
“നിങ്ങൾ എന്തിനു് എഴുതുന്നു?” ഈ ചോദ്യം സാഹിത്യകാരന്മാരോടു പലരും ചോദിച്ചിട്ടുണ്ടു്. അവർ ഉത്തരം നല്കിയിട്ടുമുണ്ടു്. സാഹിത്യകാരനല്ലാത്ത എന്നോടും ഒരിക്കൽ ഈ ചോദ്യം ചോദിച്ചു ഒരു കൂട്ടുകാരൻ. “കലാകൗമുദിയുടെ എഡിറ്റർ തരുന്ന പ്രതിഫലത്തിനു വേണ്ടി” എന്നു ഞാൻ മറുപടി പറഞ്ഞു. എങ്കിലും അതൊരു ഉപരിപ്ലവമായ ഉത്തരമായിരുന്നു എന്നതിനു സംശയമില്ല. മരണം നമ്മുടെ എല്ലാവരുടെയും മുൻപിലുണ്ടു്. പിറകിലുമുണ്ടു്. പിറകിൽ നില്ക്കുന്ന മരണത്തിന്റെ നിഴൽ നമ്മുടെ മുൻപിലേക്കു നീളുന്നു. ചിലപ്പോൾ മുൻപിൽവന്നു നില്ക്കാറുള്ള അതിന്റെ നിഴൽ നമ്മുടെ ശരീരത്തിലേക്കു വീഴും. ഈ നിഴൽ കാണാതിരിക്കാൻവേണ്ടിയുള്ള കണ്ണടയ്ക്കലാണു് നമ്മുടെ ഓരോ പ്രവർത്തനവും. പ്രവൃത്തിയിലേർപ്പെട്ടിരിക്കുമ്പോൾ നമ്മൾ നിഴലിനെ കാണുന്നില്ല. സാഹിത്യവാരഫലമെഴുതുമ്പോൾ, മറ്റു വാരികകളിൽ പടിഞ്ഞാറൻ സാഹിത്യകാരന്മാരെക്കുറിച്ചു് എഴുതുമ്പോൾ ഞാൻ മരണത്തിന്റെ നേർക്കു കണ്ണടയ്ക്കുകയാണു്. എൻ. വി. കൃഷ്ണവാരിയർ പണ്ഡിതോചിതങ്ങളായ ലേഖനങ്ങൾ എഴുതുന്നതും ‘ത്രിപഥഗ’ പോലുള്ള ചേതോഹരങ്ങളായ കാവ്യങ്ങൾ രചിക്കുന്നതു് ഈ നിഴലിനെ കാണാതിരിക്കാനാണു്. പി. ടി. ഉഷ ഓടുന്നതും ഷൈനി എബ്രഹാം ഓട്ടത്തിൽ ഉഷയെ അതിശയിക്കുമെന്നു ലേഖകൻ എഴുതുന്നതും അതിനു തന്നെ. രണ്ടടിയോളം കടലു മുറിച്ചു കളഞ്ഞിട്ടും കള്ളച്ചിരിയോടെ അമേരിക്കൻ പ്രസിഡന്റ് നില്ക്കുന്നതും വേറൊന്നുകൊണ്ടല്ല. മരണമേ നിന്നെക്കാൾ ശക്തിയാർജ്ജിച്ചതായി ഈ ലോകത്തു വേറൊന്നുമില്ല. പൊളൊനിയസിനെപ്പോലെ യവനികയ്ക്കു പിന്നിൽ ഒളിച്ചുനില്ക്കുക. മരണം വാൾമുനയായി അതു ഭേദിച്ചുവന്നു മാറു് പിളർക്കും. Thou wretched, rash, intruding fool, farewell എന്നു് അതു പറഞ്ഞിട്ടു പോകുകയും ചെയ്യും. പരീക്ഷിത്തിനെപ്പോലെ കൊട്ടാരത്തിന്റെ വാതിലുകൾ അടച്ചു് അകത്തിരിക്കുക. മരണം പുഴുവായി പഴത്തിനകത്തുകയറി മുന്നിലെത്തും, കൊത്തും. ഈ പരമാർത്ഥം എന്റെ കണ്ണിന്റെ മുൻപിൽ എപ്പോഴുമുണ്ടു്. അതു കാണാതിരിക്കാൻവേണ്ടി ഞാൻ നിരന്തരം എഴുതുന്നു.
മരണത്തിന്റെ മുൻപിലുള്ള മനുഷ്യന്റെ ഈ നിരാശ്രയത്വത്തെ ഉജ്ജ്വലമായി ആവിഷ്കരിക്കുന്ന ഒരു ചെറുകഥയുണ്ടു് ജർമ്മൻ സാഹിത്യത്തിൽ. ക്രിസ്റ്റോഫ് മെക്കെലി ന്റെ Gulliver’s Death. കവിയും ചിത്രകാരനുമായ അദ്ദേഹം 1935-ൽ ബർലിനിൽ ജനിച്ചു. ‘വിഷ്വൽ ഫാന്റസി’യുടെ ശക്തി പ്രദർശിപ്പിക്കുന്നവയാണു് അദ്ദേഹത്തിന്റെ രചനകളാകെ. മെക്കലിന്റെ തിരഞ്ഞെടുത്ത ഗദ്യരചനകൾ The Figure on the Boundary Lane എന്ന പേരിൽ ഇംഗ്ലണ്ടിൽ പ്രസാധനം ചെയ്തിട്ടുണ്ടു് (Arena edition 1985). അതിലാണു് Gulliver’s Death എന്ന ചെറുകഥയുള്ളതു്. “ഞാൻ കൂടുതലായി ഓട്സ് തിന്നുന്നു അല്ലേ?” എന്നു പൊട്ടിയ ശബ്ദത്തിൽ ഗളിവർ ചോദിക്കുമ്പോഴാണു കഥയുടെ ആരംഭം. ഉത്തരം കൊതിച്ചു അയാൾ കർക്കശഭാവത്തോടെ മുറിയിലേക്കു നോക്കി. ഒരു മറുപടിയുമില്ല. ജന്നലിന്നരികിൽ കസേരയിട്ടു് ആ വൃദ്ധൻ ഇരിക്കുകയാണു്. അടുത്തു് കപ്പിൽ തണുത്ത ചായ. തനിച്ചു കഴിയാനാണു് അയാൾക്കിഷ്ടം. പ്രഭാത സമയങ്ങളിൽ അയാൾ ലായമടച്ചു് സ്വന്തം കുതിരയുടെ അടുത്തു ഇരിക്കും. മനുഷ്യരെയാകെ വെറുപ്പാണു് ഗളിവർക്കു്. അവരെ എലികളായിട്ടാണു് അയാൾ കരുതുക. ഇരുട്ടായാൽ ഗളിവർക്കു സന്തോഷമായി. വെളിയിൽ നിന്നുള്ള ശബ്ദങ്ങൾ, ഒരു പദവിന്യാസം, വണ്ടിച്ചക്രം നടപ്പാതയിൽ ഉരയുന്ന ശബ്ദം. കതകടയുന്ന നാദം ഇവയെല്ലാം മനുഷ്യരോടു ബന്ധപ്പെട്ടതല്ല. അതുകൊണ്ടു് അയാൾക്കു് അവ ഇഷ്ടം തന്നെ. മനുഷ്യൻ വെള്ള റൊട്ടിയും ചായയും കഴിക്കണമെന്നു് ഈശ്വരൻ നേരത്തെ നിശ്ചയിച്ചിട്ടുണ്ടോ? വാസ്തവത്തിൽ അവൻ കുതിരയാകണമെന്നും ഓട്സ് തിന്നണമെന്നുമല്ലേ അദ്ദേഹം കരുതിയതു്. പരിചാരകൻ വന്നപ്പോൾ ഗളിവർ ചോദിച്ചു:
“നീ ഓട്സ് കൊണ്ടുവന്നോ?”
“ഓട്ട്സോ, സർ”
“ഓട്ട്സ് കൊണ്ടുവരാൻ ഞാൻ നിന്നോടു പറഞ്ഞില്ലേ?”

കിടക്കയിൽ ചെന്നു കിടക്കാൻ വേലക്കാരൻ അയാളെ ഉപദേശിച്ചു. അപ്പോൾ തന്നെ കുതിരയുടെ അടുത്തു കൊണ്ടുപോകാൻ ഗളിവർ ആജ്ഞാപിച്ചു. കൊച്ചു കാൽവയ്പുകളോടുകൂടി പരിചാരകന്റെ സഹായത്തോടുകൂടി അയാൾ ലായത്തിലേക്കു നടന്നു. രാത്രി വായുവേറ്റു് ചരിഞ്ഞ മെഴുകുതിരി വെളിച്ചം അവ്യക്തപ്രകാശം പ്രസരിപ്പിച്ചു. വേലക്കാരനെ പറഞ്ഞയച്ചിട്ടു് അയാൾ കുതിരയുടെ അടുത്തു് ഇരുന്നു. അയാളുടെ കോട്ട് കുതിരലത്തിയിൽ ഇഴഞ്ഞു. ഗളിവറുടെ ചെവികൾ വിറച്ചു. താടി ഒരു വശത്തുനിന്നു മറ്റൊരു വശത്തേക്കു് അയാൾ ചലിപ്പിച്ചു. ഓട്സ് നിറച്ച തൊട്ടിയിൽനിന്നു ഗളിവർ അതു തിന്നാൻ ശ്രമിച്ചു. “കുതിര എന്നെ തിരിച്ചറിയുന്നില്ലേ? തീർച്ചയായും അറിയുന്നുണ്ടു്,” എന്നു പറഞ്ഞുകൊണ്ടു് അയാൾ നാലുകാലിൽ നിന്നു കുതിരയുടെ കാലിൽ ഉമ്മ വച്ചു. എന്നിട്ടു വീണ്ടും കുതിരയുടെ തൊട്ടിയിൽനിന്നു ഓട്സ് തിന്നാൽ ശ്രമിച്ചു. മൃഗം അയാളുടെ തലയിൽ ഒരു ചവിട്ടുവച്ചു കൊടുത്തു. നേരം വെളുത്തു് വേലക്കാരൻ വന്നു നോക്കിയപ്പോൾ കുതിര തല കുനിച്ചുനിൽക്കുന്നു. അതിന്റെ അടുത്തു് ഗളിവർ. മെഴുകുതിരി കത്തിത്തീർന്നു് മെഴുകാകെ തറയിൽ കട്ടപിടിച്ചുകിടക്കുന്നു. ഗളിവറിന്റെ മുഖത്തും കൈയിലും ഉണങ്ങിയരക്തം. അയാളുടെ പകുതി തുറന്ന വായിൽനിന്നു് ഓട്ട്സ് വെളിയിലേക്കു വീണു കിടക്കുന്നു. ‘ഭയജനകം’ എന്നു മാത്രമേ എനിക്കു പറയാനുള്ളു ഈ കലാ…ത്തെക്കുറിച്ചു്. പ്രിയപ്പെട്ടവായനക്കാർ ഇതൊക്കെ വായിക്കണമെന്നു് ഞാൻ സവിനയം അപേക്ഷിക്കുന്നു. വായിച്ചാൽ നമ്മൾ നമ്മുടെ സാഹിത്യകാരന്മാരെ ഇന്നത്തെ മട്ടിൽ വാഴ്ത്തിക്കൊണ്ടു നടക്കുകയില്ല.
ഹാസ്യകവിയും നല്ല സുഹൃത്തുമായ… നായർ എന്നോടു എക്സിബിഷൻ ഗ്രൗണ്ടിൽവച്ചു ചോദിച്ചു: “ഭരതനാട്യം കാണണോ?” “കാണാം” എന്നു ഞാൻ. ലൈറ്റ് കെട്ടതിനുശേഷം കയറിയാൽ മതിയെന്നു കവി പറഞ്ഞു. കയറി. അർദ്ധാന്ധകാരം. പതിനെട്ടു വയസ്സുവരുന്ന ഒരു പെണ്ണുവന്നു വസ്ത്രങ്ങൾ ഊരി ദൂരെയെറിഞ്ഞു നൃത്തം തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ഒരു യുവാവുമെത്തി. രണ്ടു പേരും ലൈംഗികവേഴ്ചയുടെ ചലനങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ ഞാൻ പിറകോട്ടു തിരിഞ്ഞു നോക്കി. തിരിഞ്ഞുനോക്കരുതെന്നു് കവിയുടെ താക്കീതു്. എങ്കിലും നോക്കിപ്പോയി. അപ്പോഴുണ്ടു് തൊട്ടുപിറകിൽ എന്നെ ബഹുമാനിക്കുന്ന ഒരു ശിഷ്യൻ എന്നെ തുറിച്ചുനോക്കുന്നു ‘ഇയാളാണോ മാന്യനായ അദ്ധ്യാപകൻ?’ എന്ന മട്ടിൽ. ഞാൻ തലയിൽ കൈലേസ് എടുത്തിട്ടു് വെളിയിൽ ചാടി.
കൊച്ചുകുട്ടിയായിരുന്ന കാലം. തിരവനന്തപുരത്തെ ആദ്യത്തെ എക്സിബിഷൻ ഇന്നത്തെ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടക്കുന്നയാണു്. ഒരുദിവസം അവിടെ ഡാൻസുണ്ടെന്നറിഞ്ഞു് അതു കാണാൻ പോകണമെന്നു പറഞ്ഞു ഞാൻ വീട്ടിൽ ബഹളംകൂട്ടി. അച്ഛൻ ശാസിച്ചു: “പെണ്ണു തുണിയില്ലാതെ നൃത്തം ചെയ്യുന്നതു കാണണോ? നിന്റെ തുടയിലെ തൊലി ഞാൻ ഉരിച്ചെടുക്കും.” ചെറുക്കനെ വെളിയിൽ അന്നത്തെ ദിവസം അയയ്ക്കരുതെന്നു് അമ്മയോടു ആജ്ഞാപിച്ചിട്ടു് അച്ഛൻ തക്കലയ്ക്കുപോയി. അച്ഛൻ പോയല്ലോ എന്നു് വിചാരിച്ചു് ആഹ്ലാദിച്ചുകൊണ്ടു് ഞാൻ മോഷ്ടിച്ച ചക്രവുമായി നൃത്തം നടക്കുന്നിടത്തു ചെന്നു. മുൻവശത്തെ കസേരകളിൽ ഏതൊഴിഞ്ഞിട്ടുണ്ടെന്നു നോക്കിയപ്പോൾ മീശ പിരിച്ചുകൊണ്ടു് ചുവന്ന കണ്ണുകളോടുകൂടി അച്ഛനിരിക്കുന്നു.
ഞാൻ ആലപ്പുഴെ താമസിക്കുന്ന കാലം. എന്റെ വലതു കാലിൽ നീരുവന്നു. മന്തായിരിക്കുമെന്നു കരുതി ഞാൻ പേടിച്ചു. എക്സൈസ് ശിപായിയായിരുന്ന തറയിൽശിവശങ്കരപിളള വിദഗ്ദ്ധനായ ഒരു വൈദ്യനെ കാണിക്കാമെന്നു പറഞ്ഞു് ആര്യാട്ടേക്കു എന്നെ കൂടിക്കൊണ്ടു പോയി. വൈദ്യനെ കണ്ടു. അയാളുടെ രണ്ടു കാലിലും മന്തു്. അതു് പൊട്ടിഒലിക്കുകയും ചെയ്യുന്നു.

ചാല ഇംഗ്ലീഷ് സ്ക്കൂളിൽ ഫോർത്ത് ഫോമിൽ ഞാൻ പഠിക്കുന്ന കാലം. എന്റെ പല്ലു് ലേശം പൊങ്ങി. നെഞ്ചിലിടിയും നിലവിളിയും സഹിക്കാനാവാതെ അച്ഛൻ എന്നെ ജനറലാശുപത്രിയിൽ കൂട്ടിക്കൊണ്ടു പോയി. ഡെന്റിസ്റ്റിന്റെ മുറിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ പല്ലുകൾ മാത്രമല്ല, ഊനും വെളിയിലായിരുന്നു. രസാവഹങ്ങളാണു് ഈ സംഭവങ്ങൾ. ഇവയൊക്കെ ഈ വയസ്സുകാലത്തു് ഓർമ്മിച്ചതു് ‘വിമൻസ് മാഗസി’നിൽ രമാദേവി വെള്ളിമന എഴുതിയ ഒരു കഥ വായിച്ചതിനാലാണു്. തുമ്മൽ നിന്നുകിട്ടാൻ വേണ്ടി ഒരു പ്രകൃതി ചികിത്സക്കാരൻ നിർദ്ദേശിച്ചതു് അനുസരിച്ചു് സരസ്വതീഭായിത്തങ്കച്ചി മാംസാഹാരം വർജ്ജിച്ചു. അവർ ഒരു പാർട്ടിക്കു ചെന്നപ്പോൾ ആ വൈദ്യൻ തന്നെ കോഴിക്കാൽ കടിച്ചുപറിക്കുന്നു. വൈരുദ്ധ്യമുണ്ടെങ്കിലും ഹാസ്യമല്ല. ഉമിക്കിരി ചവച്ച പ്രതീതിയാണു് കഥ വായിക്കുമ്പോൾ. ആയുസ്സു നീട്ടിക്കിട്ടാൻ വേണ്ടിയുള്ള ഒരു ഔഷധം കണ്ടുപിടിക്കാൻ ചില ചൈനാക്കാർ ശ്രമിക്കുന്ന വേളയിലാണു് അവർ ആയുസ്സു് ഇല്ലാതെയാക്കുന്ന വെടിമരുന്നു കണ്ടുപിടിച്ചത്. ഹാസ്യം മനുഷ്യായുസ്സു് വർദ്ധിപ്പിക്കും. രമാദേവി വെള്ളിമന ഹാസ്യകഥ രചിച്ചതു് മനുഷ്യന്റെ ആയുസ്സു കറയ്ക്കുന്നു.
ഒരിഞ്ചുകനത്തിൽ പൊടിപറ്റിയിരിക്കുന്ന കണ്ണാടിയിൽ വിരലുംകൊണ്ടു് എന്തും എഴുതാം. തെളിഞ്ഞുവരും അക്ഷരങ്ങൾ. പൊടി കട്ടിയായി അടിഞ്ഞുകൂടിയ സമുദായത്തിന്റെ സ്ഫടിക ഫലകത്തിൽ എ. പി. ഐ. സാദിഖ് എഴുതിയ അക്ഷരങ്ങൾ തെളിഞ്ഞുകാണുന്നു. ഞാനതു വായിക്കുകയും ലേശമൊന്നു ഞെട്ടുകയും ചെയ്തു. ഞാൻ ലക്ഷ്യമാക്കുന്നതു് ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ ‘ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ’ എന്ന ശക്തിയാർന്ന ചെറുകഥയെയാണു്. ഗൃഹനായകൻ കുഷ്ഠരോഗിയായപ്പോൾ ഭവനത്തിൽനിന്നുപോകാൻ നിർബ്ബദ്ധനായി. കുഞ്ഞുങ്ങൾ അയാളെ വെറുത്തു. ഭാര്യ വെറുത്തു. സമുദായം വെറുത്തു. എങ്കിലും ഒരു വേശ്യയ്ക്ക് അയാളോടു കാരുണ്യം. അവൾ അയാൾക്കു് ഭക്ഷണം കൊടുക്കുന്നു. പുതയ്ക്കാൻ കമ്പിളിപ്പുതപ്പുകൊടുക്കുന്നു. രോഗം തുടങ്ങുമ്പോൾത്തന്നെ ചികിത്സയാകാം. പക്ഷേ, പണമില്ല. അതിനു ഹേതു നിന്ദ്യമായ സമുദായഘടനതന്നെ. വേശ്യകളെ സൃഷ്ടിക്കുന്നതും ആ ഘടനയത്രേ. രോഗത്തോടു വേശ്യാത്വത്തിനു സഹതാപമുണ്ടാകുന്നതു സ്വാഭാവികം. പ്രചാരണത്തിന്റെ ചുവന്ന കൊടി പൊക്കിക്കാണിക്കാതെ മനുഷ്യനെ വികാരത്തിന്റെ മണ്ഡലത്തിലേക്കും ചിന്തയുടെ മണ്ഡലത്തിലേക്കും നയിക്കുന്നു ഇക്കഥ. ഇതു് ഒരു ചോദ്യ ചിഹ്നമാണു്; അതേസമയം ഒരു ആശ്ചര്യചിഹ്നവും.
വർഷങ്ങൾക്കുമുൻപു്, കെട്ടുവള്ളത്തിൽ വെമ്പനാട്ടു കായലിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാൻ. നേരം വെളുത്തു വരുന്നതേയുള്ളൂ. അങ്ങു് ദൂരെ, ചക്രവാളത്തിൽ കായലും ആകാശവും ഒരുമിച്ചു് ചേരുന്നു. രണ്ടിനും ഒരേ നിറം. കായലേതു് അന്തരീക്ഷമേതു് എന്നു് തിരിച്ചറിയാൻ വയ്യ. കലയേതു്, പ്രചാരണമേതു് എന്നു തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയുണ്ടാകണം.
- അവതാരിക:
- ഒരിക്കലും വിശ്വസിക്കാൻ പാടില്ലാത്ത രചന. ചന്ദ്രനു കളങ്കമെന്നപോലെ, സുന്ദരിക്കു ചാരിത്രദോഷമെന്നപോലെ, റോസാപ്പൂവിനു മുള്ളെന്നപോലെ, താമരയ്ക്കു പങ്കമെന്നപോലെ, അവതാരികയ്ക്കു അത്യുക്തി.
- ഭാര്യ:
- എപ്പോഴും അന്യന്റേതു് ആയിരിക്കുമ്പോൾ ആദരണീയയും സ്വീകരണീയയും. സ്വന്തമായിരിക്കുമ്പോൾ ‘മാറി വല്ലയിടത്തും ചെന്നു കിടക്കെടീ’ എന്നു ആജ്ഞാപിക്കപ്പെടേണ്ടവൾ.
- അച്ചടിത്തെറ്റുകൾ:
- നമ്മുടെ വാരികകൾക്കു് ഒഴിച്ചുകൂടാൻ പാടില്ലാത്തവ. (‘വിശ്വാസ രാഹിത്യമാണു് ഇന്നത്തെ ജീർണ്ണതയ്ക്കു ഹേതു’ എന്നു ഞാനെഴുതിയ വാക്യം ഒരു പത്രത്തിൽ അച്ചടിച്ചുവന്നപ്പോൾ ‘വിശ്വസാഹിത്യമാണു് ഇന്നത്തെ ജീർണ്ണതയ്ക്കു ഹേതു’ എന്നായി. അതിന്റെ പേരിൽ ഏറെ തെറിക്കത്തുകൾ കിട്ടി.)
- ഭാവാത്മകത്വം:
- ചങ്ങമ്പുഴയുടെ മരണത്തോടുകൂടി ഇല്ലാതായ ഒരു കാവ്യഗുണം, ഇന്നു് ഗദ്യാത്മകത്വമേയുള്ളു.

നിത്യജീവിത യാഥാർത്ഥ്യത്തെ ഉച്ചീകരിക്കുമ്പോഴാണു് കലയുടെ ആവിർഭാവം. എവിടെ ആ സബ്ളിമേഷൻ ഇല്ലയോ അതു് ജേർണ്ണലിസമാണു്. അടുത്ത വീട്ടിലെ കൊലപാതകം ഭയജനകമാണു്. ആ നിന്ദ്യസംഭവത്തെ സബ്ളിമേറ്റ് ചെയ്തു് പുനഃസംവിധാനം ചെയ്യുമ്പോൾ കലയായിക്കഴിഞ്ഞു. കല രസാസ്പദമത്രേ. അതിനാൽ ഒഥല്ലോ സഹധർമ്മിണിയെ കൊല്ലുന്ന രംഗം നമുക്കു വീണ്ടും വീണ്ടും കാണാം. മർക്കൂസി ന്റെ (Marcuse) ഒരാശയം കടംവാങ്ങിപ്പറയാം. അടുത്ത വീട്ടിലെ തരുണി മരിച്ചുകഴിഞ്ഞു. ഒഥല്ലോയുടെ ഭാര്യ മരിച്ചുകൊണ്ടിരിക്കുന്നതേയുള്ളു.
ഒരു നിത്യജീവിതസംഭവത്തെ ആകർഷകമായി ആലേഖനം ചെയ്യുന്ന ഗൗതമൻ. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മുഖം എന്ന കഥ). ശിഥിലജീവിതം കൊണ്ടു് കടക്കാരനായ ഒരുത്തൻ കഥ പറയുന്ന ആളിന്റെ സൈക്കിൾ കടം വാങ്ങുന്നു. അയാൾ പണം കൊടുക്കാനുള്ള ആൾ ആ സൈക്കിൾ പിടിച്ചെടുക്കുന്നു. ഉടമസ്ഥൻ സൈക്കിൾ ആവശ്യപ്പെട്ടപ്പോൾ ഭാര്യ സ്വർണ്ണമാല ഊരി കൊടുക്കുന്നു. കാരുണ്യമുള്ള ഉടമസ്ഥൻ അതു വാങ്ങുന്നില്ല. അവളുടെ മരണത്തിനുശേഷവും അവളുടെ മുഖം അയാളെ ‘ഹോൺട്’ ചെയ്യുന്നു. ആഖ്യാനത്തിന്റെ ഇക്കഥ അവസാനംവരെയുെം വായിക്കും. പക്ഷേ, പാരായണയോഗ്യതമാത്രം പോരല്ലോ കഥയ്ക്കു്. വിക്രമാദിത്യൻ കഥയും മദനകാമരാജൻകഥയും ആരും രസംപിടിച്ചു വായിക്കും. വേണ്ടതു് പുതിയ മാനങ്ങളാണു്. അർത്ഥാന്തരങ്ങളാണു്. അതു് ഗൗതമന്റെ കഥയിൽ ഒട്ടുമില്ല. കല സത്യമാകുന്നതു് അതിന്റെ പ്രതിപാദ്യ വിഷയത്തിന്റെ സത്യാത്മകതയാലല്ല. നമ്മുടെ ജിവിതാവബോധത്തെ കല തീക്ഷ്ണതയിലേക്കു കൊണ്ടുചെല്ലുമ്പോഴാണു്.
സ്പാനിഷ് യുവതികളുടെ കാലുകൾ മനോഹരങ്ങളാണുപോലും. ഫ്രാൻസിലെ മുന്തിരിച്ചാറും ഇറ്റലിയിലെ പാട്ടും ആസ്വാദിച്ചാലും ആസ്വാദിച്ചാലും മതിയാവുകയില്ലത്രേ. റഷ്യയുടെ നോവൽ. ഇംഗ്ലണ്ടിന്റെ കവിത, ജർമ്മനിയുടെ ചെറുകഥ, ഗ്രീസിന്റെ ചരിത്ര നോവലുകൾ ഇവയെല്ലാം ഉത്കൃഷ്ടങ്ങളാണു്. കേരളത്തെസംബന്ധിച്ചു് എന്തു പറയാം? എന്തു പറയാമെന്നു് ആലോചിച്ചുനോക്കൂ പ്രിയപ്പെട്ട വായനക്കാരേ.

ഒരിക്കൽ പത്തനംതിട്ടയ്ക്കു് അടുത്തുള്ള ഒരു സ്ഥലത്തു് സമ്മേളനത്തിനു പോയി ഞാനും കൂട്ടുകാരും. കൂട്ടുകാരുടെ കൂട്ടത്തിൽ ആൾ ഇന്ത്യ റേഡിയോയിലെ ഒരുദ്യോഗസ്ഥനുമുണ്ടായിരുന്നു. (അദ്ദേഹം ഇന്നില്ല). മീറ്റിങ് കഴിഞ്ഞു് ഊണു്. ഇലയുടെ അരികിൽ സ്ഫടിക ഗ്ലാസ്സിൽ വെളളം. അതിന്റെ മഞ്ഞനിറം കണ്ടു് ‘എന്തുവെളളം?’ എന്നു ഞാൻ ചോദിച്ചപ്പോൾ ‘ജീരകവെളളം’ എന്നു മറുപടി കിട്ടി. പ്രസംഗത്താൽ തൊണ്ട വരണ്ടിരുന്നതുകൊണ്ടു് ഞാൻ വെളളമെടുത്തു കുടിച്ചു. പകുതിയും ഉള്ളിൽപ്പോയി. തൊണ്ടനീറുന്ന അനുഭവം. അപ്പോഴാണു് ഞാനറിഞ്ഞതു് അതു പട്ടച്ചാരായമായിരുന്നുവെന്നു്. റേഡിയോ ഉദ്യോഗസ്ഥൻ ശരിക്കും ‘ജീരകവെളളം’ കുടിച്ചു. വീണ്ടും വീണ്ടും വാങ്ങിച്ചുകുടിച്ചു. ഞാൻ ശണ്ഠകൂടാൻ പോയില്ല. പ്രസംഗിക്കാനെത്തിയവരെല്ലാം കുടിയന്മാരായിക്കുമെന്നു് സംഘാടകർ കരുതി. അവർ ഗ്ലാസ്സിൽ ചാരായമൊഴിച്ചുവയ്ക്കുകയും ചെയ്തു. അവരെയെന്തിനു കുറ്റപ്പെടുത്തണം? തലകറങ്ങിക്കൊണ്ടു് ഞാൻ കാറിൽ കിടന്നു. മൂന്നുമണിക്കൂർ സഞ്ചരിച്ചു വീട്ടിലെത്തിയിട്ടും തലക്കറക്കവും നാറ്റവും പോയില്ല.
ചില കഥാകാരന്മാർ ഈ സമ്മേളന സംഘാടകരെപ്പോലെയാണു്. പതിനഞ്ചുലക്ഷം പ്രതികളാണു് മംഗളം വാരികയ്ക്കുള്ളതെന്നു് ആരോ പറഞ്ഞു. ശരിയാണോ എന്തോ? എന്തായാലും കഥ അതിൽ അച്ചടിച്ചു വന്നതല്ലേയെന്നു വിചാരിച്ചു് വായിക്കുന്നു. തൊണ്ട പൊള്ളുന്നു. മൗനം അവലംബിച്ചു് തലക്കറക്കത്തോടെ ഇരിക്കുന്നു. ‘മൗനം സുന്ദരം’ എന്ന ചാരായം; പട്ടച്ചാരായം. ഒഴിച്ചുതരുന്നതു് പി. എ. എം. ഹനീഫ്. ഒരു പെണ്ണിന്റെ അവയവവർണ്ണനയാണു് കഥയിലാകെ. ഒടുവിൽ അവൾ ബസ്സിൽ നിന്നിറങ്ങിപ്പോകുമ്പോൾ കഥ അവസാനിക്കുന്നു. ക്ലീഷേകൊണ്ടുള്ള വർണ്ണന. അസഹനീയമാണതു്. ഒരു പോയിന്റുമില്ലാത്ത കഥ. അതും അസഹനീയം. ഈ പട്ടച്ചാരായവില്പം എന്നവസാനിക്കും?
സങ്കീർണ്ണത ആവഹിക്കുന്ന വികാരത്തെ നേർപ്പിച്ചു കൊണ്ടുവന്നു് തീക്ഷണതയുള്ള ഒറ്റ വികാരമാക്കി മാറ്റുമ്പോഴാണു് ഭാവാത്മകത്വം—ലിറിസിസം—എന്ന ഗുണമുണ്ടുാകുന്നതു്. ആ യത്നത്തിൽ ഏതാണ്ടു് വിജയം പ്രാപിച്ച ശില്പി ശങ്കർ എന്നു് ആ പെൺകുട്ടിയുടെ ‘ഓണത്തിന്റെ ഓർമ്മയിൽ’ എന്ന കാവ്യം തെളിയിക്കുന്നു. (ഗൃഹലക്ഷ്മി) ദൂരദേശത്തിരിക്കുന്ന അച്ഛൻ ഓണക്കാലത്തു് മകളെ വിചാരിച്ചു് ദുഃഖിക്കുന്ന മട്ടിൽ എഴുതിയ ഈ കാവ്യം എന്നെ ചലനം കൊള്ളിച്ചു. ക്ലേശം കൂടാതെ കവിതയെഴുതുന്ന ഈ പെൺകുട്ടി നിരന്തരമായ പാരായണം കൊണ്ടും അഭ്യാസം കൊണ്ടും വാസനയെ പരിപോഷിപ്പിക്കുമെന്നാണു് എന്റെ സങ്കല്പം.

പ്രിയപ്പെട്ട വായനക്കാരാ, ചാരിത്രത്തിന്റെ മണിപീഠത്തിൽ വീനസിനെപ്പോലെ നിൽക്കുന്ന പ്രിയതമയെ നിങ്ങൾ കണ്ടിട്ടില്ലേ? വീനസാണെങ്കിലും അവൾ വസ്ത്രാലങ്കാരങ്ങളുള്ളവളാണു്. ആ അലങ്കാരമോരോന്നും അഴിച്ചുവെച്ചു്, ആ വസ്ത്രമോരോന്നും അനാവരണം ചെയ്തു് അവളുടെ പൊന്മേനി കാണാൻ നിങ്ങൾ കൊതിച്ചിട്ടില്ലേ? ആ അഭിലാഷം എത്രയെത്ര തവണയാണു് നിങ്ങൾ സാക്ഷാത്കരിച്ചതു്! ലജ്ജ നിങ്ങളുടെ കൈ തടുത്തിരിക്കും. പരിഭവ വചനങ്ങൾ നിങ്ങൾക്കു തടസ്സംസൃഷ്ടിച്ചിരിക്കും. അവയെല്ലാം വേണ്ടതാണു്. നാണമില്ലാതെ, പരിഭവപദങ്ങളില്ലാതെ പൊടുന്നനവേ വിധേയയാകുന്ന കാമുകിയെയല്ല വ്രീളാനമ്രമുഖിയായി ഗ്രീക്ക് പ്രതിമപോലെ ജനനകാല വേഷത്തിൽ നില്ക്കുമ്പോൾ അവൾ കളങ്കമില്ലാത്ത ചന്ദ്രനാണു്, ശ്യാമരേഖയില്ലാത്ത വാരിദശകുലമാണു്, നേർത്ത മിന്നില്പിണരാണു്, ഇളംനീലമാർന്ന തിരയാണു്, വെണ്മയാർന്ന പിച്ചിപ്പൂവാണു്. ആ അനാവരണ പ്രക്രിയയ്ക്കു് അവൾ കൊതിപൂണ്ടിരുന്നവളാണു്. സ്ത്രീയുടെ ഈ നിഗൂഢാഭിലാഷത്തെ വാക്കുകളിലൂടെ ആവിഷ്കരിക്കാനാണു് മുഹമ്മദ് റോഷന്റെ അഭിലാഷം. (കാണാക്കിനാവുകൾ എന്ന കഥ—എക്സ്പ്രസ്സ് വാരികയിൽ) പക്ഷേ, അഭിലാഷം യാചകന്റെ കുതിരസ്സവാരിക്കുള്ള ആഗ്രഹമെന്നകണക്കേ വിഫലമായി ഭവിക്കുന്നു. സൗന്ദര്യം അനാവരണം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ടെലിഫോൺ ബല്ലടിച്ചാൽ, വാതിലിൽ തട്ടുകേട്ടാൽ ആ ‘ഇൻട്രൂഷനെ’ നിങ്ങൾ ശപിക്കില്ലേ? ക്ലിഷേയുടെ മണിനാദവും കലാപരമായ ആവശ്യകതയ്ക്ക് അതീതമായുള്ള നിർഘോഷവും ഇവിടെ ഇൻട്രൂഡ് ചെയ്യുന്നു.
“ഒരു കൈയിൽ സദാചാരവും മറ്റേക്കൈയിൽ കലയും വച്ചുകൊണ്ടു് ഈശ്വരൻ എന്നോടു് ഏതു വേണമെന്നു ചോദിച്ചാൽ കല മതി എന്നു ഞാൻ ഉത്തരം നല്കും.” എന്നു പറഞ്ഞതു വള്ളത്തോളാണു്. ഇതു് ഓർമ്മയിൽ നില്ക്കുന്നതുകൊണ്ടു് ഇതിനോടു് അടുത്ത ഒരു ചോദ്യം ഈശ്വരൻ എന്നോടു ചോദിക്കുന്നതായി ഞാൻ സങ്കല്പിക്കട്ടെ. ഈശ്വരൻ: “എന്റെ കൈയിൽ ഒരു പ്ലേഗ്, കുഷ്ഠം ഇവ ഇരിക്കുന്നു. മറ്റേക്കൈയിൽ ജെ. വത്സലാദേവി മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘നിന്നെ ഓർത്തു് നിന്നെയും കാത്തു്’ എന്ന ചെറുകഥയിരിക്കുന്നു. ഏതെങ്കിലും ഒരു കൈയിലിരിക്കുന്നതു് നീ സ്വീകരിച്ചേ തീരൂ. ഏതുവേണം?” ഞാൻ: “പ്ലേഗും കുഷ്ഠവും ഞാൻ സ്വീകരിച്ചുകൊള്ളാം ഭഗവാനേ. കഥ അടിച്ചേല്പിക്കരുതേ. അതു കഥയല്ല. ഉണക്ക ഉപന്യാസമാണേ.”
സർണ്ണാഭരണങ്ങൾ കുറഞ്ഞിരിക്കുമ്പോഴാണു് സ്ത്രീക്കു ഭംഗിവരുന്നതു്. ഈ പരമാർത്ഥം പലർക്കുമറിഞ്ഞുകൂടാ. അവരൊക്കെ ആഭരണക്കടകളായി നടക്കുന്നതു കാണാം വിശേഷിച്ചും തെക്കൻ തിരുവിതാംകൂറിലുള്ളവർ. കാതിൽത്തന്നെ ഏതാണ്ടു് രണ്ടു കിലോ സർണ്ണം കാണും. കഴുത്തിലെക്കാര്യം പിന്നെ പറയാനുമില്ല. ചെറുകഥകളെസംബന്ധിച്ചും ഇതുതന്നെയാണു് എഴുതാനുള്ളതു്. അലങ്കാരബാഹുല്യമെവിടെയുണ്ടോ അവിടെ ഭാവമില്ല. ഭാവമില്ലാത്തിടത്തു് ഹൃദയസംവാദം നടക്കില്ല. ഇരുമ്പയം കുര്യാക്കോസ് മാമാങ്കം വാരികയിലെഴുതിയ ‘അഭിശപ്തന്റെ മാളം’ എന്ന കഥ നോക്കു. ‘വാക്യത്ഡം കൃതി’യിൽ അഭിരമിക്കുന്ന കഥാകാരൻ എന്താണു് ലക്ഷ്യമാക്കിയതെന്നു് വ്യക്തമല്ല. പലതവണ മുങ്ങിത്തപ്പിയാൽ ആലംബഹീനനായ ഒരുത്തൻ ദുഃഖനിവേദനം നടത്തുകയാണെന്ന ആശയം കിട്ടിയെന്നു വരാം. കിട്ടിയില്ലെന്നും വരാം. മുഖത്തെ ചുളിവുകൾ മറയ്ക്കാനായി വൃദ്ധൻ ക്രീം തേക്കുന്നതുപോലെ, നര മറയ്ക്കാനായി ഡൈ പുരട്ടുന്നതുപോലെ ഭാവരിക്തതയെ ഒളിക്കാനായി വാക്കുകൾ എടുത്തിടുന്നു ഇരുമ്പയം കുര്യാക്കോസ്. ഇതു സാഹിത്യമാകണമെങ്കിൽ സാഹിത്യത്തിനു് അഭിജ്ഞന്മാർ നൽകിയ നിർവ്വചനം റബ്ബറെന്നപോലെ വലിച്ചു നീട്ടണം.
പതിനഞ്ചാം ശതാബ്ദത്തിലോ പതിനാറാം ശതാബ്ദത്തിലോ ജീവിച്ചിരുന്ന ഫ്ളേമിഷ് ചിത്രകാരനാണു് ഹീറോണിമസ് ബൊസ് (Hieronymus Bosch) പൊക്കം കുറഞ്ഞ ഒരുത്തൻ ഒരു പൂച്ചെണ്ടെടുത്തു് പൊക്കം കൂടിയവന്റെ അന്നനാളത്തിന്റെ മറ്റേയറ്റം വഴി തളളിക്കയറ്റുന്ന ചിത്രം ബൊസ് വരച്ചിട്ടുണ്ടു്. ചെറുകഥ പൂച്ചെണ്ടാണു്. നമ്മുടെ ചില കഥാകാരന്മാർ പൊക്കം കുറഞ്ഞവരാണു്.
മരണത്തെ കാണാതിരിക്കാൻ വേണ്ടിയാണു് നമ്മൾ ഓരോ പ്രവർത്തനത്തിലും ഏർപ്പെടുന്നതെന്നു് ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു പറഞ്ഞു. അങ്ങനെയുള്ള പ്രവൃത്തിയിൽ മുഴുകിയിരുന്നാലും മരണം വരും. വന്നുകഴിയുമ്പോൾ ദുഃഖിക്കുന്നതു ജീവിച്ചിരിക്കുന്ന ബന്ധുക്കളും മിത്രങ്ങളുമാണു്. മധുര കാമരാജ് സർവ്വകലാശാല യിലെ മലയാള വിഭാഗത്തിന്റെ അദ്ധ്യക്ഷനായ ഡോക്ടർ സി. ജെ. റോയ് ദുഃഖിക്കുന്നു. (കലാകൗമുദി. എന്റെ പെങ്ങൾ വന്നില്ല), അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു വീണ കനിഷ്ക വിമാനത്തിലെ യാത്രക്കാരനായിരുന്നു അദ്ദേഹത്തിന്റെ സഹോദരി അന്നമ്മ അലക്സാണ്ടറും അവരുടെ ഭർത്താവും കുട്ടികളും. സഹോദരിയെയും കുടുംബത്തെയും സ്വീകരിക്കാനായി ഡോക്ടർ റോയ് മദ്രാസിലെത്തി. അദ്ദേഹത്തിനു് അവരെ സ്വീകരിക്കാൻ കഴിഞ്ഞില്ല. ഈ സംഭവത്തെക്കുറിച്ചുള്ള വർണ്ണന ഹൃദയത്തെ പിടിച്ചു കുലുക്കുന്നു. നമ്മുടെയും മിഴികൾ നനയുന്നു. റോയിയുടെ സഹോദരി നമ്മുടെയും സഹോദരിയായി മാറുന്നു. അവരുടെ ഭർത്താവും കുട്ടികളും നമ്മുടെ ബന്ധുക്കൾതന്നെ. അഭിവന്ദ്യമിത്രമേ, റോയ്, താങ്കൾ ഒറ്റയ്ക്കിരുന്നല്ല ദുഃഖിക്കുന്നതു്. ഞങ്ങളും നിങ്ങളുടെകൂടെയുണ്ടു്. സമാശ്വസിക്കുക.

യുറാഗ്വേയിലെ കഥാകാരനായ ഒറാസ്യോ കീറോഗാ (Horacio Quiroga) എഴുതിയ ഒരു ചെറുകഥയിൽ ബസ്സിൽ സഞ്ചരിക്കുന്ന പെൺകുട്ടിയുടെ കാലിൽ തൊടാൻവേണ്ടി അടുത്തുനില്ക്കുന്ന പുരുഷന്റെ കാലു നീങ്ങുന്നതു്. വർണ്ണിച്ചിട്ടുണ്ടു് സുന്ദരമായി. പക്ഷേ, പുരുഷന്റെ കാലു് എത്തേണ്ടിതത്തു് എത്തുമ്പോൾ അവിടെ പെണ്ണിന്റെ കാലു് ഇല്ല. അവൾ അടുത്തുനില്ക്കുന്നവന്റെ ലക്ഷ്യം മുൻകൂട്ടിക്കണ്ടു് തന്റെ കാലു് നീക്കിക്കളയുന്നു. ഇഷ്ടമില്ല ആ സ്പർശം എന്നതു് സ്പഷ്ടം. നേരേമറിച്ചു് ഇഷ്ടമുണ്ടേങ്കിലോ? പെണ്ണിന്റെ കാലായിരിക്കും ആദ്യം ചെന്നു് പുരുഷന്റെ കാലിൽ തൊടുക. സ്പർശം പലപ്പോഴും സെക്സിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഡി. എച്ച്. ലോറൻസി ന്റെ രണ്ടു ചെറുകഥകൾ സ്പർശത്തെക്കുറിച്ചുള്ളതാണു്. (ഒന്നിന്റെ പേരു് You Touched Me. മറ്റേക്കഥയുടെ പേരു് ഓർമ്മയില്ല.) സ്പർശനസന്ദർഭത്തിൽ “സ്ത്രീയുടെ കരത്തിന്റെ മാദകമധുരിമ” അനുഭവിക്കുന്നതിനെ മഹാകവി ശങ്കരക്കുറുപ്പും വർണ്ണിച്ചിട്ടുണ്ടു്. സെക്‍ഷ്വൽ അല്ലാത്ത സ്പർശമുണ്ടു്. കരയുന്ന കുഞ്ഞിനെ കൈയിലെടുക്കുക. കരച്ചിൽ നില്ക്കും. ദുഃഖിക്കുന്നവനെ തലോടു. അയാളുടെ ദുഃഖം കുറയും. സ്പർശത്തെ നർമ്മമധുരമായി കാണുന്നു യേശുദാസൻ (ഹാസ്യ ചിത്രകാരൻ). കൈപിടിച്ചു കുലുക്കുമ്പോഴുളള സ്പർശസുഖവും സ്പർശദുഃഖവുമാണു് അദ്ദേഹത്തിന്റെ പ്രതിപാദനത്തിനു വിഷയമാകുന്നതു് (തരംഗിണി വാരിക). യേശുദാസൻ എന്തെഴുതിയാലും ഹാസ്യത്തിന്റെ തിളക്കമുണ്ടാകും. അതു് ഇതിലുണ്ടു്.
കാളിദാസൻ പാർവ്വതിയെ പ്രശംസിക്കുന്നതുപോലെ, ചന്തുമേനോൻ ഇന്ദുലേഖ യെ വാഴ്ത്തുന്നതുപോലെ, കാമുകൻ കാമുകിയുടെ അംഗലാവണ്യത്തെ സ്തുതിക്കുന്നതുപോലെ സാഹിത്യരചനകളെ എനിക്കും വാഴ്ത്തിയാൽ കൊള്ളാമെന്നുണ്ടു്. പക്ഷേ, ഞാൻ നോക്കുമ്പോൾ പാർവ്വതിയില്ല, ഇന്ദുലേഖയില്ല, കാമുകിയില്ല.