സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-12-23-ൽ പ്രസിദ്ധീകരിച്ചതു്)

​ മഹായശസ്കനായ എ. എസ്. പി. അയ്യർ എഴുതിയ ഒരു കഥ—ചിലപ്പോൾ യഥാർത്ഥ സംഭവവുമാകാം— ഓർമ്മയിൽ എത്തുന്നു. ഒരു ഇംഗ്ലീഷുകാരൻ ഒരു ഭാരതീയനോടു ചോദിച്ചു: അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം ഇവയെക്കുറിച്ചെല്ലാം നിങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതു കൊണ്ടു് എന്തു പ്രയോജനം? ഭാരതീയൻ ഒരു മറുചോദ്യം അങ്ങോട്ടു ചോദിച്ചു: “നിങ്ങൾ എവറസ്റ്റാരോഹണത്തിനു വരാറില്ലേ? അങ്ങനെയെത്തുന്നവരോടു നിങ്ങൾക്കു ബഹുമാനമുണ്ടല്ലോ. ഒരു പുല്ലുപോലും കിളിർക്കാത്ത എവറസ്റ്റിൽ ചെന്നിട്ടു് എന്തു പ്രയോജനം?” അതുകേട്ടു ഇംഗ്ലീഷുകാരൻ പറഞ്ഞു: “അതു പ്രകൃതിയെ കീഴടക്കലാണു്. ആ പ്രവർത്തനം ചൈതന്യാത്മകമാണു്” അപ്പോൾ ഭാരതീയൻ അറിയിച്ചു: “നിങ്ങൾ കൊടുമുടികൾ കയറുന്നു. ഞങ്ങൾ ചിന്തകളുടെ കൊടുമുടികളാണു് കയറുന്നതു്.”

images/Heraklit.jpg
ഹെറക്ലീറ്റസ്

പ്രകൃതിയെ കീഴടുക്കുകയും ചിന്തയുടെ കൊടുമുടിയിൽ കയറിചെല്ലുകയും ചെയ്ത ഒരു വിദേശിയാണു് അലക്സാണ്ടർ ഫ്രേറ്റർ. അദ്ദേഹത്തിന്റെ മനോഹരമായ പുസ്തകം “Chasing the Monsoon” ഒറ്റ രാത്രികൊണ്ടു് ഞാൻ വായിച്ചു തീർത്തു. വായിക്കാൻ തുടങ്ങിയാൽ താഴെ വയ്ക്കാൻ കഴിയാത്ത പുസ്തകം എന്നു പറയുന്നതു ‘പ്ലാറ്റിറ്റ്യൂഡാണെ’ന്നു് ഞാൻ സമ്മതിക്കുന്നു. പക്ഷേ, ആ അതിസാധാരണോക്തി തന്നെ ഇവിടെ നിർവ്വഹിച്ചുകൊള്ളട്ടെ. The Guinness Book of Records-ൽ ചെറാപ്പുഞ്ചിയെ the wettest place of the earth എന്നു വിശേഷിപ്പിച്ചിരിക്കുന്നതു കണ്ടപ്പോൾ മുതൽ അവിടെ കാലവർഷമെത്തുമ്പോൾ ചെല്ലണമെന്നു് അലക്സാണ്ടർക്കു് ആഗ്രഹമുണ്ടായി. മേഘാലയത്തിന്റെ തലസ്ഥാനമായ ഷില്ലോങ്ങിന്റെ തെക്കാണല്ലോ ചെറാപുഞ്ചി. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം പുലർത്തിയിരുന്ന കാലയളവിൽ ഇംഗ്ലണ്ടിലുള്ള പലരും അവിടെ സേവനമനുഷ്ഠിക്കാൻ നിർബ്ബദ്ധരായിട്ടുണ്ടു്. ശാശ്വത വർഷപാതത്തിന്റെ പീഡ സഹിക്കാനാവാതെ അവരിൽ പലരും ആത്മഹത്യ ചെയ്തു. Died by his own hand എന്ന ചരമവാക്യം എഴുതിവച്ചിട്ടുള്ള ശവകുടീരങ്ങൾ കാണാനും അലക്സാണ്ടർക്കു താൽപര്യം. അതുകൊണ്ടു കാലവർഷം ആരംഭിക്കുന്ന തിരുവനന്തപുരത്തു് എത്തി. ഗോവ, ബോംബെ, ദില്ലി, കൊൽക്കത്ത, ഷില്ലോങ്, ചെറാപുഞ്ചി എന്നീ സ്ഥലങ്ങളിൽ കാലവർഷം എത്തുന്നതിനു മുൻപു് അദ്ദേഹം അവിടെ എത്തും. ചെന്നു കഴിഞ്ഞതിനുശേഷം മേഘങ്ങൾ അന്തരീക്ഷത്തിൽ ഉരുണ്ടുകൂടുന്നതു് അദ്ദേഹം കാണും. പെട്ടന്നു് കാറ്റു് ഉണ്ടാകും. ഭയജനകങ്ങളായ ഇടികളും മിന്നലുകളും. അതാ വർഷപാതം. അതോടെ പ്രളയം തന്നെ. മഴ ശമിച്ചാൽ അന്തരീക്ഷത്തിനു തണുപ്പു്. പൂക്കളുടെ പരിമണം. ആ മഴ കാണുമ്പോൾ, അതിന്റെ ഭയാനകത അനുഭവിക്കുമ്പോൾ, തണുപ്പിൽ കൂനിക്കൂടി വിറയ്ക്കുമ്പോൾ, പൂക്കളുടെ സൗരഭ്യം നുകരുമ്പോൾ ഭാരതീയൻ ഭാരതീയനായി മാറുന്നു. ആ കാഴ്ച അലക്സാണ്ടർ കണ്ടു; ഒരളവിൽ അദ്ദേഹവും അങ്ങനെ ഭാരതീയനായി മാറി എണ്ണമറ്റ പ്രയാസങ്ങൾ സഹിച്ചു്, കാലവർഷം ആഘാതമേൽപ്പിക്കുന്ന ഓരോ സ്ഥലവും സന്ദർശിച്ചു് അദ്ദേഹം വിദേശികൾക്കു പ്രവേശനമില്ലാത്ത ചെറാപ്പുഞ്ചിയിൽ എത്തി. അവിടെ നഗ്നരായ വേട്ടക്കാർ കാടുകളിൽ നിശ്ശബ്ദരായി ജീവിക്കുന്നുണ്ടു്. വില്ലുമമ്പും ധരിച്ചു് അവർ നടക്കും. അലക്സാണ്ടറെ അവരിൽ ആരെങ്കിലും കണ്ടിരുന്നെങ്കിൽ അദ്ദേഹം ആ ചേതോഹരമായ പുസ്തകമെഴുതാൻ ജീവിച്ചിരിക്കുമായിരുന്നില്ല.

I turned. A burly Indian in a rumpled Khaki safari suit stood watching me.

‘just having a look around’ I said.

‘Where are your papers?’

‘Why?’

Security. You are in a prohibited zone.

I opened my passport at the Cherappunji permission and handed it to him.

He pondered it for some time then gave it back, frowning.

‘There has been a mistake’ he said.

‘You are not allowed here’

‘Delhi says I am’

‘Unfortunately Delhi is far away.

You must leave at once…’

നമ്മുടെ സംസ്കാരവും പരിഷ്കാരവും എന്നല്ല നമ്മുടെ ഈ ഭാരതം തന്നെ മരിച്ചുകൊണ്ടിരിക്കുന്നു. മരണം കണ്ടു വിലാപമുയരുമ്പോഴും കാലവർഷത്തിന്റെ മേഘനാദങ്ങളിൽ നിന്നു് ഒരു സന്ദേശം കേൾക്കാറാകുന്നു. പ്രതീക്ഷയോടു് ബന്ധപ്പെട്ടതാണു് ആ സന്ദേശം.

സ്വന്തം നാട്ടുകാർ “സ്വന്തം കൈകൊണ്ടു് മരിച്ചു്” വിശ്രമം കൊള്ളുന്ന ശവപ്പറമ്പു കണ്ടിട്ടു് അലക്സാണ്ടർ മടങ്ങിപ്പോന്നു. പക്ഷേ, അദ്ദേഹം കിനാവിനെ യാഥാർത്ഥ്യമാക്കി. ചക്രവാളത്തിനപ്പുറമുള്ള സൗന്ദര്യം സാക്ഷാത്കരിക്കുന്ന റോബർട് എന്ന കഥാപാത്രത്തെ ഓനീലിന്റെ Beyond the Horizon എന്ന നാടകത്തിൽ ഞാൻ കണ്ടിട്ടുണ്ടു്. വിദൂരതയിലുള്ളതിനെ സാക്ഷാത്കരിക്കാൻ അഭിലഷിക്കുന്ന വേറൊരു കഥാപാത്രത്തെ ടാഗോറിന്റെ ഒരു നാടകത്തിൽ ഞാൻ ദർശിച്ചിട്ടുണ്ടു്. അവ രണ്ടും സങ്കല്പങ്ങൾ. പക്ഷേ, ചെറാപ്പുഞ്ചി യാഥാർത്ഥ്യം. ആ യാഥാർത്ഥ്യത്തിൽ ചെന്നെത്തിയ അനുഗൃഹീതനായ ഈ സാഹിത്യകാരൻ കാലവർഷമെന്ന കാമുകൻ ഭൂമിയെന്ന കാമുകിയെ ചുംബിച്ചു് അനുഭൂതിയിൽ ചെന്നു വീഴുന്നതിനെ ഹൃദയകാരിയായി വർണ്ണിക്കുന്നു. ഈ വർണ്ണനകൾക്കിടയിൽ എത്രയെത്ര വ്യക്തികളാണു് നിരന്നു നിൽക്കുക! വെണ്മയാർന്ന കടലാസ്സിലെ ശ്യാമ വർണ്ണമാർന്ന മഷിയിൽ നിന്നു് അനുഗൃഹീതയായ കവയിത്രി കമലാദാസ് ഉയർന്നു വരുന്നതു നോക്കുക: “A small bespectacled woman with a teeneger’s complexion, Kamala Das wore a vivid blue sari with great panache and I reflected that she must have been a great beauty.” കമലാദാസ് അലക്സാണ്ടറോടു പറഞ്ഞതിൽ നിന്നു് രണ്ടു വാക്യങ്ങൾ കൂടി ഞാൻ എടുത്തെഴുതി കൊള്ളട്ടെ. ‘The monsoon’s arrival is quite magnificent. It comes towards you like an orchestra and, not surprisingly, has inspired some of our loveliest music, ragas which evoke distant thunder and falling rain’ എത്ര ചിന്തോദ്ദീപകമായ പ്രസ്താവം. നമ്മുടെ സംസ്ക്കാരവും പരിഷ്ക്കാരവും എന്നല്ല നമ്മുടെ ഈ ഭാരതം തന്നെയും മരിച്ചു കൊണ്ടിരിക്കുന്നു. ആ മരണം കണ്ടു വിലാപമുയരുമ്പോഴും കാലവർഷത്തിന്റെ മേഘനാദങ്ങളിൽ നിന്നു് ഒരു സന്ദേശം കേൾക്കാറാകുന്നു. പ്രതീക്ഷയോടു് ബന്ധപ്പെട്ടതാണു് ആ സന്ദേശം. അതു ഭാരതീയരെ കേൾപ്പിക്കാൻ ശ്രമിച്ച ഈ വിദേശ സാഹിത്യകാരനോടു് നമുക്കു കടപ്പാടുണ്ടു് (Viking പ്രസാധനം).

വളരെപ്പറയുന്ന ശീലം

ചെറുകഥകൾ ഇല്ലാത്ത കാലത്തു ജീവിച്ചു മൺമറഞ്ഞു പോയ ജനങ്ങളേ നിങ്ങളെത്ര ഭാഗ്യമുള്ളവർ! ഇതൊക്കെ വായിക്കാൻ ഞങ്ങൾ ഈ കാലയളവിൽ ജീവിച്ചിരിക്കുന്നല്ലോ.

തത്ത്വചിന്തകനായ ഹെറക്ലീറ്റസ് പറഞ്ഞു: Upon those who step into the same river, there fliw different waters in different cases. നദി ഒഴുകി കൊണ്ടിരിക്കുന്നതു കൊണ്ടു് ഒരേ ജലത്തിൽ തന്നെ കാലുവയ്ക്കാൻ സാദ്ധ്യമല്ല. ഹെറക്ലീറ്റസിന്റെ ശിഷ്യനെന്നു സ്വയം പ്രഖ്യാപിച്ച ക്രാറ്റിലസാണു് You could not step into the same river twice എന്നു പറഞ്ഞതു്. ഈ പ്രസ്താവത്തെ പ്ലേറ്റോയും അരിസ്റ്റോട്ടിലും ഹെറക്ലീറ്റസിന്റെ പ്രസ്താവമാക്കി മാറ്റി. Gatylus— Plato 402 A, ‘Meta physics’ 1010a, 10–15 Aristotle (Collins Dictionary of philosophy, pp. 134). ഹെറക്ലീറ്റസിന്റെ മതമനുസരിച്ചു് എല്ലാം പ്രവഹിക്കുകയാണു്. ഒന്നും സ്ഥിരമായി നിൽക്കുന്നില്ല. കൊലപാതകം ചെയ്തവൻ അടുത്ത നിമിഷത്തിൽ വേറൊരുത്തനായതു കൊണ്ടു് കൊലപാതകത്തിന്റെ പേരിൽ അവനെ ശിക്ഷിക്കാൻ പാടില്ല എന്ന അഭിപ്രായം വരെ ഗ്രീസിൽ ഉണ്ടായി. ഓരോ നിമിഷവും വ്യക്തി മാറി കൊണ്ടിരിക്കുന്നു എന്ന വാദം ശരി. പക്ഷേ, ആ മാറ്റത്തിൽ തന്നെ മാറാത്ത സവിശേഷതകൾ ഇല്ലേ? ചില മാനസികാവസ്ഥകൾ, ചില അംഗവിക്ഷേപങ്ങൾ ഇവ മാറുകില്ല. അതുകൊണ്ടു കൊലപാതകം ചെയ്ത സമയത്തെ മാനസികാവസ്ഥ വർഷങ്ങളേറെ കഴിഞ്ഞാലും വ്യക്തിക്കു അതേ നിലയിൽ ഉണ്ടായിയെന്നു വരാം. ഓട്ടത്തിന്റെയും നടത്തത്തിന്റെയും രീതി എത്ര വയസ്സായാലും മാറില്ല മനുഷ്യനു്.

images/Peter-handke.jpg
പേറ്റർ ഹൻഡ്കെ

ചെറുകഥകൾ വിഭിന്ന പ്രസ്ഥാനങ്ങളിൽപ്പെട്ടവയാകട്ടെ. അവയുടെ പ്രതിപാദ്യ വിഷയങ്ങൾ വ്യത്യസ്തങ്ങളായിക്കൊള്ളട്ടെ. എങ്കിലും വിഭിന്ന വൃക്ഷങ്ങൾക്കു വൃക്ഷത്വം എന്ന സാമാന്യ ധർമ്മം ഉള്ളതുപോലെ ചെറുകഥകൾക്കും സാമാന്യ ധർമ്മമുണ്ടു്. യുവാവ് വൃദ്ധനാകുമ്പോൾ അയാളെ വളരെ വർഷം കഴിഞ്ഞു് കാണുന്ന ആൾ നടത്തത്തിന്റെ മാറാത്ത രീതി കണ്ടു തിരിച്ചറിയും. അതുപോലെ കഥ ഏതു വിധത്തിൽ മാറിമറിഞ്ഞാലും അതിന്റെ സാമാന്യധർമ്മം കൊണ്ടു് പ്രത്യഭിജ്ഞാനം ഉളവാക്കും. അതുളവാക്കുന്നില്ല പ്രഭാശങ്കറിന്റെ ‘നമുക്കൊക്കെ വയസ്സാവുകയാണു്’ എന്ന രചന (കലാകൗമുദി). ഒരുത്തൻ കാമുകിയുമായി കുടജാദ്രിയിൽ പോകുന്നു. അവൾ അവിടെ ജലാശയത്തിൽ നഗ്നയായി കുളിക്കുന്നതു് അയാൾ കാണുന്നു. ഇതിനിടയ്ക്കു കരുതിക്കൂട്ടി ‘സാഹിത്യമാക്കിയ’ കുറേ വർണ്ണനകളും സംഭാഷണങ്ങളുമേയുള്ളൂ. നിത്യജീവിതത്തിലെ സംഭാഷണമല്ല സാഹിത്യലോകത്തെ സംഭാഷണം. നാടകവേദിയുടെ താഴെക്കിടക്കുന്ന ഒരു കസേരയെടുത്തു് നാടകവേദിയിലിട്ടാൽ അതൊരു ‘തീയറ്റ്രിക്കൽ ചെയറാ’ണെന്നു പേറ്റർ ഹൻഡ്കെ പറഞ്ഞിട്ടുണ്ടു്. നിത്യജീവിതത്തിലെ വാക്കുകൾ കഥയിലാവുമ്പോൾ അവ സാഹിത്യപരങ്ങളായ പദങ്ങളാകും. വീണ്ടും സമ്മതിച്ചു. പക്ഷേ, അവയ്ക്കു് പ്രഭാശങ്കർ നൽകുന്ന കൃത്രിമത്വം ആകാമോ? ഒരനുഭൂതിയും പ്രദാനം ചെയ്യാത്ത കുറെ വാക്യങ്ങൾ എടുത്തിട്ടു് വാവദൂകതയിൽ ആഹ്ലാദിക്കുകയാണു് പ്രഭാശങ്കർ. അദ്ദേഹത്തിന്റെ രചനയെ രചനാഭാസം എന്നു വിളിക്കാനാണു് എനിക്കു താല്പര്യം (ആഭാസ ശബ്ദം സംസ്കൃതഭാഷയിലെ അർത്ഥത്തിലാണു് ഇവിടെ പ്രയോഗിച്ചതു്).

മരിച്ചവർ ഭാഗ്യമുള്ളവർ

എറണാകുളത്തെ ലൂസിയ ഹോട്ടലിലെ അക്കാലത്തെ റിസപ്ഷനിസ്റ്റ് ശ്രീ. സെബാസ്റ്റിൻ ഒരു ദിവസം എന്നോടു ചോദിച്ചു: “സാർ വൈൻ കുടിച്ചിട്ടുണ്ടോ?”

ഞാൻ: “കുട്ടിക്കാലത്തു് ഒരൗൺസ് വിൻകാർണീസ് വൈനിൽ രണ്ടു ടീസ്പൂൺ ഡിജോൺസ് കോഡ്ലിവർ ഓയിൽ ചേർത്തു ദിവസംതോറും കഴിക്കുമായിരുന്നു, ശരീരം നന്നാകാൻ വേണ്ടി. കാലം കഴിഞ്ഞപ്പോൾ രണ്ടും കിട്ടാതെയായി. ഇക്കാലത്തു ഓക്കാനിപ്പിക്കുന്ന ഷാർക്ക് ലിവർ ഓയിലേ ഉള്ളൂ.”

സെബാസ്റ്റിൻ: “എന്നാൽ ഇവിടത്തെ വൈൻ തരാം.”

images/Ngugi.jpg
Ngugi

ബട്ടണമർത്തി. പയ്യൻ വന്നു. “ഒരു ഗ്ലാസ് വൈൻ കൊണ്ടു വരൂ” എന്നു് അദ്ദേഹം പറഞ്ഞു. ശ്യാമള നിറമാർന്ന ആ ദ്രാവകം കുടിച്ചു കഴിഞ്ഞപ്പോൾ തലയ്ക്കു് ഒരു കറക്കം. പിറ്റേന്നു് “വൈൻ വേണോ” എന്നു് സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ “വേണ്ട, വേണ്ട തലകറങ്ങി ഇന്നലെ” എന്നു ഞാൻ മറുപടി നൽകി. “എന്നാൽ വെള്ളം ചേർത്തു കുടിച്ചുനോക്കൂ” എന്നായി സെബാസ്റ്റ്യൻ. ഗ്ലാസ്സിന്റെ കാൽഭാഗത്തോളം വൈനെടുത്തു പയ്യൻതന്നെ നിറച്ചു വെള്ളമൊഴിച്ചു. കുടിച്ചപ്പോൾ ഒരു രസവുമില്ല. എന്നല്ല ഛർദ്ദിക്കണമെന്നു തോന്നുകയും ചെയ്തു. പിന്നെ ഞാൻ ആ പരീക്ഷണത്തിനു പോയിട്ടേയില്ല. ഇപ്പോൾ കഥയെന്ന ഒരു തുള്ളി വൈനിൽ ഗ്ലാസ്സ് നിറയെ മലിനമായ വെള്ളം ചേർത്തു് സി. പി. പാർവതി ജനയുഗം വാരികയുടെ താളിൽ വച്ചിരിക്കുന്നു. ആ ദ്രാവകത്തിന്റെ—ഒട്ടുന്ന ദ്രാവകത്തിന്റെ—പേരു ‘ഭദ്രകാളി കുഞ്ചുവിന്റെ ചിരി’ എന്നാണു്. ഞാൻ ഒന്നും വിമർശനപരമായി എഴുതുന്നില്ല. ഞാൻ പറഞ്ഞപോലെ അതു് ഒട്ടുന്ന ദ്രാവകമാണോ അല്ലയോ എന്നു വായനക്കാർക്കുതന്നെ പരിശോധിച്ചാൽ മതി. ചെറുകഥകൾ ഇല്ലാത്ത കാലത്തു ജീവിച്ചു മൺമറഞ്ഞുപോയ ജനങ്ങളേ നിങ്ങളെത്ര ഭാഗ്യമുള്ളവർ! ഇതൊക്കെ വായിക്കാൻ ഞങ്ങൾ ഈ കാലയളവിൽ ജീവിച്ചിരിക്കുന്നല്ലോ.

ദാമ്പത്യജീവിതം ഫുട്ബാൾ കളിയാണു്. ഭർത്താവു് ഒരുവശത്തു്. ഭാര്യ മറുവശത്തു്. പക്ഷേ, എപ്പോഴും ഗോളടിക്കുന്നതു് ഭാര്യയാണു്. അതും പെനൽറ്റി കിക്കിലൂടെ.

പ്രശസ്തയായ അഭിനേത്രി കോർണീലിയയാണു് ഷായുടെ Candida എന്ന നാടകത്തിൽ അഭിനയിച്ചതു്. അടുത്ത ദിവസം അവർക്കു് ഷായുടെ കേബിൾ കിട്ടി: “ഉജ്ജ്വലം, മഹനീയം” ആസിഡ് കൊണ്ടു് നിരൂപണമെഴുതുന്ന ഷായുടെ ഈ അത്യുക്തി കോർണീലിയയ്ക്കു രസിച്ചില്ല. അവർ മറുപടി അയച്ചു. നന്ദി. പക്ഷേ, ഈ സ്തുതിക്കു് അർഹതയില്ലല്ലോ. ഉടനെ ഷാ മറുപടി നൽകി: “ഞാൻ നാടകത്തെയാണു് ഉദ്ദേശിച്ചതു്” കോർണീലിയ ധിഷണാശക്തിക്കും പേരുകേട്ടവളായിരുന്നു. അവർ വേറൊരു കേബിൾ അയച്ചു ഷായ്ക്കു് “ഞാനും അതു തന്നെയാണു് ഉദ്ദേശിച്ചതു്”

(ഇംഗ്ലീഷിൽ നിന്നു്)

ചോദ്യം, ഉത്തരം

ചോദ്യം: പുതിയ പുസ്തകങ്ങളുടെ പേരുകൾ പറയാമോ?

ഉത്തരം:

  1. പ്രാഗിൽ ജനിച്ച Leo Perutz (1922–1957) എഴുതിയ The Marquis of Bolitar എന്ന നോവൽ. ബോർഹെഡ് വാഴ്ത്തിയതാണു് ഇതു്. പ്രസിദ്ധീകരിച്ചതു് 1990-ൽ.
  2. Peter Maatthussen എന്ന അമേരിക്കൻ സാഹിത്യകാരന്റെ On the River Styx എന്ന കഥാസമാഹാരം. പുനഃപ്രസാധനം 1989-ൽ.
  3. ഈറ്റാലോ കാൽവീനോ യുടെ അനന്തരഗാമി എന്നറിയപ്പെടുന്ന Roberto Pazzi എഴുതിയ Searching for the Emperor എന്ന നോവൽ. പ്രസാധനം 1990.
  4. റോമണ്ട് കാർവർ എന്ന മഹാനായ സാഹിത്യകാരന്റെ ‘A new Path to the Waterfall’ എന്ന കാവ്യസമാഹാരം. അദ്ദേഹത്തിന്റെ ഒടുവിലത്തെ കാവ്യങ്ങളാണിവ. Raymond Carver was a great writer. Reaad it എന്നു സൽമാൻ റുഷ്ദി. പ്രസാധനം 1990-ൽ.
  5. Ngugi എന്ന മഹാനായ ആഫ്രിക്കൻ നോവലിസ്റ്റിന്റെ “Ngugi Detainned—A writer’s Prison Diary”. കെനിയയിലെ (Kyenya) ആദ്യത്തെ പ്രസിഡന്റും ബ്രിട്ടീഷുകാരുടെ പാലായനത്തിനു കാരണക്കാരായ Mau Mau ഗറില്ലകളുടെ നേതാവുമായ ജോമോ കെനിയാറ്റ ഈ സാഹിത്യകാരനെ മർദ്ദിച്ചതു് എങ്ങനെയാണെന്നു് ഈ ഡയറിക്കുറിപ്പു് സ്പഷ്ടമാക്കിത്തരും. പുനഃപ്രസ്സാധനം 1989-ൽ. ഈ പുസ്തകത്തെക്കുറിച്ചു ഒന്നൊന്നായി ഈ പംക്തിയിൽ എഴുതാമെന്നാണു് എന്റെ വിചാരം.

ചോദ്യം: ദാമ്പത്യജീവിതത്തെക്കുറിച്ചു് എപ്പോഴും എഴുതാറുണ്ടല്ലോ നിങ്ങൾ? പുതുതായി വല്ലതും പറയാനുണ്ടോ?

ഉത്തരം: ദാമ്പത്യജീവിതം ഫുട്ബാൾ കളിയാണു്. ഭർത്താവ് ഒരുവശത്തു്. ഭാര്യ മറുവശത്തു്. പക്ഷേ, എപ്പോഴും ഗോളടിക്കുന്നതു് ഭാര്യയാണു്. അതും പെനൽറ്റി കിക്കിലൂടെ.

ചോദ്യം: കാറ് ഒരു ന്യൂയിസൻസ് അല്ലേ?

ഉത്തരം: ന്യൂസെൻസ് എന്നാണെന്നു തോന്നുന്നു ശരിയായ ഉച്ചാരണം. സൊല്ല തന്നെ. നടന്നുപോകുന്ന എനിക്കു് കൂട്ടൂകാരന്റെ പുതിയ കാറ് കാണുമ്പോൾ സൊല്ലയായിത്തോന്നുന്നു.

ചോദ്യം: തന്റെ സാഹിത്യവാരഫലം എന്ന കണിയാൻ പ്രവചനം വെറും ചട്ടമ്പിത്തരമല്ലേ? തന്റെ പടമ്പോലെ ഇതും വെറുപ്പു് ഉണ്ടാക്കുന്നല്ലോ? നിറുത്തരുതോ ഇതു്?

ഉത്തരം: ചങ്ങാതി പിന്നെന്തിനു് ഇതു വായിക്കുന്നു? ഒരുകാര്യം പറയട്ടെ. എനിക്കു ഗോയങ്ക അവാർഡ് നിശ്ചയിച്ച ജഡ്ജിമാർ ഒരാളുടെ ചില രചനകളെ ഞാൻ ഈ പംക്തിയിൽ ‘ആക്രമിച്ചിരുന്നു’. ചീത്ത പറഞ്ഞിട്ടും സമ്മാനം കൊടുക്കാൻ തീരുമാനിച്ചതു് അദ്ദേഹത്തിന്റെ ഔദാര്യം കൊണ്ടല്ലേ? എന്നു് ഒരാൾ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം മറുപടി നൽകിയതു് ഇങ്ങനെയാണു്: ബോധമനസ്സിൽ അങ്ങനെ വിചാരമുണ്ടായില്ല. അബോധമനസ്സിൽ ഉണ്ടായെങ്കിൽ ഞാനതു അറിയുകയില്ലല്ലോ. പക്ഷേ, ഒരുകാര്യം പറയാം. ‘It is unique in world leterature.’ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ആ ‘ഒരാൾ’ എന്നോടു പറഞ്ഞപ്പോൾ പുരുഷരത്നമായ സുരേഷ്കുറുപ്പ് (മുൻ എം. പി.) കൂടെയുണ്ടായിരുന്നു. നിങ്ങൾക്കു വേണമെകിൽ ശ്രീ സുരേഷ് കുറുപ്പിനോടു എഴുതിചോദിക്കാം.

ചോദ്യം: കിഴവൻ ചെറുപ്പക്കാരിയെ വിവാഹം ചെയ്താൽ?

ഉത്തരം: ഫ്രഞ്ചെഴുത്തുകാരൻ പ്രുസ്ത് പറഞ്ഞിട്ടുണ്ടു് യുവതിയാകുന്ന പനിനീർപ്പൂവിനു് വിടർന്നുവിലസാൻ യൗവനത്തിന്റെ തീക്ഷ്ണരശ്മികൾ വേണമെന്നു്. വാർദ്ധക്യത്തിന്റെ ശീതളരശ്മികൾ പതിച്ചാൽ ആ പനിനീർപ്പൂവു വാടിപ്പോകും.

അവാസ്തവം
images/Salman-Rushdie.jpg
സൽമാൻ റുഷ്ദി

കൂട്ടുകാരികളോടുകൂടി വരുമ്പോൾ അധ്യാപകനെ കണ്ടാൽ പെൺകുട്ടി അയാളെ നോക്കുകയില്ല. ഒറ്റയ്ക്കാണെങ്കിൽ അവൾ അയാളെ നോക്കി പുഞ്ചിരി പൊഴിക്കും. പെട്ടെന്നു പുരികക്കൊടികൾ മുകളിലേയ്ക്കു ഉയരും. കണ്ണുകൾ തിളങ്ങും. അധ്യാപകനു്, അക്കാഴ്ച കണ്ടാൽ അതേ രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകും. ഇങ്ങനെ പലതവണയാകുമ്പോൾ രണ്ടുപേരും മാനസികമായി അടുക്കും. ഈ അടുപ്പത്തിന്റെ പേരിൽ പെൺകുട്ടിക്കു് എന്തു സഹായം വേണമെങ്കിലും അധ്യാപകൻ ചെയ്തുകൊടുക്കും. അവൾ ജയിച്ചു. ജോലി കിട്ടി. പിന്നീടു് ആ അധ്യാപകനെ റോഡിൽവച്ചു് യാദൃശ്ചികമായി കണ്ടാൽ അവൾ കാണാത്ത മട്ടിലങ്ങു പോകും. അയാൾ “അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്നു സ്വയം പറഞ്ഞു് അടുത്ത പെൺകുട്ടിയുടെ പുഞ്ചിരിയിൽ പ്രതികരിക്കാൻവേണ്ടി വിദ്യാലയത്തിലേക്കു പോകും. അനവരതം നടക്കുന്ന ഒരു നാടകമാണിതു്.

images/Raymond_Carver.jpg
റോമണ്ട് കാർവർ

ഞാൻ ഒരു കോളേജിൽ അധ്യാപകനായിരുന്നപ്പോൾ ഒരു ക്ലാസിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടി ഒരധ്യാപകനെക്കുറിച്ചു് പതിവായി പരാതി പറഞ്ഞിരുന്നു. ഡിപ്പാർട്ടുമെന്റിന്റെ അധ്യക്ഷനെന്ന നിലയിൽ ഞാനതു് അറിഞ്ഞിരിക്കണമെന്നേ ഉദ്ദേശ്യമുള്ളൂ എന്നും അവൾ അറിയിച്ചു. ആ അധ്യാപകനും ആ പെൺകുട്ടിയും അടുത്തുനിന്നു സംസാരിക്കുന്നതു് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്. ഞാനതു കണ്ടുവെന്നു മനസിലാക്കിയ വിദ്യാർഥിനി നല്ല പിള്ള ചമയാൻ വേണ്ടി എന്നോടു പരാതി പറഞ്ഞതാണെന്ന സത്യം എനിക്കറിയാമായിരുന്നു. ഒരാഴ്ച കഴിഞ്ഞു് ക്രിസ്മസ് അവധി. അവധിക്കാലത്തു ഞാൻ എഴുത്തുണ്ടോ എന്നു നോക്കാനായി കോളേജാഫീസിൽ ചെന്നപ്പോൾ കുസൃതിക്കാരനായ ആരോ ഒരാൾ പൊട്ടിച്ചിട്ട കവറും അതിന്റെ അകത്തുണ്ടായിരുന്ന ക്രിസ്മസ് കാർഡും വെവ്വേറെ കിടക്കുന്നതു കണ്ടു. കാർഡിൽ മഷികൊണ്ടെഴുതിയ ഭാഗം ഞാൻ വായിച്ചു നോക്കി. അച്ചടിക്കാൻ കൊള്ളാത്ത തരത്തിൽ സെക്സ് കലർന്ന ചില വാക്യങ്ങൾ. അതിന്റെ താഴെ പരാതിക്കാരിയായ പെൺകുട്ടിയുടെ പേരു്. കവറിലെ മേൽവിലാസം അവൾ ആരെക്കുറിച്ചു പരാതി പറഞ്ഞുവോ അയാളുടെതു്. ഞാൻ ആ കാർഡ് കവറിലാക്കി എഴുത്തുകൾ ഇടുന്ന ഷെൽഫിന്റെ അറയിൽ വച്ചിട്ടു പോന്നു. കോളേജ് വീണ്ടും തുറന്നപ്പോൾ ആ അധ്യാപകൻ ആ കാർഡ് എടുത്തു് ഉയർന്ന പുരികങ്ങളോടെ, വിടർന്ന കണ്ണുകളോടെ വായിക്കുന്നതും ഞാൻ കണ്ടു.

images/Leo_Perutz.jpg
Leo Perutz

യൂണിവേഴ്സിറ്റിപ്പരീക്ഷയുടെ ഉത്തരക്കടലാസ്സു നോക്കുന്ന സന്ദർഭങ്ങളിൽ ജയിക്കാൻ വേണ്ടി നേരിട്ടും അല്ലാതെയും അധ്യാപകനെ സമീപിക്കുന്ന വിദ്യാർത്ഥികളുണ്ടു്. ശിഷ്യനല്ലേ, ശിഷ്യയല്ലേ എന്ന വിചാരത്തിൽ അർഹിക്കാത്ത മാർക്ക് കൊടുത്താൽ വിദ്യാർത്ഥി നന്ദി പറഞ്ഞു് സന്തോഷത്തോടെ പോകും. വർഷങ്ങൾ കഴിഞ്ഞു് ആ വിദ്യാർത്ഥി ഒരു നിലയിൽ എത്തുകയും മാർക്ക് കൂട്ടിയിട്ട അധ്യാപകനെ വല്ല സ്ഥലത്തുംവച്ചു കാണുകയും ചെയ്താൽ തികഞ്ഞ പുച്ഛതോടെയായിരിക്കും അയാളെ നോക്കുക. എന്നാൽ അഭ്യർത്ഥനയോ ശുപാർശയോ നടത്തുമ്പോൾ ‘ഞാൻ പൊലീസിനെ വിളിക്കും’ എന്നു പറയുന്ന അധ്യാപകനോടു് വിദ്യാർത്ഥിക്കു കടുത്ത രോഷമായിരിക്കും. പിൽക്കാലത്തു് അയാളെ വല്ലയിടത്തും വച്ചു കാണാനിടവന്നാൽ ‘സത്യസന്ധനായ ഗുരുനാഥൻ’ എന്നു വിചാരിച്ചു് അയാളുടെ നേർക്കു കൈകൂപ്പി നിൽക്കും.

images/Roberto_Pazzi.jpg
Roberto Pazzi

വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗുരുനാഥൻ ശിക്ഷിച്ചിരിക്കും. കരണത്തു് അടികൊടുത്തിട്ടുണ്ടാവും. എങ്കിലും അയാൾ ഉന്നത പദവിയിലെത്തിയ വേളയിൽ ആ ഗുരുനാഥനെ കണ്ടാൽ ബഹുമാനിക്കുകയേയുള്ളൂ. തന്റെ അഭ്യുന്നതിക്കുവേണ്ടി മാത്രം തന്നെ ശിക്ഷിച്ച അധ്യാപകനെ മനുഷ്യത്വമുള്ള ഒരുവനും നിന്ദിക്കാനാവില്ല. ഇതൊക്കെയാണു് വിദ്യാർത്ഥികളുടെ മനഃശാസ്ത്രം. ഇതിനു നേരെ വിപരീതമായിരിക്കുന്നു ടി. ജെ. ജോയ് കുങ്കുമം വാരികയിൽ എഴുതിയ ‘അഞ്ചു ബിയിലെ കുടയില്ലാത്ത കുട്ടി’ എന്ന ചെറുകഥയിൽ പ്രകടമാകുന്ന മനഃശാസ്ത്രം. കുട്ടിയായിരിക്കുമ്പോൾ ഒരധ്യാപകൻ ശിക്ഷിച്ചതിന്റെ പേരിൽ പ്രായമെത്തിയ സന്ദർഭത്തിൽ അവൻ അദ്ദേഹത്തിന്റെ കഴുത്തിൽ കയറി പിടിക്കുന്നു. വേണമെങ്കിൽ പിടിച്ചോട്ടെ. കലയിൽ എന്തുമാകാമല്ലോ. പക്ഷേ, അങ്ങനെ പിടിക്കുന്നവനാണു് അവനെന്നു തോന്നുന്ന മട്ടിൽ അവന്റെ സ്വഭാവം കഥകാരൻ ചിത്രീകരിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ രീതിയിൽ ഈ കഥ അവാസ്തവികതയുടെ സന്തതിയായിട്ടാണു് പ്രത്യക്ഷ്മാവുക.

images/Toynbee.jpg
ടോയിൻബി

പശുവിനു് ഈശ്വരനുണ്ടെങ്കിൽ അതു് പശുവിന്റെ രൂപത്തിലായിരിക്കും എന്നു ടോയിൻബി. ത്രികോണങ്ങൾക്കു ഈശ്വരനുണ്ടേങ്കിൽ അതിനു് (ഈശ്വരൻ) മൂന്നു ഭുജങ്ങളുണ്ടായിരിക്കും എന്നും വൊൾതെർ (Voltaire) (ടോയിൻബിയുടെയും വൊൾതെറിന്റെയും പുസ്തകങ്ങൾ വായിച്ച ഓർമ്മയിൽനിന്നു്. Book of Quatations ഞാൻ നോക്കില്ല.)

മാറ്റമില്ലാത്ത മാനസികാവസ്ഥ
images/Voltaire.png
വൊൾതെർ

മനുഷ്യൻതന്നെ ആവിഷ്കരിക്കുന്നതു് തികച്ചും സ്വന്തമായ രീതിയിലാണു്. അന്യാദൃശ സ്വഭാവം അതിനുണ്ടു് എന്നും പറയാം. കെ. എസ്. അനിയന്റെ ‘മുത്തച്ഛന്റെ ചാരുകസേര’ എന്ന കഥയിലെ (ദേശാഭിമാനി വാരിക) മുത്തച്ഛനു് വെടിയിറച്ചിയും ചാരായവും വേണം. തന്റേതായ ചാരുകസേരയിലേ അയാൾ കിടക്കൂ. ആ കസേരയിൽ കിടന്നില്ലെങ്കിൽ, വെടിവച്ചെടുത്ത മൃഗത്തിന്റെ മാംസം ഭക്ഷിക്കാൻ കിട്ടിയില്ലെങ്കിൽ, ചാരായം കുടിക്കാൻ ഇല്ലാതെ വന്നാൽ അയാൾക്കു ജീവിതമില്ല. മുത്തച്ഛന്റെ അടുത്ത തലമുറയുടെ പ്രതിനിധി അയാളുടെ മരുമകളാണു്. അവൾക്കു് പഴമയുടെ ചാരുകസേരയോടു വെറുപ്പാണു്. അവൾ അതെടുത്തു തട്ടിൻപുറത്തിട്ടു് തന്റെ സത്തയെ അതിലൂടെ സ്ഫുടീകരിക്കുന്നതു് ആ ചാരുകസേരയെ ബഹുമാനിച്ചുകൊണ്ടാണു്. ഓരോ പ്രവർത്തനവും യുക്തിരഹിതമാണെന്നു നമുക്കു പറയാം. എങ്കിലും ആ മൂന്നു തലമുറകളും വിഭിന്നങ്ങളായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ സ്വത്വങ്ങളെ ചിത്രീകരിക്കുകയാണു്. മനുഷ്യജീവിതം സർഗ്ഗാത്മകമായതുകൊണ്ടും മനുഷ്യൻ യന്ത്രമല്ലാത്തതുകൊണ്ടും ഇങ്ങനെയൊക്കെമാത്രമേ സംഭവിക്കൂ. അതു് ചിത്രീകരിക്കാൻ കെ. എസ്. അനിയൻ തുനിഞ്ഞതു് നന്നായി. പക്ഷേ, അദ്ദേഹത്തിന്റെ കഥ ഭാവനാത്മകമായ അനുഭവമായി പരിണമിക്കുന്നില്ല. ലോകത്തെക്കുറിച്ചുള്ള നമ്മുടെ അവഗമനത്തിനു മാറ്റം വരുത്തി നമ്മെ ചിന്തയുടെയും വികാരത്തിന്റെയും മണ്ഡലത്തിലേക്കു് കൊണ്ടുചെല്ലണം കലാസൃഷ്ടി. അല്ലെങ്കിൽ നമ്മുടെ അവഗമനത്തിനു് ദൃഢീകരണം നൽകണം. അപ്പോഴാണു് സത്യദർശനത്തിന്റെ ഫലമായ ആഹ്ലാദം. അതൊന്നും ഇക്കഥയിൽ നിന്നു ജനിക്കുന്നില്ല. കുറെ ചതഞ്ഞ വാക്യങ്ങൾ എഴുതി വച്ചിട്ടു് കഥാകാരൻ പിന്മാറുന്നു. ഏതു മാനസികനിലയോടുകൂടി നമ്മൾ കഥാപാരായണം തുടങ്ങിയോ അതേ മാനസികനിലയോടുകൂടി കഥാപാരായണം അവസാനിപ്പിച്ചു വാരിക അടച്ചുവയ്ക്കുന്നു.

ഓട്ടത്തിന്റെയും നടത്തത്തിന്റെയും നോട്ടത്തിന്റെയും രീതി എത്ര വയസ്സായാലും മാറില്ല മനുഷ്യനു്.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തു് ഒരു വിടുതി വീട്ടിലാണു് താമസിച്ചതു്. ഗൃഹനായകന്റെ ഭാര്യ മരിച്ചു് ഒരു മാസം കഴിയുന്നതിനുമുൻപു് അയാൾ വീട്ടുജോലിക്കു ഒരു ചെറുപ്പക്കാരിയെ നിറുത്തി. സ്ത്രീകളെസ്സംബന്ധിച്ച കാര്യങ്ങളിലാവുമ്പോൾ ഒരു പുരുഷനും മാന്യനല്ല എന്നു ഷാ പറഞ്ഞിട്ടുണ്ടല്ലോ. ഗൃഹനായകൻ പെട്ടെന്നു് അമാന്യനായി. ഒരു ദിവസം കാലത്തു് അയാൾ ഉണർന്നു് അടുത്തു് കിടക്കുന്ന പരിചാരികയെ തട്ടിവിളിച്ചു ‘ദേവകീ ചായ കൊണ്ടുവാ’ എന്നു പറഞ്ഞു. ഒരനക്കവും ഇല്ലെന്നുകണ്ടു് അയാൾ ചാടിയെഴുന്നേറ്റു നോക്കിയപ്പോൾ തലയിണ മാത്രമേയുള്ളൂ. കിഴവൻ റോഡിലിറങ്ങി നോക്കി. ദേവകി തിടുക്കത്തിൽ നടന്നുപോകുന്നു. അയാൾ ഓട്ടമായി. ഗൃഹനായകൻ ഓടുന്നുവെന്നു കണ്ടു് അവൾ ആദ്യം കണ്ട ബസ്സിൽ കയറി രക്ഷപ്പെട്ടു. ഓടിയോടി വൃദ്ധൻ ഒരു കുഴിയിൽ വീണു. ബഹളംകേട്ടു് എത്തിയ ചില ചെറുപ്പക്കാർ അയാളെ കുഴിയിൽനിന്നു പൊക്കിയെടുത്തു. ഒരിടത്തു ഉടക്കിയ ഷർട്ട് കീറിയെടുക്കേണ്ടിവന്നു അവർക്കു്. താൻ സ്വപ്നം കണ്ടുവെന്നാണു് വൃദ്ധനു തോന്നിയതു്. പക്ഷേ, ചോരയൊലിക്കുന്ന കാലും ചെളിപുരണ്ട കാക്കിനിക്കറും കിനാവല്ല അതെന്നു് തെളിയിച്ചുകൊടുത്തു. വീട്ടിൽവന്നു് അലമാരി തുറന്നു നോക്കിയപ്പോൾ അയാൾ സമ്പാദിച്ചു വച്ചിരുന്ന പത്തു കുതിരപ്പവൻ കാണാനില്ല. അതും യാഥാർത്ഥ്യത്തിന്റെ മണ്ഡലത്തിലേയ്ക്കു് അയാളെ കൊണ്ടുവന്നു.

images/Peter_Matthiessen.jpg
Peter Maatthussen

നമ്മുടെ നിരൂപകർ കലാംഗനയാണെന്നു വിചാരിച്ചു വെറും തലയിണയെ തട്ടുന്നു. എന്നിട്ടു് ഓടുന്നു. യാഥാർത്ഥ്യത്തിന്റെ ഗർത്തത്തിൽ പതിച്ചു മുറിവു പറ്റുന്നു അവർക്കു്. അതു കിനാവാകാമെന്നു വിചാരിച്ചുനോക്കുന്നുണ്ടെങ്കിലും വായനക്കാർ വലിച്ചു കീറിയ നിരൂപണ വസ്ത്രം കണ്ടു യാഥാർത്ഥ്യബോധമുള്ളവരായിത്തീരുന്നു. ‘അസ്ഥാനരാഗങ്ങൾ അശ്രുകുടീരം ചമയ്ക്കും.’

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-12-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.