സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-03-22-ൽ പ്രസിദ്ധീകരിച്ചതു്)

അമ്പതു വർഷങ്ങൾക്കു മുൻപുള്ള ഒരു സംഭവമാണു ഞാനിവിടെ വിവരിക്കുന്നതു്. എന്റെ ബന്ധുവായ ഒരു പെൺകുട്ടിയെ തെക്കൻ തിരുവിതാംകൂറിലുള്ള ഒരു ഭയങ്കരൻ വിവാഹം കഴിക്കാനിടയായി. അയാളുടെയും അയാളുടെ അമ്മയുടെയും ക്രൂരതകൊണ്ടു് അവൾക്കു് ആ ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വയ്യ എന്ന അവസ്ഥ വന്നുചേർന്നു. അവൾ ഗർഭിണിയായപ്പോൾ കുഞ്ഞിന്റെ ജനനം കൊണ്ടു ദാമ്പത്യത്തിനു ദാർഢ്യമുണ്ടാകരുതെന്നു കരുതി അമ്മായി അവളുടെ ശരീരത്തിനകത്തു ക്വയിന കടത്തി. വെളുത്തു സുന്ദരിയായിരുന്ന അവൾ കറുത്തുനീഗ്രോ സ്ത്രീയായി മാറി സ്വന്തം വീട്ടിലേക്കു പോന്നു. അയാളുടെ അനുജൻ ബംഗാളിലോ മറ്റോ ജോലിക്കു പോയി മടങ്ങിവന്നപ്പോൾ അവിടെയുള്ള ഒരു ചെറുപ്പക്കാരിയെ ഭാര്യയാക്കി കൊണ്ടുവന്നു. അവൾക്കു മാതൃഭാഷ മാത്രമേ അറിയാവൂ. ഇംഗ്ലീഷ് അറിഞ്ഞുകൂടാ. ആ പാവപ്പെട്ട പെണ്ണിനെയും അമ്മായിയമ്മ വല്ലാതെ പീഡിപ്പിച്ചു. ഒരു ദിവസം എനിക്കവളെ കാണാനിടവന്നു. കണ്ണീരൊഴുക്കിക്കൊണ്ടു് അവൾ ജീവിതത്തിന്റെ കദനകഥ എന്നോടു സ്വന്തം ഭാഷയിൽ പറഞ്ഞു. ഒരക്ഷരംപോലും എനിക്കു മനസ്സിലായില്ല. അമ്മായിയമ്മ ചൂടുപിടിപ്പിച്ച ചട്ടുകമോ മറ്റോ വച്ചു പൊള്ളിച്ച കൈ എന്റെ നേർക്കു നീട്ടി അവൾ അതുമിതും പുലമ്പി. തിരുവനന്തപുരത്തേക്കു് തിരിച്ചു പോരാൻ ബസ്സിൽ കയറിയിരുന്നപ്പോൾ അകലെ കണ്ട ക്ഷേത്രത്തിലേക്കു് നോക്കി ഞാൻ ചോദിച്ചു: “ഈശ്വരാ, എനിക്കും എന്നെപ്പോലുള്ളവർക്കും അർത്ഥം പകർന്നുതരാൻ പ്രഗൽഭമായ ഒരു ഭാഷ അങ്ങ് അവൾക്കു് നല്കാത്തതെന്താണു്?” കുറെ മാസങ്ങൾ കഴിഞ്ഞ് അവിടെ നിന്നു് തിരുവനന്തപുരത്തെത്തിയ ഒരു സുഹൃത്തിനോടു് ഞാൻ ചോദിച്ചു: “ആ ബംഗാൾകാരിയുടെ ഇപ്പോഴത്തെ ജീവിതമെങ്ങനെ?” അയാൾ ശോകാകുലനായി മറുപടി നൽകി: “അറിഞ്ഞില്ലേ? അവൾ ഒരു ദിവസം കാലത്തു് റോഡ് മുറിച്ചു് വിശാലമായ പറമ്പിലൂടെ നടന്നുപോകുന്നതു ചിലർ കണ്ടു. പിന്നെ അവൾ വീട്ടിൽ തിരിച്ചെത്തിയില്ല. ബംഗാളിൽ ജോലിയിലിരിക്കുകയാണു് ഭർത്താവു്. അയാൾ അവളുടെ തിരോധാനത്തെക്കുറിച്ചു് അറിഞ്ഞിരിക്കില്ല. അമ്മായിയമ്മയ്ക്കു് അവൾ തിരിച്ചെത്താത്തതിൽ സന്തോഷമേയുള്ളു.” നവീന മലയാളത്തിന്റെ ദുരവസ്ഥ കണ്ടു് ഞാൻ ഈശ്വരനോടു് ചോദിക്കുന്നു: “എനിക്കും എന്നെപ്പോലുള്ളവർക്കും അർത്ഥം പകർന്നുതരാൻ പ്രഗൽഭമായ ഒരു ഭാഷ അങ്ങ് മലയാള മങ്കയ്ക്കു് നല്കാത്തതെന്താണു്? ഇന്നു് അവൾ ദുർഗ്രഹമായ ഏതോ ഭാഷ സംസാരിക്കുകയാണല്ലോ. അവളുടെ തീവ്രയാതന അങ്ങു കാണുന്നില്ലേ?”

‘അമ്പതു വർഷങ്ങൾ’ എന്നു മുകളിലെഴുതിയതു് ശരിയോ എന്നു ഏതോ ഒരു വൈയാകരണൻ ചോദിക്കുന്നു. ശരിയെന്നു് എന്റെ ഉത്തരം. നപുംസക നാമങ്ങൾക്കു ബഹുത്വം സൂചിപ്പിക്കുന്ന പ്രത്യയം വേണ്ടെന്നു എ. ആർ. രാജരാജവർമ്മ എഴുതിയതു് അത്രകണ്ടു് ശരിയല്ല. ഒരു വർഷം പോലെയല്ല അടുത്ത വർഷം. അതിനാൽ വർഷങ്ങൾ എന്നു തന്നെ വേണം. ഒരു പറമ്പിൽ തെങ്ങുകൾ പത്തുണ്ടെന്നു കരുതു. ഒരു തെങ്ങിനും വേറൊരു തെങ്ങിനും വ്യത്യാസമില്ലാത്തതു കൊണ്ടു് പത്തു തെങ്ങ് എന്നു പ്രയോഗിക്കാം. എന്നാൽ പറമ്പിൽ മാവു്, പ്ലാവു്, ഇങ്ങനെ വിഭിന്ന ജാതിയിൽപ്പെട്ട പത്തു വൃക്ഷങ്ങൾ ഉണ്ടെങ്കിൽ “പത്തു മരങ്ങൾ” എന്നു പ്രയോഗിക്കണം. ഒരു ഉപന്യാസത്തിൽ നിന്നു വിഭിന്നമാണു് മറ്റൊരു ഉപന്യാസം. അതിനാൽ പതിനഞ്ച് ഉപന്യാസങ്ങൾ എന്നേ പറയാവൂ. കുട്ടിക്കൃഷ്ണമാരാർ “പതിനഞ്ചുപന്യാസം” എന്നു് തന്റെ പുസ്തകത്തിനു പേരിട്ടതു തെറ്റാണു്.

ശോകത്തിന്റെ ലോകം
images/Ramakrishnapainting-c.jpg
ശ്രീരാമകൃഷ്ണൻ

ശ്രീരാമകൃഷ്ണൻ മിസ്റ്റിക്കായിരുന്നു. അദ്ദേഹം ഈശ്വരനെ കണ്ടു. ശിഷ്യൻ വിവേകാനന്ദനു് ഈശ്വരനെ കാണിച്ചു കൊടുക്കുകയും ചെയ്തു. ടാഗോർ കവിയും മിസ്റ്റിക്കുമായിരുന്നു. അദ്ദേഹം കാവ്യദേവതയെ സാക്ഷാത്കരിച്ചു. പരമസത്യം സാക്ഷാത്കരിച്ചു. അൽഡസ് ഹക്സിലി മെസ്കലിൻ കഴിച്ചു് വേറൊരു ലോകത്തു ചെന്നു. അതു് അതീന്ദ്രിയ ലോകമാണെന്നും മിസ്റ്റിസിസത്തിന്റെ ലോകമാണെന്നും തെറ്റിദ്ധരിച്ചു. തോട്ടം ശങ്കരൻ നമ്പൂതിരിയും കുറിച്ചിയിൽ കുഞ്ഞൻ പണിക്കരും തങ്ങൾ ആവിഷ്ക്കരിച്ച കഥാപാത്രങ്ങളിലൂടെ അവരെത്തന്നെ കണ്ടു. അനുഗൃഹീതനായ കവി കക്കാടു് കാവ്യാംഗനയേയും ജീവിതത്തെയും തന്റെ ദർശനപഥത്തിൽ കൊണ്ടുവന്നു. മരണത്തെക്കുറിച്ചു യഥാർത്ഥമായ ‘വിഷനോടു’കൂടി (vision) കാവ്യം രചിച്ചു. ആ നല്ല കവിയുടെ അന്ത്യത്തെക്കുറിച്ചു മേലൂർ വാസുദേവൻ ഹൃദയത്തിന്റെ അടിത്തട്ടോളം ഇറങ്ങിച്ചെല്ലുന്ന ഒരു കാവ്യം എഴുതിയിരിക്കുന്നു ദേശാഭിമാനി വാരികയിൽ. മണ്ണിൽ കുഴിച്ചിടുന്ന വിത്തു് ക്രമേണ കിളിർത്തു് വളർന്നു് ചെടിയായി മരമായി മാറുന്നതുപോലെ ശോകബീജം ഇവിടെ വരിതോറും വികാസം കൊണ്ടു് “പന്തലിക്കു”ന്നു.

“ഇന്നലെ തിടുക്കത്തിൽ അങ്ങയെ കാണാനെത്തി

ചെന്നിണം വാർന്നേനില്ക്കും ഈറനാം സന്ധ്യയ്ക്കു ഞാൻ

തുടിക്കും കരളുമായ് തെല്ലിട ശങ്കിച്ചു ഞാൻ

വിനയാന്വിതം നിന്നാ വീട്ടിന്റെ വരാന്തയിൽ

സുസ്മിതാർദ്രയായ് ഭവൽ പ്രേയസി മന്ദം ചൊല്ലി

നിദ്രയാണെന്നാകിലും കടന്നു കാണാമല്ലോ.

എന്നു തുടക്കം. ഈ സമാരംഭം പോലെ തന്നെ കലാത്മകമാണു് പര്യവസാനവും. ഒരിക്കലും രൂപംകൊള്ളാത്ത ലോകത്തിനുവേണ്ടി ഞാൻ തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഈ കവി ഏതാനും വരികൾ കൊണ്ടു് ശോകത്തിന്റെ ലോകം സൃഷ്ടിച്ചുവയ്ക്കുന്നു.

images/SwamiVivekananda1892.jpg
വിവേകാനന്ദൻ

സിംഹത്തിനു കടുവയെ പുച്ഛമാണോ? കടുവ സിംഹത്തെ പുച്ഛിക്കുന്നോ? രണ്ടുമില്ല. എന്റെ വീട്ടിന്റെ മുറ്റത്തു പനിനീർച്ചെടി പൂത്തുനില്ക്കുന്നു. തൊട്ടടുത്തു ഡാലിയയും. രണ്ടു ചെടികൾക്കും സൗന്ദര്യം: പൂത്തുനില്ക്കുന്നതിനാൽ. പക്ഷേ, റോസിനു് ഡാലിയയോടും ഡാലിയയ്ക്കു് റോസിനോടും പുച്ഛമില്ല. ഒന്നു മരിച്ചാൽ മറ്റൊന്നു കരയുകയുമില്ല. ഞാൻ എന്റെ രീതീയിൽ ജീവിച്ചു. ഇതാ മരിക്കാൻ പോകുന്നു എന്നു ഓരോ ചെടിയും വിചാരിക്കും. അത്രേയുള്ളു. മനുഷ്യൻ മാത്രം വ്യത്യസ്തൻ. ഒരു കവിക്കു മറ്റൊരു കവിയോടു പുച്ഛം. ഒരു കഥാകാരനും മറ്റൊരു കഥാകാരനോടു പുച്ഛം. പക്ഷേ, അവരിൽ ഒരുത്തൻ മരിക്കട്ടെ. കവി നാഴികകൾ സഞ്ചരിച്ചു് മരിച്ച കവിയുടെ ശവസംസ്കാരത്തിൽ പങ്കെടുക്കും. പിന്നീടു് കേമമായി പ്രസംഗിക്കും.

images/NNKakkad.jpg
കക്കാട്

ഞാൻ വിഭിന്നനോ? ഏയ്, അല്ല. കക്കാട് ജീവിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ ഏതെങ്കിലും കാവ്യത്തെക്കുറിച്ചു ഞാൻ നല്ലവാക്കു പറഞ്ഞോ? ഇല്ലേയില്ല. ക്യാൻസർ വന്നു മരിക്കാറായി എന്നു കണ്ടപ്പോൾ ഞാൻ ഓടിച്ചെന്നു അദ്ദേഹത്തെ കാണാൻ. കക്കാടിനു രോഗമില്ലാതിരുന്നെങ്കിൽ? ഒരു സംശയവും വേണ്ട, ഞാൻ പോകുമായിരുന്നില്ല. കക്കാടു് മരിച്ചപ്പോൾ ഞാൻ “സഫലമീയാത്ര”യെക്കുറിച്ചു പറഞ്ഞു തുടങ്ങി. മരണവാർത്തയറിഞ്ഞു ദുഃഖിച്ചു. കണ്ണീരൊഴുക്കി. എന്റേതു ഞാനറിയാതെ ഒഴുകിയ കള്ളക്കണ്ണീരായിരുന്നു. ലളിതാംബിക അന്തർജ്ജന ത്തിന്റെ മരണത്തിൽ, കക്കാടിന്റെ മരണത്തിൽ കണ്ണീരൊഴുക്കുന്ന കവികളേ, കഥാകാരന്മാരേ നിങ്ങളെല്ലാവരും എം. കൃഷ്ണൻ നായന്മാരാണു്.

സ്ഥൂലീകരണം—കലയിൽ

പ്രത്യക്ഷത്തിൽ പ്രമാദം എന്നു തോന്നാത്ത ഏതു നിരൂപണവും ഏതു വിമർശനവും സ്വാഗതാർഹമാണു് (പ്രമാദം = അനവധാനത) ഗോൾഡ്മാൻ എന്ന നിരൂപകൻ ആങ്ദ്രേ മൽറോ യുടെ നോവലുകളെ അപഗ്രഥിച്ചതുപോലെ ഇവിടെയൊരു നിരൂപകൻ ഇവിടത്തെ ഒരു ഛോട്ടാ നോവലിസ്റ്റിന്റെ കൃതികളെ അപഗ്രഥിച്ചാൽ അതു് തെറ്റാണെന്നു നമ്മൾ പറയും. കാരണം മൽറോയുടെ നോവലുകൾക്കുള്ള ‘ഡെൻസിറ്റി’ ഇവിടുത്തെ സാഹിത്യകാരന്റെ നോവലുകൾക്കു് ഇല്ല എന്നതുതന്നെ. എന്നാൽ ‘ചെമ്മീൻ’ മനോഹരമായ ഒരു പ്രേമകഥയാണെന്നു് ഒരു നിരൂപകൻ പറയുകയും അതു് ദുർബ്ബലമായ കഥാപാത്ര സ്വഭാവാവിഷ്കരണത്താൽ വിരൂപമായ ഒരു കൃതിയാണെന്നു വേറൊരു വിമർശകൻ അഭിപ്രായപ്പെടുകയും ചെയ്താൽ ആ രണ്ടഭിപ്രായങ്ങളും ഒരേ മട്ടിൽ സ്വീകരണീയങ്ങളാവും. ഹേതുവുണ്ടു്. നിരൂപകനും വിമർശകനും ‘ചെമ്മീൻ’ എന്ന നോവലിന്റെ അർത്ഥ വിശേഷത്തിൽ സ്പർശിക്കുകയാണു്. ഈ നിരൂപണവും വിമർശനവുമാണു് കലാസൃഷ്ടികൾക്കു ജീവൻ നല്കുന്നതു് എന്നു് തകഴി യുടെ കൃതികളെക്കുറിച്ചു് നിരൂപകൻ/വിമർശകൻ മൗനം അവലംബിക്കുന്നുവോ അന്നു തൊട്ടു് ആ കൃതികൾ മരിച്ചു തുടങ്ങും. അതിനാൽ വിമർശനത്തെ (പ്രതികൂലമായി പറയുക എന്നതിനെ) കലാകാരന്മാർ പ്രോത്സാഹിപ്പിക്കേണ്ടതാണു്. കലാസൃഷ്ടികൾ മരിക്കാതിരുന്നു് കൂടുതൽ കൂടുതൽ സമ്പന്നതയാർജ്ജിക്കുന്നതു് നിരൂപണത്താലാണു്, വിമർശനത്താലാണു്. അവ രണ്ടും ആദ്യം പറഞ്ഞ രീതിയിൽ ഉന്മാദമാകരുതെന്നേയുള്ളൂ.

ഈ ചിന്താഗതിയോടെയാണു് ഞാൻ കെ. സി. നാരായണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘മലയാളിയുടെ രാത്രികൾ’ എന്ന ലേഖനം വായിച്ചു തീർത്തതു്. കഥകളിയുടെ എല്ലാ അംശങ്ങളിലും കാണുന്ന സ്ഥൂലീകരണം അവയിലെ കഥാപാത്രങ്ങളിൽ കാണാം എന്നു പ്രബന്ധകാരൻ സ്ഥാപിക്കുന്നു. കഥകളിയിലെ കഥാപാത്രങ്ങളുടെ ഈ സ്ഥൂലീകൃതാവസ്ഥയാണു് സി. വി. രാമൻ പിള്ള യുടെ കഥാപാത്രസങ്കല്പത്തെ സ്വാധീനിച്ചതെന്നു് രണ്ടാമതായി അഭിപ്രായപ്പെടുന്നു. സി. എൻ. ശ്രീകണ്ഠൻ നായരു ടെ പ്രതിനായക സങ്കല്പത്തിലും കഥകളിയിലെ സ്ഥൂലീകരണം ദൃശ്യമാണെന്നാണു് നാരായണന്റെ മതം. ആകർഷകത്വമുള്ള ശൈലിയിലൂടെ പ്രബന്ധകാരൻ ഈ മതങ്ങൾ ആവിഷ്കരിക്കുന്നു. യുക്തി കലർന്ന ഏതു നിരൂപണവും കൃതിയുടെ സമ്പന്നത വർദ്ധിപ്പിക്കുന്നു എന്ന നിലയിൽ ഇവയൊക്കെ ആദരിക്കത്തക്കവയാണു്. അങ്ങനെ ആദരിച്ചുകൊണ്ടു് ഇവിടെയൊരു ‘ഡിസ്സെന്റിങ് ജഡ്ജ്മെന്റ്’ നടത്തിക്കൊള്ളട്ടെ. സി. വി. രാമൻ പിള്ളയുടെ കഥാപാത്രങ്ങളെക്കുറിച്ചും സി. എൻ. ശ്രീകണ്ഠൻ നായരുടെ കഥാപാത്രങ്ങളെക്കുറിച്ചും ഒറ്റശ്ശ്വാസത്തിൽ അഭിപ്രായം പറയാവുന്നതല്ല. സി. വി.യുടെ കഥാപാത്രങ്ങൾ സത്യത്തിനു കപ്പം കൊടുക്കുന്നു. സി.എന്നിന്റെ കഥാപാത്രങ്ങൾ പ്രഭാഷണ വിദ്യക്കും. ഹരിപഞ്ചാനനനും ചന്ത്രക്കാരനും അർക്കകാന്തിയാണുള്ളതു്. സി. എൻ. ശ്രീകണ്ഠൻ നായരുടെ രാവണനും മറ്റും പെട്രോമാക്സിന്റെ കൃത്രിമ പ്രകാശം മാത്രമേയുള്ളൂ. ഈട്ടിമരം സ്വാഭാവികം. അതു മുറിച്ചു പലകയാക്കി ആ പലക കൊണ്ടു് കസേര നിർമ്മിച്ചാൽ അതു കൃത്രിമോപകരണം. സി. വി.യുടെ കഥാപാത്രങ്ങൾ ഈട്ടിത്തടികൾ; സി.എന്നിന്റെ കഥാപാത്രങ്ങൾ ഈട്ടിക്കസേരകൾ.

images/ThevadiNarayanaKurup.jpg
തേവാടി നാരായണക്കുറുപ്പു്

സി. എൻ. ശ്രീകണ്ഠൻ നായരുടെ ‘കാഞ്ചനസീത’ എന്ന നാടകം കണ്ടിട്ടു് നാടകശാലയിൽ നിന്നു പുറത്തേക്കു പോന്ന തേവാടി നാരായണക്കുറുപ്പു് ശ്രീകണ്ഠൻ നായരെ വിളിച്ചുപറഞ്ഞു: “ശ്രീകണ്ഠാ, ശ്രീരാമൻ അനുജൻ ഭരതനെ കാരണമില്ലാതെ മർദ്ദിക്കുന്നവനാണെന്നു് വേണമെങ്കിൽ എഴുതിക്കോ. പക്ഷേ, നാടകം കാണുന്ന എനിക്കു തോന്നണം ശ്രീരാമൻ ആ വിധത്തിൽ ഒരുത്തനാണെന്നു്. നീ വെറുതെയങ്ങു അതു പറഞ്ഞാൽ പോരാ.”

ചോദ്യം, ഉത്തരം

ചോദ്യം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ധ്യയ്ക്കു് നിങ്ങളെന്തു കണ്ടു?

ഉത്തരം: ഞാൻ ഈശ്വര വിശ്വാസിയാണെങ്കിലും വിഗ്രഹാരാധകനല്ല. അതുകൊണ്ടു് അമ്പലത്തിൽ പോകാറില്ല. എങ്കിലും അവിടെ കത്തിച്ചുവച്ച നെയ്ത്തിരികൾ ഈശ്വരനെ കൈകൂപ്പി വന്ദിക്കുന്നതു കണ്ടു.

ചോദ്യം: ബാല്യകാലസഖി യുഗം നിർമ്മിച്ച നോവലാണെന്നു് നിങ്ങൾ പലപ്പോഴും എഴുതിക്കണ്ടിട്ടുണ്ടല്ലോ. ഇതു് സിൻസിറിറ്റിയോടു കൂടി ചെയ്ത പ്രസ്താവമാണോ?

ഉത്തരം: രാമരാജാബഹദൂർ മലയാള സാഹിത്യത്തിൽ യുഗം നിർമ്മിച്ചതുപോലെ ബാല്യകാലസഖി മറ്റൊരു യുഗം സൃഷ്ടിച്ചു. അതിനുശേഷം ‘ഖസാക്കിന്റെ ഇതിഹാസം’ വേറൊരു യുഗനിർമ്മിതിക്കു കാരണമായി ഭവിച്ചു. പക്ഷേ, വിശ്വസാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ ‘ബാല്യകാലസഖി’ ഒരു ട്രിവിയൻ മസ്കിറ്റോയാണു്.

ചോദ്യം: അടുത്ത കാലത്തു് അന്തരിച്ച സംസ്കൃത പണ്ഡിതന്മാരിൽ അദ്വിതീയനും പുരുഷരത്നവുമായിരുന്ന ഒരാളിന്റെ പേരു പറയൂ?

ഉത്തരം: തിരുവനന്തപുരം സംസ്കൃത കോളേജിൽ സാഹിത്യവിഭാഗത്തിൽ പ്രൊഫസറായിരുന്ന ഇ. വി. ദാമോദരൻ.

ചോദ്യം: ഡൽഹി ദൂരദർശനിലെ ഇംഗ്ലീഷ് ന്യൂസ് വായനക്കാരെക്കുറിച്ചു അഭിപ്രായം പറയൂ?

ഉത്തരം: പറയാം. തികച്ചും പേഴ്സനലാണു് ഈ അഭിപ്രായം. പലരും എന്നോടു യോജിക്കില്ലെന്നു എനിക്കറിയാം

ഗീതാഞ്ജലി അയ്യർ:
പഴയ ഹാർമ്മോണിയത്തിൽ നിന്നു വരുന്ന ദുർബല സംഗീതം പോലിരിക്കുന്നു അവരുടെ വായന.
റിനി സൈമൺ:
നിത്യ ജീവിതത്തിൽ മാത്രമല്ല സ്ത്രീകൾക്കു ഡിഫെൻസീവ് മെക്കാനിസം വേണ്ടതു ന്യൂസ് വായിക്കുമ്പോഴും അതു കൂടിയേ തീരൂ എന്നു ഈ ചെറുപ്പക്കാരി വ്യക്തമാക്കുന്നു. അവരുടെ വാക്കുകൾ പനിനീർപ്പൂക്കളല്ല, കല്ലേറുകളാണു്.
ജങ്:
അസഹനീയം എന്നതു് ഒരു മൈൽഡ് എക്സ്പ്രെഷൻ.
മിനു:
വാർത്തയെക്കാൾ സ്വന്തം ചിരിക്കു പ്രാധാന്യമുണ്ടെന്നു തെറ്റിദ്ധരിച്ച പാവം. ‘എ റിപോർട്ട്’ എന്നു പറഞ്ഞ് അവർ പല്ലുകൾ കാണിക്കുമ്പോൾ ഞാൻ മുഖം തിരിച്ചു കളയുന്നു.
പങ്കജ് മോഹൻ:
ശ്രോതാവിനു മനസ്സിലാക്കുന്ന രീതിയിൽ വാർത്ത വായിക്കുന്ന മാന്യൻ.
തേജേശ്വർ സിങ്:
കൊള്ളാം. വാക്കുകളെ കാർബോളിക് സോപ്പ് തേച്ചു കുളിപ്പിച്ചിട്ടാണു് നമ്മുടെ മുൻപിൽ വയ്ക്കുന്നതു് അദ്ദേഹം.

ചോദ്യം: നിങ്ങൾ കടലിൽ വീണാൽ?

ഉത്തരം: മുങ്ങിച്ചാകും. നീന്താനറിഞ്ഞുകൂടാ.

ചോദ്യം: പൊലീസുകാരൻ വീണാൽ?

ഉത്തരം: ലാത്തിയോടുകൂടിയാണു് വീഴുന്നതെങ്കിൽ ആ ലാത്തിയെടുത്തു കടലിനെ അടിച്ചമർത്തും. അതു കഴിഞ്ഞിട്ടേ നീന്തി രക്ഷപ്പെടാൻ ശ്രമിക്കൂ.

ഭ്രാന്തു് എത്രഭേദം

റോസാപ്പൂ മനോഹരം. എന്നാൽ ഞാൻ അതെടുത്തു പ്രേമഭാജനത്തിന്റെ കാർകൂന്തലിൽ ചൂടിക്കുമ്പോൾ അതു് ഏറെ മനോഹരം. ചിത്രത്തെക്കുറിച്ചുള്ള സങ്കല്പം സുന്ദരം. നമ്പൂതിരി ആ സങ്കല്പം വെണ്മയാർന്ന കടലാസ്സിൽ പകർത്തുമ്പോൾ അതു് ഏറെ സുന്ദരം. രാഗം രമണീയം. അതു് യേശുദാസ ന്റെ കണ്ഠത്തിൽ നിന്നു നിർഗ്ഗളിക്കുമ്പോൾ ഏറെ രമണീയം. കഥ ആകർഷകം. പക്ഷേ, പി. ഖാലീദ് അതെടുത്തു് ഉത്കൃഷ്ടമായ ചന്ദ്രിക വാരികയിൽ വയ്ക്കുമ്പോൾ ഏറെ ജുഗുപ്സാവഹം. ഭ്രാന്തിയാണെന്നു തോന്നുന്നു സൈനബ. അവൾ എന്തോ ഒക്കെ വേറൊരുത്തനോടു സംസാരിക്കുന്നു. സംസാരിക്കുമ്പോൾ എന്റെ സുഹൃത്തായ എം. എം. ബഷീറി ന്റെ ആ പേരും പറയുന്നു. ഇതിൽക്കവിഞ്ഞു് ഇതിലൊന്നുമില്ല സൈനബയുടെ ഉന്മത്ത പ്രലപനം ഈ കഥയെക്കാൾ എത്രയോ ഭേദം.

ചവറ്റുകുട്ടയെ പറ്റിക്കുന്നു

വളരെക്കാലം മുൻപു്. എന്റെ തലമുടി നരച്ചു നരച്ചുവന്നു. സഹപ്രവർത്തകനായിരുന്ന എ. ജി. രാമചന്ദ്രൻ (പില്ക്കാലത്തെ കൊളീജിയേറ്റ് ഡയറക്ടർ) ചോദിച്ചു: “തലമുടി നരയ്ക്കുന്നല്ലോ. വാസ്മോൾ തേച്ചുകൂടേ?” ഞാൻ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചു വാസ്മോൾ തേക്കാൻ തുടങ്ങി. അക്കാലത്തു്, പ്രോ വൈസ് ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കരുമൊരുമിച്ചു് ഞാൻ ഏതോ സമ്മേളനത്തിനു പോയി. മനുഷ്യനെ വേദനിപ്പിക്കുന്ന ചോദ്യം ചോദിക്കാൻ വിരുതനായിരുന്നു അദ്ദേഹം. പണിക്കർ സാർ എന്റെ തലമുടിയിലേക്കു് നോക്കിയിട്ടു ചോദിച്ചു: “തലയിൽ വല്ലതും തേക്കുന്നോ?” “അതേ സാർ, വാസ്മോൾ” “കൃഷ്ണൻ നായർ കുളികഴിഞ്ഞു വന്നു് ഇതു തേക്കുമ്പോൾ ഭാര്യ കാണാറില്ലേ?” “കാണാറുണ്ടു്.” “ശരി കൃഷ്ണൻ നായർ സ്വയമറിഞ്ഞുകൊണ്ടല്ലേ ഈ വാസ്മോൾ തേക്കുന്നതു?” “അതേ സാർ” “ഞാൻ ഇക്കാര്യം കണ്ടുപിടിച്ചില്ലേ?” “കണ്ടുപിടിച്ചു” “പിന്നെ ആരെപ്പറ്റിക്കാനാണു് നിങ്ങൾ ഇതു തലയിൽ തേക്കുന്നതു?”

കൃഷ്ണവേണി പദ്മനാഭൻ വിമൻസ് മാഗസിനിൽ എഴുതിയ “മുഖങ്ങൾ” എന്ന കഥ വായിച്ചപ്പോൾ എനിക്കു് ഈ യഥാർത്ഥ സംഭവമാണു് ഓർമ്മവന്നതു്. ശമ്പളം കൊണ്ടു വീട്ടു ചെലവു നടത്താൻ കഴിയാത്ത ഒരു സ്ത്രീ ഓഫീസിൽ പോകാൻ ഭാവിക്കുമ്പോൾ “ഓഫീസ് മുഖം” അന്വേഷിക്കുന്നു. ആദ്യം അതു കിട്ടിയില്ല. പിന്നീടു് കിട്ടിയപ്പോൾ എല്ലാ അല്ലലും മറന്നു് അവൾ ഓഫീസിലേക്കു് ഓടിപോലും. കൃഷ്ണവേണി അഭ്യസ്തവിദ്യയായതുകൊണ്ടു് ഇതു് പരമ ബോറൻ കഥയാണെന്നു മനസ്സിലാക്കിയിരിക്കും. പത്രാധിപർ പ്രഗൽഭനും പ്രശസ്തനായ കഥാകാരനുമായതുകൊണ്ടു് ഇതു ചവറാണെന്നു ഗ്രഹിച്ചിരിക്കും. വായനക്കാരനായ ഞാൻ ഇതു് മനുഷ്യരെ കൊല്ലുന്ന രചനാ സാഹസികമാണെന്നു് അറിഞ്ഞിരിക്കുന്നു. പിന്നെ ആരെ പറ്റിക്കാനാണു് ശ്രീമതി ഇതു് എഴുതിയതു്. പറ്റിച്ചു. പറ്റിച്ചു. ചവറ്റു കുട്ടയെ പറ്റിച്ചു. അതുകൊണ്ടാണല്ലോ അതിൽ വീഴാതെ ഇതു മഷി പുരണ്ടു് വിമൻസ് മാഗസിനിൽ വന്നതു്.

ജീവിതം—പല കാഴ്ചപ്പാടുകളിലൂടെ
images/Colette-c.jpg
സീഡോനീ ഗാബ്രിയൽ കൊലത്

സീഡോനീ ഗാബ്രിയൽ കൊലത് (Sidonie Gabrielle Colette) എന്ന ഫ്രഞ്ച് എഴുത്തുകാരിയുടെ ഒരു കഥ വായിച്ച ഓർമ്മയുണ്ടെനിക്കു്. കൊലത് കൊച്ചു കുട്ടിയായിരുന്നപ്പോൾ അവളുടെ പ്രായത്തിലുള്ള ഒരതിസുന്ദരിയായ പെൺകുട്ടിയെ കാണാനിടയായി. കൊലത്തിന്റെ അമ്മ ആ കുട്ടിയെ കണ്ടാലുടൻ ലാളിക്കും. ചുരുണ്ട തലമുടിയും ചുവന്ന കവിൾത്തടവും തലോടും. ആ ഇരുണ്ട കണ്ണുകളും മനോഹരങ്ങളായ പല്ലുകളും അമ്മയ്ക്കു് എന്തിഷ്ടമാണെന്നോ?

വർഷങ്ങൾ കഴിഞ്ഞു. അവൾക്കു പതിമ്മൂന്നു വയസ്സായി. ലേശം കുടിച്ചുകൊണ്ടു അവൾ നൃത്തം വച്ചതു കൊലതു് കണ്ടു. അവൾക്കു് പതിനാറു വയസ്സായി. അപ്പോൾ അവളൊരു സൗന്ദര്യധാമം തന്നെ. സഹോദരന്മാരുടെ കൈകളിൽ തൂങ്ങി അവൾ നടന്നുപോകും. പതിനേഴു വയസ്സു്; പതിനെട്ടു് വയസ്സു്. അപ്പോൾ അവളൊരു ദേവത. വൈകിയേ അവൾ വീട്ടിലെത്തൂ. ഏതെങ്കിലും പുരുഷൻ അവളുടെ അരക്കെട്ടിൽ കൈചുറ്റിയിരിക്കും. അയാളുമായി അവളങ്ങനെ അലഞ്ഞുതിരിയും. നൃത്തവേദിയിൽ അവൾ ചലനം കൊള്ളുമ്പോൾ ആളുകൾ പറയും “താറാവുകളുടെ കൂട്ടത്തിൽ ഒരു അരയന്നം.” ഒരിക്കൽ ഒരു യുവാവു് അവളെ നൃത്തത്തിനു ക്ഷണിച്ചു. ക്ഷണിക്കാത്ത താമസം അവൾ എഴുന്നേറ്റു് നൃത്തം ചെയ്തു. അവളുടെ മനോഹരങ്ങളായ കൺപീലികൾ അയാളുടെ നനുത്ത മീശയിൽ തട്ടി. പിന്നെയും വർഷങ്ങൾ കടന്നുപോയി കൊലത്തിനും അവൾക്കും മുപ്പത്തിയെട്ടു വയസ്സു്. കാറിൽ വന്ന കൊലതു് അവളെ കണ്ടു. പ്രതികാരദാഹമാർന്ന വലിയ കണ്ണുകളാണു് അവളുടേതു്. ദീർഘകാലത്തെ നിശ്ശബ്ദതയാൽ അടഞ്ഞ വായ്, ഒട്ടിയ കവിളുകൾ, നാല്പത്തിയഞ്ചു വയസ്സു തോന്നും അവളെ കണ്ടാൽ. ഇല്ല മുപ്പത്തിയെട്ടേയുള്ളൂ. കാറ് ഇടിക്കരുതെന്നു കരുതി അവൾ ഒഴിഞ്ഞുമാറി. നിസ്സംഗയായി, നീണ്ടുനിവർന്നു് അവൾ നടന്നുപോയി. ഉത്കണ്ഠയോടെ അവൾ കൊലത് ഇരുന്ന കാറിലേക്കു് നോക്കി. ഇല്ല അവൾ ദീർഘകാലമായി കാത്തിരിക്കുന്ന ഹൃദയേശ്വരൻ അതിനകത്തില്ല.

പല പരിപ്രേക്ഷ്യങ്ങളിലൂടെ ഒരു വ്യക്തിയെ കണ്ടു് ജീവിതത്തിന്റെ സവിശേഷതകൾ ആവിഷ്ക്കരിക്കുന്ന ഇക്കഥ മാസ്റ്റർ പീസാണു്. ഇതു് ഞാൻ വായിച്ചിട്ടു കാലമേറെയായിരിക്കുന്നു. ഇമ്മട്ടിൽ നമ്മുടെ കഥാകാരന്മാർ വ്യക്തിയെ പല കാഴ്ചപ്പാടുകളിലൂടെ കാണാത്തതെന്തു് എന്നു ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ടു്. ഇപ്പോൾ എന്റെ ആഗ്രഹത്തിനു സാഫല്യം വന്നിരിക്കുന്നു. നല്ല കഥാകാരനായ ഗൗതമൻ ഒരു പെൺകുട്ടിയെ വിവിധങ്ങളായ കാഴ്ചപ്പാടുകളിലൂടെ ദർശിക്കുന്നു. ദർശിച്ചു് ഭാരതത്തിലെ സ്ത്രീയുടെ ദയനീയ സ്ഥിതിയെ ആകർഷകമായി അഭിവ്യഞ്ജിപ്പിക്കുന്നു. അമ്മുവിനു് ഏഴു വയസ്സു്. അമ്മ ആശുപത്രിയിൽ കിടക്കുന്നു, അങ്ങോട്ടു കൊണ്ടുപോകാം എന്നൊക്കെപ്പറഞ്ഞു് ഒരുത്തൻ അവളെ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി കാതിലിട്ടിരുന്ന സ്വർണ്ണാഭരണം അപഹരിച്ചു. അമ്മുവിനു പതിന്നാലു വയസ്സു്. അവൾ അച്ഛനോടൊരുമിച്ചു പോകുകയായിരുന്നു. തസ്കരന്മാർ അച്ഛനെ കെട്ടിയിട്ടു് അവളുടെ സ്വർണ്ണമാല അപഹരിച്ചു. വളയും കമ്മലും അവർ എടുത്തു. അമ്മു എം. എ ക്ലാസ്സിൽ പഠിക്കുന്നു. ചേട്ടന്റെ സൈക്കിളിലിരുന്നു് അവൾ തിരിച്ചു പോന്നപ്പോൾ ചിലർ ചേട്ടനെ കൊന്നിട്ടു് അവളെ ബലാൽസംഗം ചെയ്തു. ഇതു് അമ്മുവിന്റെ മാത്രം കഥയല്ല. ഓരോ ഭാരതീയ സ്ത്രീയുടെയും കഥയാണു്. മൂന്നു പരിപ്രേക്ഷ്യമാണു് ഇവിടെയുള്ളതു്. അവ മൂന്നും സ്ത്രീയുടെ ദുരന്തത്തെ സ്പഷ്ടമാക്കിത്തരുന്നു (ഗൗതമന്റെ കഥ, ഊടുവഴികൾ, കലാകൗമുദിയിൽ).

സൽമാൻ റഷ്ദിയുടെ പുതിയ പുസ്തകം
images/TheJaguarSmile.jpg

“നിക്കാരഗ്വായിലെ ഒരു പെൺകുട്ടി പുള്ളിപ്പുലിയുടെ പുറത്തു മന്ദസ്മിതത്തോടെ സഞ്ചരിച്ചു. അവൾ സവാരി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പുലിയുടെ വയറ്റിനകത്തു്. മന്ദസ്മിതം പുലിയുടെ മുഖത്തും” ഇതൊരു ലിമെറിക്കാണു്. (വിനോദ കവിത) 1986 ജൂലൈ മാസത്തിൽ നിക്കാരഗ്വായിൽ പോയ സൽമാൻ റഷ്ദി പേടിസ്സ്വപ്നം കണ്ടു് ഉണർന്നപ്പോൾ ഈ കവിതയ്ക്കു രണ്ടു വ്യാഖ്യാനങ്ങളാകാമെന്നു് വിചാരിച്ചു. ഏഴുവർഷത്തോളം പഴക്കമുള്ള വിപ്ലവത്തെ പെൺകുട്ടിയായി കരുതാമെങ്കിൽ പുള്ളിപ്പുലി അമേരിക്കൻ ഐക്യനാടുകളാണു്. രണ്ടാമത്തെ വ്യാഖ്യാനം നിക്കാരഗ്വാതന്നെ പെൺകുട്ടിയാണെന്നതത്രേ. അങ്ങനെയാണെങ്കിൽ വിപ്ലവം പുള്ളിപ്പുലിയാണു്. ഈ രണ്ടു വ്യാഖ്യാനങ്ങളും മനസ്സിൽ വച്ചുകൊണ്ടു് സൽമാൻ റഷ്ദി The Jaguar Smile a Nicaraguan Journey എന്നൊരു മനോഹരമായ പുസ്തകം എഴുതിയിരിക്കുന്നു (Picador Original, published by Pan Books, 1987). റഷ്ദി നിക്കാരഗ്വായിൽ കണ്ടതു ഓരോന്നും രസാവഹമാണു്, പ്രകമ്പനം കൊള്ളിക്കുന്നതാണു്. രസകരമായ ഒരു സംഭവം പറയാം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ യുടെ വീട്ടിൽ റഷ്ദി ചെന്നു. നിക്കാരഗ്വായിലെ പ്രതിഭാശാലികളെല്ലാം അവിടെയുണ്ടു്. അപ്പോൾ റോസാറ്യോ മൂറില്യോ (Rosario Murillo) അതു് വിവരിച്ചു. ഡാനിയലിനു് പുതിയ മൂക്കു കണ്ണട വേണം. ഒരു ഓപ്റ്റീഷനെ ഏർപ്പാടു ചെയ്യണമെന്നു റോസാറ്യോ ചില അമേരിക്കൻ സ്നേഹിതരോടു് അഭ്യർത്ഥിച്ചു. സമ്പന്നരായ ഈ സുഹൃത്തുക്കൾ പറഞ്ഞു കണ്ണട അവരുടെ സമ്മാനമായിരിക്കുമെന്നു്. ഡാനിയൽ ഒർട്ടേഗയും റോസാറ്യോ മുറില്യോയും കടയിൽ നിന്നു് പുറത്തുവന്നപ്പോൾ ന്യൂയോർക്കിലെ പത്രക്കാർ നില്ക്കുന്നു. അടുത്ത ദിവസത്തെ വാർത്ത: “ദരിദ്രരാജ്യമായ നിക്കാരഗ്വായിലെ പ്രസിഡന്റ് കണ്ണടയ്ക്കു വേണ്ടി 3200 ഡോളർ ചെലവാക്കി.” സൽക്കാരം കഴിഞ്ഞ് റഷ്ദി പോകാൻ എഴുന്നേറ്റു. ഡാനിയലും റോസാറ്യോയും ന്യൂയോർക്കിൽ പോകുകയാണെന്നു് അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾ റഷ്ദി അറിയിച്ചു: “Enjoy it. And don’t visit any opticians” നിക്കാരഗ്വായിലെ ചരിത്രത്തിന്റെ പ്രേതങ്ങൾ, വ്യക്തികളുടെ പ്രേതങ്ങൾ ഇവ അവിടത്തെ ജനങ്ങളേയും റഷ്ദിയേയും എങ്ങനെ അനുധാവനം ചെയ്യുന്നുവെന്നു് അദ്ദേഹം കലാഭംഗിയോടെ സ്പഷ്ടമാക്കിത്തരുന്നു. റഷ്ദിയുടെ ഇന്ത്യാവിരോധവും കൂടക്കൂടെ ഫണം ഉയർത്തുന്നുണ്ടു്. മാനവചരിത്രത്തിലെ സുവർണ്ണാദ്ധ്യായമെന്നു് ബുദ്ധിശാലികൾ കരുതുന്ന ‘ഡോക്ടർ ഷിവാഗോ’യുടെ ആവിർഭാവം റഷ്ദിക്കു് ശല്പസദൃശമായി ഭവിച്ചിരിക്കുന്നു. പസ്റ്റർനക്കി നു് നോബൽ സമ്മാനം നല്കിയതു് ശരിയായില്ല എന്നാണു് അദ്ദേഹത്തിന്റെ മതം. കേരളത്തെയും പരിഹസിക്കാതെ വിടുന്നില്ല റഷ്ദി. “…Kerala where graffiti of Lenin speaking Malayalam sprouted on every second wall… തുടങ്ങിയ ഭാഗങ്ങൾ നോക്കുക. റഷ്ദിയുടെ സമനിലയില്ലായ്മയും അസഹിഷ്ണുതയും ഇങ്ങനെ വിഷം വമിക്കുന്നുണ്ടെങ്കിലും രസപ്രദമായ മട്ടിൽ രചിക്കപ്പെട്ട പുസ്തകമാണു് “ജഗ്വാർ സ്മൈൽ.”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-03-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.