ പ്രസംഗിക്കാനുള്ളപ്പോൾ ഒരു മണിക്കൂർ ഓറൽ ഡയറിയ പ്രവഹിപ്പിക്കുന്നവൻ, അന്യന്റെ വസ്തുവിൽ കയറി തേങ്ങയിടുന്നവൻ ഇവരൊക്കെ ‘ഗ്രാബേഴ്സ്’ ആണു്. നമ്മുടെ വിശ്രമ സമയം മലിനീകരിക്കുന്ന കഥയെഴുത്തുകാരും ‘ഗ്രാബേഴ്സ്’ തന്നെ. മനോരാജ്യം വാരികയിൽ (ലക്കം 31) ‘ചക്കി’ എന്ന ജുഗുപ്സാവഹമായ കഥയെഴുതിയ വലിയോറ വീപിയെ പാവപ്പെട്ട വായനക്കാരുടെ സമയം ഗ്രാബ് ചെയ്യുന്ന ആളായി ഞാൻ കാണുന്നു. ചക്കിപ്പൂച്ച പ്രസവിക്കുന്നു. ചക്കിയെന്നു പേരുള്ള മകൾ അച്ഛനു കുടിക്കാൻ വച്ചിരുന്ന പാലു് മോഷ്ടിച്ചു കുടിക്കുന്നു. എന്തൊരു കഥയാണിതു്! മനുഷ്യർക്കു പൊതുവായ താല്പര്യങ്ങളുണ്ടു്. ആ താല്പര്യത്തിനു് എതിരായി വേറൊരുത്തൻ പ്രവർത്തിച്ചാൽ അതിനെയാണു് മനുഷ്യദ്രോഹം എന്നു വിളിക്കുന്നതു്. ഇതിൽക്കൂടുതൽ ശക്തമായി എന്തെങ്കിലും ഞാൻ പറഞ്ഞാൽ വായനക്കാരുടെ സൗജന്യ മാധുര്യത്തെ ലംഘിക്കുന്ന ഗ്രാബറായി മാറും ഞാൻ.

പ്രമീളാനായർ
images/CesarePavese.jpg
ചേസാറേ പാവെസേ

ഞാൻ എല്ലാവരെയും അപവദിക്കുന്നു എന്നു കരുതൂ. പക്ഷേ, മറ്റാരെങ്കിലും എന്നെക്കുറിച്ചു് അപവാദം പ്രചരിപ്പിച്ചാൽ ഞാൻ ക്ഷോഭിക്കും. ആ ക്ഷോഭത്തിൽ എന്തർത്ഥമിരിക്കുന്നു? ഭാര്യയ്ക്കു് ഭർത്താവിനെക്കുറിച്ചു് നല്ല അഭിപ്രായമില്ല. അപ്പോൾ ആ ഭർത്താവിനു് ആ ഭാര്യയെക്കുറിച്ചു് മോശമായ അഭിപ്രായം വച്ചുപുലർത്തികൂടേ? “ഞാൻ തെറ്റു ചെയ്യാത്തവൻ, യോഗ്യൻ; മറ്റുള്ളവർ തെറ്റേ ചെയ്യൂ. അവർ അയോഗ്യന്മാർ” ഈ ചിന്താഗതി ആർക്കെങ്കിലുമുണ്ടായാൽ ആ ആളിനെ ബുദ്ധിശൂന്യനായി കരുതാവുന്നതാണു്. കാരണം ഈ ലോകത്തുള്ള എല്ലാ ആളുകളിലും നന്മയും തിന്മയും കലർന്നിട്ടുണ്ടു് എന്നതത്രേ. പ്രമീളാ നായർ ഈ സത്യം മനസ്സിലാക്കിയാൽ അവർ എഴുതിയതും താഴെച്ചേർക്കുന്നതുമായ വാക്യങ്ങൾ ഇനി ആവർത്തിക്കേണ്ടി വരില്ല.

‘ഭാര്യയും കുടുംബവും എന്റെ ക്ഷേത്രമാണു്. അവരിരിക്കുന്ന ഭൂമി ശ്രീകോവിലാണു്’, എന്നു പ്രഖ്യാപിച്ചവർ തന്നെ, കുറ്റമൊന്നും ചെയ്യാത്ത ഭാര്യേയേയും മക്കളേയും വീട്ടിൽ നിന്നു് പുറംതള്ളി വെപ്പാട്ടികളുമായി ജീവിക്കുന്നതു കാണുമ്പോഴും എഴുതിപ്പോകുന്നു. ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മുഖമൂടിയിട്ടു് അഭിനയിച്ചു് ജീവിക്കുന്നതും എനിക്കു് വെറുപ്പാണു്.’ (മലയാളനാടു്, ലക്കം7)

എല്ലാവരും മുഖംമൂടിയണിഞ്ഞാണു് ജീവിക്കുന്നതു്. ശ്രീമതിക്കു് ഒരു ദിവസമുണ്ടാകുന്ന വിചാരങ്ങളത്രയും ടേപ്പിലാക്കി മൈതാനത്തു കൊണ്ടുവച്ചു് ലൗഡ് സ്പീക്കറിലൂടെ ലക്ഷക്കണക്കിനുള്ള ആളുകളെ കേൾപ്പിക്കാൻ കഴിയുമോ? കഴിയുകയില്ലെങ്കിൽ അതിന്റെ അർത്ഥം ശ്രീമതി തന്നെ മുഖംമൂടി ഇട്ടിരിക്കുന്നു എന്നാണു്. ആദ്യമായി വേണ്ടതു് ഈ “പേഴ്സിക്യൂഷൻ മേനിയ”—പീഡനം ചെയ്യപ്പെടുന്നു എന്ന ഭ്രാന്തു്—ഉപേക്ഷിക്കുക എന്നതാണു്. ലോകം ആരെയും ശ്രദ്ധിക്കുന്നില്ല. ‘എന്നെ എല്ലാവരും പീഡിപ്പിക്കുന്നു’ എന്ന വിചാരം വ്യാമോഹമാണു്, ഉന്മാദമാണു്.

ആർ. നരേന്ദ്രപ്രസാദ്
images/NarendraPrasad.jpg
ആർ. നരേന്ദ്രപ്രസാദ്

ഗോയ്ഥേ യുടെ ഫൗസ്റ്റി നെപ്പോലെ അന്ധരായവർക്കു മാത്രമേ ഈ ലോകത്തു് യഥാർത്ഥത്തിൽ ജീവിക്കാനാവൂ. കാരണം ശാരീരികമായ കാഴ്ച നിലനിറുത്തിക്കൊണ്ടു പോകുന്നതുവരെ അവർക്കു സത്യമല്ല വ്യാമോഹമേ കാണാൻ കഴിയു (The Hidden God, Lucien Goldmann, pp. 44). ആർ. നരേന്ദ്രപ്രസാദ് മലയാളനാടു് വാരികയിൽ (ലക്കം 7 എന്നു് അച്ചടിയിൽ. ഇതിനു മുൻപുള്ള ലക്കവും 7 ആയി കാണിച്ചിരിക്കുന്നു) എഴുതിയ ‘അവർ’ എന്ന മിനി നാടകത്തിൽ “നീ എന്തിനാ കണ്ണടയ്ക്കുന്നതു്?” എന്നു് പെണ്ണു് ആണിനോടു ചോദിക്കുന്നു. “നിന്നെ കാണാൻ” എന്നു് ആണിന്റെ ഉത്തരം. സീസൺ ടിക്കറ്റെടുത്തു പട്ടണത്തിൽ വരികയും തോന്നിയ സ്ഥലങ്ങളിലൊക്കെ അലഞ്ഞു തിരിയുകയും ചെയ്യുന്ന പെണ്ണിന്റെ സത്യം മനസ്സിലാക്കണമെങ്കിൽ കണ്ണടയ്ക്കണം. ബാഹ്യനേത്രങ്ങൾ അവളുടെ പൊന്മേനിയിൽ ചെന്നുവീണു വ്യാമോഹം മാത്രം ദർശിക്കും. നാടകത്തിലെ പുരുഷൻ നാടകത്തിലെ സ്ത്രീയെ മനസ്സിലാക്കുന്നു; സ്ത്രീ പുരുഷനേയും. എന്നിട്ടു് അവർ രതിയുടെ സർവ്വാധിപത്യത്തിനു് വിധേയരാകുന്നു. ഒരു സത്യം ധ്വനിപ്പിക്കുന്നതിൽ നരേന്ദ്രപ്രസാദ് വിജയം വരിച്ചിരിക്കുന്നു.

images/HiddenGod.jpg

ഒരു സാമൂഹികവർഗ്ഗത്തിന്റെ (Social Class) വികസനവേളയിൽ പരിവർത്തന ഘട്ടമുണ്ടാകും. ആ പരിവർത്തനഘട്ടത്തിനു ചേർന്ന ലോകവീക്ഷണത്തിൽ (world out look) ദുരന്താഭിവീക്ഷണം (tragic vision) അടങ്ങിയിരിക്കും. ഈ ദുരന്താഭിവീക്ഷണത്തിനു് അനുരൂപമായ മട്ടിലാണു് പാസ്കാൽ സ്വന്തം ദർശനം രൂപവത്കരിച്ചതു്; റാസീൻ ട്രാജിക് നാടകങ്ങളെഴുതിയതു്. ഗോൾഡ്മാന്റെ The Hidden God എന്ന ഉജ്ജ്വലമായ ഗ്രന്ഥത്തിലെ പ്രധാനപ്പെട്ട ആശയമിതാണു്. ഞാൻ മാർക്സിസത്തിൽ അവഗാഹമുള്ള ആളല്ല. ഗ്രന്ഥം വായിച്ചു മനസ്സിലാക്കിയതു് ഇങ്ങനെയാണു്. തെറ്റുണ്ടെങ്കിൽ അഭിജ്ഞന്മാർ തിരുത്തട്ടെ.

എസ്. കെ. നായർ
images/LucienGoldmann.jpg
ഗോൾഡ്മാൻ

മലയാളനാടു് വാരികയുടെ പത്രാധിപരായിരുന്ന എസ്. കെ. നായർ മരിച്ചിട്ടു് ഈ ജൂലൈ 16-ആം തീയതി ഒരു വർഷമാകാൻ പോകുന്നു. ഏതു മരണവും വേദനാജനകമാണു്. എസ്. കെ. നായരെപ്പോലുള്ള മഹാമനസ്കരുടെ മരണം യാതനാ നിർഭരമാണു്. ആ മരണം കണ്ടു നിന്നവർ ശോകത്താൽ തളർന്നു പോയെങ്കിലും എസ്. കെ. ഒരു ചാഞ്ചല്യവും പ്രദർശിപ്പിക്കാതെ നമ്മെ വിട്ടുപോയി. മകളെ കാണണമെന്നു് അദ്ദേഹം അവസാന നിമിഷത്തിൽ പറഞ്ഞു, കണ്ടു. കണ്ണടയ്ക്കുകയും ചെയ്തു. താൻ അന്യർക്കു വേണ്ടി ജീവിച്ചു ഇനി തനിക്കു് ഇവിടെനിന്നു പോകേണ്ടി വന്നാലും ഒന്നുമില്ല എന്നു് അദ്ദേഹം വിചാരിച്ചിരിക്കണം.

അന്യർക്കുവേണ്ടി ജീവിച്ചതുകൊണ്ടാവണം അദ്ദേഹത്തിനു് ഇത്രവേഗം പോകേണ്ടതായിവന്നതു്. ‘സഹായിക്കണം’ എന്ന അഭ്യർത്ഥനയുമായി ചെന്ന ഏതൊരുവനും അദ്ദേഹം പണം നിർല്ലോപം ദാനം ചെയ്തു. പല സാഹിത്യകാരന്മാരും അദ്ദേഹത്തിൽ നിന്നു വലിയ തുകകൾ സ്വീകരിച്ചു. തിരിച്ചു കൊടുത്തതുമില്ല. എസ്. കെ.-യുടെ ഈ ഔദാര്യമാണു് അദ്ദേഹത്തിനു് ഋണബാദ്ധ്യത ജനിപ്പിച്ചതു്. മോചനം നേടാൻ പ്രയാസമായ മട്ടിൽ ബാദ്ധ്യത ഉണ്ടായപ്പോൾ അദ്ദേഹം മാനസികവ്യഥ മറക്കാൻ മദ്യപിച്ചു. പണം സ്വീകരിച്ചവരാരും അദ്ദേഹത്തെ കാണാൻ ചെന്നില്ല. ഒരു ദിവസം ആരെക്കുറിച്ചും ഒരു പരാതിയും പറയാതെ ആ വലിയ മനുഷ്യൻ ഇവിടംവിട്ടുപോയി. ദയയും പരോപകാരതല്പരതയും നന്മയും അതിരു കടന്നാൽ ആപത്താണെന്നു് എസ്. കെ. നായരുടെ അകാലചരമം നമ്മെ ഗ്രഹിപ്പിക്കുന്നു. സഹോദരാ, കാലത്തിൽ ഒരിക്കലും ആവർത്തിക്കപ്പെടാത്ത, ബിന്ദുവാണു് താങ്കൾ. അങ്ങയെ സ്മരിച്ചു് ഞാനിപ്പോഴും ദുഃഖിക്കുന്നു.

തെളിഞ്ഞ ബുദ്ധിയോടുകൂടി അനുഗൃഹീതരായവർ എഴുതുമ്പോൾ നമ്മൾ ആഹ്ലാദിക്കും.

Was this the face that launched a Thousand ships

And burnt the topless towers of Ilium?

Sweet Helen, make me immortal with a kiss.

(Marlowe, Dr. Faustus)

എന്ന വരികൾ കവി തെളിഞ്ഞ ബുദ്ധിയോടെ എഴുതിയതാണു്. മുഴുക്കിറുക്കിൽ എഴുതിയ രണ്ടു വരികളും എന്നെ ആഹ്ലാദിപ്പിക്കുന്നു.

Now twilight lets her curtain down

And pins it with a star

(Mad poet of Broadway, Mc Donald Clarke)

“വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭകണക്കവൾ”

എന്നു് എന്റെ നാട്ടിലെ കവി (പി. കുഞ്ഞിരാമൻ നായർ) എഴുതുമ്പോൾ ഞാൻ അത്യധികം ആഹ്ലാദിക്കുന്നു. കേരളത്തിൽ ജനിക്കാൻ കഴിഞ്ഞ ഞാൻ ധന്യനാണു് എന്നു വിചാരിക്കുന്നു.

വിഷച്ചെടി

ഈ ആഹ്ലാദം അകലുന്നതു്, ഞാൻ നിത്യദുഃഖത്തിൽ വീഴുന്നതു് വാരികകളിലെ ചില പീറക്കഥകൾ വായിക്കുമ്പോഴാണു്. ഒരുദാഹരണം മലയാള മനോരമ ആഴ്ചപ്പതിപ്പിൽ (ലക്കം 21) സി. പി. വസന്തകുമാരി എഴുതിയ ‘വിവാഹപ്പിരിവു്’. ഓഫീസിലെ ഒരു ക്ലാർക്കിന്റെ വിവാഹം. അവൾക്കു സമ്മാനം കൊടുക്കാൻ മറ്റുള്ളവർ പണം കടം മേടിക്കുന്നു. അതിനു പലിശ വേണമെന്നു് കടം നല്കിയവൻ നിർബ്ബന്ധിച്ചുപോലും. കഥ തീർന്നു. വായനക്കാരന്റെ കഥയും തീർക്കുന്ന കഥ. വാരികയുടെ വെള്ളത്താളിൽ വേരോടി നില്ക്കുന്ന ഈ വിഷച്ചെടി മാരകമാണു്. “ദൗർബ്ബല്യം മറയ്ക്കാൻ അക്രമരാഹിത്യത്തിന്റെ ഉടുപ്പു് എടുത്തണിയുന്നതിനെക്കാൾ നല്ലതു് ഹൃദയത്തിലുള്ള അക്രമത്തെ പ്രകടിപ്പിക്കുന്നതാണു്” എന്നു് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടു്. അങ്ങനെ അക്രമാസക്തനായ എന്നെ അക്രമരാഹിത്യത്തിലേക്കു നയിക്കുന്നു അഖില കുമാരി വാരികയിലെഴുതിയ ‘മിനിക്കുട്ടി’ എന്ന ചെറുകഥ. ഒരു പൈങ്കിളിക്കഥയിൽ ഒരു കൊച്ചു കുട്ടിയെക്കൊണ്ടു സംസാരിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു അഖില. കൃത്രിമത്വമേറെയുണ്ടെങ്കിലും കുട്ടിയല്ലേ? അതിന്റെ ചാപല്യങ്ങൾ ഒട്ടൊക്കെ രസമരുളുന്നു.

തലാക്ക്

ബക്കളം ദാമോദരന്റെ “സന്താനം” എന്ന ചെറുകഥ (ദേശാഭിമാനി വാരിക, ലക്കം 1) സമൂഹത്തെ സംബന്ധിച്ച ഒരു മൂല്യത്തിൽ ഊന്നിനില്ക്കുന്നു. അതു നല്ല ചെറുകഥയാണു്. തലാക്കിനെക്കുറിച്ചു് (വിവാഹമോചനത്തെക്കുറിച്ചു്) ലേഖനമെഴുതാൻ ഒരു പത്രാധിപർ കഥ പറയുന്ന ആളിനോടു് ആവശ്യപ്പെടുന്നു. അയാൾ കൂട്ടുകാരനായ വക്കീൽ അബ്ദുള്ളക്കുഞ്ഞിയെ കാണാൻ പോകുന്നു. വക്കീലാകട്ടെ തലാക്കിനു് എതിരായി നില്ക്കുകയാണു്. കഥാകാരന്റെ പ്രതിപാദ്യ വിഷയത്തിനു നവീനതയില്ല. എങ്കിലും വക്കീലിന്റെ സ്വഭാവചിത്രീകരണം നന്നായിരിക്കുന്നു. കഥാകാരന്റെ ശൈലിയിലെ ഹാസ്യാത്മകത അനുവാചകനെ രസിപ്പിക്കും. കഥാപാത്രങ്ങളുടെ സ്വാഭാവിക സംഭാഷണവും.

ഏതോ ഒരു മീറ്റിങ്ങിനു പോയിട്ടു തിരിച്ചു തിരുവനന്തപുരത്തേക്കു വരുമ്പോൾ കിളിമാനൂരിൽ കാറ് നിർത്തി, ചായ കുടിക്കാനായി, അർദ്ധരാത്രി, ചായക്കടയുടെ വെളിയിൽ ബഞ്ചിൽക്കിടന്നു് ഒരാൾ കൂർക്കം വലിച്ചുറങ്ങുന്നു. വല്ലാത്ത ശബ്ദം. മൈക്ക് അയാളുടെ മൂക്കിനടുത്തു വച്ചുകൊടുത്താൽ കിളിമാനൂരെ ജനങ്ങൾ ഞെട്ടിയുണരും. ഞങ്ങൾ രാജവീഥിയുടെ സമതലത്തിൽ നില്ക്കുമ്പോൾ അയാൾ കൂർക്കം വലിക്കലെന്ന സഹ്യപർവ്വതം ചവിട്ടിക്കയറുകയായിരുന്നു. ആ പാദപതനശബ്ദം അസഹനീയം. സാഹിത്യത്തിലെ പ്രചാരണം പർവ്വതം ചവിട്ടിക്കയറലാണു്. അതു സ്വാഭാവികമല്ല, കൃത്രിമമാണു്. ബക്കളം ദാമോദരൻ രാജവീഥിയിൽ ഉറങ്ങാതെ നില്ക്കുന്നു. നില്ക്കട്ടെ.

നേരത്തേ മരിച്ചവർ ഭാഗ്യവാന്മാർ

മഹായശസ്കരായ ചില സാഹിത്യകാരന്മാരുടെ ആത്മഹത്യയ്ക്കുള്ള കാരണങ്ങൾ മഹാന്മാർതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അവ താഴെ ചേർക്കുന്നു.

 1. ക്ലൈസ്റ്റ് (ജർമ്മൻ നാടക കർത്താവു്). രചനകൾ കലാത്മകങ്ങളല്ലെന്നു ഗോയ്ഥേ ഉൾപ്പെട്ടവർ പറഞ്ഞതിനാൽ (ക്രോച്ചെ).
 2. മയകോവ്സ്കി (റഷ്യൻ കവി) റഷ്യൻ വിപ്ലവത്തിനു താനുദ്ദേശിച്ച മുഖമില്ലാതിരുന്നതിനാൽ. (ഹെർബർട്ട് റീഡ്).
 3. യിസ്യേനിൻ (Yesenin റഷ്യൻ കവി) റഷ്യൻ വിപ്ലവം ജനിപ്പിച്ച മോഹഭംഗത്താൽ (റീഡ്).
 4. പ്ലേത്തു് (അമേരിക്കൻ കവയിത്രി, നോവലിസ്റ്റ്) ഭേദമാകാത്ത രോഗം പിടിപ്പെട്ടതിനാൽ (സേമൂർ സ്മിത്തും മറ്റു പ്രമുഖ നിരൂപകരും).
 5. ചേസാറേ പാവെസേ (Cesare Pavese, ഇറ്റലിയൻ നോവലിസ്റ്റ്, കവി) Incontrovertibly the greatest European writer എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സാഹിത്യകാരൻ ഫാസ്സിസത്തോടുള്ള വെറുപ്പുകൊണ്ടു് ആത്മഹത്യ ചെയ്തു—എല്ലാ നിരൂപകരും.

കോളിൻ വിൽസൺ ന്റെ The Outsider എന്ന പുസ്തകം 1956-ലും എം. അൽവറസി ന്റെ The Savage God എന്ന പുസ്തകം 1971-ലുമാണു് പ്രസിദ്ധപ്പെടുത്തിയതു്. ഈ വർഷങ്ങൾക്കു ശേഷമാണു് മേല്പറഞ്ഞ ആത്മഹത്യകളെങ്കിൽ ആ സാഹിത്യകാരന്മാരും ഇടപ്പള്ളി രാഘവൻ പിള്ള യെപ്പോലെ എക്സിസ്റ്റെൻഷ്യൽ ഔട്ട് സൈഡേഴ്സ് ആയേനേ. കെ. പി. വാസു കലാകൗമുദിയിൽ എഴുതിയ “ദാർശനികന്റെ കൊളുത്തു്” എന്ന യുക്തിയുക്തമായ ലേഖനം വായിച്ചപ്പോൾ ഇത്രയും കുറിക്കണമെന്നു തോന്നി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-07-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 2, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.