ജി. ശങ്കരക്കുറുപ്പു് ഹൃദയാഘാതത്താൽ അവശനായി തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് പുഞ്ചിരി നിറഞ്ഞ മുഖവുമായി കവി ശയനീയത്തിൽ ശയിക്കുകയായിരുന്നു. ‘വരൂ, വരൂ’ എന്നു് അദ്ദേഹം എന്നെ സ്നേഹപൂർവ്വം ക്ഷണിച്ചു. അദ്ദേഹത്തിന്റെ സഹധർമ്മിണി ബിസ്കറ്റെടുത്തു കൊടുത്തു. “കൃഷ്ണൻ നായർക്കും കൂടെ വന്നയാളിനും ബിസ്കറ്റ് കൊടുക്കു” എന്നു് കവി ശ്രീമതിയോടു പറഞ്ഞു. ഞാൻ ബിസ്ക്കറ്റ് ഇഷ്ടപ്പെടുന്നവനല്ല. എങ്കിലും സാമാന്യ മര്യാദയെക്കരുതി അതു വാങ്ങിച്ചു. “കൂടെ വന്നതു് ആരു്?” എന്നു കവി ചോദിച്ചപ്പോൾ കെ. വി. ദേവ് എന്നു ഞാൻ മറുപടി നൽകി. എന്നിട്ടു് അറിയിച്ചു: “മാഷ്ടെ ‘ശിവതാണ്ഡവം’ കാവ്യം വായിച്ചു. ഉജ്ജ്വലമായിരിക്കുന്നു. ദേവ് നല്ലപോലെ ചൊല്ലും”. “എന്നാൽ ദേവ് വായിക്കൂ” എന്നു് ജി. പറഞ്ഞു. കെ. വി. ദേവ് നല്ലപോലെ കവിത വായിക്കുന്ന ആളാണു്. പാടുകയും ചെയ്യും. പക്ഷേ തെക്കൻ രീതിയിൽ അദ്ദേഹം ആ കാവ്യം വായിച്ചതു് കവിക്ക് ഇഷ്ടപ്പെട്ടില്ലെന്നതു് അദ്ദേഹത്തിന്റെ മുഖഭാവം തെളിയിച്ചു.
മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഒരു ചെറുപ്പക്കാരൻ മുറിയിൽ കയറി വന്നു. രോഗത്തിന്റെ വിവരങ്ങൾ പരുക്കൻ ഭാഷയിൽ അന്വേഷിച്ചു. ഷീറ്റ് വലിച്ചു മാറ്റി പാരുഷ്യത്തോടെ പരിശോധന തുടങ്ങി. തന്റെ കണ്ണീരു ഭർത്താവു് കാണരുതെന്നു് വിചാരിച്ചു് സഹധർമ്മിണി സുഭദ്രാമ്മ പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നു. യുവാവിന്റെ ചോദ്യങ്ങളും പരിശോധനകളും കൂടുതൽ കൂടുതൽ പാരുഷ്യമാർന്നപ്പോൾ ജി. കോപിച്ചു. “നിങ്ങൾ പോകൂ” എന്നു് അദ്ദേഹം ആജ്ഞാപിച്ചതിൽ ഒരു തെറ്റുമില്ല. യുവാവു് പോയപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “പരുക്കൻ പെരുമാറ്റത്തിനു പകരം പരുക്കൻ ഭാഷ”. “മാഷ്ടെ അസുഖമൊക്കെ വേഗം ഭേദമായി വീട്ടിൽ പോകാനിട വരട്ടെ. ഞാൻ എറണാകുളത്തു വന്നു കണ്ടു കൊള്ളാം”. ജി. പിന്നീടും വളരെക്കാലം ആരോഗ്യത്തോടെ ജീവിച്ചിരുന്നു. ആശുപത്രിയിൽ വച്ചു യാത്ര ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ കരതലങ്ങൾ ഞാൻ സ്പർശിച്ചു. എന്തൊരു തണുപ്പ്! ആ തണുപ്പു് ഇപ്പോഴും അനുഭവപ്പെടുന്നുണ്ടോ? ഉണ്ടു്.

ഒരിക്കൽ നാരദൻ മഹാവിഷ്ണുവിനോടു് മായ എന്നാൽ എന്താണെന്നു ചോദിച്ചു. തന്റെ കൂടെ വരാൻ പറഞ്ഞിട്ടു് മഹാവിഷ്ണു നടന്നു. പെട്ടെന്നു് അവരുടെ മുൻപിൽ മണൽക്കാടു്. വിഷ്ണുവിനു വല്ലാത്ത ദാഹം. അടുത്തുള്ള ഗ്രാമത്തിൽ ചെന്നു് കുറച്ചു വെള്ളം കൊണ്ടു വരാൻ അദ്ദേഹം നാരദനോടു പറഞ്ഞു. മഹർഷി ആദ്യം കണ്ട വാതിലിൽ തട്ടി. ഒരു സുന്ദരിയായ തരുണി വാതിൽ തുറന്നു. അവളെ കണ്ട മാത്രയിൽ നാരദൻ വെള്ളത്തിന്റെ കാര്യം മറന്നു. അകത്തേക്കു കടന്ന അദ്ദേഹത്തെ യുവതിയുടെ അച്ഛനമ്മമാർ ഭക്തിയോടെ സ്വീകരിച്ചു. കാലം കഴിഞ്ഞു. നാരദൻ ആ ചെറുപ്പക്കാരിയെ വിവാഹംകഴിച്ചു. ദാമ്പത്യജീവിതത്തിന്റെ സുഖം ആസ്വദിച്ചു. പന്ത്രണ്ടു് കൊല്ലം കഴിഞ്ഞു. നാരദനു് മൂന്നു് കുട്ടികളുണ്ടായി. ശ്വശുരന്റെ മരണത്തിനു ശേഷം അദ്ദേഹം വലിയ സ്വത്തിന്റെ ഉടമസ്ഥനായി. പന്ത്രണ്ടു വർഷം കഴിഞ്ഞപ്പോൾ പേമാരിയുണ്ടായി. വെള്ളപ്പൊക്കത്തിൽ പെട്ടു് എല്ലാം ഒഴുകിപ്പോയി. ഭാര്യയെ ഒരു കൈകൊണ്ടു് പിടിച്ച്, മറ്റേ കൈ കൊണ്ടു് രണ്ടു് കുട്ടികളെയും ഗ്രഹിച്ച്, ഏറ്റവും ഇളയ കുട്ടിയെ തോളിൽ ഇരുത്തി നാരദൻ വെള്ളപ്പൊക്കത്തിലൂടെ നീങ്ങി. ഒരു കുട്ടി വീണു. അതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭാര്യയും മറ്റു കുട്ടികളും ഒഴുകിപ്പോയി. ഒരുപാറയിൽ അടിഞ്ഞ നാരദനു് ബോധം വീണ്ടു കിട്ടിയപ്പോൾ അദ്ദേഹം പൂർവ്വകാല ദൗർഭാഗ്യങ്ങളെ ഓർമ്മിച്ചു പൊട്ടിക്കരഞ്ഞു. പെട്ടെന്നു് മണൽക്കാടു്. സൂര്യൻ ജ്വലിക്കുന്നു. അതാ മഹാവിഷ്ണൂവിന്റെ ശബ്ദം. “മകനേ വെള്ളമെവിടെ? ഞാൻ അര നാഴികയിലധികമായി കാത്തു നിൽക്കുന്നല്ലോ”. നാരദനു് മായ എന്തെന്നു് മനസ്സിലായി. അതുമാത്രമല്ല, ജഗത്സംബന്ധിയായ മായ കാലത്തിലൂടെയാണു് ആവിഷ്ക്കരിക്കപ്പെടുന്നതെന്ന സത്യവും അദ്ദേഹം ഗ്രഹിച്ചു (സ്വാമി വിവേകാനന്ദൻ, നാരദപുരാണത്തിലെ ഇക്കഥ പുനരാഖ്യാനം ചെതിട്ടുണ്ടു്. സമ്പൂർണ്ണകൃതികൾ നോക്കുക. ജെ. ബി. പ്രിസ്റ്റിലി യുടെ Man and Time എന്ന പുസ്തകത്തിലും ഇതു ഞാൻ കണ്ടു).
ഈ കാലം ഭയജനകമാണു്. ഭയജനകമാണെങ്കിലും അതിൽ നിന്നു് രക്ഷപ്പെടാൻ എല്ലാവർക്കും ഭയമാണു്. കാലത്തിൽ തന്നെ കഴിയുവാൻ—മരിക്കാതിരിക്കാൻ—ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. ഈ ആഗ്രഹം മായയാലാണെന്നു് വേദവും വേദാന്തവും ഉദ്ഘോഷിക്കുന്നു. ആത്മാവു് വിവിധ ശരീരങ്ങളിലൂടെ ആവിർഭവിച്ചു് ആവിർഭവിച്ചു് പ്രാഥമിക സത്യത്തിൽ വിലയം കൊള്ളുന്നു എന്നാണു് ഭാരതീയരുടെ വിശ്വാസം. ആത്മാവിന്റെ ഈ “തീർഥയാത്ര”യെ പരിഗണിക്കുമ്പോൾ മരണമെത്ര നിസ്സാരം എന്നാണു് ഭാരതീയ തത്വചിന്തയുടെ പ്രഖ്യാപനം.
വിദ്യാം ച അവിദ്യാം ച
യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യും തീർത്ത്വാ
വിദ്യയാऽമൃതമശ്നുതേ
(വിദ്യാം ച അവിദ്യാം ച = വിദ്യയെയും അവിദ്യയെയും, തതു് ഉഭയം = ആ രണ്ടിനേയും, സഹ = ഒരുമിച്ച്, യഃവേദ = യാതൊരുവൻ അറിയുന്നുവോ, സഃ = അവൻ അവിദ്യയാ, മൃത്യും തീർത്ത്വ = അവിദ്യ കൊണ്ടു് മരണത്തെ ജയിച്ചിട്ടു്, വിദ്യയാ അമൃതം അശ്നുതേ = വിദ്യ കൊണ്ടു് അമൃതം എന്ന അവസ്ഥയെ പ്രാപിക്കുന്നു.) എന്നു് ഈശോവാസ്യോപനിഷത്തു്. ക്രൈസ്തവ സങ്കല്പം ഇതിൽ നിന്നു് വിഭിന്നമാണു്. ഈശ്വരൻ ആത്മാവു് സൃഷ്ടിച്ചുവെന്നും, ശരീരത്തിന്റെ നാശത്തിനു ശേഷം അതിനു് അസ്തിത്വമുണ്ടെന്നും അതു് പ്രഖ്യാപിക്കുന്നു. അന്തിമ വിചാരണ നടക്കുന്ന ദിവസം (Last Judgement day) ശരീരം ഉയിർത്തെഴുന്നേൽക്കും, എന്ന വിശ്വാസത്തോളം എത്തുമ്പോൾ ക്രൈസ്തവ സങ്കല്പം പരിപൂർണ്ണതയിലെത്തുന്നു. ഈ രണ്ടു് സങ്കല്പങ്ങളും തത്വചിന്തയുടെ വീക്ഷണപഥത്തിൽ നിന്നു് നോക്കുമ്പോൾ ശരിയായിരിക്കാം. പക്ഷേ, പ്രായോഗിക തലത്തിൽ അവയ്ക്ക് ഉണ്മയില്ല. വിശന്നു പൊരിയുന്നവനോടു് “ഉണ്ടാലെന്തു? ഉണ്ടില്ലെങ്കിലെന്തു? ചോറും നീയും ബ്രഹ്മമല്ലേ?” എന്നു ചോദിക്കുന്ന വേദാന്തിക്കും ഊണു കഴിച്ചേ പറ്റൂ. സാധാരണക്കാരായ നമ്മൾ കഴിക്കുന്നതും കഴിക്കാത്തതുമായ സാധനങ്ങൾ “മൂക്കുമുട്ടെ” കഴിക്കുന്നവരാണു് സന്യാസിമാർ. ഞാൻ വെറുതേ പറയുകയല്ല. ബഹുജനദൃഷ്ടിയിൽ മാന്യനായ ഒരു ഹിന്ദു സന്യാസി മാസത്തിലൊരിക്കൽ എന്റെ വീട്ടിൽ വന്നു് ഇറച്ചികൂട്ടി ഊണു് കഴിച്ച്പോകുമായിരുന്നു. പിന്നീടു് ഞാൻ കൊടുക്കുന്ന സിഗരറ്റും അദ്ദേഹം രസിച്ചു് വലിക്കുമായിരുന്നു (ഞാൻ മാംസം കഴിക്കുന്നവനല്ല. എങ്കിലും സന്യാസിക്കുവേണ്ടി ഞാൻ തന്നെ മാംസം വാങ്ങിക്കൊണ്ടു് വരുമായിരുന്നു). പല പാവന ചരിതന്മാരായ സന്യാസിമാരുടേയും ജീവിതം “ഏട്ടിലപ്പടി” എന്നേ പറയാനുള്ളൂ. അതു പോകട്ടെ മതപരങ്ങളായ സിദ്ധാന്തങ്ങൾ എന്തായാലും മരണഭയമാണു് ഈ ലോകത്തിലെ ഏറ്റവും വലിയ ഭയം. അതിനെ രവിശങ്കർ എത്ര ആകർഷകമായി ചിത്രീകരിക്കുന്നുവെന്നു നോക്കുക (കലാകൗമുദിയിലെ “വേലിയേറ്റം വേലിയിറക്കം” എന്ന കാർട്ടൂൺ). മനുഷ്യന്റെ കുട്ടിക്കാലത്തു് മരണം പാമ്പിന്റെ രൂപമാർന്നു് കടന്നു് പോകുന്നു.

Cioran എന്ന തത്വ ചിന്തകൻ ‘ഡിക്കേഡൻസി’ൽ എഴുതിയതു പോലെ “നീയെന്തുകൊണ്ടു് എന്നെ ഉപദ്രവിക്കുന്നില്ല” എന്നു് കയർ ചോദിക്കുന്നു. “ഭോഗാലസ്യത്തിന്റെ ചുംബനത്തിൽ” മരണത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. “മദ്ധ്യവയസ്സിന്റെ തിരസ്കാരങ്ങളിലും മരണത്തിന്റെ ലീലകൾ. വാർദ്ധ്യക്യത്തിലാണു് മരണമെന്ന സുഹൃത്തു് വന്നെത്തേണ്ടതു്. പക്ഷേ കാളീയനേക്കാൽ ഭീമാകാരമാർന്ന പാമ്പിന്റെ—മരണത്തിന്റെ—ശരീരത്തിനു് താഴെ നിന്നു കൊണ്ടു് “നിന്നെ ഞാൻ കാണുന്നില്ലല്ലോ” എന്നു് മനുഷ്യൻ പറയുന്നു. മരണത്തിന്റെ അനിവാര്യതയും, യാദൃച്ഛികത്വവും, അതിന്റെ ഭയങ്കരത്വവും ഇതിനേക്കാൾ ഉജ്ജ്വലമായി ചിത്രീകരിക്കാനാവില്ല. ദ്രഷ്ടാക്കളെ ചിന്തിപ്പിക്കുകയും വികാരാധീനരാക്കുകയും ചെയ്യുന്ന ചിത്രങ്ങളാണു് ഇവ. ഈ കലാ പാടാവത്തിനു് മുൻപിൽ ഞാൻ തല കുനിച്ചു് നിലക്കട്ടെ.

അംബ്രോസ് ബീർസി ന്റെ (Bierce) കഥകൾ പ്രഖ്യാതങ്ങളാണു്. മനുഷ്യ ജീവിതത്തെ പരിഹാസാത്മകമായി വീക്ഷിക്കുന്ന സാഹിത്യകാരന്മാരിൽ സുപ്രധാനനാണു് അദ്ദേഹം. ബീർസിന്റെ ഒരു കഥയിൽ ഭർത്താവിന്റെ മരണത്തിൽ ‘വാവിട്ടു’ നിലവിളിക്കുന്ന ഭാര്യയുടെ ചിത്രീകരണമുണ്ടു്. അപ്പോഴാണു് ഒരു യുവാവു് പ്രേമാഭ്യർത്ഥനയുമായി അവളുടെ അടുക്കലെത്തുന്നതു്. “നീചാ ഇതാണോ സമയം” എന്നു് അവൾ ചോദിച്ചു. “നിന്റെ സൗന്ദര്യാതിശയം എന്റെ വിവേചനശക്തിയെ ഇല്ലാതാക്കി” എന്നു് അയാളുടെ ഉത്തരം. അപ്പോൾ അവൾ “ഞാൻ വിലപിക്കാതിരിക്കുമ്പോഴല്ലേ നിങ്ങൾ വരേണ്ടതു?” എന്നു ചോദിച്ചു.
സ്നേഹമേ, അല്ലെങ്കിൽ കാമമേ നീയിത്ര മര്യാദകേടായി പെരുമാറുന്നതു് എന്താണു് ? അവൾ സ്കൂട്ടറിന്റെ പുറകിൽ ഭർത്താവിന്റെ കുടവയറിൽ കൈയമർത്തി ഇരിക്കുമ്പോഴാണു് ഒരു സുന്ദരി ഫുട്പാത്തിലൂടെ അലസഗമനം ചെയ്യുന്നതു് അയാൾ കാണൂന്നതു്. ആവശ്യമില്ലാതെ സ്കൂട്ടർ ബ്രേക്കിട്ടു. ഒന്നു കടാക്ഷിപ്പിക്കാൻ നീയെന്തിനാണു് അയാൾക്ക് പ്രേരണ നൽകിയതു? പിറകിലിരിക്കുന്നവളുടെ ‘ചങ്ക്’ തകരുന്നതു് നീ കാണുന്നില്ലേ? എങ്കിലും അവളൊന്നും മിണ്ടുകില്ല. വീട്ടിലെത്തുമ്പോൾ ചൂട്ചായയ്ക്ക് പകരം തണുത്ത ചായ അവൾ കൊണ്ടുവയ്ക്കുന്നതു് നേരത്തേയുള്ള യാത്രയിൽ വലിച്ചെറിഞ്ഞ കടാക്ഷത്തിന്റെ ഫലമാണെന്നു് നിനക്കറിയാമോ? പിറകിലിരിക്കുന്നവൾ എത്ര സുന്ദരിയാണെങ്കിലും വൈവിധ്യം കൊതിക്കുന്ന പുരുഷൻ “ ഈ മാരണത്തിനെയാണല്ലോ എനിക്കു കിട്ടിയതു്” എന്നു് മനസ്സിൽ പറയുന്നതിനു കാരണമായിത്തീർന്നതു് നീയല്ലാതെ മറ്റാരു്. ഓഫീസിൽ വന്നു് അതിസുന്ദരികളുമായി വർത്താനം പറഞ്ഞ് രസിച്ചിട്ടു് വീട്ടിൽ വൈകുന്നേരം ചെല്ലുമ്പോൾ യക്ഷിയെപ്പോലെ മുടിയഴിച്ചിട്ടു് വരാന്തയിൽ നിന്നു് ‘ജലസി’യോടെ നോക്കുന്നു ഭാര്യ. അവളെ തല്ലാൻ വയ്യാതെ അയാൾ പിള്ളേരെ വലിച്ചിട്ടു തല്ലുന്നു. ഇതിനു കാരണമായി ഭവിച്ചതും പ്രേമമേ അല്ലങ്കിൽ കാമമേ നീ തന്നെയല്ലേ?

മന്ത്രിയുടെ ‘വെരട്ടും’ സുപ്പീരിയർ ഓഫീസറുടെ ‘ഉരുട്ടും’ ഉദ്യോഗസ്ഥൻ അല്പമെങ്കിലും സുഖമനുഭവിക്കുന്നതു് സുന്ദരിയും തരുണിയുമായ സ്റ്റൈനോഗ്രാഫർക്ക് ഡിക്റ്റേഷൻ കൊടുക്കുമ്പോഴാണു്. ആ സുഖത്തോടു കൂടി കാറിൽ കയറി വീട്ടിലെത്തുമ്പോൾ ഭാര്യ ഒന്നുമറിയാത്തമട്ടിൽ “ഇന്നു ജോലി തിരക്കുണ്ടായിരുന്നോ? ഒരുപാടുകത്തുകൾക്ക് മറുപടി കൊടുക്കാനുണ്ടായിരുന്നോ” എന്നൊരു ‘മെറ്റ റ്റോക്ക്’ (meta talk) നടത്തുന്നതിനു് കാരണമായിത്തീരുന്നതും സ്നേഹമേ, കാമമേ നിങ്ങളിൽ നിന്നുളവാകുന്ന ജലസി തന്നെയാണല്ലോ. ഈ ജലസിയെ മനഃശാസ്ത്രജ്ഞന്മാർ ശരിയായി അപഗ്രഥിച്ചിട്ടുണ്ടു്. എന്തോ ഒന്നിന്റെ അഭാവം ജനിപ്പിക്കുന്ന ന്യൂനതാബോധത്താലാണത്രേ സ്ത്രീ ഇത്രമാത്രം ജലസിയുള്ളവളായി ഭവിച്ചതു്. “എന്നെ സ്നേഹിക്കണം, എന്നെ മാത്രം സ്നേഹിക്കണം” എന്നാണു് ഓരോ സ്ത്രീയുടെയും നിലപാടു്. പുരുഷൻ ഏകഭാര്യാവ്രതക്കാരനായിരിക്കണമെന്നു് ശഠിക്കുന്നതു് സർവ്വസാധാരണം. ആ ശാഠ്യം ജലസിയിൽ നിന്നാണുണ്ടാവുക. ഇത്രയും എഴുതാൻ തോന്നിയതു് ലളിതാ ലെനിൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘മണ്ഡോദരി’ എന്ന കാവ്യം വായിച്ചതിനാലാണു്. രാവണൻ സ്കൂട്ടറിലിരുന്നു് മണ്ഡോദരിയെ അറിയാതെ നോട്ടമെറിഞ്ഞവനല്ല. ചില രാക്ഷസന്മാരെപ്പോലെ “ഞാൻ വ്യഭിചരിക്കുമെടീ. നീ ഇഷ്ടമുണ്ടെങ്കിൽ എന്നോടൊരുമിച്ചു് കഴിഞ്ഞാൽ മതി” എന്നു ഉദീരണം ചെയ്തുകൊണ്ടു് പരസ്ത്രീഗമനത്തിനു്—സീതയെ പ്രാപിക്കാനായി—പോകുകയാണു്. മയന്റെ പുത്രിക്കു്—രാവണന്റെ ഭാര്യയ്ക്കു്—സഹിക്കാനാവാത്ത ദുഃഖം. “ഈരേഴുലകിനെയൊരു ചെറുവിരലാൽ പമ്പരമാക്കിച്ചുറ്റിച്ചു” കൊണ്ടുപോകുന്ന നക്തഞ്ചരനോടു് പഞ്ചകന്യകകളിൽ ഒരുവളായ മണ്ഡോദരിക്ക് എന്തു ചെയ്യാൻ കഴിയും, കരയുകയല്ലാതെ.
കേഴുക കേഴുക കേഴമാൻകണ്ണാളേ
കേഴുവോർക്കാശ്വാസമേകും ദൈവം.
അവൾ കേണു. രാമന്റെ അമ്പുകൊണ്ടു് രാവണന്റെ മാറു പിളർപ്പിച്ചു് ഈശ്വരൻ മണ്ഡോദരിക്ക് ആശ്വാസം നൽകി. ലളിതാ ലെനിന്റെ അത്ര മോശമല്ലാത്ത കാവ്യം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ മഷിപുരണ്ടുവന്നതുകൊണ്ടാണല്ലോ ഇത്രയും എഴുതാൻ കഴിഞ്ഞതു്. സച്ചിദാനന്ദൻ വായനക്കാരുടെ പംക്തിയിലെഴുതിയതുപോലെ നന്ദി, നന്ദി.
നമ്മൾ ഉപയോഗിക്കുന്ന, ദോഷരഹിതങ്ങളെന്നു തോന്നുന്ന വാക്കുകൾക്കു പിന്നിൽ വേറെ ചില അർത്ഥങ്ങളുണ്ടു്. ആ അർത്ഥം അന്യനു മനസ്സിലാകത്തക്ക വിധത്തിലോ മനസ്സിലാകാത്തവിധത്തിലോ വാക്കുകൾ പ്രയോഗിക്കുമ്പോൾ അതു മെറ്റ റ്റോക്കായി മാറുന്നു. വീട്ടിൽ വന്നു വളരെ നേരം സംസാരിച്ചിരുന്നു് നമ്മുടെ ജോലികൾക്കെല്ലാം തടസ്സമുണ്ടാക്കുന്ന അതിഥിയോടു് ആതിഥേയൻ മൂന്നാമത്തെ മണിക്കൂറിന്റെ അവസാനത്തിൽ ചോദിക്കുന്നു: “എവിടെയാണു് ജോർജ്ജിന്റെ താമസം?” (വീട്ടിലേക്കങ്ങു പോകരുതോ എന്നാണു് ഇതിന്റെ അർത്ഥം). നമുക്കൊരിക്കലും ക്ഷമിക്കാനാകാത്ത അപരാധം ചെയ്തവൻ വീട്ടിൽ വന്നു് മാപ്പു ചോദിക്കുന്നു. അപ്പോൾ നമ്മുടെ മറുപടി. “ഓ അതു സാരമില്ല”. (വളരെ ‘സാരമുണ്ടു്’ എന്നാണിതിന്റെ അർത്ഥം). [“മെറ്ററ്റോക്കിനെക്കുറിച്ചു് പല ഗ്രന്ഥങ്ങളും ഇംഗ്ലീഷിലുണ്ടു്. അവ വായിക്കുന്നതു് കൊള്ളാം. ഗ്രന്ഥകാരന്മാരുടെ പേരുകൾ മറന്നുപോയിരിക്കുന്നു.]

സമ്മേളനങ്ങൾക്കു പോകുന്നതു് രസപ്രദങ്ങളാണു്; പലപ്പോഴും യാതന നിറഞ്ഞതും. അതിന്റെ അനുഭവങ്ങൾ സാമാന്യ ജനതയ്ക്ക് ഇഷ്ടമായില്ലെന്നു വരും. അതുകൊണ്ടു് ഒരനുഭവം മാത്രം പറയാം. മൂന്നു മന്ത്രിമാർ പ്രസംഗിക്കുന്ന ഒരു യോഗത്തിൽ ഞാനും പ്രഭാഷകനായിരുന്നു. സമയമായപ്പോൾ മൂന്നുപേരേയും ആനകളുടെ എഴുന്നള്ളിപ്പോടു കൂടി മുത്തുക്കുടകൾ പിടിച്ചു് സഭാവേദിയിലേക്ക് ആനയിച്ചു. ആളുകൾ അവരുടെ പിറകെ തിക്കിത്തിരക്കിയുണ്ടു്. അവർ എന്നെ ചവിട്ടി താഴെയിട്ടു. തിരുവനന്തപുരത്തു നിന്നു് എന്നെ വിളിച്ചുകൊണ്ടുപോയ മാന്യൻ ഇങ്ങനെയൊരുത്തൻ വന്നിട്ടുണ്ടെന്നുകൂടി ഓർമ്മിച്ചില്ല. പിന്നീടാണു് അദ്ദേഹം എന്നെ അന്വേഷിച്ചു വന്നതും കൂട്ടികൊണ്ടുപോയതും. മന്ത്രി പുംഗവന്മാർ പ്രസംഗം കഴിഞ്ഞുപോയപ്പോൾ പൗരപുംഗവന്മാരും എഴുന്നേറ്റു പോയി. എനിക്കു പിന്നെ പ്രസംഗിക്കേണ്ടി വന്നില്ല. തിരിച്ചു പോരാൻ കാറിൽ കയറിയിരുന്നപ്പോൾ മാന്യൻ സംഘാടകരിൽ ഒരാളെ വിളിച്ചു് ‘കൃഷ്ണൻനായർക്ക് വഴിയിൽ വച്ചു് ഓറഞ്ച് വാങ്ങാൻ നൂറു രൂപ കൊടുക്കൂ” എന്നാജ്ഞാപിച്ചു. (നൂറുരൂപയുടെ ഓറഞ്ച് തിന്നാൻ ഞാനാരു്? ബകനോ). രൂപയൊന്നും വേണ്ട എന്നു ഞാൻ പറഞ്ഞിട്ടും അതു വകവെയ്ക്കാതെ മാന്യൻ നൂറുരൂപ നോട്ടു വാങ്ങി എന്റെ പോക്കറ്റിൽ തിരുകി. സംഘാടകൻ പോയപ്പോൾ എന്റെ കാതിൽ പറഞ്ഞു: “രൂപ കൃഷ്ണൻ നായർക്കല്ല. ഞാൻ നാളെക്കാലത്തു് വീട്ടിൽ വന്നു് വാങ്ങിക്കൊള്ളാം”. കാലത്തു് അദ്ദേഹം എന്റെ വീട്ടിലെത്തി. രൂപവാങ്ങിക്കൊണ്ടു പോകുകയും ചെയ്തു. വളരക്കാലം കഴിഞ്ഞു് ആ മീറ്റിങ്സ്ഥലത്തുനിന്നു വേറെചിലർ സമ്മേളനത്തിനു എന്നെവിളിക്കാൻവന്നു. ‘വയ്യ’ എന്നു ഞാൻ പറഞ്ഞപ്പോൾ അവരിലൊരാൾ വാതിലിനു പുറത്തുചെന്നിട്ടു് എന്നെനോക്കി പുച്ഛിച്ചു പറഞ്ഞു: “ഞങ്ങളും നൂറുരൂപ ഓറഞ്ച് വാങ്ങാൻ കൊടുക്കും”. ഗോപിക്കുട്ടൻ കുങ്കുമം വാരികയിലെഴുതിയ ‘യോഗം’ എന്ന കഥ വായിക്കൂ. ഹാസ്യാത്മകമായ ഇക്കഥ എന്നെ രസിപ്പിച്ചു. പ്രസംഗത്തിനു പോകുന്ന വായനക്കാർക്കും ഇതു് രസപ്രദമായിരിക്കുമെന്നാണു് എന്റെ വിശ്വാസം.
ചോദ്യം: അടുത്തകാലത്തു് നിങ്ങളെ ആഹ്ലാദിപ്പിച്ചതേതു്?
ഉത്തരം: എം. പി. നാരായണപിള്ള എന്നെക്കുറിച്ചു് ട്രയൽ വാരികയിലെഴുതിയ നല്ല വാക്കുകൾ.
ചോദ്യം: മെറ്റ റ്റോക്കിനെക്കുറിച്ചു നിങ്ങൾ മുൻപെഴുതിയല്ലോ. “അല്പപ്രഭാവാനായ ഞാൻ” “നിസ്സാരനായ ഞാൻ”, “എന്റെ വിനീതമായ അഭിപ്രായം” എന്നൊക്കെ നിങ്ങൾ കൂടെക്കൂടെ എഴുതാറുള്ളതു് മെറ്റ റ്റോക്കു അല്ലേ? നിങ്ങളുടെ അഹങ്കാരമല്ലേ അതു കാണിക്കുന്നതു് ?
ഉത്തരം: ഇത്തരം പ്രസ്താവനകളിൽ ചിലപ്പോൾ കാപട്യമുണ്ടായിരിക്കും. വായനക്കാരെ അൽപമൊന്നു വശീകരിക്കാനാവാം ചിലർ ഇങ്ങനെ പറയുന്നതു്. പക്ഷേ, ആർജ്ജവത്തോടെ മാത്രമേ ഈ വാക്കുകൾ എന്നിൽനിന്നു് ഉണ്ടാകാറുള്ളൂ.
ചോദ്യം: ഗ്യുന്തർഗ്രാസ്സ് കഴിഞ്ഞാൽ നിങ്ങളെ ആകർഷിച്ച ജർമ്മൻ സാഹിത്യകാരനാരു്?
ഉത്തരം: ക്രിസ്റ്റോഫർ മെക്കൽ. അസാധാരണമായ നേട്ടമാണു് അദ്ദേഹത്തിന്റേതു്. മെക്കലിന്റെ ചില ഉജ്ജ്വലങ്ങളായ രചനകൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തിട്ടുണ്ടു്. The Figure on the Boundary Line എന്നാണു് പുസ്തകത്തിന്റെ പേരു്. Arena പ്രസാധനം. വില 48 രൂപ 40 പൈസ.
ചോദ്യം: പാനീയങ്ങളിൽ നിങ്ങളേറ്റവും വെറുക്കുന്നതേതു് ?
ഉത്തരം: സിന്തറ്റിക് പ്രിപ്പറേഷൻസ്. ചില വീടുകളിൽ ചെന്നാൽ ഈ വൃത്തികെട്ട പൊടി വെള്ളത്തിൽ കലക്കി പഞ്ചാരയിട്ടു് നമ്മുടെ മുൻപിൽ കൊണ്ടുവയ്ക്കും. ഈ പ്രവൃത്തിയെക്കാൾ ഭേദം നമ്മുടെ കരണത്തു് അടിക്കുക എന്നതാണു്.

ജീവിതത്തിലെ വിരസങ്ങളും ബന്ധരഹിതങ്ങളുമായ അനുഭവങ്ങളെ രസാത്മകങ്ങളും ബന്ധദാർഢ്യമാർന്നവയും ആക്കുന്നതാണു് കല. അങ്ങനെ പ്രവർത്തിക്കുമ്പോൾ രൂപമുണ്ടാകുന്നു. രൂപശിൽപമുള്ള അനുഭവത്തെ നമ്മൾ കലാസൃഷ്ടിയെന്നു വിളിക്കും. ഈ മാനദണ്ഡംവച്ചു നോക്കിയാൽ ശാഹുൽ വളപ്പട്ടണത്തിന്റെ “വ്രണം” എന്ന രചന (ദേശാഭിമാനി വാരിക) സാഹിത്യമല്ല. അതു് വെറും representation—ജീവിതസംഭവങ്ങളുടെ പുനരാവിഷ്കരണം—മാത്രമാണു്. ഒരു വൃദ്ധൻ, അയാളുടെ ഭാര്യ, അവരുടെ മകൾ, മകളുടെ കുഞ്ഞു് ഇവരാണു് ഈ കഥയിലെ വ്യക്തികൾ. മകളുടെ ഭർത്താവു് ഗൾഫ് രാജ്യത്തിലെവിടെയോ വേറൊരുത്തിയുമായി കഴിഞ്ഞുകൂടുന്നു. കുഞ്ഞിനു് രോഗം. ചികിത്സിക്കാൻ പണമില്ലാത്തതുകൊണ്ടു് അതു മരിക്കാനിടയായി. മകൾക്കു ദ്വിതീയ വിവാഹം നിശ്ചയിക്കുന്നു വൃദ്ധൻ. അവൾ ആ വരനെ ആട്ടി പുറത്താക്കി. കിഴവൻ മരിക്കാനായി പുഴവക്കിൽ ചെന്നു കിടക്കുമ്പോൾ കഥ അവസാനിക്കുന്നു. നിത്യജീവിത സംഭവങ്ങളുടെ പുനരാവിഷ്കാരം കലയാവില്ലെന്നു് ഈ പംക്തിയിൽ പലപ്പോഴും എഴുതിയിട്ടുണ്ടു്. ബ്ലോട്ടിങ് പേപ്പർകൊണ്ടു് മഷിയിലെഴുതിയ അക്ഷരങ്ങൾ ഒപ്പിയെടുക്കുന്നതുപോലെ ജീവിത സംഭവങ്ങൾ കഥാകാരൻ ഒപ്പിയെടുക്കുന്നു. അതു് കലയാവണമെങ്കിൽ ഉൾക്കാഴ്ചയില്ലാത്ത വിവരണത്തിന്റെ പേരു ജർണ്ണലിസമെന്നാണു്. ശാഹുൽ വളപട്ടണം കഥാകാരനല്ല, ജർണ്ണലിസ്റ്റാണു്.
സമുദായം ചലനം കൊള്ളുന്നതു് ജീവിതത്തെസ്സംബന്ധിച്ച പുതിയ സത്യങ്ങൾ ശാസ്ത്രകാരന്മാരും കലാകാരന്മാരും കണ്ടുപിടിക്കുമ്പോഴാണു്. വെണ്മണി നമ്പൂതിരിമാർ നല്ല കവികളായിരുന്നെങ്കിലും അവർ ചിത്രീകരിച്ച സമുദായം പണ്ടത്തെ, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള കുളം പോലെയായിരുന്നു. ധന്വന്തരം കുഴമ്പുപോലെ അർദ്ധദ്രവമായ വെള്ളം പച്ചനിറം. കുളിച്ചാൽ വൃഷണവൃദ്ധി നിശ്ചയമായും ഉണ്ടാകും. ആ ജലാശയത്തിൽ ഓവുകൾ വച്ചുകൊടുത്തു ശുദ്ധീകരണം നടത്തിയതു് വള്ളത്തോളാ യിരുന്നു. കുമാരനാശാൻ അതിൽ അനവരതം ശുദ്ധജലമൊഴുക്കി. വെള്ളംകെട്ടി നിൽക്കാൻ അനുവദിച്ചില്ല. ഈ ക്ഷേത്രജലാശയത്തെ വീണ്ടും ധന്വന്തരം കുഴമ്പാക്കി മാറ്റാനാണു് ചില കഥാകാരന്മാർ അനവരതം ശ്രമിച്ചുകൊണ്ടിരിക്കുന്നതു്. അവരെ എതിർക്കുക എന്നതാണു് നമ്മുടെ പ്രാഥമികകൃത്യം. അലങ്കാരമുപേക്ഷിച്ചു പറയാം. ഇത്തരം കഥാകാരന്മാരുടെ കുത്സിതത്വംസമുദായത്തെ നിശ്ചലമാക്കി നിറുത്തുന്നു, അങ്ങനെ അതു് ജീർണ്ണിക്കുന്നു.

ഫ്രഞ്ചെഴുത്തുകാരൻ മൊങ്തെൻയ് ഫ്രാൻസിലെ ഒരു പ്രദേശത്തിലൂടെ നടക്കുമ്പോൾ ഒരുകാലത്തു് പെണ്ണായിരുന്ന ഒരാണിനെ കണ്ടു. ഇരുപത്തിരണ്ടുവയസ്സുവരെ മാറി (മേരി) എന്നായിരുന്നു അവളുടെ പേരു്. ആ പ്രായമെത്തിയപ്പോൾ അവൾ ചാടാൻ തുടങ്ങി. ചാട്ടത്തിന്റെ ഫലമായി പുരുഷന്റെ അവയവം അവൾക്കു വന്നുകൂടി. പെണ്ണു് ഓടരുതു്, ചാടരുതു്, ഓടിയാലും ചാടിയാലും മാറി ഷെർമെനെപോലെ (Marie Germain) ആണായി മാറും എന്നൊരു പാട്ടു് അക്കാലത്തു് അവിടത്തെ പെൺകുട്ടികൾ പാടാറുണ്ടായിരുന്നു. കുമാർ എക്സ്പ്രസ്സ് വാരികയിലെഴുതിയ ‘നഷ്ടപ്പെട്ട ഒരു മഴ’ എന്ന പറട്ട പൈങ്കിളിക്കഥ വായിച്ചപ്പോൾ എനിക്കു തോന്നി പതിവായി ഇത്തരം കഥകൾ വായിക്കുന്ന പെൺകുട്ടികൾ ആൺകുട്ടികളായി മാറുമെന്നു്. സെക്സ് മാറാൻ താൽപര്യമില്ലാത്ത പെണ്ണുങ്ങൾ ഇമ്മാതിരികഥകളുടെ പാരായണം ഒഴിവാക്കണം.
ജി. ശങ്കരക്കുറുപ്പിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണു് ഈ ലേഖനം തുടങ്ങിയതു്. അവസാനിപ്പിക്കുന്നതും അങ്ങനെയാവട്ടെ. എറണാകുളത്തു് ലൂസിയഹോട്ടലിൽ താമസിക്കുമ്പോൾ എനിക്കു് ഒരുദിവസം വൈകുന്നേരം പനിവന്നു. ബോധം കെട്ടു. മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞു് ഞാൻ കണ്ണുതുറന്നപ്പോൾ പട്ടണത്തിലെ ഏറ്റവും വിദഗ്ദ്ധനായ ഡോക്ടർ എന്നെ പരിശോധിച്ചുകഴിഞ്ഞു. മരുന്നു് കുത്തിവച്ചിരിക്കുന്നു. വിലകൂടിയ പല മരുന്നുകളും മേശപ്പുറത്തു വച്ചിരിക്കുന്നു. ആരാണിതൊക്കെ ചെയ്തതെന്നു് അന്വേഷിച്ചപ്പോൾ റിസപ്ഷനിസ്റ്റ് സെബാസ്റ്റിൻ അറിയുച്ചു. “മഹാകവി ജി. ശങ്കരക്കുറുപ്പു്” അന്നുകാലത്തും ഞാനദ്ദേഹത്തെ കുറ്റപ്പെടുത്തിയതേയുള്ളൂ.