ഇരുപതു വർഷം മുൻപാണു്. സൂര്യോദയം കാണാനായി ഞാൻ കന്യാകുമാരിയിലെ കടപ്പുറത്തു നില്ക്കുകയായിരുന്നു. എന്റെ കൂടെ ഒരു സ്നേഹിതനുമുണ്ടു്. പൊടുന്നനവേയാണു് ഞാൻ ചെറുപ്പക്കാരിയെ കണ്ടതു്. കടലിനെ തൊട്ടു വന്ദിച്ചതിനു ശേഷം അവൾ ഞങ്ങൾക്കു് അഭിമുഖമായി വന്നു. എന്തൊരു സൗന്ദര്യം! ആ പ്രഭാതകാന്തിയിൽ നിന്നു് പൊട്ടി വിടർന്ന വേറൊരു പ്രഭാതകാന്തി പോലിരുന്നു അവൾ. അവളുടെ നെക്ലേസിലെ ചുവന്ന കല്ലുകളിൽ ഓരോന്നിലും ചുവന്ന കൊച്ചു സൂര്യൻ. കൈവളകളിലെ ചുവന്ന കൊച്ചു സൂര്യൻ. കൈവളകളിലെ ചുവന്ന കല്ലുകളിലും അതേ മട്ടിൽ ചുവന്ന സൂര്യന്മാർ. മന്ദസ്മിതത്തോടുകൂടി അവൾ ഞങ്ങളെ കടന്നു പോയപ്പോൾ ഞാൻ കൂട്ടുകാരനോടു് അടക്കിയ സ്വരത്തിൽ ചോദിച്ചു: “ആരു്?” സ്നേഹിതൻ പറഞ്ഞു: “അറിയാൻ പാടില്ലേ? നിങ്ങളുടെ വീട്ടിനടുത്തു തന്നെയാണു് താമസം. ഓഫീസിൽ ജോലി. അമ്പലത്തിൽ തൊഴാൻ വന്നതായിരിക്കണം.”
ഒരു മാസം കഴിഞ്ഞു. കാലത്തു ചാരുകസേരയിൽ കിടന്നു് ആലസ്യത്തോടെ ഞാൻ പത്രം വായിക്കുകയായിരുന്നു. രണ്ടാമത്തെ പുറത്തു കണ്ണോടിച്ചപ്പോൾ അന്നത്തെ ആ സുന്ദരിയുടെ പടം. “എന്റെ എല്ലാമായിരുന്ന ശ്രീമതി… എന്നെ വിട്ടുപിരിഞ്ഞിട്ടു് ഇന്നു് മൂന്നു ദിവസം തികയുന്നു.” ഈ വാക്യത്തിനടുത്തു് ഭർത്താവിന്റെ പേരു്. കന്യാകുമാരിയിലെ പ്രകാശത്തിനു് പകരം അന്ധകാരം. പകരം നിരാശതയും വിഷാദവും. മരണം ആരുടെയും സമ്മതം ചോദിച്ചു കൊണ്ടല്ലല്ലോ ഭവനങ്ങളിൽ കടന്നു വരുന്നതും അതിനു വേണ്ടവരെ കൊണ്ടു പോകുന്നതും. എന്നാൽ അന്നു വൈകുന്നേരത്തു തന്നെ എനിക്കു് കൂടുതൽ നൈരാശ്യവും വിഷാദവും ഉണ്ടായി. ശാസ്തമംഗലത്തെ നാലും കൂടുന്ന വഴിയിൽ ഞാൻ ബസ്സ് കാത്തുനില്ക്കുമ്പോൾ മരിച്ച യുവതിയുടെ ഭർത്താവു് നടന്നു വരുന്നു. എല്ലാ മുഖങ്ങളിലും വിഷാദത്തിന്റെ ദീപ്തിയെന്നു് കവി പറഞ്ഞിട്ടുണ്ടു്. പക്ഷേ, അയാളുടെ മുഖത്തു് ആഹ്ലാദത്തിന്റെ ദീപ്തിയായിരുന്നു. എന്താവാം അതിനു ഹേതു?
ഈ സംഭവത്തിനും വളരെക്കാലം മുൻപു്. എന്റെ ഗുരുനാഥൻ മരിച്ചു കിടക്കുന്നു. ബന്ധുക്കളും ശിഷ്യരായ ഞങ്ങളും ദുഃഖിച്ചു് ഇരിക്കുന്നു. അപ്പോഴുണ്ടു് അദ്ദേഹത്തിന്റെ ഭാര്യ ഒന്നും സംഭവിക്കാത്ത മട്ടിൽ മൃതദേഹത്തിനടുത്തുകൂടെ നടന്നുപോകുന്നു. സങ്കടത്തിന്റെ ഛായ പോലുമില്ല ആ മുഖത്തു്. എന്റെ അടുത്തിരുന്ന ഡോക്ടർ കെ. ഭാസ്കരൻ നായരോ ടു് ഞാൻ ചോദിച്ചു: “സാർ അവർക്കു് ഒട്ടും ദുഃഖമില്ലല്ലോ. എന്താ കാരണം?” സാർ ദേഷ്യത്തോടെ എന്നോടു പറഞ്ഞു: “മിണ്ടരുതു്.” ഞാൻ പിന്നീടൊട്ടു മിണ്ടിയതുമില്ല.

ഇന്നു് ആലോചിക്കുന്നു. മരിച്ച തരുണിയും മരിച്ച ഗുരുനാഥനും യഥാക്രമം ഭർത്താവിനോടും ഭാര്യയോടും ആഴത്തിൽ ബന്ധപ്പെട്ടില്ലായിരിക്കും. ചെറുപ്പക്കാരിക്കു സൗന്ദര്യ പ്രദർശനത്തിലായിരുന്നിരിക്കും കൗതുകം മുഴുവനും. ഗുരുനാഥനു് താൻ പഠിപ്പിച്ചിരുന്ന വിഷയത്തിലും അതിൽ അദ്ദേഹത്തിനു് അതിരു കടന്ന തല്പരത്വം ഉണ്ടായിരുന്നതുകൊണ്ടു് മറ്റൊന്നിലും മനസ്സിരുത്താൻ കഴിഞ്ഞില്ല. മുഷിഞ്ഞ ജൂബയും അഴുക്കു പറ്റിയ മുണ്ടും ധരിച്ചു് ക്ലാസ്സിൽ വരും. ജൂബയുടെ ബട്ടനിടാൻ പലപ്പോഴും മറന്നുപോകും. തല ചീകി വയ്ക്കില്ല. ക്ലാസ്സ് കഴിഞ്ഞ് മേശപ്പുറത്തു കാലുകൾ കയറ്റിവച്ചു് ഉറങ്ങും. ഉറങ്ങിക്കഴിഞ്ഞാൽ പഴഞ്ചൻ സൈക്കിളിൽ കയറി വീട്ടിലേക്കു പോകും. എന്റെ അദ്ധ്യാപകനായിരുന്നു എന്നതുകൊണ്ടു മാത്രം ഞാൻ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിച്ചിരുന്നു. അപ്പോഴപ്പോൾ, മാസികകളിൽ വന്ന ലേഖനങ്ങളിൽ നോക്കിയിരുന്നു. എല്ലാം സൂപ്പർഫിഷലായ രചനകൾ. സാറിനു് ആഴത്തിലുള്ള ജീവിതമില്ലായിരുന്നു. അഗാധതയാർന്ന ചിന്തകളില്ലായിരുന്നു. അതുകൊണ്ടു് രചനകൾ അന്തസ്സാരശൂന്യങ്ങളായി. ജീവിതവും അങ്ങനെതന്നെ. അങ്ങനെയുള്ള ഒരാൾ സ്വന്തം സഹധർമ്മിണിയുടെ മനസ്സിലേക്കു കടക്കുന്നതെങ്ങനെ? അവർ ദുഃഖിക്കാത്തതിൽ ഞാൻ എന്തിനു പരിഭവിക്കണം.
ആഴമാർന്ന ജീവിതവും അഗാധതയാർന്ന ചിന്തകളും ഉള്ളവർക്കു മാത്രമേ പ്രൗഢങ്ങളായ കലാസൃഷ്ടികൾക്കു ജന്മമരുളാൻ കഴിയൂ. ഉദാഹരണങ്ങൾ വായനക്കാർക്കു് ഇപ്പോൾ തോന്നുന്നുണ്ടാവും. എങ്കിലും പറയാം. ടോൾസ്റ്റോയി, ദസ്തെയെവ്സ്കി, റ്റോമാസ് മാൻ, രവീന്ദ്രനാഥടാഗോർ.

“മലകൾ അന്തരീക്ഷത്തെ ചുംബിക്കുന്നു. തിരകൾ തമ്മിൽതമ്മിൽ കെട്ടിപ്പുണരുന്നു. സൂര്യപ്രകാശം ഭൂമിയെ പരിരംഭണം ചെയ്യുന്നു. ചന്ദ്രരശ്മികൾ കടലിനെ ചുംബിക്കുന്നു. നീ എന്നെ ചുംബിക്കുന്നില്ലെങ്കിൽ ഇവയ്ക്കെല്ലാം എന്തു മൂല്യമിരിക്കുന്നു?” എന്നു കവി. പക്ഷേ, ഇതൊരു പഴയ സങ്കല്പമാണു്. എയ്ഡ്സിന്റെ ഈ കാലത്തു ചുംബനം ആപത്തുള്ള പ്രക്രിയയായി മാറിയിരിക്കുന്നു. എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചു് അറിയുന്നതിനു മുൻപു തന്നെ വോള സോയിങ്ക ചുംബനത്തെ നിന്ദിച്ചു. അദ്ദേഹത്തിന്റെ The Lion and the Jewel എന്ന നാടകത്തിൽ ഒരു ചെറുപ്പക്കാരൻ ഒരു ചെറുപ്പക്കാരിയെ ചുംബിക്കുന്നു. അപ്പോൾ അവൾ പറയുകയാണു്:
No, don’t I tell you I dislike
This strange unhealthy mouthing you perform.

മാനസികമായ അടുപ്പമുണ്ടെങ്കിലേ ചുംബനം നടത്താനാവൂ. അടുപ്പമില്ലാതെ തന്നെ സ്പർശമാകാം. കരുതിക്കൂട്ടിയുള്ള സ്പർശം. ആരെ സ്പർശിക്കുന്നുവോ ആ ആൾ പ്രതിഷേധിച്ചാൽ അറിയാതെ തൊട്ടുപോയതാണെന്നു നടിച്ചാൽ മതിയാവും. യുറുഗ്വേയിലെ കഥാകാരൻ ഒറാസ്യോ കീറോഗാ യുടെ (Horacio Quiroga, 1878–1937) അതിസുന്ദരമായ Three letters—and a Foot note എന്ന ചെറുകഥയിൽ ഈ സ്പർശശ്രമത്തെ കലാപരമായി ചിത്രീകരിച്ചിട്ടുണ്ടു്. ബസ്സിൽ കയറുമ്പോഴാണു് സുന്ദരി ഇരിക്കുന്നതു കാണുക. ഉടനെ നിശ്ചലാവസ്ഥയാണു് അയാൾക്കു്. താൻ ചന്ദ്രനെക്കുറിച്ചു വിചാരിക്കുകയാണു് എന്നു നാട്യം. പിന്നീടു് തന്റെ കാലും അവളുടെ കാലും തമ്മിലുള്ള ദൂരം കണ്ണുകൊണ്ടു് അളക്കുകയാണു്. പതുക്കെപ്പതുക്കെ അയാൾ കാലു നീക്കുന്നു. പക്ഷേ, എത്തേണ്ടിടത്തു് എത്തുമ്പോൾ അവളുടെ കാലു് ഇല്ല. തന്റെ വീട്ടിലിരിക്കുന്ന പാവയെക്കുറിച്ചു ചിന്തിക്കുകയാണെന്ന നാട്യത്തോടെ അവൾ സ്വന്തം കാലു മെല്ലെ നീക്കിക്കളയുന്നു. അയാൾക്കു നൈരാശ്യം.

സ്പർശനത്തിനു വഴിയില്ലെങ്കിൽ തീവണ്ടിയിൽ കയറുന്ന പുരുഷൻ അടുത്തിരിക്കുന്ന സുന്ദരിയെ നോട്ടം കൊണ്ടു ബലാത്സംഗം ചെയ്യും. മോപസാങ്ങ് പറഞ്ഞ പോലെ നോട്ടത്താൽത്തന്നെ അവളെ ആദ്യം ‘അൺഡ്രസ്സ്’ ചെയ്യും. ഇതിനെ ആകർഷകമായി വർണ്ണിക്കുകയാണു് പി. പത്മരാജൻ ‘അതിർത്തി’ എന്ന ചെറുകഥയിൽ (കലാകൗമുദി, ലക്കം 585). അയാൾ പാതിരി. നാല്പതു് വയസ്സുണ്ടെങ്കിലും ചെറുപ്പം വിടാത്ത അവളെ കണ്ട മാത്രയിൽ അയാൾക്കു കാമമിളകി. ആകർഷിക്കുന്നതിനു വേണ്ടി അയാൾ ളോഹ അഴിച്ചു മാറ്റി സാധാരണമായ വേഷം ധരിച്ചു. കഴുകന്റെ കണ്ണുകൾ പോലെ അയാളുടെ കണ്ണുകൾ അവളെ സമാക്രമിച്ചു. അതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടു് അവൾ ആ ആക്രമണത്തിനു വിധേയയായിക്കൊടുത്തു. സന്മാർഗ്ഗത്തിന്റെ പേരിൽ, സമൂഹമര്യാദയുടെ പേരിൽ, സംസ്ക്കാരത്തിന്റെ പേരിൽ. ആ വിധേയത്വം ശരിയല്ലെന്നു് അവൾക്കറിയാം. എങ്കിലും ‘ഫാന്റസി’യിലൂടെ അവൾ അയാളുടെ ബലാൽസംഗത്തിന്റെ ബലിമൃഗമായി. കറുത്ത വർഗ്ഗക്കാരിൽ നിന്നു അകന്നു ജീവിക്കുന്ന മദാമ്മമാർക്കു നീഗ്രോകളെ കാണുമ്പോൾ വല്ലാത്ത കാമമാണെന്നു് Calvin C Hernton എഴുതിയ Sex and Racism എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. അകന്നുകഴിയുന്ന പാതിരിമാരെ കണ്ടാൽ ചില പെണ്ണുങ്ങൾക്കു് ഇത്തരം വികാരങ്ങൾ ഇളകിപ്പോകുമായിരിക്കും. “സാമാന്യ ജീവിതത്തിന്റെ പ്രധാന പ്രവാഹത്തിൽ നിന്നു്” മാറി നില്ക്കുന്നവരാണല്ലോ സന്യാസികളും പാതിരിമാരും. മാറി നില്ക്കുന്നവർ കാമം ഉദ്ദീപിപ്പിക്കും. അതുകൊണ്ടാവാം പത്മരാജന്റെ നായികയ്ക്കു് ഈ പ്രച്ഛന്നമായ രതി. പാതിരിയുടെയും സ്ത്രീയുടെയും അബോധാത്മകവും ബോധാത്മകവും ആയ അഭിലാഷത്തെ കഥാകാരൻ ഭേദപ്പെട്ട രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ടു്.
ബൽസാക്കി ന്റെ How The Pretty Maid of Portillon Convinced Her Judge എന്ന കഥയിൽ ബലാത്സംഗത്തെക്കുറിച്ചുള്ള ഒരു തത്ത്വം വിശദമാക്കിയിട്ടുണ്ടു്. ബലാത്സംഗക്കേസ്സ് വിചാരണയ്ക്കു വന്നപ്പോൾ ജഡ്ജി ഒരു സൂചിയെടുത്തു പിടിച്ചിട്ടു് പരാതിക്കാരിയോടു് അതിൽ നൂലു കോർക്കാൻ ആവശ്യപ്പെട്ടു. സൂചിയുടെ ദ്വാരത്തിനടുത്തു് നൂലു ചെല്ലുമ്പോൾ ജഡ്ജി അതു ചലിപ്പിക്കും. അവൾ എത്ര യത്നിച്ചിട്ടും നൂലു കടത്താനേ സാധിച്ചില്ല. അപ്പോൾ ക്ഷമകെട്ടു് അവൾ പറഞ്ഞു: ‘അങ്ങ് ഇങ്ങനെ സൂചി ചലനം കൊള്ളിച്ചാൽ എനിക്കൊരിക്കലും നൂലു കോർക്കാൻ കഴിയുകയില്ല.” അതുകേട്ടു് ജഡ്ജി: “നീയും ഇതുപോലെ പ്രവർത്തിച്ചിരുന്നെങ്കിൽ അയാളും പരാജയപ്പെട്ടു പോയേനേ.” (Droll Stories).
ആവർത്തനം കൊണ്ടു വൈരസ്യം വന്നു പോയ ശൈലി അല്ലെങ്കിൽ ആശയം, ഇതിനെയാണു് ‘ക്ലീഷേ എന്നു വിളിക്കുന്നതു്. കുങ്കുമം വാരികയിൽ കെ. വിലാസിനിയുടേതായി“വനജോത്സ്ന” എന്നൊരു കാവ്യമുണ്ടു്. ഏതാനും വരികളേയുള്ളു അതിൽ. പക്ഷേ, ക്ലീഷേയുടെ കളിയാണെങ്ങും. കണ്ടാലും:
- പുഞ്ചിരിപ്പൂവുകൾ—ക്ലീഷേ
- തെന്നലിൻ തേങ്ങൽ—ക്ലീഷേ
- ഹർഷം വെള്ളിമലരായി വിരിഞ്ഞപ്പോൾ—ക്ലീഷേ
- ദേവനു ചാർത്താൻ മാലകോർക്കുക—ക്ലീഷേ
ഇന്നു വൈകുന്നേരം രാജവീഥിയിലൂടെ നടക്കുമ്പോൾ ഒരു മയിൽപ്പീലി വില്പനക്കാരൻ പീലിക്കെട്ടെടുത്തു വിടർത്തി. ‘വരൂ, വാങ്ങൂ’ എന്നു് ആംഗ്യം കാണിച്ചു. ആ മയിൽപ്പീലി കണ്ടപ്പോൾ എനിക്കു പേടിയായി. ഈ ലോകത്തു ഞാൻ വെറുക്കുന്ന പലതുമുണ്ടു്. അവയിലൊന്നാണു് മയിൽപ്പീലിക്കണ്ണു്. ഒരു പാപാത്മാവിന്റെ നോട്ടമാണു് അതിനു്. പാപികൾ തുറിച്ചുനോക്കുമ്പോൾ നമ്മൾ പേടിക്കും. ആ പേടിയാണെനിക്കു് മയിൽപ്പീലിക്കണ്ണു് എന്റെ നേർക്കു നോട്ടമെറിയുമ്പോൾ. നവീന കാവ്യത്തിലെ പ്രയോഗങ്ങൾ മയിലിന്റെ പീലിയിലെ കണ്ണുകളെ പോലെയാണു്.
പല നിറങ്ങളുള്ള ചിത്രശലഭങ്ങളെ പിടിക്കാൻ വെമ്പിക്കുതിക്കുന്ന കുട്ടിയെപ്പോലെയാണു് കവി. അവയെപ്പിടിച്ചു് ‘ഛന്ദസ്സിന്റെ നൂലുകൊണ്ടു കെട്ടി’ കവി ധവളപത്രത്തിൽ വച്ചു വരുന്നു. വർണ്ണോജ്ജ്വലങ്ങളായ ആ ശലഭങ്ങളെ കാണുമ്പോൾ—വാങ്ങ്മയ ചിത്രങ്ങളെ കാണുമ്പോൾ—നമ്മൾ ആഹ്ലാദിക്കുന്നു. ക്ലീഷേ മാത്രം പ്രയോഗിക്കുന്ന പദ്യകർത്താവിനെ കാണുമ്പോൾ കുഴിയാനയെ തോണ്ടിയെടുക്കുന്ന കുട്ടിയെയാണു് എനിക്കോർമ്മ വരിക. എല്ലാ കുഴിയാനകളും ഒരുപോലെ. ക്ലീഷേ എല്ലാം ഒരുപോലെ. കുഴിയാനകൾ ആർക്കാണു് ആഹ്ലാദം പ്രദാനം ചെയ്തിട്ടുള്ളതു്?
- എവിടെയോ ഒരു സമ്മേളനത്തിനു പോയിട്ടു് ഞാനും ഗൗശീശപട്ടം ശങ്കരൻനായരും തിരിച്ചു തിരുവനന്തപുരത്തേക്കു വരികയായിരുന്നു. കൊല്ലത്തു് എത്തിയപ്പോൾ അന്നു ജനയുഗം വാരികയുടെ എഡിറ്ററായിരുന്ന വൈക്കം ചന്ദ്രശേഖരൻ നായരെ കണ്ടാലെന്തു് എന്നൊരു ‘ഐഡിയ’. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു കയറി. പൂമുഖത്തു് ഒരു സുന്ദരിയായ അഭിനേത്രി കാറു വരാൻ കാത്തിരിക്കുന്നു. ചന്ദ്രശേഖരൻ നായർ അകത്തിരുന്നു് എന്തോ എഴുതുകയായിരുന്നു. വൈദ്യുതി പരാജയപ്പെട്ടതു കൊണ്ടു് ചന്ദ്രശേഖരൻ നായരുടെ എഴുത്തു പലകയിൽ മെഴുകുതിരി. സുന്ദരിയിരിക്കുന്ന പൂമുഖത്തു് അവരുടെ സൗഭാഗ്യത്തിനു യോജിച്ച നിലവിളക്കു്. ഞങ്ങളെല്ലാവരും സംഭാഷണത്തിൽ മുഴുകി. അല്പം കഴിഞ്ഞപ്പോൾ കാറ് വന്നു. അഭിനേത്രി യാത്ര ചോദിച്ചു പോയി. ചന്ദ്രശേഖരൻ നായർ പറഞ്ഞു. രണ്ടു നിലവിളക്കുകളിൽ ഒന്നു കെട്ടു. മറ്റൊന്നു കത്തിക്കോണ്ടിരിക്കുന്നു.
- പാലായ്ക്കടുത്തു വിളക്കുമാടം എന്നൊരു സ്ഥലമുണ്ടു്. അവിടത്തെ ഒരു മാനേജ്മെന്റ് സ്കൂളിൽ ജി. ശങ്കരക്കുറുപ്പി ന്റെ പ്രഭാഷണം. ഇതെഴുതുന്ന ആളും പ്രസംഗിക്കാൻ ചെന്നിട്ടുണ്ടു്. സാധാരണമായ ഒരു തുണിക്കഷണം കമ്പിൽ ചേർത്തു കെട്ടി ബാലൻ ജാഥയിൽ ഉയർത്തിപ്പിടിക്കുമ്പോൾ അതു പതാകയായി മാറുന്നുവെന്നു് മഹാകവി പറഞ്ഞു. തുണിക്കഷണം നിന്ദ്യം. പക്ഷേ, അതുതന്നെ കൊടിയായി മാറ്റുമ്പോൾ പാവനം. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന സാധാരണമായ വാക്കു് കാവ്യത്തിലെ പദമായിത്തീരുമ്പോൾ അതിനു് ദിവ്യത്വമുണ്ടാകുന്നു. തുണിത്തുണ്ടിനു വരുന്ന മാറ്റം പോലെയാണു് അതെന്നു് ശങ്കരക്കുറുപ്പു് വ്യക്തമാക്കി.
- ഞാൻ അന്നത്തെ (1950-ലെ) കവികളുടെ രചനകളെ വിമർശിച്ചു നടന്ന കാലം ജി. എന്നൊടൊരിക്കൽ പറഞ്ഞു: “ചിത്രശലഭങ്ങൾ പൂക്കളിൽ നിന്നു് മറ്റു പൂക്കളിലേക്കു പറക്കുന്നതു് കണ്ടാൽ പോരാ കൃഷ്ണൻ നായർക്കു്. ഒന്നിനെയെങ്കിലും കൈകൊണ്ടു് അടിച്ചു വീഴ്ത്തണം. അങ്ങനെ താഴെ വീണു അതു പിടയ്ക്കുമ്പോൾ മാത്രമേ ചിത്രശലഭം പറന്നു എന്നു നിങ്ങൾക്കു വിശ്വാസമാവൂ.” ഏതു പ്രതിഷേധാർഹമായ വസ്തുതയും അലങ്കാരഭാഷയിലാക്കി വയ്ക്കാൻ വല്ലാത്ത വൈഭവമാണു് ജി. ക്കു്.
- ഉദരത്തിൽ ഒരു ശസ്ത്രക്രിയ ചെയ്തു് ഞാൻ ആശുപത്രിയിൽ കിടക്കുകയായിരുന്നു. അന്നു ഞാനേറ്റവും പേടിച്ചിരുന്നതു സന്ദർശകരെയായിരുന്നു. ചിലർ വന്നാൽ പോകില്ല. മൂന്നു മണിക്കൂർ നേരം ഒറ്റയിരിപ്പു് ഇരുന്നുകളയും. അതും ഇരിക്കുന്നതു് ഞാൻ കിടക്കുന്ന കട്ടിലിൽ തന്നെ. അവിടെയിരുന്നു അയാൾ തിരിയുകയും പിരിയുകയും ചെയ്യുമ്പോൾ കീറിയ ഭാഗം വല്ലാതെ വേദനിക്കും. ഇയാളൊന്നു പോയെങ്കിൽ ബാത്ത്റൂമിൽ പോകാമായിരുന്നു എന്നാണു് എന്റെ വിചാരം. അയാൾ ഒടുവിൽ പോയെന്നു കരുതൂ. വാതിൽ കടക്കുന്നതിനു മുൻപു് വേറൊരുത്തൻ അയാളെ ഇടിച്ചിട്ടു കൊണ്ടു പ്രവേശിക്കും. കള്ളച്ചിരിയോടെ കൈകുപ്പി കട്ടിലിൽ കേറിയിരുന്നു് “കീറിയ സ്ഥലം കാണട്ടെ. വേദനയുണ്ടോ” എന്നൊക്കെ ചോദിക്കും. കുറഞ്ഞതു് ഒരു മണിക്കൂറായിരിക്കും അയാളുടെ ഇരിപ്പു്. പുരുഷന്മാരെ ഇങ്ങനെ സന്ദർശകർ ഉപദ്രവിക്കുന്നതു് മനസ്സിലാക്കാം ഒരളവുവരെ. ചെറുപ്പക്കാരി പ്രസവിച്ചു കിടക്കുന്ന മുറിയിൽ കയറി അവളോടു് ഒരു ബന്ധവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഇസ്പീട് ഗുലാനെപ്പോലെ രണ്ടു മണിക്കൂർ നേരം നില്ക്കുന്നതിന്റെ ഔചിത്യമില്ലായ്മയെക്കുറിച്ചു് എന്തു പറയാനാണു്. അവൾ വേദന കൊണ്ടു പുളയുകയായിരിക്കും. കുഞ്ഞിനു പാലു കൊടുത്തിട്ടു് അയഞ്ഞ കഞ്ചുകത്തോടെ കിടക്കുകയായിരിക്കൂം. കാലൊന്നു എടുത്തു മാറ്റാനോ ബ്ലൗസ് ഒന്നു പിടിച്ചു നേരെയിടാനോ ഈ ഇസ്പീടുഗുലാൻ സമ്മതിക്കില്ല. തുളച്ചു കയറുന്ന നോട്ടവുമായി അവിടെ നിൽക്കും. എന്തൊരു മര്യാദകേടു്! പെണ്ണു പെറ്റുകിടക്കുന്ന മുറിയിൽ അവളുടെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നില്ക്കരുതെന്നു് എല്ലാ അശുപത്രികളിലും നിയമമുണ്ടാക്കണം. അച്ഛൻ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾക്കു പോലും പ്രവേശനം നിയന്ത്രിക്കണം. രോഗം പിടിച്ചോ, പെറ്റു് അവശയായോ കിടക്കുന്ന മലയാളിപ്പെണ്ണിന്റെ മുൻപിൽ കയറി നില്ക്കുന്ന ഒരു ഗുമാലാണു് ദേശാഭിമാനി വാരികയിൽ “നരകോണിയുടെ തണുപ്പു്” എന്ന കഥയെഴുതിയ റഹിം മുഖത്തല. ഇബിലീസ് ഉടയവനെ കാണാൻ വരുന്നു പോലും. ഏറെക്കാലം ദുനിയാവിൽ കഴിഞ്ഞുകൂടിയ അയാൾക്കു് ഇനി അവിടെ പാർക്കാൻ വയ്യ. നരകമാണു് ‘ബറ്റർ പ്ലേസ്.’ എരിയുന്ന നരകത്തിലെ ചൂടു് ഇബിലീസിനു തണുപ്പായി തോന്നിയത്രേ. കലയെ നോക്കി കൊഞ്ഞനം കാണിക്കുന്ന ഇത്തരം കഥകളെ വിമർശനത്തിന്റെ മാനദണ്ഡം കൊണ്ടൊന്നും അളക്കേണ്ടതില്ല. അത്രയ്ക് ഇതു് ദുഷ്ടമാണു്. റഹിം, താങ്കൾ വളരെ നേരമായി ആശുപത്രിയിലെ മുറിയിൽ കയറി നില്ക്കുകയല്ലേ. നേഴ്സ് ബെഡ്പാൻ കൊണ്ടു വരുന്നു. ഒന്നു മാറിനില്ക്കൂ.
കെ. ബാലകൃഷ്ണൻ കൗമുദി പത്രാധിപരായിരുന്ന കാലം. ഞാൻ അദ്ദേഹത്തിന്റെ മുറിയിലിരുന്നു സംസാരിക്കുകയായിരുന്നു. കൂടെ പി. സി. സുകുമാരൻ നായർ, കെ. എസ്. ചെല്ലപ്പൻ എന്നിവരെല്ലാമുണ്ടു്. അപ്പോഴാണു് പാവമാണെങ്കിലും ധാരാളമെഴുതി മനുഷ്യരെ ഉപദ്രവിക്കുന്ന ഒരു സാഹിത്യകാരൻ അവിടെ കടന്നു വന്നതു്. ബാലകൃഷ്ണനു് ആ മനുഷ്യന്റെ വരവു് ഇഷ്ടപെട്ടില്ല. അദ്ദേഹം ആ എഴുത്തുകാരനെ നോക്കി അട്ടഹസിച്ചു: “യൂ ആർ എ ലിറ്റററി ഇംപോസ്റ്റർ. ഗറ്റൗട്ട്” എഴുത്തുകാരൻ പോയില്ല. അവിടെത്തന്നെ പഞ്ചപുച്ഛമടക്കി നിന്നു. ലിറ്റററി ഇംപോസ്റ്റർമാർ അങ്ങനെ പോകില്ല.

കവി ആശയം പ്രതിപാദിച്ചാൽ മാത്രം പോരാ അതിനെ സാക്ഷാത്ക്കരിക്കണം എന്നു് അരവിന്ദ് ഘോഷ് പറഞ്ഞിട്ടുണ്ടു്. അദ്ദേഹത്തിന്റെ “ഫ്യൂച്ചർ പൊയട്രി” എന്ന പുസ്തകം ഞാൻ വായിച്ചിട്ടു് കാലമേറെക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു ഓർമ്മയെ അവലംബിച്ചു മാത്രം, എഴുതുകയാണിപ്പോൾ. “ഈശ്വരൻ സ്വർഗ്ഗത്തുണ്ടു്. ലോകമെല്ലാം ശരിയായി പ്രവർത്തിക്കുന്നു” എന്ന പ്രഖ്യാതമായ കവിവചനം സാക്ഷാത്കരിക്കപ്പെട്ട ആശയമല്ലെന്നാണു് അരവിന്ദ ഘോഷിന്റെ മതം. എന്നാൽ “അനിത്യം അസുഖം ലോകം ഇമം പ്രാപ്യ ഭജസ്വമാം” എന്ന ഗീതാവചനം കവി അന്തർനേത്രം കൊണ്ടു കണ്ടെത്തിയ സത്യമായി പരിലസിക്കുന്നുവെന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അരവിന്ദ് ഘോഷിന്റെ അഭിപ്രായം ശരിയാണെന്നു് നിസ്സാരനായ ഞാൻ പറയേണ്ടതില്ല. കവി എങ്ങനെ ആശയം കണ്ടെത്തി അതിനെ സ്വന്തം അനുഭവമാക്കിത്തീർത്തുവോ അതുപൊലെ സഹൃദയൻ ആ ആശയത്തെ ഉൾക്കാഴ്ചയിലൂടെ സ്വകീയമായ അനുഭവമാക്കി മാറ്റുമ്പോഴാണു് കവിതയുടെ ജനനം. ഉദാഹരണം നൽകട്ടെ. “ഒന്നിന്നുമില്ലനില ഉന്നമനായ കുന്നുമെന്നല്ല ആഴിയുമൊരിക്കൽ നശിക്കുമോർത്താൽ.” എന്നു കുമാരനാശാൻ പ്രസ്താവിച്ചപ്പോൾ അതു വായനക്കാരായ നമ്മുടെ അനുഭവം കൂടിയായി മാറി. എന്നാൽ അതേ ആശയം തന്നെ “ഒന്നു നടുങ്ങി ഞാൻ ആ നടുക്കം തന്നെ മിന്നുമുഡുക്കളിൽ ദൃശ്യമാണിപ്പോഴും.” ജി. ശങ്കരക്കുറുപ്പു് മറ്റൊരു രീതിയിൽ ആവിഷ്കരിക്കുമ്പോൾ അതിന്റെ ചാരുത കണ്ടു് നമ്മൾ ആഹ്ലാദിക്കുന്നു. അതു നമ്മുടെ അനുഭവപ്രപഞ്ചത്തിൽ വന്നു ലയിക്കുന്നില്ല.
മുല്ലനേഴി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “പ്രണാമം” എന്ന കാവ്യത്തിന്റെ ന്യൂനത ഇതാണു്. പ്രാപഞ്ചികശക്തിയെ മാതാവായി സങ്കല്പിക്കുന്ന പ്രക്രിയയ്ക്കു് ഉദാത്തതയുണ്ടു്. ആ ശക്തി വിശേഷത്തിന്റെ മടിയിൽ കിടന്നു വളർന്നു് പില്ക്കാലത്തു് വ്യക്തിയായി മാറുന്നതിന്റെ ചിത്രം ഇവിടെയുണ്ടു്. ആ വ്യക്തി ആ ശക്തിവിശേഷത്തിലേക്കു തിരിച്ചുപോകുന്നു എന്നതിന്റെ ദാർശനികതലത്തിനു് ആകർഷകത്വമുണ്ടു്. വൃത്തവും അലങ്കാരവും ബിംബകല്പനയും ഇവിടെയുണ്ടു്. പക്ഷേ, കവി സാക്ഷാത്കരിച്ച ആശയമായി കാവ്യത്തിലെ ആശയം എനിക്കു് അനുഭവപ്പെട്ടില്ല. കിഴക്കൻ ചക്രവാളത്തിലെ തേജസ്സിന്റെ ഗോളം കാന്തി ചിന്തുമ്പോൾ നമ്മളും ആ പ്രഭാപൂരത്തിന്റെ ഒരംശമായി മാറുകയില്ലേ? അതുപോലെ കാവ്യത്തിൽ നമ്മൾ ആമജ്ജനം ചെയ്യണം. അതിനു് എനിക്കു കഴിയുന്നില്ല മുല്ലനേഴിയുടെ കാവ്യം വായിക്കുമ്പോൾ.
കനിവാർന്നമ്മതന്നോരീ
ജന്മം സഫലമാക്കുവാൻ
അണു, ബ്രഹ്മാണ്ഡമായു് നില്ക്കു
മമ്മയെ പ്രണമിക്കുക
എന്ന കാവ്യഭാഗവും പഴയ തിരുവിതാംകൂർ സർക്കാരിന്റെ കോപ്പിബുക്കിലെ വാക്കുകളും തമ്മിൽ എന്തേ വ്യത്യാസം?

വാക്കുകൾ എത്ര അനായാസമായിട്ടാണു് ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നതെന്നു ഗ്രഹിക്കണമെങ്കിൽ ജോസഫ് ഹെല്ലർ എഴുതിയ Something happened എന്ന നോവൽ വായിക്കണം. അടച്ചിട്ട വാതിലുകൾ കഥാനായകനെ എങ്ങനെ പേടിപ്പിക്കുന്നുവെന്നു് അയാൾ തന്നെ പറയുകയാണു്:
“Even at work, where I am doing so well now the sight of a closed door is sometimes enough to make me dread that something that is going to affect me adversely… May belt was the day I came home unexpectedly with a fever and a sore throat and caught my father is bed with my mother that left me with my fear of doors, my fear of opening doors and my suspicion of closed ones. Or may be it was the day I did open another door and saw my big sister standing naked, drying herself on the white tile floor of the bathroom.” (PP. 9 and 10, Corgi Edition)

പ്രൊഫസർ ചന്ദ്രികാ ശങ്കരനാരായണൻ സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുന്നവരാണു് എന്നാണെന്റെ വിചാരം. ഭൗതികവാദത്തിലാണു് ശ്രീമതിക്കു തല്പരത്വമെന്നും എനിക്കു വിചാരമുണ്ടു്; ആ വിചാരങ്ങൾക്കു് അടിസ്ഥാനമില്ല. ഞാനങ്ങു വിചാരിക്കുന്നുവെന്നു മാത്രം. ചന്ദ്രികാ ശങ്കരനാരായണന്റെ രചനകൾ മുൻപെങ്ങോ വായിച്ച ഓർമ്മയിൽ നിന്നാവാം അവയുടെ ജനനം. “ജ്യോതിഷം ഒരു കപടശാസ്ത്രം” എന്ന സാമാന്യമായ തലക്കെട്ടിൽ “ശകുനത്തിന്റെ മനഃശാസ്ത്രം” എന്നതിനെക്കുറിച്ചു് അവർ മാമാങ്കം വാരികയിലെഴുതിയതു് ഞാൻ വായിച്ചു. ശകുനത്തെ വ്യക്തിയുടെ വിശ്വാസമാക്കി കണ്ടുകൊണ്ടു് പ്രൊഫസർ മാറി നില്ക്കുന്നു. അതു വെറും വിശ്വാസമാകാം, അന്ധവിശ്വാസവുമാകാം. പക്ഷേ, അതു (ശകുനം) പലപ്പോഴും ശരിയായി വരുന്നുണ്ടു്. അതുപോലെയാണു് ജ്യോൽസ്യത്തിന്റെയും അവസ്ഥ. ജ്യോൽസ്യത്തിന്റെ പ്രമേയങ്ങളെ (ഒരുദാഹരണം വ്യക്തിയുടെ ജോലി ഉദയസൂര്യന്റെ ആധിപത്യത്തെ ആശ്രയിച്ചിരിക്കുന്നു) Michel Gauquelin എന്ന സ്റ്റാറ്റിസ്റ്റീഷ്യൻ കംപ്യൂട്ടറിൽ ഇട്ടുനോക്കി. ഫലം പ്രമേയത്തോടു് ഒത്തിരുന്നു. വേറേ പല ജ്യോതിഷ പ്രമേയങ്ങളും കംപ്യൂട്ടറിൽ വച്ചു പരിശോധിച്ചു. അവയും ശരിയാണെന്നു തെളിഞ്ഞു. ഇതിനു ശേഷം നിരീശ്വരനും മനഃശാസ്ത്രജ്ഞനുമായ Eysenck ഈ കണ്ടുപിടിത്തങ്ങൾ തെറ്റാണെന്നു് തെളിയിക്കാൻ ശ്രമിച്ചു. ഫലപ്പെട്ടില്ല. Gauquelin കണ്ടുപിടിച്ചതൊക്കെ ശരിയാണെന്നു് അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. ഇന്നു് Eysenck ഏതാണ്ടൊരു “ജ്യോൽസ്യത്തിന്റെ സുപ്രമാണിതയെ സ്ഥാപിക്കുന്നു. പ്രത്യക്ഷമായ പ്രപഞ്ചത്തെക്കാൾ അപ്രത്യക്ഷമായ പ്രപഞ്ചമാണു് നമ്മെ ഭരിക്കുന്നതു്. വിദ്യുച്ഛക്തിയും ന്യൂക്ളിയർ എനർജിയും നമ്മൾ നേരിട്ടു കാണുന്നില്ല. എങ്കിലും നമ്മൾ അവയുടെ അടിമകളാണു്. സമഗ്രാധിപത്യമോ ഏകാധിപത്യമോ ജനാധിപത്യമോ അല്ല നമ്മളെ നിയന്ത്രിക്കുന്നതു്. നേത്രം കൊണ്ടു് കാണാനാവാത്ത ഇലക്ട്രോണുകളൂം പ്രോട്ടോണുകളുമാണു്. അങ്ങനെയിരിക്കുമ്പോൾ ഒരു കൊച്ചവയവം കൊണ്ടു് (മനുഷ്യന്റെ കണ്ണു കൊണ്ടു്) കാണുന്നതു മാത്രമാണു് സത്യമെന്നു് എങ്ങനെയാണു് പറയുക? തകഴി ശങ്കരനാരായണൻ ക്ളിന്റ് എന്ന കാവ്യത്തിൽ പറഞ്ഞതുപോലെ “ശാന്തി ശന്തി കാലത്തിൽ കുരുന്നേ നിനക്കമ്മയീശ്യാമഭൂമിതൻ ശാന്തി” എന്നു നമുക്കും പറയാം.
വളരെക്കാലം കൂടി മഹാപണ്ഡിതനായ എം. എച്ച്. ശാസ്ത്രികളെ റോഡിൽ വച്ചു കണ്ടു. എന്റെ കൂടെയുണ്ടായിരുന്ന ഒരാൾ “സാറിനെ പരാമർശിച്ചു കൃഷ്ണൻ നായർ എഴുതുന്നതെല്ലാം കാണുന്നുണ്ടോ? എന്നു ചോദിച്ചു. ശാസ്ത്രികൾ പറഞ്ഞു. പരാമർശം എന്ന പ്രയോഗം തെറ്റു്. ഞാൻ, സംസ്കൃത ഗ്രന്ഥങ്ങൾ മറിച്ചു നോക്കി. തപഃപരാമർശവിവൃദ്ധമന്യോഃ എന്നു ‘കുമാരസംഭവ’ത്തിൽ. തപസു ആമ്രസ്കന്ദനേന എന്നുമല്ല: നാഥൻ. ആസ്കന്ദനം ആക്രമണം പരാമർശത്തിനു് ആക്രമണം എന്നർത്ഥം. യാജ്ഞസേന്യാഃ പരാമർശഃ എന്ന മഹാഭാരതത്തിലും. എം. എച്ച്. ശാസ്ത്രികൾ പറഞ്ഞതു ശരി. സംസ്കൃതത്തിൽ അവഗാഹമുണ്ടെങ്കിലേ തെറ്റു കൂടാതെ മലയാളമെഴുതാനാവൂ.