SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1985-01-13-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/TrialKafka.jpg

എറ​ണാ​കു​ളം ബസ്സ് സ്റ്റേ​ഷ​നിൽ നി​ന്നു ബസ്സിൽ കയ​റി​യി​ട്ടു​ള്ള​വർ​ക്കെ​ല്ലാം അറി​യാ​വു​ന്ന കാ​ര്യ​മാ​ണു് ഇവിടെ എഴു​തു​ന്ന​തു്. യാ​ത്ര​യ്ക്ക് സന്ന​ദ്ധ​മായ ബസ്സ്. ക്ഷ​മ​കെ​ട്ടു് ഇരി​ക്കു​ന്ന യാ​ത്ര​ക്കാർ. ആ സന്ദർ​ഭ​ത്തി​ലാ​ണു് ഒരു ചെ​റു​പ്പ​ക്കാ​രൻ ബസ്സി​ലേ​ക്കു കട​ക്കുക. അഴു​ക്ക് ഒട്ടും പറ്റാ​ത്ത പാ​ന്റ്സ്, സ്ലാ​ക്ക് ഷർ​ട്ട് ഇവ ധരി​ച്ചു ‘ക്ലീൻ​ഷേ​വ്’ നട​ത്തിയ കനത്ത മു​ഖ​ത്തോ​ടെ അയാൾ വാതിൽ തൊ​ട്ടു് ഡ്രൈ​വർ ഇരി​ക്കു​ന്നി​ടം വരെ നട​ക്കു​ന്നു. ഇടതു ഭാ​ഗ​ത്തും വലതു ഭാ​ഗ​ത്തും ഇരി​ക്കു​ന്ന യാ​ത്ര​ക്കാ​രോ​ടെ​ല്ലാം പണം ചോ​ദി​ക്കു​ന്നു. അയാ​ളോ​ടു് ആർ​ക്കും ഇഷ്ടം തോ​ന്നു​ക​യി​ല്ല. അങ്ങ​നെ​യു​ള്ള മു​ഖ​ഭാ​വ​വും ചേ​ഷ്ടാ​വി​ശേ​ഷ​ങ്ങ​ളും ശരീ​രാ​കൃ​തി​യു​മാ​ണു് അയാൾ​ക്ക്. എങ്കി​ലും യാ​ത്ര​ക്കാ​രിൽ തൊ​ണ്ണൂ​റു ശത​മാ​ന​വും പണം കൊ​ടു​ക്കും. കൊ​ടു​ക്കു​ന്ന തുക കൈ​നീ​ട്ടി വാ​ങ്ങാൻ വയ്യ അയാൾ​ക്ക്. തോ​ളു​തൊ​ട്ടു കൈ​മു​ട്ടു​വ​രെ മാ​ത്ര​മേ അയാൾ​ക്കു കൈ​യാ​യി​യു​ള്ളൂ. ‘സ്റ്റ​മ്പ്’ എന്ന ഇം​ഗ്ലീ​ഷ് വാ​ക്ക് ഉപ​യോ​ഗി​ച്ചു കൊ​ള്ള​ട്ടെ. ആ സ്റ്റ​മ്പി​ന്റെ അറ്റം ഉരു​ണ്ടി​രി​ക്കും. ഡോ​ക്ടർ​മാർ നട​ത്തിയ ‘തയ്യ​ലി’ന്റെ ഫല​മാ​ണോ എന്ന​റി​യാൻ പാ​ടി​ല്ല, ചില വര​ക​ളും മറ്റും അവി​ടെ​യു​ണ്ടു്. ജു​ഗു​പ്സാ ജന​ക​മാ​ണു് ആ ഉച്ഛി​ഷ്ട ഭാ​ഗ​മെ​ന്നു് എഴു​തി​യാൽ ഈശ്വ​രൻ എന്നെ​യും ആ രീ​തി​യിൽ ആക്കി​ക്ക​ള​യു​മോ എന്നു പേ​ടി​യു​ണ്ടു്. എങ്കി​ലും എഴു​തു​ന്നു. പണം കൊ​ടു​ക്കു​ന്ന​വർ നാണയം ആ ഉരു​ണ്ട ഭാ​ഗ​ത്തു തന്നെ വച്ചു കൊ​ടു​ക്ക​ണ​മെ​ന്നു് ആ യു​വാ​വി​നു നിർ​ബ്ബ​ന്ധ​മു​ണ്ടു്. പോ​ക്ക​റ്റിൽ ഇട്ടു കൊ​ടു​ത്താൽ പോരാ. ഭു​ജാ​ഗ്ര​ത്തിൽ നാണയം വച്ചാൽ നാ​ട​കീ​യ​മായ മട്ടിൽ ചെ​റു​പ്പ​ക്കാ​രൻ കൈ ചലി​പ്പി​ക്കു​ന്നു. അതു ഒരു പാരബല—അനു​വൃ​ത്തം—ഡി​സ്ക്രൈ​ബ് ചെ​യ്യു​ന്നു. നാണയം ടക് എന്നു അയാ​ളു​ടെ കീ​ശ​യിൽ വീ​ഴു​ന്നു. ഒരി​ക്കൽ​പ്പോ​ലും നാണയം താഴെ വീണു കണ്ടി​ട്ടി​ല്ല. ‘സാറേ, സാറേ’ എന്ന പരു​ക്കൻ വി​ളി​ക​ളും പാരബല ഡി​സ്ക്രൈ​ബ് ചെ​യ്യ​ലും. രണ്ടു ബെ​ല്ല് മു​ഴ​ങ്ങു​മ്പോൾ യു​വാ​വു് ഇറ​ങ്ങു​ക​യാ​യി. ആ സ്റ്റ​മ്പാ​ണോ കൂ​ടു​തൽ ജു​ഗു​പ്സാ​വ​ഹം? അതോ അനു​വൃ​ത്തം ആലേ​ഖ​നം ചെ​യ്യ​ലോ? രണ്ടും എന്നാ​ണു് ഉത്ത​രം. ആ യു​വാ​വു് കൈ​യി​ല്ലാ​ത്ത​വ​നാ​ണെ​ന്ന മട്ടിൽ വന്നു പണം ചോ​ദി​ച്ചാൽ ആരും സന്തോ​ഷ​ത്തോ​ടെ കൂ​ടു​തൽ കൊ​ടു​ക്കും. പക്ഷേ അയാൾ​ക്ക​തു വയ്യ. സ്റ്റ​മ്പ് കാ​ണി​ക്ക​ണം. അതു​കൊ​ണ്ടു​ള്ള വിദ്യ കാ​ണി​ക്ക​ണം. ഫലം യാ​ത്ര​ക്കാ​രു​ടെ വെ​റു​പ്പു്. കഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി സാ​ഹി​ത്യ​ത്തി​നു​ള്ള സമ്മാ​ന​ങ്ങൾ വാ​ങ്ങു​ന്ന​വ​രിൽ ഭൂ​രി​പ​ക്ഷ​വും കൈ​മു​ട്ടി​നു ശേ​ഷ​മു​ള്ള ഭാ​ഗ​മി​ല്ലാ​ത്ത​വ​രാ​ണു്. അവ​രു​ടെ ഭു​ജാ​ഗ്ര​ത്തിൽ ശസ്ത്ര​ക്രി​യ​യു​ടെ ഫലമായ ഉണ​ങ്ങിയ ചാ​ലു​കൾ കാ​ണു​ന്നു. സമ്മാ​ന​ത്തുക അവിടെ വച്ചു കൊ​ടു​ക്കു​ന്നു. അനു​വൃ​ത്താ​ലേ​ഖ​നം നട​ക്കു​ന്നു. തുക കീ​ശ​യിൽ വീ​ഴു​ന്നു. പോ​കു​ന്നു. ഭാ​ര​ത​ത്തി​ലോ കേ​ര​ള​ത്തി​ലോ ഉള്ള സ്റ്റ​മ്പു​കാ​രു​ടെ പേ​രു​കൾ പറയാൻ വൈ​ഷ​മ്യ​മു​ണ്ടു്. അതു​കൊ​ണ്ടു് അവ​യ​വ​ത്തി​ന്റെ ഉച്ഛി​ഷ്ടം കാ​ണി​ക്കു​ന്ന സാ​യ്പ​ന്മാ​രു​ടെ നാ​മ​ധേ​യ​ങ്ങൾ മാ​ത്രം എഴു​താം. ചെ​സ്വാ​ഫ് മീ​വാ​ഷ്, വി​ല്യം ഗോൾ​ഡി​ങ്, യാ​റോ​സ്ലാ​ഫ് സി​ഫെർ​ട്ട്. ഇതു സാ​ഹി​ത്യ​ത്തി​നു​ള്ള സമ്മാ​നം നേ​ടു​ന്ന​വ​രു​ടെ സ്ഥി​തി. സമാ​ധാ​ന​ത്തി​നു​ള്ള നോബൽ സമ്മാ​നം വാ​ങ്ങു​ന്ന​വർ​ക്കു കൈ​ക​ളു​മി​ല്ല, കാ​ലു​ക​ളു​മി​ല്ല. തലയും നെ​ഞ്ചും വയറും മാ​ത്ര​മേ അവർ​ക്കു​ള്ളൂ. മഹാ​ത്മാ​ഗാ​ന്ധി ക്കു കൊ​ടു​ക്കാ​ത്ത സമാ​ധാന സമ്മാ​നം അനേ​ക​മാ​ളു​ക​ളെ കൊ​ന്നൊ​ടു​ക്കിയ ബഗിനു കൊ​ടു​ത്ത​വ​രാ​ണു് നോബൽ സമ്മാന കമ്മി​റ്റി. ആ യു​വാ​വി​നെ നോ​ക്കാ​തെ ഞാൻ ബസ്സി​ലി​രി​ക്കു​മ്പോൾ കഥാ​കാ​ര​നായ ടി. ആറും, ഇന്നു തൃ​പ്പൂ​ണി​ത്തുറ കോ​ളേ​ജി​ലെ പ്രിൻ​സി​പ്പ​ലായ സി. എ. മോ​ഹൻ​ദാ​സും കൂടി “കാഫ്ക, കാഫ്ക” എന്നു പറ​യു​ന്നു. ഞാൻ അദ്ഭു​ത​പ്പെ​ട്ടു് എന്താ കാ​ര്യ​മെ​ന്നു് അന്വേ​ഷി​ച്ച​പ്പോൾ അവർ ഒരു ട്രാൻ​സ്പോർ​ട്ട് ബസ്സി​ന്റെ ബോർഡ് ചൂ​ണ്ടി​ക്കാ​ണി​ച്ചു. Trial എന്നു ബോർഡ്. ട്രയൽ എന്ന നോ​വ​ലെ​ഴു​തിയ കാഫ്ക യ്ക്കു നോബൽ സമ്മാ​നം കി​ട്ടി​യി​ല്ല. ഇറ്റ​ലി​ക്കാ​രി ഗ്രാ​റ്റ്സീയ ഡേ​ല​ഡ്ഡ യാണു് അതു കൊ​ണ്ടു​പോ​യ​തു്. ആരോർ​മ്മി​ക്കു​ന്നു അവരെ?

ഇതൊ​ക്കെ മുൻ​കൂ​ട്ടി കണ്ടു​കൊ​ണ്ടാ​വ​ണം ബർ​ണാ​ഡ് ഷാ പറ​ഞ്ഞ​തു്: “ഡൈ​ന​മൈ​റ്റ് കണ്ടു​പി​ടി​ച്ച​തി​നു് ആൽ​ഫ്ര​ഡ് നോബലി നു മാ​പ്പു കൊ​ടു​ക്കാം: പക്ഷേ, മനു​ഷ്യ രൂ​പ​മെ​ടു​ത്ത ഒരു രാ​ക്ഷ​സ​നേ നോബൽ സമ്മാ​നം കണ്ടു​പി​ടി​ക്കാൻ കഴിയൂ” (ആർ. കെ. നാ​രാ​യൺ ‘ഫ്ര​ന്റ് ലൈനി’ ൽ എഴു​തിയ ലേ​ഖ​ന​ത്തിൽ നി​ന്നു്).

പി. ഗോ​വി​ന്ദ​പ്പി​ള്ള
images/PGovindapilla.jpg
പി. ഗോ​വി​ന്ദ​പ്പി​ള്ള

മാർ​ക്സി​സ്റ്റായ പി. ഗോ​വി​ന്ദ​പ്പി​ള്ള യെ എനി​ക്കു നേ​രി​ട്ടു് പരി​ച​യ​മു​ണ്ടു്. തമ്മിൽ കാ​ണു​മ്പോൾ അദ്ദേ​ഹം ബൂർ​ഷ്വാ സാ​ഹി​ത്യ​കൃ​തി​ക​ളു​ടെ മനോ​ഹാ​രി​ത​യെ നി​ന്ദി​ച്ചു സം​സാ​രി​ക്കാ​റി​ല്ല. സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ച് അദ്ദേ​ഹ​ത്തി​നു​ള്ള ഈ ഹൃദയ വി​ശാ​ല​ത​യും ഔദാ​ര്യ​വും എന്നെ അദ്ദേ​ഹ​ത്തോ​ടു കൂ​ടു​തൽ കൂ​ടു​തൽ അടു​പ്പി​ച്ചു. ഇക്കാ​ര്യം ചില സു​ഹൃ​ത്തു​ക്ക​ളോ​ടു ഞാൻ പറ​ഞ്ഞ​പ്പോൾ അവരിൽ ചിലർ അറി​യി​ച്ചു: “അതൊ​ക്കെ നേ​രി​ട്ടു​ള്ള സം​ഭാ​ഷ​ണ​ത്തിൽ. പ്ലാ​റ്റ്ഫോ​മിൽ കയ​റു​മ്പോൾ ഗോ​വി​ന്ദ​പ്പി​ള്ള വി​ട്ടു​വീ​ഴ്ച്ച​യി​ല്ലാ​ത്ത മാർ​ക്സി​സ്റ്റാ​ണു്. ‘മാ​ജി​ക് മൌണ്ട’ നെ​പ്പോ​ലും അദ്ദേ​ഹം പു​ച്ഛി​ച്ചു തള്ളും.” അവ​രു​ടെ ഈ അഭി​പ്രാ​യം എനി​ക്ക് അം​ഗീ​ക​രി​ക്കാൻ കഴി​ഞ്ഞി​ല്ല. എങ്കി​ലും വല്ല സം​ശ​യ​ത്തി​ന്റെ പാ​ടെ​ങ്കി​ലും എന്റെ മന​സ്സിൽ വീ​ണി​ട്ടു​ണ്ടോ? ഉണ്ടെ​ങ്കിൽ താഴെ ചേർ​ക്കു​ന്ന ഭാഗം അതിനെ നിർ​മ്മാർ​ജ്ജ​നം ചെ​യ്തി​രി​ക്കു​ന്നു. പി. ഗോ​വി​ന്ദ​പ്പി​ള്ള ‘മു​ഖാ​മു​ഖം’ എന്ന ചല​ചി​ത്ര​ത്തെ വി​മർ​ശി​ച്ചു കൊ​ണ്ടെ​ഴു​തിയ “ഭഗവാൻ മക്രോ​ണി​യു​ടെ പു​ന​ര​വ​താ​രം” എന്ന ലേ​ഖ​ന​ത്തിൽ പറ​യു​ന്നു:

“ഒരു മോ​ഹ​ഭം​ഗ​വും ഇതേ​വ​രെ അനു​ഭ​വ​പ്പെ​ടാ​ത്ത ഒരു കമ്മ്യൂ​ണി​സ്റ്റ് ആണു് ഈ ലേഖകൻ. എങ്കി​ലും കമ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​സാ​ഹി​ത്യ​കൃ​തി​ക​ളേ​യോ കലാ​സൃ​ഷ്ടി​ക​ളേ​യോ അപ്പാ​ടെ എതിർ​ക്കു​ക​യോ വെ​റു​ക്കു​ക​യോ ചെ​യ്യു​ന്ന ഒരു​വ​ന​ല്ല. ചി​ല​പ്പോൾ അസ​ത്യ​ത്തെ​ക്കാൾ ആപ​ത്ക്ക​ര​വും വഴി തെ​റ്റി​ക്കു​ന്ന​തു​മായ അർ​ദ്ധ​സ​ത്യ​ങ്ങ​ളെ ആസ്പ​ദി​ച്ച​വ​യാ​യാ​ലും കല​യു​ടെ നി​യ​മ​ങ്ങൾ​ക്ക് വി​ധേ​യ​മാ​യി കലാ​ചാ​തു​രി​യോ​ടെ​യും ആത്മാർ​ത്ഥ​ത​യോ​ടെ​യും രചി​ക്കു​ന്ന കമ്യൂ​ണി​സ്റ്റ് വി​ദ​ഗ്ധ കൃ​തി​കൾ​ക്കും അവ​യു​ടേ​തായ ആസ്വാ​ദ്യ​ത​യും പ്ര​യോ​ജ​ന​വും സാം​സ്ക്കാ​രിക മൂ​ല്യ​വും ഉണ്ടെ​ന്നു് ഞാൻ കരു​തു​ന്നു. ആത്മാർ​ത്ഥ​ത​യു​ള്ള ഒരു കമ്യൂ​ണി​സ്റ്റു​കാ​രൻ അത്ത​രം കൃ​തി​ക​ളെ—അവ ഭാഗിക വീ​ക്ഷ​ണ​ങ്ങ​ളാ​ണെ​ങ്കിൽ പോലും—സ്വയം വി​മർ​ശ​ന​ത്തി​നും തെ​റ്റു​തി​രു​ത്ത​ലി​നും ഉപ​യു​ക്ത​മായ ഉപാ​ധി​യാ​യി കാ​ണു​ന്നു. വി​മർ​ശ​നാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​മ്പോ​ഴും അവ​യു​ടെ നീ​ക്കി​ബാ​ക്കി ഫലം മാ​ലി​ന്യ​വി​രേ​ച​ന​വും അതു​കൊ​ണ്ടു് ആരോ​ഗ്യ​സി​ദ്ധി​യും ആയി​രി​ക്കും. അങ്ങ​നെ​യാ​ണു് ഓർ​വെ​ല്ലി ന്റെ “ആനിമൽ ഫാംകോ​യ്സ്ല​റു ടെ “നട്ടു​ച്ച​ക്കി​രു​ട്ടു് ” മു​ത​ലാ​യവ എനി​ക്ക് ഹൃ​ദ​യം​ഗ​മ​ങ്ങ​ളാ​യി അനു​ഭ​വ​പ്പെ​ടു​ന്ന​തു്. അവ​യി​ലെ പ്ര​ക​ട​മായ സന്ദേ​ശ​ങ്ങൾ സ്വീ​കാ​ര്യ​മാ​യ​തു​കൊ​ണ്ട​ല്ല”.

ജന​റ്റി​ക്സ്, ഭൗ​തി​ക​ശാ​സ്ത്രം ഇവ​യിൽ​പ്പോ​ലും മാർ​ക്സി​സ​ത്തി​ന്റെ അതി​പ്ര​സ​ര​വും അധി​പ്ര​സ​ര​വും ഉള്ള ഇക്കാ​ല​ത്തു് വി​കാ​ര​ത്തിൽ മാ​ത്രം, അടി​യു​റ​ച്ച സാ​ഹി​ത്യ​ത്തെ ‘റെ​ജ്മെ​ന്റേഷ’നു വി​ധേ​യ​മാ​ക്കാ​ത്ത ഗോ​വി​ന്ദ​പ്പി​ള്ള​യു​ടെ മാ​ന​സി​ക​നില ആദ​ര​ണീ​യം തന്നെ. കമ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ന്മാർ​ക്ക് മയ​കോ​വ്സ്കി യു​ടെ​യും നെറുത യു​ടെ​യും കാ​വ്യ​ങ്ങൾ വാ​യി​ച്ചു രസി​ക്കാ​മെ​ങ്കിൽ, ജനാ​ധി​പ​ത്യ​വാ​ദി​കൾ​ക്ക് ഫാ​സി​സ്റ്റായ എസ്റാ പൗ​ണ്ടി ന്റെ കൃ​തി​കൾ ആസ്വാ​ദ്യ​ങ്ങ​ളാ​ണെ​ങ്കിൽ കമ്മ്യൂ​ണി​സ്റ്റു​കൾ​ക്ക് ബൂർ​ഷ്വാ കലാ​കാ​ര​ന്മാ​രു​ടെ സൃ​ഷ്ടി​ക​ളും രസോ​ത്പാ​ദ​ക​ങ്ങ​ളാ​വേ​ണ്ട​താ​ണു്. റഷ്യ​യി​ലും ചൈ​ന​യി​ലും ആ മാ​റ്റം സം​ഭ​വി​ച്ചി​രി​ക്കു​ന്നു. എന്നി​ട്ടും ഇവി​ടെ​യു​ള്ള​വർ അത​റി​ഞ്ഞി​ട്ടി​ല്ല. അറി​ഞ്ഞ​വ​രു​ടെ കൂ​ട്ട​ത്തിൽ പി. ഗോ​വി​ന്ദ​പ്പി​ള്ള​യു​ടെ കാ​ര്യം സന്തോ​ഷ​പ്ര​ദ​മാ​യി​രി​കു​ന്നു.

മനു​ഷ്യാ​ത്മാ​ക്ക​ളു​ടെ എഞ്ചി​നീ​യ​റ​ന്മാ​രാ​ണു് എഴു​ത്തു​കാ​രെ​ന്നു് സ്റ്റാ​ലിൻ 1932-ൽ ഉദ്ഘോ​ഷി​ച്ചു (Main Currents of Marxism, Leszek Kolakowski, Part III, Page 92). കല, കലാ​പ​ര​മാ​യി നന്മ​യാർ​ന്ന​താ​യി​രു​ന്നാൽ മാ​ത്രം പോരാ, അതു് രാ​ഷ്ട്ര​വ്യ​വ​ഹാ​ര​പ​ര​മാ​യും ശരി​യാ​യി​രി​ക്ക​ണം എന്നു് മാവോ അഭി​പ്രാ​യ​പ്പെ​ട്ടു (ibid—p. 499). റഷ്യ​യി​ലെ​യും ചൈ​ന​യി​ലെ​യും സങ്ക​ല്പ​ങ്ങൾ സ്റ്റാ​ലി​ന്റെ​യും മാ​വോ​യു​ടെ​യും കലാ​സ​ങ്കൽ​പ്പ​ങ്ങ​ളെ ബഹു​ദൂ​രം അതി​ശ​യി​ച്ചി​രി​ക്കു​ന്നു.

പാവം നായ്
images/VictorHugo1861.jpg
വീ​ക്തോർ യൂഗോ

ഫ്ര​ഞ്ച് സാ​ഹി​ത്യ​കാ​രൻ വീ​ക്തോർ യൂഗോ യുടെ ‘ലേ മീ​സേ​റ​ബ്ല’ എന്ന വി​ശ്വ​വി​ഖ്യാ​ത​മായ നോ​വ​ലിൽ ഭക്ഷ​ണ​ശാല നട​ത്തു​ന്ന തെ​നാർ​ദിയ കു​ടും​ബ​ത്തെ വർ​ണ്ണി​ച്ചി​ട്ടു​ണ്ടു്. തെ​നാർ​ദിയ കൃ​ശ​ഗാ​ത്ര​നാ​ണു്. അയാ​ളു​ടെ ഭാര്യ സി. വി. രാ​മൻ​പി​ള്ള യുടെ ഭാ​ഷ​യിൽ ‘മാം​സ​ഗോ​പു​ര​ശ​രീ​രി​ണി’യാണു്. പക്ഷേ, ഒച്ചു​പോ​ലു​ള്ള ആ മനു​ഷ്യ​നെ കണ്ടാൽ അവൾ ഞെ​ട്ടും. നേരേ മറി​ച്ചാ​ണു് പല വീ​ടു​ക​ളി​ലും. ഓഫീ​സി​നെ വി​റ​പ്പി​ക്കു​ന്ന പല കപ്പ​ടാ​മീ​ശ​ക്കാ​രും വീ​ട്ടിൽ വി​റ​കൊ​ള്ളു​ന്ന​വ​രാ​ണു്. അച്ചി​ക്ക് ദാ​സ്യ​പ്ര​വൃ​ത്തി ചെ​യ്യു​ന്ന അയാൾ കൊ​ച്ചി​ക്ക് പോ​യ​ങ്ങു തൊ​പ്പി​യി​ടാ​തെ ഓഫീ​സി​ലേ​ക്ക് വന്നു് ഒരു ഹേ​തു​വും കൂ​ടാ​തെ അവി​ടെ​യു​ള്ള​വ​രോ​ടു് തട്ടി​ക്ക​യ​റു​ന്നു. ‘ഹേ​തു​വി​ല്ലാ​തെ’ എന്നു് ഞാ​നെ​ഴു​തി​യ​തു് ശരി​യ​ല്ല. വീ​ട്ടി​ലെ അടി​മ​ത്ത​മാ​ണു് ഓഫീ​സി​ലെ ദേ​ഷ്യ​മാ​യി മാ​റു​ന്ന​തു്. വീ​ട്ടിൽ കു​ഴ​പ്പ​മി​ല്ലാ​ത്ത​വൻ ഓഫീ​സി​ലും കു​ഴ​പ്പ​ക്കാ​ര​ന​ല്ല.

ഇനി മറ്റൊ​രു രംഗം. മന്ത്രി ചീഫ് സെ​ക്ര​ട്ട​റി​യോ​ടു് കയർ​ക്കു​ന്നു. ചീഫ് സെ​ക്ര​ട്ട​റി ദേ​ഷ്യം തീർ​ക്കു​ന്ന​തു് സെ​ക്ര​ട്ട​റി​യോ​ടു്. അയാൾ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി അണ്ടർ സെ​ക്ര​ട്ട​റി​യു​ടെ നേർ​ക്ക് കണ്ണു​രു​ട്ടു​ന്നു. അയാൾ സെ​ക്ഷൻ ഓഫീ​സ​റു​ടെ നേർ​ക്കും. സെ​ക്ഷൻ ഓഫീസർ ക്ലാർ​ക്കി​നെ ശകാ​രി​ക്കു​ന്നു. ക്ലാർ​ക്ക് പ്യൂ​ണി​നെ​യും. പ്യൂ​ണി​നു് ആരോ​ടും മല്ലി​ടാ​നി​ല്ല. അയാൾ കി​ട്ടിയ ശകാരം തല​യി​ലേ​റ്റി വീ​ട്ടി​ലേ​ക്ക് പോ​കു​ന്നു. ഇട​വ​ഴി​യിൽ കയ​റു​മ്പോൾ ഒരു പാ​വ​പ്പെ​ട്ട പട്ടി അതി​ന്റെ പാ​ട്ടി​നു് പോ​കു​ന്ന​തു് കാ​ണു​ന്നു. പ്യൂൺ ശങ്ക​ര​പ്പി​ള്ള കല്ലെ​ടു​ത്തു് ഒറ്റ​യേ​റു്. പട്ടി​യു​ടെ കാലു് ഒടി​ഞ്ഞു. അതു് ദയ​നീ​യ​മാ​യി നി​ല​വി​ളി​ച്ചു​കൊ​ണ്ടു് ഓടു​മ്പോൾ ശങ്ക​ര​പ്പി​ള്ള​യ്ക്ക് സ്വ​സ്ഥത.

തക്ക സമ​യ​ത്തു് ഭർ​ത്താ​വി​നെ കി​ട്ടാ​ത്ത​തു​കൊ​ണ്ടു് ജീ​വി​തം മു​ഴു​വ​നും “വൃ​ദ്ധ​ക​ന്യ​കാ​ത്വം” നയി​ക്കേ​ണ്ടി​വ​രു​മ്പോൾ പട്ടി​ക്കു​ട്ടി​ക​ളെ സ്നേ​ഹി​ച്ചു തു​ട​ങ്ങും. അവയെ വളർ​ത്തും. പട്ടി​ക്കു​ട്ടി​യെ കി​ട്ടി​യി​ല്ലെ​ങ്കിൽ പൂ​ച്ച​ക്കു​ട്ടി മതി. അല്ലെ​ങ്കിൽ ആതു​രാ​ല​യം നട​ത്താൻ പോകും. മനഃ​ശാ​സ്ത്ര​ത്തിൽ ഇതിനെ ‘Displacement’ എന്നു പറയും. രസാ​വ​ഹ​മാ​ണു് ഇതി​നെ​ക്കു​റി​ച്ച് പഠി​ക്കുക എന്ന​തു്. ഭാ​ര്യ​യ്ക്ക് ഭർ​ത്താ​വി​നെ കണ്ടു​കൂ​ടാ, ഭർ​ത്താ​വി​നു് ഭാ​ര്യ​യെ​യും. എന്നാൽ സത്യ​സ​ന്ധ​മാ​യി അവർ രണ്ടു​പേ​രും അതു പു​റ​ത്തു​പ​റ​യു​ക​യി​ല്ല. ഭർ​ത്താ​വു് അവി​യ​ലി​നു് ഉപ്പു കൂ​ടി​പ്പോ​യെ​ന്നു് കു​റ്റം പറ​യു​ന്നു. അയാൾ ഫാൻ സ്വി​ച്ചോ​ഫ് ചെ​യ്യാ​തെ​യാ​ണു് ഓഫീ​സി​ലേ​ക്ക് പോ​യ​തെ​ന്നു് ഭാര്യ കു​റ്റ​പ്പെ​ടു​ത്തു​ന്നു. നി​സ്സാര കാ​ര്യ​ങ്ങ​ളിൽ തു​ട​ങ്ങു​ന്ന ഈ സം​ഭ​ഷ​ണം വലിയ ശണ്ഠ​യാ​യി അവ​സാ​നി​ക്കു​ന്നു. അവർ പര​സ്പ​രം വെ​റു​ക്കു​ന്നു എന്ന​താ​ണു് ഇതി​നു് ഹേതു.

കെ. രഘു​നാ​ഥൻ “ഞാൻ നി​വേ​ദിത” എന്ന കഥയിൽ അവ​ത​രി​പ്പി​ക്കു​ന്ന സ്ത്രീ വി​വാ​ഹി​ത​യാ​ണു്. പക്ഷേ, അവൾ ഉള്ളു​കൊ​ണ്ടു് സ്നേ​ഹി​ക്കു​ന്ന​തു് വേ​റൊ​രു പു​രു​ഷ​നെ. സാ​മൂ​ഹിക നി​യ​മ​ങ്ങൾ ആ സ്നേ​ഹ​സാ​ക്ഷാൽ​ക്കാ​ര​ത്തി​നു് തട​സ്സം സൃ​ഷ്ടി​ക്കു​ന്നു. അതു​കൊ​ണ്ടു് അവൾ നഴ്സ​റി സ്കൂൾ നട​ത്തു​ന്നു. കു​ട്ടി​ക​ളെ സ്നേ​ഹി​ക്കു​ന്നു. ഇരു​പ​ത്തേ​ഴു കു​ട്ടി​കൾ. തൽ​ക്കാ​ല​ത്തേ​യ്ക്ക് അവ​രി​ല്ല എന്നി​രി​ക്ക​ട്ടെ. കു​ള​ത്തിൽ കു​ളി​ക്കാൻ പോ​കു​മ്പോൾ അവിടെ മത്സ്യ​മു​ണ്ടു്. കു​ഞ്ഞു​ങ്ങ​ളോ​ടു​ള്ള സ്നേ​ഹം മത്സ്യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യാൽ മതി. രഘു​നാ​ഥ​ന്റെ ഈ കഥ “സ്വ​ഭാ​വ​പ​ഠന”മാണു്; മനഃ​ശാ​സ്ത്ര​ത്തിൽ അടി​യു​റ​ച്ച പഠനം (കഥ മാ​തൃ​ഭൂ​മി ആഴ്ച്ച​പ്പ​തി​പ്പിൽ).

സൗ​ന്ദ​ര്യം മരി​ക്കു​ന്നു
രണ്ടു് നിർ​വ​ച​ന​ങ്ങൾ
നളിനി:
ടാ​ഗോ​റി ന്റെ ‘കവി​കാ​ഹ്നി’ ചൂഷണം ചെ​യ്തു് രചി​ക്ക​പ്പെ​ട്ട​തു് എന്നു് ജി. ശങ്ക​ര​ക്കു​റു​പ്പു് എന്നോ​ടു് പല​പ്പോ​ഴും പറ​ഞ്ഞി​ട്ടു​ള്ള നല്ല ഖണ്ഡ​കാ​വ്യം.
ഇന്ദു​ലേഖ:
ആവ​ശ്യ​ത്തി​ല​ധി​കം വാ​ഴ്ത്ത​പ്പെ​ട്ട ഒരി​ട​ത്ത​രം സൂ​പ്പർ​ഫി​ഷൽ നോവൽ.

“ചീ​ത്ത​ക്ക​വി​ത​യെ​ഴു​താൻ രണ്ടു മാർ​ഗ്ഗ​ങ്ങ​ളു​ണ്ടു്. ഒന്നു്: ചീ​ത്ത​യാ​യി​ത്ത​ന്നെ എഴു​തുക; രണ്ടു്: അല​ക്സാ​ണ്ടർ പോ​പ്പി നെ​പ്പോ​ലെ എഴു​തുക”. ഇങ്ങ​നെ​യോ ഇതി​നു് സദൃ​ശ​മായ വി​ധ​ത്തി​ലോ പറ​ഞ്ഞ​തു് ഓസ്കർ വൈൽഡാ ണെ​ന്നാ​ണു് എന്റെ ഓർമ്മ. ഇതു് മാ​ന്യ​മായ ശകാരം. അമാ​ന്യ​മായ ശകാ​ര​വു​മു​ണ്ടു്. വാ​യ​ന​ക്കാ​രോ​ടു് മാ​പ്പു​ചോ​ദി​ച്ചു​കൊ​ണ്ടു് ഞാ​ന​തു് കു​റി​ക്കു​ന്നു. പി. ദാ​മോ​ദ​രൻ പിള്ള നല്ല നി​രൂ​പ​ക​നാ​യി​രു​ന്നു, നല്ല ഗദ്യ​കാ​ര​നാ​യി​രു​ന്നു, വലിയ ബു​ദ്ധി​മാ​നാ​യി​രു​ന്നു. പക്ഷേ, അദ്ദേ​ഹം പു​രോ​ഗ​മ​ന​ത്തി​നു് എതി​രാ​യി നി​ന്നി​രു​ന്നു. സ്റ്റേ​റ്റ് കോൺ​ഗ്ര​സ്സ് “ഉത്ത​ര​വാ​ദ​ഭ​രണ”ത്തി​നു​വേ​ണ്ടി പ്ര​ക്ഷോ​ഭ​ണം കൂ​ട്ടി​യ​പ്പോൾ ദാ​മോ​ദ​രൻ പിള്ള ഒരി​ക്കൽ എന്നോ​ടു പറ​ഞ്ഞു: ഇവ​ന്മാർ​ക്ക് സി. പി. രാ​മ​സ്വാ​മി അയ്യ​രു ടെ കോണകം ഇട​ങ്ങ​ഴി വെ​ള്ള​ത്തി​ലി​ട്ടു് വേ​കി​ച്ച്, പതി​നാ​റിൽ ഒന്നാ​ക്കി വറ്റി​ച്ച്, കഷാ​യ​മു​ണ്ടാ​ക്കി സേ​വി​ക്കാൻ കൊ​ടു​ക്ക​ണം. ഇതു് അമാ​ന്യ​മായ ശകാരം. കലാ​ഹിംസ കാ​ണു​മ്പോൾ ചിലർ അമാ​ന്യ​മായ ഉപാ​ലം​ഭം നട​ത്താൻ പ്ര​വ​ണ​ത​യു​ള്ള​വ​രാ​യി​ത്തീ​രും. തൊ​ഴി​ലാ​ളി​ക​ളോ​ടു് ചേർ​ന്നു് നി​ന്നു​കൊ​ണ്ടു് അവരെ വഞ്ചി​ക്കു​ന്ന​വ​രു​ടെ നേർ​ക്ക് ആ തൊ​ഴി​ലാ​ളി​കൾ മൂ​ന്നാം കണ്ണു് തു​റ​ക്കേ​ണ്ട​തി​ന്റെ ആവ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് പു​ലി​യൂർ രവീ​ന്ദ്ര​നു് പറ​ഞ്ഞേ തീരൂ. പറ​യ​ട്ടെ. പക്ഷേ അദ്ദേ​ഹ​ത്തി​ന്റേ​തു് പാ​ട്ട​ല്ല, ഗർ​ജ്ജ​ന​മാ​ണു്. കവി​ത​യു​ടെ നേർ​ക്കു​ള്ള മൂ​ന്നാം​ക​ണ്ണു തു​റ​ക്ക​ലാ​ണു്.

എന്റെ കോരം!

നി​ന്റെ കമ്പിളി-​

ലി​ള​കി​മ​റി​യൂ, കായലലകളി-​

ലെ​ന്റെ ദുഃ​ഖ​ക്കാ​യ​മി​ത്തി​രി

ഞാൻ കല​ക്കു​മ്പോൾ

നി​ന്റെ നെ​ഞ്ചിൽ നഞ്ചി​ടാ​നൊ​രു

പൊ​തി​യ​ഴി​ക്കു​മ്പോൾ

ഇങ്ങ​നെ പോ​കു​ന്നു രവീ​ന്ദ്ര​ന്റെ ‘കാ​വ്യം’ (ദേ​ശാ​ഭി​മാ​നി). ഇതു വാ​യി​ക്കു​മ്പോൾ ഓസ്കർ വൈൽ​ഡാ​കാ​ന​ല്ല, ദാ​മോ​ദ​രൻ​പി​ള്ള​യാ​കാ​നാ​ണെ​ന്റെ ആഗ്ര​ഹം. അതു് മന​സ്സിൽ അട​ക്കി​വ​യ്ക്ക​ട്ടെ. രവീ​ന്ദ്രൻ ഇമ്മ​ട്ടിൽ സൗ​ന്ദ​ര്യ​ഹ​ന്താ​വാ​ക​രു​തെ​ന്നു് ഉപ​ദേ​ശി​ക്കു​ക​യും ചെ​യ്യ​ട്ടെ.

ക്ഷ​മാ​പ​ണ​ത്തോ​ടെ
images/SmitaPatil.jpg
സ്മിത പാ​ട്ടീൽ

പ്ര​സം​ഗം​കൊ​ണ്ടു സെൻ​സേ​ഷൻ സൃ​ഷ്ടി​ച്ച പ്ര​ഭാ​ഷ​ക​നു​ണ്ടാ​യി​രു​ന്നു മുൻ​പു്. ഞാനതു ഒരി​ക്കൽ കേ​ട്ടു് പുളകം കൊ​ണ്ടു. രണ്ടാ​മ​തു കേ​ട്ട​പ്പോൾ പുളകം ഉണ്ടാ​യി​ല്ല. കാരണം കാ​ണാ​തെ പഠി​ച്ച കാ​ര്യ​ങ്ങൾ ആവർ​ത്തി​ക്കു​ക​യാ​യി​രു​ന്നു അദ്ദേ​ഹം. ഒരി​ക്കൽ ചി​റ​യിൻ​കീ​ഴു് വച്ചു കൂടിയ ഒരു സമ്മേ​ള​ന​ത്തിൽ അദ്ദേ​ഹ​വും പി. കേ​ശ​വ​ദേ​വും പ്ര​ഭാ​ഷ​ക​രാ​യി​രു​ന്നു. അവർ തമ്മി​ലൊ​രു തർ​ക്കം. രണ്ടാ​മ​താ​യി​ട്ടേ താൻ പ്ര​സം​ഗി​ക്കു​ക​യു​ള്ളൂ എന്നു് അദ്ദേ​ഹം. കേ​ശ​വ​ദേ​വും അങ്ങ​നെ ശഠി​ച്ചു. ഒടു​വിൽ ദേവ് എഴു​ന്നേ​റ്റു പറ​ഞ്ഞു: “ശരി, ഞാൻ ആദ്യം പ്ര​സം​ഗി​ച്ചേ​ക്കാം. പക്ഷേ മി​സ്റ്റർ… എന്തു പ്ര​സം​ഗി​ക്കു​മെ​ന്നും ആ പ്ര​സം​ഗ​ത്തി​ലെ വാ​ക്യം എന്താ​യി​രി​ക്കു​മെ​ന്നും എനി​ക്ക​റി​യാം. അതി​നു​ള്ള സമാ​ധാ​ന​വും ഞാൻ നൽ​കി​യേ​ക്കാം”. ദേവു് രണ്ടാ​മ​ത്തെ പ്ര​ഭാ​ഷ​കൻ പറയാൻ പോ​കു​ന്ന വാ​ക്യ​ങ്ങൾ ഓരോ​ന്നാ​യി പറ​ഞ്ഞു. അവ​യ്ക്കു വി​മർ​ശ​ന​വും നൽകി. രണ്ടാ​മ​ത്തെ​യാ​ളി​ന്റെ ഊഴ​മെ​ത്തി. അദ്ദേ​ഹ​ത്തി​ന്റെ വാ​യ​ട​ഞ്ഞു പോയി. താൻ പറ​യേ​ണ്ട വാ​ക്യ​ങ്ങ​ളാ​കെ ദേവ് പറ​ഞ്ഞു കഴി​ഞ്ഞു. ‘എനി​ക്കൊ​ന്നും പറ​യാ​നി​ല്ല’ എന്നു പറ​ഞ്ഞ് അദ്ദേ​ഹം പോയി. ആളുകൾ ചി​രി​ച്ചു. മനോരമ ആഴ്ച​പ്പ​തി​പ്പു് ഞാൻ കൈ​യി​ലെ​ടു​ക്കു​ന്നു. അഞ്ചു നോ​വ​ലു​കൾ. ഒന്നും വാ​യി​ക്കു​ന്നി​ല്ല. എങ്കി​ലും ദേ​വി​നെ​പ്പോ​ലെ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അഞ്ചും പൈ​ങ്കി​ളി നോ​വ​ലു​ക​ളാ​യി​രി​ക്കും. പി​ന്നെ ഒരു കൊ​ല​പാ​ത​ക​വർ​ണ്ണ​നം. ഇവ കഴി​ഞ്ഞാൽ പ്രൊ​ഫ​സർ കെ. എം. തര​ക​ന്റെ ചി​ന്താ​പ്ര​ധാ​ന​മായ ‘കാ​ര്യ​വി​ചാ​രം’, വെ​ല്ലൂർ പി. എം. മാ​ത്യു വി​ന്റെ മനഃ​ശാ​സ്ത്ര​പ​ര​മായ വി​ശ​ക​ല​നം, ടോംസി ന്റെ രസ​ക​ര​മായ കാർ​ട്ടൂൺ. ഈ മൂ​ന്നും ഞാൻ നോ​ക്കാ​റു​ണ്ടു്. അതു കഴി​ഞ്ഞാ​ലോ? സ്റ്റു​പി​ഡി​റ്റി​ക്ക് പര്യാ​യ​മെ​ന്ന മട്ടിൽ സ്ഥലം നി​ക​ത്താ​നാ​യി കൊ​ടു​ക്കു​ന്ന കൊ​ച്ചു കാർ​ട്ടൂ​ണു​കൾ. മാ​ന്യ​ന്മാ​രെ നി​ര​ന്ത​രം നി​ന്ദി​ക്കു​ന്ന വേ​റൊ​രു കാർ​ട്ടൂൺ. ഇവ നോ​ക്കേ​ണ്ട​തി​ല്ല. അതു​കൊ​ണ്ടു് കവർ പേ​ജി​ലേ​ക്കു “നട​ത്തി നേരേ നയ​ന​ങ്ങൾ രണ്ടും”. സു​ഹാ​സി​നി യുടെ ചി​ത്രം. സു​ന്ദ​രി. പക്ഷേ അവ​രു​ടെ സൗ​ന്ദ​ര്യം നി​സ്സാ​ര​ത​യി​ലേ​ക്കു ചെ​ന്നു വി​ള​റി​പ്പോ​കും ‘ഫ്ര​ന്റ് ലൈനി’ൽ കൊ​ടു​ത്തി​രി​ക്കു​ന്ന സ്മി​ത​പാ​ട്ടീ​ലി ന്റെ ചി​ത്ര​ങ്ങൾ കണ്ടാൽ. വി​ശേ​ഷി​ച്ചും 106-ാം പു​റ​ത്തെ ചി​ത്രം. സ്ത്രീ​ക്ക് ഈ സൗ​ന്ദ​ര്യം എങ്ങ​നെ കി​ട്ടി? What makes a woman beautiful? എന്ന ലേ​ഖ​ന​ത്തിൽ ഹാ​വ്ല​കു എല്ലി​സ് ഇതിനു മറു​പ​ടി നൽ​കി​യി​ട്ടു​ണ്ടു്. ഇതിനു മറു​പ​ടി​യ​ല്ലെ​ങ്കി​ലും മറു​പ​ടി​യാ​യി തോ​ന്നു​ന്ന മട്ടിൽ എഡ്വേ​ഡ് ഷോർ​ട്ടർ A History of Women’s Bodies എന്നൊ​രു നല്ല പു​സ്ത​കം എഴു​തി​യി​ട്ടു​ണ്ടു്. സ്ത്രീ​യു​ടെ ശരീ​ര​ത്തെ സം​ബ​ന്ധി​ച്ച് ഒരു ‘ഡി​മി​സ്റ്റി​ഫി​ക്കേ​ഷൻ’ നട​ന്നു കഴി​ഞ്ഞു എന്നാ​ണു് അദ്ദേ​ഹ​ത്തി​ന്റെ വാദം. ഇതാണു ശരി​യെ​ന്നു് എനി​ക്കു തോ​ന്നു​ന്നു. ഈ പു​സ്ത​ക​ത്തിൽ നൽ​കി​യി​ട്ടു​ള്ള രണ്ടു നേ​ര​മ്പോ​ക്കു​കൾ: 1) ഒരു​ത്തൻ ഭാ​ര്യ​യെ കണ്ട​മാ​നം തല്ലി​യ​തു കൊ​ണ്ടു് ഡോ​ക്ട​റെ വി​ളി​ച്ചു. ഫീ​സി​ന്റെ ഇര​ട്ടി​കൊ​ടു​ത്തു. “ഇര​ട്ടി എന്തി​നു്?” “ഒന്നു് ഇത്ത​വ​ണ​ത്തേ​ക്ക്. മറ്റേ​തു് രണ്ടാ​മ​തു് അടി കൊ​ടു​ക്കു​മ്പോ​ഴേ​ക്കു​ള്ള​തു്.” 2) ഗർ​ഭ​ച്ഛി​ദ്രം സം​ഭ​വി​ച്ച് ഡോ​ക്ട​റു​ടെ അടു​ത്തെ​ത്തിയ സ്ത്രീ​യോ​ടു് അദ്ദേ​ഹം: “ആ ചൊ​വ്വാ​ഴ്ച നി​ങ്ങ​ളു​ടെ ഭർ​ത്താ​വു് നി​ങ്ങ​ളെ തല്ലി​യോ?” അവ​ളു​ടെ മറു​പ​ടി: “അയാൾ എന്റെ തല​യി​ല​ടി​ച്ചു. ഞാൻ വെ​ളി​യിൽ പോ​യി​ട്ടു തി​രി​ച്ചു​വ​ന്ന​പ്പോൾ അയാൾ എന്റെ ഉടു​പ്പാ​കെ വലി​ച്ചു കീറി.”

ഒരു കമ​ന്റു​മി​ല്ലാ​തെ എം. പി. നാ​രാ​യ​ണ​പി​ള്ള യുടെ കലാ​കൗ​മു​ദി ലേ​ഖ​ന​ത്തിൽ നി​ന്നു് ഒരു ഭാഗം ഉദ്ധ​രി​ക്കു​ന്നു. കമ​ന്റ് വാ​യ​ന​ക്കാർ നട​ത്തി​യാൽ മതി.

കൃ​ഷ്ണ​മേ​നോൻ മത്സ​രി​ച്ച ബോ​ബെ​യി​ലാ​രാ​ണു് ഇന്നു മത്സ​രി​ക്കു​ന്ന​തെ​ന്ന​റി​യാ​മോ?

സു​നിൽ​ദ​ത്തു്.

സു​നിൽ​ദ​ത്തു് ആരാ​ണു്?

നർ​ഗീ​സി ന്റെ ഭർ​ത്താ​വു്.

നർ​ഗീ​സാ​രാ​ണു്?

രാ​ജ്ക​പൂ​റി ന്റെ ആയ​കാ​ല​ത്തെ ചര​ക്ക്” (പുറം 20).

നിർ​വ്വ​ച​ന​ങ്ങൾ
ഖസാ​ക്കി​ന്റെ ഇതി​ഹാ​സം:
അശ്ലീല പട​ങ്ങൾ പ്ര​യോ​ഗി​ക്കാ​തെ സെ​ക്സി​ന്റെ തേ​ജ​സ്സെ​ടു​ത്തു കാ​ണി​ക്കു​ന്ന നല്ല നോവൽ.
ഫിഡിൽ:
അശ്ലീല പദ​ങ്ങൾ പ്ര​യോ​ഗി​ക്കാ​തെ കലയെ വൾ​ഗ​റാ​ക്കി​ക്കാ​ണി​ക്കു​ന്ന നോവൽ.
നളിനി:
ടാ​ഗോ​റി​ന്റെ ‘കവി​കാ​ഹ്നി’ ചൂഷണം ചെ​യ്തു് രചി​ക്ക​പ്പെ​ട്ട​തു് എന്നു ജി. ശങ്ക​ര​ക്കു​റു​പ്പു് എന്നോ​ടു പല​പ്പോ​ഴും പറ​ഞ്ഞി​ട്ടു​ള്ള നല്ല ഖണ്ഡ​കാ​വ്യം.
ഇന്ദു​ലേഖ:
ആവ​ശ്യ​ത്തി​ല​ധി​കം വാ​ഴ്ത്ത​പ്പെ​ട്ട ഒരി​ട​ത്ത​രം ‘സൂ​പർ​ഫി​ഷൽ’ നോവൽ.
ലൈ​ബ്ര​റി:
ഭാ​ര്യ​യു​ടെ ഉപ​ദ്ര​വ​ത്തിൽ നി​ന്നു രക്ഷ​പ്പെ​ടാൻ വേ​ണ്ടി ഗവേ​ഷ​ണ​ത്തി​ന്റെ പേരിൽ വന്നി​രി​ക്കാൻ പറ്റിയ സ്വർ​ഗ്ഗം.
സർ​വ്വ​ക​ലാ​ശാ​ലാ പ്ര​ഭാ​ഷ​ണ​ങ്ങൾ:
അവി​ദ​ഗ്ദ്ധ​ന്മാ​രു​ടെ ‘പ്ലാ​റ്റി​റ്റ്യൂ​ഡു​കൾ’ ആവി​ഷ്ക​രി​ക്ക​പ്പെ​ടു​ന്ന വാ​ക്യ​സ​മു​ച്ച​യം.
കോ​ളേ​ജ് യൂ​ണി​യൻ ഉദ്ഘാ​ട​നം:
അദ്ധ്യ​ക്ഷ്യം വഹി​ക്കാൻ ചെർ​നെൻ​കോ യും, ഉദ്ഘാ​ട​നം ചെ​യ്യാൻ റെ​യ്ഗ​നും, പ്ര​സം​ഗി​ക്കാൻ സി​യോ​പി​ങ്ങും, കൃ​ത​ജ്ഞത പറയാൻ താ​ച്ച​റും വേ​ണ​മെ​ന്നു കരുതി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന യൂ​ണി​യൻ ഭാ​ര​വാ​ഹി​കൾ ആരെ​യും കി​ട്ടാ​തെ എം. കൃ​ഷ്ണൻ നായരെ വി​ളി​ച്ചു കൊ​ണ്ടു​പോ​യി പ്ര​സം​ഗി​പ്പി​ക്കു​ക​യും കൃ​ത​ജ്ഞത പ്ര​കാ​ശി​പ്പി​ക്കു​ന്ന സന്ദർ​ഭ​ത്തിൽ അയാളെ അപ​മാ​നി​ച്ചു വി​ടു​ക​യും ചെ​യ്യു​ന്ന ചട​ങ്ങ്.
ക്രി​സ്തു ശി​ഷ്യ​ന്റെ മര്യാദ

പ്രേ​ത​ബാധ—ഒര​പ​ഗ്ര​ഥ​നം എന്ന പേരിൽ പി. എം. മാ​ത്യു വെ​ല്ലൂർ മനോരമ ആഴ്ച​പ്പ​തി​പ്പിൽ രണ്ടു ലേ​ഖ​ന​ങ്ങ​ളെ​ഴു​തി. അവ​യ്ക്കു മറു​പ​ടി​യെ​ന്ന നി​ല​യിൽ ഫാദർ ജിയോ കപ്പ​ലു​മാ​ക്കൽ പൗ​ര​ധ്വ​നി വാ​രി​ക​യി​ലെ​ഴു​തിയ ലേഖനം (ലക്കം 52) പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാർ ഒന്നു നോ​ക്കേ​ണ്ട​താ​ണു്. ഒരു മര്യാ​ദ​യു​മി​ല്ലാ​ത്ത കാ​ല​മാ​ണി​തെ​ന്നു് എനി​ക്ക​റി​യാം. എങ്കി​ലും ഇത്ര​ത്തോ​ള​മാ​കാ​മോ? ക്രി​സ്തു ശി​ഷ്യ​നായ ജിയോ കപ്പ​ലു​മാ​ക്കൽ എഴു​തു​ന്നു:

അസു​ഖ​ത്തെ​ത്തു​ടർ​ന്നു് കോ​ട്ട​യം മെ​ഡി​ക്കൽ സെ​ന്റ​റിൽ കി​ട​ക്കു​മ്പോ​ഴാ​ണു് ഞാൻ ശ്രീ. പി. എം. മാ​ത്യു​വി​നെ ആദ്യ​മാ​യി കാ​ണു​ന്ന​തു്. പ്ര​സി​ദ്ധ​മായ വെ​ല്ലൂർ ആശു​പ​ത്രി​യിൽ നി​ന്നും റി​ട്ട​യർ ചെയ്ത പ്ര​ശ​സ്ത​നും പക്വ​മ​തി​യു​മായ ഒരാ​ളു​ടെ ചി​ത്ര​മാ​ണു മാ​ത്യു വെ​ല്ലൂർ എന്ന നാമം എന്റെ മന​സ്സിൽ ഉറ​പ്പി​ച്ചി​രു​ന്ന​തു്. എന്നാൽ മറു​നാ​ടൻ ഫോ​മി​ലു​ള്ള, ചെ​റു​പ്പ​ക്കാ​ര​നായ ഒരു താ​ടി​മീ​ശ​ക്കാ​ര​നെ​യാ​ണു നേരിൽ കണ്ട​തു്. ഈ പ്ര​ശ​സ്തൻ എന്തേ ഇത്ര വേഗം ആശു​പ​ത്രി​വി​ട്ടു​പോ​രേ​ണ്ടി​വ​ന്നു എന്ന ചി​ന്ത​യാ​ണു്, അദ്ദേ​ഹം സ്വയം എനി​ക്കു പരി​ച​യ​പ്പെ​ടു​ത്തി​യ​പ്പോൾ മന​സ്സി​ലേ​ക്ക് കട​ന്നു വന്ന​തു്.

മാ​ത്യു​വി​ന്റെ വാ​ദ​ങ്ങൾ​ക്കു മറു​പ​ടി പറയുക എന്ന മു​ഖ്യ​മായ പ്ര​വൃ​ത്തി മറ​ന്നു് പു​രോ​ഹി​ത​നായ ജിയോ അദ്ദേ​ഹ​ത്തി​ന്റെ ആകൃതി വർ​ണ്ണി​ക്കു​ന്നു; അതും പു​ച്ഛ​മാർ​ന്ന മട്ടിൽ. “എന്നോ​ടു ചേർ​ന്നു നിൽ​ക്കാ​ത്ത​വൻ എന്റെ എതി​രാ​ളി” എന്നു പറഞ്ഞ മനു​ഷ്യ​പു​ത്രൻ കപ്പ​ലു​മാ​ക്ക​ലി​നെ സു​ഹൃ​ത്താ​യി കരു​തു​മോ? അതോ എതി​രാ​ളി​യാ​യി കരു​തു​മോ? എന്നെ​പ്പോ​ലു​ള്ള സാ​ധാ​രണ മനു​ഷ്യർ നി​യ​ന്ത്ര​ണം വി​ട്ടു സം​സാ​രി​ക്കു​ന്ന​തു് ഒര​ള​വിൽ മന​സ്സി​ലാ​ക്കാം. സു​ജ​ന​മ​ര്യാ​ദ​യു​ടെ ശാ​ശ്വത പ്ര​തി​രൂ​പ​ങ്ങ​ളാ​യി വർ​ത്തി​ക്കേ​ണ്ട പു​രോ​ഹി​ത​ന്മാർ ഇമ്മ​ട്ടിൽ സഭ്യ​ത​യു​ടെ സീമ ലം​ഘി​ക്കു​ന്ന​തു് ശരി​യ​ല്ല. മര്യാദ വെറും കാ​പ​ട്യ​മ​ല്ല. അന്ത​രം​ഗം ശു​ദ്ധ​മാ​യ​വ​നേ മര്യാദ പാ​ലി​ക്കാൻ കഴിയൂ.

കര​ഘോ​ഷം കൊ​ണ്ടു മു​ഖ​രി​ത​മായ ഹോളിൽ നി​ന്നു പി​യാ​നോ വാ​യി​ച്ച​യാൾ പോകാൻ ഭാ​വി​ച്ച​പ്പോൾ ഒരു പെൺ​കു​ട്ടി അയാളെ സമീ​പി​ച്ച് “സർ, ഓട്ടോ​ഗ്രാ​ഫ് തരുമോ?” എന്നു ചോ​ദി​ച്ചു. “ഇല്ല കു​ട്ടീ എന്റെ കൈകൾ പി​യാ​നോ വാ​യി​ച്ചു തളർ​ന്നി​രി​ക്കു​ക​യാ​ണു്” എന്നു മറു​പ​ടി. പെൺ​കു​ട്ടി പറ​ഞ്ഞു: “എന്റെ കൈ​ക​ളും തളർ​ന്നി​രി​ക്കു​ക​യാ​ണു്. കൈ​യ​ടി​ച്ച​തി​ന്റെ ഫലമായ തളർ​ച്ച.” പു​ഞ്ചി​രി​യോ​ടെ പി​യാ​നി​സ്റ്റ് ഓട്ടോ​ഗ്രാ​ഫ് നൽകി.

പലരും പലതും
images/PPUmmerKoya.jpg
പി. പി. ഉമ്മർ കോയ

സങ്കര സം​സ്കാ​ര​ത്തി​ന്റെ ഉജ്ജ്വല പ്ര​തീ​ക​മാ​യി ഇന്ദി​രാ​ഗാ​ന്ധി യെ കാ​ണു​ന്നു, പി. പി. ഉമ്മർ കോയ (ചന്ദ്രിക വാരിക) സം​സ്കാ​ര​ഭ​ദ്ര​മായ മന​സ്സു് സം​സ്കാ​ര​സൗ​ര​ഭ്യം ശ്വ​സി​ക്കു​ന്നു. ആ മന​സ്സി​നു് എന്റെ അഭി​വാ​ദ​നം.

രാ​മ​കൃ​ഷ്ണൻ ഒരു കു​റ്റ​വും ചെ​യ്യാ​ത്ത നല്ല​വൻ. പക്ഷേ, തെ​ളി​വു​കൾ അയാളെ കൊ​ല​പാ​ത​കി​യാ​ക്കു​ന്നു. ഇതാ​ണു് വി. പി. മനോ​ഹ​രൻ ‘ഈയാ​ഴ്ച’ വാ​രി​ക​യി​ലെ​ഴു​തിയ “ഒരു കു​റ്റാ​ന്വേ​ഷണ കഥ​യു​ടെ അന്ത്യം” എന്ന കഥ​യു​ടെ സാരം. ഐഡ​ന്റി​റ്റി​യെ​ക്കു​റി​ച്ചു​ള്ള ഇത്ത​രം കഥകൾ ഞാൻ ധാ​രാ​ളം വാ​യി​ച്ചി​ട്ടു​ണ്ടു്. വി​ശേ​ഷി​ച്ചും മാ​ക്സ് ഫ്രി​ഷി ന്റെ I’am not Stiller എന്ന ഉജ്ജ്വ​ല​മായ നോ​വ​ലും. അതു​കൊ​ണ്ടു മനോ​ഹ​ര​ന്റെ കഥയിൽ ഒരു പു​തു​മ​യും തോ​ന്നി​യി​ല്ല എനി​ക്ക്.

കു​ഞ്ഞ​ച്ചൻ പള്ളി​യിൽ പോ​കേ​ണ്ട സമ​യ​ത്തു് ഷാ​പ്പിൽ കയറി കള്ളു കു​ടി​ക്കു​ന്നു. അയാ​ളു​ടെ ഛർ​ദ്ദി​ക്ക​ലും പശ്ചാ​ത്താ​പ​വും മതി​വി​ഭ്ര​മ​വും ചെ​റി​യാൻ കെ. ചെ​റി​യാ​ന്റെ “കു​ഞ്ഞ​ച്ചൻ” എന്ന കഥ​യി​ലെ വി​ഷ​യ​ങ്ങൾ. കവി​യും കഥാ​കാ​ര​നു​മായ അദ്ദേ​ഹം ഇത്ത​ര​ത്തി​ലൊ​രു ബോറൻ കഥ എങ്ങ​നെ രചി​ച്ചു എന്നാ​ലോ​ചി​ച്ച് ആലോ​ചി​ച്ച് എനി​ക്കും കു​ഞ്ഞ​ച്ച​നെ​പ്പോ​ലെ മതി​വി​ഭ്ര​മം (കഥ, കഥാ​മാ​സി​ക​യിൽ).

ഞാ​നൊ​രു പണ്ഡി​ത​നും വി​വേ​ക​ശാ​ലി​യു​മാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് പലരും ജീ​വി​ത​ത്തെ സം​ബ​ന്ധി​ക്കു​ന്ന സം​ശ​യ​ങ്ങൾ പരി​ഹ​രി​ച്ചു​കൊ​ടു​ക്കാൻ ആവ​ശ്യ​പ്പെ​ടു​ന്നു. എന്റെ വാ​യ​ന​ക്കാ​രിൽ നി​ന്നു് ഒരു വ്യ​ത്യ​സ്ത​ത​യും എനി​ക്കി​ല്ല. എങ്കി​ലും “പരാ​ജ​യം എങ്ങ​നെ ഒഴി​വാ​ക്കാം” എന്ന ഒരു ചോ​ദ്യ​ത്തി​നു് ഉത്ത​രം നൽ​ക​ട്ടെ.

  • സ്വ​ന്തം അഭി​മാ​ന​ത്തി​നു മു​റി​വു പറ്റു​ന്ന വി​ധ​ത്തിൽ സ്ത്രീ​ക​ളോ​ടു ദാ​ക്ഷി​ണ്യം കാ​ണി​ക്ക​രു​തു്.
  • ഒന്നി​ലും ഒരു​ത്ത​നെ​യും ചൂഷണം ചെ​യ്യ​രു​തു്.
Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-01-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.