സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-08-14-ൽ പ്രസിദ്ധീകരിച്ചതു്)

കാക്കയുടെ വിചാരം അതൊരു അരയന്നമാണെന്നാണു്. തൊട്ടാവാടിപ്പൂ കരുതുന്നു അതൊരു താമരപ്പൂവാണെന്നു്. പദ്യമെഴുതുന്നവൻ താനൊരു കവിയാണെന്നു വിചാരിക്കുന്നു.

ആലിംഗനവിദഗ്ദ്ധനായ ഒരു വല്യമ്മാവനെക്കുറിച്ചു് ഞാൻ ഈ പംക്തിയിൽ കൂടക്കൂടെ എഴുതാറുണ്ടല്ലോ. പെണ്ണിനെക്കണ്ടാലുടനെ അമ്മാവനു് പരിരംഭണം നടത്തിയേ തീരു. ആ അനുഷ്ഠാനത്തിനു പ്രായഭേദമോ ബന്ധുഭേദമോ അദ്ദേഹം നോക്കിയിരുന്നില്ല. ഒരകന്ന ബന്ധു പെണ്ണു് അഞ്ചുനാഴിക അകലെയുള്ള വീട്ടിൽ വന്നുവെന്നു വല്യമ്മാവൻ അറിഞ്ഞെന്നു കരുതു. വെയിലായാലും മഴയായാലും അദ്ദേഹം വടിയുമെടുത്തു സ്വന്തം വീട്ടിൽനിന്നു പുറത്തിറങ്ങും. ഒറ്റ നടത്തമാണു് പെണ്ണിരിക്കുന്ന വീട്ടിലേക്കു്. നടന്നുപോകുമ്പോൾ ഭൂകമ്പമുണ്ടായെന്നിരിക്കട്ടെ. അദ്ദേഹം അതു വകവയ്ക്കുകയേയില്ല. അവിടെച്ചെന്നു ‘ഗൗരിക്കുട്ടീ നീ എപ്പോൾ വന്നു?’ എന്നു ചോദിച്ചു് ആലിംഗനം നടത്തിയിട്ടു മനസ്സില്ലാമനസ്സോടെ തിരിച്ചുപോരും. അദ്ദേഹം ഒടുവിലങ്ങു മരിച്ചു. മരിച്ചപ്പോൾ ചില ചെറുപ്പക്കാർക്കുണ്ടായ സംശയവും അതു പരിഹരിച്ചവിധവും ഞാൻ സ്പഷ്ടമാക്കിയിരുന്നു. ‘അമ്മാവൻ മരിച്ചോടേ?’ എന്നു് ഒരാൾ ചോദിച്ചപ്പോൾ ‘മരിച്ചതുതന്നെ ഇല്ലെങ്കിൽ ചുറ്റും ഇരിക്കുന്ന ഈ പെൺപിള്ളേരെ കെട്ടിപ്പിടിക്കാൻ അയാൾ ചാടിയെഴുന്നേല്ക്കുമായിരുന്നല്ലോ’ എന്നാണു് വേറൊരാൾ ഉത്തരം നൽകിയതു്. വല്യമ്മാവന്റെ മരണത്തിനുതന്നെ സവിശേഷതയുണ്ടായിരുന്നു. പത്തുകൊല്ലത്തോളം ബന്ധുക്കളെയും മിത്രങ്ങളെയും വിരട്ടിയതിനുശേഷമാണു് അദ്ദേഹം ഇവിടംവിട്ടു പോയതു്. വല്യമ്മാവന്റെ ആൺമക്കൾ ബോംബെയിലും കൽക്കത്തയിലും മറ്റുമായിരുന്നു. ചിങ്ങമാസം അടുക്കാറാവുമ്പോൾ വീട്ടിലുള്ള മകൾ ചേട്ടന്മാർക്കു് കത്തയയ്ക്കും. “പ്രിയപ്പെട്ട ചേട്ടാ, അച്ഛനു നല്ല സുഖമില്ല. ഈ ഓണം കഴിഞ്ഞാൽ അച്ഛൻ മരിച്ചുപോകുമെന്നാണു് അച്ഛൻതന്നെ പറയുന്നതു്. അതുകൊണ്ടു് ചേട്ടൻ ഉത്രാടത്തിനുമുൻപു് ഇവിടെ എത്തണം. അച്ഛന്റെ അവസാനത്തെ ആഗ്രഹമല്ലേ?” ചേട്ടന്മാർ ഇല്ലാത്ത പണം കടംവാങ്ങി കോടിവസ്ത്രങ്ങളും മേടിച്ചു വീട്ടിലെത്തും. അവർ മാത്രമോ? അവരുടെ സഹധർമ്മിണികളും പിള്ളേരും എത്തും. തിരുവോണത്തിനു് ഒരുമിച്ചിരുന്നു് ഊണുകഴിക്കും. പിന്നീടു് മക്കൾ നൂറുരൂപ, നൂറ്റമ്പതു രൂപ എന്ന കണക്കിനു് കിഴവനു കാണിക്കയിടും. മക്കൾ പോകാൻ ഇറങ്ങിനില്ക്കുമ്പോൾ വല്യമ്മാവൻ പറയും: “അടുത്ത ഓണത്തിനു ഞാൻ കാണുകയില്ല മക്കളേ”. ആൺമക്കൾക്കു ലേശം ആർദ്രത. അവരുടെ ഭാര്യമാർക്കു തികഞ്ഞ പുച്ഛം. അടുത്ത തിരുവോണത്തിനും ഇതുതന്നെ സ്ഥിതി. ഒരോണസ്സദ്യയ്ക്കു് എന്നെയും ക്ഷണിച്ചിരുന്നു വല്യമ്മാവൻ. അദ്ദേഹം ക്ഷണക്കത്തുകൾ അയച്ചെങ്കിലും ശയ്യാവലംബിയാണെന്നും സദ്യ നടത്തുന്നിടത്തു് വന്നിരിക്കുകയേയുള്ളുവെന്നും അറിയിച്ചിരുന്നു. അവസാനത്തെ ഊണല്ലേ എന്നു വിചാരിച്ചു് ഞാൻ പോയപ്പോൾ അദ്ദേഹം ആഴംകൂടിയ കിണറ്റിൽനിന്നു് വെള്ളം കോരുന്നതാണു കണ്ടതു്. എന്നെ കണ്ടയുടനെ “ആങ്ഹാ നീ വന്നോ? ഞാൻ പ്രമേഹരോഗിയല്ലേ? അതുകൊണ്ടു വെള്ളംകോരി സ്വല്പം ‘എക്സർസൈസ്’ നടത്തുകയാണു്” എന്നു പറഞ്ഞു. ഇമ്മട്ടിൽ കുറെ വർഷങ്ങളായപ്പോൾ അനിയത്തി കത്തയച്ചാലും ചേട്ടന്മാർ വരുകില്ല എന്നായി. വൃദ്ധൻ മരിക്കുന്നതിനു തൊട്ടുമുൻപുള്ള തിരുവോണത്തിനു് ആൺമക്കൾ ആരും വന്നതേയില്ല. മരിച്ചിട്ടും ചിലർ എത്തിയില്ല. ‘ക്യാഷ്യൽ ലീവി’ല്ലെന്നു് ഒരുത്തന്റെ കമ്പി. ‘പിള്ളേർക്കു പരീക്ഷ’യാണെന്നു മറ്റൊരുത്തന്റെ കമ്പി. വളരെമാസം ബോധമില്ലാതെ കിടന്ന വല്യമ്മാവൻ അതൊന്നും കണ്ടില്ല. അങ്ങനെ കിടന്നകാലത്തു് ചില ബന്ധുക്കൾ പറയാറുണ്ടായിരുന്നു. ‘ചാകുകയുമില്ല, കട്ടിലൊഴിയുകയുമില്ല’. (മകളും ഇങ്ങനെ രഹസ്യമായി അവളുടെ ഭർത്താവിനോടു പറഞ്ഞിരിക്കുമെന്നതു കട്ടായം.)

എന്റെ വല്യമ്മാവന്റെ സ്ഥിതിയാണു് കേരളത്തിലെ ചില സാഹിത്യകാരന്മാർക്കു്. സാഹിത്യമെന്ന സുന്ദരിപ്പെണ്ണിനെ കണ്ടാലുടനെ ചാടിവീണു കെട്ടിപ്പിടിക്കുന്നു. കിഴവനല്ലേ അപ്പൂപ്പൻ പേരക്കുട്ടിയെ സ്നേഹംകൊണ്ടു് ആശ്ലേഷിക്കുകയാണെന്നു കാണുന്നവർ വിചാരിച്ചുകൊള്ളുമല്ലോ എന്നൊക്കെ സങ്കല്പിച്ചു് പെണ്ണു രണ്ടുമിനിറ്റ് വെറുതെ നിന്നുകൊടുക്കും. കാമം തിളച്ചുമറിയുന്നുവെന്നു മനസ്സിലാക്കിയാൽ അവൾ കുതറിമാറും. വൃദ്ധൻ പല്ലില്ലാത്ത മോണകാണിച്ചു കാമോത്സുകതയോടെ ചിരിക്കും. വർഷംതോറും സാഹിത്യ രചനയെന്ന പേരിൽ സദ്യയൊരുക്കുന്നു. കുറെ മക്കൾ അതിൽ പങ്കുകൊള്ളുന്നു. അവർ പരിപൂർണ്ണമായി ഒഴിഞ്ഞുമാറുന്നതിനുമുൻപു് ഓണാഘോഷം നിറുത്തിയാൽ നന്നു്.

ഫ്രഞ്ചെഴുത്തുകാരി
images/Yourcenar1983.jpg
മാർഗറീത് യൂർസെനാർ

മാർഗറീത് യൂർസെനാറു ടെ (Marguerite Yourcenar) ഒരു നോവലിൽ നൽകിയിരിക്കുന്ന ജീവചരിത്രക്കുറിപ്പിനെ അവലംബിച്ചു് ഞാനെഴുതുകയാണു്. അവരുടെ ശരിയായ പേരു് Marguerite de Gayencour എന്നു്. Gayencour എന്ന പേരിലെ അക്ഷരങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാണു് Yourcenar എന്ന പേരു് ഉണ്ടാക്കിയതു്. യൂർസെനാർ 1903-ൽ ജനിച്ചു. അമ്മ ബെൽജിയൻ, അച്ഛൻ ഫ്രഞ്ചും. യൂർസെനാറിനെ പ്രസവിച്ചു് അധികദിവസം കഴിയുന്നതിനുമുൻപു് അമ്മ മരിച്ചു. പിന്നീടു് അച്ഛനാണു് കുട്ടിയെ വളർത്തിക്കൊണ്ടുവന്നതു്. എട്ടുവയസ്സായപ്പോൾത്തന്നെ ആ പെൺകുട്ടി ഫ്രഞ്ച് നാടകകർത്താവു് റേസീനിന്റെയും അഥീനിയൻ കവി അരിസ്റ്റോഫനീസി ന്റെയും കൃതികൾ വായിക്കാൻ തുടങ്ങി. പത്താമത്തെ വയസ്സിൽ ലാറ്റിനും പന്ത്രണ്ടാമത്തെ വയസ്സിൽ ഗ്രീക്കും അച്ഛനിൽനിന്നു പഠിച്ചു. യൂർസെനാറിനു് പതിനെട്ടു വയസ്സായപ്പോഴാണു് അവൾ ആദ്യത്തെ കാവ്യസമാഹാരഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയതു് (Memoirs of Hadrian എന്ന നോവലിന്റെ ആദ്യത്തെ പുറത്തുകാണുന്ന കുറിപ്പിൽനിന്നു്).

images/Hadrian.jpg
ഹേദ്രീയൻ

Raymond Mortimer ‘അദ്ഭുതകരമായ കൃതി’ എന്നു വാഴ്ത്തിയ Memoirs of Hadrian എന്ന നോവൽ റോമാച്ചക്രവർത്തിയായിരുന്ന ഹേദ്രീയൻ താൻ ദത്തെടുത്ത കൊച്ചുമകൻ മാർകസ് ഒറിയലിസി നു് എഴുതുന്ന കത്തിന്റെ രീതിയിലുള്ളതാണു്. മനുഷ്യന്റെ സ്വഭാവം, അവന്റെ അധികാരാസക്തി ഇവയെ അന്യാദൃശമായ ഭാവനാശക്തിയോടെ ചിത്രീകരിക്കുന്ന ഈ നോവൽ നിരുപമമായ കലാശില്പമത്രേ. ഹേദ്രീയൻ ഒരിടത്തു പറയുന്നു: Like everyone else I have at my disposal only three means of evaluating human existence: the study of self which is the most difficult and most dangerous method, but also the most fruitful; the observation of our fellowmen, who usually arrange to hide their secrets from us, or to make us believe that they have secrets where none exist; and books, with the particular errors of perspective to which they inevitably give rise… But books lie, even those that are most sincere. ‘പുസ്തകങ്ങൾ കള്ളം പറയുന്നു; ഏറ്റവും ആർജ്ജവമുള്ളവപോലും’ എന്നാണു് ഹേദ്രീയന്റെ അഭിപ്രായം. എങ്കിലും അദ്ദേഹത്തിന്റെ “ഓർമ്മക്കുറിപ്പുകൾ” സത്യാത്മകത പുലർത്തുന്ന കലാസൃഷ്ടിയാണു്. Overwhelming, marvellous എന്നൊക്കെ വാഴ്ത്തപ്പെട്ട The Abyss എന്ന നോവലും മനുഷ്യസ്വഭാവത്തെ ആഴത്തിൽ ദർശിക്കുന്നു. തത്ത്വചിന്തകനായ സീനോ യുടെ അനുധ്യാനങ്ങളിലൂടെ ഈ ദർശനം സ്പഷ്ടമായി വരുമ്പോൾ നമ്മൾ അദ്ഭുതപ്പെടും. യൂർസെനാറുടെ മൂന്നു പുസ്തകങ്ങൾകൂടി ഞാൻ വായിച്ചിട്ടുണ്ട്—Oriental tales, Coup De Grace, Fires. മൂന്നും മനോഹരങ്ങൾതന്നെ. അനുഗൃഹീതയായ ഈ എഴുത്തുകാരിയെക്കുറിച്ചു് ഈനാശു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം പ്രയോജനപ്രദമാണു്. വേണ്ടിടത്തോളം ഗഹനമായിട്ടില്ല ലേഖനമെന്നു ചിലർക്കു കുറ്റം പറയാം. പക്ഷേ, ആ കുറ്റപ്പെടുത്തലിൽ അർത്ഥമില്ല. മലയാളം മാത്രം അറിയാവുന്നവർക്കു വേണ്ടിയാണു് ഇത്തരം ലേഖനങ്ങൾ രചിക്കപ്പെടുന്നതു്. കൃതികളെക്കുറിച്ചുള്ള സാമാന്യപ്രസ്താവങ്ങൾ, എഴുത്തുകാരനെയോ എഴുത്തുകാരിയെയോ സംബന്ധിച്ച വിവരങ്ങൾ, പ്ലോട്ടിന്റെ ചുരുക്കം, നിരൂപണപരമോ വിർമശനപരമോ ആയ ചില നിരീക്ഷണങ്ങൾ ഇത്രയും ഈ ലേഖനങ്ങളിൽ കാണും. കരുതിക്കൂട്ടിയാണു് ഇത്തരത്തിൽ ഇവ എഴുതപ്പെടുന്നതു്. സായ്പ് എഴുതുന്നതുപോലെയല്ല ഈ ലേഖനങ്ങളെന്നു കുറ്റപ്പെടുത്തുന്നതു് എഴുത്തുകാരന്റെ ലക്ഷ്യമറിയാതെയുള്ള ദോഷാരോപണമാണു്. ഞാനും ഇങ്ങനെയാണു് എഴുതാറു്. അതു മനസ്സിലാക്കാത്ത ചിലയാളുകൾ ഞാൻ നിരൂപകനല്ല. വിമർശകനല്ല എന്നു് ആക്ഷേപിക്കുന്നു. ആ ആക്ഷേപത്തിൽ അർത്ഥമില്ല. ഞാൻ നിരൂപകനോ വിമർശകനോ അല്ലെന്നും ലിറ്റററി ജേണലിസ്റ്റ് മാത്രമാണെന്നും ആയിരംതവണ പറഞ്ഞിട്ടുണ്ടു്. ലൂക്കാച്ച്, ബെൻയമിൻ, നോർത്ത്റെപ് ഫ്രൈ, റോളാങ് ബാർഥ്, കോൾറിജ്ജ്, എല്യറ്റ് ഇങ്ങനെ വളരെക്കുറച്ചു പേരേ നിരൂപകരായുള്ളു. അമേരിക്കയിലെ എഡ്മണ്ട് വിൽസൺ പോലും ജേണലിസ്റ്റ് മാത്രമാണു്. ക്ഷീരബല ആവർത്തിക്കുമ്പോലെ ആവർത്തിച്ചിട്ടുള്ള ഈ സത്യം ഇനി ഞാൻ ആവർത്തിക്കുകയില്ലെന്നു് വായനക്കാർക്കു് ഉറപ്പുതരുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: രണ്ടും രണ്ടും എത്ര?

ഉത്തരം: 22 എന്നു് കവി ഉത്തരം പറയും. കവിയല്ലാത്ത ഞാൻ നാലു് എന്നും. ഈ വിഷയത്തെക്കുറിച്ചു് ഒരു മഹാവ്യക്തി പറഞ്ഞതു് ഞാൻ ഇവിടെ എടുത്തെഴുതാം: Even if one admits that, logically, the truth of 2 × 2 = 4 is not of the same type as that of ‘Thou shall not Kill’ the fact remains that the ultimate meaning of arithmetic equivalence is pertinent to all men, a universality found in a different form in the prohibition against killing… The formal rules of the rationalistic ethic… are… the logical development of the notion of humanity, of the universal society of man, an idea inseparable from the profound significance of scientific truth. (Literature And Its Theorists—A personal view of Twentieth Century criticism—Tzvetan Todorov — Translated by Catherine Porter—Routledge & Kegan Paul, London P. 179.)

ചോദ്യം: ഏഭ്യനല്ലേ നിങ്ങൾ? (ചോദ്യം തപാലിൽ കിട്ടിയതു്)

ഉത്തരം: കാക്കയുടെ വിചാരം അതൊരു അരയന്നമാണെന്നാണു്. തൊട്ടാവാടിപ്പൂ കരുതുന്നു അതൊരു താമരപ്പൂവാണെന്നു്. പദ്യമെഴുതുന്നവൻ താനൊരു കവിയാണെന്നു വിചാരിക്കുന്നു. താങ്കൾ വിചാരിക്കുന്നു താങ്കളൊരു ബുദ്ധിമാനാണെന്നു്.

ചോദ്യം: പേവാർഡ്?

ഉത്തരം: അർത്ഥം സ്ഥലത്തെ ആശ്രയിച്ചിരിക്കും. തിരുവനന്തപുരത്തെ ഊളമ്പാറയിലാണെങ്കിൽ അതിനു് ഒരർത്ഥം. മെഡിക്കൽ കോളേജാശുപത്രിയിലാണെങ്കിൽ മറ്റൊരർത്ഥം. ആ മറ്റൊരർത്ഥം എന്താണെന്നു പറയാം. മരിക്കാൻ കിടക്കുന്ന രോഗിയെ കൂടുതൽ സന്ദർശകർ സന്ദർശനംകൊണ്ടു് മരണത്തിലേക്കു വേഗം അടുപ്പിക്കുന്ന സ്ഥലം. ജനറൽ വാർഡിലാണെങ്കിൽ സന്ദർശകർ കുറയും. അടുത്ത ബെഡ്ഡിലെ നാറ്റം സഹിച്ചു് അധികംനേരം നിൽക്കാൻ ആർക്കാണു കഴിയുക?

ചോദ്യം: ഉദ്യോഗസ്ഥന്മാരിൽ ആരു പറഞ്ഞ വാക്യമാണു് നിങ്ങളെ ചിന്തിപ്പിച്ചതു? അല്ലെങ്കിൽ നിങ്ങൾ വിസ്മരിക്കാത്തതു?

ഉത്തരം: ഡോക്ടർ കെ. ഭാസ്കരൻനായർ പറഞ്ഞവാക്യം. ‘ഞാൻ ഒരുപൈസപോലും കൈക്കൂലി വാങ്ങിയിട്ടില്ല. അതുകൊണ്ടു് എന്നും രാത്രി ഞാൻ സുഖമായി ഉറങ്ങും’.

ചോദ്യം: നിങ്ങൾ ശത്രുക്കളെ സ്നേഹിക്കാറുണ്ടോ, ബഹുമാനിക്കാറുണ്ടോ?

ഉത്തരം: ഉണ്ടു്. ഡോക്ടർ കെ. ഭാസ്കരൻനായരെ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

ചോദ്യം: അമേരിക്കൻ സാഹിത്യകാരന്മാരിൽ നിങ്ങൾ വെറുക്കുന്ന ഒരാൾ?

ഉത്തരം: നോർമ്മൻ മേലർ (Mailer).

സന്ന്യാസിയുടെ ഗതികേട്

കലാകാരനും സഹൃദയനും ഒന്നാകുന്നു ആസ്വാദനത്തിൽ. ഈ താദാത്മ്യമില്ലാത്തിടത്തു് കലയില്ല.

ഒരു കോളേജിൽ പേരുകേട്ട ഒരു സംസ്കൃതം പ്രൊഫസറുണ്ടായിരുന്നു. അദ്ദേഹം മിക്കവാറും സംസ്കൃതത്തിലേ പ്രസംഗിക്കൂ. പക്ഷേ, അദ്ദേഹത്തിന്റെ സംസ്കൃതം വാസ്തവത്തിൽ മലയാളമാണെന്നാണു് ചിലർ പറഞ്ഞതു്. ഒരിക്കൽ വടക്കേയിന്ത്യയിൽ നിന്നു് ഒരു കള്ളസ്സന്ന്യാസി ആ കോളേജിൽ പ്രസംഗിക്കാൻ വന്നു. അയാൾക്കു സ്വാഗതമാശംസിച്ചതു് പ്രൊഫസറായിരുന്നു. സംസ്കൃതത്തിലുള്ള ആ സ്വാഗതപ്രഭാഷണം സന്ന്യാസിക്കു് ഒട്ടും മനസ്സിലായില്ല. അദ്ദേഹം ഒന്നും ഗ്രഹിക്കാൻ കഴിഞ്ഞില്ല എന്ന മട്ടിൽ കൈമലർത്തിക്കാണിച്ചപ്പോൾ സംസ്കൃതം സംസ്കൃതമായിത്തന്നെ പറയുന്ന പ്രിൻസിപ്പലെഴുന്നേറ്റു് പ്രൊഫസറുടെ മലയാളം–സംസ്കൃതം പ്രസംഗം സംസ്കൃതമാക്കി പ്രസംഗിച്ചു. ഗോപിക്കുട്ടൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “ഒരു രക്ഷാകർത്താവിന്റെ കഥ നമ്മിൽ ചിലരുടെയും” എന്ന ഹാസ്യകഥ വായിച്ചപ്പോൾ എനിക്കോർമ്മവന്നതു് ഈ മലയാളം–സംസ്കൃതം പ്രസംഗവും അതിനു പ്രിൻസിപ്പൽ നൽകിയ തർജ്ജമയുമാണു്. ഒരു പയ്യനു് കോളേജിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കാൻ ഒരധ്യാപകൻ പാടുപെടുന്നതിന്റെ ഹാസ്യചിത്രം വരയ്ക്കാനാണു് ഗോപിക്കുട്ടന്റെ യത്നം. പക്ഷേ, ഹാസ്യമൊട്ടുമില്ല ഇതിൽ. ഈ “പരിഹാസ്യ”മായ ഹാസ്യത്തെ യഥാർത്ഥ ഹാസ്യമാക്കി മാറ്റാൻ കഴിവുള്ള ആരെങ്കിലും വരേണ്ടിയിരിക്കുന്നു. ഇന്നത്തെ നിലയ്ക്കു് എനിക്കു അവലംബഹീനനായി കൈ മലർത്തിക്കാണിക്കാനേ കഴിയുന്നുള്ളു.

ദില്ലിയിൽ താമസിക്കുന്ന പ്രശസ്തനായ ഒരു സാഹിത്യകാരൻ തിരുവനന്തപുരത്തെത്തിയാൽ ദയാപൂർവം എന്നെ ടെലിഫോണിൽ വിളിക്കാറുണ്ടു്. പക്ഷേ, അദ്ദേഹത്തിന്റെ ആദ്യത്തെച്ചോദ്യം എനിക്കു വല്ലാത്ത വൈഷമ്യമുണ്ടാക്കും. എപ്പോഴും, “നായർസാറാണോ അതു?” എന്നതാണു് ആ ചോദ്യം. എന്റെ പേരു നായരെന്നല്ല, കൃഷ്ണൻനായരെന്നാണു്. അതുകൊണ്ടു് ‘കൃഷ്ണൻനായരാണോ’ എന്നുവേണം ചോദിക്കാൻ. കാളിദാസൻ ശാകുന്തളം നാടകമെഴുതി എന്നു് പ്രബന്ധത്തിന്റെ ആദ്യവാക്യമായി എഴുതിയിട്ടു് ദാസൻ മാളവികാഗ്നിമിത്രം നാടകവും രചിച്ചിട്ടുണ്ടു്. ദാസന്റെ കുമാരസംഭവം നല്ല കാവ്യമാണു് എന്നൊക്കെ എഴുതിയാൽ വായനക്കാർക്കു് എന്തു തോന്നും? ടെലിവിഷനിൽ ഈ തെറ്റു് പലപ്പോഴും സംഭവിക്കുന്നു. ശ്രീ. എൻ. കൃഷ്ണപിള്ള രാത്രി 8.20-നു ചരമംപ്രാപിച്ചു എന്നു് ആദ്യം പറയുന്നു. പിന്നീടു് ശ്രീ. പിള്ള എന്ന പ്രയോഗത്തിന്റെ കളിയാണു്. ശ്രീ. പിള്ളയുടെ ‘പ്രതിപാത്രം ഭാഷണഭേദം’ എന്ന ഗ്രന്ഥത്തിനു പല അവാർഡുകളും ലഭിച്ചു. ശ്രീ. പിള്ള പല നാടകങ്ങളും രചിച്ചിട്ടുണ്ടു് എന്നൊക്കെ മൊഴിയാടിയാൽ അതു് നിന്ദനമായേ ഞാൻ പരിഗണിക്കു. നായരും പിള്ളയും മേനോനും ജാതിയെ കാണിക്കുന്ന പദങ്ങളാണു്. മന്ത്രി ചന്ദ്രശേഖരൻനായരെ ശ്രീ. നായരായും എൻ. കൃഷ്ണപിള്ളയെ ശ്രീ. പിള്ളയായും സി. അച്ചുതമേനോനെ ശ്രീ. മേനോനായും വെട്ടിച്ചുരുക്കുന്നവർ അവരുടെ വ്യക്തി പ്രഭാവത്തിലല്ല, ജാതിയിലാണു് ഊന്നൽ നൽകുക. മന്ത്രി പി. എസ്. ശ്രീനിവാസനെ നിവാസനെന്നും ഹാസ്യസാഹിത്യകാരനായ ആനന്ദക്കുട്ടനെ കുട്ടനെന്നും ആരെങ്കിലും പറയുമോ? പറയുകില്ലെങ്കിൽ എൻ. കൃഷ്ണപിള്ളയെ ശ്രീ. പിള്ളയാക്കി മാറ്റരുതു്. അതു് അപമാനിക്കലാണു്.

നിർവ്യാജസേവനം

മലയാള സാഹിത്യത്തിലെ കാല്പനിക യുഗം നശിക്കില്ല. റിയലിസ്റ്റിക് യുഗം ഇപ്പോഴേ വിസ്മരിക്കപ്പെട്ടു. കാല്പനിക യുഗത്തിന്റെ ആദ്ധ്യാത്മിക പരിമളം റിയലിസ്റ്റിക് യുഗത്തിനില്ല എന്നതാണു് അതിനു ഹേതു.

കൃഷ്ണപിള്ളസ്സാറ് ബോധശൂന്യനായി വീഴുന്ന ദിവസത്തിനു് ഒരാഴ്ചയ്ക്കുമുൻപു് ഞാനദ്ദേഹത്തെ കണ്ടു. സുഖക്കേടിനെക്കുറിച്ചു ചിലതൊക്കെ പറഞ്ഞിട്ടു സാറ് അറിയിച്ചു: “ഇങ്ങനെ കുറച്ചുദിവസംകൂടെ പോകും കൃഷ്ണൻനായരേ”. ആ ‘കുറച്ചുദിവസം’കൊണ്ടുതന്നെ അദ്ദേഹം പോയി. ആ വാക്കുകളിൽ വർത്തമാനകാലത്തു് സന്തോഷത്തോടെ ജീവിക്കുന്ന ഒരു നല്ല മനുഷ്യനെ ഞാൻ കണ്ടു. ഭാവിയെക്കുറിച്ചു് ഒരാശങ്കയുമില്ലാതെ വർത്തമാനകാലത്തിനു പ്രാധാന്യം കല്പിച്ച മനുഷ്യൻ. എല്ലാവർക്കും അതു സാദ്ധ്യമല്ല. പലരെയും ഭൂതകാലം ഹോൺട് ചെയ്തുകൊണ്ടിരിക്കും. താൻ ചെയ്ത തെറ്റു്, അന്യനോടു കാണിച്ച വിശ്വാസവഞ്ചന, ഉപകർത്താവിനോടുള്ള നന്ദികേടു് ഇവയിലേതെങ്കിലുമൊന്നു് വ്യക്തിയെ വർത്തമാനകാലത്തു് അലട്ടിക്കൊണ്ടിരിക്കും. അവൻ ആ ‘അലട്ടലി’നു് വിധേയനാണെന്നു് അവന്റെ മുഖം നോക്കിയാൽ അറിയാം. കൃഷ്ണപിള്ളസ്സാറിനെ കണ്ടവരോടു ഞാൻ അഭ്യർത്ഥിക്കുകയാണു്. സാറിന്റെ മുഖമൊന്നു് ഓർമ്മിച്ചുനോക്കു. നിഷ്കളങ്കതയാണു് അതിന്റെ മുദ്ര. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിരിയും നിഷ്കളങ്കതയെത്തന്നെ സൂചിപ്പിച്ചു. എന്തുകൊണ്ടു് ഈ കളങ്കമില്ലായ്മ? ഭൂതകാലത്തെ ഒരു കൊള്ളരുതായ്മയും അദ്ദേഹത്തെ ഹോൺട് ചെയ്യാനില്ലായിരുന്നു. സുചരിതനായി അദ്ദേഹം ജീവിച്ചു. വിശുദ്ധിയുടെ മയൂഖമാലകൾ വീശിക്കൊണ്ടു് ഇവിടംവിട്ടു പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ നന്മയും വിശുദ്ധിയും കലാകൗമുദിയുടെ പ്രവർത്തകർ മനസ്സിലാക്കിയതിനു തെളിവാണു് 672-ആം ലക്കം വാരിക. പ്രഗൽഭന്മാർ അതിൽ ലേഖനങ്ങൾ എഴുതിയിരിക്കുന്നു. കാവ്യം രചിച്ചിരിക്കുന്നു. ഈ സന്ദർഭത്തിൽ മൂന്നുപേരെക്കൂടി ഞാൻ ഓർമ്മിക്കുന്നു. സാറിന്റെ സപ്തതി ആഘോഷിക്കാൻ തുടങ്ങിയ നാളുതൊട്ടു് അക്ഷീണയത്നത്തിൽ മുഴുകിയവർ; കവടിയാർ രാമചന്ദ്രൻ, എഴുമറ്റൂർ രാജരാജവർമ്മ, ചന്ദ്രബാബു. സാറ് രോഗവിവശനായപ്പോഴും ഇവർ തികഞ്ഞ ആർജ്ജവത്തോടെ അദ്ദേഹത്തെ പരിചരിച്ചു. ആദ്യംപറഞ്ഞ രണ്ടുപേർ ബന്ധുക്കളിലും കവിഞ്ഞ പരിചരണതാല്പര്യം കാണിച്ചുവെന്നാണു് ആരോ എന്നോടു പറഞ്ഞതു്. പക്ഷേ, ആർജ്ജവത്തിന്റെ ഉടലെടുത്ത രൂപങ്ങളായ ഈ മൂന്നുപേരെയും ഞാൻ പത്രങ്ങളിൽ കണ്ടില്ല, ടെലിവിഷനിൽ കണ്ടില്ല. ചെയ്യാനുള്ളതു ചെയ്തിട്ടു നല്ലവർ അകന്നു പോകുന്നു. അവർ നന്ദി പ്രതീക്ഷിക്കുന്നില്ല. അംഗീകാരം ആഗ്രഹിക്കുന്നില്ല. ഈ മൂന്നുപേരെയും കൃഷ്ണപിള്ളസ്സാറിന്റെ ആത്മാവു് അനുഗ്രഹിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു. അവരുടെ സത്യസന്ധതയും സ്വാർത്ഥരാഹിത്യവും എനിക്കുകൂടി ഉണ്ടായെങ്കിൽ!

images/Rodin.jpg
റൊദങ്

സത്യം അഗാധസ്ഥിതമാണെന്നും അതു കാണാൻ പല തട്ടുകൾ തകർത്തുമാറ്റി താഴത്തേക്കു ചെല്ലണമെന്നും അരവിന്ദഘോഷ് പറഞ്ഞിട്ടുണ്ടു്. (അദ്ദേഹത്തിന്റെ True Poetry എന്ന ഗ്രന്ഥത്തിലാണെന്നാണു് എന്റെ ഓർമ്മ) ഇതു് പ്രതിമാനിർമ്മാണത്തെസ്സംബന്ധിച്ചാണെങ്കിൽ ശരിയാണു്. മാർബിൾ അടർത്തി അടർത്തി അതിനകത്തിരിക്കുന്ന ബൽസാക്കി ന്റെ രൂപം റൊദങ് (Rodin) കണ്ടെത്തുന്നു. ഇവിടെ ഒരു സംശയം. കാവ്യത്തെസംബന്ധിച്ചു് ഇതെങ്ങനെ ശരിയാകും? വാക്കുകൾ അടുക്കിവച്ചു് കവി നിർമ്മിക്കുന്ന ശില്പമാണു കാവ്യം. അതിൽ അടർത്തിയെടുക്കലേ ഇല്ല.

നിരീക്ഷണങ്ങൾ
  1. കേറ്റ് മില്ലറ്റുംജർമ്മേൻ ഗ്രീറും മറ്റും നൽകിയ സിദ്ധാന്തങ്ങളനുസരിച്ചു് പ്രവർത്തിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതാണു് കേരളത്തിലെ സ്ത്രീ സ്വാതന്ത്ര്യവാദക്കാരുടെ തകരാറു്.
  2. നിരൂപണം സാഹിത്യസൃഷ്ടിയിലേക്കു വായനക്കാരനെ നയിക്കാനുള്ളതാകയാൽ അതിനു് ഭാവാത്മകത്വം നൽകി കവിതയുടെ മട്ടിലാക്കുന്നതു ശരിയല്ല. (ജി. ശങ്കരക്കുറുപ്പി ന്റെ നിരൂപണ പ്രബന്ധങ്ങൾ ഭാവകാവ്യങ്ങൾപോലെയാണു്.)
  3. പാതിവ്രത്യം സെക്ഷ്വൽ പെർവേഷനാണെന്നു് അൽഡസ് ഹക്സിലി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ വിശ്വാസവഞ്ചന കാണിച്ചാലോ? എന്തായിരിക്കും ഹക്സിലിയുടെ മാനസികനില?
  4. സാഹിത്യത്തിൽ തല്പരത്വമുള്ള സ്ത്രീക്കു് എല്ലാ എഴുത്തുകാരോടും സ്നേഹമാണു്. പ്രായവും ആകാരവും അതിനു തടസ്സം സൃഷ്ടിക്കുകയില്ല.
  5. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവും അവളെ വഞ്ചിക്കും. കാരണം, അയാളുടെ എല്ലാ ആവശ്യങ്ങൾക്കും അവൾ സംതൃപ്തി നൽകുന്നില്ല എന്നതാണു്. താൻ സ്നേഹിക്കാത്ത സ്ത്രീയുടെ അടുത്തുപോകാൻ അയാൾ നിർബ്ബദ്ധനാകുന്നതു് അതു കൊണ്ടാണു്. (ഈ ആശയം എന്റേതല്ല. പ്രൂസ്തി ന്റെ നോവലിൽ കണ്ടതാണു്.)
  6. മലയാള സാഹിത്യത്തിലെ കാല്പനികയുഗം നശിക്കില്ല. റീയലിസ്റ്റിക് യുഗം ഇപ്പോഴേ വിസ്മരിക്കപ്പെട്ടു. കാല്പനികയുഗത്തിന്റെ ആധ്യാത്മിക പരിമളം റീയലിസ്റ്റിക് യുഗത്തിനില്ല എന്നതാണു് അതിനു ഹേതു.

കള്ളച്ചാരായം, വാറ്റി വില്ക്കുന്നവരുടെ കഥയാണു് മേരി അലക്സാണ്ടർ പറയുന്നതു്. (ട്രയൽ വാരിക—നില്ക്കക്കള്ളി) പുതിയ ‘ഇൻസൈ’റ്റൊന്നും ഇക്കഥയ്ക്കില്ലെങ്കിലും മേരി അലക്സാണ്ടറുടെ നാടോടിഭാഷയ്ക്കു ചാരുതയുണ്ടു്. അതുകൊണ്ടു് ഇക്കഥ ആരും കൗതുകത്തോടെ വായിക്കും.

അന്യാദൃശനിമിഷം

ആസ്വാദനത്തിന്റെ ഓരോ നിമിഷവും നിസ്തൂല നിമിഷമാണു്, അന്യാദൃശ നിമിഷമാണു്. ഉത്കൃഷ്ടികൾ ഇത്തരം നിമിഷങ്ങളെ സൃഷ്ടിക്കുന്നു.

വർഷങ്ങൾക്കുമുൻപു് ഞാൻ തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺ ഹാളിൽ നാടകം കണ്ടുകൊണ്ടിരിക്കുകയാണു്. എന്റെ തൊട്ടടുത്തു് ഇരിക്കുന്ന ഒരു സഹൃദയൻ ചില രംഗങ്ങൾകണ്ടു പൊട്ടിച്ചിരിക്കുന്നു. മറ്റു ചില രംഗങ്ങളുടെ ദർശനത്താൽ കരയുന്നു. കൈകൾ കൂട്ടിത്തട്ടി ഹായ്, ഹായ് എന്നു പറഞ്ഞ സന്ദർഭങ്ങളും ഇല്ലാതില്ല. ആ ആസ്വാദനംകണ്ടു് ആദരത്തോടെ ഞാൻ ചോദിച്ചു: “താങ്കൾ?” അദ്ദേഹം മറുപടി നൽകി: “ടി. എൻ. ഗോപിനാഥൻനായർ ”. അങ്ങനെയാണു് ഞാൻ അദ്ദേഹത്തെ അടുത്തു കണ്ടതു്. അതിനുമുൻപു് കണ്ടിട്ടുണ്ടു്. എങ്കിലും ഓർമ്മയിൽനിന്നു് അതു മാഞ്ഞുപോയി. ഗോപിനാഥൻനായർ നാടകകർത്താവാണു്, കവിയാണു്, അഭിനേതാവാണു്. എങ്കിലും നാടകംകണ്ടു് തന്നെമറന്നു് ആഹ്ലാദിച്ച അദ്ദേഹം ആ നിമിഷങ്ങളിൽ വേറൊരാളായിരുന്നു. ആസ്വാദനത്തിന്റെ ഈ ഓരോ നിമിഷവും നിസ്തുലനിമിഷമാണു്, അന്യാദൃശ നിമിഷമാണു്. ഉത്കൃഷ്ടങ്ങളായ കലാ സൃഷ്ടികൾ ഇത്തരം നിമിഷങ്ങളെ സൃഷ്ടിക്കുന്നു. ചെക്കോവി ന്റെ “ഓമന” എന്ന ചെറുകഥ വായിക്കുന്ന ഞാൻ ഈ വിധത്തിലൊരു നിമിഷത്തെ സാക്ഷാത്കരിക്കുന്നു. ഇതിനു കഴിവില്ലാത്ത രചന വ്യർത്ഥമായ രചനയാണു്. കുമാരി എൻ. കൊട്ടാരത്തിൽ ദീപിക ആഴ്ചപ്പതിപ്പിലെഴുതിയ “മുത്തശ്ശാ മാപ്പു് ” എന്ന ചെറുകഥ അങ്ങനെയൊരു നിമിഷം സൃഷ്ടിക്കുന്നില്ല എന്നതു പോകട്ടെ, നമ്മുടെ ഒരുനിമിഷത്തെ മലീമസമാക്കുകയും ചെയ്യുന്നു. പെൺകുഞ്ഞിനെ പ്രസവിച്ചു എന്ന കുറ്റത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവു് ഉപേക്ഷിച്ചു. മുത്തച്ഛൻ അവളെ ആശ്വസിപ്പിച്ചു. വർഷങ്ങൾ കഴിഞ്ഞു് സന്ന്യാസിയുടെ മട്ടിൽ എത്തുമ്പോൾ അവൾ അയാളെ വീട്ടിൽനിന്നു പറഞ്ഞയയ്ക്കുന്നു. ആകെക്കൂടി ഒരവാസ്തവികത.

images/TNGopinathanNair.jpg
ടി. എൻ. ഗോപിനാഥൻനായർ

ആ പഴയ കഥ ആവർത്തിക്കട്ടെ. അകത്തിരുന്ന ആൾ ചോദിച്ചു: “കതകിൽ തട്ടുന്നതു് ആരു്?” മറുപടി. കാമുകിയുടെ ശബ്ദം: “ഞാനാണു്”. അകത്തിരുന്ന ആള് നിശ്ശബ്ദൻ. കാമുകി തിരിച്ചുപോയി ധ്യാനത്തിൽ മുഴുകി. അനേകവർഷങ്ങൾ കഴിഞ്ഞു് തിരിച്ചെത്തി വാതിലിൽ തട്ടി. “ആരതു?” “ഞാൻതന്നെ”. പിന്നെയും മൗനം. കാമുകി തിരിച്ചുപോയി തപസ്സനുഷ്ഠിച്ചു. വർഷങ്ങൾക്കുശേഷം അവൾ വീണ്ടും കതകിൽ തട്ടി. “ആരതു?” അവൾ മറുപടി പറഞ്ഞു: “നീതന്നെ”. കതകുതുറന്നു. അവൾ അകത്തു കടന്നു. കലാകാരനും സഹൃദയനും ഒന്നാകുന്നു ആസ്വാദനത്തിൽ. ഈ താദാത്മ്യമില്ലാത്തിടത്തു് കലയില്ല.

images/Chekhov1898.jpg
ചെക്കോവ്

എന്റെ ഹിപോക്രിസി: പോസ്റ്റാഫീസിൽ ചെന്നു കവറു വാങ്ങി തിടുക്കത്തിൽ മേൽവിലാസം എഴുതിയപ്പോൾ “ശ്രീ” എന്നു ചേർക്കാൻ മറന്നുപോയി. ഉടനെ പേരിന്റെ ഒടുവിൽ അവർകൾ എന്നു് എഴുതി. ‘ശ്രീ’ എന്നതില്ലാതെ പേരിന്റെ ഒടുവിൽ അവർകൾ എന്നെഴുതിയ കത്തു് നിങ്ങൾക്കു കിട്ടിയാൽ അയച്ച ആളിനു് നിങ്ങളോടു ബഹുമാനമില്ലെന്നു ധരിച്ചാൽ മതി. ചിലപ്പോൾ അബോധമനസ്സെടുത്തു നമ്മൾ പുറത്തിടും. ഞാനൊരു സ്നേഹിതനു കത്തയച്ചപ്പോൾ Dear friend എന്നെഴുതി. മറുപടി വന്നപ്പോൾ “നിങ്ങൾ എന്നെ പിശാചാക്കിയിരിക്കുന്നല്ലോ എന്നു സ്നേഹിതൻ എഴുതിയിരിക്കുന്നു. friend എന്ന വാക്കിലെ r എന്ന അക്ഷരം വിട്ടുപോയപ്പോൾ അതു് fiend ആയി (പിശാച്). അബോധമനസ്സു് ഇല്ലെന്നു് ഫ്രായിറ്റി ന്റെ എതിരാളികൾ പറയുന്നതു് ഞാൻ അംഗീകരിക്കുന്നില്ല. ഇപ്പോൾ മേൽവിലാസമെഴുതി ഫെവികോൾ കൊണ്ടു കവറൊട്ടിച്ചാലും ഞാനതു് ഇളക്കി friend എന്നെഴുതിയോ fiend എന്നെഴുതിയോ എന്നു് ഉറപ്പു വരുത്താറുണ്ടു്. പലപ്പോഴും കവറു കീറിപ്പോകാറുമുണ്ടു്. ഹിപോക്രിസിയുള്ളവർക്കു നഷ്ടം വരട്ടെ.

തെറ്റു് ആരുടെ?

ആഞ്ഞം മാധവൻ നമ്പൂതിരി മരണശയ്യയിലായിരുന്നപ്പോൾ ഗായകനായ യേശുദാസ് അദ്ദേഹത്തെ കാണാൻ ചെന്നു. ഒരാന്തരപ്രേരണയാൽ അദ്ദേഹം പാടിത്തുടങ്ങി. കുങ്കുമം വാരികയിൽ അച്ചടിച്ചുവന്ന ആ നാരായണീയശ്ലോകം ഞാനതുപോലെ ഇവിടെ പകർത്തട്ടെ.

‘യോഗീന്ദ്രാണാം ത്വതംഗേശ്വതിക സുമധുരം

മുക്തിഭാജാം നിവാസോ

ഭക്താനാം കാമവർഷദ്യം തരുകി-

സലയം നാഥ, തേ പാദമൂലം…

നിത്യം ചിത്തസ്ഥിതം മേപവന-

പുരപതേ കൃഷ്ണാ,

കാരുണ്യസിന്ധോ, കൃഷ്ണാ കാരുണ്യസിന്ധോ…

ഹൃത്വാനിശ്ശേഷതാപാനുപ്രതി-

ചതുകരമാനന്ദ സന്തോഷലക്ഷ്മീ…

സ്വതിസതു പരമാനന്ദ സന്തോഷ ലക്ഷ്മീ

അജ്ഞാദ്വാതേ മഹത്വം, യതിഹ-

നികദിതം വിശ്വനാഥസ്വദേഹഃ

സ്തോത്രം…

…നാരായണീയം’…

ഇതു മുഴുവനും തെറ്റാണു്. യേശുദാസിനു് ഈ തെറ്റുകൾ വരില്ല. അച്ചടിത്തെറ്റുകളാവാം. യേശുദാസ് പറഞ്ഞുകൊടുത്തതു് പകർത്തിയെഴുതിയ ആളിന്റെ വിവരക്കേടുകൊണ്ടു വന്ന തെറ്റുകളുമാവാം. നാരായണീയം എന്റെ കൈയിലില്ല. ശ്ലോകം ഓർമ്മയിൽ നിന്നു കുറിച്ചിടാം:

യോഗീന്ദ്രാണാം ത്വദംഗേഷ്വധികഃസുമധുരം മുക്തിഭാജാംനിവാസോ

ഭക്താനാം കാമവർഷദ്യുതരുകിസലയം നാഥേ! തേ പാദമൂലം

നിത്യം ചിത്തസ്ഥിതം മേ പവന പുരപതേ! കൃഷ്ണകാരുണ്യസിന്ധോ!

ഹൃത്വാനിശേഷകതാപാൻ പ്രദിശതു പരമാനന്ദ സന്ദോഹ ലക്ഷ്മീം

പൈങ്കിളിനോവലുകൾ യഥാർത്ഥമായ സാഹിത്യമാകാത്തതു് അവയുടെ രചയിതാക്കളുടെ ഭാഗ്യംതന്നെ. സാഹിത്യമായിരുന്നെങ്കിൽ അവർ ഇന്നത്തെപ്പോലെ കോടീശ്വരന്മാരാകുമായിരുന്നോ?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-08-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.