സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, kk-1988-01-10-ൽ പ്രസിദ്ധീകരിച്ചതു്)

images/Gorbachev.jpg
ഗോർബച്ചേവ്

ഒരു ഗ്രാമത്തിൽ ഒരു ചെരിപ്പുകുത്തി പാർത്തിരുന്നു. ചെരിപ്പുകുത്തികൾ തലമുടി വെട്ടുന്നവരെ പോലെയല്ല. എന്തെങ്കിലും ചോദിച്ചാൽ മാത്രമേ ഉത്തരം പറയൂ. മറ്റേ കൂട്ടർ അങ്ങനെയല്ലല്ലോ. സൂര്യനു താഴെയുള്ള സകല വിഷയങ്ങളും അവർ കൈകാര്യം ചെയ്യും. ബ്രഹ്മ ക്ഷൗരം എന്നെ അനുഗ്രഹിച്ചിട്ടുള്ളതു കൊണ്ടു് എനിക്കു മുടി മുറിക്കേണ്ടതില്ല. എങ്കിലും ലേശം തലമുടി പിറകു വശത്തുള്ളതു് ക്രോപ്പ് ചെയ്തു കളയാമെന്നു വിചാരിച്ചു് ഞാൻ ഒരു ക്ഷൗരികന്റെ മുൻപിൽ തല കുനിച്ചു് ഇരുന്നു കൊടുത്തു. രോമമില്ലാത്ത കഴുത്തിൽ നിന്നു് യന്ത്രത്തെ തലമുടിയിലേക്കു് പ്രവേശിപ്പിച്ചു കൊണ്ടു് അയാൾ ചോദിച്ചു: “സാറേ ഗോർബച്ചേവ് അമേരിക്കയിലൂടെ സഞ്ചരിക്കുമ്പോൾ അമേരിക്കക്കാർ അദ്ദേഹത്തെ കണ്ടു് ഹർഷാരവം മുഴക്കിയെന്നു പത്രത്തിൽ കണ്ടു. ഉടനെ അദ്ദേഹം കാർ നിറുത്തിച്ചു് ചാടിയിറങ്ങി അവരിൽ പലരെയും ആലിംഗനം ചെയ്തു. ഇതു് എന്താണു സാറേ തെളിയിക്കുന്നതു? അമേരിക്ക മുഴുവനും കമ്യൂണിസ്റ്റുകാരെ കൊണ്ടു് നിറഞ്ഞിരിക്കുന്നുവെന്നല്ലേ?”. അയാളുടെ യന്ത്രം എന്റെ മുടിയിൽ നിന്നിറങ്ങി രോമരഹിതമായ കഴുത്തിലെ തൊലിയിൽ ചോരച്ചാലുകൾ സൃഷ്ടിക്കുകയായിരുന്നു. വേദന കൊണ്ടു് പുളഞ്ഞു് ഞാൻ സാക്ഷാൽ തിരുവനന്തപുരം ഭാഷയിൽ “തന്നെ, തന്നെ” എന്നു പറഞ്ഞു. ഞാൻ കാടു കയറുകയാണു്. ചെരിപ്പുകുത്തിയെക്കുറിച്ചു മാത്രമേ എനിക്കു പറയേണ്ടതായിട്ടുള്ളൂ. നമ്മുടെ ഈ പാദരക്ഷ നിർമ്മാതാവു് പൊടുന്നനവേ കവിയായി മാറി. അയാളുടെ കവിതയ്ക്കു വേണ്ടി പത്രാധിപന്മാർ വീട്ടു നടയിൽ തടിച്ചു കൂടി. കോളേജിലെ പെൺപിള്ളേർ ഓട്ടോഗ്രാഫിനു ചെന്നു. തിക്കും തിരക്കും തന്നെ. അങ്ങനെയിരിക്കെ അവാർഡുകൾ ആ കവിയെ തേടിയെത്തി. വളരെ വൈകാതെ ചെരിപ്പുകുത്തി മഹാകവിയായി. അപ്പോൾ ഒരു പത്രത്തിന്റെ പ്രതിനിധി അയാളെ കണ്ടു് ചോദിച്ചു: “കവേ, ചെരിപ്പുകൾ മാത്രം ഉണ്ടാക്കുന്ന അങ്ങ്, ഇന്നുവരെ ഒരാളോടും ഒരക്ഷരം പോലും ഉരിയാടിയിട്ടില്ലാത്ത അങ്ങ് പെട്ടെന്നെങ്ങനെ മഹാകവിയായി? ഈ ഭാവാത്മകത്വം അങ്ങേയ്ക്കു് എങ്ങനെ കൈവന്നു?” പെരുവിരലിന്റെയും തൊട്ടടുത്തുള്ള വിരലിന്റെയും ഇടയിൽ നൂലു വച്ചു് അമർത്തി പിടിച്ചു് അതിൽ മെഴുക് തേച്ചു കൊണ്ടിരുന്ന ആ ചെരിപ്പുകുത്തി മറുപടി നൽകി: “ഞാൻ ചെരിപ്പിൽ ചുറ്റിക കൊണ്ടു് ആണിയടിച്ചു കയറ്റുമ്പോൾ ഉണ്ടാകുന്ന താളമാണു് എന്റെ കവിതയുടെ താളം. ഒരു തുണ്ടു് തോലെടുത്തു് വെട്ടി മറ്റു പല തുണ്ടുകളും അതിൽ തുന്നിച്ചേർത്തു് ബൂട്ടുണ്ടാക്കുമ്പോൾ പ്രകടമാകുന്ന സൃഷ്ടി കൗശലമില്ലേ, അതാണു് എന്റെ കവിതയ്ക്കു രൂപ ശില്പം നൽകുന്നതു്. തേഞ്ഞു പൊട്ടിയ പഴയ ചെരിപ്പുകൾ നന്നാക്കി കൊടുക്കുമ്പോൾ പ്രത്യക്ഷമാകുന്ന സർഗ്ഗ വൈഭവമാണു് എന്റെ കവിതയിലെ സർഗ്ഗവൈഭവം”.

ഈ കഥ ശരിയാണെങ്കിൽ “ഇടപ്പള്ളിയിലെ ഗാനകിന്നര”ന്റെ കൂട്ടുകാരനായ ഒരു പോലീസ് ഇൻസ്പെക്ടർ നല്ല കവിത എഴുതിയതു് എങ്ങനെയെന്നു ഗ്രഹിക്കാൻ പ്രയാസമില്ല. ഭയങ്കരനായ കൊലപാതകിയെ കൊണ്ടു സത്യം പറയിക്കാനായി അയാളുടെ മുതുകിൽ ലയാത്മകമായി ഇടിച്ചതിൽ നിന്നാണു് അദ്ദേഹത്തിന്റെ കവിതയ്ക് ആകർഷകമായ ലയം ലഭിച്ചതു്. അവന്റെ മർമ്മ ഭേദകമായ നിലവിളിയാണു് അദ്ദേഹത്തിന്റെ കവിതയിലെ വികാര സ്ഫോടനമായി രൂപം കൊണ്ടതു്. എന്റെ കൂട്ടുകാരനായ ഒരു സൈനികോദ്യോഗസ്ഥൻ നല്ല കവിയായിരുന്നു. എങ്ങനെ ആകാതിരിക്കും? തിരുവനന്തപുരത്തെ പാങ്ങോട്ടു മൈതാനത്തിൽ എന്നും കാലത്തു് ലെഫ്റ്റ്, റൈറ്റ് ചവിട്ടിയ ആളല്ലേ അദ്ദേഹം? ആ താളം തന്നെയാണു് ശാർദ്ദൂലവിക്രീഡിതത്തിലും സ്രഗ്ദ്ധരയിലുമുള്ള ശ്ലോകങ്ങളിൽ ആവിർഭവിച്ചതു്. നമ്മുടെ പ്രശസ്തനായ ഒരു നവീന കവി ട്രക്ക് ഡ്രൈവറാണെന്നു കേട്ടിട്ടുണ്ടു്. സ്റ്റീയറിങ് തിരിക്കുന്നതിലെ ലയമാവാം അദ്ദേഹത്തിന്റ ഛന്ദസ്സില്ലാത്ത കവിതയിലെ ലയം.

പൗഡർ എവിടെ

നവീന നിരൂപകൻ നവീന കൃതിയെ വാഴ്ത്താൻ തുടങ്ങുമ്പോൾ അതിന്റെ വൈരസ്യം പോലും അവർക്കു രസകരമായി മാറുന്നു.

ലയാത്മകമായ നടത്തത്തോടു കൂടി ആ മദ്ധ്യവയസ്ക എന്റെ അടുത്തെത്തി നിന്നു. മന്ദസ്മിതം പൊഴിച്ചു. “സാഹിത്യവാരഫലം എഴുതുന്ന കൃഷ്ണൻനായരല്ലേ?” എന്നു ചോദിച്ചു. “അതേ” എന്നു മറുപടി പറഞ്ഞിട്ടു് ഞാനവരെ സൂക്ഷിച്ചു നോക്കി. കാലിഞ്ച് കനത്തിൽ ചുണ്ടിൽ ചുവപ്പു ചായം തേച്ചിരിക്കുന്നു. അരയിഞ്ച് കനത്തിൽ കവിളിൽ പൗഡർ ഇട്ടിരിക്കുന്നു. അവ രണ്ടും ഇല്ലായിരുന്നെങ്കിൽ അവർ സ്ത്രീയാണെന്നു് ഞാൻ അംഗീകരിച്ചു കൊടുത്തേനെ. അവരെ കണ്ടപ്പോൾ എനിക്കു് ഓർമ്മ വന്നതു് എന്റെ ഒരു പ്രവൃത്തിയാണു്. പവർകട്ട് ഇല്ലാത്ത വേളയിലും എന്റെ വീട്ടിൽ പലപ്പോഴും വിദ്യുത്ച്ഛക്തി കാണില്ല. അതുകൊണ്ടു് മെഴുകുതിരി കത്തിച്ചു വച്ചാണു് ഞാൻ ഈ ലേഖനമെഴുതാറു്. കാലത്തു് ചാരുകസേരയിൽ നോക്കുമ്പോൾ അതിന്റെ വാർണീഷിട്ട കൈയാകെ മെഴുക് പറ്റിച്ചേർന്നിരിക്കുന്നതു കാണാറാവും. ഉടനെ മേശക്കത്തി എടുത്തു് ആ മെഴുകു് ചുരണ്ടി ചുരണ്ടിയെടുക്കും. ആ മേശക്കത്തി കൈയിൽ ഉണ്ടായിരുന്നെങ്കിൽ! പൗഡറും ചുവന്ന ചായവും ചുരണ്ടിയെടുക്കാൻ അവർ അനുവാദം തന്നിരുന്നെങ്കിൽ! ഞാൻ അവരെ സ്ത്രീയാക്കി മാറ്റി പറഞ്ഞയച്ചേനേ. നമ്മുടെ ചില സാഹിത്യ സൃഷ്ടികൾ ഈ സ്ത്രീയെ പോലെയാണു്. പ്രതിരൂപാത്മകത്വത്തിന്റെ ടൽകം പൗഡർ രണ്ടിഞ്ച് കനത്തിൽ അവയിൽ തേച്ചു പിടിപ്പിച്ചിരിക്കും. തലകീഴായി മറിഞ്ഞ ഇമേജറിയുടെ ലിപ്സ്റ്റിക് അവയിൽ ഒരിഞ്ച് കനത്തിൽ പൂശിയിരിക്കും. രണ്ടിന്റെയും ‘കാമുഫ്ലാഷി’ൽ സാഹിത്യസൃഷ്ടി മറ്റൊന്നായി മാറിയിരിക്കും. വിമർശനത്തിന്റെ മേശക്കത്തിയുണ്ടെങ്കിലേ, അതുകൊണ്ടു് ചുരണ്ടിയെങ്കിലേ സാഹിത്യസൃഷ്ടി ഗാത്രം വെളിപ്പെടൂ.

ഇത്രയും പറഞ്ഞതുകൊണ്ടു് പൗഡറിടുന്നതും ചായം തേക്കുന്നതും നിന്ദ്യമാണെന്നു് ഞാൻ കരുതുന്നതായി ആരും തെറ്റിദ്ധരിക്കരുതേ. വൈരൂപ്യത്തെ മറയ്ക്കാനായി ആ പ്രക്രിയകൾ ഒരളവിൽ സഹായിക്കും. മുഖമാകെ കുണ്ടും കുഴിയുമുള്ള സ്ത്രീ പൗഡർ ഇടാതെ വന്നുനിന്നാൽ എങ്ങനെയിരിക്കും? ജെ. ഫീലിപ്പോസ്, തിരുവല്ല ‘വനിത’ മാസികയിലെഴുതിയ “ബി ഹാപ്പി കുഞ്ഞു മറിയാമ്മ” എന്ന മിനിക്കഥപോലിരിക്കും. ആശുപത്രിയിൽ എക്സ്റേ ഫോട്ടോ എടുക്കാൻപോയ കുഞ്ഞു മറിയാമ്മ ദേഷ്യപ്പെട്ടു് ചാടിക്കുതിച്ചു വീട്ടിലെത്തി. കോപകാരണം ഭർത്താവു് ചോദിച്ചറിഞ്ഞു. അവരെക്കാൾ പ്രായംകുറഞ്ഞ എക്സ്റേ ടെക്നീഷ്യൻ അവരെ ‘അമ്മച്ചീ’ എന്നു് അഭിസംബോധന ചെയ്തുപോലും. ഫലിതകഥ എന്നാവാം ഫീലിപ്പോസ് ഇതിനെ വിളിക്കുന്നതു്. പക്ഷേ, ഫലിതത്തിന്റെ ക്യൂട്ടിക്കൂറ പൗഡർ അല്പം കഥാംഗനയുടെ മുഖത്തു് തേക്കേണ്ടിയിരുന്നു ഫീലിപ്പോസ്. ഇന്നത്തെ നിലയിൽ ഈ പെൺപിറന്നോരെ ആരും നോക്കുകയില്ല.

ആകസ്മികാംശം

രാത്രി കോരിച്ചൊരിയുന്ന മഴ. വിദ്യുച്ഛക്തി വിളക്കുകൾ കെട്ടിരിക്കുന്നതുകൊണ്ടു് കൂരിരുട്ടു്. അന്നു് ട്രാൻസ്പോർട്ട് ബസ്സുകളില്ല. പണിമുടക്കു്. ചില ഓട്ടോറിക്ഷകൾ പായുന്നുണ്ടു്. കൈകാണിച്ചിട്ടു് അവ നില്ക്കുന്നില്ല. ഒരുപക്ഷേ, നിറുത്തിയാലും അവയോടിക്കുന്നവർക്കു് സ്ഥിരം പല്ലവിയുണ്ടു്. ‘രാത്രിയായി. ഒതുക്കാൻ പോവുകയാണു്’. ഞാൻ ഫുട്പാത്തിലൂടെ നടന്നു് തിരുവനന്തപുരത്തെ വെള്ളയമ്പലമെന്ന സ്ഥലത്തെത്തി. ഒരു കടയുടെ തിണ്ണയിൽ ആശ്രയസ്ഥാനം കണ്ടു് അവിടെ കയറിനില്ക്കുമ്പോൾ ഒരു മിന്നൽപ്രവാഹം. അതിന്റെ പ്രഭയിൽക്കണ്ടു, നനഞ്ഞൊലിച്ചു നില്ക്കുന്ന അയ്യങ്കാളി പ്രതിമയെ. മഴയെയും മിന്നലിനെയും ഇടിയെയും കൂട്ടാക്കാതെ തലയുയർത്തിനില്ക്കുന്നു ആ നേതാവു്. ലൗകികജീവിതത്തിന്റെ അന്ധകാരത്തിനകത്തു് ഇരിക്കുന്ന സത്യത്തെ ഇമ്മട്ടിൽ പ്രകാശിപ്പിച്ചു തരുന്നതാണു് കല. അതു് അപ്രതീക്ഷിതസ്വഭാവം ആവഹിക്കുന്നു. നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്തതു കാണിച്ചുതരുന്നു. അങ്ങനെ കാണിച്ചുതരുമ്പോൾ നമ്മുടെ മനുഷ്യത്വം വികസിക്കുന്നു. ഉറൂബി ന്റെ ‘വാടകവീടുകൾ’ എന്ന ചെറുകഥ നോക്കൂ. അല്ലെങ്കിൽ വൈക്കം മുഹമ്മദ് ബഷീറി ന്റെ ‘തങ്കമോതിരം’ എന്ന കഥ വായിക്കൂ. രണ്ടിലും ഈ അപ്രതീക്ഷിതാംശമുണ്ടു്. “ഒരു ചേരയ്ക്കുപോലും അയാളുടെ കൂടെ കഴിയാനൊക്കുകില്ല” എന്നു് ഭർത്താവിനെ ലക്ഷ്യമാക്കി സാഹിത്യകാരനോടു പറഞ്ഞ പങ്കജം പ്രലോഭനങ്ങൾക്കു വശംവദയായി അയാളോടുകൂടി ജീവിക്കാൻ തീരുമാനിക്കുകയും സാഹിത്യകാരനെ ലോഡ്ജിൽനിന്നു് ഇറക്കിവിടുകയും ചെയ്യുമ്പോഴാണു് ആകസ്മികാംശം പ്രത്യക്ഷമാകുന്നതു്. “എന്റമ്മച്ചീടമ്മച്ചീടെ കഴുത്തിൽ തന്തപ്പടി കെട്ടിക്കൊടുത്തതാണു് ഈ തങ്കമോതിരം” എന്നു് ഭാവിയിലെ ഒരു ചെറുപ്പക്കാരി പറയുമെന്നു് ബഷീർ പ്രസ്താവിക്കുമ്പോൾ അതേ അപ്രതീക്ഷിതാംശം പ്രകടമാകുന്നു. (രണ്ടു കഥകളെക്കുറിച്ചും ഓർമ്മയിൽ നിന്നാണു് ഞാൻ എഴുതുന്നതു്.) ഇക്കഥകൾ നമ്മുടെ മനുഷ്യത്വത്തെ വികസിപ്പിക്കുകയും മൂല്യങ്ങളിലുള്ള വിശ്വാസത്തെ ഉറപ്പിക്കുകയും ചെയ്യുന്നു.

ഇത്രത്തോളം സ്പഷ്ടതയില്ലെങ്കിലും എബ്രഹാം മാത്യുവിന്റെ ‘ഓറഞ്ച് തിന്നുന്നവർ’ എന്ന ചെറുകഥ അനുഷ്ഠിക്കുന്ന കൃത്യവും ഇതുതന്നെയാണു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്). രണ്ടു ലോകമാണു് കഥാകാരൻ ചിത്രീകരിക്കുന്നതു്. ഒന്നു് കാപട്യത്തിന്റെ ലോകം. അവിടെ രോഗിയുടെ മുൻപിൽ ഓറഞ്ചുമായി എത്തുന്ന പെൺകുട്ടികൾ. ആ ആഗമനം ആർജ്ജവമാർന്നതല്ല. തികച്ചും ആചാരപരം (formal). അതു് കപടവുമാണു്. രണ്ടാമത്തെ ലോകം വിശപ്പു് സഹിക്കാനാവാതെ രോഗിയുടെ മുൻപിലെത്തുന്ന അമ്മയുടെയും കുഞ്ഞിന്റേതുമാണു്. ആ കുഞ്ഞു് തലേദിവസം രാത്രി എലികടിച്ച ഓറഞ്ച് എടുത്തു തിന്നുന്നു. രോഗിക്കു് അതു തടയാൻ സാധിച്ചില്ല. പിന്നീടു്, സ്ത്രീയും രോഗിയും കുഞ്ഞും ഓറഞ്ച് തിന്നുന്നു. അവർ മൂന്നുപേരും മനുഷ്യത്വത്തിന്റെ ദൃഷ്ടിയിൽ ഒന്നു്. കാപട്യംനിറഞ്ഞ ലോകത്തിന്റെയും സത്യാത്മകമായ ലോകത്തിന്റെയും ഒരേ സമയത്തുള്ള പ്രാദുർഭാവമാണു് ഇക്കഥയിലെ അപ്രതീക്ഷിതാംശം. അതു് എന്റെ മനുഷ്യത്വത്തെ വികസിപ്പിക്കുന്നു. മിന്നലില്ലായിരുന്നെങ്കിൽ ഞാൻ പ്രതിമയെ കാണുമായിരുന്നില്ല. ഇക്കഥയില്ലായിരുന്നെങ്കിൽ വിരുദ്ധങ്ങളായ രണ്ടു ലോകങ്ങളെ ഞാൻ ദർശിക്കുമായിരുന്നില്ല.

നിർവ്വചനം
ശംബളദിവസം:
മായകോവ്സ്കി യെയും വെർജീനിയ വുൾഫി നെയും ഇടപ്പള്ളി രാഘവൻപിള്ള യെയും ഓർമ്മിക്കുന്ന ദിവസം.
ടെലിവിഷൻ സെറ്റ്:
പഴയ സിനിമകൾ കാണിക്കാനുള്ള ഒരു ഉപകരണം. അതു് കാണാനിടവരുന്ന ഇന്നത്തെ വൃദ്ധയായ ചലച്ചിത്രതാരം വിചാരിക്കും ‘ഹാ അന്നു് ഞാനിത്ര സുന്ദരിയായിരുന്നല്ലോ. ഇന്നു് എന്തൊരു വൈരൂപ്യം!’ എന്നു്. ആ വിചാരത്തിന്റെ ഫലം നിരാശതയും വിഷാദവും.
ലേഡീസ് സ്റ്റോറുകൾ:
നൂറുരൂപയ്ക്കു് അവിടെനിന്നു ചിലതു വാങ്ങാൻ വരുന്ന പുരുഷന്മാരെ അവഗണിച്ചിട്ടു് പത്തുപൈസയ്ക്കു് രണ്ടു കറുത്ത പൊട്ടുകൾ വാങ്ങുന്ന ചെറുപ്പക്കാരികളെ ബഹുമാനിക്കുന്ന സ്ഥലങ്ങൾ.
ട്രൗസർ പോക്കറ്റ്:
കാമുകിയോടു സംസാരിക്കുമ്പോൾ കാമുകനു് കൈവയ്ക്കാനുള്ള സ്ഥലം. (ആ സ്ഥലമില്ലെങ്കിൽ കൈ പല പരാക്രമങ്ങളും കാണിക്കും.)
തിരുവനന്തപുരത്തെ ഓരോ വ്യക്തിയും:
സാഹിത്യകാരൻ, സാഹിത്യകാരൻ, സാഹിത്യകാരൻ.
മനസ്സിലാക്കാൻ പ്രയാസമുള്ള കൈയക്ഷരം:
ഡോക്ടറന്മാരുടേതു്. ഇക്കാര്യത്തിൽ exception ഇല്ല.
ചെറുകഥ:
എഴുതുന്ന ആൾ ഒന്നോ രണ്ടോ മാസംകൊണ്ടു് രൂപംകൊടുക്കുന്നതു്. വായിച്ചുനോക്കാതെ ‘റിജെക്ഷൻ സ്ലിപ്പോ’ടുകൂടി പത്രാധിപർക്കു് അതു കിട്ടിയ ദിവസംതന്നെ തിരിച്ചയയ്ക്കാവുന്നതാണു്.
യേശുദാസും നവാബ് രാജേന്ദ്രനും
images/IsaacBabel.jpg
ഈസാക്ക് ബാബൽ

ഞാൻ തിരുവനന്തപുരത്തെ ഇന്ത്യൻ കോഫി ഹൗസിൽ ഇരിക്കുകയാണു്. അല്പമകലെ കാഷായവസ്ത്രം ധരിച്ചു് സന്ന്യാസിയുടെ മട്ടിൽ താടിയും മുടിയും നീട്ടിവളർത്തി ഒരാളിരിക്കുന്നു. ബുദ്ധിശക്തിയെ വിളിച്ചുപറയുന്ന മുഖം. തീക്ഷ്ണങ്ങളായ കണ്ണുകൾ, മനുഷ്യന്റെ ദൗർബല്യങ്ങളിലേക്കും ദുഷിച്ച വാസനകളിലേക്കും അവ കടന്നുചെല്ലുന്നുവെന്നു് എനിക്കു തോന്നി. എന്നെക്കണ്ടയുടനെ അദ്ദേഹം അവിടെനിന്നു് എഴുന്നേറ്റു് എന്റെ അടുത്തു വന്നിരുന്നു. “ആരാണു്?” എന്നു ഞാൻ വിനയത്തോടെ ചോദിച്ചപ്പോൾ അദ്ദേഹം പേരുപറഞ്ഞു. പക്ഷേ, ഞാനതു് കേട്ടില്ല. കേൾക്കാത്തതുകൊണ്ടു് താഴെ എഴുതുന്ന ചോദ്യം ഞാൻ അദ്ദേഹത്തോടു ചോദിച്ചു. പേരു കേട്ടിരുന്നെങ്കിൽ ഒരു സാംഗത്യവുമില്ലാത്ത ഈ ചോദ്യം ചോദിക്കുമായിരുന്നില്ല. “ഏതു് ഭാരതീയ ദർശനത്തിലാണു് വിശ്വാസം?” അദ്ദേഹം മറുപടി പറഞ്ഞു: “ഞാൻ ഒരു ദർശനത്തിലും വിശ്വസിക്കുന്നില്ല”. മാസങ്ങൾ കഴിഞ്ഞു. അദ്ദേഹത്തെ വീണ്ടും കോഫി ഹൗസിൽവച്ചു കണ്ടു. ആളാരെന്നു് അറിയാതെ ഞാൻ വീണ്ടും അദ്ദേഹത്തോടു സംസാരിച്ചു. അതിനുശേഷം അദ്ദേഹം യാത്രപറഞ്ഞു പോയപ്പോൾ ഞാൻ അടുത്തിരുന്ന ഒരു പരിചയക്കാരനോടു ചോദിച്ചു: “ആൾ ആരാണു്?” അയാൾ പറഞ്ഞു: “അറിഞ്ഞുകൂടേ? നവാബ് രാജേന്ദ്രൻ ”. ആദ്യത്തെ കൂടിക്കാഴ്ചയിൽ പേരുകേൾക്കാത്ത എന്റെ ശ്രദ്ധയില്ലായ്മയെ അല്ലെങ്കിൽ ശ്രവണശക്തിക്കുറവിനെ ഞാൻ സ്വയം നിന്ദിച്ചു. മാസങ്ങൾ വീണ്ടും കഴിഞ്ഞു. ഞാൻ അദ്ദേഹത്തെ ടൗൺ ഹാളിനടുത്തുവച്ചു കണ്ടു. സ്നേഹപൂർവ്വം ഞാൻ ക്ഷണിച്ചതുകൊണ്ടു് അദ്ദേഹം ചായകുടിക്കാൻ എന്റെ കൂടെ വന്നു. എത്ര നിർബന്ധിച്ചിട്ടും ചായ മാത്രമേ കഴിച്ചുള്ളൂ. കുറെനേരം സംസാരിച്ചതിനുശേഷം അദ്ദേഹം യാത്ര പറഞ്ഞു: “കോടതിവരെ പോകണം കേസ്സുണ്ടു്”. “ഈ വെയിലത്തു് എന്തിനാ നടക്കുന്നതു? ഓട്ടോറിക്ഷയിൽ പോകൂ” എന്നു ഞാൻ നിർദ്ദേശിച്ചപ്പോൾ നവാബ് രാജേന്ദ്രൻ പറഞ്ഞു: “ഞാൻ ബസ്സിൽ കയറാറില്ല. ഓട്ടോറിക്ഷയിലും പോകില്ല. നടക്കുകയേയുള്ളൂ”. അദ്ദേഹം നടന്നു. “തീയിൽ കുരുത്തതുണ്ടോ വെയിലത്തു വാടൂ?” എന്നു് എന്റെ ആത്മഗതം.

നവാബ് രാജേന്ദ്രൻ കർക്കശസ്വഭാവക്കാരനാണെന്നു് ചിലർ പറയുന്നു. എനിക്കു വിശ്വാസം വരുന്നില്ല. മൂന്നു തവണ കണ്ടപ്പോഴും അദ്ദേഹം സ്നേഹസമ്പന്നനും മൃദുലമനസ്കനുമാണെന്നേ തോന്നിയുള്ളു. ഒരുപക്ഷേ, അനീതികൾ കാണുമ്പോൾ അദ്ദേഹം വജ്രഹൃദയനായി പ്രത്യക്ഷപ്പെടുന്നുണ്ടാകാം. ആ കാഠിന്യം അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയായി ചിലർ കരുതുന്നുമുണ്ടാകാം. മൂന്നാമത്തെത്തവണ ഞാൻ നവാബ് രാജേന്ദ്രനെ കണ്ടതിനുശേഷം ഒൻപതുമാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അദ്ദേഹം എവിടെയാണോ എന്തോ?

images/KJYesudassketch.jpg
യേശുദാസ്

മുകളിലിത്രയും കുറിച്ചിടാൻ എന്നെ പ്രേരിപ്പിച്ചതു് ഗായകനായ യേശുദാസി ന്റെ ആത്മകഥയിൽ നാവാബ് രാജേന്ദ്രനെക്കുറിച്ചുള്ള ഭാഗമാണു്. ഏതാനും വാക്യങ്ങൾ കൊണ്ടു് യേശുദാസ് നവാബ് രജേന്ദ്രന്റെ വ്യക്തിത്വം എടുത്തുകാണിക്കുന്നു. ആരുടെയും അന്ധനായ ആരാധകനല്ല യേശുദാസ്. അതുകൊണ്ടു് ധീരതയോടെ തനിക്കു പറയാനുള്ളതു് മുഴുവനും അദ്ദേഹം നവാബ് രാജേന്ദ്രനോടു് പറഞ്ഞു. അതോടൊപ്പം നിയമപാലകർ സ്വഭാവശുദ്ധി പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും. ഈ കാലയളവിന്റെ സുവർണ്ണശബ്ദമാണു് യേശുദാസ്സിന്റേതു്. ആ ശബ്ദം പ്രായോഗിക തലങ്ങളിലും പ്രസരിക്കുമെന്നു കാണുന്നതു് സന്തോഷജനകമത്രേ (ആത്മകഥ കുങ്കുമം വാരികയിൽ).

ചിന്ത
images/TheDwarf.jpg

എന്റെ ഒരടുത്ത ബന്ധു മരിച്ചു. മൃതദേഹം ആ മനുഷ്യന്റെ ജോലിസ്ഥലത്തുനിന്നു് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. ശവശരീരം വീട്ടിന്റെ വരാന്തയിൽ കിടത്തിയപ്പോൾ മരിച്ചയാളിന്റെ സഹോദരികൾ അടുക്കളയിലിരുന്നു് പുഴുങ്ങിയ മരിച്ചീനി തിന്നുകയായിരുന്നു. ഒരുത്തി മറ്റൊരുത്തിയോടു് പറയുന്നതു് ഞാൻ കേട്ടു. “വേഗം തിന്നു്. അണ്ണനെ കൊണ്ടുവന്നു് വരാന്തയിൽ കിടത്തിയിരിക്കുകയാണു്”.

എന്റെ മറ്റൊരു ബന്ധുവും ജോലിസ്ഥലത്തുവച്ചു് മരിച്ചു. ആ മൃതദേഹം ചങ്ങനാശ്ശേരിയിൽ കൊണ്ടുവന്നു് സംസ്കരിച്ചു. പട്ടട ആളിക്കത്തുകയാണു്. അപ്പോൾ അതു നോക്കി മൂകനായിരുന്ന എന്നോടു് മരിച്ചയാളിന്റെ പ്രിയപ്പെട്ട സ്യാലൻ ഇന്ത്യയിലെ രാഷ്ട്രവ്യവഹാരത്തെക്കുറിച്ചു് നേരമ്പോക്കുകൾ പറഞ്ഞുതുടങ്ങി. എന്നെക്കാൾ പ്രായമേറിയ അദ്ദേഹത്തോടു് ഞാൻ പറഞ്ഞു: “ഇതൊക്കെപ്പറയാൻ ഇതല്ല സമയം”. അയാൾ പിന്നെ മിണ്ടിയില്ല.

images/GuydeMaupassant1888.jpg
മോപസാങ്

മോപസാങ്ങി ന്റെ The Old Man എന്ന കഥ വായിക്കേണ്ടതാണു്. ഒരു വൃദ്ധൻ മരിക്കാൻ കിടക്കുകയാണു്. പക്ഷേ, ചാകുന്നതേയില്ല. മകൾ ആപ്പിളെടുത്തു് എന്തോ ഭക്ഷണസാധനം ഉണ്ടാക്കാൻ തുടങ്ങി. മരുമകൻ റൊട്ടി മുറിച്ചെടുത്തു് വെണ്ണതേച്ചു തിന്നു. വൃദ്ധൻ ഇപ്പോൾ മരിക്കും, ഇപ്പോൾ മരിക്കും എന്നാണു് ഒരോരുത്തന്റെയും വിചാരം. എന്നാൽ ആ വിചാരങ്ങളെയൊക്കെ നിഷ്ഫലങ്ങളാക്കിക്കൊണ്ടു് കിഴവന്റെ നെഞ്ച് ഉയരുകയും താഴുകയും ചെയ്തു. ശവസംസ്കാരത്തിനു ശേഷം കഴിക്കേണ്ടവ അവർ നേരത്തെ ഭക്ഷിച്ചു. അവ തിന്നുകൊണ്ടിരുന്നപ്പോഴാണു് കിഴവൻ അന്ത്യശ്ശ്വാസം വലിച്ചതു്. കേക്ക് തിന്നാൻ കഴിയുന്നതിനുമുൻപിൽ കിഴവൻ ചത്തല്ലോ എന്നുകണ്ടു് ബന്ധുക്കൾക്കും മറ്റുള്ളവർക്കും നൈരാശ്യം, വിഷാദം.

images/Lagerkvist.jpg
പാർ ലാഗർക്വിസ്റ്റ്

ലിയോ ടോൾസ്റ്റോയി യുടെയും എമിൽ സൊല യുടെയും നോവലുകളിൽ മരണത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള നിസ്സംഗതയും ക്രൂരതയും വർണ്ണിക്കപ്പെട്ടിട്ടുണ്ടു്. അവയൊക്കെ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണു്. “ഞാനിന്നു മരിച്ചാൽ എന്റെ ഭാര്യയും മക്കളും ഹൃദയം തകർന്നു ജീവിക്കും. ചിലപ്പോൾ അവരുംകൂടെ ചത്തേക്കും” എന്നൊക്കെയാണു് നമ്മളിൽ ഓരോ വ്യക്തിയും വിചാരിക്കുന്നതു്. അതു് ശുദ്ധഭോഷ്കാണു്. മരിച്ചാൽ രണ്ടു വിളിവിളിക്കും. അത്രമാത്രം. പിന്നീടു് സ്വന്തം കാര്യം നോക്കും. മരിച്ചവനോ? അയാൾ മരിക്കാൻ പോകുന്ന സന്ദർഭത്തിൽ ഈശ്വരനെ വിളിക്കും. അദ്ദേഹം മിണ്ടുകില്ല. നോബൽ സമ്മാനം നേടിയ പാർ ലാഗർക്വിസ്റ്റി ന്റെ The Dwarf എന്നൊരു നോവലുണ്ടു്. ഈ ആശയം ഇതിലും നന്നായി അതിലാവിഷ്കരിച്ചിട്ടുണ്ടു്. She prays to the Crucified One for forgiveness. The crucified One does not answer. (ഓർമ്മയിൽനിന്നെഴുതുന്നതു്. വാക്യങ്ങൾ ഇങ്ങനെതന്നെയാണോ എന്നു നിശ്ചയമില്ലെനിക്കു്.)

മെനെക്കെടുത്തൽ

ടെലിവിഷൻ സെറ്റ്—പഴയ സിനിമകൾ കാണിക്കാനുള്ള ഒരു ഉപകരണം. അതു കാണാനിടവരുന്ന ഇന്നത്തെ വൃദ്ധയായ ചലച്ചിത്രതാരം വിചാരിക്കും, ‘ഹാ അന്നു് ഞാനിത്ര സുന്ദരിയായിരുന്നല്ലോ!’

കവി ഏഴാച്ചേരി രാമചന്ദ്രനും ഞാനും കൂടി ഒരു സമ്മേളനത്തിനു പോയി. ഫലിതാത്മകമായി പ്രസംഗിക്കുന്നതിനു് വൈദഗ്ദ്ധ്യമുണ്ടു് രാമചന്ദ്രനു്. പ്രഭാഷണവേളയിൽ അദ്ദേഹം വിവരിച്ച ഒരു സംഭവം എന്റെ ഓർമ്മയിലെത്തുന്നു. സിറ്റി ബസ്സിൽ നല്ല തിരക്കു്. സ്ത്രീകൾ പോലും മുകളിലുള്ള കമ്പിയിൽപ്പിടിച്ചു നില്ക്കുകയാണു്. അവരിൽ ഒരു ചെറുപ്പക്കാരി തേങ്ങുകയും കണ്ണീരൊഴുക്കുകയും മൂക്കു തുടയ്ക്കുകയും ചെയ്യുന്നു. മറ്റു യാത്രക്കാർ കാര്യമറിയാതെ അമ്പരന്നു. അപ്പോഴാണു് യുവതിയുടെ കൈയിൽ ചുരുട്ടി വച്ച ഒരു വാരികയിരിക്കുന്നതു് യാത്രക്കാർ കണ്ടതു്. പൈങ്കിളി വാരികയിലെ പൈങ്കിളി കഥാനായികയുടെ ദുരന്തമാണു് ചെറുപ്പക്കാരിയെ കരയിച്ചതെന്നു പറഞ്ഞാൽ ഏഴാച്ചേരി രാമചന്ദ്രന്റെ പ്രഭാഷണത്തിലെ ധ്വന്യാത്മകതയെ ഞാനടിച്ചു പൊളിക്കുകയായിരിക്കും. എങ്കിലും ആ ക്രൂരകൃത്യം ഞാൻ ചെയ്യുന്നു. സദസ്സു് ഒന്നടങ്കം പൊട്ടിച്ചിരിച്ചു, കൈയടിച്ചു. സദസ്സിൽ മംഗളം വർഗ്ഗീസുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ചിരിക്കുമായിരുന്നു. കരഘോഷം മുഴക്കുമായിരുന്നു. നിർദ്ദോഷമായ ഫലിതം ആരെയും രസിപ്പിക്കുമല്ലോ.

ഹാസ്യം കൊണ്ടു് ഏഴാച്ചേരി ഉളവാക്കിയ ഈ ‘ഇഫക്ട്’ ഗൗരവാവഹമായ പ്രതിപാദനം കൊണ്ടു് ജനിപ്പിക്കാൻ പോൾ തോപ്പുംപടിക്കു സാധിക്കുന്നില്ല. ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ “അനുബന്ധം” എന്ന കഥ വായിച്ചാലും. പൈങ്കിളിക്കഥയിലെ നായിക ആറ്റിൽച്ചാടി മരിച്ചപ്പോൾ ഒരു കുടുംബമാകെ ദുഃഖിച്ചുപോലും. വിരസമായ പ്രബന്ധത്തെക്കാൾ കെട്ട ഒരു വിലക്ഷണരചനയാണിതു്. പോൾ തോപ്പുംപടിയും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരും മനുഷ്യരെ ഇങ്ങനെ മെനക്കെടുത്തുന്നതു് എന്തിനാണു്?

ചോദ്യം, ഉത്തരം

ചോദ്യം: സൗന്ദര്യംകൊണ്ടെന്തു പ്രയോജനം?

ഉത്തരം: ലഹളകൾ ഇല്ലാതാക്കാം… പട്ടണത്തിൽ വിദ്യാർത്ഥികൾ ബഹളമുണ്ടാക്കി പ്രധാനപ്പെട്ട സർക്കാരോഫീസിനെ ലക്ഷ്യമാക്കി കല്ലെറിഞ്ഞപ്പോൾ അന്നത്തെ സുന്ദരിയായ സബ്ബ് കലക്ടർ (ഐ. എ. എസ്) അവിടെ വന്നുനിന്നു. കല്ലേറു നിന്നു. അവർ പിന്നീടു് പോകാൻ ഭാവിച്ചപ്പോൾ ഒരു ഐ. പി. എസ് ഓഫീസർ അവരോടു പറഞ്ഞു: “പോകരുതു്. പോയാൽ ഇവിടുത്തെ മാന്ത്രികാന്തരീക്ഷം തകരും. പിള്ളേർ വീണ്ടും കല്ലെറിയാൻ തുടങ്ങും”. സബ്ബ് കലക്ടർ അവിടെത്തന്നെ നിന്നു. എന്റെ ശിഷ്യനല്ലെങ്കിലും ശിഷ്യനെപ്പോലുള്ള ആ ഐ. പി. എസ് ഓഫീസർ എന്നോടു പറഞ്ഞതാണു് ഇക്കാര്യം.

ചോദ്യം: H2 O?

ഉത്തരം: തിരുവനന്തപുരത്തെ പാലുകച്ചവടക്കാർ പാലിൽച്ചേർക്കുന്ന സാധനം. പാലുകച്ചവടക്കാരന്റെ, കച്ചവടക്കാരിയുടെ മാന്യത കൂടുന്തോറും H2 O-യുടെ അളവു് കൂടി വരും.

ചോദ്യം: സാന്മാർഗ്ഗികത്വവും ജീനിയസ്സും തമ്മിൽ ബന്ധമുണ്ടോ?

ഉത്തരം: ഇല്ല. ബർട്രൻഡ് റസ്സൽ ജീനിയസ്സായിരുന്നു. പക്ഷേ, അദ്ദേഹം ചതിച്ച സ്ത്രീകൾ നിരവധി.

ചോദ്യം: മിലാൻ കുൻഡേര യുടെ എല്ലാ നോവലുകളും നിങ്ങൾ വായിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ ഉപന്യാസങ്ങളോ? അവ എങ്ങനെ?

ഉത്തരം: ഇംഗ്ലീഷിൽ തർജ്ജമ ചെയ്തു വന്ന എല്ലാ നോവലുകളും വായിച്ചിട്ടുണ്ടു്. ഓരോന്നും മനോഹരമാണു്. ഒട്ടേറെ പ്രബന്ധങ്ങളും വായിച്ചു. അവയിൽ ഏറ്റവും ഹൃദയസ്പർശകം Prague—A disappearing poem എന്നതാണു്. അതിൽ നിന്നു് ഒരു വാക്യം എടുത്തെഴുതാം: “What makes the books of Kafka and Hasek immortal is not their description of the totalitarian machine, but the two great Josephs (Joseph K and Joseph Schweik) who embody two basic human responses to this machine”.

നാനാവിഷയകം
  1. മൊഹ്സിൻ നാലകത്തിന്റെ “അമ്മ” എന്ന ചെറുകഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ. സ്നേഹിതൻ പറഞ്ഞയച്ചതനുസരിച്ചു് സഹപ്രവർത്തകൻ സ്നേഹിതന്റെ അമ്മയെ കാണാനെത്തുന്നു. മകൻ പെണ്ണിനെയുംകൊണ്ടു് അങ്ങുമിങ്ങും നടന്നു് ദുഷ്പേരുണ്ടാക്കാതെ അവളെ വിവാഹംകഴിച്ചു വീട്ടിൽ കൊണ്ടുവരാൻ ബുദ്ധിശാലിനിയായ അമ്മ സഹപ്രവർത്തകനോടു നിർദ്ദേശിച്ചു.—ഭാവശില്പത്തിലും രൂപശില്പത്തിലും സേതു വിന്റെ ‘ദൂതു് ’ എന്ന കഥയുടെ അനുകരണമാണു് ഇതു്. ‘ദൂതു്’ കലയാണു്. മൊഹ്സിന്റെ കഥ കലാഭാസവും.
  2. ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം. വലിയ കണ്ണുകളുള്ള ഒരു പെൺകുട്ടി.—വിടർന്ന നീണ്ട കണ്ണുകൾ സുന്ദരങ്ങളാണു്. പക്ഷേ, ഇത്രത്തോളം വലിയ നയനങ്ങൾ മനോഹരങ്ങളല്ല.
  3. ലിയാഖത്തു് പനച്ചമൂടു് ജനയുഗം വാരികയിലെഴുതിയ “വെള്ളാരങ്കല്ലുകൾ” എന്ന കഥ. നദിക്കരയിലിരുന്നു് വെള്ളാരങ്കല്ലുകൾ വാരിനോക്കി രസിക്കുന്ന പെൺകുട്ടിക്കു് സപ്പോട്ടക്കായ് പറിച്ചുകൊണ്ടു് യുവാവു് എത്തിയപ്പോൾ അവൾ അപ്രത്യക്ഷയായിരിക്കുന്നു.—മനുഷ്യനെ ബോറടിപ്പിക്കുന്ന എഴുത്തുകാരിൽ ഒരാൾകൂടി. ലിയാഖത്തു് എന്നാണു് അദ്ദേഹത്തിന്റെ പേരു്.
  4. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി ‘സരോവരം’ മാസികയിലെഴുതിയ ‘തിരിഞ്ഞുനടക്കുന്ന കാലം’. പെൻഷൻപറ്റിയ ഉദ്യോഗസ്ഥൻ ഭൂതകാലത്തേക്കു നോക്കുന്നു. ജീവിക്കാൻവേണ്ടി വ്യഭിചരിച്ച സഹോദരി, ആത്മഹത്യചെയ്ത അമ്മ ഇവരെയെല്ലാം മനസ്സിന്റെ ദർപ്പണത്തിൽ കാണുന്നു. മുപ്പത്തിമൂന്നുകൊല്ലം സേവനമനുഷ്ഠിച്ചിട്ടും അയാളൊന്നും നേടിയില്ല—നമ്മൾ കറപ്ഷനെക്കുറിച്ചു് എപ്പോഴും സംസാരിക്കുന്നു. കൃഷ്ണൻകുട്ടിയുടെ ഇക്കഥ സാഹിത്യത്തിലെ കറപ്ഷനാണു്.
  5. തിരുമൂലപുരം നാരായണൻ എക്സ്പ്രസ്സ് വാരികയിലെഴുതിയ ‘ചതുരംഗം’ എന്ന പദ്യം. പഴയ കാമുകി ഭർത്താവിനോടൊപ്പമിരിക്കുന്ന ചിത്രം വാരികയിൽക്കണ്ട കാമുകന്റെ വിചാരങ്ങളാണു് ഇതിൽ.

    എത്രയും പ്രിയമോലും മൽസ്വയം വരവധു

    എത്രയുമീടാർന്നൊരച്ചിത്രവരികത്താളിൽ

    കണ്മണി! ഞാനാം നിന്റെ കാമുകൻ ദർശിച്ചു…

    എന്നു തുടക്കം. പണ്ടു് എന്റെ സ്നേഹിതനായ ഒരു കവി ഒരു സുന്ദരിപ്പെണ്ണിനെ സ്നേഹിച്ചു. അവളെ ഒരു ഡി. എസ്. പിയാണു് വിവാഹം കഴിച്ചതു്. കവി റോഡിൽ നില്ക്കുമ്പോൾ അവൾ കാറിൽ ഭർത്താവിനോടൊരുമിച്ചു പോകുന്നു. കവിക്കു നോക്കാനൊക്കുമോ? തടിക്കു കേടുപറ്റില്ലേ? ഡി. എസ്. പിയല്ലേ അവളുടെ പാപ്പാൻ! അദ്ദേഹം വികാരവിരേചനത്തിനുവേണ്ടി ലോഡ്ജിൽ വന്നൊരു കാവ്യമെഴുതി. കാവ്യത്തിന്റെ പേരുപറഞ്ഞാൽ കവി ആരാണെന്നു വ്യക്തമായിപ്പോകും. അതുകൊണ്ടു് ഞാൻ മിണ്ടുന്നില്ല. അദ്ദേഹം ജന്മനാ കവിയായതുകൊണ്ടു് കാവ്യം ഒന്നാന്തരമായി. തിരുമൂലപുരം നാരായണൻ കവിയല്ലാത്തതുകൊണ്ടു് പതിന്നാലു് അക്ഷരങ്ങൾ ഒരു വരിയിൽ വരുത്തി കുറെ പ്ലാറ്റിറ്റ്യൂഡുകൾ പറയുന്നു.

  6. കലാകൗമുദിയിൽ അഷ്ടമൂർത്തി എഴുതിയ ‘ദേശാടകന്റെ വഴി’ എന്ന കഥ.—എനിക്കിതു് എന്തെന്നു മനസ്സിലായില്ല. ലോകമാകെ ജീർണ്ണിക്കുന്നു. അതുകൊണ്ടു് ആരോടും പരാതി പറയേണ്ടതില്ല. കഥ മനസ്സിലാകാത്തതുകൊണ്ടു് അഷ്ടമൂർത്തിയോടു് എനിക്കു പരിഭവമില്ല. എന്റെ ബുദ്ധിയെ മാത്രം ഞാൻ പഴിക്കുന്നു.
  7. ആർ. കെ. നാരായൺ Frontline മാഗസിനിൽ എഴുതിയ ‘At the portal’ എന്ന ചെറുകഥ. മതിലിൽക്കൂടി വെള്ളമൊഴിക്കാൻ ഉണ്ടാക്കിയ ദ്വാരത്തിലൂടെ അണ്ണാൻ ചാടിക്കയറി മറുപുറത്തേക്കു പോകുന്നു. എന്നാൽ അതിന്റെ കുഞ്ഞിനു് ചാടിക്കയറാൻ വയ്യ. തള്ള അഭ്യസിപ്പിച്ചിട്ടും കുഞ്ഞു് പഠിക്കുന്നില്ല. സന്ധ്യയായി. അവളുടെ ശത്രുക്കൾ ഭൂമിയിലിറങ്ങി. പ്രാണരക്ഷാർത്ഥം കുഞ്ഞു് ഒരു മരത്തിൽക്കയറുന്നു. ഇക്കാഴ്ച കണ്ടുനിന്നയാളിനു് ഒരു നിർദ്ദേശം. മതിലിലെ ദ്വാരം കുറെക്കൂടി താഴ്ത്തിയുണ്ടാക്കാൻ അധികാരികളോടു് അപേക്ഷിക്കണം. അണ്ണാന്റെ കഥയാണു് നാരായൺ പറഞ്ഞതെങ്കിലും അതു് മനുഷ്യന്റെ കഥതന്നെയാണു്. അഗാധതയാർന്ന മനുഷ്യത്വം ഇതിന്റെ ഹൃദയസ്പർശകത്വം വർദ്ധിപ്പിക്കുന്നു. ആർ. കെ. നാരായൺന്റെ ജേണലിസം ഇതിലില്ല.
  8. ഈസാക്ക് ബാബൽ (Issac Babel) റഷ്യയിലെ മഹാനായ സാഹിത്യകാരനാണു്. 1940-ൽ അദ്ദേഹം സ്റ്റാലിന്റെ ആജ്ഞയാൽ വധിക്കപ്പെട്ടുവെന്നാണു് പലരും പറയുക. ബാബലിന്റെ ഒരു കഥ—Salt—നവംബർ ലക്കം ‘സോവിയറ്റ് ലിറ്ററേചറി’ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. പട്ടാളക്കാർ പോകുന്ന തീവണ്ടിയിൽ കയറാൻ കുഞ്ഞുമായി ഒരു സ്ത്രീ വരുന്നു. ഒരമ്മയല്ലേ എന്നു വിചാരിച്ചു് അവർ അവളെ ട്രെയിനിൽ കയറ്റി. സഹോദരിയെ മാനിക്കുന്നതുപോലെ മാനിക്കുകയും ചെയ്തു. പക്ഷേ, അവൾ കള്ളിയായിരുന്നു. മറുനാട്ടിലേക്കു് കടത്താൻ പാടില്ലാത്ത ഉപ്പു് കുഞ്ഞിന്റെ ശരീരത്തിൽവച്ചു് തുണികൾകൊണ്ടു് അതിനെ പൊതിഞ്ഞാണു് അവൾ അതു കോണ്ടുപോകാൻ ശ്രമിച്ചതു്. റഷ്യയെ ദ്രോഹിക്കുന്നവളായി പട്ടാളക്കാർ അവളെ കണ്ടു. അവരിലൊരാൾ അവളെ വെടിവച്ചുകൊല്ലുമ്പോൾ കഥ അവസാനിക്കുന്നു. നാടകീയതയുള്ള കഥ. ഒന്നാന്തരം ശില്പം. എങ്കിലും പ്രചാരണം കർക്കശ ശബ്ദമുണ്ടാക്കുന്നു.

നവീന നിരൂപകൻ നവീനകൃതിയെ വാഴ്ത്താൻ തുടങ്ങുമ്പോൾ അതിന്റെ വൈരസ്യംപോലും അവർക്കു രസകരമായി മാറുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1988-01-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.