സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-06-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Hofstadter2002B.jpg
ഡ­ഗ്ല­സ് ആർ. ഹൊ­ഫ്സ്റ്റ­റ്റർ

അ­മേ­രി­ക്ക­യി­ലെ മിഷഗൻ സർ­വ­ക­ലാ­ശാ­ല­യിൽ സൈ­ക്കോ­ള­ജി വ­കു­പ്പിൽ പ്ര­വർ­ത്തി­ക്കു­ന്ന ഡ­ഗ്ല­സ് ആർ. ഹൊ­ഫ്സ്റ്റ­റ്റ­റു ടെ (Douglas R. Hofstadter) ഗ്ര­ന്ഥ­ങ്ങ­ളെ­ല്ലാം വി­ഖ്യാ­ത­ങ്ങ­ളാ­യി­ട്ടു­ണ്ടു്. Godel. Escher, Bach: an Eternal Golden Braid എ­ന്ന­താ­ണു് ആ­ദ്യ­ത്തെ പു­സ്ത­കം. മ­നു­ഷ്യ­മ­സ്തി­ഷ്കം, മ­നു­ഷ്യ­ന്റെ ബോ­ധ­മ­ണ്ഡ­ലം ഇ­വ­യെ­ക്കു­റി­ച്ചു­ള്ള അ­ന്യാ­ദൃ­ശ­മാ­യ പ­ഠ­ന­മാ­ണ­തു്. ര­ണ്ടാ­മ­ത്തെ പു­സ്ത­ക­ത്തി­ന്റെ— The Mind’s I —കോ എ­ഡി­റ്റ­റാ­ണു് ഹൊ­ഫ്സ്റ്റ­റ്റർ. മ­നോ­ര­ഥ­സൃ­ഷ്ടി­കൾ, മ­ന­ന­ങ്ങൾ ഇ­വ­യെ­ക്കു­റി­ച്ചു പ്ര­തി­പാ­ദി­ക്കു­ന്ന ഉ­ജ്ജ്വ­ല­മാ­യ ഗ്ര­ന്ഥ­മാ­ണി­തു്. ര­ണ്ടും ഞാൻ വാ­യി­ച്ചു. പ­രി­പൂർ­ണ്ണ­മാ­യും മ­ന­സ്സി­ലാ­ക്കി­യെ­ന്ന അ­ഭി­മാ­ന­മി­ല്ല എ­നി­ക്കു്. അ­ദ്ദേ­ഹ­ത്തി­ന്റെ മൂ­ന്നാ­മ­ത്തെ പു­സ്ത­കം Metamagical Themas —പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു് അധികം കാ­ല­മാ­യി­ല്ല. അ­വി­ശ്വ­സ­നീ­യ­മാ­യ വി­ധ­ത്തിൽ ഇതു് സ­ങ്കീർ­ണ്ണ­വും മ­ഹ­നീ­യ­വു­മാ­ണു്. ഇതും സ­മ്പൂർ­ണ്ണ­മാ­യി ഞാൻ മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല. എ­ങ്കിൽ­ത്ത­ന്നെ എ­ന്താ­ണു്? ഈ മൂ­ന്നു പു­സ്ത­ക­ങ്ങ­ളും കൂ­ടു­തൽ ചി­ന്തി­ക്കാൻ എന്നെ പ്രേ­രി­പ്പി­ച്ചു. പ്ര­പ­ഞ്ച­ര­ഹ­സ്യ­ങ്ങ­ളി­ലേ­ക്കു് എന്നെ കൊ­ണ്ടു ചെ­ന്നു. അതിൽ കൂ­ടു­ത­ലാ­യി ഒ­ന്നും വേ­ണ്ട­ല്ലോ. മി­ന്നൽ­പ്പി­ണ­രി­ന്റെ തി­ള­ക്ക­ത്തിൽ ആ­ഹ്ലാ­ദി­ക്കാൻ എന്റെ മ­ന­സ്സി­ന­റി­യാം; അ­തി­ന്റെ ഉ­ദ്ഭ­വം, സ­ഞ്ചാ­ര­പ­ഥം, ഗ­തി­വേ­ഗം ഇ­വ­യെ­പ്പ­റ്റി എ­നി­ക്കൊ­ന്നു­മ­റി­ഞ്ഞു­കൂ­ടെ­ങ്കി­ലും.

images/Ionesco.jpg
യെ­ന­സ്കോ

റു­മേ­നി­യ­യിൽ ജ­നി­ച്ച ഫ്ര­ഞ്ച് നാ­ട­ക­കർ­ത്താ­വു് യെ­ന­സ്കോ (Ionesco) “ല­ണ്ട­ന്റെ ഫ്ര­ഞ്ച് (പേരു്) പാ­രീ­സ്” എ­ന്നാ­ണെ­ന്നു് ഒ­രി­ക്കൽ പ­റ­ഞ്ഞ­താ­യി ഹൊ­ഫ്സ്റ്റ­റ്റർ തന്റെ മൂ­ന്നാ­മ­ത്തെ പു­സ്ത­ക­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ത­ങ്ങൾ­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന ഒ­ര­വ­സ്ഥ­യി­ലേ­ക്കു് ഈ പ്ര­സ്താ­വ­ത്തെ ഫ്ര­ഞ്ച് ജനത മാ­റ്റി­യെ­ടു­ക്കു­ന്നു­വെ­ന്നാ­ണു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തു്. ഉ­ദാ­ഹ­ര­ണം ഇതു വ്യ­ക്ത­മാ­ക്കും. മേരി, ആ­നി­യോ­ടു് “എന്റെ ചേ­ട്ടൻ മ­രി­ച്ചു” എന്നു പ­റ­ഞ്ഞു­വെ­ന്നു് വി­ചാ­രി­ക്കൂ. ആ­നി­ക്കു് മേ­രി­യു­ടെ ചേ­ട്ട­നെ അ­റി­ഞ്ഞു­കൂ­ടെ­ങ്കിൽ അ­വ­ളെ­ങ്ങ­നെ­യാ­ണു് ആ പ്ര­സ്താ­വം മ­ന­സ്സി­ലാ­ക്കു­ക? അ­പ്പോൾ അ­ധ്യാ­രോ­പ­മേ സ­ഹാ­യ­ത്തി­നെ­ത്തൂ. തന്റെ ചേ­ട്ടൻ മ­രി­ക്കു­ന്ന­താ­യി ആനി സ­ങ്കൽ­പ്പി­ക്കും. അ­വൾ­ക്കു ചേ­ട്ട­നി­ല്ലെ­ങ്കിൽ ചേ­ച്ചി­യോ കൂ­ട്ടു­കാ­രി­യോ അ­ല്ലെ­ങ്കിൽ പ്രി­യ­പ്പെ­ട്ട വ­ളർ­ത്തു­മൃ­ഗ­മോ മ­രി­ക്കു­ന്ന­താ­യി വി­ചാ­രി­ക്കും. ആ­നി­ക്കു കാ­ര്യം മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന ഒ­ര­വ­സ്ഥ­യാ­ണു്—അ­വ­സ്ഥാ­വി­ശേ­ഷ­മാ­ണു്—സ്വ­ന്തം ചേ­ട്ട­നോ ചേ­ച്ചി­യോ കൂ­ട്ടു­കാ­രി­യോ മ­രി­ക്കു­ന്നു­വെ­ന്ന വി­ചാ­രം. ഇ­തി­ന്റെ ഫ­ല­മാ­യി ആ­നി­ക്കു് മേ­രി­യോ­ടു സ­ഹ­ത­പി­ക്കാൻ ക­ഴി­യു­ന്നു.

സർ­ക്കാർ ജോലി നോ­ക്കു­ന്ന­തി­ലും നി­ത്യ­ജീ­വി­തം ന­യി­ക്കു­ന്ന­തി­ലും പെ­രു­ങ്ക­ള്ള­നാ­യ ഒ­രു­ത്തൻ ഹ­രി­ശ്ച­ന്ദ്ര­ന്റെ വേഷം കെ­ട്ടി അ­ഭി­ന­യി­ക്കു­ന്ന­തു് ഞാ­നൊ­രി­ക്കൽ കണ്ടു. ഇതു പോ­ലെ­യാ­ണു് ന­മ്മു­ടെ രചനകൾ. അ­ടി­യി­ലാ­കെ അ­സ­ത്യം. തി­ള­ക്ക­മു­ള്ള എന്തോ ഒ­ന്നു് അതിനെ പൊ­തി­ഞ്ഞി­രി­ക്കു­ന്നു. ആ തി­ള­ക്കം സ­ത്യ­മാ­ണെ­ന്നു നമ്മൾ വി­ചാ­രി­ക്കു­ന്നു.

ന­മ്മൾ­ക്കു പ­രി­ച­യ­മു­ള്ള­വ­രോ പ­രി­ച­യ­മി­ല്ലാ­ത്ത­വ­രോ മ­രി­ച്ചു­വെ­ന്നു കേൾ­ക്കു­മ്പോൾ നമ്മൾ ദുഃ­ഖി­ക്കു­ന്ന­തി­ന്റെ ര­ഹ­സ്യം ഇതു ത­ന്നെ­യാ­ണു്. സ്കൂ­ട്ട­റും ബ­സ്സും കൂ­ട്ടി­യി­ടി­ച്ചു് ഭർ­ത്താ­വും ഭാ­ര്യ­യും കൂ­ഞ്ഞും മ­രി­ച്ചു­വെ­ന്നു നാം പ­ത്ര­ത്തിൽ വാ­യി­ക്കു­ന്നു. പെ­ട്ടെ­ന്നു് ദുഃ­ഖ­ത്തിൽ വീ­ഴു­ന്നു. നമ്മൾ അവരെ ക­ണ്ടി­ട്ടി­ല്ല. എ­ങ്കി­ലും സ­ങ്ക­ട­പ്പെ­ടു­ന്നു. ഹേതു ഹോ­ഫ്സ്റ്റ­റ്റർ പ­റ­യു­ന്ന­തു ത­ന്നെ­യാ­ണു്. നമ്മെ മാ­ത്രം സം­ബ­ന്ധി­ക്കു­ന്ന അ­വ­സ്ഥാ­വി­ശേ­ഷ­ത്തി­ലേ­ക്കു് നമ്മൾ ആ സം­ഭ­വ­ത്തെ അ­വ­ത­രി­പ്പി­ക്കു­ന്നു. അ­പ്പോ­ഴാ­ണു് ദുഃ­ഖ­ത്തി­ന്റെ ആ­വിർ­ഭാ­വം. ഒ­രു­ത്ത­ന്റെ കു­ഞ്ഞു മ­രി­ച്ചു­വെ­ന്നു കേ­ട്ട­യു­ട­നെ നമ്മൾ ‘അയ്യോ’ എന്നു വി­ളി­ക്കു­ന്ന­തു് ന­മ്മു­ടെ കു­ഞ്ഞി­ലേ­ക്കു മ­രി­ച്ച കു­ഞ്ഞി­നെ കൊ­ണ്ടു വ­രു­ന്ന­തു­കൊ­ണ്ടാ­ണെ­ന്ന അർ­ത്ഥ­ത്തിൽ ടോൾ­സ്റ്റോ­യി യും എ­ഴു­തി­യി­ട്ടു­ണ്ടു് (War and Peace-ൽ ആ­ണെ­ന്നാ­ണു് എന്റെ ഓർമ്മ).

ഞാൻ ജോലി നോ­ക്കി­യി­രു­ന്ന ഒരു കോ­ളേ­ജിൽ ഒരു കാ­ല­ത്തു് ക്ലാർ­ക്കാ­യി­രു­ന്ന ഒരു സ്ത്രീ­യു­ടെ ഭർ­ത്താ­വു് ദു­ബാ­യിൽ വ­ച്ചു് മ­രി­ച്ച­താ­യി ഞ­ങ്ങ­ളൊ­ക്കെ അ­റി­ഞ്ഞു. ഉടനെ ചെ­റു­പ്പ­ക്കാ­രി­യാ­യ വേ­റൊ­രു ക്ലാർ­ക്ക് കോ­ളേ­ജാ­കെ കേൾ­ക്കു­ന്ന മ­ട്ടിൽ നി­ല­വി­ളി തു­ട­ങ്ങി. അവൾ മ­രി­ച്ച­യാ­ളി­നെ ക­ണ്ടി­ട്ടേ­യി­ല്ല. അ­യാ­ളു­ടെ ഭാര്യ പ­ണ്ടു് അവിടെ ജോ­ലി­യി­ലാ­യി­രു­ന്നു. അ­ത്രേ­യു­ള്ളൂ. അ­വ­രെ­യും അവൾ ക­ണ്ടി­ട്ടി­ല്ല. പി­ന്നെ­ന്തി­നു് ഈ ദുഃഖം? ഉ­ത്ത­രം വേ­ഗ­ത്തിൽ ക­ണ്ടെ­ത്താൻ ഞ­ങ്ങൾ­ക്കു ക­ഴി­ഞ്ഞു. യു­വ­തി­യു­ടെ ഭർ­ത്താ­വു് ഗൾഫ് രാ­ജ്യ­ത്തെ­വി­ടെ­യോ ആണു്. മ­രി­ച്ച­തു് തന്റെ ഭർ­ത്താ­വാ­ണെ­ങ്കി­ലോ? ഈ വി­ചാ­ര­മാ­യി­രു­ന്നു ചെ­റു­പ്പ­ക്കാ­രി­യു­ടെ നി­ല­വി­ളി­ക്കു ഹേതു.

സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തി­ലും ഇതു് (translation into our own frame of reference) ന­ട­ക്കു­ന്നി­ല്ലേ എ­ന്നാ­ണു് ആ­ലോ­ചി­ക്കേ­ണ്ട­തു്. ഭർ­ത്താ­വു് മ­രി­ച്ച­താ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഒരു നോവൽ ഒരു വിധവ വാ­യി­ച്ചാൽ അവൾ പൊ­ട്ടി­ക്ക­ര­യും. നോവൽ പ­ത്താം തരം കൃ­തി­യാ­ണെ­ങ്കി­ലും വി­ലാ­പ­മു­ണ്ടാ­കും. വൈ­ലോ­പ്പി­ള്ളി യുടെ “മാ­മ്പ­ഴം ” എന്ന കാ­വ്യം വാ­യി­ച്ചു് ക­ണ്ണീ­രൊ­ഴു­ക്കു­ന്ന­വർ ഹർ­ഷ­ബാ­ഷ്പം പൊ­ഴി­ക്കു­ക­യാ­ണോ? അതോ അ­നു­ജ­നോ അ­നു­ജ­ത്തി­യോ ന­ഷ്ട­പ്പെ­ട്ട സ്വ­ന്തം അ­വ­സ്ഥാ­വി­ശേ­ഷ­ത്തി­ലേ­ക്കു് കാ­വ്യ­ത്തി­ന്റെ ഉ­ള്ള­ട­ക്ക­ത്തെ സം­ക്ര­മി­പ്പി­ക്കു­ക­യാ­ണോ?

വീണതൻ കുടം പോലാം നി­തം­ബം

വീ­ണു­രു­മ്മു­ന്ന വേ­ണീ­ക­ദം­ബം

എന്നു വാ­യി­ച്ചു് ‘ഹാഹാ’ എന്നു പ­റ­യു­ന്ന­വർ കവിത ആ­സ്വ­ദി­ക്കു­ക­യാ­ണോ അതോ നി­ത്യ­ജീ­വി­ത­ത്തിൽ കണ്ട ഒരു കാ­ഴ്ച­യി­ലേ­ക്കു്—ഒ­ര­വ­സ്ഥ­യി­ലേ­ക്കു്—ആ വരികൾ കൊ­ണ്ടു­ചെ­ല്ലു­ക­യാ­ണോ? ക­ലാ­സ്വാ­ദ­ന­ത്തി­ന്റെ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു് നമ്മൾ ഇ­നി­യും പലതും മ­ന­സ്സി­ലാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ഹൊ­ഫ്സ്റ്റ­റ്റ­റു­ടെ പു­സ്ത­ക­ത്തിൽ അ­ങ്ങി­ങ്ങാ­യി കൊ­ച്ചു­ക­ഥ­ക­ളു­ണ്ടു്. ഒ­ന്നി­താ: “കൃ­ഷി­ക്കാ­ര­നും അ­യാ­ളു­ടെ മകനും” എ­ന്നാ­ണു് ക­ഥ­യു­ടെ പേരു്. അ­ച്ഛ­നും മ­ക­നും­കൂ­ടി ന­ട­ന്നു­പോ­കു­മ്പോൾ മകൻ വ­ലി­യൊ­രു കള്ളം പ­റ­ഞ്ഞു. അ­പ്പോൾ അച്ഛൻ, മകനെ താ­ക്കീ­തു ചെ­യ്തു. ‘ക­ള്ള­ന്മാ­രു­ടെ പാല’മു­ണ്ടു്. അ­തി­നോ­ട­ടു­ക്കു­ക­യാ­ണു് അവർ. കള്ളം പ­റ­ഞ്ഞ­വർ അതിൽ ക­യ­റി­യാ­ലു­ടൻ അതു ത­കർ­ന്നു­വീ­ഴും. ഇതു കേ­ട്ട­യു­ട­നെ മകൻ ഞാൻ പ­റ­ഞ്ഞ­തു ക­ള്ള­മാ­ണെ­ന്നു സ­മ്മ­തി­ച്ചു് സത്യം വി­ശ­ദ­മാ­ക്കി.

പ്ര­ശ­സ്ത­നാ­യ ഒരു ഡച്ച് ഗ­ണി­ത­ശാ­സ്ത്ര­ജ്ഞൻ ഇക്കഥ പ­ത്തു­വ­യ­സ്സു­ള്ള ഒരു കു­ട്ടി­യോ­ടു പ­റ­ഞ്ഞ­പ്പോൾ അവൻ ചോ­ദി­ച്ചു. പാ­ല­ത്തി­ലെ­ത്തി­യ അ­വർ­ക്കു് എന്തു സം­ഭ­വി­ച്ചു­വെ­ന്നു്. ഗ­ണി­ത­ശാ­സ്ത്ര­ജ്ഞൻ മ­റു­പ­ടി നല്കി: അച്ഛൻ പാ­ല­ത്തിൽ ക­യ­റി­യ­യു­ട­നെ അ­യാ­ളെ­യും­കൊ­ണ്ടു പാലം ത­കർ­ന്നു. കാരണം അയാൾ കള്ളം പ­റ­യു­ക­യാ­യി­രു­ന്നു. ‘കള്ളം പ­റ­യു­ന്ന­വ­രു­ടെ പാലം’ എ­ന്നൊ­രു പാലം ഇ­ല്ലാ­യി­രു­ന്നു.

മ­ര­ണ­ത്തെ മ­ധു­രീ­ക­രി­ക്കു­ന്നു
images/KonstantinosKavafis.jpg
കാ­വാ­ഫി

ഈ­ജി­പ്റ്റി­ലെ ഗ്രീ­ക്ക് മ­ഹാ­ക­വി കാ­വാ­ഫി യെ­പ്പോ­ലെ വേ­റൊ­രു കവിയെ കാണാൻ പ്ര­യാ­സം. ഒ­ര­ല­ങ്കാ­ര­വും പ്ര­യോ­ഗി­ക്കാ­തെ താ­നാ­വി­ഷ്ക­രി­ക്കു­ന്ന ഭാ­വ­ത്തെ പ­ര­കോ­ടി­യി­ലെ­ത്തി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞ­തു­പോ­ലെ വേ­റൊ­രു ക­വി­ക്കും ക­ഴി­ഞ്ഞി­ട്ടി­ല്ല. മ­ര­ണ­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­മെ­ഴു­തി­യ കാ­വ്യ­ങ്ങൾ മ­ര­ണ­ത്തെ­ക്കാൾ സു­ശ­ക്ത­ങ്ങ­ളാ­ണു്. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­ത്തെ­ക്കു­റി­ച്ചു് എ­ഴു­തു­മ്പോ­ഴും അ­തി­ശ­ക്ത­ങ്ങ­ളാ­യ കാ­വ്യ­ങ്ങ­ളാ­ണു് വാർ­ന്നു­വീ­ഴു­ന്ന­തു്.

One monotonous day follows another

identically monotonous. The same things

will happen to us again and again

the same moments come & go

A month passes by, brings another month

Easy to guess what lies ahead:

all of yesterday’s boredom.

And tomorrow ends up no longer like tomorrow.

(C. P. Cavafy, Collected Poems. Translated by Edmund Keeley and Philip Sherrard, Princeton University Press, $31.50, P. 45.)

മ­ര­ണ­ത്തെ എത്ര ക­ലാ­ത്മ­ക­മാ­യി­ട്ടാ­ണു് അ­ദ്ദേ­ഹം ധ്വ­നി­പ്പി­ക്കു­ന്ന­തെ­ന്നു നോ­ക്കു­ക. കാ­വാ­ഫി­യു­ടെ അ­തി­സു­ന്ദ­ര­മാ­യ മ­റ്റൊ­രു കാ­വ്യ­മാ­ണു് Lovely White Flowers എ­ന്ന­തു്. സ­മ്പൂർ­ണ്ണ­മാ­യും അതു് എ­ടു­ത്തെ­ഴു­താ­നോ ഗ­ദ്യ­പ­രി­ഭാ­ഷ ന­ല്കാ­നോ സ്ഥ­ല­മി­ല്ല. സം­ഗ്ര­ഹം ന­ല്ക­ട്ടെ.

images/PhilipLarkin.jpg
ഫി­ലി­പ്പ് ലാർ­ക്കിൻ

“അവർ ഒ­രു­മി­ച്ചി­രി­ക്കാ­റു­ള്ള ഭ­ക്ഷ­ണ­ശാ­ല­യ്ക്ക­ക­ത്തേ­ക്കു് അയാൾ ചെ­ന്നു. ഇ­വി­ടെ­വ­ച്ചാ­ണു് സ്നേ­ഹി­തൻ അ­യാ­ളോ­ടു പ­റ­ഞ്ഞ­തു്: ‘ന­മ്മ­ളാ­കെ പ­ണ­മി­ല്ലാ­തെ ത­കർ­ന്നു­ക­ഴി­ഞ്ഞു … എ­നി­ക്കി­നി നി­ങ്ങ­ളോ­ടൊ­രു­മി­ച്ചു ക­ഴി­യാൻ വയ്യ … വേറെ ഒരാൾ എന്റെ പി­റ­കേ­യു­ണ്ടു്”. ഈ വേറേ ഒരാൾ സ്നേ­ഹി­ത­നു് രണ്ടു സ്യൂ­ട്ടും കു­റ­ച്ചു പ­ട്ടു­കൈ­ലേ­സും കൊ­ടു­ക്കാ­മെ­ന്നു പ്ര­തി­ജ്ഞ ചെ­യ്തി­രു­ന്നു … സ്നേ­ഹി­തൻ ഇ­രു­പ­തു പവൻ ക­ഷ്ട­പ്പെ­ട്ടു നേടി. അ­പ്പോൾ ആ വേറെ ഒരാൾ ആ ഇ­രു­പ­തു പ­വ­നു­വേ­ണ്ടി വന്നു. ആ ‘വേറെ ഒരാൾ’ കള്ളൻ. അയാൾ ഒരു സ്യൂ­ട്ടേ കൊ­ടു­ത്തു­ള്ളു. അതും യാ­ചി­ച്ച­തി­നു­ശേ­ഷം.

പക്ഷേ, സ്നേ­ഹി­ത­നു സ്യൂ­ട്ട് ഇനി വേണ്ട. പ­ട്ടു­കൈ­ലേ­സും വേണ്ട. ഇ­രു­പ­തു പവനും വേണ്ട. ഞാ­യ­റാ­ഴ്ച കാ­ല­ത്തു് പ­ത്തു­മ­ണി­ക്കു് അവർ അയാളെ സം­സ്ക­രി­ച്ചു. ഏ­താ­ണ്ടു് ഒ­രാ­ഴ്ച­യ്ക്കു­മുൻ­പു് ഞാ­യ­റാ­ഴ്ച അവർ അയാളെ സം­സ്ക­രി­ച്ചു”. ഇനി ക­വി­വാ­ക്യം:

He laid flowers on his cheap coffin

lovely white flowers, very much in keeping

with his beauty, his twenty two years.

when he went to the cafe that evening

he happened to have some vital

business there-​

to that same cafe where they used to go together

it was a knife in his heart

that dead cafe where they used to go together

(P. 313)

വി­കാ­ര­ത്തി­ന്റെ ഉ­ത്ക­ടാ­വ­സ്ഥ അ­നു­വാ­ച­ക­നു് അ­നു­ഭ­വ­പ്പെ­ടു­ന്ന­തു് ആ­വി­ഷ്കാ­ര­ത്തിൽ ന്യൂ­നോ­ക്തി വ­രു­മ്പോ­ഴാ­ണു്. ആ ക­ലാ­സ­ത്യം കാ­വാ­ഫീ ഗ്ര­ഹി­ച്ചി­രി­ക്കു­ന്നു.

ഇം­ഗ്ലീ­ഷ് കവി ഫി­ലി­പ്പ് ലാർ­ക്കി­നി ൽ കാ­വാ­ഫീ­യു­ടെ സ്വാ­ധീ­ന­ശ­ക്തി­യു­ണ്ടോ? അ­ദ്ദേ­ഹം മ­ര­ണ­ത്തെ­ക്കു­റി­ച്ചെ­ഴു­തു­മ്പോ­ഴും കാ­വാ­ഫീ­യെ­പ്പോ­ലെ റീ­യ­ലി­സ­ത്തി­ലും ന്യൂ­നോ­ക്തി­യി­ലും അ­ഭി­ര­മി­ക്കു­ന്നു.

On pillow after pillow lies

The wild white hair and staring eyes

Jaws stand open; necks are stretched

With every tendon sharply stretched

A bearded mouth talks silently

To someone no one else can see

Sixty years ago they smiled

At lover, husband, first born child.

Smiles are for youth. For old age come

Death’s terror and delirium.

ഏ­താ­നും വ­രി­ക­ളിൽ മ­ര­ണ­ത്തി­ന്റെ ഭീ­ക­ര­ത­യാ­കെ കവി ഒ­തു­ക്കി­യി­രി­ക്കു­ന്ന­തു നോ­ക്കു­ക. ജ­ന്മ­നാ കവി!

കാ­വാ­ഫീ ക­ട­ക്ക­ണ്ണിൽ ശോ­ക­ച്ഛാ­യ­യോ­ടു­കൂ­ടി നി­ല്ക്കു­ന്നു. അതു കാ­ണു­മ്പോൾ ന­മു­ക്കും ശോകം. ഫി­ലി­പ്പ് ലാർ­ക്കിൻ മ­ര­ണ­ത്തി­ന്റെ ഭ­യ­ങ്ക­ര­ത്വം ന­മ്മ­ളെ കാ­ണി­ച്ചു ത­രി­ക­യാ­ണു്. അ­പ്പോൾ നമ്മൾ ഞെ­ട്ടു­ന്നു. സു­ഗ­ത­കു­മാ­രി യാ­ക­ട്ടെ, മ­ര­ണ­ത്തെ മ­ധു­രീ­ക­രി­ക്കു­ന്നു. കാ­വ്യ­ത്തി­ന്റെ തു­ട­ക്കം­തൊ­ട്ടു് ഒ­ടു­ക്കം­വ­രെ ആ പ്ര­ക്രി­യ­യു­ണ്ടു്. കേൾ­ക്കൂ:

പാ­ല­പൂ­ത്തു മ­ദി­ക്കു­ന്ന രാവിൽ

പാ­രി­ജാ­തം മ­ണ­ക്കു­ന്ന രാവിൽ

ചേർ­ത്ത­ട­ച്ചൊ­രീ വാ­തി­ല്ക്കൽ നി­ന്നെൻ

കാൽ­ച്ചി­ല­മ്പു­ക­ളൂ­രി മാ­റ്റു­ന്നേൻ.

ജീ­വി­ത­മാ­ണു് ഇതു ചെ­യ്യു­ന്ന­തു്. ഈ ജീ­വി­തം അ­ഭി­സാ­രി­ക­യാ­ണു്, ആ­രെ­യാ­ണു് അവൾ അ­ഭി­സ­രി­ക്കു­ന്ന­തു? ക­ണ്ണ­നെ­ന്ന മൃ­ത്യു­വി­നെ. ആ വി­ല­യം­കൊ­ള്ളൽ നോ­ക്കു­ക:

അ­ന്ത്യ­ബി­ന്ദു­വിൽ പു­ഞ്ചി­രി­ക്കൊ­ള്ളും

നി­ന്റെ കൈ­യ്യിൽ ത­ളർ­ന്നു­വീ­ഴു­മ്പോൾ

ച­ന്ദ­നം മ­ണ­ക്കു­ന്നൊ­രാ­മാ­റിൽ

സ­ങ്ക­ട­ങ്ങ­ളി­റ­ക്കി­വ­യ്ക്കു­മ്പോൾ

ശ്യാ­മ­സു­ന്ദ­രം, മൃ­ത്യു­വും നി­ന്റെ

നാ­മ­മാ­ണെ­ന്നു ഞാ­ന­റി­യു­ന്നേൻ.

(അ­ഭി­സാ­രി­ക, മാ­തൃ­ഭൂ­മി വാരിക)

ആ­ന്ത­ര­സ­ത്യം സ്പ­ഷ്ട­മാ­ക്കാ­നാ­യി കാ­വാ­ഫീ­യും ലാർ­ക്കി­നും യാ­ഥാ­ത­ഥ്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട വാ­ക്കു­കൾ­മാ­ത്രം പ്ര­യോ­ഗി­ച്ചു. സു­ഗ­ത­കു­മാ­രി­ക്കു് റൊ­മാ­ന്റി­ക് ഡി­ക്ഷ­നോ­ടാ­ണു് പ്ര­തി­പ­ത്തി. ആ പ്ര­തി­പ­ത്തി ആന്തര സ­ത്യ­ത്തി­ന്റെ ആ­വി­ഷ്കാ­ര­ത്തി­നു ത­ട­സ്സം സൃ­ഷ്ടി­ക്കു­ന്നി­ല്ല. ത­ട­സ്സം സൃ­ഷ്ടി­ക്കു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, അതു് ആ സ­ത്യ­ത്തെ സ്ഫു­ടീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്നു. ജീ­വി­ത­ത്തെ അ­ഭി­സാ­രി­ക­യാ­യും മൃ­ത്യു­വി­നെ കാ­മു­ക­നാ­യും ക­ല്പി­ക്കു­ന്ന കാ­വ്യ­ത്തിൽ ഉചിതം റൊ­മാ­ന്റി­ക് ര­ച­നാ­രീ­തി­ത­ന്നെ. അവിടെ യ­ഥാ­ത­ഥ­മാ­യ ര­ച­നാ­രീ­തി അ­യ­ഥാർ­ത്ഥി­ക­ര­ണം ന­ട­ത്തും. കാ­വാ­ഫീ­യും ലാർ­ക്കി­നും ഏതു മൂ­ല്യ­ങ്ങൾ സൃ­ഷ്ടി­ച്ചു­വോ അതേ മൂ­ല്യ­ങ്ങൾ­ത­ന്നെ സു­ഗ­ത­കു­മാ­രി­യും സൃ­ഷ്ടി­ക്കു­ന്നു. യ­ഥാർ­ത്ഥ­മാ­യ കാ­വ്യ­പ്ര­ചോ­ദ­ന­ത്തിൽ നി­ന്നു് രൂപം കൊണ്ട മ­നോ­ഹ­ര­മാ­യ ര­ച­ന­യാ­ണു് “അ­ഭി­സാ­രി­ക”.

വലിയ മ­ന­സ്സു് ആ­ശ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് ചർച്ച ന­ട­ത്തു­ന്നു. ഇ­ട­ത്ത­രം മ­ന­സ്സു് സം­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് ചർച്ച ചെ­യ്യു­ക. കൊ­ച്ചു­മ­ന­സ്സു് വ്യ­ക്തി­ക­ളെ­ക്കു­റി­ച്ചും. ഇതു് ആരോ പ­റ­ഞ്ഞ­താ­ണു്. മു­ക­ളിൽ പറഞ്ഞ കവികൾ ആ­ശ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് ചി­ന്തി­ക്കാൻ എന്റെ കൊ­ച്ചു മ­ന­സ്സി­നു പ്രേ­ര­ണ നൽകി. സാ­ഹി­ത്യാ­സ്വാ­ദ­നം ഇ­ങ്ങ­നെ­യാ­ണു് മ­ന­സ്സി­നു് ഉ­യർ­ച്ച നൽ­കു­ന്ന­തു്.

ബു­ദ്ധി­മാ­ത്രം

എ­നി­ക്കു് അ­ധി­ക­മാ­ളു­ക­ളെ പ­രി­ച­യ­മി­ല്ല. പഴയ തി­രു­വി­താം­കൂ­റി­ലെ ചില സ്ഥ­ല­ങ്ങൾ ക­ണ്ടി­ട്ടു­ണ്ടെ­ന്ന­ല്ലാ­തെ മ­റ്റെ­ങ്ങും പോ­യി­ട്ടി­ല്ല. കോ­ഴി­ക്കോ­ടു­ത­ന്നെ അ­ടു­ത്ത കാ­ല­ത്താ­ണു് ക­ണ്ട­തു്. ക­ണ്ട­പ്പോൾ കാ­ണേ­ണ്ടി­യി­രു­ന്നി­ല്ല എ­ന്നു് തോ­ന്നു­ക­യും ചെ­യ്തു. ഡൽഹി, ബോംബെ, കൽ­ക്ക­ട്ട ഈ സ­ഥ­ല­ങ്ങൾ ഞാൻ ക­ണ്ടി­ട്ടി­ല്ല. ഇനി ഈ ജീ­വി­താ­സ്ത­മ­യ­ത്തിൽ കാ­ണു­മെ­ന്നും തോ­ന്നു­ന്നി­ല്ല. ഇനി പോ­യി­യെ­ന്നു വി­ചാ­രി­ക്കൂ. എല്ലാ സ്ഥ­ല­ങ്ങ­ളും, എല്ലാ മ­നു­ഷ്യ­രും ഒരേ മ­ട്ടി­ലി­രി­ക്കു­ന്ന­തു­കൊ­ണ്ടു് വി­ശേ­ഷി­ച്ചൊ­രു നേ­ട്ടം ഉ­ണ്ടാ­കാ­നു­മി­ട­യി­ല്ല. അ­തി­രി­ക്ക­ട്ടെ, അ­ധി­ക­മാ­ളു­ക­ളെ പ­രി­ച­യ­മി­ല്ലെ­നി­ക്കെ­ന്നു് മുൻ­പു് എ­ഴു­തി­യ­ല്ലോ. അ­തു­കൊ­ണ്ടു് പ­രി­ച­യ­മു­ണ്ടാ­യി­രു­ന്ന­വ­രിൽ മേ­ധാ­ശ­ക്തി­യിൽ അ­ദ്വ­തീ­യ­നാ­യി­രു­ന്ന എൻ. ഗോ­പാ­ല­പി­ള്ള സ്സാ­റി­നെ­ക്കു­റി­ച്ചു് കൂ­ടെ­ക്കൂ­ടെ എ­ഴു­താ­റു­ണ്ടു്. ഇ­നി­യും എ­ഴു­തി­യെ­ന്നു വരും. ഒരു ദിവസം തി­രു­വ­ന­ന്ത­പു­ര­ത്തെ ശ്രീ­രാ­മ­കൃ­ഷ്ണ ആ­ശു­പ­ത്രി­ക്ക­ടു­ത്തു വ­ച്ചു് അ­ദ്ദേ­ഹ­ത്തെ കണ്ടു. സാറു പ­റ­ഞ്ഞു: “കൃ­ഷ്ണൻ നായർ എന്റെ വീ­ട്ടി­ലേ­ക്കു് ഒന്നു വരൂ. ഞാൻ ടാ­ഗോ­റി ന്റെ ഗീ­താ­ഞ്ജ­ലി സം­സ്കൃ­ത­ത്തി­ലേ­ക്കു് തർ­ജ്ജ­മ ചെ­യ്തു വ­ച്ചി­ട്ടു­ണ്ടു്. അ­തൊ­ന്നു കേൾ­ക്ക­ണം. വ­രു­ന്ന­തു് ശ്രോ­താ­വാ­യി­ട്ടു വേണ്ട. നി­രൂ­പ­ക­നാ­യി­ട്ടു തന്നെ വ­ന്നാൽ മതി”. ഒരു ദിവസം ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലെ­ത്തി തർ­ജ്ജ­മ കുറേ നേരം കേ­ട്ടു. അതിനു ശേഷം പലതും സം­സാ­രി­ച്ച കൂ­ട്ട­ത്തിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ടോൾ­സ്റ്റോ­യി യുടെ ‘War and Peace’ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. കാ­ളി­ദാ­സ ന്റെ ‘ര­ഘു­വം­ശ’ത്തിൽ ഇ­ല്ലാ­ത്ത ജീവിത നി­രീ­ക്ഷ­ണം ടോൾ­സ്റ്റോ­യി­യു­ടെ നോ­വ­ലിൽ ഉ­ണ്ടു്. പക്ഷെ എ­നി­ക്കു് ‘ര­ഘു­വം­ശ’മാണു് ഇഷ്ടം. പി­ന്നെ ഒരു വലിയ സത്യം ആ റ­ഷ്യ­ക്കാ­രൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഏ­തെ­ങ്കി­ലും വ­സ്തു­വി­നെ ബു­ദ്ധി­കൊ­ണ്ടു് മാ­ത്രം സ­മീ­പി­ച്ചാൽ നമ്മൾ അതിനെ ന­ശി­പ്പി­ക്കു­ക­യാ­വും”. ടോൾ­സ്റ്റോ­യി പ­റ­ഞ്ഞ­താ­യി ഗോ­പാ­ല­പി­ള­ള­സ്സാർ അ­റി­യി­ച്ച ഈ സത്യം—ബു­ദ്ധി മാ­ത്രം ഒരു വ­സ്തു­വിൽ ആ­രോ­പി­ച്ചാൽ ആ വസ്തു ന­ശി­ക്കു­മെ­ന്ന സത്യം—ന­മ്മു­ടെ എ­ഴു­ത്തു­കാർ ക­ട­ലാ­സ്സിൽ എഴുതി പോ­ക്ക­റ്റി­ലി­ട്ടു കൊ­ണ്ടു് ന­ട­ക്ക­ണം. കൂ­ടെ­ക്കൂ­ടെ അ­തെ­ടു­ത്തു നോ­ക്ക­ണം. ക­ഥാ­ര­ച­ന­ക്കു് തു­ട­ങ്ങു­ന്ന­തി­നു മുൻ­പു് പല പ­രി­വൃ­ത്തി വാ­യി­ക്ക­ണം. ഭ്രാ­ന്തി­ല്ലാ­ത്ത­വർ ഭ്രാ­ന്ത­ന്മാ­രെ­പ്പോ­ലെ പെ­രു­മാ­റു­ന്ന ഈ ലോ­ക­ത്തു് യ­ഥാർ­ത്ഥ­ത്തിൽ ഭ്രാ­ന്തു­ള­ള­വ­രാ­ണു് ഭ്രാ­ന്തി­ല്ലാ­ത്ത­വ­രാ­യി പ്ര­ത്യ­ക്ഷ­രാ­കു­ന്ന­തു് എന്ന സത്യം—ബു­ദ്ധി­യിൽ നി­ന്നു വ­രു­ന്ന സത്യം—ക­ഥ­യെ­ന്ന മ­ട്ടിൽ നീ­ലി­മാ ല­ക്ഷ്മി പ്ര­കാ­ശി­പ്പി­ക്കു­ന്നു. ബു­ദ്ധി­പ­ര­മാ­യ സത്യം മാ­ത്ര­മാ­ണി­തു്. കലയിൽ വൈ­കാ­രി­ക സ­ത്യ­മാ­ണു് വേ­ണ്ട­തു്. നീ­ലി­മാ ല­ക്ഷ്മി ബു­ദ്ധി കൊ­ണ്ടു് പ്ര­തി­പാ­ദ്യ­ത്തെ ന­ശി­പ്പി­ക്കു­ന്നു. (ക­ലാ­കൗ­മു­ദി­യി­ലെ ‘മ­ര­ത്തി­ന്റെ പാൽ­ക്കു­ട­ങ്ങൾ’ എന്ന ചെ­റു­ക­ഥ).

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ക­ലാ­കാ­ര­ന്മാ­രു­ടെ സ­ന്മാർ­ഗ്ഗ ബോ­ധ­ത്തെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: കേ­ര­ള­ത്തി­ലു­ള്ള­വ­രെ­ക്കു­റി­ച്ചു് ഒ­ന്നും എ­ഴു­താൻ വയ്യ. കോ­ട­തി­യിൽ ക­യ­റേ­ണ്ട­താ­യി വരും. പ­ടി­ഞ്ഞാ­റു­ള്ള­വ­രു­ടെ കാ­ര്യം പറയാം. ഫ്രാൻ­സിൽ കൾ­ച്ച­റൽ അ­ഫ­യേർ­സ് മ­ന്ത്രി­യാ­യി­രു­ന്ന ആ­ങ്ദ്രേ മാൽറോ —വി­ശി­ഷ്ട­ങ്ങ­ളാ­യ നോ­വ­ലു­ക­ളു­ടെ­യും ‘The Voices of Silence’ എന്ന ക­ലാ­നി­രൂ­പ­ണ­ഗ്ര­ന്ഥ­ത്തി­ന്റെ­യും കർ­ത്താ­വാ­യ മാൽറോ—ഒ­രി­ക്കൽ അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടു. ചില ക­ലാ­ശി­ല്പ­ങ്ങൾ മോ­ഷ്ടി­ച്ചു അ­ദ്ദേ­ഹ­മെ­ന്നാ­യി­രു­ന്നു ആ­രോ­പ­ണം. പാ­രീ­സി­ലെ ലൂവ്റ (Louvra) മ്യൂ­സി­യ­ത്തിൽ നി­ന്നു് ഒ­രു­ത്തൻ മോ­ഷ്ടി­ച്ചു കൊ­ണ്ടു വന്ന രണ്ടു കൊ­ച്ചു പ്ര­തി­മ­കൾ വി­ല­യ്ക്കു വാ­ങ്ങി­യെ­ന്ന കു­റ്റ­ത്തി­നു് പീ­കാ­സ്സോ യെ പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്തു. പ്ര­തി­മ­കൾ മോ­ഷ്ടി­ച്ച­വ­നെ തു­ണ­ച്ചു എ­ന്ന­തി­ന്റെ പേരിൽ ഫ്ര­ഞ്ച് കവി ഗിയോം അ­പോ­ളി­ന­റെ യും പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്തു് നാലു ദിവസം കാ­രാ­ഗൃ­ഹ­ത്തി­ലി­ട്ടി­രു­ന്നു. അ­പോ­ളി­ന­റു­ടെ ജീ­വ­ച­രി­ത്ര­മെ­ഴു­തി­യ Francis Steegmuller അ­ദ്ദേ­ഹ­ത്തി­ന്റെ­യും പീ­കാ­സ്സോ­യു­ടെ­യും പ്ര­വൃ­ത്തി­ക­ളെ നീ­തി­മ­ത്ക­രി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ര­ണ്ടു­പേ­രും കു­റ്റ­ക്കാർ തന്നെ. പ്ര­ഖ്യാ­ത­മാ­യ ഒരു പത്രം വഴി മോ­ഷ്ടി­ക്ക­പ്പെ­ട്ട വ­സ്തു­ക്കൾ തി­രി­ച്ചു നൽ­കി­യ­തു­കൊ­ണ്ടു് പീ­കാ­സ്സൊ­യും അ­പോ­ളി­ന­റും ജ­യി­ലിൽ പോ­യി­ല്ല. അ­പോ­ളി­നർ മാ­ത്രം നാ­ലു­ദി­വ­സം ത­ട­വ­റ­യിൽ കി­ട­ന്നു. കൂ­ടു­തൽ അ­റി­യ­ണ­മെ­ന്നു­ള­ള­വർ ‘Apollinaire (F. Steeg—muller)’ എന്ന പു­സ്ത­ക­വും ‘Gioconda’ എന്ന ജേ­ണ­ലി­സ്റ്റി­ക് നോ­വ­ലും വാ­യി­ക്കു­ക. (Wolf Mankowitz)

ചോ­ദ്യം: നൂ­റി­നു നൂറും സ­ദാ­ചാ­ര­ത­ല്പ­ര­നാ­യി­രു­ന്ന ഒരു ക­വി­യു­ടെ പേരു് പറയൂ?

ഉ­ത്ത­രം: ജി. ശ­ങ്ക­ര­ക്കു­റു­പ്പു്.

ചോ­ദ്യം: സാ­ഹി­ത്യ­ത്തി­ലെ ജ­ന്റിൽ­മാൻ ആരു്?

ഉ­ത്ത­രം: പ്രൊ­ഫ­സർ എൻ. കൃ­ഷ്ണ­പി­ള­ള.

ചോ­ദ്യം: ക­വി­ത­യിൽ ആ­ദ്ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ പ­രി­മ­ളം പ്ര­സ­രി­പ്പി­ച്ച കവികൾ?

ഉ­ത്ത­രം: നി­ത്യ­ജീ­വി­ത­ത്തിൽ ഹോ­മോ­സെ­ക്ഷ്വാ­ലി­റ്റി വരെ ചെ­ന്നെ­ത്തും. അ­വർ­ക്കു മദ്യം ഒ­ഴി­ച്ചു­കൂ­ടാൻ വയ്യ.

ചോ­ദ്യം: വാ­ഗ്മി­കൾ?

ഉ­ത്ത­രം: ഏറിയ കൂറും മ­ന­സ്സാ­ക്ഷി­യി­ല്ലാ­ത്ത­വർ.

ചോ­ദ്യം: മി­ത­വ്യ­യം?

ഉ­ത്ത­രം: വളരെ ന­ന്നു്. പക്ഷേ, വേ­ണ്ട­പോ­ലെ വ­സ്ത്ര­ധാ­ര­ണം ചെ­യ്യാ­തെ­യും ബ്ല­യ്ഡി­നു് ലാ­ഭ­മു­ണ്ടാ­ക്കാൻ വേ­ണ്ടി ഷേവ് ചെ­യ്യാ­തെ­യും ന­ട­ക്കു­ന്ന­വൻ അധമൻ.

ചോ­ദ്യം: വിനയം?

ഉ­ത്ത­രം: സ്ത്രീ­ക­ളോ­ടാ­വു­മ്പോൾ കാമം മ­റ­ച്ചു വ­യ്ക്കാൻ ഉ­പ­ക­രി­ക്കു­ന്ന­തു്.(സ്ത്രീ­ക­ളോ­ടു് അ­തി­രു­ക­ട­ന്ന വിനയം കാ­ണി­ക്കു­ന്ന­വ­രെ സൂ­ക്ഷി­ക്കു­ക).

ബാ­ലി­ശം
images/Gioconda.jpg

ആ­ങ്ദ്രേ മാൽ­റോ­യ­ടെ ആ­ത്മ­ക­ഥ­യിൽ (Antimemories) “വ­ളർ­ച്ച­യെ­ത്തി­യ­വർ ഈ ലോ­ക­ത്തി­ല്ല” എന്നു പ­റ­ഞ്ഞി­ട്ടു­ണ്ടു്. പ­തി­ന­ഞ്ചു കൊ­ല്ല­ത്തോ­ളം പാ­തി­രി­യാ­യി­രു­ന്ന ഒ­രു­ത്ത­നോ­ടു് മാൽറോ ചോ­ദി­ച്ചു, പാ­പ­നി­വേ­ദ­ന­ങ്ങൾ അ­ത്ര­യും കാലം കേ­ട്ടി­ട്ടു് അയാൾ എന്തു പ­ഠി­ച്ചു­വെ­ന്നു്. പാ­തി­രി­യാ­യി­രു­ന്ന ആൾ മ­റു­പ­ടി നൽകി. “1) നമ്മൾ വി­ചാ­രി­ക്കു­ന്ന­തി­ല­ധി­കം അളുകൾ സ­ന്തു­ഷ്ട­രാ­ണു്. 2) വ­ളർ­ച്ച­യെ­ത്തി­യ­വർ ഈ ലോ­ക­ത്തി­ല്ല”.

ശ­രി­യാ­ണി­തു്.

‘ഭോ­ഗ­ങ്ങ­ളെ­ല്ലം ക്ഷ­ണാ­പ്ര­ഭാ­ച­ഞ്ച­ലം’

എന്നു വി­ശ്വ­സി­ക്കു­ന്ന സ­ന്ന്യാ­സി­മാർ ബ­സ്സിൽ സീ­റ്റ് കി­ട്ടു­ന്ന­തി­നു വേ­ണ്ടി മ­റ്റു­ള­ള­വ­രെ ഇ­ടി­ച്ചി­ട്ടു­കൊ­ണ്ടു് കേ­റു­ന്ന­തു് ഞാൻ പലതവണ ക­ണ്ടി­ട്ടു­ണ്ടു്. അ­റു­പ­തു് ക­ഴി­ഞ്ഞ സ്ത്രീ­കൾ പ­തി­നെ­ട്ടു വ­യ­സ്സു­ള്ള പെൺ­കു­ട്ടി­ക­ളു­ടെ മാ­ന­സി­ക­നി­ല വ­ച്ചു് പു­ലർ­ത്തു­ന്ന­തു് നമ്മൾ എ­ല്ലാ­വ­രും ക­ണ്ടി­ട്ടു­ണ്ടു്. ഒരു യ­ഥാർ­ത്ഥ സംഭവം പറയാം. ഒരു വീ­ട്ടി­ന്റെ മുൻ­പിൽ അ­റു­പ­തു വ­യ­സ്സോ­ള­മു­ള്ള ഒരു സ്ത്രീ­യും കുറെ ചെ­റു­പ്പ­ക്കാ­രി­ക­ളും സം­സാ­രി­ച്ചു നി­ല്ക്കു­ക­യാ­രു­ന്നു. അവിടെ ഒരു വീടു് അ­ന്വേ­ഷി­ച്ചു വന്ന ചെ­റു­പ്പ­ക്കാ­രൻ പ്രാ­യം കൂടിയ സ്ത്രീ­യോ­ടാ­ണു് കാ­ര്യ­ങ്ങ­ളൊ­ക്കെ ചോ­ദി­ച്ചു് മ­ന­സ്സി­ലാ­ക്കി­യ­തു്. ചെ­റു­പ്പ­ക്കാ­രി­ക­ളോ­ടു സം­സാ­രി­ച്ചാൽ തെ­റ്റി­ദ്ധാ­ര­ണ­യു­ണ്ടാ­കു­മെ­ന്നു് അയാൾ സ്വാ­ഭാ­വി­ക­മാ­യും ക­രു­തി­യി­രി­ക്കും. ചെ­റു­പ്പ­ക്കാ­രൻ തി­രി­ച്ചു പോ­യ­പ്പോൾ ത­ല­മു­ടി പാടേ നരച്ച സ്ത്രീ അല്പം ശൃം­ഗാ­ര­ത്തോ­ടെ പ­റ­ഞ്ഞു: “അയാൾ എ­ന്നോ­ടു മാ­ത്ര­മേ സം­സാ­രി­ച്ചു­ള്ളൂ. നി­ങ്ങ­ളൊ­ക്കെ എന്തു വി­ചാ­രി­ച്ചോ എന്തോ? വ­ല്ലാ­ത്ത നോ­ട്ട­വു­മു­ണ്ടു് അ­യാൾ­ക്കു്”. പെൺ­പി­ള്ളേർ ചി­രി­ച്ചി­ല്ല. എ­നി­ക്കു് ചി­രി­യ­ട­ക്കാൻ ക­ഴി­ഞ്ഞി­ല്ല. വാർ­ദ്ധ­ക്യ­ത്തി­ലെ­ത്തി­യ സ്ത്രീ­ക­ളു­ടെ മ­ന­സ്സു് ചെ­റു­പ്പ­ക്കാ­രി­ക­ളു­ടേ­താ­ണു്. അ­മ്മൂ­മ്മ­യോ­ടു സം­സാ­രി­ക്കു­ന്നു എന്ന വി­ചാ­ര­മാ­യി­രു­ന്നു യു­വാ­വി­നു്. അ­മ്മൂ­മ്മ­യാ­ക­ട്ടെ, മ­ധു­ര­പ്പ­തി­നേ­ഴു­കാ­രി­യാ­യി അ­യാ­ളു­ടെ മുൻ­പിൽ നി­ല്ക്കു­ക­യും ചെ­യ്തു. ഇ­ങ്ങ­നെ എത്ര ഉ­ദാ­ഹ­ര­ണ­ങ്ങൾ വേ­ണ­മെ­ങ്കി­ലും നൽകാം. മ­ഹാ­വ്യ­ക്തി­കൾ പോലും ശി­ശു­ക്ക­ളെ­പ്പോ­ലെ പെ­രു­മാ­റു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. മാൽറോ പ­റ­ഞ്ഞ­തു് സത്യം!

വലിയ മ­ന­സ്സു് ആ­ശ­യ­ങ്ങ­ളെ­ക്കു­റി­ച്ചു ചർച്ച ന­ട­ത്തു­ന്നു. ഇ­ട­ത്ത­രം മ­ന­സ്സു് സം­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് ചർച്ച ചെ­യ്യു­ക. കൊ­ച്ചു­മ­ന­സ്സു് വ്യ­ക്തി­ക­ളെ­ക്കു­റി­ച്ചും. ഇതു് ആരോ പ­റ­ഞ്ഞ­താ­ണു്. മു­ക­ളിൽ­പ്പ­റ­ഞ്ഞ കവികൾ ആ­ശ­യ­ങ്ങ­ളെ­ക്കു­റി­ച്ചു ചി­ന്തി­ക്കാൻ എന്റെ കൊ­ച്ചു­മ­ന­സ്സി­നു പ്രേ­ര­ണ നൽകി. സാ­ഹി­ത്യാ­സ്വാ­ദ­നം ഇ­ങ്ങ­നെ­യാ­ണു് മ­ന­സ്സി­നു് ഉ­യർ­ച്ച നൽ­കു­ന്ന­തു്.

ക­ഥാ­മാ­സി­ക­യിൽ ‘അ­ജ്ഞാ­ത­വീ­രൻ’ എന്ന ക­ഥ­യെ­ഴു­തി­യ കെ. വി. പു­ട്ട­പ്പ പ്രാ­യം കൂടിയ ആ­ളാ­ണെ­ങ്കി­ലും വ­ളർ­ച്ച­യെ­ത്തി­യ ആളല്ല. ആ­യി­രു­ന്നെ­ങ്കിൽ ഈ ബാ­ലി­ശ­മാ­യ കഥ അ­ദ്ദേ­ഹം എ­ഴു­തു­മാ­യി­രു­ന്നി­ല്ല. ഇതു തർ­ജ്ജ­മ­ചെ­യ്ത കെ. രാ­ധാ­കൃ­ഷ്ണൻ അ­യി­രൂ­രും പ­രി­പാ­ക­മ­ല്ലാ­ത്ത മ­ന­സ്സു­ള്ള­യാ­ളാ­ണു്. “ഉണ്ട ചോ­റ്റി­നു് ഉചിതം കാ­ണി­ക്കു­ന്ന” ഒരു ഫൂ­ളി­ന്റെ കഥ പ­റ­യു­ക­യാ­ണു് പു­ട്ട­പ്പ. ആ­പ­ത്തിൽ തു­ണ­ച്ച യ­ജ­മാ­ന­നെ വെ­ള്ള­പ്പൊ­ക്ക­ത്തിൽ­നി­ന്നു ര­ക്ഷി­ക്കാ­നാ­യി ആ പ­രി­ചാ­ര­കൻ വ­ള്ള­ത്തിൽ­നി­ന്നു് ന­ദി­യിൽ ചാ­ടി­യ­ത്രേ. ചാ­ടി­യി­ല്ലെ­ങ്കിൽ വള്ളം മു­ങ്ങു­മാ­യി­രു­ന്നു­പോ­ലും. ഒ­ടു­വിൽ ത­മി­ഴു് സി­നി­മ­യിൽ ക­റ­ക­റ­ശ­ബ്ദ­ത്തോ­ടെ ദൈവം സ്വർ­ഗ്ഗ­ത്തു­നി­ന്നി­റ­ങ്ങി വ­ന്നു് ഭൂ­മി­യിൽ നി­ല്ക്കു­ന്ന­തു­പോ­ലെ വേ­ല­ക്കാ­രൻ യ­ജ­മാ­ന­ന്റെ മുൻ­പിൽ വന്നു നി­ന്നു. എ­ന്തൊ­രു സ്റ്റു­പി­ഡി­റ്റി!

നിർ­വ്വ­ച­ന­ങ്ങൾ
ഭർ­ത്താ­വി­ന്റെ അമ്മ:
മു­ണ്ടും നേ­രി­യ­തും ധ­രി­ച്ച ഇദ്ദി അമീൻ.
വാർ­ദ്ധ­ക്യം:
ആരും കാ­ണാ­തെ ക­ണ്ണാ­ടി നോ­ക്കി­യി­ട്ടു് ഞാ­നി­പ്പോ­ഴും സു­ന്ദ­രൻ­ത­ന്നെ/സു­ന്ദ­രി­ത­ന്നെ എന്നു വി­ചാ­രി­ച്ചു് ആ­ഹ്ലാ­ദി­ക്കു­ന്ന കാലം.
ഗ­ന്ധർ­വ്വ­ന്മാർ:
ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള, യേ­ശു­ദാ­സ്.
ക്ഷേ­ത്ര­ങ്ങൾ:
ന­ഗ­ര­മ­ദ്ധ്യ­ത്തിൽ ആ­യാ­ലും വ­വ്വാ­ലി­നും മൂ­ങ്ങ­യ്ക്കും പാർ­ക്കാൻ പ­റ്റി­യ സ്ഥ­ല­ങ്ങൾ.
മാ­ക്സി അ­ല്ലെ­ങ്കിൽ രാവട:
കു­റ­ച്ചു­കാ­ലം മുൻ­പു­വ­രെ ചെ­റു­പ്പ­ക്കാ­രി­ക­ളു­ടെ ഒരു ക­ഞ്ചു­കം. ഇ­പ്പോൾ കി­ഴ­വി­കൾ ധ­രി­ക്കു­ന്ന­തു്. (ര­ഹ­സ്യ­മാ­യി ധ­രി­ക്കു­ക മ­ത്ര­മ­ല്ല. അതു് അ­ണി­ഞ്ഞു­കൊ­ണ്ടു് ഗെ­യ്റ്റിൽ വ­ന്നു­നിൽ­ക്കും.)
ക്വി­സ്സ് പ്രോ­ഗ്രാം:
ബു­ദ്ധി­ശൂ­ന്യർ ബു­ദ്ധി­യു­ള്ള­വ­രെ മു­ട്ടു­കു­ത്തി­ക്കു­ന്ന ഏർ­പ്പാ­ടു്.
അതിഥി:
‘ഒന്നു പോകു, എ­നി­ക്കു ഉ­റ­ങ്ങ­ണം’ എ­ന്നു് ന­മ്മെ­ക്കൊ­ണ്ടു് പ­റ­യി­ക്കു­ന്ന ആളു്.
ഓട്ടൻ തു­ള്ളൽ:
മലബാർ രാ­മൻ­നാ­യർ പോ­യ­തോ­ടെ അ­പ്ര­ത്യ­ക്ഷ­മാ­യ ഒരു കല.
കഥകളി:
‘ഡി­ലി­റ്റാ­ന്റി’കൾ­ക്കു സ­ഹൃ­ദ­യ­രാ­ണെ­ന്നു ഭാ­വി­ക്കാൻ സ­ഹാ­യി­ക്കു­ന്ന­തു്.
അ­ഭി­മു­ഖ­സം­ഭാ­ഷ­ണം

സാ­ഹി­ത്യം, പൊ­തു­വാ­യ സം­സ്കാ­രം, രാ­ഷ്ട്ര­വ്യ­വ­ഹാ­രം ഈ മ­ണ്ഡ­ല­ങ്ങ­ളിൽ പ്ര­വർ­ത്തി­ക്കു­ന്ന­വ­രെ നേ­രി­ട്ടു­ക­ണ്ടു ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന­തും അ­വ­രു­ടെ ഉ­ത്ത­ര­ങ്ങൾ അ­ച്ച­ടി­ച്ചു ‘വി­ടു­ന്ന­തും’ പാ­ഴ്‌­വേ­ല­യാ­ണു്. ആരും ശ­രി­യാ­യ ഉ­ത്ത­ര­ങ്ങൾ—ആർ­ജ്ജ­വ­ത്തോ­ടു­കൂ­ടി­യ ഉ­ത്ത­ര­ങ്ങൾ—നൽ­കു­ക­യി­ല്ല. നൽകാൻ തു­ട­ങ്ങി­യാൽ ഇവിടെ ക­ഴി­ഞ്ഞു­കൂ­ടാൻ സാ­ദ്ധ്യ­മ­ല്ലാ­തെ വരും. ഞാ­നൊ­ന്നു ചോ­ദി­ക്ക­ട്ടെ, നി­ങ്ങ­ളു­ടെ മ­ന­സ്സിൽ വ­രു­ന്ന വി­ചാ­ര­ങ്ങ­ളെ­യാ­കെ പി­ടി­ച്ചെ­ടു­ക്കു­ന്ന ഒരു യ­ന്ത്രം എന്റെ കൈ­യി­ലു­ണ്ടെ­ന്നു കരുതു. ഞാ­ന­തു­കൊ­ണ്ടു് വി­ചാ­ര­ങ്ങ­ളെ പ­കർ­ത്തി­യെ­ടു­ത്തു് ലൗ­ഡ്സ്പീ­ക്ക­റി­ലൂ­ടെ ആ­ളു­ക­ളെ കേൾ­പ്പി­ക്കാൻ സ­ന്ന­ദ്ധ­നാ­യാൽ നി­ങ്ങൾ എന്നെ വെ­റു­തെ വി­ടു­മോ? അ­പ്പോൾ നി­ങ്ങൾ­ക്കു­ണ്ടാ­കു­ന്ന എ­തിർ­പ്പു­ത­ന്നെ ഇ­ന്റർ­വ്യൂ ന­ട­ത്താൻ വ­രു­ന്ന ആ­ളി­നോ­ടും ഉ­ണ്ടാ­കും. ചോ­ദ്യ­മേ­തു­മാ­ക­ട്ടെ ഉ­ത്ത­രം അർ­ദ്ധ­സ­ത്യ­മാ­യി­രി­ക്കും. അർ­ദ്ധ­സ­ത്യ­ത്തി­നും സ­മ്പൂർ­ണ്ണ­വ്യാ­ജ­ത്തി­നും ത­മ്മിൽ വ്യ­ത്യാ­സ­മി­ല്ല. ഈ വ്യാ­ജോ­ക്തി­ക­ളാ­ണു് വാ­യ­ന­ക്കാർ­ക്കു് വാ­രി­ക­ക­ളി­ലൂ­ടെ കി­ട്ടു­ന്ന­തു്.

ഇനി ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന ആൾ സാ­മാ­ന്യ­ത­ത്ത്വ­ങ്ങ­ളെ­യും മറ്റു വ്യ­ക്തി­ക­ളെ­യും­വി­ട്ടു് ഉ­ത്ത­രം പ­റ­യു­ന്ന ആ­ളി­ന്റെ വ്യ­ക്തി­ഗ­ത­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളി­ലേ­ക്കു ക­ട­ന്നാ­ലോ? അ­പ്പോ­ഴും ചെ­റു­ക്കൽ അ­ല്ലെ­ങ്കിൽ എ­തിർ­പ്പു് ഉ­ണ്ടാ­കും. അ­തി­ന്റെ ഫലം വ്യാ­ജോ­ക്തി­യും. ഒ­രി­ക്കൽ പ്ര­ശ­സ്ത­നാ­യ ഒ­ര­ഭി­ഭാ­ഷ­ക­നെ ഇ­ന്റർ­വ്യൂ ചെ­യ്യാൻ ഒരാൾ ചെ­ന്നു. അ­ഭി­ഭാ­ഷ­ക­ന്റെ അച്ഛൻ സി. വി. രാ­മൻ­പി­ള്ള യുടെ വേ­ല­ക്കാ­ര­നാ­യി­രു­ന്നു. അതു മ­ന­സി­ലാ­ക്കാ­തെ ചെ­ന്ന­യാൾ ചോ­ദ്യ­മെ­റി­ഞ്ഞു: “അ­ങ്ങ­യു­ടെ കു­ടും­ബ­വും സി. വി. രാ­മൻ­പി­ള്ള­യും ത­മ്മി­ലു­ള്ള ബ­ന്ധ­മെ­ന്തു?” അ­ഭി­ഭാ­ഷ­കൻ ചാ­ടി­യെ­ഴു­ന്നേ­റ്റു് “ഇ­റ­ങ്ങെ­ടാ പു­റ­ത്തു്” എ­ന്നു് ആ­ക്രോ­ശി­ച്ചു. കു­റ്റം പ­റ­യാ­നി­ല്ല. വേ­രു­കൾ തോ­ണ്ടി­യെ­ടു­ത്തു പു­റ­ത്തി­ടു­ന്ന­തു് ആർ­ക്കും ഇ­ഷ്ട­മു­ള്ള കാ­ര്യ­മ­ല്ല. ഇ­ന്റർ­വ്യൂ­വി­ന്റെ വേ­റൊ­രു ന്യൂ­ന­ത പ­റ­യു­ന്ന മ­റു­പ­ടി­കൾ അ­തേ­മ­ട്ടിൽ അ­ച്ച­ടി­ച്ചു വ­രി­ല്ല എ­ന്ന­താ­ണു്. സെൻ­സേ­ഷ­നെ ല­ക്ഷ്യ­മാ­ക്കി ഉ­ത്ത­ര­ങ്ങൾ­ക്കു രൂ­പ­പ­രി­വർ­ത്ത­നം വ­രു­ത്തു­ന്ന­തു് എ­ല്ലാ­ക്കാ­ല­ത്തും ഉ­ള്ള­തു­ത­ന്നെ. കു­റ­ച്ചു മാ­സ­ങ്ങൾ­ക്കു­മുൻ­പു്, എ­നി­ക്കു വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്ന ഒരു മാ­ന്യൻ എ­ന്നോ­ടു ചില ചോ­ദ്യ­ങ്ങൾ ചോ­ദി­ച്ചു. ഞാൻ നൽകിയ ഉ­ത്ത­ര­ങ്ങൾ അ­ദ്ദേ­ഹം ടേ­പ്പി­ലെ­ടു­ത്തു കൊ­ണ്ടു­പോ­യി. പക്ഷേ, അവ അ­ച്ച­ടി­ച്ചു വ­ന്ന­പ്പോൾ എ­നി­ക്കു് അ­മ്പ­ര­പ്പാ­ണു­ണ്ടാ­യ­തു്. പലതും ഞാൻ പ­റ­ഞ്ഞ­തു­പോ­ലെ അ­ല്ലാ­യി­രു­ന്നു. അ­പ്പോൾ നി­ഷേ­ധി­ക്കു­ന്ന­തി­ലോ പ്ര­തി­ഷേ­ധി­ക്കു­ന്ന­തി­ലോ ഒ­രർ­ത്ഥ­വു­മി­ല്ല. കൃ­ഷ്ണൻ­നാ­യർ ഇ­ങ്ങ­നെ­ത­ന്നെ­യാ­ണു് പ­റ­ഞ്ഞ­തു് എ­ന്നാ­വും മ­റു­പ­ടി. അ­തു­കൊ­ണ്ടു് അ­ഭി­മു­ഖ­സം­ഭാ­ഷ­ണം ഒ­ഴി­വാ­ക്കു­ന്ന­താ­ണു ന­ല്ല­തു്.

images/PalaNarayananNair.jpg
പാലാ നാ­രാ­യ­ണൻ നായർ

പാലാ നാ­രാ­യ­ണൻ നായരെചവറ കെ. എസ്. പിള്ള ഇ­ന്റർ­വ്യൂ ചെ­യ്ത­തി­ന്റെ റി­പോർ­ട്ട് കു­ങ്കു­മം വാ­രി­ക­യി­ലു­ണ്ടു്. വി­ര­സ­ങ്ങ­ളും ബ­ഹിർ­ഭാ­ഗ­സ്ഥ­ങ്ങ­ളു­മാ­യ ചില ചോ­ദ്യ­ങ്ങൾ. അ­വ­യ്ക്കു അ­മ്മ­ട്ടി­ലു­ള്ള ഉ­ത്ത­ര­ങ്ങ­ളും. ഇ­തു­കൊ­ണ്ടു് വാ­യ­ന­ക്കാർ ഒ­ന്നും നേ­ടു­ന്നി­ല്ല. വ­ന്ധ്യ­മാ­യ ധി­ഷ­ണ­യിൽ­നി­ന്നു് ആ­വിർ­ഭ­വി­ക്കു­ന്ന ചോ­ദ്യ­ങ്ങ­ളും ഉ­ത്ത­ര­ങ്ങ­ളും. വാ­യ­ന­ക്കാ­ര­ന്റെ ധിഷണ സ­ജീ­വ­മാ­ണെ­ങ്കിൽ­ത്ത­ന്നെ­യും അവ കാ­ണു­മ്പോൾ അ­തി­നു് (ധി­ഷ­ണ­യ്ക്കു്) വ­ന്ധ്യ­ത്വം വന്നു ചേരും. ഇ­തൊ­ക്കെ­ക്കൊ­ണ്ടാ­ണു് അ­ഭി­മു­ഖ­സം­ഭാ­ഷ­ണം വ്യർ­ത്ഥ­യ­ത്ന­മാ­ണെ­ന്നു മു­ക­ളിൽ എ­ഴു­തി­യ­തു്. ധി­ഷ­ണാ­ശാ­ലി­ക­ളു­ടെ ഇ­ന്റർ­വ്യൂ പോലും പ്ര­യോ­ജ­ന­ര­ഹി­ത­മാ­ണു്. 30-5-88-ലെ ന്യൂ­സ്വീ­ക്കിൽ അ­തി­ന്റെ എ­ഡി­റ്റർ ഇൻ ചീഫ് ഗോർ­ബ­ച്ചേ­വി നോടു് ചോ­ദി­ച്ച ചോ­ദ്യ­ങ്ങ­ളും അ­വ­യ്ക്കു് അ­ദ്ദേ­ഹം ന­ല്കി­യ ഉ­ത്ത­ര­ങ്ങ­ളും കാണാം. അതും പാ­ഴ്‌­വേ­ല­യാ­യേ എ­നി­ക്കു തൊ­ന്നി­യു­ള്ളു.

സർ­ക്കാർ­ജോ­ലി നോ­ക്കു­ന്ന­തി­ലും നി­ത്യ­ജീ­വി­തം ന­യി­ക്കു­ന്ന­തി­ലും പെ­രു­ങ്ക­ള്ള­നാ­യ ഒ­രു­ത്തൻ ഹ­രി­ശ്ച­ന്ദ്ര­ന്റെ വേ­ഷം­കെ­ട്ടി അ­ഭി­ന­യി­ക്കു­ന്ന­തു് ഞാ­നൊ­രി­ക്കൽ കണ്ടു. ഇ­തു­പോ­ലെ­യാ­ണു് ന­മ്മു­ടെ രചനകൾ. അ­ടി­യി­ലാ­കെ അ­സ­ത്യം. തി­ള­ക്ക­മു­ള്ള എന്തോ ഒ­ന്നു് അതിനെ പൊ­തി­ഞ്ഞി­രി­ക്കു­ന്നു. ആ തി­ള­ക്കം സ­ത്യ­മാ­ണെ­ന്നു നമ്മൾ വി­ചാ­രി­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-06-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.