പ്രിൻസിപ്പലും ഇതെഴുതുന്ന ആളും ഇന്റർവ്യൂ നടത്തുകയാണു്. മുപ്പതോളം ആളുകളിൽനിന്നു് ഒരാളെ ലക്‍ചററായി തിരഞ്ഞെടുക്കണം. “ചോദിക്കണം കൃഷ്ണൻനായരേ ഉള്ളൂരിനെക്കുറിച്ചു്” എന്നു ബ്രാഹ്മണനായ പ്രിൻസിപ്പിൽ ആജ്ഞാപിച്ചു. ഞാൻ ചോദ്യങ്ങൾ എറിഞ്ഞു. ഉദ്യോഗാർത്ഥികൾ എന്ന ശത്രുക്കളെ എറിഞ്ഞെറിഞ്ഞുവീഴ്ത്തി. അപ്പോഴുണ്ടു് ഒരു സുന്ദരി വരുന്നു. അവളെക്കണ്ടയുടനെ പ്രിൻസിപ്പൽ “ഞാൻ ചോദിക്കാം” എന്നു പറഞ്ഞു. സാഹിത്യത്തിന്റെ ഏതു മണ്ഡലത്തിലാണു് ഫിസിക്സ് പഠിച്ച അദ്ദേഹം വിഹരിക്കാൻ പോകുന്നതെന്നു വിചാരിച്ചു് ഞാൻ വിസ്മയാധീനനായി ഇരിക്കുമ്പോൾ ചോദ്യം ഉയർന്നു: “നിങ്ങൾ ക്ലാസ്സിൽ കയറുമ്പോൾ ഒരു വിദ്യാർത്ഥി സാരി പിടിച്ചഴിക്കുകയും നിങ്ങൾക്കു് അടിപ്പാവാടയോടുകൂടി മാത്രം നില്ക്കേണ്ടതായും വന്നാൽ എന്തു ചെയ്യും?” ചെറുപ്പക്കാരി പ്രിൻസിപ്പലിനെ തുറിച്ചൊന്നു നോക്കി. മറുപടി പറയാതെ ഇറങ്ങിപ്പോകുകയും ചെയ്തു. അവൾ പോയില്ലായിരുന്നെങ്കിൽ പ്രിൻസിപ്പൽ അടുത്ത ചോദ്യം ലാലാജലം ഇറക്കിക്കൊണ്ടു ചോദിക്കുമായിരുന്നു: “പിന്നീടു് അടിപ്പാവാടയും അവൻ പിടിച്ചഴിച്ചാൽ നിങ്ങൾ എന്തു ചെയ്യും?” അങ്ങനെ പ്രിൻസിപ്പൽ സ്വാമി ചോദ്യത്തിലൂടെ യുവതിയെ സ്ട്രിപ്പ് ചെയ്തപ്പോൾ “സാർ, ഞാനിതാ വരുന്നു” എന്നു പറഞ്ഞിട്ടു് ഞാൻ അവിടെ നിന്നും പോയി. അശ്ലീലമെഴുതുന്ന നമ്മുടെ പല സാഹിത്യകാരന്മാരും ഈ പ്രിൻസിപ്പലിനെപ്പോലെയാണു്. നേരിട്ടൊന്നും വയ്യ. അതുകൊണ്ടു് സാഹിത്യത്തിലൂടെ അവർ വായനക്കാരോടു് അനാവൃതത്വത്തെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കുന്നു.
വസ്തുക്കളുടെ വിന്യാസത്തിനുള്ള താലമോ ഭാജനമോ ആണു് സ്ത്രീയെന്ന സങ്കല്പം പുരുഷമേധാവിത്വത്തിന്റെ ഫലമായ സങ്കല്പമല്ല. അതു പ്രകൃതിക്കു യോജിച്ചതത്രേ. സ്പേം—പുരുഷ ബീജം— ഓവത്തെ—ബീജകോശത്തെ—പിളർന്നു് അകത്തേക്കു കയറുകയാണു്. ഓവമല്ല സ്പേമിനെ പിളർക്കുന്നതു്. പുരുഷബീജത്തിന്റെ യാത്രയ്ക്കു ഹേതുവായ പ്രവർത്തനത്തിലും സ്ത്രീ, ഭാജനമായി വർത്തിക്കുകയാണു്. അവിടെ പുരുഷനാണു ബീജവിന്യാസം നടത്തുക. ഈ ഭാജനത്വം സ്ത്രീയുടെ എല്ലാ വ്യാപാരങ്ങളിലും കാണാം. അവൾ പുരുഷൻ നേടിക്കൊണ്ടു വരുന്നതു സ്വീകരിച്ചു് ഭവനകാര്യങ്ങൾ നടത്തുന്നു. പ്രകൃതി സ്ത്രീയെ ഭാജനമായി മാത്രം കരുതുന്നതുകൊണ്ടു് അവൾ പുരുഷനെപ്പോലെ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്താൽ കാഴ്ചക്കാർക്കു് വല്ലായ്മയുണ്ടാകും. സത്യമിതാണെങ്കിലും പുരുഷനെ തന്നിലേക്കു് ആകർഷിക്കാൻ സ്ത്രീ പഠിച്ച പണി പതിനെട്ടും നോക്കും. അതു വിജയത്തിലെത്തിയാൽ—വിവാഹത്തിൽ പര്യവസാനിച്ചാൽ— സന്തത്യുൽപാദനത്തിലായിരിക്കും അവളുടെ പിന്നീടുള്ള താല്പര്യം. സന്താനം ജനിച്ചുകഴിഞ്ഞാൽ ഭർത്താവു് വളരെയേറെ അവഗണിക്കപ്പെടും. പുരുഷനെ ആകർഷിക്കാൻ ശ്രമിക്കുന്ന വേളയിൽ അയാൾ ഒഴിഞ്ഞുമാറിയാൽ അവളും ഒഴിഞ്ഞുമാറും. പുരുഷൻ മാറുന്നില്ലെന്നു കരുതു. അയാളെക്കാൾ ആരോഗ്യമുള്ള, സമ്പത്തുള്ള, സൗന്ദര്യമുള്ള വേറൊരു പുരുഷനെക്കണ്ടാൽ ആദ്യത്തെയാളിനെ കരുണകൂടാതെ അവൾ ഉപേക്ഷിച്ചുകളയും. അപ്പോഴാണു് പുരുഷൻ “അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്നു നിലവിളിക്കുന്നതു്. ഈ നിലവിളിയിൽ ഒരർത്ഥവുമില്ല. നല്ല ഇണയെ തേടുക; നല്ല സന്താനത്തെ ജനിപ്പിക്കുക ഇതാണു് സ്ത്രീയുടെ ലക്ഷ്യം. അതു ജീവശാസ്ത്രത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ സത്യമാണു് മേഘനാദൻ ‘മനസ്സിന്റെ ചിറകടികൾ’ എന്ന കഥയിലൂടെ ചിത്രീകരിക്കുന്നതു്. സുന്ദരിയായ വിധവ ഒരവിവാഹിതനെ പാട്ടിലാക്കാൻ ശ്രമിക്കുന്നു; വിവാഹത്തിനുവേണ്ടിത്തന്നെ. അയാൾക്കു് അവളോടു സ്നേഹമുണ്ടെങ്കിലും കാമോൽസുകതയാണു കൂടുതലും. അവൾക്കും അയാളോടു സ്നേഹമില്ലാതെയില്ല. എന്നാലും വർഗ്ഗസംരക്ഷണത്തിനും സന്തത്യുല്പാദനത്തിനും സഹായിക്കുന്ന വിവാഹമാണു് പരമ ലക്ഷ്യം. ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയില്ലെന്നു കാണുമ്പോൾ അവൾ പിന്മാറുന്നു. സ്ത്രീ ‘ഫ്ളേർട്ടാ’ണു് എങ്കിലും അവൾ അന്തസ്സു് കൈവിടാറില്ല. സ്ത്രീയുടെ ചവിട്ടുകിട്ടുന്നതുതന്നെ സുഖമാണെന്നു് കരുതുന്ന പുരുഷന്മാർ ധാരാളമുണ്ടു്. പക്ഷേ, കുഴഞ്ഞാട്ടക്കാരിയും അന്തസ്സിൽ ഭംഗംവരുത്തുകയില്ല. എന്നെ വിവാഹം കഴിക്കൂ എന്നാണു് കഥയിൽ നായിക ലജ്ജകൂടാതെ അയാളോടു ആവശ്യപ്പെട്ടതു്. അയാൾ അതിനു വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ അന്തസ്സിൽ “വെണ്മയല്ലാത്തതൊന്നും ചെയ്യാത്ത” അവൾ നിഷ്ക്രമിക്കുന്നു. സ്ത്രീയുടെ ഈ സ്വഭാവസവിശേഷതയേയും മേഘനാദൻ ആവിഷ്കരിക്കുന്നുണ്ടു്. ഇതൊക്കെ ആശയവിമർശനം. മനോരമ ആഴ്ചപ്പതിപ്പിൽ പതിവായിവരുന്ന കഥകളിൽനിന്നു് ഇതു വിഭിന്ന സ്വഭാവം പുലർത്തുന്നു എന്നല്ലാതെ വേറൊന്നും എനിക്കു പറയാനില്ല.

പറയാനുണ്ടു് വേറൊരു കാര്യം. കണ്ണാടി നോക്കി രസിക്കുന്നതിൽ സ്ത്രീക്കാണു പുരുഷനെക്കാൾ കൗതുകം. ആ രസിക്കലിൽ അടിസ്ഥാനപരമായ ഒരു മനഃശാസ്ത്രതത്ത്വമുണ്ടു്. സ്ത്രീ അണിഞ്ഞൊരുങ്ങുന്നതു മറ്റു പുരുഷന്മാർ അവളെ നോക്കുന്നതിനു വേണ്ടിയാണു്. കണ്ണാടിയിലേക്കു നോക്കി സ്വന്തം പ്രതിഫലനം കണ്ടു് രസിക്കുമ്പോൾ അവൾ തന്നെത്തന്നെ മറ്റൊരാളായി നോക്കുകയാണു്. Ways of Seeing എന്ന നല്ല പുസ്തകത്തിൽ (John Berger, Pelican Original) ഇതു വിശദീകരിച്ചിട്ടുണ്ടു്. നോക്കുമ്പോൾ അവൾക്കു് ആഹ്ലാദം. ദൃപഹർഷേ—സന്തോഷിപ്പിക്കുന്നതു് ദർപ്പണം (കണ്ണാടി) ദർപ്പിപ്പിക്കുന്നതു്—ഗർച്ചമുണ്ടാക്കുന്നതു്—ദർപ്പണം എന്നുമാകാം. സ്വന്തം സൗന്ദര്യംകണ്ടു് അഹങ്കാരമുണ്ടാകുമല്ലോ?
സൗന്ദര്യം സൃഷ്ടിക്കലാണു് സുജാത എന്ന കഥാകാരന്റെ പ്രവർത്തനം.
സംഭവങ്ങളുടെ പരമ്പരയിലൂടെ, അവയുടെ അടിയൊഴുക്കിലൂടെ നമ്മെ മറ്റൊരു മണ്ഡലത്തിൽ എത്തിച്ചു് സൗന്ദര്യം കാണിച്ചുതരുന്നു ഈ കഥാകാരൻ. കുങ്കുമം വാരികയിലെ (ലക്കം 47) “കരുണ” എന്ന കഥ നോക്കിയാലും. ക്ഷേത്രദർശനത്തിനു് എത്തുന്ന പാർവ്വതിയും ഭർത്താവും. നല്ല കുടുംബത്തിൽ ജനിച്ചവളെങ്കിലും പ്രതികൂല സാഹചര്യത്തിൽപ്പെട്ടു തെണ്ടാനിറങ്ങിയ ഒരു സ്ത്രീയോടു് പാർവ്വതിക്കു് അനുകമ്പയുണ്ടാകുന്നു. അവളെയും അവളുടെ പതിന്നാലു വയസ്സുള്ള മകളെയും നാട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ പാർവ്വതിക്കു് ആഗ്രഹം. പെൺകുട്ടിയിൽ കണ്ണുവച്ച ഒരുത്തൻ ആ യത്നത്തിനു വിരാമമിടുന്നു. പാർവ്വതിയുടെ ഭർത്താവു് അതു് അറിയാത്ത താമസം കാറ് വേഗത്തിൽ ഓടിക്കുകയായി. ഓടുന്ന കാറിനുപിറകെ മകളെയും പിടിച്ചുകൊണ്ടു് ഓടുന്ന ആ പാവപ്പെട്ട സ്ത്രീയുടെ ചിത്രം നമ്മളെ വിഷാദത്തിലേക്കുകൊണ്ടുചെല്ലും. വിഷാദം കലയിൽനിന്നു് ആവിർഭവിക്കുന്നതു കൊണ്ടു് നമുക്കു രസം. സംഭവങ്ങളുടെ സ്പഷ്ടത, ക്രിയാംശത്തിന്റെ ദാർഢ്യം ഇവയെല്ലാം ഈ കഥയിലുണ്ടു്. കലകൊണ്ടു കലയെ ഒളിച്ചുവയ്ക്കുന്ന സുജാതയുടെ പ്രക്രിയ ഏതു കഥാകാരനും കൊതിക്കത്തക്കതാണു്. സംശയമില്ല. എനിക്കു കാണാൻ ആഗ്രഹമുള്ള, ഞാൻ ധരിച്ചിരിക്കേണ്ട, സത്യം ആരെങ്കിലും കാണിച്ചുതന്നാൽ ഞാൻ അതിലെ ന്യൂനതകളെക്കുറിച്ചു് എന്തിനു് പരാതിപ്പെടണം? സത്യദർശനത്തിനും സത്യമായ സൗന്ദര്യത്തിന്റെ ദർശനത്തിനും വേണ്ടിയാണു് ഞാൻ സാഹിത്യകൃതികൾ വായിക്കുന്നതു്. സത്യവും സൗന്ദര്യവും ആവിഷ്കരിക്കുന്ന സുജാതയുടെ ചില അവിദഗ്ദ്ധതകൾ ഞാൻ പരിഗണിക്കാതെ അദ്ദേഹത്തിനു നന്ദി പറയുന്നു.

നന്ദി കലാകാരന്മാരോടു മാത്രമല്ല ശാസ്ത്രകാരന്മാരോടും പറയേണ്ടതായിവരും. അപ്പം—bread— ഈശ്വരശരീരവും മുന്തിരിച്ചാറു് ഈശ്വരരക്തവുമാണെന്നാണു് സങ്കല്പം. രക്തമൊഴുകുന്ന അപ്പം bleeding host— ഒരു ദേവാലയത്തിൽ കാണാറായി. അതു് Bacillus prodigiosus എന്ന അണുകൊണ്ടുണ്ടാകുന്ന ചുവപ്പുനിറമാണെന്നു ഇംഗ്ലീഷ് ബയോ കെമിസ്റ്റ് ജെ. ബി. എസ്. ഹൊൾഡേൻ (Haldane) കണ്ടുപിടിച്ചു. വിശ്വാസത്തിന്റെ കണ്ണു് അണു വരുത്തുന്ന ചുവപ്പുനിറത്തെ ഈശ്വരരക്തമായി കാണുകയാണെന്നു് അദ്ദേഹം തെളിയിച്ചു (God-Makers എന്ന പ്രബന്ധം). ഞാൻ വടക്കൊരു സ്ഥലത്തു് കഴിഞ്ഞുകൂടുകയായിരുന്നു. അന്നു ഞാൻ വിദ്യാർത്ഥി. ഞാൻ താമസിച്ച വീട്ടിനടുത്തു് ഒരു ദേവാലയമുണ്ടു്. അവിടെ ജോലിയുള്ള ഒരാൾ ഒരു കൊച്ചു പാവാടയുമായി കാലത്തു് എത്തി. അതിൽ ഒരു ചുവന്നപാടു്. “ദേവിക്കു് ആർത്തവമായിരിക്കുന്നു” എന്നു് അയാൾ അറിയിച്ചു. ഭയഭക്തി വികാരങ്ങളോടെ എന്റെ അച്ഛൻ ദേവീവിഗ്രഹത്തെ ഉടുപ്പിച്ചിരുന്ന പാവാടയിലെ ആ ചുവന്ന പാടുതൊട്ടു കണ്ണിൽ വച്ചു. അന്നും ഈശ്വര വിശ്വാസിയായിരുന്ന ഞാൻ അതിൽ തൊടാൻ പോയില്ല. അച്ഛൻ ദേഷ്യപ്പെട്ടു് “തൊട്ടു കണ്ണിൽ വയ്ക്കെടാ” എന്നു പറഞ്ഞു. എന്നിട്ടും ഞാൻ മിണ്ടാതെ നിന്നതേയുള്ളു. ഇന്നും ഈശ്വരവിശ്വാസിയായ ഞാൻ സംശയിക്കുന്നു Bacillus prodigiosus റൊട്ടിയിൽ സാംക്രമിക രോഗമുണ്ടാക്കുന്നതുപോലെ പട്ടുപാവാടയിലും അതുണ്ടാക്കുകയില്ലേ എന്നു്.
സാംക്രമിക രോഗം റൊട്ടിയിൽ മാത്രമല്ല വാക്കുകളിലും വരുമെന്നതിനു തെളിവാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (ലക്കം 19) ‘ജാൺകി’ എന്ന പരിഹാസ കഥ. അനുഗൃഹീതനായ പി. കെ. രാജരാജവർമ്മ പണ്ടു പഞ്ചുമേനോനേയും കുഞ്ചിഅമ്മയേയും അവതരിപ്പിച്ചു. അവരുടെ സംഭാഷണങ്ങൾ കേട്ടും പ്രവർത്തനങ്ങൾ കണ്ടും നമ്മൾ ഉള്ളുകുളിർക്കെ ചിരിച്ചു. ഇന്നു് ‘ജാൺകി’ എഴുതിയ കൊച്ചുലക്ഷ്മി ആ മണ്ഡലത്തിൽ കയറിനിന്നു് പേക്കോലം കാണിക്കുന്നതു് എന്തിനാണു്? ജാൺകി എന്നാൽ ജാനകി. അവൾ ദുബായിൽ പോയിട്ടു് വീട്ടിലെത്തിയപ്പോൾ ജാൺകി ആയി മാറി. “പറ്റി ഓപ്പൺ കുട്ടി” എന്നു് അവൾ പറയുന്നു. “പെട്ടി തുറ്ക്കു് ” എന്നാണു് അർത്ഥം. “ജാൺകി കം. ഓറ്റിപ്പോയി മമ്മിയോടു് സ്പീക്ക്”—ജാനകി വന്നു. ഓടിപ്പോയി അമ്മയോടു സംസാരിക്കു, എന്നു് അർത്ഥം. ഇതൊക്കെ കേട്ടു് അമ്മ ജാനകിയോടു തിരിച്ചു ദുബായിയിൽ പോകാൻ പറയുമ്പോൾ കഥ അവസാനിക്കുന്നു.
നെല്ലു കുത്തിക്കൊണ്ടിരിക്കുമ്പോൾ ഉലക്ക ഓരോ തവണയും ഉരലിൽ വീഴുമ്പോൾ ചുണ്ടുകൾക്കിടയിലൂടെ ‘ശൂ’ എന്നു ശബ്ദം പുറപ്പെടുവിക്കുന്ന നെല്ലുകുത്തുകാരികളെയും അരിനിറച്ച വട്ടികൾ ഒന്നിനു് മേലായി ഒന്നൊന്നുവച്ചു് മുണ്ടിന്റെ അറ്റം തട്ടിത്തെറിപ്പിച്ചു് തുടകാണിച്ചു് കമ്പോളത്തിലേക്കു നടക്കുന്ന അരിക്കാരിപ്പെണ്ണുങ്ങളെയും മൂക്കളചീറ്റി ദൂരെയെറിഞ്ഞിട്ടു് കൈകഴുകാതെ കറികലക്കി അടുപ്പിലേറ്റുന്ന അടുക്കളക്കാരികളെയും രസിപ്പിക്കാൻ പോന്ന തരംതാണ ഫലിതമാണു് ഇതിലുള്ളതു്. ഫലിതമല്ല ഫളിതം. ഹായ്.
ഫ്രഞ്ച് മനഃശാസ്ത്രജ്ഞനാണു് Michel Gauquelin. മനുഷ്യന്റെ ജനനസമയത്തെ ഗ്രഹങ്ങളുടെ നില അവന്റെ ജീവിതത്തെ നിയന്ത്രിക്കുന്നുവെന്നു തെളിയിച്ചു അദ്ദേഹം. ബൽജിയൻ ശാസ്ത്രജ്ഞന്മാർ ഈ മനഃശാസ്ത്രജ്ഞന്റെ അനുമാനങ്ങൾ നൂറിനു നൂറും ശരിയാണെന്നു് അഭിപ്രായപ്പെട്ടു. അതുകൊണ്ടും തൃപ്തനാകാതെ ആ ഫ്രഞ്ച് മനഃശാസ്ത്രജ്ഞൻ ബ്രിട്ടീഷ് ബിഹേവിയറിസ്റ്റ് H. J. Eysenck-നോടു് ആ അനുമാനങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. “തെളിവുകളിൽ തെറ്റൊന്നുമില്ലെന്നു്” അദ്ദേഹം പ്രഖ്യാപിച്ചു. (Illustrated Weekly July 21–27) “Ultimately, to vindicate his bonafides Gauquelin submitted his findings to none other than the famous tough-minded British behavioural psychologist, professor H. J. Eysenck (of Know Your Own I. Q fame) who is specially known for his hard line approach to pseudo-sciences. His Verdict? I can find nothing wrong with the evidence.” എന്നു വീക്ക്ലിയിലെ ലേഖകൻ മുകൾ ശർമ്മ. ഇദ്ദേഹം ഫ്രഞ്ച് മനഃശാസ്ത്രജ്ഞന്റെയും ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞന്റെയും രചനകൾ കണ്ടോ? സംശയം. കോളിൻ വിൽസന്റെ Mysteries എന്ന പുസ്തകത്തിൽ “In England Professor H. J. Eysenck a tough-minded behavioural psychologist was asked to check Gauquelin’s results; he was equally astonished to find that they seemed to be accurate. കോളിൻ വിൽസന്റെയും മുകൾ ശർമ്മയുടെയും വാക്യങ്ങൾക്കുള്ള സാദൃശ്യം നോക്കിയാലും. വിൽസൺ പറഞ്ഞതു് ശർമ്മയും ലജ്ജകൂടാതെ ആവർത്തിക്കുന്നതേയുള്ളു.
H. J. Eysenck, D. K. B. Nias ഇവർ രണ്ടുപേരും ചേർന്നെഴുതിയ Astrology എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ടു്. Michel Gauquelin, Francoise Gauquelin ഇവരുടെ അനുമാനങ്ങളെ നിഷ്കൃഷ്ടമായി പരിശോധിച്ചതിനുശേഷം ഐസൻക്കും കൂട്ടുകാരനും കരംതന്നെ”—അങ്ങനെയുമുണ്ടോ ഒരു കരം?

“ഗാന്ധിജി യൂണിവേഴ്സിറ്റി ചെന്നുചേരുന്ന തീരുമാനം ജ്യോത്സ്യത്തിൽ വിശ്വാസമുള്ളവർക്കു് ഒട്ടുംതന്നെ ആഹ്ലാദദായകമല്ല. “We have indicated the sort of conclusion we would draw from the material surveyed. It may be the right conclusion or it may not. Only time will tell” എന്നാണു് അവർ സന്ദിഗ്ദ്ധതയോടെ എഴുതുന്നതു്. 1978-ലാണു് കോളിൻ വിൽസന്റെ Mysteries പ്രസിദ്ധപ്പെടുത്തിയതു്. Astrology എന്ന പുസ്തകം 1982-ലും. ഫ്രഞ്ച് മനഃശാസ്ത്രജ്ഞന്റെ അനുമാനങ്ങളെക്കുറിച്ചു് ഐസൻക് ആദ്യം അസന്ദിഗ്ദ്ധമായി പറഞ്ഞതു് വർഷങ്ങൾ കഴിഞ്ഞപ്പോൾ സന്ദിഗ്ദ്ധമായി പറയേണ്ടിവന്നിരിക്കാം. കോളിൻ വിൽസന്റെ പുസ്തകം പകർത്തിയ വീക്ക്ലി ലേഖകൻ അതറിഞ്ഞില്ല.

റൊമാൻസിന്റെ കണ്ണുകൊണ്ടു് തകഴി ശിവശങ്കരപ്പിള്ള പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും ജീവിതത്തെ നോക്കിയപ്പോൾ ‘ചെമ്മീൻ’ എന്ന നോവലുണ്ടായി. തികഞ്ഞ മനുഷ്യത്വത്തിന്റെ കണ്ണുകൊണ്ടു് അദ്ദേഹം തോട്ടികളെ നോക്കിയപ്പോൾ ‘തോട്ടിയുടെ മകൻ’ എന്ന നോവൽ ആവിർഭവിച്ചു. ഈ കൃതികളിൽ ഏതിനു കലാസൗന്ദര്യം കൂടും എന്ന ചോദ്യത്തിനു് ഇപ്പോൾ ഉത്തരം നല്കേണ്ടതില്ല. സാന്ദ്രതയാർന്ന മനുഷ്യത്വമുള്ള കലാസൃഷ്ടികൾക്കു് ആർദ്രീകരണശക്തികൂടും. ആ ശക്തിവിശേഷമാണു് അമൃതാപ്രീത ത്തിന്റെ ഛല്ലോ എന്ന കഥയ്ക്കുള്ളതു്—(Chhallo, Illustrated Weekly) ഹുങ്കുംചന്ദിനു് ആദ്യത്തെ ഭാര്യയിലുണ്ടായ മകളാണു് ഛല്ലോ. ധനികനായിരുന്ന അയാൾ ഇന്ത്യയുടെ വിഭജനത്തോടെ ദരിദ്രനായി. മകൾ നിർമ്മിക്കുന്ന കുട്ടകൾ വിറ്റാണു് അയാൾക്കും രണ്ടാമത്തെ ഭാര്യയ്ക്കും കഴിഞ്ഞുകൂടേണ്ടതു്. ആരും കുട്ടകൾ വാങ്ങുന്നില്ല. മധുരവാക്കുകൾ പറയാനോ മധുരപ്പുഞ്ചിരി സമ്മാനിക്കാനോ പെൺകുട്ടിക്കു അറിയാൻ പാടില്ലാത്തതുകൊണ്ടാണു് വിൽപനനടക്കാത്തതെന്നു് ഹുങ്കം ചന്ദ്രിന്റെ രണ്ടാമത്തെ ഭാര്യ കുറ്റപ്പെടുത്തി. അതു കേട്ടു കേട്ടു് സഹികെട്ടു് ഛല്ലോ ഒരുത്തനെ നോക്കി ചിരിച്ചു. അയാൾ നൂറുരൂപനോട്ടു് മാറ്റിയിട്ടു് കുട്ടകളുടെ വില കൊടുക്കാമെന്നു പറഞ്ഞ് അവളെ കാറിൽ കയറ്റിക്കൊണ്ടുപോയി. അയാൾ അവളെ ബലാത്സംഗം ചെയ്തു. ബോധം വീണ്ടുകിട്ടിയപ്പോൾ താനൊരു മരച്ചുവട്ടിൽ കിടക്കുന്നതായിട്ടാണു അവൾ കണ്ടതു്. പോക്കറ്റിൽ ഉണ്ടായിരുന്ന നാലണ ബസ്സ് കണ്ടക്ടർക്കു കൊടുക്കാനായി തപ്പിനോക്കിയപ്പോൾ ഒരു പുതിയ പത്തുരൂപനോട്ട് കണ്ടു. അവൾടിക്കറ്റ് വാങ്ങി. കുട്ടകൾ വിറ്റിട്ടുവരുമ്പോൾ അരസ്സേർ ഇറച്ചിയും പച്ചമുളകും മറ്റും വാങ്ങിക്കൊണ്ടുവരണമെന്നു് അച്ഛൻ പറഞ്ഞിരുന്നു. ഛല്ലോ എല്ലാം വാങ്ങി. മാംസം പാകപ്പെടുത്തുന്നതിന്റെ മണം ഉയർന്നു ഭവനത്തിൽ. അച്ഛനു സന്തോഷം. മാംസം പൊരിക്കുകയാണു്, തന്റെ മന്ദസ്മിതവും പൊരിയുന്നതായി ആ പെൺകുട്ടിക്കു തോന്നി.
ഇക്കഥവായിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ എന്റെ പരിസരങ്ങൾ മറന്നു.
എന്റെ കൈയിലിരുന്നതു് ഒരു ഇംഗ്ലീഷ് വാരികയാണെന്നതു വിസ്മരിച്ചു. അതിലെ വെള്ളക്കടലാസ്സും കറുത്ത അക്ഷരങ്ങളും കണ്ടില്ല. കണ്ടതും ആ പെൺകുട്ടിയെമാത്രം. ധർഷണം ചെയ്യപ്പെട്ട അവളെ ഓർമ്മിച്ചു് ഞാനിപ്പോഴും ദുഃഖിക്കുന്നു. കലയുടെ ശക്തി എന്നല്ലാതെ എന്തുപറയാൻ?
ജോൺസൺ പുളിങ്കുന്നു് മംഗളം വാരികയിലൂടെ ചോദിക്കുന്നു:
“വർഷമേഘങ്ങൾ പെയ്യാതിരിക്കുമോ?
വർഷചക്രം തിരിയാതിരിക്കുമോ?
വർണ്ണങ്ങൾ കാലം മായ്ക്കാതിരിക്കുമോ?
വർണ്ണസ്വപ്നം കൊഴിയാതിരിക്കുമോ?”
—ഇരിക്കും, ഇരിക്കും. ഇങ്ങനെ കവിതയെഴുതിയാൽ വർഷമേഘങ്ങൾ പെയ്യുന്നതെങ്ങനെ? വർഷചക്രം തിരിയുന്നതെങ്ങനെ?
എം. ഡി. ഹംസ ഖത്തറിൽ ഇരുന്നുകൊണ്ടു കുമാരിവാരികയിലൂടെ പറയുന്നു: “വിജി വരയ്ക്കുന്ന ചിത്രങ്ങൾ എല്ലാംകൊണ്ടും കഥയ്ക്കു് അനുയോജ്യ ആക്രമിച്ചു—ഒരു ദിനപ്പത്രത്തിലെ റിപ്പോർട്ട്” ഇതിനു ഡി. സി.യുടെ കമന്റ് (മനോരാജ്യം) ഗാന്ധിജി ഇങ്ങനെയൊക്കെ ചെയ്യുമെന്നു് ആരും പ്രതീക്ഷിച്ചിരിക്കുകയില്ല—സംസ്കൃത ശബ്ദങ്ങൾ സന്ധിചെയ്യുമ്പോൾ മലയാള ഭാഷയിൽ സംസ്കൃത വ്യാകരണനിയമങ്ങൾ തന്നെ അനുസരിക്കേണ്ടതാണു്. അതുകൊണ്ടു് ഡി. സി. ദിനപത്രം എന്നു് എഴുതുമെന്നു ഞാൻ പ്രതീക്ഷിച്ചു. പിന്നെ, ചന്ദ്രക്കലപോലെ ദിനപ്പത്രവും ആകാം.
ഒരുത്തൻ മറ്റൊരുത്തനെ വസ്തുവായി കാണുന്നതാണു് ഇന്നത്തെ സവിശേഷത. മേലുദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനെ നിശ്ചേതനവസ്തുവായി കരുതുന്നു. ഫയൽ ചുമന്നു മുന്നിൽ നിൽക്കുന്ന ക്ളാർക്കിനെ ഉദ്യോഗസ്ഥധുരന്ധരൻ നോക്കുകപോലുമില്ല. ഭർത്താവു് ഭാര്യയെ വസ്തുവായി വീക്ഷിക്കുന്നു…
സി. പി. രാമസ്വാമിഅയ്യർ തിരുവിതാംകൂർ ദിവാനായിരിക്കുന്ന കാലം അസംബ്ലി വി. ജെ. റ്റി. ഹോളിൽ വച്ചാണു് കൂടാറു്. അസംബ്ലിയിൽ ഒരു മെമ്പർ ഘോരഘോരം പ്രസംഗിക്കുമ്പോൾ ഫാനിന്റെ ഒരിതൾ ഇളകിത്തെറിച്ചു. ആരുടെയും കഴുത്തറ്റില്ല. എങ്കിലും രണ്ടു എഞ്ചിനീയറന്മാരുടെ ജോലി പോയി.
ഹജൂർകച്ചേരിയിലെ ക്ലോക്ക് ചത്തിരിക്കുന്നതു് സി. പി. കണ്ടു. ക്ലോക്ക് പ്രവർത്തിപ്പിക്കാൻ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥനു് സസ്പെൻഷൻ.
മഹാരാജാവു് ആറാട്ടിനു് എഴുന്നള്ളുമ്പോൾ ഒരുകട്ട ചെളിയിൽ ചവിട്ടി, അദ്ദേഹം തിരിഞ്ഞൊന്നു നോക്കി. പി. ഡബ്ൾയു. ഡി. സെക്ഷനാഫീസർ വീട്ടിലിരിപ്പായി.
അന്നു് ഒരു റോഡിലും കുണ്ടും കുഴിയുമില്ല. ഇന്നു് അവയല്ലാതെ മറ്റൊന്നുമില്ല, തിരുവനന്തപുരത്തെ പാളയത്തു് കൺസ്റ്റബിൾ നില്ക്കുന്നതിനു ചുറ്റുമായി വലിയ കുഴികൾ ഉണ്ടു്. സൂക്ഷിച്ചു് കാറോടിച്ചില്ലെങ്കിൽ സ്പ്രിങ് ഒടിയും. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവന്റെ നട്ടെല്ലിന്റെ ‘ഡിസ്ക്’ തെറ്റും. എന്തൊരു ഗതികേടു്! ഈ ഗതികേടിനെത്തന്നെയാണു് ദീപികയിലെ കാർട്ടുണിസ്റ്റ് രാജുനായർ ഹൃദ്യമായി പരിഹസിക്കുന്നതു്. നല്ല കാർട്ടുണിസ്റ്റാണു് അദ്ദേഹമെന്നതിൽ ഒരു സംശയവുമില്ല.

ഏതെങ്കിലും ‘ഐഡിയോളജി’ മനസ്സിനെ കാരാഗൃഹത്തിലാക്കിയാൽ ലോകത്തിന്റെ സമഗ്രരൂപത്തിലുള്ള ദർശനം അതിനു കിട്ടുകയില്ല. മുൻവശത്തു് കമ്പിവാതിലും അതിനു മുൻപിൽ അർദ്ധാന്ധകാരത്തിലമർന്ന ഇടനാഴിയും. ഭിത്തിയുടെ ഒരു വശത്തുള്ള കൊച്ചു ജന്നലിൽക്കൂടി രാത്രി നോക്കിയാൽ മൂന്നോ നാലോ നക്ഷത്രങ്ങളെ മാത്രം കാണും. ആ മനുഷ്യൻ കാരാഗൃഹത്തിന്റെ മുറ്റത്തുവന്നു നിന്നു് മുകളിലേക്കു നോക്കട്ടെ. ആയിരമായിരം നക്ഷത്രങ്ങളെ കാണും. ഐഡിയോളജിയുടെ കാരാഗൃഹത്തിൽ കിടക്കുന്ന കൊളാടി ഗോവിന്ദൻകുട്ടിക്കു വൈക്കം മുഹമ്മദ്ബഷീറി ന്റെ ‘ശബ്ദങ്ങൾ’ എന്ന കൊച്ചു നോവലിന്റെ രാമണീയകം കാണാൻ കഴിയുന്നില്ല. “അറയ്ക്കുന്ന അനാശാസ്യതകൾ കലാസൗന്ദര്യം തൊട്ടു തെറിപ്പിക്കാത്ത മട്ടിൽ അനാവരണം ചെയ്യുകയേ ബഷീർ ‘ശബ്ദങ്ങ’ളിൽ ചെയ്തിട്ടുള്ളു” എന്നു് അദ്ദേഹം ജനയുഗം വാരികയിൽ എഴുതിയിരിക്കുന്നു. അത്രകണ്ടു ശരിയല്ല ആ പ്രസ്താവം. ഏകാന്തതയുടെ ദുഃഖവും സെക്സിന്റെ മാദകത്വവും അതിന്റെ അർത്ഥശൂന്യതയും ഇമേജുകളിലൂടെ ആവിഷ്കരിക്കുന്ന അതിസുന്ദരമായ നോവലാണു ‘ശബ്ദങ്ങൾ’. അതുപോലൊരു കൃതി അതിന്റെ രചനാകാലത്തിനു മുൻപു് ഉണ്ടായിട്ടില്ല. പില്ക്കാലത്തുമില്ല. കലയുടെ ലക്ഷ്യം ആസ്വാദനമാണു്. യുക്തികൊണ്ടു് അതു് ഉണ്ടാക്കുവാൻ വയ്യ. ഒരു ഐഡിയോളജികൊണ്ടും ബന്ധിക്കപ്പെടാത്ത എന്റെ മനസ്സു പറയുന്നു ശബ്ദങ്ങൾ ചേതോഹരമാണെന്നു്. അതിൽക്കൂടുതലായി തെളിവൊന്നും ഹാജരാക്കാനില്ല.
മനുഷ്യൻ മരണംകണ്ടു് യാഥാർത്ഥ്യത്തിൽനിന്നു് ഓടിയൊളിക്കുമ്പോൾ ഉണ്ടാകുന്നതാണു് അന്യവത്കരണബോധം. അസ്തിത്വത്തിന്റെ ചില മണ്ഡലങ്ങളിൽനിന്നു മാത്രം ചിലർ ഓടിയൊളിക്കുമ്പോഴുണ്ടാകുന്ന കാരാഗൃഹവാസ തുല്യമായ അനുഭൂതി അതിനെക്കാൾ ഭയങ്കരമാണു്.
അങ്ങു് വടക്കേയിന്ത്യയിലെ കാര്യമാണു പറയുന്നതു്. ബസ്സ് എസ്റ്റേറ്റിൽ പ്രവേശിച്ചാൽ റോഡിൽ പിരിയുന്നിടത്തൊക്കെ കൈചൂണ്ടിപ്പലകകൾ വച്ചിട്ടുണ്ടു്. ഹോസ്പിറ്റൽ മാർഗ്ഗ്, പോസ്റ്റാഫീസ് മാർഗ്ഗ്, സെക്റ്റർ 7 മാർഗ്ഗ് എന്നൊക്കെ. ഇവയോടൊപ്പം ഓർഡനൻസ് ഫാക്ടറി മാർഗ്ഗ് എന്നു് എഴുതിവച്ചിട്ടുള്ള ബോർഡുകളുമുണ്ടു്. ആ പലകകളിലെ എഴുത്തു വായിച്ചു മനസ്സിലാക്കി അവ ചൂണ്ടിക്കാണിക്കുന്ന പാതകളിലൂടെ നടന്നാൽ ഫാക്ടറിയിലെത്തും. ഇല്ലെങ്കിൽ കറങ്ങിപ്പോകും. ഈ കറങ്ങിപ്പോകലാണു കുമാരി വാരികയിലെ ‘മാനസി’ എന്ന കഥ വായിച്ചപ്പോൾ എനിക്കുണ്ടായതു്. വിനയൻ അതിസുന്ദരിയായ മാനസിയെ പരിചയപ്പെട്ടു. ഉത്കടമായി സ്നേഹിച്ചു. പ്രേമാഭ്യർത്ഥന നടത്തിയപ്പോൾ അവൾ പുച്ഛിച്ചു് കണ്ണാടിയെടുത്തു മുഖംനോക്കാൻ അയാളോടു പറഞ്ഞു. കാലം കഴിഞ്ഞു. വിനയൻ ഐ. എ. എസ്. ഉദ്യോഗസ്ഥനായി. അപ്പോഴേക്കും വേശ്യയായി മാറിയ മാനസി വേറൊരു പേരിൽ അയാളുടെ അടുത്തെത്തി. വിനയനു് അവളെ മനസ്സിലായി. അവൾക്കൊട്ടു് അയാളെ മനസ്സിലായതുമില്ല. സഹധർമ്മിണിയാകാൻ വിനയൻ അവളെ ക്ഷണിച്ചു. “എന്റെ വിനുവേട്ടാ” എന്നു പറഞ്ഞു് അവൾ തേങ്ങിക്കരഞ്ഞു.
ഒരു മാനസിക പ്രേരണ ഒരു സംഭവമുളവാക്കുന്നു. അതിനോടു ബന്ധപ്പെട്ടു വേറൊരു സംഭവം. ഒടുവിൽ പരകോടി, സംഭവങ്ങൾക്കു തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം ഇക്കഥയിൽ കാണാനില്ല. സ്നേഹിക്കുന്ന പുരുഷൻ വിരൂപനാണെന്നു പറഞ്ഞവൾ പൊടുന്നനവേ “എന്റെ വിനുവേട്ടാ” എന്നു നിത്യജീവിതത്തിൽ വിളിക്കുമായിരിക്കും. പുച്ഛിച്ചവളെ പുരുഷൻ സ്വീകരിക്കുന്നതും. നിത്യജീവിതത്തിലെ സംഭവമാകാം. പക്ഷേ, കലയിൽ കാര്യകാരണ ബന്ധമില്ലാതെ സംഭവങ്ങൾ അടുക്കിവച്ചുകൂടാ. വച്ചാൽ ദൃഢപ്രത്യയം ഉളവാകുകയില്ല. ഹോസ്പിറ്റൽ മാർഗ്ഗിൽ നിന്നു പോസ്റ്റാഫീസ് മാർഗ്ഗിലേക്കും അവിടെ നിന്നു് സെക്ടർ 7 മാർഗ്ഗിലേക്കും പോയി കഷ്ടപ്പെടുന്ന ആളിന്റെ മാനസികാവസ്ഥയാണു് ഇക്കഥ അനുവാചകനു ജനിപ്പിക്കുന്നതു്. കൈചൂണ്ടിപ്പലകകൾ നിർദ്ദേശിക്കുന്ന പാതകളിലൂടെ നടന്നു ഫാക്ടറിയിലെത്താൻ ഇവിടെ കഴിയുന്നില്ല.
ഹാരത്തിൽ പല പൂക്കളുണ്ടായിരിക്കും. എങ്കിലും എല്ലാ പൂക്കളേയും കൂട്ടിയിണക്കുന്നതു വാഴനാരാണു്. കഥയിലെ സംഭവങ്ങളെ കൂട്ടിച്ചേർക്കുന്ന ഒരു തന്തു ഉണ്ടായിരിക്കണം.
ഒരുത്തൻ മറ്റൊരുത്തനെ വസ്തുവായി കാണുന്നതാണു് ഇന്നത്തെ സവിശേഷത. മേലുദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനെ നിശ്ചേതന വസ്തുവായി കരുതുന്നു. ഫയൽ ചുമന്നു മുന്നിൽ നില്ക്കുന്ന ക്ലാർക്കിനെ ഉദ്യോഗസ്ഥധുരന്ധരൻ നോക്കുകപോലുമില്ല. ഭർത്താവു് ഭാര്യയെ വസ്തുവായി വീക്ഷിക്കുന്നു. പതിവുകാരനു് വേശ്യ സ്ത്രീയല്ല, ജീവനറ്റ വസ്തുവത്രേ. ഡോക്ടർമാർ രോഗികളെ വസ്തുക്കളായി കരുതുന്നു. ഈ ക്രൂരതയ്ക്കു് എതിരായി സുന്ദർ ഉയർത്തുന്ന ശബ്ദം കലാകൗമുദിയിൽനിന്നു് കേൾക്കാം. തിരുവനന്തപുരത്തെ മാനസിക രോഗാശുപത്രിയോടു ബന്ധപ്പെട്ട ഞെട്ടിക്കുന്ന പരമാർത്ഥങ്ങൾ അദ്ദേഹം ഒന്നൊന്നായി എടുത്തു നിരത്തിയിരിക്കുന്നു. ഇതു വായിച്ചു് സർക്കാരും ഡോക്ടർമാരും ബഹുജനവും കണ്ണുതുറന്നെങ്കിൽ!

പി. സി. കുട്ടിക്കൃഷ്ണൻ തിരുവനന്തപുരത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ രോഗിയായി കിടന്ന കാലം. ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. കുട്ടിക്കൃഷ്ണൻ നേരമ്പോക്കുകൾ പറഞ്ഞു് സന്ദർശകരെ ചിരിപ്പിച്ചു. അദ്ദേഹം അന്നു പറഞ്ഞ ഒരു നേരമ്പോക്കു് ഇവിടെ എഴുതാം. ഒരു ഡോക്ടർ കൊട്ടാരംപോലുള്ള കെട്ടിടംവച്ചു. അതിന്റെ ഒരു ഭിത്തിയിൽ ഒരു ദ്വാരമിട്ടു. രാത്രി കിടക്കുമ്പോൾ അയാൾ കൈ ദ്വാരത്തിലൂടെ കടത്തി വെളിയിലിടും. നേരം വെളുക്കുന്നതുവരെ ആ കൈ പുറത്തായിരിക്കും. എന്തിനാണു് അങ്ങനെ ചെയ്യുന്നതെന്നു് ആരോ ചോദിച്ചപ്പോൾ ഡോക്ടർ മറുപടി നല്കി: “വല്ലവനും ഇതിലേ പോകുമ്പോൾ വല്ല കറൻസിനോട്ടും വയ്ക്കണമെന്നു തോന്നിയാൽ വച്ചുകൊള്ളട്ടെ എന്നു വിചാരിച്ചാണു്.”