SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1984-07-29-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

എം. ഗോ​വി​ന്ദൻ
images/MGovindan.jpg
എം. ഗോ​വി​ന്ദൻ

സു​ന്ദ​ര​നും ചെ​റു​പ്പ​ക്കാ​ര​നു​മായ രോഗി ആശു​പ​ത്രി​യിൽ കി​ട​ക്കു​ന്നു. അയാൾ​ക്കു മരു​ന്നു കൊ​ടു​ക്കേ​ണ്ട സമ​യ​മാ​യ​പ്പോൾ സു​ന്ദ​രി​യും ചെ​റു​പ്പ​ക്കാ​രി​യു​മായ നേ​ഴ്സ് ഗുളിക കൊ​ണ്ടു​വ​ന്നു് ‘മരു​ന്നു തര​ട്ടേ’ എന്നു മധു​ര​മാ​യി ചോ​ദി​ക്കു​ന്നു. അയാൾ ചു​ണ്ടു​കൾ വി​ടർ​ത്തു​ന്നു. നേ​ഴ്സ് രോ​ഗി​യു​ടെ വാ​യ്ക്ക​ക​ത്തേ​ക്ക് ഗുളിക ഇട്ടു വെ​ള്ള​മൊ​ഴി​ച്ചു​കൊ​ടു​ക്കു​ന്നു. തി​ടു​ക്ക​ത്തിൽ പോ​കു​ക​യാ​ണു് അവൾ മറ്റൊ​രു രോ​ഗി​ക്കു മരു​ന്നു​കൊ​ടു​ക്കാൻ. രോ​ഗി​യു​ടെ സൗ​ന്ദ​ര്യം നേ​ഴ്സിൽ ഒരു ചല​ന​വു​മു​ള​വാ​ക്കു​ന്നി​ല്ല. നേ​ഴ്സി​ന്റെ സൗ​ന്ദ​ര്യം രോഗി ശ്ര​ദ്ധി​ക്കു​ന്ന​തേ​യി​ല്ല. തി​ടു​ക്ക​ത്തി​ലു​ള്ള അവ​ളു​ടെ നട​ത്ത​ത്തി​ന്റെ പാ​ല​മായ നി​തം​ബ​ച​ല​നം രോഗി കാ​ണു​ന്നി​ല്ല കണ്ടാ​ലും അയാൾ​ക്കു വി​കാ​ര​മൊ​ന്നു​മു​ണ്ടാ​കു​ന്നി​ല്ല. ആശു​പ​ത്രി​യു​ടെ വരാ​ന്ത​യിൽ നി​ല്ക്കു​ന്ന​വർ നേ​ഴ്സി​ന്റെ പരി​ച​ര​ണം കണ്ടു​വെ​ന്നു വി​ചാ​രി​ക്കു. അവർ ആ പ്ര​വൃ​ത്തി​യെ അം​ഗീ​ക​രി​ച്ചി​ട്ടു് മന​സ്സു​കൊ​ണ്ടു നേ​ഴ്സി​നെ അഭി​ന​ന്ദി​ക്കു​ക​യേ​യു​ള്ളൂ. എന്നാൽ ഈ രോ​ഗി​ത​ന്നെ അരോ​ഗാ​വ​സ്ഥ​യിൽ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണെ​ന്നും നേ​ഴ്സ് ആശു​പ​ത്രി ജോ​ലി​ക്കാ​രി​യ​ല്ലാ​ത്ത മട്ടിൽ അയാ​ളു​ടെ അടു​ത്തു് ഇരി​ക്കു​ക​യാ​ണെ​ന്നും വി​ചാ​രി​ക്കു. അവൾ ഗു​ളി​ക​യ്ക്കു​പ​ക​രം മധു​ര​പ​ല​ഹാ​ര​മാ​ണു് അയാ​ളു​ടെ വാ​യ്ക്ക​ക​ത്തു വച്ചു​കൊ​ടു​ക്കു​ന്ന​തെ​ന്നും കരുതൂ. അവൾ അതി​നു​ശേ​ഷം നി​തം​ബം ചലി​പ്പി​ച്ചു നട​ന്നു​പോ​യാൽ? അയാൾ ചാ​ടി​യെ​ഴു​ന്നേ​റ്റു് അവളെ കൈ​കൾ​ക്കു​ള്ളി​ലാ​ക്കും. അക്കാ​ഴ്ച കാ​ണു​ന്ന​വർ കൂവും. ചിലർ കല്ലെ​ടു​ത്തു് എറി​ഞ്ഞെ​ന്നു​വ​രും. പരി​ത​സ്ഥി​തി​ക​ളാ​ണു് പ്ര​വർ​ത്ത​ന​ങ്ങൾ​ക്കു മാ​ന്യ​ത​യും അമാ​ന്യ​ത​യും ഉണ്ടാ​ക്കു​ന്ന​തു്. ലൈം​ഗി​ക​വർ​ണ്ണ​ന​കൾ വി​ദ​ഗ്ദ്ധ​ന്മാർ നിർ​വ്വ​ഹി​ക്കു​മ്പോൾ അതി​ന്റെ ലൗ​കി​കാം​ശം നശി​ച്ച് ആദ​ര​ണീ​യ​വും സ്വീ​ക​ര​ണീ​യ​വു​മാ​കു​ന്നു.

വെ​ണ്ണ​തോ​ല്ക്കു​മു​ട​ലിൽ സുഗന്ധിയാ-​

മെ​ണ്ണ​തേ​ച്ച​ര​യി​ലൊ​റ്റ​മു​ണ്ടു​മാ​യ്

തിണ്ണമേടാരുളുമാനതാംഗിമു-​

ക്ക​ണ്ണ​നേ​കി മി​ഴി​കൾ​ക്കൊ​രു​ത്സ​വം

എന്നു വള്ള​ത്തോൾ എഴു​തു​മ്പോൾ അതി​ന്റെ വൈ​ഷ​യി​ക​ത്വം നമു​ക്കു ജു​ഗു​പ്സ ഉള​വാ​ക്കു​ന്നി​ല്ല എന്നാൽ “ഭാ​ഗ്യം മഹാ​ഭാ​ഗ്യ​മി​ങ്ങ​നെ​യെൻ തോഴീ ഭാ​ഗ്യം നി​റ​ഞ്ഞ മു​ല​ക​ളു​ണ്ടോ?” എന്നു കെ. എം. പണി​ക്കർ എഴു​തു​മ്പോൾ നമു​ക്ക് അറ​പ്പും വെ​റു​പ്പും ഉണ്ടാ​കു​ന്നു. വള്ള​ത്തോൾ ആശു​പ​ത്രി​യി​ലെ നേ​ഴ്സി​നെ​പ്പോ​ലെ​യാ​ണു്. കെ. എം. പണി​ക്കർ മധു​ര​പ​ല​ഹാ​ര​മെ​ടു​ത്തു കാ​മു​ക​ന്റെ വാ​യ്ക്ക​ക​ത്തു് വച്ചു​കൊ​ടു​ത്തി​ട്ടു് ചന്തി​കു​ലു​ക്കി നട​ക്കു​ന്ന പെ​ണ്ണി​നെ​പ്പോ​ലെ​യാ​ണു്. ഇപ്പോൾ നമ്മു​ടെ സാ​ഹി​ത്യ​ത്തിൽ ഈ രീ​തി​യിൽ നട​ക്കു​ന്ന പെ​ണ്ണു​ങ്ങ​ളാ​ണു് അധികം. അവ​രു​ടെ നട​ത്തം കാ​ണാ​നാ​ണു് പലർ​ക്കും കൗ​തു​കം.

ഈ കൗ​തു​കം മാ​ത്ര​മു​ള്ള​വർ എം. ഗോ​വി​ന്ദ​ന്റെ “ഒരു കന്നി​യു​ടെ കഥ” എന്ന മനോ​ഹ​ര​മായ കാ​വ്യം വാ​യി​ക്കേ​ണ്ട​തി​ല്ല (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പു്, ലക്കം 17). കാരണം, അദ്ദേ​ഹം ലൈം​ഗിക വി​കാ​ര​ത്തെ പ്ര​കൃ​തി​യിൽ ആരോ​പി​ച്ച് വാ​ക്കി​ന്റെ വൈഭവം കൊ​ണ്ടു് അതിനെ വി​മ​ലീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണു്. മലയും അലയും ഇണ​ചേർ​ന്നു ജനി​ച്ച മല​യാ​ള​ക്ക​ന്നി​യു​ടെ വി​വാ​ഹ​മാ​ണു് പ്ര​തി​പാ​ദ്യം. ജീ​വി​ത​ത്തെ​യും—നി​ത്യ​ജീ​വി​ത​ത്തെ​യും—പ്ര​കൃ​തി​യെ​യും ഒന്നാ​യി​ക്ക​ണ്ടു് അതിനെ ചേ​തോ​ഹ​ര​മാ​യി ആവി​ഷ്ക​രി​ക്കു​ക​യാ​ണു് കവി. ഇവിടെ പ്ര​കൃ​തി എതിർ​ക്ക​പ്പെ​ടേ​ണ്ട ‘പ്ര​തി​ഭാസ’മല്ല. അല്ലെ​ന്നു മാ​ത്ര​മ​ല്ല അതു നമ്മു​ടെ ജീ​വി​ത​ത്തി​ന്റെ ഒരു ഭാ​ഗ​മാ​യി പരി​ണ​മി​ക്കു​ക​യും ചെ​യ്യു​ന്നു. കവി യു​ക്തി ചി​ന്ത​കൊ​ണ്ടു പ്ര​കൃ​തി​യെ ഹ്യൂ​മ​നൈ​സ് ചെ​യ്തു അതിനെ നമ്മു​ടെ ജീ​വി​ത​ത്തി​ന്റെ ഒരു ഭാ​ഗ​മാ​ക്കി​ത്തീർ​ത്തി​രി​ക്കു​ന്നു. ഗോ​വി​ന്ദ​ന്റെ കാ​വ്യ​വി​പ​ഞ്ചി​ക​യിൽ നി​ന്നു് ഉതി​രു​ന്ന നാ​ദ​മ​ധു​രിമ ആസ്വ​ദി​ച്ചാ​ലും:

“പൂ​ന്തി​ങ്കൾ ചന്ദ്രിക ചാർ​ത്തു​മ്പോൾ

പുളകം കൊ​ള്ളു​ന്ന​വ​ളെ​ന്തി​ന്നോ!

പു​ല​രി​യിൽ മഞ്ഞ​ണി മലർ​മൊ​ട്ട്

വി​രി​യു​മ്പോ​ളെ​ന്തേ വി​മ്മി​ട്ടം?

ചന്ദ​ന​ക്കാ​റ്റു തഴു​കു​മ്പോൾ

കന്ദർ​പ്പ​ക​ല്പന കര​ളി​ലു​ണ്ടോ?”

ലി​റ്റ​റ​റി സ്റ്റോ​റീ
images/DHLawrence.jpg
ഡി. എച്ച്. ലോ​റൻ​സ്

ഡി. എച്ച്. ലോ​റൻ​സ് എന്ന ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​കാ​രൻ വേ​റൊ​രു​ത്ത​ന്റെ (ഗു​രു​നാ​ഥ​ന്റെ എന്നാ​ണു് എന്റെ ഓർമ്മ) ഭാ​ര്യ​യു​മാ​യി ഒളി​ച്ചോ​ടി ഈ ഒളി​ച്ചോ​ട്ട​ത്തെ​ക്കു​റി​ച്ച് അദ്ദേ​ഹം Look! We have come through (നോ​ക്കൂ. ഞങ്ങൾ രക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു) എന്ന പേരിൽ ഒരു കാ​വ്യ​സ​മാ​ഹാ​ര​ഗ്ര​ന്ഥം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഇതു കണ്ട തത്ത്വ​ചി​ന്ത​ക​നായ ബർ​ട്രൻ​സ് റസ്സൽ ചോ​ദി​ച്ചു: They may have come through, but why should I look? (അവർ രക്ഷ​പ്പെ​ട്ടി​രി​ക്കാം, പക്ഷേ, ഞാ​നെ​ന്തി​നു നോ​ക്ക​ണം). ഏതെ​ങ്കി​ലും കാ​വ്യം വാ​യി​ച്ചി​ട്ടു്, കഥ വാ​യി​ച്ചി​ട്ടു് ഇങ്ങ​നെ​യൊ​രു പരി​ഹാ​സ​പ​ര​മായ ചോ​ദ്യം പരിണത പ്ര​കാ​രം ചോ​ദി​ച്ചാൽ അതി​ന്റെ അർ​ത്ഥം, കലാ​സൃ​ഷ്ടി​യെ​ന്ന നി​ല​യിൽ അതു പരാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു എന്നാ​ണു്.

ഷേ​ക്സ്പി​യ​റി ന്റെ ‘ഹാം​ല​റ്റ് ’ നാടകം. ഡൻ​മാർ​ക്കി​ലെ മഹാ​നായ രാ​ജാ​വി​നെ അദ്ദേ​ഹ​ത്തി​ന്റെ സഹോ​ദ​രൻ ക്ലോ​ഡി​യ​സ് വധി​ച്ചു. മരി​ച്ച രാ​ജാ​വി​ന്റെ പ്രേ​തം അവിടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അതു് ആദ്യ​മാ​യി​ക്ക​ണ്ട ഹൊ​റേ​ഷ്യോ അക്കാ​ര്യം ഹാം​ലി​റ്റ് രാ​ജ​കു​മാ​ര​നോ​ടു (മരി​ച്ച രാ​ജാ​വി​ന്റെ മക​നോ​ടു്) പറ​യു​ക​യാ​ണു്: It would have amaz’d you. അതു​കേ​ട്ട രാ​ജ​കു​മാ​ര​ന്റെ മറു​പ​ടി: Very like very like. Stay’d it long? ഹാം​ലി​റ്റി​ന്റെ ഈ ചോ​ദ്യം ഷേ​ക്സ്പി​യ​റി​ന്റെ കേവല ഭാ​വ​ന​യെ (absolute imagination) കാ​ണി​ക്കു​ന്നു​വെ​ന്നു് ആബ​ക്രും​ബി (Abercrombie) എൻ​സൈ​ക്ല​പീ​ഡിയ ബ്രി​ട്ടാ​നി​ക്ക​യിൽ എഴു​തി​യി​ട്ടു​ണ്ടു് (പഴയ പ്ര​സാ​ധ​നം Poetry എന്ന വി​ഭാ​ഗം). ഷേ​ക്സ്പി​യർ ആ സന്ദർ​ഭ​ത്തിൽ ഹാം​ലി​റ്റ് രാ​ജ​കു​മാ​ര​നാ​യി മാ​റി​യെ​ന്നാ​ണു് ആബ​ക്രും​ബി പറ​യു​ന്ന​തു്. കലാ​ശ​ക്തി കു​റ​ഞ്ഞ കവി​യാ​ണെ​ങ്കിൽ സു​ദീർ​ഘ​മായ ഒരു ഭാഷണം രാ​ജ​കു​മാ​രൻ “വച്ചു​കൊ​ടു​ക്കു”മാ​യി​രു​ന്നു​വെ​ന്നും അദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു (ഓർ​മ്മ​യിൽ നി​ന്നെ​ഴു​തു​ന്ന​തു്). ഇനി ഈ. വി. കൃ​ഷ്ണ​പി​ള്ള യുടെ “രാ​ജാ​കേ​ശ​വ​ദാ​സൻ” എന്ന നാ​ട​ക​ത്തി​ലെ ഒരു ഭാഗം കണ്ടാ​ലും. കേ​ശ​വ​പി​ള്ള​യെ അറ​സ്റ്റ് ചെ​യ്യു​ന്ന സന്ദർ​ഭം ‘വയ്ക്കൂ ഈ കൈ​കൾ​ക്കു വി​ല​ങ്ങു്’ എന്നു് അദ്ദേ​ഹം പറ​ഞ്ഞ​യു​ട​നെ സാ​വി​ത്രി ഒരു പ്ര​സം​ഗം കാ​ച്ചി​വി​ടു​ന്നു: ഏതു കൈ​കൾ​ക്ക് അമ്മാ​വാ? ഏതു കൈ​കൾ​ക്കെ​ടോ ശേ​വു​ക​ക്കാ​രൻ പി​ള്ളേ വി​ല​ങ്ങു​വ​ക്കേ​ണ്ട​തു്? ഞാൻ പറയാം ഏതു കൈ​കൾ​ക്കെ​ന്നു്. കാർ​ത്തി​ക​തി​രു​നാൾ ശ്രീ​രാ​മ​വർ​മ്മ മഹാ​രാ​ജാ​വു തി​രു​മ​ന​സ്സു​കൊ​ണ്ടു് ഏതു കൈകൾ കാ​ഴ്ച​ക​ണ്ട ദി​വ​സ​മാ​ണോ രാ​ജ്യ​ത്തി​ലെ ക്ഷാ​മം തീരെ നീ​ങ്ങ​ത്ത​ക്ക​വ​ണ്ണം ധാ​രാ​ളം സാ​മാ​ന​ങ്ങൾ തി​രു​മ​ന​സ്സി​ലേ​ക്കു നല്കി​യ​തു്, ആ കൈകൾ രാ​ജ്യ​ത്തി​ലെ അന്ത​ച്ഛി​ദ്രം​മൂ​ലം പണ​മി​ല്ലാ​തെ കു​ചേ​ല​ഭ​വ​ന​മായ സന്ദർ​ഭ​ത്തിൽ എട്ടു കൈകൾ കൊ​ണ്ടു കണ​ക്കെ​ഴു​തി ആ ശാ​ഖ​യി​ലെ കു​ഴ​പ്പം തീർ​ത്തു് തി​രു​മ​ന​സ്സി​ലെ അം​ഗാ​ത​ത്തിൽ സ്വർ​ണ്ണ​നാ​ണ​യം വാ​രി​യി​ട്ടു നി​റ​ച്ചു​വോ ആ കൈകൾ… ” ഇങ്ങ​നെ അഞ്ചു മൈ​ലോ​ളം നീ​ളു​ന്ന ഈ മൈ​താ​ന​പ്ര​സം​ഗം. വി​കാ​രം മൂർ​ദ്ധ​ന്യാ​വ​സ്ഥ​യിൽ എത്തി​നി​ല്ക്കു​ന്ന സന്ദർ​ഭ​ത്തിൽ സാ​വി​ത്രി​ക്ക് ഇങ്ങ​നെ പ്ര​സം​ഗി​ക്കാൻ സാ​ധി​ക്കു​ക​യി​ല്ല. Very like, Very like. Stay’d it long? എന്നു രാ​ജ​കു​മാ​രൻ പറ​യു​മ്പോൾ നമ്മൾ ആ കഥാ​പാ​ത്ര​വു​മാ​യി താ​ദാ​ത്മ്യം പ്രാ​പി​ക്കു​ന്നു. സാ​വി​ത്രി​യു​ടെ പ്ര​സം​ഗം കേൾ​ക്കു​മ്പോൾ നമു​ക്കു് അവ​ളോ​ടു വെ​റു​പ്പു് ഉണ്ടാ​കു​ന്നു. തറ​ടി​ക്ക​റ്റു​കാർ അതു കേ​ട്ടു കൈ​യ​ടി​ക്കു​മെ​ങ്കി​ലും വി​വേ​ക​മു​ള്ള​വർ ‘നിർ​ത്തു് നി​ന്റെ പ്ര​സം​ഗം’ എന്നു് മന​സ്സി​ലെ​ങ്കി​ലും പറയും. മു​ഹ​മ്മ​ദ് റോ​ഷ​ന്റെ കഥ​ക​ളിൽ എല്ലാ​മു​ണ്ടു്, ആഖ്യാ​നം, സ്വ​ഭാവ ചി​ത്രീ​ക​ര​ണം, ആവ​ശ്യ​ക​ത​യിൽ​ക്ക​വി​ഞ്ഞ സെ​ക്സ്, ആരം​ഭ​ത്തി​ന്റേ​യും പര്യ​വ​സാ​ന​ത്തി​ന്റെ​യും ഭംഗി—ഇങ്ങ​നെ പലതും. പക്ഷേ, കഥ വാ​യി​ച്ചു തീ​രു​മ്പോൾ റസ്സ​ലി​നെ​പ്പോ​ലെ But why should I look? എന്നു ചോ​ദി​ക്കാൻ തോ​ന്നി​പ്പോ​കു​ന്നു. ‘വാ​ഗ്ദാ​നം’ എന്ന ചെ​റു​ക​ഥ​യും ഈ ദോ​ഷ​ത്തിൽ നി​ന്നു മോചനം പ്രാ​പി​ച്ച​ത​ല്ല. വി​വാ​ഹ​ദി​നാ​ഘോ​ഷം. ഭാ​ര്യ​യ്ക്കു സന്താ​ന​മി​ല്ലാ​ത്ത​തി​നാൽ ദുഃഖം. ദുഃ​ഖി​ക്കു​ന്ന ആ പെ​ണ്ണി​ന്റെ നേർ​ക്കു സഹ​താ​പ​ത്തി​ന്റെ നീർ​ച്ചാ​ലു് ഒഴു​കാ​ത്ത​തെ​ന്തേ? കഥ കൂ​ടു​തൽ ’ലി​റ്റ​റ​റി’ ആകു​ന്ന​തി​ന്റെ തക​രാ​റാ​ണി​തു് (കഥ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ).

വേ​ദ​വും വേ​ദാ​ന്ത​വും പഠി​പ്പി​ക്കു​ന്ന ഒരു സം​സ്കൃ​ത​ക്കാ​ര​ന്റെ അടു​ത്തി​രു​ന്നു് ഞാൻ ഉണ്ണു​ക​യാ​യി​രു​ന്നു. തൊ​ലി​യു​രി​ക്കാ​ത്ത ചാ​ള​മീൻ കറി​യാ​ക്കി​യ​തി​ന്റെ വാട അദ്ദേ​ഹ​ത്തി​ന്റെ ഇല​യിൽ​നി​ന്നു് ഉയ​രു​ന്നു. എനി​ക്കു് ഓക്കാ​നം. പെ​ട്ടെ​ന്നു് അദ്ദേ​ഹ​മൊ​രു ചോ​ദ്യം: “ഈ മത്സ്യ​ത്തി​ന്റെ രസം അല്പം സാ​റി​ന്റെ ചോ​റി​ലേ​ക്കു് ഒഴി​ക്ക​ട്ടെ?” മറു​പ​ടി: “അയ്യോ വേണ്ട. ഞാൻ മീൻ കൂ​ട്ടു​ക​യി​ല്ല സാർ. സാറ് കഴി​ച്ചാ​ട്ടെ.” ‘മീൻ​ചാ​റു് ചോ​റ്റിൽ ഒഴി​ക്ക​ട്ടോ’ എന്നു ചോ​ദി​ച്ചാൽ മതി​യാ​വു​ക​യി​ല്ലേ? എന്റെ ഭാ​ഗ്യം. ‘ഈ ഝഷരസം ഭവാ​ന്റെ മാ​ന​ത്തി​ലേ​ക്കു് അല്പ​ഭാ​ഗ​മാ​യി സ്രാ​വ​ണം ചെ​യ്യു​ന്ന​തിൽ വി​പ്ര​തി​പ​ത്തി​യു​ണ്ടോ?’ എന്നു് അദ്ദേ​ഹം ചോ​ദി​ച്ചി​ല്ല.

അയ്യേ, പങ്കം
images/FrancoisMauriac.jpg
ഫ്രാ​ങ്സ്വ മോ​റ്യാ​ക്ക്

‘ഭാ​ഷാ​പോ​ഷി​ണി’യുടെ ആറാം​ല​ക്കം നോ​ക്കുക. പു​റം​ച​ട്ട​യു​ടെ മൂ​ന്നാ​മ​ത്തെ പു​റ​ത്തു് “ഫ്രാൻ​കോ​യി​സ് മോ​റി​യാ​ക്കി”നെ​ക്കു​റി​ച്ചു് ഒരു കു​റി​പ്പു​ണ്ടു്. ആ പേരിൽ ഒരു​ത്ത​നും ഫ്രാൻ​സ് രാ​ജ്യ​ത്തി​ല്ല. 1952-ൽ നോബൽ സമ്മാ​നം നേടിയ സാ​ഹി​ത്യ​കാ​രൻ ഫ്രാ​ങ്സ്വ മോ​റ്യാ​ക്കാ​ണു് (Francois Mauriac). മോ​റ്യാ​ക്ക് “ജാർ​ദിൻ ദ് എൻ​ഫാ​ന്റി​ലും പി​ന്നെ ഇൻ​സ്റ്റി​റ്റ്യൂ​ഷൻ ഡു ഫ്രാൻ​സ് ലബ്ര​ണി​ലു​മാ​ണു് വി​ദ്യാ​ഭ്യാ​സം കഴി​ച്ച”തെ​ന്നു് കു​റി​പ്പിൽ കാ​ണു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തെ കേ​റി​യ​ങ്ങു കഴി​ച്ച​തു പോ​ക​ട്ടെ. ജാർ​ജിൻ ദ് എൻ​ഫാ​ന്റിൽ എന്നും ഇൻ​സ്റ്റി​റ്റ്യൂ​ഷൻ ഡു ഫ്രാൻ​സ് ലബ്രൺ എന്നും മറ്റും സ്ഥാ​പ​ന​ങ്ങ​ളി​ല്ല. സാ​യ്പി​ന്റെ ഭാ​ഷ​യിൽ അച്ച​ടി​ച്ചു കണ്ടാ​ലേ ഇതൊ​ക്കെ തി​രു​ത്താ​നാ​വൂ. Le-​brun എന്നാ​ണു് രൂ​പ​മെ​ങ്കിൽ ല ബ്രോ​യി​ങ് എന്നാ​ണു് ശരി​യായ ഉച്ചാ​ര​ണ​ത്തോ​ടു് അടു​ത്ത ഉച്ചാ​ര​ണം. Institut de France എന്നാ​ണു് വെ​ള്ള​ക്കാ​രൻ എഴു​തി​യ​തെ​ങ്കിൽ അതി​ന്റെ ഉച്ചാ​ര​ണം ആങ്സ്റ്റീ​റ്റു ദ ഫ്രാ​ങ്സ് എന്നാ​ണു്.

‘ഭാ​ഷാ​പോ​ഷി​ണി’യുടെ ഈ ലക്ക​ത്തിൽ പ്രൊ​ഫെ​സർ ഗു​പ്തൻ നാ​യ​രും കേ​ശ​വ​ദേ​വി നെ​പ്പ​റ്റി എഴു​തി​യി​ട്ടു​ണ്ടു്. ആ പ്ര​ബ​ന്ധ​ത്തിൽ ഇങ്ങ​നെ​യൊ​രു വാ​ക്യം. “അയ​ല്ക്കാ​രിൽ പ്ര​തി​ഫ​ലി​ത​മായ സാ​മൂ​ഹ്യ​യാ​ഥാർ​ത്ഥ്യ​ങ്ങ​ളെ​പ്പ​റ്റി വലിയ അഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​നു കാ​ര്യ​മി​ല്ല” (പുറം 68). “സാ​മൂ​ഹ്യം” എന്ന പ്ര​യോ​ഗം തെ​റ്റാ​ണു്. സാ​മൂ​ഹി​കഃ എന്ന​താ​ണു് ശരി (സാ​മൂ​ഹ്യം വ്യാ​ക​ര​ണ​ദൃ​ഷ്ട്യാ സാ​ധു​വ​ല്ല—പ്ര​ക്രി​യാ ഭാ​ഷ്യം, പുറം 520). അദ്ദേ​ഹം റൊമങ് റൊ​ലാ​ങ് (Romain Rolland) എന്ന സം​ജ്ഞാ​നാ​മ​ത്തെ റൊളാൻ എന്നാ​ക്കി​യി​രി​ക്കു​ന്നു. റൊ​ലാ​ങ്ങി​ന്റെ നോവൽ ഷാങ് ക്രീ​സ്തോ​ഫാ ണു് (Jean Christophe). ഗു​പ്തൻ നാ​യ​രു​ടെ കൈയിൽ അതു ഷാൺ ക്രി​സ്തോ​ഫാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ചി​രി​ക്കു​ന്നു. “ദേ​വി​ന്റെ വാ​ചാ​ലത സവി​ശേ​ഷ​മായ ഒരു രീ​തി​യി​ലാ​ണു പ്ര​ക​ട​മാ​കു​ന്ന​തു്” എന്നു വേ​റൊ​രു വാ​ക്യം (പുറം 69). വി​ശേ​ഷ​മെ​ന്നാൽ ഒന്നു് എന്നർ​ത്ഥം. അപ്പോൾ സവി​ശേ​ഷ​മായ ഒരു രീതി എന്നെ​ഴു​താ​മോ? “സവി​ശേ​ഷ​മായ രീ​തി​യി​ലാ​ണു പ്ര​ക​ട​മാ​കു​ന്ന​തു്” എന്നേ ആകാവൂ. ഇതൊ​ക്കെ കു​റ​ച്ചി​ലാ​ണു് സാറേ. തി​രു​വ​ന​ന്ത​പു​ര​ത്തെ അടു​ക്ക​ള​ക്കാ​രി​ക​ളു​ടെ ഭാ​ഷ​യി​ലാ​ണെ​ങ്കിൽ “അയ്യേ, പങ്കം, പങ്കം.”

സ്വ​കാ​ര്യ ദുഃഖം

ജീ​വി​ച്ചി​രു​ന്ന​വ​രോ ജീ​വി​ക്കു​ന്ന​വ​രോ ആയ ആളു​ക​ളെ നോ​വ​ലി​സ്റ്റു​കൾ തങ്ങ​ളു​ടെ കൃ​തി​ക​ളിൽ കഥാ​പാ​ത്ര​ങ്ങ​ളാ​യി അവ​ത​രി​പ്പി​ക്കു​മ്പോൾ ആ കഥാ​പാ​ത്ര​ങ്ങൾ വിജയം പ്രാ​പി​ക്കാ​റി​ല്ല. വ്യ​ക്തി​ക​ളോ​ടു ശത്രു​ത​യോ സ്നേ​ഹ​മോ കാ​ണു​മ​ല്ലോ. ആ വി​കാ​ര​ത്തോ​ടു​കൂ​ടി അവരെ നോ​വ​ലിൽ കൊ​ണ്ടു​വ​രു​മ്പോൾ കല​യു​ടെ അർ​ത്ഥ​ന​കൾ​ക്കു യോ​ജി​ച്ച വി​ധ​ത്തിൽ അവർ ‘ഫി​ക്ഷ​നൽ ക്യാ​ര​ക്ടേ​ഴ്സ്’ ആവു​ക​യി​ല്ല ആക​ണ​മെ​ങ്കിൽ വ്യ​ക്തി​ശ​ത്രു​ത​യും വ്യ​ക്തി​സ്നേ​ഹ​വും മാ​റ്റി​വ​യ്ക്ക​ണം. ദസ്ത​യേ​വ്സ്തി, തുർ​ഗ​ന്യേ​ഫി നെ കഥാ​പാ​ത്ര​മാ​ക്കി, പരാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. ദസ്ത​യേ​വ്സ്തി പരാ​ജ​യ​പ്പെ​ട്ട​പ്പോൾ ഇർ​വി​ങ് സ്റ്റോൺ പരാ​ജ​യ​പ്പെ​ട്ടു​വെ​ന്നു് എന്തി​നു് എടു​ത്തു പറയണം? അദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ച​രി​ത്ര​വി​ഷ​യ​ങ്ങ​ളായ എല്ലാ​നോ​വ​ലു​ക​ളും പരാ​ജ​യ​ങ്ങ​ളാ​ണു്. ഡാർ​വി​നെ ക്കു​റി​ച്ച് അദ്ദേ​ഹ​മെ​ഴു​തിയ നോ​വ​ലും അടു​ത്ത​കാ​ല​ത്തു ഞാൻ വാ​യി​ച്ചു. അതു കലാ​സൃ​ഷ്ടി​യേ​യ​ല്ല.

വയലാർ രാ​മ​വർ​മ്മ യോടു ശത്രു​ത​യു​ണ്ടാ​യി​രു​ന്ന ഒരു നോ​വ​ലി​സ്റ്റ് അദ്ദേ​ഹ​ത്തി​ന്റെ ദ്വി​തീയ വി​വാ​ഹ​ത്തെ പരി​ഹ​സി​ച്ചു​കൊ​ണ്ടു നോ​വ​ലെ​ഴു​തി. ചവ​റാ​യി​രു​ന്നു അതു്. സാ​ഹി​ത്യം വ്യ​ക്തി നി​ഷ്ഠ​ങ്ങ​ളായ ഇഷ്ടാ​നി​ഷ്ട​ങ്ങ​ളും ദുഃ​ഖ​ങ്ങ​ളും ഒഴു​ക്കി​വി​ടാ​നു​ള്ള പ്ര​ണാ​ളി​യ​ല്ല. പ്ര​മീ​ളാ നായർ വള​രെ​ക്കാ​ല​മാ​യി ഒരു സ്വ​കാ​ര്യ​ദുഃ​ഖം ഒരേ​ത​ര​ത്തിൽ ആവി​ഷ്ക​രി​ക്കു​ന്നു. ഈ ആഴ്ച​ത്തെ മലയാള നാടു വാ​രി​ക​യി​ലു​ണ്ടു് അതി​ന്റെ ആവർ​ത്ത​നം കേ​ട്ടാ​ലും.

“അതു​കൊ​ണ്ടു് ഞാൻ വല്ല പട​ങ്ങ​ളും കാണാൻ പോ​ക​ണ​മോ എന്നു് ആലോ​ചി​ക്കു​മ്പോ​ഴെ​ക്കും മകൾ പറയും അതു് അമ്മ​യ്ക്കു പറ്റി​ല്ല. ഭർ​ത്താ​വു ഭാ​ര്യ​യെ ഇട്ടേ​ച്ചു പോയ കഥ​യാ​ണു്. അവി​ടെ​യി​രു​ന്നു കണ്ണും മൂ​ക്കും പി​ഴി​യ​ലാ​യി​രി​ക്കും പണി, ചങ്ങാ​തി​മാ​രോ​ടൊ​പ്പം പൊ​യ്ക്കൊ​ള്ളാം.”

ഏതു വ്യ​ക്തി​യെ പ്ര​മീ​ളാ നായർ മനസിൽ കാ​ണു​ന്നു​വോ ആ വ്യ​ക്തി​യു​ടെ സ്വ​ത്ത്വ​ത്തെ വി​ശ്വ​സി​ക്ക​ത്ത​ക്ക വി​ധ​ത്തിൽ പരി​വർ​ത്ത​നം ചെ​യ്തു് ത്യാ​ജ്യ​ഗ്രാ​ഹ്യ​വി​വേ​ച​ന​ത്തോ​ടെ ആവി​ഷ്കാ​രം നിർ​വ​ഹി​ച്ചാൽ ‘ഫി​ക്ഷ​നൽ ലവലിൽ’ ആ കഥാ​പാ​ത്രം അം​ഗീ​ക​രി​ക്ക​പ്പെ​ടും. ആത്മ​ക​ഥ​കൾ പോലും രസ​പ്ര​ഭ​ങ്ങ​ളാ​വു​ന്ന​തു് ഇമ്മ​ട്ടി​ലാ​ണു് (ഉദാ: കാ​സാൻ​ദ്സാ​ക്കീ​സി ന്റെ Report to Greco, പാ​വ്ലോ നെ​റു​ത​യു​ടെ Memoirs). ഈ സത്യം പ്ര​മീ​ളാ നായർ ഗ്ര​ഹി​ച്ചി​ല്ലെ​ങ്കിൽ വാ​യ​ന​ക്കാ​രു​ടെ വൈ​ര​സ്യം അവർ വർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്നേ എനി​ക്കെ​ഴു​താ​നു​ള്ളൂ.

മാ​തൃ​ഭൂ​മി​യി​ലാ​ണെ​ന്നു് തോ​ന്നു​ന്നു ഞങ്ങൾ ഒരു വലിയ മരം കെ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ടു നി​ല്ക്കു​ന്ന പടം കണ്ടു. അയാൾ “മര​സ്നേ​ഹി”യാ​ണ​ത്രേ. (ലേഖനം വാ​യി​ച്ചി​ല്ല) ഈ മര​സ്നേ​ഹം വെറും കാ​പ​ട്യ​മാ​ണു്. മനു​ഷ്യ​നു് മനു​ഷ്യ​നോ​ടു പോലും സ്നേ​ഹ​മി​ല്ല, കാ​രു​ണ്യ​മി​ല്ല. ഒരു യാ​ച​ക​നു് ആദ്യ​ത്തെ ദിവസം ഒരു രൂപ നമ്മൾ കൊ​ടു​ത്തെ​ന്നു​വ​രും. അടു​ത്ത ദിവസം അതു് അമ്പ​തു പൈ​സ​യാ​കും. മൂ​ന്നാ​മ​ത്തെ ദിവസം ഇരു​പ​ത്ത​ഞ്ചു പൈസ. നാ​ലാ​മ​ത്തെ ദിവസം പത്തു പൈസ. അഞ്ചാ​മ​ത്തെ ദിവസം തല​വെ​ട്ടി​ച്ചു​പോ​ക്കു്. യാചകൻ ശല്യ​പ്പെ​ടു​ത്തി​യാൽ പൊ​ലീ​സി​നെ അറി​യി​ക്കു​മെ​ന്നു ഭീഷണി. ഇതാണു മനു​ഷ്യ​ന്റെ സ്വ​ഭാ​വം. അറു​ത്ത കൈ​യ്ക്കു് ഉപ്പു വയ്ക്കാ​ത്ത​വർ ‘മരം, മരം’ എന്നു വി​ളി​ക്കു​ക​യും അതിനെ ആശ്ലേ​ഷി​ക്കു​ക​യും ചെ​യ്തു് നമ്മെ ഏഭ്യ​ന്മാ​രാ​ക്കു​ന്ന​തെ​ന്തി​നു്? പ്ര​തി​ദി​നം എത്ര​പേ​രാ​ണു കത്തി​ക്കു​ത്തേ​റ്റും വെ​ടി​യേ​റ്റും മരി​ക്കു​ന്ന​തു്? അതി​ലൊ​ന്നും ഒരു തു​ള്ളി കണ്ണീർ പൊ​ഴി​ക്കാ​തെ മര​ത്തെ കെ​ട്ടി​പ്പി​ടി​ക്കു​ന്നു. എന്തൊ​രു ഹി​പോ​ക്രി​സി!

മീഷൽ ഫൂ​ക്കോ
images/Foucault.jpg
മീഷൽ ഫൂ​ക്കോ

ഫ്ര​ഞ്ച് ചി​ന്ത​ക​നായ മീഷൽ ഫൂ​ക്കോ (Michel Foucault) അമ്പ​ത്തേ​ഴാ​മ​ത്തെ വയ​സ്സിൽ ക്യാൻ​സർ രോ​ഗ​ത്താൽ പാ​രീ​സിൽ​വെ​ച്ചു് നി​ര്യാ​ത​നാ​യി​രി​ക്കു​ന്നു. Madness and Civilization (1961), Discipline and Punish (1975). History of Sexuality (1976). The Archaeology of Knowledge (1969), The Order of Things (1966) ഇവ​യാ​ണു് അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാ​ന​പ്പെ​ട്ട ഗ്ര​ന്ഥ​ങ്ങൾ. The Order of Things എന്ന പു​സ്ത​കം സാർ​ത്രി ന്റെ പ്ര​ഖ്യാ​ത​ങ്ങ​ളായ രണ്ടു ദാർ​ശ​നിക ഗ്ര​ന്ഥ​ങ്ങൾ കഴി​ഞ്ഞാൽ ഏറ്റ​വും ഉത്കൃ​ഷ്ടം എന്നാ​ണു് അഭി​ജ്ഞ​മ​തം. ആധു​നിക ഫ്ര​ഞ്ച് തത്ത്വ​ചി​ന്ത​യിൽ എന്തെ​ന്നി​ല്ലാ​ത്ത സ്വാ​ധീ​ന​ശ​ക്തി ചെ​ലു​ത്തിയ ഈ ഗ്ര​ന്ഥ​ത്തെ​ക്കു​റി​ച്ചു് ഫൂ​ക്കോ പറ​യു​ന്നു:

Thus in every culture, between the use of what one might call the ordering codes and reflections upon order Itself, there is the pure experience of order and of its modes of being. The present study is an attempt to analyse that experience (Preface pp. XXI).

images/TheHistoryOfSexuality.jpg

ആറു വാ​ല്യ​ങ്ങ​ളാ​യി The History of Sexuality പ്ര​സാ​ധ​നം ചെ​യ്യാ​നാ​ണു് ഫൂ​ക്കോ വി​ചാ​രി​ച്ചി​രു​ന്ന​തു്. ഗ്ര​ന്ഥം പൂർ​ണ്ണ​മാ​കു​ന്ന​തി​നു മുൻ​പു് അദ്ദേ​ഹം മരി​ച്ചു​പോ​യി. ഇതി​ന്റെ ഒന്നാം വാ​ല്യം ഈ ലേഖകൻ വാ​യി​ച്ചി​ട്ടു​ണ്ടു്. പതി​നേ​ഴാം ശതാ​ബ്ദ​ത്തിൽ സെ​ക്സി​നെ​ക്കു​റി​ച്ചു തു​റ​ന്നു സം​സാ​രി​ക്കാ​മാ​യി​രു​ന്നു. വി​ക്ടോ​റി​യൻ യു​ഗ​മാ​യ​പ്പോൾ അതു മാറി. ‘നി​ശ്ശ​ബ്ദത നി​യ​മ​മാ​യി’ (Silence became the rule—Foucault). സെ​ക്സ് ശയ​ന​മു​റി​യിൽ മാ​ത്രം ഒതു​ങ്ങി. കു​ഞ്ഞു​ങ്ങൾ​ക്കു് സെ​ക്സി​ല്ല. ആ സങ്ക​ല്പ​ത്തി​നു് എതി​രാ​യി അവ​രു​ടെ പെ​രു​മാ​റ്റ​ങ്ങൾ ഉണ്ടാ​യ​പ്പോൾ അച്ഛ​ന​മ്മ​മാർ കണ്ണു​പൊ​ത്തി, കാ​തു​കൾ അട​ച്ചു. ഫൂ​ക്കോ ഇവി​ടെ​ത്തു​ട​ങ്ങു​ന്നു. എന്നി​ട്ടു് നമ്മ​ളെ​ന്തി​നു സെ​ക്സി​നെ അപ​ഗ്ര​ഥി​ക്കു​ന്നു എന്നു വി​ശ​ദ​മാ​ക്കു​ന്നു. അവിടെ നി​ന്നു സെ​ക്സി​ന്റെ സാ​മൂ​ഹി​കാം​ശ​ങ്ങ​ളി​ലേ​ക്കു കട​ക്കു​ന്നു. ഉജ്ജ്വ​ല​ങ്ങ​ളായ ചി​ന്താ​ര​ത്ന​ങ്ങൾ നി​റ​ച്ചു​വ​ച്ച ഗ്ര​ന്ഥ​മാ​ണി​തു്. ഫൂ​ക്കോ​യു​ടെ മറ്റു ഗ്ര​ന്ഥ​ങ്ങൾ എനി​ക്കു കി​ട്ടി​യി​ട്ടി​ല്ല.

ഫ്രാൻ​സി​ലെ പ്വാ​ത്യേ (Poitiers) പട്ട​ണ​ത്തി​ലാ​ണു് ഫൂ​ക്കോ ജനി​ച്ച​തു്. നി​യോ​മാർ​ക്സി​സ്റ്റ് Louis Althusser അദ്ദേ​ഹ​ത്തി​ന്റെ ഗു​രു​നാ​ഥ​നാ​യി​രു​ന്നു. കൊ​ലെ​ഷ് ദ ഫ്രാ​ങ്സി​ലെ (College de France) പ്രൊ​ഫ​സ​റാ​യി​രു​ന്ന ഫൂ​ക്കോ​യു​ടെ മരണം തത്ത്വ​ചി​ന്താ​പ്ര​തി​പ​ത്തി​യു​ള്ള​വ​രെ എല്ലാ​ക്കാ​ല​ത്തും വേ​ദ​നി​പ്പി​ക്കും.

ഭ്രം​ശം
images/SimoneDeBeuvoir.jpg
സീമോൻ ദ ബോ​വ്വാർ

സീമോൻ ദ ബോ​വ്വാർ എഴു​തിയ Second Sex എന്ന ഗ്ര​ന്ഥ​ത്തിൽ “Woman exhausts her courage dissipating mirages and she stops in terror at the threshold of reality എന്നും No woman wrote “The Trial ”, “Moby Dick ”, “Ulysses ” or “Seven Pillars of Wisdom ” എന്നും പറ​ഞ്ഞി​ട്ടു​ണ്ടു് (പുറം 719, 720).

സത്യ​ത്തി​ന്റെ വാ​തി​ല്ക്കൽ ഭയ​പ്പെ​ട്ടു നി​ല്ക്കു​ന്ന സ്ത്രീ​ക്കു് കാഫ്ക യെ​പ്പോ​ലെ, മെൽ​വി​ലി നെ​പ്പോ​ലെ, ജോ​യി​സ് നെ​പ്പോ​ലെ, ടി. ഈ. ലോ​റൻ​സി നെ​പ്പോ​ലെ എഴു​താ​നാ​വി​ല്ല. എങ്കി​ലും അവ​രു​ടെ കൂ​ട്ട​ത്തിൽ വർ​ജീ​നിയ വുൾ​ഫും ഡൊ​റി​സ് ലസ്സി​ങ്ങും ഐസ​ക്ക് ഡി​നി​സ​നും ഉണ്ടു് (Isak Dineson—ഡാ​നി​ഷ് എഴു​ത്തു​കാ​രി). ഇവ​രു​ടെ സവി​ശേ​ഷ​മായ ഭാ​വ​ന​യെ Female imagination എന്നു Patricia Meyer Spacks വി​ളി​ക്കു​ന്നു (The Female imagination എന്ന പു​സ്ത​കം നോ​ക്കുക). ഇവ​രു​ടെ പ്ര​തി​ഭ​യെ​ക്കു​റി​ച്ചു പറ​ഞ്ഞി​ട്ടു് പൈ​ങ്കി​ളി​ക്ക​ഥ​കൾ എഴു​തു​ന്ന കേ​ര​ള​ത്തി​ലെ പെൺ​പി​ള്ളേ​രു​ടെ പ്ര​തി​ഭാ​ദാ​രി​ദ്ര്യ​ത്തെ​ക്കു​റി​ച്ചു പറ​ഞ്ഞാൽ അതു് അവി​വേ​ക​മാ​യി​വ​രും. പ്ര​കാ​ശ​ത്തെ​യും അന്ധ​കാ​ര​ത്തെ​യും താ​ര​ത​മ്യ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടോ? മനോ​രാ​ജ്യ​ത്തി​ലെ ‘ഫോ​ട്ടോ തി​രി​ച്ച​യ​യ്ക്കു​ന്നു’ എന്ന​കഥ (കമ​ലാ​നാ​രാ​യ​ണൻ എഴു​തി​യ​തു്) ഇരു​ട്ടു പര​ത്തു​ന്നു. ദരി​ദ്ര​യായ പെൺ​കു​ട്ടി പര​സ്യം കണ്ടി​ട്ടു സ്വ​ന്തം ഫോ​ട്ടോ വച്ച് പു​രു​ഷ​നു കത്ത​യ​യ്ക്കു​ന്നു. അയാൾ ഫോ​ട്ടോ തി​രി​ച്ച​യ​യ്ക്കു​ന്നു. പെൺ​കു​ട്ടി അടു​ത്ത പര​സ്യ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു.

ഇത്ത​രം കഥകൾ ഒരു​ത​രം മാ​ന​സി​ക​ച്യു​തി​യു​ടെ ഫല​ങ്ങ​ളാ​ണു്. Shut up എന്നു പറ​ഞ്ഞാൽ കൊ​ള്ളാ​മെ​ന്നു​ണ്ടു് എനി​ക്കു്. പക്ഷേ, അങ്ങ​നെ ആജ്ഞാ​പി​ച്ചാൽ ആരു​ണ്ടു കേൾ​ക്കാൻ?

പരി​ഹാ​സ​ത്തി​ലൂ​ടെ

വി​ത്തം, വിദ്യ, രോഗം ഇവ മൂ​ന്നും അന്യ​രു​ടെ മുൻ​പിൽ പ്ര​ദർ​ശി​പ്പി​ക്ക​രു​തെ​ന്നു് സ്മൃ​തി​കാ​രൻ അനു​ശാ​സി​ച്ചി​ട്ടു​ണ്ടു്. പ്ര​ദർ​ശി​പ്പി​ച്ചാൽ അസ്വ​സ്ഥ​ത​യെ ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​വും ഫലം. അതു​പോ​ലെ സ്വ​ന്തം കഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ചും അന്യ​രോ​ടു പറ​യ​രു​തു്. ആർ​ക്കും അവ കേൾ​ക്കാൻ താ​ല്പ​ര്യ​മി​ല്ല. എനി​ക്കി​തു് അറി​യാ​മെ​ങ്കി​ലും ഞാൻ എന്റെ പ്ര​യാ​സ​ങ്ങൾ മറ്റു​ള്ള​വ​രോ​ടു പറ​യാ​റു​ണ്ടു്. അവർ വൈ​ര​സ്യ​ത്തോ​ടെ കോ​ട്ടു​വാ​യി​ട്ടാ​ലും നി​റു​ത്താ​റി​ല്ല​താ​നും. പക്ഷേ, ഞാൻ സ്നേ​ഹി​ക്കു​ന്ന​വ​രോ​ടേ അതു പറ​യാ​റു​ള്ളൂ. ഇ. വി. ശ്രീ​ധ​ര​ന്റെ “ദേ​വ​യാ​നി​യു​ടെ അച്ഛൻ” എന്ന കഥയിൽ (കലാ​കൗ​മു​ദി) സ്വ​ന്തം ദുഃ​ഖ​ങ്ങൾ അന്യ​നെ പറ​ഞ്ഞു കേൾ​പ്പി​ക്കു​ന്ന ഒരു വൃ​ദ്ധ​നെ പരി​ഹാ​സ​ച്ഛാ​യ​യോ​ടെ അവ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. വൃ​ദ്ധ​ന്റെ മൂ​ത്ത​മ​കൾ തൂ​ങ്ങി​മ​രി​ക്കു​ന്നു. അയാൾ കാ​ശി​യി​ലേ​ക്കു പോകാൻ തീ​രു​മാ​നി​ക്കു​മ്പോൾ കഥ അവ​സാ​നി​ക്കു​ന്നു.

സ്വ​ഭാവ ചി​ത്രീ​ക​ര​ണം കഥാ​കാ​ര​ന്റെ ആശ​യ​ങ്ങ​ളോ​ടു ബന്ധ​പ്പെ​ട്ടാ​ണി​രി​ക്കു​ന്ന​തു്. സ്വ​ന്തം ദുഃഖം, സ്വ​ന്തം മന​സ്സിൽ സൂ​ക്ഷി​ക്കൂ. എന്ന ആശയം വൃ​ദ്ധ​ന്റെ സ്വ​ഭാ​വ​ത്തി​ലൂ​ടെ സ്ഫു​ടീ​ക​രി​ക്കു​ന്നു​ണ്ടു് ഇവിടെ. റോ​മാൻ​സി​ന്റെ കഴു​ത്തിൽ​പ്പി​ടി​ച്ചു് അതിനെ പു​റ​ന്ത​ള്ളു​ന്ന റി​യ​ലി​സ​മാ​ണു് കഥാ​കാ​ര​നു് ഇഷ്ടം. ആ റി​യ​ലി​സ​ത്തിൽ പരി​ഹാ​സം കൂടി കലർ​ത്താൻ അദ്ദേ​ഹ​ത്തി​നു് കൗ​തു​ക​മേ​റും.

മനു​ഷ്യ​നെ​ക്കു​റി​ച്ചു് ഏതു സാ​മാ​ന്യ സത്യ​മാ​ണു് കഥാ​കാ​രൻ ആവി​ഷ്ക​രി​ക്കു​ന്ന​തെ​ന്നു നി​രൂ​പ​കൻ നോ​ക്ക​ണം. ആ സത്യ​ത്തോ​ടു യോ​ജി​ക്കാ​തെ​ത​ന്നെ കലാ​സ്വാ​ദ​നം എന്ന പ്ര​ക്രിയ നട​ക്കും.

നമ്പൂ​രി ഫലിതം

കു​ഞ്ഞു​ണ്ണി കലാ​കൗ​മു​ദി​യിൽ എഴു​തിയ ഒരു ഫലിതം.

ബസ്സ്സ്റ്റാൻ​ഡിൽ സ്ത്രീ​കൾ മൂ​ത്ര​മൊ​ഴി​ക്കു​ന്നി​ട​ത്തു ചെ​ന്നു മൂ​ത്ര​മൊ​ഴി​ച്ചു കോ​ണ​ക​വു​മു​ടു​ത്തു​കൊ​ണ്ടു പു​റ​ത്തു​വ​ന്ന നമ്പൂ​രി​യോ​ടു് പൊ​ലീ​സു​കാ​രൻ: ഇതു പെ​ണ്ണു​ങ്ങൾ​ക്കു​ള്ള​താ​ണെ​ന്ന​റി​ല്ല്യേ. അതു കേ​ട്ടു​ന​മ്പൂ​രി: ഇതും പെ​ണ്ണു​ങ്ങൾ​ക്കു​ള്ള​ത​ന്ന്യാ.

ഇത്ര​ക​ണ്ടു് അശ്ലീ​ല​സ്പൃ​ഷ്ട​മാ​കാ​ത്ത ഒരു നേ​ര​മ്പോ​ക്കു ഞാൻ കേ​ട്ടി​ട്ടു​ണ്ടു്. അയാൾ ചാ​രാ​യം വാ​റ്റു​ന്ന​തു് എക്സൈ​സു​കാർ കണ്ടി​ല്ലെ​ങ്കി​ലും അതി​നു​ള്ള ഉപ​ക​ര​ണ​ങ്ങൾ വീ​ട്ടിൽ കണ്ടു​കൊ​ണ്ടു് അവർ അയാളെ അറ​സ്റ്റ് ചെ​യ്തു കേ​സ്സാ​ക്കി. മജി​സ്ട്രേ​ട്ട് പറ​ഞ്ഞു: “പ്ര​തി​യായ നി​ങ്ങൾ വാ​റ്റു​ന്ന​തു് എക്സൈ​സു​കാർ കണ്ടി​ല്ലെ​ങ്കി​ലും ഉപ​ക​ര​ണ​ങ്ങൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ വാ​റ്റാ​ണു് നി​ങ്ങ​ളു​ടെ സ്ഥി​രം തൊ​ഴി​ലെ​ന്നു മന​സ്സി​ലാ​ക്കി ഞാൻ നി​ങ്ങ​ളെ ആറു​മാ​സം തട​വി​നു ശി​ക്ഷി​ക്കു​ന്നു”. പ്രതി ഇതു കേ​ട്ടു മജി​സ്ട്രേ​ട്ടി​നെ അറി​യി​ച്ചു: “ഏമാനേ അങ്ങ​നെ​യാ​ണെ​ങ്കിൽ ബലാ​ത്സം​ഗ​ക്കു​റ്റ​ത്തി​നും എന്നെ ശി​ക്ഷി​ക്കാം. അതി​നു​ള്ള ഉപ​ക​ര​ണ​വും എന്റെ പക്ക​ലു​ണ്ടു്”.

എന്റെ പരി​ച​യ​ത്തിൽ​പ്പെ​ട്ട ഒരു കു​ടി​യൻ തി​രു​വ​ന​ന്ത​പു​ര​ത്തെ ടൗൺ​ഹോ​ളി​ന​ടു​ത്തു വന്നു് (സർ​ക്കാർ സ്ഥാ​പ​നം) ചോ​ദി​ച്ചു: “ടൗൺ​ഹോൾ വി​ല​യ്ക്കു കൊ​ടു​ക്കു​ന്നു​വെ​ന്നു കേ​ട്ടു. എവി​ടെ​ച്ചെ​ന്നു വാ​ങ്ങ​ണം?” അതു​കേ​ട്ട​യാൾ മറു​പ​ടി നല്കി: “ഹോ​ളി​ന​ക​ത്തു​ത​ന്നെ ചോ​ദി​ച്ചാൽ​മ​തി.” “ശരി” എന്നു പറ​ഞ്ഞു് അയാ​ളൊ​രു നട​ത്തം.

രാ​ത്രി കുട നി​വർ​ത്തി​പ്പി​ടി​ച്ചു വേ​റൊ​രു കു​ടി​യൻ പോ​യ​പ്പോൾ ഞാൻ ചോ​ദി​ച്ചു: “എന്തി​നാ​ണു് മഴ​യി​ല്ലാ​ത്ത ഈ രാ​ത്രി​യിൽ കുട നി​വർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തു്?” അയാ​ളു​ടെ മറു​പ​ടി: “നക്ഷ​ത്രം വന്നു തല​യി​ലെ​ങ്ങാ​നും വീ​ണാ​ലോ?” ഈ കു​ടി​യൻ കവി​യാ​കേ​ണ്ട​വ​നാ​ണു്. ചി​ല​പ്പോൾ ആയി​രി​ക്കും. ആര​റി​ഞ്ഞു? കലാ​സൃ​ഷ്ടി​കൾ തലയിൽ വീ​ഴാ​തി​രി​ക്കാ​നാ​ണു് ഞാൻ ഈ വി​മർ​ശ​ന​മെ​ന്ന കുട നി​വർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തു്.

നീ​ല​പ​ദ്മ​നാ​ഭൻ
images/NeelaPadmanabhan.jpg
നീ​ല​പ​ദ്മ​നാ​ഭൻ

ചി​ല​പ്പോൾ ബന്ധ​മു​ള്ള​തും ചി​ല​പ്പോൾ ബന്ധ​മി​ല്ലാ​ത്ത​തു​മായ ചി​ത്ര​ങ്ങ​ളെ ഒരു​മി​ച്ചു ചേർ​ത്തു് ഒരു പാ​റ്റേൺ ഉണ്ടാ​ക്കു​ന്ന​തിൽ വി​ദ​ഗ്ദ്ധ​നാ​ണു് നീ​ല​പ​ദ്മ​നാ​ഭൻ. ചി​ത്ര​ങ്ങൾ ചി​ത്ര​ങ്ങ​ളാ​യി നി​ല്ക്കും. ആകെ​ക്കൂ​ടി​നോ​ക്കി​യാൽ പാ​റ്റേൺ കാ​ണു​ക​യും ചെ​യ്യും. അതിൽ അദ്ദേ​ഹം പ്ര​ദർ​ശി​പ്പി​ക്കു​ന്ന പ്രാ​ഗ​ല്ഭ്യം മറ്റു കഥാ​കാ​ര​ന്മാ​രിൽ വി​ര​ള​മാ​യേ കാ​ണാ​നു​ള്ളു. ലൈം​ഗി​ക​വി​കാ​രം മറ്റേ​തു വി​കാ​ര​ത്തെ​ക്കാ​ളും സു​ശ​ക്ത​മാ​ണു്. അതു് ഒരു പരി​ധി​ക​ട​ന്നാൽ ഭ്രാ​ന്താ​യി മാറും. ഒരു​ത്ത​ന്റെ കാമം ഉന്മാ​ദ​ത്തോ​ളം ചെ​ന്നെ​ത്തു​ന്ന​തു് നീ​ല​പ​ദ്മ​നാ​ഭൻ “പ്ര​കോ​പ​ന​ങ്ങൾ” എന്ന കഥയിൽ ചി​ത്രീ​ക​രി​ക്കു​ന്നു (കു​ങ്കു​മം വാരിക).

സാ​ധാ​ര​ണ​ങ്ങ​ളായ ലൈം​ഗിക ചേ​ഷ്ട​കൾ നി​യ​ത​വും (normal) അസാ​ധാ​ര​ണ​ങ്ങ​ളാ​യവ അനി​യ​ത​വും (abnormal) ആണെ​ന്നു കരു​ത​പ്പെ​ടു​ന്നു. വി​വാ​ഹ​ത്തി​നു മുൻ​പു​ള്ള ലൈം​ഗി​ക​വേ​ഴ്ച, സ്വ​യം​ഭോ​ഗം ഇവ നി​യ​ത​ങ്ങ​ളാ​ണെ​ന്നു ശാ​സ്ത്ര​ജ്ഞ​ന്മാർ പറ​യു​ന്നു. പ്രാ​യം കൂ​ടി​യ​വർ സെ​ക്സ് പാടേ ഉപേ​ക്ഷി​ക്കു​ന്ന​തു് അനി​യ​ത​മ​ത്രേ. നീ​ല​പ​ദ്മ​നാ​ഭ​ന്റെ കഥാ​പാ​ത്രം രതി​ക്കു​വേ​ണ്ടി ഒരു സ്ത്രീ​യോ​ടു് അഭ്യർ​ത്ഥി​ക്കു​ന്ന​തു് നിയത സ്വ​ഭാ​വ​മാർ​ന്ന​ത​ല്ല. അതു് അനി​യ​ത​മാ​ണു്. ഈ അനിയത സ്വ​ഭാ​വ​ത്തെ കഥാ​പാ​ത്ര​ത്തി​ലൂ​ടെ സ്പ​ഷ്ട​മാ​ക്കു​ന്നു കഥാ​കാ​രൻ.

കമ​ന്റ്സ്

ഖു​ശ്വ​ന്തു് സി​ങ്ങി​ന്റെ കാ​ലു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു് കെ. എസ്. ചന്ദ്രൻ ‘സാധു’ മാ​സി​ക​യിൽ യു​ക്തി​പൂർ​വ്വം എഴു​തി​യി​രി​ക്കു​ന്നു—സാ​ഹി​ത്യ​കാ​ര​നാ​ണെ​ന്നു ഭാ​വി​ച്ചു് ആളു​ക​ളെ പേ​ടി​പ്പി​ക്കു​ന്ന ഒരു ഹനൂ​മാൻ പണ്ടാ​ര​മാ​ണു് ഈ ഖു​ശ്വ​ന്ത്സി​ങ്ങ് (പണ്ടു് തി​രു​വ​ന​ന്ത​പു​ര​ത്തു് ഹനൂ​മാ​ന്റെ മു​ഖം​വ​ച്ചു​കെ​ട്ടി കു​ട്ടി​ക​ളെ പേ​ടി​പ്പി​ക്കു​ന്ന ഒരു പണ്ടാ​ര​മു​ണ്ടാ​യി​രു​ന്നു).

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-07-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 2, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.