കവികളും കഥാകാരന്മാരും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽ ചേരുന്നതു് നന്നു്. കുറെപ്പേരെങ്കിലും അവർക്കുവേണ്ടി പടപൊരുതാനുണ്ടാവും. കക്ഷിരഹിതനാണു് കവിയെങ്കിൽ, കഥാകാരനെങ്കിൽ ഇന്നാട്ടിൽ അയാൾക്കു് ഒരു രക്ഷയുമില്ല.
നാരായണമേനോൻ എന്നു മാത്രം പറഞ്ഞാൽ വക്താവു് ആരെയാണു ലക്ഷ്യമാക്കുന്നതെന്നു് ശ്രോതാവിനു മനസ്സിലാകുകയില്ല. വള്ളത്തോൾ നാരായണമേനോൻ എന്നാണു പറയുന്നതെങ്കിൽ ഒരു സംശയവും ഉണ്ടാകുകയില്ല. അതുകൊണ്ടു് രജനീഷ് എന്നെഴുതാതെ ഭഗവാൻ രജനീഷ് എന്നു ഞാൻ എഴുതിക്കൊള്ളട്ടെ. സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു നേഴ്സ് ഒരിക്കൽ അദ്ദേഹത്തിന്റെ ‘ബ്ലഡ് പ്രഷർ’ നോക്കി. നോക്കിയതിനുശേഷം പുഞ്ചിരിയോടെ അവൾ അറിയിച്ചു. “സാരമില്ല, സ്ത്രീയാണു് പുരുഷന്റെ പ്രഷർ നോക്കുന്നതെങ്കിൽ അതു് അല്പമൊന്നു കൂടുതലാവും”. ഇതിനു ഭഗവാൻ എന്തു മറുപടി നൽകിയെന്നു് എനിക്കറിഞ്ഞുകൂടാ. മറുപടി എന്തുമാകാം. ആ നേഴ്സ് പറഞ്ഞതു് സത്യമാണെന്നതിൽ ഒരു സംശയവുമില്ല. സുന്ദരികളായ നേഴ്സുകൾ ബ്ലഡ് പ്രഷർ നോക്കുന്നതും ചേതോഹരാംഗികളായ ഡോക്ടർമാർ ‘സ്റ്റെഥസ്കോപ്പ്’ കൊണ്ടു് നെഞ്ചു പരിശോധിക്കുന്നതും പുരുഷന്മാർക്കു് വലിയ ഇഷ്ടമാണു്. രോഗമില്ലെങ്കിലും അവർ നേഴ്സുകളുടെയും ലേഡി ഡോക്ടർമാരുടെയും അടുത്തു് രോഗമുണ്ടെന്നു പറഞ്ഞു് ഓടിച്ചെല്ലും. പരിശോധന കഴിഞ്ഞാലും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു് അവിടെ ചുറ്റിപറ്റി നിൽക്കും. പുരുഷന്മാരെ ഇക്കാര്യത്തിൽ കുറ്റം പറയാനാവില്ല. ലിബിഡോയുടെ—കാമവാസനയുടെ—ശക്തി അത്രയ്ക്കാണു്.

നമ്മുടെ പല എഴുത്തുകാർക്കും “കക്ഷി രാഷ്ട്രീയം” അംഗീകരിച്ച കവികളും കഥാകാരന്മാരും സുന്ദരികളായ നേഴ്സുകളാണു്, ലേഡി ഡോക്ടർമാരാണു്. അവർ പുഞ്ചിരി പൊഴിച്ചുകൊണ്ടു് സ്ഫൈഗ്മോമനൊമീറ്ററുമായി, സ്റ്റെഥസ്കോപ്പുമായി ആ എഴുത്തുകാരുടെ അടുത്തുചെന്നാൽ മതി. രക്തസമ്മർദ്ദം ഉയരും, നെഞ്ച് ‘പടപടാ’യെന്നു് ഇടിക്കും. കക്ഷിരഹിതരായ ആളുകൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ഈ രോഗികൾ അസഭ്യത്തിന്റെ പച്ചവെള്ളം നിറച്ച വലിയ പാത്രത്തിൽ അവരുടെ തല മുക്കിപ്പിടിക്കും; ശ്വാസംമുട്ടി ചാകുന്നതുവരെ. അതുകൊണ്ടു് കവികളും കഥാകാരന്മാരും ഏതെങ്കിലും രാഷ്ട്രീയകക്ഷിയിൽ ചേരുന്നതു നന്നു്. കുറെപ്പേരെങ്കിലും അവർക്കുവേണ്ടി പടപൊരുതാനുണ്ടാവും. കക്ഷിരഹിതനാണു് കവിയെങ്കിൽ, കഥാകാരനെങ്കിൽ ഇന്നാട്ടിൽ അയാൾക്കു് ഒരു രക്ഷയുമില്ല. അങ്ങനെയുള്ളവനെ ചവിട്ടി പുറന്തള്ളിക്കളയും. സംശയമുണ്ടോ പ്രിയപ്പെട്ട വായനക്കാർക്കു്? ഉണ്ടെങ്കിൽ പി. കുഞ്ഞിരാമൻനായരെ നോക്കുക. മഹാകവിത്രയത്തിനുശേഷം വന്ന കവികളിൽ പ്രമുഖനായിരുന്നല്ലോ അദ്ദേഹം. ‘കക്ഷിരാഷ്ട്രീയ’രഹിതനായതുകൊണ്ടു് അദ്ദേഹം അവഗണിക്കപ്പെട്ടിരിക്കുന്നു. കുഞ്ഞിരാമൻനായരുടെ പ്രതിഭാവിലാസത്തിന്റെ ആയിരത്തിലൊരംശംപോലുമില്ലാത്ത കവികളെ ബ്ലഡ് പ്രഷർ രോഗികൾ പൊക്കിക്കൊണ്ടു നടക്കുകയും ചെയ്യുന്നു. ഇതു് ആത്മവഞ്ചനയും ജനവഞ്ചനയുമാണു്.

ലാറ്റിനമേരിക്കൻ കവി ബോർഹെസ് പറഞ്ഞിട്ടുണ്ടു്, കാവ്യം എപ്പോഴും ഒരു aesthetic event—സൗന്ദര്യാത്മക സംഭവം—ആയിരിക്കണമെന്നു്. അതു് പ്രത്യക്ഷമായിരിക്കണം, തത്ക്ഷണജാതമായിരിക്കണം. പ്രേമംപോലെ, കനിയുടെയും ജലത്തിന്റെയും സ്വാദുപോലെ, സുന്ദരിയുടെ സാമീപ്യംപോലെയാവണം. മലകണ്ടാൽ, സമുദ്രം കണ്ടാൽ നമുക്കു് എന്തനുഭവമുണ്ടാകുമോ ആ അനുഭവം ജനിപ്പിക്കണം കവിത. കേവലചിന്തയ്ക്കു് അതിൽ സ്ഥാനമില്ല. ബോർഹെസിനോടു യോജിക്കാനാണു് എനിക്കു കൗതുകം. അതുകൊണ്ടു് ടി. എസ്. എല്യറ്റി ന്റെ കവിതയെക്കാൾ ഡിലാമേറി ന്റെ കവിതയാണു് എനിക്കിഷ്ടം. വൈലോപ്പിള്ളി യുടെ കവിതയെക്കാൾ ചങ്ങമ്പുഴ യുടെ കവിതയാണു് എനിക്കിഷ്ടം. ആ മാനസികനിലയുള്ള ഞാൻ വിഷ്ണുനാരായണൻ നമ്പൂതിരി യുടെ ‘പുനശ്ചിന്തകൾ’ എന്ന കാവ്യം വായിച്ചു് ആഹ്ലാദിക്കുന്നില്ലെന്നു് എഴുതിയാൽ അദ്ദേഹം കവിയല്ല എന്ന അഭിപ്രായം ആവിഷ്കരിക്കുകയാണെന്നു വിചാരിക്കരുതു്.
ഇന്ത്യയെ കണ്ടെത്തി നീ
നന്ന് ! നീ വാണൂ: ഞങ്ങൾ
ഇന്ത്യയെ കണ്ടെത്തേണ്ട
ഗതികേടിലായ് വീണ്ടും
എന്നും ഗാന്ധിജിയെ ലക്ഷ്യമാക്കി
പെരുവഴി താണ്ടുവോർ നാം ഊന്നു
വടിയിനി എങ്ങുപോയ് തേടേണ്ടു?
എന്നും ചോദിക്കുമ്പോൾ അവയിലെ ആശയ സാമ്രാജ്യത്തിൽ പ്രവേശിക്കാൻ എനിക്കു സന്തോഷമുണ്ടു്. പക്ഷേ, ഈ വരികളും ഇവയുൾക്കൊള്ളുന്ന കാവ്യമാകെയും അനുഭൂതി ജനിപ്പിക്കുന്നില്ല. അനുഭൂതി ജനിപ്പിക്കാത്തതുകൊണ്ടു് ഈ കാവ്യം സൗന്ദര്യമയമായ സംഭവമല്ല. (കാവ്യം മാതൃഭൂമി നെഹ്റു ശതാബ്ദിപ്പതിപ്പിൽ)
സ്കൂൾ കുട്ടികൾ: മുതുകിലിട്ട തടിച്ച ബാഗ്കൊണ്ടു് മറ്റു ബസ്സ് യാത്രക്കാർക്കു് അംഗഭംഗമുണ്ടാക്കുന്ന സ്വാർത്ഥന്മാർ.
തകഴി ശിവശങ്കരപ്പിള്ള ഒരിക്കൽ എന്നോടു ചോദിച്ചു: എത്രതവണ അപ്പൂപ്പനായി? ഞാൻ ചിരിച്ചതേയുള്ളു. ‘അപ്പൂപ്പനായതുകൊണ്ടു് വാർദ്ധക്യമായിയെന്നു തോന്നുന്നുണ്ടോ?” തകഴിയുടെകൂടെ വന്നയാൾ ചോദിക്കുകയായി. ഞാൻ മറുപടി നൽകിയതു് ഇങ്ങനെയാണു്: ‘ഇതിനുള്ള ഉത്തരം എന്റെ സ്വന്തമല്ല. ആരോ ഒരു ബുദ്ധിമാൻ പറഞ്ഞതാണു്. അപ്പൂപ്പനായതുകൊണ്ടു് വാർദ്ധക്യമായിയെന്നു തോന്നില്ല. പക്ഷേ, ഭാര്യ അമ്മൂമ്മയായതുകൊണ്ടു് വൃദ്ധനായിയെന്നു തോന്നും’.
ഇടപ്പള്ളി. ബസ്സ് നിന്നപ്പോൾ ഒരാൾ ‘പിച്ചിപ്പൂ, പിച്ചിപ്പൂ’ എന്നു വിളിച്ചുകൊണ്ടു് ബസ്സിന്റെ അടുത്തുവന്നു. അതിന്റെ പരിമളം അന്തരീക്ഷത്തിൽ തങ്ങിനിന്നു് എല്ലാവരെയും ആഹ്ലാദിപ്പിച്ചു. ആരും പൂ വാങ്ങിയില്ല. അപ്പോൾ ഞാൻ ഓർമ്മിച്ചു. പിച്ചിപ്പൂവിന്റെ വെൺമയും റോസാപ്പൂവിന്റെ സൗരഭ്യവും താമരപ്പൂവിന്റെ ഭംഗിയും ഒരുമിച്ചുചേർന്ന ചങ്ങമ്പുഴക്കവിത എന്ന പുഷ്പം വിടർന്നതു് ഈ സ്ഥലത്താണല്ലോ. എല്ലാവരും അതു വാങ്ങിച്ചു. സൗരഭ്യം നുകർന്നു ഭംഗി ആസ്വദിച്ചു.

ചിലർ സഹ്യപർവ്വതം കടന്നു് അപ്പുറത്തേക്കു പോകുന്നു. കമ്പന്റെ യും സുബ്രഹ്മണ്യ ഭാരതി യുടെയും കാവ്യമധു ആസ്വദിക്കുന്നു. രാജഗോപാലാചാരി യുടെ കൊച്ചുകഥകൾക്കുള്ള സൗന്ദര്യം കണ്ടറിയുന്നു.

ചിലർ കേരളത്തിന്റെ വടക്കനതിർത്തി കടന്നു് മുന്നോട്ടു പോകുന്നു. സുമിത്രാനന്ദൻ പന്തി ന്റെ രചനകൾക്കുള്ള സൗഭഗംകണ്ടു പുളകമണിയുന്നു. താരാശങ്കർ ബാനർജി യുടെ ‘ആരോഗ്യനികേതനം’ ദർശിച്ചു് ജീവിതത്തെയും മരണത്തെയുംകുറിച്ചു് അവബോധമുള്ളവരായി ഭവിക്കുന്നു.
ചിലർക്കു കന്യാകുമാരിയിലേക്കു പോകാൻ താല്പര്യം. അവിടുത്തെ സുര്യോദയം കണ്ടു് ഉള്ളൂരിനെ വാഴ്ത്തുന്നു. ദേവീക്ഷേത്രത്തിനുമുൻപിൽ കൈകൂപ്പി നില്ക്കുന്നു.
ഞാൻ പടിഞ്ഞാറോട്ടു പോകുന്നു. നജീബ് മഹ്ഫൂസി ന്റെ നോവൽത്രിതയം കാണാനാണു് എനിക്കു കൊതി. യാനീസ് റീറ്റ്സോസി ന്റെ വിപ്ലവകാവ്യങ്ങളിൽ ആമജ്ജനം ചെയ്യാനാണു് എന്റെ അഭിലാഷം. ഈ ലോകത്തു് ഓരോ വ്യക്തിയും നിസ്തുലനാണു്. ഓരോ ആളിനും ഓരോ അഭിരുചി. അഭിരുചിയുടെ പേരിൽ ആരെയും നിന്ദിക്കരുതു്. ആ നിന്ദനത്തിലും അപമാനനത്തിലും അർത്ഥമില്ല.
അപ്പോൾ എല്ലാം ശാന്തം. തിരുവിതാംകൂർ മഹാരാജാവിനുവേണ്ടി പ്രയത്നിച്ച ഡിലനോയി യുടെ ശവകുടീരത്തിനു മുൻപിൽ ഞങ്ങൾ നില്ക്കുകയാണു്. പേച്ചിപ്പാറ അണയിൽച്ചെന്നു് സ്വന്തം പ്രതിധ്വനി കേട്ടിട്ടു് ആകുലാവസ്ഥയിൽ എത്തിയവരാണു് ഞങ്ങൾ. അണകെട്ടിയ എഞ്ചിനീയർ സായ്പിന്റെ മൃതദേഹം അവിടെയൊരിടത്തു് സംസ്കരിച്ചിട്ടുണ്ടു്. “പേച്ചിപ്പാറയണയാണോ ഇതു?” ഉറക്കെ ഞാൻ ചോദിക്കുന്നു. പ്രതിധ്വനി: “പേച്ചിപ്പാറയണയാണോ ഇതു?” “കളിയാക്കുകയാണോ?” എന്നു് എന്റെ വീണ്ടുമുള്ള ചോദ്യം. “കളിയാക്കുകയാണോ?” എന്നു് ഇങ്ങോട്ടു ചോദ്യം. കൂടുതൽ ചോദിക്കാൻ കൂടെയുണ്ടായിരുന്ന ഒരന്ധവിശ്വാസി സമ്മതിച്ചില്ല. ശവക്കല്ലറയിൽ കിടക്കുന്ന സായ്പാണത്രേ ഇങ്ങോട്ടു ചോദ്യമെറിയുന്നതു്. കൂടുതൽ ഉപദ്രവിച്ചാൽ അയാൾ പ്രതികാരം ചെയ്യുംപോലും. അന്നു് പ്രായം കുറവായിരുന്ന ഞാൻ വല്ലാത്ത അവസ്ഥയിലായി. അങ്ങനെ സ്വസ്ഥത നശിച്ചാണു് ഡിലനോയിയുടെ കല്ലറയ്ക്കടുത്തു് എത്തിയതു്. അതുകൊണ്ടു് അവിടത്തെ നിശ്ശബ്ദതയ്ക്കു് സാന്ദ്രത വർദ്ധിച്ചുവെന്നു് എനിക്കു തോന്നി. വെടിയുണ്ടകൾ ത്രികോണാകൃതിയിൽ അടുക്കിവച്ചിരിക്കുന്നു. ശവക്കല്ലറയുടെ ചുറ്റും ഒരടിപ്പൊക്കത്തിൽ മതിൽ. കൊച്ചു ചരലുകൾ കല്ലറയിൽ വിരിച്ചിരിക്കുന്നു. അന്നു് ഒരു പുല്ക്കൊടിപോലുമില്ല ഒരിടത്തും. ദൂരെ ഒരില അനങ്ങുന്ന ശബ്ദം കേൾക്കാം. മഹാകവി പണ്ടു പറഞ്ഞപോലെ ശേഷമുള്ളതെല്ലാം നിശ്ശബ്ദത. ആ നിശ്ശബ്ദതയിലൂടെ ഞാൻ ഭൂതകാലത്തെത്തി. ഡിലനോയി പടവെട്ടുന്നതു ഞാൻ കണ്ടു. അയാളുടെ യാനപാത്രങ്ങൾ നീലക്കടലിൽ നീങ്ങുന്നതു ഞാൻ കണ്ടു. നമ്മുടെ പക്ഷത്തും ശത്രുപക്ഷത്തുമുള്ളവർ വീണു മരിക്കുന്നതു ഞാൻ കണ്ടു. ഈ കാഴ്ചയ്ക്കെല്ലാം സഹായമരുളിയതു് ഡിലനോയിയുടെ ശവക്കല്ലറതന്നെ. ഉണങ്ങിയ റോസാപ്പൂവിതൾകണ്ടു് കാമുകൻ പൂർവകാല പ്രണയരംഗങ്ങളിലേക്കു പോകുന്നതുപോലെയാണു് ഞാൻ ഡിലനോയിയെയും യുദ്ധത്തെയും മനക്കണ്ണുകൊണ്ടു കണ്ടതു്. ഇതാണു് ഭാവനാപരമായ സാക്ഷാത്കാരം. സി. ബി. ശോഭന്റെ ‘ഉണ്ണി മറക്കായ്ക’ എന്ന കാവ്യം വർത്തമാനകാലത്തിൽനിന്നുകൊണ്ടു് ഭൂതകാലത്തെ സാക്ഷാത്കരിക്കാൻ യത്നിക്കുന്നു. അതിൽ വിജയം പ്രാപിക്കുകയും ചെയ്യുന്നു.
ഉണ്ണീ, മറക്കായ്ക
പിന്നാമ്പുറത്തെയശോകമരച്ചോട്ടി-
ലൊന്നായിരുന്നു കരിയിലത്തീകുട്ടി-
യെണ്ണമില്ലാത്ത കഥകൾ പറഞ്ഞതും
കണ്ണീർത്തെളിവാർന്നൊഴുകുന്നൊരാറ്റിന്റെ
വെൺമണൽത്തിട്ടിൽക്കളിച്ചു വളർന്നതും
ഇമേജുകളിലൂടെ വികാരസംക്രമണം നടത്താൻ കവിക്കറിയാം. ഒന്നേ ന്യൂനതയായുള്ളു. ക്ലീഷേയല്ലാതെ വേറൊന്നുമില്ല ഈ കാവ്യത്തിൽ. ക്ലീഷേ നമ്മെ വല്ലാതെ വേദനിപ്പിക്കും; പല്ലുവേദനപോലെ.
- തിടുക്കം (ധിറുതി):
- മാന്യതയുള്ളവർ ഇതു മറ്റുള്ളവരുടെ മുൻപിൽ കാണിക്കില്ല.
- അച്ഛൻ:
- എല്ലാ വീടുകളിലുമുള്ള തടിമാടൻ. മകൻ അയാളെ കണ്ടാലുടൻ മടക്കിക്കുത്തു് അഴിച്ചിടും. പക്ഷേ, ഉള്ളിൽ പുച്ഛം. അയാൾ പറയുന്നതൊക്കെ ഭാര്യയ്ക്കു് അസ്വീകാര്യം. അതുതന്നെ മകൻ പറഞ്ഞാൽ അവർക്കു സ്വീകാര്യം. മാസംതോറും ശമ്പളം കൊണ്ടുവന്നു ഭാര്യയ്ക്കു നൽകേണ്ട ഒരു യന്ത്രം.
- പി. കേശവദേവ്:
- പ്രഭാഷണവേദികളിലെ പ്രക്ഷോഭകൻ. പ്രഭാഷണംകഴിഞ്ഞു് കാറിൽ കയറിയാൽ ആട്ടിൻ കുട്ടിയെപ്പോലെ ശാന്തൻ.
- സ്ക്കൂൾ കുട്ടികൾ:
- മുതുകിലിട്ട തടിച്ച ബാഗ്കൊണ്ടു് മറ്റു ബസ്സ് യാത്രക്കാർക്കു് അംഗഭംഗമുണ്ടാക്കുന്ന സ്വാർത്ഥന്മാർ.
- എക്സ്-റേ:
- ഭാര്യയ്ക്കു ഭർത്താവിന്റെ ഉള്ളറിയാൻ വേണ്ടി റെന്റജൻ എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചതു്.
- രോഗം:
- ഭർത്താവിനു ജലദോഷം വന്നാൽ അതു് അയാൾ ന്യൂമോണിയയായി കരുതി ഡോക്ടറുടെ അടുത്തേക്കു് ഓടും. ഭാര്യയ്ക്കു ന്യൂമോണിയ വന്നാൽ ‘ഹേ ജലദോഷം. സാരമില്ല’ എന്നു് അയാൾ പറയും. അവളെ ഡോക്ടറുടെ അടുക്കലേക്കു കൊണ്ടുപോകുകയുമില്ല.
- നിലം: തെങ്ങിൻതോപ്പു്:
- അശക്തനായവനിൽനിന്നു് അവന്റെ ശക്തരായ ബന്ധുക്കൾക്കു് കൈയടക്കിവയ്ക്കാനുള്ളവ.
- ജോയിന്റ് സേവിങ്സ് അക്കൗണ്ട്:
- ചെക്കിൽ ഭാര്യയുടെ കള്ളയൊപ്പിട്ടു ബാങ്കിൽ കൊണ്ടുപോയി പണമെടുക്കാൻ ഭർത്താവിനെ സഹായിക്കുന്ന ഏർപ്പാടു്.
- ഗാൽസ്വർത്തി:
- പരമബോറനായ ഒരു ഇംഗ്ലീഷ് സാഹിത്യകാരൻ.
- ടെലിവിഷനിലെ ഏറ്റവും ബോറായ പരിപാടി:
- സിദ്ധാർത്ഥ ബാസു വിന്റെ ക്വിസ് പരിപാടി. അതു കേട്ടുകൊണ്ടിരിക്കുമ്പോൾ ധിഷണയ്ക്കു് ആഹ്ലാദമല്ല ഉണ്ടാവുക. മനസ്സിനു പിരിമുറുക്കമാണു്. ആ അർത്ഥത്തിൽ ആരോ എവിടെയോ എഴുതിയിരുന്നുവെന്നും തോന്നുന്നു.
ഇതെഴുതുന്ന ആളിനു് ‘അഭിമുഖ സംഭാഷണ’ത്തിന്റെ റിപോർട്ടുകളിൽ ഒരു വിശ്വാസവുമില്ല. കാരണം ചോദ്യം കേട്ടയുടനെ ഉത്തരം പറയേണ്ടയാൾ ഒരാവരണത്തിനുള്ളിൽ മറയും എന്നതാണു്. വിനയത്താൽ, മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള വൈമനസ്യത്താൽ, സുഹൃത്തുക്കളെ സന്തോഷിപ്പിക്കാനുള്ള വ്യഗ്രതയാൽ, സ്വന്തം നിഗൂഢത പരിരക്ഷിക്കാനുള്ള താല്പര്യത്താൽ ഒക്കെ ഈ പ്രച്ഛന്നതയുണ്ടാകും. അതുകൊണ്ടു് ഒരഭിമുഖ സംഭാഷണവും സത്യസന്ധമല്ല. ഇപ്പോഴത്തെ ചില കവികളെ പരമപുച്ഛത്തോടു വീക്ഷിക്കുന്ന ഒരു കവി, അവരെ ആക്ഷേപിക്കാൻ എന്നിൽ പലപ്പോഴും പ്രേരണ ചെലുത്തിയിട്ടുള്ള ഒരു കവി (ഞാനങ്ങനെ ചെയ്തിട്ടില്ല) അടുത്തകാലത്തു് അവരുടെയെല്ലാം സ്തോതാവായി അഭിമുഖ സംഭാഷണത്തിലൂടെ പ്രത്യക്ഷനായി. എന്തിനു്? സുഗതകുമാരി യുടെ ഏതെങ്കിലും ഒരു കാവ്യം വാരികയിൽ വന്നാൽ ‘കണ്ടില്ലേ, കവിതയാണോ ഇതു?’ എന്നു് അദ്ദേഹം എന്നോടു ചോദിക്കുമായിരുന്നു. ഒരിക്കലദ്ദേഹം “ശാർദ്ദുലവിക്രീഡിതവും സ്രഗ്ദ്ധരയും ചേർത്തു് എഴുതിയിരിക്കുന്നതു കണ്ടില്ലേ സുഗതകുമാരി. നിങ്ങളെന്താ മിണ്ടാത്തതു?” എന്നു് എന്നോടു് ചോദിച്ചു. പക്ഷേ, അഭിമുഖസംഭാഷണത്തിൽ ആവിർഭവിച്ച അദ്ദേഹം സുഗതകുമാരിയുടെ കാവ്യത്തിന്റെ നിന്ദകനല്ല, സ്തോതാവാണു്. ഇതുകൊണ്ടാണു് ഞാൻ പറഞ്ഞതു് ഒരഭിമുഖ സംഭാഷണവും വിശ്വസിക്കാനാവില്ലെന്നു്. സത്യമിതായതിനാൽ ഒരു വലിയ ‘മാർജിൻ’ ഇട്ടുകൊണ്ടാണു് ഞാൻ ‘കുങ്കുമ’ത്തിലെ അഭിമുഖ സംഭാഷണത്തിന്റെ റിപോർട്ട് വായിച്ചതു്. ചോദ്യകർത്താവു് എം. മനോഹരൻ. ഉത്തരങ്ങൾ നല്കിയതു് തിരുനല്ലൂർ കരുണാകരൻ. അദ്ദേഹത്തിന്റെ ഉത്തരങ്ങൾക്കു് ബഹിർഭാഗസ്ഥത എന്ന ദോഷമില്ല. ചോദ്യങ്ങളുടെ സ്വഭാവത്തെ അതിലംഘിച്ചു് പ്രൗഢമായി കരുണാകരൻ മറുപടി നൽകിയിട്ടുണ്ടു്. ഒരു ചോദ്യത്തിനു് അദ്ദേഹം നൽകിയ ഉത്തരത്തോടു് എനിക്കുള്ള വിപ്രതിപത്തി സ്പഷ്ടമാക്കാനാണു് ഇതു കുറിക്കുന്നതു്.
- ചോദ്യം:
- ഒരു വിപ്ലവകവി എന്ന വയലാറിനെപ്പറ്റിയുള്ള വിശേഷണം പല നിരൂപകരും ചോദ്യം ചെയ്യുന്നുണ്ടു്. സാറിന്റെ അഭിപ്രായം എന്താണു്?
- ഉത്തരം:
- കമ്മ്യൂണിസമെന്നു കേട്ടാൽ ഞെട്ടിത്തെറിക്കുന്ന നിരൂപകർ ഇന്നുമുണ്ടല്ലോ മലയാളത്തിൽ. അവർ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ.
നമ്മുടെ വാരികകളിൽ വരുന്ന പല കഥകളും അധഃസ്ഥല സ്പർശികളാണു്. ഒരു തലത്തിൽ നിന്നു് അവ ഉയരുന്നില്ല. പൊലീസിന്റെ മർദ്ദനമോ മുതലാളികളുടെ ചൂഷണമോ ഒക്കെ പ്രതിപാദിച്ചുകൊള്ളു. പക്ഷേ, അവ അനുവാചകന്റെ മനസ്സിനെ സമ്പന്നമാക്കേണ്ടതല്ലേ? വികാരങ്ങൾക്കു് ഉദാത്തത നൽകേണ്ടതല്ലേ?
നിരൂപകർ എന്ന പദത്തിലെ ബഹുത്വം യഥാർത്ഥത്തിൽ ഏകത്വമാണു്. രാമവർമ്മ മാറ്റൊലിക്കവിയാണെന്നും വിപ്ലവകവിയല്ലെന്നും എഴുതിയതു് ഞാനാണു്. അങ്ങനെയുള്ള എന്നെ ആന്റികമ്മ്യൂണിസ്റ്റായി ചിത്രീകരിക്കുന്ന കരുണാകരൻ രണ്ടു ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നു. 1) താൻ ഉന്നതനായ കമ്മ്യൂണിസ്റ്റാണെന്നു സ്ഥാപിക്കുക. അല്ലെങ്കിൽ അരക്കിട്ടു് ഉറപ്പിക്കുക. 2) എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി കീലടിച്ചു കാണിക്കുക. ഇതെഴുതുന്നയാൾ കമ്മ്യൂണിസ്റ്റാണോ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണോ എന്നു് ഇപ്പോൾ ആലോചിക്കേണ്ടതില്ല. പക്ഷേ, ഞാൻ ലോകസാഹിത്യത്തിലെ ഉത്കൃഷ്ടരായ കമ്മ്യൂണിസ്റ്റ് കവികളുടെ സ്തോതാവാണു്. ഗ്രീസിലെ യാനീസ് റീറ്റ്സോസ്, റഷ്യയിലെ മായകോവ്സ്കി, ചിലിയിലെ പാവ്ലോ നെറൂദ, ജർമ്മനിയിലെ ബ്രഹ്റ്റ്, ചൈനയിലെ മവോ സെ തൂങ്ങ്, ആർജന്റിനയിലെ ചെഗുവരേ ഈ വിപ്ലവ കവികളെക്കുറിച്ചെല്ലാം പ്രശംസിച്ചു് പലപ്പോഴും എഴുതിയിട്ടുള്ളവനാണു് ഞാൻ. അവർ സമൂഹസ്ഥിതി പരിവർത്തകരായിരിക്കുന്നതു പോലെ വയലാർ രാമവർമ്മ ‘റെവ്ലുഷനറി പൊയറ്റ്’ അല്ല. രാഷ്ട്രവ്യവഹാരത്തിൽ ആമജ്ജനംചെയ്ത ഈ കവികളിൽ പലരും സ്വേച്ഛാധിപത്യത്തിന്റെ പീഡനങ്ങൾക്കു്—മർദ്ദനങ്ങൾക്കു്— വിധേയരായി ജയിലിൽ പോയവരാണു്. കാരാഗൃഹത്തിൽ നിന്നിറങ്ങിവന്നിട്ടു് വീണ്ടും പൊലിസിന്റെ മർദ്ദനമേറ്റു് കാരാഗൃഹത്തിലേക്കുതന്നെ മടങ്ങിയവരാണു്. നിശ്ശബ്ദരായ ബഹുജനത്തിന്റെ വികാരങ്ങളോടു ‘താദാത്മ്യം’ പ്രാപിച്ചു് അവരുടെ അനന്യത വ്യക്തമാക്കിയവരാണു്. തൊഴിലാളികളുടെ—വിശാലമായ അർത്ഥത്തിൽ ബഹുജനത്തിന്റെ—വിപ്ലവാത്മകമായ ഇച്ഛാശക്തിയെ ജ്വലിപ്പിച്ചുവിട്ടവരാണു് ഇക്കവികൾ. വസ്തുനിഷ്ഠമായ സത്യം ബഹുജനത്തിനു് ദോഷം ചെയ്യുമെങ്കിൽ അതിനെ ആന്തരശക്തികൾകൊണ്ടു നിർമ്മാർജ്ജനം ചെയ്യാൻ കാവ്യങ്ങളിലൂടെ ഉദ്ബോധനം നടത്തിയവരാണു് അവർ. റഷ്യയിലെ തൊഴിലാളി ഫാക്ടറിയിലെ ജോലിക്കാരനാണെങ്കിൽ റഷ്യയിലെ മായകോവ്സ്കി പദങ്ങളുടെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. അദ്ദേഹം നിർമ്മിച്ച വാക്കുകളുടെ റോക്കറ്റിൽ കയറിയാണു് റഷ്യൻജനത സമത്വസുന്ദരമായ മണ്ഡലത്തിലെത്തിയതു്. ഇതിനൊന്നും വയലാർ രാമവർമ്മയ്ക്കു കഴിഞ്ഞില്ല. അദ്ദേഹം ചങ്ങമ്പുഴയിൽനിന്നു് കടംവാങ്ങിയ ഡിക്ഷനിലൂടെ, ബിംബങ്ങളിലൂടെ വൈകാരികബന്ധങ്ങൾ ചിത്രീകരിച്ചതേയുള്ളു. ആ ബന്ധങ്ങൾ തികച്ചും ബൂർഷ്വാസിയുടേയും. വൈഷയികമായ കവിതയാണു് രാമവർമ്മയുടേതു്. അതിനു വിപ്ലവ കവിതയുടെ കെട്ടുറപ്പു് ഇല്ല. നിയന്ത്രണമില്ല. മുകളിൽപ്പറഞ്ഞ വിപ്ലവ കവികൾ രാഷ്ട്രാന്തരീയമായ സമൂഹത്തിനുവേണ്ടി— ഇന്റർ നാഷനൽ സൊസൈറ്റിക്കുവേണ്ടി—കാവ്യങ്ങൾ രചിച്ചപ്പോൾ രാമവർമ്മ റൊമാന്റിസിസത്തിന്റെ സന്തതിയായ ആത്മസന്തോഷത്തിന്റെ കൊച്ചുവട്ടത്തിൽക്കിടന്നു കളിക്കുകയായിരുന്നു. അതുകൊണ്ടാണു് അദ്ദേഹത്തിന്റെ ‘സോകാൾഡ്’ വിപ്ലവകാവ്യങ്ങൾ ദുർബ്ബലങ്ങളായിപ്പോയതു്. ‘വാളല്ലെൻ സമരായുധം’ എന്നും ‘മണിപ്പൊൻ വീണ വാങ്ങിച്ചു ഞാൻ’ എന്നും പറയുന്ന ആളാണോ വിപ്ലവകവി?
ചോദ്യം: വയലാർ രാമവർമ്മ അവാർഡിനെക്കുറിച്ചു് എന്തു പറയുന്നു?
ഉത്തരം: എന്തു പറയാൻ? എന്റെ അഭിവന്ദ്യ മിത്രം തിരുനല്ലൂർ കരുണാകരനു് ഇരുപത്തയ്യായിരം രൂപ കിട്ടിയതിൽ എനിക്കു സന്തോഷമുണ്ടെന്നു പറഞ്ഞാൽ അതു കള്ളമായിരിക്കും. എങ്കിലും അസൂയയില്ല, അസ്വസ്ഥതയില്ല. പിന്നെ ഈ അവാർഡൊക്കെ വലിയ കാര്യമാണെന്നു വായനക്കാർ വിചാരിക്കരുതു്. ‘വയലാർ രാമവർമ്മ അവാർഡ്’ ഏർപ്പാടുചെയ്തപ്പോൾ എസ്. കെ. നായർ എന്നോടു പറഞ്ഞു: “ഇത്തവണ ലളിതാംബിക അന്തർജ്ജനത്തിനു് കൊടുക്കും അവാർഡ്. അടുത്ത വർഷത്തിലെ അവാർഡ് സാറിന്റെ സാഹിത്യവാരഫലത്തിനായിരിക്കും. അതു കൊണ്ടു് ഉടനെ അതു പുസ്തകമാക്കണം”. മൂക്കുകണ്ണട താഴെവീണു പൊട്ടിപ്പോയതു് വീണ്ടും വാങ്ങാൻ പണമില്ലാതെ അക്കാലത്തു് കഷ്ടപ്പെട്ടിരുന്ന ഞാൻ എസ്. കെ. നായരോടു പറഞ്ഞു: “എനിക്കു് ആ അവാർഡ് വേണ്ട” എന്നു്. സാഹിത്യവാരഫലം ഇന്നുവരെ പുസ്തകമാക്കിയിട്ടുമില്ല. സമ്മാനം കിട്ടാൻ വേണ്ടി വൈലോപ്പിള്ളി ഗ്രന്ഥപ്രസാധനത്തിന്റെ തീയതി തിരുത്തിയെന്നു് ആരോപറഞ്ഞതു കേട്ടയുടനെ അതിന്റെ സത്യാത്മകത അന്വേഷിക്കുകപോലും ചെയ്യാതെ ഞാൻ ഫൈനൽ ജഡ്ജിങ് കമ്മിറ്റിയിൽ നിന്നു മാറിക്കളഞ്ഞു. പ്രിയപ്പെട്ട വായനക്കാരേ ഈ സമ്മാനത്തിലൊന്നും ഒരർത്ഥവുമില്ല.
ചോദ്യം: നിങ്ങളുടെ സാഹിത്യവാരഫലത്തിനു് അവാർഡ് കിട്ടാൻ യോഗ്യതയുണ്ടോ?
ഉത്തരം: കിട്ടിയതിനെല്ലാം അതിനുള്ള യോഗ്യതയുണ്ടു് എന്നാണോ വിചാരം?
ചോദ്യം: കടുകട്ടിയായി, നിയമത്തിൽനിന്നു മാറാതെ ജീവിക്കുന്നവരെക്കുറിച്ചു് എന്താണഭിപ്രായം?
ഉത്തരം: ഒരുതരം അനിയത മാനസികനിലയായിരിക്കും അവർക്കു്. സ്വന്തം കാര്യം വരുമ്പോൾ എന്തും ചെയ്യുകയും ചെയ്യും.
ചോദ്യം: അന്യർ വീട്ടിൽ കയറിവരുന്നതെങ്ങനെ?
ഉത്തരം: മാന്യർ ഡോർബെല്ല് അടിച്ചിട്ടു് അവിടെത്തന്നെ നിൽക്കും. ഗൃഹനായകൻ ചെന്നുവിളിച്ചാലേ അകത്തേക്കു വരൂ. അമാന്യർ ബെല്ലടിക്കാതെ പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി വരും. പെട്ടെന്നു് നമ്മൾ അവരെകാണും. ഞെട്ടിപ്പോകുകയും ചെയ്യും.
ചോദ്യം: തോപ്പിൽ ഭാസി നിങ്ങളെക്കുറിച്ചു് ‘കുങ്കുമ’ത്തിൽ എഴുതിയിട്ടുണ്ടു്. അതു വായിച്ചോ? വായിച്ചില്ലെങ്കിൽ വായിച്ചു് അഭിപ്രായം പറയൂ. (ചോദ്യം പോസ്റ്റിൽ കിട്ടിയതു്)
ഉത്തരം: വായിച്ചു. ഭാസിയുടേതു് വ്യക്തിപരമായ ഉപാലംഭമാണു്. വിമർശനം സർഗ്ഗാത്മകമാകുമ്പോൾ എനിക്കെന്നല്ല, ആർക്കും ഇഷ്ടമാണു്. മുൻപു് എം. കെ. മേനോൻ (വിലാസിനി) സാഹിത്യവാരഫലത്തെ കളിയാക്കി ലേഖനമെഴുതി. ഭാസി പറയുന്നതിനെക്കാൾ തീക്ഷ്ണമായിരുന്നു അദ്ദേഹത്തിന്റെ ആ ലേഖനം. അതു് വായിച്ച ഞാൻ അദ്ദേഹത്തെ കൂടുതലായി ബഹുമാനിക്കാൻ തുടങ്ങി. ആത്മപ്രശംസയായി കരുതരുതു്. മുണ്ടശ്ശേരി യുടെ ‘രാജരാജന്റെ മാറ്റൊലി’യെ വിമർശിച്ചു് ഞാൻ ലേഖനമെഴുതി. ഒരുവാക്കുപോലും അതിൽ മുണ്ടശ്ശേരിക്കു് അനുകൂലമായിരുന്നില്ല. എന്നിട്ടും അദ്ദേഹം എന്നെ അഭിനന്ദിച്ചു. തന്റെ ഷഷ്ടിപൂർത്തി ആഘോഷിക്കുമ്പോൾ പ്രസംഗിക്കാൻ ചെല്ലണമെന്നു് ആവശ്യപ്പെടുകയും ചെയ്തു. ‘ക്രീയേറ്റീ’വായ ഒരു പ്രബന്ധവും പ്രതിഷേധത്തെ ക്ഷണിച്ചുവരുത്തുകയില്ല.
കോളേജിൽ അധ്യാപകരായവർക്കെല്ലാം അനുഭവമുള്ള കാര്യമാണു് ഞാൻ പറയാൻ പോകുന്നതു്. ഫാൻസി ഡ്രെസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ ഏറിയപങ്കും ഭിക്ഷക്കാരായോ കുഷ്ഠരോഗികളായോ വേഷംകെട്ടിവരും. പുണ്ണുകൾ കാണിച്ചു് യാചിക്കുന്ന ഫാൻസി ഡ്രെസ്സുകാരും വിരളമല്ല. ദ്രഷ്ടാവിനു് ഉന്നമനം നൽകുന്ന ഒരു വേഷവും കാണില്ല. അതുപോലെ ചെറുകഥാമത്സരത്തിലെ രചനകൾ പരിശോധിക്കുന്നവർക്കും മനസ്സിലാകും ജീവിതത്തിന്റെ ഹീനാംശങ്ങളിലാണു് വിദ്യാർത്ഥികൾക്കു താല്പര്യമെന്നു്. ഒന്നുകിൽ കഥാനായകൻ ക്ഷയംവന്നു മരിക്കുന്നു. അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നു. കുത്തിക്കൊല്ലലും തലയ്ക്കടിച്ചുകൊല്ലലും സർവ സാധാരണം. നമ്മുടെ വാരികകളിൽ വരുന്ന പല കഥകളും ഇതുപോലെ അധഃസ്ഥലസ്പർശികളാണു്. ഒരുതലത്തിൽനിന്നു് അവ ഉയരുന്നില്ല. പൊലീസിന്റെ മർദ്ദനമോ മുതലാളികളുടെ ചൂഷണമോ ഒക്കെ പ്രതിപാദിച്ചുകൊള്ളു. പക്ഷേ, അവ അനുവാചകന്റെ മനസ്സിനെ സമ്പന്നമാക്കേണ്ടതല്ലേ? വികാരങ്ങൾക്കു് ഉദാത്തത നൽകേണ്ടതല്ലേ? അതൊന്നുമില്ല. ദേശാഭിമാനി വാരികയിൽ കാസിം വാടാനപ്പള്ളി എഴുതിയ “ഭാവഭേദങ്ങൾ” എന്ന കഥ വായിക്കുക. അനിയത്തിക്കു വിവാഹം. ദരിദ്രയായ ഒരു ചേച്ചിക്കു് ഒരു സ്വർണ്ണവളയേ കൊടുക്കാനാവൂ. അതിനുള്ള രണ്ടായിരം രൂപതന്നെ ബ്ലെയിഡ് കമ്പനിയിൽനിന്നു് അമിതമായ പലിശയ്ക്കു കടം മേടിച്ചതാണു്. മറ്റു ചേച്ചിമാർ അനേകം വളകൾ കൊടുക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഒറ്റ വളക്കാരി വിവാഹത്തിനു പോകേണ്ടതില്ലെന്നു തീരുമാനിക്കുന്നു. ഇതിന്റെ അവാസ്തവികത പ്രകടമാണു്. ഒരു വളകൊണ്ടു കൊടുത്തിട്ടു് ‘എനിക്കിത്രമാത്രമേ തരാൻ പറ്റൂ’ എന്നു് അവൾ പറഞ്ഞാൽ അനിയത്തി അവളെ ആലിംഗനം ചെയ്യും. അനേകം വളകൾ കൊടുത്ത സമ്പന്നകളായ ചേച്ചിമാരോടു് തോന്നുന്ന സ്നേഹത്തിന്റെ ആയിരമിരട്ടി സ്നേഹം അവൾക്കു് ആ ചേച്ചിയോടു തോന്നുകയും ചെയ്യും. പക്ഷേ, കഥാകാരനു് അതല്ലല്ലോ ലക്ഷ്യം. സ്നേഹാവിഷ്കാരത്തെക്കാൾ അദ്ദേഹത്തിനു പ്രാധാന്യമുള്ളതു് ഒരു വള മാത്രം കൊടുക്കാൻ കാരണമായി ഭവിച്ച സമൂഹവ്യവസ്ഥിതിയിൽ ആഘാതമേല്പിക്കലാണു്. അടിക്കുന്നു. സത്യം ‘ഡിസ്റ്റോർട്ട്’ ചെയ്യപ്പെടുന്നു. അതിനുംപുറമേ കഥ താണതലത്തിൽ നില്ക്കുകയും ചെയ്യുന്നു. മനുഷ്യൻ യുക്തിയിൽ അധിഷ്ഠിതമായ ജീവിതം നയിക്കുകയാണെങ്കിലും അവനെ വഴിതെറ്റിച്ചു് യുക്തിരഹിതമായ മണ്ഡലത്തിൽ കൊണ്ടുചെല്ലാൻ ചിലർക്കു് എന്തു താല്പര്യമാണെന്നോ!
ഒരു കഥ. പേരുകേട്ട ഒരു മിലിട്ടറി ജനറലിനെ പാരീസിലേക്കു് അയച്ചു അധികാരികൾ. ജനറൽ എന്നും കാലത്തു നടക്കാൻ പോകും. പോകുമ്പോൾ കൊച്ചു മകനെക്കൂടി കൊണ്ടുപോകും അയാൾ. ഒരുദിവസം അവർ ഒരുദ്യാനത്തിൽ ചെന്നപ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന നെപ്പോളിയന്റെ പ്രതിമകണ്ടു; മനോഹരമായ കുതിരയുടെ പുറത്തിരിക്കുകയാണു് നെപ്പോളിയൻ. കുട്ടി പറഞ്ഞു: “അച്ഛാ ഈ നെപ്പോളിയനെ കാണാൻ എന്നെ എന്നും കൊണ്ടുവരുമോ?” ജനറലിനു വലിയ സന്തോഷമായി. മകനു് നെപ്പോളിയനെ ഇഷ്ടമായാൽ അവനും ഭാവിയിൽ അദ്ദേഹത്തെപ്പോലെയാകുമല്ലോ എന്നോർത്തുള്ള സന്തോഷം. അങ്ങനെയിരിക്കെ ആ ജനറലിനെ വേറൊരു സ്ഥലത്തേക്കു മാറ്റി. അവസാനമായി നെപ്പോളിയനെ കാണാൻ മകൻ അച്ഛനോടൊരുമിച്ചു് ഉദ്യാനത്തിലെത്തി. അവൻ ജനറലിനോടു ചോദിച്ചു: “അച്ഛാ ഇവിടെ വരുമ്പോഴെല്ലാം എനിക്കൊരു ചോദ്യം ചോദിക്കണമെന്നുണ്ടായിരുന്നു. ഇതുവരെ ചോദിച്ചില്ലെന്നേയുള്ളു. ഇനി നമ്മൾ ഇവിടെ വരില്ലല്ലോ. അതുകൊണ്ടു് ചോദിക്കാം. സുന്ദരനായ നെപ്പോളിയന്റെ പുറത്തുകയറിയിരിക്കുന്ന ആ വിരൂപൻ ആരാണച്ഛാ?” കുട്ടി കുതിരയെ നെപ്പോളിയനായി തെറ്റിദ്ധരിച്ചതുപോലെയാണു് നമ്മുടെ നവീന നിരൂപകർ മഹാകവികളെ കണ്ടു തെറ്റിദ്ധരിക്കുന്നതു്. കുമാരനാശാന്റെ ‘നളിനി’ ദുരന്തകാവ്യമാണെന്നു് എഴുതിവിടുന്ന ആളു് ആ കൊച്ചുകുട്ടിയെപ്പോലെയാണു്.
ജനയുഗം വാരികയിലെ “സ്വർഗ്ഗത്തിലെ നിക്ഷേപം” എന്ന മിനിക്കഥ (!) മലിനമാണു്. ക്രൈസ്തവ പുരോഹിതൻ (വലിയ ഇടയൻ എന്നു കഥാകാരനായ പ്രൊഫ. മാത്യു സി. എബ്രഹാമിന്റെ പ്രയോഗം) കാപട്യത്തിന്റെ പ്രതിരൂപമാണു് എന്നു് കഥാകാരൻ പറഞ്ഞതു കൊണ്ടല്ല. ആ പുരോഹിതൻ പട്ടുകുപ്പായമണിഞ്ഞു് ബെൻസ് കാറിൽ വന്നിറങ്ങി കുഞ്ഞാടുകളെക്കൊണ്ടു പണം ചെലവാക്കിച്ചു എന്നു് എഴുതിയതുകൊണ്ടുമല്ല. അവരെ പിഴിഞ്ഞു് അയാൾ അമ്പതുലക്ഷം രൂപ സമ്പാദിച്ചു, എന്നു വ്യക്തമാക്കിയതുകൊണ്ടുമല്ല. കലാരാഹിത്യത്തിന്റെ അന്ധകാരം അതു വ്യാപിപ്പിക്കുന്നു എന്ന ഒറ്റക്കാരണത്താലാണു് അതിനെ ഓടസ്സാഹിത്യമായി ഞാൻ കരുതുന്നതു്. എനിക്കു സന്ന്യാസികളോടു പൊതുവേ ബഹുമാനമാണു്. എന്നാൽ വയലാർ രാമവർമ്മ ‘സന്ന്യാസി’ എന്ന കാവ്യത്തിലൂടെ ഒരു കാഷായവസ്ത്രക്കാരനെ അവതരിപ്പിച്ചപ്പോൾ അതിലെ പരിഹാസം എനിക്കിഷ്ടമായി. യുക്തിവൈചിത്ര്യംകൊണ്ടും സംഭവസന്നിവേശത്തിന്റെ നവീനതകൊണ്ടും പുരോഹിത നിന്ദ കലയുടെ മണ്ഡലത്തിലേക്കു കടന്നാൽ അനുവാചകനു പരാതിയില്ല. ‘ജനയുഗ’ത്തിലെ ഈ കഥാകാരനു വെറുപ്പേയുള്ളു. ആ വെറുപ്പിന്റെ കോച്ചുവാതം അദ്ദേഹം ഒരു ക്രൈസ്തവ പുരോഹിതനിലേക്കു സംക്രമിപ്പിക്കുന്നു. അതുകൊണ്ടു് ഇതു കഥയല്ല, കോച്ചുവാതമാണു്.

ജീവിതം ധന്യമായിയെന്നു തോന്നുന്ന നിമിഷങ്ങളുണ്ടു്. അങ്ങനെയൊരു നിമിഷത്തിലാണു് ഞാനിപ്പോൾ. എന്തെന്നല്ലേ? ലാറ്റിനമേരിക്കൻ നോവലിസ്റ്റ് മാർകേസി ന്റെ ഏറ്റവും പുതിയ നോവൽ Love in the time of Cholera ഞാനിപ്പോൾ വായിച്ചുതീർത്തതേയുള്ളു. അതിന്റെ ലഹരിയിലിരുന്നുകൊണ്ടാണു് ഈ വരികൾ കുറിക്കുന്നതു്. ഈ നോവലിന്റെ രചനകൊണ്ടു് അദ്ദേഹം ജീവിച്ചിരിക്കുന്ന മറ്റു ലാറ്റിനമേരിക്കൻ നോവലിസ്റ്റുകളെ മാത്രമല്ല, സമകാലികരായ മറ്റു യൂറോപ്യൻ നോവലിസ്റ്റുകളെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു. ഇതിന്റെ പ്രാധാന്യമെടുത്തു കാണിക്കാനോ സൗന്ദര്യം വ്യക്തമാക്കിത്തരാനോ ഇവിടെ സ്ഥലമില്ല. പുതിയ പുസ്തകങ്ങളെക്കുറിച്ചു് വായനക്കാർക്കു് അറിവു നൽകാൻവേണ്ടി മാത്രമാണു് ഞാൻ കൂടക്കൂടെ ഇമ്മാതിരി ഖണ്ഡികകൾ എഴുതുന്നതു്.
ഡോക്ടർ ഊർവിനോയും ഭാര്യയും കരബീയൻ സമുദ്രതീരത്തുള്ള ഒരു പട്ടണത്തിൽ വസിക്കുകയാണു്. പട്ടണത്തിന്റെ പേരു നോവലിൽ പറഞ്ഞിട്ടില്ല. ഊർവിനോ പ്രശസ്തനായ ഡോക്ടറാണു്. അദ്ദേഹത്തിന്റെ വീട്ടിലെ തത്ത ഒരു ദിവസം പറന്നുപൊയ്ക്കളഞ്ഞു. അഗ്നിശമനക്കാർ വന്നു വെള്ളമടിച്ചെങ്കിലും തത്ത അതിരുന്ന മരത്തിൽനിന്നു രക്ഷപ്പെട്ടു. ഡോക്ടർ പിന്നീടു നോക്കിയപ്പോൾ അതു് ഒരു മാവിലിരിക്കുന്നതു കണ്ടു. അദ്ദേഹം ഏണിചാരി മാവിൽ കയറി. വഴുതിവീണു മരിക്കുകയും ചെയ്തു. മരണമന്വേഷിച്ചു് എത്തിയവരുടെ കൂട്ടത്തിൽ എഴുപത്താറുവയസ്സുള്ള ഫ്ളോറന്റിനോയുമുണ്ടു്. വിധവയായ ഫെർമിനയുടെ (72 വയസ്സു്) പൂർവകാമുകനാണു് അയാൾ. അയാൾ അവരോടു പറഞ്ഞു: “I have waited for this opportunity for more than half a century to repeat to you once again my vow of eternal fidelity and everlasting love”. വിധവയ്ക്കു ദേഷ്യം വന്നു. അവർ ഗർജ്ജിച്ചു: “Get out of here. And don’t show your face again for the years of life that are left to you” (P. 50).

ആദ്യമായി ഈ രംഗം വർണ്ണിച്ചതിനുശേഷം മാർകേസ് ഫ്ലോറന്റിനോയുടെയും ഫെർമിനയുടെയും ബാല്യകാലത്തേക്കും യൗവനകാലത്തേക്കും ചെല്ലുന്നു. അക്കാലത്തു് ടെലിഗ്രാം ഓപ്പറേറ്ററായിരുന്ന ഫ്ലോറന്റിനോ ഫെർമിനയെ കണ്ടു പ്രേമത്തിൽ വീണു. ഉത്കടമായ പ്രേമം. ഫെർമിനയുടെ ഒരു ചെറിയ കുറിപ്പുകിട്ടിയപ്പോൾ അയാൾ റോസാപ്പൂ തിന്നാൻ തുടങ്ങി. പലതവണ വായിച്ചതുകൊണ്ടു് ധാരാളം പൂക്കൾ തിന്നു. രാത്രി ഏറെത്തവണ വായിച്ചപ്പോൾ ഏറെ റോസാപ്പൂക്കൾ ഉള്ളിലാക്കി. ഒടുവിൽ അയാളുടെ അമ്മവന്നു് പശുക്കുട്ടിയെയെന്നപോലെ തല പിടിച്ചുവച്ചു് ആവണക്കെണ്ണ ഒഴിച്ചുകൊടുത്തു വായിലേക്കു് (പുറം 68). പ്രേമം ഇങ്ങനെ രോഗസദൃശമായപ്പോൾ (The symptoms of love were the same as those of Cholera, P. 62) ഫെർമിന അയാളെ ഉപേക്ഷിച്ചു് ഡോക്ടർ ഊർവിനോയെ വിവാഹം കഴിച്ചു. പക്ഷേ, ഫ്ലോറന്റിനോ നിരാശനായില്ല. അയാൾ അമ്പത്തൊന്നു വർഷം ഒൻപതു മാസം നാലു ദിവസം കാത്തിരുന്നു. ഫെർമിനോ അയാളെ വീട്ടിനു പുറത്താക്കിയെങ്കിലും അയാൾ കൂട്ടാക്കിയില്ല. ഇടവിടാതെ അയാൾ കത്തുകളെഴുതി ഫെർമിനയ്ക്കു് കൂടെക്കൂടെ സന്ദർശനങ്ങൾ നടത്തി. ഒരു ദിവസം അവരെ കണ്ടിട്ടു തിരിച്ചു വന്നപ്പോൾ കുതിരവണ്ടിക്കാരൻ പറഞ്ഞു: “Be careful Don Floro, that looks like Cholera” (P. 305) ക്രമേണ അവർ തമ്മിലടുത്തു. ഫെർമിനയുടെ ഈ പുതിയ ബന്ധം അന്യർക്കു് ഇഷ്ടമായില്ല. അമ്മയുടെ പഴയ പരിചയക്കാരൻ എന്നു് ഫെർമിനയുടെ മകൻ പുറമേ പറഞ്ഞു. പക്ഷേ, ഉള്ളിൽ അയാൾക്കും അതു് അനിഷ്ടം ജനിപ്പിച്ചിരിക്കണം. ഫെർമിനോ യാനപാത്രത്തിൽ കയറി ഒരു യാത്രപോകാൻ തീരുമാനിച്ചു. യാത്രയ്ക്കു ഫ്ലോറന്റിനോയുമുണ്ടു്. ചെറുപ്പകാലത്തു് ചുവന്ന പനിനീർപ്പൂക്കൾ കാമുകിക്കു കൊടുത്ത ആ കാമുകൻ അപ്പോൾ മഞ്ഞ പനിനീർപ്പൂക്കൾ നൽകി. ഫ്ലോറന്റിനോ വൃദ്ധയെ ഉമ്മവയ്ക്കാൻ ശ്രമിച്ചു. അവർ അതു തടഞ്ഞിട്ടു് പറഞ്ഞു: “Not now I smell like an old woman”. എങ്കിലും ഇരുട്ടത്തിരുന്നു് അവർ അയാളുടെ ഷർട്ടിൽ ബട്ടൻ വച്ചുകൊടുത്തു. (പുറം 344) കോളറയുടെ മഞ്ഞക്കൊടി പറത്തിക്കൊണ്ടു് കപ്പൽ നീങ്ങുകയാണു്. റോസാപ്പൂക്കൾക്കു കൂടുതൽ സൗരഭ്യമുണ്ടെന്നു ഫെർമിനോയ്ക്കു തോന്നിത്തുടങ്ങി. “Let us keep going, going, going… ” എന്നു ഫ്ലോറന്റിനോ കപ്പലിലെ ക്യാപ്റ്റനോടു പറഞ്ഞു. എത്രകാലം ഇങ്ങനെ പോകുകയും വരികയും ചെയ്യുമെന്നു് അയാളുടെ ചോദ്യം. “എല്ലാക്കാലവും” എന്നു് ഫ്ലോറന്റിനോയുടെ മറുപടി.
മാർകേസിന്റെ മറ്റു നോവലുകളിലുള്ള മാജിക്കൽ റീയലിസം ഇതിലില്ല, ഫാന്റസിയില്ല, അലിഗറിയില്ല. പക്ഷേ, കലയുടെ മാജിക്—മാന്ത്രികത്വം—നമ്മെ അദ്ഭുതപരവശരാക്കുന്നു. പ്രേമത്തിനു് വിഷൂചികയോടു സാദൃശ്യം കല്പിക്കുന്ന മാർകേസ് യഥാർത്ഥത്തിൽ കാലത്തിന്റെ സംഹാരാത്മകതയെയാണു് ചിത്രീകരിക്കുന്നതു്. ജീർണ്ണിച്ച ഭൂതകാലം, ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലം. ജീർണ്ണിക്കാൻ പോകുന്ന ഭാവികാലം. ഇവയെ ഇതിനെക്കാൾ ഹൃദയസ്പർശിയായി മറ്റൊരു കലാകാരനും ആലേഖനം ചെയ്തിട്ടില്ല. മഹനീയവും അതിസുന്ദരവുമായ ഈ കലാസൃഷ്ടിയിൽ ആമജ്ജനം ചെയ്യാൻ വായനക്കാരെ ക്ഷണിച്ചുകൊണ്ടു് ഞാൻ മാറിനിൽക്കട്ടെ (Translated from the Spanish by Edith Grossman, Alfred A. Knopf, New York, $ 18.95).