ഞാൻ പണ്ടു താമസിച്ചിരുന്ന വീട്ടിനടുത്തു് ഒരു സമുന്നതനായ ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥയായ ഭാര്യയോടൊരുമിച്ചു താമസിച്ചിരുന്നു. അദ്ദേഹം നീതിന്യായ നിർവഹണത്തിൽ തൽപരൻ. ശുപാർശ കേൾക്കില്ല. കൈക്കൂലി കൊണ്ടുവരുന്നവനെ പൊലീസ്സ്റ്റേഷനകത്താക്കും. പാവപ്പെട്ട ഗുമസ്തൻ തന്റെ ശമ്പളത്തിൽ നിന്നു മാസം തോറും പ്രോവിഡന്റ് ഫണ്ടിലടച്ച തുകയിൽ നിന്നു് ഒരു ചെറിയ തുക രോഗ ചികിത്സയ്ക്കായി കടം ചോദിച്ചാൽ ആയിരമായിരം ‘ക്വിഅറി’കൾ (query) ഫയലിൽ രേഖപ്പെടുത്തി കാലവിളംബം വരുത്തി അയാളെ കാലനൂർക്കു് അയയ്ക്കുന്നതിൽ പ്രഗൽഭൻ. ആ നവലങ്കാനാഥനെ പേടിച്ചാരും ആ വഴി നടന്നിരുന്നില്ല. ഞാൻ കൊളിജിയറ്റ് വിദ്യാഭ്യാസ വകുപ്പിലായിരുന്നതുകൊണ്ടും ഏതു സ്ഥലത്തേക്കു് എന്നെ മാറ്റിയാലും അതു ശഷ്പതുല്യം പരിഗണിക്കുന്നവൻ ആയിരുന്നതുകൊണ്ടും അദ്ദേഹത്തെ പേടിച്ചിരുന്നില്ല. ഈ നിഷ്പക്ഷ ചിന്താഗതിക്കാരനും പ്രാഡ്വിവാക തുല്യനുമായിരുന്ന ഉദ്യോഗസ്ഥധുരന്ധരൻ കന്മതിലിൽ ചേർന്നു നിന്നു് റോഡേ പോകുന്ന ചെറുപ്പക്കാരികളെ മാരതാപ പരവശനായി കൈകാണിച്ചു വിളിക്കുമായിരുന്നു. ചിലർ ചിരിക്കും. വേറെ ചിലർ പുച്ഛിച്ചു ചിരിക്കും, മറ്റു ചിലർ കാർക്കിച്ചു തുപ്പും. ഒരു ദിവസം ഉദ്യോഗസ്ഥന്റെ ഭാര്യ ഈ കാമചാപല്യം കണ്ടു. പിന്നെന്തുണ്ടായിയെന്നു് എനിക്കറിയാൻ മേല. വല്ല തിരസ്കരിണി വിദ്യയോ മറ്റോ എനിക്കു വശമായിരുന്നെങ്കിൽ ഞാനതിന്റെ രഹസ്യം കണ്ടുപിടിച്ചു പ്രിയപ്പെട്ട വായനക്കാർക്കു പറഞ്ഞു തരുമായിരുന്നു. പക്ഷേ, ഒന്നും സംഭവിക്കാത്ത മട്ടിൽ അവർ രണ്ടു പേരും കാറിന്റെ പിറകിലിരുന്നു പാഞ്ഞു പോകുന്നതു ഞാൻ കണ്ടിട്ടുണ്ടു്. അദ്ദേഹം ഇപ്പോഴും ഗുമസ്തന്മാരെ പീഡിപ്പിക്കുന്നുണ്ടാവും. സന്ദർശകരെ ആട്ടിപ്പായിക്കുന്നുണ്ടാവും. ഏതു ന്യായമുള്ള കാര്യമായാലും ഫയലിൽ കീഴുദ്യോഗസ്ഥന്റെ അഭിപ്രായത്തിനു താഴെ വലിയ NO എഴുതുന്നുണ്ടാവും. ദിവസവും കാലത്തു് എഴുന്നേറ്റു് കന്മതിലിൽ പൊന്മേനി ചേർത്തു പെൺകിടാങ്ങളെ കൈകാണിച്ചു വിളിക്കുന്നുണ്ടാവും. ഇങ്ങനെ പ്രവർത്തിക്കുന്നവൻ സ്വന്തം ഭാര്യയിൽ ഒരു താല്പര്യവും ഉള്ളവനായിരിക്കില്ല. അതിന്റെ പേരിലും അയാളുടെ പരസ്ത്രീഗമനവാഞ്ഛയുടെ പേരിലും ചെറിയ വഴക്കുകൾ ഉണ്ടാകാം. അതു വലിയ വഴക്കുകളായിയെന്നു വരാം. ആ ശണ്ഠകൾ കൊണ്ടു് അവരുടെ ലൈംഗികജീവിതം തകർന്നുവെന്നും വരാം. എന്നാൽ അതൊന്നും ആരുമറിയില്ല. കാലത്തു രണ്ടുപേരും ഒരുമിച്ചു കാറിൽ ഓഫീസുകളിലേക്കു പോകുമ്പോൾ അവരെ കണ്ടു ചില പെൺപിള്ളേർ. “ഹാ, എന്തു ഭാഗ്യം” എന്നു മൊഴിയും. കെ. പി. ഭവാനി എഴുതിയ ‘ചിറകു മുറിഞ്ഞ പക്ഷി’ എന്ന ചെറുകഥയിൽ (വിമൻസ് മാഗസിൻ) ഈ വിധത്തിലല്ലെങ്കിലും മറ്റൊരു വിധത്തിൽ ദുരന്തത്തിലെത്തിയ ഒരു ദാമ്പത്യജീവിതം കാണാം. ഭാര്യയെ അസ്വതന്ത്രയാക്കി വയ്ക്കുന്ന ദുഷ്ടനായ ഭർത്താവിന്റെ ചിത്രീകരണമാണു് അതിലുള്ളതു്. ഇംഗ്ലീഷിൽ ‘വെരിസിമിലിറ്റ്യൂഡ്’ എന്നു വിളിക്കുന്ന ‘സത്യസാദൃശ്യം’ ഇക്കഥയ്ക്കുണ്ടു്. പക്ഷേ, കലയിലെ സത്യം ഈ സത്യസാദൃശ്യമല്ല. ഈ കഥയിലെ സംഭവങ്ങൾ എല്ലാ വായനക്കാർക്കും അറിയാം. ആ സംഭവവർണ്ണനകൾ അവർ മുൻപു് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലക്ഷ്യത്തിൽ അവരെ എത്തിക്കുമ്പോഴാണു് കലയുടെ ജനനം. കെ. പി. ഭവാനി കുറെക്കാലമായി കഥകൾ എഴുതുന്നു. പക്ഷേ, ഇന്നുവരെ അവർ ഈ ലക്ഷ്യത്തിൽ സ്വയം എത്തിച്ചേർന്നിട്ടില്ല; വായനക്കാരെ കൊണ്ടെത്തിച്ചിട്ടുമില്ല. ഭവാനി രചിക്കുന്നതു് കഥയല്ല, ജർണ്ണലിസമെന്നു വിളിക്കാവുന്ന എന്തോ ആണു്. ഭാര്യയുടെ നൃശംസതയ്ക്കു വിധേയനായിത്തീർന്ന ഭർത്താവിനോടു ചോദിക്കു “Sir, do you think that you made the biggest mistake of your life?” സർ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം നിങ്ങൾ ചെയ്തുവെന്നു വിചാരിക്കുന്നുണ്ടോ? No എന്നായിരിക്കും ആ അടിമയുടെ ഉത്തരം. ഭർത്താവിന്റെ ക്രൂരതയ്ക്കു പാത്രമായിബ്ഭവിച്ച സ്ത്രീയോടു് അതേ ചോദ്യം ചോദിക്കു. No, No എന്നു രണ്ടു തവണ പറയും. ദാമ്പത്യ ജീവിതത്തിലെ അസുഖകരങ്ങളായ സത്യങ്ങൾ ആരും പുറത്തു പറയാറില്ല.

കരുതിക്കൂട്ടി കഥയ്ക്കു കനം കൂട്ടുക; എന്നു പറഞ്ഞാലോ? എത്ര ക്ലേശിച്ചാലും അർത്ഥം മനസ്സിലാകാതിരിക്കത്തക്ക വിധത്തിൽ സങ്കീർണത വരുത്തുക—ഇതാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘കവർച്ചകൾ’ എന്ന ‘ചെറുകഥ’യെഴുതിയ എൻ. പ്രഭാകരന്റെ പ്രവർത്തനം. കഥ പറയുന്ന ആളും ഒരു പ്രൊഫസറും വേറൊരുത്തനും കൂടി ഒരു ബാങ്കിന്റെ പൂട്ടു തീ കൊണ്ടു ഉരുക്കിക്കളയുന്നു. എന്നിട്ടു് അകത്തു കയറുന്നു. അവിടെ കമ്പിവലയുടെ അകത്തു് ഒരാൾക്കുരങ്ങു്. അതു് സ്വന്തം ജനനേന്ദ്രിയം കൈയിലെടുത്തു രസിക്കുന്നു. സേഫ് പൊളിച്ചു് അകത്തു തലയിട്ട പ്രൊഫസർക്കു തല തിരിച്ചെടുക്കാൻ വയ്യ. കഥ പറയുന്ന ആൾ മാനേജരുടെ റിവോൾവിങ് ചെയർ എടുത്തു കൊണ്ടുവരുന്നു. അതിലിരുന്നു കറങ്ങുന്നു. ഇതാണു് കഥ. ആദ്യം ഇതിനെ ‘ഫന്റാസ്റ്റിക് ഇക്സ്ട്രാവഗൻസ’ എന്നു വിളിക്കാൻ തോന്നി എനിക്കു്. പിന്നീടു് അതു പോരെന്നും ‘ഭ്രാന്തു്’ എന്നു വിളിക്കണമെന്നും തോന്നി. ഇതു കഥാസാഹിത്യത്തിലെ തിന്മയുടെ പ്രതിരൂപമാണു്; ഭയജനകമാണിതു്. ഭ്രാന്തും വൾഗാരിറ്റിയും ഇതിനെക്കാൾ എത്രയോ മടങ്ങുഭേദം. അതുകൊണ്ടു് ‘ഭ്രാന്തു്’ എന്നു മുൻപെഴുതിയതു് ഞാൻ പിൻവലിക്കുന്നു.
ചില കഥകൾ അവയിലെ ബാഹ്യ ജീവിതംകൊണ്ടു് നമ്മളെ ആകർഷിക്കും. ഉദാഹരണം പി. കേശവദേവി ന്റെ കഥകൾ. വേറെ ചില കഥകൾ അവയിലെ ആന്തരജീവിതംകൊണ്ടു് നമ്മെ ആകർഷിക്കും. ഉദാഹരണം പി. സി. കുട്ടിക്കൃഷ്ണന്റെ കഥകൾ. ബാഹ്യ ജീവിതമോ ആന്തരജീവിതമോ ഇല്ലാതെ മനുഷ്യനെ രാവണൻകോട്ടയിലേക്കു് എറിയുന്ന കഥകൾ കേരളത്തിൽ വർദ്ധിച്ചു വരുന്നു.

സഹോദരൻ സ്നേഹിതനായിരിക്കുകയില്ല; പക്ഷേ, സ്നേഹിതൻ പലപ്പോഴും സഹോദരനായിരിക്കും എന്നൊരു ചൊല്ലു് കേട്ടിട്ടുണ്ടു്. സ്നേഹിതനും സഹോദരനാവുകയില്ല എന്നു തെളിയിക്കുന്നു ദേശാഭിമാനി വാരികയിലെ ‘ഒരു പെരുന്നാൾ പേക്കിനാവു്’ എന്ന കഥ (ടി. വി. എം. അലി എഴുതിയതു്). ഒരു തെറ്റും ചെയ്യാത്തവനാണു് കുട്ട്യാലി എന്ന പോസ്റ്റ്മാൻ. അയാളുടെ സ്നേഹിതന്റെ അമ്മ മരിച്ചു. ശവമടക്കാൻ പണമില്ല. അമ്മയുടെ പേരിൽ വന്ന മണിയോർഡർ കള്ളയൊപ്പിട്ടു് എടുക്കാൻ സ്നേഹിതൻ കുട്ട്യാലിയെ പ്രേരിപ്പിക്കുന്നു. കഥയുടെ അസ്പഷ്ടമായ പര്യവസാനത്തിൽ നിന്നു് അയാൾ വഴങ്ങിയോ ഇല്ലയോ എന്നു നിശ്ചയിക്കാൻ വയ്യ. എങ്കിലും വഴങ്ങി എന്ന തീരുമാനത്തിലാണു് നമ്മൾ എത്തേണ്ടതു്. സമകാലിക സമുദായത്തിലെ അനീതികളെ ആക്രമിക്കുന്ന കഥകളാണല്ലോ പുരോഗമന ചിന്തകൾക്കു പ്രാധാന്യം നല്കുന്ന ദേശാഭിമാനിയിൽ വരാറു്. അതിനാൽ സമുദായത്തിന്റെ തെറ്റായ ഘടനയുടെ ഫലമായി പോസ്റ്റ്മാനു് ദാരിദ്ര്യമുണ്ടെന്നും ആ ദാരിദ്ര്യത്തിന്റെ ഫലമായി അയാൾ പണം അപഹരിച്ചെന്നും നമ്മൾ കരുതുകുയാണു വേണ്ടതു്.
അലിയുടെ കഥയിലെ സമുദായം രോഗം പിടിച്ചു കിടക്കുകയാണു്. രോഗിക്കു് എയ്ഡ്സല്ല രോഗം. വേണ്ടിടത്തോളം ആഹാരം കിട്ടാത്തതുകൊണ്ടു് എല്ലും തോലുമായി മാറിയിരിക്കുകയാണു് അയാൾ (സമുദായം) ചോറും കറിയും ഫലവർഗ്ഗങ്ങളും മറ്റും കൊടുത്താൽ രോഗം ഭേദമാകാതിരിക്കില്ല. എന്നാൽ അതൊക്കെ കിട്ടാൻ എന്തു വഴി? ഒരു വഴിയുമില്ല, കമ്മ്യൂണിസമല്ലാതെ. അലി എന്ന ഡോക്ടർ നിസ്സഹായാവസ്ഥയിൽ സമുദായരോഗിയുടെ നാഡി പിടിച്ചു നോക്കിക്കൊണ്ടു നിൽക്കുന്നു. അയാളുടെ ആ ചിത്രം അത്ര മോശമാണെന്നു പറയാൻ വയ്യ.
ഞാനിത്രയും എഴുതിയിട്ടു് ആകാശത്തേക്കു നോക്കുമ്പോൾ രജതപ്രഭയാർന്ന ഒരു കിളി ധവളാഭമായ മേഘശകലത്തിലേക്കു പറന്നടുക്കുന്നതായി കാണുന്നു. സൂര്യന്റെ തീക്ഷ്ണരശ്മികൾ വഹിച്ചു് മേഘശകലത്തിന്റെ വെണ്മയിലേക്കു് ആവാഹിച്ചു് അതു കൂടുതൽ ശോഭയുള്ളതായി മാറുന്നു. അതാ അതു് അപ്രത്യക്ഷമായി. ഇനി അതിന്റെ തിളക്കം ഒരോർമ്മ മാത്രം. അതു മതി. ആ ഓർമ്മതന്നെ ഹൃദയത്തിനു് ഉല്ലാസം നൽകും. യഥാർത്ഥത്തിൽ കല ഇതുപോലൊരു വിഹംഗമമല്ലേ?
നമ്മൾ കഴിക്കുന്ന ആഹാരം ദഹന ക്രിയയ്ക്കു വിധേയമാകുമ്പോൾ ധാരാളം വായു വയറ്റിലും കുടലിലും ഉണ്ടാകുന്നുവെന്നു് ബഞ്ചമിൻ ഫ്രാങ്ക്ളിൻ പറഞ്ഞിട്ടു വേണ്ട നമ്മൾ മനസ്സിലാക്കാൻ. എങ്കിലും അദ്ദേഹമതു പറഞ്ഞു. ഇങ്ങനെയുണ്ടാകുന്ന വായു ദുർഗ്ഗന്ധമാർന്നതു കൊണ്ടു് അതിനെ പുറത്തേക്കു് അയയ്ക്കാൻ ആരും തയ്യാറാവുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതും സത്യം. അങ്ങനെ വായുവിനെ അടക്കിവച്ചാൽ വല്ലാത്ത വയറ്റുവേദനയും മറ്റു രോഗങ്ങളും ഉണ്ടാകും. ഇതൊഴിവാക്കാൻ ഫ്രാങ്ക്ളിനു് ഒരു നിർദ്ദേശമുണ്ടു്. ആഹാരത്തോടൊരുമിച്ചു് ഏതെങ്കിലും മരുന്നുകൂടെ കഴിക്കണം. ഇങ്ങനെ കണ്ടുപിടിക്കപ്പെട്ട മരുന്നു് ദുർഗ്ഗന്ധമാർന്ന വായുവിനെ പരിമളമുള്ളതാക്കിത്തീർക്കണം. പഴകിയ മാംസം ഉള്ളിയോടു ചേർത്തു കഴിക്കുന്നവൻ പുറത്തേക്കു് അയയ്ക്കുന്ന വായു അസഹനീയമായ വിധത്തിൽ ദുർഗ്ഗന്ധമുള്ളതായിരിക്കും. എന്നാൽ സസ്യഭുക്കിന്റേതു് അത്ര തീക്ഷ്ണതയുള്ളതായിരിക്കില്ല (എല്ലാം ഫ്രാങ്ക്ളിന്റെ അഭിപ്രായം).

കേരളത്തിലെ രാഷ്ട്ര വ്യവഹാരത്തെ ഉദരമായി സങ്കല്പിക്കാമെങ്കിൽ അമ്പതു കൊല്ലം മുൻപു് അതിൽ നിന്നു നിർഗ്ഗമിച്ചിരുന്ന വായു സസ്യഭുക്കിന്റേതായിരുന്നു. കാലം കഴിഞ്ഞപ്പോൾ എല്ലാവരും മാംസഭുക്കുകളായി മാറി. അവർ സംസ്കാരം ആവശ്യപ്പെടുന്നതനുസരിച്ചു്, വായുവിനെ നിയന്ത്രിക്കേണ്ടതായിരുന്നു. അതു ചെയ്യാതെ സ്വച്ഛന്ദം അതു നിർഗ്ഗമിപ്പിച്ചു തുടങ്ങി. ഇന്നു് മൂക്കും കൊണ്ടു് ആർക്കും ഇറങ്ങി നടക്കാൻ വയ്യ. ചില കമ്മിറ്റിയംഗങ്ങൾക്കും ചില സംഘടനകളുടെ പ്രസിഡന്റന്മാർക്കും ഊ പൂതിഗന്ധം നറുമണമായി തോന്നുന്നുണ്ടെങ്കിലും സ്വാർത്ഥതാൽപര്യമില്ലാത്തവർക്കു് ഇതു് പൂതിഗന്ധം തന്നെയാണു്. ഇതിനെ പരിമളമുള്ളതാക്കി തീർക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ഫ്രാങ്ക്ളിൻ വിചാരിച്ചാൽപ്പോലും അതിനു വഴി കണ്ടുപിടിക്കാൻ സാദ്ധ്യമല്ല. ഒറ്റ മാർഗ്ഗം ഇതു പൂതിഗന്ധമാണെന്നു് ഉറക്കെപ്പറയുക എന്നതാണു്. ആ ‘മംഗളകർമ്മം’ ഭംഗിയായി അനുഷ്ഠിക്കുന്നു മലയാറ്റൂർ രാമകൃഷ്ണൻ. കലാകൗമുദിയിൽ അദ്ദേഹമെഴുതിയ ‘കോങ്ക്രോത്തു് ഇല്ലവും കൃഷ്ണക്കുറുപ്പും’ എന്ന കഥ വായിച്ചു നോക്കുക. ദുർഗ്ഗന്ധത്തിന്റെ തീക്ഷ്ണത കുറയ്ക്കുന്ന ഈ പ്രവർത്തനം വിരാമമില്ലാതെ മുന്നോട്ടു പോകട്ടെ. കേരളീയർ മൂക്കു പൊത്തിക്കൊണ്ടു് പരക്കം പായുകയാണല്ലോ.
പ്രായം കുറഞ്ഞവളെ വിവാഹം കഴിക്കുന്നതിനെക്കാൾ ഭേദം പ്രായം കൂടിയവളെ സഹധർമ്മിണിയാക്കുകയാണെന്നും ഫ്രാങ്ക്ളിനു് അഭിപ്രായമുണ്ടു്. അതിന്റെ കാരണങ്ങളും അദ്ദേഹം നല്കിയിട്ടുണ്ടു്.
- കിഴവിക്കു് ലോകപരിചയം കൂടും. അതിനാൽ അവളുടെ വർത്തമാനം രസകരമായിരിക്കും.
- സൗന്ദര്യത്തിൽ ശ്രദ്ധിക്കാതെ പ്രായോഗികതയിൽ അവൾ മനസ്സുവയ്ക്കും. അതു പുരുഷനു് സഹായകരമായിരിക്കും.
- സന്താനം ഉണ്ടാവുകയില്ല.
- സംശയത്തിനു് സ്ഥാനമില്ല (ജലസി ഉണ്ടാവുകയില്ല എന്നർത്ഥം).
- ഇരുട്ടത്തു് എല്ലാ പൂച്ചകൾക്കും ചാരനിറം. അതുപോലെ ലൈംഗിക പ്രവർത്തനങ്ങളിൽ തരുണിക്കും വൃദ്ധയ്ക്കും തമ്മിൽ വ്യത്യാസമില്ല. പലപ്പോഴും വൃദ്ധ മെച്ചവും.
- പാപകർമ്മം കിഴവിക്കു കുറവു്. അതുകൊണ്ടു് പുരുഷനു് സ്വസ്ഥത നശിക്കില്ല.
- നന്ദി കൂടും വൃദ്ധയ്ക്കു്.
ഇതിനു നേരെ വിപരീതമായി പ്രായം കൂടിയ ഭർത്താവുമായുള്ള തരുണിയുടെ ജീവിതത്തെ ആദർശാത്മകമാക്കി ചിത്രീകരിക്കുന്നു ‘ഗൃഹലക്ഷ്മി’യിലെ ഒരു ലേഖനം. എനിക്കു സ്നേഹവും ബഹുമാനവുമുള്ള പുരുഷന്മാരെയാണു് ആ ലേഖനത്തിൽ കൊണ്ടുവന്നിരിക്കുന്നതു്. അതുകൊണ്ടു് കമന്റിനു മാർഗ്ഗമില്ല. ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ: “മദ്യം സീതയ്ക്ക് (സീതാലക്ഷ്മി) കണ്ടുകൂടാ. പക്ഷേ, ദേവിനു് (പി. കേശവദേവ്) അതു പ്രിയം. പക്ഷേ, അതും അവരുടെ ജീവിതത്തിൽ അസ്വസ്ഥതയുണ്ടാക്കിയില്ല. ദേവ് മദ്യപിച്ചു വന്നാൽ സീത പിണക്കം നടിക്കും. ഗേറ്റ് കടന്നാലുടൻ ചെടിയൊടിച്ചു രണ്ടു മൂന്നു കുഞ്ഞടി കൊടുക്കും. വേദനിക്കുമ്പോൾ അദ്ദേഹം ചിരിക്കും. സീതയെ കെട്ടിപ്പിടിച്ചു് ഉമ്മവച്ചു് അകത്തേക്കു കടക്കും. അതോടെ പിണക്കം തീരും” (പുറം 9). ഈ അഴുക്കു മുണ്ടെല്ലാമെടുത്തു പരസ്യമായി അലക്കേണ്ടതുണ്ടോ? വിശേഷിച്ചും അശ്മപട്ടം മാതൃഭൂമി പ്രസാധനമായിരിക്കുമ്പോൾ. യേശുദേവൻ കുഷ്ഠരോഗികളുടെ ആ രോഗം മാറ്റി. ജർണ്ണലിസത്തിലെ കുഷ്ഠം മാറ്റാൻ ആരു അവതരിക്കും.

കഥ ‘ട്രിക്ക്’ ആകുമ്പോൾ രസിക്കുന്നതു് അനാഗതശ്മശ്രൂക്കളും അനാഗതാർത്തവകളുമായിരിക്കും. അവരെ രസിപ്പിച്ച ഒരു കഥാകാരനാണു് ഒ. ഹെൻട്രി. അദ്ദേഹത്തിന്റെ While the auto waits എന്ന കഥയുടെ സംഗ്രഹം നല്കാം. ഒരു പാർക്കിൽ ചാര നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു് ഒരു സുന്ദരിപ്പെൺകുട്ടി ഇരിക്കുന്നു. അവളുടെ അടുക്കൽ സാധാരണമായ വേഷം ധരിച്ച ഒരു യുവാവു് വന്നു് ഇരിപ്പായി. താനൊരു ‘ലേഡി’യാണെന്നു് അവൾ അയാളോടു പറഞ്ഞു. റോഡിൽ ആ കാറ് കിടക്കുന്നില്ലേ, അതു് തന്റെതാണെന്നും അവൾ അറിയിച്ചു. യുവാവു് പറഞ്ഞു. “അതാ അക്കാണുന്ന ഭക്ഷണശാലയിലെ ക്യാഷ്യറാണു് ഞാൻ”. അവർ കുറെ നേരം സംസാരിച്ചു. തനിക്കു് ഒരു ഡിന്നറിനു പോകണം അതിനു ശേഷം തീയറ്ററിലേക്കും എന്നു് അവൾ അയാളെ അറിയിച്ചു. തന്റെ കൂടെ വരരുതെന്നു നിർദ്ദേശിച്ചിട്ടു് അവൾ വേഗം നടന്നു് ഭക്ഷണശാലയിൽ കയറി. ക്യാഷ്യറുടെ സ്ഥാനത്തിരുന്ന വേറൊരു ചെറുപ്പക്കാരി അവിടെ നിന്നു താഴത്തേക്കിറങ്ങി. അവിടേക്കു പാർക്കിൽ വച്ചു നാം കണ്ട യുവതി കയറിയിരുന്നു. യുവാവു് റോഡിലിട്ടിരുന്ന തന്റെ കാറിൽ കയറി ഡ്രൈവറോടു് ആജ്ഞാപിച്ചു: “ഹെൻട്രി, ക്ലബ്ബിലേക്കു്”. പെൺപിള്ളേരുടെ ദുരഭിമാനത്തെ ചിത്രീകരിക്കുന്ന ഈ കഥയ്ക്കു സാഹിത്യത്തിന്റെ മേന്മയില്ല. ഇതു് ജാലവിദ്യ മാത്രമാണു്. ഇതുപോലൊരു ട്രിക്കാണു് മണർകാടു് വിജയന്റെ “ഹരിഗോവിന്ദന്റെ… ” [അടുത്തപദം എന്താണെന്നു് അറിയാൻ പ്രയാസം. എഴുതിയിട്ടു് അച്ചടിച്ചതല്ലേ? കരിക് എന്നാണോ? എന്തോ!] ഭാര്യയും ഭർത്താവും ഒരുമിച്ചു കഴിയുന്നു. അപ്പോഴുണ്ടു് ഭർത്താവിന്റെ ഒരു പൂർവ്വസ്നേഹിതൻ വരുന്നു. അയാൾ ആരെന്നു ഭാര്യക്കു് അറിഞ്ഞുകൂടാ. കണ്ടപ്പോൾ മനസ്സിലായി പണ്ടു് താൻ അടികൊടുപ്പിച്ച ആളാണെന്നു്. ഒ. ഹെൻട്രിയുടെ കഥകളിൽ ഉള്ളതുപോലെ ഇതിനും ‘ട്രിക്ക് എൻഡിങ്’ ഉണ്ടു്. ഇത്തരം കഥകൾ ജീവിതാവിഷ്കരണാത്മകതയില്ലാതെ ax2 + bx + c = 0 തുടങ്ങിയ ഇക്വേഷൻ പോലെ വിരാജിക്കുന്നു. ചെറുകഥാസാഹിത്യം ഇതിൽ നിന്നെല്ലാം വളരെ വളർന്നുപോയിരിക്കുന്നു (കഥ ‘വനിത’യിൽ).

അമരത്വം വരിച്ച ഒരു സ്നേഹിതനെ ഒരു ദരിദ്രൻ കണ്ടു. കൂട്ടുകാരന്റെ ദാരിദ്ര്യത്തിന്റെ കഥകൾ കേട്ട അയാൾ ഒരു ചുടുകട്ടയുടെ നേർക്കു വിരൽ ചൂണ്ടി അതിനെ സ്വർണ്ണമാക്കി മാറ്റി അയാൾക്കു കൊടുത്തു. ദരിദ്രനു് തൃപ്തിയായില്ല. അമരത്വമാർന്നവൻ ഓടിപ്പോകുന്ന ഒരു സിംഹത്തിന്റെ നേർക്കു വിരൽചൂണ്ടി അതിനെയും സ്വർണ്ണമാക്കി. എന്നിട്ടും ദരിദ്രനു് ഒട്ടും തൃപ്തിവന്നില്ല. “ഇനി എന്തുവേണം?” എന്നു ചോദ്യമായി അയാൾ. അപ്പോൾ ദരിദ്രൻ പറഞ്ഞു: “എനിക്കു നിങ്ങളുടെ വിരൽ വേണം”. (Ancient Chinese Fables എന്ന പുസ്തകത്തിൽ നിന്നു്.) വൈലോപ്പിള്ളി ഓരോ തവണ വിരൽ ചൂണ്ടിയപ്പോഴും ഓരോ സ്വർണ്ണശില്പം നമുക്കു കിട്ടി. അദ്ദേഹത്തിന്റെ തൂലിക നമുക്കു വേണമെന്നു പറഞ്ഞതുകൊണ്ടു പ്രയോജനമില്ല. അതുതന്നെയാണു് ജി. ശങ്കരക്കുറുപ്പു് പണ്ടു പറഞ്ഞതും. ചങ്ങമ്പുഴ മരിച്ചപ്പോൾ ജി എഴുതി ആ മരണം ജനിപ്പിച്ച ദുഃഖം പകർത്താൻ ചങ്ങമ്പുഴയുടെ തൂലിക തന്റെ കൈയിലില്ലല്ലോ എന്നു്.
ബസ്സിൽ അല്ലെങ്കിൽ തീവണ്ടിയിൽ കയറുമ്പോൾ ആളുകൾ കാണിക്കുന്ന പരാക്രമങ്ങൾ അസാധാരണങ്ങളും സംസ്കാര രഹിതങ്ങളുമാണു്. ചവിട്ടാനും ഇടിക്കാനും തള്ളിയിടാനും കഴുത്തിൽപ്പിടിച്ചു വലിക്കാനും മറ്റും ആർക്കും മടിയില്ല. സർവ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരും ക്രിസ്തുശിഷ്യന്മാരും കൂടെ കയറാൻ ശ്രമിക്കുന്നവരെ ഇടിക്കുന്നതും ചവിട്ടുന്നതും “എന്റെ കണ്ണുകൊണ്ടു്” ഞാൻ കണ്ടിട്ടുണ്ടു്. എന്നാൽ വാഹനത്തിനകത്തു സ്ഥലം പിടിച്ചു കഴിഞ്ഞാൽ ആളുകളുടെ സ്വഭാവത്തിനു മാറ്റം വരുന്നു. വൃദ്ധനു യുവാവു് ഇരിപ്പിടമൊഴിഞ്ഞു കൊടുക്കുന്നു. അംഗഭംഗമുള്ളവനെ മറ്റാളുകൾ ഇരുത്തുന്നു. വാഹനം കുറെദൂരം ഓടിക്കഴിഞ്ഞാൽ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ എല്ലാവരും പെരുമാറുന്നു. ഇതിനെക്കുറിച്ചാണു് പ്രൊഫസർ കെ. എം. തരകൻ മനോരമ ആഴ്ചപ്പതിപ്പിൽ ഉപന്യസിച്ചിട്ടുള്ളതു്. ഈ താല്ക്കാലിക സൗഹൃദം ചിലപ്പോൾ സ്ഥിര സൗഹൃദമായി മാറുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
വാഹനത്തിനകത്തു വച്ചുണ്ടാകുന്ന ഈ ബന്ധത്തിനു് അല്ലെങ്കിൽ ഐക്യത്തിനു് യുണാനിമിസം എന്നാണു് പേരു്. ഫ്രഞ്ചെഴുത്തുകാരൻ ഷ്യൂൾ റൊമങ്ങി ന്റെ കൃതികളുടെ അടിസ്ഥാനം ഈ തത്ത്വചിന്തതന്നെയാണു്. സമഷ്ടിഗതമായ വികാരമാണു് യുണാനിമിസം.

ഫുട്ബോൾ കളിക്കാരെ നോക്കൂ. പതിനൊന്നു കളിക്കാരിൽ ഓരോരുത്തനും ഓരോ സ്വഭാവമാണു്. ചിലപ്പോൾ തമ്മിൽത്തമ്മിൽ ശത്രുതയുമുണ്ടായിരിക്കും. എങ്കിലും ഗ്രൗണ്ടിൽ ഇറങ്ങിക്കഴിയുമ്പോൾ ഒറ്റ വികാരമാണു് അവരെ ഭരിക്കുക. ആ വികാരത്തിനു ഭംഗം വരുത്താൻ ആരു ശ്രമിച്ചാലും പ്രതിഷേധമുണ്ടാകും. ബസ്സിൽ സഞ്ചരിക്കുന്നവരുടെ ടിക്കറ്റ് പരിശോധിക്കാൻ ചെക്കിങ് ഇൻസ്പെക്ടർ വരുമ്പോൾ ഓരോ യാത്രക്കാരനും വെറുപ്പാണു്. വാഹനത്തിൽ നാല്പത്തഞ്ചു യാത്രക്കാരുണ്ടെന്നു വിചാരിക്കു. ഓരോ യാത്രക്കാരന്റെയും വികാരത്തിന്റെ അളവു് രണ്ടാണെന്നു കരുതു. അപ്പോൾ ആകെ വികാരം തൊണ്ണൂറല്ലേ? അല്ല. അതു് ആയിരമോ അതിലധികമോ ആയിരിക്കും. യുണാനിമിസം സാഹിത്യത്തിൽ എങ്ങനെ ആവിഷ്കരിക്കുന്നു എന്നറിയണമെങ്കിൽ ഷ്യൂൾ റൊമങ് എഴുതിയ Men of Good Will എന്ന ദീർഘമായ നോവൽ വായിക്കണം. അതിനു സൗകര്യമില്ലെങ്കിൽ അദ്ദേഹത്തിന്റെ The Death of a Nobody എന്ന ചെറിയ നോവൽ വായിച്ചാൽ മതി (പേരു് ഇതു തന്നെയോ എന്നു സംശയമുണ്ടു്). അതൊരു കലാശില്പമാണു്. സുപ്രധാനമായ ഈ തത്ത്വചിന്തയെക്കുറിച്ചു് ഓർമ്മിക്കുവാൻ എനിക്കു സഹായമരുളി പ്രൊഫസർ കെ. എം. തരകന്റെ ലേഖനം.

സിനിമയിൽ കണ്ടതാണു്. ചിലർ മലയുടെ മുകളിലേക്കു കയറുന്നു. ഐസ് ആക്സ് കൊണ്ടു് മലയിൽ വെട്ടി കൊച്ചു കുഴികൾ ഉണ്ടാക്കി അതിൽ അള്ളിപ്പിടിച്ചുകൊണ്ടാണു് കയറ്റം. ഒടുവിൽ അവർ മലയുടെ മുകളിൽ കയറിനില്ക്കുന്നു. മലയിൽ കയറാൻ ഭാവിച്ചപ്പോൾ തങ്ങൾക്കു് ഏതു രീതിയിലുള്ള സ്വത്വം ഉണ്ടായിരുന്നുവോ അതിൽനിന്നു വിഭിന്നമായ സ്വത്വമാണു് ഉപരിതലത്തിൽ നില്ക്കുമ്പോൾ അവർക്കു് ഉണ്ടായിരിക്കുക. അതുപോലെ വിവാഹിതയായ സ്ത്രീ മേലുദ്യോഗസ്ഥന്റെ കാരുണ്യമാർന്ന പെരുമാറ്റത്താലും സ്നേഹപൂർണ്ണമായ വാക്കുകളാലും വശീകരിക്കപ്പെട്ടു് മറ്റൊരു സ്വത്വം ആർജ്ജിച്ചു് ദുരന്തത്തിൽ ചെല്ലുന്നതു് പ്രാഗല്ഭ്യത്തോടെ ചിത്രീകരിക്കുന്നു സി. രാധാകൃഷ്ണൻ (‘നിറം മാറുന്ന ജീവികൾ’ എന്ന ചെറുകഥ, കഥാ ദ്വൈവാരികയിൽ) പെരുമാറ്റവും വാക്കുകളുമാണു് ഇവിടെ ഐസ് ആക്സ് നിർമ്മിക്കുന്ന കുഴികൾ. ഒരു വ്യത്യാസമുണ്ടു്. മലയുടെ മുകളിൽച്ചെന്നു നിൽക്കുന്നവനു് ആന്തരശക്തി കൂടും. മേലുദ്യോഗസ്ഥന്റെ (കഥയിൽ മാനേജിംഗ് ഡയറക്ടർ) കെണിയിൽ വീഴുന്ന വിവാഹിതയ്ക്കു് പ്രതിക്ഷണം ദൗർബ്ബല്യം വർദ്ധിക്കുന്നു. ആ ദൗർബ്ബല്യം വളരെ കൂടുമ്പോൾ അവൾ തകരുകയാണു്. രാധാകൃഷ്ണന്റെ കഥയുടെ ശില്പവും അതിന്റെ ഭാഗമായ ആഖ്യാനവും നന്നു്.
Dear reader, ethics demands that I speak the truth—പ്രിയപ്പെട്ട വായനക്കാരെ, സദാചാരസംഹിത എന്നോടു് ആവശ്യപ്പെടുന്നു, സത്യം പറയാൻ. അതുകൊണ്ടു് സത്യം പറയട്ടെ. നമ്മൾ കേരളീയർ കവിയായ വൈലോപ്പിള്ളിയെ അവഗണിച്ചു. ഓരോ കവിയുടെയും കവിത പരിശോധിക്കു. സവിശേഷതകൾ കാണാം. കുഞ്ചൻ നമ്പ്യാർ ദീർഘതയിലെ സമ്പന്നതയും ശൂന്യതയും ബഹിർഭാഗസ്ഥതയും ചിത്രീകരിച്ചു. എഴുത്തച്ഛൻ ദീർഘതയിലെ സമ്പന്നത മാത്രം ആവിഷ്കരിച്ചു. വെണ്മണി ഉപരിപ്ലവതയിൽ മാത്രം രസിച്ചു. വൈലോപ്പിള്ളി ഒരു ബിന്ദുവിനകത്തുള്ള സമ്പന്നത കണ്ട കവിയാണു്. അക്കാര്യത്തിൽ അദ്ദേഹത്തിനു സദൃശനായി വേറൊരു കവിയുടെ പേരു പറയാൻ പ്രയാസം. ആ കവിക്കു് അദ്ദേഹം അർഹിക്കുന്ന അംഗീകാരം നമ്മൾ നൽകിയില്ല. വിശ്വസാഹിത്യത്തിലെ ഏതു് ഉത്കൃഷ്ട കാവ്യത്തോടും തുല്യമായ ‘കുടിയൊഴിക്കൽ’ എന്ന കാവ്യം രചിച്ച കവിക്കു് സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റാകാൻ പോലും യോഗ്യത ഇല്ലാതെ പോയി. ജ്ഞാനപീഠം സമ്മാനത്തിനു് അർഹതയുള്ള അദ്ദേഹത്തിനു് അതു കിട്ടിയില്ല.
അദ്ദേഹം മരിച്ചു കഴിഞ്ഞിട്ടോ? നമ്മൾ അദ്ദേഹത്തെ അപമാനിച്ചു. നദീതീരത്തു നിന്നു് ആ മൃതദേഹം എടുത്തുമാറ്റി. പട്ടട പൊളിച്ചു മാറ്റി. സി. പി. ശ്രീധരൻ എഴുതിയതു പോലെ പതിനാറു് ആളുകൾ വേളയിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ സംസ്കാരചക്രവാളത്തെ വികസിപ്പിച്ച, കൊച്ചു കുഞ്ഞിനെപ്പോലെ നിഷ്കളങ്കനും നിരപരാധനുമായിരുന്ന ആ പ്രതിഭാശാലിയെ നമ്മൾ അപമാനിച്ചു. ജീവൻ വാർന്നു പോയ അദ്ദേഹത്തിന്റെ പ്രത്യക്ഷ ശരീരത്തെയും നമ്മൾ അപമാനിച്ചു. ഈ അപമാനനവും നിന്ദനവും പൊറുക്കത്തക്കതല്ല.
ഈ നല്ല കവിയെക്കുറിച്ചു് വേറൊരു പ്രതിഭാശാലിയായ കവി—ഒ. എൻ. വി. കുറുപ്പു്—സത്യസന്ധമായും ഹൃദയസ്പർശകമായും ‘ട്രയൽ’ വാരികയിൽ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനത്തിലെ ചില വാക്യങ്ങൾ കേട്ടാലും:
…ആ ജ്വാല നാടിന്റെ സംസ്കാരശോഭയായിരിക്കുന്നു. പ്രിയപ്പെട്ട വൈലോപ്പിള്ളി, ഒരു കൈ മടക്കി ഉയർത്തി, മെയ്യാകെ ഒന്നു കുലുക്കിയുലർന്നു്, നെഞ്ചു നിവർന്നു നിന്നു് അങ്ങു പറഞ്ഞിട്ടുള്ള വാക്കുകൾ—ചിലപ്പോൾ കോപതാപ പരിഭവങ്ങൾ കൊണ്ടു തുടുത്ത, എപ്പോഴും സ്നേഹവാത്സല്യങ്ങൾ കൊണ്ടാർദ്രമായ, പലപ്പോഴും ശിശുസഹജമായ നൈർമ്മല്യമാർന്ന ആ വാക്കുകൾ—എന്റെ ഹൃദയത്തിന്റെ അസ്വസ്ഥതയും ധന്യതയുമായിത്തീർന്നിരിക്കുന്നു.
ദുഃഖം നിയന്ത്രിച്ചുകൊണ്ടു് ഞാൻ ഈ വാക്കുകൾ വായിക്കുന്നു. കാലത്തിന്റെ ആവർത്തിക്കപ്പെടാത്ത നിമിഷമായിരുന്ന വൈലോപ്പിള്ളിയോടു് ‘അങ്ങയ്ക്കു ധന്യവാദം’ എന്നു പറയുന്നു.

വിശ്വവിഖ്യാതനായ ഗുസ്തിക്കാരനായിരുന്നു ഗാമ. അദ്ദേഹം തിരുവനന്തപുരത്തു വന്നകാലത്തു് തീവണ്ടിയാപ്പീസിൽ ഞാൻ പോയി. അന്നു് അവിടെക്കൂടിയ ജനത്തിന്റെ വൈപുല്യം വർണ്ണിക്കാനാവില്ല. ഗാമ എത്തിയ ദിവസം തന്നെ വള്ളത്തോളും തിരുവനന്തപുരത്തു് വന്നു. പക്ഷേ, അദ്ദേഹത്തെ ആരും തിരിഞ്ഞു നോക്കാനുണ്ടായിരുന്നില്ല. 1950-നോടു് അടുപ്പിച്ചാണെന്നു തോന്നുന്നു ടെന്നീസ് താരം ആർ. കൃഷ്ണൻ തിരുവനന്തപുരത്തു വന്നു. അദ്ദേഹത്തിന്റെ കളി കാണാൻ വലിയ ജനക്കൂട്ടം. അന്നു തന്നെ മഹാകവി ജി. ശങ്കരക്കുറുപ്പി ന്റെ പ്രഭാഷണം ടൗൺ ഹാളിലുണ്ടായിരുന്നു. അതു കേൾക്കാൻ ഏതാനും ആളുകൾ മാത്രം. പ്രതിഭയെക്കാൾ കായികശക്തിക്കാണോ പ്രാധാന്യം? അല്ല. പ്രതിഭ ന്യൂനപക്ഷത്തെയും കായികശക്തി ഭൂരിപക്ഷത്തെയും ആകർഷിക്കുന്നു എന്നതാവാം ഹേതു. ഒരു ചിന്തകൻ വേറൊരു വിധത്തിൽ ഇതിനു സമാധാനം നല്കിയിട്ടുണ്ടു്. ഗുസ്തിക്കാരൻ പ്രതിയോഗിയെ മലർത്തിയിടുന്നു. അവിടെ സന്ദിഗ്ദ്ധതയില്ല. ടെന്നീസ് കളിക്കാരൻ എതിരാളിയെ തോല്പിക്കുന്നു. അവിടെയും സന്ദിഗ്ദ്ധതയില്ല. എന്നാൽ രണ്ടു കവികളുടെ രണ്ടു മാസ്റ്റർപീസുകളെ താരതമ്യപ്പെടുത്തിയാൽ ഏതു മെച്ചം എന്നു് നിർണ്ണയിക്കാൻ പ്രയാസം. ആ സന്ദിഗ്ദ്ധതയാണു് ബഹുജനത്തെ അകറ്റുന്നതു്.