അദ്ധ്യാപകന്റെ അദ്ധ്യാപന ജീവിതത്തിനു വിജയമുണ്ടാകുന്നതു വിദ്യാർത്ഥികൾ അയാളോടു അനുകൂലമായ മാനസികനില പുലർത്തുമ്പോഴാണു. കുട്ടികൾ കൂവേണ്ടതില്ല, മറ്റുതരത്തിൽ ബഹളം വക്കേണ്ടതില്ല. വിപരീതഭാവത്തോടു കൂടിയാണു അവർ ഇരിക്കുന്നതെങ്കിൽ പഠിപ്പിക്കൽ പരാജയപ്പെട്ടതുതന്നെ. പ്രഭാഷകരുടെ സ്ഥിതിയും വിഭിന്നമല്ല. പ്രതികൂല മാനസികാവസ്ഥയോടു കൂടി പ്രഭാഷണം കേൾക്കുന്നവരാണുള്ളതെങ്കിൽ ആ പ്രഭാഷണംകൊണ്ടു പ്രയോജനമൊന്നുമില്ല. കഥാകാരന്മാരുടെ സ്ഥിതിയോ? പ്രിയങ്കരനായ വായനക്കാരല്ല കഥാകാരന്മാർക്കുള്ളതെങ്കിൽ കഥയെത്ര നന്നാണെങ്കിലും ആ രചന സാഫല്യത്തിലെത്താൻ പ്രയാസം.
നവീന ഗദ്യരചയിതാക്കൾക്കു ഈ രീതിയിൽ സ്നേഹശീലരായ വായനക്കാർ ഇല്ല. അവർ എഴുതുന്നതു അവർക്കു മനസ്സിലാക്കാൻ വയ്യ. വയ്യാത്തതുകൊണ്ടു വെറുപ്പു ഉണ്ടാകുന്നു. നവീനതമമലയാള ഭാഷയെ ആശ്ലേഷിച്ചുകൊണ്ടു രതികുജിതം നടത്തുന്നവരെ വായനക്കാർ വെറുപ്പോടുകൂടി മാത്രമല്ല അറപ്പോടും കൂടിയാണു വീക്ഷിക്കുന്നതു. പ്രതിഷേധാർഹങ്ങളായ മതങ്ങൾ ഉൽക്കൊള്ളുന്ന ‘സാഹിത്യവാരഫലം’ വായിക്കുന്നവരിൽ ചിലർക്കെങ്കിലും ഈ അറപ്പും വെറുപ്പും ഉണ്ടാകുന്നില്ലേ എന്ന ചോദ്യം ഉണ്ടാകാം. അതിനു ഉത്തരമുണ്ടു. സാഹിത്യവാരഫലക്കാരനു എന്തു ദോഷമുണ്ടായാലും അയാൾ പറയുന്നതു എല്ലാവർക്കും മനസ്സിലാകും. മനസ്സിലാവുക എന്ന പ്രക്രിയ നടക്കുമ്പോൾ വായനക്കാർക്കു ഈ ലേഖനമെഴുതുന്ന ആളിനെസ്സംബന്ധിച്ചു ഒരധീശഭാവം ഉണ്ടാകുന്നു. “നിങ്ങൾ പറയുന്നതൊക്കെ ഞങ്ങൾക്കു മനസ്സിലായി പക്ഷേ, അതിനോടു യോജിക്കുന്നില്ല” എന്നു തനിയെ പറഞ്ഞു ചിലർ മാറിനിൽക്കുന്നു. മനസ്സിലായിക്കഴിഞ്ഞാൽ ആധിപത്യപ്രവണതയാണു. വെറുപ്പിനും അതുപോലുള്ള മറ്റു വികാരങ്ങൾക്കും വലിയ സ്ഥാനമില്ല. അതല്ല ദുർഗ്രഹരചനയെസ്സംബന്ധിച്ചു വായനക്കാർക്കു ഉണ്ടാകുന്ന മാനസികനില. ഇയാൾ നമ്മളെ വിഡ്ഢികളാക്കുന്നു എന്നു അവർക്കു തോന്നും. ഈ തോന്നൽ അറപ്പിനും വെറുപ്പിനും ഹേതുവായി ഭവിക്കുന്നു. നവീനതമ കലയെയും സാഹിത്യത്തെയും ഏതാണ്ടു നീതിമത്കരിക്കുന്ന Dehumanization of Art എന്ന പുസ്തകത്തിൽ (ഒർടേഗ ഇഗാസ്റ്റ് എഴുതിയതു്) ഈ വിധത്തിൽ ഒരാശയം ഉണ്ടെന്നാണു എന്റെ ഓർമ്മ.
മുകളിൽ പ്രിയങ്കരരായ വായനക്കാർ എന്നെഴുതിയതു എഴുത്തുകാരനു പ്രിയം ചെയ്യുന്ന വായനക്കാർ എന്ന അർത്ഥത്തിലാണു. ഇങ്ങോട്ടു പ്രിയം ചെയ്യുന്നവരെയും പ്രിയങ്കരൻ എന്നു പറയാം. “പ്രിയംകരോ മേ പ്രിയ” (മേ പ്രിയഃ പ്രിയംകരഃ എന്റെ പ്രാണനാഥൻ പ്രിയം ചെയ്യുന്ന ആളാണു എന്നു രഘുവംശം. സർഗ്ഗം 14. ശ്ലോകം 48). അതിനാൽ ‘നെഹ്റു നമുക്കു പ്രിയങ്കരനാണു’ എന്ന പ്രയോഗം തെറ്റാണെന്നു ഒരു സംസ്കൃത പണ്ഡിതൻ പണ്ടു കേരളകൗമുദി ദിനപത്രത്തിൽ എഴുതിയതു ശരിയല്ല. ‘ജനങ്ങൾ നെഹ്റുവിനു പ്രിയങ്കരനാണു്; ‘നെഹ്റു ജനങ്ങൾക്കു പ്രിയങ്കരനാണു’. ഈ രണ്ടു പ്രയോഗങ്ങളും ശരി.
പ്രിയങ്കരരായ വായനക്കാരല്ല കഥാകാരന്മാർക്കുള്ളതെങ്കിൽ കഥയെത്ര നന്നാണെങ്കിലും ആ രചന സാഫല്യത്തിലെത്താൻ പ്രയാസം. നവീന ഗദ്യരചയിതാക്കൾക്കു ഈ രീതിയിൽ സ്നേഹശീലരായ വായനക്കാർ ഇല്ല. അവർ എഴുതുന്നതു അവർക്കു മനസ്സിലാക്കാൻ വയ്യ. വയ്യാത്തതുകൊണ്ടു വെറുപ്പു ഉണ്ടാകുന്നു.
ശ്രീ. കെ. എൽ. മോഹനവർമ്മ വായനക്കാർക്കു പ്രിയങ്കരനാണു്; വായനക്കാർ അദ്ദേഹത്തിനു പ്രിയങ്കരരാണു്. ഈ സത്യത്തിനു് ദൃഢീകരണം നൽകുന്നു അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ റോസ് മേരി എന്ന ചെറുകഥ. അത്യാകാംക്ഷയാർന്ന, ഭയജനകതയോളം ചെന്ന രതിയല്ല ഇക്കഥയിലുള്ളതു്. അതു അടങ്ങികത്തുന്നതേയുള്ളു. നിയന്ത്രിത സ്വഭാവമേ അതിനുള്ളു. ആർക്കാണു ആ രതി? റോസ് മേരിക്കു ഒരു തമ്പുരാനോടു തന്നെ. അയാൾ ഒരു കാലത്തു കമ്മ്യൂണിസ്റ്റായിരുന്നു. കാലം ചെന്നപ്പോൾ ആ ആശയമങ്ങു ഉപേക്ഷിച്ചു. സ്കോച്ചു് വിസ്കിയുമായി കഴിഞ്ഞുകൂടിയ അയാൾ മരിച്ചപ്പോൾ റോസ് മേരി മരണമന്വേഷിച്ചു പോകുന്നു. ജഡം കാണുന്നതോടെ അവൾക്കു ദുഃഖമുണ്ടാകുന്നു. ആ ദുഃഖം മരണം ജനിപ്പിച്ചതല്ല. തമ്പുരാനു വേണ്ടതെന്തോ അതു ചെയ്തുകൊടുത്തില്ലല്ലോ എന്നോർമ്മിച്ചുള്ള വിഷാദമാണതു്. റോസ് മേരിയുടെ ബോധമനസ്സിലെയും അബോധമനസ്സിലെയും മൃദുല ചലനങ്ങളെ കലാസുഭഗമായി ചിത്രീകരിക്കുന്നു മോഹനവർമ്മ.
വ്യാകരണത്തെറ്റും പ്രയോഗവൈകല്യവും രചനകളിൽ വരുത്തുന്നവരാണു് അടുത്ത ഭാവിയിലെ വലിയ നിരൂപകരാകാൻ പോകുന്നതു്. അവരെ ആക്ഷേപിക്കാൻ പാടില്ലല്ലോ.
ലൈംഗികത്വം ഒരനന്തമായ പ്രവാഹമാണു; ജീവിതം പോലെ അതിനു തുടക്കമില്ല, ഒടുക്കവുമില്ല. റോസ് മേരിയിൽ അതു് എങ്ങനെയോ തലയുയർത്തി. അവൾ ആ ശിരസ്സ് ഒന്നു പിടിച്ചുതാഴ്ത്തി. എങ്കിലും അതു് അപ്രത്യക്ഷമായില്ല. അബോധമനസ്സിലൂടെ അതു പ്രവഹിച്ചുകൊണ്ടിരുന്നു. കഥയുടെ അവസാനത്തിൽ വർണ്ണിക്കുന്ന മഴയെപ്പോലെ. ഈ പ്രവാഹത്തെ ആഖ്യാനവൈദഗ്ദ്ധ്യത്തോടെ നമുക്കുകാണിച്ചുതരുന്ന മോഹനവർമ്മയുടെ ഇക്കഥ അസ്സലായിട്ടുണ്ടു്.
ചോദ്യം: ഇപ്പോഴെന്തേ വ്യാകരണ കാര്യവും പ്രയോഗവൈകല്യവും മറ്റും പറയാത്തതു്? മടുത്തോ?
ഉത്തരം: വ്യാകരണത്തെറ്റും പ്രയോഗവൈകല്യവും രചനകളിൽ വരുത്തുന്നവരാണു് അടുത്ത ഭാവിയിലെ ‘പോസ്റ്റ്’ മോഡേൺ നിരൂപകരാകാൻ പോകുന്നതു്. അവരെ ആക്ഷേപിക്കാൻ പാടില്ലല്ലോ.
ചോദ്യം: ‘കോട്ട്’ എന്നതിന്റെ ഉച്ചാരണം ‘കൗട്ട്’ എന്നു കാണിച്ച നിങ്ങൾ വിഡ്ഢിയല്ലേ?
ഉത്തരം: അടുത്തകാലത്തു് ഒരു ഇംഗ്ലീഷുകാരൻ (സായ്പ്) എന്നോടു സംസാരിച്ചു. അദ്ദേഹം ‘കോട്ട്’ എന്നല്ല പറഞ്ഞതു്. അതുകൊണ്ടു് മഹാപണ്ഡിതനായ പ്രൊഫസർ ഷെപേഡിന്റെ നിഘണ്ടു എടുത്തുനോക്കി. ‘കൗട്ട്, എന്നാണു് അതിൽ കണ്ടതു്. ഇതിലെ ‘ഔ’ ഉച്ചരിക്കേണ്ടതു് ‘ഔപൺ’ എന്നതിലെ ‘ഔ’ ഉച്ചരിക്കുന്നതുപോലെയാണെന്നും ഷെപേഡ് സാർ പറഞ്ഞിരിക്കുന്നു. എന്തായാലും ‘കോട്ട്’ ശരിയല്ല. ‘കൗട്ട്’ തെറ്റാണെങ്കിൽ അതു് എന്റെ തെറ്റല്ല ഷെപേഡിന്റെയാണു്. ‘No’ എന്നതു് നമ്മൾ ‘നോ’ എന്നുപറയും. എന്നോടു സംസാരിച്ച സായ്പ് ‘നോ’ എന്നല്ല ഉച്ചരിച്ചതു്. ഷെപേഡ് അതിന്റെ ഉച്ചാരണം ‘നൗ’ എന്നു കാണിച്ചിരിക്കുന്നു.
ചോദ്യം: ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസമെന്താണു്?
ഉത്തരം: ഭാര്യ ഭർത്താവിന്റെ വ്യക്തിത്വത്തെയും സ്വത്വത്തെയും ഹനിക്കുന്നു. കാമുകി അയാളുടെ വ്യക്തിത്വം, സ്വത്വം, പുരുഷത്വം ഇവയെ ഔന്നത്യത്തിലേയ്ക്കു് കൊണ്ടു ചെല്ലുന്നു. പക്ഷേ, ജീവിതാസ്തമയത്തിൽ ഭാര്യ മാത്രമേ സഹായത്തിനു കാണൂ.
ചോദ്യം: എനിക്കു ശത്രുക്കളേറെ. ഞാനെന്തു ചെയ്യണം?
ഉത്തരം: വീട്ടിൽത്തന്നെയിരുന്നാൽ ഒരു ശത്രുവുമുണ്ടാവുകയില്ല. വെളിയിൽ ഇറങ്ങി നടന്നു മറ്റുള്ളവരോടു സംസാരിച്ചാൽ ശത്രുക്കളുണ്ടാകും.
ചോദ്യം: മനസ്സിന്റെ ദാരിദ്ര്യം ഭർത്താവിൽ നിന്നു് ഭാര്യക്കു് പകരുമോ അതോ ഭാര്യയിൽ നിന്നു് ഭർത്താവിനു പകരുമോ?
ഉത്തരം: ഇതിൽ സാമാന്യകരണം നടത്താൻ വയ്യ. സംസ്കാരസമ്പന്നകളായ യുവതികൾ വിവാഹശേഷം അവരുടെ ഭർത്താക്കന്മാരെപ്പോലെ കള്ളംപറയുന്നവരായി മാറിയിട്ടുണ്ടു്.
ചോദ്യം: സാഹിത്യവാരഫലത്തിനു് ലോകത്തെമ്പാടുമുള്ള മലയാളികൾ ഉണ്ടെന്നു നിങ്ങൾ പറയുന്നതു് ഞാൻ വിശ്വസിക്കണോ?
ഉത്തരം: വേണമെങ്കിൽ വിശ്വസിക്കൂ. കരിബിയൻ സമുദ്രത്തിലുള്ള രണ്ടു് ദ്വീപുകളാണു് കേമൻ (Cayman). അവിടെ ജോർജ്ജ് ടൗണിൽ ജോലി ചെയ്യുന്ന ഒരു മലയാളിയിൽ നിന്നു് എനിക്കൊരു കത്തുകിട്ടി രണ്ടുദിവസം മുൻപു്. അദ്ദേഹം സാഹിത്യവാരഫലം പതിവായി വായിക്കുന്നുവെന്നു് അറിയിച്ചിരിക്കുന്നു. ഒരു കാലത്തു് സ്പാനിഷ് കോളനികൾ കൊള്ള ചെയ്തിരുന്നവരെ ബുക്കനീർ എന്നാണു് വിളിക്കുക. അങ്ങനെയുള്ള കടൽകൊള്ളക്കാരന്മാരുടെ ശവമാടങ്ങൾ കേമൻ ദ്വീപുകളിൽ ഉണ്ടു്. അദ്ദേഹമയച്ച ഒരു പുസ്തകത്തിൽ ഈ ശവമാടങ്ങളുടെ പടവുമുണ്ടു്.
ചോദ്യം: നിങ്ങൾ ഇത്രകാലം കുരച്ചിട്ടും ആധുനിക സാഹിത്യത്തിനോ അതു രചിക്കുന്നവർക്കോ ഒരു ചുക്കും ഉണ്ടായില്ല. നിറുത്തിക്കൂടെ ഈ കുരയ്ക്കൽ? സത്യത്തിൽ സത്യമാണു് ആധുനിക സാഹിത്യം?
ഉത്തരം: തികഞ്ഞ കള്ളം ചിലപ്പോൾ തികഞ്ഞ സത്യമായി തോന്നും. കാലം കഴിയുമ്പോൾ കള്ളം കള്ളമായി കാണപ്പെടും.
ചോദ്യം: ‘ഉലയിലൂതിയ പൊന്നു പോലെയും’ എന്നു പറഞ്ഞാൽ?
ഉത്തരം: അതു കവിവചനം. സ്വർണ്ണത്തിനു അടി കൂടുതൽ കൂടുതൽ കിട്ടുന്തോറും അതിനു തിളക്കം കൂടും. മറ്റുതരത്തിൽ നല്ലവനായ ഒരാളിനു് സ്ത്രീജിതത്വം കൊണ്ടു് അടി കിട്ടാറുണ്ടു്. ഓരോ തവണ അതു കിട്ടുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നു. ചെമ്പുതകിടിൽ ചുറ്റിക കൊണ്ടടിച്ചാൽ അതു് ഏതു വിധത്തിലും വഴങ്ങും. സ്ത്രീയെപ്പോലെയാണു് ചെമ്പു്. ഇരുമ്പിലടിച്ചാൽ അതു കൂടുതൽ കൂടുതൽ കഠിനമാകും. നവീന സാഹിത്യകാരനെ വിമർശിക്കുന്തോറും അയാളുടെ കാഠിന്യം കൂടും.
സർക്കാർ ജോലിചെയ്തിരുന്നകാലത്തു് എനിക്കൊരു ലക്ചറർ സിലക്ഷനുവേണ്ടി പോകേണ്ടതായി വന്നു. ഇന്റർവ്യൂ സമയമാകാത്തതു കൊണ്ടു് പ്രിൻസിപലിന്റെ മുറിയിൽ കുറെനേരം ഇരുന്നു. ഞാൻ ചെന്നുകയറിയയുടനെ ഒരു നോട്ടമെറിഞ്ഞിട്ടു് പ്രിൻസിപ്പിലച്ചൻ അനാദരത്തോടെ കൈയൊന്നു നീട്ടി കസേര കാണിച്ചു. അയാളുടെ കോളേജിനെക്കാൾ വലിയ കോളേജിൽ പ്രിൻസിപലിന്റെ ചാർജ്ജ് വളരെക്കാലം ഉണ്ടായിരുന്നവനാണു് ഞാൻ. എങ്കിലും ശിപായിയോടെന്നമട്ടിലാണു് പ്രീഡിഗ്രി ക്ലാസ്സ് മത്രമുള്ള ആ കലാശാലയുടെ അദ്ധ്യക്ഷൻ എന്നോടു പെരുമാറിയതു്. ഞാൻ വിനയാന്വിതനായി കസേരയിൽ കൂനിക്കൂടി ഇരുന്നു. അച്ചൻ ഫയലുകൾ നോക്കി ‘ഗു’ എന്നെഴുതി ഓർഡറിടുകയാണു്. ഓരോ കടലാസ്സ് മറിക്കുന്നതിനു മുൻപും അയാൾ ചൂണ്ടുവിരൽ വായിലേക്കിട്ടു് തുപ്പൽ പുരട്ടും. ഞാനതു് എണ്ണിക്കൊണ്ടിരുന്നു മനസ്സിൽ. ഇരുപത്തിയൊന്നു തവണ ചൂണ്ടുവിരൽ വായിലേക്കു പോയതുകൊണ്ടു് ഇരുപത്തിമൂന്നു കടലാസ്സ് ഫൈലിൽ ഉണ്ടെന്നു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ഇങ്ങനെ പല ഫൈലുകളുടെയും കടലാസിന്റെ എണ്ണം എനിക്കു ഗ്രഹിക്കാൻ സാധിച്ചു. തൂക്കിക്കൊല്ലാൻ കൊണ്ടുപോകുന്നവനു് പായസത്തോടുകൂടിയുള്ള ചോറുകൊടുക്കുന്നതു പോലെ ഒരു കപ്പ് കാപ്പിയും നാലഞ്ചു കൺട്രി ബിസ്കറ്റും ശിപായി എന്റെ മുൻപിൽ കൊണ്ടു വച്ചു. പ്രിൻസിപലച്ചന്റെ മുൻപിലും അതുണ്ടായി. ഫൈലുകൾ ദൂരെ മാറ്റിക്കൊണ്ടു് അച്ചൻ ചൂണ്ടുവിരൽ ഒന്നുകൂടി വായിലേക്കു കടത്തി തുപ്പൽ പുരട്ടിയിട്ടു് കാപ്പിക്കപ്പ് കൈയിലെടുത്തു. അത്യുക്തിയെന്നോ കള്ളമെന്നോ തോന്നുന്നുണ്ടാവാം വായനക്കാർക്കു്. രണ്ടുമല്ല. ചില ശീലങ്ങൾ മനുഷ്യനു മാറ്റാനൊക്കുകയില്ല. പുഷ്കിന്റെ ഒരു കഥയിൽ ചീട്ടുവിദ്യയുടെ രഹസ്യം മനസ്സിലാക്കിയ ഒരുത്തൻ റോഡിലിറങ്ങിയപ്പോൾ കണ്ടതേതും ചീട്ടുകളായി പരിഗണിച്ചില്ലേ? അതൊരു എബ്സഷനാണു്. അതുതന്നെയായിരുന്നു അച്ചന്റെയും രോഗം. ഇന്റർവ്യൂ സമയത്തു് അയാൾ തുപ്പൽ തൊട്ടു് എന്നെയും സർക്കാർ പ്രതിനിധിയെയും വിളിക്കുമെന്നു് എനിക്കു തോന്നാതിരുന്നില്ല. ഞാനതുകൊണ്ടു് തെല്ലകലെയാണു് ഇരുന്നതു്.
നമ്മുടെ ചില നിരൂപകർ ഈ പ്രിൻസിപലച്ചനെപ്പോലെയാണു്. ‘ഇഗ്സിസ്റ്റെൻഷ്യലിസ’ത്തിന്റെ തുപ്പൽതൊട്ടു് അവർ എഴുത്തച്ഛന്റെ ‘അധ്യാത്മരാമായണം’ മറിക്കുന്നു. വീണ്ടും ചൂണ്ടുവിരൽ നനച്ചു് ‘രാമായണം ചമ്പു’ മറിക്കുന്നു. ഒടുവിൽ പാവപ്പെട്ട ഇടപ്പള്ളി രാഘവൻപിള്ള യുടെ ‘തുഷാരഹാര’വും ആ ചൂണ്ടുവിരൽ കൊണ്ടുമറിക്കുന്നു. പിന്നെ നമുക്കു് അധ്യാത്മരാമായണവും ചമ്പുവും തുഷാരഹാരവും തൊടാൻ വയ്യ. അടുത്തുപോകാനും വയ്യ. അത്രയ്ക്കുണ്ടു നാറ്റം. ഒന്നേയുള്ളു വ്യത്യാസം അച്ചന്റെ ആചാര്യൻ ഞാൻ എന്റെ വീട്ടിൽ പടംവച്ചു പൂജിക്കുന്ന ക്രിസ്തുദേവൻ. നിരൂപകരുടെ ആചാര്യൻ ഈ ശതാബ്ദത്തിലെ ഏറ്റവും വലിയ ധിഷണാശാലിയായ ഷാങ് പോൾ സാർത്ര്.
ബുക്കർ സമ്മാനം നേടിയ ചില നോവലിസ്റ്റുകളുടേയും അവരുടെ കൃതികളുടേയും പേരുകൾ ഓർമ്മയിലെത്തുന്നു. വില്യം ഗോൾഡിങ്ങി ന്റെ Rites of Passage, സൽമാൻ റുഷ്ദി യുടെ Midnight’s Children, അനിറ്റ ബ്രൂക്ക്നറു ടെ Hotel du Lac, കെറി ഹൂമ്മി ന്റെ The Bone People, പീറ്റർ കാരി യുടെ Oscar and Lucinda ഈ നോവലുകളെല്ലാം വിരസങ്ങളാണു്. കഴിഞ്ഞ വർഷത്തെ സമ്മാനം, ജപ്പാനിൽ ജനിച്ചെങ്കിലും ഇംഗ്ലണ്ടിൽ താമസിക്കുന്ന ഇഷി ഗൂറോക്കാ യിരുന്നു. ഒരു ബട്ലറുടെ കഥപറയുന്ന ആ നോവൽ ‘പരമബോർ’ എന്ന വിഭാഗത്തിലാണു് ഉൾപ്പെടുന്നതു്. ഈ വർഷത്തെ സമ്മാനം Possession എന്ന നോവലെഴുതിയ A. S. Byatt നേടി. സാഹിത്യത്തിൽ ഗവേഷണം നടത്തുന്ന രണ്ടുപേർ—മീഷലും മോഡും—തമ്മിൽ കണ്ടുമുട്ടുന്നു. മീഷൽ വിക്റ്റോറിയൻ കാലയളവിലെ ഒരു കവി ആഷിന്റെ കൃതികളെ സംബന്ധിച്ചാണു് ഗവേഷണം നടത്തുക. മോഡാകട്ടെ ക്രിസ്റ്റബെല്ലിന്റെ കാവ്യങ്ങളിലും. ഗവേഷണം തുടങ്ങുമ്പോൾത്തന്നെ ആഷിനു് ഒരു രഹസ്യം കണ്ടുപിടിക്കാൻ സാധിക്കുന്നു. ആഷിനും ക്രിസ്റ്റബെല്ലിനും തമ്മിൽ പ്രേമബന്ധമുണ്ടായിരുന്നുവെന്നതാണു് ആ രഹസ്യം. പിന്നീടു് അതിന്റെ വിശദാംശങ്ങളറിയാനുള്ള യത്നമാണു്. ആ യത്നം ഗവേഷകരെ മാനസ്സികമായി അടുപ്പിക്കുന്നു. രഹസ്യം കണ്ടെത്താനുള്ള ശ്രമം സഫലീഭവിക്കുന്നില്ല.
അന്വേഷണത്തെ പ്രതിരൂപാത്മകമാക്കിയിരിക്കുകയാണു് നോവലിസ്റ്റ്. മനുഷ്യന്റെ ജീവിതമാകെ അന്വേഷണമാണല്ലോ. ബുദ്ധൻ വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു് അതു നിർവഹിച്ചു. ഷെല്ലി പ്രേമബന്ധത്തിലൂടെ ആ അന്വേഷണം നടത്തി. അൽഡസ് ഹക്സിലി മെസ്കലിൻ കഴിച്ചു് പരമസത്യം സാക്ഷാത്കരിക്കാൻ ശ്രമിച്ചു. ബ്രോഹിന്റെ “വെർജിലിന്റെ മരണം” എന്ന നോവലിൽ മരണാനന്തരാനുഭൂതിയിലൂടെ സത്യസാക്ഷാത്കാരത്തിനുള്ള യത്നമാണു് കാണുക. ഇപ്പറഞ്ഞ യത്നങ്ങൾക്കെല്ലാം ഉദാത്തതയുണ്ടു്. ബുക്കർ സമ്മാനം നേടിയ സ്ത്രീയാകട്ടെ തുച്ഛമായ ഒരു സംഭവത്തെ— രണ്ടുപേരുടെ പ്രേമബന്ധത്തെ—ഉദാത്തമണ്ഡലത്തിലേയ്ക്കു് ഉയർത്താനാണു് അക്ഷീണയത്നം നടത്തുന്നതു്. നക്ഷത്രത്തെ നോക്കി കല്ലെറിഞ്ഞാൽ അതു് അവിടെച്ചെന്നു കൊള്ളുമോ? നോവലെഴുത്തുകാരിക്കു കല്ലെടുത്തു നക്ഷത്രത്തിന്റെ നേർക്കു് എറിയാനേ അറിയാവൂ. അവരുടെ മനസ്സ് ഗഹനതയാർന്നതല്ല. സുശക്തമായ ആന്തരജീവിതവും അവർക്കില്ല. അതുകൊണ്ടു് ഈ നോവൽ വെറും ക്രാഫ്റ്റായി അധഃപതിച്ചിരിക്കുന്നു. അഞ്ഞൂറിലധികം പുറങ്ങളുള്ള ഈ നോവൽ വായിച്ചുതീർക്കുന്നതിനേക്കാൾ നല്ലതു് മുറ്റത്തെ തെങ്ങിനു് തടമുണ്ടാക്കുക എന്നതാണു്. നാലു തേങ്ങ കൂടുതലായി വിളയുമല്ലോ.
സ്വന്തം കഴിവുകളെ മറച്ചുവച്ചു് തന്നെ താഴ്ത്തിക്കാണിക്കരുതു്. അതു ദോഷം ചെയ്യും. നിങ്ങൾ വിനയംകൊണ്ടു താഴ്ച അഭിനയിച്ചാൽ ആളുകൾ അതുകൊള്ളരുതായ്മയുടെ താഴ്ചയായേ കരുതൂ.
മനുഷ്യരെ പ്രായോഗികതലത്തിൽ വർണ്ണിക്കുന്നവരൊന്നും കലാത്മകതലത്തിൽ വർണ്ണിക്കുന്നവരെന്നും തരം തിരിക്കാം. പ്രായോഗികതലത്തിലുള്ളവർ ധനമാർജ്ജിക്കുന്നു, ജോലിയിൽ ഉയരുന്നു. കലാത്മിക തലത്തിലുള്ളവർക്കു് അവയിൽ കൗതുകമില്ല. ചിലപ്പോൾ പ്രായോഗികതലത്തിലുള്ളവർ പേരിനും പെരുമയ്ക്കും വേണ്ടി സാഹിത്യത്തിന്റെ മണ്ഡലത്തിൽ കുതിച്ചുകയറും. ബുക്കർ സമ്മാനം നേടിയ ബയറ്റ് പ്രായോഗിക മനഃസ്ഥിതിയുള്ളവരാണു്.
ഇരുമ്പിലടിച്ചാൽ അതു കൂടുതൽ കഠിനമാകും; നവീന സാഹിത്യകാരനെ വിമർശിക്കുന്തോറും അയാളുടെ കാഠിന്യം കൂടുന്നു.
ഞാൻ ആലപ്പുഴ സനാതന ധർമ്മവിദ്യാലയത്തിൽ സെക്കൻഡ് ഫോമിൽ പഠിച്ചിരുന്ന കാലത്തു് എന്റെ വീട്ടിൽ… ഡിപാർട്മെന്റിലെ ഒരുദ്യോഗസ്ഥൻ ദിവസവും വരുമായിരുന്നു. അതേ ഡിപാർട്മെന്റിൽ ജോലിയുണ്ടായിരുന്ന എന്റെ പിതാവു് അദ്ദേഹത്തിന്റെ മേലധികാരിയായിരുന്നു. ജോലിയെസംബന്ധിച്ച നിർദ്ദേശങ്ങൾക്കു വേണ്ടിയാണു് ആ ആഗമനം. പക്ഷേ, എന്നോടു് ആ മനുഷ്യൻ ഒരധികാരഭാവത്തിലായിരുന്നു പെരുമാറ്റം. ഞാൻ മുറ്റത്തുവെറുതെ നിന്നാൽ “എന്തടാ പള്ളീക്കള്ളം അടിച്ചുനിക്കണതു്?” എന്നു ചോദിക്കും. “ഇന്നു ഞായറാഴ്ച, സ്കൂളില്ല” എന്നു ഞാൻ പതുക്കെപ്പറഞ്ഞാൽ “എന്നാൽ പുസ്തകമെടുത്തു വായിച്ചുകൂടേ?” എന്നാവും ദേഷ്യത്തിലുള്ള ചോദ്യം. വേറൊരു ദിവസം അദ്ദേഹം വന്നപ്പോൾ ഞാൻ മുറ്റത്തു നിന്നു് ഉമിക്കരി കൊണ്ടു് പല്ലു തേയ്ക്കുകയയിരുന്നു. അതു കണ്ടയുടനെ “എന്തിനെടാ ഉള്ള ഉമിക്കരിയെല്ലാംകൊണ്ടു് പല്ലമർത്തിത്തേച്ചു് അതിന്റെ ഇനാമൽ ഇല്ലാതാക്കൂന്നതു്?” എന്നു ചോദിച്ചു. ചിലപ്പോൾ അദ്ദേഹം ആജ്ഞാപിക്കും. “എടാ കൃഷ്ണ, തോണ്ടങ്കുളങ്ങര ചെന്നു് നലുകാശിനു് മുറുക്കാൻ വാങ്ങിക്കൊണ്ടു വാ.” വർഷങ്ങൾ കഴിഞ്ഞു. തിരുവനന്തപുരം സംസ്കൃത കോളേജിൽ ഞാൻ അദ്ധ്യാപകനായിരിക്കുന്ന കാലം. രാവിലെ, എന്റെ വീട്ടിൽ ഒരു വൃദ്ധൻ കയറി വന്നു. മുഷിഞ്ഞ ഷർട്ടും മുണ്ടും. ഒരു പഴയ പുളിയലക്കരയൻ നേരിയതു് കഴുത്തിൽ ചുറ്റിയിട്ടുണ്ടു്. പ്രായക്കൂടുതലിനെ ബഹുമാനിച്ചു് ഞാൻ അയാളെ ഇരിക്കാൻ പറഞ്ഞു. ഇരുന്നിട്ടു് അയാൾ വിക്കിവിക്കിപ്പറഞ്ഞു: “സാറിനു് എന്നെ മനസ്സിലായില്ല അല്ലേ? പണ്ടു് അങ്ങ് ആലപ്പുഴെയായിരുന്നപ്പോൾ പതിവായി വീട്ടിൽ ഞാൻ വരുമായിരുന്നു. എന്റെ മേലധികാരിയായിരുന്ന, അങ്ങയുടെ അച്ഛനെ കാണാൻ വേണ്ടി. ഇന്നു് ഞാൻ ഈ നിലയിലായിപ്പോയി. മൂത്ത മകൻ ഹൃദയസ്തംഭനത്താൽ മരിച്ചു. അഞ്ചു പെൺപിള്ളേരുണ്ടു് എനിക്ക്. മൂത്തവളെ മാത്രം കല്യാണം കഴിച്ചയച്ചു. അവളെ ഭർത്താവു് ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ കൂടെയാണു്. അവൾക്കു് രണ്ടു പിള്ളേരും. ബാക്കി നാലെണ്ണത്തിന്റെയും വിവാഹം കഴിഞ്ഞില്ല. അവർക്കു് ജോലിയുമില്ല. ആ നാലുപേരിൽ മൂത്തവൾക്കു് തന്നെ മുപ്പത്തിയഞ്ചു വയസ്സായി. ഞങ്ങൾക്കു് ഒരു നേരം കഞ്ഞികുടിക്കാൻ പോലും ഒന്നുമില്ല. സാറ് എനിക്കു് അഞ്ചുരൂപ തരണം.” അക്കാലത്തു് ഇന്നത്തെ ആയിരം രൂപയുടെ വിലയുള്ള പത്തു രൂപയെടുത്തു് ഞാൻ ആ മനുഷ്യനു് കൊടുത്തിട്ടു് പറഞ്ഞു: എന്നെ പഴയതു പോലെ കൃഷ്ണൻ എന്നു വിളിച്ചാൽ മതി. സാറെന്നും അങ്ങെന്നും പറയരുതു്. മന്ദസ്മിതത്തോടെ ആ മനുഷ്യൻ പോയി. പിന്നീടു് ഓരോ മാസവും വന്നു് പത്തു രൂപാ വീതം വാങ്ങും. ഇപ്പോൾ കുറേ വർഷങ്ങളായി കാണാറില്ല ആ വൃദ്ധനെ. ഇവിടം വിട്ടു പോയിരിക്കാം. അവിവാഹിതകളായ മക്കൾ ജരാനരകളോടു കൂടി വീട്ടിൽ തന്നെ കഴിയുന്നുണ്ടാവും. എന്തൊരു ലോകം! ഒരു ദിവസം ആ മനുഷ്യൻ എന്നെക്കാണാൻ വന്നപ്പോൾ പറഞ്ഞു: “സർവ്വീസിലിരിക്കുമ്പോൾ ഞാനങ്ങ് ആത്മഹത്യ ചെയ്താൽ മതിയായിരുന്നു. ഒരു പെണ്ണിനെങ്കിലും ചിലപ്പോൾ ജോലി കിട്ടുമായിരുന്നു.” ആ ‘ചിലപ്പോൾ’ എന്ന പ്രയോഗത്തിനു് അർത്ഥമുണ്ടു്. അക്കാലത്തു് ഇന്നത്തെപ്പോലെ ആശ്രിതർക്കു് ജോലി കൊടുക്കുമെന്ന ഉറപ്പു് ഇല്ലായിരുന്നു. കിട്ടിയാലായി, ഇല്ലെങ്കിലായി.
ഭാര്യ ഭർത്താവിന്റെ വ്യക്തിത്വത്തേയും, സ്വത്വത്തേയും ഹനിക്കുന്നു. കാമുകി അയാളുടെ വ്യക്തിത്വം, സ്വത്വം, പുരുഷത്വം ഇവയെ ഔന്നത്യത്തിലേക്കു് കൊണ്ടു് ചെല്ലുന്നു. പക്ഷേ, ജീവിതാസ്തമയത്തിൽ ഭാര്യ മാത്രമേ സഹായത്തിനു് കാണൂ.
എന്റെ അനുഭവമണ്ഡലത്തിൽപ്പെട്ട ഈ സംഭവത്തിന്റെ പുനരാവിഷ്കാരം പോലെ ഒരു ചെറുകഥ എഴുതിയിരിക്കുന്നു ശ്രീ. എസ്. മഹാദേവൻ തമ്പി (കലാകൗമുദി). ‘ആകാശത്തേക്കുള്ള വഴി’ എന്നു് കഥയുടെ പേരു്. മഹദേവൻ തമ്പി നല്ല കഥാകാരനാണു്. അതുകൊണ്ടു് അദ്ദേഹം ഭംഗിയായി കഥ പറഞ്ഞിരിക്കുന്നുവെന്നു് ഞാനെഴുതിയാൽ അതു് അദ്ദേഹത്തിനു് ‘കോപ്ലിമെന്റാ’യി—അഭിനന്ദനമായി—ഭവിക്കുകയില്ല. ചിരപരിചിതമായ രൂപത്തിൽ സാമൂഹികവും മാനസികവുമായ നിരീക്ഷണങ്ങളെ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. പക്ഷേ, നിത്യജീവിത യാഥാർത്ഥ്യത്തിനപ്പുറത്തു് കലയിടേ ഉത്കൃഷ്ടതമമായ സത്യമുണ്ടു്. ആ സത്യം ഇക്കഥയിലില്ല. അതിനാലാണു് കഥയിലെ ആളിന്റെ ആത്മഹത്യ അനുവാചക ഹൃദയത്തിൽ തെല്ലുപോലും സ്പർശമുളവാക്കാതെ, വെറുമൊരു സംഭവമായി നിലനിൽക്കുന്നതു്. പെൻഷൻ പറ്റിയ ആ മനുഷ്യന്റെ ദുരന്തം കണ്ടു് ഞാൻ ദുഃഖിച്ചു. മഹാദേവൻ തമ്പിയുടെ കഥാപാത്രത്തിന്റെ ആത്മഹത്യ കണ്ടു് ഞാൻ വളരെ നേരം നിൽക്കുന്ന കോട്ടുവായിട്ടു. അങ്ങനെ വാ തുറന്നിരിക്കുമ്പോഴാണു് പേരക്കുട്ടി ഒരു വാക്കിന്റെ അർത്ഥം ചോദിക്കാൻ എന്റെ മുറിയിലെത്തിയതു്. എന്റെ വക്ത്രവിജൃംഭണം കണ്ട്, “അയ്യോ മുത്തച്ഛൻ” എന്നു് അവൾ വിളിച്ചു. സഹധർമ്മിണി ഓടിയെത്തിയപ്പോൾ ഞാൻ പറഞ്ഞു: “പേടിക്കാനില്ല, നമ്മുടെ മരുമകനു് ഉപകാരം ചെയ്ത മഹാദേവൻ തമ്പിയുടെ ഒരു ചെറുകഥ വായിച്ചു് കോട്ടുവായിട്ടതാണു്”.
- ഒരു സമ്മേളനത്തിനു് കൈനിക്കര കുമാരപിള്ളയോടൊരുമിച്ചു് ഞാൻ പോയപ്പോൾ അദ്ദേഹമെന്നോടു് ചോദിച്ചു: Radclyffe Hall എഴുതിയ ‘The Well of Loneliness” വായിച്ചിട്ടുണ്ടോ? വായിച്ചില്ലെങ്കിൽ വായിക്കണം. കൈനിക്കരസ്സാറ് പറഞ്ഞതുകൊണ്ടു് ഞാനതു വായിച്ചു. നോവലെന്ന നിലയിൽ അതു് ഗുണമാർന്നതല്ലെങ്കിലും ഒരു സത്യം ഞാൻ അതിൽ നിന്നു് മനസ്സിലാക്കി. കടുത്ത മതവിശ്വാസമുള്ള ചില സ്ത്രീകൾ സ്വർഗ്ഗാനുരക്തരാണെന്നും, അതറിയുന്ന മതാധികാരികൾ അവർക്കു് അനുഗ്രഹം നൽകാറില്ലെന്നും, പള്ളിയുടെ അനുഗ്രഹം നിയത മാനസികനിലയുള്ളവർക്കു മാത്രമേ ലഭിക്കൂ.
- ഇളങ്കുളം കുഞ്ഞൻപിള്ളയുടെ ചരിത്ര ഗ്രന്ഥങ്ങളും ക്ലാസിക് കൃതികളും വ്യാഖ്യാനങ്ങളും വായിച്ചു് അദ്ദേഹത്തിന്റെ ആരാധകനായി മാറിയ ഒരാൾ കോഴിക്കോട്ടു് നിന്നു തിരുവനന്തപുരത്തു് എത്തി. അദ്ദേഹത്തെ സാറിനു് പരിചയപ്പെടുത്തിക്കൊടുക്കാനായി പ്രൊഫസർ കെ. ബാലരാമപ്പണിക്കർ കൂടെപോയി. ആരാധകനായി വന്നതാണെന്നു കോഴിക്കോട്ടുകാരൻ അറിയിച്ചപ്പോൾ സാറ് “ഏയ്. അത്രയ്ക്കൊന്നുമില്ല. ഞാൻ ചിലതൊക്കെ എന്റെ ശിഷ്യന്മാരോടു പറയും. അവർ അതിനെ നല്ല മലയാളത്തിലേക്കു കൊണ്ടുവരും. അത്രമാത്രം.” ഇതുകേട്ട കോഴിക്കോട്ടുകാരൻ മോഹഭംഗത്തിൽ വീണു. സാറിനോടു തോന്നിയ ബഹുമാനം അയാൾക്കില്ലാതാവുകയും ചെയ്തു. ഈ സംഭവം എന്നോടു പറഞ്ഞ ബാലരാമപ്പണിക്കർസ്സാർ അറിയിച്ചു: സ്വന്തം കഴിവുകളെ മറച്ചുവച്ചു് തന്നെ താഴ്ത്തിക്കാണിക്കരുതു്. അതു ദോഷം ചെയ്യും. നിങ്ങൾ വിനയംകൊണ്ടു താഴ്ച അഭിനയിച്ചാൽ ആളുകൾ അതുകൊള്ളരുതായ്മയുടെ താഴ്ചയായേ കരുതൂ.”
- നകുലൻ എന്നപേരിൽ ഇംഗ്ലീഷിൽ കഥകളും കാവ്യങ്ങളും എഴുതുന്ന പ്രൊഫസർ ദൊരൈസ്വാമി (അദ്ദേഹത്തിന്റെ കഥകൾ Illustrated Weekly-യിൽ വരാറുണ്ടു്. കായിക്കര ആശാൻ സമിതി അദ്ദേഹത്തെ സമ്മാനം നല്കി ബഹുമാനിച്ചു) Paul scott-ന്റെ “Raj Quarter” എന്ന നോവൽ വായിക്കണമെന്നു് എന്നോടു് നിർദ്ദേശിച്ചു. നകുലൻ സാഹിത്യത്തിലെ അത്യന്താധുനികനായതുകൊണ്ടു് അദ്ദേഹത്തിന്റെ അഭിരുചി സവിശേഷസ്വഭാവമുള്ളതായിരിക്കുമെന്നു് ഞാൻ കരുതി. നോവൽ വായിച്ചില്ല. കാലം കഴിഞ്ഞതിനുശേഷം യാദൃശ്ചികമായി ആ നോവൽ എനിക്കുകിട്ടി. വായിച്ചു. നകുലന്റെ സാഹിത്യാഭിരുചിക്കു് കോട്ടമൊന്നുമില്ലെന്നു ഗ്രഹിക്കുകയും ചെയ്തു. അടുത്തകാലത്തു Trevor Royle എഴുതിയ “The last Days of the Raj” എന്ന നല്ല പുസ്തകം വായിച്ചപ്പോൾ ഗ്രന്ഥകാരൻ ഈ നോവലിനെക്കുറിച്ചു് എഴുതിയതുകണ്ടു. കിപ്ളിങ്ങിന്റെ രാജ് മനോഭാവത്തിനു് എതിരാണു് സ്കോട്ടിന്റെ മനോഭാവം. It is strictly antiimperial and uni-ruling-class” എന്നു് Trevor Royle എഴുതുന്നു. “In the central episode—which is also redolent of Forster’s ‘A paasage to India’— a young British girl, Daphne Manners, is viciously raped by a group of Indians.” പെൺകുട്ടിയുടെ ഇന്ത്യാക്കരനായ സ്നേഹിതൻ ഹരികുമാറിനെ തെറ്റായ വിധത്തിൽ കുറ്റക്കാരനാക്കി ബ്രിട്ടീഷ് പൊലിസ്. Ronald Merrick എന്ന പൊലീസുകാരൻ ക്രൂരമായി ഹരികുമാറിനെ ചോദ്യംചെയ്തു. ഈ സംഭവം ബ്രിട്ടീഷ് ഇന്ത്യയുടെ “central political metaphor” ആണെന്നു Trevor Royle പറയുന്നു. ആ സംഭവത്തെ അവലംബിച്ചാണു് നോവലിലെ മറ്റു കഥാപാത്രങ്ങളുടെ പ്രവർത്തനം.
1962-ലാണെന്നാണു് എന്റെ ഓർമ്മ. ഡോക്ടർ അയ്യപ്പപ്പണിക്കർ എന്നോടു ചോദിച്ചു: അൽഡസ് ഹക്സിലിയുടെ “The Genius and the Godess ” വായിച്ചിട്ടുണ്ടോ? അത്രയും മാത്രമേ അദ്ദേഹം ചോദിച്ചുള്ളൂ. അതിൽക്കൂടുതൽ എന്തെങ്കിലും നിർദ്ദേശിക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്റേതു്. അയ്യപ്പപ്പണിക്കർ ചോദിച്ചതുകൊണ്ടു് ഞാൻ അന്നുതന്നെ പുസ്തകം വാങ്ങി. വായിച്ചു. സെക്സിന്റെ തേജസ്സ് ചിത്രീകരിക്കാൻ അൽഡസ് ഹക്സിലിക്കു പ്രാഗത്ഭ്യമുണ്ടെന്നു ഞാൻ മനസ്സിലാക്കി. ഹെൻട്രി മില്ലർക്കു ശരീരത്തിന്റെ തലത്തിലേക്കു താഴ്‌ന്നെങ്കിലേ ലൈംഗികവർണ്ണനം സാധ്യമാകൂ. ഹക്സ്ലി പറയുന്നതു കേൾക്കുക: ”That night of the twenty-third of April we were in the Other World, she and I, the dark, wordless heaven of nakedness and touch and fusion. And what revelations in that heaven, what pentecosts! The visitations of her caresses were like sudden angles, like dove discending. And how hesitantly, how tardily I responded” (Bantam Books, Page 108). ഇങ്ങനെ ലൈംഗികഥയുടെ തേജസ്സ് ആവിഷ്കരിക്കുന്ന ഒരെഴുത്തുകാരനാണു് “ഖസ്സാക്കിന്റെ ഇതിഹാസ” മെഴുതിയ ഒ. വി. വിജയൻ. ശാരീരിക തലത്തിലേക്കുതാണ സെക്സ് ജുഗുപ്സാവഹമാണു്. എപ്പോഴും വിരസവുമാണു്.
ശ്രീ. മുഹമ്മദ് റോഷൻ കുങ്കുമം വാരികയിലെഴുതിയ “പ്രണയം പൊഴിയുന്ന തീരം” എന്ന ചെറുകഥ കലയെസ്സംബന്ധിച്ചിടത്തോളം തരംതാണതാണു്. കാമുകിയും കാമുകനും. കാമുകി അയാളെ വഞ്ചിക്കുന്നു. അയാൾ ഓടിവന്നു് മറ്റൊരു പെണ്ണീനെ പിടിച്ചു് അവളുടെ മുൻപിലിട്ടൂ ചുംബിക്കുന്നു”
കോവളം കടപ്പുറത്തു മദാമ്മമാർ അർദ്ധനഗ്നരായി കുളിക്കുമ്പോൾ ചിലർ ഒളിഞ്ഞും അല്ലാതെയും നോക്കിരസിക്കാറുണ്ടല്ലോ. അതു പോലുള്ള ഒരു ഒളിഞ്ഞുനോട്ടവും രസിക്കലുമല്ലാതെ ഈ രചനയിൽ ഒന്നുമില്ല. “The nakedness of woman is the work of god” എന്നു കവി ബ്ളേക്ക് പറഞ്ഞിട്ടുണ്ടു്. ആയിരിക്കാം. പക്ഷേ, ആ നഗ്നതയെ സംശോധിതരൂപത്തിൽ പ്രത്യക്ഷമാക്കുമ്പോൾ മാത്രമേ കലയുണ്ടാവൂ. ദൗർഭാഗ്യംകൊണ്ടു് റോഷനു് അതിനുവൈദഗ്ധ്യമില്ല.
ത്വം ഹ്രീർഭവാന്യസ്യഥ വാഗ്രമാ പതിം
വിചിന്വതി കിം മുനിവദ്രഹോ വനേ
ത്വംദംഘ്രികാമാപ്ത സമസ്തകാമം
ക്വ പദ്മകോശഃ പതിതഃ കരാഗ്രാതു്
(ശ്രീമദ്ഭാഗവതം സർഗ്ഗം 4 അദ്ധ്യായം 25, ശ്ലോകം 28)
പുരഞ്ജനരാജാവു് വനത്തിൽ കണ്ട സുന്ദരിയോടു ചോദിക്കുന്നതാണു് ഇതു്:
“ലജ്ജയുടെ അധിദൈവമാണോ നീ? അതോ പാർവതിയോ? അതോ സരസ്വതിയോ? ഈ വനത്തിൽ മുനിയെപ്പോലെ വസിച്ചു് ആതമനാഥനെ അന്വേഷിക്കുകയാണോ? നിന്റെ പാദപദ്മങ്ങളെ അഭിലഷിച്ചു് അദ്ദേഹം എല്ലാ അഭിലാഷങ്ങളേയും സാക്ഷാത്കരിച്ചല്ലോ. നീ ലക്ഷ്മീദേവിയല്ലാതെ മറ്റാരുമല്ലെങ്കിൽ താമരമൊട്ടു് എവിടെ? അതു കരാഗ്രത്തിൽ നിന്നു വീണുപോയോ?” എന്തൊരു കാവ്യഭംഗി!