സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-09-01-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/Goldenshowertreebloom.jpg

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ തെക്കേ ഗെയ്റ്റിനടുത്തു് ഒരു കണിക്കൊന്നമരം നില്ക്കുന്നുണ്ടു്. വിഷുദിനം അടുക്കുമ്പോൾ അതങ്ങു പൂക്കും. മഞ്ഞപ്പൂക്കളല്ലാതെ ഒരിലപോലും അതിൽ കാണുകില്ല. ആ സൗന്ദര്യത്തിന്റെ മഹാദ്ഭുതം വർണ്ണിക്കാൻ എന്നെക്കൊണ്ടാവില്ല. വാല്മീകി ക്കോ കാളിദാസനോ അതിനു കഴിഞ്ഞെന്നു വരും. ഓരോ വർഷവും വിഷുദിനത്തോടു് അടുപ്പിച്ചു് ഞാൻ അതിന്റെ മുൻപിൽച്ചെന്നു നില്ക്കാറുണ്ടു്. അപ്പോഴൊക്കെ എനിക്കു് എന്തെന്നില്ലാത്ത ആഹ്ലാദമാണു്; ആഹ്ലാദപാരവശ്യമാണു്. “വർഷത്തിൽ മുന്നൂറ്ററുപതു ദിവസവും നിങ്ങൾ എന്നെ അവഗണിച്ചു. എന്നാൽ അതിനു ഞാൻ പ്രതികാരം ചെയ്യുന്നതു് നിങ്ങളെ കോരിത്തരിപ്പിച്ചാണു്” എന്നു പറഞ്ഞുകൊണ്ടു വൃക്ഷം അതിന്റെ ആന്തരചൈതന്യം മുഴുവൻ സ്വർണ്ണപുഷ്പങ്ങളായി ആവിഷ്കരിക്കുകയാണു്. പക്ഷേ, മനുഷ്യൻ അപ്പോഴും കൃതഘ്നനാണു്. അവൻ അതിനെ പൂജിക്കാതെ അതിന്റെ പൂക്കൾ തല്ലിക്കൊഴിക്കുന്നു. വിഷുദിനത്തിൽ ചെന്നു നോക്കിയാൽ പൂക്കളെല്ലാം നഷ്ടപ്പെട്ടു് അതു വെറും തടിയായി, കമ്പായി നില്ക്കുന്നതു കാണാം. കണിക്കൊന്നയ്ക്കു പ്രതികാരവാഞ്ഛയില്ല. അടുത്തവർഷം അതേ മാസത്തിൽ അതു് സൗവർണ്ണകാന്തി പ്രസരിപ്പിക്കും. പ്രകൃതിയും മനുഷ്യനും വിഭിന്നരല്ല. വൃക്ഷവും മനുഷ്യനും ഒന്നുതന്നെ. മരം സ്വർണ്ണപ്പൂക്കളായി അതിന്റെ ആന്തര സമ്പത്തിനെ വാരിയെറിയുന്നതുപോലെ മനുഷ്യൻ തന്റെ ആന്തര ചൈതന്യത്തെ ഉചിതയായി ആവിഷ്കരിക്കുന്നു. വൃത്തികെട്ട മനുഷ്യൻ അതിനെയും തല്ലിചതയ്ക്കുന്നു. ടാഗോർ കവിയല്ല, ഷേക്സ്പിയർ നാടക കർത്താവല്ല. എഴുത്തച്ഛൻ തർജ്ജമക്കാരനാണു്, ജി. ശങ്കരക്കുറുപ്പു് കവിയല്ല എന്നൊക്കെ പറയുന്ന മനുഷ്യൻ കണിക്കൊന്നയുടെ പൂക്കൾ തല്ലിവീഴ്ത്തുന്ന മനുഷ്യനെപ്പോലെയാണു്. എല്ലാ വൃക്ഷങ്ങൾക്കും അവയുടെ ചൈതന്യത്തെ പൂക്കളായി സ്ഫുടീകരിക്കാനാവില്ല. എല്ലാ മനുഷ്യർക്കും കാളിദാസനെപ്പോലെ, ടാഗോറിനെപ്പോലെ കവിത രചിക്കാൻ കഴിയുകയില്ല. വൃക്ഷത്തെ ഉപദ്രവിക്കാതിരിക്കു; കവിയെ ഉപദ്രവിക്കാതിരിക്കൂ.

സെക്സും ഗന്ധവും

“മഞ്ഞക്കണിക്കൊന്ന പൂത്തപോലെ”യുള്ള ഒരു പെൺകുട്ടിയുടെ മനസ്സിൽ ജമന്തിപ്പൂവിന്റെ സുഗന്ധത്താൽ രാഗമങ്കുരിച്ചതെങ്ങനെയെന്നു് പെരുന്ന എൻ. ആർ. കഥയുടെ രൂപത്തിൽ വിശദമാക്കുന്നു. (കുങ്കുമം—ജമന്തിപ്പൂവിന്റെ ഗന്ധം) ജയപ്രിയയാണു് പെൺകുട്ടി. അവൾ യഥാർത്ഥത്തിൽ ജമന്തിപ്രിയയാണു്. അതുകൊണ്ടാവണം ജമന്തി പൂവിന്റെ മണം പ്രസരിപ്പിക്കുന്ന ഒരാളെക്കണ്ടു് അവൾ ചലനം കൊള്ളുന്നതു്. എന്നാൽ അയാൾ “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നെഴുതിക്കൊടുത്തപ്പോൾ എല്ലാ പെൺകുട്ടികളെപ്പോലെയും അവളും ഞെട്ടി. ഞെട്ടൽ വെറുപ്പിന്റെ ഫലമോ? അല്ല. ഉദ്യാനത്തിൽ വിടരുന്ന ഒരു ജമന്തിപ്പൂവിനെ അവൾ കൗതുകത്തോടെ നോക്കുന്നുണ്ടല്ലോ. പൂവു് വിടരുന്നതുപോലെ അവളുടെ രാഗവും വിടരുന്നു. ‘പൈങ്കിളിയാകാൻ സാദ്ധ്യതയുള്ള കഥയെ കഥാകാരന്റെ ഔചിത്യബോധം സാഹിത്യഗുണമുള്ളതാക്കി മാറ്റിയിരിക്കുന്നു. ഗന്ധവും സെക്സും തമ്മിലുള്ള ബന്ധത്തെയും അദ്ദേഹം പരോക്ഷമായിക്കൊണ്ടുവരുന്നുണ്ടു് ഇതിൽ. ഓരോ വികാരമുണ്ടാകുമ്പോൾ ഓരോ ഗന്ധമാണു് സ്ത്രീയിൽനിന്നു്, പുരുഷനിൽനിന്നു് ഉദ്ഭവിക്കുക. ദേഷ്യപ്പെടുന്ന പുരുഷന്റെയോ സ്ത്രീയുടെയോ ഗന്ധം ആർക്കും ഇഷ്ടപ്പെടില്ല. സ്നേഹത്തിൽ വീണ പുരുഷന്റെ ശരീരത്തിൽ നിന്നു ജമന്തിപ്പൂവിന്റെ ഗന്ധം പുറപ്പെടുമായിരിക്കും. Magica Sexualis എന്ന പുസ്തകത്തിൽ കക്ഷത്തു കൈലേസ് വച്ചുകൊണ്ടു നൃത്തം ചെയ്യുന്ന ഒരുത്തന്റെ രീതി വർണ്ണിച്ചിട്ടുണ്ടു്. ആ കൈലേസ് എടുത്തു് ഏതു സ്ത്രീയുടെ മൂക്കിനടുത്തുവച്ചാലും അവൾ അയാൾക്കു വിധേയയാകുമത്രേ. എന്തെല്ലാം വൈകൃതങ്ങൾ! വൈകൃതങ്ങളാണെങ്കിലും അവയെല്ലാം സത്യാത്മകങ്ങളും ‘സെക്സും ഗന്ധവും’ എന്നൊരു വലിയ ഗ്രന്ഥം തന്നെ എഴുതാം. ഇന്ത്യയിലെ ഒരു ഹാവ്ലക് എലിസ് അതെഴുതുമ്പോൾ ജമന്തി പ്രിയയായ ജയ പ്രിയയെ ആ എഴുത്തുകാരൻ വിട്ടുകളയാതിരിക്കട്ടെ.

images/Lafcadiohearn.jpg
ലഫ്കാഡിയോ ഹേൺ

മനുഷ്യനും മരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞു് നമ്മൾ പുഷ്പഗന്ധത്തിലെത്തി. പുഷ്പത്തിന്റെ മണവും മനുഷ്യന്റെ സെക്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് പര്യാലോചന ചെയ്തു. ഇപ്പോൾ എനിക്കോർമ്മവരുന്നതു് ഒരു ജപ്പാനീസ് കഥയാണു്. ലഫ്കാഡിയോ ഹേൺ എവിടെയോ എഴുതിയതാണതു്. “ജപ്പാനിൽ ഒരിടത്തു് ഒരു ‘വില്ലോ’മരം വളർന്നു നിന്നിരുന്നു. അതു മുറിക്കാൻ ഉടമസ്ഥൻ തീരുമാനിച്ചപ്പോൾ അയൽക്കാരൻ പറഞ്ഞു അയാളതു് പിഴുതെടുത്തു് തന്റെ പാട്ടപ്പുരയിടത്തിൽ നട്ടുകൊള്ളാമെന്നു്. അങ്ങനെ വില്ലോ മരം ഇപ്പുറത്തെ പുരയിടത്തിലായി. മരത്തിനു് ആത്മാവുണ്ടെന്നും അതിനെ മുറിക്കുന്നതു് ക്രൂരതയാണെന്നുമാണു് അയൽക്കാരൻ കരുതിയതു്. വൃക്ഷം പുതിയ സ്ഥലത്തു് തഴച്ചുവളർന്നു. അതിന്റെ ചൈതന്യം സുന്ദരിയായ തരുണിയായി അയാളുടെ മുൻപിലെത്തി. അവൾ അയാളുടെ ഭാര്യയാകുകയും ചെയ്തു. കാലം കഴിഞ്ഞു. അവർക്കു് ഒരാൺകുഞ്ഞു ജനിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പുരയിടത്തിന്റെ ഉടമസ്ഥൻ ആ മരം മുറിക്കാൻ തീരുമാനിച്ചു. (അയൽക്കാരൻ പാട്ടക്കാരൻ മാത്രമായിരുന്നല്ലോ) ആ തീരുമാനം അറിഞ്ഞയുടനെ അയൽക്കാരന്റെ ഭാര്യ “നമ്മുടെ കുഞ്ഞു് നിങ്ങൾക്കു് ആശ്വാസമരുളട്ടെ” എന്നു പറഞ്ഞുകൊണ്ടു വൃക്ഷത്തിൽ ലയിച്ചു. മരം മുറിക്കരുതെന്നു് അയൽക്കാരൻ അഭ്യർത്ഥിച്ചെങ്കിലും ഉടമസ്ഥൻ അതു് ചെവിക്കൊണ്ടില്ല. രാജകല്പനയനുസരിച്ചാണു് താനതു മുറിക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി. ഒരു ബുദ്ധദേവാലയം നിർമ്മിക്കാൻ രാജാവിനു തടി വേണമായിരുന്നു. മരം മുറിച്ചിട്ടു. പക്ഷേ, പെട്ടെന്നു് അതിന്റെ കനം കൂടി. മുന്നൂറുപേർ ഒരുമിച്ചു വലിച്ചിട്ടും അതു് അനങ്ങിയില്ല. അപ്പോൾ ആ കൊച്ചുകുട്ടി അതിന്റെ ഒരു ചില്ലയിൽ പിടിച്ചുകൊണ്ടു് “വരൂ” എന്നു് പറഞ്ഞു. നിലത്തിലൂടെ തെന്നിത്തെന്നി ആ മരം കുട്ടിയെ അനുഗമിച്ചു. അങ്ങനെ കുട്ടി മരവുമായി ബുദ്ധദേവാലയത്തിന്റെ മുറ്റത്തെത്തി.

നാദമല്ല, നക്ഷത്രമാണു്
images/Apuleius3.jpg
അപലീയസ്

തരുണി സ്വർഗ്ഗത്തിൽനിന്നു വന്നവളാകട്ടെ, സമുദ്രത്തിൽനിന്നു് ഉയർന്നവളാകട്ടെ. അവൾക്കു തലമുടിയില്ലെങ്കിൽ സുന്ദരിയേയല്ല എന്നു് The Golden Ass എന്ന പരിഹാസാത്മകമായ ആത്മകഥ എഴുതിയ അപലീയസ് പറയുന്നു. (Lucius Apuleis–2nd Century) നോട്ടംകൊണ്ടു കാമനെ ദഹിപ്പിച്ചു മുക്കണ്ണൻ ആയതലോചന അതേ നോട്ടത്താൽ കാമനു ജീവൻ നല്കിയിട്ടു് ശിവനെ തോല്പിച്ചു. ആ സുന്ദരിയെ വാഴ്ത്തി സംസ്കൃതകവി രാജശേഖരൻ. അവളുടെ കറുകപ്പുല്ലുപോലെ കറുത്ത തലമുടിയെ വീര്യമിത്രൻ എന്ന മറ്റൊരു സംസ്കൃതകവി പ്രശംസിച്ചു. ഫ്രഞ്ച് കവി ബോദലേറിന്റെ സങ്കല്പമനുസരിച്ചു് എല്ലാ സ്മരണകളും അവളുടെ തലമുടിയിൽ ഉണ്ടു്. കൈലേസ് എടുത്തു വീശുന്നതുപോലെ കവിക്കു് ആ തലമുടിയെടുത്തു വീശാനാണു് കൗതുകം. പുരുഷനെ വല്ലാതെ ആകർഷിക്കുന്നതാണു സ്ത്രീയുടെ തലമുടി. കെട്ടിവച്ച തലമുടി അഴിഞ്ഞു് തരംഗങ്ങൾ ഉളവാക്കിക്കൊണ്ടു് താഴോട്ടു വീഴുമ്പോൾ അതു കാണുന്ന പുരുഷനു വികാരപാരവശ്യമുണ്ടാകും. “നീലക്കരിഞ്ചായൽ കെട്ടഴിഞ്ഞൂർന്നിട്ടൊഴുകുന്നതു” കണ്ടു് കവി ജി. ശങ്കരക്കുറുപ്പു് ഹർഷമൂർച്ഛയിലെത്തുന്നതു് നമ്മൾ കാണുന്നു. മറ്റൊരു സന്ദർഭത്തിൽ “കാമുക! മുകരുക, നിന്നെ മൂടുക ഞാനാപ്പൂമുടിച്ചുരുളിന്നു സൗഭാഗ്യമാശംസിപ്പൂ!” എന്നും അദ്ദേഹം പറയുന്നു. “വീണതൻ കടം പോലാം നിതംബം വീണുരുമ്മുന്ന വേണീകദംബം വാരി ഞാനെന്റെ മാറിലാ ലജ്ജാകോരകങ്ങളെ സ്പന്ദിതമാക്കി” എന്നാണു് വൈലോപ്പിള്ളി യുടെ ആഹ്ലാദാതിരേകം കലർന്ന വാക്കുകൾ. തലമുടിക്കു് ഇത്രത്തോളം വശ്യതയുള്ളതുകൊണ്ടു് ഷെറീഫ് നെടുമങ്ങാടിന്റെ നായിക ചാന്ദ്നി മനോഹരമായ തലമുടിയെ പരിലാളിച്ചതിൽ ഒരു തെറ്റുമില്ല. അവൾ മുറച്ചെറുക്കന്റെ പ്രേമാഭ്യർത്ഥനയെ നിരാകരിച്ചപ്പോൾ അവൻ പ്രതികാരനിർവ്വഹണമെന്നമട്ടിൽ അവളുടെ ആ നീണ്ട മുടി മുറിച്ചെടുത്തതിലും തെറ്റില്ല. അലക്സാണ്ടർ പോപ്പി ന്റെ ബലിൻഡ എന്ന നായിക കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോഴാണു് അവളുടെ മുടിച്ചുരുളുകൾ മുറിച്ചെടുത്തതു്. അതു് അന്തരീക്ഷത്തിലേക്കു പറത്തിവിട്ടു. അവിടെ നക്ഷത്രമായി തിളങ്ങുകയും ചെയ്തു. നക്ഷത്രത്തിന്റെ കാര്യം പറഞ്ഞപ്പോൾ ബ്രൗണിങ്ങി ന്റെ ഒരു പ്രയോഗം ഓർമ്മയിലെത്തുന്നു. വോഗ്ലർ എന്ന ക്രൈസ്തവ പുരോഹിതനെക്കുറിച്ചുള്ള ഒരു കാവ്യത്തിലാണതു്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളായ സംഗീതോപകരണങ്ങൾ പലതുണ്ടു്. ആ ഉപകരണമെടുത്തു് അദ്ദേഹം മൂന്നു നാദങ്ങൾ കേൾപ്പിക്കുമ്പോൾ നാലാമതുണ്ടാകുന്നതു് നാദമല്ല, നക്ഷത്രമാണു്. ആ നക്ഷത്രമാണു് ഓരോ കലാസൃഷ്ടിയും. അതിനെ സൃഷ്ടിക്കാൻ നെടുമങ്ങാട്ടെ ഷെറീഫിനു് അറിഞ്ഞുകൂടാ. (കുങ്കുമം വാരിക)

വയലെൻസ്

ലോകത്തു് വയലെൻസ്—അക്രമം അല്ലെങ്കിൽ ഹിംസ—കൂടിക്കൂടിവരുന്നു എന്നതു സത്യം. ആരെങ്കിലും അക്രമത്തിനു വിരാമമിടാൻ ശ്രമിച്ചാൽ ഒരു ‘റിയാക്ഷൻ’ എന്ന നിലയിൽ മറ്റൊരു ഭാഗത്തു് അതു വർദ്ധിച്ചു വരും. പ്രതികൂലങ്ങളായ ഗ്രൂപ്പുകളെ സോവിയറ്റ് യൂണിയൻ നിർമ്മാർജ്ജനം ചെയ്തതു കൊണ്ടു് ഒരു Coercive dictatorship ആവശ്യമില്ലെന്നു് ക്രൂഷ്ചേവ് പറഞ്ഞെന്നും അതിനെ മവോസേതൂങ് എതിർത്തെന്നും നീൽഹാർഡിങ് A Dictionary of Marxist Thought എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. മവോയുടെ എതിർപ്പിനു യോജിച്ച മട്ടിൽ സമൂഹം കൂടുതൽ അക്രമാസക്തമായി ഭവിച്ചിരിക്കും. ലോകത്തിന്റെ ഏതു ഭാഗത്തേക്കും കണ്ണോടിക്കു. അക്രമവും ഹിംസയുമല്ലാതെ വേറൊന്നുമില്ല. രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലങ്ങളിൽ അതുണ്ടാകുന്നതു് മനസ്സിലാക്കാം. പക്ഷേ, കവിതയുടെ മണ്ഡലത്തിൽ ഹിംസയെന്തിനു്? അതു് തീരെ മനസ്സിലാക്കാൻവയ്യ. മാത്യൂസ് കടമ്പനാടു് കവിതയെ ഹിംസിക്കുന്നതു നോക്കൂ:

പണ്ടു ദ്രൗപദി വാർത്ത കണ്ണുനീർ

പാണ്ഡവ കോപാഗ്നി പെരുപ്പിച്ചു

സ്നേഹപ്രവാഹമായി മാറിപോൽ

അന്നവൾചെയ്ത ശപഥത്താല-

ഹന്തയൂരുക്കൾ ഞെരിഞ്ഞമർന്നു.

(മാമാങ്കം)

തുടർന്നുള്ള എല്ലാ വരികളും ഇമ്മട്ടിലാണു്. ഒടുവിൽ സാർത്ഥകമായി “വാക്കുകളില്ലാത്ത പാമരൻ ഞാൻ” എന്നൊരു പ്രസ്താവവും.

പല തരത്തിലുള്ള അഭിമർദ്ദങ്ങൾക്കു വിധേയരാണു് ജനങ്ങൾ. ഓഫീസിൽ പോകുന്നവരാണെങ്കിൽ മേലുദ്യോഗസ്ഥന്റെ ആജ്ഞ മാത്രമല്ല സാന്നിദ്ധ്യം പോലും അസ്വസ്ഥത ഉളവാക്കുന്നതാണു്. സഹപ്രവർത്തകർ വിമർശനദൃഷ്ടിയോടെ ഇരിക്കുന്നതു കാണുമ്പോൾ മറ്റൊരു വിധത്തിലുള്ള അസ്വസ്ഥത. ജോലികഴിഞ്ഞു് സായാഹ്നത്തിൽ ബസ്സിൽ കയറിയാൽ കണ്ടക്ടറുടെ പെരുമാറ്റം അസുഖകരമാകുമോ എന്ന ശങ്ക. അതും അസ്വസ്ഥത ജനിപ്പിക്കുന്നു. വീട്ടിലെത്തിയാൽ മക്കളുടെ ഹിതകരമല്ലാത്ത പെരുമാറ്റം വേറൊരു അഭിമർദ്ദമാണു്. ഇതിൽ നിന്നെല്ലാം രക്ഷപ്രാപിക്കാമെന്നു കരുതി മാമാങ്കം വാരികയെടുത്തെന്നിരിക്കട്ടെ. അതിൽ ‘പാമരൻ ഞാൻ’ എന്ന ദുഷ്കവിത മറ്റൊരു അഭിമർദ്ദം. ചുരുക്കത്തിൽ—നമുക്കു് ഒരു മണ്ഡലത്തിലും സ്വസ്ഥതയില്ല.

മരണമാണു ഭേദം
images/AndricBridgeDrina.jpg

മരണം എന്നെ ചായ കുടിക്കാൻ വിളിക്കുന്നു എന്നു കരുതു. ആ ക്ഷണം സ്വീകരിച്ചാൽ എനിക്കു് അയാളോടുകൂടി പോകേണ്ടതായിവരും. ഒരു സംശയവുമില്ല. അതേ സമയം ഷീല ലൂയിസ് മംഗളം വാരികയിലൂടെ ഒരു ക്ഷണം നടത്തുന്നു. “വരൂ എന്റെ ‘വെയിൽ ചേക്കേറുന്ന സന്ധ്യകൾ’ എന്ന ചെറുകഥ ഒന്നു വായിച്ചിട്ടു പോകൂ. നന്ദിനിക്കുട്ടിയുടെ കാമുകൻ രാഷ്ട്രീയ പ്രവർത്തകനാണു്. അയാൾക്കുവേണ്ടി അവൾ കാത്തിരുന്നില്ല. ജയിലിൽ നിന്നിറങ്ങിയ അയാൾ അവളെ കാണുന്നു. ഇതാണു് കഥ. വരൂ, വായിക്കു” മരത്തിന്റെ നിമന്ത്രണം നിരാകരണമാണു് അവിടെ ചൊരിഞ്ഞതു്. ഓരോ സംഭവവും നമ്മളെ ഞെട്ടിക്കും. 1914 ആകുമ്പോൾ പാലത്തിനു തകർച്ച സംഭവിക്കുന്നു. അതിന്റെ ട്രാജഡി മനുഷ്യന്റെ ട്രാജഡിയായി മാറുന്നു. നോവൽ വായിച്ചു് അവസാനിപ്പിക്കുമ്പോൾ നമ്മൾ മൂന്നൂറ്റമ്പതു വർഷങ്ങളിൽ ജീവിച്ച മനുഷ്യരെ സ്മരിച്ചു് ദുഃഖിക്കുന്നു. പാലത്തിന്റെ തകർച്ചയിൽ ദുഃഖിക്കുന്നു. അങ്ങനെ നോവലിനു് സാർവകാലിക സ്വഭാവവും സാർവലൗകിക സ്വഭാവവും കൈവരുന്നു.

images/IvoAndric1951.jpg
ആൻഡ്രീച്ച്

കവിയാണു് ആൻഡ്രീച്ച്. തീക്ഷ്ണതയില്ലാത്ത ഒരു വാക്യംപോലും അദ്ദേഹത്തിനു് എഴുതാൻ വയ്യ. ഈ കാവ്യശക്തിയോ തീക്ഷ്ണതയോ ‘കയറി’ൽ ഇല്ല. Majestic എന്നു വിശേഷിപ്പിക്കേണ്ട ഒരു യൂഗോസ്ലാവ്യൻ നോവലിനെ ‘കയറി’നോടു സദൃശമാക്കിക്കല്പിച്ചതു ശരിയല്ലെന്നാണു് എന്റെ പക്ഷം. മനുഷ്യനും പ്രകൃതിയും, മനുഷ്യനും കുടുംബവും, മനുഷ്യനും സമൂഹവും ഇവയെ വിഷനറി ഇന്റൻസിറ്റിയോടുകൂടി—അഭിവീക്ഷണത്തിന്റെ തീക്ഷ്ണതയോടുകൂടി— ആവിഷ്കരിക്കുന്ന ‘ഡ്രീനാനദിയിലെ പാലം’ എന്ന നോവലിനു സദൃശമായി വിശ്വസാഹിത്യത്തിൽത്തന്നെ കൃതികൾ കുറവാണു്. ‘കയറി’ലും ഈ മൂന്നു ഘടകങ്ങളുണ്ടു്. പക്ഷേ അഭിവീക്ഷണത്തിന്റെ തീക്ഷ്ണതയില്ല. മാതൃഭൂമിയിലെ ലേഖനത്തിന്റെ താഴെ ഇങ്ങനെയൊരു വാക്യമെഴുതാം. P. K. Balakrishnan is guilty of surface judgment.

നിർവ്വചനങ്ങളും മറ്റും

സ്കൂട്ടറിന്റെ പിറകിലിരിക്കുന്ന ഭാര്യ: കണ്ടോ, ഇദ്ദേഹമാണു് എന്റെ ഭർത്താവു് എന്നു് അഭിമാനഭരിതയായി നമ്മെ നോക്കുന്ന പാവം.

സ്കൂട്ടർ ഓടിക്കുന്ന ഭർത്താവു്: നിർബ്ബന്ധം സഹിക്കാൻ വയ്യാതെയാണു് ഞാനിവളെ ഇതിന്റെ പിറകിലിരുത്തിക്കൊണ്ടു പോകുന്നതു് എന്നു് ഓരോ ചേഷ്ടയാലും നമ്മെ ധരിപ്പിക്കുന്ന സാധു.

മുട്ടത്തുവർക്കി: ജീവിതത്തിന്റെ മുദ്ര മുഖത്തുള്ള നല്ല മനുഷ്യൻ. നോവലുകളിൽ അതില്ലാത്തതുകൊണ്ടു് എനിക്കു പരാതിയില്ല.

ബോംബെയിലെ ഒരു കഥയെഴുത്തുകാരിയായിരിക്കാം. അവർ എൽ. ആർ. ഹേമ എന്ന കള്ളപ്പേരിൽ എനിക്കെഴുതിയ ഒരു കത്തിലെ അവസാനത്തെ ഖണ്ഡിക: “അശ്ലീല കഥകൾ വായിക്കുകയും അവയെ അതിലേറെ അശ്ലീല ഭാഷയിൽ വിമർശനം ചെയ്യുകയും ചെയ്യുന്ന താങ്കൾക്കു് (ഉദരപൂരണത്തിനായി ചെയ്യുന്ന) ഈ പ്രവൃത്തി ഇനിയെങ്കിലും നിറുത്തിക്കൂടെ?”—ഉദരപൂരണത്തിനായി ഞാൻ എഴുതുക മാത്രമല്ലേ ചെയ്യുന്നുള്ളു സഹോദരീ?

(കത്തിലെ മുദ്ര വളരെ സ്പഷ്ടം. ബോംബേ, സീപ്സ് P.O. 6-8-85–1)

മാന്ത്രികശക്തി: ശാന്താറാമിന്റെയും സത്യജിത് റേയുടെയും ചലച്ചിത്രങ്ങളിൽ ഉള്ളതു്. ഇന്നത്തെ ആർട്ട് ഫിലിമുകളിൽ ഇല്ലാത്തതു്.

അവസാനിക്കുന്നില്ല. അല്ലെങ്കിൽ തുടരും: വായനക്കാരന്റെ ചങ്കുപൊളിക്കുന്ന ഈ വാക്കു് ഓരോ പൈങ്കിളി നോവലിന്റെയും ഓരോ ഭാഗം അവസാനിക്കുമ്പോഴും പത്രാധിപർ അച്ചടിക്കുന്നു.

അച്ഛൻ: ഇന്നത്തെ നിഘണ്ടുക്കളിൽ ഈ വാക്കില്ല. കുറെക്കാലം ഇതിനു പകരമായി മൂപ്പിൽസ് എന്ന പദമുണ്ടായിരുന്നു. ഇപ്പോൾ അതിനു പകരമായി ശില്പി എന്നു കാണാം. ആധുനികോത്തര നിഘണ്ടുവിൽ സിറിഞ്ജ് (Syringe) എന്ന വാക്കാണു് ഉൾപ്പെടുത്താൻ പോകുന്നതു്. ഈ രഹസ്യം എന്നോടു പറഞ്ഞതു് പ്രസിദ്ധനായ ഹാസ്യസാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാറാണു്.

ഭൂതാവേശം

എന്റെ പരിചയത്തിൽപ്പെട്ട ഒരു പെൺകുട്ടിക്കു് ഭൂതാവേശമുണ്ടായി. അവൾ “ഹെന്തിനു്, ഹെന്തിനു്? നിന്നെക്കൊണ്ടേ പോകൂ” എന്നൊക്കെ പറയുമായിരുന്നു. അവളുടെ അച്ഛൻ മന്ത്രവാദിയെ കൊണ്ടുവന്നു. അയാൾ പെൺകുട്ടിയുടെ മുടിയെടുത്തു് തടിക്കഷണത്തിൽ ചേർത്തുവച്ചു് അതിൽ ആണിയടിച്ചു. ഓരോ തവണ ആണി തറച്ചു കയറ്റുമ്പോഴും “നീ ഒഴിയുമോ നീ ഒഴിയുമോ” എന്നു് അയാൾ ചോദിക്കുമായിരുന്നു. മറുപടി കുറെ ജല്പനങ്ങൽ മാത്രം. ഭൂതാവേശത്തിന്റെ ഫലമായ ഈ പ്രലപനം പിന്നീടു് നമ്മുടെ നാടകങ്ങളിൽ കടന്നുകൂടി. “മാറത്തെ മാറാത്ത മാണിക്ക മതല്ലികേ” എന്നും മറ്റും നാടകത്തിലെ നായകൻ വിളിച്ചുതുടങ്ങി. ഇപ്പോൾ അതു് ചില ചെറുകഥകളിലാണുള്ളതു്. കേട്ടാലും:

പിന്നെ ചിറകൊച്ച നേർത്തു. നിഴലുകൾ മങ്ങി. ഞൊടിയിടെ ഉള്ളിലെ ഇരുളിൽ ഒരു ഭീകരദൃശ്യം. ദുസ്മൃതിയുടെ ശ്മശാനത്തിൽ ആളിപ്പടരുന്ന ചിത. ഒരാൾരൂപത്തോളം വലിപ്പത്തിൽ ഉരുകിക്കത്തുന്ന മെഴുതിരി! തീവെളിച്ചത്തിൽ ഈയാംപാറ്റകളെപ്പോലെ ചലിക്കുന്ന ഒരുപാടു കണ്ണുകൾ. കണ്ണീരണിഞ്ഞ ജ്വാലാമുഖങ്ങൾ.

ഉണ്ണി ജോസഫ് മനോരാജ്യം വാരികയിലെഴുതിയ മെഴുകുതിരികൾ എന്ന ചെറുകഥയിൽ നിന്നാണു് ഈ വാക്യങ്ങൾ. കഥയാകെ ഇമ്മട്ടിലാണു് രചിക്കപ്പെട്ടിട്ടുള്ളതു്. എന്താണു കഥ? ഒരുത്തൻ മൂകയായ മുറപ്പെണ്ണിനെ സ്നേഹിച്ചു. അവന്റെ അച്ഛൻ മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ പെണ്ണു് ആറ്റിൽ ചാടി ചത്തു. അടുത്ത രംഗം ആശുപത്രി. അവിടെ മരിച്ച പെണ്ണിന്റെ ഛായയുള്ള വേറൊരു പെണ്ണു്. അവൾ രോഗിയായ അച്ഛനെ ശുശ്രൂഷിക്കുന്നു. ചാടിച്ചത്ത പെണ്ണിന്റെ കമിതാവു് അയാളുടെ അച്ഛനെ പരിചരിച്ചുകൊണ്ടു് ആശുപത്രിയിലിരിക്കുന്നു. മരിച്ച പെണ്ണിന്റെ സാദൃശ്യമുള്ളവളുടെ അച്ഛൻ മരിച്ചു. കമിതാവിന്റെ അച്ഛനും മരിക്കുമെന്ന സൂചനയോടെ കഥ അവസാനിപ്പിക്കുന്നു ഉണ്ണിജോസഫ്.

നമ്മൾ ബന്ധുക്കളെയും സ്നേഹിതരെയും സ്നേഹിക്കുന്നില്ലേ? അതുപോലെ വാക്കുകളേയും സ്നേഹിക്കുന്നു. പദങ്ങൾ ബന്ധുക്കളാണു്, കൂട്ടുകാരാണു്. അവ രചനകളിൽ വന്നുനില്ക്കുമ്പോഴും ആ സ്നേഹം തോന്നണം. തോന്നും. അതു തോന്നുന്നില്ല എന്നതാണു് ഉണ്ണിജോസഫിന്റെ വാക്കുകളെക്കുറിച്ചു പറയാനുള്ളതു്. നമ്മെ സംബന്ധിച്ചിടത്തോളം അവ അപരിചിതങ്ങളായിരിക്കുന്നു; ഭൂതാവേശംകൊണ്ട സ്ത്രീയുടെ വാക്കുകൾ എങ്ങനെ അപരിചിതങ്ങളോ അതുപോലെതന്നെ, ഉന്മത്ത പ്രലപനങ്ങൾപോലെ ചില പദസമൂഹങ്ങൾ നിരത്തിവച്ചാൽ സാഹിത്യമാകും എന്ന തെറ്റിദ്ധാരണയിൽനിന്നു രൂപം കൊണ്ടതാണു് ഈ കഥാസാഹസം.

ബോയ്ൽ
images/HeinrichBoellVectogramm.jpg
ഹൈൻറിഹ് ബോയ്ൽ

1972-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഹൈൻറിഹ് ബോയ്ൽ (Heinrich Boll) 68-ആമത്തെ വയസ്സിൽ ചരമം പ്രാപിച്ചിരിക്കുന്നു. മതവിദ്വേഷി, മതസ്നേഹാസക്തൻ, ഭീകരപ്രവർത്തകൻ, പിന്തിരിപ്പൻ, സന്മാർഗ്ഗവാദി എന്നീ വിവിധ നിലകളിൽ പ്രശസ്തനായിരുന്നു ബോയ്ൽ. റഷ്യൻ സാഹിത്യകാരൻ സോൾഷെനിറ്റ്സ്യനെ സഹായിച്ചതുകൊണ്ടു് അദ്ദേഹം പിന്തിരിപ്പനായി. ജർമ്മൻ സർക്കാർ ഭീകര പ്രവർത്തകരെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ചതിനാൽ ഭീകരപ്രവർത്തകനെന്നു മുദ്രയടിക്കപ്പെട്ടു. മനഃസാക്ഷിക്കു് എതിരായി ഒന്നും പറയാത്തതിനാൽ ബോയ്ൽ moral authority ആയി പരിഗണിക്കപ്പെട്ടു.

അദ്ദേഹം ആരുമാകട്ടെ, നോവലിസ്റ്റും കഥാകൃത്തുമായ ബോയ്ൽ ഉജ്ജ്വല പ്രതിഭാശാലിയാണു്. മനുഷ്യകഥാനുഗായിയാണു്. അദ്ദേഹത്തിന്റെ Billiards at half-past nine (1959), The Clown (1963) The End of a Mission (1966) Group Portrait with Lady (1971) The Lost Honour of Katharina Blum (1974) The Safety Net (1979) എന്നീ നോവലുകളാകെ മാസ്റ്റർ പീസുകളാണു്. അവയുടെ സ്വഭാവം സൂചിപ്പിക്കാൻപോലും ഇവിടെ സ്ഥാനമില്ല. ലോകത്തിന്റെ സാന്മാർഗ്ഗിക സംസ്കാരത്തെയും സാഹിത്യസംസ്കാരത്തെയും വികസിപ്പിച്ച മഹാനായിരുന്നു ബോയ്ൽ എന്നു മാത്രം പറയട്ടെ.

ബോയ്ലിന്റെ മരണം പ്ലാറ്റിറ്റ്യൂഡായി പറഞ്ഞാൽ വലിയ നഷ്ടംതന്നെ. എൽ. എ. രവിവർമ്മ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഓർമ്മ നിലനിറുത്താൻവേണ്ടി ചിലതൊക്കെ ചെയ്യണമെന്നു് ഞങ്ങളിൽ ചിലർ തീരുമാനിച്ചു. പണപ്പിരിവിനു് ഇറങ്ങി. അക്കാലത്തു് തിരുവിതാംകൂറിലാകെ പ്രശസ്തനായിരുന്ന ഒരു ക്രിമിനൽ വക്കീലിന്റെ വീട്ടിലെത്തി ഞങ്ങൾ. പണം ചോദിച്ചപ്പോൾ സാഹിത്യകാരൻ കൂടിയായ അദ്ദേഹം പറഞ്ഞു: “എൽ. എ. രവിവർമ്മ മരിച്ചപ്പോൾ ‘നഷ്ടം നഷ്ടം’ എന്നു പത്രത്തിലൊക്കെ കണ്ടു. അതു് നഷ്ടം തന്നെന്നു ഇപ്പോഴാണു് മനസ്സിലായതു്” ഇങ്ങനെ മൊഴിഞ്ഞിട്ടു് അദ്ദേഹം ഒരഞ്ചു രൂപ നോട്ടെടുത്തു് ഞങ്ങളുടെ നേർക്കു നീട്ടി. അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങളും കൊട്ടാരത്തോടുള്ള അടുപ്പവും മഹാശയസ്സും ഒക്കെ സ്മരിച്ചു് ആ ഫൈ ഹൺഡ്രഡ് നയാപൈസ ഞങ്ങൾ വാങ്ങിക്കൊണ്ടു പോന്നു. അടുത്ത വീട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ—സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത ആൾ—അമ്പതു രൂപ തന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-09-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.