സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-04-14-ൽ പ്രസിദ്ധീകരിച്ചതു്)

നോവലെന്നതു് നോവലിസ്റ്റ് എന്തെല്ലാം പറയുന്നുവോ അവയുടെയൊക്കെ സാകല്യാവസ്ഥയാണു്. അതിൽനിന്നു് ഒരു വാക്കുപോലും മാറ്റാനാവില്ല.

തിരുവനന്തപുരത്തു പൂജപ്പുര എന്ന സ്ഥലത്താണു് ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തു് താമസിച്ചതു്. പതിനഞ്ചു ദിവസത്തിലൊരിക്കൽ മുടി പറ്റെ വെട്ടിക്കൊള്ളണമെന്നാണു് അച്ഛന്റെ ആജ്ഞ. തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്കുളിൽ പഠിക്കുകയായിരുന്നു ഞാൻ. സ്കൂളിൽ പോകേണ്ട സമയത്തു് ബാർബർ എത്തും. അച്ഛന്റെ രക്തരൂഷിതങ്ങളായ കണ്ണുകളിലേക്കു നോക്കാൻ ഭയന്നു ഞാൻ ക്ഷുരകന്റെ മുൻപിലിരുന്നുകൊടുക്കും. ശിരോരൂഹഛേദനം ‘തിരുതകൃതി’യായി നടത്തുമ്പോൾ ഛേദകൻ ചോദിക്കും: “കുഞ്ഞേ, കമ്മ്യൂണിസ്റ്റായ ആ കെ. വി. സുരേന്ദ്രനാഥ നെന്ന കുട്ടിയുമായി കുഞ്ഞുകൂട്ടുകൂടുന്നല്ലോ. കുഞ്ഞും കമ്മ്യൂണിസ്റ്റാണോ?” ഞാൻ മറുപടി നല്കാതെ സൂത്രത്തിൽ അങ്ങോട്ടു ചോദിക്കും. “വൈദ്യർ കമ്മ്യൂണിസ്റ്റാണോ?” ഹർഷാതിശയത്തോടെ അയാൾ പറയും “സംശയമെന്തു? കമ്മ്യൂണിസം വരാതെ നമുക്കെന്താണു രക്ഷ?” സംശയം തീർന്നുകിട്ടിയതുകൊണ്ടു ഞാൻ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കും. “ഞാൻ കമ്മ്യൂണിസ്റ്റാണു്”. വൈദ്യർക്കു തൃപ്തിയായി. വൈക്കത്തു് പഠിക്കുന്ന കാലത്തു് തലമുടി വെട്ടാൻ വരാറുണ്ടായിരുന്നതു് രാജവാഴ്ചയുടെ സ്തോതാവായ ബാർബറായിരുന്നു. അയാൾ ‘തലയിലൂടെ യന്ത്രം ഓടിക്കുമ്പോൾ ഞാൻ തികഞ്ഞ രാജഭക്തനാണു്. കാലം കഴിഞ്ഞു. നക്സലൈറ്റ് പ്രസ്ഥാനം വന്നപ്പോഴും എന്റെ തലയിൽ മുടിയുണ്ടായിരുന്നു. പിന്നീടാണു് ബ്രഹ്മാവു ഞാനറിയാതെ ക്ഷൗരം നടത്തിത്തുടങ്ങിയതു്. മുടിമുറിക്കുന്ന വേളയിൽ ക്ഷുരകൻ വീറോടെ എന്നോടു പറഞ്ഞു: സാർ ഞാൻ നക്സലൈറ്റാണു്. ഉടനെ എന്റെ മറുപടിച്ചോദ്യം. “പിന്നെ ഞാനാരെന്നാ നിങ്ങളുടെ വിചാരം? ഞാൻ ഒന്നാന്തരം നക്സലൈറ്റാണു് ”. കേശച്ഛേദകനു് വലിയ സന്തോഷം ഇങ്ങനെ ക്ഷുരകന്റെ കൈയിൽ കത്തിരിയും കത്തിയും ഉള്ളിടത്തോളംകാലം അയാളുടെ പൊളിറ്റിക്സ് എന്റെയും പൊളിറ്റിക്സ് തന്നെ. ബ്രഹ്മക്ഷൗരം സമ്പൂർണ്ണമായപ്പോൾ ശിരോരൂഹച്ഛേദനപ്രക്രിയ വേണ്ടെന്നു വന്നു. അന്നു മുതൽ ഒറ്റപ്പൊളിറ്റിക്സേ എനിക്കുള്ളു.

images/AldousHuxley1947.jpg
അൽഡസ് ഹക്സിലി

ചിലർക്കു ചെറുകഥ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ വന്നോ, എങ്കിൽ അതു് ഉജ്ജ്വലമാണു്. ‘മംഗള’ത്തിലോ ‘മനോരമ’യിലോ വന്നോ, എങ്കിൽ പൈങ്കിളിയാണു്. വാരികയുടെ സ്വഭാവം അഭിരുചിയെയും മൂല്യനിർണ്ണയത്തെയും ബാധിക്കുന്നതുകൊണ്ടാണു് ഇതു സംഭവിക്കുന്നതു്. എനിക്കിപ്പോൾ ഒരുത്തന്റെയും മുൻപിൽ പേടിയോടെ ഇരിക്കേണ്ടതില്ലാത്തതുകൊണ്ടു് സംശയലേശം കൂടാതെ പറയുകയാണു്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്നു എന്നതുകൊണ്ടു് മാത്രം ശ്രീമതി എം. ഡി. രാധികയുടെ “ആകാശപാഠങ്ങൾ” എന്ന ചെറുകഥ ആ പേരിനു് അർഹമല്ല. ഭാര്യയും ഭർത്താവും കുട്ടിയും സുഖമായി വസിക്കുന്ന കാലത്തു് ഭർത്താവിന്റെ അമ്മ അവരുടെ കൂടെ പാർക്കാനെത്തുന്നു. അടുത്ത വീട്ടിലെ ദുഷ്പേരുള്ള സ്ത്രീയെയും അവരുടെ തന്തയില്ലാത്ത കുഞ്ഞിനെയും ആ അമ്മയുടെ മരുമകൻ അകറ്റി നിറുത്തിയിരുന്നതാണു്. പക്ഷേ, അമ്മ വന്നതോടെ കാര്യങ്ങളാകെ മാറി. അവർ ആ വീട്ടിൽ പോയി. അവരുടെ പേരക്കുട്ടി ആ ചീത്തസ്ത്രീയുടെ മകനുമായി കളിച്ചുതുടങ്ങി. അമ്മ പോകാനായി ഭാവിച്ചപ്പോൾ തന്തയില്ലാച്ചെറുക്കന്റെ കൈയിൽ ഇരുപതു രൂപ വച്ചുകൊടുക്കുകയും ചെയ്തു. മനുഷ്യത്വത്തെ ഒന്നുയർത്തിക്കാണിക്കാനാണു് കഥയെഴുത്തുകാരിയുടെ യത്നം. സംഭവനിവേദനത്തിലോ കഥാപാത്രസ്വഭാവാവിഷ്കാരത്തിലോ മൗലികതയൊട്ടുമില്ലാത്ത ഒരു കഥ. അഗാധത കാണാതെ ഉപരിതല സ്പർശം നടത്തുന്ന ഒരു കഥ. ധിഷണയ്ക്കോ ഭാവനയ്ക്കോ പ്രാമുഖ്യം കല്പിക്കാത്ത ഒരു കഥ. പ്രതിപാദ്യവിഷയത്തെ സാക്ഷാത്കരിക്കാൻ കഥയെഴുതുന്ന ആളിനു ശക്തിവിശേഷം വേണം. അതില്ലെങ്കിൽ ഇമ്മട്ടിലുള്ള ചതഞ്ഞ കഥകളേ ഉണ്ടാവൂ.

പ്രാർത്ഥിക്കുന്ന ചുണ്ടുകളെക്കാൾ പ്രവർത്തിക്കുന്ന കരങ്ങളാണു് പാവനം.

ബ്രഹ്മക്ഷൗരം നടന്നതുകൊണ്ടു് ഓരോ വ്യക്തിയുടെയും മുൻപിൽ ഓരോ ആളായി ഭാവിക്കേണ്ടതില്ല എനിക്കെന്നു് നേരത്തെ എഴുതിയല്ലോ. കഥാസങ്കല്പത്തെക്കുറിച്ചും അതുതന്നെയാണു് പറയാനുള്ളതു്. കൈയിൽ കിട്ടുന്ന ‘ആർടിഫാക്റ്റി’നെ (artifact) ആ സങ്കല്പത്തിനു് അനുകൂലമായി വീക്ഷിക്കേണ്ടതേയുള്ളു നിരൂപകനു്. ആ ശില്പം നല്കിയ ആളിനു് വയസ്സെത്ര എന്നു് അന്വേഷിക്കേണ്ടതില്ല. ടാഗോർ ഏഴാമത്തെ വയസ്സിലെഴുതിയ പ്രേമഗാനവും എഴുപതാമത്തെ വയസ്സിലെഴുതിയ പ്രേമഗാനവും ഒരേ വിധത്തിൽ സുന്ദരമാണു്. ചങ്ങമ്പുഴ യ്ക്കു് പതിനേഴു വയസ്സുണ്ടായിരുന്ന കാലത്തു് അദ്ദേഹമെഴുതിയ കാവ്യങ്ങൾ മരിക്കാറായപ്പോൾ രചിച്ച കാവ്യങ്ങളുമായി സൗന്ദര്യത്തിന്റെ കാര്യത്തിൽ വിഭിന്നത പുലർത്തുന്നില്ല. അതുകൊണ്ടു് വിമർശിക്കുമ്പോൾ രചയിതാവിന്റെ പ്രായംകൂടി പരിഗണിക്കണമെന്നും അനാഗതാർത്തവകളുടെയും അനാഗതശ്മശ്രുക്കളുടെയും സൃഷ്ടികളെ പ്രോത്സാഹജനകമാംവിധത്തിൽ പ്രകീർത്തിക്കണമെന്നും പറയുന്നതു തെറ്റാണു്. പ്രോത്സാഹിപ്പിക്കൽ മറ്റു മണ്ഡലങ്ങളിലാകാം. പതിനേഴു വയസ്സുള്ള വിദ്യാർത്ഥിക്കു് ഫീസ് കൊടുക്കാൻ മാർഗ്ഗമില്ലെങ്കിൽ, എനിക്കു് പണം ഉണ്ടെങ്കിൽ അതു് നല്കി അയാളെ സഹായിക്കാം. പക്ഷേ, അയാളെഴുതിക്കൊണ്ടുവന്ന പറട്ടക്കഥ വായിച്ചിട്ടു് “ഹാഹാ നിങ്ങൾ ഭാഷയിലെ മോപസാങ്ങാ ണു്” എന്നു പറഞ്ഞു് പ്രോത്സാഹിപ്പിക്കാൻ പാടില്ല. അതു വഞ്ചനയാണു്. ആത്മവഞ്ചനയും ജനവഞ്ചനയുമാണു്. അതു ഞാൻ ചെയ്യുന്നില്ലെന്നു്—പ്രോത്സാഹിപ്പിക്കുന്നില്ലെന്നു്—ഒരഭിവന്ദ്യ സുഹൃത്തു് ഒരു സമ്മേളനത്തിൽ പരസ്യമായിപ്പറഞ്ഞു. അങ്ങനെ ചെയ്യാത്തതിലാണു് ഇതെഴുതുന്ന ആളിന്റെ ആർജ്ജവമിരിക്കുന്നതു്. വയസ്സു് സാഹിത്യനിരൂപണത്തിൽ ‘ക്രൈറ്റീയരിയൻ’ (criterion = മാനദണ്ഡം) അല്ല ഒരിക്കലും. പത്തുവയസ്സേയുള്ളോ രചയിതാവിനു് ? എന്നാൽ സൃഷ്ടി മനോഹരം. അറുപതു വയസ്സുണ്ടോ അയാൾക്കു്? എന്നാൽ മോശം. ഇമ്മട്ടിലെങ്ങനെ പറയും? പറഞ്ഞാൽ നിരൂപണം വിരൂപണമാകും. “Bad literature is a crime against society” എന്നു് അൽഡസ് ഹക്സിലി പറഞ്ഞിട്ടുണ്ടു്. അതിനെ പ്രമാണമാക്കി വയസ്സു നോക്കാതെ ഞാൻ നന്മതിന്മകൾ എടുത്തുകാണിക്കുന്നു. അതിനേ ആർക്കും കഴിയുകയുള്ളു. കലാസൃഷ്ടി സൗന്ദര്യസൃഷ്ടിയാണു്. അനുഗൃഹീതനായ കുഞ്ഞും അനുഗൃഹീതനായ വൃദ്ധനും സൗന്ദര്യം സൃഷ്ടിക്കും. ആ ‘ആർടിഫാക്ടി’നെ നോക്കി നിരൂപകൻ ‘ഭേഷ് ഭേഷ്’ എന്നു പ്രഖ്യാപിക്കും. സുഹൃത്തു് എന്നെ കുറ്റപ്പെടുത്തിയപ്പോൾ സദസ്സാകെ കൈയടിച്ചു എന്നു പത്രവാർത്ത. ഞാൻ ബധിരനായതുകൊണ്ടാവാം, അതു കേട്ടില്ല. അന്ധനായതുകൊണ്ടാവാം കൈകൾ തമ്മിൽ ചേരുന്നതും കണ്ടില്ല.

സംഭവങ്ങൾ
  1. ഹിറ്റ്ലറു ടെ ആത്മകഥ “മൈൻ കാംഫ് ” വിരസമാണു്. അതിന്റെ ചില പുറങ്ങളേ ഞാൻ വായിച്ചിട്ടുള്ളു. ജർമ്മൻ നാത്സി ഉദ്യോഗസ്ഥനായിരുന്ന ഐഹ്മാനെ (Eichmann) പില്ക്കാലത്തു് കോടതിയിൽ വിസ്തരിച്ചപ്പോൾ അയാൾ പറഞ്ഞു “മൈൻ കാംഫ്” വായിച്ചിട്ടില്ലെന്നു്. ജർമ്മൻ—അമേരിക്കൻ political theorist ഹാനാ ആറന്റ് (Hannah Arendt) എഴുതിയ “Eichmann in Jerusalem ” വായിച്ച ഓർമ്മയിൽ നിന്നു്.
  2. ഓടിക്കൂടി, ചാടിക്കൂടി, പാടിക്കൂടി, കോടിക്കൂടി എന്ന മട്ടിൽ “മയൂരസന്ദേശ മെന്ന കുത്സിത കാവ്യമെഴുതിയ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഹരിപ്പാട്ടു വഴി യാത്ര ചെയ്യുമ്പോൾ “ഹരിപ്പാട്ടു കുട്ടപ്പപ്പണിക്കരുടെ സാപ്പാട്ടു ഹോട്ടൽ” എന്ന ബോർഡ് ഒരു ഭക്ഷണശാലയിൽ കണ്ടു. കുട്ടപ്പപ്പണിക്കരെ അദ്ദേഹം തിരുവനന്തപുരത്തു വിളിച്ചു വരുത്തി ഒരു പവന്റെ മോതിരം കൊടുത്തു എന്നാണു് കഥ. മുണ്ടശ്ശേരി യുടെ ഒരു പുസ്തകത്തിൽ കണ്ടതാണിതു്.
  3. എന്റെ അഭിവന്ദ്യ സുഹൃത്തും മഹാപണ്ഡിതനുമായിരുന്ന പ്രഫെസർ ഈ. വി. ദാമോദരൻ പ്രകാശത്തിനു ഭാരമുണ്ടെന്നു കാണിച്ചു് പ്രബന്ധമെഴുതി സി. വി. രാമനു അയച്ചു കൊടുത്തു. രാമൻ അയച്ച മറുപടി ദാമോദരൻ സാറ് എന്നെക്കാണിച്ചു. ആലോചിക്കേണ്ട വിഷയമാണു് അതെന്നായിരുന്നു മറുപടിയുടെ സാരം. നോൺസെൻസ് എന്ന വാക്കു വലിയ ആളുകൾ പറയാറില്ലല്ലോ. ധവളരശ്മി പരിശുദ്ധമാണെന്നും അതിൽ വേറൊരു കലർപ്പുമില്ലെന്നും ഗോയ്റ്റെ വാദിച്ചു. പിന്നീടു് അതു തെറ്റാണെന്നു തെളിഞ്ഞു. പല നിറങ്ങൾ ഒരുമിച്ചു ചേർന്നതാണു് ധവളരശ്മിയെന്നു കണ്ടുപിടിച്ചു.
  4. ഒരു കിളി മരിച്ചാൽ കരയുന്ന ഒരു കവി പലരെയും വെള്ളത്തിൽ മുക്കിപ്പിടിച്ചു കൊന്നിട്ടുണ്ടു്. എന്റെ ഒരു കാരണവരെയും അദ്ദേഹം അങ്ങനെ കൊന്നു. “ചാരിത്രത്തിനു വെണ്മയല്ലാത്തതൊന്നും ചെയ്യാത്ത” സ്ത്രീകളെ വാഴ്ത്തിയ വേറൊരു കവി സ്ത്രീജിതനായിരുന്നു. സോഷലിസ്റ്റ് റിയലിസത്തിന്റെ ഉപജ്ഞാതാവായ മാക്സിം ഗോർക്കി പ്രചാരണാത്മകമായ “Mother ” എന്ന നോവലെഴുതിയതു് ന്യൂയോർക്ക് സ്റ്റെയ്റ്റിനു് അടുത്തുള്ള ഒരു മുതലാളിത്ത പ്രദേശത്തുവച്ചാണു്.
  5. കവിയുടെ മരണശേഷം എന്നു പാണ്ഡിത്യമുള്ളവർ പോലും എഴുതിക്കണ്ടിട്ടുണ്ടു് ഞാൻ. ‘കവിയുടെ’ എന്നതു് അന്വയിക്കുന്നതു് ‘മരണ’ത്തോടല്ല, ‘ശേഷ’ത്തോടാണു്. അതുകൊണ്ടു് ആ പ്രയോഗം ശരിയാണോ എന്നു ഞാൻ ശൂരനാട്ടു കുഞ്ഞൻപിള്ള സ്സാറിനോടു ചോദിച്ചു. ആ പ്രയോഗം തെറ്റാണെന്നു് അദ്ദേഹം എന്നോടു പറഞ്ഞു. എങ്കിലും പ്രയോഗസാധുത്വമുണ്ടെന്നും അറിയിച്ചു.
  6. കേശവദേവ് രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിച്ചിടത്തോളം സ്ഥിരീകൃതമായ മനസ്സുണ്ടായിരുന്ന ആളല്ലായിരുന്നു. കോൺഗ്രസ്സുകാരുടെ സമ്മേളനങ്ങളിൽ ആർ. ശങ്കറി നു വേണ്ടിയും ആർ. എസ്. പി.-ക്കാരുടെ സമ്മേളനങ്ങളിൽ ദിവാകരനും വേണ്ടിയും കമ്മ്യൂണിസ്റ്റുകാരുടെ സമ്മേളനങ്ങളിൽ ഡാങ്കേ ക്കു വേണ്ടിയും അദ്ദേഹം പ്രസംഗിക്കുന്നതു് ഞാൻ കേട്ടിട്ടുണ്ടു്. ഒരു ദിവസം മന്മഥൻ സാറും ദേവും കൂടി തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു. കൊല്ലത്തെത്തിയപ്പോൾ ദേവ് മന്മഥൻ സാറിനോടു യാത്ര പറഞ്ഞു തീവണ്ടിയിൽ നിന്നിറങ്ങി. ഉടനെ അദ്ദേഹം ദേവിനോടു ചോദിച്ചു: “ദേവ് എന്നാണു് ഡി. എം. കെ.-യിലെ അംഗമാവുക?”

ദേവ് ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ സമ്മേളനത്തിൽ പറഞ്ഞ ഒരു നേരമ്പോക്കു് ഓർമ്മയിലെത്തുന്നു. രണ്ടുപേരുടെ സംഭാഷണമായിട്ടാണു് അദ്ദേഹം അതാവിഷ്കരിച്ചതു്.

ജോർജ്:
എന്താ ജോണേ നിങ്ങൾ തിങ്കളാഴ്ച തോറുമുള്ള പാർടി മീറ്റിങ്ങിനു കാണാത്തതു?
ജോൺ:
എനിക്കു താൽപ്പര്യമില്ല.
ജോർജ്:
താൽപ്പര്യമില്ലേ? എന്നാൽ പറയൂ ഏംഗൽസ് ആരാണു് ?
ജോൺ:
എനിക്കറിഞ്ഞുകൂടാ.
ജോർജ്:
“സർവ്വരാജ്യ തൊഴിലാളികളേ സംഘടിക്കു. നിങ്ങൾക്കു നഷ്ടപ്പെടാൻ കൈച്ചങ്ങലകളല്ലാതെ വേറൊന്നുമില്ല” എന്നു പറഞ്ഞതു് ആരു്? എവിടെ?
ജോൺ:
അറിഞ്ഞുകൂടാ.
ജോർജ്:
അറിഞ്ഞുകൂടേ? പിന്നെ തനിക്കെന്തറിയാം?
ജോൺ:
ഒരു കാര്യമറിയാം.
ജോർജ്:
എന്താണതു?
ജോൺ:
ഹെൻട്രി ആരാണു്?
ജോർജ്:
എനിക്കറിഞ്ഞുകൂടാ.
ജോൺ:
എന്നാൽ ഞാനതു പറഞ്ഞുതരാം. അയാൾ ഫാക്ടറിത്തൊഴിലാളിയാണു്. എല്ലാ തിങ്കളാഴ്ചയും രാത്രി അയാൾ ഉറങ്ങുന്നതു നിങ്ങളുടെ ഭാര്യയോടു് ഒരുമിച്ചാണു്.
ശരിയല്ല
images/JohnathanLivingstonSeagull.jpg

Jonathan Livingston Seagull എന്ന പുസ്തകമെഴുതിയ Richard Bach വിശ്വവിഖ്യാതനാണു്. ഒരു കടൽക്കൊക്കിന്റെ ജീവിതത്തെ അതിന്റെ ബോധമണ്ഡലത്തിനു യോജിച്ച വിധത്തിൽ പ്രതിപാദിച്ച ഈ ഗ്രന്ഥകാരൻ പറഞ്ഞു: ഞാൻ എഴുത്തുകാരനാണു്, ഗ്രന്ഥകാരനല്ല. ഇക്കഥയിൽ ഞാനൊന്നും കണ്ടുപിടിച്ചില്ല. ഇതിലെ സംഭവങ്ങൾ ഞാൻ നിർമ്മിച്ചതുമല്ല. മറ്റാരോ പറഞ്ഞു കൊടുക്കുന്ന രീതിയിൽ താൻ എഴുതിയെന്നും തന്റെ ഇച്ഛാശക്തിക്കു് അതിൽ പങ്കൊന്നുമില്ലെന്നുമാണു് ഈ കലാകാരന്റെ വാദം. അതു ശരിയാണുതാനും.

പ്രശാന്താവസ്ഥയിൽ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണു് കവിതയെന്നതു്. പ്രശസ്തനായ ഒരു ഇംഗ്ലീഷ് കവി പറഞ്ഞതാണു്. പക്ഷെ നമ്മുടെ പല കവികൾക്കും ആ പ്രശാന്താവസ്ഥ കൈവരുത്താൻ ക്ഷമയില്ല.

എവിടെ ഇച്ഛാശക്തിയുടെ പ്രസരമുണ്ടാകുന്നുവോ അവിടെ കല അസ്തമിക്കും. ദൗർഭാഗ്യംകൊണ്ടു് നമ്മുടെ നാട്ടിലുണ്ടാക്കുന്ന പല കഥകളും കാവ്യങ്ങളും ഇച്ഛാ ശക്തിയുടെ ഫലങ്ങളാണു്. രചനകൾ ഹൃദയത്തിൽനിന്നു വരുമ്പോൾ (വികാരത്തിന്റെ സന്തതികളാവുമ്പോൾ) സ്വാഭാവികങ്ങളായിരിക്കും. ശ്രീ. മുണ്ടൂർ കൃഷ്ണൻകുട്ടി യുടെ “കോമ്രേഡ് അപ്പൂണ്യാരു്” (കലാകൗമുദി) ഒരുതരം Willed Writing ആണു്. അതുപോകട്ടെ സഖാവായിരിക്കുക അതേസമയം കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരിക്കുക. ഈ വൈരുദ്ധ്യത്തെ നേരിയ പരിഹാസം കർലത്തി വർണ്ണിക്കാനാണു് കഥാകാരനു കൗതുകം. അതിൽ ഒട്ടൊക്കെ അദ്ദേഹം വിജയിച്ചിട്ടുമുണ്ടു്.

images/HannahArendt1933.jpg
ഹാനാ ആറന്റ്

പക്ഷേ, അരുതാത്തതു് അദ്ദേഹം പ്രവർത്തിക്കുന്നു എന്നാണു് എന്റെ പക്ഷം. ചെറുകാടി ന്റെ അറുപതാം ജന്മദിനത്തിൽ അദ്ദേഹം കൈവിരലിൽ മൂകാംബികയുടെ മുദ്രയുള്ള മോതിരമിട്ടു നടന്നുവെന്നു് അദ്ദേഹം എഴുതിയിരിക്കുന്നു. ഒളപ്പമണ്ണ മനയ്ക്കലെ ഒ. എം. സി. ഈറൻ തോർത്തുടുത്തു് അമ്പലത്തിനകത്തു പ്രദക്ഷിണം നടത്തിയെന്നും. ഒ. എം. സി, സംഘടനയിലെ (കമ്മ്യൂണിസ്റ്റ് സംഘടനയെന്നാവാം കഥാകാരൻ ഉദ്ദേശിച്ചതു്) അംഗമായിരുന്നത്രേ: ചെറുകാടും ഒ. എം. സിയും അങ്ങനെ പ്രവർത്തിച്ചോ എന്നതു വേറൊരു കാര്യം. ഒരെഴുത്തുകാരനു യഥാർത്ഥ വ്യക്തികളെ അങ്ങനെ പരിഹസിക്കാൻ എന്തു അധികാരം? വിശേഷിച്ചും ഫിക്ഷനിൽ. ഇപ്പോഴുമുള്ള ഒരു സാഹിത്യകാരൻ വയലാർ രാമവർമ്മ യുടെ ദ്വിതീയ വിവാഹത്തെ കളിയാക്കി നോവലെഴുതി. നോവലിസ്റ്റ് ചെയ്തതു തെറ്റു്. ഒരു സംശയവുമില്ല. ആ നോവലിസ്റ്റ് എന്റെ സുഹൃത്താണു്. വയലാർ രാമവർമ്മ എന്നെ ശ്വാനൻ എന്നു വിളിച്ചു. എന്നിട്ടും സുഹൃത്തിന്റെ പ്രവൃത്തി ഗർഹണീയമാണെന്നു ഞാൻ പറഞ്ഞു. സാഹിത്യം പാവനമാണു്. അതിനെ വ്യഭിചരിക്കാൻ പാടില്ല.

ചോദ്യം, ഉത്തരം

ചോദ്യം: ഏതു തരത്തിലുള്ള മരണമാണു് നിങ്ങൾക്കു വേണ്ടതു?

ഉത്തരം: റോമൻ തത്ത്വചിന്തകൻ സെനിക്ക (Seneca) പറഞ്ഞിട്ടുണ്ടു് ഇടിവെട്ടേറ്റു മരിക്കുന്നതാണു് ഏറ്റവും നല്ലതെന്നു്. ഞാൻ അത്തരത്തിലുള്ള മരണം കൊതിക്കുന്നു. ‘ദ്രോഹി, അവൻ ഇടിവീണു ചത്തു.’ എന്നു് ശത്രുക്കൾ പറയും. സാരമില്ല. മരിച്ചു കഴിഞ്ഞതിനു ശേഷം ആരെന്തു പറഞ്ഞാലെന്തു? എങ്ങനെ ശവം സംസ്കരിച്ചാലെന്തു? എല്ലാം ഒന്നു പോലെ. പ്രമേഹരോഗമുള്ളവർ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ മരിക്കും. അതും സുഖപ്രദമായ മരണം തന്നെ.

ചോദ്യം: അന്യരുടെ മുൻപിൽ തലയുയർത്തി നടക്കണമെങ്കിൽ എന്തുവേണം?

ഉത്തരം: ഞാൻ അമ്പലത്തിൽ പോകുന്നവനല്ല. എങ്കിലും ദിവസവും കാലത്തു് അവിടെച്ചെന്നു് ഭക്തിയോടെ തലകുനിച്ചു നിന്നാൽ ഏതൊരുവന്റെയും മുൻപിൽ തലയുയർത്തി നടക്കാം.

ചോദ്യം: മലയാളത്തിലെ പൈങ്കിളി സിനിമകൾക്കായി പ്രത്യേകം സിനിമാശാലകൾ ഉണ്ടാക്കുന്നതല്ലേ നല്ലതു?

ഉത്തരം: നല്ല ആശയം. സിനിമാശാലകൾ നിർമ്മിച്ചിട്ടു് വീതിയുള്ള ഒരു exit ഉണ്ടാക്കണം. അവിടെ ചുവന്ന അക്ഷരത്തിൽ ‘വീട്ടിലേക്കു ഓടാനുള്ള വഴി’ എന്നു് രണ്ടു മിനിറ്റിലൊരിക്കൽ വിദ്യുച്ഛക്തികൊണ്ടു് എഴുതിക്കാണിക്കണം. അബദ്ധത്തിൽ അവിടെ കയറിപ്പോയവനു് ഓടി രക്ഷപ്പെടണമല്ലോ.

ചോദ്യം: ജീവിതത്തിൽ സ്വീകരിക്കാവുന്ന ഏതെങ്കിലും ഒരു പ്രധാനപ്പെട്ട തത്ത്വം പറഞ്ഞുതരൂ.

ഉത്തരം: ആരെക്കണ്ടു സംസാരിച്ചിട്ടു പിരിഞ്ഞു പോകുമ്പോഴും നല്ല വാക്കുകളേ പറയാവൂ. നല്ല പ്രവൃത്തിയേ ചെയ്യാവൂ. ആരറിഞ്ഞു പിന്ന ആ ആളിനെ കാണുമെന്നു് ? നമ്മളെ അയാൾ കാണുമെന്നു്? ഉറങ്ങിപ്പോയ സഹധർമ്മിണിയെ വിളിച്ചുണർത്തി മരുന്നുകൊടുത്തു ജി. അരവിന്ദൻ. അതോടെ അദ്ദേഹം കുഴഞ്ഞുവീണു. അന്ത്യശ്ശ്വാസം വലിക്കുകയും ചെയ്തു. മിസ്സിസ് അരവിന്ദൻ ആ സംഭവും ഒരിക്കലും മറക്കില്ല. പദ്മരാജൻ മരിക്കുന്നതിനു അഞ്ചുദിവസം മുൻപു് ഞാൻ അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ചു നന്ദി പറഞ്ഞു, എന്റെ പേരു് വലിയ അക്ഷരത്തിൽ “ഞാൻ ഗന്ധർവ്വൻ” എന്ന സിനിമയിൽ അദ്ദേഹം പ്രദർശിപ്പിച്ചതിനു്. “സാറതു് അർഹിക്കുന്നു” എന്നു് അദ്ദേഹം സൗമ്യമായി മൃദുലമായി പറഞ്ഞതു് ഞാൻ ഒരിക്കലും വിസ്മരിക്കില്ല. ആരെപ്പിരിഞ്ഞു പോകുമ്പോഴും അതു താൽക്കാലികമാണെങ്കിലും നല്ല വാക്കേ പറയാവൂ. നല്ല പ്രവൃത്തിയേ ചെയ്യാവൂ.

ഏഴാച്ചേരി

പ്രതിപാദ്യ വിഷയത്തെ സാക്ഷാത്കരിക്കാൻ കഥയെഴുതുന്ന ആളിനു ശക്തിവിശേഷം വേണം.

സീമോൻ ദ ബോവ്വാർ അവരുടെ കാലയളവിലെ ഏറ്റവും വലിയ ബുദ്ധിശാലിനി ആയിരുന്നു. അവരുടെ ആത്മകഥ പ്രൗഢമാണു്. അതിലെ “Force of Circumstance” എന്ന വാല്യത്തിൽ മനുഷ്യന്റെ കഷ്ടപ്പാടു്, വിപ്ലവം, കല ഇവയെക്കുറിച്ചു് പറഞ്ഞിരിക്കുന്നതു് ചിന്തോദ്ദീപകമത്രേ.

“യാഥാർത്ഥ്യം ഇപ്പോഴും എനിക്കു താൽപ്പര്യജനകംതന്നെ. പക്ഷേ, ഭീതിദമായ മിന്നൽ പ്രവാഹമെന്ന പോലെ അതിപ്പോൾ പ്രകാശിക്കുന്നില്ല. സൗന്ദര്യം, അതേ, സൗന്ദര്യം ഇപ്പോഴുമുണ്ടു്. അതു് വെളിപാടുകൾകൊണ്ടു് എന്നെ ഞെട്ടിക്കുന്നില്ലെങ്കിലും, അതിന്റെ രഹസ്യങ്ങളിൽ ഏറിയ കൂറും വിരസമായിപ്പോയെങ്കിലും കാലത്തെ പിടിച്ചുനിറുത്തുന്ന നിമിഷങ്ങളുണ്ടു് അതിനു്. പക്ഷേ, പലപ്പോഴും ഞാനതിനെയും വെറുക്കുന്നുണ്ടു്. ഒരു കൂട്ടക്കൊലയ്ക്കു ശേഷം ഞാൻ ബേറ്റ് ഹോഫന്റെ ‘ആൻദാൻതേ’ (andante മന്ദഗതിയിലും ഒരേ രീതിയിലുമുള്ള സംഗീതം) കേൾക്കുകയായിരുന്നു. പകുതിയായപ്പോൾ ദേഷ്യംകൊണ്ടു് ഞാൻ ആ റെക്കേർഡ് നിറുത്തി… വേറൊരു ദിവസം മറ്റൊരു കൂട്ടക്കൊലയ്ക്കുശേഷം—അങ്ങനെ അനേകം കൊലകളുണ്ടായിരുന്നു—എനിക്കാഗ്രഹമുണ്ടായി അത്തരം വ്യാജസൗന്ദര്യത്തെയാകെ നശിപ്പിക്കണമെന്നു്. ഇന്നു് ആ ഭീതിയുടെ വികാരം കെട്ടടങ്ങിയിരിക്കുന്നു”. (Penguin Books, PP. 669, 670.)

images/EzhacherryRamachandran04.jpg
ഏഴാച്ചേരി രാമചന്ദ്രൻ

ശ്രീ. ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച “കഴുകുമ്മൂല” എന്ന കാവ്യത്തിൽ (ദേശാഭിമാനി വാരിക) ഒരു നൃശംസതയുടെ വർണ്ണനമുണ്ടു്. അക്കാലത്തു് അതു ഭയജനകമായിരുന്നു. ഉടനെ കാവ്യം രചിച്ചെങ്കിൽ ഉണ്ടാകാവുന്ന കാവ്യസൗന്ദര്യത്തെ സീമൊനെപ്പോലെ വ്യാജസൗന്ദര്യം എന്നു കവി വിളിച്ചേനേ. പക്ഷേ, പ്രശാന്തതയിൽ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണല്ലോ കവിത. ആ അനുധ്യാനത്തിന്റെ ഫലമായി “കഴുകുമ്മൂല” എന്ന കാവ്യം ഉണ്ടായിരിക്കുന്നു.

“മാരൻ കായൽ നികന്നീലാ

മറുതാപ്പാടമുണങ്ങീലാ

ചെമ്പാവേല പഴുത്തു മണക്കും

കന്നിമാസക്കാറ്റടങ്ങീലാ

വള്ളത്തിലാവഴി പോകുമ്പോൾ, കുഞ്ഞിലേൻ

ചുമ്മാതോരോന്നു ചിന്തിച്ചു”

എന്ന കാവ്യത്തിന്റെ ആരംഭം. വികാരതീക്ഷ്ണത ജനിപ്പിക്കാൻ കവിക്കു് ഉദ്ദേശ്യമില്ല. നാടോടി പാട്ടിന്റെ വൃത്തവിഷയകമായ സ്വാതന്ത്ര്യം വികാരസംയമത്തിനു സാഹചര്യമരുളുന്നു. ശീഘ്രഗതിയാർന്ന ലയവുമില്ല. ഇവയൊക്കെ ഗുണങ്ങളായിട്ടാണു് ഞാൻ കാണുന്നതു്. എന്തിനു്? അവസാനത്തെ നാലു വരികളിൽ ആവിഷ്കരിക്കുന്ന ആശയത്തിനുവേണ്ടി.

പകവതിത്തോറ്റവും പൈങ്കിളിത്തോറ്റവും

മയക്കു തോറ്റവും മാറ്റിവച്ച്

മാറ്റത്തിന്റെ പെരുന്തോറ്റം

കാറ്റും കായലും ചൊല്ലുന്നു.

ആ മാറ്റം വരാൻ പോകുന്നു. അതിനു ഹേതു കാവ്യത്തിൽ വർണ്ണിച്ച ക്രൂരതയാണു് എന്നാണു് കവി അഭിവ്യഞ്ജിപ്പിക്കുന്നതു്. വിപ്ലവ കാവ്യമെഴുതുമ്പോൾ അതു പടപ്പാട്ടാകാതെ കവി നിസ്സംഗത പരിപാലിച്ചാൽ കവിത വിജയിക്കും എന്ന തത്ത്വത്തിനു നിദർശകമായിട്ടുണ്ടു് ഏഴാച്ചേരി രാമചന്ദ്രന്റെ കാവ്യം.

പ്രശാന്താവസ്ഥയിൽ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണു് കവിതയെന്നതു്. പ്രശസ്തനായ ഒരു ഇംഗ്ലീഷ് കവി പറഞ്ഞതാണു്. പക്ഷേ, നമ്മുടെ പല കവികൾക്കും ആ പ്രശാന്താവസ്ഥ കൈവരുത്താൻ ക്ഷമയില്ല. ഗൾഫ് യുദ്ധമെന്നു കേട്ടാലുടനെ സദാമിനെ നിന്ദിച്ചോ പ്രകീർത്തിച്ചോ അവർ കാവ്യമെഴുതുന്നു. ബുഷിനെ രാക്ഷസനായോ ദേവനായോ അവർ അവതരിപ്പിക്കുന്നു. അപ്പോൾ ക്ഷോഭമല്ലാതെ അനുധ്യാനത്തിന്റെ പ്രശാന്താവസ്ഥ ഇല്ല. എന്റെ ഒരു സ്നേഹിതൻ കവിതയെഴുതാൻ പേനയെടുത്തപ്പോൾ ഗൾഫ് യുദ്ധം തീർന്നു വെന്നു ടെലിവിഷനിലൂടെ വാർത്ത വന്നു. അദ്ദേഹത്തിനു് നൈരാശ്യം ഉണ്ടായിപ്പോയി. പണ്ടു് ചെങ്കടൽ രണ്ടായി മാറിയപ്പോൾ അതിന്റെ കരയിലെത്തിയ മോസസ്സ് പറഞ്ഞുപോലും: “ഈശ്വരാ അങ്ങ് എന്തു കടുങ്കൈയാണു് ചെയ്തതു്. ഞാൻ ഒന്നു മുങ്ങിക്കുളിക്കാൻ ഭാവിക്കുകയായിരുന്നല്ലോ”. എന്റെ സ്നേഹിതനു കാവ്യമെഴുതാൻ വേണ്ടിയെങ്കിലും ബുഷ് ഒരു മണിക്കൂർകൂടി ഇറാക്കിൽ ബോംബ് വർഷിക്കേണ്ടിയിരുന്നു.

ഡോക്ടർ ജി. വേലായുധൻ

പടിഞ്ഞാറുള്ള ധിഷണാശാലികളെക്കുറിച്ചു മാത്രം പറയാറുള്ള ഈ പംക്തിക്കു സമനിലവരുത്താനായി ഭാരത്തിലും വിശേഷിച്ചു കേരളത്തിലുമുള്ള ധിഷണാശാലികളെക്കുറിച്ചു എഴുതണമെന്നു് ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ടു്. കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും അതു വേണമെന്നു ഞാൻ കരുതുന്നു. അതുകൊണ്ടു് എന്റെ സ്നേഹബഹുമാനങ്ങൾക്കു പാത്രമായ ഡോക്ടർ ജി. വേലായുധനെക്കുറിച്ചു് ഇത്തവണ എഴുതുകയാണു്. സാഹിത്യകാരന്മാർ മാത്രമല്ല സംസ്കാരത്തെ വികസിപ്പിക്കുന്ന, മനുഷ്യത്വത്തെ വികസിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും സാമൂഹിക പ്രവർത്തകരും ഈ പംക്തിയിൽ വരും. ഇന്ത്യയിലെ പ്രമുഖരായ ഗൈനക്കോളജിസ്റ്റുകളിൽ ഒരാളാണു് ഡോക്ടർ ജി. വേലായുധൻ. ഗോൾഡ്സ്മിത്ത് ഒരിക്കൽ പറഞ്ഞു: The doctors found when she was dead/Her last disorder mortal. രോഗിണികളെ മരണത്തിലേക്കു നീക്കാതെ അവരെ ചികിത്സിച്ചു് ജീവിപ്പിക്കുന്ന ഭിഷഗ്വരനാണു് ശ്രീ. വേലായുധൻ. എല്ലാ ഡോക്ടർമാരും അതല്ലേ ചെയ്യുന്നതെന്നു ചിലർ ചോദിച്ചേക്കാം. ശരിതന്നെ. പക്ഷേ, അറിവില്ലായ്മകൊണ്ടും പരിചയക്കുറവുകൊണ്ടും ചില ഡോക്ടർമാർ മരണത്തിന്റെ വക്കിലേക്കു് എത്തിച്ച ചില രോഗിണികളെ പെട്ടെന്നുള്ള ശസ്ത്രക്രിയകൊണ്ടു് ഈ ഡോക്ടർ രക്ഷിച്ചിട്ടുണ്ടു്. അവരിൽ ചിലർ എന്റെ ബന്ധുക്കളായതുകൊണ്ടാണു് ഞാനിതു് ഉറപ്പിച്ചുപറയുന്നതു്.

അതിന്റെ വിശദാംശങ്ങൾ നൽകാൻ കഴിയുകയില്ല. അതു് ഡോക്ടർക്കും എനിക്കും ‘ഇംബാരസ്മെന്റ്’— ആകുലാവസ്ഥ—ഉളവാക്കും.

വളരെക്കാലം ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്കു മേശമേൽ കിടക്കുന്ന രോഗിയെ വെറും യന്ത്രമായി കരുതാനുള്ള പ്രവണത ഉണ്ടാകുന്നതിൽ അദ്ഭുതത്തിനു് അവകാശമില്ല. മഹാന്മാരായ ഡോക്ടർമാർക്കു പോലും ഈ മാനസികനില ഉണ്ടാകും. അവിടെയാണു് ഡോക്ടർ വേലായുധൻ വിഭിന്നനായി നില്ക്കുക. വർഷങ്ങൾ ഏറെയായി അദ്ദേഹം ചികിത്സ തുടങ്ങിയിട്ടു്. പക്ഷേ, ഇന്നും തന്റെ മുൻപിൽ കിടക്കുന്ന ഏതു രോഗിണിയും ഈ ഡോക്ടർക്കു മനുഷ്യജീവിതന്നെയാണു്. ഈ മനുഷ്യത്വവും കാരുണ്യവുമാണു് ചിലർക്കു് കോളനിയുണ്ടാക്കിക്കൊടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു് എനിക്കു തോന്നുന്നു. കോവളത്തിനടുത്തു് പനത്തറ എന്ന സ്ഥലത്തു് ഉപ്പുകാറ്റേറ്റു തളർന്നും മണലടിഞ്ഞു കയറുന്ന ചെറ്റക്കുടിലിൽ മരണത്തോടു മല്ലടിച്ചും കഴിയുന്ന ചില പാവപ്പെട്ടവർക്കു് അദ്ദേഹം ഒരു രണ്ടുനില കെട്ടിടം നിർമ്മിച്ചു കൊടുത്തു. പതിനാറു കുടുംബങ്ങൾക്കു് അവിടെ താമസിക്കാം. പതിനഞ്ചു കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നു. അവർക്കായി ശുചിത്വമുള്ള പതിനാറു് മറപ്പുരകളും. അവ ആധുനികരീതിയിലുള്ളവയാണു്. താമസിച്ചാൽ മാത്രം പോരല്ലോ. ഭക്ഷണവും വേണം. കയറുകൊണ്ടു പല വിധത്തിലുള്ള സാധനങ്ങൾ നിർമ്മിക്കാനായി ഒരു വർക്ക്ഷോപ്പും മറ്റുപകരണങ്ങളും അവിടെ ഒരുക്കിയിരിക്കുന്നു. എല്ലാംകൂടി ഏതാണ്ടു് നാലു ലക്ഷം രൂപ ഡോക്ടർ ഇതിനുവേണ്ടി ചെലവാക്കിയിരിക്കും എന്നാണു് എന്റെ വിചാരം. മനുഷ്യത്വത്തെ വിളിച്ചോതുന്ന ഈ കോളനി—ഡോക്ടർ പല്പൂനഗർ—ഞാൻ ചെന്നുകാണുകയുണ്ടായി. പ്രാർത്ഥിക്കുന്ന ചുണ്ടുകളെക്കാൾ പ്രവർത്തിക്കുന്ന കരങ്ങളാണു് പാവനം. ആ പാവനത്വമുള്ള ഡോക്ടർ ജി. വേലായുധനു് എന്റെ വിനയം കലർന്ന അഭിവാദനം.

മരണം
images/AleksandrSolzhenitsyn1974.jpg
അലക്സാണ്ടർ ഈസിവിച്ച് സൊൾഷെനീറ്റ്സിൻ

അലക്സാണ്ടർ ഈസിവിച്ച് സൊൾഷെനീറ്റ്സിൻ (Aleksandr Isayevich Solzhenitsyn, 1918—) മരണത്തെക്കുറിച്ചെഴുതിയതു് അന്യാദൃശമായ രീതിയിലാണു്. ഏതാനും വാക്കുകൾ മാത്രം ഭാഷാന്തരീകരണം ചെയ്തു നല്കാം.

“സർവ്വോപരി നാം മരണത്തെയും മരിക്കുന്നവരെയും പേടിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതെങ്കിലും കുടുംബത്തിൽ മരണമുണ്ടായാൽ നമ്മൾ അങ്ങോട്ടു എഴുതുന്നതും ചെല്ലുന്നതും ഒഴിവാക്കാൻ ശ്രമിക്കുന്നു. കാരണം മരണത്തെക്കുറിച്ചു് എന്തു പറയണമെന്നു നമുക്കറിഞ്ഞുകൂടാ എന്നതാണ്… മരിച്ചവനെ ഒരു പട്ടണത്തിൽനിന്നു വേറൊരു പട്ടണത്തിലേക്കു മാറ്റുക! എന്താണതു? അതിലേക്കായി ആരും നിങ്ങൾക്കു കാറുതരില്ല. നിങ്ങൾ ആരുമല്ലെങ്കിൽ ശവവണ്ടി കിട്ടില്ല. ശവസംസ്കാരഘോഷയാത്രയുമില്ല. ലോറിയിലുള്ള തിടുക്കമാർന്ന യാത്രമാത്രം.

പിന്നെ ജന്മഭൂമിക്കു വേണ്ടി മരിച്ചവരുണ്ടു്. അതു് നിങ്ങൾക്കും എനിക്കും സംഭവിക്കാം. സമരഭൂമിയിൽ വീണവരെ ഓർമ്മിക്കാൻ വേണ്ടി ഒരുദിവസം മാറ്റിവയ്ക്കുന്ന ഏർപ്പാടു മുൻപുണ്ടായിരുന്നു പള്ളിക്കു്. ‘പോപ്പിഡേ’ എന്ന പേരിൽ ഇംഗ്ലണ്ട് ഇതു് ചെയ്യുന്നു. നമുക്കെല്ലാവർക്കും വേണ്ടി മരിച്ചവരെ ഓർമ്മിക്കാനായി എല്ലാ രാജ്യങ്ങളും ഒരു ദിവസം മാറ്റിവയ്ക്കുന്നു.

മറ്റേതൊരു ജനതയ്ക്കുംവേണ്ടി മരിച്ചതിനെക്കാൾ കൂടുതലായി റഷ്യാക്കാരായ ഞങ്ങൾക്കുവേണ്ടി ആളുകൾ മരിച്ചു. എന്നിട്ടും അത്തരത്തിലൊരു ദിവസം ഞങ്ങൾക്കില്ല. നിങ്ങൾ മരിച്ചവരെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരുന്നാൽ നൂതനലോകം നിർമ്മിക്കാൻ ആരുണ്ടു്? മൂന്നു യുദ്ധങ്ങളിൽ ഞങ്ങൾക്കു് എത്ര ഭർത്താക്കന്മാരും ആൺമക്കളും കാമുകന്മാരുമാണു് നഷ്ടമായത്! എങ്കിലും അവരെക്കുറിച്ചുള്ള ചിന്ത നമ്മളെ വെറുപ്പിക്കുന്നു. അവർ മരിച്ചുകഴിഞ്ഞു. ചായമടിച്ച മരക്കുറ്റികൾക്കു താഴെ അവരെ കുഴിച്ചുമൂടിയിരിക്കുന്നു. അവരെന്തിനു നമ്മുടെ ജീവിതത്തിൽ കടന്നുകയറണം? കാരണം നമ്മൾ ഒരിക്കലും മരിക്കില്ലല്ലോ”.

മരണത്തിന്റെ പേരിലുള്ള കാപട്യത്തെ സോൾഷെനിറ്റ്സിൻ എത്ര ഭംഗിയായി നമുക്കു കാണിച്ചുതരുന്നു! എങ്കിലും സ്നേഹഭാജനങ്ങൾ മരിക്കുമ്പോൾ താൽക്കാലികമായിട്ടെങ്കിലും നമുക്കു വിഷാദമുണ്ടാകും. ആ വിഷാദത്തെ ഒരു നിമിഷത്തിലൊതുക്കിക്കാണിക്കുന്ന “കണ്ണോക്കു്” എന്ന കഥയ്ക്കു് (ശ്രീ. കെ. ആർ. പ്രസാദ്, കുങ്കുമം വാരിക) കലാപരമായ ചാരുതയുണ്ടു്. ഒരുകാലത്തു് ഇഷ്ടമായിരുന്ന പുരുഷനും സ്ത്രീയും. അവർ രോഗിണിയായിരുന്നപ്പോൾ അയാൾ കാണാൻ ചെന്നതാണു്. ദർശനം സ്ത്രീ നിഷേധിച്ചു. എങ്കിലും മരണത്തിനു് അയാൾ എത്തി. മൃതദേഹം കാണേണ്ടതില്ല എന്നു് അയാൾ തീരുമാനിച്ചെങ്കിലും സ്നേഹത്തിന്റെ പ്രേരണയാൽ ശവക്കോടി കീറി ശവത്തിന്റെ മുഖം നോക്കി. വാചാലതയല്ല, വാഗ്മിതയാണു് ഈ കഥയുടെ മുദ്ര. വാച്യഭംഗിയല്ല വ്യംഗ്യഭംഗിയാണു് ഇതിന്റെ സവിശേഷത.

കരിങ്കുളം നാരായണപിള്ളസ്സാറ് എന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ ചേട്ടൻ അന്തരിച്ചുവെന്നു് ആരോ പറഞ്ഞതുകേട്ടു് എന്റെ ഇംഗ്ലീഷ് പ്രഫെസറായ ഈ. റ്റി. തോമസ്, പ്രഫെസർ എസ്. ഗുപ്തൻ നായർ ഇവരോടൊരുമിച്ചു് ഞാൻ സാറിന്റെ വീട്ടിലെത്തി. സാറാകട്ടെ ഒരു ചാഞ്ചല്യവുമില്ലാതെ പൂമുഖത്തു നില്ക്കുകയായിരുന്നു. “ബ്രദർ പോയി അല്ലേ?” എന്നു് തോമസ്സ്സാർ ചോദിച്ചപ്പോൾ കരിങ്കുളം നാരായണപിള്ളസ്സാർ പറഞ്ഞു: “ബ്രദറല്ല. ഒരകന്ന ബന്ധുവാണു മരിച്ചതു്”. ഉടനെ ഈ. റ്റി. തോമസ് പറഞ്ഞു: “ഭാഗ്യമായി അപ്പോൾ ക്യാഷ്യുൽ ലീവ് (casual leave) എടുക്കണ്ടല്ലോ”.

ഇ. എം. എസ്.
images/MagicMountain.jpg

എം. പി. പോളി ന്റെ ‘നോവൽസാഹിത്യം’ തുടങ്ങിയ കൃതികൾ മൗലികങ്ങളല്ല. അവ തികച്ചും പരകീയങ്ങളാണു്. നിരൂപകനെന്ന നിലയിലും അദ്ദേഹത്തിനുള്ള സ്ഥാനം അസൂയാർഹമല്ല. സൗന്ദര്യത്തെ നിഷേധിച്ചു കൊണ്ടുള്ള സമീപനമാണു് പോളിന്റേതു്. ‘ഇന്ദുലേഖ’യിലെ കുപ്രസിദ്ധമായ ഒരു നീണ്ട അദ്ധ്യായത്തിനു് ഒരു സാംഗത്യവുമില്ലെന്നു് അദ്ദേഹം പറഞ്ഞതിനു് ശ്രീ ഇ. എം. എസ്. നമ്പൂതിരിപ്പാടു് സമുചിതമായ മറുപടി നല്കിയിരിക്കുന്നു (സാഹിത്യലോകം, ജനുവരി–ഫെബ്രുവരി). ദീർഘമായ അദ്ധ്യായത്തിനു് സാംഗത്യമുണ്ടെന്നു തന്നെയാണു് ഇ. എം. എസ്. പറയുന്നതു്. ഇതെഴുതുന്ന ആളും അദ്ദേഹത്തോടു് യോജിക്കുന്നു. റ്റോമസ് മന്നി ന്റെ ‘മാജിക് മൗണ്ട’നിൽ എത്രയെത്ര അദ്ധ്യായങ്ങളാണു് അമൂർത്തങ്ങളായ ആശയങ്ങളെക്കുറിച്ചുള്ള വിമർശനത്തിനു് പ്രയോജനപ്പെടുത്തിയിരിക്കുന്നതു്. അവ എടുത്തു കളഞ്ഞാൽ കലാസൃഷ്ടിയെന്ന നിലയിൽ ‘മാജിക് മൗണ്ടൻ’ തകരും. നോവലെന്നതു് നോവലിസ്റ്റ് എന്തെല്ലാം പറയുന്നുവോ അവയുടെയൊക്കെ സാകല്യാവസ്ഥയാണു്. അതിൽനിന്നു് ഒരു വാക്കു പോലും മാറ്റാനാവില്ല. പോളിന്റെ നിഷേധാത്മകമായ വിമർശനത്തിനു് ഇ. എം. എസ്. നല്കുന്ന മറുപടി ഉചിതജ്ഞതയുള്ളതു തന്നെ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-04-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.