ആ ചെറുപ്പക്കാരനു ബന്ധുക്കൾ കുറവു്. അതുകൊണ്ടു് ‘പെണ്ണുകാണാൻ’ ഞാൻ കൂടി ചെന്നേ മതിയാവൂ എന്നു നിർബ്ബന്ധം. ഞാൻ പോയി. ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ. പെണ്ണു കാപ്പികൊണ്ടുവരികയാണു്. “നല്ലപോലെ നോക്കിക്കോ സോമാ; പിന്നീടു്, ‘ഞാൻ കണ്ടില്ല’ എന്നു മാത്രം പറയരുതു് ” എന്നു ഞാൻ അയാളുടെ കാതിൽ മൊഴിഞ്ഞു. ലജ്ജാവതിയായി, മുഖം കുനിച്ചു്, ലേശം വിറയലോടുകൂടി പെണ്ണു രംഗപ്രവേശം ചെയ്യുമെന്നാണു് ഞാൻ വിചാരിച്ചതു്. ആ വിചാരം തെറ്റിപ്പോയി. അവൾക്കു ലജ്ജയില്ല, അവളുടെ മുഖം കുനിഞ്ഞിട്ടില്ല, ലേശംപോലും വിറയലുമില്ല. ചെറുപ്പക്കാരന്റെ മുഖത്തു് ഉറ്റുനോക്കി മന്ദസ്മിതം പൊഴിച്ചുകൊണ്ടു് അതിശബ്ദമാർന്ന കാൽവയ്പുകളോടുകൂടി അവൾ ഞങ്ങളിരിക്കുന്നിടത്തേക്കു വന്നു. കാപ്പി വച്ചിരുന്ന ട്രേ കൊച്ചുമേശയുടെ പുറത്തുവച്ചു മാറിനിന്നു. ഒരു ചെറിയ ഗുസ്തിക്കാരി എന്നു വേണം അവളെ വിശേഷിപ്പിക്കാൻ. അക്കാലത്തെ ഫാഷൻ അനുസരിച്ചു് ബ്ളൗസിന്റെ കൈ തോളുവരെ. അതുകൊണ്ടു ബൈസപ്സ് മസിൽസ്—ഭുജദശ—ഇരുമ്പുണ്ട പോലിരിക്കുന്നതു ഞാൻ കണ്ടു. കൈകൾ ബലമാർന്നവ. മുഖത്തിനൊരു ‘ഐശ്വര്യം’ എങ്കിലും മറ്റെല്ലാ അവയവങ്ങളും ആയസ നിർമ്മിതങ്ങളാണെന്നു് എനിക്കു തോന്നി. ചെറുക്കനെ തറപ്പിച്ചുനോക്കുന്ന അവളോടു് തന്ത പറഞ്ഞു: “കാപ്പിയെടുത്തുകൊടുക്കു്.” അവൾ അതനുസരിച്ചു. ആദ്യം കാപ്പി ചെറുപ്പക്കാരനു നൽകി. രണ്ടാമതു് എനിക്കും. എനിക്കു കാപ്പിതന്നപ്പോൾ അവൾ കരുതിക്കൂട്ടി എന്റെ കൈയിൽ തൊട്ടു. ഞാനല്ലേ ബന്ധു. അതുകൊണ്ടു് വിവാഹത്തിനു തടസ്സം പറയാതിരിക്കാനുള്ള വിദ്യയായിരുന്നു അതു്. എന്നെ തൊട്ട സ്ഥിതിക്കു് അവൾ യുവാവിനെ ഏതുവിധത്തിൽ തൊട്ടിരിക്കുമെന്നു് എനിക്കു് ഊഹിക്കാവുന്നതേയുള്ളു. ‘ഇനി പൊയ്ക്കോ’ എന്നു തന്ത. തിരിഞ്ഞുപോയി. ആയസാവയവങ്ങളുടെ ആന്ദോളനം. ‘ശരി. വിവരമറിയിക്കാം. ഞങ്ങളിറങ്ങട്ടെ’ എന്നു പറഞ്ഞു് ഞാനും യുവാവും റോഡിലേക്കു പോന്നു. ഞാൻ അർത്ഥവത്തായി അയാളുടെ മുഖത്തേക്കു നോക്കി. “എനിക്കു് ഇഷ്ടപ്പെട്ടു. ഇവൾ മതി” എന്നു് ആ യുവാവു്. സ്പർശം ഏറ്റു എന്നതു സ്പഷ്ടം. ഞാൻ ചോദിച്ചു: “എന്തിനു്? ഗുസ്തിപിടിക്കാനോ?” വിവാഹം കഴിഞ്ഞാൽ, പ്രഥമരാത്രിയിൽ അവൾ ആടയാഭരണങ്ങൾ അണിഞ്ഞു് ലജ്ജപുരണ്ട കണ്ണുകളോടുകൂടി പാൽപ്പാത്രവുമായി മണവറയിലേക്കു കടന്നുവരുമെന്നാണോ വിചാരം? ഇല്ല: മാർച്ചട്ട കെട്ടി ലങ്കോട്ടിയുടത്തു് ഗോദയിലിറങ്ങിനിന്നു് മപ്പടിച്ചു് നവവരനെ വിളിക്കും. ഇടത്തേത്തുടയിൽ വലതു കൈകൊണ്ടും വലത്തേത്തുടയിൽ ഇടതുകൈകൊണ്ടും അടിച്ചിട്ടു് ഒരു കൈ അയാളുടെ കഴുത്തിന്റെ പിറകിൽവച്ചു് അമർത്തിപ്പിടിക്കും. എന്നിട്ടു് പൃഷ്ഠം പിറകോട്ടു തള്ളിനിന്നു് വലത്തേ കാൽകൊണ്ടു് അയാളുടെ കാലിൽ ഒരടി അടിക്കും. അയാൾ മലർന്നു വീഴും. ‘നിങ്ങൾ അടിയായി’ (തോറ്റു) എന്നു് ഉറക്കെപ്പറയും. ഇതൊക്കെ മനസ്സിൽ കണ്ടുകൊണ്ടു ഞാൻ അയാളോടു പറഞ്ഞു: “ഇവൾ ഭാര്യയാകാൻ കൊള്ളുകയില്ല സോമാ. ഗുസ്തിക്കാരിയെപ്പോലിരിക്കുന്നു. ഭാര്യ നിന്നോടു ഗുസ്തിപിടിക്കണോ അതോ ചോറും കറിയും വച്ചുതരണോ?” എന്റെ അഭിപ്രായം അംഗീകരിക്കാൻ അയാൾക്കു വളരെ ദിവസങ്ങൾ വേണ്ടിവന്നു. അത്ര ബലത്തോടെയായിരിക്കും അവൾ കാപ്പി കൊടുത്തപ്പോൾ കൈയമർത്തിയതു്. പിന്നീടു്, ചിലപ്പോഴൊക്കെ ഞാനവളെ ബസ്സിൽ വച്ചു കണ്ടിട്ടുണ്ടു്. വിവാഹം നടന്നേക്കുമെന്നു കരുതി അവൾ എനിക്കു പുഞ്ചിരി സമ്മാനിക്കാറുണ്ടായിരുന്നു. ആശയറ്റപ്പോൾ അവൾക്കു വെറുപ്പായി. എന്നെക്കണ്ടാൽ തലവെട്ടിക്കുമെന്നായി. പാവം താരാബായി! (താരാബായി = ഓടുന്ന കാർ പിടിച്ചു നിർത്തിയിരുന്ന ഒരു കായികാഭ്യാസ പ്രവീണ).
ഇന്നത്തെ കവിതയും കഥയും ഈ പെണ്ണിനെപ്പോലെയാണു്. മപ്പടിക്കാനേ അവൾക്കറിയൂ. കാലു വലിച്ചടിച്ചു് പ്രതിയോഗിയെ നിലത്തുവീഴ്ത്താനേ അവൾക്കു കഴിയൂ. ശരത്കാല ചന്ദ്രികയിൽ വെണ്മണലിലിരുന്നു ചെഞ്ചുണ്ടിലെ പുഞ്ചിരിയെ സാരിത്തുമ്പുകൊണ്ടു തുടച്ചുകൊണ്ടു് ‘എന്നെ ഇഷ്ടമാണോ?’ എന്നു് അയാളോടു ചോദിക്കാൻ അവൾക്കു് അറിഞ്ഞുകൂടാ. അവൾ ആ വിധത്തിലൊരു സുന്ദരിയുമല്ല. ഇന്നത്തെ നിരൂപകരും ഈ ഗുസ്തിക്കാരിക്കു ചേർന്നവർ തന്നെ. അവർ അവളെ വീഴ്ത്താൻ ഗോദയ്ക്കു ചുറ്റും ഓടി ശക്തി സംഭരിക്കുന്നു. മപ്പടിക്കുന്നു. തുടയിൽ സ്വയമടിക്കുന്നു. “എന്റെ മൂച്ചൊടയ്ക്കടീ” (മൂച്ചു് ഉടയ്ക്കുക = ഗുസ്തിക്കാരുടെ ഒരു പ്രയോഗം) എന്നു വിളിക്കുന്നു. ഗുസ്തിയിൽ തല്പരരായ കുറെപ്പേർ അവരുടെ യുദ്ധത്തിനു് ആക്കം കൂട്ടുന്ന വിധത്തിൽ ‘ഹോയ് ഹോയ്’ എന്നു വിളിക്കുന്നു. ബാഹുയുദ്ധത്തിൽ താല്പര്യമില്ലാത്തവർ മാറിനിന്നു് നീലാന്തരീക്ഷത്തിൽ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്തിനെ നോക്കുന്നു. വിരിയുന്ന പനീനീർപ്പൂവിനെ നോക്കുന്നു. പച്ചയിലയിൽ നൃത്തംവയ്ക്കുന്ന ഒറ്റസ്സൂര്യ രശ്മിയെ നോക്കുന്നു. അവരെ മറ്റേക്കൂട്ടർ റൊമാന്റിക്കുകൾ എന്നുവിളിച്ചു് ആക്ഷേപിക്കുകയും ചെയ്യുന്നു.

അമേരിക്കൻ സാഹിത്യകാരനായ ജോൺ സ്റ്റൈൻബക്കി ന്റെ പ്രഖ്യാതമായ കൊച്ചു നോവലാണു് The Pearl. അതിലെ കഥാപാത്രങ്ങളായ കീനോയും ഹ്വാനയും (കീനോയുടെ ഭാര്യ) കാലത്തു കടലിലേക്കു പോയി. കീനോ കടലിലെ ചിപ്പിത്തട്ടിലേക്കു മുങ്ങിച്ചെന്നു് ഒരു വലിയ ചിപ്പിയെടുത്തു കൊണ്ടുവന്നു. ഹ്വാന വള്ളം നേരേ പിടിച്ചു കൊടുത്തു. കീനോ തിരിച്ചു് അതിൽ കയറി, അതു തുറന്നുനോക്കാൻ അവർക്കു പേടി. എങ്കിലും ഹ്വാന നിർദ്ദേശിച്ചതനുസരിച്ചു് അയാൾ പേനാക്കത്തികൊണ്ടു് അതു പതുക്കെ തുറന്നു, അതാ വലിയ മുത്തു്. കീനോ ആഹ്ലാദംകൊണ്ടു് കൂക്കിവിളിച്ചു… അയാൾക്കു് ആ മുത്തു് പ്രയോജനപ്പെട്ടില്ല. പ്രയോജനപ്പെട്ടിരുന്നെങ്കിൽ ഓരോ തവണ കടലിൽ മുങ്ങുമ്പോഴും വലിയ വലിയ മുത്തുകൾ കിട്ടുമെന്നു പ്രതീക്ഷിക്കുമായിരുന്നു. സക്കറിയ യുടെ ഒന്നു രണ്ടു നല്ല കഥകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു. അടുത്ത കഥ, അതു് ആരുടേതായിരുന്നാലും കൂടുതൽ മെച്ചപ്പെട്ടതാവുമെന്നു ഞാൻ വിചാരിച്ചു. എന്റെ സുഹൃത്തു് കെ. രഘുനാഥന്റെ ‘ഉറക്കത്തിലൂടെ ഒരു കിനാവിലേക്കു്’ എന്ന ചെറുകഥ കണ്ടു വായിച്ചു. നൈരാശ്യം. വേഗത്തിലുള്ള വായനയാവാം നിരാശത ജനിപ്പിച്ചതെന്നു കരുതി വീണ്ടും വായിച്ചു. നൈരാശ്യം കൂടിയതേയുള്ളു. ബസ്സിൽ യാത്ര ചെയ്യുന്ന ഒരുത്തന്റെ പോക്കറ്റിൽനിന്നു് ആരോ പേഴ്സ് എടുക്കുന്നു. അതറിഞ്ഞിട്ടും അയാൾ മിണ്ടാതെ നില്‍ക്കുന്നു. സ്വല്പം കഴിഞ്ഞു്, അയാൾ ഉറക്കം തൂങ്ങുന്ന ഒരുത്തന്റെ പോക്കറ്റിൽ നിന്നു കണ്ണാടിക്കൂടു് എടുക്കുന്നു. കഥ തീർന്നു. ആഖ്യാനത്തിന്റെ സവിശേഷതയില്ല, അന്തരീക്ഷമില്ല, കഥാപാത്രത്തിന്റെ വ്യക്തിത്വമില്ല, തത്ത്വചിന്തയില്ല, തത്ത്വചിന്തയോടു് ഒരാഭിമുഖ്യമില്ല, ഒരു ‘പോയിന്റ്’ പോലുമില്ല. പാല്‍ക്കടലിൽ നിന്നു ലക്ഷ്മീദേവി ഉയർന്നപ്പോൾ ദേവന്മാരും അസുരന്മാരും ആ ദേവിയെക്കാൾ സുന്ദരിയായ വേറൊരു ദേവിയെ പ്രതീക്ഷിച്ചിരിക്കും. കിണറ്റിൽനിന്നു ചേതോഹരാംഗിയെ ഉയർത്തിയെടുത്ത യയാതി പിന്നീടും അതിലേ പോയപ്പോൾ വേറൊരു സുന്ദരിയെ പ്രതീക്ഷിച്ചു് അതിൽ എത്തിനോക്കിയിരിക്കും. ആ പ്രതീക്ഷയാണു് തെറ്റു്.
എന്റെ പേരക്കുട്ടിക്കു് ഏഴു വയസ്സാണു്. അവൾ കാലത്തെഴുന്നേറ്റു ദുഃഖിച്ചു നില്‍ക്കുന്നതു കണ്ടപ്പോൾ അമ്മ ചോദിച്ചു: “എന്തെടീ സ്കൂളിൽ പോകാൻ വയ്യ അല്ലേ?” പേരക്കുട്ടി മറുപടി പറഞ്ഞു: “അതല്ല അമ്മ. എനിക്കു് ഒട്ടും വയ്യ. എയ്ഡ്സ് ആണെന്നു തോന്നുന്നു സുഖക്കേടു്” എന്നും പത്രം വായിക്കുന്നതിന്റെ ദോഷവും കൂടിയാണു് ഇതു്. എയ്ഡ്സ് പിടിപെട്ടാൽ ക്ഷീണമുണ്ടാകുമെന്നു ദിനപത്രത്തിൽ നിന്നു് അവൾ മനസിലാക്കിയിരിക്കും. ക്ഷീണം തോന്നിയപ്പോൾ അതു എയ്ഡ്സിന്റെ ഫലമാണെന്നു സങ്കല്പിച്ചു. ഈ യഥാർത്ഥ സംഭവം ഇപ്പോൾ ഞാൻ ഓർമ്മിച്ചതിനു ഹേതു മനോരാജ്യം ആഴ്ചപ്പതിപ്പിൽ സി. പി. നായർ എഴുതിയ ‘ചുരുക്കെഴുത്തു്’ എന്ന ഹാസ്യകഥ വായിച്ചു എന്നതാണു്. വയസ്സു് കേവലം എട്ടുള്ള നവനീതമോഹനൻപിള്ള കഥ പറയുന്ന ആളിന്റെ അടുക്കലെത്തി ചോദിച്ചു: “അടുത്ത ബുധനാഴ്ച സ്കോളർഷിപ്പ് പരീക്ഷയാ അതിനു സാമാന്യവിജ്ഞാനം എന്നു് ഒരു പേപ്പറുണ്ടു്… എന്തവാ അമ്മാവാ ഈ AIDS എന്നുള്ളതിന്റെ ഫുൾഫോം?” കഥ പറയുന്ന ആൾ പൂർണ്ണരൂപം പറഞ്ഞുകൊടുത്തു. എന്നിട്ടു് ചുരുക്കെഴുത്തിന്റെ പല വശങ്ങളിലേക്കു കടക്കുന്നു. പോങ്ങുംമൂട്ടിൽ ക്രിസ്തുദാസ് എബനസറെ, പോ. ക്രി. എബനസർ എന്നു വിളിച്ചാൽ എങ്ങനെയിരിക്കും? പൂയപ്പള്ളിൽ ചന്ദ്രമതി ജയപ്രദയെ, പൂ. ച. ജയപ്രദയെന്നു വിളിച്ചാലോ? അതിന്റെ ഫലമോർത്തു നമ്മൾ ചിരിക്കുന്നു. ഈ ചിരി മനസ്സിനു വികാസം നല്കും. ശരീരത്തിനു് ഉന്മേഷവും. പൈങ്കിളിസ്സാഹിത്യം കേരളീയരെ കൊല്ലാക്കൊല ചെയ്യുമ്പോൾ സി. പി. നായരെപ്പോലുള്ള ഹാസ്യസാഹിത്യകാരന്മാർ അവരെ കൂടുതൽ കൂടുതൽ ചിരിപ്പിക്കണം.
ഇവിടെ പറഞ്ഞതിനോടു് ഒരു ബന്ധവുമില്ലാത്ത ഒരു കാര്യംകൂടി എഴുതിക്കൊള്ളട്ടെ. കൗമുദി പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണനു പേരിന്റെ ഇപ്പുറത്തു് വീട്ടുപേരോ സ്ഥലപ്പേരോ ചേർക്കുന്നവരോടു് പുച്ഛമായിരുന്നു. അതിന്റെ കാരണവും അദ്ദേഹം എന്നെ അറിയിച്ചിരുന്നു. വടക്കൻപറവൂർ ജോർജ്ജ് തോമസ്, കുണ്ടാംകടവു് രാമചന്ദ്രൻനായർ എന്നൊക്കെ പറയുമ്പോൾ ജോർജ്ജ് തോമസ്സിനും രാമചന്ദ്രൻനായർക്കും യഥാക്രമം വടക്കൻ പറവൂരിന്റെയും കുണ്ടാംകടവിന്റെയും ആധിപത്യമുണ്ടെന്നല്ലേ അർത്ഥം? അതു അഹങ്കാരമല്ലെങ്കിൽ പിന്നെന്താണു്? ഒരുകാലത്തു് യൂണിവേഴ്സിറ്റിക്കോളേജിലെ മലയാളം ഡിപ്പാർട്ടുമെന്റിലുള്ള അദ്ധ്യാപകരെല്ലാം “കുള”ങ്ങളായിരുന്നു. ഇളങ്കുളം കുഞ്ഞൻപിള്ള, കീഴ്ക്കുളം രാമൻപിള്ള, കരിങ്കുളം നാരായണപിള്ള. ഭാഗ്യംകൊണ്ടു് എൻ. കൃഷ്ണപിള്ള നാവായിക്കുളം കൃഷ്ണപിള്ളയായില്ല. ഭാഗ്യംകൊണ്ടു് എസ്. ഗുപ്തൻ നായർ കായംകുളം ഗുപ്തൻനായരായില്ല. ഇവർ രണ്ടുപേരെയും കെ. ബാലകൃഷ്ണൻ ബഹുമാനിച്ചിരുന്നു.

“ഞാൻ വിചാരിക്കുന്നു, അതിനാൽ ഞാനുണ്ടു്”—I think, therefore I am എന്ന പ്രഖ്യാതമായ ചൊല്ലു് ഫ്രഞ്ച് തത്ത്വചിന്തകൻ റനെ ദേകാർത്തി ന്റേതാണു്. ചിന്തിക്കുന്ന മനുഷ്യൻ ഈശ്വരനിലേക്കു പോകുന്നു. ഈശ്വരൻ ഉണ്ടെന്നു സ്ഥാപിച്ചതിനു ശേഷം അയാൾ ബാഹ്യലോകത്തിന്റെ ഉൺമയിലേക്കു വരുന്നു. എല്ലാം യുക്തിയിൽ അടിയുറച്ചിരിക്കുന്നു. ഇതു തെളിയിച്ച ഈ യുക്തിവാദിയെ സ്വീഡീഷ് ഗവൺമെന്റ് സ്റ്റോക്ക് ഹോമിലേക്കു ക്ഷണിച്ചു. ക്രിസ്റ്റീന രാജ്ഞി യെ തത്ത്വചിന്ത പഠിപ്പിക്കാനായിരുന്നു അതു്. ദേകാർത്തു് പോയി. കാലത്തു് അഞ്ചു മണിക്കു തുടങ്ങും ട്യൂഷൻ. നല്ല തണുപ്പുള്ള സമയം. ദാർശനികനു തണുപ്പേറ്റു് സുഖക്കേടുണ്ടായി. കാലമധികമായില്ല. അദ്ദേഹം മരിച്ചുപോയി. ജീവചരിത്രകാരന്മാർ മരണകാരണമായി ഇങ്ങനെ പറയുന്നതു് അത്രകണ്ടു് ശരിയല്ലെന്നാണു് വേറൊരു ഗ്രന്ഥകാരൻ എഴുതിക്കണ്ടതു്. അതു് എവിടെയാണെന്നു മാത്രം എനിക്കോർമ്മയില്ല. ക്രിസ്റ്റീന രാജ്ഞി പരിപൂർണ്ണ നഗ്നയായി ദേകാർത്തിന്റെ മുമ്പിൽ വന്നുകിടക്കുമായിരുന്നത്രേ. അദ്ദേഹം അവളെ ഫിലോസഫി പഠിപ്പിക്കും. സ്വീഡനിൽ ഈച്ചകൾ വളരെക്കൂടുതലാണു്. തന്റെ പൊന്മേനിയിൽ വന്നിരിക്കുന്ന ഈച്ചകളെ വെടിവച്ചു കൊല്ലാൻ സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഒരു കൊച്ചു പീരങ്കി രാജ്ഞി കൈയിൽ വച്ചിരിക്കും. ഈച്ച വന്നിരുന്നാലുടൻ ക്രിസ്റ്റീന വെള്ളികൊണ്ടുണ്ടാക്കിയ കൊച്ചു വെടിയുണ്ടകൾ പായിക്കും. ഒരീച്ചപോലും രക്ഷപ്പെട്ടിരുന്നില്ല. മലർന്നും ചരിഞ്ഞും കിടക്കുന്ന നഗ്നയായ രാജ്ഞി. ചെറുപ്പക്കാരി. സ്വർണ്ണനിർമ്മിതമായ കൊച്ചുപീരങ്കി. അതിൽനിന്നു പായുന്നതു വെള്ളി വെടിയുണ്ടകൾ. സന്മാർഗ്ഗനിഷ്ഠനായ ദേകാർത്തു് താനറിയാതെ ഉണ്ടായ കാമം അടക്കിയിരിക്കും. അടക്കിയ കാമം വല്ലാത്ത ദോഷം ചെയ്യും. ദാർശനികന്റെ സ്വസ്ഥത തകർന്നു. മനസ്സു തകർന്നാൽ ശരീരവും തകരും. പാരീസിൽനിന്നു് അദ്ദേഹം ഹോളണ്ടിലേക്കു ഓടിയതുതന്നെ ഇമ്മാതിരി പ്രലോഭനങ്ങളിൽനിന്നു രക്ഷപ്പെടാനാണു്. അവിടെനിന്നു് 1649 അവസാനത്തിൽ അദ്ദേഹം സ്റ്റോക്ക് ഹോമിൽ പോയി. എന്നും കാലത്തു കാണുന്നതു് ഇക്കാഴ്ചയും. 1650-ഫെബ്രുവരിയിൽ ദേകാർത്തു് മരിച്ചു. നേരെ മറിച്ചു് റാണിയുടെ സുവർണ്ണ ശരീരം അദ്ദേഹം ആസ്വദിച്ചിരുന്നെങ്കിൽ! തീർച്ചയായും വളരെക്കാലം ജീവിച്ചിരുന്നേനെ.

ഈ സത്യം പറയുന്ന ഗ്രന്ഥകാരൻ—ദേകാർത്തിന്റെ അകാലചരമത്തിനു ഹേതു കണ്ടുപിടിച്ച ഗ്രന്ഥകാരൻ —നമ്മുടെ വാരികകളിലെ മിനിക്കഥകൾ കണ്ടാൽ “അവർ ഇഷ്ടംപോലെ എഴുതട്ടെ. അങ്ങനെ മനസ്സിനു സമനില കൈവരുത്തട്ടെ” എന്നു തന്നെ അഭിപ്രായപ്പെടും. എക്സ്പ്രസ്സ് വാരികയിലെ ‘നൊമ്പരങ്ങളെ താലോലിക്കുന്ന പെൺകുട്ടി’ എന്ന മിനിക്കഥ നോക്കുക. അതു് എഴുതിയ ആളിന്റെ പിറകിൽ മറഞ്ഞു നില്‍ക്കുന്നതു് പുരുഷനാവാം. വൈരൂപ്യമുള്ള പെൺകുട്ടിയെ ആരും നോക്കുന്നില്ല. അങ്ങനെ അവൾ ദുഃഖിച്ചിരിക്കുമ്പോൾ കുപ്രസിദ്ധനായ ഒരു സ്ത്രീജിതൻ വന്നുകയറി അവളെ ചുംബിക്കുന്നു. അവൻ പൊയ്ക്കഴിയുമ്പോൾ ആ ചുംബനങ്ങൾ ഓർമ്മിച്ചു് സുഖത്തോടെ ഇരിക്കുന്നു. അശ്ളീല സ്പൃഷ്ടമായ ഇക്കഥ, അജ്ഞാതനായ ഗ്രന്ഥകാരാ, താങ്കളുടെ സിദ്ധാന്തത്തിനു സാധുതയുണ്ടെന്നു തെളിയിക്കുന്നു. (കഥയ്ക്കു് ഒരു ‘മാസ്ക്യുലിൻടച്ച് ’ ഉള്ളതിനാലാണു് ഈ വിമർശനം. ഇല്ലെങ്കിൽ ഈ ലേഖകൻ മൗനം അവലംബിക്കുമായിരുന്നു.)
ആദിമ മനുഷ്യൻ താമരപ്പൂ വിടരുന്നതുകണ്ടു് ആഹ്ളാദിക്കുന്നതിനു മുൻപു്, ഇടിനാദംകേട്ടു ഞെട്ടുന്നതിനു മുൻപു്, സ്ത്രീയുടെ സ്പർശമേറ്റു് കോരിത്തരിക്കുന്നതിനു മുൻപു് ഉള്ള കാലത്തെക്കുറിച്ചു പറയാനാണു് എനിക്കാഗ്രഹം. പക്ഷേ, ഭാവനാശക്തിയാൽ ഞാൻ അനുഗൃഹീതനല്ല. അതുകൊണ്ടു് തൊട്ടുമുൻപുള്ള കാലത്തെ സത്യങ്ങൾ മാത്രം പറയുന്നു.
ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിന്റെ മുൻവശത്തുള്ള പുൽത്തകിടിയിൽ ഉയർത്തിയ പന്തൽ. സാഹിത്യപരിഷത്തിന്റെ സമ്മേളനം. ഉള്ളൂർ പരമേശ്വരയ്യർ അദ്ധ്യക്ഷൻ. പ്രഭാഷകൻ എം. ആർ. വേലുപ്പിള്ള ശാസ്ത്രി. കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ കൃതികളെ അത്ര മാനിക്കാത്ത അദ്ദേഹം ‘മയൂരസന്ദേശ’ത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു. തമ്പുരാന്റെ സഹധർമ്മിണിയെക്കുറിച്ചുള്ള പദ്യഭാഗം— ‘സൗജന്യത്തെപ്പറകിലതസാധാരണം തന്നെയാണേ’ എന്ന ഭാഗം വേലുപ്പിള്ളശാസ്ത്രി പ്രത്യേകം തരത്തിൽ ചൊല്ലി “ആണേ” എന്നതു് നീട്ടി ഉച്ചരിച്ചു. തമ്പുരാട്ടിയുടെ സ്വഭാവശുദ്ധിയെക്കുറിച്ചുണ്ടായിരുന്ന ബഹുജനാഭിപ്രായത്തിനു് ഊന്നൽ നൽകിക്കൊണ്ടു് അദ്ദേഹം “തന്നെയാണേേേേ” എന്നു പറഞ്ഞപ്പോൾ ഉള്ളൂർ ക്ഷോഭിച്ചു് “നിറുത്തു പ്രസംഗം” എന്നു് ആജ്ഞാപിച്ചു. പ്രഭാഷണം നിറുത്തേണ്ടി വന്നു വേലുപ്പിള്ള ശാസ്ത്രിക്കു്. രാജവാഴ്ചയുള്ള കാലം. നിറുത്താതെന്തു ചെയ്യും.

മഹാകവി ഉള്ളൂരിന്റെ ആദ്ധ്യക്ഷ്യത്തിൽ ചേർന്ന ഒരു സമ്മേളനം. പ്രൊഫസർ എൻ. കൃഷ്ണപിള്ള പ്രഭാഷകൻ. സ്വാഗതമാശംസിച്ച ജഗതിക്കാരൻ ഒരു പയ്യൻ എൻ. കൃഷ്ണപിള്ളയെ പ്രശംസിക്കുന്നതിനിടയിൽ ഉള്ളൂര്, ഇബ്സന്റെ കൃതികൾ വായിച്ചിട്ടില്ലെന്നു ധ്വനിപ്പിച്ചു. ഉള്ളൂർ ഉപക്രമപ്രസംഗം തുടങ്ങി. ഇബ്സന്റെ ‘പേർഗ്യുന്ത് ’, ‘റോസ് മർഷോം, ‘മാസ്റ്റർ ബിൽഡർ’ ഇവയുടെ കഥ സംഗ്രഹിച്ചു പറഞ്ഞു് വിമർശനം നടത്തി. മാത്രമല്ല അക്കാലത്തെ നവീനന്മാർപോലും അറിയാത്ത മോറീസ് മതേർലങ്ങി ന്റെ നാടകങ്ങളെക്കുറിച്ചും അദ്ദേഹം വിദഗ്ദ്ധമായി സംസാരിച്ചു. ‘കർണ്ണഭൂഷണ’വും ‘പിംഗള’യും മറ്റുമെഴുതിയ ഒരു പഴഞ്ചനാണു് ഉള്ളൂരെന്നു് സ്വാഗത പ്രഭാഷകൻ കരുതിയിരുന്നു. മഹാകവിയുടെ പ്രസംഗം കേട്ടു് അയാൾ വിളറി ഇരുന്നുപോയി.

സാഹിത്യ പഞ്ചാനൻ പി. കെ. നാരായണപിള്ള യെ ഒരു സമ്മേളനത്തിന്റെ സംഘാടകർ പ്രഭാഷണത്തിനു ക്ഷണിച്ചു. അദ്ദേഹം അതേറ്റില്ല. എങ്കിലും അവർ അദ്ദേഹത്തിന്റെ പേരു് അച്ചടിച്ചു. സമ്മേളനദിനമെത്തി. പി. കെ. ശ്രോതാവായി മാത്രം മറ്റുള്ളവരുടെ കൂട്ടത്തിൽ ചെന്നു് ഇരിക്കുന്നുണ്ടായിരുന്നു. സദസ്സിൽ അദ്ദേഹത്തെ കണ്ട അധ്യക്ഷൻ ഉപക്രമ പ്രസംഗത്തിനുശേഷം പറഞ്ഞു: “ഇനി പി. കെ. നാരായണപിള്ള പ്രസംഗിക്കുന്നതായിരിക്കും”. ഇതുകേട്ടു് അദ്ദേഹമെഴുന്നേറ്റു പറഞ്ഞു: “പി. കെ. നാരായണപിള്ള പ്രസംഗിക്കാതെയും ഇരിക്കും” എന്നിട്ടു് അദ്ദേഹം കസേരയിൽ പഴയമട്ടിൽ ഇരിപ്പുറപ്പിച്ചു.
സാഹിത്യത്തിൽ താൽപര്യമുള്ള ഒരു വേശ്യയുടെ വേശ്യാവൃത്തിയെസ്സംബന്ധിച്ച ലേഖനം വാങ്ങിക്കാൻ പത്രാധിപർ പോയപ്പോൾ (പത്രാധിപർ ഇന്നില്ല) ഞാനും കൂടിചെല്ലണമെന്നു് അദ്ദേഹം നിർബ്ബന്ധിച്ചു. കൊല്ലത്തുനിന്നു വടക്കോട്ടു കുറെ നാഴിക സഞ്ചരിച്ചപ്പോൾ അവരുടെ വീട്ടിലെത്തി. സ്വീകരണമുറിയിൽ ഞങ്ങൾ ഇരുന്നപ്പോൾ വേശ്യയും മകളും വന്നു. വേശ്യ വൃദ്ധയാണു്; മകൾ ചെറുപ്പക്കാരി, സുന്ദരി. പത്രാധിപർ കൊണ്ടുപോയിരുന്ന ബ്രാൻഡി രണ്ടു ഗ്ലാസ്സിലൊഴിച്ചു് സോഡ ചേർത്തു. ഒരു ഗ്ലാസ്സ് വൃദ്ധയുടെ മുന്നിലേക്കു വച്ചു. ഒന്നു് തന്റെ മുൻപിലും. വൃദ്ധ അതു കുടിച്ചുകൊണ്ടു് ജീവിത സംഭവങ്ങൾ വിവരിക്കാൻ തുടങ്ങി. ഈശ്വരാ, ഞാൻ ഞെട്ടിപ്പോയി. അത്ര പച്ചയായിട്ടാണു് അവർ ഓരോ കാര്യവും വർണ്ണിച്ചതു്. പത്രാധിപരുടെ കൂടെവന്ന ഒരാൾ അതെല്ലാം കുറിച്ചെടുക്കുന്നുണ്ടായിരുന്നു. അങ്ങനെ വാ തോരാതെ സംസാരിക്കുന്നതിന്നിടയിൽ വൃദ്ധ പത്രാധിപരോടു് അപേക്ഷിക്കും: “സാറ് എന്റെ മകളുമായി ആ മുറിയിലൊന്നു പോയാട്ടെ”. പത്രാധിപർ പോയില്ല. ഓരോ തവണ അപേക്ഷിക്കുമ്പോഴും അദ്ദേഹം ഓരോ നൂറു രൂപ നോട്ടെടുത്തു് കിഴവിയുടെ മുൻപിൽ വയ്ക്കും. “ഞാൻ പോകുന്നില്ല. ഇതു മകൾക്കു കൊടുക്കൂ” എന്നും അദ്ദേഹം പറയും. ഇങ്ങനെ മുന്നൂറു രൂപ അദ്ദേഹം മൂന്നു തവണയായി മേശപ്പുറത്തുവച്ചു. സംസാരിച്ചു സംസാരിച്ചു് കിഴവി മുൻപിലേക്കു് സ്വന്തം ഗ്ലാസ്സ് നീക്കിവയ്ക്കും. അപ്പോഴാക്കെ പത്രാധിപർ തന്റെ ഗ്ലാസ്സ് എന്റെ സമീപത്തേക്കു നീക്കിവയ്ക്കും. സംസാരമെല്ലാം കഴിഞ്ഞു് ഞങ്ങൾ കാറിൽ കയറിയപ്പോൾ ഞാൻ പത്രാധിപരോടു ചോദിച്ചു: “എന്തിനാണു് ഗ്ലാസ്സ് കൂടക്കൂടെ എന്റെ അടുത്തേക്കു നീക്കിവച്ചതു് ?” അദ്ദേഹം മറുപടി നല്കി: “എനിക്കു പേടി. ഞങ്ങളുടെ ഗ്ലാസ്സുകൾ തമ്മിൽ മാറിപ്പോയാൽ, കിഴവിക്കു വല്ല വി. ഡി.യോ മറ്റോ ഉണ്ടെങ്കിൽ എനിക്കു പകരുകില്ലേ? അതുകൊണ്ടാണു് എന്റെ ഗ്ലാസ്സ് സാറിന്റെ അടുത്തേക്കു് ഞാൻ നീക്കി വച്ചതു്”.
വലക്കണ്ണിയിൽ കാലുടക്കിയ പക്ഷിയെപ്പോലെ ഞാൻ ഓർമ്മകളിൽ കുരുങ്ങിക്കിടക്കുന്നു. കുരുക്കിൽ നിന്നു കാലു് വലിച്ചെടുക്കാനുള്ള ഈ ശ്രമം വായനക്കാർ ഇഷ്ടപ്പെടുന്നുണ്ടോ എന്തോ.

“ചവിട്ടിഞെരിക്കപ്പെടുന്ന സ്ത്രീജീവിതങ്ങൾ ഒരുവശത്തു്. മറുവശത്തു് അവർക്കു ചെറുത്തുനിൽക്കാനുള്ള മാനസിക പിൻബലം നൽകാനൊരു പ്രസ്ഥാനമോ പ്രവർത്തനമോ ഇല്ലായ്ക. ഇതിനെല്ലാം മകുടം ചാർത്തിക്കൊണ്ടു് സർവവ്യാപിയും അഗാധവുമായ പൈങ്കിളി വാരികാസ്വാധീനവും”. ഇതു് കെ. അജിത ട്രയൽ വാരികയിലെഴുതിയ ഗസ്റ്റ് എഡിറ്റോറിയലിൽ നിന്നെടുത്തതാണു്. ആ വാരികയിൽത്തന്നെ കുക്കിങ് ഗ്യാസ് കിട്ടാനുള്ള പ്രയാസവും അതു വിതരണം ചെയ്യുന്നവരുടെ അധാർമ്മികപ്രവർത്തനവും സുകുമാറിന്റെ ഹാസ്യാത്മകപ്രതിപാദനത്തിനു വിധേയമാകുന്നു. രണ്ടു രചനകളും അവയുടെ നിലയിൽ നന്നായിട്ടുണ്ടു്. അവ ഉയർത്തുന്ന പ്രശ്നങ്ങൾ (problems എന്ന അർത്ഥത്തിൽ) യഥാർത്ഥങ്ങളുമാണു്.
സ്ത്രീക്കു് ഏറ്റവും പ്രധാനമായതു് വിവാഹമാണു്. തന്റെ സുരക്ഷിതത്വത്തിനു വേണ്ടി ഭർത്താവു തന്നെ സ്നേഹിക്കണമെന്നും തന്റെ എല്ലാക്കാര്യങ്ങളും നോക്കിക്കൊള്ളണമെന്നും അവൾ ആഗ്രഹിക്കുന്നു. പക്ഷേ, ഈ ആഗ്രഹം സാഫല്യത്തിലെത്തുന്നില്ല. ചില പുരുഷന്മാർ ഭാര്യമാരെ വേദനിപ്പിക്കാറില്ല. പക്ഷേ, പലരും മദ്യപിച്ചും പരസ്ത്രീഗമനം നടത്തിയും സഹധർമ്മിണികളെ നരകത്തിലേക്കു് എറിയുന്നു. അതോടെ അവർക്കു തമ്മിൽ അകൽച്ചയുണ്ടാകുന്നു. പ്രകോപനമില്ലാതെ ഭാര്യയെ ചവിട്ടുകയും അടിക്കുകയും കഴുത്തിൽ ഞെക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നവർ ധാരാളം. സമുദായത്തിലെ ഈ ക്രൂരതയ്ക്കു് എതിരായി സ്ത്രീക്കു് ശബ്ദമുയർത്താൻ വയ്യ. നിയമവും അവൾക്കു് അനുകൂലമല്ല. കൊലപാതകിയായ ഭർത്താവിൽനിന്നും മോചനം നേടാൻ കോടതിയെ സമീപിക്കുന്ന സ്ത്രീക്കു് വർഷങ്ങൾ കഴിഞ്ഞാലും മോചനം കിട്ടുന്നില്ല. നിയമത്തിന്റെ നൂലാമാലകൾ ആ വിധത്തിലാണു്. അതുകൊണ്ടു് ക്രൂരമായി പെരുമാറുന്ന ഭർത്താവിൽനിന്നു് എളുപ്പത്തിൽ മോചനം നേടാൻ സ്ത്രീയെ സഹായിക്കുന്ന ഒരു സംവിധാനവും നിയമസംഹിതയും ഉണ്ടാകേണ്ടതാണു്. അവ ഉണ്ടാകാത്തിടത്തോളം കാലം നമ്മുടെ സ്ത്രീകൾ കഷ്ടപ്പെട്ടുകൊണ്ടിരിക്കും. അസ്തിത്വവാദികൾ കമ്മ്യൂനിക്കേഷന്റെ പ്രയാസത്തെക്കുറിച്ചു് പറയാറുണ്ടു്. ഇതു് യഥാർത്ഥത്തിൽ ദാമ്പത്യജീവിതത്തിലാണുള്ളതു്. വിവാഹം കഴിഞ്ഞു് പതിനഞ്ചു ദിവസമായിയെന്നു കരുതൂ. ഭാര്യയും ഭർത്താവും തമ്മിൽ കമ്മ്യൂനിക്കേഷൻ ഇല്ലാതാവുന്നു. പല കുടുംബങ്ങളും ഇമ്മട്ടിൽ ജീവിതം തള്ളിനീക്കുകയാണു്. ഭാര്യ പ്രതിഷേധിക്കാറില്ല. പ്രതിഷേധിച്ചാൽ ആപത്തുണ്ടാകുമെന്നു് അവൾക്കറിയാം.

കുക്കിങ് ഗ്യാസിന്റെ വിതരണത്തിലുള്ള ക്രമക്കേടുകളെക്കുറിച്ചു് എന്തു പറയാനാണു്? നമുക്കൊരു ജനാധിപത്യ പാരമ്പര്യമില്ല എന്നതാണു് ഇതിനു കാരണം. ചർച്ചിൽ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ ‘സ്പീഡ് ലിമിറ്റ്’ ലംഘിച്ചു് കാറോടിച്ചു. പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. കോടതി ശിക്ഷിച്ചു. ഇംഗ്ലണ്ടിലെ ജനാധിപത്യവ്യവസ്ഥ ആ വിധത്തിലാണു്. നമ്മുടെ ജനാധിപത്യവ്യവസ്ഥയും അതിനോടു ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങളും കോൺസ്റ്റിറ്റ്യൂഷനിൽ മാത്രമേയുള്ളു. പ്രായോഗികതലത്തിലും അവ വരണമെങ്കിൽ കാലംകഴിയും. ഇവിടെ മന്ത്രിയുടെ മകൻ തെറ്റു ചെയ്യേണ്ടതില്ല. അദ്ദേഹത്തിന്റെ പാർട്ടിയിൽപ്പെട്ട ആരെങ്കിലും തെറ്റുചെയ്താൽ ശിക്ഷിക്കപ്പെടുമോ? വ്യക്തിനിഷ്ഠങ്ങളായ പ്രയാസങ്ങളാൽ ആത്മഹത്യ ചെയ്യുന്നവർ ധാരാളം. സമുദായത്തിന്റെ കൊള്ളരുതായ്മകണ്ടു് ആത്മഹത്യചെയ്യുന്നവർ വിരളം. ഷ്ടെഫാൻ സ്വൈഹ് എന്ന ഉന്നതനായ സാഹിത്യകാരൻ അങ്ങനെ ജീവിതം അവസാനിപ്പിച്ച ആളാണു്. ഇക്വേറ്റ് ചെയ്തുപറയുകയല്ല. ഇന്നത്തെ അഴിമതികളും ക്രൂരതകളും കാണുമ്പോൾ എന്തിനു ജീവിച്ചിരിക്കുന്നു എന്നു് എനിക്കു തോന്നാറുണ്ടു്.

വൈക്കം മുഹമ്മദ് ബഷീറി ന്റെ ‘നീലവെളിച്ചം’ എന്ന സുന്ദരമായ ചെറുകഥ വായിക്കുമ്പോൾ അതു് അന്ധവിശ്വാസജന്യമാണെന്നു നമുക്കു തോന്നുന്നില്ല. കടലിൽ പോകുന്നവന്റെ ജീവൻ കരയിലിരിക്കുന്ന സഹധർമ്മിണിയുടെ ചാരിത്രത്തെ ആശ്രയിച്ചിരിക്കുന്നു എന്നതു് തികച്ചും സത്യാത്മകമായി തോന്നുന്നു തകഴി യുടെ ‘ചെമ്മീൻ’ എന്ന നോവൽ നാം വായിക്കുമ്പോൾ. ആശയങ്ങൾ ഈ കൃതികളിലെല്ലാം ഉണ്ടെങ്കിലും നമ്മൾ അവയെക്കുറിച്ചു് അറിയുന്നതേയില്ല. ആപത്തുകൾ നിറഞ്ഞ ആധുനിക ജീവിതത്തെ പോസ്റ്റ്മാൻ കൊണ്ടുവരുന്ന കത്തുകളിലൂടെ വി. ആർ. സുധീഷ് ആവിഷ്കരിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥ ആശയപ്രധാനമാണെന്നു നമുക്കു തോന്നുന്നതേയില്ല. ഇതാണു് ‘കല്ലേരിയിലെത്തുന്ന തപാൽക്കാരൻ’ എന്ന അദ്ദേഹത്തിന്റെ കഥയുടെ സവിശേഷത. ഒടുവിൽ ആപത്തിന്റെ സന്ദേശങ്ങളെത്തിക്കുന്ന ആ തപാൽക്കാരന്റെ ജീവിതംതന്നെ ദുരന്തത്തിൽ എത്തുന്നു. അതും സമകാലിക ജീവിതത്തിന്റെ സ്വഭാവം തന്നെ. പൂർവ്വ കല്പിത രൂപങ്ങളിൽ ഓരോ സംഭവവും ചെന്നുവീഴുന്ന പ്രതീതി ഉളവാക്കുന്നു. അതു് ന്യൂനതയത്രേ. എങ്കിലും ആധുനികജീവിതത്തിന്റെ ട്രാജഡി ഇവിടെയുണ്ടു്.

ഇറ്റലിയിലെ പ്രഖ്യാതയായ നോവലിസ്റ്റ് എൽസ മൊറാന്റേ 73-ആമത്തെ വയസ്സിൽ അന്തരിച്ചതായി ഈ ആഴ്ചത്തെ റ്റൈം വാരികയിൽ കാണുന്നു. വിശ്വപ്രശസ്തിയാർജ്ജിച്ച ആൽബർട്ടോ മൊറാവ്യാ യുടെ ഭാര്യയായിരുന്നു മൊറാന്റേ കുറേക്കാലം. History A Novel (La storia Romanzo) എന്ന ചേതോഹരമായ നോവലിന്റെ രചനകൊണ്ടു് മൊറാവ്യായെ ബഹുദൂരം അതിശയിച്ച എഴുത്തുകാരിയായിരുന്നു അവർ. 1941 തൊട്ടു് 1956 ഡിസംബർ വരെയുള്ള കാലയളവിന്റെ കഥ— യൂറോപ്പിന്റെ കഥ—ഐഡ എന്ന സ്ത്രീയിലൂടെ ആവിഷ്കരിക്കുകയാണു് എൽസ മൊറാന്റേ. “അനുവാചകരെ മാന്ത്രികശക്തിക്കു് അടിമപ്പെടുത്തുന്ന എഴുത്തുകാരിയാണു്” അവരെന്നു് സ്റ്റീഫൻ സ്പെൻഡർ അഭിപ്രായപ്പെട്ടു. Magnificent—ഉജ്ജ്വലം—എന്നാണു് ഡോറിസ് ലെസ്സിങ് ഈ നോവലിസ്റ്റിനെക്കുറിച്ചു പറഞ്ഞതു്. ഈ ലേഖകൻ നോവൽ വായിച്ചു. 1980-ൽ സ്പെൻഡറും ലെസ്സിങ്ങും പറഞ്ഞതു് ശരിയാണെന്നു ഗ്രഹിക്കുകയും ചെയ്തു.

നിങ്ങൾക്കു മതപരമായ ജീവിതത്തിലാണോ താൽപര്യം? എങ്കിൽ ഗീതയും ബൈബിളും ഖുറാനും വായിക്കൂ. അവ ആദ്ധ്യാത്മികമായ അനുഭൂതി കൈവരുത്തും. നിങ്ങൾക്കു ശാസ്ത്രത്തിലാണോ കൗതുകം? എങ്കിൽ എഡിങ്ടൺ, ജീൻസ് ഇവരുടെ ഗ്രന്ഥങ്ങൾ വായിക്കൂ. അനന്തതയുടെ വിസ്മയം അവ നിങ്ങൾക്കു് അനുഭവപ്പെടുത്തിത്തരും. നിങ്ങൾക്കു സാഹിത്യത്തിലാണോ അഭിനിവേശം? എങ്കിൽ വാല്മീകി യുടെയും വ്യാസന്റെ യും കൃതികൾ വായിക്കൂ. അവ കലയുടെ സ്വർഗ്ഗത്തു നിങ്ങളെ കൊണ്ടുചെല്ലും. നിങ്ങൾക്കു അധമ സാഹിത്യത്തിലാണോ ആഗ്രഹം? എങ്കിൽ മനോരമ ആഴ്ചപ്പതിപ്പിൽ സുമിത്ര എഴുതിയ “നിഴൽ” എന്ന ചെറുകഥ വായിക്കൂ. അതു് ഒരു ഘോരരൂപത്തെ പ്രത്യക്ഷമാക്കിത്തരും.