സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-04-12-ൽ പ്രസിദ്ധീകരിച്ചതു്)

images/OscarWildeSarony-c.jpg
ഒസ്കർ വൈൽഡ്

രണ്ടു ലോകങ്ങളുണ്ടെന്നു പറഞ്ഞതു ഒസ്കർ വൈൽഡാ ണു്. ഒന്നാമത്തെ ലോകം യഥാർത്ഥമായതു്. അതു കാണാൻ വേണ്ടി മാത്രം ആരും അതിനെക്കുറിച്ചു സംസാരിക്കേണ്ടതില്ല. രണ്ടാമത്തെ ലോകം കലയുടേതാണു്. അതിനെക്കുറിച്ചു പറഞ്ഞേ മതിയാകു. പറഞ്ഞില്ലെങ്കിൽ ആ ലോകത്തിനു് അസ്തിത്വമില്ല. ഈ മതത്തിനു് ഉപോദ്ബലകമായി വൈൽഡ് ഒരു കഥ പറഞ്ഞു.

“ഒരു ഗ്രാമത്തിലെ ഒരുത്തനെ ആളുകൾക്കു് ഇഷ്ടമായിരുന്നു. കാരണം അവർ വന്നുകൂടുമ്പോൾ താൻ കണ്ട വിചിത്ര സംഭവങ്ങളെക്കുറിച്ചു അയാൾ പറയുമായിരുന്നു എന്നതാണു്. അയാൾ പറയും: ‘സമുദ്രത്തിന്റെ തീരത്തു് മൂന്നു മത്സ്യ കന്യകകളിരുന്നു് സ്വർണ്ണച്ചീപ്പുകൊണ്ടു് തങ്ങളുടെ പച്ചത്തലമുടി ചീകുന്നതു ഞാൻ കണ്ടു’. ഇനിയും കഥ പറയൂ എന്നു് അവർ ആവശ്യപ്പെട്ടപ്പോൾ അയാൾ തുടർന്നു:‘ഒരു പാറക്കെട്ടിലെ ഗുഹയ്ക്കകത്തിരുന്നു് പാതി പുരുഷനും പാതി കുതിരയുമായ ജന്തുവിശേഷം എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ആ ജന്തു പതുക്കെ അകലാൻ തുടങ്ങി. അങ്ങനെ പോകുമ്പോൾ അതു വിഷാദത്തോടെ എന്നെ നോക്കി’. ‘നിങ്ങൾ കണ്ടതു ഇനിയും പറയൂ’ എന്നു് ഗ്രാമവാസികൾ, അയാൾ തുടങ്ങുന്നു: ‘കുറ്റിക്കാടുകളുള്ള ഒരു പ്രദേശത്തു് ഒരു വനദേവതയിരുന്നു വല്ലകി വായിച്ചു. വനത്തിൽ വസിക്കുന്നവർ ആ നാദത്തിനൊത്തു് നൃത്തം വച്ചു’. ഒരുദിവസം അയാൾ ആ ഗ്രാമം വിട്ടുപോയപ്പോൾ മൂന്നു മത്സ്യകന്യകകൾ തിരമാലകളിൽനിന്നുയർന്നുവന്നു് സ്വർണ്ണച്ചീപ്പുകൊണ്ടു പച്ചത്തലമുടി ചീകി. അവർ അപ്രത്യക്ഷകളായപ്പോൾ പുരുഷനും കുതിരയുമായ ജന്തു പാറയുടെ ഗുഹയിലിരുന്നു് അയാളെ നോക്കി. പിന്നീടു് കുറ്റിക്കാടുള്ള പ്രദേശത്തുകൂടെ അയാൾ നടന്നപ്പോൾ ഒരു വനദേവത വല്ലകി വായിക്കുന്നതു കണ്ടു. വനവാസികൾ നൃത്തം ചെയ്യുന്നതും ദർശിച്ചു. അന്നുരാത്രി ഗ്രാമവാസികൾ അയാളുടെ ചുറ്റും കൂടി ‘ഇന്നു നിങ്ങൾ കണ്ടതു് എന്താണു്’ എന്നു ചോദിച്ചു. അപ്പോൾ ദുഃഖത്തോടെ അയാൾ മറുപടി നല്കി: ‘ഇന്നു ഞാനൊന്നും കണ്ടില്ല’.”

ആഖ്യാനത്തിലൂടെ കലയുടെ ലോകം സൃഷ്ടിക്കുന്നു എന്ന സാരസ്വതരഹസ്യമാണു് ഇവിടെയുള്ളതു്.

സി. വി. ശ്രീരാമൻ

കഥാകാരന്റെ ട്രൗസർ പോക്കറ്റിൽ ചുവന്ന കൊടിയുണ്ടോ? ഉണ്ടെങ്കിൽ വേണ്ട സമയത്തു് അതെടുത്തു വീശിക്കൊള്ളൂ. കഥയെഴുതുമ്പോൾ അതു വീശേണ്ടതില്ല. പോക്കറ്റിനകത്തു് അതു സൂക്ഷിച്ചുവച്ചിട്ടുണ്ടു് എന്നു മാത്രം വായനക്കാരെ അറിയിച്ചാൽ മതി.

ഈ സാരസ്വതരഹസ്യമാവിഷ്കരിച്ച ഒസ്കർ വൈൽഡിനെ ‘ഓ, സൗന്ദര്യവാദി’ എന്നാണു് ആളുകൾ പുച്ഛിച്ചു വിളിക്കുക. ആയിക്കൊള്ളട്ടെ. എങ്കിലും നമുക്കു് ആ ‘രഹസ്യ’ത്തെ—തത്ത്വത്തെ — പാടേ നിഷേധിക്കാൻ വയ്യ. സാമൂഹികങ്ങളായ ആവശ്യങ്ങൾക്കും അർത്ഥനകൾക്കും യോജിച്ച വിധത്തിൽ കഥാരചന നടത്തുന്ന സി. വി. ശ്രീരാമൻ പോലും താനറിയാതെ അതിന്റെ സ്തോതാവായി മാറിയിരിക്കുന്നു. അതിനു തെളിവു് അദ്ദേഹം ദേശാഭിമാനി വാരികയിൽ എഴുതിയ ‘വീട്ടുമുറ്റത്തു് പിണ്ടാരികൾ’ എന്ന നല്ല കഥ തന്നെയാണു്. പിണ്ടാരികൾ ഒരു കാലത്തു് മദ്ധ്യഭാരതത്തെ ഞെട്ടിച്ച കൊള്ളക്കാരായിരുന്നുവെന്നു് മാഞ്ഞുപോയ എന്റെ ചരിത്രജ്ഞാനം എന്നോടു പറയുന്നു എന്നൊരു തോന്നൽ. ഈ പിണ്ടാരികൾ സമകാലിക ജീവിതത്തിലും ബലാത്സംഗം നടത്തുന്നു, കൊള്ളയടിക്കുന്നു എന്നാണു് കഥാകാരന്റെ പ്രസ്താവം. സ്ക്കൂളിൽ പഠിക്കുന്ന കൊച്ചുകുട്ടിയായ ജെസ്സിക്കു് പിണ്ടാരികളുടെ സ്വഭാവമറിഞ്ഞുകൂടാ. ടീച്ചറിനോടുചോദിക്കാൻ പറ്റിയില്ല. അമ്മയോടു ചോദിച്ചപ്പോൾ കൊള്ളക്കാരാണു് അവരെന്നു് അവ്യക്തമായ മറുപടി കിട്ടി.

images/CVSreeraman.jpg
സി. വി. ശ്രീരാമൻ

പക്ഷേ, അവ്യക്തത പൊടുന്നനവേ വ്യക്തതയായി മാറി. പിണ്ടാരികൾ ജെസ്സിയുടെ വീട്ടുമുറ്റത്തു തന്നെ എത്തി. അവർ അവളുടെ അമ്മച്ചിയുടെയും അയൽവീട്ടുകാരിയുടേയും ചാരിത്രം നശിപ്പിച്ചു. ഈ നശിപ്പിക്കലിന്റെയും അതിനോടു ചേർന്ന പേടിയുടേയും ഉത്കണ്ഠയുടേയും ചിത്രങ്ങൾ സി. വി. ശ്രീരാമൻ വിദഗ്ദ്ധമായി ആലേഖനം ചെയ്തിരിക്കുന്നു എന്നതിലാണു് ഇക്കഥയുടെ സവിശേഷത നമ്മൾ കാണേണ്ടതു്. പ്രചാരണസാഹിത്യത്തിൽ ഐഡിയോളജിക്കും കലാത്മകതയ്ക്കും സ്ഥാനമുണ്ടു്. ഐഡിയോളജി കലാത്മകതയെ പരാജയപ്പെടുത്തുമ്പോൾ എന്നെപ്പോലുള്ളവർക്കു് ഇഷ്ടമാവുകയില്ല. കലാത്മകതയ്ക്കു പ്രാമുഖ്യം വരുമ്പോൾ ഞാനും എന്നെപ്പോലുള്ളവരും ഐഡിയോളജിയെ നോക്കി നെറ്റി ചുളിക്കാറുമില്ല. ശ്രീരാമന്റെ കഥയിൽ കലാത്മകതയ്ക്കാണു് പ്രാമുഖ്യം. അതുകൊണ്ടുതന്നെയാണു് ഈ കഥയെ ‘നല്ല’ എന്നു ഞാൻ നേരത്തെ വിശേഷിപ്പിച്ചതു്. കഥാകാരന്റെ ട്രൗസർ പോക്കറ്റിൽ ചുവന്ന കൊടിയുണ്ടോ? ഉണ്ടെങ്കിൽ വേണ്ട സമയത്തു് അതെടുത്തു വീശിക്കൊള്ളു. കഥയെഴുതുമ്പോൾ അതു വീശേണ്ടതില്ല. പോക്കറ്റിനകത്തു് അതു് സൂക്ഷിച്ചുവച്ചിട്ടുണ്ടു് എന്നു മാത്രം വായനക്കാരെ അറിയിച്ചാൽ മതി. ശ്രീരാമൻ അങ്ങനെ മാത്രമേ പ്രവർത്തിക്കുന്നുള്ളു. പക്ഷേ, പിണ്ടാരികളിൽ നിന്നു രക്ഷപ്പെടാൻ ശ്രീരാമൻ ഓടുന്ന വേളയിൽ പോക്കറ്റിന്റെ അഗ്രഭാഗത്തു് ആ തുണിക്കഷണം ഒരു മില്ലിമീറ്ററിൽ ഉയർന്നു പോകുന്നു. ഇതാ വായനക്കാരും അതു കണ്ടാലും:

ജെസ്സിമോൾ ആ ക്രിസ്ത്യാനിക്കിഴവിയുടെ മുരടിച്ച കൈപ്പത്തിയിലേക്കു നോക്കിയിട്ടു കൂടുതൽ പരിഭ്രാന്തിയോടെ കരഞ്ഞു: ‘അമ്മച്ചി. ഓടി വരണേ. വീട്ടുമുറ്റത്തു പിണ്ടാരികൾ’.

ആ മുരടിച്ച കൈപ്പത്തി പ്രസ്താവത്തിലാണു് ചുവപ്പിന്റെ വിലാസം. തെറ്റിദ്ധരിക്കരുതു് ആരും. വിശേഷിച്ചു് എന്നെ “ഊശിയാക്കി” ദേശാഭിമാനി വാരികയിൽ ലേഖനമെഴുതിയ കുഞ്ഞഹമ്മദും. ഞാൻ കോൺഗ്രസ്സുകാരനല്ല. കലാസ്വാദകൻ മാത്രമാണു്. ആവർത്തിച്ചു് എഴുതുന്നു. സി. വി. ശ്രീരാമന്റെ കഥ കലാപരമായി വിജയമാണു്.

ഞാൻ വെറുമൊരു പ്രധാനമന്ത്രി

വിനയം കലർന്ന ഭാഷയിൽ ആളുകൾ അഹങ്കാരം പ്രകടിപ്പിക്കുമ്പോൾ നമ്മുടെ ആത്മാവിന്റെ ഒരംശം അവർ അപഹരിക്കുകയാണു്. അതു് എനിക്കു് സംഭവിച്ചിരിക്കുന്നു. അതിനാൽ വായനക്കാരുടെ പിറകെ നടക്കുന്ന ഞാൻ അറിയിക്കുകയാണു്. “പ്രിയപ്പെട്ട വായനക്കാരേ നിങ്ങൾ നിങ്ങളുടെ ആത്മാവിനെ സൂക്ഷിച്ചു കൊള്ളൂ.”

എം. എസ്. സുബ്ബലക്ഷ്മി യുടെ പാട്ടുകേട്ടു് ജവാഹർലാൽ നെഹ്റു ‘ഞാനാരു്? വെറുമൊരു പ്രധാനമന്ത്രി. ഭവതിയോ? സംഗീതരാജ്ഞി’ എന്നു പറഞ്ഞില്ലേ? നിങ്ങളെയും നെഹ്റുവിനെയും ഇക്വേറ്റ് ചെയ്തു ചോദിക്കുകയല്ല. ഇതുപോലെ സ്വന്തം ക്ഷുദ്രത്വം അനുഭവപ്പെടുത്തിത്തന്ന എന്തെങ്കിലും സംഭവം നിങ്ങളുടെ ജീവിതത്തിലുണ്ടോ?”

“ഉണ്ടു്. ഇക്കഴിഞ്ഞ യുവജനോത്സവത്തിൽ ലൈറ്റ് മ്യൂസിക്കിനു് ഒന്നാം സമ്മാനം നേടിയ ഉഷ എന്ന പെൺകുട്ടി കാര്യവട്ടത്തെ യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടന സന്ദർഭത്തിൽ പാടുന്നതു് ഞാൻ കേട്ടപ്പോൾ ഞാനെത്ര നിസ്സാരൻ എന്നു് എനിക്കു തോന്നിപ്പോയി. ആ കുട്ടിയുടെ സംഗീതത്തിന്റെ ‘മാജിക്’ എന്റെ മനസ്സിനു മാത്രമല്ല, അവിടെയിരുന്ന ഓരോ വ്യക്തിയുടേയും മനസ്സിനു് പരിവർത്തനം വരുത്തിയിരിക്കണം. പ്രശസ്തനായ കരമന ജനാർദ്ദനൻ നായരും ചലച്ചിത്രതാരം മുരളി യും കവി ഏഴാഞ്ചേരി രാമചന്ദ്രനും ആ ഗായികയെ പ്രശംസിക്കുന്നതു് ഞാൻ കേട്ടു.”

ആത്മാവിനെ അപഹരിക്കരുതു്
images/subbulakshmi.jpg
എം. എസ്. സുബ്ബലക്ഷ്മി

യജമാനനും വേലക്കാരനും കൽക്കട്ട നഗരത്തിലൂടെ നടക്കുകയായിരുന്നു. (കേന്ദ്ര ദൂർദർശനിലെ ന്യൂസ്വായനക്കാർ പറയുന്നതുപോലെയാണെങ്കിൽ കാൽക്കത്ത അതാവും ശരി.) പെട്ടെന്നു യജമാനൻ പറഞ്ഞു: “എടേ നിന്റെ കെട്ടു സൂക്ഷിച്ചു കൊള്ളണം. കള്ളന്മാർ വളരെക്കൂടുതലാണിവിടെ.” ‘സൂക്ഷിക്കാമേ’ എന്നു മറുപടി നല്കിയിട്ടു് വേലക്കാരൻ അയാളുടെ പിറകേപോയി. കുറെക്കഴിഞ്ഞപ്പോൾ അവൻ അയാളുടെ കോട്ടു് പിടിച്ചു വലിച്ചിട്ടു് നിർദ്ദേശിച്ചു: ‘യജമാനേ പണസ്സഞ്ചി സൂക്ഷിച്ചുകൊള്ളണേ’. അയാൾ സന്തോഷത്തോടെ അറിയിച്ചു: ‘സൂക്ഷിച്ചുകൊള്ളാം. നിന്റെ കെട്ടു നീയും സൂക്ഷിക്കണം’. അതുകേട്ടു വേലക്കാരൻ പറഞ്ഞു: ‘എന്റെ കെട്ടു് ആരോ മോഷ്ടിച്ചുകൊണ്ടു പോയി. അതുകൊണ്ടാണു് യജമാനന്റെ പണസ്സഞ്ചി സൂക്ഷിച്ചുകൊള്ളണമെന്നു ഞാൻ പറഞ്ഞതു്’. വിനയം കലർന്ന ഭാഷയിൽ ആളുകൾ അഹങ്കാരം പ്രകടിപ്പിക്കുമ്പോൾ നമ്മുടെ ആത്മാവിന്റെ ഒരംശം അവർ അപഹരിക്കുകയാണു്. അതു എനിക്കു് സംഭവിച്ചിരിക്കുന്നു. അതിനാൽ വായനക്കാരുടെ പിറകേ നടക്കുന്ന ഞാൻ അറിയിക്കുകയാണു്. “പ്രിയപ്പെട്ട വായനക്കാരേ നിങ്ങൾ നിങ്ങളുടെ ആത്മാവിനെ സൂക്ഷിച്ചുകൊള്ളു.” കാര്യമെന്തെന്നല്ലേ? വിഷ്ണു നാരായണൻ നമ്പൂതിരി ലളിതാംബികാ അന്തർജ്ജന ത്തെക്കുറിച്ചു കുങ്കുമം വാരികയിലെഴുതിയ ചില വരികൾ ഞാൻ വായിച്ചു എന്നതു തന്നെയാണു്. വിഷ്ണുനാരായണൻ നമ്പൂതിരി ജനിക്കുന്നതിനു മുൻപു് വളരെക്കാലം മുൻപു്—ജനിച്ചു ലളിതാംബിക. എന്നിട്ടും ശ്രീമാനെ കണ്ടപ്പോൾ ശ്രീമതി അഭ്യർത്ഥിച്ചത്രേ തന്റെ കവിതകൾ തിരുത്തിക്കൊടുക്കണമെന്നു്. “തൻ കവിതകൾ തിരുത്താൻ പോലും ചൊല്ലി” എന്നു വിഷ്ണുനാരായണോക്തി. യൂണിവേഴ്സിറ്റി കോളേജിൽ പണ്ടൊരു പ്രിൻസിപ്പലുണ്ടായിരുന്നു. ഹി വാസ് നെട്ടോറിയസ് ഫോർ ഹിസ് ബാഡ് ഇംഗ്ലീഷ്. നിങ്ങളെ അന്നു് അമ്മ ഗർഭാശയത്തിൽ പോലും ഉൾക്കൊണ്ടിരുന്നില്ല എന്ന അർത്ഥത്തിൽ അദ്ദേഹം ഒരിക്കൽ പറഞ്ഞതു്. “യു വേർ നോട്ട് ഈവൻ പ്രെഗ്നന്റ് അറ്റ് ദാറ്റ് റ്റൈം” എന്നാണു്. വിഷ്ണുനാരായണൻ നമ്പൂതിരി പ്രിൻസിപ്പൽ അരുളിച്ചെയ്തതുപോലെ പ്രെഗ്നന്റ് പോലുമല്ലാതിരുന്ന കാലത്തു് കാവ്യങ്ങൾ രചിച്ചു് യശസ്സാർജ്ജിച്ചു ലളിതാംബിക അന്തർജ്ജനം. എന്നിട്ടും അദ്ദേഹത്തോടു കാവ്യങ്ങൾ തിരുത്തിക്കൊടുക്കാൻ അവർ അപേക്ഷിച്ചല്ലോ. അപ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരി എത്ര പ്രഗൽഭൻ! എന്തൊരുജ്ജ്വല പ്രതിഭാശാലി! എന്തൊരു ശോധിതശേമുഷീകനായ പ്രകൃഷ്ട പണ്ഡിതൻ! ഗോവിന്ദൻ നായരുടെ “അവൽപ്പൊതി”ക്കു സമ്മാനം നിശ്ചയിച്ച ആളാണു താനെന്നു് മുൻപു്, അജ്ഞരായ നമ്മളെ അറിയിച്ച വിഷ്ണുനാരായണനിൽ നിന്നു് ഇമ്മട്ടിലൊരു പ്രസ്താവമുണ്ടായതിൽ തെല്ലും അദ്ഭുതപ്പെടേണ്ടതില്ല. എങ്കിലും “അഹങ്കാരം ക്ഷമിക്കാം. വിനയത്തിൽ പൊതിഞ്ഞ അഹങ്കാരം ക്ഷമിക്കാൻ വയ്യ” എന്നു് അദ്ദേഹത്തെ അറിയിക്കട്ടെ. താമര ചെളിയിലാണു് നില്ക്കുന്നതു്. എന്നാൽ അതു് ആ ചെളിയെ സൗന്ദര്യമായി, പരിമളമായി, പ്രകാശമായി മാറ്റുന്നു. ആത്മാവിൽ മാലിന്യമുണ്ടെങ്കിലും അതു ഭംഗിയും സൗരഭ്യവും വെളിച്ചവുമായി മാറണം.

കാവ്യത്തിന്റെ ശേഷം ഭാഗങ്ങളും നോക്കേണ്ടതാണു്.

“പതിറ്റാണ്ടുകൾക്കു മുൻപൊരു സന്ദേശം: ‘കൊച്ചു

സുഹൃത്തേ! പ്രണയത്തെ, ഭൂമിയെക്കുറിച്ചു നീ

പാടിയതെല്ലാം കേട്ടേൽ കുതുകാൽ ഇനിമേലിൽ

പാടുവതെല്ലാം സ്വർഗ്ഗത്തെക്കുറിച്ചായീടട്ടേ.’”

ലളിതാംബിക ഇങ്ങനെ ഉപദേശിച്ചപ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരി വളരെ വിഷമിച്ചിരിക്കും. അദ്ദേഹം അന്നു വലിയ മാർക്സിസ്റ്റായിരുന്നല്ലോ. എങ്കിലും പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ഉപദേശത്തിനു ഫലമുണ്ടായി. സ്വർഗ്ഗത്തെക്കുറിച്ചു മാത്രമല്ല, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻപിൽ വച്ചു നടത്തിയ യാഗത്തെക്കുറിച്ചും അദ്ദേഹം പാടാൻ തുടങ്ങി.

നവീന കവി പ്രേമിച്ചോണ്ടിരിക്കുന്നു എന്നെഴുതിയപോലെ അദ്ദേഹം പാടിക്കൊണ്ടേയിരിക്കുന്നു. വിഷ്ണുനാരായണന്റെ ഈ കാവ്യത്തെക്കുറിച്ചു ഇങ്ങനെ പറയാം. “ഇൻ സിൻസിറിറ്റി ദൈ നെയിം ഇസ് ലളിതാംബികാസ്മൃതി.”

ചൈനയിലെ പഴഞ്ചൊല്ലുകളും കമന്റുകളും
 1. “സായാഹ്നവേളയിൽ ഭാര്യയെ ചീത്തപറയരുതു്. നിങ്ങൾക്കു തനിച്ചു് ഉറങ്ങേണ്ടതായിവരും.”— ഇതു കൊണ്ടാവും കേരളത്തിലെ ഭർത്താക്കന്മാർ എന്നും വൈകുന്നേരം ഭാര്യമാരെ ചീത്തവിളിച്ചു പിണങ്ങിമാറുന്നതു്.
 2. “മറ്റുള്ളവരുടെ കൊയ്ത്തു എപ്പോഴും നല്ലതു്. സ്വന്തം സന്തതികൾ എപ്പോഴും നല്ലവർ”— ശരിയാണിതു്. ഇവിടെ മകൻ റം കുടിച്ചു നാറ്റിച്ചുകൊണ്ടു വീട്ടിൽ രാത്രി കയറിവന്നാലും ‘മോൻ കൊക്കോകോല കുടിച്ചുകൊണ്ടു വന്നിരിക്കുന്നു’വെന്നേ അമ്മ പറയൂ.
 3. “സൗന്ദര്യമുള്ള പക്ഷിയെയാണു് കൂട്ടിലടയ്ക്കുന്നതു്”—ശരിയല്ല. ഇവിടെ വിരൂപമായ കാവ്യവിഹംഗമത്തെയാണു് പത്രപഞ്ജരത്തിൽ നവീനന്മാർ അടയ്ക്കുക.
 4. “വിവാഹദല്ലാളന്മാർ പത്തിനു് ഒൻപതും കള്ളന്മാരാണു്.”—ഇതു ചൈനയിൽ. ഇവിടെ പത്തിനു പത്തും കള്ളന്മാരാണു്. അതുകൊണ്ടു കേരളമാണു് ചൈനയുടെ മുൻപിൽ നില്ക്കുന്നതു്.
 5. “ജലമാണു കപ്പലിനെ താങ്ങിനിറുത്തുന്നതു്. ജലത്തിനു കപ്പലിനെ മുക്കാനും കഴിയും.”—ശരി. മുണ്ടശ്ശേരി ചങ്ങമ്പുഴ യെ ആദ്യം നിന്ദിച്ചു. പിന്നീടു സ്തുതിച്ചു. നാലപ്പാടനെ അനുകർത്താവായി ആദ്യം കണ്ടു. പിന്നീടു് വളർച്ച ചെന്ന ഒരൊത്ത മനുഷ്യനായും.
 6. “നമ്മൾ നമ്മുടെ രചനകളെ മാത്രം ഇഷ്ടപ്പെടുന്നു. അന്യരുടെ ഭാര്യമാരെയും”—ശരി. ചൈനയിലും ഇവിടെയും ഇതു ശരി.
പരാജയം
images/GhostStories.jpg

‘പെൻഗ്വിൻ ബുക്ക് ഒഫ് ഗോസ്റ്റ് സ്റ്റോറീസ്’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ ഏതൻസിൽ ചെന്ന ഒരു ദാർശനികന്റെ കഥ വിവരിച്ചിട്ടുണ്ടു്. അവിടെ ഒരു കെട്ടിടം വാടകയ്ക്കു കൊടുക്കാനുണ്ടെന്നു് അദ്ദേഹമറിഞ്ഞു. പക്ഷേ, വാടക വളരെക്കുറവായതുകൊണ്ടു് സംശയമുണ്ടായി. എന്തായാലും കെട്ടിടം വാടകയ്ക്കു് എടുക്കാൻ അദ്ദേഹം തീരുമാനിച്ചു. പ്രേതം രാത്രിയിൽ പ്രത്യക്ഷമായി. കൂടെച്ചെല്ലാൻ അതു് ആംഗ്യം കാണിച്ചു. മുറ്റത്തു് എത്തിയപ്പോൾ പ്രേതം അപ്രത്യക്ഷമായി. ദാർശനികൻ ആ സ്ഥലം അടയാളപ്പെടുത്തിയിട്ടു് അടുത്ത ദിവസം അവിടം കുഴിപ്പിച്ചു നോക്കി. ചങ്ങലകൊണ്ടു ബന്ധിക്കപ്പെട്ട അസ്ഥിക്കൂടിന്റെ അവശിഷ്ടങ്ങളാണു് അദ്ദേഹം അവിടെക്കണ്ടതു്. അസ്ഥികളെ വേണ്ട വിധത്തിൽ സംസ്കരിച്ചപ്പോൾ പ്രേതം വരാതെയായി. ദാർശനികൻ ഏതാനോഡോറസായിരുന്നു. ഇതു സത്യമോ അസത്യമോ ആകട്ടെ. രാത്രിയിൽ, ധീരന്മാർ പോലും പേടിക്കാറുണ്ടു്. അകലെ വാഴയില അനങ്ങുമ്പോൾ ആളുനില്ക്കുകയാണെന്നു തോന്നാറില്ലേ? ഈ പേടിയും തോന്നലുമാണു് പ്രേതകഥകളുടെ ആവിർഭാവത്തിനു ഹേതുവായിട്ടുള്ളതു്.

മുകളിൽപ്പറഞ്ഞ പുസ്തകത്തിൽ റ്റി. എസ്. എല്യറ്റി ന്റെ Waste land എന്ന കൃതിയിൽ നിന്നും ചില വരികൾ എടുത്തു ചേർത്തിട്ടുണ്ടു്. അതിവിടെ കുറിച്ചിടുന്നതിൽ സാംഗത്യമില്ലാതില്ല.

“Who is the third who walks always beside you?

When I count there are only you and I together

But when look ahead up the white road

There is always another one walking beside you.

Gliding wrapt in a brown mantle, hooded

I do not know whether a man or a woman

But who is that on the other side of you?”

ഈ വരികൾ ജനിപ്പിക്കുന്ന സന്ത്രാസം പി. സോമൻ ‘കഥാ’ മാസികയിലെഴുതിയ “ഒരു യക്ഷിക്കഥ”യ്ക്കില്ല. രണ്ടു തലങ്ങളാണു് ഈ കഥയ്ക്കുള്ളതു്. ഒന്നു യക്ഷിയുടെ ഭയജനകമായ ലോകം. രണ്ടു്: നിത്യ ജീവിതത്തിന്റെ ലോകം. യക്ഷി പനയുടെ മുകളിൽ നിന്നിറങ്ങി വന്നു് കാളവണ്ടിക്കാരന്റെയും പൊലീസുകാരന്റെയും ലോകത്തു് സഞ്ചരിക്കുന്നു. യക്ഷിക്കോ അവളുടെ ആവാസകേന്ദ്രത്തിനോ ഭയജനകത്വമില്ല. നിത്യജീവിതത്തിന്റെ ലോകത്തിനു് പ്രസ്താവ്യമായ യാഥാർത്ഥ്യവുമില്ല. ഇതൊരു ലാക്ഷണിക കഥയാണു്. യക്ഷി സിംബലാണു്. പക്ഷേ, കഥാകാരൻ ആവിഷ്ക്കരിക്കുന്ന രണ്ടു ലോകങ്ങളും വിരസങ്ങളായതുകൊണ്ടു കഥ പരാജയപ്പെടുന്നു. അദ്ദേഹത്തിന്റെ ആഖ്യാനവും ദുർബലമത്രേ.

Senryu എന്ന പേരിൽ പരിഹാസകാവ്യങ്ങളുണ്ടു് ജപ്പാനിൽ. മൂന്നുവരിയേയുള്ളു ഒരെണ്ണത്തിനു്. അതിനെ അനുകരിച്ചു് ചിലതെഴുതാൻ മോഹമെനിക്കു്.

 1. ഞാൻ കാപ്പികുടിക്കുമ്പോൾ എന്റെ മകൻ അതിഥിയോടു വിനയപൂർവ്വം സംസാരിക്കുന്നു— വന്നയാൾ മീറ്റിങ് സംഘാടകനാണെന്നു് അവനറിഞ്ഞില്ലായിരിക്കും.
 2. എന്റെ മകനു വിവാഹാലോചനയുമായി എത്തിയ മാന്യൻ മുറ്റത്തു നിന്ന ചെറുക്കനെ വാരിയെടുത്തു ചുംബിക്കുന്നു— ചെറുക്കൻ തൂപ്പുകാരിയുടെ മകനെന്നറിയാതെ.
 3. മലയാളത്തിൽ നോവലുകൾ പ്രസിദ്ധപ്പെടുത്തുന്നതോടൊപ്പം പബ്ലിക് ലൈബ്രറിയിലെ ഇംഗ്ലീഷ് നോവലുകൾ അപ്രത്യക്ഷങ്ങളാവുന്നു— വിമർശകൻ അവ കാണരുതല്ലോ.
 4. പ്രേമനൈരാശ്യത്താൽ ഉറക്കഗുളിക കഴിച്ച കാമുകി കതകിന്റെ സാക്ഷയിടാതെയാണു് കിടക്കയിൽ കിടന്നതു്— കതക് ചവിട്ടിപ്പൊളിക്കാൻ കഴിഞ്ഞില്ലെങ്കിലോ?
 5. ഭർത്താവിന്റെ മൃതദേഹത്തിൽ വീണു നിലവിളിക്കുന്ന ഭാര്യയുടെ കണ്ണു് അയാളുടെ വിരലിൽ— സ്വർണ്ണമോതിരം ഊരിയെടുക്കാൻ മറന്നുപോയി ശവം കുളിപ്പിച്ചവർ.
 6. ഇനി ഒറിജിനൽ ജപ്പാൻ സെന്റ്യൂ. അതു നാട്ടുകാർക്കൊക്കെ അറിയാം— ഭർത്താവിനു മാത്രം അറിഞ്ഞുകൂടാ.
കെ. എൽ. മോഹനവർമ്മ
images/GilbertKeithChesterton.jpg
ചെസ്റ്റർട്ടൺ

ഡൺകമീലോ കഥകളിലെ പാതിരിയെപ്പോലെ, ചെസ്റ്റർട്ടൺ കഥകളിലെ ഫാദർ ബ്രൗണിനെപ്പോലെ, പഞ്ചുമേനോൻ കുഞ്ചിയമ്മക്കഥകളിലെ പഞ്ചുമേനോനെപ്പോലെ വ്യക്തിത്വമാർജ്ജിച്ചുവരുന്നുണ്ടു് കെ. എൽ. മോഹനവർമ്മ യുടെ കഥകളിലെ പ്രൊഫസർ. ഇത്തവണ പ്രൊഫസർ നാടകമെഴുതുകയാണു്. അതു മോഷണമാണെന്നു കഥ പറയുന്ന ആൾ ചൂണ്ടിക്കാണിച്ചപ്പോൾ പിന്നെ എന്താണു ചെയ്യേണ്ടതെന്നു് അദ്ദേഹത്തിന്റെ ചോദ്യം. ആത്മകഥ എഴുതിയാൽ മതിയെന്നു ഉത്തരം.

“സാറ് ഈ ‘മാതൃക’ (നാടകം) കീറിക്കളയണം.”

“പിന്നെ”

“സാറിനെ നാലുപേരറിഞ്ഞാൽപ്പോരെ? അതിനു നല്ല വിദ്യയുണ്ടു്.”

“എന്താ.”

“സാറ് ആത്മകഥയെഴുതു്.”

“അതിനു ഞാൻ…?”

“പ്രൊഫസറുടെ ആത്മകഥ ഗംഭീരമായിരിക്കും. സാറിനറിയാവുന്ന കാര്യമൊക്കെ എഴുതു്. കേട്ടിട്ടുള്ളതും കേൾക്കാത്തതും.”

“അതിനു് ?”

“സാറിനെക്കുറിച്ചൊന്നും എഴുതണമെന്നില്ല. മറ്റുള്ളവരെക്കുറിച്ചു മാത്രം എഴുതിയാൽ മതി. അതിനാ ഇപ്പോൾ ഡിമാന്റ്.”

(കലാകൗമുദി, ലക്കം 602)

ആത്മകഥയെന്ന പേരിൽ ദുഷ്ടത മനുഷ്യനെ ചവിട്ടിയരയ്ക്കുന്ന ഈ കാലയളവിൽ ഇത്തരമൊരു പരിഹാസത്തിനു് സാംഗത്യമുണ്ടു്. ഇതു ലക്ഷ്യവേധിയാണുതാനും.

സി. പി. നായർ
images/ATasteForDeath.jpg

എനിക്കു ഡിറ്റക്ടീവ് നോവലുകൾ വായിക്കാനാവില്ല. അടുത്തകാലത്തു വളരെയേറെ വാഴ്ത്തപ്പെട്ട ഒരു ഡിറ്റക്ടീവ് നോവലാണു് പി. ഡി. ജേംസി ന്റെ A Taste for Death എന്നതു്. അമേരിക്കൻ റ്റൈം വാരിക അതിനെക്കുറിച്ചു മൂന്നോ നാലോ പുറങ്ങൾ എഴുതിയിരുന്നു എന്നാണു് എന്റെ ഓർമ്മ. അതുകൊണ്ടു് വലിയ വിലകൊടുത്തു ഞാൻ ഈ പുസ്തകം വാങ്ങി. രണ്ടുപേജിലധികം വായിക്കാൻ കഴിഞ്ഞില്ല. പി. ഡി. ജേംസിന്റെ നോവൽ മാത്രമല്ല അഗത ക്രിസ്റ്റി യുടെ കൃതികളും എനിക്കു വായിക്കാൻ വയ്യ. ബോർഹെസി ന്റെ കഥകളിൽ ഡിറ്റക്ഷന്റെ അംശം വരുമ്പോൾ എനിക്കു് വെറുപ്പു് ഉണ്ടാകുന്നു. കാരണം വയലെൻസ്— violence—എനിക്കു ജുഗുപ്സാവഹമാണു് എന്നതത്രേ. ജേംസിന്റെ നോവൽ കാവ്യാത്മകമാണെന്നും അതു വായിക്കേണ്ടതാണെന്നും ഒരു സുഹൃത്തു് പറഞ്ഞതനുസരിച്ചു് ഞാൻ വീണ്ടും വായന തുടങ്ങി. രണ്ടുപുറങ്ങൾ എത്തിയപ്പോൾ പാരായണം നിറുത്തി. വൃദ്ധയായ ആ എഴുത്തുകാരിക്കു് കൊലപാതകത്തിൽ ഇത്ര താല്പര്യം വന്നതെങ്ങനെയെന്നു് ഞാൻ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുകയാണു്. ഇതല്ല നർമ്മകഥകളുടെ സ്ഥിതി. അശ്ലീലത്തിന്റെ നേരിയ പാടുപോലും വീഴ്ത്താതെ ചിലർ ഹാസ്യകഥകൾ എഴുതുമ്പോൾ ഞാൻ രസിക്കുന്നു. സി. പി. നായരു ടെ “സനാതനൻ പിള്ള വിട വാങ്ങുന്നു” എന്ന കഥ വായിച്ചു ഞാൻ ചിരിച്ചു. പെൻഷൻ പറ്റിയ തഹസീൽദാർ സനാതനൻ പിള്ളയെ മാനിക്കാൻ വേണ്ടി വിളിച്ചുകൂട്ടിയ ഒരു സമ്മേളനത്തിന്റെ വിവരണമാണു് ഈ കഥയിലുള്ളതു്. പ്രഭാഷകരുടെ കൂട്ടത്തിൽ അഷിതാമേനോൻ എന്നൊരു യുവനിരൂപകനുമുണ്ടു്. അയാൾ പ്രഭാഷണം ആരംഭിക്കുന്നു. കേട്ടാലും:

“ജനിമൃതിയുടെ അനന്തമായ ഗർഭപാത്രങ്ങളിലൂടെ ഊളിയിട്ടു്, സർഗചേതനയുടെ രേതസ്സുതേടി, ഉർവരതയുടെ ആർത്തവ രക്തത്തിന്റെ ഗന്ധം നുകർന്നു്, ഉപനിഷത്തിന്റെ ശാന്തിമന്ത്രം ജപിക്കുന്ന മരവിച്ച മനസ്സിന്റെ പതറിയ സ്പന്ദനങ്ങൾ.”

ഇതുകേട്ടു് ഒരാൾ ചോദിച്ചു: “എന്തോന്നാകൂവേ ഈ പറയുന്നതു?” അഷിതാ മേനോനു് ഇർഷ്യ. അയാൾ തുടർന്നു:

“അന്ധകാരത്തിന്റെ വേരുകൾ ഇണ ചേർന്നു്. ഇഴഞ്ഞിറങ്ങുന്ന മനീഷയുടെ ഉപത്യകളിൽ ഒരമാവാസിയുടെ ആദ്യത്തെ നിലവളി ഇടിഞ്ഞു വീഴുന്നു.”

ഈ ഹാസ്യവും ലക്ഷ്യവേധി തന്നെ. മുൻപു് ഒരു ഗ്രാമത്തിൽ പുതിയ പാതിരി വരുമ്പൊഴെല്ലാം ഒരു സ്ഥിരം “പ്രാസംഗികൻ” പ്രസംഗിക്കാൻ കയറും. “പഴയതൊക്കെ പുറന്തള്ളാനും പുതിയതൊക്കെ നടപ്പിൽ വരുത്താനും കർത്താവിനാൽ നിയോഗിക്കപ്പെട്ട അച്ചോ അങ്ങ് ഭാഗ്യനക്ഷത്രമാണു് ഞങ്ങളുടെയെല്ലാം. ദൗർഭാഗ്യനക്ഷത്രം ഇന്നലെ അസ്തമിച്ചതേയുള്ളു. ഇതാ ഭാഗധേയതാരകം വന്നു നില്ക്കുന്നു.” അച്ചൻ ഇതുകേട്ടു ആ ലോക്കൽ വാഗ്മിയെ പ്രശംസിച്ചു. അപ്പോൾ ഒരുത്തൻ പാതിരിയോടു പറഞ്ഞു: “അച്ചോ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ഇവിടെ മുപ്പത്തിരണ്ടു പാതിരിമാർ മാറിമാറിവന്നു. എല്ലാരെക്കുറിച്ചും അയാൾ ഇതുതന്നെയാണു് പറയാറു്. ഇനി അച്ചൻ പോയിട്ടു് വേറൊരച്ചൻ വന്നാലും അയാൾ ഇതുതന്നെ പറയും.” സി. പി. നായരുടെ കഥാപാത്രത്തെപ്പോലുള്ള ചില നിരൂപകർ ഒരേ മട്ടിൽ കുമാരനാശാനേ യും ചങ്ങമ്പുഴ യേയും വൈലോപ്പിള്ളി യേയും കുറിച്ചു് എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാം ഗർഭപാത്രവും ഉർവരതയും പുനർജനിയും തന്നെ.

നെല്ലുവിതച്ചാലേ നെൽച്ചെടി വയലിൽ കിളിർത്തു വളരൂ. പിന്നീടു് നെല്ലു കൊയ്തെടുക്കാം. കല്ലു വിതച്ചാൽ കൊയ്ത്തു നടക്കില്ല. ഭാഷാപ്രയോഗമെന്ന മട്ടിൽ ചിലർ കല്ലു വിതച്ചുകൊണ്ടിരിക്കുന്നു കേരളത്തിൽ.

കടലാസ്സുവള്ളം

മഴക്കാലത്തു വീട്ടുമുറ്റത്തു വെള്ളം കെട്ടുമ്പോൾ കൊച്ചുകുട്ടികൾ കടലാസ്സുവള്ളമുണ്ടാക്കി അവയിൽ പൂക്കൾ നിറച്ചു ഒഴുക്കും. വഞ്ചി അക്കരെ ചെല്ലണമെന്നാണു് അവരുടെ ആഗ്രഹം. പക്ഷേ, പലപ്പോഴും ഒരിഞ്ചുപോലും നീങ്ങാതെ അതു് വെള്ളത്തിൽ കുതിർന്നു താഴും. കുട്ടികൾക്കു നിരാശത. എഴുത്തുകാർ കടലാസ്സുവള്ളമൊഴുക്കുന്ന കുഞ്ഞുങ്ങളെപ്പോലെയാണു്. അക്കരെ അടുക്കുന്നില്ലെന്നു കണ്ടു അവർ ദുഃഖിക്കുന്നു, നിരാശപ്പെടുന്നു.

ഞാൻ ചലച്ചിത്രം കാണാറില്ല. എങ്കിലും ചലച്ചിത്രനിരൂപണങ്ങൾ വായിക്കാറുണ്ടു്. ട്രയൽ വാരികയിൽ മേരി അലക്സാണ്ടർ അരവിന്ദനെ ക്കുറിച്ചു് എഴുതിയതു് കൗതുകത്തോടെ വായിച്ചു. ആ നിരൂപണം കെങ്കേമമാണെന്നും മറ്റും ഞാൻ പറയുകയില്ല. എന്നാലും സാധാരണമായ നിരൂപണങ്ങളിൽ നിന്നു് അതിനു് വിഭിന്നതയുണ്ടു്. ആ വിഭിന്നത പ്രശംസനീയമാണുതാനും. മേരി അലക്സാണ്ടറുടെ കടലാസ്സു വഞ്ചി നീങ്ങിക്കൊണ്ടിരിക്കുന്നു. അതു അക്കരെ ചെല്ലട്ടെ.

‘സമയമെന്തായി? ഒരാൾ മറ്റൊരാളോടു ചോദിക്കുന്നതു ഞാൻ കേട്ടു. അയാളുടെ മറുപടി “സൂക്ഷം പന്ത്രണ്ടു്” ഒരഭ്യസ്ത വിദ്യൻ തന്നെയാണു് ‘സൂക്ഷം’ എന്നു പറഞ്ഞതു്. കണിശം എന്ന അർത്ഥത്തിലായിരുന്നു ആ സൂക്ഷപ്രയോഗം. എന്നാൽ പ്രയോഗിക്കേണ്ടതു ‘സൂക്ഷ്മം’ എന്നാണു്. “സൂക്ഷ്മം പന്ത്രണ്ടായി” എന്നതു ശരി. സൂക്ഷം തെറ്റു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-04-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 4, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.