സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-09-08-ൽ പ്രസിദ്ധീകരിച്ചതു്)

​ സിസെറിയയിലെ ബിഷപ്പ് കന്യാസ്ത്രീകൾക്കു നല്കിയ ഒരു ഉപദേശത്തെക്കുറിച്ചു ഞാൻ എവിടെയോ വായിച്ചിട്ടുണ്ടു്. നപുംസകങ്ങളാണെങ്കിലും പുരുഷ ശരീരങ്ങളെ പേടിക്കണമെന്നാണു് അദ്ദേഹം പറഞ്ഞതു്. കൊമ്പു മുറിച്ചെടുക്കപ്പെട്ട കാള ദേഷ്യപ്പെടുമ്പോൾ മുൻപു കൊമ്പിരുന്ന ഭാഗം കൊണ്ടു് പ്രതിയോഗിയെ ഇടിക്കും. അതുപോലെ വൃക്ഷണച്ഛേദം ചെയ്യപ്പെട്ട പുരുഷന്മാർ ഉത്കടമായ കാമവികാരത്തിനു വിധേയരാകുമ്പോൾ… ഉറവ വറ്റിയ നമ്മുടെ ചില സാഹിത്യകാരന്മാർ വീണ്ടും വീണ്ടും തൂലിക ഉന്തുന്നതു കാണുമ്പോൾ കൊമ്പുപോയ കാളകളും മുഷ്കരഹിതരായ പുരുഷന്മാരും നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചാണു് എനിക്കോർമ്മ വരിക. ഫലശൂന്യങ്ങളാണു് അത്തരം ആക്രമണങ്ങൾ. എങ്കിലും പ്രതിയോഗിക്കും സ്ത്രീക്കും ചെറിയ വേദനയുണ്ടാകും. ഈ വേദന നമ്മൾ കുറെക്കാലമായി സഹിക്കുകയാണു്.

വേദനയ്ക്കു് പരിഹാരം

ഈ പീഡാനുഭവം ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ നർമ്മം കലർന്ന ഏതെങ്കിലും രചന കണ്ടാൽ നമ്മൾ അതിനോടു കൂടുതൽ അടുക്കും. അതൊരു ‘ഓവർ ഫ്രൻട്ഷിപ്പ്’ ആയിരിക്കും. അൽസിബിയാഡീസും സോക്രട്ടീസും തമ്മിലുള്ള ബന്ധംപോലെ; സാഫോ യും അത്തീസും തമ്മിലുള്ള ബന്ധം പോലെ. ഈ സ്വവർഗ്ഗ രതിയെക്കുറിച്ചുള്ള പ്രസ്താവം അനുചിതമാണെന്നു തോന്നുന്നുണ്ടോ പ്രിയപ്പെട്ട വായനക്കാരനു്. എന്നാൽ പ്ലേറ്റോ ക്കും ഷേക്സ്പിയറിനും മിക്കലാഞ്ചലോ ക്കും ഓസ്കർ വൈൽഡി നും അതുണ്ടായിരുന്നു എന്നുകൂടെ ചൂണ്ടിക്കാണിച്ചിട്ടു് ആ പ്രസ്താവം പിൻവലിക്കട്ടെ. ഈ അതിസ്നേഹം അയഥാർത്ഥമാണു്. എങ്കിലും അതിൽ സത്യമില്ലാതില്ല. അതുതന്നെയാണു് വിജയം കരുണാകരന്റെ “നുണക്കുഴികൾ, നുണക്കുഴികൾ” എന്ന ചെറുകഥയിലും എം. കെ. ദേവദാസിന്റെ ഒരു “ദാമ്പത്യ പ്രശ്നം” എന്ന കാവ്യത്തിലും നമ്മൾ കണ്ടതു്, അല്ലെങ്കിൽ നമുക്കു് ആ രചനകളോടു തോന്നുന്നതു്. ദാമ്പത്യ ജീവിതത്തിന്റെ പൊരുത്തക്കേടുകളെ രണ്ടുപേരും ഹാസ്യാത്മകമായി പ്രതിപാദിക്കുന്നു. നമ്മൾ രസിക്കുന്നു. നപുംസകത്തിന്റെ ആക്രമണം കണ്ടതിനുശേഷമുള്ള പാരായണമായതുകൊണ്ടാവാം രണ്ടുപേരോടും ഓവർഫ്രിന്റ്ഷിപ്പ് ഉണ്ടാകുന്നതു്. എങ്കിലും ശൂന്യതയിൽനിന്നു വികാരം ഉദ്ഭവിക്കില്ല. അത്രയുമായി. (രചനകൾ കുങ്കുമം വാരികയിൽ.)

ഐൻഷ്ടൈൻ കരഞ്ഞു
images/HarrySTruman.jpg
ഹാരി ട്രൂമൻ

ശൂന്യതയിൽനിന്നു വികാരം ഉളവാകുകയില്ലായിരിക്കും. പക്ഷേ, മണൽക്കാടായി മാറ്റിയ ഹിരോഷിമ യുടെയും നാഗസാക്കി യുടെയും ശൂന്യത കണ്ടാൽ പൊട്ടിക്കരയാത്തതു് ആരാണ്! ഹാരി ട്രൂമന്റെ ആജ്ഞയനുസരിച്ചു് നാല്പതു വർഷം മുൻപു് അവിടെ ആറ്റംബോംബിട്ടപ്പോൾ ഐൻഷ്ടൈനോ ടൊരുമിച്ചു നമ്മളും കരഞ്ഞു. ഇന്നും നമ്മൾ കണ്ണീരൊഴുക്കുന്നു. ആ ദുഃഖത്താലാണു് കലാകൗമുദിയുടെ സ്റ്റാഫ് ലേഖകൻ “മരണമോ ജീവിതമോ” എന്ന യുക്തിഭാസുരവും മനുഷ്യസ്നേഹഭരിതവുമായ ലേഖനം എഴുതിയിരിക്കുന്നതു്.

images/AlbertEinsteinHead.jpg
ഐൻഷ്ടൈൻ

ബർട്രൻഡ് റസ്സൽ എഴുതിയതും ഐൻഷ്ടൈൻ ഒപ്പിട്ടതും ആയ പ്രസ്താവനയിലെ ഒരു ചോദ്യം എടുത്തെഴുതിക്കൊണ്ടാണു് ലേഖനം ലേഖകൻ അവസാനിപ്പിക്കുന്നതു്. “നാം തിരഞ്ഞെടുക്കുകയാണെങ്കിൽ സുഖം, അറിവു്, വിജ്ഞാനം—എന്നിവയുടെ അനുസ്യൂതമായ പുരോഗതി നമ്മുടെ മുൻപിലുണ്ടു്. അതിനു പകരം മരണം തിരഞ്ഞെടുക്കണമോ? രണ്ടു മഹാന്മാർ ഇങ്ങനെ ചോദിച്ചെങ്കിലും അമേരിക്കക്കാരൻ തനിക്കു ജീവിതവും അന്യനു മരണവും തിരഞ്ഞെടുക്കുന്നതിൽ തൽപരനാണെന്നു വ്യക്തമാക്കിയിരിക്കുന്നു. അമേരിക്കൻ റ്റൈം വാരികയിൽ, ആറ്റംബോംബിട്ടതിനെ നീതിമത്കരിച്ചുകൊണ്ടു് ഒരു ലേഖനമുണ്ടു്. ക്രൂരമായ ആ മനുഷ്യന്റെ വാദങ്ങൾ ഇതാ:

  1. യുദ്ധം അവസാനിപ്പിക്കാനാണു് ആറ്റംബോംബ് ഇട്ടതു്.
  2. ലക്ഷക്കണക്കിനു ഭടന്മാരെ സന്നദ്ധരാക്കി ജപ്പാൻ ആക്രമണത്തിനു് ഒരുങ്ങുകയായിരുന്നു. ആക്രമണമുണ്ടായാൽ അനേകം അമേരിക്കാക്കാർ മരിക്കുമായിരുന്നു. ജപ്പാൻകാരും മരിക്കും.
  3. ഏതാനും ആഴ്ചയ്ക്കുള്ളിൽ യുദ്ധത്തിൽ റഷ്യ ചേർന്നുകൊള്ളാമെന്നു സ്റ്റാലിൻ സമ്മതിച്ചു. ഉടനെ ട്രൂമൻ ഡയറിയിൽ എഴുതിയത്രേ. Finish Japs when that comes about. പസിഫിക് യുദ്ധത്തിൽ സ്റ്റാലിനെ പങ്കുകൊള്ളിക്കാതിരിക്കാൻ വേണ്ടി ബോംബ് ഇട്ടേ മതിയാകൂ എന്നുവന്നു. [സ്റ്റാലിനെ പേടിപ്പിക്കാൻ നിരപരാധരെ ചുട്ടുകരിച്ചു എന്നു ധ്വനി.]
  4. റേഡിയോ ആക്ടീവ് ഫാൾ ഔട്ട് ഉണ്ടാകുമെന്നു ശാസ്ത്രജ്ഞന്മാർ ട്രൂമനോടു പറഞ്ഞില്ല.
  5. ടോക്കിയോ ബോംബേറിൽ നേരത്തെ നശിച്ചിരുന്നു. അതിനെക്കാൾ ഭയങ്കരമായ നാശം ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. മറ്റേതു് ആയുധം പോലെയും ആറ്റംബോംബും ഒരായുധമായേ കരുതിയുള്ളു.
  6. ബോംബ് പ്രയോഗിച്ചില്ലെങ്കിൽ ഒരു മില്യനോളം അമേരിക്കക്കാർ മരിക്കുമായിരുന്നു. ട്രൂമൻ അവരുടെ കുടുംബത്തോടു് എന്തു സമാധാനം പറയും?
  7. രണ്ടു ബില്യൻ ഡോളർ ചെലവാക്കി നിർമ്മിച്ച ബോംബ് പ്രയോഗിച്ചില്ലെങ്കിൽ പൗരസ്ത്യദേശത്തുള്ള സ്റ്റാലിന്റെ സ്വാധീനശക്തി കൂടുകയില്ലായിരുന്നോ?
  8. അമേരിക്കക്കാരാണു് ലോകജനതയിലെ ഏറ്റവും ഉയർന്ന സന്മാർഗ്ഗവാദികൾ. (അവർക്കു് ബോംബിടാൻ അവകാശമുണ്ടു് എന്നു ധ്വനി.)
എങ്ങനെയിരിക്കുന്നു വാദങ്ങൾ? ഇവയിൽ അന്തർഭവിച്ച നൃശംസത നമുക്കു് മനസ്സിലാക്കാം. പക്ഷേ, നമ്മുടെ ബുദ്ധിശക്തിയെ ഇമ്മട്ടിൽ അപഹസിക്കുന്നതു് എങ്ങനെ മനസ്സിലാക്കാനാണു്?
images/GGarciaMarquez.jpg
ഗാർസിയോ മാർകേസ്

ഇടതുപക്ഷ ചിന്താഗതിക്കാരനായ ഗാർസിയോ മാർകേസിനെ അമേരിക്കയിൽ പ്രവേശിപ്പിക്കുന്നില്ല അധികാരികൾ. മെക്സിക്കൻ നോവലിസ്റ്റായ ഫൂവേന്റസിനെ അഞ്ചു ദിവസം മാത്രം അമേരിക്കയിൽ താമസിക്കാൻ അനുവദിച്ചിട്ടു് അദ്ദേഹത്തിന്റെ പിറകേ എപ്പോഴും നടക്കാൻ ഒരമേരിക്കൻ ഉദ്യോഗസ്ഥനെ നിയമിച്ചു. (സൗത്തു് മാഗസിൻ നോക്കുക. ആഗസ്റ്റ് ലക്കം, പുറം 28, 29.) ലോകത്തെ ഏറ്റവും ഉയർന്ന സന്മാർഗ്ഗവാദികൾ!

ഹിരോഷിമയിൽ ബോംബിട്ടപ്പോൾ ഒരു സ്ക്കൂളിലെ അഞ്ചു വയസ്സോളം വരുന്ന ഒരു പിഞ്ചുകുട്ടി കൂടെ പഠിക്കുന്ന മറ്റൊരു കുട്ടിയെ നോക്കി. അവന്റെ ഒരു കണ്ണു് കവിളിലൂടെ തൂങ്ങിക്കിടക്കുന്നു. അല്പം കഴിഞ്ഞു് മരിച്ചു.

ബോംബിടലിനെക്കുറിച്ചു് ഒരു കവിയെഴുതിയ രണ്ടു വരികളിലെ ആശയം ആവിഷ്കരിച്ചുകൊണ്ടു് ഞാനിതു നിറത്തട്ടെ. “ഹിരോഷിമയിൽ ആറ്റം ബോംബിട്ടു് കഴിഞ്ഞപ്പോൾ ഐൻഷ്ടൈൻ കരഞ്ഞു. പക്ഷേ, ജപ്പാനിലെ ഒരു കവി കരഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണുകൾ നഷ്ടപ്പെട്ടുപോയി എന്നതായിരുന്നു കാരണം”.

ആറ്റംബോംബ് ഇട്ടു് രണ്ടു പട്ടണങ്ങളെ ഭസ്മീകരിച്ച അമേരിക്കക്കാർ സുഖമായി ഉറങ്ങുന്നു: നാല്പതു കൊല്ലമായി ഒരു പേടിസ്വപ്നവും കാണാതെ അവർ ഉറങ്ങുകയാണു്. പക്ഷേ, മറ്റുരാജ്യങ്ങളിലെ ജനങ്ങൾ ഉറങ്ങുന്നില്ല. അവർ എപ്പോഴും ഉണർന്നിരിക്കുകയാണു്. ഉത്കട വികാരങ്ങളിൽ ചെന്നുവീണവർ ഉറങ്ങാറില്ല. ഉറങ്ങാത്തവരെ ഉറങ്ങുന്നവർ പേടിക്കണം. പക്ഷേ, ഈ ധർമ്മരോഷം നമുക്കേയുള്ളു. അമേരിക്കയെ നീരസപ്പെടുത്തരുതെന്നു് കരുതി ആറ്റംബോംബിട്ടതിനെക്കുറിച്ചു് ജപ്പാൻ പരാമർശം നടത്തുന്നതു പോലുമില്ല.

നൂറു പൂക്കൾ
images/ADictionaryofMarxistThought.jpg

കിളിമാനൂർക്കാരിയായ ഒരു തമ്പുരാട്ടി പന്തളത്തുകാരനായ ഒരു തമ്പുരാനെ വിവാഹം കഴിച്ചു. (പണ്ടത്തെ കഥയാണേ) രണ്ടുപേരും സൗന്ദര്യത്താൽ അനുഗ്രഹീതർ. പ്രഥമരാത്രി. തമ്പുരാൻ ശയനീയത്തിൽ വളരെനേരം കാത്തുകിടന്നെങ്കിലും തമ്പുരാട്ടി എത്തിയില്ല. അവർ മറ്റാരോടോ സംഭാഷണം നടത്തിയിരിക്കുകയായിരുന്നു. കാത്തുകിടന്ന തമ്പുരാൻ അങ്ങു് ഉറങ്ങിപ്പോവുകയും ചെയ്തു. രാത്രി ഒരു മണിയോടുകൂടി തമ്പുരാട്ടി ഉറക്കറയിൽ എത്തിയപ്പോൾ തമ്പുരാൻ വാ തുറന്നുവച്ചു് ഉറങ്ങുന്നതാണു് അവൾ കണ്ടതു്. അദ്ദേഹത്തിന്റെ കവിളിലൂടെ ഉമിനീർ ഒലിക്കുന്നു. അതു കണ്ടയുടെനെ “ഹായ്, എനിക്കയാളെ വേണ്ട” എന്നു പറഞ്ഞു് തമ്പുരാട്ടി അവിടെനിന്നുപോയി. അടുത്ത ദിവസം തമ്പുരാൻ പന്തളത്തേയ്ക്കു് കെട്ടുകെട്ടി. സുന്ദരനായ തമ്പുരാന്റെ ചാളുവ (ഉമിനീർ) കണ്ടാൽ തമ്പുരാട്ടിക്കു് വെറുപ്പു തോന്നേണ്ടതുണ്ടോ? തോന്നുമെന്നേ മറുപടി പറയാനാവൂ. നമുക്കും ഈ അനുഭവമില്ലേ? മിണ്ടാതെയിരിക്കുന്ന സുന്ദരിയെക്കണ്ടാൽ ബഹുമാനം. എന്നാൽ അവളുടെ പരുഷമായ ശബ്ദം കേട്ടാൽ, വിലക്ഷണമായ ചിരി കണ്ടാൽ ബഹുമാനം വെറുപ്പായി മാറും. ഇതിനു സദൃശ്യമായ അനുഭവമാണു് ധർമ്മരാജ് അടാട്ടു് ദേശാഭിമാനി വാരികയിലെഴുതിയ “ഫ്യൂഡലിസവും ഭാരതീയ വിമർശനപദ്ധതിയും” എന്ന ലേഖനം വായിച്ചപ്പോൾ എനിക്കുണ്ടായതു്. ഏകപക്ഷീയമായിട്ടാണെങ്കിലും വിദ്വജ്ജനോചിതമായി പലതും പറഞ്ഞു വരുമ്പോൾ ഇങ്ങനെ ഒറ്റപ്രയോഗം: “ഉത്തരം ഒറ്റവാചകത്തിൽ നല്കുക പ്രയാസമാണു്. Sentence എന്ന അർത്ഥത്തിൽ വാചകമെന്നല്ല എഴുതേണ്ടതു്: വാക്യമെന്നാണു്. എങ്കിലും പാരായണകൗതുകത്തോടെ സഹൃദയൻ സഹശയനം നടത്തുന്നു. പക്ഷപാതത്തിന്റെ ‘ഹാലിറ്റോസിസ്’ സഹിക്കാനാവാതെ എഴുന്നേല്ക്കുകയും ചെയ്യുന്നു.

images/KalidasacloudMessenger.jpg
കാളിദാസൻ

ആസ്വാദനമാണു് ഏതു കലയുടെയും ലക്ഷ്യം. ഉള്ളടക്കം എന്തായാലും ആവിഷ്കാരരീതി എന്തായാലും ആസ്വാദനത്തിനു് അതു സഹായിക്കുന്നില്ലെങ്കിൽ കലയില്ല, സാഹിത്യമില്ല. കാളിദാസ ന്റെ ‘മേഘസന്ദേശം’ വായിച്ചാസ്വദിക്കുന്ന സഹൃദയൻ നെറുത യുടെ ‘കാന്റോജനറലും’ വായിച്ചു രസിക്കുന്നു. ഈ സത്യത്തിന്റെ നേർക്കു കണ്ണടച്ചുകൊണ്ടാണു ധർമ്മരാജ് അടാട്ട് അടരാടുന്നതു്. സ്ഥലത്തെയും കാലത്തെയും സംബന്ധിക്കുന്ന സത്യം—Spatio-temporal reality— ഭാരതീയനു കൂടിയേ തീരൂ എന്നില്ല കാവ്യാസ്വാദനത്തിനു്. ദുഷ്യന്തൻ പലായനം ചെയ്യിക്കുന്ന മാനിനെക്കുറിച്ചുള്ള ആ ഒറ്റ ശ്ലോകം നോക്കൂ. ആ വർണ്ണന ഭയാനകരസം ആവിഷ്കരിച്ചാൽ ഭാരതീയർ തൃപ്തിപ്പെടും. അതാസ്വദിക്കാൻ, ഓടിയ മാൻ കണ്വാശ്രമത്തിലെ മാനാണെന്നും ദുഷ്യന്തനാണു് അതിനെ ഓടിച്ചതെന്നും മറ്റും സഹൃദയനു് അറിയേണ്ടതില്ല. അതിനാൽ രസോത്പത്തിയും പിന്നീടുള്ള വിശ്രാന്തിയും തന്നെയാണു് ഭാരതത്തിലെ കവിതയുടെ സവിശേഷതകൾ. ഇവയെയാണു് ധർമ്മരാജ് ധർമ്മരഹിതമായി ആക്ഷേപിക്കുന്നതു്. ഈ ആക്ഷേപം വിവേകമുള്ള മാർക്സിസ്റ്റുകൾപോലും ഇക്കാലത്തു സത്യത്തെ കാണണമെന്നുണ്ടോ? കണ്ടുകൊള്ളൂ. പരാതിയില്ല. പക്ഷേ, രസാനുഭൂതി മാത്രം നല്കുന്ന മേഘസന്ദേശത്തെ പുച്ഛിക്കാതിരിക്കൂ. കാമാവിഷ്കാരവും ശൃംഗാരരസപ്രതിപാദനവും വേർതിരിച്ചറിയാൻ കഴിവില്ലാത്ത ധർമ്മരാജ് ഭാരതീയൻ വാഴ്ത്തിയ“ബ്രഹ്മാനന്ദ സഹോദരഭൂതമായ പരമാനന്ദ”ത്തെ നിന്ദിക്കുന്നു. സമൂഹത്തിന്റെ “അടിത്തറയും മേല്പുരയും പുതുക്കിപ്പണിയാൻ” സാഹിത്യം പ്രയോജനപ്പെടുത്തണമെന്നാണു് അദ്ദേഹത്തിന്റെ വാദം. ശരി. പക്ഷേ, ആ പുച്ഛമുണ്ടല്ലോ. അതു ശരിയാണെന്നു കരുതിയാൽ മേഘസന്ദേശത്തിനു മാത്രമല്ല ഷേക്സ്പിയറി ന്റെ നാടകങ്ങൾക്കുപോലും സാഹിത്യത്തിൽ സ്ഥാനമില്ലാതെയാവും. A Dictionary of Marxist Thought എന്ന ഗ്രന്ഥത്തിൽ പറയുന്നതുപോലെ കലയും നൂറുപൂക്കളായി വിടരത്തക്കവിധത്തിൽ വികസിക്കണം. അത്തരം വികാസത്തിനു് ഇമ്മാതിരി ‘സമീപനങ്ങൾ’ ദോഷം വരുത്തും.

പ്രഥമചുംബനം

ഇ. വി. കൃഷ്ണപിള്ള യുടെ നേരമ്പോക്കാണു്. കൊലപാതകക്കുറ്റം ഏൽക്കാതെ നിൽക്കുകയാണു് കൊലപാതകി. പുരുഷന്മാരായ പൊലീസുകാർ എല്ലാ അടവും നോക്കി. ഫലമില്ല. അപ്പോൾ വൈരൂപ്യത്തിനു് ആസ്പദമായ വനിതാ പൊലീസ് കൺസ്റ്റബിൾ അവനെ നോക്കിപ്പറയുന്നു: “എടാ കുറ്റം ഏൽക്കുന്നോ ഇല്ലയോ. വേഗം പറ. ഏറ്റില്ലെങ്കിൽ ഞാൻ നിന്നെ ഉമ്മ വയ്ക്കും”. സ്ത്രീപൊലീസിന്റെ ചുംബനം പേടിച്ചു കൊലപാതകി കുറ്റം ഏൽക്കുന്നു. (ഓർമ്മയിൽ നിന്നെഴുതുന്നതിനാൽ വാക്യങ്ങൾ എന്റേതായിപ്പോയി.) ഇതിനു നേരെ എതിരായ ചുംബനമുണ്ടു്. അതു് പ്രിയതമയിൽ നിന്നു കിട്ടുന്ന ആദ്യത്തെ ചുംബനമാണു്. അതിന്റെ മധുരാനുഭൂതി പുരുഷന്റെ ജീവിതാന്ത്യം വരെയും നിലനിൽക്കും. മനോരമ ആഴ്ചപ്പതിപ്പിലൂടെ ടോംസ് പലപ്പോഴും ആ അനുഭൂതിപ്രദാനം ചെയ്യുന്നുണ്ടു്. ഈ ആഴ്ചത്തെ ഹാസ്യചിത്രവും ആ വിധത്തിലുള്ളതാണു്. കല്യാണത്തിനു പോകാൻ സാരി വാങ്ങിക്കൊടുത്തില്ല എന്നതിന്റെ പേരിൽ ഭാര്യ ഭർത്താവിനോടു വഴക്കുകൂടുന്നു. ആ ശണ്ഠ അടിയോളം എത്തുന്നതു് യാദൃച്ഛികമായി അവിടെയെത്തിയ ചിലർ കാണുന്നു. മോളിയുടെ ബുദ്ധിവിലാസം അതിന്റെ പോരായ്മ ഇല്ലാതാക്കുന്നുണ്ടെങ്കിലും ഒരാൾ സത്യാവസ്ഥ മനസ്സിലാക്കുന്നു. അയാളുടെ ഒരു ചോദ്യം നമ്മെ ചിന്തിപ്പിക്കുന്നു. ഹാസ്യത്തിനു മാനസിക വികാസം വരുത്താൻ ശക്തിയുണ്ടു്. ആ ശക്തിവിശേഷത്താൽ കേരളീയരെ ഒരു വിധത്തിൽ അനുഗ്രഹിക്കുകയാണു് ടോംസ്.

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

ആദ്യത്തെ ചുംബനത്തെക്കാൾ മാധുര്യമിയന്നതായി ഈ ലോകത്തു് വേറെ വല്ലതുമുണ്ടോ? ഉണ്ടു്: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എക്സ്പ്രസ് വാരികയിൽ എഴുതിയ “അമ്മിണിക്കുട്ടി” എന്ന കാവ്യം. അതു ഞാൻ വായിച്ചുകഴിഞ്ഞിട്ടു് നേരമേറെയായി. എങ്കിലും അതിന്റെ ലഹരിയിലാണു് ഞാനിപ്പോഴും. അതിസുന്ദരിയാണു് അമ്മിണിക്കുട്ടി. പലപ്പോഴും ആൺകുട്ടിയുടെ ‘ചൊറുചൊറുക്കും” അവൾ പ്രദർശിപ്പിക്കും. അങ്ങനെ ആരുടെയും മനംകവരുന്ന അവൾക്ക്, അമ്പലത്തിൽ മാലകെട്ടിക്കൊണ്ടിരിക്കുന്ന അവൾക്കു് ഒരു മാറ്റം. വല്ലാഴ്മ. കവി അവളോടു ചോദിക്കുന്നു:

ഭൈരവി, തോടി മുഖാരിയുമാനന്ദ-

ഭൈരവിയിങ്ങനെ മാറിമാറി

ഈണത്തിൽ കേൾക്കാം തിടപ്പള്ളിയിൽനിന്നൊ-

രോണക്കിനാവിൻ ചിറകടിപോൽ!

കാതിലാമന്ദ്രസ്വരം വന്നു വീഴേണ്ട

താമസം! എന്താണീയാത്മഹർഷം?

പൂനിലാപ്പുഞ്ചിരി തൂകി നിൻ കൈകളിൽ

പൂവും പ്രസാദവും നൽകിയപ്പോൾ

‘എന്തൊരു ഭംഗി’യെന്നദ്ദേഹം മൂകമായ്

നിൻകാതിൽ ചൊല്ലിയോ? തോന്നലാണോ?

എന്താണു പറ്റിയതമ്മിണി നിൻമന-

ശ്ശാന്തി കെടുത്തിയോ ശാന്തിക്കാരൻ?

നിരപരാധയും സുപരിചിതയുമായ ഒരു പെൺകുട്ടിയുടെ മനസ്സിൽ രാഗമങ്കുരിച്ചതെങ്ങനെയെന്നു് വ്യഞ്ജിപ്പിക്കുന്ന ഈ കാവ്യം ചേതോഹരമാണു്. അതിന്റെ ശൈലിയും വാങ്ങ്മയ ചിത്രവും പ്രതിപാദ്യവിഷയത്തിനു് അനുരൂപം. കവിതയ്ക്കു രാജമകുടം ചാർത്തുന്നു അതിന്റെ പര്യവസാനം. നമ്മളെന്തിനു തങ്കക്കിനാക്കൾ എന്നൊക്കെ പറയുന്നു? ഏതു തങ്കക്കിനാവിനെക്കാളും സൗന്ദര്യമുണ്ടു് ചൊവ്വലൂർ കൃഷ്ണൻകുട്ടി സ്ഫുടീകരിക്കുന്ന നിത്യജീവിത യഥാർത്ഥ്യത്തിനു്.

images/Steviesmith2.jpg
സ്റ്റീവി സ്മിത്ത്

ഇതെഴുതുന്ന ആളിനു സ്റ്റീവിസ്മിത്തി ന്റെ കാവ്യങ്ങൾ ഏറെയിഷ്ടമാണു്. ഒന്നു കേട്ടാലും:

It was my bridal night I remember

An old man of seventy three

I lay with my young bride in my arms

A girl with t.b.

It was wartime, and over head

The Germans were making a

Particularly heavy raid on Hampstead

Harry, do they ever collide?

I do not think it has ever happened

Oh my bride, my bride.

(ഞാനോർമ്മിക്കുന്നു. അതെന്റെ പ്രഥമരാത്രിയായിരുന്നു. ഞാൻ എഴുപത്തിമൂന്നു വയസ്സായ കിഴവൻ. ക്ഷയം പിടിച്ച നവവധുവുമായി ഞാൻ കിടന്നു. യുദ്ധകാലം. ഹാംപ്സ്റ്റിഡിൽ ജർമ്മൻകാർ കനത്ത ആക്രമണം നടത്തുന്നു. (അവൾ ചോദിച്ചു) ഹാരി, ആ വിമാനങ്ങൾ കൂട്ടിമുട്ടാറുണ്ടോ? ഓമനേ അതൊരിക്കലും സംഭവിച്ചിട്ടില്ല.)

സഹിക്കൂ

പെരുങ്കുടലിൽനിന്നു തള്ളിനില്ക്കുന്ന ഒരു ട്യൂബാണു് അപ്പെൻഡിക്സ് (Vermi form appendix). മനുഷ്യന്റെ പരിണാത്മകമായ ചിത്രത്തിൽ അതു് നിഷ്പ്രയോജനമായി ഭവിച്ചു. ഒരു കാലത്തു പ്രയോജനമുണ്ടായിരുന്നിരിക്കാം. ഉച്ചരിത വസ്തുക്കൾ അതിൽ അടിഞ്ഞുകൂടുമ്പോൾ രോഗമുണ്ടാകുന്നു. വല്ലാത്ത വേദന. ഛർദ്ദി, പനി ഇവ ലക്ഷണങ്ങൾ. രക്തത്തിലെ ശ്വേതാണുക്കൾക്കും വർദ്ധനയുണ്ടാകും. രോഗമെന്തെന്നു് അറിയാതെ വയറിളക്കിയാൽ അപ്പെൻഡിക്സ് പൊട്ടും. അതു മാരകവുമാണു്. ഇതുപോലെ വ്യർത്ഥവസ്തുക്കൾ പലപ്പോഴും മരണത്തിനു കാരണമായിഭവിക്കാറുണ്ടു്. ഒരു വസ്തു, ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബി. ബാലാനന്ദൻ എഴുതിയ ‘ചിരുതയുടെ കാലം’ എന്ന കഥയാണു്. ചിരുതയ്ക്കു കുട്ടിയെ സ്ക്കൂളിൽ ചേർക്കാൻ ജാതി സർട്ടിഫിക്കറ്റ് വേണം. ചിരുത താണ ജാതിയിൽ പെട്ടവൾ. അവളുടെ ഭർത്താവു് വേറൊരു ജാതിക്കാരൻ. അതുകൊണ്ടു് സർട്ടിഫിക്കറ്റ് കിട്ടുന്നില്ല. അവൾ സങ്കടപ്പെടുന്നു. ബാലിശമായ ഇക്കഥയിൽ അതില്ല. ഇതില്ല എന്നും മറ്റും പറയേണ്ടതില്ല. അപ്പെൻഡിക്സ് നീർക്കൊണ്ടിരിക്കുമ്പോൾ എനിമയും കൊടുത്തുകൂടാ. മർദ്ദംകൊണ്ടു് അതു് പൊട്ടും. അതിനാൽ വിമർശനമെന്ന എനിമയും ഇവിടെ ആവശ്യമില്ല. കുഷ്ഠം, പ്ലേഗ് ഇവയൊക്കെ ആവർത്തിച്ചു വന്നുകൊണ്ടിരിക്കും. ഇതേ രീതിയിലുള്ള കഥകൾക്കും ആവർത്തന സ്വഭാവമുണ്ടു്. സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല.

‘ഒ’യുടെ കഥ

ബതായി യുടെ (George Bataille) The story of the Eye എന്ന പോർണോഗ്രഫിക്—സറീയലിസ്റ്റിക് നോവൽ വായിച്ചുകഴിഞ്ഞപ്പോഴാണു് സൂസൻ സൊൺടാഗ് മുൻപെഴുതിയതും അതിൽ എടുത്തു ചേർത്തിരിക്കുന്നതുമായ അത്യുജ്ജ്വലമായ പ്രബന്ധം കണ്ടതു്. അതിൽ, Pauline Reage എന്ന കള്ളപ്പേരിൽ ഒരു സ്ത്രീ തന്നെ എഴുതിയിരിക്കാനിടയുള്ള Story of O എന്ന പോർണോഗ്രാഫിക് നോവലിന്റെ വിമർശനമുണ്ടു്. സൊൺടാഗ് വിശദമായിത്തന്നെ അതിനെക്കുറിച്ചു് എഴുതിയിരിക്കുന്നു. ഹാരോൾഡ് പിന്റർ “A remarkable piece of work” എന്നും ഗ്രേയം ഗ്രീൻ “A rare thing, a pornographic book well written and without a trace of obscenity” എന്നും വാഴ്ത്തിയ ഈ നോവൽ വായിക്കണമെന്നു് എനിക്കു് ആഗ്രഹമുണ്ടായി. അടുത്തകാലത്തു് എനിക്കതു കിട്ടി. വായിച്ചു. ‘ഒ’ എന്ന തരുണിയുടെ ഇച്ഛാശക്തിയെ അടിച്ചമർത്തുന്നതാണു് ഇതിലെ കഥ. അവളുടെ മനസ്സിനെയും അതിന്റെ സങ്കീർണ്ണതകളെയും അനായാസമായി ഇവിടെ അനാവരണം ചെയ്യുന്നു. സാഡിസം, മസോക്കിസം ഇവ നല്കുന്ന ആഹ്ളാദത്തിൽ തൽപരരായ കുറെയാളുകൾ ‘ഒ’യെ പീഡിപ്പിക്കുന്ന ചിത്രമാണു് ഇതിൽ പ്രധാനമായും ഉള്ളതു്. പല കാമുകന്മാർക്കും അവൾ വിധേയയാകുന്നു. സ്ത്രീകളുടെ സ്വവർഗ്ഗരതിയിൽനിന്നും അവൾ മോചനം നേടിയിട്ടില്ല. അവസാനമായി ഒരു കഥാപാത്രം അവളോടു പറയുന്നു. “You are free now… You have the diamonds, You can go home” ‘ഒ’ നിലവിളിച്ചില്ല. മറുപടിയും നല്കിയില്ല. അപ്പോൾ ആ കഥാപാത്രം വീണ്ടും പറയുകയായി: But if you prefer you can stay on here. സ്പാനിഷ് ഫിലിം ഡയറക്ടർ ലൂയീസ് ബൂൻയൂയിലി ന്റെ (Bunuel) L’Age d’or എന്ന ചലചിത്രത്തോടു സാദൃശ്യമുള്ള കൃതിയാണു് Story of O എന്നു സൊൺടാഗ് എഴുതുന്നു. ഇതൊക്കെ വായിച്ചാൽ സെക്സിനെ കലയാക്കി മാറ്റുന്ന രീതി നമുക്കു മനസ്സിലാക്കാവുന്നതാണു്.

നിരീക്ഷണങ്ങൾ

“നിരവധി പ്രതീക്ഷകൾ

തകരുമവിടെക്കഴുക-

ഖഗനിരയിരയ്ക്കു

പരതുന്നു.

തകരുമകതാരിന്റെ

രുധിരാനനവാർന്ന നാ-

വിനു കഠാരത്തിന്റെ മൂർച്ച

അവിടെയൊരു കനിവിന്റെ

നിഴലു വിരിയിക്കുന്ന

മുകിലു വരുമോ

ഇളംകാറ്റേ.”

എന്നു ഡോക്ടർ ചാഴിക്കാടന്റെ കാവ്യം ദീപിക ആഴ്ചപ്പതിപ്പിൽ. ശൈത്യത്തിന്റെ സ്വഭാവമറിയണമെങ്കിൽ ചൂടിന്റെ തീക്ഷ്ണത നാമറിഞ്ഞേ പറ്റൂ. അതു രണ്ടും ഗ്രഹിപ്പിക്കുന്നു കവി.

“പിന്നെയടക്കുവാനായില്ല. വീണൂ

നിദാഘംവരട്ടിയ പൂഴിമണ്ണിൽ, നദി

കൂലം തകർത്തെന്നോ പാഞ്ഞസ്മരണകൾ

പാടുകൾ വീഴ്ത്തിയ മൺതിട്ടയിൽ ഏതോ

വിഭ്രാന്ത വിസ്മൃതി പൂകിക്കിടന്നു ഞാൻ”

എന്നു് ദേവി ആലപ്പുഴ മാമാങ്കം വാരികയിൽ. അങ്ങനെ കിടന്ന സമയത്തായിരിക്കണം ശ്രീമതി ഈ വരികൾ കുറിച്ചതു്.

ക്ഷണിക്കപ്പെടാതെ പന്തലിൽ കയറിയിരുന്നു് ഉണ്ടതിനു് ഒരു ബാലൻ അപമാനിതനായി. കാലം കഴിഞ്ഞു് അയാളൊരു പ്രമാണിയാകുന്നു. അപമാനിച്ച മുതലാളി നടത്തുന്ന “ഊട്ടി’നെ ക്കുറിച്ചു റിപ്പോർട്ട് ചെയ്യാൻ അയാളെത്തുന്നു. ഇതാണു് കെ. കവിത തരംഗിണി വാരികയിലെഴുതിയ ‘ഊട്ടു്’ എന്ന കഥയുടെ സാരം. ഇക്കഥയിൽ കണ്ണീരുണ്ടോ? ഇല്ല. യാതനയുണ്ടോ? ഇല്ല. പിന്നെന്തുണ്ടു്? എനിക്കറിഞ്ഞുകൂടാ.

വൈലോപ്പിള്ളി

മൂല്യരഹിതങ്ങളായ വസ്തുക്കളും മൂല്യങ്ങളെ നിരാകരിക്കുന്ന ആളുകളും നിറഞ്ഞ ഈ ലോകത്തു പ്രവാസദുഃഖം അനുഭവിക്കുന്ന കവികൾ ഏറെയുണ്ടു്. അവരിൽ വൈലോപ്പിള്ളി ശ്രീധരമേനോനു സുപ്രധാനമായ സ്ഥാനമാണുള്ളതു്. വേദനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, നിഗ്രഹിക്കുന്ന ഈ ലോകത്തെ കലയുടെ സ്ഫടികമന്ദിരത്തിൽ കയറിനിന്നു കൊണ്ടു് അദ്ദേഹം ആക്രമിക്കുന്നു. ഇങ്ങനെയുള്ള കവികളുള്ളതുകൊണ്ടു മാത്രമാണു് നമ്മൾ ഇവിടെ ജീവിച്ചുപോകുന്നതു്. ഇല്ലെങ്കിൽ എന്നേ നമ്മൾ മരിച്ചുപോകുമായിരുന്നു. വൈലോപ്പിള്ളി എന്ന അനുഗൃഹീതനായ കവി നൃശംസതയേയും അന്ധകാരത്തേയും ആക്രമിച്ചു് ആ രണ്ടിന്റെയും തീക്ഷ്ണത കുറയ്ക്കുന്നു. അദ്ദേഹത്തിനു ധന്യവാദം.

images/HarchandSinghLongowal.jpg
ലോംഗോവാൾ

ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കു ലോംഗോവാൾ വെടിയേറ്റു മരിച്ചു എന്ന വാർത്ത ഇന്നത്തെ ദിനപത്രത്തിൽ കണ്ടതിനു ശേഷമാണു് ദുഃഖം നിയന്ത്രിച്ച്, ഞെട്ടൽ മറച്ചു് ഞാൻ വൈലോപ്പിള്ളിയുടെ ‘കൃഷ്ണമൃഗങ്ങൾ’ എന്ന കാലിക പ്രാധാന്യമുള്ള കാവ്യം വായിച്ചതു്. ക്രാന്തദർശിയാണു് കവി എന്ന ചൊല്ലു് പ്രതിപദം പ്രത്യക്ഷരം ശരിയാണെന്നു ഗ്രഹിക്കുകയും ചെയ്തു. ആ കൃഷ്ണമൃഗങ്ങളെ കാണാൻ വായനക്കാർക്കു കൗതുകമില്ലേ? എങ്കിൽ കാണൂ.

കർണാമൃത, മൂഷഃപൂജാമണികേട്ടു

പർണാശ്രമത്തിലെന്നപോലെ

അല്പം പിരിഞ്ഞു കൂർത്തുള്ളകൊമ്പാൽ ദര

ശുഭ്രമുദരം ചൊറിഞ്ഞുകൊണ്ടും

ഉല്പല കഡ്മളംപോലെഴും മോന്തയി-

ലല്പമാം മഞ്ഞുപോൽ വേർപ്പണിഞ്ഞും

കോമളഗാത്രികൾ കണ്ടു കൊതിക്കുന്ന

വാർമിഴി പാതിയടച്ചുകൊണ്ടും

ചെന്നായ്ക്കളേയും തുരത്തിക്കുതിക്കുന്ന

ചെല്ലക്കുളമ്പുകൾ ചായ്ച്ചുവച്ചും

നിഷ്പന്ദശാന്തി നിധികളീയേണങ്ങ-

ളുല്പന്ന വിശ്വാസമിങ്ങുവാഴ്കെ’

ഇങ്ങനെ അവ മൃഗശാലയിൽ കഴിഞ്ഞുകൂടുമ്പോൾ കമ്പിവേലി കടന്നുചെന്നു നായ്ക്കൾ നാലെണ്ണത്തിനെ കടിച്ചു തിന്നു. തീവ്രവേദന സഹിക്കാനാവാതെ രണ്ടെണ്ണം കമ്പിയിൽ തലതല്ലി ആത്മഹത്യ ചെയ്തു. രണ്ടുമാസം കഴിഞ്ഞപ്പോൾ വീണ്ടും രണ്ടു കൃഷ്ണമൃഗങ്ങളെ കൊണ്ടുവന്നു. അവയിൽ ഒന്നിനെ പട്ടി തിന്നു. മറ്റേതു് തലതല്ലി മരിച്ചു. കവി കാവ്യം അവസാനിപ്പിക്കുകയാണു്:

മറ്റൂള്ളോരാദ്യത്തെപ്പാഠം മറന്നാലും

പട്ടികളാരുചിയോർമ്മിക്കുന്നു!

പട്ടടിഞ്ഞീടുന്നുപാവങ്ങൾ, മാനുകൾ

പട്ടികൾപേർത്തും പെരുകിടുന്നു.

സാമാന്യമായതിനെ സവിശേഷമായതു സൂചിപ്പിക്കുമ്പോൾ അതു സിംബലായി മാറുന്നു. ആ സിംബൽ— പ്രതിരൂപം—അവ്യക്തമല്ല. വ്യക്തമാണു്. കൃഷ്ണമൃഗങ്ങളെപ്പോലുള്ള നല്ല മനുഷ്യരെ നശിപ്പിക്കുന്ന സംഹാരാത്മകശക്തിയെ കവി ശ്വാനന്മാരിലൂടെ അഭിവ്യജ്ഞിപ്പിക്കുന്നു. നൃശംസതയെ അതിന്റെ ആഴത്തോളം ചെന്നുനോക്കുന്ന ഈ കാവ്യം ഈ കാലയളവിലെ സുശക്തമായ കാവ്യമാണു് (കാവ്യം മാതൃഭൂമി ഓണപ്പതിപ്പിൽ).

ഗർഭിണിയായ ലക്ചറർ ലീവിൽ പോകുന്നതിനു മുൻപു് കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചു് എന്നോടു്: “സാർ, ശാകുന്തളം കഴിഞ്ഞിട്ടു പോരേ ‘കുമാരസംഭവം?’ ” ഞാൻ; “വേണ്ട. കുമാരസംഭവം കഴിഞ്ഞിട്ടു മതി ശാകുന്തളം”.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-09-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.