സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-12-09-ൽ പ്രസിദ്ധീകരിച്ചതു്)

ശരീരത്തിലെ ഏതെങ്കിലും ഗ്രന്ഥിയോ അവയവമോ നിർഗ്ഗമിപ്പിക്കുന്നതും, ഏതു റ്റിഷ്യുവിൽ ചെന്നെത്തുന്നുവോ അതിൽ സ്വാധീനശക്തി ചെലുത്തുന്നതുമായ സ്രാവത്തെ ഹോർമോൺ എന്നു പറയുന്നു. ഗ്രന്ഥിസ്രാവമെന്നു ഇതിനെ നമുക്കു വിളിക്കാം. സ്ത്രീജനനഗ്രന്ഥിയുടെ (ovary) സ്രാവമാണു ഇസ്ട്രജൻ. ഇതിന്റെ പ്രവർത്തനംകൊണ്ടാണു സ്ത്രീകളുടെ സ്തനങ്ങൾ വളർച്ചയിലെത്തുന്നതു്. പുരുഷന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ കാൻസർ വരുമ്പോൾ ഇസ്ട്രജൻ കൊണ്ടു ചികിൽസ നടത്താറുണ്ടു്. പക്ഷേ ചില പുരുഷന്മാർക്കു അതിന്റെ ഫലമായി മുല സ്ത്രീകളുടേതെന്നപോലെ വലുതാകും. അതു സംഭവിച്ചാൽ ബനിയൻ പോരാ അവർക്ക്, ബ്രാ തന്നെ ധരിക്കണം. ജവുളിക്കടയിൽ നല്ല തിരക്കായിരിക്കും അപ്പോൾ. മുതലാളിമാർക്ക് പണം ധാരാളം കിട്ടും. ബ്രാ എടുത്തു് ഡസ്കിന്റെ പുറത്തു ഇടുന്ന ജോലിക്കാർക്കു വലിയ കൗതുകം കാണുകില്ലെന്നേയുള്ളൂ. തരുണി വന്നു നിൽക്കുമ്പോൾ “ഇരുപത്തെട്ടു ഇഞ്ചോ മുപ്പതു് ഇഞ്ചോ?” എന്നു ചോദിച്ച് മാറിടത്തിലേക്ക് കള്ളക്കണ്ണെറിഞ്ഞ് പുഞ്ചിരിയോടെ ബ്രാ എടുത്തിട്ടു് അതിൽ മൃദുലമായി വിരലോടിക്കുന്നതിലെ രസമെവിടെ? തടിമാടന്റെ മുൻപിൽ അയാൾക്കുവേണ്ട തടിയൻ ബ്രാ എടുത്തുവയ്ക്കുന്നതിലെ വൈരസ്യമെവിടെ? സ്തനവൈപുല്യം സംഭവിക്കുന്ന പുരുഷന്മാരുടെ സംഖ്യ കൂടിയാൽ ജവുളിക്കടയിലെ ജോലിക്കാർ പണിമുടക്കിലേർപെടുമെന്നാണു എന്റെ വിചാരം.

ഇസ്ട്രജൻ ചികിൽസ നടത്തി വക്ഷോജവൈപുല്യം സംഭവിച്ചുപോയ പുരുഷനെപ്പോലെയാണു നവീന ചെറുകഥ. മനുഷ്യനെസംബന്ധിച്ച കാര്യങ്ങളല്ല അതിലുള്ളതു്. എക്സിസ്റ്റെൻഷ്യലിസ ത്തിന്റെയും സ്ട്രക്ചറലിസ ത്തിന്റയും ഉരസിജങ്ങൾ അതിൽ മുഴച്ചുനിൽക്കുന്നു. വികാരമല്ല ആശയമാണു അതിൽ മലപോലെ തള്ളിവന്നിരിക്കുന്നതു്. കഥയല്ല, സിദ്ധാന്തമാണു അതിൽ കചാകാരമാർന്നു് കണ്ണിനെ പീഡിപ്പിക്കുന്നതു്. വായനക്കാർ പണിമുടക്കുന്നതിനു മുൻപു് ഇസ്ട്രജൻ ചികിൽസ നടത്തുന്നതിൽനിന്നു കഥാകാരഭിഷഗ്വരന്മാർ പിന്തിരിയണമെന്നു അഭ്യർത്ഥിക്കുന്നു.

പ്രോസ്റ്റേറ്റ്ഗ്രന്ഥി പുരുഷന്റെ മൂത്രസഞ്ചിയുടെ ‘ഗള’ത്തോടു ചേർന്നതാണു. Prostate എന്നു ഇംഗ്ലീഷിൽ എഴുതുന്നു. ഇതിനെ എസ്. ഗുപ്തൻനായർ Prostrate എന്നാക്കിയിരിക്കുന്നു. (എൻ. ബി. എസ്. കൺസൈസ് ഇംഗ്ലീഷ് മലയാളം നിഘണ്ടു, ആറാമത്തെ പതിപ്പു്).

Prostrate gland എന്നതിനു ശുക്ലഗ്രന്ഥി എന്ന അർത്ഥവും നൽകിയിട്ടുണ്ടു്. Prostate എന്നു നിഘണ്ടുകാരൻ എഴുതിക്കൊടുക്കുകയും അച്ചടിച്ചയാൾ ഒരു r കൂടെ അറിയാതെ ചേർത്തു് Prostrate എന്നു് ആക്കുകയും ചെയ്തതാണെങ്കിൽ അച്ചടിപ്പിശകുള്ള ആ പദം Prosper എന്നതിനും Prostitute എന്നതിനും ഇടയ്ക്കുവരുമായിരുന്നു. ഇപ്പോൾ അതു് ‘മുഖം കീഴോട്ടാക്കി നിലത്തുകിടക്കുന്ന’ എന്ന അർത്ഥമുള്ള Prostrate എന്ന പദത്തിനുശേഷമാണു അച്ചടിച്ചിരിക്കുന്നതു്. അക്ഷരക്രമത്തിലുള്ള അച്ചടിതന്നെ. ഒരു കണക്കിൽ ഗുപ്തൻനായരുടെ ഈ പുതിയ പേരു അസ്സലായിട്ടുണ്ടു്. മൂത്രസഞ്ചിയോടു ചേർന്നു് അങ്ങു താഴെയാണല്ലോ പ്രൊസ്റ്റേറ്റിന്റെ കിടപ്പു്. അവൻ—ആ ഗ്രന്ഥി—മുഖം കീഴോട്ടാക്കി കിടക്കുകയാണു. അവനെ പ്രൊസ്റ്റേറ്റ് എന്നല്ല വിളിക്കേണ്ടതു്, പ്രൊസ്റ്റ്രേറ്റ് എന്നു തന്നെ, നിഘണ്ടുകാരനു അഭിനന്ദനം; ഇംഗ്ലീഷ് മട്ടിലാണെങ്കിൽ അഭിനന്ദനങ്ങൾ.

സർവസാധാരണത്വം

മുപ്പത്തിമൂന്നുഭാഷകൾ പഠിച്ച് ഒരു നാട്ടിൽച്ചെന്ന ഒരാൾ അവിടത്തെ ഭാഷയിൽ അജ്ഞനായിരുന്നതുകൊണ്ടു് വെള്ളം വാങ്ങിക്കുടിക്കുവാൻപോലും വയ്യാതെ കഷ്ടപ്പെട്ട കഥ ഞാൻ കേട്ടിട്ടുണ്ടു്. അങ്ങനെ തളരുന്നവേളയിൽ അദ്ദേഹത്തിന്റെ മാതൃഭാഷ അറിയാവുന്ന ഒരാളെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ! അദ്ദേഹത്തിനറിയാവുന്ന മുപ്പത്തിമൂന്നുഭാഷകളിൽ ഒരു ഭാഷയെങ്കിലും അറിയാവുന്ന ഒരാളുണ്ടായിരുന്നെങ്കിൽ! എന്തൊരാഹ്ലാദമായിരിക്കും ആ മനുഷ്യനു്!

വടക്കേ ഇന്ത്യയിലൊരിടത്തു് ഞാൻ ബസ്സ് കാത്തു നിൽക്കുകയായിരുന്നു. വളരെനേരം നിന്നിട്ടും ബസ്സ് കാണാത്തതുകൊണ്ടു് അവിടെ പുസ്തകക്കെട്ടുമായി നിന്നിരുന്ന ഒരു പെൺകുട്ടിയോടു് “ബസ്സ് ഇപ്പോൾ വരുമോ?” എന്നു് ഇംഗ്ലീഷിൽ ചോദിച്ചു. “പത്തരമണിക്കു വരും” എന്നു് ആ കുട്ടി ഇംഗ്ലീഷിൽ മറുപടി നൽകി. “ഇവിടെ മലയാളം അറിയാവുന്ന ആരുമില്ലേ?” എന്നു് ഞാൻ വീണ്ടും ഇംഗ്ലീഷിൽ ചോദിച്ചു. മറുപടി മലയാളത്തിലായിരുന്നു: “ഞാൻ കണ്ണൂർക്കാരിയാണു്, സാറിനെ കണ്ടപ്പോഴേ എനിക്കു മനസ്സിലായി ആരാണെന്നു്”. അപ്പോഴുണ്ടായ ആഹ്ലാദത്തിനു അതിരില്ലായിരുന്നു. ഗോസായിഭാഷ മാത്രം കേട്ടുതഴമ്പിച്ച കാതിൽ മലയാളഭാഷയുടെ മധുരിമ. അതിനെക്കാൾ വലിയൊരു ആഹ്ലാദം വേറെയില്ല. നിത്യജീവിതത്തിൽ ഇങ്ങനെയൊക്കെയാണു്. സാഹിത്യത്തിൽ വിഭിന്നവും. നമ്മൾ ഇന്നുവരെ കാണാത്ത ദൃശ്യം ഇംഗ്ലീഷ് കഥയിൽനിന്നു് ഉണ്ടാകുമ്പോൾ ആഹ്ലാദാനുഭൂതി. അവിടെ ‘മീഡിയം’ പരിഗണനാർഹമല്ല. സർവ്വസാധാരണത്വം മലയാളഭാഷയിലൂടെ കാണാറായാലോ? അറപ്പും വെറുപ്പും. ഈ രണ്ടു വികാരങ്ങളാണു മനോരാജ്യം വാരികയിലെ “ആകാശം നഷ്ടപ്പെട്ട പറവകൾ” എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്കുണ്ടായതു് (മനു ഇടുക്കി എഴുതിയതു്). പട്ടാളത്തിൽ ജോലിയുള്ള മകൻ തിരിച്ചുവന്നപ്പോൾ അധികാരികൾ അവനെ തിരിച്ചുവിളിച്ചു, യുദ്ധസേവനത്തിനായി. മകൻ ജീവനോടെ മടങ്ങിവരില്ലെന്നു മനസ്സിലാക്കി അച്ഛൻ തകർന്നടിയുന്നു.

പൂജപ്പുര കൃഷ്ണൻ നായരുടെ “മനുഷ്യർ നല്ലവരാണു്” എന്ന നാടകം തിരുവനന്തപുരത്തു് അഭിനയിച്ചു. നാടകം തീർന്നപ്പോൾ പ്രേക്ഷകരിൽ ഒരാളായ തിക്കുറിശ്ശി സുകുമാരൻനായർ അഭിപ്രായം പറയണമെന്നു് നാടകകർത്താവു് അഭ്യർത്ഥിച്ചു. തിക്കുറിശ്ശി സുകുമാരൻനായർ സ്റ്റേജിലേക്കു കയറിയിട്ടു പറഞ്ഞു: “മനുഷ്യർ നല്ലവരാണു, എന്ന ഈ നാടകത്തിന്റെ പേർ അന്വർത്ഥം തന്നെ. അല്ലെങ്കിൽ ഇവിടെ എന്തെല്ലാം സംഭവിക്കില്ലായിരുന്നു!” നമ്മുടെ ചെറുകഥകൾ വായനക്കാരായ നമ്മളുടെ നന്മയുടെ അതിരു പരിശോധിക്കുന്നു. ക്ഷമയുടെ നെല്ലിപ്പലകയിലേക്കു കൊണ്ടുചെല്ലുന്നു.

ആവശ്യകതയ്ക്ക് അപ്പുറം

ഇന്നതു ശരി, ഇന്നതു തെറ്റു് എന്നു പണ്ടത്തെ സാഹിത്യവും ചിത്രകലയുമൊക്കെ നമ്മെ ഗ്രഹിപ്പിച്ചിരുന്നു. ഇന്നത്തെ സാഹിത്യത്തിനും കലയ്ക്കും അതിനു കഴിവില്ല. സമുദായത്തിൽ ഇന്നു കാണുന്ന കുഴപ്പങ്ങൾക്ക് ഒരു കാരണവും ഇതുതന്നെ.

എ. എൻ. തമ്പി വിദ്യാഭ്യാസ ഡയറക്ടറായിരുന്നകാലം. തന്റെ വീട്ടിലിരിക്കുന്ന അദ്ദേഹത്തിന്റെ മുൻപിൽ പല ഉദ്ദ്യോഗസ്ഥപ്രമാണികൾ. അക്കാലത്തെ വിദ്യാഭ്യാസഡയറക്ടർക്കു വലിയ അധികാരമാണു്. ഒരു പുസ്തകം ‘ടെക്സ്റ്റ് ബുക്കാ’ക്കിക്കൊടുത്താൽമതി അതിന്റെ ഗ്രന്ഥകാരൻ അതോടെ കോടീശ്വരനാകും. അതുകൊണ്ടു് പ്രമാണികൾ അദ്ദേഹത്തിന്റെ പ്രീതിനേടുന്ന മട്ടിൽ സംസാരിക്കുകയായിരുന്നു, വിനയം പ്രകടിപ്പിക്കുകയായിരുന്നു. അപ്പോഴുണ്ടു് അദ്ദേഹത്തിന്റെ മേശയുടെ പുറത്തുനിന്നു് ഒരു കടലാസു് ഇളകിപ്പറക്കുന്നു. ഉദ്യോഗസ്ഥന്മാർ എല്ലാവരുംകൂടി ഒറ്റച്ചാട്ടം അതെടുത്തുമേശപ്പുറത്തുവെക്കാനായി. എനിക്കവരോടു പുച്ഛം തോന്നി. മനുഷ്യന്റെ ഡിഗ്നിറ്റി—അന്തസ്സു്—ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടു്. ആ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് ജീവിക്കാത്തവൻ അമാന്യനാണ്‘. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറണമെന്നു് ടോൾസ്റ്റോയിവാർ ആൻഡ് പീസി ”ലൂടെ വ്യക്തമാക്കിയിട്ടുണ്ടു്. നെപ്പോളിയനെ കാണാൻ റഷ്യൻ നയതന്ത്രപ്രതിനിധി ചെന്നു. രണ്ടുപേരും സംഭാഷണം നടത്തുകയാണു്. റഷ്യാക്കാരനെ പരിശോധിക്കാനായി നെപ്പോളിയൻ ഒരു വിദ്യയെടുത്തു. തന്റെ കൈലേസെടുത്തു മൂക്കുതുടച്ചിട്ടു് അദ്ദേഹം അതു കരുതിക്കൂട്ടി താഴെയിട്ടു. റഷ്യാക്കാരൻ അതെടുത്തുകൊടുക്കുമോ എന്നു പരിശോധിക്കാനായിരുന്നു നെപ്പോളിയന്റെ യത്നം. പ്രതിനിധി അതു മനസ്സിലാക്കിയെങ്കിലും അനങ്ങിയില്ല എന്നു മാത്രമല്ല സ്വന്തം കൈലേസെടുത്തു മുഖം തുടച്ചിട്ടു് അതു താഴെയിടുകയും ചെയ്തു. എന്നിട്ടു് അതു കുനിഞ്ഞെടുത്തു് സ്വന്തം ഉടുപ്പിന്റെ കീശയിൽ വച്ചു. അസാധാരണനായ ഒരുത്തനോടാണു തനിക്കു കാര്യങ്ങൾ ചർച്ചചെയ്യാനുള്ളതെന്നു നെപ്പോളിയൻ മനസ്സിലാക്കി. മാന്യതയുടെയും അന്തസ്സിന്റെയും നിയന്ത്രണങ്ങളെ ലംഘിച്ചില്ല റഷ്യൻ പ്രതിനിധി. ഈ വിധത്തിലുള്ള നിയന്ത്രണങ്ങൾ ദീർഘകാലത്തെ സംസ്കാരത്തിന്റെ ഫലമാണു്. അതു ചിലപ്പോൾ കലയിലും ആവിർഭവിക്കും. ഇന്നതു ശരി, ഇന്നതു തെറ്റു് എന്നു പണ്ടത്തെ സാഹിത്യവും ചിത്രകലയുമൊക്കെ നമ്മെ ഗ്രഹിപ്പിച്ചിരുന്നു. ഇന്നത്തെ സാഹിത്യത്തിനും കലയ്ക്കും അതിനു കഴിവില്ല. സമുദായത്തിൽ ഇന്നു കാണുന്ന കുഴപ്പങ്ങൾക്ക് ഒരു കാരണം ഈ നിയന്ത്രണം സാഹിത്യത്തിൽനിന്നും ചിത്രകലയിൽനിന്നും വിട്ടുപോയതാണു്.

images/NapoleonBonaparte.jpg
നെപ്പോളിയൻ

ആശയങ്ങൾക്കോ വികാരങ്ങൾക്കോ സ്ഫുടീകരണം നൽകുമ്പോഴും ഒരു തരത്തിലുള്ള നിയന്ത്രണത്തിനു കലാകാരൻ വിധേയനായിരിക്കണം. സാഹിത്യസൃഷ്ടി വികാരം മാത്രമായാൽ അതിന്റെ കലാംശം നഷ്ടപ്പെടും. ആശയം മാത്രമായാലും അതുതന്നെ സംഭവിക്കും. ടെക്നിൿ മാത്രമേയുള്ളൂ എന്നുവന്നാൽ? അതു സാഹിത്യസൃഷ്ടിയല്ല, കലാസൃഷ്ടിയല്ല. ടെക്നിക് തീരെയില്ലെങ്കിലും ഫലം അതുതന്നെ. പ്രതിരൂപങ്ങളെ കലാപരമായ ആവശ്യകതയ്ക്ക് അതീതമായി നിവേശിപ്പിക്കുമ്പോൾ കലാസൃഷ്ടി തകരുന്നു. ഈ ന്യൂനതയാണു ഹരി മായന്നൂർ കലാകൗമുദിയിലെഴുതിയ “ചുവപ്പിലേക്കുള്ള വഴി” എന്ന കഥയ്ക്കുള്ളതു്. വിശുദ്ധിയുടെ പ്രതീകമായ റോസാപ്പൂവുമായി ചെറുപ്പക്കാരി പട്ടണത്തിലെത്തുന്നു. അവിടെ ക്രൂരതയുടെ പ്രതീകമായ കരിനാഗമാണു അവൾ കാണുന്നതു്. ഹോസ്റ്റലിൽ ലസ്ബിയനിസവും. ഗ്രാമത്തിന്റെ പാവനത്വവും നഗരത്തിന്റെ കുത്സികത്വവും ധ്വനിപ്പിക്കാനാണു കഥാകാരന്റെ ഉദ്ദേശ്യം. കഥയിലെ ഭാവത്തിനു ലയമുണ്ടു്. ആ ഭാവത്തെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന പ്രതീകങ്ങളും സ്പന്ദിക്കണം. രണ്ടുംകൂടിച്ചേരുമ്പോൾ എല്ലാം തരംഗിതമാകണം. അതു സംഭവിക്കുന്നില്ല ഇക്കഥയിൽ. പ്രതീകങ്ങൾ മാത്രം മുഴച്ചുനിൽക്കുന്നു. അക്കാരണത്താൽ ഇതു കൃത്രിമത്വത്തിന്റെ സന്തതിയാണു്.

ഒരു കഥപറയാൻ തുടങ്ങിയിട്ടു് ഒരാൾ മാർക്ക് ട്വയിനി നോടു് ചോദിച്ചു: “ഇതു മുൻപു കേട്ടിട്ടുണ്ടോ?” ഇല്ലെന്നു് അദ്ദേഹത്തിന്റെ മറുപടി. കഥ കുറെ പറഞ്ഞിട്ടു് അയാൾ വീണ്ടും ചോദിച്ചു: “ഇതു കേട്ടിട്ടില്ലല്ലോ?” “ഇല്ല” എന്നു ട്വയിൻ വീണ്ടും. കഥ പരകോടിയിൽ എത്താറായപ്പോൾ അയാൾ പിന്നെയും ചോദിക്കുകയായി: “കേട്ടിട്ടില്ലല്ലോ മുൻപു്?” അപ്പോൾ ട്വയിൻ അറിയിച്ചു. “മര്യാദയുടെ പേരിൽ ഞാൻ രണ്ടുതവണ കള്ളം പറഞ്ഞു. മൂന്നാമതും എനിക്കു കള്ളം പറയാൻ വയ്യ. ഞാനിതു കേട്ടിട്ടുണ്ടു്. എന്നല്ല ഞാനാണു ഇക്കഥ ഉണ്ടാക്കിയതും.” മാർക്ക് ട്വയിനാരു്? ഞാനാരു്? എങ്കിലും കഥ എഴുതട്ടെ. ഹരി മായന്നൂരിന്റെ കഥ ഞാൻ രചിച്ചതല്ലെങ്കിലും മറ്റാരും ഇതുപോലെ എഴുതിയിട്ടില്ലെങ്കിലും ഇതുപോലുള്ള കഥകൾ ഞാൻ ധാരാളം കേട്ടിട്ടുണ്ടു്.

സുഗതകുമാരി, മാധവിക്കുട്ടി, അമൃതാപ്രീതം
images/IndiraGandhi02.jpg
ഇന്ദിരാഗാന്ധി

ആഭിചാരത്തിന്റെ കുത്സിതശക്തിയാണു മക്ബത്തിനെ കൊലപാതകത്തിലേക്കു നയിച്ചതു്. തമസ്സിന്റെ ദൗഷ്ട്യം ദൗഷ്ട്യമാണെന്നു മനസ്സിലാക്കാതെ സൈന്യത്തിന്റെ ജനറലായ ബങ്കോയും പറഞ്ഞു: But it’s strange: And of ten times, to win us to our harm, The instruments of darkness tell us truths, Win us with honest trifles, to betray’s in deepest consequence (Act I Sc 3) മതാന്ധതയും അതിനു സഹായം നൽകുന്ന വ്യക്തികളുടെ ക്രൂരതയും “അന്ധകാരത്തിന്റെ ഉപകരണങ്ങളാ” ണു്. ആ ഉപകരണങ്ങളാണു മഹതിയായ ഇന്ദിരാഗാന്ധി യെ ഇല്ലാതാക്കിയതു്. മക്ബത്തു് ജീവിതാന്ത്യത്തിൽ തന്റെ തെറ്റു മനസ്സിലാക്കി. ഭാരതത്തിലെ തമസ്സിന്റെ ശക്തികൾ അവയുടെ തെറ്റുകൾ മനസ്സിലാക്കുമോ?

ഇന്ദിരാഗാന്ധിയുടെ മഹത്ത്വത്തിലേക്കും അവരെ നശിപ്പിച്ച ശക്തികളുടെ ഭീകരതയിലേക്കും വായനക്കാരെ കൊണ്ടുചെല്ലുന്നു സുഗതകുമാരി യുടെ കലാത്മകമായ “പ്രിയദർശിനീ നിനക്കുറങ്ങാമിനി” എന്ന കാവ്യം. ഇന്ദിരാഗാന്ധിയുടെ നിശ്ചേതനമായ ശരീരം നമ്മൾ ടെലിവിഷനിൽ കണ്ടു. കണ്ണീർ ഒഴുക്കി. മിന്നൽപ്പിണരിൽ വസ്തുക്കൾക്കു ഔജ്ജ്വല്യം ലഭിക്കുന്നതുപോലെ ആ പ്രത്യക്ഷ ശരീരത്തിന്റെ വർണ്ണനയ്ക്ക് കലയുടെ ഉജ്ജ്വലത ലഭിക്കുന്നതു് നോക്കുക.

“അമ്മയെക്കൊന്നോർ ഞങ്ങൾ ഖിന്നനാ മശ്വത്ഥാമാ

വെന്നപോൽ തലപുകച്ചെത്ര നാളലയേണം?

പ്രിയദർശിനി നിനക്കുറങ്ങാമിനി സ്വൈരം

ഇനിയുമുറങ്ങാതെ കാത്തിരിക്കേണ്ടോർ ഞങ്ങൾ.

… … …

പ്രിയദർശിനി, ദർശനാതീതയാകെ പ്രിയ

തമയായ് തീരുന്നോളേ നിന്നെ ഞാൻ നമിക്കുന്നൂ

നിന്ദതൻ തീരാച്ചൂടിൽ എന്നെന്നും കരയുന്നോ

രിന്ത്യതൻ സ്ത്രീത്വത്തിന്റെയഭിമാനമേ വിട.

(മാതൃഭൂമി ആഴ്ചപ്പതിപ്പു്)

ചേലാഞ്ചലം ഇലപ്പടർപ്പിൽ ഉടക്കിയെന്ന മട്ടിൽ അതു ‘വിടുവിച്ചിടുന്ന’ കാപട്യത്തെയും ദർഭമുന കാലിൽക്കൊണ്ടു എന്ന രീതിയിൽ കഴുത്തുതിരിച്ചുനോക്കുന്ന ശകുന്തള യുടെ മുഖത്തെ ദീപ്തിയേയും ചായം കൊണ്ടു് ശാശ്വതമാക്കിയിരിക്കുന്നു രാജാരവിവർമ്മ. മകന്റെ കഴുത്തു മുറിക്കാൻ ആവശ്യപ്പെടുന്ന മോഹിനിയുടെ മുഖത്തെ സൗന്ദര്യവും ക്രൗര്യവും നോക്കൂ. മരണം വരിക്കാൻ സന്നദ്ധനായി നിൽക്കുന്ന ആ കുട്ടിയുടെ ധൈര്യം കാണൂ. അവനെ കൊല്ലാൻ വയ്യാതെ നിൽക്കുന്ന രുക്മാംഗദന്റെ പാരവശ്യം ശ്രദ്ധിക്കൂ. രവിവർമ്മയുടെ സർഗ്ഗാത്മകത്വമാണു അവയ്ക്കെല്ലാം ശ്വാശ്വതികത്വം നൽകിയതു്. നദിയിലെ ഒരോളത്തിന്റെ ഭംഗി നാമറിയുന്നതു് അതിൽ സൂര്യരശ്മി പതിക്കുമ്പോഴാണു്. ഇന്ദിരാഗാന്ധി കവിത ഇഷ്ടപ്പെട്ടിരുന്നുവെന്നു് അവരെ നേരിട്ടറിഞ്ഞിരുന്ന മാധവിക്കുട്ടി പറയുമ്പോൾ നാം അതറിയുന്നു. അതു് സൂര്യകിരണസ്പർശത്താൽ വെള്ളം തിളങ്ങുന്നതുപോലെയാണെന്നു ഞാൻ കരുതുന്നു.

“എന്നോടു കവിതകളെപ്പറ്റി സംസാരിച്ചുവെന്നും യാത്ര പറയുമ്പോൾ ഞങ്ങൾ അന്യോന്യം ചുംബിച്ചുവെന്നും ഞാനൊരു മിത്രത്തോടു പറഞ്ഞപ്പോൾ” എന്ന ഭാഗം നോക്കുക. ആ മിത്രം ദയയില്ലാതെ സംസാരിച്ചെങ്കിലും ഇന്ദിരാഗാന്ധിയുടെ കാവ്യലോലുപമായ ഹൃദയം മാധവിക്കുട്ടിയുടെ വാക്യങ്ങളിൽ പ്രതിഫലിക്കുന്നു. പ്രിയദർശിനിക്കൊരു ചുംബനം (മാതൃഭൂമി ആഴ്ചപ്പതിപ്പു്).

സത്യദർശനത്തിന്റെ നിമിഷം ധവളാഭമാണു്. ആ നിമിഷംകൂടി അമൃതാപ്രീത ത്തിന്റെ വാക്കുകളിലൂടെ കണ്ടാലും: ”ഇന്ദിരയുടെ മുറിയിൽ ചുവരിൽ മോത്തിലാൽ ജിയുടേയും നെഹ്രു ജിയുടേയും ചിത്രങ്ങളുണ്ടു്. ബാസുദാ ഒരവസരത്തിൽ ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോൾ ഇന്ദിരയോടു പറഞ്ഞു: “ഈ ചിത്രത്തിൽ നോക്കുമ്പോൾ അതിൽ പൊടി പുരണ്ടിരിക്കുന്നുവെന്നു കണ്ടിട്ടെന്നപോലെ നിങ്ങൾ സാരിത്തുമ്പുകൊണ്ടു് അതു് തുടച്ചുകൊണ്ടിരിക്കണം…”

കാലത്തിന്റെ പൊടി തുടച്ചു മാറ്റുന്നതായി ചിത്രീകരിക്കാനാണു ബാസുദാ ശ്രമിച്ചതെന്നു് സ്പഷ്ടമാണു്.

ഇന്ദിര ഉറച്ച സ്വരത്തിൽ പറഞ്ഞു: “പറ്റില്ല, പൊടിതട്ടിയെടുത്തു് ചിത്രങ്ങൾ തുടയ്ക്കാം. സാരിത്തുമ്പുകൊണ്ടു് തുടയ്ക്കാൻ പറ്റില്ല. ചിത്രം എത്രമാത്രം മഹാനായ വ്യക്തിയുടേതാണെന്നതല്ല പ്രശ്നം. മഹാന്മാർ ചിത്രങ്ങളിലല്ല, നമ്മുടെ ചിന്തകളിലാണു് എല്ലായ്പ്പോഴും വസിക്കുന്നതു്. സാരിത്തുമ്പുകൊണ്ടു് തുടച്ചാൽ എനിക്ക് സാരി മാറേണ്ടിവരും. പൊടിയോടു് എനിക്കു സ്നേഹവും ബഹുമാനവുമൊന്നുമില്ല.” ശരിയാണു്. അവരുടെ ചിന്തകളിലില്ലാത്തതു് ഷോട്ടുകളിലും വരാൻ പാടില്ല (മാതൃഭൂമി ആഴ്ചപ്പതിപ്പു്).

രാഷ്ട്രവ്യവഹാരത്തിൽ ആമഗ്നയായിരുന്ന ഇന്ദിരാഗാന്ധിയേയും ചിന്താമണ്ഡലത്തിൽ അനലസയായി സഞ്ചരിച്ച ഇന്ദിരാഗാന്ധിയേയും നമ്മൾ ഈ രചനകളിൽ ദർശിക്കുന്നു. പ്രപഞ്ചം വികസിക്കുന്നുവെന്നാണു് ശാസ്ത്രകാരന്റെ മതം. Expanding Universe എന്നാണു് അദ്ദേഹം പറയുക. അന്തരിച്ച മഹതിയുടെ മനസ്സു് നിരന്തരം വികസിച്ചിരുന്നു എന്നതു് നമ്മൾ നേരത്തേ അറിഞ്ഞില്ലല്ലോ. ​​

ബുക്ക് റെവ്യൂ എന്നാൽ എഴുതിയ ആളും പുസ്തകം രചിച്ചയാളും മാത്രം വായിക്കുന്ന കോളം

മനുഷ്യൻ ഈ ഭൂമണ്ഡലത്തിൽ ആവിർഭവിച്ചകാലം തൊട്ടു യാത്ര ചെയ്യുകയാണു്. ഉണ്മതേടിയുള്ള യാത്ര. താൻ കണ്ടതും അനുഭവിച്ചതുമൊക്കെ അവൻ ആവിഷ്കരിക്കുന്നു. മൊഹൻജദാരോഹാരപ്പ പരിഷ്കാരങ്ങൾ ആ ആവിഷ്കാരത്തിന്റെ രേഖകളാണു്. രാമായണവും ഭാരതവും രഘുവംശവും ഗീതാഞ്ജലിയും അങ്ങനെയുള്ള രേഖകളത്രേ. അങ്ങനെ സഞ്ചരിച്ച് ഉണ്മതേടുന്ന മനുഷ്യനെ രവി ഭാവഗാനം പോലെ ചേതോഹരമായ ഒരു കഥയിലൂടെ ചിത്രീകരിക്കുന്നു (ഉണ്മ, മാതൃഭൂമി ആഴ്ചപ്പതിപ്പു്). ഭാവഗാനത്തിനു ചാരുതയുള്ളതുപോലെ അവ്യക്തതയുമുണ്ടു്. ആ അവ്യക്തതയും ഭംഗിതന്നെ. മൂടൽമഞ്ഞിലൂടെ ഗോപുരം കണ്ടാൽ എങ്ങനെയിരിക്കും? ആഹ്ലാദാനുഭൂതി. ആ അനുഭൂതി വിശേഷമാണു ഈ കൊച്ചുകഥ വായിച്ചപ്പോൾ എനിക്കുണ്ടായതു്.

നിർവ്വചനങ്ങൾ
ബ്യൂട്ടിപാർലറുകൾ:
സൗന്ദര്യമുള്ളവരുടെ മുഖം ബ്ലീച്ച്ചെയ്തു് വൈരൂപ്യമുള്ളവരാക്കിത്തീർക്കുന്ന ശ്വേതകുഷ്ഠാഗാരങ്ങൾ.
ചങ്ങമ്പുഴ:
കാവ്യവിപഞ്ചികയിലും അനേകം തരുണികളുടെ ഹൃദയവിപഞ്ചികയിലും രാഗങ്ങൾ മീട്ടിയ ജീനിയസ്.
ടെലഫോൺ:
കഠോരമർദ്ദനത്തിനുള്ള ഉപകരണം.
റിസ്റ്റ് വാച്ച്:
നമ്മൾ വല്ലപ്പോഴും അന്യന്റെയോ ബന്ധുവിന്റെയോ വീട്ടിൽ ചെന്നുകയറിയാലുടൻ അയാൾക്ക് ‘തുരുതുരാ’ നോക്കി നമ്മെ അപമാനിക്കാനുള്ള യന്ത്രം.
ബുക്ക് റെവ്യൂ:
എഴുതിയ ആളും പുസ്തകം രചിച്ചയാളും മാത്രം വായിക്കുന്ന കോളം.
മാക്സിം ഗോർക്കി:
ഒരു സൂപ്പർ ജേർണലിസ്റ്റ്.
കപടമായ ആദർശം

ദാമ്പത്യജീവിതം. അതിൽ ഭർത്താവിനുള്ള വൈകല്ല്യങ്ങൾ മാത്രമേ ഇപ്പോൾ എഴുതുന്നുള്ളൂ.

  1. വീട്ടിൽ വന്നുകയറിയാലുടൻ ഭാര്യയോടു ശണ്ഠകൂടുന്നു. അയാളെ കുറ്റം പറയാനില്ല. അയാളുടെ അച്ഛനും അമ്മയും വഴക്കു കൂടാത്ത ഒരു ദിവസവും ഇല്ലായിരുന്നു. അതു കണ്ടുവളർന്നവനാണു് അയാൾ. അടുത്ത വീട്ടിലെ ശബ്ദം എന്താണു്? റേഡിയോ വോള ്യം കൂട്ടി വച്ചിരിക്കുന്നതുകൊണ്ടു് ശരിയായി കേൾക്കാൻ വയ്യ. സ്വിച്ചോഫ് ചെയ്താൽ ഭർത്താവു് ഭാര്യയെ ഇടിക്കുന്ന ശബ്ദം കേൾക്കാതാകും.
  2. വീട്ടിലെത്തിയാലുടൻ കുപ്പി കയ്യിലെടുക്കുന്നു. കൂട്ടുകാരുണ്ടെങ്കിൽ അവർക്കുവേണ്ട ഗ്ലാസ് ഭാര്യതന്നെ കൊണ്ടുകൊടുക്കണം. അവൾ ഒഴിച്ചുകൊടുക്കുകയും വേണം. ഇറച്ചി പ്ലേറ്റിൽ ഒഴിയുമ്പോൾ അല്ലെങ്കിൽ മസാലക്കപ്പലണ്ടി തീരുമ്പോൾ അവൾ അതു കൊണ്ടുവരണം. വീട്ടിന്റെ പാവനത്വം ഭർത്താവു നശിപ്പിക്കുന്നുവെന്നു പറഞ്ഞാൽ കരളുനോക്കി അയാൾ അവളെ ഇടിക്കും.
  3. രാത്രി രണ്ടുമണി കഴിഞ്ഞിട്ടും ഭർത്താവു് എത്തിയിട്ടില്ല. ഭാര്യ കൂടെക്കൂടെ ജന്നലിൽക്കൂടെ റോഡിലേക്കു നോക്കിയിട്ടു് ‘ഭഗവാനേ’ എന്നു ദയനീയമായി വിളിക്കുന്നു. അയാൾ ആ സമയത്തു് മദ്യക്കുപ്പി കൈയിലെടുത്തു് കൂട്ടുകാരന്റെ വീട്ടിൽ നൃത്തം ചവിട്ടുകയായിരിക്കും.
  4. കുടിയനല്ല ഭർത്താവെന്നിരിക്കട്ടെ. രാത്രി ഒരുമണിവരെ ഉറക്കം ഭാവിച്ചുകിടക്കുന്നു. ഭാര്യ കൂർക്കംവലി തുടങ്ങിയെന്നു കണ്ടാൽ മെല്ലെ എഴുന്നേറ്റു് അടുത്ത മുറിയിൽ കിടക്കുന്ന വേലക്കാരിയുടെ അടുത്തുപോകുന്നു. നേരം വെളുക്കുമ്പോൾ ഭാര്യ കേൾക്കെ വേലക്കാരിയെ ശകാരിക്കുന്നു. “ഞാൻ അവളു കേൾക്കെ നിന്നെ ശകാരിക്കും, തെറ്റിദ്ധരിക്കരുതു്” എന്നു നേരത്തെ പറഞ്ഞു ഒപ്പിച്ചതു് ഓർമ്മിച്ച് വേലക്കാരി ഉള്ളിൽ ചിരിക്കുന്നു. ‘സാറിനിഷ്ടമല്ലെങ്കിൽ ഞാനങ്ങുപോയേക്കാം, എനിക്കാരുടേയും ശകാരം കേൾക്കാൻ വയ്യ’ എന്നു മൊഴിയുകയും അടുത്ത രാത്രി ആഗമിക്കാൻ കാത്തിരിക്കുകയും ചെയ്യുന്നു.
  5. ജലസി കൂടുതലുള്ളവളാണു ഭാര്യയെങ്കിൽ അവളും ഭർത്താവിനെ പരിശോധിക്കാൻ ഉറക്കം നടിച്ചു കിടക്കുകയാണെങ്കിൽ വൈറ്റമിൻ ഗുളിക എന്നു പറഞ്ഞ് സ്ലീപ്പിങ്ങ്പിൽ അയാൾ അവൾക്കു കൊടുക്കുന്നു. പാവം വിശ്വസിച്ചു വിഴുങ്ങുന്നു; ആന ചവിട്ടിയാൽ പോലും ഉണരാത്ത മട്ടിൽ ഉറങ്ങുന്നു. പാടച്ചരകീടൻ യതിനാടകം അടുത്ത മുറിയിൽ ആടിത്തകർക്കുന്നു.
  6. സ്വന്തം കുഞ്ഞിനു രോഗം വന്നാൽ അയാൾക്കു മിണ്ടാട്ടമില്ല. അടുത്ത വീട്ടിലെ പെണ്ണിന്റെ കുട്ടിക്കു ജലദോഷം വന്നാൽമതി അയാൾ ആശുപത്രിയിലേക്കു ഓടും. എല്ലാ സഹായങ്ങളും ചെയ്യും. ഇനിയും പലതുമെഴുതാനുണ്ടു്. എങ്കിലും സ്ഥലപരിമിതിയെക്കരുതി നിർത്തുന്നു. (ഭാര്യമാരുടെ വൈകല്യങ്ങൾ ഇനിയൊരു സന്ദർഭത്തിലാകാം). ദാമ്പത്യജീവിതം നൂറിനു തൊണ്ണൂറും ഇമ്മട്ടിലാണു്. അല്ല, തൊണ്ണൂറ്റിയൊൻപതും ഇങ്ങനെയാണു്. അതൊകൊണ്ടു് അതിനെ ‘ഐഡിയലൈസ് ചെയ്തു കഥയും കാവ്യവും രചിക്കുമ്പോൾ അസത്യത്തിന്റെ നാദമേ ഞാൻ കേൾക്കുന്നുള്ളൂ. നല്ല വരികൾ എഴുതാൻ കഴിവുള്ള കെ. വിലാസിനിയുടെ “അർദ്ധനാരീശ്വര സന്നിധിയിൽ” എന്ന കാവ്യം വായിച്ചപ്പോഴും അസത്യാത്മകമായ നാദം മാത്രമേ ഞാൻ കേട്ടുള്ളൂ. ശിവൻകോവിലിൽ ഭാര്യയും ഭർത്താവും നിൽക്കുന്നു. ആളുകൾ ഒഴിഞ്ഞപ്പോൾ അയാൾ അവളെ ഉമ്മവച്ചു പറഞ്ഞു: “…ഇതുപോലൊരർദ്ധനാരീശൻ ഞാൻ എന്നുടലിൽപ്പകുതിയാം ഉമനീയാരോമലേ” ഇതുകേട്ടു് ഉരുളയ്ക്ക് ഉപ്പേരിപോലെ അവൾ ചോദിക്കുന്നു: “…മൂർദ്ധാവിലിതുപോലൊരുത്തിയെ യൊളിപ്പിക്കുമോ ഭവാൻ?”. എന്തിനു ഒളിപ്പിക്കുന്നു? സ്ലീപ്പിങ്ങ്പിൽസ് ധാരാളം കിട്ടുന്ന കാലമല്ലേ ഇതു്. പരസ്യമായിത്തന്നെ ഗംഗയെ വീട്ടിൽ കൊണ്ടുവരാമല്ലോ (കാവ്യം കുങ്കുമം വാരികയിൽ).
കീറച്ചാക്കു്

ദേശാഭിമാനി വാരികയിൽ റഹീം മുഖത്തല എഴുതിയ ജയഹിന്ദ് എന്ന കഥ അഴിമതിയിലൂടെ മന്ത്രിയായ ഒരു ഖദർധാരിയുടെ ചിത്രം വരയ്ക്കുന്നു. കല സകലബന്ധനങ്ങളിൽനിന്നും നമ്മെ മോചിപ്പിക്കുന്നതാണു്. ഇക്കഥയുടെ സങ്കുചിതത്വം വായനക്കാരെ കാരാഗൃഹത്തിലാക്കുന്നു.

മനോരമ ആഴ്ചപ്പതിപ്പിൽ അംബിക എഴുതിയ “ഭർത്താവൊരു മിഥ്യ കാമുകനൊരു സത്യം” എന്നതു് യഥാർത്ഥസംഭവമാണെങ്കിൽ മനസ്സിനു താഴ്ചയുണ്ടാക്കുന്നു. ഫിക്ഷനാണെങ്കിൽ താഴ്ചയും വൈരസ്യവും ഉളവാക്കുന്നു. കിഴവൻ ഭർത്താവായതുകൊണ്ടു് ചെറുപ്പക്കാരി ഭാര്യ വ്യഭിചരിക്കുന്നു. അതു യാദൃശ്ചികമായി കണ്ട അയാൾ ഹൃദയം തകർന്നു മരിക്കുന്നു. ചിലർ മനോഹരമായ സൗധം നിർമ്മിച്ചിട്ടു് ഒരു പഴഞ്ചാക്ക് പൂമുഖത്തു കെട്ടിയിടും. അതിലിട്ട ദ്വാരത്തിലൂടെയാവും സ്ത്രീകൾ പുറത്തേക്കു നോക്കുക. മനോരമ ആഴ്ചപ്പതിപ്പു് എന്ന സൗധത്തിന്റെ മുൻപിൽ കെട്ടിയിട്ട കീറച്ചാക്കാണു അംബികയുടെ രചന. ​​ എനിക്കു സത്യമെന്നു തോന്നുന്നതു ഞാൻ പറയുന്നു. അതിന്റെ പേരിൽ എന്നെ അസഭ്യത്തിൽ കുളിപ്പിക്കുന്ന ഒരു രചന ‘പാക്കനാർ’ മാസികയിൽ വന്നിട്ടുണ്ടു്. അതിനു കാരണക്കാരായവർ പ്രവർത്തനം നിറുത്തേണ്ടതില്ല. വിരാമമില്ലാതെ എഴുതൂ; ഹാസ്യചിത്രങ്ങൾ വരയ്ക്കൂ. നിങ്ങളുടെയും നിങ്ങളെപ്പോലുള്ളവരുടെയും മുൻപിൽ എനിക്കിനിയും മുത്തുകൾ എറിയാനുണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-12-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: Lj Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.