സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-05-17-ൽ പ്രസിദ്ധീകരിച്ചതു്)

വായിക്കുന്നവനു് ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഭാഷയിൽ കവിതയും കഥയും നിരൂപണവും എഴുതുന്നവർ സ്വയം ഇല്ലായ്മ ചെയ്യുകയാണെന്നു മാത്രം കരുതരുതു്. അവർ ഭാഷയെ നിഗ്രഹിക്കുന്നു, സംസ്കാരത്തെ ഹനിക്കുന്നു, കേരളത്തെ വധിക്കുന്നു.

സ്ത്രീയോടു മൂന്നു കാര്യങ്ങളേ അനുഷ്ഠിക്കാനുള്ളു. നിങ്ങൾക്കു് അവളെ സ്നേഹിക്കാം. അവൾക്കുവേണ്ടി കഷ്ടപ്പെടാം. അവളെ സാഹിത്യത്തിലേക്കു കൊണ്ടുവരാം—ഇതു പറഞ്ഞതു് വിശ്വവിഖ്യാതനായ ബ്രിട്ടീഷ് നോവലെഴുത്തുകാരൻ ലോറൻസ് ഡുറലാ ണു്. മഹാനായ ഈ സാഹിത്യകാരൻ ഇന്ത്യയിലാണു് ജനിച്ചതെങ്കിലും കേരളത്തിൽ വന്നിരിക്കാനിടയില്ല. വന്നെങ്കിൽ ഈ അഭിപ്രായത്തിനു് കുറച്ചൊരു മാറ്റം വരുമായിരുന്നു. ‘നിങ്ങൾക്കു അവളെ മഹാദുഃഖത്തിലേക്കു വീഴ്ത്താം’ എന്നുംകൂടി ഡുറൽ പറഞ്ഞേനെ. ഈ അഭ്യൂഹം നടത്തത്തക്കവിധത്തിൽ എനിക്കു് അനുഭവസമ്പത്തുണ്ടു്. ഒട്ടും വിചാരിച്ചിരിക്കാതെയാണു് ഞങ്ങൾ ആ വീട്ടിൽ ചെന്നുകയറിയതു്. ഊണു കഴിഞ്ഞേ പോകാവൂ എന്നു ഗൃഹനായകൻ നിർബന്ധിച്ചു പറഞ്ഞതുകൊണ്ടു് ഞങ്ങൾ അവിടെത്തന്നെയിരുന്നു. ഇതിനിടയിൽ ഗൃഹനായികയെ വിളിച്ചു പരിചയപ്പെടുത്തി അദ്ദേഹം. അവർ ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ മുഖത്തു് വിഷാദത്തിന്റെ ദീപ്തിയാണു് വ്യാപിച്ചതു്. ഭാര്യയെ ചതിക്കുന്ന ഭർത്താവു് അന്യരുടെ മുൻപിൽവച്ചു് അവളോടു് കൂടുതൽ സ്നേഹത്തോടെ പെരുമാറും, സംസാരിക്കും. “ഇങ്ങടുത്തു വാ” എന്നു് അയാൾ അവളോടു് പറഞ്ഞതിൽ ആവശ്യകതയിൽ കവിഞ്ഞ മാധുര്യവും സ്നേഹവും ഉണ്ടായിരുന്നു. അതിന്റെ കാപട്യം മനസ്സിലാക്കിയ ഗൃഹനായിക മുഖംവീർപ്പിച്ചു നിന്നതേയുള്ളു. എന്തോ ദുഃഖം എന്നു വിചാരിച്ചു് ഞാൻ മറ്റു കാര്യങ്ങളിലേക്കു മനസ്സു വ്യാപരിപ്പിച്ചു. ഉണ്ണാനിരുന്നപ്പോഴാണു് ആ കൊടിയ ദുഃഖത്തിന്റെ ഹേതു പൊടുന്നനവേ എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞതു്. ചോറു വിളമ്പിയതു ഗൃഹനായികയല്ല, പരിചാരികയായ ചെറുപ്പക്കാരി. സാരിത്തുമ്പു് വയറിന്റെ ഒരു ഭാഗത്തേക്കു തിരുകിവച്ചു് പൊക്കിൾ കാണിച്ചുകൊണ്ടു് അവൾ മന്ദസ്മിതം ചൊരിഞ്ഞു വിളമ്പുകയാണു്. അഴകും ആരോഗ്യവുമുള്ള യുവതി. അവൾക്കാണു് ആ വീട്ടിൽ ആധിപത്യം. “സ്ത്രീരൂപിയാം കദനമോയിവളെന്നു” തോന്നുന്ന മട്ടിൽ ഗൃഹനായിക അടുക്കള വാതില്ക്കൽ നില്ക്കുന്നു. സാധാരണമായി പരിചാരിക അടുക്കള വാതിൽ വരെ ഭക്ഷണസാധനങ്ങൾ കൊണ്ടുവരും. വീട്ടുകാരി അവ വാങ്ങി വിളമ്പും. അവിടെ നേരെമറിച്ചായിരുന്നു സ്ഥിതി. പരിചാരിക വീട്ടുകാരി. വീട്ടുകാരി പരിചാരികയും. തികഞ്ഞ അസ്വസ്ഥതയോടെയാണു് ഞാൻ കുറച്ചുണ്ടതു്. ഈ ലോകത്തു പലവിധത്തിലുള്ള ദുഃഖങ്ങളുണ്ടു്. അവയിൽ ഏറ്റവും വലിയ ദുഃഖം സ്ത്രീയുടെ ദുഃഖമാണു്. അതു പരകോടിയിലെത്തുന്നതു ഭർത്താവിന്റെ വഞ്ചന കാണുമ്പോഴാണു്. അതുതന്നെയാണു മഹാദുഃഖവും. ആ സ്ത്രീയുടെ വിഷാദം കണ്ടപ്പോൾ എനിക്കു തോന്നിയതു് ഇങ്ങനെയാണു്: ദുഃഖിച്ചു് ദുഃഖിച്ചു് ക്രമേണ മരണത്തിലേക്കു നീങ്ങുന്നതു് ഈ പ്രദേശത്തെ, ഈ വീട്ടിലെ സ്ത്രീയല്ല. സാമാന്യമായ സ്ത്രീത്വമാണു്. ഭാരതത്തിലാകെയുള്ള സ്ത്രീകളുടെ മരണമാണു് ഞാൻ ഇവിടെ കണ്ടതു്. പഞ്ചാബിൽ കഴിഞ്ഞ എത്രയോ വർഷങ്ങളായി ദിവസന്തോറും പത്തും ഇരുപതും നിരപരാധർ വധിക്കപ്പെടുന്നു. ഈ വധങ്ങൾ നടക്കുമ്പോൾ പഞ്ചാബ് മാത്രം നശിക്കുന്നു എന്നു കരുതരുതു്. നശിക്കുന്നതു് ഭാരതമാകെയാണു്. സിലോണിൽ കൂട്ടക്കൊല നടക്കുമ്പോൾ മരിക്കുന്നതു് ചില വ്യക്തികൾ മാത്രമല്ല, സിലോണാകെ മരിക്കുകയാണു്. ഇതൊന്നും മനസ്സിലാക്കാതെ ഞങ്ങൾ ശക്തിയോടെ പ്രതിഷേധിക്കുന്നു എന്നു മാത്രം കൂടക്കൂടെ ഗർജ്ജിക്കുന്നതിൽ ഒരർത്ഥവുമില്ല. അതുകൊണ്ടു് ഒരു പ്രയോജനവുമില്ല. നമ്മുടെ സാഹിത്യത്തിന്റെ സ്വഭാവവും ഇതുതന്നെ. വായിക്കുന്നവനു് ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഭാഷയിൽ കവിതയും കഥയും നിരൂപണവും എഴുതുന്നവർ സ്വയം ഇല്ലായ്മ ചെയ്യുകയാണെന്നു മാത്രം കരുതരുതു്. അവർ ഭാഷയെ നിഗ്രഹിക്കുന്നു, സംസ്കാരത്തെ ഹനിക്കുന്നു, കേരളത്തെ വധിക്കുന്നു.

ആധ്യാത്മിക പരിമളം
images/Ramana3sw.jpg
രമണ മഹർഷി

ആധ്യാത്മിക വിഷയങ്ങൾ ലളിതമായി പ്രതിപാദിച്ചിട്ടുള്ള രണ്ടാചാര്യന്മാരാണു് വിവേകാനന്ദസ്സ്വാമി യും രമണ മഹർഷി യും. അദ്വൈത സിദ്ധാന്തത്തിലാണോ രമണ മഹർഷി വിശ്വസിക്കുന്നതെന്നു് ഒരാൾ അദ്ദേഹത്തോടു് ചോദിച്ചു. അദ്ദേഹം അതിനു നല്കിയ മറുപടി ഇങ്ങനെ: ‘അജാത’ സിദ്ധാന്തം മാത്രമല്ല ഞാൻ പഠിപ്പിക്കുന്നതു്. കേൾക്കുന്നവന്റെ കഴിവിനനുസരിച്ചു് ഒരേ സത്യത്തെത്തന്നെ പലവിധത്തിൽ ആവിഷ്കരിക്കേണ്ടതായി വരും. ഒരു സത്യമൊഴിച്ചു വേറൊന്നുമില്ലെന്നു് ‘അജാത’ സിദ്ധാന്തം പറയുന്നു. ജനനമില്ല, മരണമില്ല, പാരതന്ത്ര്യമില്ല, മോക്ഷമില്ല എന്നും അതു് ഉദ്ഘോഷിക്കുന്നു. ഒറ്റസത്യം മാത്രം, ഒരൈക്യം മാത്രമുണ്ടു്. ഇതു് അംഗീകരിക്കാൻ ചിലർക്കു വയ്യ. അവർ ചോദിക്കുന്നു: “ഘനരൂപമാർന്ന ഈ ലോകത്തെ നമ്മൾ ചുറ്റും കാണുമ്പോൾ അതിനെയെങ്ങനെ അവഗണിക്കാൻ കഴിയും?” അങ്ങനെ ചോദിക്കുന്നവരോടു് പറയുന്നതു് ഇങ്ങനെ: “കാണുന്നതൊക്കെ ദ്രഷ്ടാവിനെ ആശ്രയിച്ചിരിക്കുന്നു, ദ്രഷ്ടാവിനെ ഒഴിവാക്കിയാൽ പിന്നൊന്നുമില്ല” ഇതിനെ ദൃഷ്ടി–സൃഷ്ടിവാദം എന്നും വിളിക്കുന്നു. വ്യക്തിമനസ്സുകൊണ്ടു് ചിലതു സൃഷ്ടിക്കുന്നു, അങ്ങനെ താൻ സൃഷ്ടിച്ചതിനെ അയാൾ കാണുന്നു എന്നാണു് ഈ വാദത്തിന്റെ അർത്ഥം. ഇതു വേറെ ചിലർക്കു് അംഗീകരിക്കാൻ വയ്യ. അവർ പറയും, ഞാൻ മാത്രമല്ല മറ്റുള്ളവരും ഈ ലോകത്തെ കാണുന്നുണ്ടു്. അപ്പോൾ ഇതു് എന്റെ മനസ്സിന്റെ സൃഷ്ടി മാത്രമാണെന്നു് എങ്ങനെ പറയും? ഇക്കൂട്ടർക്കുവേണ്ടി സൃഷ്ടി–ദൃഷ്ടിവാദം ആവിർഭവിക്കുന്നു. ഈശ്വരൻ ലോകത്തെ സൃഷ്ടിച്ചു എന്നാണു് അതിന്റെ അർത്ഥം. എന്നാൽ വേദാന്തം ഉദ്ഘോഷിക്കുന്നതു് ഇതല്ല. ദ്രഷ്ടാവിനോടൊരുമിച്ചു പ്രപഞ്ചം ആവിർഭവിക്കുന്നു. സൃഷ്ടിയുടെ വിശദാംശങ്ങൾ ഇവിടെയില്ല എന്നാണു് ഇതിന്റെ അർത്ഥം. യുഗപത്-സൃഷ്ടി (ഉടനടിയുള്ള സൃഷ്ടി) എന്നാണു് ഈ സിദ്ധാന്തത്തിന്റെ പേരു്. ചിലർക്കു് ഇതു സ്വീകരിക്കാനാവുന്നില്ല. നോക്കിയാലുടനെ സൃഷ്ടി ഉണ്ടാകുന്നതെങ്ങനെ എന്നാണു് അവരുടെ ചോദ്യം. കാര്യത്തിനു് കാരണം വേണമല്ലോ എന്നും അവർ ചൂണ്ടിക്കാണിക്കും. ഈ ജിജ്ഞാസയെ ശമിപ്പിക്കാൻ ശ്രുതികൾ മുന്നോട്ടു വരുന്നു. അവർ കർമ്മ–സൃഷ്ടി (ക്രമേണയുള്ള സൃഷ്ടി) വാദം ഉന്നയിക്കുന്നു. യഥാർത്ഥാന്വേഷകനു് യുഗപത്-സൃഷ്ടിവാദംകൊണ്ടു് തൃപ്തിപ്പെടാമെന്നാണു് രമണ മഹർഷിയുടെ അഭിപ്രായം.

images/OVUsha.jpg
ഒ. വി. ഉഷ

ഒ. വി. ഉഷ യുടെ “ജാലകം” എന്ന നല്ല കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചപ്പോൾ ഈ വാദങ്ങൾ സംഗ്രഹിച്ചു പറയേണ്ടതാണെന്നു് എനിക്കു തോന്നി. പ്രതിരൂപാത്മകസ്വഭാവമുള്ള ജനാല. അതിലൂടെ നോക്കുമ്പോൾ വെയിലിൽ എല്ലാം സ്പഷ്ടം. എങ്കിലും അസ്ഥിരസ്വഭാവമാണു് ജനാലയ്ക്കു്. ചിലപ്പോൾ അന്ധകാരത്തിന്റെ രൂപങ്ങളായിരിക്കും വന്നെത്തുക. വേറെ ചിലപ്പോൾ കാറ്റിന്റെ ചിലമ്പൊലി കേൾപ്പിച്ചു് മുകിലിൽ തുകിൽ പാറിച്ചു്, കരവാളേന്തി ഉറഞ്ഞുതുള്ളുന്ന മഴക്കോളുകൾ. ഈ വിഭിന്നതകളിലും ശുഭദായകമായ ഒരു വെളിച്ചം. ആ വെളിച്ചം രമണ മഹർഷി പറയുന്ന ഒരേയൊരു സത്യംതന്നെയാണു്. ഒരേയൊരു ഐക്യംതന്നെയാണു്. ഒ. വി. ഉഷയുടെ ഈ കാവ്യത്തിൽ നിന്നു് ആധ്യാത്മികത്വത്തിന്റെ പരിമളം പ്രസരിക്കുന്നു. കവിയുടെ വാങ്മയ ചിത്രങ്ങൾ രമണീയങ്ങളും.

ചോദ്യം, ഉത്തരം

ചോദ്യം: “സാഹിത്യവാരഫലം അന്യൂനമാണെന്നും നിങ്ങൾക്കു മാത്രമേ അതെഴുതാൻ കഴിയൂ എന്നും നിങ്ങൾക്കു് അഭിപ്രായമുണ്ടോ?”

ഉത്തരം: “അയ്യോ ഇല്ല. ഹീബ്രു എഴുത്തുകാരൻ ഏമസ് ഓസി ന്റെ A Perfect Peace എന്ന നോവലിൽ ഒരു വലിയ തത്ത്വചിന്തകന്റെ ഒരു വാക്യം ഉദ്ധരിച്ചിട്ടുണ്ടു്. “ഒളിമ്പിക് മെഡൽ നേടിയവർ ഗ്രീസിലെ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരനല്ല. ആ ഓട്ടത്തിലെ ഏറ്റവും വേഗമുള്ള ഓട്ടക്കാരൻ മാത്രമാണു്. സാഊലിൽ ഓടിയ തരുണികളിൽ പി. ടി. ഉഷ വേഗം കൂടിയ ഓട്ടക്കാരിയായിരുന്നു. ദക്ഷിണ കൊറിയയിൽ ഉഷയെക്കാൾ വേഗത്തിൽ ഓടുന്നവർ കാണും; ഇന്ത്യയിൽ കാണും; കേരളത്തിൽ കാണും ഉഷയുടെ ജന്മദേശത്തുതന്നെ കാണും. അവരാരും ഓടാൻ വരുന്നില്ല എന്നേയുള്ളു. അമിതാഭ് ബച്ചനേ ക്കാൾ സുന്ദരന്മാർ സ്മിതാ പാട്ടീലി നെക്കാൾ അഭിനയ വൈദഗ്ദ്ധ്യമുള്ളവർ ലക്ഷക്കണക്കിനു്, കോടിക്കണക്കിനു് ഇന്ത്യയിലുണ്ടു്. പരിതഃസ്ഥിതികൾ അവരെ രണ്ടുപേരെ മുൻനിരയിലേക്കു കൊണ്ടുവന്നുവെന്നേയുള്ളു. അതുപോലെ സാഹിത്യവാരഫലം ഇതിനെക്കാൾ സുന്ദരമായി എഴുതാൻ കെല്പുള്ളവർ കോടാനുകോടിയുണ്ടു്. പരിതഃസ്ഥിതിയുടെ സൃഷ്ടിയായ ഞാൻ അതു് എഴുതുന്നുവെന്നേയുള്ളു. ഈ പരമാർത്ഥം നമ്മുടെ അഹങ്കാരികളായ കവികളുടെ കണ്ണിന്റെ മുൻപിൽ ഉണ്ടായിരുന്നാൽ നന്നു് ഏറെ നന്നു്.”

ചോദ്യം: “മുറുക്കിപ്പിടിച്ച കൈകൊണ്ടു് മറ്റൊരാളിന്റെ കൈപിടിച്ചു് കുലുക്കാൻ സാധിക്കില്ലെന്നു് പറഞ്ഞതാരു്?”

ഉത്തരം:ഇന്ദിരാഗാന്ധി.”

ചോദ്യം: “വേശ്യകളുടെ പ്രവൃത്തികളെ നീതിമത്കരിച്ച ഒരു ചിന്തകന്റെ പേരു പറയൂ?”

ഉത്തരം: “ഇരുപതാം ശ്താബ്ദത്തിലെ ഫ്രാൻസ് കണ്ട സാഹിത്യ നിരൂപകരിൽ അദ്വിതീയനായ റൊളാങ് ബാർതേഷ് (Barthes).”

മുതുകുതന്നെ ശരണം

പത്തൊൻപതാം ശതാബ്ദത്തിൽ ജർമ്മനിയിലുണ്ടായ നരവംശ ശാസ്ത്രസംബന്ധിയായ ക്ലാസിക്കാണു് Das Weib. (ഗ്രന്ഥകാരൻ Hermann H Ploss) ഈ ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ (ഇംഗ്ലീഷ് തർജ്ജമ) ഞാൻ വായിച്ചിട്ടുണ്ടു്. ഇതിലൊരിടത്തു് ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളെപ്പറ്റി പറഞ്ഞിരിക്കുന്നു. ചെറുപ്പകാലത്തു്—വിവാഹമായിട്ടില്ലാത്ത കാലത്തു്— വക്ഷോജങ്ങൾ ആകർഷകങ്ങളാണു്. വിവാഹം കഴിഞ്ഞു പ്രസവമായാൽ ആ ആകർഷകത്വം നശിച്ചു് അവ ഒഴിഞ്ഞ തോൽസഞ്ചികളെപ്പോലെ ആയിത്തീരുന്നു. പക്ഷേ ഇതുതന്നെ “സൗന്ദര്യ”മാണെന്നാണു് ആ സ്ത്രീകളുടെ മട്ടു്. അവർ താഴത്തേക്കു വലിച്ചുകെട്ടി അവയുടെ നീളം കൂട്ടുന്നു. അങ്ങനെ നീണ്ടുകിട്ടിയ സ്തനങ്ങളെ തോളിൽക്കൂടി മുതുകിലേക്കു ഇടുന്നു. കുട്ടികളെ മുതുകിലിരുത്തിക്കൊണ്ടു് പോകുമ്പോൾ ആ പിള്ളേർക്കു മുലകുടിക്കാൻ നല്ല സൗകര്യം. ടി. വി. വർക്കി യുടെ “മദ്യവർജ്ജകരോടു് മദ്യപർ” എന്ന “കാവ്യം” (കുങ്കുമം വാരിക) മുലകൾക്കു നീളംകൂട്ടി പിറകോട്ടിട്ട ആഫ്രിക്കാക്കാരിയാണു്. അവളുടെ മുതുകിൽ കയറിയിരുന്നു സഹൃദയ ശിശുക്കൾ മുലപ്പാൽ കുടിക്കുമെന്നു വർക്കി കരുതുന്നുണ്ടാവും. അതു തെറ്റു്. കേരളത്തിലെ സഹൃദയ ശിശുക്കൾ അത്രകണ്ടു അധഃപതിച്ചവരല്ല. അവർക്കു നല്ല മുലപ്പാൽ വേറെ കിട്ടും. മുതുകുവഴിയുള്ള പാലുകുടി വേണ്ട.

മുകളിൽപ്പറഞ്ഞ പുസ്തകത്തിൽ കണ്ട ഒരു കഥ കൂടി സംഗ്രഹിച്ചെഴുതാം. ശവകുടീരങ്ങൾ നിറഞ്ഞ ഒരിടത്തു രാത്രിയിൽ സഞ്ചരിക്കുന്ന ഒരുത്തൻ മധുരമായ ഗാനം കേൾക്കുന്നു. ആ ഗാനത്തിന്റെ പ്രഭവകേന്ദ്രം അന്വേഷിച്ചു് അയാൾ നടക്കുമ്പോൾ ഒരു അതിസുന്ദരിയായ പെൺകുട്ടിയെ കാണുന്നു. അവൾ അയാളുടെ മുൻപിലായി നടക്കുകയാണു്. പുരുഷൻ പിറകേ ചെല്ലുമ്പോൾ ആ നടത്തം ഓട്ടമായി മാറുന്നു. ഓട്ടത്തിന്റെ വേഗം കൂടിക്കൂടി വരുന്നു. അതോടൊപ്പം അവളുടെ വക്ഷോജങ്ങളുടെ നീളവും കൂടുന്നു. ഒടുവിൽ അവ തോളുകളിൽക്കൂടി പിറകോട്ടിട്ടു് അവൾ ഒരു കുഴിയിലേക്കു ചാടുന്നു. സ്തനദൈർഘ്യത്തിൽ മാത്രം ദത്തശ്രദ്ധനായ അയാൾ ആ കുഴിയിൽ വീണു കഴുത്തൊടിക്കുന്നു. കുങ്കുമം വാരികയിലെ “ഇന്നത്തെ മാർക്കണ്ഡേയൻ” (വാസന്തി രചിച്ചതു്) ഈ യക്ഷിയെപ്പോലെയാണു്. അവളുടെ ഓട്ടമൊന്നു കാണു:

അദിതിയും കശ്യപനും

കേണു;

മാർക്കണ്ഡേയാ,

നിനക്കായുസ്സ്

പതിനാറു വയസ്സു്.

നല്ലപിള്ളയെ വേണമെന്നു്

ശഠിച്ച ഞങ്ങൾക്കു്

നാന്മുഖൻ നല്കിയ

നീക്കമില്ലാവിധിയിതു്

പതിനാറിന്റെ ഊറ്റമുള്ള

മാർക്കണ്ഡേയൻ

അന്നും ഇന്നും

അച്ഛനമ്മമാരെ

ആശ്വസിപ്പിച്ചു;

ഇതിനൊരറുതി

ഞാൻ കണ്ടോളാം.

പ്രിയപ്പെട്ട വായനക്കാരേ, ഗർത്തത്തിൽ വീണു നിങ്ങൾ കഴുത്തൊടിക്കുന്നതു് എനിക്കിഷ്ടമുള്ള കാര്യമല്ല.

സി. അച്ചുതമേനോൻ
images/Josephinemcleod.jpg
മിസ് മക്ലൗഡ്

കാസാൻദ്സാക്കീസ് ഇംഗ്ലണ്ടിൽ ചെന്നപ്പോൾ മിസ് മക്ലൗഡ് എന്ന വൃദ്ധയെ പരിചയപ്പെട്ടു. (Miss Macleod) എൺപതു് വയസ്സുണ്ടായിരുന്നു അവർക്കു്. ഉജ്ജ്വലങ്ങളായ നീലക്കണ്ണുകൾ, ശക്തിയാർന്ന താടിയെല്ലു്, ചിന്താശീലവും കാഠിന്യവും കാണിക്കുന്ന മന്ദസ്മിതം ഇവയോടുകൂടിയ ആ സ്ത്രീയെപ്പോലെ മറ്റൊരു സ്ത്രീയെ കാസാൻദ്സാക്കീസ് കണ്ടിട്ടില്ല. സ്വാമി വിവേകാനന്ദന്റെ ആരാധികയായ അവരോടു് ‘Tell me about Vivekananda’ എന്നു കാസാൻദ്സാക്കിസ് പറഞ്ഞു. അവർ സ്വാമിയുടെ ജീവചരിത്രം സംഗ്രഹിച്ചു് നല്കിയിട്ടു് അദ്ദേഹത്തെ അറിയിച്ചു: അദ്ദേഹം (വിവേകാനന്ദൻ) കാസാൻദിനെപ്പോലെ ശുദ്ധഹൃദയനായിരുന്നു, പുണ്യാളനെപ്പോലെ നിഷ്കളങ്കനും. തിന്മയുടെ നേർക്കു് അദ്ദേഹത്തിന്റെ മനസ്സു് ഒരിക്കലും ചെന്നിരുന്നില്ല. അദ്ദേഹം ഞങ്ങളോടു് ചേർന്നു ചിരിച്ചു, വിനോദിച്ചു. പല സ്ത്രീകളും അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായിരുന്നു, സുന്ദരികളും. പക്ഷേ ഒരു നിമിഷംപോലും അദ്ദേഹം വികാരംകൊണ്ടില്ല (But he never got misty-eyed for a single moment എന്നു് ഇംഗ്ലീഷ്). അദ്ദേഹത്തിനു് അതു സംഭവിച്ചിരുന്നെങ്കിൽ ഞാനായിരിക്കും അതു് ആദ്യം കണ്ടുപിടിക്കുന്നതു്. അതു് ഞാൻ കാണാതെ പോവുകയില്ല” അവർ (മക്ലൗഡ്) മഞ്ഞുപോലെ വെളുത്ത ശിരസ്സു ചലിപ്പിച്ചുകൊണ്ടു് ചിരിച്ചു. ഇന്ത്യയുടെ നേർക്കു്, അങ്ങു ദൂരെ ദൂരെ നോക്കിക്കൊണ്ടു് അവർ പറഞ്ഞു: “എന്തൊരു ഗൗരവമാർന്ന സാർത്ഥകങ്ങളായ ദിനങ്ങൾ!” വിവേകാനന്ദസ്സ്വാമിയുടെ ശവകുടീരത്തിനടുത്തു് മക്ലൗഡിനു് ഒരു ധവളാഭമായ ഭവനം ഉണ്ടായിരുന്നു. ഗംഗാ നദിക്കടുത്തുള്ള ആ ഭവനത്തിൽ അവർ ധ്യാനിക്കാൻവേണ്ടി ചെല്ലുമായിരുന്നു. 1900-ൽ സ്വാമിജി അവർക്കു് അയച്ച ഒരു കത്തു്— മഞ്ഞക്കടലാസിൽ എഴുതിയ കത്തു്—അവർ കാസാൻദ്സാക്കീസിനെ വായിച്ചു കേൾപ്പിച്ചു. ദീർഘമായ ആ കത്തിലെ അവസാനത്തെ ചില വാക്യങ്ങൾ മാത്രം ഇവിടെ എടുത്തെഴുതാം.

“What peace reigns! My thoughts seem to come from very far away, from the depths of my own heart. They are like muffled murmurs in the distance, and peace descends upon everything, a sweet peace, devoid of fear, devoid of love, devoid of emotion like the peace we feel when we are alone and surrounded by paintings and statues. Here I am, Lord, here I am; I am coming… ”
images/NikosKazantzakis1904.jpg
കാസാൻദ്സാക്കീസ്

“പ്രശാന്തതയാൽ ഹൃദയം പിളർക്കുന്ന കത്തു്” എന്നാണു് കാസാൻദ്സാക്കീസ് ഇതിനെ വിശേഷിപ്പിക്കുന്നതു്. ആധ്യാത്മികത്വത്തിന്റെ പ്രകാശത്തിൽ ആമജ്ജനം ചെയ്യാൻ കാസാൻദ്സാക്കീസിനു കഴിഞ്ഞിരുന്നു എന്നാണു് ഈ ഭാഗം തെളിയിക്കുന്നതു്. മക്ലൗഡിനെ പ്രശംസിക്കുന്ന അദ്ദേഹം പരോക്ഷമായി വിവേകാനന്ദസ്സ്വാമിയേയും പ്രശംസിക്കുകയാണല്ലോ. ഈ മാനസിക പ്രവണതയുള്ള കാസാൻദ്സാക്കീസ് ക്രിസ്തുവിനെ നിന്ദിച്ചു് നോവലെഴുതിയതെങ്ങനെ? അറിയാൻ പാടില്ല. എന്തുമാകട്ടെ, അദ്ദേഹം ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തെ വർണ്ണിച്ചു് പാപം ചെയ്യാനുള്ള തന്റെ പ്രലോഭനത്തിനു സംതൃപ്തി നല്കി. അരുതാത്തതു് ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ആഹ്ലാദമായിരുന്നു കാസാൻദ്സാക്കീസിനു്. ആ പ്രലോഭനത്തിനു് അദ്ദേഹം വിധേയനായതു തെറ്റായിപ്പോയിയെന്നു് സി. അച്ചുതമേനോനും പറയുന്നു:

ക്രിസ്തു വിനെ ഒരു ദുർബ്ബലനായിട്ടല്ല, അസാമാന്യമായ ധീരതയും ഉൾക്കരുത്തുമുള്ള ഒരു മഹാപുരുഷനായിട്ടാണു് ബൈബിൾ ചിത്രീകരിക്കുന്നതു്. ആ മഹനീയ വിഗ്രഹത്തെ എന്തിനിങ്ങനെ അലങ്കോലപ്പെടുത്തി? ഇഹലോകത്തിൽ മനുഷ്യർക്കു പൂജാവിഗ്രഹങ്ങളായി ചരിത്രത്തിൽ അപൂർവ്വം ചില വ്യക്തികളേയുള്ളു. അവരിൽ ഒരാളായ യേശുവിനെ ഇപ്രകാരം ചിത്രീകരിച്ചതു് അക്ഷന്തവ്യമായ ഒരു തെറ്റാണു് എന്ന ശ്രീ. എം. കൃഷ്ണൻനായരു ടെ അഭിപ്രായത്തോടു് എനിക്കു യോജിപ്പാണു്.” (ജനയുഗം വാരിക)
എം. കെ. കെ. നായർ

മദ്ധ്യപ്രദേശത്തെ കൊടുങ്കാട്ടിലൂടെ സഞ്ചരിച്ചു് ഞങ്ങൾ ഭിലായിയിൽ എത്തി. രാത്രി ഏഴുമണി. ടൗൺഷിപ്പിലേക്കു കടന്നപ്പോൾ “ഇതെന്തൊരു ദേവലോകം!” എന്നു ഞാൻ അറിയാതെ പറഞ്ഞുപോയി. എന്നെ മീറ്റിംഗിനു് വിളിച്ചുകൊണ്ടുപോയ മലയാളി അതുകേട്ടു് ഉടനെ പറഞ്ഞു: ഈ സൗന്ദര്യത്തിനെല്ലാം കാരണക്കാരൻ എം. കെ. കെ. നായരാ ണു്. വെള്ളി വെളിച്ചം പ്രവഹിക്കുന്ന അവിടുത്തെ റോഡുകളിലൂടെ സഞ്ചരിച്ചു് ആത്മവിസ്മൃതിയിലാണ്ടു പോകുന്നതു് അന്യാദൃശമായ അനുഭവമാണു്. മനുഷ്യന്റെ പ്രയത്നം കളിമണ്ണിനെ കാഞ്ചനമാക്കി മാറ്റിയിരിക്കുന്ന കാഴ്ച ഞാനിവിടെ കണ്ടു. എം. കെ. കെ. നായരുടെ ധിഷണാവിലാസത്തെ മനസ്സുകൊണ്ടു് പ്രകീർത്തിച്ചുകൊണ്ടു് ഞാൻ ഉറങ്ങി. നേരം വെളുത്തപ്പോൾ ഭിലായി സ്റ്റീൽ പ്ളാന്റ് കാണാൻ പോയി. “നിങ്ങൾ പൂർണ്ണമായ ആരോഗ്യത്തോടെ ഇവിടെ വരുന്നു. അങ്ങനെതന്നെ തിരിച്ചുപോകണമെന്നാണു് ഞങ്ങളുടെ ആഗ്രഹം.” ഏതാണ്ടു് ഈ അർത്ഥത്തിൽ ഉരുക്കുശാലയുടെ പ്രധാനപ്പെട്ട ഗെയ്റ്റിൽ എഴുതിവച്ചിരിക്കുന്നു. അതിന്റെ അർത്ഥം പൂർണ്ണമായും മനസ്സിലായതു് അകത്തു ചെന്നപ്പോഴാണു്. ഞാൻ അവിടെ ചെല്ലുന്നതിനു് ഏഴു ദിവസം മുൻപു് ഒരു തൊഴിലാളിയെ കാണാതെയായി. അന്വേഷണത്തോടു് അന്വേഷണം തന്നെ. ഒടുവിൽ മലപോലെ ഉയർന്ന കോക്കിൽ നിന്നു് ഒരു കൈ മാത്രം വെളിയിൽ കണ്ടു. (കൽക്കരിയുടെ ഉപോല്പന്നമാണു് കോക്ക്) കൽക്കരിയുടെ ആ പാഴായ ഭാഗം വെട്ടിമാറ്റിയപ്പോൾ കരിക്കട്ടയ്ക്കു തുല്യമായ ഒരു മനുഷ്യരൂപം—തൊഴിലാളി. “എന്താ പേടിയാകുന്നോ? എന്നു കൂടെ വന്ന ആൾ ചോദിച്ചു. ദുഃഖത്തോടെ ഞാൻ ആ മനുഷ്യനെ നോക്കി. മറുപടി നല്കിയില്ല. ഉരുക്കു്, മഹാനദിയെപ്പോലെ ഒഴുകിവരുന്നതും അതിൽനിന്നു് അഗ്നികണങ്ങൾ തെറിക്കുന്നതും കണ്ടു് ഞാൻ വിസ്മയിച്ചു, ഒരിടത്തു് റെയിൽപ്പാളങ്ങൾ രൂപംകൊള്ളുന്നു. അവയ്ക്കു ദാർഢ്യം പോരെന്നുകണ്ടാൽ ഉടനെ അവ ഉരുക്കിയെടുത്തു് വേറെ പാളങ്ങൾ ഉണ്ടാക്കുന്നു. ഭയവും അദ്ഭുതവും അഭിനന്ദനവും സൃഷ്ടിക്കുന്നു ഭിലായ് സ്റ്റീൽ പ്ളാന്റ്. ആ മൂന്നു വികാരങ്ങളിലൂടെ മാറിമാറി സഞ്ചരിക്കുമ്പോൾ മനുഷ്യധിഷണയുടെ മൂർദ്ധന്യാവസ്ഥയെക്കുറിച്ചു് നമുക്കു് ബോധമുണ്ടാകും. ഈ ഉരുക്കുശാലയുടെ നിർമ്മാണത്തെക്കുറിച്ചു് എം. കെ. കെ. നായർ ഉപന്യസിക്കുന്നു. (കലാകൗമുദി) വരുന്ന തലമുറയ്ക്കുവേണ്ടി ഇതിന്റെ വിശദാംശങ്ങൾ കുറിച്ചിടുന്ന അദ്ദേഹത്തിനു് നന്ദി.

ജപ്പാനിലെ ഒരു നേരമ്പോക്കു്:
ഭർത്താവു് ഉറക്കത്തിൽ നിലവിളിച്ചപ്പോൾ ഭാര്യ അയാളെ വിളിച്ചുണർത്തി.
അയാൾ പറഞ്ഞു:
“ഒരതിസുന്ദരി എന്നെ കൈക്കുപിടിച്ചു വലിച്ചെന്നു ഞാൻ സ്വപ്നം കണ്ടു. അവൾ പട്ടുമെത്തയിലേക്കാണു് എന്നെ കൊണ്ടുപോകാൻ ശ്രമിച്ചതു്. അപ്പോൾ ഞാനവളെ തടഞ്ഞിട്ടു് നിലവിളിച്ചു.”
ഭാര്യ അതുകേട്ടു ചോദിച്ചു:
“ഞാൻ ആ സമയത്തു് ഉണർന്നില്ലായിരുന്നെങ്കിൽ നിങ്ങൾ തീർച്ചയായും…?”
റൈബക്കോവ്
images/ELIEWIESEL.jpg
ഈലീ വിസൽ

ജൂതവർഗ്ഗത്തിന്റെ തീവ്രവേദനകളെ സത്യസന്ധമായി പ്രതിപാദിച്ച ഉത്കൃഷ്ടമായ രചനയാണു് ഈലീ വിസലി ന്റെ Night. ഹൃദയത്തെ പിടിച്ചുകുലുക്കുന്നതാണു് അതിലെ ഓരോ വാക്യവും. ഏമസ് ഓസിന്റെ നോവൽ ജൂതന്മാരുടെ യാതനകളെ തീക്ഷണതയോടെ കലാഭംഗിയോടെ ആവിഷ്കരിക്കുന്നു. 1979-ൽ മാസ്കോയിൽ പ്രസിദ്ധപ്പെടുത്തിയ Heavy Sand എന്ന നോവൽ (ഇംഗ്ലീഷ് തർജ്ജമ 1981-ൽ) ജൂതന്മാരുടെ യാതനകളെ മാത്രമല്ല അവരുടെ വീരധർമ്മാത്മകങ്ങളായ പ്രവർത്തനങ്ങളെയും ശക്തമായി സ്ഫുടീകരിച്ചു. “A glimpse into a universe of ash and silence, on whose destiny, whether you want it to or not will lie heavy on your own” എന്നു് ഈ ലീ വീസൽ വാഴ്ത്തിയ ഈ നോവലിൽ നമുക്കൊക്കെ മാർഗ്ഗദർശകമായിത്തീരേണ്ടതും നമ്മെ ‘ഹോൺട്’ ചെയ്യുന്നതുമായ ഒരു വാക്യമുണ്ടു്. “Everything is forgiven, but those who have spilled innocent blood shall never be forgiven.” (pp. 381)

images/heavysand.jpg

“Heavy Sand” എഴുതിയ റൈബക്കോവി ന്റെ അടുത്ത നോവലാണു് “Children of the Arbat ”, ഇരുപതു് കൊല്ലമായി ഈ നോവൽ വെളിച്ചം കാണാതെ ഇരിക്കുകയായിരുന്നു. ഇപ്പോൾ ഇതു റഷ്യയിലെ ഒരു മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. (റ്റൈം വാരികയിലെ ലേഖനം) This is a great book, a great moment in our literature എന്നു കവി യവ്തുഷൻകോ വാഴ്ത്തുന്ന ഈ നോവൽ സ്റ്റാലി ന്റെ കാലയളവിനെയാണു നിശിതമായി വിമർശിക്കുന്നതു്. പസ്റ്റർനക്കി ന്റെ “ഡോക്ടർ ഷിവാഗോ ”യ്ക്കു ശേഷം റഷ്യയിലുണ്ടായ പ്രധാനപ്പെട്ട കലാസൃഷ്ടിയാണിതെന്നും റ്റൈം വാരികയിലെ ലേഖനം പറയുന്നു. എഴുപത്തിയാറു വയസ്സുള്ള റൈബക്കോവിനു രണ്ടു നോവലുകൾ കൂടി എഴുതണമെന്നുണ്ടു്. “ഈശ്വരൻ ആറു കൊല്ലം കൂടി എനിക്കു തന്നാൽ ഞാനതു ചെയ്യും” എന്നാണു് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ജനാധിപത്യത്തിന്റെ പാരമ്പര്യം

പൊലീസ് എന്നു കേട്ടാൽ സാമാന്യജനത പേടിയ്ക്കും. തങ്ങളെ മാനസികമായും ശാരീരികമായും തകർക്കുന്നവരാണു് പൊലീസെന്നു് അവർ കരുതുന്നതിന്റെ ഫലമാണു് ഭയം. യഥാർത്ഥത്തിൽ പൊലീസ് സന്മാർഗ്ഗത്തിന്റെ നായകന്മാരാവേണ്ടതാണു്. ബ്രിട്ടീഷ് പൊലീസ് ആ രീതിയിൽ സന്മാർഗ്ഗത്തിന്റെ മണ്ഡലത്തിലെ നേതാക്കന്മാരായിരിക്കുന്നു. ഭാരതത്തിൽ അതല്ല സ്ഥിതി. ഇതിനു കാരണമെന്തു്? ജനാധിപത്യത്തിന്റെ പാരമ്പര്യം ബ്രിട്ടനിൽ സുശക്തമാണു്. എവിടെ അതു ദുർബ്ബലമോ അവിടെ പൊലീസ് മാത്രമല്ല ഭരണസംവിധാനത്തിന്റെ എല്ലാ അംശങ്ങളും ദുർബ്ബലമായി ഭവിക്കും. നമ്മുടെ നാട്ടിലെ ഏതു പൊലീസ് സ്റ്റേഷനിൽ ചെന്നാലും നമ്മൾ അപമാനിക്കപ്പെടുമെന്നാണു് ഭയം. ഇതു സത്യമോ അസത്യമോ ആകട്ടെ, എന്നാൽ എനിക്കൊരു ചോദ്യമുണ്ടു്. ഈ അപമാനം മറ്റു സർക്കാരാഫീസുകളിൽനിന്നും ഉണ്ടാകുന്നില്ലേ? ഏതു് ആഫീസിൽ പോയിട്ടാണു് സത്യത്തിനു് ആഘാതമേല്ക്കാതെ നമ്മൾ തിരിച്ചുവന്നിട്ടുള്ളതു്? പോകേണ്ട ആവശ്യം തന്നെയില്ല. ഫോണിൽ ഒന്നു വിളിച്ചു നോക്കൂ. മറുപടി പറയുന്ന ഉദ്യോഗസ്ഥൻ വാക്കുകൾകൊണ്ടു് നിങ്ങളെ ‘എറ്റാ’തിരിക്കില്ല. ഈ അപമര്യാദയും അപമാനനവും നിന്ദനവും എല്ലായിടത്തുമുണ്ടു് എന്നു മാത്രം ധരിച്ചാൽ മതി.

എല്ലാ മണ്ഡലങ്ങളിലും ക്രിമിനൽ എലിമെന്റ് ഉണ്ടു്. രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിലെ ‘ക്രിമിനൽ എലിമെന്റ് ’ കുറ്റംചെയ്തിട്ടു് മാന്യത എന്ന അംശത്തെ ശരണം പ്രാപിക്കും. കക്ഷിതാൽപര്യം പരിഗണിച്ചു് മാന്യതയ്ക്കു് ക്രിമിനൽ എലിമെന്റിനെ കൈവിട്ടു കളയാൻ സാദ്ധ്യമല്ല. മാന്യതയുടെ അംശം അതിനെ സംരക്ഷിക്കാനെത്തും. അപ്പോൾ ക്രിമിനലിറ്റിയെ വേർപെടുത്തി തടവറയിലാക്കാൻ പൊലീസ് ശ്രമിച്ചാൽ, അതിനു ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജോലി പോകും. അതിനാൽ പൊലീസ് വീര്യം നശിച്ചവരായി ഇരിക്കും. മനസ്സിനുണ്ടാകുന്ന ഈ താഴ്ച ബലം കുറഞ്ഞവരോടുള്ള പാരുഷ്യമായി പ്രത്യക്ഷമാകും. മന്ത്രിയുടെ ബലമുള്ള ഒരു ശിപായിയോടു ഡിപ്പാർട്ട്മെന്റ് മേധാവി ഭയഭക്തി വികാരങ്ങളോടുകൂടി പെരുമാറും. തൊട്ടുതാഴെയുള്ള ഐ. എ. എസ് ഉദ്യോഗസ്ഥനു് ‘മന്ത്രിബല’മില്ലെങ്കിൽ വകുപ്പദ്ധ്യക്ഷൻ അയാളോടു തട്ടിക്കയറും. ഇതു നമ്മൾ എവിടെയും കാണുന്നു. ജനാധിപത്യത്തിന്റെ പാരമ്പര്യം ബ്രിട്ടനിലെന്നപോലെ ശക്തമാവുമ്പോൾ മാത്രമേ നമ്മുടെ ഉദ്യോഗസ്ഥന്മാർ വേണ്ട രീതിയിൽ പെരുമാറൂ. അപ്പോൾ പൊലീസും നന്നാകും. ദീപിക വാരികയിൽ രാജു നായർ വരച്ച ഹാസ്യ ചിത്രം കണ്ടപ്പോൾ ഉദ്ഭവിച്ചതാണു് ഈ ചിന്തകൾ.

images/SooranadKunjanPillai.jpg
ശൂരനാട്ടു കുഞ്ഞൻപിള്ള

ശൂരനാട്ടു കുഞ്ഞൻപിള്ള സ്സാറും ഞാനും മീറ്റിങ് സ്ഥലത്തു് എത്തിയപ്പോൾ മന്ത്രി ദാമോദരൻ പോറ്റി നേരത്തെ എത്തി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. കുഞ്ഞൻ പിള്ളസ്സാറ് പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ പിറകേയാണു് വന്നതു്. മന്ത്രിയുടെ മുൻപിൽ കയറി സഞ്ചരിക്കുക എന്ന അത്യാചാരം ചെയ്യരുതു് എന്നു ഞങ്ങൾ തീരുമാനിച്ചു.” മന്ത്രി മറുപടി നല്കി: “ഞങ്ങളെപ്പോലുള്ള മന്ത്രിമാർ ഉടനെ വിസ്മരിക്കപ്പെടും. കുഞ്ഞൻപിള്ളസ്സാറ് വർഷങ്ങൾ കഴിഞ്ഞാലും ഓർമ്മിക്കപ്പെടും. അതാണു സത്യം.”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-05-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.