ഇന്ദ്രിയങ്ങളിൽകൂടി കിട്ടുന്ന അറിവുകളുടെ, സംവേദനങ്ങളുടെ സാന്ദ്രീകൃതമായ ആവിഷ്ക്കാരമാണു് കല. ലഭിക്കുന്നതെല്ലാം പകർത്തിവച്ചാൽ അതു മുനിസിപ്പാലിറ്റിയുടെ ചവറ്റുവണ്ടിപോലെയാകും.
കാലം എത്ര വേഗത്തിലാണു് പ്രവഹിക്കുന്നത്! കൂലംകുത്തിയുള്ള ആ ഒഴുക്കിൽ വന്മരങ്ങൾപോലും കടപുഴകി വീഴുന്നു അതെല്ലാം കണ്ടിട്ടും മനുഷ്യൻ ഒന്നും ഗ്രഹിക്കുന്നില്ല, പഠിക്കുന്നില്ല. നന്മയുടെ മൂർത്തിമദ്ഭാവമായ എൻ. കൃഷ്ണപിള്ള സ്സാറ് പോയി. ശുദ്ധാത്മാവായ വി. സഹദേവൻ അപ്രത്യക്ഷനായി. എല്ലാ അർത്ഥത്തിലും നല്ലയാളായിരുന്ന പ്രൊഫസർ പദ്മനാഭൻ നായരെ കേന്ദ്ര സർക്കാരിന്റെ അവിദഗ്ദ്ധത അപഹരിച്ചു. പ്രൊഫസർ കെ. എം. ഡാനിയൽ സുഹൃത്തുക്കളുടെ ദർശനത്തിൽ പൊട്ടിച്ചിരിക്കുന്നതു് നമ്മളിനി കാണുകയില്ല. കൃഷ്ണപിള്ളസ്സാറ് പ്രതിഭാശാലിയായ സാഹിത്യകാരനായിരുന്നു. അസത്യങ്ങൾക്കെതിരായി ശബ്ദമുയർത്തിയ ധീരനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു സഹദേവൻ. കവിയായിരുന്നു പദ്മനാഭൻനായർ. വ്യാകരണത്തിൽ അവഗാഹമുള്ള നല്ല വിമർശകനായിരുന്നു ഡാനിയൽ. ജീവിതം മുഴുവനും കഷ്ടപ്പെട്ടിട്ടു് ജീവിക്കാൻ ആരംഭിച്ചപ്പോൾ വിധി അദ്ദേഹത്തെ ബന്ധുക്കളിൽനിന്നും മിത്രങ്ങളിൽ നിന്നും അകറ്റി. ഈ മരണങ്ങളൊക്കെ കണ്ടിട്ടും മനുഷ്യനു മാറ്റമില്ല. അവൻ അന്യനെ ദ്രോഹിക്കുന്നു. കുതികാൽവെട്ടുന്നു. അപവാദ വ്യവസായം തുടരുന്നു. കുത്തുവാക്കുകൾ പറയുന്നു. മറ്റൊരാളിന്റെ മുതൽ പിടിച്ചുപറിക്കുന്നു. ബാങ്ക് ബാലൻസ് വർദ്ധിപ്പിച്ചുകൊണ്ടു് ‘ഞാൻ മാത്രം മരിക്കില്ല’ എന്നു വിചാരിക്കുന്നു. നിസ്സാരമായ ജലദോഷത്തിനു് ഉത്തരം പറയാൻ കഴിവില്ലാത്ത ക്ഷുദ്രത്വമാർന്ന മനുഷ്യൻ! ഞാൻ നല്ലപിള്ള ചമയുകയല്ല. എനിക്കും കണ്ടേക്കാം ഇപ്പറഞ്ഞ ദോഷങ്ങൾ. ആദിയും അന്തവുമില്ലാത്ത കാലത്തിനകത്തു് എന്തെല്ലാം മാറ്റങ്ങൾ!

എന്റെ കുട്ടിക്കാലത്തു് ഞാൻ കണ്ട തിരുവിതാംകൂർ ഇന്നില്ല. അന്നു് കന്യാകുമാരിയിൽ ചെല്ലുമ്പോൾ ഇതു് എന്റെ നാടാണു് എന്നു് അഭിമാനത്തോടെ വിചാരിച്ചിരുന്നു. ഇന്നു് അതു് എന്റെ രാജ്യത്തിന്റെ ഒരു ഭാഗമാണെങ്കിലും തമിഴ്‌നാടാണു്. ബാല്യകാലത്തു് ഏതു സ്വാതന്ത്ര്യത്തോടെ ഞാനവിടെ ചെന്നിരുന്നുവോ അതേ സ്വാതന്ത്ര്യത്തോടെ ഇന്നവിടെ ചെല്ലാൻ വയ്യ. ഇന്നു് ഈസ്റ്റ് ബംഗാളായ—ബംഗ്ലാദേശമായ—പ്രദേശം ഒരുകാലത്തു് എന്റെ രാജ്യമായിരുന്നു. ഇന്നത്തെ പാകിസ്ഥാൻ ദേശവും എന്റെ ദേശമായിരുന്നു. ഇപ്പോൾ ആ രണ്ടു സ്ഥലങ്ങളിലേക്കും ചെല്ലാൻ അവിടുത്തെ അധികാരികളുടെ അനുമതി എനിക്കു കൂടിയേതീരൂ. ആ അനുജ്ഞയില്ലാതെ അവിടെച്ചെന്നാൽ ഞാൻ കാരാഗൃഹത്തിലാകും.
മാറ്റം, എവിടെയും മാറ്റം. വ്യക്തിയും മാറുന്നു. ഇന്നലെയുള്ള ഞാനല്ല ഇന്നത്തെ ഞാൻ. ഞാൻ കാണുന്നവരൊക്കെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഞാൻ വളർത്തിയ കുട്ടികൾ ഇന്നു് അന്യരെപ്പോലെ പെരുമാറുന്നുവെങ്കിൽ അതു സ്വാഭാവികമാണെന്നു ഞാനറിയണം. ഇല്ലെങ്കിൽ ഞാൻ ബുദ്ധിശൂന്യനാണു്. ഈ ബുദ്ധിശൂന്യതയ്ക്കു വിധേയരാണു് നമ്മളിൽ ഭൂരിപക്ഷവും നമ്മൾ ഒരു വ്യക്തിയെക്കുറിച്ചു് ഒരു ഇമേജ് മനസ്സിൽ സൂക്ഷിക്കുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടു് ആ ഇമേജിനനുസരിച്ചു് നമ്മൾ ആ വ്യക്തിയെ നോക്കുന്നു. വ്യക്തിക്കു വലിയ മാറ്റം. അതു നമുക്കു് അംഗീകരിക്കാനാവുന്നില്ല. അയാൾ അല്ലെങ്കിൽ അവൾ നമ്മുടെ ശത്രുവാണെന്നു നമ്മൾ കരുതുന്നു. തെറ്റു് നമ്മുടേതു മാത്രം. വ്യക്തി പ്രതിദിനം—അല്ല പ്രതിനിമിഷം—മാറുന്നു എന്ന സത്യം ഗ്രഹിച്ചാൽ ഈ മോഹഭംഗവും നൈരാശ്യവും ഒഴിവാക്കാം.

ഒരു മണ്ഡലത്തിലേ വിഭിന്നത ദൃശ്യമാകാതെയുള്ളു. അതു കലയുടെ മണ്ഡലംതന്നെ. ഭാരതീയ കലാകാരൻ ബംഗ്ലാദേശത്തെയും പാകിസ്ഥാനിലെയും കലാകാരന്മാരുടെ സഹോദരനാണു്. അവിടെയുള്ള കലാകാരന്മാർ ഇവിടെയുള്ളവരുടെയും സഹോദരന്മാർ, സഹൃദയന്മാരെസ്സംബന്ധിച്ചും ഇതു ശരിയാണു്. ഒരു പാകിസ്ഥാൻ കവി എഴുതിയ കാവ്യം ഭാരതീയൻ വായിച്ചു ഹർഷാശ്രു പൊഴിക്കുമ്പോൾ അയാൾ അന്യദേശക്കാരനാണു്, വിജാതീയനാണു് എന്നു് ഭാരതീയൻ വിചാരിക്കുന്നില്ല. ഇതിനു സദൃശമാണു് പാകിസ്ഥാനിലെയും ബംഗ്ലാദേശത്തെയും സഹൃദയരുടെ സ്ഥിതിയും. മനസ്സുകൊണ്ടു് നമ്മൾ അവിടുത്തെ കലാകാരന്മാരെ ആശ്ലേഷിക്കുന്നു. അവിടുത്തെ ജനങ്ങൾ ഇവിടെയുള്ള കലാകാരന്മാരെയും, സഹൃദയർ ഏതു രാജ്യത്തുമുള്ളവരാകട്ടെ. അവർക്കു് ഒരു ഭവനമേയുള്ളു. അതിനകത്തു് അവർ ഒരുമിച്ചു വസിക്കുന്നു. കലയുടെ ശക്തി!
മനുഷ്യന്റെ ഈ സ്വാർത്ഥതാല്പര്യമെല്ലാം പ്രാചീനഭാരതത്തിലെ ഋഷിമാർ കണ്ടറിഞ്ഞിരുന്നു. ബൃഹദാരണ്യകോപനിഷത്തി ലെ ഒരുവാക്യം കേട്ടാലും:
സഹോവാച ന വാ അരേ പത്യു കാമായ പതിഃ പ്രിയോ ഭവതി, ആത്മനസ്തുകാമായ പതിഃ പ്രിയോ ഭവതി.
(അദ്ദേഹം പറഞ്ഞു: ഭർത്താവിനു വേണ്ടിയല്ല ഭാര്യ അയാളെ സ്നേഹിക്കുന്നതു്. തനിക്കുവേണ്ടിത്തന്നെയാണു് അവൾ അയാളെ സ്നേഹിക്കുക.)
(ബൃ: 24-5. സ്വാമി മാധവാനന്ദൻ തർജ്ജമചെയ്തു് അൽമോറയിലെ അദ്വൈതാശ്രമം പ്രസാധനം ചെയ്ത ഗ്രന്ഥം. പുറം 353.)
“ഗ്രന്ഥം മൂന്നു പകർത്തുമ്പോൾ മുഹൂർത്തം മൂത്രമായ് വരും” എന്നാണു ചൊല്ലു്. വരമൊഴിയുടെ സ്ഥിതി ഇതാണെങ്കിൽ വാമൊഴിയുടെ കാര്യത്തെക്കുറിച്ചു് എന്തു പറയാനിരിക്കുന്നു? അഭിമുഖസംഭാഷണത്തിന്റെ റിപോർട്ടുകൾ നൂറിനു തൊണ്ണൂറ്റിയൊൻപതും കള്ളമായിരിക്കും. സാഹിത്യകാരൻ ഒന്നു പറയുന്നു. റിപ്പോർട്ടർ അതു വേറൊന്നായികേൾക്കുന്നു. വീട്ടിൽച്ചെന്നിരുന്നു് അയാൾ അതെഴുതുമ്പോൾ മറ്റൊന്നായി മാറുന്നു. ടേപ്പിലെടുത്തുകൊണ്ടു പോയാലും എഴുതുമ്പോൾ ചക്കയെന്നതു ചുക്കായി മാറും. സെൻസേഷൻ ഉണ്ടാക്കാനായി കരുതിക്കൂട്ടി മാറ്റുന്നതും സാധാരണമത്രേ. ഒരു വാരികയുടെ പ്രതിനിധി ഒരെഴുത്തുകാരിയെയും അവരുടെ ഭർത്താവിനെയുംകുറിച്ചു് എന്നോടു ചോദിച്ച ചോദ്യങ്ങൾക്കു് ഞാൻ ഉത്തരങ്ങൾ നൽകി. അതു് അദ്ദേഹം ടേപ്പിലാക്കുന്നുണ്ടായിരുന്നു. യന്ത്രം രേഖപ്പെടുത്തിയതുകൊണ്ടു് വേറൊന്നായി അതു വാരികയിൽ വരില്ലെന്നു ഞാൻ കരുതി. പക്ഷേ, അച്ചടിച്ചു വന്നപ്പോൾ ഞാൻ പറയാത്തതൊക്കെ പറഞ്ഞതായി കണ്ടു. അതിനുശേഷം അഭിമുഖസംഭാഷണമെന്നു പറഞ്ഞു് ആരു വന്നാലും ‘ഞാനാരുമല്ല, എന്നേ വിട്ടേക്കൂ’ എന്നാണു് ഞാൻ അറിയിക്കാറുള്ളതു്.

വസ്തുത ഇതായതുകൊണ്ടു് ‘ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ കൊറിസ്പോൺഡന്റായ ലീലാ മേനോൻ സ്ത്രീ സമത്വവാദത്തിനു് ഊന്നൽ നൽകിക്കൊണ്ടു നിർവഹിച്ച പ്രസ്താവനയെ അവരുടേതായി സ്വീകരിക്കാൻ എനിക്കു പ്രയാസമുണ്ടു്. അതിനെ അവലംബിച്ചു് എന്തെങ്കിലും എഴുതുന്നതും ശരിയാവില്ല. എങ്കിലും ശ്രീമതി അങ്ങനെതന്നെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുമെന്ന സങ്കല്പത്തെ ആശ്രയിച്ചാണു് ഇനിയുള്ള ‘കമന്റ്സ്’ വെൺമണി രവിവർമ്മ തയ്യാറാക്കിയ ആ റിപോർട്ടിൽ ലീലാമേനോൻ ഇങ്ങനെ പറഞ്ഞതായി കാണുന്നു: “ഒന്നോർക്കുക. സ്ത്രീ ആരുടെയും അടിമയല്ല. ആരുടെയെങ്കിലും അനുവാദത്തിനു് അവൾ കാത്തുനിൽക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. പുരുഷനു ചെയ്യാൻ കഴിയുന്നതൊക്കെ സ്ത്രീക്കും ചെയ്യാൻ കഴിയും”. (ട്രയൽ വാരിക ലക്കം 184. പുറം 22. കോളം 2.) അടിമത്തം എന്നു ശ്രീമതി പറഞ്ഞതു് സ്ത്രീയിൽ ആധിപത്യം പുലർത്താനുള്ള പുരുഷന്റെ പ്രവണതയെ ലക്ഷ്യമാക്കിയാണു് എന്നു മനസ്സിലാക്കിക്കൊണ്ടു് എഴുതട്ടെ. സ്ത്രീയും പുരുഷനും പലതിന്റെയും അടിമകളാണു്. ആ അടിമത്തമില്ലാതെ ഇവിടെ ജീവിക്കാൻ പറ്റില്ല. മീറ്റിങ്ങിനും മറ്റും പോയിട്ടു് അർദ്ധരാത്രി വീട്ടിൽ വന്നുകയറുന്ന സ്ത്രീയെ മകനോ മകളോ ഒന്നു നോക്കിയാൽ മതി. അവൾ ആ നോട്ടത്തിന്റെ മുൻപിൽ ചൂളിപ്പോകും. ‘മോറൽ ബിഹേവിയറി’ന്റെ അനുശാസനങ്ങൾ ആന്തരശ്രോത്രം കേൾക്കുന്നതുകൊണ്ടാണു് ആ സങ്കോചമുണ്ടാകുന്നതു്. സ്ത്രീക്കും പുരുഷനും അത്തരം അനുശാസനങ്ങൾക്കു് അടിമകളായി ജീവിക്കാനെ കഴിയൂ. ഇല്ലെങ്കിൽ സമുദായം അവരെ ചവിട്ടി പുറന്തള്ളും. പുരുഷനു ചെയ്യാൻ കഴിയുന്നതൊക്കെ സ്ത്രീക്കും ചെയ്യാൻ കഴിയുമെന്നതു് ‘റ്റോൾ സ്റ്റോറി’—ബഡായിക്കഥയാണു്. സ്ത്രീക്കു ചെയ്യാൻ കഴിയുന്നതെല്ലാം പുരുഷനു ചെയ്യാൻ കഴിയില്ല. അതിരിക്കട്ടെ സ്ത്രീസമത്വവാദത്തിന്റെ പുരുഷശബ്ദമുയർത്തുന്ന ആ വാക്യങ്ങൾ സത്യത്തിൽനിന്നു് എത്ര അകലെയാണു് വർത്തിക്കുക! ഫെമിനിസത്തിനുവേണ്ടി തൊണ്ടപൊട്ടുന്ന മട്ടിൽ പ്രസംഗിച്ചുനടന്ന പല ധീരവനിതകളും ഇനി നിശ്ശബ്ദതയാണു് നല്ലതെന്നു മനസ്സിലാക്കിക്കഴിഞ്ഞു. അവരിൽ ഒരാൾ ജെർമ്മേൻ ഗ്രീറാണു്. (Germaine Greer) ടാഗോറി ന്റെ ആശയങ്ങളെ അപഹരിച്ചുകൊണ്ടു് “All that exists to beautify her. The sun shines only to burnish her skin and gild her hair; the wind blows only to whip up the colour in her cheeks; the sea strives to bathe her; flowers die gladly so that her skin may luxuriate in their essence. She is the crown of creation, the masterpiece. The depths of the sea are ransacked for pearl and coral to deck her; the bowels of the earth are laid open that she might wear gold, sapphires, diamonds and rubies” എന്നു് The Female Eunuch എന്ന കൃതിയിൽ സ്ത്രീയെ വാഴ്ത്തിയ ഗ്രീർ സ്ത്രീസമത്വത്തിനുവേണ്ടി വാദിച്ചു വാദിച്ചു തന്റെ പുരുഷവിദ്വേഷം കാണിക്കാനായി ഡി. എച്ച്. ലോറൻസി നെയും ഹെമിങ്വെ യെയും ധ്വജഭംഗമുണ്ടായിരുന്നവരായി അവതരിപ്പിച്ചുകളഞ്ഞു. അങ്ങനെയുള്ള ഗ്രീറിനു് വന്ന മാറ്റം അവരുടെ Sex and Destiny എന്ന പുസ്തകത്തിൽ കാണാം. ഷേക്സ്പിയറി നെക്കുറിച്ചു പി. എച്ച്. ഡി. തീസിസ് എഴുതാനായി ഗ്രീർ Rossano Calabro എന്ന കൊച്ചുപട്ടണത്തിലെത്തി. അവർ സൈക്കിളിൽ ചന്തയിലേക്കു പോകും. അപ്പോൾ പ്രായംകൂടിയ സ്ത്രീകൾ ഗ്രീറിന്റെ നഗ്നങ്ങളായ കാലുകളിൽ തുപ്പുമായിരുന്നു. അവിടുത്തെ സ്ത്രീകൾ കാലുമറയ്ക്കുന്ന നീണ്ട കാലുറയാണു് ധരിച്ചിരുന്നതു്. ഗ്രീറിന്റെ പരിചയക്കാരിയായി റോസറ്റ എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. അവൾക്കു് ഒരു കാമുകനും. അയാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു അവൾക്കു്. ഒരുദിവസം അവർ കടപ്പുറത്തിരിക്കുമ്പോൾ കുതിരപ്പുറത്തു് അർദ്ധനഗ്നനായ ഒരു യുവാവു് വന്നു: അയാളുടെ മര്യാദകെട്ട നോട്ടത്തിൽ അവർ രണ്ടുപേരും തലതാഴ്ത്തി. ഗ്രീറിന്റെ തുടയിൽ ശക്തമായി വിരലൂന്നിക്കൊണ്ടു് റോസറ്റ എന്തോ പറഞ്ഞു. (വിരലൂന്നിയതിന്റെ പാടു് വളരെക്കാലം ഉണ്ടായിരുന്നുവെന്നു ഗ്രീർ എഴുതിയിട്ടുണ്ടു്.) അവൾ പറഞ്ഞതു് കാമുകന്റെ ജനനേന്ദ്രിയത്തെക്കുറിച്ചാണെന്നു് ഗ്രീറിനു മനസ്സിലായി. അവർ പറയുന്നു: I, a veteran of ten years’ campaigning for sexual freedom found myself blushing. ഗ്രീറിന്റെ ആ വ്രീളാവൈവശ്യമുണ്ടല്ലോ— മുഖാരുണിമയുണ്ടല്ലോ—അതിലാണു് സ്ത്രീത്വമിരിക്കുന്നതു്. അവിടെയാണു് അവർ സംസ്കാരത്തിന്റെ അടിമയാകുന്നതു്. പുരുഷനെ കണ്ടാൽ കണ്ണുകൾ താഴ്ത്തണമെന്ന സങ്കല്പത്തിന്റെ അടിമയാകുന്നതു്. പുരുഷനെ കണ്ടാൽ കണ്ണുകൾ താഴ്ത്തണമെന്ന സങ്കല്പത്തിന്റെ എതിരാളിയായിരുന്നു ഗ്രീർ. പക്ഷേ, ഈ സംഭവത്തിനുശേഷം അവർ സൈക്കിൾ ദൂരെയെറിഞ്ഞു. കാലുറകൾക്കു നീളം കൂട്ടി. പുരുഷനെക്കണ്ടു് ഗ്രീർ കണ്ണുകൾ താഴ്ത്തി. അർദ്ധനഗ്നയായി കടലിൽ നീന്തുന്നതു് അവർ അവസാനിപ്പിച്ചു. ഗ്രീറിനു് അവിടെനിന്നു പോകേണ്ട സമയമായപ്പോൾ സ്ത്രീകൾ അവരെ അനുഗ്രഹിച്ചു. കാലിൽ കാർക്കിച്ചു തുപ്പിയവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കാം. സ്ത്രീസമത്വവാദവുമായി നടന്ന ഗ്രീറിനു് വന്ന ഈ മാറ്റം എല്ലാ സ്ത്രീകൾക്കും ഇന്നല്ലെങ്കിൽ നാളെയുണ്ടാകും. ലീലാമേനോൻ വളരെ വൈകാതെ സ്വന്തം അഭിപ്രായം മാറ്റുമെന്നും എനിക്കു വിശ്വാസമുണ്ടു്.
- രണ്ടു തടവുപുള്ളികളെ തടവറയിൽ പാർപിക്കുന്നിടത്തോളം ചെലവു് ഒരു ബോട്ടണി പ്രൊഫസറെ സർവകലാശാലയിൽവച്ചു പൊറുപ്പിക്കുന്നതിനു് ഉണ്ടാവുകയില്ല.
- Will you love me in December as you did in May? എന്നതു പണ്ടത്തെ ചോദ്യം. ഇന്നു ചോദിക്കുന്നതു് Will you love me in December as you did in November? എന്നാണു്.
- ബൽസാക് ചിത്രീകരിച്ച ഒരു പ്രഭു—എൺപതു വയസ്സായ പ്രഭു—പുണ്യാളത്തിയായ ഭാര്യ മരണശയ്യയിൽ കിടക്കുമ്പോൾ പരിചാരികയോടു കാമാഭ്യർത്ഥന നടത്തി. അതു് ഭാര്യ കേൾക്കുകയും ചെയ്തു. ഗാനരചയിതാവായ സ്ട്രവിൻസ്കി യുടെ അപ്പുപ്പൻ നൂറ്റിപ്പത്തു വയസ്സുള്ളപ്പോൾ വ്യഭിചരിക്കാൻവേണ്ടി വേലിചാടി. അതിന്റെ ഫലമായി എല്ലൊടിഞ്ഞു.
- മനുഷ്യന്റെ കണ്ണുകൾ രണ്ടുവിഭാഗത്തിൽപ്പെടുന്നു. ഒന്നു്: സ്വീകാരക്ഷമതയുള്ളവ. രണ്ടു്: ഇച്ഛാശക്തി പ്രകടിപ്പിക്കുന്നവ.
- മൂല്യമുള്ള മനുഷ്യനെ—അവന്റെ പ്രായമെത്രയായാലും—സ്ത്രീകൾ നോക്കും. ‘ഇതാ സവിശേഷതയുള്ള മനുഷ്യൻ’ എന്നാവും അവർ പറയുക. ആ കാഴ്ച ചില ബഹിഃസ്ഫുരണങ്ങൾക്കു് അടിമപ്പെടും. അതുകൊണ്ടാണു് റൊമാന്റിക്കായ പുരുഷന്മാർ അഭ്യസ്തവിദ്യകളെ വിട്ടു് കൃഷിചെയ്യുന്ന സ്ത്രീകളുടെയും വേശ്യകളുടെയും അടുക്കൽ പോകുന്നതു്.

(ഇവയെല്ലാം സൊൾ ബെലോ യുടെ More Die of Heartbreak എന്ന പുതിയ നോവലിൽ നിന്നാണു്. ഇതുപോലെ ധിഷണയുടെ പ്രഭാവം കാണിക്കുന്ന എത്രയെത്ര സൂക്തങ്ങൾ! ഇവയ്ക്കു വേണ്ടി നോവൽ വായിക്കാം. പക്ഷേ, നോവലിനു വേണ്ട ഗുണങ്ങൾ ഇതിലുണ്ടെന്നു ഞാൻ പറയുകയില്ല. Dell Book, Rs. 45.)

ലളിതവും ഹൃദ്യവുമായ ഒരാഖ്യാനമാണു് രമേശൻനായരു ടെ “മുളമൂട്ടിൽ അടിമ” എന്ന ആഖ്യാനത്തിലുള്ളതു്. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെ അയാളുടെ ഭാര്യ നട്ടപ്പാതിരയിൽ വീടുവിട്ടു് ഒളിച്ചോടുന്നു. ആഭരണങ്ങളും മറ്റും കൊച്ചുഭാണ്ഡത്തിലുണ്ടു്. വഴിയിൽവച്ചു് ഒരു ഭയങ്കരൻ അവളെ തടഞ്ഞു നിറുത്തി. കൊന്നു് ആഭരണങ്ങൾ കൈക്കലാക്കുവാനായിരുന്നു അവന്റെ യത്നം. പക്ഷേ, അവൾ തന്റെ ദയനീയമായ അവസ്ഥ വിവരിച്ചു. ഭയങ്കരന്റെ മനസ്സലിഞ്ഞു. അയാൾ പറഞ്ഞു: “ശരി മുൻപേ നടക്കു. ഞാൻ പിറകേയുണ്ടു്. കൊലയാളിയായ മുളമൂട്ടിൽ അടിമ ഈ പ്രദേശത്തൊക്കെ നടക്കുമ്പോൾ നീ ഇങ്ങനെ ഒറ്റയ്ക്കു് അർദ്ധരാത്രി സഞ്ചരിച്ചതു് ശരിയോ?” അടിമ ഭയങ്കരനാണെങ്കിലും ദൈന്യത്തിന്റെ കഥകൾ കേട്ടാൽ അവനു് അലിവുണ്ടാകുമെന്നു കേട്ടിട്ടുണ്ടു് എന്നു് അവൾ മറുപടി നൽകി. അച്ഛന്റെ വീട്ടിലെത്തി അവൾ. പിരിഞ്ഞു പോകാൻ നേരത്തു് അവൻ അറിയിച്ചു.
“നന്നു സോദരീ, നിന്നെ ലക്ഷ്യമെത്തിച്ചേൻ ഭയ
മെന്നിയേ; കർത്തവ്യമിതന്തരാമധുരിപ്പു!
മുളമൂട്ടടിമയാകുന്നു ഞാൻ! എനിക്കുമു
ണ്ടൊരു സോദരി നിന്നെപ്പോലെ… ”
സംഭവങ്ങളിൽനിന്നും അവയിൽനിന്നു് ഉദ്ഭവിക്കുന്ന ആശയങ്ങളിൽനിന്നും രൂപംകൊണ്ട ഈ കാവ്യത്തിനു് ബന്ധദാർഢ്യമുണ്ടു്. ഋജുവായ ആഖ്യാനം. അതു നന്നു്.
വല്യമ്മാവൻ വീണ്ടും രംഗപ്രവേശം നടത്തുന്നു. സങ്കല്പത്തിന്റെ ഫലമല്ല ഈ സ്ത്രീജിതൻ. വളരെക്കാലം ജീവിച്ചിരുന്നു് ചാരായക്കടകളിലെ ആനക്കാലൻ കുപ്പികളെ ശൂന്യമാക്കിയ നരാധമൻ. കെട്ടിപ്പിടിപ്പു് വിദഗ്ദ്ധൻ. രാജവാഴ്ച നിലവിലിരുന്ന കാലത്തു് മഹാകവി ഉള്ളൂർ പരമേശ്വരയ്യരു ടെ ദൃഷ്ടിയിൽപ്പെട്ടിരുന്നെങ്കിൽ പരിഷ്വംഗപ്രവീണൻ എന്നൊരു ബിരുദമുണ്ടാക്കി അധികാരികളെക്കൊണ്ടു് അതു് ആ മനുഷ്യനു് അദ്ദേഹം കൊടുപ്പിക്കുമായിരുന്നു. രാജ്യസേവാനിരതൻ തുടങ്ങിയ ബിരുദങ്ങൾ മഹാകവി ഉള്ളൂരാണല്ലോ നിർമ്മിച്ചിരുന്നതു് അക്കാലത്തു്. ഈ ചരിത്രപുരുഷൻ വീട്ടിലെ കിണറു് ഇറയ്ക്കാൻ തീരുമാനിച്ചു. ‘കൃഷ്ണാ നീയും വരണം’ എന്നു് എന്നോടു് ആജ്ഞാപിച്ചു. വല്യമ്മാവൻ കല്പിച്ചാൽ പോകാതിരിക്കാൻ പറ്റില്ല. കാലത്തു് ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ പറഞ്ഞു: “എടാ കിണറു് ഇറയ്ക്കുന്നതല്ല പ്രധാനം. അവന്മാർ അവിടെ അതു തേകിക്കൊണ്ടിരിക്കുമ്പോൾ പറമ്പിന്റെ തെക്കേമൂല നമ്മൾ നാലുപേരു ചേർന്നു കുഴിക്കണം. അവിടെ ഒരു നിധിയുണ്ടെന്നാണു് എന്റെ അപ്പൂപ്പൻ എന്നോടു പണ്ടു പറഞ്ഞതു്. ഒരിക്കൽ രാത്രി ഞാൻ കുറച്ചു കുഴിച്ചുനോക്കി. ഒന്നും കിട്ടിയില്ല, കിണറു് ഇറയ്ക്കുന്നിടത്തു് മറ്റുള്ളവർ നിന്നുകൊള്ളും. നമ്മുടെ ജോലി ആരും ശ്രദ്ധിക്കുകയുമില്ല. വല്യമ്മാവനും ഞാനും മറ്റു രണ്ടുപേരുംചേർന്നു കുഴിച്ചു തുടങ്ങി. മൺവെട്ടികൾ, പിക്കാക്സുകൾ ഇവ ഭൂമിയെ പിളർന്നു. ഒരുവശത്തു് ഇളകിയ മണ്ണു് കൂമ്പാരമായി ഉയർന്നു. കിട്ടിയതു് കുറെ ചെങ്കൽക്കഷണങ്ങൾ മാത്രം. ചിലപ്പോൾ ഒരു കരിങ്കൽക്കഷണം ആഴത്തിൽ കണ്ടെന്നുവരും. ചെമ്പുപാത്രത്തിന്റെയോ ഉരുളിയുടെയോ വക്കാണെന്നു വിചാരിച്ചു വല്യമ്മാവൻ ആഹ്ലാദിക്കും. ‘ആഞ്ഞുവെട്ടടാ കൃഷ്ണാ’ എന്നു് അക്ഷമയോടെ നിർദ്ദേശം. വെട്ടി, വിയർപ്പൊഴുകി. പിന്നീടു് ഒരാഴ്ച പനിയായി കിടന്നു ഞാൻ. കിട്ടിയതു് കുറെ ഉടഞ്ഞ ചെങ്കല്ലുമാത്രം. മഴക്കാലത്തു് വെള്ളം നിറഞ്ഞു് ആപത്തുണ്ടാക്കുന്ന ഒരു കുഴിമാത്രം പറമ്പിന്റെ മൂലയിലുണ്ടായി.
കെ. രഘുനാഥൻ കലയെന്ന നിധിക്കുവേണ്ടി തൂലികയെന്ന ‘നമ്മാട്ടി’യെടുത്തു് (തിരുവനന്തപുരത്തെ നിരക്ഷരന്മാർ മൺവെട്ടിക്കു പറയുന്ന വാക്കു്) ആഞ്ഞാഞ്ഞു വെട്ടുന്നു. ചെമ്പുപാത്രത്തിൽ അല്ലെങ്കിൽ ഉരുളിയിൽവച്ച പവന്റെ കൂമ്പാരംമാത്രം കിട്ടുന്നില്ല. രഘുനാഥൻ ക്ഷീണിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ വെട്ടിയ വായനക്കാരും ക്ഷീണിക്കുന്നു. ഭൂഖനനം ഒന്നു കാണൂ. “അനീത്തിക്കുട്ടി” എന്നാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥയുടെ പേരു്. ആ പേരുള്ള ഒരു പെണ്ണിനെ പെറാൻവേണ്ടി ആശുപത്രിയിലാക്കുന്നു ഭർത്താവു്. ആശുപത്രിയുടെ വർണ്ണന, പെറാൻ കിടക്കുന്ന മറ്റുള്ളവരുടെ വർണ്ണന, ചന്തിയിൽ സൂചികയറ്റുന്ന വർണ്ണന ഇങ്ങനെ നമ്മാട്ടി പ്രയോഗം അനവരതം നടക്കുന്നു. ചോരപുരണ്ട തുണിക്കഷണവും കഥാകാരൻ വിട്ടുകളയുന്നില്ല. പേറ്റുനോവു്, തുടകൾക്കിടയിലൂടെ ഒരു തണുത്ത ഉപകരണം നീങ്ങുന്നതിന്റെ അനുഭൂതി ഇങ്ങനെ പലതും. സത്യം പറഞ്ഞാൽ എനിക്കു് രഘുനാഥനോടു് അസൂയതോന്നി. അദ്ദേഹം കഴിഞ്ഞ ജന്മത്തിലെങ്കിലും പ്രസവചികിത്സാവിദഗ്ദ്ധനോ (obstetrician) സ്ത്രീരോഗവിജ്ഞാനിയോ (gynaecologist) ആയിരുന്നിരിക്കും. ഇല്ലെങ്കിൽ ഇത്രയും ‘ഡീറ്റെയിൽസ്’ എങ്ങനെ കിട്ടാനാണു്? പേറു കഴിഞ്ഞു. ‘അതിപ്രേമത്തോടു കവിൾത്തടം ചേർത്തെത്രയും രമ്യമായ്’ ഇരുന്ന ഭാര്യാഭർത്താക്കന്മാർ മാനസികമായി തെല്ലകന്നു. കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കുന്ന ഭാര്യയ്ക്കു ഭർത്താവിനെയും ഭർത്താവിനു ഭാര്യയെയും ശ്രദ്ധിക്കാൻ കഴിയാതെയായി. രണ്ടുപേർക്കും പരിഭവം. ഒടുക്കം ‘ബേന’ലായി (banal—രസശൂന്യമായി) കഥയങ്ങു് അവസാനിക്കുന്നു. രഘുനാഥന്റെയും എന്റെയും നമ്മാട്ടിക്കു വിശ്രമം. എന്റെ അറിവു് വല്യമ്മാവൻ പിന്നെയും കുഴികുഴിച്ചെന്നാണു്. പക്ഷേ, ഞാൻ പോയില്ല. രഘുനാഥൻ ഇനിയും തൂലികയെടുത്തു കോറിയെന്നു വരും. ഞാൻ ആ കോറൽ കാണാനുണ്ടാവുകയില്ല. അത്രകണ്ടു വ്യർത്ഥപ്രയത്നമാണു് അദ്ദേഹത്തിന്റെ രചനകൾ.
ഇന്ദ്രിയങ്ങളിൽക്കൂടി കിട്ടുന്ന അറിവുകളുടെ, സംവേദനങ്ങളുടെ സാന്ദ്രീകൃതമായ ആവിഷ്കാരമാണു് കല. ലഭിക്കുന്നതെല്ലാം പകർത്തിവച്ചാൽ അതു മുനിസിപ്പാലിറ്റിയുടെ ചവറുവണ്ടിപോലെയാകും. സാന്ദ്രീകരണം വരുത്തി അനുഭവത്തെ സ്ഫുടീകരിക്കാൻ അവിദഗ്ദ്ധനാണു് യുവാവാണെങ്കിലും എന്റെ അഭിവന്ദ്യസുഹൃത്തായ കെ. രഘുനാഥൻ.
അഞ്ചുവയസ്സുള്ള കുഞ്ഞു് മൂർച്ചയുള്ള പേനാക്കത്തികൊണ്ടു കളിക്കുന്നതു് ആപത്താണു്. ഭ്രാന്തനായ സൈനികോദ്യോഗസ്ഥന്റെ കൈയിൽ ന്യൂക്ലിയർ ബോംബിരിക്കുന്നതു് ആപത്തു്. സ്വഭാവദാർഢ്യമില്ലാത്ത പെൺപിള്ളേർക്കു സൗന്ദര്യം കിട്ടുന്നതു് ആപത്തു്. പേരച്ചടിച്ചു കാണാൻ കൗതുകമുള്ളവർക്കു പത്രമാപ്പീസിൽ ജോലികിട്ടുന്നതു് ഏറ്റവും വലിയ ആപത്തു്.
- ശിശു:
- വീട്ടിലെ ഫോണിന്റെ ബെല്ലടിക്കുമ്പോൾ മര്യാദയ്ക്കിരിക്കാതെ ഓടിച്ചെന്നു് അതെടുത്തു ഗൃഹനായകൻ വീട്ടിൽ ഉണ്ടെങ്കിൽ ‘ഇല്ല’ എന്നും ഇല്ലെങ്കിൽ ‘ഉണ്ടു്’ എന്നും പറയുന്നവൻ.
- ഡോർബെൽ:
- സ്വൈരമായി ഇരിക്കുന്ന മനുഷ്യനു ഞെട്ടലുണ്ടാക്കുന്ന ഒരുപകരണം.
- ജോൺസൺസ് പ്ലാസ്റ്റർ:
- ചില പരിചയക്കാരെപ്പോലെ ഒട്ടിയാൽ ഇളകുകയേയില്ല. വലിച്ചിളക്കിയാൽ രോമം പിഴുതുകൊണ്ടേ പോകൂ.
- കുന്നക്കുടി വൈദ്യനാഥൻ:
- കമ്പിയിൽനിന്നു സ്വർഗ്ഗീയസംഗീതം പ്രവഹിപ്പിക്കുന്ന ആളാണെന്നു് ഞാൻ മുൻപു് എഴുതിയിട്ടുണ്ടു്. അതു വായിച്ച മ്യൂസിക് കോളേജിലെ ഒരു വിദ്യാർത്ഥി എന്നോടു പറഞ്ഞതു് വൈദ്യനാഥൻ വായിക്കുന്നതു കണ്ടാൽ കാളപ്പോരിന്റെ പ്രതീതി ഉണ്ടാകുമെന്നാണു്. (സംഗീതത്തിലുള്ള എന്റെ അറിവു് തുച്ഛമായിരിക്കാം.)
- നക്ഷത്രചിഹ്നം:
- പണ്ടുള്ളവർ സ്ത്രീകളുടെ ചില അവയവങ്ങളെക്കുറിച്ചു പറയേണ്ടതായി വരുമ്പോൾ ഇടാറുള്ള ഒരു ചിഹ്നം. രചനയിൽ അതിട്ടിട്ടു് അവർ ആ അവയവദർശനത്തിൽ കൗതുകമുള്ളവരായി ഇരിക്കും. ആധുനികർ അതു പച്ചയായി പറഞ്ഞിട്ടു് അപ്പോൾത്തന്നെ അതു മറക്കും.
- വി. സഹദേവൻ:
- അടുത്തകാലത്തു് അന്തരിച്ച മാന്യൻ. ഏതു വിഷയത്തെക്കുറിച്ചും ധിഷണാവിലാസത്തോടെ സംസാരിക്കാൻ കഴിവുണ്ടായിരുന്ന ആൾ. രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിൽ ഇറങ്ങിയതിന്റെ ഫലമായി മർദ്ദനമേറ്റ ശുദ്ധൻ. അതിനു പോകാതിരുന്നെങ്കിൽ ഇന്നും അദ്ദേഹം ജീവിച്ചിരിക്കുമായിരുന്നു. സഹോദരാ, താങ്കളുടെ സ്മരണയ്ക്കു മുമ്പിൽ ഞാൻ കൈകൂപ്പി നില്ക്കുന്നു.

ഒരിക്കൽ ഒ. വി. വിജയനെ ഞാൻ കണ്ടപ്പോൾ എന്റെ കൈയിൽ ഹെല്ലറു ടെ Catch-22 എന്ന നോവലുണ്ടായിരുന്നു. “ആങ് ഇതു വായിക്കുകയാണോ?” എന്നു വിജയൻ ചോദിച്ചു. “എന്തു? കൊള്ളാമോ?” എന്നു ഞാനും. നല്ല നോവലാണെന്നു് അദ്ദേഹം പറഞ്ഞതുകൊണ്ടു് ഞാൻ വീണ്ടും ആദ്യം തൊട്ടു വായന തുടങ്ങി. ഇരുപതു പുറങ്ങളോളം വായിച്ചിട്ടു് അമേരിക്കക്കാരന്റെ ഇംഗ്ലീഷ് പിടിക്കാതെ ഞാൻ വായന നിറുത്തിയതാണു്. അപ്പോഴാണു് ഒ. വി. വിജയന്റെ അഭിപ്രായം കേട്ടതു്. നോവലിലെ ചില അവസ്ഥാവിശേഷങ്ങൾ ഇപ്പോഴും ഓർമ്മയിലിരിക്കുന്നു. ഒരുത്തനു് എന്തോ രോഗം. അതു മഞ്ഞപ്പിത്തമാണോ എന്നു് ഡോക്ടർക്കു സംശയം. എന്നാൽ അതു് അങ്ങനെതന്നെന്നു് ഉറപ്പിച്ചു് മരുന്നു കൊടുക്കാനും വയ്യ. മഞ്ഞപ്പിത്തമല്ലെങ്കിൽ രോഗി അങ്ങു പൊയ്ക്കൊള്ളും. അതുതന്നെയാണു് രോഗമെങ്കിൽ ചികിത്സിക്കുകയും ചെയ്യാം. കെ. എം. രാധ ദേശാഭിമാനി വാരികയിൽ എഴുതിയ ‘ഉയരങ്ങളിൽ’ എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്കു് ഏതാണ്ടിതേ സന്ദിഗ്ദ്ധാവസ്ഥയാണു് ഉണ്ടായതു്. ചെറുകഥയാണോ ഇതു? അല്ല എന്ന തോന്നലിനോടു ചേർന്നു നില്ക്കുന്ന സംശയം. കവിതയാണോ? അതുമല്ല. വളരെക്കാലമായി കെ. എം. രാധ ഇങ്ങനെ ‘സ്യൂഡോ ലിറ്ററച്ചർ’ പടച്ചു വയ്ക്കുന്നു. നിത്യ എന്ന കാമുകി കാമുകനായ പുരുഷോത്തമനെ തേടിപ്പോകുന്നത്രേ. അയാളെ കാണാതെ പിന്നെയും സഞ്ചരിക്കുന്നത്രേ. ചുമ്മാ സഞ്ചരിക്കട്ടെ. നിത്യ സഞ്ചരിച്ചാലെന്തു? സഞ്ചരിച്ചില്ലെങ്കിലെന്തു?

മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള അറിവു പ്രദർശിപ്പിക്കുന്ന ഹാസ്യചിത്രകാരന്മാരിൽ പ്രധാന സ്ഥാനമുണ്ടു് അരവിന്ദനു് കലാകൗമുദിയിൽ രണ്ടു ലക്കങ്ങളിലായി വന്ന അദ്ദേഹത്തിന്റെ ഹാസ്യചിത്രങ്ങൾ സാധാരണ മനുഷ്യരുടെയും അവരുടെ നേതാക്കന്മാരുടെയും സ്വഭാവസവിശേഷതകളിലേക്കു കടന്നുചെല്ലുന്നു. പാവങ്ങളുടെ ദൈന്യവും സങ്കടവും നിസ്സഹായാവസ്ഥയും അരവിന്ദന്റെ വരകളിലൂടെ ആവിഷ്കൃതമാകുന്നു. അങ്ങ് ഗോപുരാഗ്രത്തിൽ അദൃശ്യരായിരിക്കുന്ന നേതാക്കന്മാരെ അമ്മട്ടിൽത്തന്നെ ഹാസ്യചിത്രത്തിൽ കൊണ്ടുവന്ന അദ്ദേഹത്തിന്റെ ഉചിതജ്ഞതയും കലാപാടവവും അഭിനന്ദനാർഹംതന്നെ.
ഒരു പ്രശസ്തനായ പത്രാധിപരും (അന്തരിച്ചു) പേരുകേട്ട സാഹിത്യകാരനും ഞാനും കൂടി വടക്കൊരു സമ്മേളനത്തിനു പോയപ്പോൾ പത്രാധിപർ ഒരു യഥാർത്ഥ സംഭവം എന്നോടു പറഞ്ഞു. ഒരു സുന്ദരിയായ ഉദ്യോഗസ്ഥയ്ക്കു് അവധി വേണം. അവധി നൽകില്ലെന്നു് മേലുദ്യോഗസ്ഥൻ. അദ്ദേഹത്തെ നേരിട്ടു കാണാമെന്നു വിചാരിച്ചു് അവരും ഭർത്താവുംകൂടി അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നു. ഭർത്താവു് കോണിപ്പടിയുടെ താഴെ നിന്നു. ഭാര്യ മുകളിലത്തെ നിലയിലേക്കു പോയി. “അവധിതരാം. പക്ഷേ,… ” എന്നായി ഉദ്യോഗസ്ഥൻ. ഉദ്യോഗസ്ഥ മൗനം അവലംബിച്ചു. പൊടുന്നനവേ അവർ അനാവൃതയാക്കപ്പെട്ടു. പക്ഷേ, ഫലമില്ല. ഉദ്യോഗസ്ഥന്റെ ശരീരം അദ്ദേഹത്തിന്റെ തലച്ചോറിന്റെ ആഗ്രഹമനുസരിച്ചു പ്രവർത്തിക്കാൻ കൂട്ടാക്കിയില്ല. അതുകൊണ്ടു് മറ്റൊരുരീതിയിൽ അദ്ദേഹം പ്രവർത്തിച്ചു. പത്രാധിപരെയും സാഹിത്യകാരനെയും ഉദ്യോഗസ്ഥൻ ഫോൺ ചെയ്തു വരുത്തി. അവർ കാറിൽ അവിടെ ചെന്നപ്പോൾ ജനനകാലവേഷത്തിൽ നില്ക്കുന്നു സുന്ദരി. പത്രാധിപർ ഈ സംഭവം എന്നോടു പറഞ്ഞിട്ടു് സാഹിത്യകാരനെ നോക്കി. ശരിയാണു് എന്നു് അദ്ദേഹം എന്നെ അറിയിച്ചു.
ഇതാണു് പലരുടെയും സ്ഥിതി. തരുണിയുടെ ഉപരിതല ശോഭകണ്ടു ഇളകി അവർ അവളുടെ പിറകേ നടക്കുന്നു. ഏതിനുവേണ്ടി നടന്നുവോ അതു കരഗതമാകുമ്പോൾ അയാളുടെ ശരീരം പരാജയപ്പെടുന്നു.
സെക്സ് എഴുതി കൈയടി (കരഘോഷം) മേടിക്കാൻ പലർക്കും കൊതി. എഴുതിക്കഴിയുമ്പോൾ മുണ്ടശ്ശേരി യുടെ ഭാഷയിൽ പറഞ്ഞാൽ അമ്പേ പരാജയം. ഭാര്യയെ വഞ്ചിച്ചിട്ടു് സ്റ്റെനോഗ്രാഫറുമായി രണ്ടുദിവസം കഴിച്ചുകൂട്ടാൻ പൊന്മുടിയിലെത്തുന്ന എം. ഡി. അവിടെവച്ചു് സ്വന്തം മകളുടെ വ്യഭിചാരം കാണുന്നു. സ്വന്തം വ്യഭിചാരം മതിയാക്കി അയാൾ തിരിച്ചുപോകുന്നു. ഇതാണു് ടി. എ. സുഗുണൻ കുങ്കുമം വാരികയിലെഴുതിയ “പൊന്മുടിയിൽ ഒരു രാത്രി” എന്ന വ്യഭിചാരകഥയുടെ സാരം. സുന്ദരിയുടെ മുൻപിൽ മധ്യവയസ്കൻ പരാജയപ്പെട്ടു നിന്നപോലെ കലാംഗനയുടെ മുൻപിൽ കഥാകാരൻ പരാജയപ്പെട്ടുനില്ക്കുന്നു. ഇതു സാഹിത്യമല്ല, കലയല്ല, സാഹിത്യാഭാസമാണു്, കലാഭാസമാണു്.
വിശക്കുന്നവനു കല്ലെടുത്തു നീട്ടുന്ന ഈ ലോകത്തു് ഒന്നിനും അർത്ഥമില്ല. റോഡിലൂടെ നടക്കുമ്പോൾ ഒരുവശത്തു് തുരുമ്പുപിടിച്ച കുറെ തകരപ്പാത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു കണ്ടാൽ നിസ്സംഗമനോഭാവത്തോടെ നമ്മളങ്ങു നടന്നു പോകുകയില്ലേ. ഈ നിസ്സംഗതയാണു് ബന്ധുമിത്രാദികളെ കാണുമ്പോൾ നമുക്കുണ്ടാവുക. അവർ ചിരിച്ചാലും കാർക്കിച്ചുതുപ്പിയാലും നമുക്കു് ഒന്നുപോലെ. അങ്ങനെയിരിക്കുമ്പോഴാണു് നിഷ്ക്കളങ്കമായ ചിരികൊണ്ടു്, അതിനു് അവലംബം നൽകുന്ന സ്നേഹം കൊണ്ടു് നമ്മുടെ ജീവിതത്തിനു് ഉറപ്പുനൽകുന്ന എൻ. കൃഷ്ണപിള്ളയെപ്പോലുള്ള മഹാ വ്യക്തികൾ പ്രത്യക്ഷരാകുന്നതു്. നമ്മെ വിട്ടുപോയ അദ്ദേഹത്തെ അനുസ്മരിച്ചു് ജനയുഗം വാരിക “എൻ. കൃഷ്ണപിള്ളപ്പതിപ്പു്” പ്രസാധനം ചെയ്തിരിക്കുന്നു. പി. ഭാസ്കരനുണ്ണി, പി. കെ. ബാലകൃഷ്ണൻ, സി. അച്യുതമേനോൻ, ജി. ശങ്കരപിള്ള, ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ, എസ്. ഗുപ്തൻനായർ, കെ. രാമവാരിയർ ഇവരുടെ രചനകൾ ഈ പ്രസാധനത്തിനു തിളക്കമുണ്ടാക്കുന്നു. വലിയ മനുഷ്യരെ ബഹുമാനിക്കുന്നവർ അവരോടൊപ്പം ഉയരുന്നു. ജനയുഗത്തിന്റെ ഈ സമാരാധനം നന്നു്.
ഇന്നലെവരെ എനിക്കു അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അറിഞ്ഞുകൂടായിരുന്നു. ഇന്നു് ഞാൻ എം. എ.യുടെ ഉത്തരക്കടലാസ്സുകൾ നോക്കി മാർക്കിടുന്നു. കുമാരനാശാന്റെ കവിതയെ വിമർശിക്കുന്നു.