സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-11-02-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

ചെറുകഥ എന്നപേരിൽ സ്കെച്ചുകൾ തയ്യാറാക്കി വയ്ക്കുന്ന പത്മഭൂഷൺ റാസിപുരം കൃഷ്ണസ്വാമി നാരായൺ സാഹിത്യത്തിനൊരു ഭൂഷണമാണോ?

എക്സൈസ് ഇൻസ്പെക്ടറന്മാർ ഒരു മാസത്തിൽ ഇത്ര‘കെയ്’സെങ്കിലും പിടിച്ചിരിക്കണമെന്നു നിർബ്ബന്ധമുണ്ടു്. കള്ളവാറ്റു്, കള്ളച്ചെത്തു്, കള്ളക്കടത്തു് ഇവ അതിൽ ഉൾപ്പെടും. ഷാപ്പുടമസ്ഥരോടു് ആത്മബന്ധം പുലർത്തുന്ന ഇൻസ്പെക്ടർക്കു പരുഷമായി ഒരു വാക്കു പറയാൻ പോലും മടിയാണു്. പിന്നല്ലേ അയാൾ നടത്തുന്ന കള്ളവാറ്റു് കെയ്സാക്കാൻ? അതുകൊണ്ടു് ഇൻസ്പെക്ടർ തന്നെ ഷാപ്പുടമസ്ഥനോടു പറയും: “ഗോവിന്ദൻ കൺട്രാക്ടറേ, നാളെ ഒരു കെയ്സ് തരണമല്ലോ. ഡയറി അയയ്ക്കേണ്ട സമയം കഴിഞ്ഞു”. കൺട്രാക്ടർ സമ്മതിക്കും. അടുത്ത ദിവസം ഇൻസ്പെക്ടർ, നേരത്തേ നിശ്ചയിച്ച തെങ്ങിൻ ചുവട്ടിൽ ചെല്ലുമ്പോൾ അതിന്റെ മുകളിൽ പുഞ്ചിരിയോടെ ചെത്തുകാരൻ തെങ്ങിൻ കൂമ്പു ചെത്തുകയായിരിക്കും. ഇൻസ്പെക്ടർ കോപം നടിച്ചു് “ഇറങ്ങി വാടാ, നമ്പരടിക്കാത്ത തെങ്ങിൽ കള്ളച്ചെത്തു നടത്തുന്നോ?” എന്നു പറയും. പേടി അഭിനയിച്ചു താഴെ എത്തുന്ന ചെത്തുകാരനെ ഇൻസ്പെക്ടറും മറ്റു് എക്സൈസുകാരും പിടിച്ചു കൊണ്ടുപോകും. കോടതിയിൽ ഹാജരാക്കും. മജിസ്ട്രേട്ട് പിഴയിടുമ്പോൾ അതു കൊടുക്കാൻ വേണ്ടി ഇൻസ്പെക്ടർ തന്നെ ആ തുക ചെത്തുകാരൻ പ്രതിക്കു നേരത്തെ നല്കിയിരിക്കും. ഇങ്ങനെ മാസത്തിൽ രണ്ടു കെയ്സ്സെങ്കിലും ശരിപ്പെടുത്തിയാൽ ഇൻസ്പെക്ടറോടു അസിസ്റ്റന്റ് കമ്മീഷണർ സമാധാനം ചോദിക്കില്ല. എക്സൈസുകാർ വഴക്കിനു വരരുതു് എന്നോടു്. എന്റെ പിതാവു് എക്സൈസ് ഇൻസ്പെക്ടറായിരുന്നതുകൊണ്ടു കള്ളച്ചെത്തു പിടിക്കുന്നതിന്റെ പിന്നിലുള്ള ‘ഇന്റെഗ്രിറ്റി’യും ‘ഓണസ്റ്റി’യുമൊക്കെ എനിക്കറിയാം.

ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് ഡയറക്ടർക്കും ഇതുപോലെയുള്ള പ്രയാസങ്ങൾ കാണുമായിരിക്കും. ആറുമാസം കൂടുമ്പോഴെങ്കിലും എന്തെങ്കിലും കുഴിച്ചെടുത്തുവെന്നു സർക്കാരിനെ അറിയിക്കേണ്ടിവരില്ലേ? എനിക്കറിയാമായിരുന്ന ഒരു ആർക്കിയോളജി ഡയറക്ടർ വസ്തുക്കൾ കുഴിച്ചു മൂടിയിട്ടു് മാസങ്ങൾ കഴിഞ്ഞു അവ തോണ്ടിയെടുത്തിരുന്നു. ഏതാണ്ടു് അരശതാബ്ദത്തിനു മുൻപു് എന്റെ ഒരു പുളുവനായ ബന്ധു ഈ ഡയറക്ടറെ പറ്റിച്ചു. എന്റെ കുടുംബത്തിലുണ്ടായിരുന്ന ഒരു പഴയ തുരുമ്പു പിടിച്ച വാൾ ഈ ബന്ധു കൊണ്ടുപോയി ഡയറക്ടറെ കാണിച്ചിട്ടു് ‘ഇതു കുഞ്ചൈക്കുട്ടിപ്പിള്ള ഉപയോഗിച്ചിരുന്ന വാളാ’ണെന്നു പറഞ്ഞു. ചില തെളിവുകളും നല്കി. സർക്കാരിനെ പറ്റിച്ചിരുന്ന ഡയറക്ടറെ എന്റെ ബന്ധുപറ്റിച്ചു. ഇന്നത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയ ത്തിൽ അക്കാലത്തു നടന്ന ഒരു എക്സിബിഷനിൽ ഈ വാളു് ചുവന്നപട്ടിൽ പ്രദർശന വസ്തുവായി വച്ചു ഡയറക്ടർ. അതിന്റെ താഴെ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വാൾ എന്നു് എഴുതിവയ്ക്കുകയും ചെയ്തു. പ്രദർശനം കാണാൻ വന്ന മഹാരാജാവു് ആദരത്തോടുകൂടി വാളിന്റെ മുൻപിൽ കുറെ നേരം നിന്നുവെന്നാണു് ഞാൻ കേട്ടതു്. ഡയറക്ടർക്കു് ആ വാളു് കണ്ടുപിടിച്ചതിന്റെ പേരിൽ രണ്ടു ഇൻക്രിമെന്റ് നല്കിയത്രേ. എന്റെ ബന്ധുവിനു ഡയറക്ടർ പത്തു രൂപ കൊടുത്തു ചാരായം കുടിക്കാൻ.

images/RKNarayan.jpg
ആർ. കെ. നാരായൺ

വിശ്രുതനായ ആർ. കെ. നാരായണൻ Frontline മാസികയിൽ എഴുതിയ The Roman Image എന്ന ചെറുകഥയിൽ മറ്റൊരു ആർക്കിയോളജി ഡയറക്ടറെ കാണാം. കരുതിക്കൂട്ടി അയാൾ സർക്കാരിനെ പറ്റിക്കില്ല. പക്ഷേ, കളഞ്ഞുകിട്ടുന്ന, കുഴിച്ചെടുക്കുന്ന ഏതു വസ്തുവും അയാൾക്കു് അതിപുരാതന ചരിത്രത്തോടു ബന്ധപ്പെട്ട വസ്തുവാണു്. അതിനെക്കുറിച്ചു് അയാൾ എഴുതുന്ന പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും ബഹുജനം കൗതുകത്തോടെ, ബഹുമാനത്തോടെ വായിച്ചിരുന്നു. അങ്ങനെയിരിക്കെ അയാളുടെ അസിസ്റ്റന്റിനു് മൂക്കും കൈയുമില്ലാത്ത ഒരു പ്രതിമ കിട്ടി. അതു റോമൻ പ്രതിമയാണെന്നു തീരുമാനിച്ചു് ഡയറക്ടർ പതിവുപോലെ പണ്ഡിതോചിതങ്ങളായ വാക്യങ്ങൾ പ്രവഹിപ്പിച്ചു. ഒടുവിലാണു് തെളിഞ്ഞതു് അതു മൽഗുഡി ജില്ലയിലുള്ള ഒരമ്പലത്തിൽ നിന്നു് പൂജാരി എടുത്തെറിഞ്ഞ പ്രതിമയാണെന്നു്. ആർക്കിയോളജി ഡിപ്പാർട്ട്മെന്റുകാരെ പരിഹസിക്കുന്ന ഇക്കഥ ഏതാണ്ടോരുരസത്തോടെ വായിക്കാം. പക്ഷേ, നമ്മുടെ എം. ഗോവിന്ദൻ, സക്കറിയ ഇവരെഴുതുന്ന പരിഹാസകഥകൾ നാരായണന്റെ പരിഹാസകഥകളെക്കാൾ എത്രയോ മേലേക്കിടയിലുള്ളവയാണു്. നാരായൺ ഇംഗ്ലീഷിൽ എഴുതുന്നതുകൊണ്ടാവാം അദ്ദേഹത്തിനു് ഈ കീർത്തി. ചെറുകഥയെന്ന പേരിൽ സ്കെച്ചുകൾ തയ്യാറാക്കി വയ്ക്കുന്ന പത്മഭൂഷൺ റാസിപുരം കൃഷ്ണസ്വാമി നാരായൺ സാഹിത്യത്തിനൊരു ഭൂഷണമാണോ എന്നാലോചിക്കാൻ വായനക്കാരോടു ഞാൻ അപേക്ഷിക്കുന്നു.

images/AlbertSchweitzer-c.jpg
ആൽബർട്ട് ഷ്വൈറ്റ്സർ

1952-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ അൽസേഷൻ എഴുത്തുകാരൻ ആൽബർട്ട് ഷ്വൈറ്റ്സർ പറഞ്ഞു: ഒരു തുള്ളി വെള്ളത്തിൽ നമ്മൾ ശക്തിയൊന്നും കാണുകില്ല. എന്നാലതു് പാറയിലുള്ള ഒരു വിടവിൽ കയറട്ടെ. മഞ്ഞുകട്ടയായി മാറി അതു പാറയെ പിളർക്കും. ആവിയായാൽ അതു് എഞ്ചിന്റെ പിസ്റ്റൺ പ്രവർത്തിപ്പിക്കും. വാക്കും ഇതുപോലെയാണു്. പ്രതിഭാശാലികളുടെ കൈയിൽ കിട്ടുമ്പോൾ അതു ന്യൂക്ളിയർ ബോംബിന്റെ ശക്തി ആവഹിക്കും. താജ് മഹലിന്റെ സൗന്ദര്യം സൃഷ്ടിക്കും.

നാടകാന്തം കവിത്വം

നാടകാന്തം കവിത്വം എന്ന ചൊല്ലിനു പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി നല്കിയ അർത്ഥം ഒന്നാന്തരം തെറ്റാണു്.

‘നാടകാന്തം കവിത്വം’ എന്ന ചൊല്ലിനു പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി നല്കിയ വ്യാഖ്യാനമെന്തെന്നു് സൂചിപ്പിച്ചിട്ടു് കെ. പി. ശങ്കരൻ, വിഷ്ണുനാരായണൻ നമ്പൂതിരി യുടെ രണ്ടുകാവ്യങ്ങളെ അതാധാരമാക്കി അപഗ്രഥിക്കുന്നു. ചൊല്ലിനു മുണ്ടശ്ശേരി നല്കിയ അർത്ഥം ഒന്നാന്തരം തെറ്റാണു്. അന്തശബ്ദത്തിനു് അവസാനമെന്നും നിശ്ചയമെന്നും അർത്ഥം. വേദത്തിന്റെ ഒടുവിലുള്ള വേദാന്തം. സിദ്ധമായ അന്തത്തോടുകൂടിയതുസിദ്ധാന്തം. ചൊല്ലിലെ അന്തശബ്ദത്തിനു് നിശ്ചയമെന്നാണു് അർത്ഥം. “കവിത്വം നിശ്ചയിക്കപ്പെടേണ്ടതു നാടകത്തിന്റെ നിർമ്മിതികൊണ്ടാണു്” എന്നാണു് ആ ചൊല്ലിന്റെ അർത്ഥമെന്നതു സംശയരഹിതമത്രേ. മുണ്ടശ്ശേരിയുടെ അർത്ഥ പ്രദർശനം ഒരു സായ്പിന്റെ സിദ്ധാന്തത്തെ വികലമാക്കി സ്വീകരിച്ചതിന്റെ ഫലമാണു്. ക്ലീയന്ത് ബ്രൂക്ക്സ് എന്ന അമേരിക്കൻ നിരൂപകൻ The poem does not merely eventuate in a logical conclusion. It is ‘proved’ as dramatic conclusion is proved: by its ability to resolve the conflicts which have been accepted as the donne’es of the drama എന്നു പറഞ്ഞിട്ടുണ്ടു്. ഇതിനെ വിപുലീകരിച്ചതാണു് മുണ്ടശ്ശേരിയുടെ അഭിപ്രായം. കെ. പി. ശങ്കരന്റെ വാദങ്ങൾ തെറ്റായ ഒരു മതത്തിൽ അടിയുറച്ചിരിക്കുന്നതുകൊണ്ടു് അവയ്ക്കു് എത്രമാത്രം സുപ്രമാണതയുണ്ടെന്ന കാര്യം ചിന്തനീയമായിരിക്കുന്നു. (ശങ്കരന്റെ ലേഖനം കുങ്കുമം വാരികയിൽ).

കടലാസ്സുവഞ്ചി
images/ChavaraKSpillai.jpg
ചവറ കെ. എസ്. പിള്ള

എന്റെ കുട്ടിക്കാലത്തു് ഒരുദിവസം ഞാൻ വരാപ്പുഴ കായലിന്റെ തീരത്തു നിന്നു. തെളിഞ്ഞ ദിവസം. സൂര്യരശ്മികൾ തിരകളിൽ നൃത്തം ചെയ്യുന്നുണ്ടു്. എന്റെ ഇടതു ഭാഗത്തു വിളവഞ്ചി എന്നു വിളിക്കപ്പെട്ടിരുന്ന സുന്ദരി അവളുടെ അച്ഛൻ കായലിൽ കമ്പുവല താഴ്ത്തി മീൻപിടിക്കുന്നതു നോക്കി നില്ക്കുന്നു. ഞാൻ കൈയിലിരുന്ന കടലാസ്സു വള്ളം കായലിലേക്കു ഇറക്കി. അങ്ങ് അതു ദൂരെ ഒഴുകിയൊഴുകിപ്പോകുന്നതു കാണാനായിരുന്നു എനിക്കു താൽപര്യം. പക്ഷേ, വള്ളം തിരയിൽ ചാഞ്ചാടിക്കൊണ്ടു നിന്ന നിലയിൽത്തന്നെ. അല്പം കഴിഞ്ഞപ്പോൾ അതു കുതിർന്നു തുടങ്ങി. ചരിഞ്ഞു. മുങ്ങി. കുറെ നേരം കഴിഞ്ഞപ്പോൾ കാണാനില്ല. കായൽപ്പരപ്പിൽ ചലനം കൊള്ളുന്നകളിവഞ്ചിയാണു് ചവറ കെ. എസ്. പിള്ള യുടെ ഉണ്ണിമാമൻ എന്ന കാവ്യം (കുങ്കുമം).

മുപ്പതിൽക്കൂടുതലോണമുണ്ടെങ്കിലു-

മിപ്പൊഴുമുണ്ണിയാണുണ്ണിമാമൻ.

പാൽക്കുഴൽ പോലിരുകൈവിരൽവായിലി-

ട്ടാർത്തിയോടീമ്പീ കുടിച്ചിടുന്നു.

പ്ലാവിലത്തൊപ്പിയും ചൂരൽവടിയുമായു്

പോലീസ്സുഭാവം നടിച്ചിടുന്നു.

മീശപിരിക്കുന്നു. കണ്ണുമിഴിക്കുന്നു

മുത്തശ്ശിമാവിനെത്തല്ലിടുന്നു.

പൂമുഖത്തിണ്ണയിൽ ചാരുകസാലയിൽ

കാരണോരായിക്കിടന്നിടുന്നു.

ആബാലവൃദ്ധരാം നാട്ടുകാർക്കൊക്കെയും

ആരോമലുണ്ണിയാണുണ്ണിമാമൻ.

പെണ്ണുങ്ങളാരാനുമാവഴി പോവുകിൽ

തൊണ്ണയും കാട്ടിച്ചിരിച്ചു ചൊല്ലും:

‘ഇത്തിരിപ്പാൽതരൂ, ഇത്തിരിപ്പാൽതരൂ;

ഇത്തിരി നല്ല മുലപ്പാൽ തരൂ.

കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന നീലജലത്തിൽ ഒരു ബിന്ദു പോലെ ചാഞ്ചാടി നില്ക്കുന്ന വെള്ളക്കടലാസ്സു വഞ്ചിയുടെ പ്രതീതി ഉളവാക്കുന്നു ഈ വരികൾ. അല്പനേരം കഴിയുമ്പോൾ നിരൂപണത്തിന്റെ ശൈത്യം അതിനെ ചരിച്ചിടുമോ? അതുതന്നെ മുങ്ങിപ്പോകുമോ? പോകുമെങ്കിൽ പോകട്ടെ. താൽകാലികമായ ‘രസം’ ഇതെനിക്കു നൽകുന്നല്ലോ.

നാലാങ്കൽ കൃഷ്ണപിള്ള
images/RabindranathTagore05.jpg
രവീന്ദ്രനാഥ ടാഗോർ

ഭാരതീയ സംസ്ക്കാരത്തിന്റെ സവിശേഷതയാർന്ന ഘടകങ്ങളിൽ ഒന്നു് ഗുരുശിഷ്യ ബന്ധമാണു്. അതു മറ്റൊരു സംസ്ക്കാരത്തിലും ഇത്ര പാവനത്വത്തോടു കൂടി കാണാനില്ല. നമ്മെ നേരിട്ടു പഠിപ്പിക്കാത്തവരെപ്പോലും ഗുരുക്കന്മാരായി ബഹുമാനിക്കാൻ നമ്മൾ സന്നദ്ധരാണു്. ശ്രീനാരായണനെ ഗുരുദേവൻ എന്നു നമ്മൾ വിളിക്കുന്നതു ശ്രദ്ധിച്ചാലും. “ക്ഷോണീകോണശതാംശ”ത്തിന്റെ ഒരറ്റത്തിരിക്കുന്ന ഞാൻ ബംഗാളിൽ വസിച്ചിരുന്ന രവീന്ദ്രനാഥടാഗോറിനെ ഗുരുദേവൻ എന്നു വിളിക്കുന്നു. ഇതു ധിഷണാപരമായ ബന്ധമല്ല. ഹൃദയങ്ങൾ തമ്മിലുള്ള ബന്ധമാണു്. ഗ്രന്ഥങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നമ്മുടെ ജീവിതത്തെ ഉത്കൃഷ്ടതയിലേക്കു നയിക്കുന്ന ആചാര്യന്മാർക്കു് നമ്മൾ ഇത്രയും വില കല്പിക്കുന്നെങ്കിൽ നേരിട്ടു പഠിപ്പിച്ച ഗുരുനാഥനു് എത്ര വില കല്പിക്കും? ആവിധത്തിൽ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഗുരുനാഥനാണു നാലാങ്കൽ കൃഷ്ണപിള്ള സ്സാർ. അദ്ദേഹത്തിന്റെ നല്ല കാവ്യങ്ങൾ വായിക്കുമ്പോൾ ഇതു് എന്റെ സാറെഴുതിയതാണല്ലോ എന്നു വിചാരിച്ചു ഞാൻ അഭിമാനം കൊള്ളുന്നു. നാലാങ്കൽസ്സാറ് ലളിതമായി, ലയാത്മകമായി എഴുതുന്നതു കണ്ടാലും:

വീട്ടുമുറ്റത്തിളം നീലക്കറുകകൾ

പട്ടുവിരിപ്പുകൾ നെയ്തിടുന്നു

പൊട്ടുതൊടിക്കാൻ കറുത്ത കുരുവികൾ

പക്ഷം വിരിച്ചു വരികയായി

രാവിലെ ജാലകപ്പാളിതുറന്നു ഞാൻ

പാവപോൽ നിന്നുപോം വിസ്മൃതിയിൽ

(മനോരാജ്യം)

വാങ്മയ ചിത്രത്തിനുയോജിച്ച ലയമുണ്ടവിടെ. അതാണു് ഹൃദ്യതയ്ക്കു് ആസ്പദം.

ഡസ്റ്റി ഹ്യൂസ്

ഡസ്റ്റി ഹ്യൂസ് (Dusty Hughes) പേരുകേട്ട നാടക കർത്താവാണോ എന്നെനിക്കു് അറിഞ്ഞുകൂടാ. പക്ഷേ, അദ്ദേഹത്തിന്റെ Futurists എന്ന നാടകം അദ്ദേഹത്തെ മഹായശസ്കനാക്കുമെന്നതിൽ സംശയമില്ല.

മഹാപുരുഷന്മാരെ നിന്ദിക്കാൻ പാടില്ല. ആ നിന്ദനം സംസ്ക്കാരത്തെ തകർക്കും. മനുഷ്യരിൽ ആസുരാംശം വർദ്ധിപ്പിക്കും.

ഗൂമീലിയോഫ് (Gumilev, 1886–1921) റഷ്യൻ കവിയായിരുന്നു. ആന്ന അക്മാത്തവ (Anna Akhmatova) അദ്ദേഹത്തിന്റെ ഭാര്യ. ഉപജാപ പ്രവർത്തനം നടത്തി എന്നതിന്റെ പേരിൽ ബോൾഷെവിക്കുകൾ ഗൂമീലിയോഫിനെ വധിച്ചു. ഗോർക്കി ക്കു് ഈ കവിയെ വെടിവച്ചു കൊല്ലുന്നതിൽ പങ്കുണ്ടായിരുന്നോ? അതോ ചിലർ പറയുന്നതുപോലെ അദ്ദേഹം വധത്തെക്കുറിച്ചു അറിഞ്ഞപ്പോൾ നിലവിളിക്കുകയും ചുമച്ചു രക്തം തുപ്പുകയും ചെയ്തോ? ഇതാണു് ഹ്യൂസിന്റെ നാടകത്തിലെ പ്രധാനപ്പെട്ട ബിന്ദു.

മേരിന:
…ശവസംസ്ക്കാരത്തെക്കുറിച്ചു ഏർപ്പാടുകൾ ചെയ്യുന്നതിനുവേണ്ടി ബ്ളോക്കിന്റെ വിധവ ടെലിഫോൺ ചെയ്തിരുന്നല്ലോ. നിങ്ങളാൽ ആവുന്നതു നിങ്ങൾ ചെയ്തുവെന്നു് അവർ പറഞ്ഞു…
ഗോർക്കി:
എന്നാലാവുന്നതു ചെയ്തു. ജീവൻ രക്ഷിക്കുന്നതു പ്രധാനം.
മേരിന:
മാൻഡിൽസ്റ്റം വീണ്ടും ടെലിഫോണിൽ വിളിച്ചിരുന്നു. ഗൂമിലിയോഫിനെക്കുറിച്ചു്. (ഗോർക്കി തല പിറകോട്ടാക്കി കണ്ണുരുട്ടുന്നു.)
ഗോർക്കി:
ഞാനിതു് എത്ര തവണ കേട്ടു.
മേരിന:
നിങ്ങൾ ലെനിനെ കണ്ടപ്പോൾ, നിങ്ങൾ… (അല്പനേരം കഴിഞ്ഞു്) ലെനിനു് നിങ്ങൾ ഫോൺ ചെയ്യുക എന്നതു മാത്രമേ ഇപ്പോൾ കരണീയമായുള്ളു.
ഗോർക്കി:
നീ ഒരു ചെറുപ്പക്കാരനെ കണ്ടു പിടിക്കാത്തതെന്തു്? ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നില്ല.

(ഗോർക്കി കിടക്കയ്ക്കു് അരികിലുള്ള ഫോൺ സൂക്ഷിച്ചു് ഡിസ്കണക്ട് ചെയ്യുന്നു. വല്ലാതെ ചുമയ്ക്കുന്നു അദ്ദേഹം. കൈലേസിൽ നോക്കുന്നു.)

ഈ സംഭവത്തിൽ ആരംഭിക്കുന്ന നാടകം വിഭിന്ന പ്രസ്ഥാനങ്ങളിൽപ്പെട്ട കവികളെ അവതരിപ്പിക്കുന്നു. അവരുടെ സംഭാഷണങ്ങളിലൂടെ, പ്രവർത്തനങ്ങളിലൂടെ കവിതയുടെ മനോഹാരിതയും ശാശ്വതികത്വവും ആവിഷ്കരിക്കുന്നു. നാടകത്തിന്റെ അവസാനത്തോടു് അടുപ്പിച്ചു് ആന്ന അക്മാത്തവ പറയുന്നു: You know Stalin never said a single memorable thing in the whole of his miserable life. He managed to eat a lot of words, words that came from other people’s mouths. They tried very hard to extinguish us and grind words into paste. But poetry is very odd stuff. It looks so frail but actually it’s harder than a diamond. Do you understand what I mean? It’s indestructible.

കവിതയെ ആർക്കും നശിപ്പിക്കാനാവില്ല. അതു് വജ്രത്തെക്കാൾ കാഠിന്യമാർന്നതാണു്. ഈ തത്ത്വത്തെ മനോജ്ഞമായി നാടകകർത്താവു് പ്രതിപാദിച്ചിരിക്കുന്നു. (Futurists and Commitments) (രണ്ടു നാടകങ്ങൾ) (Dusty Hughes—Faber and Faber—F4=95)

ക്ഷീരബലയ്ക്കു് ആവർത്തനം നന്നു്

ഒരു പ്രഭാഷണം ഒരിടത്തു നടത്തിയെന്നിരിക്കട്ടെ. അതു് വിജയം കൈവരിച്ചു എന്നും കരുതു. പ്രഭാഷകനു് അതാവർത്തിക്കാനുള്ള പ്രവണതയുണ്ടാകും. ഞാനങ്ങനെ പ്രഭാഷണങ്ങൾ ആവർത്തിച്ചിട്ടുണ്ടു്. പക്ഷേ, ഒരിക്കലതു കേട്ടയാളിനുണ്ടാകുന്ന വൈരസ്യത്തെക്കാൾ കൂടുതൽ വൈരസ്യമുണ്ടാകും അതാവർത്തിക്കുന്നവനു്. വടക്കൻ പാട്ടിന്റെ ശൈലിയിൽ യു. എ. ഖാദർ ആദ്യമായി എഴുതിയ കഥ വിജയമായിരുന്നിരിക്കണം. അതുകൊണ്ടാണു് അദ്ദേഹം അതേ ശൈലിതന്നെ ഇടവിടാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്നതു്. ആ വിഷയത്തിൽ വായനക്കാരായ ഞങ്ങൾക്കുണ്ടാകുന്ന മടുപ്പു് സ്വന്തം ആവർത്തനത്തെ ആവർത്തിക്കുന്ന അദ്ദേഹത്തിനുളവാകുന്ന മടുപ്പിനെക്കാൾ കൂടിയ തോതിലല്ല. ഇതു മനസ്സിലാക്കി എഗ്സ്ഓസ്റ്റ് (exhaust) ചെയ്ത ആ ശൈലിയെ അദ്ദേഹം നിരാകരിച്ചാൽ നന്നു്. ഇല്ലെങ്കിൽ ക്രമേണ അദ്ദേഹത്തിന്റെ വായനക്കാരുടെ സംഖ്യ കുറയും.

പണ്ടു്, അപരിഷ്കൃതമായ ഒരു കാലയളവിൽ, കള്ളന്മാരുടെ കൈ മുറിച്ചു കളഞ്ഞിരുന്നു. കാലത്തു് തീ കായാൻ ഒരുമിച്ചു കൂടുമ്പോഴോ ഉത്സവങ്ങൾക്കു സമ്മേളിക്കുമ്പോഴോ കള്ളൻ കൂടി വന്നിരുന്നാൽ അവനെ തിരിച്ചറിയാൻ വേണ്ടിയാണു് ആ വിധത്തിൽ ശിക്ഷ നല്കിയിരുന്നതു്. ശതാബ്ദങ്ങൾ കഴിഞ്ഞപ്പോൾ അതിന്റെ ആവശ്യകത ഇല്ലാതെയായി മറ്റു ശിക്ഷാമാർഗ്ഗങ്ങൾ നിലവിൽ വന്നു. എന്നിട്ടും ചില രാജ്യങ്ങളിൽ ഈ ശിക്ഷതന്നെ നല്കിക്കൊണ്ടിരിക്കുന്നു. ശൈലിയുടെ സ്ഥിതിയും വിഭിന്നമല്ല. ആർജ്ജവം പരിഹാസവുമായി ബന്ധം സ്ഥാപിച്ചിരുന്ന ഒരു കാലത്തു് വടക്കൻ പാട്ടിൽ കാണുന്ന ശൈലി അത്യന്താപേക്ഷിതമായിരുന്നു. കഥയുടെ ചടുലതയ്ക്കും ആ ശൈലി യോജിച്ചിരുന്നു. ഇന്നു് കാലവും ലോകവും മാറിയിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ യു. എ. ഖാദർ “അതിനാൽ നാണുകുട്ടിയുടെ കയ്യിൽ നറുനെയ്യിന്റെ ഭരണിയേല്പിച്ചു. നാലുനുറുങ്ങിയ നെല്ലരിയുടെ ഭാണ്ഡമേല്പിച്ചു. കൈപ്പക്കൊണ്ടാട്ടത്തിന്റെ പൊതിയേല്പിച്ചു” എന്നെഴുതുന്നതിന്റെ പൊരുൾ പിടികിട്ടുന്നതേയില്ല. കഥയുടെ കഥയില്ലായ്മയെ മറച്ചു് വായനക്കാരെ വഞ്ചിക്കാൻ മാത്രമേ ഇതു ഉപകരിക്കു. ഈ കഥയില്ലായ്മ യൂ. എ. ഖാദർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഓർക്കാട്ടേരിയിലേക്കു്’ എന്ന രചനയിൽ ഉണ്ടുതാനും. മൂത്ത മകളുടെ വീട്ടിലേക്കു് അവളുടെ അമ്മ പോകുന്നു. അതാണു് കഥയുടെ വിഷയം. അതിൽക്കവിഞ്ഞു ഒന്നുമില്ലതാനും. അതുപറയാനാണു് ഖാദർ അങ്കം വെട്ടു നടത്തുന്നതും കള്ളപ്പലക സാക്ഷ വലിച്ചു വീഴ്ത്തുന്നതും. സിംഹാസനത്തിലിരിക്കുന്ന രാജ്ഞി മോണാർക്കിയിൽ വിശ്വസിക്കുന്നവർക്കു് എന്തെന്നില്ലാതെ പ്രഭാവമുള്ള ദേവതയാണു്. കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നവർക്കു് അവൾ വെറും പെണ്ണാണു്. ദാരിദ്ര്യം നഗ്നതാണ്ഡവമാടുന്ന ഗ്രാമത്തിലെ ഏതു പെണ്ണിനെക്കണ്ടാലും അവളെ ഉണ്ണിയാർച്ചയായി കാണാനും അവളെ പണ്ടുള്ളവർ വർണ്ണിച്ച രീതിയിൽ വർണ്ണിക്കാനുമാണു് ഖാദറിനു കൗതുകം. വഴി പിഴച്ച പോക്കു് എന്നേ പറയാനുള്ളു.

സാഹിത്യത്തിൽ താൽപര്യമുള്ളവരെ പറ്റിക്കാൻ എളുപ്പമാണു്. എന്നെസ്സംബന്ധിക്കുന്ന കാര്യം മാത്രം പറയാം. ഒരാൾ എന്റെ ഒരു കെട്ടിടം വാടകയ്ക്കു് എടുത്തുകൊണ്ടു് അഡ്വാൻസായി എണ്ണുറ്റി ഇരുപത്തിയഞ്ചു രൂപയ്ക്കു് ചെക്കെഴുതിതന്നു. ഞാൻ താക്കോൽ കൊടുത്തു. ചെക്ക് സ്റ്റേറ്റ് ബാങ്കിലേക്കു്. ഫെഡറൽ ബാങ്കിൽ ചെക്ക് കൊണ്ടു കൊടുത്തു് കളക്ഷനു് അയച്ചേക്കു എന്നു പറഞ്ഞു. “സാറ് കൊണ്ടു വന്നതല്ലേ പണം തരാം ഇപ്പോൾത്തന്നെ” എന്നു ബാങ്കുകാർ പറഞ്ഞു. എങ്കിലും അടുത്ത ദിവസമേ ഞാൻ പണം സ്വീകരിച്ചുള്ളു. അതുംകൊണ്ടു വീട്ടിലെത്തുന്നതിനുമുൻപുതന്നെ ഫെഡറൽ ബാങ്കിൽ നിന്നു ഫോണിൽ വിളിച്ചു പറഞ്ഞു. “ചെക്ക് പണമില്ലെന്നു പറഞ്ഞു് മടങ്ങിവന്നിരിക്കുന്നു. രൂപ ഉടനെ തിരിച്ചടയ്ക്കണം” ബാങ്കിൽ നിന്നു പണം സ്വീകരിച്ച ഞാൻ അതു ചെലവാക്കിയിട്ടാണു് വീട്ടിലെത്തിയതു്. എങ്കിലും ഉടനെ ടാക്സിക്കാറിൽ കയറിച്ചെന്നു പണം തിരിച്ചു കൊടുത്തു. സ്റ്റേറ്റ് ബാങ്കിൽ ചെന്നു് അന്വേഷിച്ചപ്പോൾ എനിക്കു ചെക്ക് തന്ന ആളിന്റെ അക്കൗണ്ടിൽ പണമില്ലാതെയായിട്ടു മാസങ്ങൾ കഴിഞ്ഞുവെന്നു് അറിഞ്ഞു. കള്ളച്ചെക്കും ബാങ്കുകാരുടെ റിജക്ഷൻ സ്ലിപ്പും നോക്കി ഞാൻ ഇപ്പോൾ വെറുതെയിരിക്കുന്നു.

ആഴമില്ലാത്ത രചനകളെക്കുറിച്ചെഴുതുമ്പോൾ ആഴമുണ്ടാകുന്നതെങ്ങനെ? കേരളത്തിൽ ചിന്തകരുണ്ടോ? അഗാധതയാർന്ന സാഹിത്യസൃഷ്ടികൾ നമുക്കു നല്കുന്ന സാഹിത്യകാരന്മാരുണ്ടോ?

ഒരു ദിവസം കാലത്തു് കവിയും ഗായകനുമായ ഒരു യുവാവു് എന്റെ വീട്ടിൽ കയറിവന്നു പറഞ്ഞു. “സാർ നാളെ ഒരിന്റർവ്യൂ ആണു്. പോയാൽ ജോലി കിട്ടും പക്ഷേ, യാത്രച്ചെലവിനു പണമില്ല. ഒരു…രൂപ തരണം. എന്റെ കൈയിൽ രൂപയില്ലായിരുന്നു. എങ്കിലും അയാളെ വിളിച്ചുകൊണ്ടുപോയി ഒരു പ്രൈവറ്റ് ബാങ്കിൽ പോസ്റ്റ്ഡേറ്റഡ് ചെക്കെഴുതിക്കൊടുത്തു രൂപ വാങ്ങികൊടുത്തു. (നല്ല തുകയാണു് ലജ്ജ നിമിത്തമാണു് തുകയെത്രയെന്നു പറയാഞ്ഞതു്) അന്നുവൈകുന്നേരം ഞാൻ മെയിൻ റോഡിലൂടെ നടന്നപ്പോൾ അയാളെ ഒരു മദ്യശാലയിൽ നിന്നു് അതിന്റെ ഉടമസ്ഥൻ പിടിച്ചു പുറത്തേക്കുതള്ളുന്നതുകണ്ടു. ബോധശൂന്യനായി അയാൾ റോഡരികിൽ കിടന്നു. മദ്യവുമായുള്ള ഇന്റർവ്യൂവിനു് എന്റെ പോസ്റ്റ്ഡേറ്റഡ് ചെക്കിന്റെ രൂപ.

ഈ ലോകത്തു് ഏറ്റവും ബുദ്ധിയുള്ളതു കൊതുകിനാണു്. അതു മുതുകിൽ വന്നിരുന്നു കടിക്കും. അവിടെ നമ്മുടെ കൈ എത്തുകില്ലെന്നു് കൊതുകിനു് അറിയാം. മുകളിൽപ്പറഞ്ഞ രണ്ടു പേരും കൊതുകുകളാണു്. അവർ സാഹിത്യത്തോടുള്ള താൽപര്യം എന്ന ദൗർബ്ബല്യത്തെ ചൂഷണം ചെയ്തു ചോരകുടിക്കുന്നു.

സ്വഭാവത്തെ മാറ്റി പ്രദർശിപ്പിക്കരുത്
images/LastTemptation.jpg

സനാതന ധർമ്മത്തെയും രാജധർമ്മത്തെയും വീഴ്ച്ച കൂടാതെ പരിപാലിച്ച മഹാവ്യക്തിയായിരുന്നു യുധിഷ്ഠിരൻ. ഈ രണ്ടു ധർമ്മങ്ങൾക്കു പുറമേ സ്വധർമ്മം എന്നതുമുണ്ടു്. അദ്ദേഹം അതിൽനിന്നും വ്യതിചലിച്ചില്ല. പക്ഷേ, ശ്രീകൃഷ്ണൻ പറഞ്ഞതനുസരിച്ചു് അദ്ദേഹം ഒരു കള്ളം പറഞ്ഞു. അതിന്റെ ഫലം ഉടനെ കണ്ടു. യുധിഷ്ഠിരന്റെ തേരു ഭൂമിയിൽ നിന്നു് ഉയർന്നാണു സഞ്ചരിച്ചിരുന്നതു്. കള്ളം പറഞ്ഞയുടനെ തേരിന്റെ ചക്രങ്ങൾ ഭൂമിയെ തൊട്ടു. മൃത്യുവശഗനായ മറ്റേതു മനുഷ്യന്റെ തേരു പോലെയും അതു ഭൂമിയിൽ ഉരുളുകയായി. ഈ അസത്യ പ്രസ്താവം യുധിഷ്ഠിരനെ അനുനിമിഷം വേദനിപ്പിച്ചുകൊണ്ടിരുന്നു. യുധിഷ്ഠിരൻ എന്ന ഈ കഥാപാത്രം ഭാരതീയരിൽ ചെലുത്തുന്ന സ്വാധീനശക്തി മഹാത്മാഗാന്ധി ചെലുത്തുന്ന സ്വാധീന ശക്തിയെക്കാൾ ഉത്കൃഷ്ടമാണെന്നു രാജഗോപാലാചാരി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഈ രീതിയിൽ നമ്മുടെ സംസ്ക്കാരത്തെ ഉന്നമിപ്പിച്ച യുധിഷ്ഠിരൻ വ്യഭിചാരിയാണെന്നു വരുത്തിക്കൊണ്ടു് ഞാനൊരു നോവലെഴുതിയാൽ? അതു് മനുഷ്യരോടു ചെയ്യുന്ന വലിയ അപരാധമായിരിക്കും. നമ്മുടെ സംസ്ക്കാരത്തെ തകർക്കുകയായിരിക്കും. മഹാത്മാഗാന്ധി കായംകുളം കൊച്ചുണ്ണി യാണെന്നു സ്പഷ്ടമാക്കിക്കൊണ്ടു് ഞാൻ നോവലെഴുതിയാലോ? ആളുകൾ എന്നെ വെറുതേവിടില്ല. നമുക്കു് സാങ്കല്പിക കഥാപാത്രങ്ങളെയും ജീവിച്ചിരുന്ന വ്യക്തികളെയും വേണമെങ്കിൽ വിമർശിക്കാം. അവരുടെ സ്വഭാവത്തെ മാറ്റി പ്രദർശിപ്പിക്കാൻ പാടില്ല. ക്രിസ്തു ദേവനെക്കുറിച്ചും ഇതുതന്നെയാണു് പറയാനുള്ളതു്. രണ്ടായിരം കൊല്ലത്തോളമായി ആരാധിക്കപ്പെടുന്ന അദ്ദേഹം മഗ്ദലനമറിയ ത്തെ വെപ്പാട്ടിയായി വച്ചിരുന്നു എന്നു വ്യക്തമാക്കിക്കൊണ്ടു് ആരെങ്കിലും നോവലെഴുതിയാൽ എന്റെ രക്തം തിളയ്ക്കും. കാസാന്ദ്സാക്കീസി ന്റെ The Last Temptation of Christ എന്ന നോവലിൽ ഇതിൽനിന്നു വളരെയൊന്നും വിഭിന്നമല്ലാത്ത വസ്തുതകളാണുള്ളതു്. കുരിശിൽ കിടക്കുന്ന യേശു താൻ മഗ്ദലനമറിയത്തെ വിവാഹം കഴിച്ചതായി സ്വപ്നം കാണുന്നു. ഇതാണു് അദ്ദേഹത്തിന്റെ “ഒടുവിലത്തെ പ്രലോഭനം”. ഇവിടെ കൊണ്ടും തീരുന്നില്ല കാസാന്ദ്സാക്കിസിന്റെ മര്യാദകേടു്. മറ്റൊരു മേരിയുണ്ടല്ലോ. അവളെയും മാർത്തയെയും യേശു വിവാഹം കഴിച്ചു് സന്തത്യുൽപാദനം നടത്തുന്നു. (സ്വപ്നത്തിൽത്തന്നെ). ഇതു കിനാവാണെങ്കിലും കിനാവുകൾ അബോധാത്മകങ്ങളായ അഭിലാഷങ്ങളുടെ സാഫല്യങ്ങളാണല്ലോ വ്യക്തമാക്കിത്തരിക. യേശുവിനു് ഈ ആഗ്രഹങ്ങളുണ്ടായിരുന്നുവെന്നാണു് കാസാന്ദ്സാക്കീസ് പരോക്ഷമായി പറയുന്നതു്. ഇതു് ‘റിവോൾട്ടിങ്ങാ’ണു്. മഹാപുരുഷന്മാരെ ഇങ്ങനെ നിന്ദിക്കാൻ പാടില്ല. ആ നിന്ദനം സംസ്ക്കാരത്തെ തകർക്കും. മനുഷ്യരിൽ ആസുരാംശം വർദ്ധിപ്പിക്കും. ഈ വിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങൾ കലാകൗമുദിയിൽ വായിച്ചപ്പോൾ ഇത്രയും കുറിക്കണമെന്നുതോന്നി.

ജേർണ്ണലിസത്തിന്റെ ജാർഗണല്ലാതെ ബഹിർഭാഗസ്ഥതയുടെ ജീഡാജനകത്വമല്ലാതെ ഇപ്പോഴത്തെ നിരൂപണങ്ങളിലും വിമർശനങ്ങളിലും ഒന്നുമില്ലെന്നു രാജശേഖരൻ ദേശാഭിമാനി വാരികയിലൂടെ പരിദേവനം നടത്തുന്നു. ജോലിയിൽനിന്നു പിരിയുന്ന കലാകാരന്മാരെക്കുറിച്ചു്, ഷഷ്ട്യബ്ദ പൂർത്തി ആഘോഷിക്കുന്ന സാഹിത്യകാരന്മാരെക്കുറിച്ചു് വാരികകളിൽ വന്ന പ്രബന്ധങ്ങൾ വേദനയുളവാക്കുമാറു് ഉപരിപ്ലവങ്ങളായിരുന്നുവെന്നു് രാജശേഖരൻ തൊണ്ടകീറി വാദിക്കുന്നു. ഭാവിയുടെ ശവക്കുഴിതോണ്ടുന്ന നവീനന്മാരെയും സമകാലിക സ്വപ്നങ്ങൾ തകർക്കുന്ന എന്നെപ്പോലുള്ളവരെയും ഭൂതകാലത്തെ പരിരംഭണം ചെയ്യുന്ന കടൽക്കിഴവന്മാരെയും അദ്ദേഹം മനക്കണ്ണിനു മുൻപിൽ കാണുന്നുണ്ടാവാം. എല്ലാം ശരിതന്നെ. സാഹിത്യവാരഫലത്തിന്റെ ബഹിർഭാഗസ്ഥത കൂടി അദ്ദേഹം ലക്ഷ്യമാക്കിയിട്ടുണ്ടെങ്കിൽ അതേറെ ശരി. ഇതു കരുതിക്കൂട്ടി “ആഴം കുറഞ്ഞ” മട്ടിൽ എഴുതുകയാണു ഞാൻ. രാജശേഖരൻ പറയുന്ന ‘ആഴം’ ഇതിനു വരുത്തിയാൽ വായിക്കാൻ ആളു കാണില്ല. പിന്നെ ഒരു കാര്യംകൂടി. ആഴമില്ലാത്ത രചനകളെക്കുറിച്ചെഴുതുമ്പോൾ ആഴമുണ്ടാക്കുന്നതെങ്ങനെ? കേരളത്തിൽ ചിന്തകന്മാരുണ്ടോ? അഗാധതയാർന്ന സാഹിത്യസൃഷ്ടികൾ നമുക്കു നല്കുന്ന സാഹിത്യകാരന്മാരുണ്ടോ?

images/Diogenes.jpg
ഡയോജനീസ്

‘മഹദ് വ്യക്തി’ എന്നു രാജശേഖരന്റെ ഒരു പ്രയോഗം. വലിയ വ്യക്തിയെന്നാണു് അദ്ദേഹം ഉദ്ദേശിച്ചതെങ്കിൽ അതു ‘മഹാവ്യക്തി’ എന്നാകണം. മഹാവാക്യം = വലിയ വാക്യം. മഹദ്വചനം = മഹാന്റെ വാക്യം.

ഒരു സമ്പന്നൻ ഒരിക്കൽ ഡയോജനീസി നെ തന്റെ വീട്ടിലേക്കുക്ഷണിച്ചു. മനോഹരമായ വീടു്. “ഇവിടെയെങ്ങും തുപ്പരുതു്” എന്നു് അവിടെ എഴുതിവച്ചിരുന്നു. ഡയോജനീസിനു തുപ്പണമെന്നു തോന്നി. അദ്ദേഹം ഗൃഹനായകന്റെ മുഖത്തു കാർക്കിച്ചു തുപ്പിയിട്ടു പറഞ്ഞു: “ഇതിനെക്കാൾ വൃത്തികെട്ട സ്ഥലം ഈ വീട്ടിൽ വേറെയില്ല”. വൃത്തികെട്ട സ്ഥലങ്ങളിൽ തത്ത്വചിന്തകന്മാർ തുപ്പുമ്പോൾ അതു ‘സൂപ്പർ ഫിഷലായ’ പ്രവൃത്തിയാണെന്നു് ആരും പറയരുതേ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.