സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-01-24-ൽ പ്രസിദ്ധീകരിച്ചതു്)

images/OmarKhayyam2.jpg
ഒമാർ ഖയ്യാം

ഞാൻ കവിയുടെ രോഗം അന്വേഷിച്ചു പോകുകയായിരുന്നു. ആശുപത്രിയുടെ മൂന്നാമത്തെ നിലയിലേക്കു കയറണമല്ലോ എന്നു വിചാരിച്ചു് റോഡിൽ നിന്നുകൊണ്ടു് മുകളിലേക്കു നോക്കിയപ്പോൾ ആകാശം കണ്ടുപോയി. പെട്ടെന്നു് എനിക്കോർമ്മവന്നതു് ഒമാർ ഖയ്യാമി ന്റെ ചില വരികളാണു്: “അവർ ആകാശമെന്നു വിളിക്കുന്ന ആ കമിഴ്ത്തി വച്ച കിണ്ണമുണ്ടല്ലോ അതിനിടയിലല്ലേ നമ്മൾ ഇഴഞ്ഞു ജീവിക്കുന്നതും മരിക്കുന്നതും. സഹായത്തിനുവേണ്ടി അതിന്റെ നേർക്കു കൈയുർത്തരുതേ. അതും നിങ്ങളെപ്പോലെയോ എന്നെപ്പോലെയോ അശക്തമായി ചലനം കൊള്ളുകയാണു്”. ഞാൻ കോണിപ്പടികൾ കയറി കിതച്ചുകൊണ്ടു കവിയുടെ മുൻപിലെത്തി. അന്തരീക്ഷത്തിനു താഴെ അദ്ദേഹം ഇഴഞ്ഞു ജീവിക്കുന്നതു കണ്ടു. എന്റെ സാന്നിദ്ധ്യം അറിഞ്ഞയുടനെ അദ്ദേഹം എന്നോടു പറഞ്ഞു: “ഞാനും എന്റെ സഹധർമ്മിണിയും തമ്മിൽ ഒരു തർക്കം. ആകാശത്തിനു നീലനിറം വന്നതെങ്ങനെയെന്ന കാര്യത്തിലാണു് അഭിപ്രായവ്യത്യാസം. ഞാൻ സരോജത്തോടു പറഞ്ഞു: “നീലനിറമാർന്ന ഭൂമിയും നീലനിറമാർന്ന നിശീഥിനിയും ഉരുകിയൊലിച്ചു് ആ ഭാജനത്തിൽ വീണതുകൊണ്ടാണു് അതിനു് നീലനിറം വന്നതു്. സരോജം സമ്മതിക്കില്ല”. കവിവചനം കേട്ടപ്പോൾ സംസ്കൃത നാടകത്തിലെ ആത്മഗതംപോലെ എനിക്കൊരു ആത്മഗതം. ‘ഈ മനുഷ്യനു കിറുക്കാണു്.’ അദ്ദേഹം തുടർന്നു സംസാരിക്കാൻ ഭാര്യ സമ്മതിച്ചില്ല. അവർ ആവേശത്തോടെ ആശയാവിഷ്കാരം നടത്തി.“മാഷേ എന്തു നോൺസെൻസാണു് ഈ മനുഷ്യൻ പറയുന്നതു്. ഭൂമിയുടേയും രാത്രിയുടേയും നീലനിറം ഉരുകി ആകാശക്കിണ്ണത്തിൽ വീണുപോലും! സത്യം ഞാൻ മാഷെ അറിയിക്കാൻ പോകുന്നതാണു്. ഗഹനമായ എന്തിനും നീലനിറമാണു്. കടൽ നീലനിറം. ശ്രീകൃഷ്ണൻ നീലനിറം. അതുപോലെ ആകാശവും നീലനിറമാർന്നതു്. എന്താ ശരിയല്ലേ?” അവരുടെ ചോദ്യം കേട്ടപ്പോൾ എനിക്കു വീണ്ടും സംസ്കൃതനാടകത്തിലെ സ്വഗതം. ‘ഉച്ചക്കിറുക്കാണു് ആ സ്ത്രീക്ക്! എന്റെ പ്രത്യക്ഷമൗനം കണ്ടു് അവർ ചോദിച്ചു. “മാഷ്ടെ അഭിപ്രായം കേൾക്കട്ടെ” ഞാൻ പറഞ്ഞു: “ആകാശത്തിനു് ഒരു നിറവുമില്ല. ഭൂമിയുടെ വായുമണ്ഡലത്തിലൂടെ സൂര്യരശ്മികൾ കടക്കുമ്പോൾ ഉണ്ടാകുന്ന തോന്നലാണു് ആ നീലനിറം. സൂര്യപ്രകാശത്തിനു് മഴവില്ലിന്റെ ഏഴുനിറങ്ങളാണുള്ളതു്. വായുമണ്ഡലത്തിലെ കൊച്ചുകൊച്ചുകണികകളിൽ രശ്മികൾ വന്നുതട്ടുമ്പോൾ ‘വേവ് ലങ്ത്’ കുറഞ്ഞ നീലപ്രകാശം വേഗം ചിതറുന്നു. തരംഗദൈർഘ്യം കൂടിയ ചുവന്ന പ്രകാശമോ മറ്റു പ്രകാശങ്ങളോ ചിതറുന്നില്ല. അതിനാൽ നീലപ്രകാശത്തിന്റെ ശീഘ്രഗതിയാർന്ന പ്രസരിക്കൽ നിമിത്തം ആകാശം നീലനിറമായി തോന്നുന്നു”. കവിയും ഭാര്യയും എന്നെ വിഡ്ഢിയായി കരുതിയിരിക്കും. കരുതിയാലും തെറ്റില്ല. കാരണം വൈകാരിക സത്യമാണു് യുക്തിപരമായ സത്യത്തെക്കാൾ ശ്രേഷ്ഠം. നിശീഥിനിയുടെ നീലനിറവും ഭൂമിയുടെ നീലനിറവും ഉരുകിയൊലിച്ചു് ആകാശമാകുന്ന കിണ്ണത്തിൽ വീഴുന്നു എന്നതു് കിനാവാണു്. ആ കിനാവു് വികാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതു് യുക്തിയോടു് ചേർന്ന സത്യത്തിൽനിന്നു് അതിനെക്കാൾ പ്രാധാന്യമുള്ള സത്യാത്മകതയിലേക്കു് നമ്മളെ നയിക്കുന്നു. ഒമാർ ഖയ്യാം നല്ല കവിയാണെങ്കിലും ആ വരികളെഴുതിയ സന്ദർഭത്തിൽ വിഷാദാത്മകത്വത്തിന്റെ സ്തോതാവുമാത്രം. രോഗിയായ കവിയുടെ സഹധർമ്മിണി മതഭക്ത. കവിയെ ഭ്രാന്തനായി കരുതി ശാസ്ത്രത്തിന്റെ തത്ത്വം പ്രതിപാദിച്ച ഞാൻ ക്ഷുദ്രത്വത്തിന്റെ പ്രതീകം. കിടക്കയിൽ അവശനായിക്കിടന്ന കവി മാത്രം സത്യദർശകൻ.

മുകളിലെഴുതിയ സംഭവത്തിൽ ചില അംശങ്ങളേ യാഥാർത്ഥ്യമായുള്ളു. കവിയും അദ്ദേഹത്തിന്റെ ഭാര്യയും നീലനിറത്തെക്കുറിച്ചു് തർക്കിച്ചതും അവർ സ്വകീയചിന്താഗതിക്കു യോജിച്ച വിധത്തിൽ അഭിപ്രായങ്ങൾ സ്ഫുടീകരിച്ചതും മറ്റും ശരി. പക്ഷേ, ഇവിടെ എഴുതിയ മട്ടിലല്ല അവർ സംസാരിച്ചതു്. ഒരു സാഹിത്യതത്ത്വത്തിന്റെ വിശദീകരണത്തിനുവേണ്ടി ഞാൻ അതിൽ മാറ്റം വരുത്തിയതാണു്. രോഗിയായ കവിയെ അന്വേഷിച്ചു പോയതു ഞാനല്ല. എന്റെ അഭിവന്ദ്യമിത്രമായ വേറൊരു കവിയാണു്. അദ്ദേഹത്തിന്റെ സ്ഥാനത്തു് എന്നെത്തന്നെ ഞാൻ പ്രതിഷ്ഠിച്ചിട്ടാണു് ഈ വർണ്ണനം. ഇതു വ്യക്തമാക്കിയില്ലെങ്കിൽ സാഹിത്യവാരഫലം യാഥാർത്ഥ്യത്തിന്റെ പ്രതിപാദനമാണു് നിർവഹിക്കുന്നതു് എന്ന കൂടക്കൂടെയുള്ള പ്രഖ്യാപനം അയഥാർത്ഥമായിത്തീരും.

ഭാവചാപല്യം

ആദികാവ്യത്തിന്റെയും ഇതിഹാസത്തിന്റെയും പുരാണങ്ങളുടെയും അന്തരീക്ഷത്തിൽ വിലയംകൊണ്ടു് അതിന്റെ സവിശേഷത ദർശിക്കുന്ന സുഗതകുമാരിക്കു് അവിടുത്തെ മൂല്യങ്ങൾ ആധുനിക കാലത്തിലില്ലാത്തതുകൊണ്ടു് ദുഃഖമുണ്ടാകുന്നു. സമകാലിക ജീവിതത്തിലും ആ മൂല്യങ്ങൾ ഉണ്ടായിരിക്കണമെന്നു് അവർ ആശിക്കുന്നു. ഈ ദുഃഖവും ആഗ്രഹവും ചേർന്നു സൃഷ്ടിക്കുന്ന മണ്ഡലമാണു് സുഗതകുമാരിയുടെ കവിതാ മണ്ഡലം.

ഭൂതകാലത്തെ സാക്ഷാത്കരിക്കുക എന്നതാണു് പല എഴുത്തുകാരുടേയും കൃത്യം. സംസ്കാരത്തെസ്സംബന്ധിച്ച ഐക്യം പാരമ്പര്യത്തോടുള്ള ബഹുമാനം ഇവയെ ആദരിച്ച ഭൂതകാലത്തെ തന്റെ നോവലുകളിലൂടെ സി. വി. രാമൻപിള്ള ചിത്രീകരിച്ചു. ആദ്യമെഴുതിയ വാക്കു് ആവർത്തിക്കട്ടെ; സാക്ഷാത്കരിച്ചു. ഈ കാഴ്ചപ്പാടും സാക്ഷാത്കാരവുമാണു് സി. വി. രാമൻപിള്ളയുടെ മണ്ഡലം. അതിന്റെ പരിധിലംഘിച്ചു് അദ്ദേഹത്തിനു പോകാൻ വയ്യ. പോയാൽ പരാജയപ്പെടുമെന്നതിനു തെളിവാണു് “പ്രേമാമൃത”മെന്ന നോവൽ. ‘ധർമ്മരാജാ’യുടെ, ‘രാമരാജാബഹദൂറി’ന്റെ സൗന്ദര്യം അതിനില്ല. ഇല്ലെന്നു മാത്രമല്ല കലാപരമായി നോക്കുമ്പോൾ അതു് തികഞ്ഞ പരാജയവുമാണു്.

“സങ്കല്പവായുവിമാനത്തിലേറി” ജനകന്റേയും ശിവന്റേയും ക്രിസ്തുവിന്റേയും മുൻപിൽ ചെല്ലുമ്പോൾ വള്ളത്തോൾക്കവിത വിജയം പ്രാപിക്കുന്നു. സ്റ്റാലിന്റെ മുൻപിൽ ചെല്ലുമ്പോൾ അതിനു പരാജയവും. ഉത്കൃഷ്ടതയേറിയ ജ്ഞാനവിജ്ഞാനങ്ങളാണു് ‘മഗ്ദലനമറിയ’ത്തെക്കുറിച്ചു പാടുന്ന വള്ളത്തോൾ നമുക്കു നല്കുക. അവ സത്യത്തിന്റെ മുഖങ്ങളുമാണു്. എന്നാൽ സ്റ്റാലിനെ ദർശിക്കുമ്പോൾ അതു് അസത്യത്തിന്റെ മുഖമായി മാറുന്നു. ഓരോ എഴുത്തുകാരനും അയാളുടേതായ മണ്ഡലമുണ്ടു്. അതു ലംഘിക്കുമ്പോൾ അയാൾ എഴുത്തുകാരനല്ലാതെയായിത്തീരുന്നു.

ആദികാവ്യത്തിന്റെയും ഇതിഹാസത്തിന്റെയും പുരാണങ്ങളുടെയും അന്തരീക്ഷത്തിൽ വിലയംകൊണ്ടു് അതിന്റെ സവിശേഷത ദർശിക്കുന്ന സുഗതകുമാരിക്കു് അവിടുത്തെ മൂല്യങ്ങൾ ആധുനിക കാലത്തിലില്ലാത്തതുകൊണ്ടു് ദുഃഖമുണ്ടാകുന്നു. സമകാലിക ജീവിതത്തിലും ആ മൂല്യങ്ങൾ ഉണ്ടായിരിക്കണമെന്നു് അവർ ആശിക്കുന്നു. ഈ ദുഃഖവും ആഗ്രഹവും ചേർന്നു സൃഷ്ടിക്കുന്ന മണ്ഡലമാണു് സുഗതകുമാരിയുടെ കവിതാ മണ്ഡലം. അതിനെക്കുറിച്ചു് പാടുമ്പോൾ അവരുടെ കവിതയ്ക്കു ശക്തിയുണ്ടു്, സൗന്ദര്യമുണ്ടു്. അട്ടപ്പാടിയും മരംമുറിക്കലും മറ്റും അവരുടെ ആത്മാവിന്റെ ഭാഗങ്ങളല്ല. ഭൂതകാലത്തോടുബന്ധപ്പെട്ട ആശയങ്ങൾക്കു സാർവലൗകിക സ്വഭാവമുണ്ടു്. വൃക്ഷനാശനം, വരൾച്ച ഈ ആശയങ്ങൾക്ക് ആഗന്തുകസ്വഭാവമേയുള്ളു. ആത്മാവിന്റെ ഭാഗമായ സാർവലൗകികാശയങ്ങൾ വർണ്ണിക്കുമ്പോൾ അവർക്കു കലയെസ്സംബന്ധിച്ച വിജയം കൈവരുന്നു. ആഗന്തുകാശയങ്ങൾ പ്രതിപാദിക്കുമ്പോൾ പരാജയവും. വേറൊരു തരത്തിൽ പറയാം. സുഗതകുമാരിയുടെ സമൂഹപരിഷ്കരണ വാഞ്ഛയ്ക്കു ആർജ്ജവമില്ല. ഇക്കാരണത്താലാണു് അവരുടെ “തുലാവർഷപ്പച്ച” എന്ന കാവ്യം മുണ്ടശ്ശേരി പറയുമ്പോലെ ‘അമ്പേ പരാജയ’മായതു്. ഒരു ഭാഗം:

മഴപെയ്തു പോലാദ്യം

പനിനീർ തളിച്ചപോൽ!

മഴപെയ്തുപോൽ വാരി

മുല്ലപ്പൂ വിതറുമ്പോൽ!

മഴപെയ്തുപോൽ പിന്നെ-

ച്ചിരിയായ് കരച്ചിലായ്!…

മഴ പെയ്തുപോൽ വിണ്ണിൻ

കരുണാപ്രവാഹമായ്!…

വരളും മലനിര-

യമ്പരന്നിതേ! പിന്നെ-

യിരു കൈകളും നീട്ടി-

ത്തേങ്ങലായുണർന്നിതേ

“വരിക വരികയെന്നോമനേ!… ”

മഴപെയ്തുപോലപ്പോൾ

പ്രേമമായ് സൗന്ദര്യമാ-

യൊഴുകി നിറഞ്ഞുപോൽ

യൗവ്വനാഹ്ലാദംപോലെ!…

നിന്നുപെയ്തു പോലെഴു

നാളുകൾ! സുഖാർദ്രമാ-

മുമ്മയായ് സല്ലാപമാ-

യവളെപ്പുണർന്നു പോൽ!…

വിഷയത്തിന്റെ നിശിതാഗ്രസ്വഭാവമാണു് അനുവാചകനെ ആകർഷിക്കുന്നതു്. ഒരു പുതിയ ‘അവബോധം’ അതു് ഉളവാക്കണം. ഇവ രണ്ടിനും അസമർത്ഥമാണു് സുഗതകുമാരിയുടെ ഈ കാവ്യം. സ്യൂഡോപൊയറ്റിക്കായ കുറെ വാക്കുകൾ എടുത്തു നിരത്തുന്നതേയുള്ളു ശ്രീമതി. ഇതിൽ ഭാവമില്ല, ഭാവചാപല്യമേയുള്ളു. (യൗവ്വനം എന്നെഴുതുന്നതു തെറ്റാണു്. യൗവനമാണു ശരി. ‘യുവാവി’ലോ യുവതി’യിലോ ഇല്ലാത്ത വകാരത്തിന്റെ ഇരട്ടിപ്പു് യൗവനത്തിൽ വന്നു കയറുന്നതെങ്ങനെ?)

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ എന്തൊരു പഴഞ്ചനാണു്! എത്രയെത്ര പുതിയ വാക്കുകൾ ഭാഷയിലുണ്ടാകുന്നു! അവയെ അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾ പുറന്തള്ളപ്പെടുകയില്ലേ?

ഉത്തരം: ശരി, പുതിയ വാക്കുകൾ ഉണ്ടാകുന്നു. ‘ഉടനീളം’ മലയാളത്തിലെ പുതിയ വാക്കാണു്. ‘കാവ്യത്തിലുടനീളം’ എന്നും മറ്റും പ്രയോഗം. ഉടൽ നീളമാണു് ഉടനീളമാകുന്നതു്. കാവ്യഗാത്രം എന്നു ഞാനുമെഴുതാറുണ്ടു്. എങ്കിലും അതിനു് ‘ഉടൽനീളം’ കല്പിക്കാതിരിക്കുന്നതാണു് ഭംഗി. Chillഉം thrillerഉം Chiller എന്നൊരു പുതിയ വാക്കു് ഇംഗ്ലീഷിലുണ്ടായിട്ടുണ്ടു്. marathoner മറ്റൊരു പുതിയ വാക്കാണു്. മാരതോൺ ഓട്ടത്തിൽ പങ്കെടുക്കുന്നവൻ മാരത്തോണർ. ഇത്തരം വാക്കുകൾ തൽകാലത്തേക്കേ പ്രചരിക്കു. ഭാഷയുടെ ജീനിയസ്സ് അവയെ പുറന്തള്ളും ഒടുവിൽ.

ചോദ്യം: നിങ്ങൾ ശകുനത്തിൽ വിശ്വസിക്കുന്നുണ്ടോ?

ഉത്തരം: ഉണ്ടു്. പ്രകൃതി നല്കുന്ന മുന്നറിയിപ്പാണു് ശകുനം. എല്ലാക്കാര്യങ്ങൾക്കും പ്രകൃതി മുന്നറിയിപ്പുകൾ നല്കും. ക്രൂരതയോടെ പെരുമാറുന്നവനെ മരണത്തിന്റെ വക്കോളമെത്തിച്ചിട്ടു് പ്രകൃതി രക്ഷിക്കും. ക്രൂരത ഒഴിവാക്കൂ എന്ന മുന്നറിയിപ്പാണു് അതിൽ നിന്നു ലഭിക്കുക. അതിനാൽ ശകുനം പിഴച്ചു കണ്ടാൽ പ്രവൃത്തി നടത്താതിരിക്കുകയാണു് വേണ്ടതു്.

ചോദ്യം: സാഹിത്യവാരഫലത്തിൽ സാഹിത്യബാഹ്യങ്ങളായ ഇത്തരം കാര്യങ്ങൾക്കു് എന്തു സ്ഥാനം?

ഉത്തരം: സാഹിത്യവാരഫലം ജീവിതവിമർശനം കൂടിയാണു്. സാഹിത്യം ജീവിതമായതുകൊണ്ടു് ഏതു ജീവിതഭാഗവും വിമർശനത്തിനു വിധേയമാകും.

ചോദ്യം: തിരുവനന്തപുരത്തെ റോഡുകൾ?

ഉത്തരം: സർക്കാരിനു് കരിങ്കൽച്ചില്ലികൾ കൊണ്ടിട്ടു് ആപത്തുണ്ടാക്കാനുള്ള സ്ഥലം. ചില ധനികർക്കു വൈക്കോലുണക്കാനുള്ള സ്ഥലം. പശുക്കൾക്കു് അലഞ്ഞുതിരിയാനുള്ള സ്ഥലം.

ചോദ്യം: ഒരദ്ഭുതം!

ഉത്തരം: നീലാന്തരീക്ഷത്തിൽ ഒരു നക്ഷത്രം. അതിനുനേരെ തിരിച്ചുവച്ച കണ്ണാടിയിലും ഒരു നക്ഷത്രം. ദർപ്പണത്തിലെ ഏകാന്തതാരകത്തെ എനിക്കു തൊടാം. മറ്റേ നക്ഷത്രത്തെ സ്പർശിക്കാനാവില്ല.

പരേതന്മാരുടെ ശല്യം
images/FlorenceNightingale.jpg
ഫ്ളോറൻസ് നൈറ്റിംഗെയ്ൽ

പ്രകൃതി ചിലർക്കു ധിഷണ കൊടുക്കുന്നു. അതു കിട്ടിയവർ ലോകത്തിനു പരിവർത്തനം വരുത്തും. ലെനിൻ, ബിസ്മാർക്ക്, ഗാരി ബാൾഡി, മഹാത്മാഗാന്ധി, മാർക്സ് ഇവരൊക്കെ ധിഷണാശാലികളായിരുന്നു. അവർ പരിവർത്തനം സംഭവിപ്പിച്ചു. ‘ഹൃദയ’മാണു് പ്രകൃതി വേറെ ചിലർക്കു നല്കുക. അവർ വിശാലമായ മനുഷ്യത്വമണ്ഡലത്തിൽ സഞ്ചരിച്ചു് ലോകത്തിനു് ഉപകാരം ചെയ്യുന്നു. ഫ്ളോറൻസ് നൈറ്റിംഗെയ്ലും ഫാദർ ഡാമീയനും (ദാമ്യാങ് എന്നു ഫ്രഞ്ചുച്ചാരണം) ആ വിഭാഗത്തിൽ നിലകൊള്ളുന്നു.

images/FatherDamien1878.jpg
ഫാദർ ഡാമീയൻ

മറ്റു ചിലർക്കു് പ്രകൃതി ഒരളവിൽ ധിഷണയും ഹൃദയവും നല്കിയിട്ടു് മുഖ്യമായി മിസ്റ്റിക് മാനസികനില പ്രദാനം ചെയ്യുന്നു. ശ്രീരാമകൃഷ്ണ പരമഹംസൻ, രമണമഹർഷി ഇവർ ഉദാഹരണം. ധിഷണാശാലികൾ അന്യരുടെ ദുരന്തത്തിൽ അത്രകണ്ടു സഹതപിച്ചെന്നു വരില്ല. മിസ്റ്റിക് മാനസികനിലയുള്ളവരെ ഒരു ദൗർഭാഗ്യവും ചലനം കൊള്ളിക്കില്ല. അതുകൊണ്ടാണു് ഇന്ദിരാഗാന്ധി മരിച്ചെന്നു് അറിഞ്ഞപ്പോൾ കൃഷ്ണമൂർത്തി വികാരരഹിതനായി “അവർ പോയി. ഇനി അവരെക്കുറിച്ചു് ചിന്തിക്കേണ്ടതില്ല” എന്ന മട്ടിൽ പറഞ്ഞതു് (പൂപൽ ജയക്കറു ടെ പുസ്തകം വായിച്ച ഓർമ്മയിൽ നിന്നു്)

ധിഷണശാലികളെ എങ്ങനെ തിരിച്ചറിയാം?
images/MPNarayanapillai.jpg
എം. പി. നാരായണപിള്ള

കാചത്തിലൂടെ കടക്കുന്ന രശ്മികൾ ഒരു ബിന്ദുവിൽ വന്നുകൂടുമല്ലോ. അതിനെ ഫോക്കൽ പോയിന്റ് എന്നു വിളിക്കുന്നു. ആ ബിന്ദുവിനു തിളക്കം കൂടും. ഇതുപോലെ ഏതു വിചാരത്തേയും ഏതു സംഭവത്തേയും ഒരു ഫോക്കൽ പോയിന്റിൽ കൊണ്ടുവന്നു് തിളക്കാനുള്ള കഴിവിനെയാണു് ബുദ്ധിശക്തി എന്നു പറയുന്നതു്. അപ്പോൾ മറ്റാരും കാണാത്ത സത്യം അവർ കാണും. എം. പി. നാരായണപിള്ള ഈ വിധത്തിലൊരു ധിഷണാശാലിയാണെന്നു് അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ വിളംബരം ചെയ്യുന്നു. ട്രയൽ വാരികയിൽ നാരായണപിള്ള എഴുതിയ “പരേതന്മാരുടെ ശല്യം” എന്ന ലേഖനവും ഇതിനു നിദർശകം തന്നെ.

Tread lightly, she is near

under the snow

Speak gently, She can hear

The daisies grow

എന്നൊക്കെ ഓസ്കാർ വൈൽഡ് പറയും. അതൊക്കെ കവിത മാത്രം. നിത്യജീവിതത്തിൽ വ്യക്തി മരിച്ചാൽ അതോടെ എല്ലാം അവസാനിക്കും. അല്ലെങ്കിൽ വളരെക്കാലത്തേക്കു മരിച്ചവനായിരിക്കും. വി. കെ. കൃഷ്ണമേനോൻ മരിച്ചിട്ടു് കാലമേറെയായി. ഇതുവരെയും അദ്ദേഹം മരിച്ചവൻ തന്നെയായിരുന്നു. ഇപ്പോൾ രാഷ്ട്രീയങ്ങളായ പരിഗണനകൾ അദ്ദേഹത്തെ ഉയിർത്തെഴുന്നേല്പിക്കുന്നു. അദ്ദേഹത്തിന്റെ പന്നിയങ്കരയിലുള്ള വീടു് മ്യൂസിയമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്രേ. അതിനുവേണ്ടി അവിടെ താമസിക്കുന്ന സഹോദരിയേയും അവരുടെ മകളെയും അടിച്ചിറക്കുന്നു. ഇതു് മനുഷ്യത്വമാണോ എന്നാണു് നാരായണപിള്ളയുടെ ചോദ്യം. ആ ചോദ്യം നീതിയുടെ ചോദ്യം തന്നെയാണു്. തന്റെ ധിഷണാവിലാസം പ്രകടിപ്പിക്കുന്ന മട്ടിൽ എം. പി. ആ വിഷയം പ്രതിപാദിച്ചിരിക്കുന്നു. (ലേഖന ട്രയൽ വാരികയിൽ— പരേതന്മാരുടെ ശല്യം.)

അവർ പറയുന്നു
പി. കേശവദേവ്:
(കൊല്ലത്തുവച്ചുനടന്ന സമ്മേളനത്തിൽ ഒരു ചലച്ചിത്രതാരം (പുരുഷൻ) പ്രസംഗിച്ചിട്ടുപോയപ്പോൾ ഏതാനും പേരൊഴികെയുള്ളവർ സ്ഥലം വിട്ടു. ശേഷിച്ചവരെ നോക്കി കോപത്തോടെ) ഞാൻ പപ്പുവിന്റെ തന്തയാണു്. എന്നെ നിങ്ങൾക്കു കാണണ്ട. ഞാൻ പറയുന്നതു കേൾക്കണ്ട. എന്നാൽ എന്റെ പപ്പുവിനെ മോശമായി അവതരിപ്പിച്ച ആക്ടറെ കാണുമ്പോൾ നിങ്ങൾ ആഹ്ലാദിക്കും. കൈയടിക്കും. നിങ്ങൾക്കേ സംസ്കാരമില്ല. പറഞ്ഞതു മനസ്സില്ലായില്ലേ? നിങ്ങൾക്കു് ഒട്ടും സംസ്കാരമില്ല. (ശ്രോതാക്കൾ ചിരിച്ചു).
പി. കേശവദേവ്:
(ദേവും കെ. ബാലകൃഷ്ണനും എം. എസ്. ദേവദാസും ഞാനുമൊരുമിച്ചു് ഒരു മീറ്റിംങ്ങിനു പോകുമ്പോൾ. പ്രായം കൂടിയ സ്ത്രീ പിച്ചിപ്പൂ ചൂടി വരുന്നതുകണ്ടു്) ഈ കിഴവി എത്ര നല്ല പൂക്കളെ നശിപ്പിച്ചു!
ജി. ശങ്കരക്കുറുപ്പു്:
(കവിത ചോദിച്ചിട്ടു് ജി. അയച്ചുകൊടുത്തില്ലെന്നു പത്രാധിപർ പരിഭ്രമിച്ചു. കവിയല്ലേ പെട്ടെന്നു് കവിത എഴുതിക്കൂടേയെന്നു് അദ്ദേഹം ജിയോടു ചൊദിച്ചപ്പോൾ) രോമമുണ്ടെന്നു വിചാരിച്ചു് എപ്പോഴും രോമാഞ്ചമുണ്ടായിക്കൊള്ളണമെന്നുണ്ടോ?
ജി. ശങ്കരക്കുറുപ്പു്:
(ശാകുന്തളത്തിലെ “ക്ഷാമക്ഷാമ കപോല മാനനം” എന്നു തുടങ്ങുന്ന ശ്ലോകത്തിനു് വ്യാഖ്യാനമെഴുതിയ കുട്ടിക്കൃഷ്ണമാരാർ ‘കവിളുകൾ നന്നേ ഉലഞ്ഞു’ എന്നു ക്ഷാമക്ഷാമത്തിനു് അർത്ഥം പറഞ്ഞതു് ശരിയായില്ല എന്നു് ഞാൻ ‘മലയാളനാട്ടി’ലെഴുതി. ക്ഷാമക്ഷാമത്തിനു് അതിക്ഷാമമെന്ന അർത്ഥമില്ലെന്നും ക്ഷാമപ്രായമെന്ന അർത്ഥമേ ഉള്ളുവെന്നും ഞാൻ ചൂണ്ടിക്കാണിച്ചു. (പ്രകാരേ ഗുണവചനസ്യ എന്ന സൂത്രമനുസരിച്ചു്) അതു കണ്ട ജി. ശങ്കരക്കുറുപ്പു് എന്നോടു്) “കുട്ടിക്കൃഷ്ണമാരാരെപ്പോലുള്ള ഒരു പണ്ഡിതനെ വാക്കുകൾ കൊണ്ടു് എറ്റുന്നതു് സൂക്ഷിച്ചു വേണം”.
സാഹിത്യവാരഫലക്കാരൻ:
(കേരളത്തിലെ ഹാസ്യസാഹിത്യകാരന്മാരോടു്) വായനക്കാരായ ഞങ്ങൾക്കു് വേണ്ടതു് തെറിയല്ല. ഹാസ്യമാണു്. അതു് തരൂ.
ജേണലിസം

ഇതെഴുതുന്ന ആളിനു് വടക്കൻ ദിക്കിലെ സ്ളാങ്—വർഗ്ഗഭാഷ—തീരെ മനസ്സിലാവുകയില്ല. സി. വി. രാമൻപിള്ളയുടെ ആഖ്യായികയിലെ അപകൃഷ്ടഭാഷ വടക്കൻ ദിക്കുകളിലുള്ളവർക്കു് മനസ്സിലാകാത്തതു് പോലെയാണതു്. എങ്കിലും ഞാൻ മുരളീധരൻ ചെമ്പ്ര ദേശാഭിമാനി വാരികയിലെഴുതിയ ‘വേലികൾ’ എന്ന ചെറുകഥ ക്ലേശിച്ചു മൂന്നു തവണ വായിച്ചു. മനസ്സിലാക്കിയതു് ആകെക്കൂടിയുള്ള അർത്ഥത്തിന്റെ പകുതി മാത്രം. അർത്ഥഗ്രഹണത്തിലെ ഈ അർദ്ധഗ്രഹണം എന്നെ ആകുലാവസ്ഥയിൽ എത്തിച്ചിരിക്കുന്നു. ഈ ആകുലാവസ്ഥയോടുകൂടി ഞാൻ മനസ്സിലാക്കിയതു് ഏതോ ഒരു പെണ്ണിന്റെ വിവാഹം ആരോ ചിലർ തടസ്സപ്പെടുത്തുന്നു എന്നാണു്. ഏതു സാമൂഹിക സത്യവും പ്രതിപാദിക്കാം. പക്ഷേ, അതു് അനുവാചകന്റെ ചിത്തം അപഹരിക്കണം. അതില്ലാതെ ആ സത്യം എഴുത്തുകാരന്റെ ചിത്തം മാത്രം അപഹരിച്ചാൽ ഉണ്ടാകുന്നതു് കലയല്ല. ജേണലിസമാണു്. അതുകൊണ്ടു് പറയുകയാണു് വേലികൾ സാഹിത്യസൃഷ്ടിയല്ല പത്രലേഖനം മാത്രമാണു്.

നിർവ്വചനങ്ങൾ
കണ്ണീരു്:
1.ഇന്ത്യയിലുണ്ടാക്കിയ ഷേവിങ് ബ്ലെയിഡ് മുഖത്തു പ്രവർത്തിക്കുമ്പോൾ കണ്ണുകൾ ഒഴുക്കുന്ന ഒരു ദ്രാവകം. 2. റെഡിമെയ്ഡായി ചെറുപ്പക്കാരികൾ കാമുകന്മാർക്കു് നല്കുന്നതു്.
സറീയലിസം:
മനുഷ്യനു് പ്രേതമുള്ളതുപോലെ കലയ്ക്കും പ്രേതമുണ്ടെന്നു് തെളിയിക്കുന്ന ഒരു പ്രസ്ഥാനം. ഈ പ്രേതത്തിന്റെ ജനയിതാവു് സാൽവതോർ ഡാലി യാണെന്നു് പറഞ്ഞാൽ മറ്റു ജനയിതാക്കൾ വഴക്കിനു് വരരുതു്.
മൂക്ക്:
ചില പെണ്ണുങ്ങൾ കാറോടിക്കുമ്പോൾ നീണ്ടുനീണ്ടുവരുന്ന ഒരവയവം. അവർ സ്ഥിരമായി കാറോടിച്ചാൽ വിശ്വവിഖ്യാതങ്ങളായ മൂക്കുകൾ ഉണ്ടാവും.
സാന്മാർഗ്ഗികത്വം:
അന്യപുരുഷന്മാർ വീട്ടിൽ വരുമ്പോൾ അവരെ അടിമുടി നോക്കി മനസ്സിലാക്കിയിട്ടു് ഗൃഹനായിക വാതിൽ വലിച്ചടയ്ക്കുന്നതു് സാന്മാർഗ്ഗികത്വം.
ദ്രാക്ഷാരിഷ്ടം:
ശർക്കര കലക്കിയ വെള്ളം.
ഷോക്ക്

Notice the Perfection

Of his limbs, his eyes red dening under

Shower,the shy walk across the bathroom floor,

Dropping towels, and the jerky way he

Urimates. All the fond details that make

Him male and your only man, gift him all,

gift him what makes you woman, the scent of

Long hair,the musk of sweat between the breasts,

The warm shock of menstrual blood and all your

Endless female hungers… ”

(Bruce King എഴുതിയ Modern Indian Poetry in English എന്ന പുസ്തകത്തിൽ നിന്നു്)

എന്നു് കമലാദാസ് എഴുതുമ്പോൾ വായനക്കാരനു് രസാനുഭൂതിയോ? അതോ ഷോക്കോ?

ഒരു ‘കഥാസായാഹ്ന’ത്തിൽ പങ്കെടുക്കേണ്ടതായി വന്നു എനിക്കു്. സമ്മേളനം തുടങ്ങുന്നതിനുമുൻപു് എന്റെ മുൻപിൽ കൊണ്ടുവച്ച കഥകളുടെ കൈയെഴുത്തു പ്രതികളിലേക്കു് ഞാൻ കണ്ണോടിച്ചു. ഒരു പെൺകുട്ടി എഴുതിയ കഥയിൽ ഇവിടെ അച്ചടിക്കാൻ വയ്യാത്ത പച്ചത്തെറിയുണ്ടായിരുന്നു. ആ കുട്ടി ആ ഭാഗം വിട്ടിട്ടു് ബാക്കിയുള്ളതേ വായിക്കുകയുള്ളു എന്നു ഞാൻ വിചാരിച്ചു. പക്ഷേ, ആ വിചാരം തെറ്റായിരുന്നു. പെൺകുട്ടിയുടെ പേരുവിളിച്ചപ്പോൾ അവൾ വന്നു് കഥയെടുത്തു് ഒരു സങ്കോചവും കൂടാതെ മുഴുവനും വായിച്ചു. പച്ചത്തെറിക്കു് ഊന്നൽ നല്കിയാണു് വായിച്ചതു്. ശ്രോതാക്കളായ ആൺകുട്ടികൾ ‘വൈക്കേറിയസ് പ്ളഷർ’ അനുഭവിക്കുന്നതു് ഞാൻ കണ്ടു. സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്ന എനിക്ക് ഷോക്ക് തന്നെയുണ്ടായി.

എന്താണു് ഈ ഷോക്ക്. അശ്ലീലപ്രസ്താവം കേൾക്കുമ്പോൾ കേൾക്കുന്നവന്റെ രക്തം കൂടുതൽ വേഗത്തിൽ പ്രവഹിക്കും. ആ പ്രവാഹം സുഖകരമല്ല. അസുഖദായകമാണു്. അങ്ങനെ വ്യക്തിക്കു് അസുഖമുണ്ടാക്കാൻ മറ്റൊരു വ്യക്തിക്കു് അധികാരമില്ല. അതുകൊണ്ടാണു് സർക്കാർ അശ്ലീല രചനകളുടെ കർത്താക്കന്മാർ ശിക്ഷാർഹരാണു് എന്നു വ്യവസ്ഥ ചെയ്തിരിക്കുന്നതു്. കുങ്കുമം വാരികയിൽ കൃഷ്ണൻ വരച്ച ഒരു ഹാസ്യചിത്രം കണ്ടതുകൊണ്ടാണു് ഞാനിത്രയും കുറിച്ചതു്. സുന്ദരിയായ കവിയത്രി കാമോത്സുകതയാർന്ന വരികൾ ചൊല്ലുമ്പോൾ ഒരു വിരുപൻ ‘എന്നെ ഉദ്ദേശിച്ചാണല്ലോ ആ വരികൾ’ എന്നു പറയുന്നു. അതിരുകടന്ന ശൃംഗാരമുള്ള കാവ്യം കവയിത്രി സദസ്സിന്റെ മുൻപിൽ വായിക്കുന്നതു് അത്രകണ്ടു ശരിയല്ലെന്നു് കൃഷ്ണനു് അഭിപ്രായമുണ്ടു്. ഞാനും അദ്ദേഹത്തോടു് യോജിക്കുന്നു. സാഹിത്യകാരന്മാർ രസാനുഭൂതി നല്കട്ടെ. അവർ ഷോക്ക് ഉണ്ടാക്കാതെയിരിക്കട്ടെ.

ശിഖണ്ഡി ഇംഗ്ലീഷ്

ഈ ആഴ്ചത്തെ Illustrated weekly ‘വിശേഷാൽ പ്രതി’യാണു്. അമ്പതുരാഷ്ട്രീയപ്രവർത്തകരുടെ പടം കൊടുത്തു് ഓരോ വ്യക്തിയെക്കുറിച്ചും അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി യെപ്പറ്റി എഴുതിയതിൽ നിന്നു് ഒരു ഭാഗം: “Empty hype and hyperbole have become the standard-bearers of Rajiv’s regime. And governance is a mindless, ritualistic jamboree where an elite club, out of touch with reality, runs the affairs of the state”. ഇതു് ഉൾക്കൊള്ളുന്ന ആശയം എഴുതിയ ആളിന്റേതു്. അതുകൊണ്ടു് എനിക്കു് അതിനെക്കുറിച്ചു് ഒന്നും പറയേണ്ടതില്ല. പക്ഷേ, ഒരു സംശയം. ഇതെന്തു ഭാഷയാണു്? ഇംഗ്ലീഷല്ല തീർച്ചയായും. ഇംഗ്ലീഷ് ലിപിയിൽ എഴുതിയ വേറെ ഏതോ ഭാഷയാണെന്നു് എനിക്ക് തോന്നുന്നു. പഴയ എഴുത്തുകാരിൽ ബർനാഡ് ഷാ, അൽഡ്സ് ഹക്സിലി, ബർട്രൻഡ് റസ്സൽ ഇവരുടെ ഇംഗ്ലീഷ് ശുദ്ധവും മനോഹരവുമാണു്. അവരിലാരുംതന്നെ ഈ ശിഖണ്ഡി ഇംഗ്ലീഷ് എഴുതിയിട്ടില്ല. സായ്പന്മാർ എഴുതുന്ന ഇംഗ്ലീഷ് നമുക്ക് ‘പുടികിട്ടണില്ല.’ കമലാദാസിന്റെ കവിതയിൽ gift എന്ന വാക്കു് ക്രിയയായി പ്രയോഗിച്ചതു് ശരിയായില്ലെന്നു് ബ്രൂസ് കിങ് പറയുന്നുണ്ടു്. അത്തരം Indian English usage അവരുടെ കവിതയിലുണ്ടെന്നും അദ്ദേഹം എഴുതുന്നു. ബ്രൂസ് കിങ് Illustrated Weekly-യിലെ ഇംഗ്ലീഷ് കണ്ടാൽ എന്തുപറയും?

ഹൗസർ
images/SociologyofArt.jpg

ആർനൊൾറ്റ് ഹൗസറു ടെ (Arnold Hauser) The Sociology of Art എന്ന വിശിഷ്ടമായ പുസ്തകത്തെക്കുറിച്ചു് ഞാൻ മുൻപ് ഈ പംക്തിയിൽ എഴുതിയിരുന്നു. ഹംഗറിയിൽ ജനിച്ച മഹാനായ ഈ മാർക്സിസ്റ്റ് കലാനിരൂപകൻ മാക്സ് ഡ്വർഷാക്ക് (Dvořák) ഗേയോർക്ക് സ്സിമൽ (Georg Simmel) ആങ്റീ ബർഗ്സൊങ് (Henri Bergson) ഈ മഹാന്മാരുടെ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ The Social History of Art (1951), The Philosophy of Art History (1958), Mannerism (1964), the Sociology of Art (1974) ഇവ ചിരന്തനമൂല്യമുള്ള കലാനിരൂപണങ്ങളായി കരുതപ്പെടുന്നു. The Phliosophy of Art History എന്ന ഗ്രന്ഥം ഞാൻ വായിച്ചിട്ടില്ല. ഹൗസർ 1978-ൽ ബുഡപെസ്റ്റിൽ നിര്യാതനായി. അദ്ദേഹത്തിന്റെ The Sociology Of Art എന്ന ഗ്രന്ഥം വായിച്ചിട്ടില്ലാത്തവർ കലാസംസ്കാരത്തിൽ സമ്പന്നരല്ലെന്നു നിസ്സംശയം പറയാം.

images/Socialhistoryofart.jpg

ഹൗസറുടെ The Social History of Art എന്ന ഗ്രന്ഥം നാലുവാല്യങ്ങളിലായി ന്യൂയോർക്കിലെ Vintage Books പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. (ഓരോന്നും $ 6=95) “The author’s breadth of erudition is to be marvelled at… he more than once achieves startling insights in his descriptions of various phenomena in all their complexity and inherent conflict. His brilliant study of Shakespeare and his portrait of Tolstoi, for example, belong to the best pages that I have ever read about the complex nature of the man of genius” എന്നാൺ റ്റോമാസ് മാൻ ഈ ഗ്രന്ഥത്തെക്കുറിച്ചു പറഞ്ഞതു്. ഇതൊന്നും വായിക്കാതെ മലയാളികൾ സെല്യുലോയ്ഡിലും കടലാസ്സിലും കയറിപ്പറ്റിയാലും ഉടനെ മരിക്കുന്ന ഇവിടുത്തെ ആളുകളെക്കുറിച്ചു് പ്രസംഗിക്കുന്നു, എഴുതുന്നു.

നേഴ്സുകളോടു സംസാരിച്ചിട്ടുണ്ടോ? മരുന്നിന്റെ കാര്യം അവർക്കു ഡോക്ടറന്മാരെക്കാൾ നിശ്ചയമാണു. പക്ഷേ, അവർ അതിനെക്കുറിച്ചു് ഒരക്ഷരംപോലും മിണ്ടുകയില്ല. ഡോക്ടർ പറയുന്ന മരുന്നേതോ അതു് അവർ രോഗിക്കു കൊടുക്കും. അതുപോലെ നിരൂപകരുടെ വേഷം കെട്ടുന്നവരെക്കാൾ ബഹുജനത്തിനു് മൂല്യനിർണ്ണയവൈദഗ്ദ്ധ്യമുണ്ടു്. എങ്കിലും അവർ മിണ്ടുകയില്ല. നിരൂപകർ പറയുന്നതു കേട്ടു് ഉള്ളിൽ ചിരിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-01-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.