സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-07-01-ൽ പ്രസിദ്ധീകരിച്ചതു്)

​ പേരു പറയുന്നതു ശരിയല്ല. അദ്ദേഹത്തോടു് എനിക്കു സ്നേഹവും ബഹുമാനവുമാണു്. ഒരു ദിവസം കാലത്തു് ഞാൻ നടക്കാൻ പോയപ്പോൾ അദ്ദേഹം അമ്പലത്തിൽ പോയിട്ടു തിരിച്ചുവരികയായിരുന്നു. എന്നെക്കണ്ടപ്പോൾ ദേഷ്യത്തോടെ നിന്നു. എന്നിട്ടു് പരുഷങ്ങളായ വാക്കുകൾ എന്റെ മുഖത്തേക്കു് എറിഞ്ഞു: “വായിച്ചു. കാലത്തു് അമ്പലത്തിൽപോയി തൊഴുകയും ചന്ദനം വാങ്ങിനെറ്റിയിലിടുകയും തുളസിയില ചെവിക്കുമുകളിൽ വയ്ക്കുകയും ചെയ്യുന്ന എന്നെ നിങ്ങൾ സാഹിത്യവാരഫലത്തിൽ കളിയാക്കിയിരിക്കുന്നു. അതെന്റെ ഇഷ്ടമാണെന്നു് മനസ്സിലാക്കിക്കൊള്ളു”. വെണ്മണി പറഞ്ഞപോലെ ഞാൻ ‘കുലവെട്ടീടിനെ കുറ്റിവാഴപോലെ’ നിന്നുപോയി. ഞാൻ അദ്ദേഹത്തെ ലക്ഷ്യമാക്കിയല്ല അങ്ങനെ എഴുതിയതു്. എഴുതിയതുപോലും ഞാൻ മറന്നുപോയി. ഞാൻ വിശദീകരണം നൽകുന്നതിനുമുമ്പു് അദ്ദേഹം ചാടിക്കുതിച്ചുപോയി.

മകൻ നിന്ദിക്കുന്ന, മകന്റെ ഭാര്യ നിന്ദിക്കുന്ന ഏതു വൃദ്ധനും ‘തഹസീൽദാരുടെ അച്ഛൻ’ എന്ന കഥയെഴുതിയ തകഴി ശിവശങ്കരപ്പിള്ളയോടു കയർക്കാം. ‘നിങ്ങൾ എന്റെ കഥയല്ലേ എഴുതിവച്ചിരിക്കുന്നതു?’ എന്നു കോപത്തോടെ ചോദിക്കാം. ഭാര്യ വ്യഭിചരിക്കുന്നു എന്നു കണ്ട ഏതു ഭർത്താവും ‘ക്രോയിറ്റ്സർ സനാറ്റ’ എഴുതിയ ടോൾസ്റ്റോയിയോടു് അക്കാലത്തു ദേഷ്യപ്പെട്ടിരിക്കും. ഈ പ്രതികരണമുളവാക്കുമ്പോൾ കല വിജയം വരിക്കുന്നു. സാർവലൗകികസംഭവത്തെയോ വികാരത്തെയോ ആകർഷകമായി എഴുത്തുകാരൻ ആവിഷ്കരിച്ചു എന്നാണല്ലോ അതിന്റെ അർത്ഥം.

ഇതു് എഴുത്തുകാരുടെ ഭാഗ്യവും ദൗർഭാഗ്യവുമാണു്. മകൻ നിന്ദിക്കുന്ന, മകന്റെ ഭാര്യ നിന്ദിക്കുന്ന ഏതു വൃദ്ധനും ‘തഹസീൽദാരുടെ അച്ഛൻ’ എന്ന കഥയെഴുതിയ തകഴിശിവശങ്കരപ്പിള്ള യോടു കയർക്കാം. ‘നിങ്ങൾ എന്റെ കഥയല്ലേ എഴുതിവച്ചിരിക്കുന്നതു?’ എന്നു കോപത്തോടെ ചോദിക്കാം. ഭാര്യ വ്യഭിചരിക്കുന്നു എന്നു കണ്ട ഏതു ഭർത്താവും ‘ക്രോയിറ്റ്സർ സനാറ്റ’ എഴുതിയ ടോൾസ്റ്റോയി യോടു് അക്കാലത്തു ദേഷ്യപ്പെട്ടിരിക്കും. ഈ പ്രതികരണമുളവാക്കുമ്പോൾ കല വിജയം വരിക്കുന്നു. സാർവലൗകികസംഭവത്തെയോ വികാരത്തെയോ ആകർഷകമായി എഴുത്തുകാരൻ ആവിഷ്കരിച്ചു എന്നാണല്ലോ അതിന്റെ അർത്ഥം. അവിടെ ഭാഗ്യം. വായനക്കാരൻ ദേഷ്യപ്പെടുമ്പോൾ ദൗർഭാഗ്യവും.

പുതിയ പുസ്തകം

വായിച്ചാൽ മാത്രം പോര, വീട്ടിൽ എപ്പോഴും ഉണ്ടായിരിക്കേണ്ടതുമായ പുസ്തകമാണു് അസിമോവി ന്റെ ‘Chronology of Science and Discovery’ എന്നതു്. ശാസ്ത്രം എങ്ങനെ ലോകത്തെ രൂപപ്പെടുത്തി, ബി. സി. 4000000 തൊട്ടു് ശാസ്ത്രത്തെ ചലനം കൊളളിച്ചു എന്നു ലളിതമായ ഭാഷയിൽ ഇതു സ്പഷ്ടമാക്കിത്തരുന്നു. ഓരോ വർഷവും എഴുതിയിട്ടു് ആ കാലത്തെ പ്രധാനപ്പെട്ട ശാസ്ത്രീയമായ കണ്ടുപിടിത്തത്തെ വിശദീകരിക്കുകയാണു് അസിമോവ്. ഒരുദാഹരണം നൽകാം. 1988 എന്ന വർഷത്തിലെ മൂന്നുസംഭവങ്ങൾ പ്രതിപാദിച്ചിട്ടുണ്ടു്. അവയിൽ ഒന്നാണു് ടൂറിനിലെ ശവക്കച്ച. ആ തലക്കെട്ടിനു താഴെയായി അസിമോവ് എഴുതുന്നു:

The shroud of Turin is a linen cloth that seems to possess an image, front and back, of a bearded, long-haired man, which resembles the popular conception of Jesus. It was first displayed in France in the 1350s and in 1578 taken to Turin in Italy. Many people believed it to be the burial sheet of Jesus with the image produced by miraculous means. Others more skeptical assumed it to be a forgery produced not long before it was first shown. In 1988 some of the linen was finally tested by the Carbon—14 dating method worked out by Libby (See 1947). The results were clear. The linen had been part of living flax plants seven hundred years ago. The shroud, and presumably the image upon it, had been produced not long before it was first displayed and was thirteen centuries too late to have been the shroud of Jesus.

ഈ ലോകത്തെ ഏറ്റവും വലിയ അദ്ഭുതമെന്തു? എന്റെ മലിന ചിന്തകൾ ഞാൻ മാത്രമേ അറിയുന്നുള്ളൂ, മുൻപിലിരിക്കുന്ന ആൾ അറിയുന്നില്ല എന്നതു്.

Carbon—14 എന്താണെന്നു് മനസ്സിലാക്കാൻ നമ്മൾ 1947 എന്ന വർഷം നോക്കുന്നു. ഒരിക്കൽ ജീവനുണ്ടായിരുന്ന സസ്യത്തിന്റെ[1] Carbon—14 സാന്ദ്രത ഗ്രഹിക്കാൻ വഴിയുണ്ടു്. അതു മനസ്സിലാക്കിയാൽ സസ്യം ‘മരിച്ചതിനുശേഷം എത്രവർഷം കഴിഞ്ഞുവെന്നു് അദ്ഭുതവാഹമായ സൂക്ഷ്മതയോടെ മനസ്സിലാക്കാം. 45000 വർഷം മുൻപുള്ള തടി, തുണി ഇവയിലെ Carbon—14 സാന്ദ്രതയും കണക്കാക്കാവുന്നതേയുളുളു. ഈജിപ്റ്റിലെ മമ്മികൾ, ചരിത്രാതീതകാലങ്ങളിലെ തടികൾ, ‘ഡെഡ് സി സ്ക്രോൾസ്’, ടൂറിൻ ശവക്കച്ച ഇവയുടെ കാലം ഈ Carbon—14 സാന്ദ്രതയിലൂടെ നിർണ്ണയിക്കാം. ഈ കണ്ടുപിടിത്തത്തിനു് ലിബ്ബി ക്കു നോബൽ സമ്മാനം കിട്ടി (Grafton Books, £95, P. 707).

കുറിപ്പുകൾ

[1] സസ്യം എന്നതു ചെടി എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: ഞാൻ നിരൂപണമെന്നപേരിൽ വ്യക്തിവിരോധം കാണിക്കുന്നില്ല. പിണക്കാൻ മടിയുള്ളവരെ എല്ലാ ജ്യോത്സ്യത്തിലും പ്രശംസിച്ചു് അവരുടെ പുച്ഛം നേടുന്നില്ല. തന്നെക്കാൾ നല്ല മനുഷ്യനല്ലേ ഞാൻ? (ചോദ്യം മദ്ധ്യഭാരതത്തിൽ ജോലിനോക്കുന്ന ഒരു കഥാകാരന്റേതു്).

ഉത്തരം: താങ്കൾ നല്ല മനുഷ്യൻ മാത്രമല്ല, എന്റെ കൂട്ടുകാരനുമാണു്. എന്റെ വീട്ടിന്റെ മുൻപിൽ മുൻവശത്തെകാലുകൾ നീട്ടിവച്ചു് കിടക്കുന്ന അവൻ തന്നെയാണു് എന്റെ കൂട്ടുകാരൻ. അവൻ നിരൂപണമെഴുതാറില്ല. പുച്ഛത്തിനു ഭാജനമായിത്തീരുന്നില്ല. ചന്ദ്രനുദിക്കുമ്പോൾ അവൻ മുഖത്തെ മാംസപേശികൾ വക്രിപ്പിക്കുന്നു. കുത്തിയിരിക്കുന്നു. മോങ്ങുന്നു.

ചോദ്യം: സ്വഭാവ സേർട്ടിഫിക്കറ്റ് കൊടുക്കുന്നതു് ഒരുതരം കള്ളമല്ലേ?

ഉത്തരം: അതെ. ഏറ്റവും വലിയ കള്ളമുള്ള സ്വഭാവ സേർട്ടിഫിക്കറ്റ് ഭാര്യ, ഭർത്താവിനെക്കുറിച്ചു് അന്യസ്ത്രീകൾക്കു നൽകുന്നതാണു്.

ചോദ്യം: ജീവിതത്തിലെ ആഹ്ലാദം എവിടെയിരിക്കുന്നു?

ഉത്തരം: ചെറിയ സംഭവങ്ങളിൽ. ബസ്സിൽ പോകുമ്പോൾ വഴിവക്കിൽ പനിനീർപ്പൂവിനെപ്പോലെ വിടർന്നുനില്ക്കുന്ന തരുണിയെക്കാണുന്നതു്. റോഡ് കടക്കാൻ കാത്തുനില്ക്കുമ്പോൾ നിങ്ങൾക്കിഷ്ടമുള്ളവളെ മിന്നൽപ്രവാഹമെന്നപോലെ ബസ്സിനകത്തു കാണുന്നതു്. ടെലിഫോണിലെ റോങ് നമ്പറിലൂടെ സ്ത്രീസ്വരം കേൾക്കുന്നതു്. വളരെനാളായികിട്ടാനാഗ്രഹിച്ചിരുന്ന പുസ്തകം കടയുടമസ്ഥൻ ഒരു ദിവസം കൈയിലെടുത്തു തരുന്നതു്. ചക്രവാളത്തിൽ ഒറ്റത്താരകം വിടരുന്നതുകാണുന്നതു്. ചതുരംഗം കളിക്കുമ്പോൾ സ്നേഹഭാജനം നമ്മെ തോൽപ്പിക്കുന്നതു്.

ചോദ്യം: ഏതെല്ലാം തിന്മകളാണു് ഒളിച്ചുവയ്ക്കാവുന്നതു?

ഉത്തരം: വീട്ടിൽ വന്നിരുന്നു മൂന്നുമണിക്കൂർ നേരം വാതോരാതെ സംസാരിച്ചു് ബോറ് ചെയ്യുന്നവനോടു സന്തോഷത്തോടെ പെരുമാറാം. കടം കൊടുത്തപണം തിരിച്ചുതരാത്തവനെ കാണുമ്പോൾ ഉണ്ടാകുന്ന വിരോധം ‘തിടുക്കമില്ല, പിന്നെ മതി’ എന്നു പറഞ്ഞു ഹിപക്രിറ്റ് ആകാം. അങ്ങനെ പല തിന്മകളും ഒളിച്ചുവയ്ക്കാം. പക്ഷേ, ആഹാരത്തിലുള്ള അത്യാർത്തി ഒളിച്ചുവയ്ക്കാൻ പറ്റില്ല. ആരിരുന്നാലും വലിച്ചുവാരിത്തിന്നും ആ തിന്മയുള്ളവർ.

ചോദ്യം: ഈ ലോകത്തെ ഏറ്റവും വലിയ അദ്ഭുതമെന്തു?

ഉത്തരം: എന്റെ മലിനചിന്തകൾ ഞാൻ മാത്രമേ അറിയുന്നുള്ളു, മുൻപിലിരിക്കുന്ന ആൾ അറിയുന്നില്ല എന്നതു്.

ചോദ്യം: നിങ്ങൾക്കു കടുത്ത അസൂയയാണു്. അതുകൊണ്ടല്ലേ മറ്റുള്ളവരെ കുറ്റം പറയുന്നതു?

ഉത്തരം: എനിക്കു പല ദോഷങ്ങളുമുണ്ടു്. പക്ഷേ, അസൂയ ഒട്ടുമില്ല. എന്റെ സുഹൃത്തു് ചെമ്മനം ചാക്കോ പുതിയ മാരുതികാർ വാങ്ങിയപ്പോൾ എപ്പോഴും നടന്നുപോകുന്ന ഞാൻ ആഹ്ലാദാതിരേകം കൊണ്ടു് അദ്ദേഹത്തെ ആശ്ലേഷിക്കുകയും ആ കാറിൽ കുറേദൂരം സഞ്ചരിക്കുകയും ചെയ്തു.

ചോദ്യം: റോഡിൽ കറൻസിനോട്ട് കിടക്കുന്നതുകണ്ടാൽ നിങ്ങൾ എന്തുചെയ്യും?

ഉത്തരം: എടുക്കാതെ പോകും. ഞാനതു് എടുക്കുന്നതു വേറെ ആരെങ്കിലും കണ്ടാൽ അയാൾ ഞാനാരാണെന്നു് മനസ്സിലാക്കും. ആരും കാണാതെയാണു് ഞാനതു് എടുക്കുന്നതെങ്കിൽ ഞാൻ ആരാണെന്നു് ഞാൻ തന്നെ മനസ്സിലാക്കും.

ജീവനില്ല
images/ErwinPanofsky.jpg
എർവിൻ പാനോഫ്സ്കി

എർവിൻ പാനോഫ്സ്കി (Erwin Panofsky, 1892–1968) വിശ്വവിഖ്യാതനായ കലാനിരൂപകനാണു്. ജർമ്മനിയിൽ ജനിച്ച അദ്ദേഹം ന്യൂയോർക്ക് സർവകലാശാലയിലെ ‘പ്രഫെസർ ഒഫ് ഫൈൻ ആർട്സ്’ ആയിരുന്നു. 1924-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ Idea: A Concept in Art Theory എന്ന ഉജ്ജ്വലമായ ഗ്രന്ഥം 1968-ൽ ഇംഗ്ലീഷിലേക്കു തർജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തി. (ജർമ്മൻ പേരു് ഇവിടെ നൽകുന്നില്ല. തർജ്ജമയുടെ പേരുതന്നെ കൊടുത്തിരിക്കുന്നു). ആ പുസ്തകത്തിൽ ഈജിപ്റ്റിൽ ജനിച്ച നിയോപ്ലേറ്റോനിസ്റ്റ് ദാർശനികൻ പ്ലോറ്റിനസി ന്റെ ഒരാശയമെടുത്തു് ആവിഷ്കരിച്ചിട്ടുണ്ടു്. പ്രകൃതിയുടെ സൗന്ദര്യം ജഡവസ്തുവിലൂടെ തിളങ്ങുന്ന “ആശയ”ത്തിന്റെ ഔജ്ജ്വല്യമാണെന്നു് അദ്ദേഹം (പ്ലോറ്റിനസ്) പറഞ്ഞു. (ആശയം പ്ലേറ്റോ യുടെ ദൈവികമായ ആശയമാണു്. ഈശ്വന്റെ മനസ്സിലുള്ള ആശയം. ആ ആശയത്തിന്റെ പകർപ്പു് ആശാരിയുടെ മേശ. മേശയുടെ ചിത്രം പകർപ്പിന്റെ പകർപ്പു്—ലേഖകൻ) അതുപോലെ കലാസൃഷ്ടിയുടെ സൗന്ദര്യം വസ്തുവിലുള്ള (matter) ഒരാദർശാത്മക രൂപത്തിന്റെ അന്തഃപ്രക്ഷേപമാണു് (injection) എന്നു അദ്ദേഹം കരുതുന്നു. ആ പ്രക്രിയ നടത്തുമ്പോൾ ചൈതന്യരഹിതമായ വസ്തു സജീവമാകുന്നു (പുറം 27, Icon Edition, 1960, വില $ 6.95).

images/IdeaCover.jpg

റോമൻ ദാർശനികൻ സെനെക്കാ യുടെ Letters from a Stoic എന്ന പുസ്തകത്തിൽ (പെൻഗ്വിൻ ബുക്ക്) ഇതു വേറൊരു തരത്തിൽ പറഞ്ഞിട്ടുണ്ടു്. അരിസ്റ്റോട്ടൽ എഴുതിയതെന്താണെന്നു് വിശദീകരിക്കുകയാണു് സെനെക്ക. പ്രതിമയുടെ ആദ്യത്തെ ഹേതു ലോഹം. അതില്ലാതെ പ്രതിമാനിർമ്മാണം, സാദ്ധ്യമല്ല. രണ്ടാമത്തെ ഹേതു പ്രതിമാനിർമ്മാതാവു്. അയാളുടെ വിദഗ്ദ്ധഹസ്തങ്ങളില്ലെങ്കിൽ പ്രതിമ ഉണ്ടാവുകയില്ലല്ലോ. മൂന്നാമത്തെ ഹേതു രൂപം ‘തലമുടികെട്ടുന്ന കുട്ടി’ ‘കുന്തമെടുത്ത മനുഷ്യൻ’ എന്നൊക്കെപ്പറയാൻ കാരണം രൂപം അതിൽ നിവേശിപ്പിച്ചു എന്നതുതന്നെ (പുറം 119). ഈ കടം വാങ്ങിയ ആശയംകൊണ്ടു് ഞാൻ ടി. കെ. ശങ്കരനാരായണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘മഹഫുസ് ഖാൻ’ എന്ന കഥയെ വിലയിരുത്താൻ ശ്രമിക്കുകയാണു്. ആപ്പീസിലെ ടൈപ്പിസ്റ്റ്, തനിക്കു് ഇഷ്ടമില്ലാത്ത ഒരുത്തനോടു സംസാരിച്ചുകൂടെന്നു് അധികാരിക്കു നിർബന്ധം. സംസാരിച്ചാൽ സംഘടന രൂപംകൊണ്ടാലോ? അതുകൊണ്ടു് ആദ്യമൊരു മുന്നറിയിപ്പു്. താനറിയാതെ ഒന്നോ രണ്ടോ വാക്കു് ടൈപ്പിസ്റ്റ് ആ “നിഷിദ്ധ”നോടു പറയുന്നു. ജോലിയും പോകുന്നു. നല്ലതുക സമ്മാനമെന്ന മട്ടിൽ കവറിലിട്ടു് അയാൾക്കു കൊടുക്കുന്നു അധികാരി. വീട്ടിൽച്ചെന്നു തുറന്നുനോക്കിയാൽമതിയെന്നും നിർദ്ദേശം. നോക്കി. അതിനകത്തു് പണത്തിനുപുറമേ ഡിസ്മിസൽ ഓർഡറും. ഇതു അരിസ്റ്റോട്ടലിന്റെ ലോഹം. പക്ഷേ, അതിനു കഥയുടെ ആകൃതികൊടുക്കാൻ ശ്രമിക്കുന്ന ശങ്കരനാരായണനു് വിദഗ്ദ്ധഹസ്തങ്ങളില്ല. അതുകൊണ്ടു് ലോഹം ലോഹമായിത്തന്നെ കിടക്കുന്നു. സജീവമാക്കുന്ന പ്രക്രിയ പിന്നെയല്ലേ വരുന്നുള്ളു. ഈ സിദ്ധാന്തങ്ങളും മറ്റും ഒഴിവാക്കിപ്പറയാം. ശങ്കരനാരായണന്റേതു് കലയല്ല, കഥയല്ല. കുറേ നിർജ്ജീവങ്ങളായ വാക്യങ്ങളുടെ സമാഹാരം മാത്രമാണു്. ഇന്നു തൈക്കാട്ടു് ശ്മശാനത്തിലേക്കു കൊണ്ടുപോകുന്ന ഒരു മൃതദേഹം ഞാൻ കണ്ടു. ഒരുതരത്തിലുള്ള വല്ലായ്മ എനിക്കുണ്ടായി. വീട്ടിൽവന്നു് ശങ്കരനാരായണന്റെ നിർജ്ജീവമായ കഥവായിച്ചു. വല്ലായ്മ! മൃതദേഹത്തെക്കാൾ അസ്വസ്ഥതയുളവാക്കും ജീവനില്ലാത്ത ചെറുകഥ.

എൻ. ആർ. എസ്. ബാബു
images/Walterpater1.jpg
വാൾട്ടർ പേറ്റർ

സാഹിത്യത്തിൽ തല്പരനായ ഒരു യുവാവു് വാൾട്ടർ പേറ്ററെ സമീപിച്ചു് തന്റെ രചനകൾ കാണിച്ചപ്പോൾ ‘ദിവസവും കാലത്തു് ഒരു ഡോസ് ജോൺസൺ കഴിക്കൂ’ എന്നു പറയുകയുണ്ടായി. യുവാവിന്റെ ‘അക്ഷരസംസ്കാരം’ വേണ്ടപോലെ ആയില്ലെന്നും, ജോൺസൺ എഴുതിയ പുസ്തകങ്ങൾ വായിച്ചു് ആ സംസ്കാരത്തിനു വികാസം വരുത്തണമെന്നുമായിരുന്നു പേറ്റർ നിർദ്ദേശിച്ചതു്. കാലത്തും ഉച്ചയ്ക്കും വൈകിട്ടും രാത്രിയും യഥാക്രമം ഓരോ ഡോസ് വ്യാസനും വാല്മീകി യും കാളിദാസനും ടാഗോറും ഭാരതീയർക്കു നൽകേണ്ട അവസ്ഥയാണിന്നു്. കേരളത്തിലുള്ളവർക്കു മേമ്പോടിയായി കുമാരനാശാനോ വള്ളത്തോളോ നൽകാം. എങ്കിലേ അവരുടെ മനുഷ്യത്വം വികസിതോജ്ജ്വലമാകൂ. ഇന്നത്തെ സംസ്കാരരാഹിത്യത്തിന്റെ ഒരു ഹേതു ഈ അക്ഷരസംസ്കാരത്തിന്റെ ലോപം തന്നെയാണു്. ആന്ധ്രയിലും കർണ്ണാടകത്തിലുമുള്ളവർക്കു് ആ പ്രദേശങ്ങളിലെ നല്ല സാഹിത്യകാരന്മാരെ മേമ്പൊടിയായി നൽകാവുന്നതാണു്.

അക്ഷരങ്ങൾ! അവയിലാണു് എല്ലാം അടങ്ങിയിരിക്കുക. മരിച്ച സംസ്കാരത്തെ അതു പുനരുജ്ജീവിപ്പിക്കുന്നു. വർത്തമാനകാല സംസ്കാരത്തെ ചൈതന്യധന്യമാക്കുന്നു. മനുഷ്യന്റെ വീരധർമ്മാത്മകത്വം, വിജയം, ഭാഗ്യം ദൗർഭാഗ്യം ഇവയെല്ലാം അക്ഷരങ്ങളിലാണുള്ളതു്. അതുകൊണ്ടു് അക്ഷരങ്ങൾ മരിച്ചാൽ മനുഷ്യൻ മനുഷ്യനല്ലാതായിത്തീരും. ഈ സത്യത്തിലേക്കു എൻ. ആർ. എസ്. ബാബു വിദഗ്ദ്ധഹസ്തം ചൂണ്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാലും: “ഇന്നത്തെ ഇന്ത്യ ഉപകരണസംസ്കാരത്തിലേക്കു റോക്കറ്റിന്റെ വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണു്. അക്ഷരത്തിന്റെ ആരാധകർ ഉയർത്തുന്ന പ്രശ്നങ്ങൾക്കു് ഇന്ത്യയിലേതിനോളം പ്രസക്തി മറ്റെവിടെയെങ്കിലും ഇന്നുണ്ടോ?” ഈ ചോദ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്നതിനുവേണ്ടി ലേഖകൻ മറ്റു മീഡിയയുടെ ഗുണദോഷങ്ങൾ വിചിന്തനം ചെയ്യുന്നുണ്ടു്. മാനസികവും ആധ്യാത്മികവും ആയ ദേവാലയത്തിലേക്കുള്ള എൻ. ആർ. എസ്. ബാബുവിന്റെ ഈ തീർത്ഥാടനം സമുചിതമായിട്ടുണ്ടു്.

അക്ഷരങ്ങൾ! അവയിലാണു് എല്ലാം അടങ്ങിയിരിക്കുക. മരിച്ച സംസ്കാരത്തെ അതു പുനരുജ്ജീവിപ്പിക്കുന്നു. വർത്തമാനകാല സംസ്കാരത്തെ ചൈതന്യധന്യമാക്കുന്നു. മനുഷ്യന്റെ വീരധർമ്മാത്മകത്വം, വിജയം, ഭാഗ്യം, ദൗർഭാഗ്യം ഇവയെല്ലാം അക്ഷരങ്ങളിലാണുള്ളതു്. അതുകൊണ്ടു് അക്ഷരങ്ങൾ മരിച്ചാൽ മനുഷ്യൻ മനുഷ്യനല്ലാതായിത്തീരുന്നു.

രണ്ടു ദിവസത്തിനു മുൻപു് ഞാൻ ഓച്ചിറ എന്ന സ്ഥലത്തേക്കു പോകുകയായിരുന്നു. കരുനാഗപ്പള്ളിയിൽ വാഹനം സ്വല്പനേരത്തേക്കു നിറുത്തിയപ്പോൾ ഞാൻ റോഡിലിറങ്ങി നിന്നു. ദൂരെ നിന്നു് ഒരു യുവാവു് എന്റെ അടുത്തേക്കു് ഓടിവന്നു. കിതച്ചുകൊണ്ടു് ആ ചെറുപ്പക്കാരൻ പറഞ്ഞു: “കൃഷ്ണൻനായർസ്സാറല്ലേ. ഞാൻ പതിവായി സാഹിത്യവാരഫലം വായിക്കുന്നു. എന്റെ പേരു് അബുദുൾ റഹീം. ഞാൻ ഓട്ടോറിക്ഷ ഡ്രൈവറാണു്. മലയാളനാടു് വാരികയിൽ സാഹിത്യവാരഫലം വന്നകാലം തൊട്ടാണു് ഞാനിതുവായിക്കുന്നതു്. എനിക്കു അതു് വലിയ പ്രയോജനം ചെയ്യുന്നു. പിന്നെ, സാറ് എഴുതിത്തുടങ്ങുന്നവരെ ഇത്രത്തോളം ആക്രമിക്കരുതു്”. എന്റെ അവിദഗ്ദ്ധങ്ങളായ വാക്കുകളിലൂടെ ചില വിജ്ഞാനശകലങ്ങൾ ആ യുവാവിന്റെ മാനസികതലത്തിൽ എത്തിയല്ലോ. അക്ഷരത്തിന്റെ ശക്തി! ഞാൻ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.

നിരീക്ഷണങ്ങൾ
  1. കവികളുടെ ഗാനങ്ങൾ (കാവ്യങ്ങളെന്ന അർത്ഥത്തിൽ) കേൾക്കുകയേ ആകാവൂ. അവരെ കാണരുതു്. കണ്ടുപോയാൽ ബഹുമാനം കുറയും. എത്രകണ്ടാലും ബഹുമാനത്തിനു ലോപം വരില്ല എന്നു പറയാം ചങ്ങമ്പുഴ യെപ്പറ്റി. പക്ഷേ, അദ്ദേഹം സ്വന്തം കവിത ചൊല്ലുന്നതു കേൾക്കരുതു്. ഞാനതു കേട്ടിട്ടുണ്ടെങ്കിലും ഇന്നു് ഇവിടെയിരുന്നു പറയുന്നു: ‘ഞാൻ ചങ്ങമ്പുഴയെ പലപ്പോഴും കണ്ടിട്ടുണ്ടു്. പക്ഷേ, അദ്ദേഹം സ്വന്തം കവിത ചൊല്ലുന്നതു കേട്ടിട്ടില്ല’.
  2. ശൈശവകാലത്തു് എന്നെക്കാൾ എന്റെ നിഴലിനെ ഞാൻ സ്നേഹിച്ചിരുന്നു. വെള്ളച്ചുവരിൽ നിഴൽ കാണാൻ ഞാൻ വെളിച്ചത്തിനു് അടുത്തുചെന്നു നിന്നിരുന്നു. ബാലനായിരുന്ന കാലത്തു് സ്വന്തം നിഴലിനെയല്ല ഞാൻ സ്നേഹിച്ചതു്. കൈകൾ ചേർത്തു് വിളക്കിനരികിൽ പിടിച്ചു് പട്ടിയുടെയും പക്ഷിയുടെയും രൂപങ്ങളിൽ നിഴലുണ്ടാക്കി ഞാൻ രസിച്ചിരുന്നു. ആ രൂപങ്ങളെ ഞാൻ ഇഷ്ടപ്പെട്ടു. ഇന്നു് ചുവരിൽ നിഴൽ വീഴുമെന്നു കരുതി വിളക്കിനടുത്തു പോകുന്നില്ല. ഞാൻ എന്റെ നിഴലിനെ പേടിക്കുന്നു.
  3. എന്റെ ഗുരുനാഥനായിരുന്നു ഇളംങ്കുളം കുഞ്ഞൻപിള്ള. ഒരു ദിവസം സാറ് എന്നോടു പറഞ്ഞു: “ടി. എൻ. ഗോപിനാഥൻ നായർ മലയാളമോണേഴ്സിനുചേരാൻ വന്നു. ‘ചങ്ങമ്പുഴയാവാനാണോ ഭാവം?’ എന്നു ഞാൻ ഗോപിയോടു ചോദിച്ചു. ഗോപി ക്ലാസ്സിൽ ചേർന്നില്ല”. സാറിന്റെ ഈ ചോദ്യത്തിൽ ഒരർത്ഥവുമില്ല. ചങ്ങമ്പുഴ അദ്ദേഹത്തിന്റെ നിലയിലും ഗോപി അദ്ദേഹത്തിന്റെ നിലയിലും തിളങ്ങും. സാഹിത്യകാരന്മാരെ നിരുത്സാഹപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു അക്കാലത്തെ ആർട്സ് കോളേജിലെ മലയാളം വകുപ്പിനു്.
  4. സ്വിഫ്റ്റിന്റെ ഇംഗ്ലീഷ് മനോഹരമാണു്. ആധുനികകാലത്തു് ബർട്രൻഡ് റസ്സലും ആൽഡസ് ഹക്സിലും ബർനാർഡ് ഷാ യുമാണു് നല്ല ഇംഗ്ലീഷ് എഴുതിയവർ. പക്ഷേ, അവരെപ്പോലെ ഇംഗ്ലീഷ് എഴുതിയാൽ ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് ജേണലും ആ ലേഖനം പ്രസിദ്ധപ്പെടുത്തുകയില്ല. മനുഷ്യനു മനസ്സിലാകാത്തരീതിയിൽ സ്റ്റിൽറ്റഡായി (Stilted = കൃത്രിമമായി) അമേരിക്കൻ ഇംഗ്ലീഷ് എഴുതിയാലേ പത്രാധിപന്മാർക്കു് ഇഷ്ടമാവൂ. ജേണലിസം ക്ലാസ്സുകളിലും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതു് ഈ വൃത്തികെട്ട ഇംഗ്ലീഷ് എഴുതാനാണു്. ഇതു നേരിട്ടുമനസ്സിലാക്കിയിട്ടു് നടത്തുന്ന പ്രസ്താവമല്ല. വിദ്യാർത്ഥികൾ എഴുതിക്കൊണ്ടുവരുന്ന പല ലേഖനങ്ങളും ഞാൻ വായിക്കുന്നുണ്ടു്. കൃത്രിമമായ ഇംഗ്ലീഷിലാണു് അവരാകെ എഴുതുക. അതിലെ ജേണലിസത്തിന്റെ ജാഗൺ (Jargon = സാങ്കേതികത്വമുള്ള ഭാഷ) എനിക്കു വെറുപ്പു് ജനിപ്പിക്കുന്നു.
ഇ. എം. എസ്
images/EMS2001stamp.jpg
ഇ. എം. എസ്. നമ്പൂതിരിപ്പാടു്

ഈ കാലയളവിലെ വലിയ ധിഷണാശാലിയാണു് ഇ. എം. എസ്. നമ്പൂതിരിപ്പാടു്. പലപ്പോഴും ടെക്നിക്കിന്റെ അതിപ്രസരം എൻ. കൃഷ്ണപിള്ള യുടെ നാടകങ്ങളിൽ ഉണ്ടെങ്കിലും പ്രധാനമായ നിരൂപകനെയാണു് നമ്മൾ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളിൽ കാണുക. ആ നിലയിൽ വ്യക്തിത്വമുള്ള കൃഷ്ണപിള്ളസ്സാറിന്റെ സംഭാവനകളെക്കുറിച്ചു് ഇ. എം. എസ്. നടത്തുന്ന നിരീക്ഷണങ്ങൾ തൽപ്പരത്വത്തോടുകൂടിയാണു് ഞാൻ കണ്ടു മനസ്സിലാക്കിയതു്. നിഷ്പക്ഷതയും ആർജ്ജവവുമാണു് (sincerity) ഇ. എം. എസ്സിന്റെ ലേഖനത്തിന്റെ മുദ്രകൾ. കൃഷ്ണപിള്ളസാറിന്റെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടില്ലെന്നും ‘അനുഭവങ്ങൾ അഭിമതങ്ങൾ’ ‘പ്രതിപാത്രം ഭാഷണഭേദം’ ഈ രണ്ടു കൃതികളേ വായിച്ചുള്ളൂവെന്നും ഇ. എം. എസ്. പറയുന്നുണ്ടെങ്കിലും എല്ലാ കൃതികളും പാരായണം ചെയ്തതിനുശേഷം ആവിഷ്കരിക്കാവുന്ന അഭിപ്രായം പോലെ തന്നെയിരിക്കുന്നു ഇപ്പോഴത്തെ അഭിപ്രായവും. ബുദ്ധിയുള്ളവർക്കു എഴുത്തുകാരന്റെ ഒന്നോ രണ്ടോ ഗ്രന്ഥങ്ങൾ വായിച്ചാൽമതി. കാതലായ അംശം അവർ കണ്ടെത്തും. അതു് കണ്ടെത്തിയിരിക്കുകയാണു് ഇ. എം. എസ്.

ഈ പ്രബന്ധത്തിലെ ഒരു ഭാഗം ഇവിടുത്തെ ചില കവികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ എനിക്കു കൗതുകമുണ്ടു്. ഇ. എം. എസ്. പറയുന്നു:

“എന്തുകൊണ്ടെന്നാൽ, പ്രതിഭാശാലികളായ നാടകകൃത്തുക്കൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലാണു് ജീവിക്കുന്നതു്. ഈ മാറ്റങ്ങളുടെ സ്വാധീനത്തിൽ നിന്നു് ഒഴിഞ്ഞു നിൽക്കാൻ മറ്റു രംഗങ്ങളിലെന്നപോലെ നാടകരംഗത്തു ശോഭിക്കുന്ന വ്യക്തികൾക്കും കഴിയുകയില്ല. സാമൂഹ്യവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളോടു് വ്യക്തിപരമായി പ്രതിബദ്ധത പുലർത്താത്ത കലാകാരന്മാരിൽപ്പോലും ഈ പരിവർത്തനങ്ങൾ അവയുടെ സ്വാധീനം ചെലുത്തും. അതുകൊണ്ടാണു് മാർക്സിസ്റ്റ്–ലെനിനിസ്റ്റുകാരായ നിരൂപകരും ആസ്വാദകരും സാമൂഹ്യരാഷ്ട്രീയരംഗങ്ങളിൽ പരിവർത്തനം വരുത്തുകയെന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം നടത്തുന്ന രചനകളെ മാത്രം അഭിനന്ദിക്കുകയെന്ന തെറ്റു് ഇപ്പോൾ ആവർത്തിക്കാത്തതു്. ബോധപൂർവ്വമായോ അല്ലാതെയോ പിന്തിരിപ്പൻ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാത്തതും ഉയർന്ന കലാമൂല്യമുള്ളതുമായ എല്ലാ രചനകളെയും സ്വാഗതം ചെയ്യുകയെന്ന സമീപനമാണു് മാർക്സിസ്റ്റ്–ലെനിനിസ്റ്റുകാർ ഇന്നു് അംഗീകരിക്കുന്നതു്”.

കശുവണ്ടി മുതലാളി ലോക്കൗട്ട് നടത്തിയപ്പോൾ തൊഴിൽക്കാരി കരഞ്ഞെന്നും അയാൾ അവളെ ബലാത്സംഗം ചെയ്യാൻ ചെന്നുവെന്നും പോലീസുകാരൻ ഫാക്ടറി തൊഴിലാളിയെ അടിച്ചെന്നും മറ്റുമുള്ള വിഷയങ്ങൾ ഇപ്പോഴും പദ്യത്തിലാക്കി വയ്ക്കുന്നവർ ഈ ഖണ്ഡിക മനസ്സിരുത്തിവായിക്കണം. സ്വന്തം മേശയുടെ പുറത്തു് ഇതു് ഫ്രയിം ചെയ്തുവച്ചാലും വേണ്ടില്ല. പദ്യം ചമയ്ക്കാൻ തുടങ്ങുന്നതിനു മുമ്പു് അതു വീണ്ടും വായിക്കണം. അതു ചെയ്താൽ അറുപഴഞ്ചൻ വിഷയങ്ങൾ തൂലികയിലൂടെ കടലാസ്സിൽ വീഴുകയില്ല.

images/TheodorWAdorno2003.jpg
അഡോർനോ

കലയുടെ സാമൂഹികാംശം അതിന്റെ ഉള്ളടക്കത്തിലോ ഐഡിയോളജിയിലോ അല്ല ഇരിക്കുന്നതു് എന്ന അഡോർനോ യുടെ അഭിപ്രായം ഇവിടെ ഓർമ്മിക്കത്തക്കതാണു്. കലാപരമായ രൂപമാർജ്ജിക്കുന്ന ഒരു ആന്തരാംശമുണ്ടു്. അതിലാണു് സാമൂഹികാംശമിരിക്കുന്നതു്. (Aesthetic theory എന്ന പുസ്തകം നോക്കുക) അഡോർനോ പറയുന്ന കലാപരമായ സത്യം—aesthetic truth —പഴഞ്ചനും പരിചിതവുമായതിനെ പാടേ നിരാകരിക്കുന്നു. അഡോർനോയും ഇ. എം. എസ്സും കണ്ട ഈ സത്യം ഇവിടുത്തെ ചില കവികൾ കാണാഞ്ഞതു് കഷ്ടമെന്നേ പറയേണ്ടൂ.

റഷ്യൻ ദാർശനികനും മെൻഷിവിക്കുകളുടെ (Mensevik) നേതാവുമായിരുന്ന ഗിയോർഗി വാലിൻറ്റീനോവിച്ച് പ്ലിഹാനോഫ് (Georgi Valentinovish Plakhanov, 1857–1918) മനുഷ്യന്റെ മാനസിക ഘടനയനുസരിച്ചാണു് സൗന്ദര്യശാസ്ത്രത്തെ സംബന്ധിക്കുന്ന ആശയങ്ങളുണ്ടാകുന്നതെന്നു പറയുന്നു.

images/ArtandSocialLife.jpg

“വന്യമായ ഭൂവിഭാഗത്തിൽ നമ്മൾ ആഹ്ലാദിക്കുന്നതു് നഗരത്തിലെ കാഴ്ചകൾ കണ്ടു മടുപ്പു് ഉണ്ടായതുകൊണ്ടാണു്. പതിനെട്ടാം ശതാബ്ദത്തിലെ ആളുകൾ നഗരത്തിലെ കാഴ്ചകളും പറ്റെവെട്ടിയ പൂന്തോട്ടങ്ങളും കണ്ടു് ആഹ്ലാദിച്ചതു് വന്യവും വിജനവുമായ പ്രദേശങ്ങളോടു് അവയെ താരതമ്യപ്പെടുത്തിയിട്ടാണു്”. (Art and Social Life).

കലയുടെ മണ്ഡലം

കൃഷ്ണപിള്ളസാറിന്റെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടില്ലെന്നും ‘അനുഭവങ്ങൾ അഭിമതങ്ങൾ’ ‘പ്രതിപാത്രം ഭാഷണഭേദം’ ഈ രണ്ടു കൃതികളേ വായിച്ചുള്ളൂവെന്നും ഇ. എം. എസ്. പറയുന്നുണ്ടെങ്കിലും എല്ലാകൃതികളും പാരായണം ചെയ്തതിനുശേഷം ആവിഷ്കരിക്കാവുന്ന അഭിപ്രായം പോലെ തന്നെയിരിക്കുന്നു ഇപ്പോഴത്തെ അഭിപ്രായവും. ബുദ്ധിയുള്ളവർക്കു എഴുത്തുകാരന്റെ ഒന്നോ രണ്ടോ ഗ്രന്ഥങ്ങൾ വായിച്ചാൽമതി. കാതലായ അംശം അവർ കണ്ടെത്തും.

യുഗോ യുടെ ‘പാവങ്ങൾ’ എന്ന നോവലിലെ കഥാപാത്രമായ ഷാങ് വൽ ഷാങ് വീട്ടിലേക്കു മടങ്ങിപ്പോരുമ്പോൾ ദുഃഖിച്ചവനായിരുന്നു. അന്നു് അയാൾക്കു് ഒന്നും കിട്ടിയില്ല. വീട്ടിലാണെങ്കിൽ സഹോദരിയുടെ കുഞ്ഞുങ്ങൾ പട്ടിണിയാണു്. അമ്മാവൻ എന്തെങ്കിലും കൊണ്ടുവരുമെന്നു് ആശിച്ചു് അവർ ഇരിക്കുകയാണു്. നിരാശതയിൽ വീണ ഷാങ് വൽ ഷാങ് ബേക്കറിയിലെ കണ്ണാടിപ്പെട്ടിയിൽ ഇരുന്ന റൊട്ടി കണ്ടു. ഒറ്റയടിക്കു കണ്ണാടിപൊട്ടിച്ചിട്ടു് റൊട്ടി എടുത്തുകൊണ്ടു് ഓടി. അയാളെ പിടികൂടി. കാരാഗൃഹത്തിലുമായി ഷാങ് വൽ ഷാങ്. തടവുകാലം കഴിയുന്നതിനു മുമ്പു് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ പിടികൂടപ്പെട്ടു അയാൾ. അങ്ങനെ പത്തൊൻപതുവർഷം അയാൾ കാരാഗൃഹത്തിൽ കിടന്നു. മറ്റു മാർഗ്ഗമില്ലാതിരുന്നതുകൊണ്ടാണു് റൊട്ടി മോഷ്ടിച്ചതെന്നു കോടതിയിൽ വാദിച്ചാലും അന്നു രക്ഷയില്ലായിരുന്നു. കാരണം അക്കാലത്തെ നിയമങ്ങൾ അത്ര കഠിനങ്ങളായിരുന്നു എന്നതുതന്നെ.

വിശ്വവിശ്രുതനായ ഫ്രഞ്ചെഴുത്തുകാരൻ ഷാങ് ഷെനെ മോഷണം നടത്തിയതിന്റെ പേരിൽ കാരാഗൃഹത്തിലായി. മറ്റൊരു സാഹിത്യനായകൻ കോക്തൗ സർക്കാരിനു് അപേക്ഷകൊടുത്തു അദ്ദേഹത്തെ മോചിപ്പിച്ചു. ഷെനെ ജീനിയസ്സാണു് എന്നാണു് അദ്ദേഹം സർക്കാരിനെ അറിയിച്ചതു്. ഇതിനെക്കുറിച്ചു് Quentin Crisp — ക്വൻറ്റൻ ക്രിസ്പ് എന്ന ധിഷണാശാലി രസകരമായ നിരീക്ഷണം നടത്തിയിട്ടുണ്ടു്. ഷെനെ ജീനിയസ്സാണെങ്കിൽ ജീവിക്കാനുള്ള പണമുണ്ടാക്കാൻ പ്രയാസമില്ലല്ലോ. അപ്പോൾ മോഷണം കൂടുതൽ നിന്ദ്യമായിത്തീരുന്നു. ജഡ്ജിയുടെ വിധി ഇങ്ങനെ ആകാം: “The court was not previously aware of the prisoner’s many accomplishments. In view of these we see fit to impose death penalty”. എന്തുകൊണ്ടു് കോടതി ഇങ്ങനെ പറഞ്ഞില്ല. സർക്കാരാണല്ലോ ഷെനെയെ മോചിപ്പിച്ചതു്. ഇനി കോടതിയാണു് മോചനം നൽകിയതെന്നു വിചാരിക്കൂ. എങ്കിലും ഈ വിധത്തിലൊരു വിധി ഉണ്ടാകുമായിരുന്നില്ല. കാരണം സ്വദേശസ്നേഹത്തിലായിരുന്നു കോക്തൌവിന്റെ ഊന്നൽ. ദേശസ്നേഹം സാന്മാർഗ്ഗിക നിയമങ്ങൾക്കും കോടതിനിയമങ്ങൾക്കും ശൈഥില്യം വരുത്തിയിരിക്കുന്നു. ഈ ശൈഥല്യം പൊതുവേ എല്ലായിടത്തും ദൃശ്യമാണു്. മകൻ അച്ഛനെ കൈവയ്ക്കുന്നതു് ഇന്നു് സർവസാധാരണമത്രേ. ചില പിതാക്കന്മാർ മക്കളുടെ അടിമേടിക്കത്തക്കവിധത്തിൽ അധമന്മാരാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാലും പിതാപുത്രബന്ധത്തിന്റെ ലയത്തിനു പണ്ടുള്ള ലയത്തിൽ നിന്നു് വ്യത്യാസമുണ്ടു്. പ്രാചീനകാലത്തു് അച്ഛൻ തെമ്മാടിയാണെങ്കിലും മകൻ ക്ഷമയോടെ വർത്തിക്കുമായിരുന്നു. ഇന്നു് അതല്ല സ്ഥിതി.

ഒ. പി. ജോസഫ് കലാകൗമുദിയിലെഴുതിയ ‘നാലാം പ്രമാണം’ എന്ന കഥയിലെ മകൻ അച്ഛനെ അടിക്കുന്നില്ല. തെണ്ടി എന്നു വിളിക്കുന്നതേയുള്ളു. ഒരിക്കൽ വിളിച്ചതു് ആവർത്തിക്കുമെന്നു മകൻ പറഞ്ഞപ്പോൾ അച്ഛൻ അവനെ ചവിട്ടിപ്പുറത്താക്കി. അവൻ തിരിച്ചുവരുന്നില്ലെന്നു കണ്ടപ്പോൾ അയാൾക്കു ദുഃഖം. സ്നേഹമെന്ന മൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണു് കഥാകാരൻ. അനുകരണാത്മകമായ പ്രതിപാദനത്തെ ഒഴിവാക്കി കലയുടെ മണ്ഡലത്തിലേക്കു ജോസഫ് കഥയെ ഉയർത്തിയിരിക്കുന്നു.

അലിഗറി

ഞാൻ ഏറ്റവും വെറുക്കുന്ന ഒരു സാഹിത്യരൂപമാണു് അലിഗറി—ലാക്ഷണിക കഥ. അതിനാൽ പി. സോമന്റെ “കുശിനിപ്പുരയുടെ പ്രശ്നങ്ങൾ” എന്ന ചെറുകഥ (ദേശാഭിമാനി വാരിക) എനിക്കു് ഇഷ്ടപ്പെട്ടില്ല. (വെറുക്കുന്നു എന്നെഴുതാത്തതു് സോമൻ എന്റെ ശിഷ്യനായിരുന്നു എന്നതിനാലാണു്) തറവാട്ടിനെ ആർക്കും സ്നേഹമാണല്ലോ. ആ ഭവനത്തിന്റെ അടുക്കളയുടെ ‘മേൽക്കൂര മാറ്റിപ്പണിയണോ വേണ്ടയോ എന്ന ചിന്ത. അതുചെയ്യേണ്ട രണ്ടു മേസ്തിരിമാരും ശത്രുക്കൾ. അങ്ങനെ കാര്യങ്ങൾ “തർക്കവ്രണിത”ങ്ങളായി പുരോഗമിക്കുമ്പോൾ ഇടിയുടെ മിന്നലും കാറ്റും വന്നു മേൽക്കൂര കിടുങ്ങുന്നു. മഴവെളളം ചിലന്തിവലകളോടൊപ്പം കറുത്ത രക്തംപോലെ ഒഴുകിയിറങ്ങുന്നു. വാസ്തവികത്വമുള്ള ആഖ്യാനം മാത്രമാണു് ഇതെങ്കിൽ കലാഹൃദയത്തിന്റെ സ്പന്ദനമില്ല. അതല്ല ഭാരതത്തിന്റെ ശോചനീയാവസ്ഥയാണു് കഥാകാരന്റെ വിഷയമെങ്കിൽ ഒരു വലിയ പ്രതിപാദത്തെ അടുക്കളയിലേക്കു ഒതുക്കി സങ്കുചിതത്വം വരുത്തുന്നു എന്നു പറയേണ്ടതായിവരും. ഇതു് ഇക്കഥയുടെ മാത്രം ദോഷമല്ല. എല്ലാ അലിഗറികളുടെയും ദോഷമാണു്. ലാക്ഷണികകഥകൾ എപ്പോഴും രാഷ്ട്രവ്യവഹാരത്തിന്റെ മാനങ്ങളെയും സമൂഹത്തിന്റെ മാനങ്ങളെയും പരിഹാസജനകമായ വിധത്തിൽ ലഘൂകരിച്ചുകളയും. അതിനാലാണു് ഹേഗലും ക്രോചെ യും ലൂക്കാച്ചും അലിഗറി കലയല്ല എന്നുപറഞ്ഞതു്.

ദിനക്കുറിപ്പുകൾ

ടെലിവിഷൻ കാണാറില്ല ഞാൻ. കുട്ടികളാരോ സെറ്റ് പ്രവർത്തിപ്പിച്ചപ്പോൾ ബോക്സിങ് നടക്കുന്നു. എന്തൊരു അപരിഷ്കൃതവും ജുഗുപ്സാവഹവുമായ ഏർപ്പാടു്! തമ്മിലിടിക്കുന്നവർക്കു് എന്തോ മാനസികരോഗമാണു്. ഈ കാട്ടാളത്തം കണ്ടുരസിക്കുന്നവർക്കും അതേ രോഗം തന്നെ.

രാത്രി 8.10. വ്യക്തികൾക്കു് എതിരായി ആശ്വാസം പ്രദാനം ചെയ്യുന്നതിനു കലയ്ക്കു സാധിക്കും. പക്ഷേ, യാഥാർത്ഥ്യത്തിനു് എതിരായി അതിനൊന്നും കഴിയുകയില്ല എന്നു റോമാങ് റൊളാങ് എവിടെയോ എഴുതിയിട്ടുണ്ടു്. ശരിയല്ലേ? പഞ്ചാബിലും കാശ്മീരിലും അപരാധം ചെയ്യാത്തവരെകൊന്നൊടുക്കുമ്പോൾ കലയ്ക്കു എന്തുചെയ്യാനാവും? വഴിപിഴച്ച നിരൂപണത്തിനു യാഥാർത്ഥ്യത്തെ ഹനിക്കാനാവുമോ? 1987-ലെ നോബൽ സമ്മാനം വാങ്ങിയ യോസിഫ് ബ്രൊഡ്സ്കി യുടെ ഉപന്യാസസമാഹാരം ഞാൻ ഈ സമയത്തു് വായിക്കുകയാണു്. ജോയിസ്, മ്യൂസിൽ, കാഫ്കാ, ഇവരെക്കാൾ വലിയ എഴുത്തുകാരനാണു് റഷ്യാക്കാരനായ Platonov എന്നു ബ്രോഡ്സ്കി പറയുന്നു. കുറേപ്പേരെങ്കിലും ഇതു വിശ്വസിക്കും. പരിഭാഷകൾ ഏറെക്കിട്ടാത്തതുകൊണ്ടാണു് ഇതു വിശ്വാസ്യമാകാത്തതെന്നു് ബ്രോഡ്സ്കി പറയുമ്പോൾ ഏറെപ്പേർ അദ്ദേഹത്തിന്റെ പ്രസ്താവം ശരിയാണെന്നു കരുതിയേക്കും. അതുകൊണ്ടു് നിരൂപണത്തിനു് യാഥാർത്ഥ്യത്തെ ഹനിക്കാനാവും.

8.20. ടെലിവിഷൻ കാണാറില്ല ഞാൻ. കുട്ടികളാരോ സെറ്റ് പ്രവർത്തിപ്പിച്ചപ്പോൾ ബോക്സിങ് നടക്കുന്നു. എന്തൊരു അപരിഷ്കൃതവും ജുഗുപ്സാവഹവുമായ ഏർപ്പാടു്! തമ്മിലിടിക്കുന്നവർക്കു് എന്തോ മാനസികരോഗമാണു്. ഈ കാട്ടാളത്തം കണ്ടു രസിക്കുന്നവർക്കും അതേ രോഗം തന്നെ.

images/JosefBrodsky.jpg
യോസിഫ് ബ്രൊഡ്സ്കി

8.35. ബ്രോഡ്സ്കിയുടെ പുസ്കം താഴെ വച്ചിട്ടു് Ted Morgan എഴുതിയ Literary Outlaw: The Life and Times of William S. Burroughs എന്ന ജീവചരിത്രം വായിക്കാനെടുത്തു. ഈ മനുഷ്യൻ ഭാര്യയെ വെടിവച്ചുകൊന്നവനാണു് എന്നു വായിച്ചതോടെ ആ പുസ്തകവും താഴെവച്ചു. നോർമൻ മെയ്ലർ ഭാര്യയെ കത്തികൊണ്ടുമലർത്തി എന്നറിഞ്ഞതിൽപ്പിന്നെ ഞാൻ അയാളുടെ ഒരു പുസ്തകവും വായിച്ചിട്ടില്ല. ഭാര്യയെ വെടിവച്ചു കൊന്നതു കരുതിക്കൂട്ടിയല്ല, അങ്ങ് അറിയാതെ പറ്റിപ്പോയതാണു് എന്നു ജീവചരിത്രത്തിൽ കണ്ടിട്ടും തുടർന്നുവായിക്കാനായില്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-07-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.