സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-02-10-ൽ പ്രസിദ്ധീകരിച്ചതു്)

തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ്ബഷീർ, പി. കേശവദേവ് ഇവരുടെ സാഹിത്യസൃഷ്ടികളെക്കുറിച്ച് ഈ ലേഖകനുള്ള അഭിപ്രായമെന്തുമാകട്ടെ. അവരുടെ കഥാപാത്രങ്ങൾ എന്റെ നാട്ടിലുള്ളവരാണെന്നു് എനിക്ക് തോന്നുന്നുണ്ടു്. ചന്തുമേനോന്റെഇന്ദുലേഖ’, ‘ശാരദ’ ഈ നോവലുകളിലെ കഥാപാത്രങ്ങളെക്കുറിച്ചും പറയാനുള്ളതു് ഇതു തന്നെ. സി. വി. രാമൻ പിള്ള യുടെ പാറുക്കുട്ടിയെയും കാർത്ത്യായനി അമ്മയേയും പവതിക്കൊച്ചിയേയും ഞാൻ കാണാത്ത ദിവസമില്ല. കേശവദേവിന്റെ പപ്പു വിക്തോർയൂഗോ യുടെ ‘പാവങ്ങ’ളിലെ ഷാങ് വൽ ഷാങ്ങിന്റെ പ്രതിരൂപമാണോ? ലക്ഷ്മി കോസത്തു് തന്നെയോ? ആയിക്കൊള്ളട്ടെ. എങ്കിലും ലക്ഷ്മിയെ ഞാൻ ഇന്നലെ കണ്ടു. ‘അച്ഛൻ റിക്ഷയും കൊണ്ടുപോയിരിക്കുകയാണു്. ഇരിക്കു, ഇപ്പോൾ വരും’ എന്നു് വിനയമധുരമായി അവൾ എന്നോടു പറഞ്ഞു. ഈ വ്യക്തികൾ, തങ്ങൾ താമസിക്കുന്ന വീടുകളിലെ വാതായനങ്ങൾ മലർക്കെ തുറന്നിടുന്നു. ‘വരൂ, സ്വാഗതം’ എന്നു ക്ഷണിക്കുന്നു. ഞാൻ അങ്ങോട്ടു ചെല്ലുന്നു. അവരുടെ കൂട്ടത്തിൽ ഒരാളായി മാറുന്നു.

ഈ അനുഭവം നവീന കഥാകാരന്മാരുടെ നോവലുകളിൽനിന്നും ചെറുകഥകളിൽ നിന്നും എനിക്കു ഉണ്ടാകുന്നില്ല. മുകുന്ദന്റെ ‘ദൽഹി’യിലെ, ആനന്ദി ന്റെ ‘മരണ സർട്ടിഫിക്ക’റ്റിലെ, കാക്കനാടന്റെ ‘സാക്ഷി’യിലെ കഥാപാത്രങ്ങൾക്കു “മാംസത്തിന്റെയും ചോരയുടെയും സത്യാത്മകത”യില്ല. അവർ രചയിതാക്കളുടെ ജീവരക്തത്തിൽ നിന്നു ജനിച്ചവരല്ല. ചിലർ കാഫ്ക യുടെ ‘കെ’യെപ്പോലെയിരിക്കുന്നു; മറ്റു ചിലർ കമ്യു വിന്റെ മെർസോയെപ്പോലിരിക്കുന്നു. എല്ലാം സായിപ്പിന്റെ പ്രേതങ്ങൾ. അവർ ഹോൺട് ചെയ്യുന്ന ഭവനങ്ങൾ എനിക്കായി തുറക്കപ്പെടുന്നില്ല. വാതായനങ്ങൾ തുറന്നാലും എനിക്കു അകത്തോട്ടു കയറാൻ ധൈര്യവുമില്ല. അതാ അങ്ങോട്ടു നോക്കു. “ഏതു കെരന്തം കൊച്ചമ്മ, എന്നും വായിക്കണതോ? നോമ്പിനു വായിക്കണതോ?” എന്നോ മറ്റോ ചോദിക്കുന്ന പരിചാരിക മാർത്താണ്ഡവർമ്മ എന്ന ആഖ്യായികയിലാണുള്ളതു്. അവൾ കണങ്കാലുവരെ എത്തുന്ന മട്ടിൽ മുണ്ടുടുത്തിരിക്കുന്നു. റവുക്ക ഇട്ടിരിക്കുന്നു. നവീനന്മാരുടെ കഥാപാത്രങ്ങൾക്കു് എക്സിസ്റ്റെൻഷ്യൽ കഞ്ചുകങ്ങളാണുള്ളതു്. ആ യൂണിഫോം ധരിച്ച് അവർ ‘മരണം’, ‘ശൂന്യത’ എന്നു മാറിമാറിപ്പറഞ്ഞ് ലെഫ്റ്റ്, റൈറ്റ് ചവിട്ടുന്നു.

വിധ്വംസനം
images/Laxmanleavessitainforest.jpg

നവീന കവിതയെ നീതിമത്കരിക്കാൻ വേണ്ടി ഡോക്ടർ കെ. അയ്യപ്പപ്പണിക്കർ എഴുതിയ ‘സാഹിത്യത്തിലെ വിധ്വംസന പ്രക്രിയ’ എന്ന ലേഖനം കൗതുകത്തോടെയാണു് ഞാൻ വായിച്ചതു്. അതു വായിച്ചുകഴിഞ്ഞപ്പോൾ പാഞ്ഞുപോകുന്ന അമ്പു് പാഞ്ഞുപോകുന്നില്ലെന്നു സ്ഥാപിച്ച സീനോ യുടെ ബുദ്ധി വൈഭവം എനിക്കു ഓർമ്മ വരികയും ചെയ്തു. ശക്തിയാർന്ന പാരമ്പര്യം വിധ്വംസനത്തിന്റെ സൃഷ്ടിയാണെന്നും ഇന്നു നമ്മൾ അംഗീകരിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഒരു കാലത്തു് വിധ്വംസകങ്ങളായി കരുതപ്പെടുന്നുവെന്നും അയ്യപ്പപ്പണിക്കർ പറയുന്നു. അപ്പോൾ ‘രാമചരിത’ത്തിൽ നടത്തിയ വിധ്വംസനം ‘കണ്ണശ്ശരാമായണ’മായി മാറി. ‘കണ്ണശ്ശരാമായണ’ത്തിൽ വിധ്വംസനം നടത്തിയപ്പോൾ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണ മുണ്ടായി. കുഞ്ചൻനമ്പ്യാർ അതിൽ വിധ്വംസനം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ രാമകഥാപ്രതിപാദകങ്ങളായ തുള്ളലുകൾ ജനിച്ചു. ചില ആട്ടക്കഥാ കർത്താക്കന്മാർ വിധ്വംസകരായപ്പോൾ രാമായണ വിഷയങ്ങളായ ആട്ടക്കഥകൾ ആവിർഭവിച്ചു. ആ ആട്ടക്കഥകൾ വായിച്ച കുമാരനാശാന്റെ വിധ്വംസക പ്രവർത്തനമാണു് “ചിന്താവിഷ്ടയായ സീത ”. അയ്യപ്പപ്പണിക്കർ അവിടെ നിർത്തുന്നു. ‘ചിന്താവിഷ്ടയായ സീത’യിൽ സി. എൻ. ശ്രീകണ്ഠൻനായർ വിധ്വംസനം നടത്തിയപ്പോൾ ‘കാഞ്ചനസീത’യുണ്ടായി എന്നു് അദ്ദേഹം പറയുന്നില്ല. പറയാമായിരുന്നല്ലോ. കാഞ്ചനസീതയിൽ കയറി അരവിന്ദൻ നടത്തിയ വിധ്വംസനമാണു് അദ്ദേഹത്തിന്റെ സിനിമ എന്നും മൊഴിയാടാമായിരുന്നു. ഡോക്ടർ മൊഴിയാടാതെ മൗനം അവലംബിച്ചുകളഞ്ഞു. The rest is silence. ആ നിശ്ശബ്ദതയിൽ നിന്നു് ഉണ്ടാകുന്ന മഹാശബ്ദം മറ്റൊന്നാണു്. അതു ഞാൻ പറയട്ടെ. വെൺമണി ക്കവിതയിൽ നടത്തിയ വിധ്വംസനം വള്ളത്തോൾ ക്കവിത. വള്ളത്തോൾക്കവിതയിൽ നടത്തിയ വിധ്വംസനം ചങ്ങമ്പുഴ ക്കവിത. ചങ്ങമ്പുഴക്കവിതയിലുള്ള വിധ്വംസനം അയ്യപ്പപ്പണിക്കരുടെ കവിത. അങ്ങനെ അദ്ദേഹത്തിന്റെ കവിതയും അദ്ദേഹത്തിന്റെ കൂട്ടുകാരായ സച്ചിദാനന്ദൻ, ആറ്റൂർ രവിവർമ്മ ഇവരുടെ കവിതയും ‘ഫുള്ളി ജസ്റ്റിഫൈഡ്’.

images/william-shakespeare.jpg
ഷേക്സ്പിയർ

അയ്യപ്പപ്പണിക്കരുടെ വാദങ്ങൾ, മിഥ്യാബോധജനകങ്ങളാണു്. വിധ്വംസകപ്രവർത്തനങ്ങൾ പുരോഗമനത്തിലേക്കും വികാസത്തിലേക്കും നയിച്ചെങ്കിലേ അവ ആദരണീയങ്ങളാകൂ. എഴുത്തച്ഛന്റെ രാമായണത്തെക്കാൾ ഉത്കൃഷ്ടമാണോ ശ്രീകണ്ഠൻനായരുടെ കാഞ്ചനസീത? അല്ല എന്നാണെങ്കിൽ ആ വിധ്വംസനം കൊണ്ടെന്തു പ്രയോജനം? വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതയെക്കാൾ ഉത്കൃഷ്ടമാണോ അയ്യപ്പപ്പണിക്കരുടെയും സച്ചിദാനന്ദന്റെയും കവിത? അല്ലെങ്കിൽ അവരുടെ വിധ്വംസകപ്രവർത്തനങ്ങൾക്കു മാന്യത വരുന്നതെങ്ങനെ? മുൻപുള്ള കവിതയിൽ ഇല്ലാത്ത നൂതന ബാദ്ധ്യതകൾ പിന്നീടു വരുന്ന കവി കണ്ടുപിടിക്കുമ്പോഴാണു് കവിതയിൽ പുരോഗമനം ഉണ്ടാകുന്നതു്. ഐൻസ്റ്റൈൻ ന്യൂട്ടനെ ക്കാൾ വലിയ ശാസ്ത്രജ്ഞനായതു് വിധ്വംസനപ്രവർത്തനം കൊണ്ടല്ല. ന്യൂട്ടന്റെ എല്ലാ സിദ്ധാന്തങ്ങളും മനസ്സിലാക്കി, അവയെ ജയിച്ചടക്കിയതിനുശേഷം നൂതനങ്ങളായ സാദ്ധ്യതകൾ അവയിൽ കണ്ടെത്തിയപ്പോഴാണു് ഐൻസ്റ്റൈൻ ന്യൂട്ടനെക്കാൾ വലിയ ശാസ്ത്രജ്ഞനായതു്. കവികളെ സംബന്ധിച്ചും ഇതാണുശരി. തന്റെ മുൻഗാമികളെ പൂർണ്ണമായും മനസ്സിലാക്കിയ ഷേക്സ്പിയർ നാടകത്തിന്റെയും കവിതയുടെയും മണ്ഡലങ്ങളിൽ നവീന സാദ്ധ്യതകൾ സാക്ഷാത്കരിച്ചു. അപ്പോൾ ആ രണ്ടു മണ്ഡലങ്ങളിലും പുരോഗമനമുണ്ടായി. ചിലപ്പോൾ നൂതനങ്ങളായ കഴിവുകളുടെ കണ്ടെത്തലുകൾ ദോഷം വരുത്തുകയും ചെയ്യും. ഛന്ദസ്സിൽ നിന്നു് കവിതയെ മോചിപ്പിക്കുക എന്നതു് ഒരു നൂതന സാദ്ധ്യതയുടെ സാക്ഷാത്കാരമാണെന്നു് വേണമെങ്കിൽ വാദിക്കാം. കാകളി വൃത്തത്തിൽ മൂന്നക്ഷരം കൂടി ചേർത്തുവച്ചാൽ അർത്ഥവ്യാപ്തി നല്കാമെന്നു് ചിലർ പറഞ്ഞുകേട്ടിട്ടുണ്ടു്. ഇതു കവിതയ്ക്കു ഹാനി സംഭവിപ്പിച്ചു. അതുകൊണ്ടു് അയ്യപ്പപ്പണിക്കരുടെയും കൂട്ടുകാരുടെയും ഈ “സാക്ഷാത്കാരങ്ങൾ” കവിതയെ അധഃപതിപ്പിച്ചതേയുള്ളൂ. മായാമയൻ പാമരന്മാരെ ഒപ്പിപ്പാനായി നടന്നുവെന്നു് എവിടെയോ വായിച്ച ഓർമ്മ. യഥാർത്ഥ യുക്തി എന്നു തോന്നുന്ന കപട യുക്തികൊണ്ടു് ഡോക്ടർ അയ്യപ്പപ്പണിക്കർ പാമരന്മാരായ ഞങ്ങളെ ഒപ്പിക്കുന്നു. (അദ്ദേഹത്തിന്റെ ലേഖനം മനോരാജ്യം വാരികയിൽ).

നാഴികമണി നിന്നുപോകാതെ അതിനെ തൊടാൻ സാധിക്കും. അതുകൊണ്ടു് അതിനെ തൊടാതെ ചലിപ്പിക്കാനും കഴിയും (It is possible to touch a clock without stopping it. So it is possible to start a clock without touching it). ഇതാണു് യുക്തിയുടെ ആഭാസം.

നേരമ്പോക്കുകൾ

കുഞ്ഞുണ്ണി എടുത്തെഴുതുന്ന “നമ്പൂരി ഫലിതങ്ങൾ” ഈ ലേഖകനു് ഏറെയിഷ്ടമാണു്. കലാകൗമുദിയിൽ നൽകിയിരിക്കുന്ന ആദ്യത്തെ ഫലിതം കേട്ടാലും:

ഒരില്ലത്തു് അതിഥിയായി ചെന്ന മാടമ്പു് കുഞ്ഞുകുട്ടനോടു് ആതിഥേയൻ നമ്പൂതിരി കുശലപ്രശ്നങ്ങളെല്ലാം കഴിഞ്ഞു്

ട്ടോ മാടമ്പു്, വടെ മുറുക്കണോരാരൂല്ല്യ.

അതോണ്ടു് വിരോധല്ല്യ

ബീഡി, സിഗരറ്റ്—ആ വകേം പതിവില്ല്യ

അതോണ്ടും വെഷമല്ല്യ

കാപ്പി, ചായ അങ്ങനേം—പതിവില്ല്യ. ഒക്ക്യൊരു പഴേ മട്ടാവട്ടെ. മാടമ്പിന്റവട്യൊക്കെങ്ങനാ?

അവടേം ഇതൊന്നും പതിവില്ല്യാത്തോര്ണ്ടു്. പക്ഷേ, അവരൊക്കെ തൊഴ്ത്തിലാന്നു് മാത്രം.

ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചതിനു ശേഷം ഒരു യോഗാസനക്കാരൻ പല ‘യോഗാസനങ്ങളും’ പ്രദർശിപ്പിച്ചു. അദ്ദേഹം ഇരുന്നപ്പോൾ അദ്ധ്യക്ഷനായിരുന്ന നാരായണപിള്ളസ്സാർ (യൂണിവേഴ്സിറ്റി കോളേജിലെയും മഹാത്മാഗാന്ധി കോളേജിലെയും പ്രിൻസിപ്പലായിരുന്ന വ്യക്തി) എഴുന്നേറ്റു. നൂറു വയസ്സുവരെ ജീവിക്കാനുള്ള മാർഗ്ഗങ്ങൾ ഉപദേശിച്ച യോഗാസനാചാര്യനെ കൂടെക്കൂടെ നോക്കിക്കൊണ്ടു് അദ്ദേഹം സദസ്സിനോടു് ചോദിച്ചു. ഉത്തരവും അദ്ദേഹം നൽകി.

നിങ്ങൾ സിഗരറ്റ് വലിക്കുമോ?

ഇല്ല

നിങ്ങൾ സിനിമ കാണുമോ?

ഇല്ല

നിങ്ങൾ കാപ്പിയോ ചായയോ കുടിക്കുമോ?

ഇല്ല

നിങ്ങൾ സ്നേഹത്തോടെ ഒരു വാക്കെങ്കിലും സ്ത്രീയോടു പറയുമോ?

ഇല്ല

പിന്നെ നിങ്ങൾ നൂറു് വയസ്സുവരെ ജീവിച്ചിരുന്നതു കൊണ്ടെന്തു പ്രയോജനം?

സദസ്സു് കൈയടിച്ചു.

കെ. സുരേന്ദ്രൻ
images/KSurendran.jpg
കെ. സുരേന്ദ്രൻ

ആത്മകഥകൾ പലതരത്തിലെഴുതാം. താൻ തൊട്ടിലിൽ കിടന്നതും, അമ്മ താരാട്ടു് പാടിയതും, ഉറങ്ങാതെ കിടന്നതും തൊട്ടു് തുടങ്ങും ഗ്രന്ഥകാരൻ. ജീവിതാമസ്തമയം വരെ അതു നീളും. ഇടയ്ക്കുള്ള ദീർഘകാലത്തെ സകല ബോറൻ സംഭവങ്ങളും നിരത്തിവയ്ക്കും. വേറെ ചിലർ നാടകീയത ആവഹിക്കുന്ന ഏതെങ്കിലും സംഭവം വർണ്ണിച്ചുകൊണ്ടു് ആരംഭിക്കും. നോവലിസ്റ്റായ സുരേന്ദ്രൻ അമ്മട്ടിലാണു് ജീവിതകഥയുടെ ആഖ്യാനം തുടങ്ങിയതു്. അതു് അദ്ദേഹത്തിന്റെ ഉചിതജ്ഞതയെയും കലാതാല്പര്യത്തേയും പ്രകടമാക്കുന്നു. താരതമ്യേന ആകർഷകങ്ങളായിരുന്നില്ല ആദ്യത്തെ രണ്ടു് ഖണ്ഡങ്ങളും. അതല്ല മൂന്നാമത്തെ ഖണ്ഡത്തിന്റെ അവസ്ഥ. അതു് തികച്ചും രസകരമത്രേ. ജീവിത സംഭവങ്ങളിൽ നിന്നു് താനെന്തു് പഠിച്ചു, ഏതു് സാന്മാർഗ്ഗികാശയം തനിക്ക് ലഭിച്ചു എന്നു് ഗ്രന്ഥകാരൻ വിശദമാക്കുമ്പോൾ വായനക്കാരനും ആ വിധത്തിൽ സമ്പന്നത ആർജ്ജിക്കുകയാണു്. തന്നെ ആഹ്ലാദിപ്പിച്ചതും, വേദനിപ്പിച്ചതും, കരയിപ്പിച്ചതും, ക്ഷോഭിപ്പിച്ചതും എഴുത്തുകാരൻ ആവിഷ്കരിക്കുമ്പോൾ അവയുടെ ലൗകികാംശം നശിച്ചിട്ടു് ആസ്വാദ്യമായി ഭവിക്കുന്നു. കഷ്ടപ്പെടുന്ന കേശവദേവിനെ മിസ്സിസ്സ് കുമാരനാശാന്റെ അടുക്കൽ കൊണ്ടുപോയി. അന്നത്തെ നിലയ്ക്ക് ഭേദപ്പെട്ട ഒരു തുക സുരേന്ദ്രൻ വാങ്ങിക്കൊടുത്തു. അതിന്റെ വർണ്ണനം വായിക്കുമ്പോൾ സുരേന്ദ്രനും കേശവദേവും നമ്മുടെ സഹോദരന്മാരായി മാറുന്നു. അതാണു് രചനയുടെ ശക്തി. ആത്മകഥയുടെ ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ മനുഷ്യത്വത്തിന്റെ സ്പന്ദനത്താൽ സജീവമായി ഭവിക്കട്ടെ (കലാകൗമുദി—ജീവിതവും ഞാനും).

ജീവിച്ചിരുന്നവരെയും ജീവിച്ചിരിക്കുന്നവരെയും ‘ഫിക്ഷണൽ ലെവലിൽ’ നോവലുകളിൽ കൊണ്ടുവന്ന നോവലിസ്റ്റാണു് സുരേന്ദ്രൻ. ആ വ്യക്തികളുടെ ഏതേതംശങ്ങളെ ചിത്രീകരിച്ചാലാണു് അവരുടെ പ്രതീതി ഉണ്ടാകുന്നതെന്നു് നോവലിസ്റ്റിനു് അറിയാമായിരിക്കണം. ആത്മകഥയിൽ വരുന്ന വ്യക്തികളെയും അങ്ങനെ തന്നെ വേണം ആലേഖനം ചെയ്യാൻ. ഈ സാരസ്വതരഹസ്യം സുരേന്ദ്രനു് അറിയാമെന്നു് ഞൻ വിചാരിക്കുന്നു.

images/AnatoleFrance.jpg
എനാതൊൽ ഫ്രാങ്സ്

പ്രൂസ്തി ന്റെ ‘മഹാനോവലാ’യ ‘ഭൂതകാലത്തെക്കുറിച്ചുള്ള സ്മരണകളി’ൽ ബർഷൊതു് എന്ന പേരിൽ ഒരു നോവലിസ്റ്റുണ്ടു്. ഫ്രഞ്ച് സാഹിത്യകാരനായ എനാതൊൽ ഫ്രാങ്സി ന്റെ പ്രതിരൂപമാണു് അയാൾ. പക്ഷേ, ഫ്രാങ്സിനെ യഥാർഥ ജീവിതത്തിലെന്ന പോലെ ചിത്രീകരിച്ചില്ല പ്രൂസ്തു്. അതുകൊണ്ടു് ആ കഥാപാത്രം ദൃഢപ്രത്യയം ജനിപ്പിക്കുന്നു.

പാപം

സാഹിത്യമണ്ഡലത്തിലെ വലിയ പാപികൾ സെക്സിനു് പരമപ്രാധാന്യം നൽകുന്നവരാണു്. പാപഭാരം കൊണ്ടു് കൂനിപ്പോയ കഥയാണു് ‘ജനയുഗം’ വാരികയിലെ “ജലജ കാതോർത്തിരിക്കുന്നു” എന്നതു്. ജലജയ്ക്ക് ഭർത്താവിൽ നിന്നു് കുഞ്ഞ് ജനിക്കുന്നില്ല. അതു മനസ്സിലാക്കിക്കൊടുത്ത സുന്ദരനും ചെറുപ്പക്കാരനുമായ ഡോക്ടറുമായി അവൾ ലൈംഗികബന്ധം പുലർത്തുന്നു. അതുവരെ ഭർത്താവിനെ ഉപേക്ഷിക്കണോ വേണ്ടയോ എന്നു് സംശയിച്ചിരുന്ന അവൾക്ക് പിന്നെ സംശയമേയില്ല. ജലജ ഡോക്ടറെ പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ കഥ അവസാനിക്കുന്നു. മൂക്കോർത്തു് രഞ്ജിത്തു് എഴുതിയതാണു് ഈ കഥ. ലൈംഗികത്വത്തിലൂടെ സ്ത്രീ തന്നെ കണ്ടെത്തുന്ന കഥകൾ ധാരാളമുണ്ടു്. ആ കണ്ടെത്തലുകളുടെ ആവിഷ്കാരം വായനക്കാർക്ക് രസോത്പാദകവുമാണു്. ഇവിടെ അതൊന്നുമില്ല. പെൺപിള്ളേരെയും ആൺപിള്ളേരെയും ഇക്കിളിപ്പെടുത്തുന്ന കുറേ ലൈംഗിക വർണ്ണനകളും മധുരപദനിവേശനങ്ങളും മാത്രമേയുള്ളൂ ഇതിൽ. “ബ്രേസിയറിന്റെ ഹുക്കഴിച്ചപ്പോൾ വിടർന്ന അവളുടെ മുലഞെട്ടുകളിൽ മുഖമമർത്തി അയാൾ ചുംബിച്ചു (പുറം 18). പിന്നെ അയാൾ അവളുടെ മുലഞെട്ടുകളിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ചുണ്ടമർത്തി വർദ്ധിച്ച ആർത്തിയോടെ സ്നേഹത്തിന്റെ ഉറവകൾ തേടി (പുറം 21).” ഇങ്ങനെ കഥാകാരൻ ചൂചുകഭ്രാന്തു് കാണിക്കുന്നതു് എന്തിനാണാവോ? ജലജയ്ക്ക് കുറെ കട്ടിച്ചെന്ന്യായം (ചെന്നിനായകമാണോ ശരി?) കൊടുക്കാൻ ആരുമില്ലേ? അതു സ്തനാഗ്രത്തിൽ തേയ്ച്ചു കിടന്നാൽ അവളും വായനക്കാരും രക്ഷപ്പെടും.

ഹെൻട്രി എട്ടാമന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന അൻ ബുലിനു് (Anne Boleyn) അനേകം സ്തനങ്ങളുണ്ടായിരുന്നു. ഇലിസബത്തു് രാജ്ഞി അൻബുലീന്റെ മകളായിരുന്നു എന്നാണു് എന്റെ ഓർമ്മ. താൻ കന്യകയാണെന്നു് പ്രജകളെ അറിയിക്കാൻ വേണ്ടി ഇലിസബത്തു് സ്തനങ്ങൾ വെളിയിൽ കാണുന്ന വിധത്തിൽ വസ്ത്രധാരണം ചെയ്തിരുന്നു. മൂർക്കോത്തു് രഞ്ജിത്തിന്റെ കഥാപാത്രം അൻബുലീന്റെയോ ഇലിസബത്തിന്റെയോ കാലത്തു് ജീവിച്ചിരുന്നെങ്കിൽ! എന്തു സംഭവിക്കുമായിരുന്നു എന്നു് ഞാൻ പറയേണ്ടതില്ല.

സമ്പൂർണ്ണമായ കഥ
images/Flannery.jpg
ഫ്ലാനറി ഓ കൊണർ

അമേരിക്കൻ നോവലിസ്റ്റും കഥയെഴുത്തുകാരിയുമാണു്—ഫ്ലാനറി ഓ കൊണർ (Flannery O‘Connor, 1925–64) അവരുടെ നോവലുകളോ കഥകളോ ഞാൻ വായിച്ചിട്ടില്ല. ഉജ്ജ്വലങ്ങളായ നിരൂപണങ്ങൾ വായിച്ചിട്ടുണ്ടു്. അവരുടെ ‘Writing Short Stories’ എന്ന പ്രബന്ധത്തിലെ ഒരു ഭാഗം: “കഥയുടെ അവസാനത്തിൽ ആരെങ്കിലും വിവാഹം കഴിക്കുകയോ വെടിയേറ്റു മരിക്കുകയോ ചെയ്തില്ലെങ്കിൽ ആ കഥയിൽ ഒന്നും സംഭവിക്കുന്നില്ല എന്നു് വിചാരിക്കുന്ന ഒരമ്മായി എനിക്കുണ്ടു്. ഒരു വൃദ്ധയുടെ കാറ് സ്വായത്തമാക്കാൻ വേണ്ടി അവരുടെ ബുദ്ധിയില്ലാത്ത മകളെ വിവാഹം കഴിച്ച ഒരു ‘കാൽനടക്കാ’രന്റെ കഥ ഞാനെഴുതി. വിവാഹത്തിനു ശേഷം അവൻ അവളെ കാറിൽ കയറ്റി യാത്ര പോകുന്നു. ഒരു ഭക്ഷണശാലയിൽ വച്ച് ഉപേക്ഷിച്ചു പോകുന്നു. എന്നിട്ടു് കാറ് ഓടിച്ചു കടന്നു കളയുകയാണു്. ഇതു് സമ്പൂർണ്ണമായ കഥയാണ്… പക്ഷേ, ഇതു് സമ്പൂർണ്ണമായ കഥയാണെന്നു് എന്റെ അമ്മായിയെ വിശ്വസിപ്പിക്കാൻ എനിക്കു കഴിയുന്നില്ല. ബുദ്ധിശൂന്യയായ ആ പെൺകുട്ടിക്ക് പിന്നീടെന്തു സംഭവിച്ചുവെന്നു് അവർക്ക് അറിയണം. ഫ്ലാനറി ഒ കൊണറുടെ കഥ സമ്പൂർണ്ണമാണെന്നു് നമ്മളും സമ്മതിക്കുന്നു. സമ്മതിക്കാത്തവർ ആ പെൺകുട്ടിയെക്കാൾ ബുദ്ധിമാന്ദ്യം ഉള്ളവരാണു്. എൻ. ടി. ബാലചന്ദ്രന്റെ “മഴത്തുള്ളികൾ” സമ്പൂർണ്ണമായ കഥ തന്നെ. അച്ഛനും അമ്മയും കൊച്ചുമകളും കൂടി വിദേശത്തേക്കു പോയപ്പോൾ കൊച്ചുമകനെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും വീട്ടിലാക്കി. വർഷങ്ങൾ കഴിഞ്ഞ് അവർ തിരിച്ചെത്തുന്നു. മകനെ അവഗണിക്കുന്നു. അവർ താമസിക്കുന്ന വീട്ടിൽ അവൻ കാലത്തെത്തിയിട്ടും അവഗണന തന്നെ. സമ്പൂർണ്ണമായ കഥ. ബുദ്ധിയില്ലാത്ത അമ്മായി ബാലചന്ദ്രനോ എനിക്കോ ഉണ്ടെങ്കിൽ ആ പയ്യനു പിന്നെന്തു സംഭവിച്ചുവെന്നു ചോദിക്കുമായിരുന്നു. ഹ്രസ്വമായ കഥയെഴുതാൻ ബാലചന്ദ്രനു് താത്പര്യമില്ല. ഏതു കൊച്ചു സംഭവവും വിസ്തരിച്ച് അങ്ങു എഴുതിയേ അദ്ദേഹത്തിനു് മനസ്സിനു സമാധാനമുള്ളൂ. ആ സമാധാനം സൃഷ്ടിക്കൽ ഇതിലുമുണ്ടു്. എങ്കിലും ആഖ്യാനപാടവുമുണ്ടു് അദ്ദേഹത്തിനു്. കുട്ടിയുടെ മനസ്സിലേക്കിറങ്ങിച്ചെന്നു് അവന്റെ വിചാര വികാരങ്ങളെ പ്രതിപാദിക്കാൻ കഴിയും. പക്ഷേ അടിസ്ഥാനപരമായ ഒരു അവാസ്തവികത ഇക്കഥയ്ക്കുണ്ടു്. ദൂരെ ഏറെക്കാലം താമസിച്ചിട്ടു് നാട്ടിൽ തിരിച്ചെത്തുന്ന മാതാപിതാക്കൾ മൂത്തമകനെ കാണാതെ അവിടെ നിന്നു് ഇറങ്ങി സ്വന്തം വീട്ടിലേക്കു പോകുമോ? ആ കൊച്ചുകുട്ടി പാടം താണ്ടി ആ വീട്ടിൽ കാലത്തെത്തിയിട്ടും അവനെ അവഗണിച്ചു കളയുമോ? അവൻ തന്തയ്ക്കു പിറന്നവനല്ലേ? എന്നാലും തള്ള അവനെയൊന്നു നോക്കാതെ പോകുമോ? ബാലചന്ദ്രന്റെ കഥ ‘ഞാനങ്ങു വാടി വീഴട്ടോ?’ എന്നു ചോദിക്കുന്ന പഴക്കമുള്ള റോസാപ്പൂവല്ല. നിറം മങ്ങിയ കടലാസ്സുപൂവാണു്. അതിന്റെ ഉള്ള് അസത്യം കൊണ്ടു കറുത്തിരിക്കുന്നു. അസത്യത്തെ ദൂരീകരിക്കുന്ന വിമർശനപരമായ പ്രവർത്തനം ഭാവനയുടെ ഒരു ഘടകമാണു്. ആ പ്രവർത്തനമില്ലാത്തവർ കഥയെഴുതിയാൽ ബാലചന്ദ്രന്റെ കഥ പോലെയാകും.

കെ. സി. കേശവപിള്ളയും സ്വദേശാഭിമാനിയും

കെ. സി. കേശവപിള്ള യുടെ ഡയറി വായിക്കാൻ കിട്ടി. അതിൽ നിന്നൊരു ഭാഗം:

അസത്യത്തെ ദൂരീകരിക്കുന്ന വിമർശനപരമായ പ്രവർത്തനം ഭാവനയുടെ ഒരു ഘടകമാണു്. ആ പ്രവർത്തനം ഇല്ലാത്തവർ കഥയെഴുതിയാൽ?

1081 കുംഭമാസം 4-ആം തീയതി. കൊട്ടാരം അദ്ധ്യാപനം രണ്ടു നേരവും ഗൃഹാദ്ധ്യാപനവും നടത്തി. സ്വന്തം പുസ്തക പരിശോധന മുഴുവനാക്കി. ‘സദാരാമ’യെപ്പറ്റി നിന്ദ്യാരൂപമായ ഒരു നിരൂപണം ‘സ്വദേശാഭിമാനി’ എന്ന ആഭാസപ്പത്രത്തിൽ തുടങ്ങിയിരിക്കുന്നതായി കണ്ടു. അതു നടത്തുന്ന രാമകൃഷ്ണപിള്ള അയാളുടെ പൂർവ്വ ഭാര്യാമാതുലനു് വിരോധമായി കള്ളസാക്ഷി പറയാൻ എന്നെ ആവശ്യപ്പെടുകയും സാക്ഷിയായി ചേർക്കുകയും ചെയ്തിരിക്കുന്നു. വാസ്തവ വിരുദ്ധമായി സാക്ഷി എഴുതികില്ലെന്നു് അയാളുടെ വക്കീൽ മിസ്റ്റർ നീലകണ്ഠപ്പിള്ളയോടു് പറഞ്ഞയച്ചു. അയാളുടെ അസൂയാവിഷയത്തിനു് ഇതും ഒരു വളമായിത്തീർന്നിരിക്കണം. മഹാരാജാവിനെ ദുഷിച്ച് നാടകവും സദാനന്ദസ്വാമി, വർഗ്ഗീസ് മാപ്പിള മുതലായ മഹാന്മാരെക്കുറിച്ച് ദുരാക്ഷേപങ്ങളും എഴുതി നിശ്ശങ്കം പ്രസിദ്ധമാക്കിയ ഈ ദുഷ്ടസത്വം ഇതിലധികവും ചെയ്യുന്നതിൽ ആശ്ചര്യപ്പെടാനില്ല.”

images/Kckesavapillai.jpg
കെ. സി. കേശവപിള്ള

6-ആം തീയതി: “ …മൂന്നേകാൽ മണിക്കു പോയി വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലേക്കു മുഖം കാണിച്ചു. പലതും കല്പിച്ചു. സ്വദേശാഭിമാനിയിൽ ‘സദാരാമ’യെ ദുഷിക്കുന്നതിനെപ്പറ്റി, ‘ഇതുകൊണ്ടു് അയാളുടെ ദൗഷ്ട്യം വെളിപ്പെടും എന്നല്ലാതെ കവിതയ്ക്കു യാതൊരു ന്യൂനതയും വരുന്നതല്ല’ എന്നാണു് കല്പിച്ചതു്. രാജരാജവർമ്മകോയിത്തമ്പുരാൻ എം. എ. അവർകളേയും കണ്ടു. അവിടന്നു് അവിടെ വന്നിട്ടു് തിരിയേ പോകുന്ന മദ്ധ്യേയാണു് കണ്ടതു്. ‘സ്വദേശാഭിമാനിയോ? ആ പത്രം ഞാൻ വായിക്കാറില്ല. പണ്ടേ ഉപേക്ഷിച്ചിരിക്കുന്നു. അവർ പൈത്യാരത്തനം പറയുന്നതിനെ ഗണിക്കാനില്ല. അവന്റെ സ്തുതി കൊണ്ടു മെച്ചവും ദുഷി കൊണ്ടു് താഴ്ച്ചയും ഒന്നും വരാനില്ല’ എന്നു് അവടന്നു പറയുകയുണ്ടായി.”

വലതുകാൽ

എനിക്കു കിട്ടിയ ഒരു കത്തിൽ ഒരു വായനക്കാരൻ ഇങ്ങനെ പറയുന്നു: “

പൈങ്കിളിക്കഥകളെ വധിക്കുന്ന നിങ്ങൾ അവ പ്രസിദ്ധപ്പെടുത്തുന്ന പത്രാധിപന്മാരെക്കുറിച്ച് ഒന്നും എതിർത്തു പറയാത്തതെന്ത്? അവരെ നിങ്ങൾക്കു പേടിയാണോ? നാസ്റ്റി ഫെലോ”. വാരികകളിൽ വരുന്ന കഥകളെയും കാവ്യങ്ങളെയും വിലയിരുത്തുന്ന തൊഴിലാണു് എന്റേതു്. അവ പ്രസിദ്ധപ്പെടുത്തുന്നവരെ വിമർശിക്കേണ്ടതില്ല എനിക്ക്. ഞാനിക്കാര്യം കത്തയച്ച ആളിനു് എഴുതി അയച്ചു. അദ്ദേഹം വീണ്ടും എഴുതിയിരിക്കുന്നു. “ഹംഗറിയിലെ രാജാവായിരുന്ന ബേല ഒരു മന്ത്രവാദിനിയെ കാരാഗൃഹത്തിലാക്കി പട്ടിണിയിട്ടു. അവൾ വിശപ്പു സഹിക്കാനാവാതെ സ്വന്തം വലതുകാൽ കടിച്ചു തിന്നു. കാലു തിന്ന അവളുടെ ദുഷ്ടതയെയാണു് ഹംഗറിയിലുള്ളവർ കുറ്റപ്പെടുത്തിയതു്. ബേലയെ ആരും നിന്ദിച്ചുമില്ല. നിങ്ങൾ മന്ത്രവാദിനിയെ കുറ്റപ്പെടുത്തുന്ന മനുഷ്യനാണു്. നീചത്വത്തിനു അതിരില്ലേ?”

കുങ്കുമം വാരികയിൽ ഇ. കെ. രാധാവർമ്മ എഴുതിയ “മകനു വേണ്ടി” എന്ന ബീഭത്സമായ ചെറുകഥ വായിച്ചപ്പോൾ ഈ “എഴുത്തുകത്തു്” വെളിച്ചത്തു കൊണ്ടു വരണമെന്നു് എനിക്കു തോന്നി. മീര ദേവേട്ടനെ സ്നേഹിക്കുന്നു. അയാൾ അമേരിക്കയിൽ പോയിട്ടു തിരിച്ചു വന്നു. വിവാഹം കഴിച്ചു കൊള്ളാമെന്നു അറിയിച്ചു. പക്ഷേ, അമേരിക്കയിലെ ഒരു മദാമ്മയെയാണു് ദേവൻ വിവാഹം ചെയ്തതു്. മീര വേറൊരാളിന്റെ ഭാര്യയുമായി. അവൾക്ക് ഒരു കുഞ്ഞുണ്ടായി. ദേവൻ വിവാഹമോചനം കഴിഞ്ഞ് നിരാശനായി നാട്ടിലെത്തി. മീരയുടെ ഭർത്താവു് സ്നേഹിക്കാനറിഞ്ഞുകൂടാത്തവൻ. ദേവൻ അപ്പോഴും അവളെ സ്നേഹിക്കുന്നു. എങ്കിലും കുഞ്ഞിനു വേണ്ടി അവൾ ദേവേട്ടനോടു കൂടി പോകാൻ ശ്രമിക്കുന്നില്ല. വിഷാദഗ്രസ്തമായ ജീവിതം തന്നെ നയിക്കാൻ തീരുമാനിക്കുന്നു. എനിക്കു ഭയമാണെന്നു തന്നെയിരുന്നോട്ടെ. ഇക്കഥ ബീഭത്സതയാണെന്നും ഇതു നമ്മെ മാലിന്യത്തിലേക്ക് എറിയുന്നുവെന്നും പറയാൻ എന്നെ അനുവദിച്ചാലും. ഇദ്ദീ അമീനെ മറന്നില്ലല്ലോ വായനക്കാർ? യന്ത്രത്തോക്കും മറ്റും വേണ്ട. കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ഹൈഡ്രജൻ ബോംബുകൾ ലോകമെമ്പാടും വിതരണം ചെയ്യേണ്ടതാണെന്നു് അയാൾ നിർദ്ദേശിച്ചു. ആ അവസ്ഥ വന്നു ചേർന്നാലുണ്ടാകാവുന്ന വിപത്തിനെക്കാൾ വലിയ വിപത്താണു് ഇമ്മാതിരി കഥകൾ ഉളവാക്കുന്നതു്.

ഞാൻ പോലീസ് മന്ത്രിയായാൽ ഡയറക്ടർ ജനറൽ ഒഫ് പോലീസിനു് നൽകുന്ന കല്പന: “കേരളത്തിൽ എല്ലാ രാത്രിയും പെൺപിള്ളേരും ആൺപിള്ളേരും പൈങ്കിളിക്കഥകൾ എഴുതുന്നു. കള്ളനോട്ട് അടിക്കുന്നവരെ പിന്നീടു് പിടി കൂടാം. ആദ്യമായി ഈ പിള്ളേരേ അറസ്റ്റു ചെയ്യൂ. ജാമ്യം കൊടുക്കരുതെന്നു് പ്രോസിക്യൂട്ടറെക്കൊണ്ടു് കോടതിയിൽ വാദിപ്പിക്കൂ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-02-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.