
ടൊൾസ്റ്റോയി ജനിച്ചതു റഷ്യയിലെ യാസ്നൈയ പല്യാന എന്ന ഗ്രാമത്തിലാണു്. താമസിച്ചതും അവിടെതന്നെ. ആ ഗ്രാമത്തിലെ ഒരു എസ്റ്റേറ്റിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. ഒരു ദിവസം യാസ്നൈയ പല്യാനയിലെ ഭവനത്തിലിരുന്നു് അദ്ദേഹവും കുടുംബവും സംസാരിക്കുകയായിരുന്നു. സംഭാഷണ വേളയിൽ ടൊൾസ്റ്റോയി പറഞ്ഞു:“വിശ്വസാഹിത്യമാകെ അരിപ്പിലിട്ടു് അരിച്ചാൽ ഡിക്കൻസ് അവശേഷിക്കും. ഡിക്കൻസിനെത്തന്നെ അരിച്ചാൽ ‘ഡേവിഡ് കോപർഫീൽഡ് ’ ശേഷിക്കും. ‘ഡേവിഡ് കോപർഫീൽഡി’നെ അരിച്ചാൽ കടലിലെ കൊടുങ്കാറ്റു് മിച്ചംവരും”.
‘ഡേവിഡ് കോപർപീൽഡ്’ എന്ന നോവലിലെ ആ വർണ്ണന (Tempest എന്നാണു് നോവലിസ്റ്റ് ആ അദ്ധ്യായത്തിനു പേരു നൽകിയതു്. ഓർമ്മയിൽ നിന്നു്.) ഉത്കൃഷ്ടമാണു്. എന്നാൽ അതുമാത്രമാണു് വിശ്വസാഹിത്യത്തിലാകെയുള്ളതെന്ന വാദം ശരിയല്ല. മഹാനായ ടൊൾസ്റ്റോയിക്കും അതറിയാം. വർണ്ണന ഹൃദയംഗമാണു്. ഉത്കൃഷ്ടമാണു് എന്നതു സ്പഷ്ടമാക്കാൻ വേണ്ടി അദ്ദേഹം താൽകാലികമായി അത്യുക്തിയെ കൂട്ടുപിടിച്ചെന്നേയുള്ളൂ. മാത്രമല്ല, കുടുംബത്തിലെ അംഗങ്ങളോടാണു് അദ്ദേഹം അതു പറഞ്ഞതു്. അവിടെ ഒരതിഥി കൂടി ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും തന്റെ മൂല്യനിർണ്ണയവൈദഗ്ദ്ധ്യത്തെ അപകർഷപ്പെടുത്തുന്ന രീതിയിൽ അദ്ദേഹം ആ വിധത്തിലൊരു പ്രസ്താവന നിർവഹിക്കുമായിരുന്നില്ല. ഒരു സദസ്സിനെ അഭിമുഖീഭവിച്ചു നിന്നാണു് അദ്ദേഹത്തിനു ഡിക്കൻസിനെക്കുറിച്ചു പറയേണ്ടിവന്നതു് എന്നു വിചാരിക്കൂ. പരമാവധി നിയന്ത്രണം പാലിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു. എഴുതിയാലോ? എഴുതുമ്പോൾ ലക്ഷക്കണക്കിനു് കോടിക്കണക്കിനുള്ള ആളുകളോടായിരിക്കും പറയുക. അപ്പോൾ ‘അളന്നുകുറിച്ച’ മട്ടിലേ വാക്കുകൾ വരൂ. ഇതു മനുഷ്യന്റെ സ്വഭാവമാണു്. നിരൂപകന്റെ മുൻപിൽ നോവലിസ്റ്റ് മാത്രമേ ഉള്ളുവെങ്കിൽ അത്യുക്തി സമ്മതം ചോദിക്കാതെ മുറിയിലേക്കു കടന്നു വരും. മുഖത്തെ വിയർപ്പുപോലും തുടയ്ക്കാതെ നിരൂപകനെ ആശ്ലേഷിച്ചു ചുംബിച്ചു കളയും. നോവലിസ്റ്റ് കൂടാതെ രണ്ടുമൂന്നു പേരുണ്ടെന്നു കരുതൂ. എന്നാലും അവൾക്കു്—അത്യുക്തി—ലജ്ജയില്ല. പരിരംഭണം നടക്കും. എന്നാൽ നിരൂപകൻ കടലാസിൽ പേനയമർത്തി വാക്കുകളെ അതിലൂടെ ഒഴുക്കുമ്പോൾ അത്യുക്തിക്കു് അയാളെ സമീപിക്കാനാവില്ല. ലക്ഷക്കണക്കിന്–കോടിക്കണക്കിനാണു് ആളുകൾ നോക്കിക്കൊണ്ടിരിക്കുക. നിരൂപകന്റെ കണ്ണുകളെക്കാൾ അവരുടെ കണ്ണുകൾക്കു ദർശനക്ഷമത കൂടുതലാണുതാനും. ഇക്കാരണത്താൽ ‘എന്റെ പുസ്തകം നല്ലതാണെന്നു് അയാൾ നേരിട്ടു പറഞ്ഞു: എഴുതിയപ്പോൾ മറിച്ചും’ എന്നു നോവലിസ്റ്റോ കവിയോ പരിഭവിക്കുന്നതിൽ വലിയ അർത്ഥമില്ല. നിരൂപകന്റെ ഭീരുത്വത്തെ ഞാൻ നീതിമത്കരിക്കുകയില്ല. അന്യനെ വേദനിപ്പിക്കാനുള്ള വൈമനസ്യത്തിൽ നിന്നാണു് ആ ഭീരുത്വം ഉളവാകുന്നതു് എന്നേ സൂചിപ്പിക്കുന്നുള്ളൂ. ‘ചിത്തം ചലിപ്പതിനു ഹേതു മുതിർന്നു നിൽക്കെ നെഞ്ചിൽ കുലുക്കമെവനില്ലവനാണു ധീരൻ’ എന്ന കവിവാക്യം ശരി. കഴിയുമെങ്കിൽ അങ്ങനെവേണം ജീവിക്കാൻ. എങ്കിലും ചിലപ്പോൾ ദൗർബല്യത്തിനു് ചിലർ വിധേയരായിപ്പോകും.

ഉത്കൃഷ്ടമായ കവിത വായിക്കുമ്പോൾ എനിക്കു് എന്തെന്നില്ലാത്ത ആഹ്ലാദമാണു്. ആ ആഹ്ലാദത്തിനു വേണ്ടി ആ കാവ്യം ഞാൻ വീണ്ടും വായിക്കുന്നു. ആവർത്തിച്ചുള്ള കാവ്യപാരായണം വൈരസ്യം ജനിപ്പിക്കുകയേയില്ല. അതല്ല മറ്റാവർത്തനങ്ങളുടെ സ്ഥിതി. സിഗററ്റ് വലിക്കുമ്പോൾ ആഹ്ലാദം. സിഗററ്റ് വലിക്കുക എന്ന പ്രവർത്തനത്തിന്റെ ഉപോൽപന്നമായി ആഹ്ലാദത്തെ കരുതാം. എന്നാൽ ആ ആഹ്ലാദത്തിനുവേണ്ടി ഒരു സിഗററ്റ് കൂടി ഉടനെ വലിച്ചുനോക്കൂ. ദുഃഖമായിരിക്കും ഫലം. കാവ്യത്തിന്റെ കാര്യത്തിൽ ഈ തത്വം ചേരില്ല. കാവാലം നാരായണപ്പണിക്കർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “വില്ക്കുന്നില്ലിവിടം” എന്ന സുന്ദരമായ കാവ്യം ഞാൻ കുറഞ്ഞതു പതിനഞ്ചുതവണയെങ്കിലും വായിച്ചു. ഇനിയും അതു വായിക്കാൻ വേണ്ടി ഞാൻ ആഴ്ചപ്പതിപ്പു് സൂക്ഷിച്ചു വയ്ക്കുന്നു. ഈ കാലയളവിൽ അനാഗതശ്മശ്രുക്കളും അനാഗതാർത്തവങ്ങളും കവിതയായി അംഗീകരിച്ചിരിക്കുന്നതെന്തോ അതിൽ നിന്നു വിഭിന്നമാണു് ഈ കാവ്യം. മലയാള കവിതയുടെ ശക്തിയും വേഗവും സൗന്ദര്യവും ഇതു് എനിക്കു മനസ്സിലാക്കിത്തരുന്നു. തുടക്കം കണ്ടാലും:
എന്റെ കഥാകഥനമൊഴുക്കിയ
നിമഗ്നവഴി വള്ളം കയറി-
പ്പിന്നോട്ടുതുഴഞ്ഞെത്തുമ്പോൾ
തടഭൂവിൽ തലപൊക്കി
കാണുവതെൻ തറവാടു്.
ഹോമപ്പുകയില്ലാ-
ത്താശ്രമവാടമിതിൻ
കണിക്കോണിൽ സർപ്പക്കാവിൽ
പുത്തൻഗ്രാമപ്പേച്ചു പഠിച്ചൊരു
തത്തമൊഴിഞ്ഞു:
‘വിൽക്കാനുണ്ടിവിടം’
‘വിൽക്കാനുണ്ടിവിടം’ എന്ന മൊഴി കവിയിൽ വികാരപ്രവാഹം സൃഷ്ടിക്കുന്നു. ആ പ്രവാഹം പൂർവകാല സ്മരണകളെ ഇളക്കിവിടുന്നു.
“ഒരു കാർണവരാറിൻഗതി
മുട്ടിട്ടു തിരിച്ചിട്ടാവഴികളിൽ
നെൽവിളയിക്കാൻ ഭൂമിയൊരുക്കിയ
ഭാർഗ്ഗവരാമൻ”.
ഇങ്ങനെ പലപല ചിത്രങ്ങൾ കണ്ടപ്പോൾ
അതുവരെ അന്യനായി (outsider) നിന്ന കവി തറവാടിന്റെ ചൈതന്യവുമായി ചേരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ‘അന്യൻ’ എന്ന അവസ്ഥ ഇല്ലാതാകുന്നു.
സ്വൈര്യമൊഴിഞ്ഞു തളർന്നോന്റെ
മനസ്സിൻ കണിക്കോണിൽ
സർപ്പക്കാവിൽപ്പാർക്കും
പുത്തൻ തത്തയ്ക്കിങ്ങനെയൊരു
പുത്തൻ പാഠം ഞാനുരുവിട്ടു കൊടുത്തു: ‘വില്ക്കുന്നില്ലിവിടം’
തികച്ചും വ്യക്തിനിഷ്ഠമായ വികാരത്തെ തികഞ്ഞ കേരളീയതയോടെ ആവിഷ്കരിക്കുന്ന ഈ കാവ്യം സായ്പിന്റെ ‘ഉച്ഛിഷ്ടം ഭജിക്കു’ന്നവർക്കും ആഫ്രിക്കക്കാരന്റെ കറുത്ത കവിതമാത്രം ആസ്വദിക്കുന്നവർക്കും മാർഗ്ഗദർശകമായെങ്കിൽ!
നമ്മളിൽ അന്യർക്കു വിശ്വാസം ഉള്ളപ്പോൾ മാത്രമേ നമ്മൾ യഥാർത്ഥത്തിൽ ജീവിക്കുന്നുള്ളു. കേരളത്തിന്റെ മണ്ണിനുള്ള മണം പ്രസരിപ്പിക്കുന്ന കാവ്യങ്ങൾ രചിക്കുന്നവരിൽ അനുവാചകർക്കു വിശ്വാസമുണ്ടു്. അവർ ജയിക്കുന്നു. ആഫ്രിക്കയുടെ “വന്യ”മായ ലയത്തെ മലയാള കവിതയിൽ കൊണ്ടുവരുന്നവർ കവികളായി കവിയരങ്ങുകളിൽ പ്രത്യക്ഷമാകാറുണ്ടു്. അവർ ജീവിക്കുന്നില്ല. എക്സിസ്റ്റ് ചെയ്യുന്നു. അത്രമാത്രം.
അച്ഛന്റെ ഇമേജ് മകളിൽ അബോധാത്മകമായ സ്വാധീനശക്തി ചെലുത്തുന്നതിനെയാണു് മനഃശാസ്ത്രത്തിൽ ‘ഫാദർ ഫിക്സേഷൻ’ എന്നു പറയുന്നതു്. ഫാദർ ഫിക്സേഷനുള്ള ഒരു സാവിത്രിക്കുട്ടിയെ ചിത്രീകരിക്കുകയാണു് സേതു. (സാവിത്രിക്കുട്ടി എന്ന ചെറുകഥ—മലയാള മനോരമ വാർഷികപ്പതിപ്പു്) സാവിത്രിക്കുട്ടി ന്യൂറോസിസ് ബാധിച്ചവളാണെന്നതു് വ്യക്തം. അച്ഛനെസ്സംബന്ധിച്ചുള്ള ഫിക്സേഷന്റെ ഫലമായി മറ്റൊരാളെ അയാൾക്കു സദൃശ്യനായി കണ്ടാൽ അവൾക്കു കംപൽസിവ് ന്യൂറോസിസ് ഉണ്ടെന്നു തീരുമാനിക്കാം. സേതുവിന്റെ കഥാപാത്രത്തിനു് ഈ അനിയത മാനസികാവസ്ഥയുണ്ടു്. ബാധ ഒഴിപ്പിക്കുന്ന പണിക്കരുടെ അടുത്തു് ഫാദർഫിക്സേഷനുള്ള സാവിത്രിക്കുട്ടിയെ കൊണ്ടുവരുന്നു. അവൾ പണിക്കരുടെ മാറിലേയ്ക്കു് വീണു് “അച്ഛൻ പോവല്ലേ. സാവിത്രിക്കുട്ടിക്കു കൂട്ടായി ആരുമില്ലല്ലോ. എനിക്കാരും വേണ്ടല്ലോ. അച്ഛൻ മാത്രം മതിയല്ലോ” എന്നു പറയുമ്പോൾ കഥ പരിസമാപ്തിയിലെത്തുന്നു. ഇവിടെ പണിക്കരെ അവൾ അച്ഛനായി കാണുകയാണു്.
സുപ്രമാണതയില്ലാത്ത മനഃശാസ്ത്ര തത്വങ്ങളെ ഇമ്മട്ടിൽ കഥയാക്കി വയ്ക്കുന്നതുകൊണ്ടു് സാഹിത്യകാരനോ സാഹിത്യത്തിനോ അനുവാചകനോ ഒരു നേട്ടവും ഉണ്ടാകുന്നില്ല. ഇതൊരു വ്യർത്ഥയത്നമാണു്. ഫ്രായിറ്റ് തുടങ്ങിയവർ പറഞ്ഞുവച്ച ഒരു സത്യം (അതോ അസത്യമോ) കഥാകാരൻ ആവർത്തിക്കുന്നതേയുള്ളൂ ഇവിടെ. ഏതു സാഹിത്യസൃഷ്ടിക്കും ‘അസന്ദിഗ്ദ്ധമാക്കൽ’ എന്നൊരു പ്രവർത്തനം കൂടിയേ തീരൂ. ഇംഗ്ലീഷിൽ ഇതിനെ Resolution എന്നു വിളിക്കും. ഇതു് ഇക്കഥയ്ക്കില്ല.

ദാമ്പത്യജീവിതത്തിന്റെ ശാശ്വതനരകത്തെക്കുറിച്ചു പറഞ്ഞതു് ബർനോഡ് ഷാ യാണു്. Perpetual misery of wedlock എന്നാണെന്നു തോന്നുന്നു ഷാ പ്രയോഗിച്ച വാക്കുകൾ. ഇബ്സന്റെ നാടകങ്ങളെക്കുറിച്ചു ഷാ എഴുതിയ പ്രബന്ധത്തിലാണവ. ശാശ്വത നരകമാണു് ദാമ്പത്യജീവിതമെന്നു സ്ഥാപിക്കുന്നതിനു മുൻപു് അദ്ദേഹം ആയിരം പേരടങ്ങുന്ന ഒരു സമുദായത്തെ സങ്കല്പിക്കാൻ വായനക്കാരോടു് ആവശ്യപ്പെടുന്നു. ഈ സമുദായത്തിൽ അറൂന്നൂറുപേർ വിവാഹംകഴിച്ചതിനുശേഷം ദാമ്പത്യജീവിതം തികഞ്ഞ പരാജയമാണെന്നു മനസ്സിലാക്കുന്നു. നേരിട്ടു ചോദിച്ചാൽ ആ അറുന്നൂറു പേരും പറയും ദാമ്പത്യജീവിതത്തിന്റെ തകർച്ചയെപ്പറ്റി. ബാക്കിയുള്ള നാനൂറു പേരിൽ മുന്നൂറ്റി തൊണ്ണൂറ്റിയൊൻപതു പേരും മോഹഭംഗത്തിൽ വീണവരാണു്. അവർക്കറിയാം അതൊരു ശാശ്വത നരകമാണെന്നു്. മകൻ അച്ഛനെ ധിക്കരിക്കുമ്പോൾ, സഹോദരി സഹോദരനെ നിന്ദിക്കുമ്പോൾ ചേട്ടൻ അനുജനെയും അനുജൻ ചേട്ടനെയും തെറിപറയുമ്പോൾ, ഭർത്താവു് ഭാര്യയെ മർദ്ദിക്കുമ്പോൾ, ഭാര്യ ഭർത്താവിനെ തിരിച്ചു തല്ലുമ്പോൾ കുടുംബജീവിതം പാവനമാണെന്നു് എങ്ങനെ കരുതും? എങ്കിലും ആ 399 ആളുകളും സത്യം മറച്ചുവച്ചിട്ടു് ദാമ്പത്യജീവിതവും കുടുംബജീവിതവും സുഖസന്ദായകമാണെന്നു പ്രഖ്യാപിക്കും. ഇവരെ false idealists എന്നാണു് ഷാ വിളിക്കുക. (കള്ളന്മാരായ ആദർശവാദികൾ.) ഇവർ ഭാര്യയെ പൂ ചൂടിച്ച് കാറിന്റെ മുൻസീറ്റിലിരുത്തിക്കൊണ്ടുപോകും. സ്കൂട്ടറിന്റെ പിറകിൽ ഇരുത്തിക്കൊണ്ടു പറക്കും. സിനിമാശാലയിൽ വന്നിരുന്നു സ്നേഹപൂർവ്വം പെരുമാറും. പക്ഷേ, പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും ഹൃദയത്തിൽ വെറുപ്പെന്ന വികാരമേയുള്ളൂ. ഡാർലിങ്ങ് എന്നു് അയാൾ വിളിക്കും. ഡിയർ എന്നു് അവളും. എന്നാൽ ആ രണ്ടു സംബോധനകളുടെയും പിറകിൽ വേറെ രണ്ടു വാക്കുകളാണുള്ളതു്. അവ അച്ചടിക്കാൻ വയ്യ.
നമ്മളിൽ അന്യർക്കു വിശ്വാസം ഉള്ളപ്പോൾ മാത്രമേ നമ്മൾ യഥാർത്ഥത്തിൽ ജീവിക്കുന്നുള്ളു. കേരളത്തിന്റെ മണ്ണിനുള്ള മണം പ്രസരിപ്പിക്കുന്ന കാവ്യങ്ങൾ രചിക്കുന്നവരിൽ അനുവാചകർക്കു വിശ്വാസമുണ്ടു്. അവർ ജയിക്കുന്നു. ആഫ്രിക്കയുടെ “വന്യ”മായ ലയത്തെ മലയാള കവിതയിൽ കൊണ്ടുവരുന്നവർ കവികളായി കവിയരങ്ങുകളിൽ പ്രത്യക്ഷമാകാറുണ്ടു്. അവർ ജീവിക്കുന്നില്ല.
ഇനി ഒരാളുണ്ടല്ലോ. അയാൾ മുന്നോട്ടു് വന്നു് ഉദ്ഘോഷിക്കും: “ദാമ്പത്യജീവിതം വെറും കള്ളമാണു്”. ഇങ്ങനെ ഉദ്ഘോഷിക്കുന്നവനാണു് വിപ്ലവകാരി. ഇബ്സൻ ആ വിധത്തിലൊരു വിപ്ലവകാരിയായിരുന്നുവെന്നാണു് ഷായുടെ മതം. അദ്ദേഹത്തിന്റെ ആ അഭിപ്രായവും അല്പജ്ഞനായ എന്റെ അഭിപ്രായവും കൂട്ടിക്കലർത്തിമുകളിലിത്രയും എഴുതിയതിനു ഹേതുവുണ്ടു്. മനോരാജ്യം വാരികയിൽ ശങ്കരാടി യുടെ രണ്ടുവാക്കുകൾ അദ്ദേഹത്തിന്റെ കാർട്ടൂണോടുകൂടി അച്ചടിച്ചിരിക്കുന്നു: “ഇത്രയും മധുരമാണു് ഒരു പെണ്ണുമായുള്ള ജീവിതമെങ്കിൽ എത്രയോ നേരത്തെ ആകേണ്ടതായിരുന്നു, അതൊന്നും അന്നുതോന്നിയില്ല”. എനിക്കൊന്നേ അറിയേണ്ടതുള്ളൂ. ശങ്കരാടി ആ അറുനൂറു പേരിൽ ഒരാളാണോ? അതോ മുന്നൂറ്റി തൊണ്ണൂറ്റിയൊൻപതു പേരിൽ പെടുമോ? അതോ ആ ഒറ്റ മനുഷ്യനോ?
ഗ്രാമീണ ജീവിതം നയിക്കുന്നവരും നാഗരിക ജീവിതം നയിക്കുന്നവരും ഒരേമട്ടിൽ ദാമ്പത്യജീവിതത്തിന്റെ വൈരസ്യത്തിനു വിധേയരാണു്. എങ്കിലും ‘തമ്മിൽ ഭേദം തൊമ്മൻ’ എന്ന മട്ടിൽ ഗ്രാമത്തിലുള്ളവർ നന്നു്. പകൽ മുഴുവൻ എല്ലുനുറുങ്ങെ പ അവർ ഉള്ളതുമോന്തിക്കൊണ്ടു സുഖമായി ഉറങ്ങുന്നു. നഗരത്തിലുള്ളവർ ടെലിവിഷൻ സെറ്റിന്റെ മുൻപിലിരിക്കുന്നു. അല്ലെങ്കിൽ ടേപ്പ് റെക്കോർഡറിലെ പാട്ടുകേൾക്കുന്നു. അതുമല്ലെങ്കിൽ സിനിമയ്ക്കു പോകുന്നു. എന്തുചെയ്താലും വൈരസ്യത്തിനു് ഒരു കുറവുമില്ല. അടുത്ത വീട്ടുകാർ തങ്ങളുടെ വഴക്കറിയുമോ എന്നു വിചാരിച്ചു ഭാര്യയും ഭർത്താവും മിണ്ടാതെ കഴിഞ്ഞുകൂടുന്നു. രണ്ടുകൂട്ടരും എല്യറ്റ് പറഞ്ഞതുപോലെ ജിവിതം കോഫിസ്പൂൺ കൊണ്ടു് അളക്കുകയാണു്. എത്രവേഗം കാപ്പി തീരുമോ അത്രയും നന്നു്.
ജീവശാസ്ത്രപരമായി സ്ത്രീയെ അവലോകനം ചെയ്യുന്ന ആളാണു് ഇതെഴുതുന്നതു്. അങ്ങനെ നോക്കുമ്പോൾ എല്ലാവിധത്തിലും സ്ത്രീ പുരുഷനെക്കാൾ താണനിലയിൽ വർത്തിക്കുന്നുവെന്നു വ്യക്തമാകും. സ്ത്രീ സമത്വവാദികൾ ഈ അവലോകനത്തെ കുറ്റപ്പെടുത്തുന്നു. ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തുല്യരാണെന്നും സ്ത്രീയുടെ സൈക്കോളജിയും ദൗർബ്ബല്യവും പുരുഷൻ അവളിൽ അടിച്ചേൽപ്പിച്ചതാണെന്നും അവർ വാദിക്കുന്നു. ഇതിനെക്കുറിച്ച് അന്തിമമായി എന്തെങ്കിലും പറയാൻ വൈഷമ്യമുണ്ടു്. എന്നാലും ഒരു കാര്യം സ്പഷ്ടം. കുഞ്ഞുങ്ങളിൽ അമ്മയ്ക്കുള്ളിടത്തോളം സ്വാധീനശക്തി അച്ഛനില്ല. പുരുഷൻ ആക്രമണോത്സുകനാണെങ്കിലും ശയനീയത്തിൽ ശയിക്കുന്ന സ്ത്രീയുടെ ‘ലൈംഗികശക്തി’ പുരുഷനു് ഇല്ലേയില്ല. അവൾ അട്ടഹസിക്കില്ല. ശാരീരിക ശക്തി ഇല്ലാത്തതുകൊണ്ടു് അതു ഉപയോഗിച്ചു കാര്യം നേടാൻ തുനിയുകയില്ല. എങ്കിലും അവൾ ലൈംഗികശക്തിയുടെ സാമ്രാജ്യത്തിലെ റാണിയാണു്. ഒരു നോട്ടം കൊണ്ടു് അവൾ പുരുഷനെ അടിമയാക്കും. വിവാഹത്തിനു മുൻപും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യത്തെ കാലയളവിലും ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരനായി നടന്നവൻ ഏതാനും ദിവസങ്ങൾകൊണ്ടു വാലാട്ടുന്ന പട്ടിയെപ്പോലെയായിപ്പോകും. നെപ്പോളിയൻ, ഹിറ്റ്ലർ ഇവരെക്കാൾ വലിയ വീരശൂരപരാക്രമികൾ എവിടെയിരിക്കുന്നു? അവർ സ്ത്രീകളുടെ അടിമകളായിരുന്നു. ഇങ്ങനെ സന്താനങ്ങളുടെ ലോകത്തും ദാമ്പത്യത്തിന്റെ ലോകത്തും ശക്തിചെലുത്തി ഭരണം നടത്തുന്നതു കൊണ്ടു് സ്ത്രീക്കു ധിഷണയുടെ ലോകത്തു് ആധിപത്യമുറപ്പിക്കാൻ സാധിക്കുന്നില്ല. അവർ കഥയെഴുതും, കാവ്യമെഴുതും. പക്ഷേ, രണ്ടും ദുർബ്ബലമായിരിക്കും. പ്രായോഗികതയ്ക്കായിരിക്കും രണ്ടിലും പ്രാമുഖ്യം. ഈ പ്രായോഗികതയാലാണു് അവർ പൈങ്കിളിസാഹിത്യത്തിൽ അഭിരമിക്കുന്നതു്. അതുകൊണ്ടു് സരോജിനി ഉണ്ണിത്താന്റെ “അവസ്ഥാന്തരം” എന്ന ചെറുകഥ കുങ്കുമം വാരികയിൽ വായിച്ചപ്പോൾ എനിക്കൊരത്ഭുതവും തോന്നിയില്ല. സാവിത്രിക്കു ദാരിദ്രമായിരുന്നപ്പോൾ അവളുടെ ചിറ്റമ്മ അവളെ അപമാനിച്ചു. സാവിത്രി സാമ്പത്തികമായി ഉയർന്നപ്പോൾ ബഹുമാനിച്ചു. സർവ്വസാധാരണമായ ഈ വിഷയം സർവ്വസാധാരണമായ രീതിയിൽ പറഞ്ഞ് സ്ത്രീക്കു പ്രായോഗികതയിലാണു് താൽപര്യം എന്ന സത്യം സരോജിനി ഉണ്ണിത്താൻ ഒന്നുകൂടെ വിളംബരം ചെയ്യുന്നു. മദ്യപാനം കഴിഞ്ഞാലുണ്ടാകുന്ന മന്ദതയെ ഇംഗ്ലീഷിൽ ‘ഹാങ്ങോവർ’ എന്നു വിളിക്കുന്നു. ഈ ‘ഹാങ്ങോവർ’ പീഡിപ്പിക്കുന്നതാണു്. സരോജിനി ഉണ്ണിത്താന്റെ കഥ ജനിപ്പിച്ച ഹാങ്ങോവറിലാണു് ഞാൻ.
പരുന്തു് അനായാസമായി ആകാശത്തിൽ ഒഴുകുന്നതു കാണുന്ന നമുക്കു ജെറ്റ് വിമാനത്തിന്റെ പ്രയാണം കാണാൻ പ്രയാസമില്ല. രണ്ടു നനഞ്ഞ തിരികളിൽ അമർന്നു നിന്നു കത്തുന്ന കൊച്ചു ദീപം പൊടുന്നനവേ ഉയരുമ്പോൾ നമുക്കു് കൊച്ചാഹ്ലാദം. അമിട്ടു ഭൂമിയിൽ നിന്നുയർന്നു് അന്തരീക്ഷത്തിന്റെ വിദ്ദൂരതയിൽ വിവിധ വർണ്ണങ്ങളാർന്ന ഗോളങ്ങളായി പൊട്ടിച്ചിതറുമ്പോൾ വലിയ ആഹ്ലാദം. ചുറ്റുകമ്പി മുറുക്കിവച്ചകൊച്ചു ടോയിക്കാർ വീട്ടിനകത്തു ചുറ്റിക്കറങ്ങുമ്പോൾ ചെറിയ ആഹ്ലാദം. കോൺടസ രാജവീഥിയിലൂടെ ഒഴുകുമ്പോൾ വലിയ ആഹ്ലാദം. പൈങ്കിളിക്കഥ കൊച്ചാഹ്ലാദം പോലും ഉളവാക്കുന്നില്ല. ചെറിയ ആഹ്ലാദങ്ങൾ വലിയ ആഹ്ലാദങ്ങളിലേക്കു നമ്മെ നയിക്കട്ടെ.
- രാധാകൃഷ്ണൻ:
- ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തപ്പോൾ സാറിനു് പതിമ്മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ടു് ആ കവിയുമായുള്ള സംസാരം ശുദ്ധഭോഷ്കായിരുന്നുവെന്നും ഒരു ലിറ്റിൽ മാഗസിനിൽ കണ്ടു. സാറതു വായിച്ചോ?
- എന്റെ ഉത്തരം:
- ഇല്ല ആ ലിറ്റിൽ മാഗസിൻ ഞാൻ കണ്ടില്ല. വയസ്സിനെക്കുറിച്ചുള്ള പ്രസ്താവം ഏതാണ്ടു ശരിയാണു്. എനിക്കന്നു പതുമ്മൂന്നു വയസ്സല്ല, പതിനാലു വയസ്സുണ്ടായിരുന്നു. ആ വയസ്സിൽ ‘അഡൾട്ട് ഇന്ററസ്റ്റ്’ ഉണ്ടാകും. ഞാൻ പത്തുവയസ്സുള്ളപ്പോൾ കവിതകൾ എഴുതുമായിരുന്നു. ഇന്നത്തെ ഏതു വിദ്യാർത്ഥിയെക്കാളും ഇംഗ്ലീഷും മലയാളവും അറിയാമായിരുന്നു അക്കാലത്തെ പതിനാലുവയസ്സായ വിദ്യാർത്ഥിക്കു്. ഇങ്ങനെയുള്ള കാര്യങ്ങളിൽ കള്ളം പറഞ്ഞിട്ടു എന്തുനേടാനാണു്? അല്ലെങ്കിൽതന്നെ ഇടപ്പള്ളി രാഘവൻപിള്ള അത്രയ്ക്കു മഹാപുരുഷനോ? എറണാകുളം കോളെജിലെ ഒരു മുൻ പ്രൊഫസറും ഇതേ രീതിയിൽ അപവാദ പ്രചാരണം നടത്തുന്നതായി ഞാനറിഞ്ഞു. അദ്ദേഹം പതിനാലുവയസ്സിൽ തിരുമണ്ടനായിരുന്നിരിക്കണം എന്നേ കരുതാനുള്ളൂ.
- ബ്രട്ടീഷ് കവി (കവയത്രി) സ്റ്റീവ് സ്മിത്ത്:
- ഈ ഇംഗ്ലീഷുകാരി പരിഷ്കൃതയാണു്. ഇവൾക്കു നെഞ്ചിലൊന്നുമില്ല, പിറകുവശത്തുമൊന്നുമില്ല.
- ഞാൻ:
- തിരുവനന്തപുരത്തെ ലേഡീസ് സ്റ്റോറുകളിലേക്കു് അവളെ അയയ്ക്കൂ. കൃത്രിമാവയവങ്ങൾ എത്രവേണമെങ്കിലും കിട്ടും. (സ്റ്റീവ് സ്മിത്ത് മരിച്ചുപോയി എന്നതു മറന്നിട്ടല്ല ഞാനിതു് അവരോടു പറയുന്നതു്.)
- ഒരു ഫ്രഞ്ച് നർത്തകി:
- ചുംബനം ഒരല്പവിരാമമാകാം. ചോദ്യചിഹ്നമാകാം, വ്യാക്ഷേപചിഹ്നമാകാം.
- ഞാൻ:
- ശരിയാണു്. ലൈബ്രറി ഷെൽഫുകൾക്കിടയിൽ കോമകളും ക്വസ്റ്റിൻ മാർക്കുകളും എക്സ്ളെമേയ്ഷൻ പോയിന്റുകളും പാറിപ്പറക്കുന്നതു ഞാൻ കണ്ടിട്ടൂണ്ടു്. വിവാഹത്തിനുശേഷം അവ വീട്ടിലെ, പൂർണ്ണവിരാമമില്ലാത്ത വിലാപകാവ്യമായിത്തീർന്നതും കണ്ടിട്ടുണ്ടു്”.
- വൈലോപ്പിള്ളി:
- എന്നേക്കാൾ ഏറ്റവും വലിയ അഹങ്കാരി കാളിദാസനാ യിരുന്നു. അല്ലെങ്കിൽ കയ്യെത്താത്ത പഴം പറിക്കാൻ ശ്രമിക്കുന്ന മുണ്ടനായി തന്നെ അദ്ദേഹം കാണുമായിരുന്നോ: കപടവിനയം അഹങ്കാരത്തിന്റെ മറുപുറമാണു്. സ്ത്രീയുടെ കടുത്ത വിരോധം കടുത്ത പ്രേമത്തിന്റെ മറുപുറമായിരിക്കുന്നതുപോലെ. റൊളാങ്ങ് ബാർതേഷ് (Mythologies എന്ന ഗ്രന്ഥത്തിൽ—തിരുത്തിപ്പറയട്ടെ ചിന്തോദ്ദീപകവും മനോഹരവുമായ ഗ്രന്ഥത്തിൽ): കളിപ്പാട്ടങ്ങൾ സത്യത്തിൽ വേഗം മരിക്കുന്നു. മരിച്ചുകഴിഞ്ഞാൽ ശിശുവിനെ സംബന്ധിച്ചിടത്തോളം അവയ്ക്കു മരണാനന്തര ജീവിതമില്ല.
- ഞാൻ:
- പൈങ്കിളിനോവലുകളെന്ന കളിപ്പാട്ടങ്ങൾ മരിക്കുന്നില്ല. പൈങ്കിളി നോവലിസ്റ്റുകൾ തടിമാടന്മാരും തടിമാടികളുമായാലും അവയെ എടുത്തുകളിച്ചുകൊണ്ടിരിക്കും. അവരുടെ ശിശുത ഒരിക്കലും മാറുന്നില്ലല്ലോ.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “ഉദ്യോഗപർവ്വം” എന്ന ലേഖന പരമ്പര ജർണ്ണലിസത്തിലെ ഒരു വലിയ സ്കാൻഡലായി മാറിയിരിക്കുന്നു. തന്റെ ജോലിക്കാലത്തെ അനുഭവങ്ങൾ ആവിഷ്കരിക്കുന്നു എന്ന മട്ടിൽ തുടക്കം തൊട്ടേ തോട്ടം രാജശേഖരൻ മാന്യന്മാരെ അവഹേളിക്കുന്നു. പുലഭ്യം പറയുന്നു. അസത്യ പ്രസ്താവങ്ങളുടെ ഒരു ഹയ്ർആർക്കി—ശ്രേണി—സൃഷ്ടിച്ച് അദ്ദേഹം അപമാനവും നിന്ദനവും നടത്തുന്നു. ഏതു സൂത്രം പ്രയോഗിച്ചാണു് രാജശേഖരൻ സത്യത്തിൽനിന്നു കണ്ണുകൾ വലിച്ചെടുത്തു് അസത്യത്തിലും മാലിന്യത്തിലും അവയെ വ്യാപരിപ്പിക്കുന്നതു? ഈ ചോദ്യത്തിനു് ഉത്തരം ലഭിക്കാൻ ഈ ലേഖനങ്ങൾ തന്നെ വായിച്ചുനോക്കണം.
ഈ ലോകത്തു് ആരും സമ്പൂർണ്ണ മനുഷ്യനല്ല. അന്യൂനസ്വഭാവമുള്ളവനല്ല. ബുദ്ധനും ഗാന്ധിജി യുംപോലും ഈ സാമാന്യ തത്വത്തിനു് അപവാദങ്ങളായി വർത്തിക്കുന്നില്ല. എങ്കിലും അവരെ ബഹുജനം ആരാധിക്കുന്നതു് അവരിൽ നന്മ കൂടുതലായിരുന്നു എന്നതിനാലാണു്. ജവഹർലാൽ നെഹ്റു വിനു് കുറവുകളുണ്ടായിരുന്നു. എന്നാൽ അവയെ ആച്ഛാദനം ചെയ്യത്തക്കവിധത്തിൽ അദ്ദേഹത്തിന്റെ നന്മകൾ മയൂഖമാല വീശിയിരുന്നു. നെഹ്റുവിനെക്കുറിച്ചു പറയുമ്പോൾ ആ ഔജ്ജ്വല്യത്തെ മറച്ചുവച്ചിട്ടു് കുറവുകളെ പെരുപ്പിച്ചുകാണിക്കുന്നതു് ശരിയല്ല. അങ്ങനെ പ്രദർശിപ്പിക്കുന്നവന്റെ സംസ്കാരലോപത്തെ മാത്രമേ അതു് സൂചിപ്പിക്കൂ.
സ്വഭാവഹത്യ നടത്തുമ്പോൾ താൻ ജേതാവായി വിലസുകയാണെന്നു തോട്ടം രാജശേഖരൻ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അദ്ദേഹത്തിനു തെറ്റുപറ്റിയിരിക്കുന്നു. വായനക്കാർ എഴുത്തുകാരെക്കാൾ പ്രഗല്ഭരാണു്. മലർന്നുകിടന്നു് രാജശേഖരൻ കാർക്കിച്ചുതുപ്പിയതു് അദ്ദേഹത്തിന്റെ മുഖത്തുതന്നെ വീണിരിക്കുന്നതു് വായനക്കാർ കണ്ടിട്ടു് ‘ഹായ് വൃത്തികേടു്’ എന്ന അന്യോന്യം പറയുന്നു. അതു് ഞാൻ ദിവസവും കേൾക്കുന്നുണ്ടു്.
പട്ടം താണുപിള്ള, ശങ്കർ, കെ. സുകുമാരൻ, കെ. ബാലകൃഷ്ണൻ ഇവരൊക്കെ അവരുടേതായ രീതിയിൽ നമ്മുടെ നാട്ടിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളവരാണു്. അവരുടെ സേവനങ്ങൾ കൊണ്ടു് ഇവിടത്തെ സാംസ്കാരിക ചക്രവാളം വികസിച്ചിട്ടുണ്ടു്. പക്ഷേ, രാജശേഖരൻ അതൊക്കെ മറച്ചുവച്ചിട്ടു് ഡിസെപ്ഷൻ—ചതി—സൃഷ്ടിക്കുന്നു. അദ്ദേഹം തൂലിക വീശി മഷി കുടയുകയല്ല, ചൂലു് പുരീഷത്തിൽ മുക്കി നാലുപാടും തെറിപ്പിക്കുകയാണു്. ഇതാ ചില വാക്യങ്ങൾ: “അതുപോലെ കെ. ബാലകൃഷ്ണന്റെ പുളിച്ച തെറിയും വിഷം പുരണ്ട വാക്കുകളും അനുഗ്രഹമായിക്കരുതി ഏറ്റുവാങ്ങി ‘ബാലാണ്ണാ! ബാലാണ്ണാ!’ വിളിച്ചുനടന്ന ആരാധകർ ആ മനുഷ്യനെ വിദൂഷകനാക്കിമാറ്റി” (പുറം 19, കോളം) “സുകുമാരൻ എല്ലാവഴിക്കും അവർക്കു വീര്യം പകർന്നു. ഒടുവിൽ ശങ്കർ കുഴഞ്ഞുവീഴുമെന്നുകണ്ടപ്പോൾ സുകുമാരൻ ഉപഗുപ്തനായി പിറന്നു് ആശ്വാസമണയ്ക്കുകയും ചെയ്തു”. (പുറം 18, കോളം 2) ചങ്ങലയഴിച്ചുവിട്ട വ്യക്തിശത്രുത ഇവിടെ കാണുന്നവരെയെല്ലാം കടിക്കുന്നു എന്നേ പറയാനുള്ളൂ.
ഈ ഹൈഡ്രോഫോബിയ ജി. വിവേകാനന്ദ നെയും മറ്റു പലരെയും ആക്രമിക്കുന്നു. വിവേകാനന്ദനെക്കുറിച്ചു രാജശേഖരൻ പറയുന്നതു കേട്ടാലും: “ഉന്നതന്മാർക്കു ഫ്ളൂ വന്നാലും അദ്ദേഹം ഓടിയെത്തും. അവരുടെ ബി. പി., ബ്ളഡ് കൗണ്ട്, ബ്ളഡ് ഷുഗർ എല്ലാം അദ്ദേഹത്തിന്റെ വിരൽത്തുമ്പിലായിരുന്നു. അദ്ദേഹം ഡിപ്പാർട്ടുമെന്റിൽ കടന്നുകൂടുന്നതിനോടു അനുകൂലിയല്ലാതിരുന്ന നാരായണൻനായരുടെ വിശ്വസ്തനാവാൻ വിവേകാനന്ദനു് അധികകാലം വേണ്ടിവന്നില്ല. (പുറം 19, കോളം 3) ഇങ്ങനെ സ്വഭാവഹത്യ നടത്തുമ്പോൾ താൻ ജേതാവായി വിലസുകയാണെന്നു തോട്ടം രാജശേഖരൻ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അദ്ദേഹത്തിനു തെറ്റുപറ്റിയിരിക്കുന്നു. വായനക്കാർ എഴുത്തുകാരെക്കാൾ പ്രഗല്ഭരാണു്.
മലർന്നുകിടന്നു് രാജശേഖരൻ കാർക്കിച്ചുതുപ്പിയതു് അദ്ദേഹത്തിന്റെ മുഖത്തുതന്നെ വീണിരിക്കുന്നതു് വായനക്കാർ കണ്ടിട്ടു് ‘ഹായ് വൃത്തികേടു്’ എന്ന അന്യോന്യം പറയുന്നു. അതു് ഞാൻ ദിവസവും കേൾക്കുന്നുണ്ടു്.

ഗുരുനാഥൻ, അച്ഛൻ ഇവരെ ആക്ഷേപിച്ചുകൂടാ. അവരെ ആക്ഷേപിക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ ആക്ഷേപിക്കുകയാണു്. സംസ്കാരത്തിന്റെ ഈ പ്രാഥമിക തത്ത്വത്തെ കാറ്റിൽ പറത്തിയിട്ടു് രാജശേഖരൻ നല്ല ഗുരുനാഥന്മാരായ എൻ. കുഞ്ഞുരാമൻപിള്ളയേയും കീഴ്ക്കുളം രാമൻപിള്ളയേയും നിന്ദിച്ചു. മഹാപണ്ഡിതനും പ്രഗല്ഭനായ അദ്ധ്യാപകനുമായിരുന്നു കുഞ്ഞുരാമൻപിള്ളസ്സാർ. അദ്ദേഹത്തിന്റെ ഗീതാക്ലാസ്സുകളെക്കുറിച്ചു ചങ്ങമ്പുഴ പ്രശംസിച്ചെഴുതിയിട്ടുണ്ടു്. ഈ വലിയ വ്യക്തികളുടെ നേർക്കു രാജശേഖരൻ വലിച്ചെറിയുന്ന മാലിന്യം അവർ തിരിച്ചെറിയുകയില്ല. കാരണം അവർ ഇന്നില്ലല്ലോ. ഇംപ്യൂണിറ്റിയോടുകൂടി—ശിക്ഷാഭീതിയില്ലാതെ—നടത്തുന്ന ഈ അപവാദ വ്യവസായം മാതൃഭൂമി ആഴ്ചപ്പതിപ്പിനെ എത്രകണ്ടു താഴ്ത്തിക്കളയുന്നില്ല!
പ്രഭാഷണവേദികളിൽ കയറിനിന്നു മുൻപു പ്രസംഗിച്ചവരെ പുലഭ്യം പറയുന്നവർ കൂടിക്കൂടിവരുന്നു തിരുവനന്തപുരത്തു്. ഫ്രഞ്ച് ദാർശനികനായ റെനെ ദേകാർത്ത് I think therefore I am—ഞാൻ വിചാരിക്കുന്നു. അതുകൊണ്ടു് ഞാനുണ്ട്—എന്നുപറഞ്ഞു. I stink, therefore I am—ഞാൻ ദുർഗ്ഗന്ധം പരത്തുന്നു. അതിനാൽ ഞാനുണ്ടു് എന്നാണു് പുലഭ്യം പറയുന്നവന്റെ പ്രമാണം.