SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1985-04-14-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Vyloppilli.jpg
വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോൻ

ചി​ലർ​ക്കു് നദി കണ്ടാൽ അതിൽ നീ​ന്തി​ത്തു​ടി​ക്കാ​നാ​ണു് കൗ​തു​കം. ആഴ​ത്തി​ലേ​ക്കു് പോകാൻ പേടി. മറ്റു​ചി​ലർ​ക്കു് മു​ങ്ങാ​ങ്കു​ഴി​യി​ടാ​നാ​ണു് താ​ല്പ​ര്യം. ഒരി​ട​ത്തു​മു​ങ്ങി​യി​ട്ടു് വളരെ നേരം കഴി​ഞ്ഞ് ദൂ​രെ​യെ​വി​ടെ​യെ​ങ്കി​ലും പൊ​ങ്ങും; അതു വീ​ണ്ടും മു​ങ്ങാൻ മാ​ത്രം. നീ​ന്തു​ന്ന​വർ ആഴ​ത്തി​ലേ​ക്കു് പോ​കു​ന്ന​വ​ര​ല്ല, ആഴ​ത്തി​ലേ​ക്കു് പോ​കു​ന്ന​വർ നീ​ന്തു​ന്ന​വ​ര​ല്ല. ഈ മാ​ന​സിക നി​ല​യും ഇതി​നോ​ടു ചേർ​ന്ന പ്ര​വർ​ത്ത​ന​വും സാ​ഹി​ത്യ​കാ​ര​ന്മാ​രി​ലും കാണാം. ചില സാ​ഹി​ത്യ​കാ​ര​ന്മാർ​ക്കു് ജീ​വി​ത​ത്തി​ന്റെ ഉപ​രി​ത​ല​ത്തിൽ തര​ണ്യ​വി​ദ്യ നട​ത്തു​ന്ന​തി​ലേ രസ​മു​ള്ളൂ. വേറെ ചില സാ​ഹി​ത്യ​കാ​ര​ന്മാർ അസ്തി​ത്വ​ത്തി​ന്റെ ഉപാ​ന്ത​ങ്ങ​ളെ വെ​റു​ക്കു​ന്നു. ജീ​വി​ത​ത്തി​ന്റെ പരി​ധി​ക​ളിൽ മാ​ത്രം സ്ഥി​ര​മാ​യി ഭ്ര​മ​ണം ചെ​യ്യു​ന്ന​തു് നി​ഷ്പ്ര​യോ​ജ​ന​മാ​ണെ​ന്നു് അവർ കരു​തു​ന്നു. ചങ്ങ​മ്പുഴ ഉപ​രി​ത​ല​ത്തിൽ മാ​ത്രം നീ​ന്തിയ കവി​യാ​ണെ​ന്നു് നി​രൂ​പ​ണ​മ​തം. ഇട​പ്പ​ള്ളി രാഘവൻ പിള്ള കു​റ​ച്ചു​കൂ​ടി ആഴ​ത്തി​ലേ​ക്കു് പോയി പോലും. വൈ​ലോ​പ്പി​ള്ളി ജീ​വി​ത​ത്തി​ന്റെ അഗാ​ധ​ത​യോ​ളം ചെ​ന്നു് മു​ത്തു​കൾ വാ​രി​ക്കൊ​ണ്ടു​വ​ന്നു​വെ​ന്നു് എല്ലാ​വ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു.

പുതിയ നി​ല​പാ​ടു് അഗാ​ധ​ത​യ്ക്കു് അനു​കൂ​ല​മ​ല്ല. ഒന്നി​ന്റെ​യും ആഴ​ത്തിൽ മനു​ഷ്യ​ത്വ​ത്തി​ന്റെ സാ​രാം​ശം സ്പ​ന്ദി​ക്കു​ന്നി​ല്ലെ​ന്നാ​ണു് നവീന ചി​ന്ത​കർ ചൂ​ണ്ടി​ക്കാ​ണി​ക്കുക. ഉപ​രി​ത​ല​ത്തി​ലാ​ണു് സ്വാ​ത​ന്ത്ര്യ​മെ​ന്നും അവി​ടെ​യാ​ണു് അഭി​ലാ​ഷ​ത്തി​ന്റെ ഭ്ര​മ​ണ​മെ​ന്നും റൊ​ളാ​ങ് ബാർ​തേ​ഷി നു് അഭി​പ്രാ​യ​മു​ള്ള​താ​യി സൂസൻ സൊൺ​ടാ​ഗ് പറ​യു​ന്നു. “The idea that depths are obfuscating, demagogic, that no human essence stirs at the bottom of things and that freedom lies in staying on the surface, the large glass on which desire circulates—this is the central argument of the modern aesthete position, in the various exemplary forms it has taken over the last hundred years. (Baudelaire. Wilde. Duchamp. Cage)” (Barthes, Selected writings. Introduced by Susan Sontag.)

ആഴ​ങ്ങൾ ഇരു​ട്ടു​പ​ര​ത്തു​ന്നു​വെ​ന്നും, വഴി​തെ​റ്റി​ക്കു​ന്നു​വെ​ന്നും, വസ്തു​ത​ക​ളു​ടെ അടി​ത്ത​ട്ടിൽ മാ​നു​ഷി​കാം​ശം ചലനം കൊ​ള്ളു​ന്നി​ല്ലെ​ന്നും, ആഗ്ര​ഹം ഭ്ര​മ​ണം ചെ​യ്യു​ന്ന വലിയ സ്ഫ​ടി​ക​ത​ല​മായ ഉപ​രി​ത​ല​ത്തിൽ വർ​ത്തി​ക്കു​ന്ന​തി​ലാ​ണു് സ്വാ​ത​ന്ത്ര്യ​മി​രി​ക്കു​ന്ന​തെ​ന്നു​മു​ള്ള ആശയം—കഴി​ഞ്ഞ നൂ​റു​കൊ​ല്ല​ത്തി​ന​ക​മു​ള്ള ദൃ​ഷ്ടാ​ന്ത​യോ​ഗ്യ​ങ്ങ​ളായ വി​ഭി​ന്ന​രൂ​പ​ങ്ങ​ളിൽ അട​ങ്ങി​യി​രി​ക്കു​ന്ന നൂതന കലാ പ്ര​മേ​യ​ത്തി​ന്റെ ഒത്ത നടു​ക്കു​ള്ള വാദം ഇതു തന്നെ​യാ​ണു് (ബോ​ദ​ലേർ, വൈൽഡ്, ദ്യു​ഷാ​ങ്). അഗാ​ധ​ത​യോ​ളം പ്രാ​ധാ​ന്യം ഉപ​രി​ത​ല​ത്തി​ലു​മു​ണ്ടെ​ന്നു് ബാർ​തേ​ഷ് പ്ര​ഖ്യാ​പി​ക്കു​ന്നു. ആഴം, പ്ര​ച്ഛ​ന്നത, ഗൂ​ഢാർ​ത്ഥ​സ്വ​ഭാ​വം എന്നൊ​ക്കെ​പ്പ​റ​യു​ന്ന​തു് കള്ള​മാ​ണെ​ന്നു വരെ നവീന സാ​ഹി​ത്യ​ത്തി​ന്റെ​യും കല​യു​ടെ​യും പ്ര​യോ​ക്താ​ക്കൾ വാ​ദി​ക്കും. നീ​ച്ചേ യും ആഴ​ങ്ങ​ളെ പു​ച്ഛി​ച്ചി​രു​ന്നു. (ഈ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാൻ താ​ല്പ​ര്യ​മു​ള്ള​വർ ബർ​തേ​ഷി​ന്റെ കൃ​തി​കൾ വാ​യി​ക്ക​ണം.)

തോ​പ്പിൽ ഭാസി

സി​നി​മ​യി​ലെ അഭി​നേ​താ​ക്കൾ രാ​ഷ്ട്ര​വ്യ​വ​ഹാ​ര​ത്തി​ന്റെ മണ്ഡ​ല​ത്തി​ലേ​ക്കു് വരു​ന്ന​തിൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നു് പറ​ഞ്ഞി​ട്ടു് തോ​പ്പിൽ ഭാസി എഴു​തു​ന്നു:

എന്നാൽ എം. ജി. ആർ. ഉം എൻ. ടി. ആർ. ഉം രാ​ഷ്ട്രീ​യ​ത്തിൽ വി​രാ​ജി​ക്കു​ന്ന രീ​തി​യോ​ടു് എനി​ക്കു് വി​യോ​ജി​പ്പാ​ണു്. അവർ​ക്കു് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന​തു തന്നെ. അവർ സി​നി​മാ ഗ്ലാ​മർ വച്ച് മു​ത​ലെ​ടു​ക്കു​ക​യാ​ണു്. ആ ഗ്ലാ​മ​റിൽ ജന​ങ്ങൾ മയ​ങ്ങു​ന്നു​വെ​ന്നു​ള്ള​തു് ജന​ത്തി​ന്റെ അനാ​രോ​ഗ്യം കൊ​ണ്ടു്. അമി​താ​ഭ് ബച്ച​നു് പാർ​ല​മെ​ന്റിൽ മത്സ​രി​ക്കാൻ ടി​ക്ക​റ്റ് കൊ​ടു​ത്ത​തി​ന്റേ​യും ബച്ച​ന്റേ​യും മനോ​ഭാ​വം എം. ജി. ആർ., എൻ. ടി. ആർ. ലൈ​നാ​ണെ​ങ്കിൽ കഷ്ടം തന്നെ. (കു​ങ്കു​മം വാരിക)

യഥാർ​ത്ഥ​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​ക്കാ​രൻ സത്യ​സ​ന്ധത പു​ലർ​ത്തു​ന്ന​വ​നാ​യി​രി​ക്ക​ണം. അയാൾ ജന​ങ്ങ​ളോ​ടും സത്യ​സ​ന്ധ​ത​യു​ള്ള​വ​നാ​ക​ണം. കോ​ളേ​ജിൽ പഠി​ക്കു​ന്ന കു​ട്ടി ഈ സത്യ​സ​ന്ധ​ത​യോ​ടെ​യാ​ണു് രാ​ഷ്ട്ര​വ്യ​വ​ഹാ​ര​ത്തി​ന്റെ മണ്ഡ​ല​ത്തി​ലേ​ക്കു് എടു​ത്തു ചാ​ടു​ന്ന​തു്. അയാൾ പോ​ലീ​സി​ന്റെ മർ​ദ്ദ​ന​ത്തെ ഭയ​പ്പെ​ടു​ന്നി​ല്ല. കാ​രാ​ഗൃ​ഹ​വാ​സം അയാളെ പേ​ടി​പ്പി​ക്കു​ന്നി​ല്ല. ഇങ്ങ​നെ മർ​ദ്ദ​നം സഹി​ച്ചും തട​വ​റ​യിൽ കഴി​ഞ്ഞും ജന​സേ​വ​ക​നായ അയാൾ പ്രാ​യ​മാ​കു​മ്പോൾ തി​ര​ഞ്ഞെ​ടു​പ്പി​നു് നിൽ​ക്കു​ന്നു. ജയി​ക്കു​ന്നു. ജയി​ച്ചാൽ ചി​ല​പ്പോൾ മന്ത്രി​യാ​കു​ന്നു. ഇതല്ല സി​നി​മാ​ക്കാ​ര​ന്റെ സ്ഥി​തി. മുൻ​പു് പറഞ്ഞ യു​വാ​വു് പീ​ഡി​പ്പി​ക്ക​പ്പെ​ടു​മ്പോൾ സി​നി​മ​യിൽ ചെ​ന്നു് കയ​റു​ന്ന യു​വാ​വു് സു​ന്ദ​രി​ക​ളോ​ടൊ​ത്തു് ആടി​യും പാ​ടി​യും സ്പർ​ശ​ന​സു​ഖ​മ​നു​ഭ​വി​ച്ചും വൈ​ഷ​യി​ക​ത്വ​ത്തിൽ ആമ​ജ്ജ​നം ചെ​യ്യു​ക​യാ​ണു്. ബഹു​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അയാൾ​ക്കു് വി​ചാ​ര​മി​ല്ല. അവർ വെ​ടി​യു​ണ്ട​യ്ക്കു് ഇര​യാ​കു​മ്പോൾ അയാൾ കൂടെ അഭി​ന​യി​ക്കു​ന്ന ചേ​തോ​ഹ​രാം​ഗി​യു​ടെ കവിൾ​ത്ത​ട​ത്തിൽ സ്വ​ന്തം കവിൾ​ത്ത​ടം ചേർ​ക്കു​ക​യാ​യി​രി​ക്കും. ക്ര​മേണ അയാ​ളു​ടെ വരു​മാ​നം വർ​ദ്ധി​ക്കു​ന്നു. അതോ​ടൊ​പ്പം ബഹു​ജ​ന​ത്തി​ന്റെ ഇട​യി​ലു​ള്ള പേരും. അങ്ങ​നെ മഹാ​യ​ശ​സ്ക​നാ​യി, കോ​ടീ​ശ്വ​ര​നാ​യി​ത്തീ​രു​മ്പോൾ, യൗവനം നഷ്ട​പ്പെ​ട്ടെ​ന്നു കാ​ണു​മ്പോൾ ആ മഹാ​യ​ശ​സ്സി​നെ ഒരു ഉപ​ക​ര​ണ​മാ​ക്കി​ക്കൊ​ണ്ടു് അയാൾ രാ​ഷ്ട്ര​വ്യ​വ​ഹാ​ര​ത്തി​ലേ​ക്കു പ്രൗൾ— Prowl—ചെ​യ്തു് എത്തു​ക​യാ​ണു്. അതോടെ അയാൾ ബഹു​ജ​ന​ത്തി​നു് ആദ​ര​ണീ​യ​നാ​കു​ന്നു. അതേ​സ​മ​യം പോ​ലീ​സി​ന്റെ അടി​യും ഇടി​യും തൊ​ഴി​യു​മേ​റ്റ​വൻ ക്ഷ​യ​രോ​ഗ​ബാ​ധി​ത​നാ​യി കി​ട​ക്കു​ക​യാ​യി​രി​ക്കും. അയാളെ ആരു​മ​റി​യു​ന്നി​ല്ല. അയാൾ​ക്കു​വേ​ണ്ടി ആരും ശബ്ദ​മു​യർ​ത്തു​ന്നി​ല്ല. ആരും ഒരു ചെ​റു​വി​രൽ പോലും അന​ക്കു​ന്നി​ല്ല. ചല​ച്ചി​ത്ര​താ​ര​മാ​യി​രു​ന്ന​വൻ തി​ര​ഞ്ഞെ​ടു​പ്പിൽ ജയി​ക്കു​ന്നു. മന്ത്രി​യാ​കു​ന്നു. ബസ്സി​ന്റെ മു​ക​ളിൽ കയറി നി​ന്നു് ചൈ​ത​ന്യ​ര​ഥ​ത്തി​ലാ​ണു് താൻ സഞ്ച​രി​ക്കു​ന്ന​തെ​ന്നു് ഉദ്ഘോ​ഷി​ക്കു​ന്നു. ഇതു് ഒരു തര​ത്തി​ലു​ള്ള വഞ്ച​ന​യാ​ണു്. അതു​കൊ​ണ്ടു് ചല​ച്ചി​ത്ര​താ​ര​ങ്ങൾ രാ​ഷ്ട്ര​വ്യ​വ​ഹാ​ര​ത്തി​ലേ​ക്കു വര​ണ​മെ​ന്ന തോ​പ്പിൽ ഭാ​സി​യു​ടെ​യും സി. അച്യു​ത​മേ​നോ​ന്റെ യും അഭി​പ്രാ​യ​ത്തോ​ടു് യോ​ജി​ക്കാൻ ഇതെ​ഴു​തു​ന്ന ആളിനു പ്ര​യാ​സ​മു​ണ്ടു്.

images/TheNehrusandTheGandhis.jpg

ഇന്ദി​രാ​ഗാ​ന്ധി ക്കു് ഇക്കൂ​ട്ട​രെ പു​ച്ഛ​മാ​യി​രു​ന്നു എന്ന​തി​നു തെ​ളി​വു​ണ്ടു്. താ​രി​ഖ് ആലി എഴു​തിയ The Nehrus and The Gandhis എന്ന മനോ​ഹ​ര​മായ പു​സ്ത​ക​ത്തിൽ നി​ന്നു് ഒരു ഭാഗം: [ഗ്ര​ന്ഥ​കാ​രൻ പറ​യു​ക​യാ​ണ്] ‘Did you know’ she [Indira Gandhi] asked with a twinkle in her eye, ‘that he [N. T. R] wears saris in bed?…’ ‘You know, according to Hindus, every person has fifty percent male and fifty percent female attributes and qualities. Don’t you think that in N.T.R.’s case this ratio was altered to 60:40?’ (pp. 231, 232) താ​രി​ഖ് ആലി തന്നെ എൻ. ടി. ആറിനെ semicomic figure എന്നു വി​ളി​ക്കു​ന്നു. (p. 231. അവ​സാ​ന​ത്തെ ഖണ്ഡിക.)

ഇതെ​ഴു​തു​ന്ന​യാൾ കോൺ​ഗ്ര​സ്സു​കാ​ര​ന​ല്ല; തെ​ലു​ങ്കു​ദേ​ശം പാർ​ട്ടി​യോ ജന​താ​പാർ​ട്ടി​യോ വി​രോ​ധി​യു​മ​ല്ല. ആരു​വേ​ണ​മെ​ങ്കി​ലും ഭരി​ക്ക​ട്ടെ. എനി​ക്കു തോ​ന്നു​ന്ന​തു് എഴു​താ​നു​ള്ള സ്വാ​ത​ന്ത്ര്യം മാ​ത്രം മതി എന്ന​തിൽ ഒതു​ങ്ങി നിൽ​ക്കു​ന്നു എന്റെ “രാ​ഷ്ട്രീ​യം”. പി​ന്നെ ഒരു കാ​ര്യം. മാ​റാ​ത്ത ചൊറി സർ​ക്കാർ ഗു​മ​സ്ത​നു വന്നാൽ സർ​ക്കാർ അവനെ ജോ​ലി​യിൽ നി​ന്നു പി​രി​ച്ചു​വി​ടും. എം. ജി. ആറിനു അഫൈ​സിയ (aphasia) എന്ന രോ​ഗ​മാ​ണെ​ന്നു ഫ്ര​ന്റ് ലൈൻ മാ​സി​ക​യിൽ കണ്ടു. അഫൈ​സി​ക്ക് lose of ability to speech or understand speech as the result of brain injury എന്നാ​ണു് നി​ഘ​ണ്ടു അർ​ത്ഥം നൽ​കു​ന്ന​തു്. ഈ രോ​ഗ​ത്തോ​ടു​കൂ​ടി രാ​ജ്യം ഭരി​ക്കാ​മോ? ഇതു് എന്റെ സം​ശ​യ​മാ​ണു്. അല്ലാ​തെ വി​മർ​ശ​ന​മ​ല്ല.

രസ​ക​ര​ങ്ങ​ളായ പല നി​രീ​ക്ഷ​ണ​ങ്ങ​ളും താ​രി​ഖ് ആലി​യു​ടെ പു​സ്ത​ക​ത്തി​ലു​ണ്ടു്. കേ​ര​ള​ത്തി​ലും ആന്ധ്ര​യി​ലും സി. പി. ഐ.ക്കു ശക്തി വരാൻ കാ​ര​ണ​മെ​ന്തെ​ന്നു് വി​ശ​ദീ​ക​രി​ക്കു​ക​യാ​ണു് ഗ്ര​ന്ഥ​കാ​രൻ. ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തിൽ രണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കമ്യൂ​ണി​സ്റ്റു​കൾ പ്ര​ധാ​ന​പ്പെ​ട്ട പങ്കൂ​വ​ഹി​ച്ച​താ​ണു് ആ ശക്തി​ക്കു കാ​ര​ണ​മെ​ന്നു് അദ്ദേ​ഹം കരു​തു​ന്നു. 1974-ൽ ഗ്ര​ന്ഥ​കാ​രൻ കെ. ദാ​മോ​ദ​ര​നോ​ടു ചോ​ദി​ച്ച​പ്പോൾ സി. പി. ഐ.ക്കു കേ​ര​ള​ത്തിൽ ശക്തി​വ​രാൻ ഹേതു ഇതു​ത​ന്നെ​യാ​ണെ​ന്നു് അദ്ദേ​ഹം ഉറ​പ്പി​ച്ചു പറ​ഞ്ഞു.

ഞാൻ ഉറ​ങ്ങ​ട്ടെ

തകഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള യുടെ “വെ​ള്ള​പ്പൊ​ക്ക​ത്തിൽ” എന്ന കഥ ഒരു കലാ​ശി​ല്പ​മാ​ണു്. അതു​കൊ​ണ്ടാ​ണു് അതിനെ മാ​തൃ​ക​യാ​യി സ്വീ​ക​രി​ച്ച് കൂ​ടെ​ക്കൂ​ടെ അതി​നെ​ക്കു​റി​ച്ച് എഴു​തു​ന്ന​തു്. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തിൽ​പ്പെ​ട്ടു് ഒരു പട്ടി ചാ​കു​ന്ന​താ​ണു് കഥ. പ്ര​കൃ​തി​യു​ടെ ക്രൂ​ര​ത​യോ​ടു മല്ലി​ട്ടു്, നി​സ്സ​ഹാ​യാ​വ​സ്ഥ​യിൽ വീണു് ആ സാധു മൃഗം മു​ങ്ങി​ച്ചാ​കു​മ്പോൾ അതു് പ്ര​തി​കൂല പരി​തഃ​സ്ഥി​തി​ക​ളോ​ടു സം​ഘ​ട്ട​നം ചെ​യ്തു് ദു​ര​ന്ത​ത്തി​ലെ​ത്തു​ന്ന മനു​ഷ്യ​ന്റെ സിം​ബ​ലാ​യി മാ​റു​ന്നു. വ്യ​വ​സ്ഥ​യി​ല്ലാ​യ്മ​യിൽ, പ്ര​കൃ​തി​യു​ടെ ക്രൂ​ര​ത​യിൽ, അതി​ന്റെ നി​സ്സം​ഗ​ത​യിൽ സം​ഭ​വി​ക്കു​ന്ന ദു​ര​ന്ത​മാ​ണ​തു്. കലാ​കാ​ര​ന്റെ വൈ​ദ​ഗ്ദ്ധ്യ​ത്താൽ ആ പട്ടി​യു​ടെ കഥ മനു​ഷ്യ​ന്റെ കഥ​യാ​യി മാ​റു​ന്നു. ആരെ​ക്കു​റി​ച്ചും എന്തി​നെ​ക്കു​റി​ച്ചും കഥ​യെ​ഴു​താം. കവി​ത​യെ​ഴു​താം. ‘ഹ്യൂ​മൻ ഇൻ​ട്ര​സ്റ്റ്’ ജനി​ക്ക​ണ​മെ​ന്നേ​യു​ള്ളു. പുൽ​ക്കൊ​ടി​യെ വർ​ണ്ണി​ച്ചാ​ലും നക്ഷ​ത്ര​ത്തെ വർ​ണ്ണി​ച്ചാ​ലും അതു മനു​ഷ്യ​നോ​ടു ബന്ധ​പ്പെ​ട്ടി​രി​ക്ക​ണം. അന്ത​രീ​ക്ഷ​ത്തി​ലെ ചന്ദ്ര​ക്കല കണ്ടി​ട്ടു് വി​ക്തർ യൂഗോ ചോ​ദി​ച്ചു: “ഏതു് ഈശ്വ​ര​നാ​ണു് ഏതു ശാ​ശ്വത വസ​ന്ത​ത്തി​ന്റെ കൊ​യ്ത്തു​കാ​ര​നാ​ണു് ഈ സ്വർ​ണ്ണ​ക്കൊ​യ്ത്ത​രി​വാൾ അല​ക്ഷ്യ​മാ​യി നക്ഷ​ത്ര​ങ്ങ​ളു​ടെ വയലിൽ ഇട്ടി​ട്ടു​പോ​യി​രി​ക്കു​ന്ന​തു?” മനു​ഷ്യ​ജീ​വിത സ്പ​ന്ദ​ത്താ​ലാ​ണു് ഈ മഹാ​ഭാ​ഗം ഹൃ​ദ​യ​ഹാ​രി​യാ​വു​ന്ന​തു്.

images/PRSyamala.jpg
പി. ആർ. ശ്യാ​മള

ഈ ഗു​ണ​മി​ല്ല വി​നീ​താ മേനോൻ കു​മാ​രി വാ​രി​ക​യി​ലെ​ഴു​തിയ “സഹ​യാ​ത്രി​കർ” എന്ന ചെ​റു​ക​ഥ​ക്ക്. ഒരു യു​വാ​വും യു​വ​തി​യും കൂ​ട​ക്കൂ​ടെ കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ച് ശ്രീ​മ​തി കുറെ വി​ര​സ​ങ്ങ​ളായ വാ​ക്യ​ങ്ങൾ എഴു​തി​വ​ച്ചി​രി​ക്കു​ന്നു. ശു​ഷ്ക​മായ ഉപ​ന്യാ​സം പോലും ഒര​ള​വിൽ വി​ജ്ഞാ​ന​പ്ര​ദ​മാ​യി​രി​ക്കും; വി​നീ​താ മേ​നോ​ന്റെ കഥ​ക്കു് ഉപ​ന്യാ​സ​ത്തി​ന്റെ ധർ​മ്മം പോ​ലു​മി​ല്ല. ചിലർ മനു​ഷ്യ​നെ ബോറ് ചെ​യ്യാൻ തീ​രു​മാ​നി​ച്ചാൽ അതിൽ നി​ന്നു രക്ഷ നേടാൻ ഒരു മാർ​ഗ്ഗ​വു​മി​ല്ല. സഹി​ക്കു​ക​യേ തര​മു​ള്ളൂ. മുൻ​പു് ഒരു സ്നേ​ഹി​തൻ രാ​ത്രി പത്തു​മ​ണി കഴി​ഞ്ഞ് എന്റെ വീ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു. ഉറ​ങ്ങിയ എന്നെ വി​ളി​ച്ചു​ണർ​ത്തി സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കും. ചാ​രു​ക​സേ​ര​യിൽ കി​ട​ക്കു​ന്ന ഞാൻ കൂ​ട​ക്കൂ​ടെ തന്ദ്രീ​വ​ശ​നാ​കും. അങ്ങ​നെ ഉറ​ക്ക​ത്തി​ലേ​ക്കു വീ​ഴു​ന്ന എന്നെ കു​ലു​ക്കി വി​ളി​ച്ച് അയാൾ ചോ​ദി​ക്കും; “അല്ല, അതി​നി​ട​ക്കു് ഉറ​ങ്ങി​യോ? വാൽ​മീ​കി യെ​ക്കാൾ വലി​യൊ​രു കവി ഈ ലോ​ക​ത്തു​ണ്ടെ​ങ്കിൽ അതു കു​മാ​ര​നാ​ശാൻ മാ​ത്ര​മ​ല്ലേ?” ഉറ​ങ്ങാൻ വേ​ണ്ടി ഞാൻ പറയും: “അതേ​യ​തേ.” ഉറ​ങ്ങു​ന്ന ഞങ്ങ​ളെ​യൊ​ക്കെ വി​ളി​ച്ചു​ണർ​ത്തു​ന്ന പാപം ചെ​യ്യ​രു​തു് വി​നീ​താ മേനോൻ.

images/PValsala.jpg
പി. വത്സല

ഇം​ഗ്ലീ​ഷി​ലെ ഫണി—funny—എന്ന വാ​ക്കി​നു് ശരി​യായ തർ​ജ്ജ​മ​യി​ല്ല. വി​നോ​ദം, ഹാ​സ്യാ​ത്മ​കം എന്നൊ​ക്കെ പറ​യാ​മെ​ന്നേ​യു​ള്ളൂ. Funny ആയ ഒരു കാ​ര്യം പറയൂ എന്നാ​രെ​ങ്കി​ലും ചോ​ദി​ച്ചാൽ മല​യാ​ള​ത്തി​ലെ കഥ​യെ​ഴു​ത്തു​കാ​രി​കൾ എന്നാ​യി​രി​ക്കും എന്റെ ഉത്ത​രം. ഇക്കൂ​ട്ട​ത്തിൽ പി. ആർ. ശ്യാ​മള, വത്സല ഇവർ മാറി നിൽ​ക്കു​ന്നു എന്നും കൂടി എഴു​തി​ക്കൊ​ള്ള​ട്ടെ.

പലതും പലരും

അമേ​രി​ക്ക​യിൽ നി​ന്നു ഫ്രാൻ​സി​സ് എ. സാ​മു​വൽ (715 Hawthrone St. Avoca PA 18641) എഴു​തു​ന്നു: “one” എന്ന സാ​ധാ​രണ വാ​ക്കു തെ​റ്റി​ച്ചു് ഉച്ച​രി​ച്ചു കാ​ണു​ന്ന​തിൽ അത്ഭു​തം തോ​ന്നു​ന്നു. അതി​ന്റെ ശരി​യായ ഉച്ചാ​ര​ണം ‘വൺ’ എന്നാ​ണു്. താ​ങ്കൾ എപ്പോ​ഴും “നമ്പർ ഒൺ” എന്നു് എഴു​തു​ന്ന​ത് എന്തു​കൊ​ണ്ടു് എന്നു മന​സ്സി​ലാ​കു​ന്നി​ല്ല.

കത്ത​യ​ച്ച​തി​നു നന്ദി. ഞാൻ ‘വൺ’ എന്നേ കൈ​യെ​ഴു​ത്തു പ്ര​തി​യിൽ എഴു​താ​റു​ള്ളൂ. അച്ച​ടി​ച്ചു വരു​മ്പോൾ അതു് ‘ഒൺ’ എന്നാ​യി മാ​റു​ന്നു.

ചങ്ങാ​ട​ക്കാർ പണി​മു​ട​ക്കി​യ​തു​കൊ​ണ്ടു് ഭർ​ത്താ​വി​നും ഭാ​ര്യ​ക്കും നദി കട​ക്കാൻ കഴി​യു​ന്നി​ല്ല. ഭർ​ത്താ​വി​നെ കു​രു​തി കൊ​ടു​ക്കു​മ്പോൾ പെ​ട്ടെ​ന്നു് പാ​ല​മു​ണ്ടാ​കു​ന്നു. ഇതാ​ണു് എം. എം. മേനോൻ ‘ഈയാ​ഴ്ച’ വാ​രി​ക​യി​ലെ​ഴു​തിയ ‘പാലം’ എന്ന കഥ. ഈ ഫാ​ന്റ​സി കൊ​ണ്ടു് കഥാ​കാ​രൻ എന്തർ​ത്ഥ​മാ​ക്കു​ന്നു എന്ന​തു വ്യ​ക്ത​മ​ല്ല. വാ​തി​ലി​ല്ലാ​ത്ത കൂ​ടാ​ണു് ഇക്കഥ. അക​ത്തു് ഏതോ ജന്തു​വു​ണ്ടു്. പു​റ​ത്തേ​ക്കു് അതിനു പോരാൻ കഴി​യു​ന്നി​ല്ല.

മനോ​രാ​ജ്യം വാ​രി​ക​യു​ടെ പു​റ​ന്താ​ളിൽ രോ​ഹി​ണി യുടെ ചി​ത്രം. സു​ന്ദ​രി. കു​റ​ഞ്ഞ​തു് മൂ​ന്നു വർ​ഷ​മെ​ങ്കി​ലും ഈ പെൺ​കു​ട്ടി ചല​ച്ചി​ത്ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കിൽ! പേ​രെ​ടു​ത്ത പല അഭി​നേ​ത്രി​ക​ളും അഭി​നേ​താ​ക്ക​ന്മാ​രും ആറു​മാ​സ​മോ അല്ലെ​ങ്കിൽ ഒരു വർഷമോ ആണു് ‘ലൈം ലൈ​റ്റിൽ’ നിൽ​ക്കുക. പി​ന്നീ​ടു് അവ​രു​ടെ ആരാ​ധ​ക​രു​ടെ​യോ ബന്ധു​ക്ക​ളു​ടെ​യോ ഭാ​ഷ​യിൽ തമി​ഴു് സി​നി​മ​യിൽ. അതു മന​സി​ലാ​ക്കി​കൊ​ണ്ടാ​ണു മൂ​ന്നു വർ​ഷ​മെ​ങ്കി​ലും രോ​ഹി​ണി ചല​ച്ചി​ത്ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നാൽ നന്നെ​ന്നു് ഞാൻ എഴു​തി​പ്പോ​യ​തു്.

പി. ഭാ​സ്ക​രൻ

എല്ലാ​ക്കാ​ല​വും ഒരു​പോ​ലെ​യ​ല്ലേ എന്ന സം​ശ​യ​മു​ണ്ടാ​കാം. അല്ല. എന്റെ ബാ​ല്യ​കാ​ല​ത്തും യൗ​വ​ന​കാ​ല​ത്തും ജീ​വി​തം താ​ര​ത​മ്യേന ശാ​ന്ത​മാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തോ​ടു ബന്ധ​പ്പെ​ട്ട ബഹ​ള​ങ്ങൾ കൂ​ടെ​ക്കൂ​ടെ ഉണ്ടാ​യി എന്ന​തു സത്യം. പക്ഷെ അതു് പൗ​ര​ന്റെ പ്ര​ശാ​ന്ത​ജീ​വി​ത​ത്തെ തകർ​ത്തി​രു​ന്നി​ല്ല. അന്നു കു​ട്ടി​കൾ അച്ഛ​ന​മ്മ​മാ​രെ സ്നേ​ഹി​ച്ചി​രു​ന്നു, ബഹു​മാ​നി​ച്ചി​രു​ന്നു. ഗു​രു​നാ​ഥ​നെ ഭക്തി​യോ​ടെ അനു​സ​രി​ച്ചി​രു​ന്നു. യാ​ത്ര​ക്കാർ​ക്കു ജാ​ഥ​കൊ​ണ്ടു വൈ​ഷ​മ്യ​മു​ണ്ടാ​ക്കു​ന്ന​തു് പാ​പ​മാ​യി കരു​തി​യി​രു​ന്നു. ഓരോ വ്യ​ക്തി​യു​ടെ​യും വരു​മാ​നം ചെ​റു​താ​യി​രു​ന്നെ​ങ്കി​ലും എല്ലാ ആവ​ശ്യ​ങ്ങൾ​ക്കും അതു തി​ക​ഞ്ഞി​രു​ന്നു. എന്ന​ല്ല മി​ച്ചം വയ്ക്കാ​നും കഴി​ഞ്ഞി​രു​ന്നു. ഇരു​പ​തു രൂ​പ​യ്ക്കു് ജപ്പാ​നി​ലു​ണ്ടാ​ക്കിയ അപ്പൊ​ളോ സൈ​ക്കിൾ; അറു​പ​തു രൂ​പ​യ്ക്കു് ഇം​ഗ്ല​ണ്ടിൽ നിർ​മ്മി​ച്ച റാലി സൈ​ക്കിൾ; അറു​പ​ത്ത​ഞ്ചു രൂ​പ​യ്കു് ബി. എസ്സ്. എ. സൈ​ക്കിൾ; എഴു​പ​തു രൂ​പ​യ്കു് ഇം​ഗ്ല​ണ്ടിൽ നിർ​മ്മി​ച്ച സൺബീം സൈ​ക്കിൾ. അതിൽ കയ​റി​യാൽ റോൾസ് റോ​യ്സ് കാറിൽ സഞ്ച​രി​ച്ച സുഖം. അഞ്ഞൂ​റു രൂപ കൊ​ടു​ത്താൽ ജർ​മ്മ​നി​യിൽ നിർ​മ്മി​ച്ച ഡി. കെ. ഡബ്ലി​യു കാറ്. ഒരു​ചാ​ക്കു് ആന​ക്കൊ​മ്പൻ അരി​ക്കു് ആറു രൂപ.

images/PBhaskaran.jpg
പി. ഭാ​സ്ക​രൻ

വി​ന​യ​ത്തി​ന്റെ ശാ​ശ്വത പ്ര​തി​രൂ​പ​ങ്ങ​ളാ​യി​രു​ന്നു അന്ന​ത്തെ പെൺ​കു​ട്ടി​കൾ. ഇന്ന​ത്തെ​പ്പോ​ലെ അവർ സം​ഭോ​ഗം വർ​ണ്ണി​ക്കു​ന്ന കഥകൾ എഴു​തി​യി​രു​ന്നി​ല്ല. കക്ഷ​വും മാറും തു​ട​യും കാ​ണി​ച്ചു നട​ന്നി​രു​ന്നി​ല്ല. ഇന്നു കാ​ല​മെ​ത്ര മാ​റി​പ്പോ​യി. ചോ​ര​പു​ര​ണ്ട മാം​സ​ക്ക​ഷ​ണ​ങ്ങൾ തെ​രു​വു​ക​ളിൽ വന്നു​വീ​ഴു​ന്നു. ചോ​ര​പു​ര​ണ്ട വാ​ക്കു​കൾ പ്ലാ​റ്റ്ഫോ​മിൽ​നി​ന്നു വീ​ഴു​ന്നു. നാ​ഗ​രിക ജീ​വി​തം സങ്കീർ​ണ്ണ​വും അസ്വ​സ്ഥ​വും. എങ്ങും മാ​ത്സ​ര്യം. പര​മ്പ​രാ​ഗ​ത​ങ്ങ​ളായ ആചാ​ര​ങ്ങ​ളും നി​യ​മ​ങ്ങ​ളും സങ്കേ​ത​ങ്ങ​ളും ഒരു മനഃ​സാ​ക്ഷി​ക്കു​ത്തു​മി​ല്ലാ​തെ ലം​ഘി​ക്ക​പ്പെ​ടു​ന്നു, കഴു​ത്തു​കൾ അറ്റു് തലകൾ താഴെ വീ​ഴു​ന്നു. ചോ​ര​പ്പു​ഴ​കൾ ഒഴു​കു​ന്നു. ബീ​ഭ​ത്സ​മായ ഈ സമ​കാ​ലിക ജീ​വി​ത​ത്തെ പി. ഭാ​സ്ക​രൻ മദം പൊ​ട്ടിയ ആന​യി​ലൂ​ടെ ആവി​ഷ്ക​രി​ക്കു​ന്നു. (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ പുതിയ ആന​ക്കാ​രൻ എന്ന കാ​വ്യം) ഈ മത്ത​ഗ​ജ​ത്തെ ആർ​ക്കു മെ​രു​ക്കാം? ആർ​ക്കു തള​യ്ക്കാം. പി. ഭാ​സ്ക്ക​ര​ന്റെ മനോ​ഹ​ര​മായ കാ​വ്യ​ത്തിൽ ഞാൻ കണ്ണു​കൾ ചേർ​ത്തു് ഇരി​ക്കു​മ്പോൾ ഒരു യു​വാ​വു് വെ​ള്ള​ക്ക​ട​ലാ​സ്സി​ലെ കറു​ത്ത അക്ഷ​ര​ങ്ങ​ളിൽ​നി​ന്നു് എഴു​ന്നേ​റ്റു വരു​ന്നു. അയാൾ എന്തു​ചെ​യ്തു?

മത്ത​ഗ​ജ​ത്തിൻ മർ​മ്മ​ത്തിൽ ക്കൈ-

പ്പ​ത്തി​യെ​ടു​ത്തു തലോ​ടിയ തരുണൻ

പേ​രു​വി​ളി​ച്ചു ചോ​ര​പു​ര​ണ്ടൊ​രു

കൊ​മ്പു പി​ടി​ച്ചു മു​ന്നിൽ നട​ന്നൂ.

ആ കൈ​യി​ന്റെ ഞര​മ്പിൽ പാ​ഞ്ഞൊ​രു

രക്ത​ത്തിൻ സ്നേ​ഹോ​ഷ്മ​ള​ഗ​ന്ധം

തു​മ്പി​യെ​ടി​ത്തു നു​കർ​ന്നൂ കൊ​മ്പൻ

മു​മ്പിൽ നടന്ന യു​വാ​വിൻ പിൻപേ

ചെ​റി​യൊ​രു ധേനു കണ​ക്കാ​കൊ​മ്പൻ

ചെ​വി​ക​ളു​മാ​ട്ടി നട​ന്നൂ മെ​ല്ലെ

ഈ യു​വാ​വു് ഒരു സിം​ബ​ലാ​ണു്. സ്നേ​ഹം​കൊ​ണ്ടു് അയാൾ സങ്കീർ​ണ്ണ​ത​ക​ളെ അസ​ങ്കീർ​ണ്ണ​ത​ക​ളാ​ക്കു​ന്നു. കലാ​പ​ങ്ങ​ളെ പ്ര​ശാ​ന്ത​ത​ക​ളാ​ക്കു​ന്നു. ഭൂ​മി​യെ സ്വർ​ഗ്ഗ​മാ​ക്കു​ന്നു. വാ​ക്കു​കൾ​കൊ​ണ്ടു് പി. ഭാ​സ്ക​രൻ സ്വർ​ണ്ണ​ക്ക​സ​വി​ന്റെ കവിത നെ​യ്തെ​ടു​ക്കു​ന്ന​തു​പോ​ലെ.

images/Sophocles.jpg
സോ​ഫോ​ക്ലി​സ്

രൂ​പ​ശി​ല്പ​ത്തി​ന്റെ അന്യൂന സ്വ​ഭാ​വം​കൊ​ണ്ടു് സോ​ഫോ​ക്ലി​സ്സ് ഗർ​ഹ​ണീ​യ​മായ ഒരു വി​ഷ​യ​ത്തെ—ഈഡി​പ്പ​സി​ന്റെ പാ​പ​ത്തെ—സഹൃ​ദ​യ​നു സ്വീ​ക​ര​ണീ​യ​മാ​ക്കി. പാപം സ്വീ​ക​ര​ണീ​യ​മെ​ന്ന​ല്ല ഞാ​നു​ദ്ദേ​ശി​ച്ച​തു്. നാടകം ആസ്വാ​ദ​ന​ക്ഷ​മ​മാ​ക്കി എന്നാ​ണു്. ഒട്ടും കു​ത്സി​ത​മ​ല്ലാ​ത്ത ഒരു വി​ഷ​യ​ത്തെ—വൃ​ദ്ധ​ന്റെ ഏകാ​ന്ത​ത​യെ—അവി​ദ​ഗ്ദ്ധ​ത​കൊ​ണ്ടു് അനാ​ദ​ര​ണീ​യ​മാ​ക്കു​ന്നു കാ​ട്ടു​മാ​ടം നാ​രാ​യ​ണൻ (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ ഒറ്റ​യാൻ എന്ന കഥ). ഇതിനു സദൃ​ശ്യ​മാ​ണു് ജോസഫ് ജോൺ തോ​ട്ട​യ്ക്കാ​ടു് മനോരമ ആഴ്ച​പ്പ​തി​പ്പിൽ എഴു​തിയ “കു​ട്ടി​യു​ടെ ദുഃഖം” എന്ന ചെ​റു​കഥ. നാ​രാ​യ​ണ​ന്റെ കഥ വിരസം ജോസഫ് ജോ​ണി​ന്റെ കഥ അതി​ഭാ​വു​ക​ത്വ​മാർ​ന്ന​തു്. എന്റെ അപ്പൂ​പ്പൻ പേ​രു​കേ​ട്ട ഗു​സ്തി​ക്കാ​ര​നാ​യി​രു​ന്നു. എന്റെ അമ്മൂ​മ്മ മരി​ച്ച​തി​നു ശേഷം അദ്ദേ​ഹം രണ്ടാ​മ​തു വി​വാ​ഹം കഴി​ച്ചു. അവർ​ക്കും അദ്ദേ​ഹ​ത്തെ​പ്പോ​ലെ സ്ഥൂ​ല​ശ​രീ​രം. അപ്പൂ​പ്പൻ ഗു​സ്തി​മു​റ​കൾ മറ​ക്കാ​തി​രി​ക്കാൻ​വേ​ണ്ടി അമ്മൂ​മ്മ​യെ കാ​ല​ത്തു ഗോ​ദ​യി​ലി​റ​ക്കി അവ​രു​മാ​യി ഗു​സ്തി​പി​ടി​ക്കും. ആ വൽ​ഗാ​റി​റ്റി കണ്ടാൽ ഞാൻ ഓടി​പ്പോ​കും. കഥാ​കാ​ര​ന്മാർ ഗു​സ്തി​മു​റ​കൾ മറ​ക്കാ​തി​രി​ക്കാൻ വേ​ണ്ടി സാ​ഹി​ത്യാം​ഗ​ന​യെ ഗോ​ദ​യി​ലി​റ​ക്കു​ന്നു. അവ​ളു​മാ​യി ഗു​സ്തി​പി​ടി​ക്കു​ന്നു.

വാതിൽ തു​റ​ക്കൂ, സൂ​ക്ഷി​ച്ചു്

എല്ലാ വീ​ടു​കൾ​ക്കും വാ​തി​ലു​ക​ളു​ണ്ടു്. എന്റെ വീ​ട്ടിൽ വാ​തി​ലു​കൾ കൂ​ടു​ത​ലാ​ണു്. ഒന്നാ​മ​ത്തെ വാതിൽ തു​റ​ന്നു ചെ​ന്നു​ക​യ​റു​ന്ന​തു് കഥകൾ നി​റ​ഞ്ഞ മു​റി​യിൽ. രണ്ടാ​മ​ത്തെ വാതിൽ തു​റ​ന്നു ചെ​ന്നു​ക​യ​റു​ന്ന​തു് കവി​ത​കൾ നി​റ​ഞ്ഞ മു​റി​യിൽ. മൂ​ന്നാ​മ​ത്തെ വാതിൽ തു​റ​ന്നു ചെ​ന്നു​ക​യ​റു​ന്ന​തു് നോ​വ​ലു​കൾ നി​റ​ഞ്ഞ മു​റി​യിൽ. പി​ന്നെ നാലു്, അഞ്ചു്, ആറു്, എന്ന ക്ര​മ​ത്തിൽ മൂ​ന്നു് വാ​തി​ലു​കൾ​കൂ​ടി തു​റ​ന്നു പല മു​റി​ക​ളിൽ എത്തി. എഴാ​മ​ത്തെ വാതിൽ തു​റ​ന്നു കയ​റി​യ​പ്പോൾ ആഭാ​സ​ര​ച​ന​കൾ കണ്ടു. അക്കൂ​ട്ട​ത്തിൽ ഇരി​ങ്ങാ​ല​ക്കു​ട​യി​ലെ ഗി​രി​ജാ മേനോൻ എഴു​തിയ “വി​വാ​ഹ​ത്തി​ന്റെ ആദ്യ​നാ​ളു​കൾ” എന്ന യഥാർ​ത്ഥ സം​ഭ​വ​വി​വ​ര​ണം കണ്ടു (വി​മെൻ​സ് മാ​ഗ​സിൻ) ഒരു ഭാഗം ഉദ്ധ​രി​ക്കാം. രാ​വി​ലെ ഉണർ​ന്ന​പ്പോൾ നേരം വല്ലാ​തെ പു​ലർ​ന്നി​രു​ന്നു. വാതിൽ തു​റ​ന്നു പു​റ​ത്തു​വ​രാൻ ലജ്ജ തോ​ന്നി. പല്ലു തേ​ച്ചും​കൊ​ണ്ടു് നിൽ​ക്കു​മ്പോൾ അനി​യ​ത്തി ചോ​ദി​ച്ചു: ‘ചേ​ട്ട​ത്തി​യ​മ്മ​യെ​ന്താ ജാ​ക്ക​റ്റ് മറി​ച്ചി​ട്ടി​രി​ക്കു​ന്ന​തു്?’ കൂ​ടു​തൽ ഉദ്ധ​രി​ക്കാൻ കൗ​തു​ക​മി​ല്ലാ​തി​ല്ല എനി​ക്കു്. എങ്കി​ലും അതു ചെ​യ്യു​ന്നി​ല്ല. Madam, modesty forbids. ഇതൊ​ക്കെ​ക്കൊ​ണ്ടാ​ണു് പണ്ട​ത്തെ സ്ത്രീ​കൾ മോ​ഡ​സ്റ്റാ​യി​രു​ന്നു​വെ​ന്നു ഞാൻ നേ​ര​ത്തേ എഴു​തി​യ​തു്. ഏഴാ​മ​ത്തെ വാ​തി​ല​ട​ച്ചി​ട്ടു് ഞാൻ വീ​ണ്ടും ഒന്നാ​മ​ത്തെ വാതിൽ തു​റ​ക്ക​ട്ടെ.

പൊ​ന്മു​ടി​യി​ലേ​ക്കു പോ​കു​മ്പോൾ, മൂ​ന്നാ​റി​ലേ​ക്കു പോ​കു​മ്പോൾ ഒരു വശ​ത്തു​ള്ള അഗാ​ധ​ത​യിൽ ജലാ​ശ​യ​ങ്ങൾ കാണാം. അവ​യു​ടെ അടു​ത്താ​യി നീണ്ട കാ​ലു​ക​ളു​ള്ള കൊ​ക്കു​ക​ളും. എന്തൊ​രു വൈ​രൂ​പ്യം! ഉയ​ര​ത്തിൽ​നി​ന്നു നോ​ക്കു​മ്പോ​ഴാ​ണു് വൈ​രൂ​പ്യം അതി​ന്റെ തനി​സ്സ്വ​രൂ​പ​ത്തിൽ കാണുക. സാ​ഹി​ത്യ​ത്തി​ന്റെ അധി​ത്യ​ക​യിൽ നി​ന്നു നോ​ക്കു​മ്പോൾ ഉപ​ത്യ​ക​യി​ലെ വൈ​രൂ​പ്യം കാണാം.

അടി​കൊ​ടു​ക്കു​ന്ന വേശ്യ

മുൻ​പു്… പട്ട​ണ​ത്തിൽ ഒരു വി​ധ​വ​യായ വേ​ശ്യ​യു​ണ്ടാ​യി​രു​ന്നു. വേ​ശ്യ​യെ​ന്നു് എഴു​തി​യെ​ങ്കി​ലും പ്രൊ​ഫ​ഷ​ണൽ വേ​ശ്യ​യാ​യി​രു​ന്നി​ല്ല. അവർ​ക്കു് ഇഷ്ട​മു​ള്ള പു​രു​ഷ​ന്മാ​രോ​ടു രമി​ക്കും. അതി​സു​ന്ദ​രി​യാ​യി​രു​ന്നു അവർ. അതു​കൊ​ണ്ടു് പല പു​രു​ഷ​ന്മാ​രും അടു​ത്തു. അടു​ക്കു​ന്ന​വർ ചി​രി​ച്ചാൽ അങ്ങോ​ട്ടും ചി​രി​ക്കും. സ്പർ​ശി​ച്ചാൽ പ്രേ​മ​പൂർ​വ്വം തി​രി​ച്ചു സ്പർ​ശി​ക്കും. ഇങ്ങ​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു പ്രോ​ത്സാ​ഹി​പ്പി​ച്ചു് അയാൾ ഇം​ഗി​തം അറി​യി​ക്കു​ന്ന സന്ദർ​ഭ​മാ​കു​മ്പോൾ രാ​ത്രി വരാൻ പറയും. ചെ​ന്നാൽ രണ്ടു ചീത്ത വി​ളി​ച്ചു് ചെ​കി​ട്ട​ത്തു് അടി​യും കൊ​ടു​ത്തു പറ​ഞ്ഞ​യ​യ്ക്കും. ഇങ്ങ​നെ അപ​മാ​ന​ത്തി​നു വി​ധേ​യ​രാ​യ​വർ ഒന്ന​ല്ല, രണ്ട​ല്ല ആ പട്ട​ണ​ത്തിൽ. അടി കൊ​ടു​ത്തി​ട്ടു് അവർ വേഴ്ച നേ​ടു​ന്ന​വ​രോ​ടു് അക്കാ​ര്യം പറയും. പ്ര​മാ​ണി​മാ​രായ അവർ ക്ല​ബ്ബു​ക​ളി​ലും മറ്റും ‘ഇന്നാർ​ക്കു് അടി​കി​ട്ടി’ എന്നു പര​സ്യ​പ്പെ​ടു​ത്തും. പട്ട​ണം മു​ഴു​വൻ അതു പര​ക്കും. ഈ ‘പെർ​വേർ​ഷൻ’ ചെ​റി​യ​തോ​തിൽ കാ​ണി​ക്കു​ന്ന​വ​ളാ​ണു് തു​ള​സി​യു​ടെ “കാ​ല​ത്തിൽ പതി​ച്ച പെ​ണ്ണു്” എന്ന കഥ​യി​ലെ നായിക (മാ​മാ​ങ്കം വാരിക). സ്നേ​ഹി​ക്കു​ന്നു എന്നു പറ​ഞ്ഞെ​ത്തിയ യു​വാ​വി​നെ അവൾ ഒര​ള​വിൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അയാൾ തെ​ല്ലൊ​ന്നു് അക​ന്ന​പ്പോൾ വീ​ണ്ടും നല്ല വേ​ഷ​മ​ണി​ഞ്ഞു് ആകർ​ഷി​ക്കാൻ ശ്ര​മി​ക്കു​ന്നു. അയാൾ അടു​ക്കു​മ്പോൾ അക​ന്നു​പോ​കു​ന്നു. ഭാ​ഗ്യം കൊ​ണ്ടു് അടി​കി​ട്ടു​ന്നി​ല്ല. (മു​ക​ളിൽ പറഞ്ഞ സ്ത്രീ​യെ ഞാൻ കണ്ടി​ട്ടു​ണ്ടു്. അടി വാ​ങ്ങി​ച്ച ഒരാൾ എന്റെ പരി​ച​യ​ക്കാ​ര​നാ​ണു്. പട്ട​ണം ഇവി​ടെ​യെ​ങ്ങു​മ​ല്ല. അങ്ങു ദൂരെ.)

ഭൂ​ത​കാ​ല​ത്തി​ലെ ചി​ത്ര​ശ​ല​ഭ​ങ്ങൾ

“എന്നെ​ക്കു​റി​ച്ചെ​ഴു​തൂ സാ​ഹി​ത്യ​വാ​ര​ഫ​ല​ത്തിൽ” എന്നു് ചി​ല​രു​ടെ അപേ​ക്ഷ. അപേ​ക്ഷ​യോ​ടൊ​പ്പം കറൻ​സി​നോ​ട്ട്. …ഇവർ ഈ ഹീ​ന​കൃ​ത്യം നി​റു​ത്ത​ണം. ഇല്ലെ​ങ്കിൽ അവ​രു​ടെ മേൽ​വി​ലാ​സം ഞാൻ പര​സ്യ​പ്പെ​ടു​ത്തും.

ഒരു സ്ത്രീ 1914-ൽ മക​ന്റെ ഫോ​ട്ടോ എടു​പ്പി​ച്ചു. സ്ട്രാ​സ്ബൂർ​ഗിൽ ആ ഫിലിം ഡവ​ല​പ്പ് ചെ​യ്യാൻ അവർ ഏൽ​പ്പി​ച്ചെ​ങ്കി​ലും യു​ദ്ധം ആരം​ഭി​ച്ച​തു​കൊ​ണ്ടു് അവർ ഫോ​ട്ടോ വാ​ങ്ങി​ച്ചി​ല്ല. 1916-ൽ അവർ ഫ്രാ​ങ്ക് ഫുർ​ട്ടിൽ​നി​ന്നു് ഒരു ഫിലിം വാ​ങ്ങി മക​ളു​ടെ പട​മെ​ടു​ത്തു. ആ ഫിലിം ഡവ​ല​പ്പ് ചെ​യ്ത​പ്പോൾ അതി​ന്റെ താ​ഴ​ത്തെ ഭാ​ഗ​ത്തു് 1914-ൽ എടു​ത്ത മക​ന്റെ ഫോ​ട്ടോ​ഗ്രാ​ഫ്. ഇതിനെ യുങ് A causal Connection എന്നു വി​ളി​ക്കു​ന്നു. പ്ര​കൃ​തി​നി​യ​മ​ത്തി​ന്റെ അടി​സ്ഥാ​ന​പ​ര​മായ തത്ത്വം കാ​ര്യ​കാ​രണ ബന്ധ​മാ​ണു്. കാ​ര​ണ​മി​ല്ലാ​തെ കാ​ര്യ​മു​ണ്ടാ​കു​ന്ന​തി​നു് ഉദാ​ഹ​ര​ണ​മാ​ണു് മു​ക​ളിൽ കൊ​ടു​ത്ത​തു്. അദ്ഭു​താ​വ​ഹ​മായ ഈ ബന്ധം ചി​ന്ത​യു​ടെ മണ്ഡ​ല​ത്തി​ലു​മു​ണ്ടു്. 1950-ൽ ഞാൻ ഏ. ബാ​ല​കൃ​ഷ്ണ​പി​ള്ള യെ കണ്ടു. ചി​ത്ര​ത്തി​ലെ ബാ​ല​കൃ​ഷ്ണ​പി​ള്ള​യ​ല്ല സാ​ക്ഷാൽ ബാ​ല​കൃ​ഷ്ണ​പി​ള്ള. പട​ത്തിൽ വെ​റു​മൊ​രു താ​ടി​ക്കാ​രൻ. പക്ഷേ, നേ​രി​ട്ടു് കാ​ണു​മ്പോൾ തേ​ജ​സ്സാർ​ന്ന മഹാ​വ്യ​ക്തി. എന്തോ ഒരു ഉദാ​ത്തത. ഈ സവി​ശേ​ഷത മറ്റ​ധി​കം പേരിൽ ഞാൻ കണ്ടി​ട്ടി​ല്ല. എനി​ക്കു​ണ്ടായ ഈ അനു​ഭ​വം കെ. സു​രേ​ന്ദ്ര​നു മു​ണ്ടാ​യി​യെ​ന്നു് അറി​യു​ന്ന​തു് ആഹ്ലാ​ദ​ക​രം തന്നെ. അദ്ദേ​ഹം എഴു​തു​ന്നു: “എനി​ക്കു തോ​ന്നി​യ​തു് പട​ങ്ങ​ളിൽ കണ്ട മു​ഖ​മാ​ണെ​ങ്കി​ലും പട​ങ്ങ​ളിൽ കണ്ട മുഖമേ അല്ല​ല്ലോ എന്നാ​ണു്… ആ മു​ഖ​ത്തു നി​ന്നും എന്തോ ഒരു ദീ​പ്തി പ്ര​സ​രി​ക്കു​ന്ന​താ​യാ​ണു് ഞാൻ കണ്ട​തു്” (കലാ​കൗ​മു​ദി—ജീ​വി​ത​വും ഞാനും—12-ാം ഭാഗം) സത്യ​സ​ന്ധ​വും ഹൃ​ദ്യ​വു​മാ​ണു് സു​രേ​ന്ദ്ര​ന്റെ ഈ നി​രീ​ക്ഷ​ണം. ചങ്ങ​മ്പു​ഴ​യു​ടെ സ്വ​ഭാ​വ​ത്തി​ന്റെ സവി​ശേ​ഷ​ത​യും അദ്ദേ​ഹം ഏതാ​നും വാ​ക്യ​ങ്ങൾ കൊ​ണ്ടു് ആലേ​ഖ​നം ചെ​യ്യു​ന്നു. ഭൂ​ത​കാ​ല​ത്തി​ലെ ഈ ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ പി​ടി​ച്ചെ​ടു​ത്തു് വെ​ള്ള​ക്ക​ട​ലാ​സ്സിൽ വച്ചു​ത​ന്നു് നമ്മോ​ടു് ‘നോ​ക്കൂ’ എന്നു പറ​യു​ന്ന സു​രേ​ന്ദ്രൻ നല്ല കൃ​ത്യ​മാ​ണു് അനു​ഷ്ഠി​ക്കു​ന്ന​തു്.

ഗൾഫ് രാ​ജ്യ​ങ്ങ​ളിൽ നി​ന്നു് എനി​ക്കു വരു​ന്ന ചില കത്തു​ക​ളിൽ ഇന്ത്യൻ കറൻസി നോ​ട്ടു​കൾ വച്ചി​ട്ടു് “എന്നെ​ക്കു​റി​ച്ചെ​ഴു​തൂ സാ​ഹി​ത്യ​വാ​ര​ഫ​ല​ത്തിൽ” എന്നു അപേ​ക്ഷ നട​ത്തു​ന്നു. ഈ രൂപ തി​രി​ച്ച​യ​യ്ക്കാ​നും മറ്റും എനി​ക്കു സമ​യ​മി​ല്ല. അതു പ്ര​യാ​സ​മാ​ണു താനും. മണി​യോർ​ഡർ കമ്മി​ഷൻ കൊ​ടു​ക്കാ​നും എന്നെ​ക്കൊ​ണ്ടു് ഒക്കു​ക​യി​ല്ല. കേ​ര​ള​ത്തി​ലു​ള്ള ചി​ല​രും ഇങ്ങ​നെ നോ​ട്ടു​കൾ രജി​സ്റ്റർ​ചെ​യ്തു് കത്തി​ന​ക​ത്താ​ക്കി അയ​യ്ക്കു​ന്നു. ഇവർ ഈ ഹീ​ന​കൃ​ത്യം നി​റു​ത്ത​ണം. നി​റു​ത്തി​യി​ല്ലെ​ങ്കിൽ അവ​രു​ടെ മേൽ​വി​ലാ​സം ഞാൻ പര​സ്യ​പ്പെ​ടു​ത്തും.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-04-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.