സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-08-31-ൽ പ്രസിദ്ധീകരിച്ചതു്)

അമ്പതുകൊല്ലം മുൻപാണു്. നേരം പുലർന്നു. ആ ദിനത്തിൽ എനിക്കു് വരാൻപോകുന്ന മുറിവുകളെ എങ്ങനെ ഉണക്കാനാണു് എന്ന വിചാരത്തോടെ ഞാൻ വീട്ടിന്റെ മുൻവശത്തു നില്ക്കുമ്പോൾ, ക്രമേണ മരങ്ങളുടെ നിഴലുകൾക്കു നീളം കൂടിവന്നപ്പോൾ ഒരു “മുഗ്ദ്ധസംഗീതകന്ദളം” രാജവീഥിയിൽനിന്നു് ഉയരുകയായി:

ആരു വാങ്ങു, മിന്നാരുവാങ്ങുമീ-

യാരാമത്തിന്റെ രോമാഞ്ചം?”

ഇതു് എന്തൊരു വേണുഗാനം! ഏതു ചെഞ്ചൊടികളിൽനിന്നാണു് ഇതു് പാതയിലൂടെ ഒഴുകിവന്നു് എന്റെ കാതിനു സുഖമരുളുന്നതു? ഞാൻ ചെന്നുനോക്കി. “പൊന്നുഷസ്സുപോലെ” രാജവീഥിയിൽ അവൾ വിരാജിക്കുന്നു; ചലനം കൊള്ളുന്നു. ഞാൻ അവളോടു പറഞ്ഞു: “അനുജത്തീ, ഈ ഗാനം കേൾക്കാനാണു് ഞാൻ ജനിച്ചതു്. നീ പൂക്കൾ വിൽക്കുന്നുവോ? നിന്റെ ഗാനത്തിന്റെ ഓരോ വരിയും ഓരോ പൂവല്ലേ? നിന്റെ കൈയിലിരിക്കുന്ന ഓരോ പൂവും ഗാനത്തിന്റെ ഓരോ വരിയല്ലേ? നിന്റെ പാട്ടിനും നിന്റെ കൈയിലുള്ള പൂവിനും തമ്മിൽ ഒരു വ്യത്യാസവുമില്ലല്ലോ”. എന്റെ പ്രശംസാ വചനമൊന്നും അവൾക്കു വേണ്ട. ഞാനൊരു കശ്മലനാണെന്നു വിചാരിച്ചാവാം അവൾ എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ നടന്നുപോയി. ഇപ്പോഴും ആ ഗാനത്തിന്റെ ഈരടി എന്റെ കാതിൽ അനുരണനം ചെയ്യുന്നു:“ആരു വാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?”

ഇന്നു്—അമ്പതു വർഷത്തിനു ശേഷം—ജീവിതമേല്പിച്ച ക്ഷതങ്ങളുടെ പാടുകൾ നോക്കിക്കൊണ്ടു് വിഷാദമഗ്നനായി ഞാൻ വീട്ടിന്റെ മുൻവശത്തു നിൽക്കുമ്പോൾ തെരുവിൽ കലപില ശബ്ദം. ഞാൻ ശ്രദ്ധിച്ചു: “നിയമാനുസാരിയായ സമാന്തരത്വം പദ്യാത്മക ഏകകങ്ങളിൽ വന്നു സംഘട്ടനം ചെയ്യുമ്പോൾ ആ പദ്യാത്മക ഏകകം ഹെമിസ്റ്റിച്ചായി മാറുന്നു എന്നതാണു് ആശാൻ കവിതയുടെ ലിങ്ഗ്വസ്റ്റിക് സ്റ്റൈലിസ്റ്റിക്സ്. ഫൊണൊലോജിക്കലും ഗ്രമാറ്റിക്കലുമായ പാറ്റേൺ ഭാഷാപരമായ വിനിമയത്തിൽ സാർത്ഥകമായി ഭവിക്കുമ്പോൾ ഉണ്ടാകുന്ന ഡൈക്കോട്ടമി “നളിനി ”യിലെ “ഓമലാൾ മുഖമതീന്നു നിർഗ്ഗമിച്ചോമിതി” എന്നു തുടങ്ങുന്ന ശ്ലോകത്തിൽ സംവീക്ഷണം ചെയ്യാവുന്നതാണു്”. ഇതു കേട്ട ഞാൻ “നിറുത്തു നിറുത്തു എന്താ പറയുന്നതു്” എന്നു ചോദിച്ചു. അയാൾ മറുപടി പറയാതെ സിന്റക്റ്റിക്കും ഫൊണോലോജിക്കലുമായ മാനിപ്പുലേഷൻസ് ‘നളിനി’യുടെ ശയനാഗാരത്തിൽ നിന്നു് ഉണർന്നെഴുന്നേല്ക്കുന്നതുപോലെ… ” എന്നു് ഉദ്ഘോഷിച്ചുതുടങ്ങി. ഞാൻ ഒറ്റ ഓട്ടമോടി. അപ്പോൾ ആരോ തെരുവിൽനിന്നു വിളിച്ചു പറയുന്നതു കേട്ടു. “സാറേ ഇയാൾ നവീന നിരൂപകനാണു്. കുമാരനാശാന്റെ നളിനി എന്ന കാവ്യത്തെയാണു് ഇയാൾ കൊല്ലുന്നതു്”.

പ്രിയപ്പെട്ട വായനക്കാരേ, സുന്ദരികൾ പൂക്കൾ വിറ്റിരുന്ന കാലംകഴിഞ്ഞു. ഇപ്പോൾ ‘കുപ്പിതകരങ്ങൾ’ വീട്ടുകാരെ അടിച്ചേല്പിക്കുകയാണു് ആക്രിക്കച്ചവടക്കാർ. അവരെ നിരൂപകരെന്നും വിളിക്കും. എഴുത്തച്ഛന്റെ യും കുഞ്ചൻ നമ്പ്യാരു ടെയും വള്ളത്തോളി ന്റെയും എം. ആർ. നായരു ടേയും ചങ്ങമ്പുഴ യുടേയും ഇ. വി. കൃഷ്ണപിള്ള യുടെയും കുമാരനാശാന്റെ യും ഭാഷയാണു് മലയാളഭാഷ. മനോഹരമായ, ചൈതന്യധന്യമായ ആ ഭാഷയ്ക്കാണു് ഈ ഭാഗ്യക്കേടു സംഭവിച്ചിരിക്കുന്നതു്. (ഈ സംഭവങ്ങൾ തികച്ചും സാങ്കല്പികങ്ങൾ. സാഹിത്യവാരഫലത്തിൽ യഥാർത്ഥസംഭവങ്ങൾ മാത്രമേ വർണ്ണിക്കപ്പെടൂ. അതുകൊണ്ടാണു് ‘സാങ്കല്പികങ്ങൾ’ എന്നു എടുത്തു പറഞ്ഞതു്.)

ദാരുഖണ്ഡം

“കണ്ണാടികാണ്മോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ” എന്നു കവിവചനം. എങ്കിലും എനിക്കൊരു കണ്ണാടി കൂടിയേ തീരൂ. കുളത്തിന്റെ കരയിൽ ചെന്നു കിടന്നു് ആ ജലാശയമാകുന്ന ദർപ്പണത്തിൽ സ്വന്തം പ്രതിച്ഛായ കണ്ടു രസിച്ച നർസിസസ്സ് ദേവനാണു ഞാൻ. പക്ഷേ, നല്ല കണ്ണാടി കിട്ടാനില്ല. നോക്കിയാൽ മുഖം കോച്ചുവാതം പിടിച്ചതുപോലെ ‘കോടി’യിരിക്കും. അല്ലെങ്കിൽ ഇല്ലാത്ത സൗന്ദര്യം ഉണ്ടെന്നു കാണിക്കും. ശരിയായ മുഖം കാണണമെങ്കിൽ ബൽജിയൻ ഗ്ലാസ്സായിരിക്കണം. എന്റെ കുട്ടിക്കാലത്തു് ഇങ്ങനെയുള്ള നല്ലവസ്തുക്കളൊക്കെ കിട്ടുമായിരുന്നു. ബൽജിയത്തിലെ ഗ്ലാസ്സ് കിട്ടാനില്ലാത്തതുകൊണ്ടു് പ്രതിബിംബം കാണാൻ ഞാൻ ആശ്രയിക്കുന്നതു കലാസൃഷ്ടികളെയാണു്. ടി. പത്മനാഭന്റെ “പ്രകാശം പരത്തുന്ന പെൺകുട്ടി” എന്ന കഥയിലെ നായകൻ—സിനിമ കാണാനിരുന്ന കഥാപാത്രം— ഞാൻതന്നെയാണു്. അല്ലെങ്കിൽ എന്റെ പ്രതിബിംബംതന്നെയാണു്. എം. ടി. വാസുദേവൻ നായരു ടെ അപ്പു ഞാനാണു്. പ്രൂസ്തി ന്റെ സ്വാനും റ്റോമസ് മാനി ന്റെ കഷ്ടോർപ്പും ഓനീലി ന്റെ റോബർട്ടും ഞാനത്രേ. എന്റെയെന്നല്ല ആരുടേയും രൂപം പ്രതിഫലിപ്പിക്കാത്ത ദാരുഖണ്ഡമാണു് ജാനമ്മ കുഞ്ഞുണ്ണിയുടെ “നീ എനിക്കു് അപരിചിതൻ” എന്ന ചെറുകഥ (മാമാങ്കം വാരിക). വേശ്യയുടെ മകൾ സുന്ദരിയായ വേശ്യ. വൃദ്ധൻ അവളെ വെപ്പാട്ടിയാക്കുന്നു. അതിനു മുൻപു് അവൾ ആ വൃദ്ധന്റെ മകനോടു പ്രേമത്താൽ ബന്ധിക്കപ്പെട്ടിട്ടുണ്ടു്. മകനും വെപ്പാട്ടിയും ആശ്ലേഷത്തിലമർന്നു നിൽക്കുന്നതു് അച്ഛൻ കണ്ടു. സ്വാഭാവികമായും അയാൾ (കിഴവൻ) ക്ഷമിച്ചു. പിന്നീടു് കിഴവൻ മരിക്കുമ്പോൾ അവൾ മൃതദേഹം കാണാൻ വരുന്നു. മകൻ അവളെ ആട്ടിയോടിക്കുന്നു. ഇതിവൃത്തമുണ്ടു്. ഭേദപ്പെട്ട ആഖ്യാനമുണ്ടു്, പരകോടിയുണ്ടു്. പക്ഷേ, മാനുഷികബന്ധങ്ങളുടെ തീക്ഷ്ണതയില്ല. അനുവാചകൻ തന്റെ പ്രതിബിംബം കഥയിൽ കാണുന്നില്ല. തടിക്കഷണത്തിൽ പ്രതിഫലനം എങ്ങനെയുണ്ടാവും?

പുകവലിച്ചാൽ ക്യാൻസർ വരുമെന്നു ശാസ്ത്രജ്ഞൻമാർ തൊണ്ടകീറി പറഞ്ഞിട്ടും സിഗററ്റ് നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ആളുകൾ അതു വലിച്ചുതീർക്കുകയും ചെയ്യുന്നു. മുഖം ‘ബ്ലീച്ച്’ ചെയ്താൽ ശ്വേതകുഷ്ഠം വരുമെന്നു വൈദ്യന്മാർ അറിയിച്ചിട്ടും ബ്യൂട്ടി പാർലറുകൾ പ്രതിദിനം വർദ്ധിക്കുന്നു. കോൺക്രീറ്റ് ഭവനങ്ങളിൽ താമസിക്കുന്നതുകൊണ്ടാണു് ആസ്മരോഗം കൂടുതലായി ഉണ്ടാകുന്നതെന്നു് അറിവുള്ളവർ പറഞ്ഞിട്ടും ആളുകൾ അത്തരം വീടുകളേ ഉണ്ടാക്കുന്നുള്ളു. മനുഷ്യന്റെ വങ്കത്തം ഒരിക്കലും നശിക്കില്ല. അതുകൊണ്ടു് കണ്ണാടിവ്യവസായത്തിനു തകർച്ച വരില്ല. സാഹിത്യകാരൻ എന്ന പേരിനു് അർഹതയുണ്ടാകാനായി മനുഷ്യൻ നിശ്ചേതനങ്ങളായ വാക്കുകൾ കൂട്ടിവയ്ക്കുന്നു. അതിനെ കഥയെന്നും കവിതയെന്നും വിളിക്കുന്നു. പേരു് എന്നു പറഞ്ഞാൽ കീർത്തിയെന്നർത്ഥം. കീർത്തി എന്നുപറഞ്ഞാൽ അധികാരം എന്നർത്ഥം. അധികാരത്തിനു വേണ്ടിയാണു് മനുഷ്യന്റെ എല്ലാ പ്രവൃത്തികളും.

കെ. എം. പണിക്കരും സഹോദരനും

പണമുണ്ടെങ്കിൽ ഏതു കാര്യത്തിലും ഏകാഗ്രതയുള്ളവർക്കു് ഏതു ജോലിത്തിരക്കിനിടയിലും എത്ര ഗ്രന്ഥങ്ങൾ വേണമെങ്കിലും എഴുതാം. നമ്മളൊക്കെ പാവങ്ങൾ. പ്രയാസപ്പെട്ടുണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗമെടുത്തു് നോവലോ, കാവ്യമോ വാങ്ങുന്നു. വീട്ടിൽ കൊണ്ടുവന്നു് വായിക്കാൻ തുടങ്ങുമ്പോൾ “ഓ വർഗ്ഗീസിന്റെ കൈയിൽനിന്നു വാങ്ങിയ രണ്ടായിരംരൂപ തിരിച്ചു കൊടുത്തില്ലല്ലോ” എന്ന വിചാരം വരും.

സർദാർ കെ. എം. പണിക്കരു ടെ ചേട്ടനോടൊരുമിച്ചു് ബോട്ടിൽ സഞ്ചരിക്കേണ്ടതായി വന്നു എനിക്കൊരിക്കൽ. കൂടെ അയ്യപ്പപ്പണിക്കരും സി. എൻ. ശ്രീകണ്ഠൻ നായരു മുണ്ടായിരുന്നു. ആലപ്പുഴെനിന്നു തിരിച്ചതാണു് സ്പെഷ്യൽ ബോട്ട്. കാവാലംവരെയാണു യാത്ര. ആ യാത്രയ്ക്കിടയിൽ പണിക്കരുടെ സഹോദരൻ ഞങ്ങളോടു സംസാരിച്ചില്ലെന്നു മാത്രമല്ല മുഖത്തേക്കു് ഒന്നുനോക്കിയതുമില്ല. അദ്ദേഹം ആകെച്ചെയ്തതു കൂടെക്കൂടെ ബോട്ട് കരയ്ക്കടുപ്പിക്കും. അവിടെ ഭക്തിപ്രശ്രയവിവശനായി നില്ക്കുന്ന പാട്ടക്കാരന്റെ കൈയിൽനിന്നു കുന്നു കണക്കിനു കറൻസിനോട്ടുകൾ വാങ്ങും. ബാഗിനകത്തുവയ്ക്കും. അദ്ദേഹത്തിനു പല പല തെങ്ങിൻതോപ്പുകൾ ഉണ്ടായിരുന്നു. തേങ്ങ വിറ്റപണമാണു് അഞ്ചു മിനിറ്റിലൊരിക്കൽ ബാഗിലേക്കു കുത്തിനിറയ്ക്കപ്പെട്ടിരുന്നതെന്നു പിന്നീടു് മനസ്സിലാക്കാൻ സാധിച്ചു. ഇങ്ങനെ മുന്നൂറുസെക്കൻഡിലൊരിക്കൽ ബോട്ടു കരയ്ക്കടുത്താൽ കാവാലത്തെ മീറ്റിങ്ങിനു് സമയത്തു് എത്തുമോ എന്നു ഞാൻ ഭയന്നു. ഞങ്ങളോടു മാത്രമല്ല അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന അയ്യപ്പപ്പണിക്കരോടും അദ്ദേഹം ഒന്നും മിണ്ടിയില്ല. കരയിൽനിന്നു പണം കൊടുക്കുന്നവനോടു് “ആകെ എത്ര തേങ്ങ?” എന്നു പതുക്കെ ചോദിക്കും. പേടിയും ബഹുമാനവുംകൊണ്ടു് അതിലും ചെറിയ ശബ്ദത്തിൽ കരയിൽ നില്ക്കുന്നവൻ “അമ്പത്തിയയ്യായിരമുണ്ടേ,” “നാല്പത്തിമൂന്നായിരമുണ്ടു്”. എന്നൊക്കെ പറയും. അതിനു മറുപടിയില്ല. നോട്ട് വാങ്ങി എണ്ണി ബാഗിലേക്കു തിരുകിക്കയറ്റും. റിസർവ് ബാങ്ക് കറൻസി നോട്ട് അക്കാലത്തു് അച്ചടിച്ചിരുന്നതു പണിക്കരദ്ദേഹത്തിനുവേണ്ടിയാണെന്നു് അന്നു ഞാൻ വിചാരിച്ചു. കഴിയുന്നതുംവേഗം കമ്മ്യൂണിസം നടപ്പിലാകണേ എന്നു് ഞാൻ ഈശ്വരനോടു അപേക്ഷിക്കുകയും ചെയ്തു. ഇദ്ദേഹത്തിനു് ഇത്രത്തോളം ധനമുണ്ടെങ്കിൽ സർദാർ കെ. എം. പണിക്കർക്കു് എത്രത്തോളം അതുണ്ടായിരിക്കുമെന്നും ഞാൻ ആലോചിച്ചുപോയി. പണമുണ്ടെങ്കിൽ ഏതു കാര്യത്തിലും ഏകാഗ്രതയുള്ളവർക്കു് ഏതു ജോലിത്തിരക്കിനിടയിലും എത്ര ഗ്രന്ഥങ്ങൾ വേണമെങ്കിലും എഴുതാം. നമ്മളൊക്കെ പാവങ്ങൾ. പ്രയാസപ്പെട്ടു് ഉണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗമെടുത്തു് നോവലോ, കാവ്യമോ വാങ്ങുന്നു. വീട്ടിൽ കൊണ്ടുവന്നു് വായിക്കാൻ തുടങ്ങുമ്പോൾ “ഓ വർഗ്ഗീസിന്റെ കൈയിൽനിന്നു വാങ്ങിയ രണ്ടായിരംരൂപ തിരിച്ചു കൊടുത്തില്ലല്ലോ” എന്ന വിചാരം വരും. പുസ്തകം താഴെ വയ്ക്കും. പിന്നെ വായനയുമില്ല. ഒന്നുമില്ല. വെറുതെയല്ല സർദാർ കെ. എം. പണിക്കർ ചവറുപോലുള്ള നോവലുകളും അവയെക്കാൾ ചവറുകളായ കാവ്യങ്ങളും രചിച്ചതു്. (അദ്ദേഹം വലിയ ചിത്രകാരനായിരുന്നത്രേ. ആയിരിക്കാം. അതിനെക്കുറിച്ചു് അഭിപ്രായം പറയാൻ എനിക്കാവില്ല.) ഏകാഗ്രതയാണു് അദ്ദേഹത്തെ രചനയ്ക്കു സഹായിച്ചതു്. പക്ഷേ, എന്റെ ഈ അഭിപ്രായവും വിരുദ്ധങ്ങളായിക്കണ്ടു പിന്നീടു്. തിരുവനന്തപുരത്തെ ഒരു മാന്യന്റെ വീട്ടിൽവച്ചു് ഞാൻ അദ്ദേഹത്തെ കണ്ടു. “അംബാസഡർ ആയിരിക്കുമ്പോഴും അങ്ങു് എങ്ങനെ ഇത്രയും എഴുതുന്നു?” എന്നു് ഞാൻ ചോദിച്ചു. സർദാർ പണിക്കർ മറുപടി പറഞ്ഞു. “ഞാൻ നാട്ടിലായിരുന്നപ്പോൾ പതിവായി ദേവീക്ഷേത്രത്തിൽപ്പോയി തൊഴും. അതു് എന്റെ മനസ്സിനു് ഏകാഗ്രത നല്കി. ഇതു് നിങ്ങളെ ഏതു പ്രവൃത്തിക്കും സഹായിക്കും. നിങ്ങൾ ഈശ്വരവിശ്വാസിയാണോ? (മറുപടി കേൾക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല) അല്ലെങ്കിൽ ചുവരിൽ ഒരു വൃത്തം വരയ്ക്കൂ. അതിന്റെ നടുക്കു് ഒരു കുത്തു് ഇടൂ. എന്നും കാലത്തു് പതിനഞ്ചു മിനിറ്റ് നേരം അതിൽ നോക്കിക്കൊണ്ടുനിന്നാൽ മതി. ഏകാഗ്രത കിട്ടും”.

ഈ ഏകാഗ്രതകൊണ്ടാവാം അദ്ദേഹം ചരിത്രഗ്രന്ഥങ്ങൾ രചിച്ചതു്. പില്ക്കാലത്തു് കേശവദേവ് ‘മുലക്കവി’ എന്നു് അദ്ദേഹത്തെ വിളിക്കത്തക്കവിധത്തിൽ മാമറി ഗ്ളാൻഡ്സിനു പ്രാധാന്യം കൊടുത്തു ‘ബാലികാമതം’ എന്ന കാവ്യം രചിക്കാൻ അദ്ദേഹത്തെ സഹായിച്ചതും ഈ ഏകാഗ്രതയാവാം. എന്റെ ലൈബ്രറി ഒന്നു ലഘൂകരിക്കുന്നതിനു വേണ്ടി വേണ്ടാത്ത പല പുസ്തകങ്ങളും ഞാൻ കാണുന്നവർക്കൊക്കെ എടുത്തു കൊടുത്തു. അക്കൂട്ടത്തിൽ സർദാർ കെ. എം. പണിക്കരുടെ സമ്പൂർണ്ണപദ്യകൃതികളും പൊയ്പോയി. അതു പോയതിൽ ഒട്ടും ദുഃഖമില്ല. പക്ഷേ, ആ കാവ്യത്തിലെ മുല എന്ന വാക്കു് എത്രയുണ്ടെന്നു് എണ്ണിപ്പറയാൻ ഇപ്പോൾ സാധിക്കുന്നില്ലല്ലോ എന്നൊരു ദുഃഖം ഓർമ്മയിൽനിന്നു് രണ്ടുവരികൾ കുറിക്കാം. “ഭാഗ്യം മഹാഭാഗ്യമിങ്ങനെ— യെൻതോഴീ ഭാഗ്യം നിറഞ്ഞ മുലകളുണ്ടോ?” ഈ ആഭാസശൃംഗാരത്തിൽ തൽപരനായ കവിക്കു് കുമാരനാശാന്റെ കവിത ഇഷ്ടപ്പെടാൻ കഴിയാത്തതിൽ എന്തേ അദ്ഭുതം?”…ആശാന്റെ കവിത തത്ത്വചിന്തയുടെ ഭാരംകൊണ്ടു പലപ്പോഴും വിരസമായിപ്പോയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം… തനിക്കു് ആശാൻ കവിതയുമായി ഹൃദയപൂർവ്വമടുക്കാൻ കഴിഞ്ഞില്ലെന്നു് പണിക്കർ തുറന്നുപറഞ്ഞു” എന്നു് സർദാറിനോടു സംസാരിച്ച എം. കെ. കുമാർ എഴുതുന്നു. (കലാകൗമുദിയിലെ “എന്റെ മനസ്സിലെ സർദാർ പണിക്കർ” എന്ന ലേഖനം‌) വിസ്മയിക്കാനില്ല. കലയെസ്സംബന്ധിച്ചു് അധമമല്ല, അധമതരമല്ല, അധമതമമായ ഒരു സങ്കല്പം വച്ചുപുലർത്തിയ ആളായിരുന്നു കെ. എം. പണിക്കർ. രാജ്യതന്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന ഈ മഹാവ്യക്തിയെക്കുറിച്ചു് പരുഷങ്ങളായ വാക്കുകളാണോ ഞാൻ പറഞ്ഞതു് ? പാരുഷ്യം വന്നുപോയെങ്കിൽ കവി ഡോക്ടർ അയ്യപ്പപ്പണിക്കരും നാടകകർത്താവു് കാവാലം നാരായണപ്പണിക്കരും സദയം ക്ഷമിക്കണം. സത്യം കല്ലേറു വാങ്ങും. സത്യവും കല്ലുപോലെ കഠിനമാണു്. അതു എറിയുമ്പോഴാണു് തിരിച്ചു് ഏറു വരുന്നതു്.

ബി. മാധവമേനോൻ

വടക്കൻപറവൂർ ഇംഗ്ലീഷ് ഹൈസ്കൂൾ. ഫിഫ്ത്ത് ഫോം. വർഷം 1938. ഞാൻ നാലാങ്കൽ കൃഷ്ണപിള്ളസ്സാറിന്റെ ക്ലാസ്സിലിരിക്കുകയാണു്. പെട്ടെന്നു് അടുത്ത ക്ലാസ്സിൽനിന്നു്. (അതും ഫിഫ്ത്ത്ഫോം തന്നെ) മധുരശബ്ദത്തിൽ ഒരു ശ്ലോകംചൊല്ലൽ കേൾക്കാറായി:

മാർത്താണ്ഡാലയ രാമനാമാ

കുളത്തൂരും കഴക്കൂട്ടവും

വെങ്ങാനൂരഥ ചെമ്പഴന്തി കുടമൺ

പള്ളിച്ചലെന്നിങ്ങനെ

ചൊല്പൊങ്ങീടിന ദിക്കിലെട്ടു ഭവനം

തത്രത്യരാം പിള്ളമാ-

രൊപ്പം വിക്രമവാരിരാശികളഹോ

ചെമ്മേ വിളങ്ങീടിനാർ.

images/TheCountryandtheCity.jpg

ശ്ലോകം ശുഷ്കമാണു്. പക്ഷേ, അതു ചൊല്ലിയ രീതി എന്നെ ആഹ്ലാദത്തിലേക്കു് എറിഞ്ഞു. “എന്തെടോ കൃഷ്ണൻ നായരേ വേറെയെവിടെയോ ശ്രദ്ധിച്ചിരിക്കുന്നതു?” എന്ന നാലാങ്കസ്സാറിന്റെ വാക്കുകളാണു് എന്റെ സ്വപ്നങ്ങളിൽ വന്നു വീണതു്; അതോടെയാണു് ഞാൻ ഉണർന്നതു്. ബല്ലടിച്ചയുടനെ ഞാൻ അടുത്ത ക്ലാസ്സിലേക്കു് ഓടി ആ ശ്ലോകം ചൊല്ലിയ വിദ്യാർത്ഥിയെ കാണാൻ. കണ്ടു സുന്ദരനായ ബി. മാധവമേനോൻ. ‘ഗുരുനാഥൻ’ മാസികയിൽ കഥകൾ എഴുതാറുണ്ടു് അദ്ദേഹമെന്നും ഞാനറിഞ്ഞു. സ്കൂളിലെ ഏറ്റവും പ്രഗല്ഭനായ വിദ്യാർത്ഥിയായിരുന്നു മാധവമേനോൻ. അദ്ദേഹം എം. എ. പരീക്ഷയിൽ ക്ലാസ്സോടുകൂടി ജയിച്ചു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പ്രവേശിച്ചു. അവിടെയും ഉന്നത സ്ഥാനത്തെത്തി. എന്റെ സ്നേഹിതനും എന്റെ സതീർത്ഥ്യൻ ബാലകൃഷ്ണൻനായരുടെ ബന്ധുവുമാണു് അദ്ദേഹം. എന്നിട്ടും മാധവമേനോന്റെ കഥകളെക്കുറിച്ചു് എഴുതുമ്പോൾ ആ സൗഹൃദം ഇടയ്ക്കു കടന്നുവന്നില്ല. പരുക്കൻ വാക്കുകൾതന്നെ ഞാൻ പ്രയോഗിച്ചു. അദ്ദേഹം കോപിച്ചില്ല. പരുഷമായി ഒന്നും പറഞ്ഞില്ല. മാത്രമല്ല മലയാള വ്യാകരണത്തെസ്സംബന്ധിച്ചു് എന്തോ പറയേണ്ടിവന്നപ്പോൾ മാന്യമായ രീതിയിലേ അദ്ദേഹം എന്നെക്കുറിച്ചു് എഴുതിയതുമുള്ളു. ഇപ്പോൾ അദ്ദേഹത്തിന്റെ ‘സ്വപ്നസൗധം’ എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചുകഴിഞ്ഞപ്പോൾ നല്ല വാക്കുകൾ പറയാമല്ലോ എന്നു വിചാരിച്ചു് എനിക്കു് ആഹ്ലാദം.

നഷ്ടപ്പെട്ട പൂർവ്വകാല സൗഭാഗ്യങ്ങളെ മനോഹാരിതയോടെ ചിത്രീകരിച്ചു് സമകാലിക ജീവിതത്തിന്റെ വൈരസ്യത്തെയും ശുഷ്കതയെയും ധ്വനിപ്പിക്കാൻ വലിയ കൗതുകമാണു് മാധവമേനോനു്. തനിക്കു് ഇഷ്ടപ്പെട്ട ആ വിഷയം ചാരുതയോടെ അദ്ദേഹം ഇക്കഥയിൽ പ്രതിപാദിച്ചിരിക്കുന്നു. സാമൂഹികങ്ങളായ പ്രവർത്തനങ്ങളും ചരിത്രപരങ്ങളായ സംഭവങ്ങളും ഭൂതകാലമനോജ്ഞതകളെ മാറ്റിക്കളയും. എങ്കിലും സെൻസിറ്റീവായ കവിഹൃദയം അതിൽ വിഷാദിക്കും. ആ വിഷാദം ഇതിന്റെ മുദ്രയാണു്. കഥ അവസാനിക്കുന്നതു നോക്കുക: “ഭാഗം വയ്ക്കുമ്പോൾ ഈ പഴയ വീടു വില്ക്കപ്പെടും. ഇല്ലേ?” എന്നു ശ്യാമള ചോദിച്ചപ്പോൾ വിജയൻ തല കുലുക്കി. പക്ഷേ, ഉള്ളിൽ പറഞ്ഞു: പതുക്കെ മകളേ, പതുക്കെ. നിന്റെ വാക്കുകൾ വന്നു വീഴുന്നതു് എന്റെ സ്വപ്നങ്ങളിലാണു്.

images/RaymondWilliams.jpg
റേയ്മണ്ട് വില്യംസ്

ഗ്രാമം വികസിച്ചു വികസിച്ചു നഗരമാകുന്നു. ഗ്രാമത്തിനു് ശാലീനസൗന്ദര്യം. നഗരത്തിനു കൃത്രിമസൗന്ദര്യം. ലോലഹൃദയമുള്ള കലാകാരൻ ശാലീന സൗന്ദര്യം കൊതിക്കും. ആ അഭിലാഷത്തെ ഉജ്ജ്വലമായി ആവിഷ്കരിക്കുന്ന മാസ്റ്റർപീസാണു് റേയ്മണ്ട് വില്യംസി ന്റെ The Country and the City എന്ന നിരൂപണഗ്രന്ഥം. പതിനാറാം ശതാബ്ദം തൊട്ടു് ഇരുപതാം ശതാബ്ദം വരെയുള്ള ഇംഗ്ലീഷ് സാഹിത്യത്തിൽ ഗ്രാമീണ ജീവിതവും നാഗരിക ജീവിതവും എങ്ങനെ പ്രതിഫലിക്കുന്നുവെന്നു സ്പഷ്ടമാക്കിത്തരുന്ന ഈ പുസ്തകം നിരൂപണത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണു്. ഇടതുപക്ഷ ചിന്താഗതിയുള്ള ഗ്രന്ഥകാരൻ തന്റെ അഭിലാഷത്തെ സാമൂഹിക പ്രവർത്തനങ്ങളുമായി കൂട്ടിയിണക്കുന്നു. അപ്പോൾ പ്രത്യക്ഷസത്യങ്ങളും പരോക്ഷസത്യങ്ങളും നമ്മൾ കാണുന്നു.

നിരീക്ഷണങ്ങൾ
പവർകട്ട്:
ആർക്കും ഏതു സന്ദർഭത്തിലും അഭിലഷിക്കാവുന്നതു്. സ്ഥിരമായ പവർക്കട്ട് വന്നാൽ ആയുസ്സു കൂടും. എങ്ങനെയെന്നു പറയാം. റേഡിയോയുടെ ശല്യമില്ല; ടി. വി.യുടെ ഉപദ്രവമില്ല. കാതിനും കണ്ണിനും സുഖം. ആ വിധത്തിലുള്ള സുഖം കൈവരുമ്പോൾ ആയുസ്സിനു ദൈർഘ്യമുണ്ടാകും.
ചലച്ചിത്രതാരം:
പണ്ടൊക്കെ വളരെക്കാലം തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടു് ആളുകളെ ഉപദ്രവിച്ചിരുന്നു. ഇപ്പോൾ അതൊക്കുകയില്ല. ഏതാനും മണിക്കൂറുകൾ മാത്രമാണു് അവരുടെ അസ്തിത്വം.
ഛായാഗ്രഹണപേടകം:
മുതുകുളം രാഘവൻപിള്ള യെന്ന വിരൂപൻ പ്രേംനസീറെ ന്ന സുന്ദരനാവുന്നു ഇതിന്റെ മാജിക്കൊണ്ടു്. അങ്ങനെ ആളുകളെ മാറ്റിയില്ലെങ്കിൽ ഫോട്ടോസ്റ്റുഡിയോകൾ അടയ്ക്കപ്പെടും. ഫോട്ടോഗ്രാഫർമാർ പട്ടിണിയാവും.
കൊതുകു്:
കോർപറേയ്ഷന്റെ സൗജന്യമാധുര്യം ആസ്വദിച്ചു് പെരുകിപ്പെരുകി വരുന്ന ഒരു ക്ഷുദ്രജീവി. ഇക്കണക്കിനു് അതു പെരുകുകയും മനുഷ്യരക്തം കുടിക്കുകയും ചെയ്താൽ തിരുവനന്തപുരം എന്നൊരു പട്ടണം ഇല്ലാതാവും.
വെജിറ്റബ്ൾ കട്ലറ്റ്:
ഹോട്ടലിലെ ഉച്ചയൂണിനുവേണ്ടി കറികൾ വയ്ക്കണമല്ലോ. അതിനുവേണ്ടി പച്ചക്കറികൾ അരിയുമ്പോൾ കുപ്പത്തൊട്ടിയിൽ എറിയേണ്ട അംശങ്ങൾ പലതുണ്ടാവും. അവയെ അതിലേക്കു് എറിയാതെ പച്ചപ്പട്ടാണിപ്പയർ ചേർത്തു കരിച്ചും പൊരിച്ചും ഉണ്ടാക്കുന്ന ഒരു സാധനം. രണ്ടു സ്പൂണും എരുമത്തൈരിലിട്ട ഉള്ളിയും ഇതിനു മാന്യത നല്കും.

ഒരു ചൈനീസ് പഴഞ്ചൊല്ലിനെ അവലംബിച്ചു് ചില ചോദ്യങ്ങൾ:

ചോദ്യം, ഉത്തരം

ചോദ്യം: ഭാര്യ സുന്ദരിയാവുന്നതു് എപ്പോൾ?

ഉത്തരം: അവൾ മറ്റൊരുത്തന്റേതായിരിക്കുമ്പോൾ.

ചോദ്യം: കവിത സുന്ദരമാകുന്നതോ?

ഉത്തരം: അതു താൻതന്നെ എഴുതിയതാവുമ്പോൾ. പഴഞ്ചൊല്ലിനെ അവലംബിക്കാതെ വേറൊരു ചോദ്യം:

ചോദ്യം: കള്ളപ്പണമെന്നാൽ എന്താണു്?

ഉത്തരം: ധനികരുടെ കൈയിലിരിക്കുന്ന പണമെല്ലാം ദരിദ്രർക്കു കള്ളപ്പണമാണു്.

ആകുലാവസ്ഥ

നോവലിലായാലും ചെറുകഥയിലായാലും വർണ്ണന ഇമേജുകൾ അനുവാചകന്റെ മനസ്സിൽ ഉളവാക്കണം. ഈ ഇമേജുകളാണു് വികാരം സംക്രമിപ്പിക്കുന്നതു്. സംഭാഷണവും ഇമേജുകൾ ഉണ്ടാക്കണം. അതിനുപുറമേ ശക്തിയും. ഇവയില്ലാതെ റോഡിൽ കരിങ്കൽ കഷണങ്ങൾ കൂട്ടിയിടുന്നതുപോലെ വാക്കുകൾ കൂട്ടിയിട്ടാൽ ഒരു പ്രയോജനവുമില്ല. പെരുന്ന പി. ആർ. കുങ്കുമം വാരികയിലെഴുതിയ ‘ഉദയത്തെക്കാൾ ഹൃദ്യം അസ്തമയമായിരിക്കാം’ എന്ന ചെറുകഥയുടെ തുടക്കം നോക്കുക.

“ഇരുട്ടിന്റെ വേരുകൾ ഇഴഞ്ഞിറങ്ങുന്ന പ്രജ്ഞയിൽ ഒരമാവാസിയുടെ ആദ്യ നിലവിളി ഇടിഞ്ഞുവീഴുന്നു. കുത്തിയൊലിക്കുന്ന പ്രലാപത്തിന്റെ ചുഴിയിൽ ഒരു മഞ്ഞവെളിച്ചം മുങ്ങിച്ചാകുന്നു. അശാന്തവും ഭീകരവുമായ മുഹൂർത്തങ്ങൾ മരവിച്ചുവീണ ചുഴിക്കുത്തിലേക്കു ഒരിലയിൽ ഒരെറുമ്പു് തീർത്ഥയാത്ര ചെയ്യുന്നു.

ചൂളമരങ്ങളുടെ തടിച്ച നിഴലുകൾ അള്ളിപ്പിടിച്ചു വലിഞ്ഞുകയറുന്ന സന്ധ്യാ താഴ്‌വാരമാണു് മനസ്സു്. സന്ധ്യകളുടെ മഞ്ഞച്ചുണ്ടുകളിൽനിന്നു് പിത്തനീർ ഇറ്റുവീഴുന്ന മാനസികമായ ആലസ്യത്തിന്റെ നടകല്ലിൽ ഇരട്ടവാലുള്ള സ്വപ്നം തന്റെ മാണിക്യം വിഴുങ്ങി ചാകാനൊരുങ്ങുന്നു”.

വായനക്കാർക്കു് ഈ വാക്യങ്ങളിൽ നിന്നു് എന്തു ഗ്രഹിക്കാൻ കഴിഞ്ഞു? എന്തെങ്കിലും മനസ്സിലാക്കിയവർ അസാധാരണമായ ബുദ്ധിയുള്ളവരാണെന്നേ പറയാൻ പറ്റൂ. എനിക്കു് ഒരാശയവും ലഭിച്ചില്ല. ഭാവമോ? അതുമില്ല. രണ്ടു് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ വായനക്കാർ സദയം സമ്മതിക്കണം. ഉത്കൃഷ്ടമായ സാഹിത്യം ഗ്രാൻഡിയറിലേക്കു നമ്മെ നയിക്കുമ്പോൾ പെരുന്ന പി. ആറിന്റെ ഈ വാക്യങ്ങൾ വൾഗാരിറ്റിയിലേക്കു നമ്മെ കൊണ്ടുചെല്ലുന്നു. സാഹിത്യം സത്യത്തിന്റെ നാദമുയർത്തിയിരുന്ന കാലത്തു് ജീവിതം തുടങ്ങിയവനാണു് ഞാൻ. ഇന്നു് അതു് മനസ്സിനു് ആകുലാവസ്ഥയുണ്ടാക്കുന്നു. പെരുന്ന പി. ആറും അദ്ദേഹത്തിന്റെ കൂട്ടുകാരുമാണു് ഈ ദയനീയാവസ്ഥയ്ക്കു കാരണക്കാർ.

images/MaximGorky.jpg
മാക്സിം ഗോർക്കി

മാക്സിം ഗോർക്കി യുടെ പുസ്തകങ്ങളിൽ ഏറിയ കൂറും ഞാൻ വായിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ‘മദർ’ ഒരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണു്. ശേഷമുള്ളവയെല്ലാം സൂപർ ജർണ്ണലിസവും. ആ സൂപർ ജർണ്ണലിസം ഒന്നാന്തരമത്രേ. അദ്ദേഹത്തിന്റെ രചനകളിൽ എവിടെയോ ഏതാണ്ടിങ്ങനെ കണ്ടതായി ഓർമ്മയുണ്ടു്: “ഇവിടം (റഷ്യയിലെ ഗ്രാമപ്രദേശമാകാം) പ്രശാന്തമാണു്. അന്തരീക്ഷം തെളിഞ്ഞതു്. എങ്ങും പൂന്തോട്ടങ്ങൾ. അവയിൽ രാപ്പാടികൾ പാടുന്നു; കുറ്റിക്കാടുകളിൽ പൊലീസ് ചാരന്മാർ ഉറങ്ങുകയും ചെയ്യുന്നു”. മാക്സിം ഗോർക്കി നിൽക്കുന്ന സ്ഥലത്തുനിന്നു് ആയിരമായിരം നാഴിക അകലെ നില്ക്കാനുള്ള യോഗ്യതപോലും എനിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ മനോഹരമായ ആശയത്തിനു വൈരൂപ്യംവരുത്തി ഞാനൊന്നു പറഞ്ഞുകൊള്ളട്ടെ. “ഇവിടം (കേരളം) പ്രശാന്തമല്ല. അന്തരീക്ഷം കലുഷം. എങ്ങും വാരികകൾ. അവയിൽ പൈങ്കിളികൾ. പൈങ്കിളികളുടെ ശബ്ദം സഹിക്കാം. പേജിലെ വിടവു് അടയ്ക്കാനായി ചേർക്കുന്ന അവിദഗ്ദ്ധരുടെ കൊച്ചു കാർട്ടൂണുകൾ സഹിക്കാൻ വയ്യ. മിനിക്കഥകൾതീരെ സഹിക്കാൻവയ്യ”.

തകഴിയും തകഴിയും

എന്നെ അദ്ഭുതപ്പെടുത്താത്ത ഒരു കാര്യമുണ്ടു്. ഈ ലോകത്തുള്ള ഏതു വിഷയത്തെക്കുറിച്ചും കവിതയെഴുതാം. മൊട്ടുസൂചിതൊട്ടു് ഹിമാലയപർവ്വതംവരെ, ബുദ്ധന്റെ കാരുണ്യംതൊട്ടു് റീഗന്റെ ക്രൂരതവരെയുള്ള വിഷയങ്ങൾ കവിതയിൽ വരാവുന്നതേയുള്ളു. കാവ്യത്തിലെ ഹൈപർബലി—അത്യുക്തി— ദോഷമായി ആരും കരുതുകയുമില്ല. അതുകൊണ്ടു തകഴി ശങ്കരനാരായണൻ തകഴി ശിവശങ്കരപ്പിള്ള യെക്കുറിച്ച് കാവ്യം രചിച്ചതു കണ്ടപ്പോൾ എനിക്കൊരു വിസ്മയവുമുണ്ടായില്ല. ഉണ്ടായില്ലെന്നു മാത്രമല്ല, സന്തോഷവും തോന്നി. അത്യുക്തി വേണോ? ഇതാ:

തിരുമുൻപിൽ വേലയ്ക്കുപോയോരേ

തിന്തക്കം ചാടി മറിഞ്ഞോരേ

നിങ്ങടെ നാടിന്റെ സാഹിത്യം

നീലമേഘങ്ങളെ പുല്കുന്നു.

ഹാസ്യം വേണോ? ഇതാ:

മുണ്ടും മുറിക്കയ്യൻ ഷർട്ടുമായി

മോസ്കോയിലൂടൊരാൾ

നീങ്ങുമ്പോൾ

മിണ്ടാതെ മാറിനടന്നോളൂ

കണ്ടാൽ ചെറു ബീഡി ചോദിക്കും

അച്ചടിത്തെറ്റുവേണോ? ഇതാ:

ഝടിതി (‘ഝ്ടിതി’ ശരി. ഝട്+ഇതി) മനോരാജ്യം വാരികയിലെ ഈ കാവ്യം ഞാൻ ‘രസംപിടിച്ചു’ വായിച്ചു.

ദൈവം ഭൂമിക്കു് നൽകിയ ഒരപൂർവ്വചിത്ര പുസ്തകമായിരുന്നു ക്ലിന്റ് എന്ന കുട്ടിയുടെ മനസ്സു്. ആറര വർഷമേ ക്ലിന്റ് ഈ ഭൂമിയിൽ ജീവിച്ചുള്ളു. ആ കുട്ടി നമുക്കു് നൽകിയ ചിത്രങ്ങൾ കാത്തുസൂക്ഷിക്കേണ്ടതാണെന്ന ബോധം നമുക്കിനിയും ഉണ്ടായിട്ടില്ല.

ക്ലിന്റി ന്റെ ചിത്രങ്ങളുടെ പ്രദർശനം തിരുവനന്തപുരത്തു്. അവ കണ്ടിട്ടു രാജവീഥിയിലേക്കു പോരുന്ന ആളുകളുടെ മിഴിനീരു ഞാൻ കണ്ടു. സൂര്യരശ്മി തട്ടി അതു തിളങ്ങി. കണ്ണീരു മറ്റുള്ളവർ കാണരുതെന്നു് വിചാരിച്ചു മുഖം താഴ്ത്തി നടന്നവരുണ്ടു്. മറ്റാരും കാണാതെ അതു തുടച്ചവരുണ്ടു്. ഈ ഇൻഫന്റ് പ്രോഡിജിയുടെ അന്ത്യം ഹിന്ദു പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ വർണ്ണിച്ചിരിക്കുന്നതു വായിച്ചു് എന്റെ കണ്ണുകളും ഈറനായി. ഒരു ദിവസം, കിടക്കയുടെ അരികിലിരുന്ന അമ്മയോടു ക്ലിന്റ് അവ്യക്തമായി പറഞ്ഞു: “അമ്മേ, ഞാനിപ്പോൾത്തന്നെ ഉറങ്ങും. എന്നെ ഉണർത്തരുതേ” പ്രശാന്തതയോടെ ഉറങ്ങുന്ന മകനെ അമ്മ നോക്കി… ക്ലിന്റ് മൂർച്ഛയിൽ വീണു. അടുത്ത ദിവസം 1983 ഏപ്രിൽ 15-ആം തീയതി ആ കുട്ടി ഏതു് അജ്ഞാത ലോകത്തിൽ നിന്നു വന്നുവോ അങ്ങോട്ടേക്കു തന്നെ യാത്രയായി” (ഹിന്ദു, ഓഗസ്റ്റ് 8).

images/ThomasClint.jpg
ക്ലിന്റ്

സൗന്ദര്യമുള്ള ശിശു. കലയുടെ സൗന്ദര്യം സൃഷ്ടിച്ച അവൻ ചിത്രം വരയ്ക്കാനിരിക്കുന്ന പടം ഞാൻ കാണുന്നു. കുഞ്ഞേ നിന്റെ വിയോഗം എനിക്കു പോലും സഹിക്കാനാവുന്നില്ല. നിന്റെ അച്ഛനമ്മമാർ അതെങ്ങനെ സഹിക്കും?

സുന്ദർ

മഴവില്ലിന്റെ

ക്ലിന്റിനെ ഓർമ്മയില്ലേ? ഒരു പുരുഷായുസ്സിൽ വരയ്ക്കേണ്ടത്രയും ചിത്രങ്ങൾ ഏഴു് വയസ്സെത്തുംമുമ്പേ വരച്ചു തീർത്തു് നിറങ്ങളുടെ ലോകത്തേക്കു മടങ്ങിയ കുട്ടി.

ഈ ഏപ്രിൽ 15-ആം തീയതി ക്ലിന്റ് നമ്മെ പിരിഞ്ഞിട്ടു് മൂന്നു വർഷം തികഞ്ഞു.

ഈ മൂന്നു വർഷങ്ങളായി ക്ലിന്റിന്റെ ചിത്രങ്ങൾ സൂക്ഷിക്കാൻ, ഒരു സ്ഥിരം ഗ്യാലറി കൊച്ചിയിൽ പണിയാൻ, ചിത്രങ്ങൾ പുസ്തകരൂപത്തിലാക്കാൻ എത്ര പ്രോജക്ടുകൾ. ഒന്നും ഇതുവരെ നടന്നില്ല.

തേവരയുള്ള ജോസഫിന്റെയും ചിന്നമ്മയുടെയും ക്വാർട്ടേഴ്സിൽ അവരുടെ മകൻ വരച്ച ചിത്രങ്ങൾ നമ്മെ കാത്തിരിക്കുന്നു. വർഷങ്ങൾക്കുശേഷമെങ്കിലും ക്ലിന്റിന്റെ നിറമാർന്ന ലോകത്തേക്കുള്ള ഒരു ജാലകമെങ്കിലും തുറക്കാതിരിക്കില്ല. അതുവരെ ക്ലിന്റിന്റെ ചിത്രങ്ങളുടെ കടലാസ്സുകൾ അല്പംപോലും മഞ്ഞിക്കാതിരിക്കട്ടെ.

ഈ ചിത്രങ്ങൾ പുസ്തകമാക്കാൻ നമുക്കു് പ്രസാധകരില്ലേ? ഒരു സ്ഥിരം ഗ്യാലറിക്കു് മുൻകൈയെടുക്കാൻ ഈ നാട്ടിൽ ചിത്രങ്ങളെ സ്നേഹിക്കുന്നവരാരുമില്ലേ?

കെ. സി. എസ്. പണിക്കരു ടെയും, നമ്പൂതിരി യുടെയും ചിത്രങ്ങൾ ഡസ്ക് കലണ്ടറാക്കിയതുപോലെ മനോഹരമായി ക്ലിന്റിന്റെ പന്ത്രണ്ടു് ചിത്രങ്ങളെങ്കിലും ഡസ്ക്‍കലണ്ടറാക്കാൻ ഇവിടെയാരുമില്ലേ?

ക്ഷമിക്കണം. സായിപ്പ് ഈ ചിത്രങ്ങൾ കണ്ടു് കേമമാണെന്നു് അംഗീകരിക്കാൻ വേണ്ടി നാം കാത്തിരിക്കുകയാണോ?

ഇനി രാവേറെ ചെല്ലുമ്പോൾ കുട്ടികളോടു് ഒരു കഥ പറയാം. ക്ലിന്റ് എന്നൊരു കുട്ടിയുണ്ടായിരുന്നു. നിറങ്ങളുടെ മനമറിഞ്ഞ കുട്ടി. സൂര്യനെ കണ്ണിമയ്ക്കാതെ ഉറ്റു് നോക്കിയിരുന്ന കുട്ടി.

പകൽ അവർക്കു് ക്ലിന്റിന്റെ മാന്ത്രികലോകം കാട്ടിക്കൊടുക്കാം. അവരുടെ കണ്ണുകളിൽ മഴവില്ലു് വിടരുന്നതു കണ്ടു് നമുക്കാനന്ദിക്കാം.

ഇരുപതിനായിരം ചിത്രങ്ങളിലൂടെ.

സുജാത

കരളിൽനിന്നു് പിറന്ന കുഞ്ഞ്

മനോഹരമായ പ്രപഞ്ചം കാത്തിരിക്കുന്നു. നമുക്കായി. വരും തലമുറകൾക്കായി.

ഒരിക്കൽപ്പോലും ഒരു വരപോലും മായ്ക്കാത്ത ക്ലിന്റിനെ കുറിച്ചെഴുതവേ, ഞാൻ വാക്കുകളും വരികളും വെട്ടുന്നു. തിരുത്തുന്നു. എന്റെ പരിമിതിയറിയുന്നു. ഇതെഴുതാൻ ഞാനാളല്ല എന്നറിയുന്നു.

എങ്കിലും…

images/Puninchitha.jpg
പുണിഞ്ചിത്തായ

നന്നേ കുട്ടിക്കാലത്തെന്നോ മഴവില്ലു് ആദ്യം കണ്ടപ്പോഴുണ്ടായ ‘ഹായ്’, ക്ലിന്റിന്റെ ചിത്രങ്ങൾ വീണ്ടുമുളവാക്കുന്നു. എന്നോ ഉറങ്ങിയ ഉണ്ണി ഉണരുന്നു, ഒരു തണുത്ത സുഖമുള്ള കാറ്റു് മനസ്സിലൂടെ കടന്നുപോകുന്നു. പുറത്തെ യാഥാർത്ഥ്യങ്ങളെല്ലാം മറക്കുന്നു. നിറഞ്ഞ മനസ്സോടെ മൂന്നു് വർഷങ്ങളായി മേഘത്തിനും മാനത്തിനും നിറം പകരാനായി നമ്മെപ്പിരിഞ്ഞ ഈ ചിത്രകാരനു് നന്ദി പറയുന്നു.

ക്ലിന്റ്, നന്ദി!

കാസർകോടു് നടന്ന ക്ലിന്റ് ചിത്രങ്ങളുടെ പ്രദർശനത്തിനു് ദേവനും, കുഞ്ഞുണ്ണി യും പുണിഞ്ചിത്തായ യും ക്ലിന്റിന്റെ ചിത്രങ്ങളുടെ പൊരുളറിഞ്ഞ് സംസാരിച്ചു.

ഒ. വി. വിജയൻ, ജോസഫിന്റെ വീട്ടിൽ ചിത്രങ്ങൾ കാണാനെത്തി. ചിത്രങ്ങളുടെ മൈക്രോഫിലിമെങ്കിലും എടുത്തു സൂക്ഷിക്കണമെന്നു് നമ്പൂതിരി പറയുന്നു.

വർഷംതോറുമിപ്പോൾ കൊച്ചിയിലും വയനാട്ടിലും കുട്ടികളുടെ ചിത്രരചനാ മത്സരങ്ങൾക്കു് ക്ലിന്റിന്റെ പേരിൽ മെഡലുകൾ നല്കിവരുന്നു. തിരുവനന്തപുരത്തും, വയനാട്ടിലും അധികം താമസിയാതെ ക്ലിന്റിന്റെ ചിത്രപ്രദർശനമുണ്ടാവും.

കോളേജിൽ പഠിപ്പിക്കുന്ന സുജാതയ്ക്കും, ചിത്രകാരനായ ദേവനും, കവിതകളെഴുതുന്ന കുഞ്ഞുണ്ണിക്കും, ക്ലിന്റിനെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും ഏറെ പറയാനുണ്ടു്. അവർക്കു് പറയാനുള്ളതിൽനിന്നും നന്നേ കുറച്ചുമാത്രം ഇവിടെ കുറിക്കുന്നു:

ടി. ഡി. എം. ഹാളിൽ കരയോഗം നടത്തുന്ന കുട്ടികളുടെ ചിത്രരചനാ മൽസരം. വെറുതെ ചുറ്റിനടന്നു കാണുകയായിരുന്നു. കുനിഞ്ഞിരുന്നു വരയ്ക്കുന്ന കുട്ടികൾ. നിലത്തു് മുഴുമിക്കാത്ത ചിത്രങ്ങൾ. ഒരു ചിത്രത്തിന്റെ മുന്നിലെത്തിയപ്പോൾ അവിടെ നിന്നനങ്ങാൻ കഴിഞ്ഞില്ല. ഒരു പൂവും ചിത്രശലഭവും. ഡിസ്പ്രൊപ്പോഷണേറ്റായ ഒരു മനോഹരചിത്രം. വല്ലാതെ എക്സൈറ്റഡ് ആയി. Real art is abstract എന്നു് എവിടെയോ വായിച്ചതു് ഓർമ്മവന്നു. മുമ്പു് അതു വിശ്വസിച്ചിരുന്നില്ല.

പിന്നീടാണു് വരയ്ക്കുന്ന കുട്ടിയെ നോക്കിയതു്. നിവർന്നിരുന്നു വരയ്ക്കുന്ന ഒരു കുട്ടി. ഞാൻ നോക്കുന്നതു കണ്ടു് തലയുയർത്തിനോക്കി. ഒരു നിമിഷം. നല്ല കറുത്ത വലിയ കണ്ണുകൾ. ഞാൻ ചിരിച്ചു. ക്ലിന്റ് ചിരിച്ചില്ല. ജീവിതത്തിലാദ്യമായി ഞാൻ ഒരു ജീനിയസ്സിനെ കണ്ടു.

ഞാൻ നോക്കി നിൽക്കുന്നതു കണ്ടു് ഈ കുട്ടിയുടെ അമ്മ അടുത്തേക്കു വന്നു. ജോസഫിനെയും പരിചയപ്പെട്ടു. അവരോടു് ഈ കുട്ടിയെ ചിത്രരചന പഠിപ്പിക്കരുതു്, ഈ കുട്ടിയെ പഠിപ്പിക്കാൻ പ്രാപ്തിയുള്ളവരാരും ഇവിടെയില്ലെന്നു് പറഞ്ഞുപോയി. വരയ്ക്കാൻ വേണ്ട മെറ്റീരിയൽസിനെക്കുറിച്ചുള്ള സംശയങ്ങൾ ദേവനോടു് ചോദിക്കാനും അവരോടു് പറഞ്ഞു.

ദേവൻ

ക്ലിന്റിന്റെ പല സൃഷ്ടികളും ഇനി വരുന്ന തലമുറയിലുള്ള ആളുകൾക്കു് കാണാനും ആസ്വദിക്കാനും പുതിയ വഴികൾ വെട്ടിത്തെളിക്കാനും പാകത്തിലുള്ളതാണെന്നു് ഞാൻ കരുതുന്നു.

ഒരു കുഞ്ഞിന്റെ സ്വച്ഛമായ–നിർമ്മലമായ മനസ്സിൽ ഉണ്ടായിട്ടുള്ള പല തരത്തിലുള്ള സങ്കല്പങ്ങൾ, വിഭ്രാന്തികൾ. അവയുടെ കീർത്തനങ്ങളാണു് ക്ലിന്റിന്റെ ചിത്രങ്ങൾ.

ക്ലിന്റിന്റെ സന്ധ്യ, ആ കുഞ്ഞിന്റെ മനസ്സിൽ കത്തിനിന്ന സന്ധ്യയാണു്. പുലികളെയോ മൂങ്ങകളെയോ നേരിൽകണ്ടിട്ടില്ലാത്ത ക്ലിന്റിന്റെ സങ്കല്പത്തിൽ പുലിയും പുലിക്കിടാങ്ങളും, ആ പുലിക്കിടാങ്ങൾക്കു് പാലു് കൊടുക്കുന്ന മാതൃത്വവുമെല്ലാം സങ്കല്പിക്കാനുള്ള കഴിവു് ഈ ആറു വയസ്സുകാരനിൽ ഉണ്ടായിരുന്നു എന്നതു് മനുഷ്യ മഹത്ത്വത്തിന്റെ തെളിവാണു്.

ഇത്രയും സംഗതികൾ ഉൾക്കൊള്ളാനുള്ള കഴിവു് ഈ കൊച്ചുകുഞ്ഞിനുണ്ടാകാമെങ്കിൽ, ഈ കുഞ്ഞു് വളർന്നു് വലുതായി പിക്കാസോ യുടെയോ ബ്രാക്കി ന്റെയോ, മത്തീസി ന്റെയോ പ്രായത്തിലെത്തിയിരുന്നെങ്കിൽ അദ്ഭുതങ്ങളുണ്ടാകുമായിരുന്നു.

images/GeorgesBraque.jpg
ബ്രാക്ക്

ഏറ്റവുമധികം ശ്രദ്ധേയമായിത്തോന്നിയതു് വരകളുടെ മേൽ ആ കുഞ്ഞിനുണ്ടായിരുന്ന സ്വാധീനമാണു്. രേഖകളിൽ ക്ലിന്റിനു്, ഏതു് ആചാര്യനേയും അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നിയന്ത്രണമുണ്ടായിരുന്നു. ജന്മസിദ്ധമായി കിട്ടുന്ന ഏതോ ഒരു കഴിവു്. ആ ലോകത്തുമാത്രം നിന്നുകൊണ്ടു് ആ കഴിവു് വളർത്താൻ ആ കുഞ്ഞിനു് സാധിച്ചിരുന്നു. ആ സാദ്ധ്യതയ്ക്കു് വളം വയ്ക്കാൻ അച്ഛനമ്മമാർ ഉത്സാഹിച്ചിട്ടുണ്ടു്. ഇത്രയധികം കടലാസ്സുകളും ചായവും വരയ്ക്കാനുള്ള ഉപാധികളും ആ കുഞ്ഞിനു് കൊടുക്കണമെങ്കിൽ ഇതിനോടു് ഒരു പ്രതിബദ്ധതയുള്ള രക്ഷിതാക്കൾക്കു മാത്രമേ സാധിക്കൂ. ആ പ്രതിബദ്ധത ഈയൊരളവിലല്ലെങ്കിൽക്കൂടി നമ്മുടെ വീടുകളിൽ ഉണ്ടാവുകയാണെങ്കിൽ എത്ര നന്നായേനെ.

കുഞ്ഞുണ്ണി

ക്ലിന്റ് അനവധി ഗണപതി ചിത്രങ്ങൾ വരച്ചിട്ടുണ്ടു്. ക്ലിന്റിന്റെ ഒരു ഗണപതിപോലയല്ല മറ്റൊരു ഗണപതി. ഗണപതിയൊന്നേയുള്ളു, എങ്കിലും ആ ഗണപതിയല്ല, അതിനടുത്തിരിക്കുന്ന ഗണപതി.

രാവിലെ ഉദിച്ച സൂര്യനല്ല ഉച്ചയ്ക്കു്. ഉച്ചയ്ക്കു് ജ്വലിച്ചു നില്ക്കുന്ന സൂര്യനല്ല അസ്തമിക്കുന്ന സൂര്യൻ. ആ വ്യക്തിത്വത്തെ പകർത്താനുള്ള കഴിവാണു് കലാകാരന്റെ കഴിവു്. അതു് ക്ലിന്റിനുണ്ടായിരുന്നു. അപ്പോഴത്തെ ഞാനല്ല ഇപ്പോഴത്തെ ഞാനെന്ന ബോധം ക്ലിന്റിനുണ്ടായിരുന്നു.

ക്ലിന്റിന്റെ മൂങ്ങകൾ ക്ലിന്റിന്റെയുള്ളിൽ ആ സമയത്തു് ഉയിർത്തു വന്ന മൂങ്ങയാണു്. അതുപോലൊരു മൂങ്ങ റഷ്യയിലുണ്ടാവില്ല, ഇന്ത്യയിലുണ്ടാവില്ല, ഒരു മരക്കൊമ്പിലും ജനിച്ചിട്ടുമില്ല. ജനിച്ചിട്ടുണ്ടെങ്കിൽ അതു് കോപ്പിയാവും. ഇതു കോപ്പിയല്ല.

ക്ലിന്റിന്റെ ഒരു ചിത്രത്തിൽ ഒരു ചോദ്യചിഹ്നവും, ഒരു അദ്ഭുതചിഹ്നവും. ഈ രണ്ടു് ചിഹ്നങ്ങളാണു് ക്ലിന്റിന്റെ കലാജീവിതത്തിന്റെ പ്രചോദനം. പ്രപഞ്ചരഹസ്യം തേടിയറിഞ്ഞ ജ്ഞാനികളെപ്പോലെ പ്രപഞ്ചത്തിന്റെ ചോദ്യങ്ങളിലും, അദ്ഭുതങ്ങളിലും ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു ക്ലിന്റ്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-08-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.