
മഴ തോരാതെ പെയ്യുകയാണു്. ഇന്നലെ രാത്രി തുടങ്ങിയ മഴയാണിതു്. ഇപ്പോൾ കാലത്തു് മണി എട്ടായി. വൈദ്യുതിയില്ലാത്തതുകൊണ്ടു് എന്റെ മുറിയിലാകെ അർദ്ധാന്ധകാരം. മെഴുകുതിരി കത്തിച്ചുവച്ചു് അതിന്റെ കൊച്ചുവെളിച്ചത്തിൽ ഞാനിതു് എഴുതുന്നു. വർത്തമാനകാല സംഭവങ്ങൾ ഒരു ഹേതുവുമില്ലാതെ ഭൂതകാല സംഭവങ്ങളെ സ്മൃതിപഥത്തിൽ കൊണ്ടുവരുമല്ലോ. ഈ വർഷാകാലം മറ്റൊരു വർഷാകാലം എന്റെ ഓർമ്മയിൽ കൊണ്ടുവരുന്നു. അമ്പത്തിമൂന്നു കൊല്ലംമുമ്പു് ഒരു പ്രഭാതത്തിൽ അരുക്കുറ്റി–അരൂർ കടത്തു കടക്കാൻ ഞാൻ വളളം കാത്തുനില്ക്കുകയായിരുന്നു. എന്റെ തൊട്ടുവലതുഭാഗത്തു് കായൽക്കരയിൽ ഒരു മുള. ഹരിതരേഖകളുളള അതിന്റെ സ്വർണ്ണനിറമാർന്ന തണ്ടിന്റെ അറ്റത്തു് ഇലച്ചാർത്തു്. അതു് അന്തരീക്ഷത്തിൽ പടർന്നുനില്ക്കാതെ താഴോട്ടുവീണു ഭൂമിയെ സ്പർശിച്ചിരിക്കുന്നു. മറ്റു മരങ്ങളെപ്പോലെ വള്ളികളെപ്പോലെ ഈ മുളയ്ക്കും അതിന്റെ പച്ചിലക്കൂട്ടം ഉയർത്തിപ്പിടിക്കാൻ സാധിക്കാത്തതെന്തെന്നു് ഞാൻ അന്നു് ആലോചിച്ചു നോക്കിയോ? എന്തോ ഓർമ്മയില്ല. ആലോചിച്ചാലുമില്ലെങ്കിലും ഇപ്പോൾ ആലോചിക്കുന്നു. ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു. മുളന്തണ്ടിനു് കനക്കുറവാണ്, ഇലച്ചാർത്തു കൂടുതലും. ആ ഭാരം തണ്ടിനു താങ്ങാൻ വയ്യാത്തതുകൊണ്ടാണു് ഇലകളാകെ ഇടിഞ്ഞു താഴോട്ടുപോന്നു ഭൂമിയെ തൊടുന്നതു്. പത്രങ്ങളുടെ നിബിഡതയാലാണു് തണ്ടിനു ചുറ്റും ലേശമിരുട്ടു് വ്യാപിച്ചിരിക്കുന്നതു്. ഈ സങ്കല്പം ഒരു സാഹിത്യതത്ത്വത്തിലേക്കു് എന്നെ നയിക്കുന്നു. പ്രചോദനം നേർത്തതാണെങ്കിൽ, ആശയങ്ങൾക്കു് അതിപ്രസരമുണ്ടെങ്കിൽ സാഹിത്യസൃഷ്ടിയുടെ സാംഗോപാംഗത്വം പ്രകടമാവുകയില്ല. ആശയങ്ങളുടെ പന്തലിപ്പുമാത്രമേ നമ്മൾ കാണു. അവയുടെ ഉള്ളിൽ കുറച്ചു് ഇരുട്ടും. പേരുകൾ പറയുന്നില്ല, ഇപ്പോഴത്തെ ചില കവികളുടെ രചനകൾ നോക്കുക. പ്രചോദനത്തിന്റെ നേർത്ത കനകദണ്ഡത്തെ മറച്ചുകൊണ്ടു് ആശയപത്രങ്ങൾ പടർന്നു കിടക്കുന്നതു കാണാം.
തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയുടെ ഇന്നത്തെ ജീർണ്ണതയ്ക്കു കാരണക്കാർ ആരുമാകട്ടെ, അവർ കുറ്റവാളികളാണു്. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഈ സാംസ്കാരികകേന്ദ്രം അധഃപതിച്ചുകൊണ്ടിരിക്കുകയാണു്. ഇന്നു് നന്നാക്കാനാവാത്തവിധം അതു നശിച്ചുകഴിഞ്ഞിരിക്കുന്നു.
കടലാസ്സുവളളത്തിൽ കയറി സമുദ്രത്തിന്റെ മറുകരയിൽ ചെല്ലാൻ വ്യക്തി ശ്രമിക്കുന്നതുപോലെ, ഹിമാലയപർവ്വതത്തിൽ ഏണിചാരി എവറസ്റ്റിൽ എത്താൻ യത്നിക്കുന്നതുപോലെ മഹാസൗധത്തെ കടിച്ചെടുത്തുകൊണ്ടുപോകാൻ എലി ശ്രമിക്കുന്നതുപോലെ ആശയപർവ്വതത്തെ കലാകാരന്മാർ വലിച്ചിഴയ്ക്കുന്ന ഈ കാലയളവിൽ ഭാവത്തിനും രൂപത്തിനും, ആശയത്തിനും ആവിഷ്ക്കരണരീതിക്കും തുല്യ പ്രാധാന്യം നല്കി ആരെങ്കിലും കഥയെഴുതിയാൽ അല്പമായ ആശ്വാസം നമുക്കുണ്ടാകും. ആ വിധത്തിലൊരാശ്വാസമാണു് ജെക്കോബിയുടെ “റൈം” എന്ന കഥ വായിച്ചപ്പോൾ എനിക്കുണ്ടായതു്. (കലാകൗമുദി—ലക്കം 629)

കാലത്തിലുള്ള ഒരു തരംഗമാണു് ലയം. അതിനു തുടർച്ചയുണ്ടെങ്കിലും രേഖപോലുളള സ്വഭാവമില്ല. ഈ ലയമാണു് പ്രപഞ്ചമാകെയുളളതു്. നമ്മളെല്ലാം ലയമാണു് അതുകൊണ്ടു് നമ്മുടെതന്നെ ആവിഷ്കാരമായ സാഹിത്യവും ലയാത്മകമത്രേ. നമ്മുടെ ജീവിതത്തെ ഭരിക്കുന്നതു് ലയമാണു് എന്നതും സ്പഷ്ടം. പക്ഷേ, ഈ ലയത്തിനു മാറ്റം വരും ചിലപ്പോൾ. ഒരു നൂറുകൊല്ലം മുൻപുളള ലയമല്ല ഇന്നുള്ളതു്. വ്യക്തിബന്ധങ്ങൾക്കു വന്ന മാറ്റം ലയത്തിൽ വന്ന മാറ്റത്തിന്റെ ഫലമാണു്. ദാമ്പത്യജീവിതത്തിന്റെ ഇന്നത്തെ പാരുഷ്യം ലയത്തിനു വന്ന മാറ്റത്തെയാണു് പ്രകടിപ്പിക്കുന്നതു്. ഇതിനെ ഹൃദയസ്പർശകമായി ചിത്രീകരിക്കുന്ന നാടകമാണു് ഒൽബി യുടെ (Albee) Who’s Afraid of Virginia Woolf?
ബൂർഷ്വാസമുദായം ഒളിച്ചുവയ്ക്കുന്ന ദമ്പതിവിഷയകമായ പൈശാചികത്വം മുഴുവനും നാടകകാരൻ വിദഗ്ദ്ധമായി ധ്വനിപ്പിക്കുന്നു ഈ കൃതിയിലൂടെ.
പിതാപുത്രബന്ധത്തിന്റെ ലയവും ഈ കാലയളവിൽ മാറിപ്പോയിരിക്കുന്നു. അച്ഛനെ മകനിന്നു സ്നേഹിക്കുന്നില്ല, ബഹുമാനിക്കുന്നില്ല. മകന്റെ ഉയർച്ചയിൽ അച്ഛനു് താല്പര്യവുമില്ല. അവർ തമ്മിൽ സംസാരിക്കുമ്പോൾ ചോരപുരണ്ട വാക്കുകളാണു് താഴെ വന്നുവീഴുന്നതു്. ജെക്കോബിയുടെ കഥയിൽ ലയത്തിന്റെ മാറ്റം കൂടാതെ നില്ക്കുന്ന ഒരു സ്ത്രീയെയാണു് അവതരിപ്പിക്കുന്നതു്. വിവാഹാലോചനയുമായി വന്ന പുരുഷനെ വിശേഷിച്ചൊരു ഹേതുവും കൂടാതെ അവൾ തിരസ്കരിച്ചു. എങ്കിലും അവൾക്കു് അയാളെ ഇഷ്ടപ്പെട്ടു. കാലംകഴിഞ്ഞു. അവൾ വേറൊരുത്തനെ വിവാഹം കഴിച്ചു. അനപത്യതയുടെ ദുഃഖവുമായി കഴിയുന്ന അവൾ ആദ്യമായി ‘പെണ്ണുകാണാൻ’ വന്നവനെ അയാളുടെ കുട്ടിയുമായി പിന്നീടു കാണുന്നു. വിദേശത്തു ജോലി നോക്കുന്ന ഭർത്താവു് നാട്ടിലെത്തി അവളെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടും അവൾ പോകുന്നില്ല. വർഷങ്ങൾക്കു മുൻപുളള ജീവിതലയം തന്നെയാണു് അവൾക്കപ്പോഴും. സ്ഥിരമായ ഈ ലയത്തിലൂടെ അവളുടെ ചിത്തവൃത്തികളെ കഥാകാരൻ ആവിഷ്കരിക്കുന്നു എന്നതാണു് ഈ കഥയുടെ സവിശേഷത.

ബ്രേതൻബാക്കി നെക്കുറിച്ചു് ഈ പംക്തിയിൽ മുൻപെഴുതിയിരുന്നു. അഫ്രകാൻസ് ഭാഷയിലാണു് അദ്ദേഹം കാവ്യം രചിക്കുക. ഇപ്പോൾ അദ്ദേഹം പാരീസിൽ താമസിക്കുന്നു. ദക്ഷിണാഫ്രിക്ക വിട്ടുപോകാൻ നിർബ്ബദ്ധനായ അദ്ദേഹം 1975 ഓഗസ്റ്റിൽ, ക്രിസ്ത്യൻ ഗലാസ്ക എന്ന പേരിൽ നാട്ടിലെത്തി. സ്വേച്ഛാധിപത്യം പുലർത്തുന്ന ഗവൺമെന്റ് അദ്ദേഹത്തെ അറസ്റ്റുചെയ്തു. സർക്കാരിന്റെ ആരോപണങ്ങൾ നിഷേധിച്ചാൽ അദ്ദേഹത്തിനു മരണശിക്ഷ കിട്ടുമെന്നു് അധികാരികൾ അറിയിച്ചതുകൊണ്ടു് അദ്ദേഹം കോടതിയിൽ മൗനം അവലംബിച്ചു. ജഡ്ജി Anti-terrorist act അവലംബിച്ചു് ഒൻപതുവർഷത്തെ തടവാണു് വിധിച്ചതു്. ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളെ വർണ്ണിക്കുന്ന A Season in Paradise (ഇംഗ്ലീഷ് പ്രസാധനം 1980) സുന്ദരമായ പുസ്തകമാണു്. ജയിലിൽ ആയിരുന്നപ്പോൾ അദ്ദേഹമെഴുതിയ Mourior Mirror notes of a novel ഏറെ വാഴ്ത്തപ്പെടുന്നു. It is impossible, for his countryman and for all of us, to stop our ears against excruciating penetration of what he has to say എന്നാണു് നോവലിസ്റ്റ് നഡീൻ ഗോഡിമർ ഇതിനെക്കുറിച്ചു പറഞ്ഞതു്. (ഞാനിതു വായിച്ചിട്ടില്ല) ബ്രേതൻബാക്ക് ജയിലിൽനിന്നു മോചനം നേടിയതിനുശേഷം പ്രസിദ്ധപ്പെടുത്തിയ ചേതോഹരമായ ഗ്രന്ഥമാണു് The True Confessions of an Albino Terrorist. (ഇംഗ്ലീഷ് പ്രസാധനം 1984) ഇതിലദ്ദേഹം എഴുതുന്നു: Man suffers because of his separation from The boundless, Anaximander said. If there is a life force, Apartheid goes against it. Surely what we live towards is a greater, even metaphysical integration, however hazardous and dangerous.

1986-ൽ പ്രസിദ്ധപ്പെടുത്തിയ End Papers എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ തടവറ രചനകളെ പൂർണ്ണമാക്കുന്ന കാവ്യങ്ങളും ലഘുലേഖകളും കത്തുകളും ഉൾക്കൊളളുന്ന ഈ പുസ്തകത്തിൽ വർണ്ണവിവേചനത്താൽ അടിച്ചമർത്തപ്പെടുന്ന കറുത്ത വർഗ്ഗക്കാരുടെ ധർമ്മരോഷം കാണാം. വിജയം കൈവരിക്കും ഞങ്ങൾ എന്ന ദൃഢനിശ്ചയത്തിന്റെ മഹാശബ്ദം ഓരോ വാക്യത്തിൽനിന്നും ഉയരുന്നു. ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതു് ബിഷപ്പ് റ്റൂറ്റൂ വിനെക്കുറിച്ചുളള പ്രബന്ധമാണു്. മഹാത്മാഗാന്ധി യെ പ്രശംസിച്ചതിനുശേഷം ബ്രേതൻബാക്ക് സ്വാതന്ത്ര്യത്തിന്റെ അഗ്നിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന ബിഷപ്പിനെ അവതരിപ്പിക്കുന്നു. 1984-ൽ നോബൽ സമ്മാനം (വിശ്വശാന്തിക്കുള്ളതു്) നേടിയ അദ്ദേഹത്തെ വെളളക്കാരന്റെ പൊലീസ് പീഡിപ്പിക്കുന്നതിനെ സൂചിപ്പിച്ചിട്ടു് ബ്രേതൻബാക്ക് എഴുതുന്നു:
How much longer will they tolerate him (Bishop Tutu) Will he have an accident the way Chief Luthuli had? Will he be murdered mysteriously by person (s) unknown the way Rick Turner was? Will he die of ‘natural causes’ like Steve Biko and Neil Aggett and all the others? Or will he receive a parcel through the mail the way Ruth First and Jeanette Schoon did?
രചനയുടെ ശക്തി നോക്കൂ. ആ ശക്തി വിശേഷം സത്യാത്മകതയുടെ ശക്തിവിശേഷമത്രേ (Breythen Breythenbach—End Papers—Faber and Faber—£12.50)
ദക്ഷിണാഫ്രിക്കൻ കവി Oupa Thando Mthimkulu എഴുതിയ ചക്രം പോലെ (Like a wheel) എന്ന കാവ്യം:
ഇതൊരു ചക്രംപോലെയാണു്
ഇതു തിരിയുന്നു.
ഇന്നു ഞാൻ
നാളെ നീ
ഇന്നു് എനിക്കു വിശക്കുന്നു
നാളെ നിനക്കു വിശക്കും.
ഇന്നു് എനിക്കു വീടില്ല
നാളെ നിനക്കു വീടില്ല.
ഇന്നു ഞാൻ തടവറയിൽ
നാളെ നീയായിരിക്കും തടവറയിൽ
ഇതൊരു ചക്രംപോലെയാണു്.
- മീശ:
- സുന്ദരന്മാരുടെ മീശ സ്ത്രീകളെ ആകർഷിക്കും. വിരൂപന്മാരുടെ മീശ പെണ്ണുങ്ങളെ കൂടുതൽ വെറുപ്പിക്കും. ആകർഷിക്കുമെന്നു പറഞ്ഞെങ്കിലും സ്ത്രീയുടെ മുഖത്തു് അതു് അറിയാതെയോ അറിഞ്ഞോ തൊട്ടാൽ ഹാർഡ് ടൂത്ത് ബ്രഷ് തൊടുന്ന പ്രതീതിയാണെന്നു് ഒരു സായ്പ് പറഞ്ഞിട്ടുണ്ട്. (മദാമ്മയല്ല ഇതു പറഞ്ഞതെന്നു് ഓർമ്മിക്കണം)
- അമ്മായി:
- (മദർ ഇൻ ലാ) മകൻ വിവാഹിതനായാൽ ‘പെടാപ്പാടു്’ പെടുന്ന സ്ത്രീ. മകനെയും മരുമകളെയും സിനിമ കാണാൻ തനിച്ചു വിടില്ല. കൂടെപ്പോകും. കടപ്പുറത്തു് അവർ പോയാൽ കൂടെ ചെല്ലും.
- ഗവേഷണം:
- വൃദ്ധൻമാർക്കു് ഭാര്യയുടെ ഉപദ്രവം ഒഴിവാക്കാൻ സഹായിക്കുന്ന ജോലി. കാലത്തു ലൈബ്രറിയിൽ വന്നിരുന്നാൽ ഇരുട്ടിയതിനു ശേഷം വീട്ടിൽപ്പോയാൽ മതി. ചെറുപ്പക്കാർക്കു് തടിക്കസേരയിലിരുന്നിരുന്നു് അർശസ്സു വരുത്താൻ സഹായിക്കുന്ന വൃത്തി. ഗവേഷണത്തിന്റെ വിഷയം എന്തെന്നു് ചോദിച്ചാൽ നമ്മൾ അമ്പരന്നുപോകും. “ദ മിസ്റ്റിക് എലിമെന്റ് ഇൻ ദ പൊയട്രി ഒഫ് പൊൻകുന്നം സെയ്തു മുഹമ്മദ് വിത്ത് സ്പെഷൽ റഫറൻസ് റ്റു ദ അദ്വൈതിക് ഫിലോസഫി ഒഫ് ശങ്കര.”
- വാല്:
- അക്കാഡമികളിൽ കയറാൻ എനിക്കു പ്രയോജനപ്പെടുമായിരുന്ന ഒരവയവം. ഈശ്വരൻ അതു തന്നില്ല. അതുകൊണ്ടു് ഞാൻ അംഗമാവുകയുമില്ല. (ഇല്ലാത്ത അവയവം ആട്ടുന്നതെങ്ങനെ?)
നക്ഷത്രത്തിന്റെ തിളക്കവും പാറക്കെട്ടിന്റെ പാരുഷ്യവും പനിനീർപ്പൂവിന്റെ മൃദുത്വവും പുരുഷന്റെ കാഠിന്യവും സ്ത്രീയുടെ ദയാവായ്പും ഏറ്റക്കുറവുകൂടാതെ രചനകളിൽ കൊണ്ടുവരുന്ന അനുഗൃഹീതയായ എഴുത്തുകാരിയാണു് മാധവിക്കുട്ടി. ഈ ഗുണങ്ങളെല്ലാം ശ്രീമതിയുടെ ‘ബാല്യകാലസ്മരണകളി’ലും കാണാം. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ഈ ആഴ്ചയിലെ ലേഖനത്തിൽ കുട്ടിക്കൃഷ്ണമാരാരെ യും നാലപ്പാട്ടു് നാരായണമേനോനെ യും അവതരിപ്പിച്ചിരിക്കുന്നതിന്റെ ചാരുത പ്രിയപ്പെട്ട വായനക്കാർ കാണട്ടെ. ഡോക്ടർ ഭാസ്കരൻ നായരുടെ ഗദ്യം മനോഹരമാണു്. പക്ഷേ, അതിൽനിന്നു പുറപ്പെടുന്ന വിഷമയമായ പരിമളം മാധവിക്കുട്ടിയുടെ ഗദ്യത്തിലില്ല. മലയാളഭാഷയുടെ ‘ജീനിയസ്സ്’ കുട്ടിക്കൃഷ്ണമാരാരുടെ രചനകളിലുണ്ടു്, എന്നാൽ അവയിലെ ഒളിഞ്ഞ ‘സിനിസിസം’ മാധവിക്കുട്ടിയുടെ രചനകളിലില്ല. അടിത്തട്ടു കാണാവുന്ന പൂഞ്ചോലപോലെ ഒഴുകുന്നതാണു് ശ്രീമതിയുടെ ഗദ്യം. ആ ഗദ്യത്തിലൂടെ “ഒരു” ശങ്കരൻ നായർ നമ്മുടെ മുൻപിൽ വന്നു നില്ക്കുന്നു. മാധവിക്കുട്ടിയുടെ വാക്യങ്ങൾതന്നെ കേട്ടാലും: കൃഷിയെപ്പറ്റിയും ജന്മി കുടിയാൻ ബന്ധത്തെപ്പറ്റിയും സദാസമയവും രോഷാകുലനായി സംസാരിച്ചിരുന്ന ഒരു ശങ്കരൻനായരും ചിലപ്പോഴൊക്കെ നാലപ്പാട്ടു് വന്നെത്താറുണ്ടായിരുന്നു… അദ്ദേഹത്തിനോടു് എല്ലാവർക്കും ഭയമായിരുന്നു. ശങ്കരൻ നായരെ ഇമ്മട്ടിൽ “ഒരു”വിൽ ഒതുക്കിക്കളഞ്ഞതു് അത്രകണ്ടു് ശരിയായില്ല. ജന്മി–കുടിയാൻ ബന്ധങ്ങളിൽ പുരോഗമനാത്മകങ്ങളായ പരിവർത്തനങ്ങൾ വരുത്തിയ ആളായിരുന്നു ശങ്കരൻനായർ. ജവഹർലാൽ നെഹ്റു ഉൾപ്പെട്ട മൂന്നംഗക്കമ്മിറ്റിയിലെ (ലാൻഡ് റിഫോംസ് കമ്മിറ്റിയിലെ) അംഗമായിരുന്ന അദ്ദേഹത്തെ കമ്മ്യൂണിസ്റ്റുകാർപോലും ബഹുമാനിച്ചിരുന്നു. ഞാൻ ശങ്കരൻ നായരെ കണ്ടിട്ടുണ്ടു് സംസാരിച്ചിട്ടുണ്ടു്. സാഹിത്യത്തിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം നാലപ്പാട്ടു് നാരായണമേനോനെ സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. നാലപ്പാടന്റെ ‘കണ്ണുനീർത്തുള്ളി’ ടെനിസൺ ന്റെ ‘ഇൻ മെമ്മോറിയ’ത്തിൽനിന്നു് ഗൃഹീതമാണെന്നു് കൗമുദി വാരികയിൽ ഞാനെഴുതിയതു് വായിച്ച ശങ്കരൻ നായർ എന്നോടു പറഞ്ഞു: “ഇൻ മെമ്മോറിയം വായിച്ചു മനസ്സിലാക്കത്തക്ക ഇംഗ്ലീഷ് പാണ്ഡിത്യം നാലപ്പാടനുണ്ടായിരുന്നില്ല.” അപ്പോൾ യൂഗോ യുടെ നോവൽ അദ്ദേഹം തർജ്ജമ ചെയ്തതെങ്ങനെയെന്നു് എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. ശങ്കരൻ നായരുടെ സ്വത്വത്തിന്റെ ‘ഇംപാക്റ്റ്’ നിമിത്തം അതു ചോദിച്ചില്ല ഞാൻ. മഹത്ത്വമുളള വ്യക്തിയായിരുന്നു ശങ്കരൻനായർ. സംഭാഷണത്തിൽ, പെരുമാറ്റത്തിൽ, നടത്തത്തിൽ, അനുഷ്ഠാനങ്ങളിൽ ഒക്കെ ആ മഹത്ത്വം ദർശിക്കാമായിരുന്നു. രഞ്ജിത്സിങ്ങി ന്റെ മന്ത്രിയായിരുന്ന ശങ്കരനാഥജ്യോത്സ്യർ ശങ്കരൻ നായരുടെ പൂർവ്വികനായിരുന്നു. അദ്ദേഹത്തെക്കുറിച്ചു് ഗ്രന്ഥമെഴുതാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണു് ശങ്കരൻ നായർ മരിച്ചതു്. അദ്ദേഹത്തിന്റെ ശതാഭിഷേകവേളയിൽ കെ. പി. എസ്. മേനോൻ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ ബഹുമുഖമായ വ്യക്തിത്വത്തിലേക്കു മയൂഖമാലകൾ പ്രസരിപ്പിക്കുന്നു.
- ഏതോ ഒരു സായാഹ്നത്തിൽ ഞാൻ കൂട്ടുകാരനോടൊരുമിച്ചു് തിരുവനന്തപുരത്തെ ശാസ്തമംഗലം എന്ന സ്ഥലത്തുനിന്നു് പടിഞ്ഞാറോട്ടു നടക്കുകയായിരുന്നു. രണ്ടു യുവാക്കന്മാർ പുസ്തകക്കെട്ടു തോളിലേറ്റി ഓരോ വീടും കയറിയിറങ്ങുന്നു. അവർ, അന്നു് സർക്കാരിന്റെ ഹെഡ്ട്രാൻസലേറ്ററായിരുന്ന പി. ബാലകൃഷ്ണപിളളയുടെ വീട്ടിൽ കയറിയിട്ടു് തിരിച്ചിറങ്ങി വന്നു. ഞാൻ പുസ്തകക്കെട്ടിലേക്കു നോക്കി. ‘രമണൻ’, ആരോ അറിയിച്ചു. ഇദ്ദേഹമാണു് ചങ്ങമ്പുഴ. സുന്ദരനായ യുവാവു്. ചങ്ങമ്പുഴയുടെ കൂടെയുണ്ടായിരുന്ന ആൾ ആരെന്നറിഞ്ഞുകൂടാ. ‘രമണൻ’ അച്ചടിച്ചു് അതു വില്ക്കാനായി വീടുതോറും കയറിയിറങ്ങുകയായിരുന്നു ആ പ്രതിഭാശാലി. കേരളീയരുടെ ആത്മാവിനെ സ്വപ്നമണ്ഡലത്തിലേക്കു് ആനയിച്ച വലിയ കവി.
- ഒരിക്കൽ പി. കുഞ്ഞിരാമൻ നായർ എന്നോടു പറഞ്ഞു: “എന്റെ ജന്മദിനത്തിൽ എന്റെ അനുജൻ കൃഷ്ണൻ നായർ കല്ലെറിഞ്ഞു. ആ കല്ലേറുകൊണ്ടു് എന്റെ നെറ്റിപൊട്ടി ചോരയൊലിക്കുന്നു. അല്ലെങ്കിലും നിങ്ങൾക്കു് ചങ്ങമ്പുഴയുടെ കവിതയല്ലേ ഇഷ്ടം.” ഞാൻ മറുപടി നല്കി: “മാഷേ, ചങ്ങമ്പുഴക്കവിതയോടു് എനിക്കു കമ്പമൊന്നുമില്ല. മറ്റാരെക്കുറിച്ചും പറയാനില്ലാത്തതുകൊണ്ടു് ചങ്ങമ്പുഴയെക്കുറിച്ചു പറയുന്നുവെന്നേയുളളു.” “എന്നാൽ എന്റെ കവിതയും ചങ്ങമ്പുഴയുടെ കവിതയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു പറയൂ” എന്നായി കുഞ്ഞിരാമൻ നായർ. എന്റെ ഉത്തരം: ചങ്ങമ്പുഴ ദുഃഖമെവിടെയിരിക്കുന്നുവെന്നു് അന്വേഷിച്ചു് ഓടിനടന്നു. അങ്ങു് സൗന്ദര്യമെവിടെയെന്നു് അന്വേഷിച്ച് പരക്കംപായുന്നു. രണ്ടുപേർക്കും അസ്വസ്ഥത. അതുകേട്ടു് പി. കുഞ്ഞിരാമൻ നായർ എന്നെനോക്കി “ആശാനേ” എന്നു വിളിച്ചു.
തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയുടെ ഇന്നത്തെ ജീർണ്ണതയ്ക്കു കാരണക്കാർ ആരുമാകട്ടെ, അവർ കുറ്റവാളികളാണു്. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഈ സാംസ്കാരികകേന്ദ്രം അധഃപതിച്ചുകൊണ്ടിരിക്കുകയാണു്. ഇന്നു് നന്നാക്കാനാവാത്തവിധം അതു നശിച്ചുകഴിഞ്ഞിരിക്കുന്നു. വിശിഷ്ടമായ ഒരു റഫറൻസ് സെക്ഷൻ ഈ ലൈബ്രറിക്കു് ഉണ്ടായിരുന്നു. അതു് ഒരു ലൈബ്രേറിയൻ ഇല്ലാതാക്കി. ഉത്കൃഷ്ടങ്ങളായ പുസ്തകങ്ങൾ വെളിച്ചവും കാറ്റും കേറാത്ത സ്ഥലത്തുവച്ചു് ക്ലോസ്ഡ് റഫറൻസ് സെക്ഷൻ ഉണ്ടാക്കിയിരിക്കുന്നു. അവിടുത്തെ പുസ്തകമോരോന്നും പൊടിഞ്ഞു തകരുകയാണു്. രണ്ടാമത്തെ നിലയിലുള്ള അമ്പതിനായിരത്തിലധികം പുസ്തകങ്ങൾ ആളുകൾക്കു കൊടുക്കാതെയായിട്ടു് വർഷങ്ങളേറെക്കഴിഞ്ഞു. അതിനെക്കുറിച്ച് ഈ ലേഖകൻ മുഖ്യമന്ത്രിയായിരുന്ന കരുണാകരനോടു പരാതിപ്പെട്ടു. പുസ്തകം തരാൻ നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടെന്നു മറുപടി കിട്ടിയതനുസരിച്ചു് ഞാൻ പുസ്തകമെടുക്കാൻ ചെന്നു. അതു കിട്ടിയില്ല. മാത്രമല്ല, മര്യാദകെട്ട മറുപടി ലഭിക്കുകയും ചെയ്തു. അന്നു് ലൈബ്രറിയുടെ ചാർജ്ജുണ്ടായിരുന്ന ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥനോടു് ഞാൻ വിനയാന്വിതനായി പരാതി അറിയിച്ചു. അദ്ദേഹം മറുപടിയൊന്നും പറയാതെ കുറെ ‘അമറലുകൾ’ മാത്രം നടത്തി. ഇപ്പോൾ സസ്പെൻഷനിലായിരിക്കുന്ന ലൈബ്രേറിയൻ ഏറെപ്പുസ്തങ്ങൾ വാങ്ങിയിട്ടുണ്ട്. അവയിൽ കുറെയെണ്ണം ആഴ്ചതോറും ‘മെംബേഴ്സ് റൂമി’ൽ വയ്ക്കും. ഒന്നുപോലും വായിക്കാൻ കൊളളുകില്ല. ഒരു കാലത്തു് ഉത്കൃഷ്ടങ്ങളായ വിദേശമാസികകൾ മെംബറന്മാരുടെ മുറിയിൽ കാണുമായിരുന്നു. ഇപ്പോൾ ഒന്നുമില്ല Encounter മാസിക വരാതെയായിട്ടു് വർഷങ്ങൾ വളരെയായി.
ജൂഡാസ് ഒരീശ്വരനെ മാത്രമേ വഞ്ചിച്ചുളളു. ലൈബ്രറിയുടെ നാശത്തിനു കാരണക്കാരായ ജുഡാസുകൾ വായനക്കാരായ ആയിരമായിരം വിശുദ്ധാത്മാക്കളെ വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു. സാഹിത്യത്തിൽ താല്പര്യമുള്ള മുഖ്യമന്ത്രി ഇക്കാര്യത്തിൽ വേണ്ടതു ചെയ്യണമെന്നു് ഞാൻ അപേക്ഷിക്കുന്നു. (ട്രയൽ വാരികയിൽ സജീവ് മാത്യു എഴുതിയ ‘ചിതലരിക്കുന്ന നിധി’ എന്ന ലേഖനം വായിച്ചിട്ടെഴുതിയതു്)
ഈ ലോകത്തു് പല കാലയളവുകൾ ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും. സൗന്ദര്യത്തിന്റെ കാലയളവു്, യുക്തിയുടെ കാലയളവു്, വിശ്വാസത്തിന്റെ കാലയളവു്—ഇങ്ങനെ പലതും. മലയാള സാഹിത്യത്തിൽ ഇപ്പോൾ വൈരൂപ്യത്തിന്റെ കാലയളവാണു്.
കോളിൻ വിൽസൺ പറഞ്ഞ ഒരു സംഭവം ഇവിടെ എഴുതാം. ഭർത്താവു് മോട്ടോർ സൈക്കിൾ നന്നാക്കിക്കൊണ്ടിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അതിന്റെ അടുത്തുവന്നു നില്ക്കുന്നതു് സൈക്കിളുടമസ്ഥന്റെ ഭാര്യ കണ്ടു. ‘എന്തേ വന്നു നില്ക്കുന്ന ആളിനോടു സംസാരിക്കാത്തതു്?’ എന്നു് അവൾ ചോദിച്ചപ്പോൾ വന്ന യുവാവ് അപ്രത്യക്ഷനായി. ‘ഞാൻ കണ്ടില്ലല്ലോ’ എന്നായിരുന്നു സൈക്കിളുടമസ്ഥന്റെ മറുപടി. പ്രത്യക്ഷനാവുകയും പൊടുന്നനവേ അപ്രത്യക്ഷനാവുകയും ചെയ്ത ചെറുപ്പക്കാരൻ മോട്ടോർ സൈക്കിളിന്റെ മുന്നുടമസ്ഥനായിരുന്നു. അയാൾ മരിച്ചുപോയി. ഭർത്താവാണു് ആ രൂപം കണ്ടതെങ്കിൽ മതിവിഭ്രമം എന്നു പറയാമായിരുന്നു. മരിച്ചവന്റെ ഗോസ്റ്റാണു് സൈക്കിളിന്റെ അടുത്തെത്തിയതെന്നു് കോളിൻ വിൽസൺ വിചാരിക്കുന്നു.

ഞാൻ രണ്ടു തവണ ഗോസ്റ്റിനെ കണ്ടിട്ടുണ്ടു്. ഒരു പെൺകുട്ടി തൂങ്ങി മരിച്ച മുറിയിൽ രാത്രി ഉറങ്ങാനിടയായ ഞാൻ അവളുടെ ഗോസ്റ്റിനെ കണ്ടു. അവൾ മരിച്ചതും മറ്റും പിന്നീടേ ഞാനറിഞ്ഞുളളു. പെണ്ണിന്റെ രൂപം അടുത്തുവന്നു് എന്റെ മുഖത്തിടിച്ചു എന്നിട്ടു് ‘ഇറങ്ങിപ്പോ, ഇറങ്ങിപ്പോ’ എന്നാജ്ഞാപിച്ചു. മറ്റൊരിക്കൽ ഒരു ലോഡ്ജിന്റെ ജനലിൽ കൂടി നോക്കിയപ്പോൾ ഗോസ്റ്റ് ആകാശത്തിലൂടെ നീങ്ങുന്നതു കണ്ടു. മുറിയിൽ ഉറങ്ങിക്കിടന്ന ഒരു സ്നേഹിതനെ വിളിച്ചുണർത്തി ഗോസ്റ്റിനെ ഞാൻ കാണിച്ചുകൊടുത്തു. ഈ രണ്ടു് ഗോസ്റ്റു ദർശനങ്ങൾക്കു ശേഷം മറ്റൊരു ദർശനത്തിനുവേണ്ടി ഞാൻ കൊതിച്ചിരിക്കുകയായിരുന്നു. അതിനിപ്പോൾ സാഫല്യമുണ്ടായി. ദേശാഭിമാനി വാരികയിൽ സജിനി ശ്രീധറിന്റെ വകയായി ഒരു കഥാഗോസ്റ്റ് വന്നു നില്ക്കുന്നു. ക്രിസ്തു വീണ്ടും ജനിക്കുകയില്ലെന്നാണു് സജിനി ശ്രീധരൻ അടക്കിയ സ്വരത്തിൽ പറയുക. വീണ്ടും ജനിക്കും, വീണ്ടും ജനിക്കും. പക്ഷേ അതു് യേശുവല്ല, കഥാഗോസ്റ്റാണു് ജനിക്കുന്നതു്.

അന്ധവിശ്വാസമൊന്നുമില്ലാതിരുന്ന കിപ്ലിങ് എന്ന സാഹിത്യകാരൻ ഒരിക്കലൊരു സ്വപ്നം കണ്ടു. നല്ല വേഷം ധരിച്ചു കിപ്ലിങ് കല്ലുപാകിയ തറയുളള ഒരു ഹാളിൽ നില്ക്കുകയാണു്. അദ്ദേഹത്തിനു് എതിരേ ഒരു വരി ആളുകൾ. അവർക്കു പിറകിൽ ആൾക്കൂട്ടം കിപ്ലിങ്ങിന്റെ ഇടതുവശത്തു് എന്തോ ചടങ്ങു് നടക്കുന്നുണ്ടു്. പക്ഷേ, ഇടതുവശത്തുനിന്ന ഒരുത്തന്റെ വലിയ വയറുകൊണ്ടു് അദ്ദേഹത്തിനു് അതു കാണാൻ വയ്യ. അപ്പോൾ പിറകിൽ നിന്നൊരാൾ വന്നു് കിപ്ലിങ്ങിന്റെ കൈക്കു താഴെ കൈകടത്തി പറഞ്ഞു: “അങ്ങയോടു് ഒരു വാക്കു പറയാനുണ്ടു് എനിക്കു്” ഇതായിരുന്നു സ്വപ്നം. ആറാഴ്ചയോ അതിൽക്കൂടുതലോ കഴിഞ്ഞ ഒരു ദിവസം വെയിൽസിലെ രാജകുമാരൻ പങ്കെടുത്ത ഒരു ചടങ്ങു് വെസ്റ്റ് മിനിസ്റ്റർ ആബിയിൽ വച്ചുണ്ടായി. കിപ്ലിങ് അതിൽ പങ്കുകൊണ്ടു. പക്ഷേ, തന്റെ ഇടതുവശത്തുനിന്ന ഒരുത്തന്റെ വലിയ വയറുകൊണ്ടു് അദ്ദേഹത്തിനു് പടം കാണാൻ കഴിഞ്ഞില്ല. അപ്പോൾ അപരിചിതനായ ഒരുവൻ വന്നു് കിപ്ലിങ്ങിന്റെ കൈക്കു താഴെ കൈ കടത്തിയിട്ടു പറഞ്ഞു: “അങ്ങയോടു് ഒരു വാക്കു പറയാനുണ്ടു് എനിക്കു്” കിപ്ലിങ് ചോദിക്കുന്നു വായനക്കാരോട്: But how, and why, had I been shown an unreleased roll of my life film? (Something of Myself —R. Kipling—pp. 161, 162 Penguin Books)
ചോദ്യം: ജീവിതത്തിന്റെ മഹാത്ഭുതത്തിലേക്കു കടന്നുചെന്ന ഒരു മലയാള നോവലെഴുത്തുകാരന്റെ പേരു പറയു?
ഉത്തരം: ആരുമില്ല.
ചോദ്യം: പടിഞ്ഞാറൻ സാഹിത്യത്തിലോ?
ഉത്തരം: ടോൾസ്റ്റോയി, ദസ്തെയെവ്സ്കി, റ്റോമാസ് മാൻ, മെൽവിൽ, ഹെർമാൻ ബ്രോഹ്.
ചോദ്യം: പി. കേശവദേവ് ?
ഉത്തരം: പ്ലാറ്റ് ഫോമിൽ കയറിനിന്നു സ്വയം വിറയ്ക്കുകയും അതുകണ്ടു് ലോകം വിറയ്ക്കുന്നുവെന്നു തെറ്റിദ്ധരിക്കുകയും ചെയ്ത ഒരു ‘മീഡിയോക്കർ’ (ഇടത്തരം) എഴുത്തുകാരൻ.
ചോദ്യം: പൊറ്റെക്കാട്ട് ?
ഉത്തരം: സത്യത്തിനു ചിറകുകൾ വച്ചുകൊടുത്ത കഥാകാരൻ. അതു പറന്നു പറന്നു് ഉയരുമ്പോൾ ചെറുതായി ചെറുതായി വരും.
ചോദ്യം: കാരൂർ നീലകണ്ഠപ്പിള്ള?
ഉത്തരം: സത്യത്തിനു ചിറകുകൾ പാടില്ലെന്നു കരുതിയ കഥാകാരൻ. അതുകൊണ്ടു് അതു പറന്നുയർന്നില്ല. ഭൂമിയിലൂടെ മാത്രം സഞ്ചരിച്ചു.
ചോദ്യം: ഊളമ്പാറയിൽ കിടക്കുന്ന ഭ്രാന്തനും സാഹിത്യ വാരഫലമെഴുതുന്ന താനും തമ്മിൽ എന്തേ വ്യത്യാസം? (ബോംബെയിൽനിന്നു് യഥാർത്ഥത്തിൽ കിട്ടിയ കത്തിലാണു് ഈ ചോദ്യം. സ്ത്രീയുടെ കൈയക്ഷരം. സ്ത്രീയുടെ പേര്.)
ഉത്തരം: ഊളമ്പാറയിലെ ഭ്രാന്തനു ചുറ്റും കനത്ത മതിലുണ്ട്. എനിക്കു ചുറ്റും മതിലില്ല. ഭ്രാന്തൻ മതിലിനകത്തു് സ്വൈരവിഹാരം നടത്തുന്നു. സാഹിത്യവാരഫലമെഴുതുന്ന ഭ്രാന്തൻ കലാകൗമുദിയിൽ സ്വൈരവിഹാരം ചെയ്യുന്നു. വേറൊരു ഭ്രാന്തി ബോംബെയിലിരുന്നു് ആഴ്ചതോറും അറുപതു പൈസ വ്യർത്ഥവ്യയം നടത്തുന്നു.
ചോദ്യം: ചുംബനം?
ഉത്തരം: ചുണ്ടുകൾകൊണ്ടുളള ഓമനിക്കൽ എന്നു് ഓക്സ്ഫോർഡ് ഡിക്ഷ്ണറി. ശരീരത്തിനകത്തേക്കു് ഭക്ഷണം കൊണ്ടുപോകുന്ന രണ്ടവയവങ്ങളുടെ കൂട്ടിമുട്ടൽ എന്നു് റഷ്യൻ മെഡിക്കൽ എൻസൈക്ലോപീഡിയ. എയ്ഡ്സ് പകർത്തുന്ന ഒരു ഏർപ്പാടെന്നു് ചില ഡോക്ടറന്മാർ. സ്ത്രീയുടെ തുപ്പൽ പുരുഷന്റെ വായിലും പുരുഷന്റെ തുപ്പൽ സ്ത്രീയുടെ വായിലും ആക്കുന്ന ഒരു പ്രകിയ എന്നു് ഒരു സിനിക്ക്.
ഈ ലോകത്തു് പല കാലയളവുകൾ ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും. സൗന്ദര്യത്തിന്റെ കാലയളവു്, യുക്തിയുടെ കാലയളവു്, വിശ്വാസത്തിന്റെ കാലയളവു്—ഇങ്ങനെ പലതും. മലയാള സാഹിത്യത്തിൽ ഇപ്പോൾ വൈരൂപ്യത്തിന്റെ കാലയളവാണു്. സംശയമുണ്ടോ? എങ്കിൽ ജനയുഗം വാരികയിൽ സുബാഷ് മോറുകാടു് എഴുതിയ “കറുത്തപൂച്ച” എന്ന കഥ വായിക്കൂ.