സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-03-23-ൽ പ്രസിദ്ധീകരിച്ചതു്)

images/GeorgKaiser.jpg
കൈസർ

“പ്രകൃതിക്കു യോജിച്ച മട്ടിൽ തരുരോഹിണി സ്വാഭാവികമായി വളരുമ്പോഴാണു് അതു് ഏറ്റവും നന്നായി വളരുന്നതു്. വിജനസ്ഥലത്തുള്ള ഏതെങ്കിലും വിടവിൽ ‘ആർബ്യൂട്ടസ്’ വളരുമ്പോഴാണു് അതു് ഏറ്റവും മനോഹരമായിരിക്കുന്നതു്. അഭ്യാസം കൂടാതെ പക്ഷികൾ പാടുമ്പോഴാണു് അതു് ഏറ്റവും മാധുര്യമുള്ളതായി അനുഭവപ്പെടുന്നതു്”. റോമൻ കവി പ്രോപർഷീസ് പറഞ്ഞതാണിതു്. കലയെ സംബന്ധിച്ചും ഇതു് ശരിയാണെന്നതിൽ സംശയമില്ല. വള്ളത്തോളി ന്റെ കവിത തരുരോഹിണിയാണു്, ആർബ്യൂട്ടസാണു്, രാപ്പാടിയുടെ പാട്ടാണു്. മൂർത്തമായവയെ സ്വാഭാവികതയോടെ അതു് ആവിഷ്കരിക്കുന്നു. മൂർത്തമായതിനെ ഉപേക്ഷിച്ച് കല അപ്പോൾ അമൂർത്തമായതിനെ ആശ്ലേഷിക്കുമോ അപ്പോൾ സ്വാഭാവികതക്കു ഹാനി സംഭവിക്കും. അമൂർത്തമായ കലയ്ക്കു വളരെക്കാലം നിലനില്ക്കാൻ ആവില്ല. അതു മരണമടയും. മൂർത്തതയെ വിട്ടു് അമൂർത്തതയിലേക്കുള്ള പോക്കാണു് നമ്മൾ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കണ്ടതു്. ആ സഞ്ചാരം മന്ദഗതി ആവാഹിച്ചിരിക്കുന്നു. ഊർജ്ജവും കരുത്തും നശിച്ച് നശിച്ച് അതു് വഴിയിൽ വീണു് മരിക്കാറായിരിക്കുന്നു. ഇതു് വെറുതെ പറയുകയല്ല. നവീനന്മാരുടെ കാവ്യങ്ങളും കഥകളും നോക്കുക. അവ അമൂർത്തതയെ നിരാകരിച്ചു തുടങ്ങിയിരിക്കുന്നുവെന്നു് കാണാൻ പ്രയാസമില്ല. ഫലമോ? അങ്ങനെയുണ്ടാകുന്ന രചനകൾ അംഗീകരിക്കപ്പെടുന്നു. അമൂർത്തസ്വഭാവമുള്ള കല ഹ്രസ്വകാലം മാത്രമേ ജീവിക്കൂ എന്നതിനു സാഹിത്യചരിത്രം തെളിവു നൽകുന്നു. ഒരുദാഹരണം മാത്രം. മൂർത്തവിഷയങ്ങൾ മാത്രമേ ഇബ്സൻ പ്രതിപാദിച്ചുള്ളൂ. അദ്ദേഹത്തിന്റെ നാടകങ്ങൾ ഇന്നും വായിക്കപ്പെടുന്നു. അമൂർത്തവിഷയങ്ങൾ കൈകാര്യം ചെയ്തു കൈസർ എന്ന ജർമ്മൻ നാടകകർത്താവു്. അദ്ദേഹത്തിന്റെ നാടകങ്ങൾ വായിക്കാൻ ഇന്നാളില്ല. ഡാവിഞ്ചി യും മീക്കലാഞ്ചലോ യും എന്നും ജീവിച്ചിരിക്കും. പൗൾ ക്ലേ യും ഡാലി യും ഇതിനകം വിസ്മരിക്കപ്പെട്ടില്ലേ? ഇല്ലെങ്കിൽ വിസ്മരിക്കപ്പെട്ടുകൊള്ളും.

തിരുത്തിയാൽ നന്ന്

ഇപ്പോൾ അർദ്ധാന്ധകാരത്തിൽപെട്ടിരിക്കുന്ന ഞാൻ, അല്പം കഴിഞ്ഞാൽ പൂർണ്ണാന്ധകാരത്തിൽ ആകാൻ പോകുന്ന ഞാൻ പ്രകാശപൂർണ്ണമായിരുന്ന എന്റെ ശൈശവത്തിലേയ്ക്കു തിരിഞ്ഞു നോക്കുന്നു.

images/PaulKlee1927-c.jpg
പൗൾ ക്ലേ

ആ നോട്ടത്തിനു് എന്നെ സഹായിക്കുന്നതു് അല്ലെങ്കിൽ പ്രചോദനമരുളുന്നതു് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പുറം താളിലുള്ള കൊച്ചു കുഞ്ഞിന്റെ പടമാണു്. എന്തൊരു നിഷ്കളങ്കമായ മുഖം! പുഞ്ചിരിയോടെ എന്നാൽ തെല്ലൊരാശങ്കയോടെ ആ കുഞ്ഞ് ദൂരത്തേയ്ക്കു നോക്കുന്നതു് ക്രമേണ കൂടികൊണ്ടിരിക്കുന്ന ഇരുട്ടിനെയാണോ? അങ്ങനെയാണെങ്കിൽ തന്നെയും ഈ കുഞ്ഞിന്റെ ഭാവി അർക്കകാന്തിയോടെ വിളങ്ങട്ടെ എന്നു ഞാൻ ആശംസിക്കുന്നു. നമക്കു വാരിക തുറന്നുനോക്കാം. പ്രൊഫസർ പി. കൃഷ്ണൻ എസ്. കെ. പൊറ്റക്കാട്ടി ന്റെ ‘ഒരപ്രകാശിതഖണ്ഡകാവ്യ’മായ ‘മിഹിര’ നെക്കുറിച്ച് ഉപന്യസിച്ചിരിക്കുന്നതാണു് നമ്മുടെ ദൃഷ്ടിയിൽ വന്നു വീഴുന്നതു്. ഇടപ്പള്ളി രാഘവൻപിള്ള യുടെ മരണമാണത്രേ ‘മിഹിര’ന്റെ രചനയ്ക്കു പ്രേരകമായതു്. കുറേ എഴുതിക്കഴിഞ്ഞപ്പോൾ ചങ്ങമ്പുഴ യുടെ ‘രമണൻ’ പ്രകാശിപ്പിക്കപ്പെട്ടു. തന്റെ കൈയെഴുത്തുപ്രതിക്കും അച്ചടിച്ച ‘രമണനും’ തമ്മിലിള്ള സാദൃശ്യം കണ്ട പൊറ്റക്കാട്ടു് സ്വന്തം കൃതി പൂർണ്ണമാക്കിയില്ലപോലും. ആയിരിക്കാം, പക്ഷേ, അദ്ഭുതാവഹമായ സാദൃശ്യമാണു് പൊറ്റക്കാട്ടു് കവിതയ്ക്കും ചങ്ങമ്പുഴക്കവിതയ്ക്കും തമ്മിലുള്ളതു്. ഇടപ്പള്ളിക്കവിതയോടും പൊറ്റക്കാട്ടിന്റെ കവിയ്കു കടപ്പാടുണ്ടു്.

  1. കാനനച്ഛായയിലാടുമേക്കാൻ

    ഞാനും വരട്ടെയോ നിന്റെ കൂടെ

    (ചങ്ങമ്പുഴ)

    വന്നിടാം ഞാനും കൂടവെ, യേതു

    വന്യഭൂമിയിലാകിലും

    (പൊറ്റക്കാട്ടു്)

  2. നിശ്ചയമക്കാഴ്ചകണ്ടു നിന്ന

    മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും

    (ചങ്ങമ്പുഴ)

    പിറ്റേന്നുണർന്നൊരുഷസ്സുപോലും

    പൊട്ടിക്കരഞ്ഞിട്ടുണ്ടായിരിക്കും

    (പൊറ്റക്കാടു്)

  3. അരുളിടട്ടെയെന്നന്ത്യയാത്രാ മൊഴി

    (ഇടപ്പള്ളി)

    അരുളട്ടെ ഞാനന്ത്യയാത്ര വീണ്ടും

    (പൊറ്റക്കാടു്)

images/SalvadorDali1939-c.jpg
ഡാലി

വെണ്മണി യുടെയും വള്ളത്തോളി ന്റെയും ഉള്ളൂരി ന്റെയും നാലുവരികളുള്ള ശ്ലോകങ്ങളിൽ സാന്ദ്രതയാർന്ന ചിത്രങ്ങളാണുണ്ടായിരുന്നതു്. ഒരോ ചിത്രവും ചേതോഹരം. ഈ സാന്ദ്രതയ്ക്കും സുസംഘടിതത്വത്തിനും ഹേതു രാജവാഴ്ച നൽകിയ കെട്ടുറപ്പായിരുന്നു. ഇടപ്പള്ളിക്കവികളുടെ കാലത്തും രാജവാഴ്ച ഉണ്ടായിരുന്നു. പക്ഷേ അതിന്റെ പാവനത്വത്തെയും രാജാവിന്റെ ‘ഡിവൈൻ റൈറ്റി’നെയും പുരോഗാമികൾ വെല്ലുവിളിക്കാൻ തുടങ്ങി. സമുദായത്തിന്റെ കെട്ടുറപ്പിനു് ചലനം സംഭവിച്ചു. ആ ശൈഥില്യം സാഹിത്യസൃഷ്ടിയിൽ പ്രതിഫലിച്ചതു് ഇടപ്പള്ളി പ്രസ്ഥാനത്തിൽപ്പെട്ട രണ്ടു കവികളുടെയും കാവ്യങ്ങളിൽ കാണാം. എന്നാൽ ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും കാവ്യശൈലികൾ വിഭിന്നങ്ങളായിരുന്നു. രണ്ടുപേരും മൗലികപ്രതിഭയാൽ അനുഗ്രഹീതരായിരുന്നു എന്നതു തന്നെയാണു് അതിനു ഹേതു. അവരുടെ സമകാലികനായിരുന്ന പൊറ്റക്കാടു് കഥാരചനയിൽ പ്രഗൽഭനായിരുന്നെങ്കിലും കവിയെന്ന നിലയിൽ അപ്രഗൽഭനായിരുന്നു. അതിനാലാണു് അദ്ദേഹത്തിനു് ഇടപ്പള്ളിക്കവികളെ അനുകരിക്കേണ്ടി വന്നതു്.

‘മിഹിര’നെക്കുറിച്ച് ‘കൈമെയ്’ മറന്നു എഴുതുന്ന കൃഷ്ണൻ പറയുന്നു: “1648 വരികളുള്ള ‘മിഹിരൻ’ പ്രസിദ്ധീകരിക്കുകയാണെങ്കിൽ രമണനു് ഒരു അനുബന്ധമായിരിക്കും”. ‘അനുബന്ധമായിരിക്കും, എന്നതു് ‘അവഹേളനമായിരിക്കും’ എന്നോ ‘അപമാനമായിരിക്കും’ എന്നോ തിരുത്തിയാൽ എനിക്കു പരാതിയില്ല.

കെ. പി. ഉമ്മർ
images/KPUmmer.jpg
കെ. പി. ഉമ്മർ

‘ചന്ദ്രിക’ താഴെവച്ചിട്ടു് വേറൊരു വാരിക കൈയ്യിലെടുക്കുന്നില്ല. തന്റെ കഥകൾ വായിക്കരുതെന്നു് കെ. പി. ഉമ്മർ എന്നോടു് ആജ്ഞാപിച്ചെങ്കിലും ഞാൻ അദ്ദേഹത്തിന്റെ ‘കണ്ടു മറന്ന മുഖം’ കൗതുകത്തോടെ വായിച്ചു. ഒരു സ്നേഹസാക്ഷാത്കാരത്തിന്റെ കഥയാണതു്. മാതൃത്വത്തിന്റെ വിശുദ്ധി ഉമ്മർ അനായാസമായി ആവിഷ്കരിക്കുന്നു. ആദ്യമായി ശൂന്യാകാശത്തു സഞ്ചരിച്ച റഷ്യക്കാരൻ പറഞ്ഞു അവിടെയെങ്ങും സ്വർഗ്ഗം കണ്ടില്ലായെന്നു്; ഈശ്വരനെ കണ്ടില്ല എന്നു്. ആ മനുഷ്യൻ പ്രപഞ്ചത്തിന്റെ അതിർത്തിയോളം സഞ്ചരിച്ചാലും രണ്ടും കാണില്ല എന്നതു തീർച്ച. ഭൂമിയെയും ചന്ദ്രനെയും ഗാലക്സികളെയും റഷ്യാക്കാരൻ സഞ്ചരിച്ച പേടകത്തെയും ഭരിക്കുന്ന ശക്തിവിശേഷം ഒന്നു തന്നെയാണു്. അതു തന്നെയാണു് ഈശ്വരൻ. അജ്ഞാതരായ രണ്ടുപേർ ഉമ്മറിനെ ആശ്ലേഷിച്ചപ്പോൾ അവരിൽ ഒരാളുടെ മാറിൽ തലവച്ച് അദ്ദേഹം തേങ്ങിയപ്പോൾ ഉണ്ടായ ആഹ്ലാദാനുഭൂതിയില്ലേ? അതുതന്നെയാണു് ഈശ്വരൻ.

കക്കാടിന്റെ മതങ്ങൾ
images/Sugathakumari1.jpg
സുഗതകുമാരി

ചന്ദ്രികയിൽനിന്നു കലാകൗമുദിയിലേക്കാണു് പോകുന്നതു്. ചന്ദ്രികയെന്നാൽ നിലാവു് എന്നർത്ഥം. കൗമുദിക്കും നിലാവു് എന്നുതന്നെയാണു് അർത്ഥം. ആമ്പലിനു സന്തോഷം നൽകുന്നതു് കൗമുദി—നിലാവു്. ഒരു വ്യത്യാസം മാത്രം കലയുടെ നിലാവാണിതു്. പുറന്താളിൽ നിലാവു നൽകുന്ന കുളിർമ്മയില്ല. പക്ഷേ, സത്യമുണ്ടു്. ആ സത്യം എന്താണെന്നു് സുഗതകുമാരി പറയുന്നു. “നിങ്ങൾക്കു വനവികസനമെന്നാൽ വനംവെട്ടലെന്നായി ഭാഷ്യം. നിങ്ങൾക്കു മരമെന്നാൽ യൂക്കാലിപ്റ്റസും തേക്കും മാത്രമായി. കരിംപച്ചക്കാടുകളെ വെട്ടിതുലച്ചു യൂക്കാലിപ്റ്റസ് നട്ടു നിങ്ങൾ ലാഭക്കണക്കു പറഞ്ഞു”. ഇങ്ങനെ പറഞ്ഞതിന്റെ ചിത്രമാണു് നമ്മൾ കാണുന്നതു്. വിണ്ടുകീറിയ ഭൂമി. ഒരോന്നും കഷണമായി അടർത്തിയെടുക്കാം. ഒരു ഭാഗത്തു് ഇലയില്ലാത്ത മരം. കീറിക്കിടക്കുന്ന ഭൂമിയിൽ ആടുകൾ പച്ചില അന്വേഷിക്കുന്നു. ദുഃഖത്തിന്റെ ഉടലെടുത്ത രൂപമായ ബാലിക. അവൾ തന്റെ ദുഃഖം മറന്നു് ആടുകളുടെ ദയനീയാവസ്ഥയെ നോക്കിനില്ക്കുന്നു. വനനാശനത്തിന്റെ ദുരന്തത്തിലേക്കു വായനക്കാരെ കൊണ്ടുപോകാൻ പര്യാപ്തമാണു് സുഗതകുമാരിയുടെ ലേഖനവും വാരികയുടെ മുഖചിത്രവും. പണ്ടു് പച്ചപിടിച്ച കാടുകളിലേക്കു നോക്കി ഇവിടെയുള്ളവർ ചോദിച്ചിരുന്നു. “ഭഗവാനേ ഈ കാടാണു് എന്റെ അമ്മ. അമ്മയുടെ അടുത്തെത്തിയാൽ കായും കനിയും കിട്ടും. വിശപ്പു മാറും. ദാഹം തീരും. ആരോഗ്യത്തോടെ, താരുണ്യത്തോടെ ഞാൻ ചോദിക്കട്ടെ, അമ്മേ, എന്റെ ഹൃദയേശ്വരിയുടെ മനസ്സിൽ ചെന്നു ചേരാനുള്ള മാർഗ്ഗമേതു?” ഇന്നു് ആ ചോദ്യത്തിനു സാംഗത്യമില്ല. കുഷ്ഠം പിടിച്ചു വികലമായ ശരീരം പോലെ ഭൂമി കാണപ്പെടുമ്പോൾ ക്ഷുത്പിപാസകളോടുകൂടി നില്ക്കുന്ന മനുഷ്യനു പ്രാണപ്രിയയെ ഓർമ്മിക്കാൻ നേരമെവിടെ? പിന്നല്ലേ അവളുടെ മനസ്സിൽ ചെല്ലാനുള്ള മാർഗ്ഗം എതെന്നു ചോദിക്കേണ്ടതു്.

images/NalappatNarayanamenon.jpg
നാലപ്പാട്ട് നാരായണമേനോൻ

വനനാശനം ഉളവാക്കുന്ന ദുഃഖമകലാൻ വേണ്ടി കവിത വായിക്കു. അല്ലെങ്കിൽ കവി കവിതയെ കുറിച്ച് പറയുന്നതു് വായിക്കു. താല്കാലികമായ സുഖമെങ്കിലും കിട്ടും. കലാകൗമുദിയുടെ സ്റ്റാഫ് ലേഖകൻ, കവി എൻ. എൻ. കക്കാടു മായി നടത്തിയ അഭിമുഖസംഭാഷണത്തിന്റെ റിപ്പോർട്ട് ഞാൻ വായിച്ചു. ധിഷണാവിലാസം പ്രകടിപ്പിക്കുന്ന ചോദ്യങ്ങൾ; ധിഷണാവിലാസം പ്രകടിപ്പിക്കുന്ന ഉത്തരങ്ങൾ. കക്കാടിനെ ധർമ്മദുഃഖങ്ങളുടെ കവിയായി ലേഖകൻ അവതരിപ്പിച്ചതിലും ഉചിതജ്ഞതയുണ്ടു്. കക്കാടിന്റെ മറുപടികൾ ധിഷണാപരങ്ങൾ മാത്രമല്ല, മൗലികങ്ങളുമാണു്. അവയോടെല്ലാം നമ്മൾ യോജിക്കുന്നില്ലങ്കിൽ അതു കക്കാടിന്റെ കുറ്റമല്ല. കവി ആവിഷ്കരിക്കുന്നതു് അദ്ദേഹത്തിന്റെ മതങ്ങളാണു് നമ്മുടെ മതങ്ങളല്ല. ഉദാഹരണം നൽകാം. മഹാകവിത്രയത്തെ കുറിച്ച് ലേഖകൻ കക്കാടിനോടു് ചോദിച്ചപ്പോൾ ‘പാവങ്ങളും’ ‘പൗരസ്ത്യ ദീപ’വും വിവർത്തനം ചെയ്യുകയും ‘രതി സാമ്രാജ്യ വും’ ‘ആർഷജ്ഞാന’വും വിരചിക്കുകയും ചെയ്ത ‘കണ്ണുനീർത്തുള്ളി’യുടെ കവിയെ വിട്ടതിന്റെ പൊരുൾ എനിക്കു മനസ്സിലായില്ല.” എന്നു് അദ്ദേഹം പറഞ്ഞു. നാലപ്പാടന്റെ രണ്ടു ഭാഷാന്തരീകരണങ്ങളും വിലക്ഷണങ്ങളാണു്. ‘രതിസാമ്രാജ്യം’ ഹാവ്ലക് എലീസി ന്റെയും മറ്റു ലൈംഗിക ശാസ്ത്രജ്ഞന്മാരുടെയും ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങൾ മാത്രം എടുത്തെഴുതിയിട്ടുള്ള, പരകീയ സ്വഭാവമാർന്ന കൃതിയത്രേ. ‘ആർഷജ്ഞാനം’ എന്ന ഗ്രന്ഥം ‘ഡിറിവെറ്റീവ്’ (derivative) ആണു്. (derivative = not original, derived from another). ‘കണ്ണുനീർത്തുള്ളി’ ടെനിസണി ന്റെ ‘ഇൻ മെമ്മോറിയ’ത്തിന്റെ അനുകരണമാണു്. അതിലെ ആദ്യത്തെ ഏതാനും ശ്ലോകങ്ങൾ തർജ്ജമയാണെന്നും പറയാം. രണ്ടു ഗ്രന്ഥങ്ങളും എന്റെ കൈയിലില്ല. ഓർമ്മയിൽ നിന്നു് ഒന്നോ രണ്ടോ വരികൾ എഴുതാം.

നരൻ ക്രമാൽ തന്റെ ശവം ചവിട്ടി

പൊകുന്നൊരിപ്പോക്കുയരത്തിലേക്കോ?

എന്നു നാലപ്പാടൻ. That men may rise upon their deadselves to higher things എന്നോ മറ്റോ ടെനിസാൻ. ഇതുപോലെ പലതും. ‘ഇൻ മെമ്മോറിയ’ത്തിലെ തത്ത്വചിന്തയും ‘കണ്ണുനീർത്തുള്ളി’യിലെ തത്ത്വചിന്തയും ഒന്നു തന്നെ. അതിലെ ഡിക്ഷൻ നോക്കുക. “പ്രാർത്ഥിച്ചാൽ പദമേകുമെങ്കിലുമഹോ മുന്നോട്ടെടുക്കാ ദൃഢം” എന്നു പണ്ടാരോ പറഞ്ഞ മട്ടിലല്ലേ പദ വിന്യാസക്രമം! എത്ര ക്ലേശിച്ചാണു ഓരോ ശ്ലോകവും നാലപ്പാടൻ എഴുതുന്നതു്. പ്രാദേശികത്വത്തിന്റെ ഭിത്തി കെട്ടിവച്ചിട്ടുണ്ടെങ്കിൽ അതിടിച്ചു കളഞ്ഞിട്ടു നാലപ്പാടനെ നോക്കുക. കൈയിലൊരു വിപുലീകരണകാചവും എടുത്തുകൊള്ളു. ആ കാചകത്തിലൂടെ കാണുന്ന കൊച്ചു രൂപമാണു കവിയായ നാലപ്പാടൻ. “നാലപ്പാടൻ വാക്കുകൾക്കു വേണ്ടി അനന്തതയിലേക്കു നോക്കി നിൽക്കുന്നു” എന്നു വള്ളത്തോൾ പണ്ടു ഒരു പ്രഭാഷണത്തിൽ പറഞ്ഞതും ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു. ഇതുകൊണ്ടാണു ഞാൻ മുൻപു് എഴുതിയതു്, കാക്കാടു സ്ഫുടീകരിക്കുന്നതു സ്വന്തം ആശയങ്ങളാണു, നമ്മുടെ ആശയങ്ങളല്ലെന്നു്.

കലാകൗമുദിയിൽ വായനക്കാരെഴുതുന്ന പംക്തിയിലേക്കും ഞാനൊന്നു കണ്ണോടിക്കുന്നു. സഹൃദയനും നല്ല അഭിഭാഷനേതാവുമായ കെ. ജനാർദ്ദനൻ പിള്ള (സൂപ്രണ്ടിങ് എഞ്ചിനീയറായിരുന്നു അദ്ദേഹം) ‘മാരാത്മകമായ എയ്ഡ്സ് രോഗ’മെന്നു ഞാനെഴുതിയതു ശരിയാണോ എന്നു ചോദിക്കുന്നു. ഹിതോപദേശത്തിൽ മാരാത്മകമെന്ന പ്രയോഗമുണ്ടു്. മോണിയർ വില്യംസി ന്റെ Sanskrit–English നിഘണ്ടുവിൽ ഇങ്ങനെയും: maratmaka = naturally murderous. പോരേ? എന്നാൽ English—Sanskrit നിഘണ്ടു നോക്കിക്കൊള്ളു. Fatal = മാരാത്മക:, മാരാത്മകാ, മാരാത്മകം.

ഇവിടെയും തീരുന്നില്ല. ഫിലിം സ്റ്റാർ പ്രസിഡന്റായിരിക്കുന്ന രാജ്യത്തിരുന്നുകൊണ്ടു നല്ല കവിയും നല്ല കഥാകാരനുമായ ചെറിയാൻ കെ. ചെറിയാൻ ഒരു ന്യൂക്ലിയർ ബോംബു പേട്ടയിലേക്കു എറിഞ്ഞിരിക്കുന്നു. പക്ഷേ ബോംബു പൊട്ടുന്നില്ല. ഒ. എൻ. വി. കുറുപ്പി ന്റെ ‘ശാർങ്ഗകപ്പക്ഷികൾ’ എന്ന കാവ്യത്തിലെ പ്രമേയം മനുഷ്യന്റെ ദുർദ്ദശയാണെന്നു ഞാനെഴുതിയതു തെറ്റാണെന്നു അദ്ദേഹം പുച്ഛത്തോടെ പറയുന്നു. “മനുഷ്യസംസ്കൃതിയുടെ ജാഗരൂകതപോലും ഇന്നനുഭവിക്കുന്ന നിസ്സഹായതയാണു കവിതയുടെ പ്രമേയമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. “പക്ഷികൾ ഒന്നിടവിട്ടു ഉറക്കമിളയ്ക്കുന്നു” എന്നതിനെ അവലംബിച്ചാണു ഈ ഉദ്ഘോഷണം. എയ്ഡ്സ് രോഗം പകരാതിരിക്കാനാണു ഓരോ പക്ഷിയും മറ്റു പക്ഷിക്കു തുണയായി ഉണർന്നിരുന്നതെന്നു ചെറിയാൻ കെ. ചെറിയാൻ എഴുതിയില്ലല്ലോ. ഭാഗ്യം! ഹന്തഭാഗ്യം ജനാനാം! ഒ. എൻ. വി.യുടെ കാര്യത്തെക്കുറിച്ചു കലാകൗമുദിക്കു എഴുതി അയച്ചതിനുശേഷം ഞാൻ കവിയെ ടെലിഫോണിൽ വിളിച്ചു വിനയത്തോടെ എന്റെ അഭിനന്ദനം അറിയിച്ചു. കവി മറുപടി നൽകി: “ങ്ഹേ, human predicament എന്നതിനെക്കുറിച്ചു ഞാനൊരു കാവ്യമെഴുതി. താങ്കൾക്കു അതു ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടു്”. Human predicament തന്നെയാണു മനുഷ്യന്റെ ദുർദ്ദശ. ബുദ്ധിമാനായ ചെറിയാൻ കെ. ചെറിയാനാണു ഇവിടെ തെറ്റു പറ്റിയതു്. ബുദ്ധിശൂന്യനായ എനിക്കല്ല. (ചെറിയാൻ കെ. ചെറിയാൻ നല്ല കഥാകാരനാണെന്നു ഞാനെഴുതിയതു വെറുതെയല്ല. 1985-ലെ നല്ല പത്തു കഥകളിൽ ഒന്നായി ഞാൻ അദ്ദേഹത്തിന്റെ ‘കോട്ട’ എന്ന കഥയെ ദർശിച്ചിരുന്നു. മലയാള മനോരമയിൽ (ദിനപത്രം) ഞാനതു എഴുതുകയും ചെയ്തു. അദ്ദേഹം അതു കണ്ടിരിക്കില്ല. പിന്നെ, സാഹിത്യവാരഫലത്തിന്റെ ഗുണവും ദോഷവും സൗഹൃദത്തോടെ ചൂണ്ടിക്കാണിച്ചു കൊണ്ടു അദ്ദേഹം എനിക്കെഴുതിയ കത്തു വളരെ വൈകിയാണു കിട്ടിയതു്. അതുകൊണ്ടു മറുപടി അയച്ചില്ല. അതിനു ഞാൻ ഈ സന്ദർഭത്തിൽ അദ്ദേഹത്തോടു മാപ്പു ചോദിക്കുന്നു.)

images/WutheringHeights.jpg

എമലി ബ്രോണ്ടി യുടെ “വുതറിംഗ് ഹൈറ്റ്സ് ” (വതറിംഗ് എന്നും ഉച്ചാരണം) എല്ലാവരും ഇഷ്ടപ്പെടുന്ന നോവലാണു്. പക്ഷേ എനിക്കു അസ്വസ്ഥത ഉളവാക്കുന്നു ആ മാസ്റ്റർ പീസ്.

മയിൽ പീലിവിരിച്ചാടുന്നതിന്റെ ഭംഗിയെക്കുറിച്ചു പറയാത്തവരില്ല. ഭംഗിയുണ്ടെന്നു ഞാനും സമ്മതിക്കുന്നു. പക്ഷേ, ഒറ്റക്കണ്ണുള്ള മയിൽപ്പീലിയെടുത്തു നോക്കുമ്പോൾ ആ കണ്ണിന്റെ തുറിച്ചനോട്ടം എന്നെ പേടിപ്പെടുത്തുന്നു. ഭംഗിയില്ലെന്നു മാത്രമല്ല ക്രൂരത ആവഹിക്കുന്നതുമാണു മയിൽപ്പീലിക്കണ്ണു്.

കാലത്തെ പരാജയപ്പെടുത്താനാവില്ലെന്നു എല്ലാവരും പറയുന്നു. പരാജയപ്പെടുത്താമല്ലോ. എനിക്കു തിരുവനന്തപുരത്തു നിന്നു ഡൽഹിയിൽ പോകണമെങ്കിൽ തീവണ്ടിയിൽ പോകാം. ദിവസങ്ങൾ വേണം ആ യാത്രയ്ക്കു. വിമാനത്തിലാണു യാത്രയെങ്കിൽ ഏതാനും മണിക്കൂറുകൾ മാത്രം മതി. കാലം അവിടെ തോൽക്കുന്നു. കാലത്തെ പരാജയപ്പെടുത്തിക്കൊണ്ടാണു ‘രഘുവംശം’ കാവ്യം നിൽക്കുന്നതു്.

അപമാനം

കളിയായി, പ്രാണരക്ഷയ്ക്കുവേണ്ടി, ബ്രാഹ്മണഹിതത്തിനായി, വേളിക്കു വേണ്ടി, ജോലി സംരക്ഷിക്കുന്നതിനു വേണ്ടി, കള്ളം പറയുന്നതു ഉത്തമമെന്നു വ്യാസൻ. അതുപോലെ സ്വാഗത പ്രഭാഷണത്തിൽ, അവതാരികയിൽ. കൃതജ്ഞതാ പ്രഭാഷണത്തിൽ ഇവയിലെല്ലാം അത്യുക്തിയാകാം. സ്ഥിരമായി വാരികയിൽ കോളം മാത്രമെഴുതുന്ന എന്നെ നോക്കി സ്വാഗത പ്രഭാഷകൻ “ഇദ്ദേഹം മാത്യു ആർനോൽഡാ ണു” എന്നു പറയുമ്പോൾ ഞാൻ ഉള്ളാലെ ചിരിക്കും. സദസ്സിലെ ഓരോ വ്യക്തിയും ഉള്ളുകൊണ്ടു ചിരിക്കും. എങ്കിലും അങ്ങനെയൊക്കെ വേണമെന്നാണു കരുതുക. സ്വാഗതമാശംസിക്കൽ സംസ്കാരഭദ്രമായ ചടങ്ങാണു്. ഒരിക്കൽ ബാലരാമപ്പണിക്കർസ്സാറുമായി ഞാനൊരു സമ്മേളനത്തിനുപോയി. എന്നെ നോക്കിക്കൊണ്ടു ഹെഡ്മാസ്റ്റർ “പ്രസംഗിക്കാൻ വന്നിരിക്കുന്ന എൻ. കൃഷ്ണപിള്ള യ്ക്കു സ്വാഗതം” എന്നു പറഞ്ഞു. ഞാൻ മിണ്ടാതിരുന്നു. അദ്ദേഹം ബാലരാമപ്പണിക്കർസ്സാറിനെ നോക്കി “ഇദ്ദേഹത്തെക്കുറിച്ചു എനിക്കൊന്നുമറിഞ്ഞുകൂടാ. എങ്കിലും ‘സ്വാഗതം’ എന്നു പറഞ്ഞു. സാറിനു ദേഷ്യമായി. അദ്ദേഹം എഴുന്നേറ്റു കോപത്തോടെ അലറി “സ്വാഗത പ്രഭാഷണം സംസ്കാരത്തോടു ബന്ധപ്പെട്ട ചടങ്ങാണു്. അതിൽ മാലിന്യം കോരിയിടുന്നവൻ അധമത്വമുള്ളവനാണു്”. പറഞ്ഞതു പണിക്കർസ്സാറായതു കൊണ്ടു ബഹളമുണ്ടാക്കിയില്ല. ഏതാണ്ടു ഇതിനു സദൃശമായ ഒരു സംഭവം ഡി. സി. വർണ്ണിക്കുന്നു (കുങ്കുമം വാരിക). മലയാളമനോരമയുടെ എഡിറ്ററും കേരള പ്രസ് അക്കാദമിയുടെ ചെയർമാനും സാഹിത്യകാരനും സംസ്കാര സമ്പന്നനുമായ ടി. കെ. ജി. നായരെ, ഒരാൾ ഒരു സ്വാഗത പ്രഭാഷണത്തിൽ “മനോരമ ഓഫീസിലെ ഒരു ജോലിക്കാരൻ” എന്നു വിശേഷിപ്പിച്ചു. ഡി. സി. പരുക്കൻ ഭാഷയിൽ ഒന്നുമെഴുതാറില്ല. ഇവിടെയും സ്വാഗതപ്രഭാഷകന്റെ അനൗചിത്യത്തെ കളിയാക്കുന്നതേയുള്ളു. അതുപോര. ഇമ്മട്ടിൽ മാന്യന്മാരെ അധിക്ഷേപിക്കുന്നവരെ പണിക്കർസ്സാറിന്റെ ഭാഷ ഉപയോഗിച്ചു വിമർശിക്കേണ്ടതാണു്. ഈ ലോകത്തു ഇപ്പോൾ ഒന്നിനും മര്യാദയില്ല. സ്വാഗതമാശംസിക്കുന്നവർക്കു അതുണ്ടായിരിക്കണമെന്നു പറഞ്ഞാൽ, അങ്ങനെ പറയുന്നവരെയായിരിക്കും ആളുകൾ കുറ്റപ്പെടുത്തുക.

ഞാൻ മാറിനിൽക്കട്ടെ

സിംഹക്കുഞ്ഞിനെ കൊണ്ടുവന്നു വളർത്തുക. കൂടെക്കൂടെ അതിനെ എടുത്തുകൊണ്ടു നടക്കുക. സ്നേഹത്തോടെ ചുംബിക്കുക. ഈ സിംഹക്കുട്ടി വളർന്നു സ്ഥൂലാകാരമാർന്നാലും ഉടമസ്ഥനോടു മാൻ കുട്ടിയെപ്പോലെ പെരുമാറിക്കൊള്ളും. എന്നാൽ ഏതെങ്കിലും ഒരു സന്ദർഭത്തിൽ സ്വല്പം മനുഷ്യരക്തം അതിനു നുണയാൻ കിട്ടിയാൽ മതി അതു അയാളെ കടിച്ചു കീറും. ഇങ്ങനെയുള്ളവ യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടു്. സർക്കസ്സ് കമ്പനികളിൽ ഏറെ ഉണ്ടായിട്ടുണ്ടു്. സാഹിത്യത്തെ വളരെക്കാലമായി മെരുക്കിക്കൊണ്ടു നടക്കുന്ന, എന്റെ നല്ല സുഹൃത്താണു തുളസി. പലപ്പോഴും ആ മൃഗം അദ്ദേഹത്തിന്റെ നേർക്കു ചാടിവീണിട്ടുണ്ടു്. പക്ഷേ, ഇപ്പോൾ ജനയുഗം വാരികയിൽ ആ പഞ്ചാനനൻ ഏണശാബത്തെപ്പോലെ കിടക്കുന്നു. തുളസി ഒന്നു ഞൊടിക്കുമ്പോൾ അതു അനുസരണശീലത്തോടെ എഴുന്നേറ്റു നിന്നു മൗനത്തിലൂടെ എന്താണു വേണ്ടതെന്നു ചോദിക്കുന്നു. നല്ല കാഴ്ച. അതുകാണാൻ (പത്തുപൈസയുടെ തീയ്) വായനക്കാരെ സാദരം ക്ഷണിച്ചിട്ടു ഞാൻ മാറിനിൽക്കട്ടെ. സിംഹം എങ്ങനെ മാനായി എന്നു വിശദീകരിക്കുന്നില്ല.

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്
images/SreeChithiraThirunal.jpg
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവു്

മനുഷ്യന്റെ മനസ്സാണല്ലോ ഏറ്റവും പ്രധാനമായതു്. മഹാത്മഗാന്ധി മരണത്തെ തൃണവൽഗണിച്ചു. നമ്മുടെ നാട്ടിലെ ചില പിശുക്കന്മാരായ കൃഷിക്കാർ മരണമടുക്കുമ്പോൾ എന്തെന്തു വെപ്രാളമാണു കാണിക്കുന്നതെന്നു ആലോചിച്ചുനോക്കുക. ചിലർ ധനസമ്പാദനത്തിൽ തല്പരരാണു്. ഇതെഴുതുന്ന ആളിനു ആ താല്പര്യമില്ല. കേരളത്തിലെ ഏതു ബാങ്കു പൊളിഞ്ഞാലും എനിക്കു നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരിക്കില്ല. ഒരു ബാങ്കിൽ നിന്നു അഞ്ഞൂറു പൈസ പോകും അത്രേയുള്ളു. ചിലർക്കു വേഷത്തിൽ വലിയ ഭ്രമമാണു്. മുഷിഞ്ഞതോ കീറിയതോ ആയ ഷർട്ട് ഇട്ടുകൊണ്ടു ആരുടെ മുൻപിൽ പോകാനും എനിക്കു മടിയില്ല. വേറെ ചിലർക്കു പുസ്തകങ്ങൾ വെറും കടലാസ്സു മാത്രം. എനിക്കു അവ കണ്ടാൽ വല്ലാത്ത ഭ്രമമാണു്. എന്തു വില കൊടുത്തും ഏതു പണം ചെലവാക്കിയും ഞാനവ വാങ്ങും; വായിക്കും.

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവു തിരുവിതാംകൂർ ഭരിച്ചു. സവിശേഷ സാഹചര്യത്തിൽ രാജ്യം കൈവിട്ടുപോയി. എന്നിട്ടും അദ്ദേഹത്തിനു ഖേദമില്ല. പണ്ടു എങ്ങനെ കഴിഞ്ഞുകൂടിയോ അതുപോലെ ഇന്നും ജീവിക്കുന്നു. സാത്ത്വികനായ ഈ മഹാരാജാവിനെക്കുറിച്ചു എ. എസ്. ഹമീദ് ‘ലേഖ’ വാരികയിൽ തുടർച്ചയായി എഴുതുന്നു. നന്മയാർന്ന കൃത്യമാണിതു്. ഔചിത്യമുള്ള കൃത്യമാണിതു്.

ഒ. എൻ. വി.യുടെ കവിത
images/ONV03.jpg
ഒ. എൻ. വി. കുറുപ്പു്

ലോകത്തു എല്ലാം മാറുന്നു, ശാസ്ത്രം മാത്രം മാറുന്നില്ല എന്നാണു വിശ്വാസം. ആ വിശ്വാസം തെറ്റു്. ശാസ്ത്രവും മാറുന്നു. അംബരസ്പർശികളായ സൗധങ്ങൾ നിർമ്മിച്ച ധിഷണ മനുഷ്യർക്കു വസിക്കാനുള്ള ഇടങ്ങൾ നൽകി. ആ ധിഷണതന്നെയാണു ഇന്നു ന്യൂക്ലിയർ ബോംബ് ഉണ്ടാക്കിവച്ചിരിക്കുന്നതു്; മനുഷ്യരാശിയെയാകെ നശിപ്പിക്കാൻ പോകുന്നതു്. ഈ പരിവർത്തനത്തെ നിളാനദിയുടെ തീരത്തു നിന്നുകൊണ്ടു ഒ. എൻ. വി. കുറുപ്പു് സംവീക്ഷണം ചെയ്യുന്നു. ഇരുപത്തഞ്ചുകൊല്ലം മുൻപു കവി കണ്ട നദീതീരമല്ല ഇന്നുള്ളതു്. ശാസ്ത്രത്തിന്റെ പ്രയാണം അതിനെ വേറൊന്നാക്കി മാറ്റിയിരിക്കുന്നു. അന്നത്തെ തീരം കവിയെ ഹർഷാതിശയത്തിലേക്കു എറിഞ്ഞു. അതു അദ്ദേഹത്തിന്റെ അനുഭവത്തിലെ ഒരു ഭാഗമായി. ഭാഗമായി എന്നല്ല പറയേണ്ടതു്. താദാത്മ്യം തന്നെ സംഭവിച്ചു. ഇന്നത്തെ പരിവർത്തനങ്ങൾ ആ താദാത്മ്യം ജനിപ്പിക്കുന്നില്ല. എങ്കിലും കവി അവയെ പുച്ഛിക്കുന്നില്ല. അവയെ മനസ്സിലാക്കാൻ ശ്രമിക്കുകയാണു്. മാറ്റങ്ങൾ ഏറെയുണ്ടെങ്കിലും ഒരു വികാരത്തിനു മാത്രം മാറ്റമില്ല. ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപു് കവിയുടെയും സഹധർമിണിയുടെയും കൈകളിൽ മാറിമാറിയിരുന്ന കുഞ്ഞ് ഇന്നു യുവാവു്. അന്നു അതു അവരുടെ ചുമലുകളിൽ കൈയമർത്തി ഇരുന്നു. ഇന്നു് ആ യുവാവിന്റെ ചുമലുകളിൽ കൈയമർത്തി അവർ നടക്കുന്നു. പരിവർത്തനത്തിന്റെ പൊൻകമ്പി പ്രഭവിതറിക്കൊണ്ടിരിക്കും. ശാസ്ത്രം മാറ്റങ്ങൾ വരുത്തി നിങ്ങൾക്കു ആഹ്ലാദമുളവാക്കുന്നുണ്ടോ? അതോ ദുഃഖമോ? ഉത്തരം ഏതുമാകട്ടെ. ആ ഭൗതികമായ ഉയർച്ചയെ നിസ്സാരമാക്കിക്കൊണ്ടു സ്നേഹത്തിന്റെ വിഹംഗമം പറന്നുയരുന്നു എന്നാണു ധ്വനി.

ഒ. എൻ. വി. കുറുപ്പിന്റെ ‘നിളാ തീരത്തു വീണ്ടും’ എന്ന ഈ കാവ്യം (മാതൃഭൂമി) ഉത്കൃഷ്ടമായ ഒരു സത്യത്തിലേക്കാനയിച്ചു എന്നെ വേറൊരാളാക്കി മാറ്റുന്നു. ഇതിന്റെ ശക്തിയും സൗന്ദര്യവും എനിക്കു എന്തെന്നില്ലാത്ത മാനസികോന്നമനം നൽകുന്നു. മിന്നൽ പ്രവാഹത്തിൽ അന്ധകാരമകന്നു ഭൂവിഭാഗങ്ങൾ പ്രകാശിക്കുന്നതുപോലെയുള്ള ഒരനുഭവം. ഈ അനുഭവം അനവരതം നൽകിക്കൊണ്ടിരിക്കുന്ന കവിക്കു അഭിവാദനം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.