സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1985-03-31-ൽ പ്രസിദ്ധീകരിച്ചതു്)

ഒരു കൊച്ചുപലകക്കഷണത്തിൽ ആ ചെറുപ്പക്കാരിയുടെ തലമുടി ചേർത്തുവച്ചു് ഒരാണി അതിലമർത്തി ചുറ്റികകൊണ്ടു് ആഞ്ഞടിച്ചു് ആ മന്ത്രവാദി ചോദിക്കുകയാണു്: “നീയാരാണു്? നീ ഒഴിയുമോ?” മറുപടി: “ഞാൻ അങ്ങേവീട്ടിലെ സാവിത്രി. ഗർഭിണിയായിരിക്കെ മരിച്ചവൾ. ഞാൻ ഈ കമലമ്മയെയും കൊണ്ടേ പോകൂ.” അതു കേട്ടു മന്ത്രവാദി ഓം ഹ്രീം എന്നു മന്ത്രം ഉച്ചരിച്ചു് പൂർവാധികം ശക്തിയോടെ ആണി തറച്ചു കയറ്റി. “നീ ഒഴിയുമോ?” എന്ന ചോദ്യവും മറ്റു മാർഗ്ഗമില്ലെന്നു കണ്ടപ്പോൾ കമലമ്മ അറിയിച്ചു: “ഒഴിയാം ഒഴിയാമേ.” മന്ത്രവാദി പല്ലു ഞെരിച്ചു. പുരികം വളച്ചു. “പോ, പോ” എന്നു് ആക്രോശിച്ചു. ആ ബാധ കഴിഞ്ഞോ ഇല്ലയോ എന്നതു നമ്മൾ ആലോചിക്കേണ്ടതില്ല. അടുത്ത വീട്ടിലെ മരിച്ച സാവിത്രിയുണ്ടല്ലോ. അവളുടെ ശബ്ദം കമലമ്മയുടെ ശബ്ദമായിരുന്നില്ല. സാവിത്രിയുടേതുമായിരുന്നില്ല. സാവിത്രിയുടെ ശബ്ദം ഞാൻ കേട്ടിട്ടുണ്ടു്. കമലമ്മ എന്റെ ബന്ധുവായതുകൊണ്ടു് അവളുടെ ശബ്ദം എനിക്കു പരിചിതമാണു് എന്നു് ഞാനെന്തിനു് വായനക്കാരോടു പറയണം?…

ഞാൻ ശംഖുമുഖം കടപ്പുറത്തിരിക്കുകയാണു്. വിദൂരചക്രവാളത്തിലും നീലക്കടലിലും തരുണികളുടെ കവിൾത്തടത്തിലും റോസാപ്പൂക്കൾ. അപ്പോഴുണ്ടു് ഹിപ്പി യുവാക്കന്മാരും ഹിപ്പി യുവതികളും കടലിനടുത്തേക്കു ദൂരെയുള്ള റോഡിൽ നിന്നു നടന്നുവരുന്നു. അവർ ആ അന്തരീക്ഷവുമായി യോജിക്കുന്നില്ല. കടപ്പുറത്തെ വെൺമണലിൽ അവർ വന്നിരുന്നു. എന്നിട്ടും ആ പഞ്ചാരമണൽ അവരെ അംഗീകരിക്കുന്നില്ല…

images/ship.jpg

അതാ നോക്കു. യാനപാത്രങ്ങൾ—വഞ്ചികളല്ല, കപ്പലുകൾ—തീരം തേടി വരുന്നുണ്ടു്. ഈ ശതാബ്ദത്തിന്റേതാണോ അവ? അല്ല. പതിനെട്ടാം ശതാബ്ദത്തിൽ യാത്ര ആരംഭിച്ചു് ഇരുപതാം ശതാബ്ദത്തിന്റെ അന്ത്യമായപ്പോഴേക്കും ശംഖുംമുഖത്തിനു് തൊട്ടപ്പുറത്തുള്ള കടല്പാലത്തിലേക്കു അടുക്കുകയാണു് അവ. സാവിത്രിയുടെ ശബ്ദം അപരിചിതം: ഹിപ്പികളുടെ സാന്നിദ്ധ്യം അപരിചിതം; യാനപാത്രങ്ങൾ അപരിചിതം. നവീന സാഹിത്യവും ഇതുപോലെയാണു്. അതിൽ സായാഹ്നരാഗമില്ല. നീലജലത്തിന്റെ ഉപരിതലത്തിൽ വീണ അരുണിമയില്ല. സുന്ദരികളുടെ കവിൾതടത്തിലെ റോസാപ്പൂക്കളില്ല. തികച്ചും വൈദേശികം.

ഐസ്ക്രീം—ചെറി
images/Icecreamsundae.jpg

ഭക്ഷണശാലയിൽ ചെന്നിട്ടു് ‘ഐസ്ക്രീം’ കൊണ്ടു വരൂ എന്നു പറഞ്ഞാൽ അര മണിക്കൂർ കഴിഞ്ഞു് വെള്ളസൂട്ടും കിന്നരിത്തൊപ്പിയും വച്ച ഒരു പാവം അതു നമ്മുടെ മുൻപിൽ കൊണ്ടുവയ്ക്കും. ഐസ്ക്രീം എന്ന വെള്ളക്കൂമ്പാരത്തിൽ ഒരു ‘ചെറി’കൂടി വച്ചിരിക്കും. ആ ചുവന്ന പഴത്തിനു് ഭംഗിയുണ്ടെങ്കിലും ഐസ്ക്രീമിനോടു ബന്ധമില്ലെന്ന ഒരു തോന്നൽ നമുക്കു്. എൻ. പി. രാജശേഖരന്റെ ‘ഉരുളാംപാറ’ എന്ന ചെറുകഥയിലെ സിംബൽ—ഉരുളാംപാറ എന്ന പ്രതീകം—കഥയുടെ ഐസ്ക്രീമിൽ വച്ച ചെറി എന്ന പഴമാണു് (കുങ്കുമം വാരിക). ചേർച്ചയില്ല. എങ്കിലും വേണമെങ്കിൽ സ്പൂണിൽ കോരിയെടുത്തു വായ്ക്കകത്തേക്കു് ഇടാം. ചവയ്ക്കാം. കുരു തുപ്പിക്കളയുകയും ചെയ്യാം. ഗ്രാമത്തിലെ ഉരുളാംപാറ കൊള്ളരുതാത്തവരെ കൊന്നു കളയും. കുറെപ്പേർ പാറയ്ക്കു് എതിരായി ഹർജി കൊടുത്തപ്പോൾ രാത്രി അതു ഉയരത്തിൽ നിന്നു താഴോട്ടു വീണു് ടേൺ ചെയ്യേണ്ടിടത്തു ടേൺ ചെയ്തു് പെറ്റിഷനേഴ്സിനെ മാത്രം കൊന്നിട്ടു് സ്വന്തം സ്ഥാനത്തു് കയറിയിരുന്നു. അങ്ങനെയിരിക്കെ ശരീരശക്തിയാർന്ന ഒരു കൂലിക്കാരൻ അവിടെയെത്തി. പാറയുടെ നേരേ താഴെ താമസിക്കാൻ ഒരുമ്പെട്ടു. കഥ പറയുന്ന ആളിനു പേടി. അവനെയും തന്നെയും പാറ ഉരുണ്ടു വന്നു വീഴ്ത്തുമോയെന്നു്: തങ്ങളെ രണ്ടുപേരെയും അതു ചതച്ചരച്ചു കളയുമോ എന്നു്. ഈ ചെറിപ്പഴം അയവു് ഒട്ടുമില്ലാത്ത നിയമമായിരിക്കാം. എന്തായാലും കഥാകാരൻ മനസ്സിന്റെ ഉപരിതലം കൊണ്ടു സൃഷ്ടിച്ചു വച്ച ഒരു പ്രതീകമാണതു്. പതിനെട്ടാം ശതാബ്ദത്തിൽ യാത്ര തുടങ്ങി ഇരുപതാം ശതാബ്ദത്തിൽ കടൽപ്പാലത്തിലേക്കു് അടുക്കാൻ ശ്രമിക്കുന്ന യാനപാത്രം. അല്ലെങ്കിൽ ഐസ്ക്രീമിൽ ചേർച്ചയില്ലാതെയിരിക്കുന്ന ചെറിപ്പഴം.

സ്വർണ്ണാഭരണങ്ങളിൽ തിളക്കമുള്ള കല്ലുകൾ വയ്ക്കുന്നതുപോലെ ആഖ്യാനത്തിൽ പ്രതീകങ്ങൾ വച്ചാൽ പ്രയോജനമില്ല. കല്ലുവച്ച ആഭരണങ്ങൾ ബാങ്കുകാർ പണയവസ്തുക്കളായി സ്വീകരിക്കില്ല. അലിഗറിയുടെ മട്ടിലുള്ള രചനകൾ സഹൃദയന്മാർക്കും വേണ്ട.

മൂക്കെടുപ്പു്

എം. പി. മന്മഥൻ “മൂക്കെടുത്തു കുളിപ്പിക്കുന്ന”തിനെക്കുറിച്ചു പറയാറുള്ളതു് ഓർമ്മയിലെത്തുന്നു. കുഞ്ഞുങ്ങൾ വളർന്നു പ്രായമെത്തുമ്പോൾ നല്ല മൂക്കുള്ളവരായിരിക്കണമെങ്കിൽ കൊച്ചിലേ അവരെ കുളിപ്പിക്കുമ്പോൾ മൂക്കു് എണ്ണതേച്ചു് വേണ്ടപോലെ തടവണമല്ലോ. ഇതിനെയാണു് മൂക്കെടുത്തു കുളിപ്പിക്കുക എന്നു വിളിക്കുന്നതു്. ഒരമ്മ മകളെ ഇമ്മട്ടിൽ കുളിപ്പിച്ചില്ല. അവൾ വളർന്നു. വിവാഹം നിശ്ചയിച്ചു. കല്യാണ മണ്ഡപത്തിലിരിക്കുകയാണു്. വരൻ താലികെട്ടാൻ പോകുന്നു. അപ്പോൾ ആരോ പറഞ്ഞു പെണ്ണിന്റേതു ചപ്പമൂക്കാണെന്നു്; മൂക്കെടുത്തു കുളിപ്പിക്കാത്തതിന്റെ തകരാറാണു് അതെന്നു്. ഇതു കേട്ടയുടനെ തള്ള കല്യാണമണ്ഡപത്തിലേക്കു് ഓടിക്കയറി പെണ്ണിന്റെ മൂക്കുപിടിച്ചുവലിക്കാനും തടവാനും തുടങ്ങി.

നമ്മുടെ കഥാനാസികകൾ പതിമൂക്കുകളോ ചപ്പമൂക്കുകളോ ആണു്. വേണ്ട സമയത്തു് അവയെ എണ്ണ പുരട്ടി രൂപപ്പെടുത്തി എടുത്തിരുന്നെങ്കിൽ ഇന്നു കാണുന്ന വൈരൂപ്യം വരികില്ലായിരുന്നു. മനോരമ ആഴ്ചപ്പതിപ്പിൽ ഇതാ ഒരു ചപ്പമൂക്കു്—‘അഷിത’ (ഷെരീഫി, നെടുമങ്ങാടു്). ഒരുത്തൻ വിവാഹം കഴിക്കാൻ പോകുന്നവൾക്കു സുഖമില്ലെന്നറിഞ്ഞു് അവളെ കാണാൻ ചെല്ലുന്നു. അവൾ റിസ്റ്റ് വാച്ച് കെട്ടി കിടക്കുന്നു. എതിരെയുള്ള ചുവരിൽ വലിയ നാഴികമണിയുണ്ടു്. അതുള്ളപ്പോൾ റിസ്റ്റ് വാച്ച് എന്തിനു്? ‘പ്രൗഢി’ക്കു വേണ്ടിയല്ലേ? ഭാവി ഭർത്താവിനുള്ള സംശയം ഭാവി പത്നി ദൂരീകരിച്ചു. “വിനയേട്ടനു് അറിയുമോ ആ ക്ലോക്ക് ചലിക്കാതെയായിട്ടു് രണ്ടു മാസം കുഴിഞ്ഞു. അപ്പോൾ കൈത്തണ്ടയിൽ വാച്ച് കെട്ടാതെ ഞാനെന്തു ചെയ്യും?” അതു കേട്ടു് അയാൾ “ക്ഷമിക്കു മുത്തേ, ക്ഷമിക്കു്” എന്നു പറയുമ്പോൾ കഥ അവസാനിക്കുന്നു. ഇമ്മട്ടിലുള്ള ചെറുകഥകൾ ഉണ്ടായിത്തുടങ്ങിയ കാലം തൊട്ടു പത്രമാപ്പീസുകളിലെ ചവറ്റു കുട്ടകളിൽ എറിയേണ്ടതായിരുന്നു. അതു തന്നെയാണു് നാസികാചികിത്സ. ഇനി പറഞ്ഞിട്ടു പ്രയോജനമില്ല. ചൈനാ മൂക്കോടുകൂടി കഥാംഗന മനോരമ എന്ന കല്യാണമണ്ഡപത്തിൽ കയറിയിരിക്കുന്നു. എണ്ണകൊണ്ടും തടവൽകൊണ്ടും ഒരു പ്രയോജനവുമില്ല.

പരാജയപ്പെട്ട കഥ

അനേകം യൂണിറ്റുകളുടെ—എകകങ്ങളുടെ—ഘോഷയാത്രയോ പ്രവാഹമോ ആണു് ജീവിതം. ഈ ഘോഷയാത്രയെ അല്ലെങ്കിൽ പ്രവാഹത്തെ അതു പോലെ ചിത്രീകരിക്കാം. അല്ലെങ്കിൽ ഒരു യൂണിറ്റിനു് എല്ലാ പ്രാധാന്യവും നല്കി ആവിഷ്കാരമാകാം. തിരഞ്ഞെടുപ്പു ജോലിക്കു പോകുന്ന ഒരാളിനു് ഒരു ബോൾപോയിന്റ് പേനയുണ്ടു്. കാമുകി കടിച്ചു പാടുവരുത്തിയ പേന. അതു മറ്റൊരാൾക്കു് എഴുതാൻ കൊടുക്കാൻപോലും അയാൾക്കു മടിയാണു്. തിരഞ്ഞെടുപ്പു ജോലിയിൽ ഏർപ്പെട്ടിരിക്കെ ആ പേന ഒരു സ്ത്രീക്കു കൊടുക്കേണ്ടിവന്നു അയാൾക്കു് കാമുകിയുടെ ദന്തക്ഷതമേറ്റ പേന മറ്റൊരു സ്ത്രീയുടെ കൈയിൽ എത്തിയതു് അബോധാത്മകമായിട്ടെങ്കിലും അയാൾക്കു് ഇഷ്ടപ്പെട്ടിരിക്കുകയില്ല. അതുകൊണ്ടു ചായക്കടയിൽ അതു കളഞ്ഞിട്ടു് അയാൾ പോകുന്നു. കടക്കാരൻ അതു കണ്ടെടുത്തുകൊണ്ടു ബസ്സിനു് പിറകേ ഓടുന്നു. പേന വീണ്ടും അയാളുടെ കൈയിൽ വന്നു ചേരുന്നു. ഇതാണു ജി. എൻ. പണിക്കരു ടെ “ഓർമ്മയിൽ ഉയരുന്ന സ്മാരകങ്ങൾ” (മാതൃഭൂമി ആഴ്ചപ്പതിപ്പു്) എന്ന ചെറുകഥ. ഇത്തരം കഥകൾ രചിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന ഏകകത്തിനു് എല്ലാവിധത്തിലും പ്രാധാന്യം നല്കാൻ കഥാകാരൻ ശ്രമിക്കണം. ഇല്ലെങ്കിൽ ആ ഏകകം വായനക്കാരനെ സ്പർശിക്കില്ല. ദന്തക്ഷതമേറ്റ പേന ഒരു ബാഹ്യപ്രേരകമാണു്. ആ ബാഹ്യപ്രേരകം പേനയുടെ ഉടമസ്ഥന്റെ അന്തരംഗത്തിൽ മറ്റു പ്രേരകങ്ങൾ ജനിപ്പിക്കുമ്പോൾ, അവയെ കഥാകാരൻ വേണ്ടപോലെ ചിത്രീകരിക്കുമ്പോൾ കഥ വിജയം പ്രാപിക്കും. ഈ രീതിയിലുള്ള മാനസിക പ്രവർത്തനത്തിന്റെ പ്രതിപാദനം ഇക്കഥയിൽ ഇല്ല. അതുകൊണ്ടു് ജി. എൻ. പണിക്കർ തിരഞ്ഞെടുത്ത ഏകകം കഥയിലെ ബസ്സ്, മോശപ്പെട്ട ചായ ഇവപോലെ അപ്രധാനമായി ഭവിക്കുന്നു. എല്ലാ ഏകകങ്ങൾക്കും പ്രാധാന്യം നല്കി “തിരഞ്ഞെടുപ്പു്” എന്നതിന്റെ സവിശേഷതയും വ്യക്തമാക്കാം. അങ്ങനെ നോക്കിയാലും കഥാകാരനു് വിജയമില്ല. എല്ലാവിധത്തിലും ഇതു് പരാജയപ്പെട്ടിരിക്കുന്നു.

മണ്ടന്മാർ വായനക്കാർ

ഒരു പ്രായമൊക്കെ ആയിക്കഴിഞ്ഞാൽ സ്വഭാവം ഇരുമ്പുകുടം പോലെയാകും. അതിൽ മാറ്റം വരുത്താൻ കഴിയുകയില്ല. അതുകൊണ്ടു് പ്രായമായവൻ ചെയ്യുന്ന തെറ്റിനു് മാപ്പു കൊടുക്കുന്നതിൽ ഒരർത്ഥവുമില്ല. “ഒരിക്കലിതു സംഭവിച്ചു പോയി. ഇനി ഇതു ചെയ്യുകയില്ല” എന്നു പറയുന്നവനെ വിശ്വസിക്കു അടുത്ത ദിവസം അതേ തെറ്റു് അവൻ ചെയ്തിരിക്കും. ഒരു കല്ലെടുത്തു് ആയിരം തവണ മുകളിലേക്കു് എറിയൂ. ഓരോ തവണയും അതു താഴത്തേക്കുതന്നെ പോരും. എറിയുന്നവന്റെ തലയിൽ വന്നു വീണെന്നും വരും.

“എന്നെ മുകളിലേക്കു പോകാൻ പഠിപ്പിക്കുകയാണു്. ഞാൻ ഇനി മുകളിലേക്കു തന്നെ പോകും” എന്നു കല്ലു വിചാരിക്കില്ല. മനുഷ്യനും കല്ലും സദൃശമായി പെരുമാറുന്നു. ഒരിക്കൽ സ്ഫടികപാത്രം പൊട്ടിക്കുന്ന പരിചാരകൻ പതിവായി അതു പൊട്ടിക്കും. ഊർമ്മിള എന്ന പേരിൽ കുമാരി വാരികയിൽ “മൗനത്തിന്റെ തീരം” എന്ന കഥയെഴുതിയ ആൾ ഇതുപോലുള്ള പീറക്കഥകൾ ഇനിയും എഴുതും. ഡോക്ടറായ ഭാര്യയ്ക്കു ലൈംഗികാസക്തി കൂടുതലായതുകൊണ്ടു് ഭർത്താവിനു് കാലത്തു ക്ഷീണം. അതിനാൽ അയാൾക്കു് അവളോടൊരുമിച്ചു് കാറിൽ പോകാൻ വൈകേണ്ടി വരുന്നു. ആശുപത്രിയിൽ വൈകിച്ചെന്നതുകൊണ്ടു് അവൾ സസ്പെന്റ് ചെയ്യപ്പെടുന്നു. ഊർമ്മിളയുടെ ഭാഷയിലാണെങ്കിൽ “ഡോക്ടർ വിനോദിനി ഈസ് സസ്പെന്റ് പെന്റിംഗ് എൻക്വയറി” (നമ്മുടെ തിരുവനന്തപുരത്തെ കുന്നുകുഴി യൂണിവേഴ്സിറ്റിയിൽ പഠിച്ച ആരെങ്കിലുമായിരിക്കും ഈ സസ്പെൻഷൻ ഓർഡർ ഡ്രാഫ്റ്റ് ചെയ്തതു്—ലേഖകൻ). ഈ കഥാസാഹസത്തെക്കുറിച്ചു് ഞാനെന്താണു് പറയേണ്ടതു് ? ഫൂളിഷായിട്ടുള്ള കാര്യങ്ങൾ മനുഷ്യന്റെ മുഖത്തു നോക്കിപ്പറഞ്ഞാൽ അവൻ ചിരിക്കുമെന്നതുകൊണ്ടു് കഥാകാരന്മാർ കഥകളെഴുതുന്നു. വായനക്കാരെ മണ്ടന്മാരാക്കുന്നു.

ശാസ്താംകോട്ട
images/BalanPunaloor.jpg
പുനലൂർ ബാലൻ

വിത്തം, വിദ്യ, രോഗം ഇവ മൂന്നും അന്യരെ കാണിക്കരുതു് എന്നാണു് സ്മൃതികാരന്റെ ഉപദേശം. എനിക്കു വിത്തമോ വിദ്യയോ രോഗമോ ഇല്ലാത്തതുകൊണ്ടു് അവ പ്രദർശിപ്പിക്കപ്പെടുന്നില്ല. അപമാനനം സംഭവിച്ചാൽ (അപമാനം= insult; അപമാനനം= അപമാനിക്കൽ) അതും പുറത്തു പറയരുതെന്നു് നിയമം. ഈ ലേഖകൻ ആ നിയമം പാലിക്കാറില്ല. ശാസ്താംകോട്ടയിലെ കോളേജിൽ ഒരിക്കൽ പ്രസംഗിക്കാൻ പോയി. കൂടെ പുനലൂർ ബാലൻ, നബീസാ ഉമ്മാൾ. കൊണ്ടുപോയ ആൾ ജോൺ സാമുവൽ (ഇപ്പോൾ ടെലിവിഷൻ കേന്ദ്രത്തിൽ). ഞാൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എഴുന്നേറ്റു. “ഇരിയെടാ പഴഞ്ചൻ സാഹിത്യകാരാ” എന്നു് ഒരു വിളി. കൂടെ കൂവലും കല്ലേറും, ഇരുന്നില്ല. ഒരു കല്ലു് നെറ്റിയിൽ കൊണ്ടു രക്തമൊഴുകി. അപ്പോൾ ഇരുന്നു. “ഞാൻ സ്ത്രീയാണു്. എന്നെ കൂവുകയില്ല.” എന്നു പറഞ്ഞു് നബീസ എഴുന്നേറ്റു. “ഇരിയെടീ… ” എന്നു വിളി. ഇരുന്നു. “ഞാൻ എസ്. എഫ്. ഐ.ക്കാരനാണു്. എന്നെ കൂവുകയില്ല എന്നു പുനലൂർ ബാലൻ.” എഴുന്നേറ്റു. ‘കൂ കൂ’. ഇരുന്നു. ഞാൻ പ്ലാറ്റ്ഫോമിൽ നിന്നു താഴത്തേക്കിറങ്ങിയപ്പോൾ കല്ലു് എറിഞ്ഞ കുട്ടികൾ തന്നെ പഞ്ഞിയും സ്പിരിറ്റും കൊണ്ടു വന്നു ഡ്രസ്സ് ചെയ്യാൻ. “സാറിനോടുള്ള ദേഷ്യം കൊണ്ടല്ല ഞങ്ങൾ കൂവിയതും എറിഞ്ഞതും” അവർ മുറിവു തുടച്ചു. മരുന്നു വച്ചു തന്നു. ഞാൻ ശാസ്താംകോട്ടയിലാണു് ബാല്യകാലം കഴിച്ചു കൂട്ടിയതു്. ശുദ്ധജലതടാകം അമ്പലത്തിനു ചുറ്റും പ്രശാന്തത. ആദ്ധ്യാത്മികാന്തരീക്ഷം എങ്ങും. എൻ. ബാലചന്ദ്രൻനായർ ശാസ്താംകോട്ടയെക്കുറിച്ചു് കുമാരി വാരികയിലെഴുതിയതു വായിച്ചപ്പോൾ ഇത്രയും കുറിക്കണമെന്നുതോന്നി. അന്നു ഞങ്ങളെ കുട്ടികൾ പീഡിപ്പിച്ചപ്പോൾ മലയാളം പ്രൊഫസറായിരുന്ന ജി. ശങ്കരപ്പിള്ള (പ്രശസ്തനായ നാടക കർത്താവു്) വല്ലാതെ കോപിച്ചു. അദ്ദേഹം കുട്ടികളോടു കയർത്തു. ചില അദ്ധ്യാപകരോടും. ശാസ്താംകോട്ടയ്ക്കു് എല്ലാ മേന്മകളും കൈവരട്ടെ. ഇന്നത്തെ കുട്ടികൾക്കു് പഞ്ഞിയും സ്പിരിറ്റും മെർക്കുറോക്രോമും വേണമോ എന്നറിഞ്ഞുകൂടാ. അവർക്കു് അതു വേണമെങ്കിൽ ദേവസ്വം ബോർഡ് എത്തിച്ചുകൊടുക്കുമല്ലോ.

images/Nabeesa.jpg
നബീസാ ഉമ്മാൾ

“വിദ്യാർത്ഥികളോടു് നിങ്ങൾക്കു ദേഷ്യമുണ്ടോ?” എന്നു് എന്നോടു ചോദ്യം. “ഇല്ലേയില്ല” എന്നു് ഉത്തരം. കലാകൗമുദി അയയ്ക്കുന്ന ചെക്ക് പോസ്റ്റ്മാൻ കൊണ്ടുവന്നു തരുമ്പോൾ എനിക്കു് അയാളോടു സ്നേഹം. കോടതിയിലെ പ്യൂൺ സമൻസ് കൊണ്ടുവരുമ്പോൾ എനിക്കു് അയാളോടു ദേഷ്യം. രണ്ടുപേരും സർക്കാർ അനുശാസിച്ചതേ ചെയ്യുന്നുള്ളു. തങ്ങളെ അധഃപതിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതിരൂപമായ കോളേജ് പ്രൊഫസറെ കുട്ടികൾ കല്ലെറിഞ്ഞാൽ ആ അദ്ധ്യാപകൻ എന്തിനു കോപിക്കണം?

ഡോ. എസ്. കൃഷ്ണകുമാർ

ആരോഗ്യത്തോടെ കഴിഞ്ഞുകൂടുന്നവനു പെട്ടെന്നു രോഗം വന്നാൽ അയാൾ ഡോക്ടറുടെ അടുക്കലേക്കു് ഓടുന്നു. അയാൾക്കു് അപ്പോൾ രോഗം ഭേദമാകണം. “ഡോക്ടർ എനിക്കു നാളെ ഒരു കോൺഫറൻസിനു പോകണം. ഇതു് ഇന്നു ചികിത്സിച്ചു മാറ്റിയേ പറ്റൂ.” ഡോക്ടർ ആന്റിബയോട്ടിക്ക് കൊടുക്കുന്നു. ആ രോഗം ഭേദമായി അടുത്ത ദിവസം മറ്റൊരു രോഗം ആന്റിബയോട്ടിക്സിന്റെ ഫലമായി ഉണ്ടാകുന്നു. വേറെ ചിലർ സംശയാലുക്കളാണു്. കതകിന്റെ കുറ്റികൊണ്ടു് വിരലൊന്നു പോറിയാൽ മതി. ഉടനെ ഡെറ്റോൾ ലോഷൻകൊണ്ടു് അവിടം കഴുകുന്നു. ഡെറ്റോൾ ആന്റി സെപ്റ്റിക്ക് ഓയിന്റ്മെന്റ് പുരട്ടുന്നു. ആഴ്ചയിലൊരിക്കൽ മൂത്രം പരിശോധിക്കുന്നു, രക്തം പരിശോധിക്കുന്നു. മെഡിക്കൽ ബുക്സ് വായിച്ചു കിട്ടിയ അല്പജ്ഞാനം ഡോക്ടറുടെ മുൻപിൽവച്ചു് സംശയങ്ങൾ ചോദിക്കുന്നു. ഡോക്ടർ നീരസം മറച്ചുവച്ചു് മറുപടി നല്കുന്നു. തിരിച്ചു വീട്ടിലേക്കു പോരുമ്പോൾ കുതിരലാടത്തിയിൽ ചവിട്ടിയെന്നിരിക്കട്ടെ. “ഹാ കാലിൽ ഒരു അബ്രേഷൻ ഉണ്ടല്ലോ. ഒരാന്റി ടെറ്റനസ് ഇൻജെക്ഷൻ എടുത്തു കളയാം” എന്നു തീരുമാനിക്കുന്നു. മരുന്നു കുത്തിവയ്പിക്കുകയും ചെയ്യും. ഈ രണ്ടുകൂട്ടരും പരിഹസിക്കുപ്പെടേണ്ടവരാണു്. ഇവരിൽപ്പെടാതെ ചാഞ്ചല്യരഹിതരായിക്കഴിയുന്നവരുണ്ടു്. രോഗം വന്നോ? എന്നാൽ ചികിത്സിക്കാം. അതിൽ തിടുക്കമില്ല, വെപ്രാളമില്ല. അങ്ങനെ നിയതമായി ജീവിക്കുന്നവർക്കു പ്രയോജനപ്പെടും ഡോക്ടർ എസ്. കൃഷ്ണകുമാറിന്റെ “നിങ്ങളും ഡോക്ടറും” എന്ന പംക്തി (ജനയുഗം വാരിക). വൈവിധ്യമുള്ള വിഷയങ്ങൾ അദ്ദേഹം ലളിതമായി പ്രതിപാദിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിലാണു് ഡോക്ടർക്കു താല്പര്യം. ഓരോ ഉത്തരവും ഈ സത്യത്തിലേക്കു കൈചൂണ്ടുന്നു.

ഒരു നേരമ്പോക്കു് രോഗിയോടു് സത്യം മുഴുവൻ പറയാൻ ഡോക്ടർ തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ വലിയ രോഗിയാണെന്നു എനിക്കു് പറയേണ്ടിയിരിക്കുന്നു. കാര്യങ്ങൾ യഥാർത്ഥസ്ഥിതിയിൽ അറിയാൻ നിങ്ങൾക്കും താൽപര്യമില്ലേ? പിന്നെ, വേറെ ആരെയെങ്കിലും നിങ്ങൾക്കു കാണണമെന്നുണ്ടോ?”

രോഗിയുടെ ദുർബ്ബലശബ്ദം “കാണണം”.

“ആരെ?” ഡോക്ടറുടെ ചോദ്യം.

“വേറൊരു ഡോക്ടറെ” രോഗിയുടെ മറുപടി.

നീന പ്രസാദ്
images/NeenaPrasad.jpg
നീന പ്രസാദ്

ഞാനങ്ങനെ ടെലിവിഷൻ കാണാറില്ല. ഇന്നു സന്ധ്യക്കു് (6-3-85) ചിലങ്കയുടെ നാടകവും ചങ്ങമ്പുഴയുടെ “വാഴക്കുല” എന്ന കാവ്യത്തിലെ ഭാഗങ്ങളുടെ സംഗീതാത്മകമായ ആവിഷ്കാരവും കേട്ടപ്പോൾ ചെന്നു നോക്കി. തിരുവനന്തപുരം ഹോളി ഏയ്ൻജൽസ് കോൺവെന്റിലെ ഒരു വിദ്യാർത്ഥിനി— നീന പ്രസാദ് — ഹൃദയഹാരിയായി നൃത്തം ചെയ്യുന്നു. ആ കുട്ടിയുടെ ചലനങ്ങൾ ഭാവാത്മകങ്ങളായിരുന്നു. രമണീയങ്ങളായിരുന്നു. അതിസൂക്ഷ്മവും സുനിശ്ചിതവും എന്നു പറയാൻ വയ്യ. കൊച്ചുകുട്ടിയല്ലേ? പരിചയവും അഭ്യാസവും കൂടുമ്പോൾ ആ ഗുണങ്ങളും ഈ കുട്ടിക്കു കിട്ടിക്കൊള്ളും. നീന പ്രസാദിന്റെ നൃത്തം അസുലഭമായ ഒരനുഭവം എനിക്കു പ്രദാനം ചെയ്തു. ഈ കുട്ടിയുടെ പേരിൽ നമുക്കു് അഭിമാനം കൊള്ളാം.

ലാക്ഷണിക കഥ
images/Plotinus2.jpg
പ്ലോട്ടിനസ്

‘അലിഗറി’ യാന്ത്രികമാണു്, നിശ്ചേതനമാണു്. പ്രതിരൂപാത്മകത്വം ചലനാത്മകമത്രേ. അതിനു മൂല്യമുണ്ടു്. ജീവിതത്തോടു ബന്ധമുണ്ടു്. പ്രതിരൂപാത്മകത്വം പല അർത്ഥങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അലിഗറി ഒരു അർത്ഥം മാത്രം ചൂണ്ടിക്കാണിച്ചു തരുന്നു. മറ്റൊരുതരത്തിൽ പറയാം. രാജ്യത്തിന്റെയും സൈന്യത്തിന്റെയും രഹസ്യങ്ങൾ മറ്റുള്ളവർ അറിയാതിരിക്കാൻവേണ്ടി ഒരുതരത്തിലുള്ള പ്രച്ഛന്ന രചന—ക്രിപ്റ്റോഗ്രഫി—സ്വീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. അതുപോലെയൊരു പ്രച്ഛന്നരചനയാണു് അലിഗറി. ജീവിതത്തിന്റെ മഹാദ്ഭുതമോ മനസ്സിന്റെ സങ്കീർണ്ണതകളോ അനാവരണം ചെയ്യാൻ ഇതു് അസമർത്ഥമാണു്. ‘ചന്ദ്രിക’ വാരികയിൽ രാഘവൻ പുന്നശ്ശേരി എഴുതിയ “വീടു്” വിരസമായ അലിഗറിയാണു്. ഇടിഞ്ഞുവീഴാറായ വീടു്. അതു കൂടക്കൂടെ നന്നാക്കി വീട്ടുകാർ താമസിക്കുന്നു. ജീർണ്ണിച്ചുവരുന്ന രാജ്യത്തിന്റെ പ്രതീകമായിട്ടാണു് വീടു് സങ്കല്പിക്കപ്പെട്ടിരിക്കുന്നതു്. മൂല്യമില്ലാത്ത, അഗാധതയില്ലാത്ത വിരസമായ ലാക്ഷണിക കഥ.

കണ്ണു് ഒരളവിൽ സൂര്യനായി മാറിയില്ലെങ്കിൽ ആ കണ്ണുകൊണ്ടു് സൂര്യനെ കാണാൻ പറ്റുകയില്ലെന്നു പ്ലോട്ടിനസ്. താൻ ആലേഖനം ചെയ്യുന്ന രൂപമായി ചിത്രകാരൻ മാറിയില്ലെങ്കിൽ അയാൾക്കു് ആ രൂപം അന്യൂനമായി ആലേഖനം ചെയ്യാൻ കഴിയുകയില്ലെന്നു് ഡാന്റേ.

ഒരു പ്രശസ്തനായ ചിത്രകാരൻ പറഞ്ഞു: “സാഹിത്യവാരഫലക്കാരനു് കുറ്റം പറയുകയാണു് ജോലി.” ഇങ്ങനെ അഭിപ്രായപ്പെട്ട ചിത്രകാരൻ കേരളത്തിലെ എല്ലാ വാരികകളും വായിച്ചിട്ടു് ഇതുപോലെയൊരു പംക്തി എഴുതട്ടെ. അദ്ദേഹത്തിനു് ഇതിലുമധികം കുറ്റം പറയേണ്ടതായി വരും എന്നതിനു് ഒരു സംശയവുമില്ല.

കഴുതസ്സ്വരം, പിക്കാക്സ്
images/Dante.jpg
ഡാന്റേ

ഭാര്യയും ഭർത്താവും രണ്ടുപേരുടെയും ദ്വിതീയ വിവാഹമാണു്. അവളുടെ ആദ്യത്തെ ഭർത്താവിലുണ്ടായ മകൻ അയാളെ അപമാനിക്കുന്നു. മകൻ അമ്മുമ്മയുടെ വീട്ടിൽപ്പോയി. അതോടെ അവൾക്കു ദുഃഖം. ദുഃഖത്തിന്റെ കാരണമറിഞ്ഞു് അയാൾ അവനെ തിരിച്ചുവിളിച്ചുകൊണ്ടുവരുന്നു. അതോടെ ഹർഷോന്മാദം. ഇതാണു് ‘സഖി’ വാരികയിൽ അമ്പലപ്പുഴ വേണു എഴുതിയ “ഗ്രീഷ്മവർഷം” എന്ന കഥ—ഹാർമ്മോണിയത്തിന്റെ ഒരു കട്ട താഴ്ത്തുമ്പോൾ ഗർദൃസ്വരവും രണ്ടാമത്തെ കട്ട താഴ്ത്തുമ്പോൾ മൂങ്ങയുടെ മൂളലും മൂന്നാമത്തെ കട്ട താഴ്ത്തുമ്പോൾ തവളയുടെ ശബ്ദവും കേട്ടാൽ എങ്ങനെയിരിക്കും? ഭാഷ എന്ന സംഗീതോപകരണത്തിലെ കട്ടകൾ താഴ്ത്തി അമ്പലപ്പുഴ വേണു നമ്മളെ പേടിപ്പിക്കുന്നു.

അവളെ കാണാൻ അയാൾ ഹോസ്റ്റലിൽ ചെന്നു. അവർ അന്യോന്യം അനുരക്തർ. പക്ഷേ, അയാൾക്കു് ജോലിയുണ്ടെങ്കിലേ അവൾ വിവാഹം കഴിക്കാൻ സന്നദ്ധയാകൂ. മിടുക്കിയെന്നു പറഞ്ഞു് അയാൾ നടന്നകലുന്നു. ഇതു് ‘പൗരദ്ധ്വനി വാരികയിൽ തോമസ് കുട്ടി ചെഞ്ചേരിൽ എഴുതിയ “സ്നേഹമാണു് പക്ഷേ… ” എന്ന കഥ —ചെക്കോവും മോപസാങ്ങും തോമസ് കുട്ടിയും സദൃശരാണു്. മൂന്നുപേരെയും അമ്മമാരാണു് പ്രസവിച്ചതു്. ആ വിധത്തിൽ സാദൃശ്യം. ഒരു കാര്യത്തിൽ ചെറിയ വ്യത്യാസവും റഷ്യാക്കാരനും ഫ്രഞ്ചുകാരനും തങ്കത്തൂലികകൊണ്ടു് മനോരഞ്ജകങ്ങളായ ചിത്രങ്ങൾ വരച്ചു. കേരളീയൻ തൂലിക പിക്കാക്സാക്കി ഭാഷയാകുന്ന പറമ്പു് കിളച്ചു മറിക്കുന്നു.

മനോരാജ്യം വാരികയിൽ (ലക്കം 15) “കാരൂർ ഫലിതങ്ങൾ”—അനുഗൃഹീതനായ ആ കഥാകാരനു് നർമ്മബോധം തീരെയില്ലായിരുന്നുവെന്നു് വിജയം രവി തെളിയിക്കുന്നു.

കുഞ്ഞിത്തോമാച്ചൻ ചെറുപ്പത്തിൽ വലിയ ചട്ടമ്പിയായിരുന്നു. പ്രായമായപ്പോൾ നാക്കിൽ ക്യാൻസർ വന്നു. നാക്കിന്റെ അറ്റം മുറിച്ചു. അയാൾ എതിർത്തിരുന്ന വീട്ടുകാരിൽ ഒരു സ്ത്രീ അയാൾക്കു പത്തു രൂപ കൊടുക്കുന്നു. ‘ദേശാഭിമാനി’ വാരികയിലെ “അസ്തമയത്തിനു മുൻപു്” എന്ന കഥയാണിതു്. സി. പി. ഓമന എഴുതിയതു്—ഈ ലോകത്തുള്ള ഏതും മനുഷ്യനെ വേദനിപ്പിക്കുന്നതാണു്. കഥ മാത്രം വേദനിപ്പിക്കാതിരിക്കുന്നതെന്തിനു്?

രണ്ടു തലങ്ങൾ

കഥ പറയുന്ന ആളിന്റെ വീട്ടിനടുത്തു് മൂന്നു സന്ന്യാസിനിമാർ വന്നു താമസിക്കുന്നു. അവരിൽ ഒരാൾ അയാളുടെ കൂടെപ്പഠിച്ച രുക്മിണി. സ്കൂളിൽ വച്ചു കാലുരുമ്മിയിരുന്നവർ രണ്ടുപേരും. ആ സന്ന്യാസിനിമാരുടെ കണ്ണുകൾ കാക്ക കൊത്തിപ്പറിക്കുമ്പോൾ ശത്രുഘ്നൻ കലാകൗമുദിയിലെഴുതിയ “സന്ധ്യകളും സന്ന്യാസിനിമാരും” എന്ന ചെറുകഥ അവസാനിക്കുന്നു. രണ്ടു സത്യങ്ങളുണ്ടു് ഇക്കഥയിൽ. ഒന്നു കണ്ണുകൊത്തി പറിക്കുന്നതിനോടു ചേർന്ന പ്രതിരൂപാത്മക സ്വഭാവമാർന്ന സത്യം. രണ്ടാമത്തേതു് യാഥാർത്ഥ്യത്തിന്റെ തലത്തിലുള്ള സത്യം. രണ്ടും ഒരുമിച്ചു ചേരാതെ നില്ക്കുന്നതുകൊണ്ടു് കഥയുടെ വിശ്വാസ്യത എന്ന ഗുണം നഷ്ടപ്പെടുന്നു.

ഐൻസ്റ്റൈൻ കുളിമുറിയിൽ നിന്നിറങ്ങിയപ്പോൾ ഒരു ജൂതൻ അതിനകത്തേക്കു കയറി. അയാളോടു് വേറൊരു ജൂതൻ പറഞ്ഞു: “അങ്ങനെ ഒരു കൊല്ലം കഴിഞ്ഞു അല്ലേ സുഹൃത്തേ.” (ജൂതന്മാർ വർഷത്തിലൊരിക്കലേ കുളിക്കൂ എന്നു സൂചന.)

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1985-03-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.