SFNസായാഹ്ന ഫൌണ്ടേഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1984-10-07-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/RichardWagner.jpg
റി​ച്ചാർ​ഡ് വാ​ഗ്നർ

ജർ​മ്മൻ ഗാ​ന​ര​ച​യി​താ​വായ റി​ച്ചാർ​ഡ് വാ​ഗ്നർ (Richard Wagner, 1813–1883) ഒരു ദിവസം ബർ​ലി​നി​ലെ രാ​ജ​വീ​ഥി​യി​ലൂ​ടെ നട​ക്കു​ക​യാ​യി​രു​ന്നു. തെ​രു​വി​ലി​രു​ന്നു ഗാ​നോ​പ​ക​ര​ണം വാ​യി​ച്ചു് ജീ​വി​ക്കാൻ വേ​ണ്ട​തു നേ​ടു​ന്ന ഒരു പാ​ട്ടു​കാ​ര​നെ അദ്ദേ​ഹം അവിടെ കണ്ടു. വാ​ഗ്ന​റു​ടെ ടാൻ​ഹോ​യ്സർ (Tannhauser) എന്ന സം​ഗീ​തി​ക​യ്ക്കു പ്രാ​രം​ഭ​മെ​ന്ന നി​ല​യിൽ അയാൾ ഒരു ലഘു​വാ​ദ​നം നട​ത്തു​ക​യാ​യി​രു​ന്നു. അതു​കേ​ട്ടു വാ​ഗ്നർ അവിടെ നി​ന്നു. അയാ​ളോ​ടു് അദ്ദേ​ഹം പറ​ഞ്ഞു: “നി​ങ്ങൾ വളരെ വേ​ഗ​ത്തി​ലാ​ണു വാ​യി​ക്കു​ന്ന​തു്. ഇത്ര​വേ​ഗം പാ​ടി​ല്ല”. തെ​രു​വു​ഗാ​യ​കൻ വാ​ഗ്ന​റെ കണ്ട​റി​ഞ്ഞു: “വാ​ഗ്നർ, അങ്ങ​യ്ക്കു നന്ദി. വാ​ഗ്നർ, നന്ദി”, അടു​ത്ത ദി​വ​സ​വും വാ​ഗ്നർ അവി​ടെ​യെ​ത്തി. അയാൾ ശരി​യായ ടെം​പോ​യിൽ—കാ​ല​ത്തിൽ— ഗാ​നോ​പ​ക​ര​ണം വാ​യി​ക്കു​ന്നു. പി​റ​കിൽ വലിയ അക്ഷ​ര​ത്തി​ലെ​ഴു​തിയ ഒരു ബോർ​ഡും; “വാ​ഗ്ന​റു​ടെ ശി​ഷ്യൻ”.

തെ​രു​വി​ലെ പാ​ട്ടു​കാ​രൻ വാ​ഗ്ന​റു​ടെ ശി​ഷ്യ​നെ​ന്ന​ല്ലേ എഴു​തി​വ​ച്ചു​ള്ളു! അയാൾ യോ​ഗ്യ​നാ​ണു്. എന്റെ ഒരു ശി​ഷ്യൻ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഒരു ഹോ​ട്ട​ലിൽ ചെ​ന്നു​ക​യ​റി “ഞാൻ എം. കൃ​ഷ്ണൻ നാ​യ​രാ​ണു്” എന്നു പറ​ഞ്ഞു. ഹോ​ട്ട​ലു​ട​മ​സ്ഥൻ സാ​ഹി​ത്യാ​സ്വാ​ദ​ക​നാ​യ​തു​കൊ​ണ്ടു് വന്ന​യാ​ളി​നെ ബഹു​മാ​നി​ച്ചു. നല്ലൊ​രു മു​റി​യും ഒരു​ക്കി​ക്കൊ​ടു​ത്തു. അയാൾ അവിടെ താ​മ​സി​ക്കു​ക​യാ​ണു്. ദി​വ​സ​വും ഭീ​മ​മായ പറ്റു്. ടാ​ക്സി​യിൽ കയറി സഞ്ചാ​രം. ടാ​ക്സി​ക്കൂ​ലി ഹോ​ട്ട​ലു​ട​മ​സ്ഥൻ കൊ​ടു​ക്കും. കൃ​ഷ്ണൻ നായർ പോ​കു​മ്പോൾ പണം ഒരു​മി​ച്ചു വാ​ങ്ങാ​മ​ല്ലോ എന്നാ​യി അദ്ദേ​ഹ​ത്തി​ന്റെ വി​ചാ​രം. തുക ആയിരം കവി​ഞ്ഞു. ഒരു ദിവസം കൃ​ഷ്ണൻ​നാ​യ​രെ കാ​ണാ​നി​ല്ല. ദി​വ​സ​ങ്ങൾ കഴി​ഞ്ഞു. ഉട​മ​സ്ഥൻ പലതും ഉറ​ക്കെ​പ്പ​റ​ഞ്ഞ​കൂ​ട്ട​ത്തിൽ സാ​ഹി​ത്യ​നി​രൂ​പ​കൻ എന്നു ഭാ​വി​ച്ചു നട​ക്കു​ന്ന കള്ളൻ എം. കൃ​ഷ്ണൻ​നാ​യ​രെ​ക്കു​റി​ച്ചും പറ​ഞ്ഞു. ഇതു കേ​ട്ടു​കൊ​ണ്ടി​രു​ന്ന മാധവൻ നായർ (ഇപ്പോൾ തി​രു​വ​ന​ന്ത​പു​ര​ത്തെ സം​സ്കൃ​ത​കോ​ളേ​ജി​ലെ പ്രൊ​ഫ​സർ) ഹോ​ട്ട​ലു​ട​മ​സ്ഥ​നെ അറി​യി​ച്ചു്. “എം. കൃ​ഷ്ണൻ​നാ​യർ എന്റെ ഗു​രു​നാ​ഥ​നാ​ണു്. അദ്ദേ​ഹം ഇങ്ങ​നെ ആരെ​യും പറ്റി​ക്കി​ല്ല. നി​ങ്ങ​ളെ ആരോ കളി​പ്പി​ച്ച​താ​ണു്”. ഉട​മ​സ്ഥ​നു വി​ശ്വാ​സ​മാ​യി​ല്ല. “അവൻ തന്നെ കള്ള​റാ​സ്കൽ സാ​ഹി​ത്യ​വു​മാ​യി നട​ക്കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി”. മാ​സ​ങ്ങൾ കഴി​ഞ്ഞു. എം. കൃ​ഷ്ണൻ​നാ​യ​രാ​യി ഭാ​വി​ച്ച് ഹോ​ട്ട​ലിൽ താ​മ​സി​ച്ച ആൾ ഹോ​ട്ട​ലി​ന്റെ മുൻ​പി​ലു​ള്ള റോ​ഡിൽ​ക്കൂ​ടി തി​ടു​ക്ക​ത്തിൽ നട​ന്നു​പോ​കു​ന്ന​തു ഉട​മ​സ്ഥൻ കണ്ടു. അദ്ദേ​ഹം ഓടി​ച്ചെ​ന്നു് “സാർ വരണം കാ​പ്പി കു​ടി​ച്ചി​ട്ടു പോകാം.” എന്നു മധുര ശബ്ദ​ത്തിൽ ക്ഷ​ണി​ച്ചു. ഗത്യ​ന്ത​ര​മി​ല്ലാ​തെ അയാൾ കയ​റി​ച്ചെ​ന്നു. ഉട​മ​സ്ഥൻ പൊ​ലീ​സി​നെ അറി​യി​ച്ചു. രണ്ടു​ദി​വ​സം അയാൾ സ്റ്റേ​ഷ​നി​ലി​രു​ന്നു. പി​ന്നീ​ടു് ചേ​ട്ട​നെ​ത്തി ഹോ​ട്ട​ലി​ലെ പണം​കൊ​ടു​ത്തു് അനു​ജ​നെ മോ​ചി​പ്പി​ച്ചു​കൊ​ണ്ടു​പോ​യി. പ്രൊ​ഫ​സർ മാ​ധ​വൻ​നാ​യർ​ക്കു ഞാൻ വീ​ണ്ടും നന്ദി പറ​യു​ന്നു.

സാ​ഹി​ത്യ​ത്തി​ലു​മു​ണ്ടു് ഈ ആൾ​മാ​റാ​ട്ടം സാർ​ത്രി​ന്റെ ശി​ഷ്യൻ, കമ്യു​വി​ന്റെ ശി​ഷ്യൻ, സ്റ്റൈൻ​ബ​ക്കി​ന്റെ ശി​ഷ്യൻ എന്നൊ​ക്കെ എഴു​തി​വ​യ്ക്കാൻ അവർ​ക്കു വയ്യ. അതിനു പക​ര​മാ​യി സാർ​ത്ര്, കമ്യു, സ്റ്റൈൻ​ബ​ക്ക് എന്നൊ​ക്കെ ബോർ​ഡു​ക​ളെ​ഴു​തി പി​റ​കിൽ വച്ചു​കൊ​ണ്ടു് അവർ ഇരി​ക്കു​ന്നു. പലരും അവ​രു​ടെ മുൻ​പി​ലെ​ത്തി സാ​ഷ്ടാംഗ നമ​സ്കാ​രം നട​ത്തു​ന്നു. ഹോ​ട്ട​ലു​ട​മ​സ്ഥ​ന്മാർ അവ​രു​ടെ തനി​നി​റം കണ്ടു​പി​ടി​ക്കു​ന്ന​കാ​ലം അത്ര അക​ലെ​യ​ല്ല.

ദി​വ്യ​വ​ച​നം

“ഭൂമി ഉരു​ണ്ട​താ​ണു്”—എന്നു് … ബോർഡ് മെ​മ്പർ. “കു​ട്ടി​കൾ​ക്കു് അഞ്ചു വയ​സ്സി​ലെ​ങ്കി​ലും അക്ഷ​രം പഠി​പ്പി​ച്ചു കൊ​ടു​ക്ക​ണം”—എന്നു് …ത്തെ കള​ക്ടർ. “കു​മാ​ര​നാ​ശാൻ കവി​യാ​യി​രു​ന്നു” എന്നു് …കോ​ളേ​ജി​ന്റെ പ്രിൻ​സി​പ്പൽ. ഇങ്ങ​നെ​യൊ​ക്കെ പത്ര​ങ്ങ​ളിൽ വലിയ തല​ക്കെ​ട്ടു​കൾ കാ​ണു​മ്പോൾ ഞാൻ അക്ഷ​രാർ​ത്ഥ​ത്തിൽ ഞെ​ട്ടി​പ്പോ​കാ​റു​ണ്ടു്. ഞെ​ട്ടേ​ണ്ട കാ​ര്യ​മി​ല്ല. എന്ന​തു താ​ഴെ​ച്ചേർ​ക്കു​ന്ന സം​ഭാ​ഷ​ണം തെ​ളി​യി​ക്കും.

പത്ര​റി​പ്പോർ​ട്ടർ:
അങ്ങ​യു​ടെ തി​രു​വാ​യ്മൊ​ഴി​കൾ ലോ​ക​മാ​കെ അറി​യാൻ എന്തു​ചെ​യ്യാൻ പോ​കു​ന്നു?
സന്ന്യാ​സി​പ്ര​മു​ഖൻ:
റേ​ഡി​യോ​വ​ഴി​യാ​യും ടെ​ലി​വി​ഷൻ​വ​ഴി​യാ​യും അതു പ്ര​ച​രി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഇനി ഞാൻ ഒന്നും ചെ​യ്യേ​ണ്ട​തി​ല്ല.
റി​പ്പോർ​ട്ടർ:
ആ തി​രു​വാ​യ്മൊ​ഴി​ക​ളിൽ ചിലതു നല്കി അടി​യ​നെ അനു​ഗ്ര​ഹി​ച്ചാ​ലും. അടി​യ​നെ പ്ര​ബു​ദ്ധ​നാ​ക്കി​യാ​ലും.
സന്ന്യാ​സി:
കേ​ട്ടാ​ലും, “കാ​ക്ക​യ്ക്കും തൻ​കു​ഞ്ഞു പൊൻ​കു​ഞ്ഞു്”, “അടി​യോ​ള​മു​ത​കാ അണ്ണൻ​ത​മ്പി”, “ഉര​ലി​ന്റെ വേദന മദ്ദ​ള​ത്തോ​ടോ?”
റി​പ്പോർ​ട്ടർ:
ഇതു് നി​ര​ക്ഷ​ര​ന്മാ​രോ​ടു് പറ​യു​ന്ന പഴ​ഞ്ചൊ​ല്ലു​ക​ള​ല്ലേ?
സന്ന്യാ​സി:
അതേ. നി​ര​ക്ഷ​ര​ന്മാർ പോലും ഇവ മന​സ്സി​ലാ​ക്ക​ത്ത​ക്ക​വി​ധ​ത്തിൽ റേ​ഡി​യോ​യും ടെ​ലി​വി​ഷ​നും എനി​ക്കു​വേ​ണ്ടി പ്ര​വർ​ത്തി​ച്ചു കഴി​ഞ്ഞു. എന്റെ ഈ വച​ന​ങ്ങൾ ലോകം മു​ഴു​വൻ ഗ്ര​ഹി​ച്ചു എന്ന​തി​ന്റെ തെ​ളി​വു​ത​ന്നെ​യാ​ണി​തു്.

“ഭൂമി ഉരു​ണ്ട​താ​ണു്” എന്ന മട്ടി​ലു​ള്ള സൂ​ക്ത​ങ്ങൾ പണ്ടേ​യു​ള്ള​തൊ​ന്നു​മ​ല്ല. കള​ക്ട​റ​ന്മാ​രും സെ​ക്രി​ട്ട​റി​മാ​രും പ്രിൻ​സി​പ്പൽ​മാ​രും കണ്ടു​പി​ടി​ച്ച അത്ത​രം ഗഹ​ന​ത​ത്ത്വ​ങ്ങൾ റേ​ഡി​യോ, ടെ​ലി​വി​ഷൻ ഇവ​യു​ടെ സഹാ​യ​ത്തോ​ടെ അവർ ലോ​ക​മെ​മ്പാ​ടും നേ​ര​ത്തേ പര​ത്തി​ക്ക​ഴി​ഞ്ഞു. അതു​റ​പ്പി​ക്കാൻ വേ​ണ്ടി അവർ വീ​ണ്ടും മൊ​ഴി​യാ​ടു​ന്ന​തേ​യു​ള്ളു. ‘കേ​ര​ള​കൗ​മു​ദി’യും ‘മാ​തൃ​ഭൂ​മി’യും ‘മല​യാ​ള​മ​നോ​രമ’യും മറ്റും ഈ ദി​വ്യ​സൂ​ക്ത​ങ്ങൾ വെ​ണ്ട​ക്കാ​ലി​പി​യിൽ അച്ച​ടി​ക്കാൻ നിർ​ബ്ബ​ദ്ധ​രാ​കു​ന്നു. അത്ര​മാ​ത്രം.

ഇതിനു സദൃ​ശ​മായ ഒരു ദി​വ്യ​വ​ച​നം തന്നെ​യാ​ണു തോമസ് പള്ളി​ക്ക​ലി​ന്റെ “ശങ്കു അളി​യ​ന്റെ നിധി” എന്ന രചന (മല​യാ​ള​മ​നോ​രമ ആഴ്ച​പ്പ​തി​പ്പു്). ഒരു​ത്തൻ കരി​ങ്കൽ​ക്ക​ഷ​ണ​ങ്ങൾ കു​ട​ത്തി​ലാ​ക്കി കു​ഴി​ച്ചു​വ​യ്ക്കു​ന്നു. അതു നി​ധി​യാ​ണെ​ന്നു വേ​റൊ​രു​ത്ത​നെ ധരി​പ്പി​ക്കു​ന്നു. അയാ​ളു​ടെ കൈ​യിൽ​നി​ന്നു പണം അപ​ഹ​രി​ക്കു​ന്നു. അപ്പോൾ കള്ളി​വെ​ളി​ച്ച​ത്താ​കു​ന്നു. ഇതാ​ണു് ദി​വ്യ​മായ അരു​ള​പ്പാ​ടു്. ഇതു് സർ​വ്വ​സാ​ധാ​ര​ണ​മ​ല്ലേ? ഹാ​സ്യ​മൊ​ട്ടു​മി​ല്ലാ​ത്ത വെറും ചവ​റ​ല്ലേ? എന്നൊ​ക്കെ നമ്മൾ ചോ​ദി​ക്കു​ന്നു​ണ്ടെ​ങ്കിൽ അതു് നമ്മു​ടെ വി​വ​ര​ക്കേ​ടു് എന്നു മാ​ത്രം ധരി​ച്ചാൽ മതി. മഹാ​നായ തോമസ് പള്ളി​ക്കൽ ഈ തി​രു​വ​ച​ന​ങ്ങൾ പണ്ടേ പല ‘മീഡിയ’വഴി പ്ര​ച​രി​പ്പി​ച്ചു കഴി​ഞ്ഞ​താ​ണു്. തന്റെ ആശ​യ​ങ്ങ​ളു​ടെ മൗ​ലി​കത ഒന്നു​കൂ​ടി ഉറ​പ്പി​ക്കാൻ വേ​ണ്ടി അദ്ദേ​ഹം മനോരമ ആഴ്ച​പ്പ​തി​പ്പി​ലൂ​ടെ അവ ആവർ​ത്തി​ക്കു​ന്ന​തേ​യു​ള്ളൂ. ചോ​ദ്യ​കർ​ത്താ​ക്ക​ളായ നമ്മൾ മണ്ട​ന്മാർ.

ടി.എൻ. ഗോ​പി​നാ​ഥൻ​നാ​യർ മനോ​രാ​ജ്യം വാ​രി​ക​യി​ലെ​ഴു​തിയ ഒരു ലേ​ഖ​ന​ത്തിൽ ഡോ​ക്ടർ ടി. വി. രാ​മാ​നു​ജം “കാൽ​ച്ചി​ല​ങ്ക​ക​ളു​ടെ മഞ്ജീ​ര​ശി​ഞ്ജി​തം” എന്നു കാ​ച്ചി​യി​രി​ക്കു​ന്നു. അറി​വി​ല്ലാ​ത്ത​തു​കൊ​ണ്ടു ചോ​ദി​ച്ചു പോ​കു​ക​യാ​ണു് ഞാൻ. മഞ്ജീ​ര​ത്തി​ന്റെ അർ​ത്ഥം ചി​ല​മ്പു് എന്ന​ല്ലേ? ചി​ല​മ്പും ചി​ല​ങ്ക​യും കി​ങ്ങി​ണി​ത്ത​ള​ക​ള​ല്ലേ? അല്ല എന്നാ​ണു് ഉത്ത​ര​മെ​ങ്കിൽ പാ​ദാം​ഗ​ദ​തു​ലാ​കോ​ടി നൂ​പു​ര​ങ്ങ​ളു​ടെ മഞ്ജീ​ര​ശി​ഞ്ജി​തം എന്നു് എനി​ക്കെ​ഴു​താ​മോ? (പാ​ദാം​ഗ​ദം = കാൽ​ച്ചി​ല​മ്പു്; തു​ലാ​കോ​ടി = കാൽ​ച്ചി​ല​മ്പു്: മഞ്ജീ​രം = കാൽ​ച്ചി​ല​മ്പു്; നൂ​പു​രം = കാൽ​ച്ചി​ല​മ്പു്.)

ഏമ്പ​ക്കം

ചി​ലർ​ക്കു സർ​ഗ്ഗ​ശ​ക്തി ഏമ്പ​ക്ക​മാ​യി​വ​രും. വേറെ ചി​ലർ​ക്കു് ഇക്കി​ളാ​യി​വ​രും. മറ്റു ചി​ലർ​ക്കു തി​ക​ട്ട​ലാ​യി അതു് ആവിർ​ഭ​വി​ക്കും. ദീപിക ആഴ്ച​പ്പ​തി​പ്പിൽ “ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന പട്ടി” എന്ന ചെ​റു​കഥ എഴു​തിയ സു​ജാ​തൻ പോ​ത്തൻ​കോ​ടി​നു് ഏമ്പ​ക്ക​മാ​യി​ട്ടാ​ണു് സർ​ഗ്ഗ​ശ​ക്തി വരു​ന്ന​തു്. ഏമ്പ​ക്ക​മോ ഇക്കി​ളോ തി​ക​ട്ട​ലോ ഏതു​മാ​വ​ട്ടേ ആളു​കൾ​ക്കു അടു​ത്തു നിൽ​ക്കാൻ പറ്റു​കി​ല്ല. ഞാൻ കു​റ​ച്ചൊ​ന്നു​മാ​റി​നി​ല്ക്ക​ട്ടെ പോ​ത്തൻ​കോ​ട്ടെ ഈ സു​ജാ​ത​ന്റെ അടു​ത്തു​നി​ന്നു്. പട്ടി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്നു​വെ​ന്നു വേ​ല​ക്കാ​രി പറ​ഞ്ഞു് അറി​ഞ്ഞ ഉട​മ​സ്ഥൻ വെ​പ്രാ​ള​പ്പെ​ട്ടു. ന്യൂ​സ് പര​ന്നു. ബഹ​ള​മാ​യി. രണ്ടു കക്ഷി​കൾ, അവർ ബഹളം വച്ചു​കൊ​ണ്ടി​രി​ക്കെ പട്ടി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്നി​ല്ല, അതിനു മി​ണ്ടാ​ട്ടം പോ​ലു​മി​ല്ല എന്ന സത്യം വെ​ളി​വാ​കു​ന്നു. ഇതാ​ണു് സു​ജാ​ത​ന്റെ ‘രാ​ഷ്ട്രീയ സറ്റ​യർ’. അമി​ത​ഭ​ക്ഷ​ണ​ത്തി​ന്റെ ഫല​മാ​യി വായു മേ​ല്പോ​ട്ടു​വ​രു​ന്ന​തി​നെ​യാ​ണു് ഏമ്പ​ക്കം എന്നു പറ​യു​ന്ന​തു്. കാർ​മി​സൈ​ഡ് സ്റ്റ്രോ​ങ് രണ്ടു ടീ​സ്പൂൺ കഴി​ച്ചാൽ മതി. ഇല്ലെ​ങ്കിൽ ഒരു ഡോസ് കാർ​ബ​നേ​റ്റീ​വ് മിക്‍സ്ച്ചർ ഉള്ളി​ലാ​ക്കി​യാൽ മതി. അവ​യി​ലേ​തെ​ങ്കി​ലും ചെ​യ്തു് സു​ജാ​തൻ ഈ രോഗം മാ​റ്റു​മെ​ന്നു് ഞാൻ വചാ​രി​ക്കു​ന്നു. മാ​റ്റ​ണം: മാ​റ്റി​യേ​തീ​രൂ. കഴി​യു​ന്നി​ട​ത്തോ​ളം നമ്മൾ അന്യ​രെ ഉപ​ദ്ര​വി​ക്കാ​തെ വേ​ണ​മ​ല്ലോ ഈ ലോ​ക​ത്തു കഴി​ഞ്ഞു​കൂ​ടാൻ.

images/RabindranathTagore01.jpg
രവീ​ന്ദ്ര​നാഥ ടാഗോർ

“ഞാ​ന​ല്ല ഈ പു​സ്ത​ക​ത്തി​ന്റെ രച​യി​താ​വു്. ഞാൻ പേന കൈ​യിൽ​വ​ച്ചി​രു​ന്നു. അത്രേ​യു​ള്ളു. അപ്പോൾ പ്ര​ത്യ​ക്ഷ ശരീ​ര​മി​ല്ലാ​ത്ത ഒരാൾ എന്റെ പേ​ന​യും എന്റെ മന​സ്സും ഉപ​യോ​ഗി​ച്ചു് അയാൾ അഭി​ല​ഷി​ച്ച​തു് എഴു​തു​ക​യാ​യി​രു​ന്നു. ചൈ​ത​ന്യ​ത്തെ പ്ര​വ​ഹി​പ്പി​ക്കു​ന്ന ഒര​ദൃ​ശ്യ​ഹ​സ്ത​മു​ണ്ടു്…” രവീ​ന്ദ്ര​നാഥ ടാ​ഗോ​റാ​ണു് ഇങ്ങ​നെ പറ​ഞ്ഞ​തു്. സർ​ഗ്ഗ​ശ​ക്തി​ക്കു് അവ​ലം​ബ​മാ​യി വർ​ത്തി​ക്കു​ന്ന ഈ പ്ര​ചോ​ദ​നം പലർ​ക്കു​മി​ല്ല. നാലു് ഇം​ഗ്ളീ​ഷ് നോ​വ​ലു​കൾ വാ​യി​ച്ചി​ട്ടു് ഒരു മല​യാ​ളം നോവൽ എഴു​തി​വ​യ്ക്കു​ന്ന​വ​രെ ഇവിടെ ‘ജീ​നി​യ​സ് ’ എന്നു വി​ളി​ക്കു​ന്നു. ആ നോ​വ​ലി​നെ മാ​സ്റ്റർ​പീ​സാ​യി കൊ​ണ്ടാ​ടു​ന്നു.

വൈ​രു​ദ്ധ്യ​ങ്ങൾ

യേ​ശു​ദാ​സി ന്റെ നാവു് മധു​ര​സം​ഗീ​തം പൊ​ഴി​ക്കു​ന്നു: റൗ​ഡി​യു​ടെ നാ​ക്കു് തെ​റി​യു​ടെ പൂരം നിർ​മ്മി​ക്കു​ന്നു! ഈശ്വ​രൻ പൂ​വ​മ്പ​ഴം നല്കു​ന്നു; ചെ​കു​ത്താൻ അമോ​ണി​യം സൾ​ഫേ​റ്റ് കൊ​ണ്ടു് അതു വലു​താ​ക്കി കൊ​ള്ള​രു​താ​ത്ത​താ​ക്കു​ന്നു. ജന​ങ്ങ​ളു​ടെ ധർ​മ്മ​ബോ​ധം വേ​ലു​ത്ത​മ്പി ദള​വ​യാ​യി പ്ര​ത്യ​ക്ഷ​മാ​കു​ന്നു; സർ​ക്കാ​രി​ന്റെ നൃ​ശം​സത വേ​ലു​ത്ത​മ്പി​യു​ടെ പ്ര​തിമ നിർ​മ്മി​ച്ചു് അതിൽ കാ​ക്ക​യെ കാ​ഷ്ഠി​പ്പി​ക്കു​ന്നു. പ്ര​കൃ​തി പനി​നീർ​പ്പൂ​വി​നു ജന്മ​മ​രു​ളു​ന്നു; വാർ​ദ്ധ​ക്യ​ത്തി​ന്റെ കാ​മാ​സ​ക്തി അതിനെ നരച്ച തല​മു​ടി​യിൽ എടു​ത്തു​വ​യ്ക്കു​ന്നു. ജന​ത​യു​ടെ നീ​തി​തൽ​പ​ര​ത്വം പ്ര​ജാ​ധി​പ​ത്യ​വ്യ​വ​സ്ഥി​തി ഉണ്ടാ​ക്കു​ന്നു: ആന്ധ്ര​യി​ലെ ഭാ​സ്ക​ര​റാ​വു അതിനെ വ്യ​ഭി​ച​രി​ക്കു​ന്നു. ഈശ്വ​ര​വി​ശ്വാ​സം ദേ​വാ​ല​യ​ങ്ങൾ​ക്കു രൂപം കൊ​ടു​ക്കു​ന്നു; മനു​ഷ്യ​ന്റെ അത്യാർ​ത്തി അവയെ കല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളാ​ക്കു​ന്നു. ജെ​യിം​സ്വാ​ട്ട് മോ​ട്ടോർ എൻജിൻ കണ്ടു​പി​ടി​ക്കു​ന്നു; ട്രാൻ​സ്പോർ​ട്ട് കോർ​പ്പ​റേ​ഷൻ സി​റ്റി സർ​വ്വീ​സ് നട​ത്തു​ന്നു. മനു​ഷ്യ​ന്റെ സം​സ്കാ​രം ഭാ​ഷ​യ്ക്കു വി​കാ​സം നൽ​കു​ന്നു; എം. എച്ച്. എം. സാലി ‘വി​ട​രാൻ കൊ​തി​ച്ച മോഹം’ എന്ന കഥ​യെ​ഴു​തി (കു​മാ​രി വാരിക) അതിനെ മലീ​മ​സ​മാ​ക്കു​ന്നു.

കാരൂർ
images/karur01.jpg
കാരൂർ നീ​ല​ക​ണ്ഠ​പ്പി​ള്ള

“ഈശ്വ​രൻ നി​ശ്ശ​ബ്ദ​ത​യു​ടെ സു​ഹൃ​ത്താ​ണു്. വൃ​ക്ഷ​ങ്ങ​ളും പൂ​ക്ക​ളും പു​ല്ലു​ക​ളും നി​ശ്ശ​ബ്ദ​ത​യിൽ വള​രു​ന്നു. നക്ഷ​ത്ര​ങ്ങ​ളും ചന്ദ്ര​നും സൂ​ര്യ​നും നി​ശ്ശ​ബ്ദ​മാ​യി നീ​ങ്ങു​ന്ന​തു്” എന്നു മദർ​തെ​റീസ പറ​ഞ്ഞി​ട്ടു​ണ്ടു്. “കാ​ണു​ന്ന​തെ​ല്ലാം നി​ശ്ശ​ബ്ദത” എന്നൊ​രു മഹാ​ക​വി​യും. കാരൂർ നീ​ല​ക​ണ്ഠ​പ്പി​ള്ള യുടെ കല നി​ശ്ശ​ബ്ദ​ത​യു​ടേ​താ​ണു്. അർ​ത്ഥം​കൊ​ണ്ടു ധ്വ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കാ​ളേ​റെ അദ്ദേ​ഹം നി​ശ്ശ​ബ്ദത കൊ​ണ്ടു ധ്വ​നി​പ്പി​ക്കു​ന്നു. വി​ശ്വ​സാ​ഹി​ത്യ​ത്തി​ന്റെ മാ​ന​ദ​ണ്ഡം കൊ​ണ്ട​ള​ന്നാ​ലും ഒരു ന്യൂ​ന​ത​യും വരാ​ത്ത “മര​പ്പാ​വ​കൾ” എന്ന കഥ​യി​ലാ​ണു് ഈ നി​ശ്ശ​ബ്ദ​ത​യു​ടെ ധ്വനി പാ​ര​മ്യ​ത്തിൽ എത്തി​നി​ല്ക്കു​ന്ന​തു്. കു​ങ്കു​മം വാ​രി​ക​യിൽ എടു​ത്തു ചേർ​ത്തി​രി​ക്കു​ന്ന “ചെ​കു​ത്താൻ” എന്ന ചേ​തോ​ഹ​ര​മായ കഥ​യി​ലും ഈ സവി​ശേ​ഷത കാണാം. അച്ഛ​ന്റെ ചി​കി​ത്സ​യ്ക്കു വേണ്ട പണം നേ​ടാ​നാ​യി അവി​വാ​ഹി​ത​യായ മകൾ വ്യ​ഭി​ച​രി​ക്കു​ന്നു. സർ​വ​സാ​ധാ​ര​ണ​മായ ഈ വിഷയം അതി​നു് അനു​രൂ​പ​മായ വൈ​കാ​രി​കാ​ന്ത​രീ​ക്ഷ​ത്തോ​ടു​കൂ​ടി കാരൂർ ആവി​ഷ്ക​രി​ക്കു​ന്നു. വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന മൂ​ന്നു കഥാ​പാ​ത്ര​ങ്ങൾ ഇക്ക​ഥ​യി​ലു​ണ്ടു്. രോ​ഗ​ത്താൽ വി​വ​ശ​നായ പു​രു​ഷൻ. ആ രോഗം കണ്ടു് ദുഃ​ഖി​ക്കു​ന്ന ഭാര്യ. വി​വാ​ഹ​പ്രാ​യ​മെ​ത്തിയ മകളെ വി​വാ​ഹം കഴി​ച്ച​യ​യ്ക്കാൻ മാർ​ഗ്ഗ​മി​ല്ലാ​ത്ത​തു കണ്ടും അവർ യാതന അനു​ഭ​വി​ക്കു​ന്നു. അച്ഛ​ന്റെ രോഗം കണ്ടും ദാ​രി​ദ്ര്യം​കൊ​ണ്ടും തീ​വ്ര​വേ​ദ​ന​യിൽ വീണ മകൾ. പണ​ത്തി​നു​വേ​ണ്ടി അവൾ​ക്കു വ്യ​ഭി​ച​രി​ക്കേ​ണ്ടി​വ​രു​മ്പോൾ ആ വേദന പാ​ര​മ്യ​ത്തി​ലെ​ത്തി​യി​രി​ക്കും. ന്യൂ​നോ​ക്തി​കൊ​ണ്ടു്—അല്ല നി​ശ്ശ​ബ്ദ​ത​കൊ​ണ്ടു്…കാരൂർ ഈ വേ​ദ​ന​യാ​കെ ചി​ത്രീ​ക​രി​ക്കു​ന്നു. അനു​വാ​ച​കൻ ഞെ​ട്ടു​ന്നു. അയാ​ളു​ടെ മി​ഴി​കൾ ആർ​ദ്ര​ങ്ങ​ളാ​വു​ന്നു.

കഥാ​കാ​രൻ പ്ര​യോ​ഗി​ക്കു​ന്ന അല​ങ്കാ​ര​ങ്ങൾ കഥാ​സ​ന്ദർ​ഭ​ത്തിൽ​നി​ന്നു ജനി​ക്കു​ക​യും ആ കഥാ​സ​ന്ദർ​ഭ​ത്തി​ലേ​ക്കു​ത​ന്നെ സം​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. ഒരു​ദാ​ഹ​ര​ണം: “അവൾ പാ​തി​രാ​യ്ക്കു കട​ല​യ്ക്കാ​ച്ചി​മ്മി​നി കത്തി​ച്ചു. തല തി​രി​ച്ചു​വ​ച്ച ഒരു കെ​ട്ടു​താ​ലി​പോ​ലെ അതി​ന്റെ തിരി മി​ന്നി. ആ വെ​ളി​ച്ച​ത്തിൽ അമ്മ മകളെ അടി​മു​ടി പല​വു​രു നോ​ക്കി. കണ്ണീർ​കൊ​ണ്ടു് അവ​രു​ടെ കാഴ്ച മങ്ങി. വി​ള​ക്കു താനേ അണ​ഞ്ഞു.” എന്റെ കർ​ത്താ​വേ! മകളെ വി​വാ​ഹം കഴി​ച്ച​യ​യ്ക്കാൻ വയ്യാ​തെ ദുഃ​ഖി​ക്കു​ന്ന അമ്മ​യ്ക്കു ചി​മ്മി​നി ദീപം തല​തി​രി​ച്ചു​വ​ച്ച കെ​ട്ടു​താ​ലി​പോ​ലെ തോ​ന്നി​യ​തു് എത്ര സ്വാ​ഭാ​വി​കം. കാരൂർ നീ​ല​ക​ണ്ഠ​പ്പി​ള്ള ഇവിടെ പ്ര​തി​ഭാ​ശാ​ലി​യായ കവി​യാ​യി മാ​റു​ക​യാ​ണു്. ഈ ലോ​ക​ത്തു് എത്ര​യെ​ത്ര രാ​ജ്ഞി​മാ​രും രാ​ജാ​ക്ക​ന്മാ​രും മരി​ച്ചു! എത്ര​യെ​ത്ര മഹാ​ന്മാ​രും മഹ​തി​ക​ളും മരി​ച്ചു! കാരൂർ നീ​ല​ക​ണ്ഠ​പ്പി​ള്ള സൃ​ഷ്ടി​ച്ച ശോ​ശാ​മ്മ എന്ന കഥാ​പാ​ത്രം മര​ണ​ത്തി​ന്റെ വേ​ദ​ന​യെ​ക്കാൾ വലിയ വേദന അനു​ഭ​വി​ച്ചു​കൊ​ണ്ടു് സാ​ഹി​ത്യ​ത്തി​ന്റെ ലോ​ക​ത്തു ജീ​വി​ച്ചി​രി​ക്കു​ന്നു. അവൾ നി​ശ്ശ​ബ്ദ​യാ​യി കണ്ണീ​രൊ​ഴു​ക്കു​ന്നു. കഥാ​കാ​രൻ ഒരു നി​ശ്ശ​ബ്ദ​മ​ണ്ഡ​ല​ത്തിൽ അവളെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്നു.

ഉത്കൃ​ഷ്ട​ങ്ങ​ളായ ചില ചെ​റു​ക​ഥ​കൾ: (1) Gimpel the fool (ബാ​ഷേ​വിയ സി​ങ്ങർ) (2) The Fly (പീ​റാ​ന്തെ​ല്ലോ) (3) The Dead Are Silent (ഒർ​റ്റൂർ ഷ്നി​റ്റ്സ്സർ) (4) The Darling (ചെ​ക്കോ​വ്) (5) Children and Old Folk (ഈവൊൺ ത്സാൻ​കർ — Ivan Cankar) (6)The Handkerchief (അക്കൂ​ട്ട​ഗാവ) (7) മര​പ്പാ​വ​കൾ (കാരൂർ) (8) The Red Flower (ഗാർ​ഷിൻ)

നമു​ക്കു പാ​ടി​ല്ല

എസ്. ഗു​പ്തൻ നാ​യ​രു​ടെ “വി​ജ്ഞാ​ന​സാ​ഹി​ത്യ​ത്തി​ലൂ​ടെ” എന്ന പ്ര​ബ​ന്ധ​ത്തിൽ (കലാ​കൗ​മു​ദി) “സാ​മൂ​ഹ്യ പരി​ഷ്കർ​ത്താ​വായ സി. വി.-യും…” എന്നു കാ​ണു​ന്നു. സാ​മൂ​ഹ്യ​പ​രി​ഷ്കർ​ത്താ​വു് എന്ന പ്ര​യോ​ഗ​ത്തിൽ രണ്ടു തെ​റ്റു​ക​ളു​ണ്ടു്.

സാ​മൂ​ഹ്യം

  1. “സമ​വാ​യാൻ സമ​വൈ​തി. സമവായ വാ​ചി​ക​ളാ​യി​യും ദ്വി​തീ​യാ​ന്ത​ങ്ങ​ളാ​യി​യു​മി​രി​ക്കു​ന്ന ശബ്ദ​ങ്ങ​ളിൽ​നി​ന്നു പര​മാ​യി​ട്ടു സമ​വൈ​തി എന്ന അർ​ത്ഥ​ത്തി​ങ്കൽ വാക് പ്ര​ത്യ​യം ഭവി​ക്കു​മെ​ന്നർ​ത്ഥം. സമ​വാ​യ​വാ​ചി​കൾ = സമ​വാ​യ​ത്തെ​പ്പ​റ​യു​ന്നവ, സമ​വാ​യം = സമൂഹം സമ​വാ​യി​കഃ എന്നും സാ​മു​ഹി​കഃ എന്നും ഉദാ​ഹ​ര​ണം”. (‘പദ​സം​സ്സാ​ര​ച​ന്ദ്രിക’), കൈ​ക്കു​ള​ങ്ങര രാ​മ​വാ​രി​യർ, പുറം 688.
  2. “In the sense of one who joins an assembly. eg. സമൂഹ—സാ​മൂ​ഹി​കഃ” (Prakriya Bhashyam, Translated by Prof: K. V. R. Pai, P. 595).
  3. ‘സാ​മൂ​ഹ്യം’ വ്യാ​ക​ര​ണ​ദൃ​ഷ്ട്യാ സാ​ധു​വ​ല്ല (പ്ര​ക്രി​യാ​ഭാ​ഷ്യം, ഫാദർ ജോൺ കു​ന്ന​പ്പ​ള്ളി, പുറം 520).
  4. സർ മോ​ണി​യർ വി​ല്യം​സി ന്റെ Sanskrit—English Dictionary നോ​ക്കുക. സാ​മൂ​ഹി​കഃ എന്നു കാണാം. സാ​മൂ​ഹ്യം ഇല്ല​താ​നും.

സി. വി. സമൂ​ഹ​ത്തി​ന്റെ പരി​ഷ്കർ​ത്താ​വാ​ണെ​ങ്കിൽ “സമൂഹ പരി​ഷ്കർ​ത്താ​വു്” എന്നു​വേ​ണം എഴു​താൻ. സാ​ഹി​ത്യ അക്കാ​ഡ​മി​യു​ടെ അദ്ധ്യ​ക്ഷ​നു് ഇങ്ങ​നെ​യു​ള്ള തെ​റ്റു​കൾ വരു​ത്താം. നമു​ക്കു പാ​ടി​ല്ല.

ഒരി​ക്കൽ കൺ​ഫ്യൂ​ഷ​സി​നോ​ടു് (കങ്ഫൂ​സ്തി എന്നു ചൈ​നീ​സ് ഉച്ചാ​ര​ണം; അദ്ദേ​ഹ​ത്തി​ന്റെ ശി​ഷ്യ​ന്മാർ ചോ​ദി​ച്ചു; “ഗുരോ അങ്ങ​യെ ഭര​ണാ​ധി​കാ​രി​യാ​ക്കി​യാൽ രാ​ജ്യം നന്നാ​ക്കാൻ എന്തു ചെ​യ്യും?” അദ്ദേ​ഹം മറു​പ​ടി നല്കി “ഭാഷ ശരി​യാ​യി ഉപ​യോ​ഗി​ക്കാൻ ഞാൻ വേണ്ട ഏർ​പ്പാ​ടു​കൾ ചെ​യ്യും”.

ശി​ഷ്യ​ന്മാർ:
നി​സ്സാ​ര​മായ ഈ കാ​ര്യ​ത്തി​നു് അങ്ങ് ഇത്ര പ്രാ​ധാ​ന്യം കല്പി​ക്കു​ന്ന​തെ​ന്തി​നു്?
കൺ​ഫ്യൂ​ഷ​സ്:
ഭാഷ ശരി​യാ​യി പ്ര​യോ​ഗി​ച്ചി​ല്ലെ​ങ്കിൽ പറയാൻ ഉദ്ദേ​ശി​ക്കു​ന്ന​തു് വേ​ണ്ട​പോ​ലെ ആവി​ഷ്ക​രി​ക്ക​പ്പെ​ടി​ല്ല. പറയാൻ ഉദ്ദേ​ശി​ച്ച​തു് ആവി​ഷ്ക​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കിൽ പ്ര​വർ​ത്തി​ക്കേ​ണ്ട​തു് പ്ര​വർ​ത്തി​ക്ക​പ്പെ​ടു​ക​യി​ല്ല. പ്ര​വർ​ത്തി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കിൽ സദാ​ചാ​ര​ത്തി​നും കല​യ്ക്കും ഭ്രം​ശ​മു​ണ്ടാ​കും സദാ​ചാ​ര​വും കലയും ഭ്രം​ശി​ച്ചാൽ നീതി തകരും. നീതി തകർ​ന്നാൽ ജന​ങ്ങൾ​ക്കു നി​സ്സ​ഹാ​യ​വ​സ്ഥ ഉണ്ടാ​കും.
ശി​ശു​വി​ന്റെ ദുഃഖം
images/RedFlowerIllus.jpg
The Red Flower

“ഗ്രീ​ക്ക് അൻ​തോ​ള​ജി” വാ​യി​ക്കു​ന്ന​തു വളരെ രസ​മു​ള്ള പ്ര​വൃ​ത്തി​യാ​ണു്. അതിലെ ഒരെ​ണ്ണം ഓർ​മ്മ​യി​ലെ​ത്തു​ന്നു. ചര​മ​സ്മാ​ര​ക​ത്തി​ലെ കു​റി​പ്പാ​ണു്. “അല​ക്സി​സായ ഞാൻ ഇവിടെ കി​ട​ക്കു​ന്നു. ഞാൻ വി​വാ​ഹം കഴി​ച്ചി​ല്ല. എന്റെ അച്ഛ​നും വി​വാ​ഹം കഴി​ക്കാ​തി​രു​ന്നെ​ങ്കിൽ എന്നു ഞാൻ അഭി​ല​ഷി​ച്ചു​പോ​കു​ന്നു”. ഇതു് എഴു​തി​യ​പ്പോൾ മറ്റൊ​രാ​ശ​യം. ജന​നേ​ന്ദ്രി​യം മു​ഴ​ച്ചു​കാ​ണു​ന്ന ഇറു​കി​പ്പി​ടി​ച്ച പാ​ന്റ്സി​ട്ടു്, ‘ലൗ മീ’ എന്നു എങ്ങും അച്ച​ടി​ച്ച ഷർ​ട്ടി​ട്ടു്, ചര​സ്സും എൽ.എസ്.ഡി. ടൊ​ന്റി​ഫൈ​യും കഴി​ച്ചു് ഒട്ടിയ ചൂ​ത്തു​മാ​യി[1] പെൺ​പി​ള്ളേ​രു​ടെ പിറകേ നട​ന്നു കമ​ന്റ​ടി​ക്കു​ന്ന മകനെ കണ്ടു് അവ​ന്റെ അച്ഛൻ—സമു​ന്ന​ത​നായ ഉദ്യോ​ഗ​സ്ഥൻ—ഭാ​ര്യ​യെ നോ​ക്കി ഉള്ളിൽ എത്ര തവണ പറ​ഞ്ഞി​രി​ക്കും “എടീ നീ പ്ര​സ​വി​ക്കാ​തി​രു​ന്നെ​ങ്കിൽ!”

കു​റി​പ്പു​കൾ

[1] ചൂ​ത്തു്— പൃ​ഷ്ഠം.

കലാ​കൗ​മു​ദി​യിൽ “കഥ​യി​ങ്ങ​നെ” എന്ന കഥ​യി​ല്ലാ​യ്മ സൃ​ഷ്ടി​ച്ച ബക്ക​ളം ദാ​മോ​ദ​ര​നോ​ടു് ആ കഥാ​ശി​ശു പറ​യു​ന്നു. “പി​താ​വേ അങ്ങു് എന്നെ ജനി​പ്പി​ക്ക​രു​താ​യി​രു​ന്നു. ഞാ​ന​ത്ര​യ്ക്കു സി​ല്ലി​യാ​ണ​ല്ലോ”.

ജെ. എം. കൂ​റ്റ്സേ
images/JMCoetzee01.jpg
ജെ. എം. കൂ​റ്റ്സേ

നോബൽ സമ്മാ​ന​ത്തി​നും അർ​ഹ​ത​യു​ള്ള മഹാ​നായ ദക്ഷി​ണാ​ഫ്രി​ക്കൻ നോ​വ​ലി​സ്റ്റാ​ണു് ജെ. എം. കൂ​റ്റ്സേ. അദ്ദേ​ഹ​ത്തി​ന്റെ In the Heart of the Country എന്ന നോ​വ​ലി​നെ​ക്കു​റി​ച്ചു് ജി. മധു​സൂ​ദ​നൻ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ എഴു​തി​യി​രി​ക്കു​ന്നു (ഇരു​ണ്ട പ്ര​കൃ​തി​യും ഇരു​ട്ടി​ലാ​ണ്ട മന​സ്സും) നല്ല ലേഖനം. In the Heart of the Country കൂ​റ്റ്സേ​യു​ടെ ആദ്യ​ത്തെ നോ​വ​ലാ​ണു് എന്നു ലേ​ഖ​ക​ന്റെ പ്ര​സ്താ​വം ശരി​യ​ല്ല. Dusklands എന്ന​താ​ണു് അദ്ദേ​ഹ​ത്തി​ന്റെ ആദ്യ​ത്തെ നോവൽ ഇതിൽ The Vietnam Project, The Narrative of Jacobus Coetzee എന്നു രണ്ടു നോ​വ​ല്ലു​കൾ അട​ങ്ങി​യി​രി​ക്കു​ന്നു. (Novella ചെറിയ നോവൽ Novelle എന്നു ബഹു​വ​ച​നം) 1974-​ലാണു് കൂ​റ്റ്സേ ഇതു് ദക്ഷി​ണാ​ഫ്രി​ക്ക​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​തു്. In the Heart of the country 1977-ലും.

images/DusklandsNovel.jpg

കൂ​റ്റ്സേ​യെ​ക്കു​റി​ച്ചു് ആദ്യ​മാ​യി കലാ​കൗ​മു​ദി​യിൽ എഴു​തി​യ​തു് ഞാ​നാ​ണു്. ഞാൻ ആ വാ​രി​ക​യും എന്റെ ലേ​ഖ​ന​ത്തി​ന്റെ ഇം​ഗ്ലീ​ഷ് തർ​ജ്ജ​മ​യും അദ്ദേ​ഹ​ത്തി​നു് അയ​ച്ചു​കൊ​ടു​ത്തു. നി​രൂ​പ​ണ​ത്തി​നു നന്ദി​പ​റ​ഞ്ഞു​കൊ​ണ്ടു് കൂ​റ്റ്സേ എനി​ക്കെ​ഴു​തിയ മറു​പ​ടി​യിൽ In the Heart of the Country-​യിൽ ആഫ്രി​ക്കൻ പരി​തഃ​സ്ഥി​തി​കൾ കൂ​ടു​ത​ലു​ള്ള​തു​കൊ​ണ്ടു് എനി​ക്കു് ആ നോവൽ അത്ര​ക​ണ്ടു ഇഷ്ട​പ്പെ​ട്ടി​ല്ലെ​ന്നു വരും എന്നു അറി​യി​ച്ചി​രു​ന്നു. (Waiting for the Barbarians എന്ന ഉജ്ജ്വ​ല​ക​ലാ​ശി​ല്പ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു കലാ​കൗ​മു​ദി​യി​ലെ ലേഖനം.) കൂ​റ്റ്സേ​യു​ടെ കത്തു കി​ട്ടി​യ​തി​നു ശേഷം ഞാൻ In the Heart of the Country വാ​യി​ച്ചു. “ആഫ്രി​ക്ക​യു​ടെ ആത്മാ​വു് ഇന്ത്യ​യു​ടെ ആത്മാ​വു തന്നെ. അതു​കൊ​ണ്ടു് ആ നോ​വ​ലും എനി​ക്കി​ഷ്ട​മാ​യി” എന്നു ഞാൻ അദ്ദേ​ഹ​ത്തെ അറി​യി​ച്ചു.

കൂ​റ്റ്സേ​യു​ടെ നോ​വ​ലു​ക​ളെ​ക്കു​റി​ച്ചു് ഇന്ത്യ​യി​ലെ പ്ര​സാ​ധ​ന​ങ്ങ​ളിൽ വരു​ന്ന ലേ​ഖ​ന​ങ്ങ​ളൊ​ക്കെ ഞാൻ അദ്ദേ​ഹ​ത്തി​നു് അയ​ച്ചു​കൊ​ടു​ക്കാ​റു​ണ്ടു്. മധു​സൂ​ദ​ന​ന്റെ ലേ​ഖ​ന​ത്തി​ന്റെ ഇം​ഗ്ളീ​ഷ് തർ​ജ്ജ​മ​യും ഞാൻ അദ്ദേ​ഹ​ത്തി​നു് അയ​ച്ചു​കൊ​ടു​ക്കും.

സ്വ​കാ​ര്യ​ക്ക​ത്തു​കൾ പര​സ്യ​പ്പെ​ടു​ത്തു​ന്ന​തു ശരി​യ​ല്ല. എങ്കി​ലും കൂ​റ്റ്സേ​യു​ടെ ഒരു കത്തി​ലെ ഒരു വാ​ക്യം എഴു​താം: “I am delighted that my books are receiving so much attention in India”. നമ്മു​ടെ കഥാ​കാ​ര​ന്മാർ​ക്കും കവി​കൾ​ക്കും നി​രൂ​പ​കർ​ക്കും രചനകൾ ആവ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു പത്രാ​ധി​പർ ഒരു കാർഡ് അയ​ച്ചാൽ മതി. ഉടനെ അവർ പേ​ന​യെ​ടു​ത്തു കട​ലാ​സ്സിൽ അക്ഷ​ര​ങ്ങൾ വീ​ഴ്ത്തു​ക​യാ​യി. പ്ര​ചോ​ദ​ന​മു​ള്ള​പ്പോൾ മാ​ത്രം എഴു​തു​ന്ന മഹാ​നായ കലാ​കാ​ര​നാ​ണു് കൂ​റ്റ്സേ.

കോ​ജി​റ്റോ എർഗോ സും

“മല​യാ​ള​സി​നി​മ​യി​ലെ മു​ടി​ചൂ​ടാ​മ​ന്നൻ” എന്ന പേരിൽ ഫിലിം നിർ​മ്മാ​താ​വും ഡയ​റ​ക്ട​റും അഭി​നേ​താ​വു​മായ ബാ​ല​ച​ന്ദ്ര​മേ​നോ​നെ ക്കു​റി​ച്ചു് രാ​ജീ​വൻ പൗ​ര​ധ്വ​നി വാ​രി​ക​യി​ലെ​ഴു​തി​യി​രി​ക്കു​ന്നു. ബാ​ല​ച​ന്ദ്ര​മേ​നോൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജിൽ പഠി​ക്കു​മ്പോൾ എന്റെ ശി​ഷ്യ​നാ​യി​രു​ന്നു. ക്ലാ​സി​ലെ ഏറ്റ​വും ബു​ദ്ധി​മാ​നായ വി​ദ്യാർ​ത്ഥി. അഭി​ന​യ​മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം എപ്പോ​ഴും ഒന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു അദ്ദേ​ഹം. അന്ന​ത്തെ കഴി​വു​കൾ ഇന്നു വി​ക​സി​താ​വ​സ്ഥ​യിൽ എത്തി​യി​രി​ക്കു​ന്നു. കു​ട്ടി​യാ​യി​രു​ന്ന കാ​ല​ത്തു് അദ്ദേ​ഹ​മെ​ഴു​തിയ ഒരു നാ​ട​ക​ത്തി​നു് തി​രു​വ​ന​ന്ത​പു​ര​ത്തെ എക്സി​ബി​ഷൻ കമ്മി​റ്റി സമ്മാ​നം നി​ശ്ച​യി​ച്ചു. അന്നു ഗു​രു​നാ​ഥ​നായ എനി​ക്കു് അദ്ദേ​ഹം സമ്മാ​നി​ച്ച ചോ​ക്ക്ലി​റ്റി​ന്റെ മാ​ധു​ര്യം ഇപ്പോ​ഴും എന്റെ നാ​വി​ലു​ണ്ടു്.

“ശൂ​ന്യ​ത​യാൽ ഒന്നും ചെ​യ്യാ​നി​ല്ലാ​ത്ത സമ​യ​ത്തു് എന്തു​ചെ​യ്യ​ണം?” എന്നു ചോ​ദ്യം. “പൈ​ങ്കി​ളി​ക്കഥ എഴു​തി​യാൽ മതി” എന്നു് ഉത്ത​രം. ചന്ദ്രൻ തട്ടു​ക്കുഴ പൂവും പ്ര​സാ​ദ​വും എന്നൊ​രു കൊ​ച്ചു​പൈ​ങ്കി​ളി​ക്കഥ ‘സഖി’ വാ​രി​ക​യി​ലെ​ഴു​തി തന്റെ മന​സ്സി​ന്റെ ശൂ​ന്യ​ത​യെ വി​ളം​ബ​രം ചെ​യ്യു​ന്നു.

അമ്മാ​വ​ന്റെ മോളെ അയാൾ​ക്കി​ഷ്ടം. പക്ഷേ, ദരി​ദ്ര​നായ അയാളെ അമ്മാ​വ​നും അമ്മാ​യി​യും അടു​പ്പി​ക്കു​ന്നി​ല്ല. വർ​ഷ​ങ്ങൾ കഴി​ഞ്ഞു് അയാൾ സമ്പ​ന്ന​നാ​കു​ന്നു. അവർ ദരി​ദ്ര​രും. അവ​രു​ടെ വീ​ട്ടി​ലെ പട്ടി​ക്കു​പോ​ലും തളർ​ച്ച. വി​ഷ​യ​ത്തി​നു പു​തു​മ​യി​ല്ലെ​ങ്കി​ലും ഭേ​ദ​പ്പെ​ട്ട​രീ​തി​യിൽ ബാ​ല​കൃ​ഷ്ണൻ വട​ക്കൂ​ടു് കഥ പറ​ഞ്ഞി​രി​ക്കു​ന്നു (മധുരം വാരിക).

കോ​ജി​റ്റോ എർഗോ സും —I think therefore I am—ഞാൻ വി​ചാ​രി​ക്കു​ന്നു, അതു​കൊ​ണ്ടു് ഞാ​നു​ണ്ടു്—എന്നു് തത്ത്വ​ചി​ന്ത​കൻ വി​ചാ​രി​ച്ചി​ട്ടും അസ്തി​ത്വ​മി​ല്ലാ​ത്ത ആധു​നിക മനു​ഷ്യ​നെ ജെറോം വീ​ഡ്മാ​ന്റെ My Father sits in the Dark) എന്ന കഥയിൽ കാണാം. ഭാ​ഷാ​ന്ത​രീ​ക​ര​ണം കഥാ​മാ​സി​ക​യിൽ വാ​യി​ക്കൂ. കല​യു​ടെ ശക്തി​മ​ന​സ്സി​ലാ​ക്കൂ.

ഭർ​ത്താ​ക്ക​ന്മാർ അഗ്നി​പോ​ലെ​യാ​ണു്. ഭാ​ര്യ​മാർ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കിൽ അവർ കെ​ട്ടു​പോ​കും എന്നു് ഒരു സ്ത്രീ പറ​ഞ്ഞി​ട്ടു​ണ്ടു്. കേ​ര​ള​ത്തി​ലെ പതി​വ്ര​ത​കൾ ആ തീ ആളി​ക്ക​ത്തി​ക്കു​ന്നു. പക്ഷേ, ചൂ​ടേ​റ്റു് അവർ കരി​ഞ്ഞു​പോ​കു​ക​യും ചെ​യ്യു​ന്നു. ഒന്നി​നൊ​ന്നു സു​ന്ദ​രി​മാ​രാ​കു​ന്ന സ്ത്രീ​കൾ ഭർ​ത്താ​ക്ക​ന്മാ​രെ ശ്ര​ദ്ധി​ക്കു​ന്ന​വ​ര​ല്ല എന്നു സി​ദ്ധി​ക്കു​ന്നു.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-10-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.