സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-12-15-ൽ പ്രസിദ്ധീകരിച്ചതു്)

images/LesMiserables.jpg

പാവങ്ങൾ’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഷാങ്വൽ ഷാങ് പത്തൊൻപതു കൊല്ലം കാരാഗൃഹത്തിൽകിടന്നതു് ഒരു കഷണം റൊട്ടി മോഷ്ടിച്ചതുകൊണ്ടാണു്. വിറകുവെട്ടുകാരനായ അയാൾക്കു് അന്നു് ഒന്നും കിട്ടിയില്ല. വീട്ടിൽ സഹോദരിയുടെ കുഞ്ഞുങ്ങൾ പട്ടിണികിടക്കുകയാണു്. നിരാശനായി തിരിച്ചു വീട്ടിലേക്കുപോരുമ്പോൾ ഭക്ഷണശാലയിൽ കണ്ണാടി അലമാരിക്കകത്തു് റൊട്ടി ഇരിക്കുന്നതു് അയാൾ കണ്ടു. ഒരിടി. കണ്ണാടിപൊട്ടി, കൈമുറിഞ്ഞു, ഷാങ്വൽ ഷാങ് റൊട്ടിയെടുത്തുകൊണ്ടു് ഓടി. അയാളെ പിടികൂടി. ഇതെഴുതുന്ന ആളിന്റെ ഓർമ്മ അയാളെ ചതിക്കുന്നില്ലെങ്കിൽ അഞ്ചു വർഷത്തേക്കാണു നിയമം ഷാങ്വൽ ഷാങ്ങിനെ കാരഗൃഹത്തിലേക്കു് അയച്ചതു്. പിന്നീടു് പല തവണ രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ പേരിൽ ആ തടവു് പത്തൊൻപതു വർഷത്തേക്കു നീണ്ടു. ഈ ലോകത്തു വിശപ്പുള്ളവർ എത്രയോ കൂടുതൽ. അവരൊക്കെ കണ്ണാടി ഇടിച്ചുപൊട്ടിച്ചു റൊട്ടി എടുത്തുകൊണ്ടു് ഓടാറുണ്ടോ? ഇല്ല. നാക്കിൽ വെള്ളമൂറിക്കൊണ്ടു് അവർ റൊട്ടിയും മറ്റു ഭക്ഷണപദാർത്ഥങ്ങളും നോക്കിനിൽക്കും. പല ദിവസം അങ്ങനെ നോക്കി നിൽക്കുമ്പോൾ ഭക്ഷണപദാർത്ഥത്തോടു വെറുപ്പു തോന്നും.

നമ്മൾ പത്രത്തിൽ വായിക്കുന്നു: “അവൻ അവളെ ബലാത്സംഗം ചെയ്തു. പൊലീസ് അവനെ അറസ്റ്റ് ചെയ്തു”. പലതവണ അവൻ അവളെ കണ്ടിരിക്കും. കാമവികാരം ഇളകിയിരിക്കും. സമയവും സ്ഥലവും സൗകര്യവും നൽകിയപ്പോൾ ധർഷണം നടന്നിരിക്കും. ജയിലിൽ പോയെങ്കിലും അവനു് സ്ത്രീകളോടു് വെറുപ്പില്ല. അതല്ല നിയമത്തെ പേടിക്കുന്നവന്റെ സ്ഥിതി. കൊലുസ്സിട്ട കാലുകൾ പാതയിലൂടെ ലയാത്മകമായി നീങ്ങുന്നതു കാണുമ്പോൾ ‘ഹാ’ എന്നു് അവൻ പറഞ്ഞിരിക്കും. അവൾ ബസ്സിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ മുട്ടുവരെ നഗ്നമാകുന്ന കാലുകൾ അവനെ വികാരമൂർച്ഛയിലേക്കു് എറിഞ്ഞിരിക്കും. മഴവില്ലിന്റെ മനോഹാരിത കലർന്ന പട്ടുനാട കാറ്റിൽ പറപ്പിച്ചുകൊണ്ടു് അവൾ സ്കൂട്ടറിന്റെ പിറകിൽ ഇരുന്നു സഞ്ചരിക്കുമ്പോൾ അതു കാണുന്ന അവനു് ഹർഷാതിശയം. ഇങ്ങനെ പലപല ദൃശ്യങ്ങൾ അവനെ കാമോൽസുകതയിലേക്കു കൊണ്ടുചെല്ലുകയും ഒന്നിനും സാക്ഷാത്കാരം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ വെറുപ്പു് അവന്റെ ഹൃദയത്തിൽ മൊട്ടിടുന്നു. ക്രമേണ അതു വിരിയുന്നു. പിന്നീടു് സ്ത്രീകളെയാകെ അവൻ വെറുക്കുന്നു.

മലയാളം മാത്രമറിയുന്ന വായനക്കാരൻ ഇവനിൽനിന്നു വിഭിന്നനല്ല. വെണ്മയാർന്ന കടലാസ്സ്—മനോഹരമായ അച്ചടി. നല്ല ബൈൻഡ്, അതിനെ ആകർഷകമാക്കുന്ന പുറംചട്ട. ഏതു പുസ്തകമാണതു്? നോബൽ സമ്മാനം നേടിയ ക്ലോദ് സീമൊങ്ങി ന്റെ മാസ്റ്റർപീസ് – The Flanders Road – ഇംഗ്ലീഷ് തർജ്ജമയാണിതു്. അക്കാണുന്ന പുസ്തകമോ? അതു് സ്പാനിഷ് നോവലിസ്റ്റായ ലേയോപോൾഡോ ആലാസി ന്റെ (Leopoldo Alas) ലാ റേഹേന്റ എന്ന വിശിഷ്ടമായ നോവൽ. ആദ്യത്തെ ഇംഗ്ലീഷ് തർജ്ജമ കഴിഞ്ഞ വർഷമേ പ്രസിദ്ധപ്പെടുത്തിയുള്ളു. എഴുന്നൂറിലധികം പുറങ്ങളുള്ള ഈ നോവലിന്റെ വില ഒൻപതു പവൻ തൊണ്ണൂറ്റിയഞ്ചു് പെൻസാണു്. ഏതാണ്ടു് നൂറ്റി എഴുപത്തിയഞ്ചു രൂപ. പേപ്പർ ബായ്ക്കാണു്; പെൻഗ്വിൻ പുസ്തകമാണു്. പക്ഷേ എന്തു ഫലം? പുസ്തകം തുറന്നാൽ കാണുന്നതു് ഇംഗ്ലീഷ് അക്ഷരങ്ങൾ. ഇങ്ങനെ പലതവണ വിശ്വസാഹിത്യത്തിലെ മാസ്റ്റർ പീസുകൾ കാണുകയും അവ അനഭിഗമ്യങ്ങൾ ആയിരിക്കുകയും ചെയ്യുമ്പോൾ ദ്വേഷം. അതു ക്രമേണ വികാസം കൊള്ളുന്നു. അവയോടുള്ള വെറുപ്പു് അവ വായിച്ചാസ്വദിക്കുന്നവനോടുള്ള വെറുപ്പായി മാറുന്നു. കാലം ചെല്ലുമ്പോൾ സ്വന്തം ഭാഷയിലെ ഇടത്തരം കൃതികളെ അതിരുകടന്നു വാഴ്ത്താനുള്ള പ്രവണതയായി അതു രൂപാന്തരപ്പെടുന്നു. ഈ രോഗത്തിനു ചികിത്സയില്ല, പരിഹാരമില്ല.

images/NNKakkad.jpg
എൻ. എൻ. കക്കാടു്

ഇതിനു നേരേ വിപരീതമായി ഇംഗ്ലീഷിലേ എല്ലാമുള്ളു എന്നു പറയുന്ന ചില ഇംഗ്ലീഷ് പ്രൊഫസർമാരുമുണ്ടു്. “ഓ മലയാലം അതിലെന്തുണ്ടു്? കീറ്റ്സി ന്റെ കവിതയാണു് കവിത; എല്യറ്റി ന്റെ കവിതയാണു് കവിത” എന്നു് അവർ ഉദ്ഘോഷിക്കും. പണ്ടു്, ഇതെഴുതുന്ന ആളിനെ കാണാൻ ചവറയിലെ ഒരു ധനികൻ വന്നു. അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ഓഫീസിൽ ജോലിചെയ്യുന്ന ആ …നായരില്ലേ? അയാളെക്കൊണ്ടു് എന്റെ മകളെ വിവാഹം കഴിപ്പിച്ചാൽ കൊള്ളാം. എന്റെ കൂടെ വരൂ. നമുക്കു് അയാളുടെ അച്ഛനെ കാണാം”. ഞങ്ങൾ പോയി. തന്തയ്ക്കും സമ്മതം. പക്ഷേ, മകൻ പറഞ്ഞുകളഞ്ഞു: “ലുക്ക് ഹീയർ ഫാദർ. ഐ വിൽ മാരി ഒൻലി ദി ഡോട്ടർ ഒഫ് ആൻ ഐ. സി. എസ്. ഓഫീസർ”. ധനികനും (ഒരു കൺട്രാക്ടറായിരുന്നു അദ്ദേഹം) ഞാനും റോഡിലേക്കു പോന്നു. “ഇനി എന്തു ചെയ്യാൻ?” എന്നു് അദ്ദേഹം നിരാശതയോടെ ചോദിച്ചതു് കേട്ടപ്പോൾ എനിക്കു ദുഃഖം തോന്നി. ഞാൻ പെട്ടെന്നു് ആ വീട്ടിലേക്കു കയറിച്ചെന്നു് എന്റെ സഹപ്രവർത്തകനോടു പറഞ്ഞു: “നോക്കൂ …നായരേ. നിങ്ങൾ ഈ കുട്ടിയെത്തന്നെ വിവാഹം കഴിക്കു. അവളുടെ അച്ഛനെ (65 വയസ്സു്) നമുക്കു് ഐ. സി. എസ്. പരീക്ഷയ്ക്കു് ഇംഗ്ലണ്ടിൽ അയയ്ക്കാം. ചുണ്ടു് ഒന്നുമലർത്തി, കോപത്തോടെ എന്നെ നോക്കിയിട്ടു് അയാൾ വീട്ടിനകത്തേക്കു പോയി. മലയാള സാഹിത്യത്തെ, ഇംഗ്ലീഷ് പഠിച്ചുപോയി എന്നതുകൊണ്ടു് മാത്രം പുച്ഛിക്കുന്ന ഇംഗ്ലീഷ് പ്രൊഫസർമാരുടെ ശ്വശുരന്മാരെ ഐ. എ. എസ്. പരീക്ഷയ്ക്കു് അയക്കേണ്ടതാണു്. (ഇപ്പോൾ ഐ. സി. എസ്. ഇല്ലല്ലോ.)

എൻ. എൻ. കക്കാടു്

അഥർവവേദത്തിലെ യക്ഷ്മനിവാരണ നിർദ്ദേശങ്ങളിൽ ഇങ്ങനെ കാണുന്നു:

“നിന്റെ കാലിൽനിന്നു്, നിന്റെ മുട്ടിൽനിന്നു്, നിന്റെ അരക്കെട്ടിൽ നിന്നു്, നിന്റെ പൃഷ്ഠത്തിൽനിന്നു്, നിന്റെ നട്ടെല്ലിൽനിന്നു്, നിന്റെ കഴുത്തിൽനിന്നു്, നിന്റെ ശിരസ്സിൽനിന്നു്, ഞാൻ എല്ലാ രോഗങ്ങളും നിർമ്മാർജ്ജനം ചെയ്തു. നിന്റെ തലയോട്ടിലെ എല്ലാ അസ്ഥികളും അരോഗാവസ്ഥയിൽ. നിന്റെ ഹൃദയം വീണ്ടും നല്ലപോലെ സ്പന്ദിക്കുന്നു. ഉദിച്ചുയരുന്ന പ്രഭാകര, അങ്ങു് രശ്മികൾകൊണ്ടു് തലവേദനയെ അകറ്റി. കൊടിയ വേദനകൾ ഇല്ലാതാക്കി.” (അഥർവവേദം IX-8.)

പിന്നെയെല്ലാമലിഞ്ഞൊന്നായ് സത്തുമസത്തുമല്ലാത്ത മഹാസാന്ദ്ര വ്യാപ്തിയായ്, കേവലനാദമായ് ഘനപ്രജ്ഞയായാനന്ദമായ് അലകളടങ്ങി നിഷ്പന്ദമായ് ശാന്തമാകുന്നു, ശാന്തമാകുന്നു.

ബി. സി. 1500-നു് അടുപ്പിച്ചു് ജീവിച്ചിരുന്ന ധിഷണാശാലികൾ മനുഷ്യന്റെ വേദനകളെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്നതിനു് ഇതു തെളിവുനല്കുന്നു. ഈ ശതാബ്ദത്തിലും കവി അതിനെപ്പറ്റി പാടുന്നുവെന്നു് നമ്മൾ എൻ. എൻ. കക്കാടി ന്റെ കാവ്യത്തിൽനിന്നു മനസ്സിലാക്കുന്നു (ഇന്റൻസീവ് കെയർ, മാതൃഭൂമി). വെറും വേദനയല്ല, തീവ്രവേദന. കവിയുടെ ഭാഷയിലാണെങ്കിൽ

എങ്ങോ പുളഞ്ഞു കൊളുത്തി വലിയുന്നി

തംഗങ്ങളൊക്കെയും നേർത്ത നോവിൽ”

ഈ യാതനയെ ലഘൂകരിക്കാൻ പരബ്രഹ്മമുണ്ടെന്നു വേദം. നമ്മുടെ കവിക്കുള്ള യാതനയെ ലഘൂകരിക്കുന്നതു് സ്നേഹമാണു്. “കണ്ണീർചിരിയിൽ തിളങ്ങും പ്രിയാമുഖത്തിൽ” നിന്നു് അതു പ്രസരിക്കുന്നു. രോഗി താണുപോകുമ്പോൾ അദ്ദേഹത്തെ മെല്ലെ ഉയർത്തുന്ന കിടാങ്ങളുടെ കൈകളിൽനിന്നും അതു നിർഗ്ഗളിക്കുന്നു. അപ്പോൾ

പിന്നെയെല്ലാമലിഞ്ഞൊന്നായ്

സത്തുമസത്തുമല്ലാത്ത മഹാ സാന്ദ്ര

വ്യാപ്തിയായ്, കേവല നാദമായ്

ഘന പ്രജ്ഞയായാനന്ദമായ്

അലകളടങ്ങി നിഷ്പന്ദമായ്

ശാന്തമാകുന്നു, ശാന്തമാകുന്നു.

രോഗാർത്തനെങ്കിലും, നിരാശനെങ്കിലും ആത്മവീര്യം കെട്ടുപോകാതെ കഴിയുന്ന ഒരു മനുഷ്യനെ സ്നേഹത്തിന്റെ പ്രകാശത്തിൽ തേജോമയനാക്കുന്ന പ്രക്രിയയെ രൂപശില്പത്തികവോടുകൂടി ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ വേദനകളെയും നൈരാശ്യങ്ങളെയും ദൂരീകരിക്കുന്നു.

ലജ്ജാവഹം
images/CuredtoDeath.jpg

നാണംകെട്ടു് ഉണ്ടാക്കുന്ന പണം ആ നാണക്കേടിനെ ഇല്ലാതാക്കിക്കൊള്ളും എന്നൊരു ചൊല്ലുണ്ടല്ലോ നമുക്കു്. അതനുസരിച്ചു് ദേശാഭിമാനി വാരികയിൽ “ചികിത്സിച്ചു ചാവുക” എന്ന ലേഖനമെഴുതിയ പി. പി. കെ. പൊതുവാളിനു് വാരികയിൽനിന്നു കിട്ടുന്ന പ്രതിഫലം അദ്ദേഹത്തിനു് ഉണ്ടാകാവുന്ന ലജ്ജാരാഹിത്യത്തെ നശിപ്പിച്ചു കളയും എന്നു നമുക്കു ഉറപ്പോടുകൂടി പറയാം. ആ ലജ്ജാരാഹിത്യ നാശനത്തിനു ശേഷം പൊതുവാളിനു വേറൊരു ഇംഗ്ലീഷ് പുസ്തകമെടുത്തു തർജ്ജമചെയ്തു ലേഖനമാക്കാം. അതു പ്രസിദ്ധപ്പെടുത്തിക്കിട്ടിയാൽ പ്രതിഫലവും വാങ്ങാം. അതു് ഒരു അവിരാമ പ്രവർത്തനമായി ഭവിക്കട്ടെ. കാര്യമെന്തെന്നല്ലേ? പറയാം.

അറബെല്ലാ മെൽവിലും കോളിൻ ജോൺസണും ചേർന്നെഴുതിയ ‘Cured to Death’ എന്ന പുസ്തകത്തിലെ വാക്യങ്ങൾ തർജ്ജമ ചെയ്തു ലേഖനമാക്കിയിരിക്കുകയാണു് പൊതുവാൾ. ഏതാനും വാക്യങ്ങൾ എടുത്തെഴുതാനേ ഇവിടെ സ്ഥലമുള്ളു. ഇതാ പൊതുവാളിന്റെ വാക്യങ്ങൾ:

  1. “പണം കൊടുത്തു് മാറാരോഗം വാങ്ങുന്നതിനു് മറ്റൊരുദാഹരണം തല വേദനയാണു്. ഇന്നു് എല്ലാ സമൂഹങ്ങളിലും തലവേദന ഒരു മാന്യരോഗത്തിന്റെ സ്റ്റാറ്റസ് കരസ്ഥമാക്കിയിട്ടുണ്ടു്. ശുദ്ധവായു, വിശ്രമം, ആവശ്യത്തിനു് വെള്ളം, ഭക്ഷണം, മാനസിക വിശ്രാന്തി എന്നിവകൊണ്ടോ, വേണ്ടിവന്നാൽ ആസ്പിരിൻ പോലുള്ള ശക്തി കുറഞ്ഞ ഒരു വേദനാ സംഹാരി കൊണ്ടോ ആണു് തലവേദന എന്ന രോഗ ലക്ഷണത്തെ ഇല്ലായ്മ ചെയ്യേണ്ടതെന്നു് വിദഗ്ദ്ധന്മാർ പറയുന്നു”. ഇനി സായ്പന്മാരുടെ വാക്യങ്ങൾ The headache is an example of an everyday problem which was elevated to a disease. Everyone suffers the occasional head ache; it is usually a minor symptom that something needs changing. Fresh air, something to eat or drink, perhaps a little exercise, might be all the body requires to eliminate the symptom or at most a mind analgesic such as aspirin or paracetamol.
  2. പൊതുവാൾ: “…ക്ലോറംഫെനിക്കോൾ ഉപയോഗിച്ചതിന്റെ ഫലമായി ജപ്പാനിൽമാത്രം പതിനായിരമാളുകൾ അപ്പാസ്റ്റിക്ക് (?) അനിമിയ ബാധിച്ചു മരിച്ചു”. സായ്പന്മാർ: Chloramphenicol, a potent but dangerous antibiotic has been calculated to have caused more than 10,000 deaths from aplastic anaemia in Japan. ഇങ്ങനെ എടുത്തെഴുതാൻ തുടങ്ങിയാൽ പൊതുവാളിന്റെ ലേഖനം മുഴുവൻ പകർത്തേണ്ടിവരും. ഒപ്പം സായ്പന്മാരുടെ വാക്യങ്ങളും. ലേഖനത്തിന്റെ തലക്കെട്ടെങ്കിലും മാറ്റണമെന്നു തോന്നിയില്ലല്ലോ അദ്ദേഹത്തിനു്. (‘ചികിത്സിച്ചു ചാവുക’—‘Cured to Death’) സർദാർ കെ. എം. പണിക്കർ ചൈനയിലായിരുന്നകാലം. വിശിഷ്ടാതിഥിയെ ബഹുമാനിക്കാൻ ചൈനയിലെ അധികാരികൾ നടത്തിയ ഒരു ഡിന്നറിൽ പെരുമ്പാമ്പിന്റെ മാംസം വിളമ്പി. കുടിക്കാൻ അതിന്റെ പിത്തവെള്ളവും നൽകിയത്രേ. രണ്ടും കഴിച്ചില്ലെങ്കിൽ അവരെ അപമാനിക്കലാവും. അദ്ദേഹം അപമാനനത്തിനു സന്നദ്ധനായില്ല. ദേശാഭിമാനി എന്ന ഉത്കൃഷ്ട വാരികയാകുന്ന ഭാജനത്തിൽ നൽകിയിരിക്കുന്ന ഈ വാഹസമാംസവും പിത്ത ജലവും ഞാൻ കഴിക്കുന്നു. കെ. എം. പണിക്കർ ചൈനാക്കാർ കാണാതെ ഛർദ്ദിച്ചിരിക്കും. ഞാൻ ബഹുമാനിക്കുന്ന പത്രാധിപസമിതി കാണാതെ മാറിനിന്നു് ഞാനും ഒന്നു ഛർദ്ദിച്ചുകൊള്ളട്ടെ.

ലൂയി പതിനാറാമനും ഭാര്യ മറീ ആങ്ത്വാനത്തും (Marie Antoinette) കൂടി ഒളിച്ചോടുകയായിരുന്നു. വഴിക്കുവച്ചു് കുതിരകളെ മാറേണ്ടിവന്നു. മാറ്റിക്കെട്ടുന്ന സന്ദർഭത്തിൽ രണ്ടുപേരും വണ്ടിയിൽനിന്നിറങ്ങിനിന്നു. അങ്ങനെ നിന്നതാണു് അവരുടെ മരണത്തിനുകാരണമായതു്. വിപ്ലവകാരികൾ ആരാണവർ എന്നു മനസ്സിലാക്കി. അവർ ചക്രവർത്തിയേയും ഭാര്യയേയും പിടിച്ചുകൊണ്ടുപോയി. വിധിവൈപരീത്യം! ഏതു തരത്തിലുള്ള ചൂഷണമായാലും പിടിക്കപ്പെടും. അതും വിധി വൈപരീത്യംതന്നെ. ഇടതുവശത്തു് ഇംഗ്ലീഷ് പുസ്തകവും വലതുവശത്തു വെള്ളക്കടലാസ്സുമായി ഇരിക്കുന്നവർ ഇതോർമ്മിച്ചാൽ നന്നു്.

ഒക്ടാവ്യോ പാസ്സ്
images/OctavioPaz1984-c.jpg
ഒക്ടാവ്യോ പാസ്

ദില്ലിയിൽവച്ചു് തകഴി ശിവശങ്കരപ്പിള്ള യ്ക്കു ജ്ഞാനപീഠം സമ്മാനം നൽകിയതു് മെക്സിക്കൻകവിയായ ഒക്ടാവ്യോ പാസ്സാ ണു്. ആ സന്ദർഭത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞതായി കലാകൗമുദിയുടെ ന്യൂഡെൽഹി ലേഖകൻ എഴുതുന്നു: “സ്പാനിഷ് എഴുത്തുകാരനായ ഞാനും മലയാളം എഴുത്തുകാരനായ തകഴിയും ഇവിടെ ഒന്നാവുകയാണു്. ഭാഷകൾ തീർക്കുന്ന മതിൽക്കെട്ടുകൾ തകർക്കാനുള്ളതാണു് ഈ പുരസ്കാരം. ഇത്തരം മതിൽക്കെട്ടുകൾ തകർത്തു് ഉയർന്നു വന്നതാണു് ഇന്ത്യ” (ലക്കം 533 പുറം 5). ഒക്ടോവ്യോ പാസ്സിനു് ഇഷ്ടപ്പെട്ട ഒരാശയം തന്നെയാണു് ഇവിടെയും പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നതു്. മുൻപു് അദ്ദേഹം എഴുതി: “യൂറോപ്യൻ സാഹിത്യത്തിന്റെ ഐക്യത്തെ കർട്ടിയസ് വ്യക്തമാക്കി. കഴിഞ്ഞ ശതാബ്ദത്തിലോ മദ്ധ്യകാലയളവിലോ ഉള്ളതിനെക്കാൾ ഇന്നു് ഈ ഐക്യം കൂടുതൽ സ്പഷ്ടവും കൂടുതൽ അടുപ്പമാർന്നതുമാണു്. അതേസമയം അതു കൂടുതൽ വിശാലവും മോസ്കോ തൊട്ടു സാൻഫ്രാൻസിസ്കോ വരെ, സാന്തിയാഗോ തൊട്ടു സിഡ്നി വരെ അതു വ്യാപിച്ചിരിക്കുന്നു. ജർമ്മൻ, പോളിഷ്, റുമേനിയൻ, പോർച്ച്ഗീസ് ഈ ഭാഷകളിലെ നമ്മുടെ കവികൾ ഒരേ കാവ്യമാണു രചിക്കുന്നതു് ” (Renga എന്ന കാവ്യ സമാഹാരഗ്രന്ഥത്തിനു പാസ്സ് എഴുതിയ അവതാരികയിൽനിന്നു്.)

ഒരു വശത്തുനിന്നു മറ്റൊരു വശത്തേക്കു് കടക്കാനുള്ള പദങ്ങൾകൊണ്ടുള്ള പാലമാണു് കവിതയെന്നു പാസ്സ് വേറൊരിടത്തും പറഞ്ഞിട്ടുണ്ടു്. Pasos de un peregrino son errante/Sobre esteragil puente palabras—വാക്കുകളുടെ ദുർബ്ബലമായ പാലത്തിൽ, അലസസഞ്ചാരം ചെയ്യുന്ന തീർത്ഥാടനക്കാരന്റെ കാൽവയ്പുകൾ.

മാറി നിൽക്കു

സായ്പ്. ഏതു സായ്പുമാകട്ടെ. വാക്കുകൾകൊണ്ടു് സാംസ്കാരികമണ്ഡലങ്ങളെ കൂട്ടിയിണക്കുന്ന മഹാകവി ഒക്ടോവ്യോ പാസ്സാകട്ടെ. അല്ലെങ്കിൽ ഇവിടത്തെ രണ്ടാംതരം സാഹിത്യം കണ്ടു് പുളകംകൊള്ളുന്ന ആഷറായിക്കൊള്ളട്ടെ. ആ സായ്പിനെ അഭിസംബോധന ചെയ്തു് പറയുകയാണു്: “സായ്പേ താങ്കൾ ഈ കേരളത്തിൽ കാലുകുത്തിയാൽ വഴുക്കലുള്ള ഒരു മൃഗം നിങ്ങളെ സ്പർശിച്ചുകൊണ്ടു് പാഞ്ഞുപോകും. കണ്ടാലും താങ്കൾക്കു അതിനെ പിടികൂടാൻ തോന്നുകില്ല. മൃഗശാലയിലെ കുഴിയിൽ കിടക്കുന്ന നീർനായെ കണ്ടിട്ടില്ലേ? അതു വെള്ളത്തിൽക്കിടന്നു പുളയ്ക്കുമ്പോഴും ഓടി പാറക്കെട്ടിൽ കയറിനില്ക്കുമ്പോഴും താങ്കൾക്കു വെറുപ്പല്ലേ? കഴിയുന്നതും വേഗം അവിടെനിന്നു് പോകണമെന്നു തോന്നാറില്ലേ? ആ ജന്തു ഒന്നു ശരീരത്തിൽ തൊട്ടുവെന്നുവിചാരിക്കു. താങ്കൾ ബോധംകെട്ടുവീഴും. നീർനായ്ക്കു് സദൃശമായ, വഴുക്കലുള്ള ഒരു ജന്തുവാണു് കൊച്ചിയിലോ തിരുവനന്തപുരത്തോ വന്നിറങ്ങുന്ന നിങ്ങളെ ഉരുമ്മിക്കൊണ്ടു പാഞ്ഞു പോകുന്നതു്. അതാണു് പൈങ്കിളിക്കഥ എന്ന ജന്തു. നീണ്ടമുഖത്തോടുകൂടി, എണ്ണമയമാർന്ന ശരീരത്തോടുകൂടി അതു് അതാ പാഞ്ഞുവരുന്നു. മാറിനിൽക്കു. പറ്റുന്നില്ല. സ്പർശിച്ചു് താങ്കളെ ബോധശൂന്യനാക്കിക്കൊണ്ടു് അതു പാഞ്ഞുപോകുന്നു.

ചേർത്തല ശ്രീദേവിയുടെ ‘സമതലങ്ങൾ’ (വിമൻസ് മാഗസിൻ, ലക്കം) കഥയല്ല. വഴുവഴുപ്പുള്ള ഇരുണ്ടജന്തുവാണതു്. ഭർത്താവു് ഓഫീസിലുള്ള ഒരു ചെറുപ്പക്കാരിയെ സ്നേഹിക്കുന്നുവെന്നു് മനസ്സിലാക്കി ഭാര്യ ദുഃഖിക്കുന്നു. അപ്പോഴാണു് അടുത്തവീട്ടിലെ ഒരു പാവപ്പെട്ട സ്ത്രീയുടെ പരിദേവനം. താൻ എത്ര ഭാര്യമാരെ വേണമെങ്കിലും കൊണ്ടുനടന്നോ… എന്റെ കുഞ്ഞുങ്ങൾക്കു വിശപ്പുമാറ്റാൻ വല്ലതും കൊടുത്താൽ മതി. ഇതുകേൾക്കുന്ന അവൾക്കു് തന്റെ ദുഃഖം എത്ര നിസ്സാരമെന്നു തോന്നുന്നു. ജീവതമുണ്ടോ ഇവിടെ? ഇല്ല. വിഷയത്തിനു് എന്തെങ്കിലും നവീനതയുണ്ടോ? ഇല്ല. പിന്നെന്തുണ്ടു്? ഒന്നുമില്ല. നീർനായ്ക്കൾക്കുള്ള സ്ഥാനം മൃഗശാലയിലെ കുഴിയിലാണു്; വിമൻസ് മാഗസിൻ എന്ന മനോഹരമായ വാരികയിലല്ല.

ഞാനൊരിക്കൽ ഭാരമുള്ള പെട്ടി തൂക്കിക്കൊണ്ടു് എറണാകുളം തീവണ്ടിയാപ്പീസിലേക്കു ഓടുകയായിരുന്നു. ഒരു നമ്പൂതിരി എന്നെ തടഞ്ഞുനിറുത്തിയിട്ടു് പറഞ്ഞു: “തിടുക്കം വേണ്ട, തിടുക്കം വേണ്ട” തീവണ്ടി വൈകിയേ പ്ലാറ്റ്ഫോമിൽ എത്തൂ എന്നു മനസ്സിലാക്കിക്കൊണ്ടു് ഞാൻ നമ്പൂതിരിയുടെ നേർക്കു മുഖഭാവംകൊണ്ടു് ഒരു ചോദ്യമെറിഞ്ഞു. അയാൾ പറഞ്ഞു: “വണ്ടി എപ്പോഴേ പൊയ്ക്കഴിഞ്ഞു”. സാഹിത്യമെന്ന തീവണ്ടി പോയതിനുശേഷവും പൈങ്കിളിപ്പെട്ടിയുമെടുത്തുകൊണ്ടു് പെൺപിള്ളേർ ഓടുകയാണു്. ഏതെങ്കിലും ഒരു നമ്പൂതിരിയുണ്ടോ ഇക്കാര്യം അവരെ അറിയിക്കാൻ?

“നിങ്ങൾ സ്ത്രീവിദ്വേഷിയാണോ?” ഇമ്മട്ടിൽ പലരും ചോദിക്കാറുണ്ടു്. എനിക്കുള്ള ഉത്തരം പണ്ടേ ഡോക്ടർ സാമുവൽ ജോൺസൺ പറഞ്ഞിട്ടുണ്ടു് എന്ന കാര്യം അവരെ അറിയിക്കട്ടെ. “എനിക്കു സ്ത്രീകളുടെ സാമീപ്യം വലിയ ഇഷ്ടമാണു്. ഞാൻ അവരുടെ സൗന്ദര്യം ഇഷ്ടപ്പെടുന്നു; ഞാൻ അവരുടെ പ്രസരിപ്പു് ഇഷ്ടപ്പെടുന്നു; ഞാൻ അവരുടെ നിശ്ശബ്ദതയും ഇഷ്ടപ്പെടുന്നു”.

ചിത്രമാകണം
images/ScarletnBlack.jpg

ആധുനിക നോവലിന്റെ പ്രഭവകേന്ദ്രം സ്റ്റാങ്ദാലി ന്റെ (Stendhal) Scarlet & Black ആണെന്നാണു് മഹാന്മാരായ നിരൂപകർ അഭിപ്രായപ്പെടുന്നതു്. സുന്ദരനും ബുദ്ധിമാനുമായ ഒരു ചെറുപ്പക്കാരൻ ഒരു മേയറുടെ ഭാര്യയെ സ്വന്തമിച്ഛയ്ക്കു് വിധേയയാക്കിയിട്ടു് അവിടംവിട്ടു പോകുന്നു. അവൾ പിന്നീടു അയാളെ ഒറ്റിക്കൊടുക്കുന്നു. അതറിഞ്ഞ ചെറുപ്പക്കാരൻ അവളെ കാണാൻ പോകുകയാണു്. അവളെ വെടിവച്ചു കൊല്ലാനാണു് അയാളുടെ ഉദ്ദേശ്യം. പക്ഷേ സ്റ്റാങ്ദാൽ അതൊരിടത്തും പറയുന്നില്ല. അദ്ദേഹം ഒരു ചിത്രം വരയ്ക്കുന്നതേയുള്ളു വാക്കുകൾകൊണ്ടു്. ചെറുപ്പക്കാരൻ ഒരു ഞായറാഴ്ച കാലത്തു്, അവൾ താമസിക്കുന്ന പട്ടണത്തിൽ വരികയും തോക്കു വാങ്ങിക്കുകയും ചെയ്യുന്നു. എന്നിട്ടു് പള്ളിയിൽ കയറുന്നു. അവൾ പ്രാർത്ഥിക്കുകയാണു്. തന്നെ ഉത്കടമായി സ്നേഹിച്ചിരുന്ന ആ സ്ത്രീയെ കാണുമ്പോൾ അയാളുടെ കൈ വിറയ്ക്കുന്നു. സ്ത്രീ തല ഒന്നു കൂടെ താഴ്ത്തുന്നു. അയാൾക്കു് അവളെ വ്യക്തമായി കാണാൻ വയ്യ. എങ്കിലും വെടി വച്ചു. അതുകൊണ്ടില്ല. വീണ്ടും നിറയൊഴിച്ചു. അവൾ വീണു. രവിവർമ്മയുടെ ചിത്രം നമ്മോടു സംസാരിക്കുന്നതു പോലെ വാക്കുകൾകൊണ്ടുള്ള ഈ ചിത്രവും സംസാരിക്കുന്നു. ഇതാണു് സാഹിത്യത്തിന്റെ സ്വഭാവം. ഇതു മനസ്സിലാക്കിയിട്ടില്ല ‘വേരറ്റു വീണ വൃക്ഷം’ എന്ന കഥയെഴുതിയ ചന്ദ്രശേഖരൻ (മനോരാജ്യം) ഗൃഹനായകന്റെ അസ്ഥി ഇരിക്കുന്ന പറമ്പു് മക്കൾ വിറ്റപ്പോൾ മരിച്ച ആ മനുഷ്യന്റെ ആത്മാവു് അസ്വസ്ഥമാകുന്നതു വർണ്ണിക്കുന്ന ഇക്കഥയിൽ വെറും പ്രസ്താവങ്ങളേയുള്ളു. പ്രസ്താവങ്ങൾക്കു് കലയുമായി ബന്ധമില്ല. അതിനാൽ ചന്ദ്രശേഖരന്റെ കഥ വായനക്കാരുടെ മനസ്സിലേക്കു കടക്കുന്നില്ല. അദ്ദേഹം മഹാന്മാരായ എഴുത്തുകാരുടെ കൃതികൾ വായിച്ചു് ടെക്നിക് മനസ്സിലാക്കിയാൽ ഒരുപക്ഷേ, ഭേദപ്പെട്ട കഥകൾ എഴുതിയേക്കാം.

രജനീഷ് എത്ര യോഗ്യൻ!
images/VinobaBhavestamp.jpg
വിനോബഭാവേ

രജനീഷി ന്റെ പതനത്തെക്കുറിച്ചു് സെഡ്. എം. മൂഴൂർ ദീപിക ആഴ്ചപ്പതിപ്പിൽ എഴുതിയതു് ഞാൻ കൗതുകത്തോടെ വായിച്ചു. ധർമ്മം അധഃപതിച്ചാൽ രാഷ്ട്രം അധഃപതിക്കുമെന്നു ചൂണ്ടിക്കാണിച്ചു് അദ്ദേഹം രജനീഷിന്റെ തത്ത്വചിന്തയും അതിനോടു ചേർന്ന പ്രവർത്തനങ്ങളും അധാർമ്മികങ്ങളായിരുന്നുവെന്നു സൂചിപ്പിക്കുന്നു. സെഡ്. എം. മൂഴൂരിനോടു് എനിക്കു് യോജിക്കാൻ ഒരു പ്രയാസവുമില്ല. എങ്കിലും രജനീഷ് പറഞ്ഞതെന്തെന്നു നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സെക്സ് സൗന്ദര്യമാണെന്നു വാദിച്ചു. അദ്ദേഹം തത്ത്വചിന്താമണ്ഡലത്തിൽ ഒറ്റപ്പെട്ട ആളല്ല. രജനീഷ് ചോദിക്കുന്നു: “[പൂക്കൾ] വിടരുന്നതു് ലൈംഗികപ്രവർത്തനമാണു് എന്നതു് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? നൃത്തവും പാട്ടും പ്രഫുല്ലാവസ്ഥയും ലൈംഗികശക്തിയുടെ ആവിഷ്കാരങ്ങളാണു്. പെൺമയിലിനെ ഭ്രമിപ്പിക്കുവാൻ പീലിവിടർത്തുന്ന ആൺമയിലും പനിനീർച്ചെടിയുടെ അഗ്രത്തിൽ ഉയർന്നുചെന്നു വിടരുന്ന പൂവും കാമോത്സുകങ്ങളായ ഗാനങ്ങൾ പാടുകയും രചിക്കുകയും ചെയ്യുന്ന കവിയും അബോധമനസ്സിലുള്ള ജന്മവാസനാപരങ്ങളായ മൂല്യങ്ങൾക്കു സ്ഫുടീകരണം നൽകുന്നതേയുള്ളു”. ഈ തത്ത്വചിന്തയിൽ വിശ്വസിച്ച രജനീഷ് പ്രായോഗികതലത്തിലും അതു കൊണ്ടുവന്നു. ആധ്യാത്മികത്വം പ്രസംഗിക്കുകയും അതുപോലെ ജീവിക്കുകയും ചെയ്യുന്ന സന്ന്യാസിമാരുണ്ടു്. വിനോബഭാവേ ഒരുദാഹരണം. പകൽസമയത്തു ആധ്യാത്മികത ഘോരഘോരം പ്രസംഗിച്ചിട്ടു് രാത്രിയിൽ അന്തേവാസിനിയായ സന്ന്യാസിനിയെ യോഗമുറകൾ പഠിപ്പിക്കാൻ വിളിക്കുന്ന സന്ന്യാസിമാരുമുണ്ടു്; ധാരാളമുണ്ടു്. അവരോടു താരതമ്യപ്പെടുത്തുമ്പോൾ രജനീഷ് എത്ര യോഗ്യൻ!

പലരും പലതും
  1. ശബരിമലയിൽ പോകാൻ മാലയിടുകയും എല്ലാവരുമൊത്തു് ഒരു ദിവസം കെട്ടുമായി യാത്രയാരംഭിക്കുകയും ചെയ്തിട്ടു് കുളത്തുപ്പുഴയിൽ ചെന്നു് ശാസ്താവിനെ തൊഴുതു തിരിച്ചുപോരുന്ന ചില ആളുകളുണ്ടു്; കഥയെഴുതാൻ തുടങ്ങുകയും പ്രബന്ധമെഴുതി തൃപ്തിപ്പെടുകയും ചെയ്യുന്നവരെപ്പോലെ. അവരിലൊരാളാണു ചന്ദ്രിക വാരികയിൽ രോഷ്നി തോമസ്സിന്റെ സ്വപ്നങ്ങൾ എഴുതിയ സുബ്രു.
  2. “മലയാളത്തിലെ ഏറ്റവും ആധികാരികമായ ‘ശബ്ദതാരാവലി’യിൽ ശ്രീകണ്ഠേശ്വരം നൽകുന്ന അർത്ഥ വിവരണം നോക്കൂ” എന്നു പി. ഗോവിന്ദപ്പിള്ള ‘ട്രയൽ’ വാരികയിൽ—ശബ്ദതാരാവലി പ്രാമാണികഗ്രന്ഥമല്ല. രണ്ടു തെറ്റുകൾ കാണിക്കാം. ഒന്നു്: ശരശ്ചന്ദ്രിക (ശ.താ. പുറം 1523. 1967-ലെ ആറാമത്തെ എഡിഷൻ) ശരതു് + ചന്ദ്രിക = ശരച്ചന്ദ്രിക എന്നേ വരൂ. (സകാര തവർഗ്ഗങ്ങൾക്കു ശകാര ചവർഗ്ഗങ്ങളോടു ചേരുമ്പോൾ ശകാര ചവർഗ്ഗങ്ങൾ ആദേശം) “താരക ബ്രഹ്മ ശരച്ചന്ദ്രചന്ദ്രികേ” എന്നു ഗിരിജാകല്യാണത്തിൽ. രണ്ടു്: ആരക്കാൽ = വണ്ടിച്ചക്രത്തിന്റെ ആണി; അച്ചുതണ്ടു്, ഒരു പാഴ്‌വൃക്ഷം (പുറം 253. 1967 ലെ പ്രസാധനം) ആരക്കാൽ വണ്ടിച്ചക്രത്തിന്റെ ആണിയല്ല. അച്ചുതണ്ടുമല്ല. ചക്രത്തിന്റെ [വൃത്ത] പരിധിയിൽ നിന്നു് അതിന്റെ നാഭിയിലേക്കു [ഹബ്ബിലേക്കു്] വന്നുചേരുന്ന കമ്പോ കമ്പിയോ ആണതു്. “ആരക്കാലെന്നുപോലെ തിരിയുന്നു മനുഷ്യഭാഗ്യം.” എന്നു കവി. ആര—a spoke (Sanskrit English Dictionary, Monier Williams, p. 149).
  3. റീഗനും ഗൊർബച്ചേവും ദൈവങ്ങളാകണമെന്നില്ല. പക്ഷേ, അതിലൊരാൾ ചെകുത്താനാകാതിരുന്നാൽ മതി. അതാണു് ജനീവയിലേക്കു നോക്കിയുള്ള നമ്മുടെ പ്രാർത്ഥന” എന്നു കണിയാപുരം രാമചന്ദ്രൻ ജനയുഗം വാരികയിൽ. പ്രാർത്ഥന ഫലിച്ചില്ല. റീഗൻ വളരെ ക്ഷീണിച്ചിരിക്കുന്നുവെന്നു് ടെലിവിഷൻ സെറ്റ് നമ്മെ ഗ്രഹിപ്പിച്ചു. എന്നാലെന്തു്? അദ്ദേഹം ഇവിടെ നിന്നു പോകുന്നതിനുമുൻപു് എല്ലാം ഭസ്മീകരിക്കും. സമാധാനത്തെക്കുറിച്ചു വാതോരാതെ ‘വാചകമടി’ക്കുന്നവരാണു് യുദ്ധക്കൊതിയന്മാർ.
  4. തൂമുല്ലക്കാവിൽനിന്നുമൊളികണ്ണാലെ നോക്കും

    തുമ്പപ്പൂ ചിരികണ്ടിട്ടെൻ മനോവികാരങ്ങൾ

    പഞ്ചാരപ്പായസമുണ്ണുന്ന സുഖത്തോടെ

    പഞ്ചേന്ദ്രിയങ്ങൾക്കുള്ളിലാനന്ദം നിറയ്ക്കുമ്പോൾ

    കെ. എൻ. കുടമാളൂർ പൗരധ്വനി വാരികയിലെഴുതിയ ചെറുതാലി എന്ന കാവ്യത്തിന്റെ ആരംഭമാണിതു്—എന്റെ വായനക്കാരിൽ പ്രമേഹമുള്ളവർ ഇതു മുഴുവനും വായിക്കരുതു്. മൂത്രത്തിലെയും രക്തത്തിലെയും പഞ്ചാര വളരെക്കൂടും. ഇതു തന്നെയാണു സാക്ഷാൽ ഡയബറ്റിക് കവിത.
  5. ചങ്ങമ്പുഴ യുടെ “പഞ്ചഭൂതാഭിയുക്തമെൻഗാത്രം” എന്നു തുടങ്ങുന്ന കാവ്യം ദണ്ഡി യുടെ ഒരു ശ്ലോകത്തിന്റെ മോഷണമാണെന്നു് ഒരു പണ്ഡിതൻ എനിക്കെഴുതി അയച്ചിരുന്നു. അക്കാര്യം ഞാൻ വായനക്കാരെ അറിയിച്ചു. ഒരു വ്യത്യാസമുണ്ടു്. ശ്ലോകം ദണ്ഡിയുടേതല്ല, ലക്ഷ്മീധരന്റേതാണു്. അതു് എഴുതട്ടെ: പഞ്ചത്വം തനുരേതി ഭൂതനിവഹാഃ സ്വാംശൈർ മിലേന്തുധ്രുവം ധാതാരം പ്രണിപത്യ ഹന്തശിരസാ തത്രാപിയാചേവരം തദ്വാപീഷു പയസ്തദീയ മുകുരേ ജ്യോതിസ്തദീയാങ്ഗന വ്യോമ്നി വ്യോമ തദീയ വർത്മനി ധരാ തത്താലവൃന്തേ നിലഃ താൻ മരിക്കുമ്പോൾ തന്റെ പഞ്ചഭൂതങ്ങൾ – പൃഥ്വി, അപ്പു്, തേജസ്സു്, വായു, ആകാശം – ഇവ പ്രണയിനിയോടു ബന്ധപ്പെട്ട ഓരോന്നുമായി ചേരണമെന്നാണു് കവി ബ്രഹ്മാവിനോടു പ്രാർത്ഥിക്കുന്നതു്. അവളുടെ കുളത്തിൽ ജലാംശം; കണ്ണാടിയിൽ തേജസ്സു്; മുറ്റത്തു് ആകാശം; മാർഗ്ഗത്തിൽ പൃഥ്വി; വിശറിയിൽ വായു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-12-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 25, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.