സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-07-14-ൽ പ്രസിദ്ധീകരിച്ചതു്)

​ തെളിഞ്ഞ പുലർവേള. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നു വാതില്ക്കൽ പതുക്കെ തട്ടി. ശബ്ദം കേട്ടു പരിചാരിക വന്നു. കതകു തുറന്നു. ചെറുപ്പക്കാരി, കാണാൻ കൊള്ളാവുന്നവൾ. ആ സൗന്ദര്യത്തിനു് അഭിനന്ദനമെന്ന പോലെ ഒരു പുഞ്ചിരി അവൾക്കു സമ്മാനിച്ചിട്ടു് ഞാൻ ചോദിച്ചു: “അദ്ദേഹമില്ലേ?” “ഉണ്ടു്” എന്നു കിളിനാദം. അതു പ്രസരിപ്പിച്ചിട്ടു് അവൾ വാതിൽപ്പടിയിൽ കയറി വിലങ്ങനെ നില്പായി. ആ നില്പു് വകവയ്ക്കാതെ ഞാൻ അകത്തേക്കു കയറിയെങ്കിൽ ആരോ പറഞ്ഞതു പോലെ അതു് ‘അഡൾറ്ററി’—വ്യഭിചാരം—ആകുമായിരുന്നു. എങ്കിലും ഹനുമാനെപ്പോലെ ശരീരം വലുതാക്കാനും ചെറുതാക്കാനും ഉള്ള സിദ്ധി എനിക്കുണ്ടായെങ്കിൽ എന്നു ഞാൻ കൊതിച്ചു പോയി. അതുണ്ടായിരുന്നെങ്കിൽ ഞാൻ ദേഹം വലുതാക്കിക്കൊണ്ടു് അകത്തേക്കു കയറുമായിരുന്നു. പക്ഷേ, സാമാന്യമര്യാദയുടെ പേരിൽ ശരീരം ആവുന്നത്ര ചെറുതാക്കികൊണ്ടു് ഞാൻ വാതിൽ താണ്ടി. ആ സമയത്തു് അവൾ സിദ്ധിവിശേഷംകൊണ്ടു് സ്വന്തം ശരീരമൊന്നു വലുതാക്കി. ഡി. എച്ച്. ലോറൻസിനെപ്പോലെ “You touched me” എന്നു പറയണമെന്നു് എനിക്കു തോന്നിയെങ്കിലും പറഞ്ഞില്ല. ഞാൻ എഴുത്തുകാരന്റെ മുൻപിലേക്കു് ആനയിക്കപ്പെട്ടു. “സരോജം ചായ കൊണ്ടുവരൂ” എന്നു് അദ്ദേഹം അവളോടു പറഞ്ഞപ്പോൾ ‘അനംഗന്നു് ആയിരം വില്ലൊടിഞ്ഞു’ എന്നു് എനിക്കു തോന്നി. അവൾ കുറച്ചു കഴിഞ്ഞു് കുണുങ്ങിക്കുണുങ്ങി നടന്നു ചായ കൊണ്ടുവന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനറിയാതെ അകത്തെ മുറിയിലേക്കു് ഒന്നു നോക്കിപ്പോയി. “സ്ത്രീരൂപിയാം കദനമോയിവളെന്നു തോന്നും” എന്ന മട്ടിൽ ഒരാൾ. എഴുത്തുകാരന്റെ ഭാര്യ. അവർ അദ്ദേഹത്തിന്റെ മുൻപിൽ വരാൻ ധൈര്യപ്പെടുന്നില്ല. സഹതാപത്തിന്റെ ഒരു നേരിയ രശ്മി ആ സ്ത്രീരൂപത്തിലേക്കു് എന്റെ നേത്രത്തിൽ നിന്നു പോകുന്നതു കണ്ടിട്ടാവണം അദ്ദേഹം അരുളി ചെയ്തു. “മിസ്റ്റർ കൃഷ്ണൻ നായർ, എഴുതണമെങ്കിൽ പ്രചോദനം വേണം. ആ പ്രചോദനം യുവത്വത്തിൽനിന്നേ ലഭിക്കൂ. അതിൽ ഭാര്യ തടസ്സം സൃഷ്ടിക്കരുതു്. തടസ്സമുണ്ടാക്കിയാൽ അതു വകവയ്ക്കുകയുമരുതു്.” അകത്തു നില്ക്കുന്ന രൂപത്തെ നോക്കി ഞാൻ വീണ്ടും സങ്കടപ്പെട്ടു. എഴുത്തുകാരനായ ആ ദശാനനനെ ഞാൻ വെറുക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ സഹായം ആ കാലയളവിൽ എനിക്കു വേണമായിരുന്നു. അതുകൊണ്ടു് മാർത്താണ്ഡവർമ്മയ്ക്കു രാമയ്യൻ ദളവയെന്നപോലെ, ധർമ്മരാജാവിനു കേശവപിള്ളയെന്നപോലെ, സി. പി. രാമസ്വാമി അയ്യർക്കു ചിദംബരമെന്ന പോലെ ഞാൻ അദ്ദേഹത്തിനു സേവനമനുഷ്ഠിച്ചു. സ്ത്രീയുടെ ദുഃഖത്തെ ഞാനിന്നു മഹാദുഃഖമായി കാണുന്നതിനു കാരണം ആ വീട്ടിനകത്തു കണ്ട കദനരൂപം തന്നെയാണു്. പുരുഷന്റെ ക്രൂരതയെ വലിയ ക്രൂരതയായി ഞാൻ ചിത്രീകരിക്കുന്നതിനു ഹേതു ആ എഴുത്തുകാരന്റെ പ്രചോദനകേന്ദ്രത്തെക്കുറിച്ചുള്ള പ്രസ്താവമാണു്.

സുഗതകുമാരി
images/Sugathakumari.jpg
സുഗതകുമാരി

ജീവിതം ധന്യമാകുന്ന നിമിഷങ്ങളുണ്ടു്. ആ രീതിയിലൊരു നിമിഷമാണു ശ്രീമതി സുഗതകുമാരിയുടെ “ഇതു് മഹാഭാരതം” എന്ന ചേതോഹരമായ കാവ്യം എനിക്കു നല്കിയതു് (മാതൃഭൂമി). നിമിഷങ്ങൾ മഹാകവി പറഞ്ഞതുപോലെ ചിത്രശലഭങ്ങൾ എന്ന മാതിരി പറന്നുപോകും. ഈ നിമിഷമാകട്ടെ ഘനീഭവിച്ച സൗന്ദര്യം പോലെ, ഉന്നമനശക്തിയുടെ പ്രതീകംപോലെ എന്റെ തൊട്ടടുത്തു നില്ക്കുന്നു. അതിന്റെ കണ്ണഞ്ചിക്കുന്ന കമനീയത്യും ഉദാത്തമണ്ഡലത്തിലേക്കു് നയിക്കുന്ന ചലനാത്മകശക്തിയും എനിക്കു് ആഹ്ളാദാതിരേകം ഉളവാക്കുന്നു. ഈ അനുഭവങ്ങൾ എനിക്കു പ്രദാനം ചെയ്ത കവിക്കു് നന്ദി. “നീട്ടിയോരു കൈക്കുമ്പിളിൽ ജലം വാർത്തുതന്ന നിൻ കനിവിനും നന്ദി”.

ഇരുട്ടുകീറുന്ന മിന്നാമിനുങ്ങിനെ കണ്ടിട്ടില്ലേ? സ്ഫടികം പിളർക്കുന്ന വജ്രസൂചി കണ്ടിട്ടില്ലേ? അമ്മട്ടിൽ മനസ്സുകൊണ്ടു സത്യത്തിന്റെ സമതലം പിളർന്നു് അതിനപ്പുറമുള്ള സത്യാത്മകതയിലേക്കു കവി ചെല്ലുന്നു. വിഭജിക്കപ്പെട്ട ഭാരതം. അതിന്റെ രക്തസാക്ഷിയായിത്തീർന്ന ഗാന്ധിജി, വിഷമായി പ്രവഹിക്കുന്ന ഗംഗ, ദാഹമകറ്റാൻ മദ്യം നീട്ടുന്ന നഗരം, വേളിപ്പട്ടുപുടവയിൽ പടർന്നുപിടിക്കുന്ന അഗ്നി, ഇങ്ങനെ വിനാശപർവ്വമായി ഭവിച്ച ഭാരതത്തിലും ഒരാധ്യാത്മികപ്രസരം.

“ഇനിയും മുറിക്കാത്തൊരൊറ്റയാൽച്ചോട്ടിലാ

പഴയ പാന്ഥൻ വന്നിരിക്കുന്നു. ശാന്തമായ്

മുളവീണ കയ്യിലെടുക്കുന്നു, മൂളുന്നു

ചെറുതന്തിയിപ്പൊഴും ‘നേതി നേതി’”

ഭാരതത്തിന്റെ വിനാശപർവ്വം ശാപപർവ്വത്തിലേക്കു നീളുന്നു. പണ്ടു കണ്ണൻ കാളിയനെ ചവിട്ടിത്താഴ്ത്തിയെങ്കിലും അവൻ പോയിട്ടില്ല. വിഷക്കാറ്റൂ വന്നു് ഊതുന്നു. അതാ മറ്റൊരു ചിത എരിയുന്നു. പ്രകൃതിയുടെയും മനുഷ്യന്റെയും ഈ ദ്വന്ദഭാവങ്ങളിൽ ആദ്യത്തേതായ നൃശംസതയ്ക്കു പ്രാമുഖ്യം സംഭവിച്ചിരിക്കുന്ന ഈ കാലയളവിൽ ശാപപർവ്വം ശാന്തിപർവ്വത്തിലേക്കു ചെല്ലുമോ? ചെല്ലും എന്നാണു് പ്രസാദാത്മകത്വത്തിൽ വിശ്വസിക്കുന്ന കവി പ്രഖ്യാപിക്കുന്നതു്:

എവിടെയോ കണ്ടതാണീമുഖം? ശാന്തമായ്

അവിടുന്നു മെല്ലെപ്പറഞ്ഞിടുന്നു:

തളരൊല്ല, പതിവുള്ളതാണിതെല്ലാം, നൂറു

തവണയാവർത്തിച്ചതാണിതെല്ലാം!

ഇതു മഹാഭാരതകഥ; യുദ്ധപർവ്വമാ-

ണിതു ശാന്തിപർവത്തിലേക്കു നീളും.

ഈ വരികളിലെത്തുമ്പോൾ ശാന്തിയുടെ മണ്ഡലത്തിലേക്കു് അനുവാചകഹൃദയം നയിക്കപ്പെടുന്നു. കവിതയുടെ വിപഞ്ചികാനാദം വരുത്തുന്ന പരിവർത്തനമാണിതു്. അപ്പോൾ ഇന്നത്തെ പ്രചണ്ഡമാരുതനെയും അഗ്നിവർഷത്തെയും മനസ്സിന്റെ സമനിലയോടെ വീക്ഷിക്കാൻ അനുവാചകനു കഴിയുന്നു.

images/Kierkegaard.jpg
കീർക്കഗൊർ

ഞാൻ ഒരിക്കൽ ഇടപ്പള്ളി രാഘവൻ പിള്ളയോടൊരുമിച്ചു് തിരുവനന്തപുരത്തെ പാറ്റൂർ മുക്കിൽനിന്നു് വഞ്ചിയൂർ ജങ്ങ്ഷനിലേക്കു നടക്കുമ്പോൾ—ക്രിസ്മസ് കാലമായിരുന്നു അന്നു്—ഒരു സുന്ദരിപ്പെൺകുട്ടി ക്രിസ്മസ് ദീപം വർണ്ണോജ്ജ്വലമായ കടലാസുകൂടിനുള്ളിൽ ഒതുക്കി ഭവനത്തിന്റെ രണ്ടാം നിലയിലെ മേൽത്തട്ടിൽ തൂക്കുന്നതു കണ്ടു. ചുറ്റുമുള്ള അന്ധകാരം അതോടെ നീങ്ങി. മെഴുകുദീപത്തിന്റെ മയൂഖങ്ങളേറ്റു് അവളുടെ മുഖം കൂടുതൽ തിളങ്ങി. ഇന്നത്തെ കൊടുംതിമിരത്തിൽ വെള്ളിവെളിച്ചം വിതറുന്ന ദീപമാണു് സുഗതകുമാരിയുടെ ഈ കാവ്യം.

മൂർത്തം
images/Akbar_Kakkattil.png
അക്ബർ കക്കട്ടിൽ

ഡാനിഷ് തത്ത്വചിന്തകൻ കീർക്കഗൊറിന്റെ (Kierkegaard) “The Concept of Dread ” പണ്ടെങ്ങോ വായിച്ചതിൽ നിന്നു് ഒരു ഭാഗം ഓർമ്മയിലെത്തുന്നു. മനുഷ്യനെസ്സംബന്ധിച്ച പലതും പ്രകൃതി അയാളിൽനിന്നു് ഒളിച്ചുവയ്ക്കുന്നില്ലേ എന്നാണു് അദ്ദേഹത്തിന്റെ ചോദ്യം. രക്തത്തിന്റെ പ്രവാഹം, കുടലുകളുടെ വക്രതകൾ ഇവയൊന്നും മനുഷ്യനു കാണാൻ വയ്യ. സ്ഫടികനിർമ്മിതമായ ഒരു പഞ്ജരത്തിൽ മനുഷ്യനെ ഇരുത്തിയിട്ടു പ്രകൃതി താക്കോൽ എവിടെയോ എറിഞ്ഞു കളഞ്ഞു. ഇത്രയും കീർക്കഗൊറിന്റെ അഭിപ്രായം. ഈ താക്കോൽ കണ്ടുപിടിക്കാനുള്ള യത്നത്തിൽ നിന്നാണു് മനുഷ്യന്റെ സന്ത്രാസമുണ്ടായതെന്നു് ഞാൻ വിചാരിക്കുന്നു. ഈ ഭയത്തെ, ഉത്കണ്ഠയെ മൂർത്തമായി പ്രതിപാദിക്കുന്ന ശ്രീ. അക്ബർ കക്കട്ടലിന്റെ “പൂച്ചക്കണ്ണു്” എന്ന ചെറുകഥയ്ക്കു (മാതൃഭൂമി) ചാരുതയുണ്ടു്. പ്രഭാകരൻ കൺടക്ടറായിരിക്കുന്ന ബസ്സിൽ പൂച്ചക്കണ്ണുള്ള ഒരു കഷണ്ടിക്കാരൻ എപ്പോഴും സഞ്ചരിക്കുന്നു. കാമത്തിന്റെ അദമ്യശക്തികൊണ്ടു ഒരു വിദ്യാർത്ഥിനിയോടു സംസാരിച്ച പ്രഭാകരനെ സൂക്ഷിക്കാൻ അവളുടെ അച്ഛൻ ഏർപ്പാടു ചെയ്ത ചാരനല്ലേ അയാൾ എന്നു കൺടക്ടർക്കു സംശയം. അതിന്റെ പേരിലുള്ള പേടി. നല്ല ഡ്രൈവർക്കു കിട്ടാൻ ഇടയുള്ള സമ്മാനം നിശ്ചയിക്കാൻ ബസ്സിൽ കയറുന്ന വിധികർത്താവണോ അയാളെന്നു് ഡ്രൈവർക്കു സംശയം. ഒടുവിൽ സംശയത്തിനു പരിഹാരം നല്കാതെ കഥ പര്യവസാനത്തിൽ കൊണ്ടുവരുന്നു കഥാകാരൻ.

നിർവ്വചനങ്ങൾ
ലഗ്ഗിജ്:
മദ്രാസ് തീവണ്ടിയാപ്പീസിലിറങ്ങിയാൽ ഇതിനുള്ള വിലയെക്കാൾ മൂന്നിരട്ടി കൂലി പോർട്ടർമാർക്കു കൊടുക്കേണ്ട ഭാണ്ഡം.
അത്ഭുതാവഹം:
അവതാരിക എഴുതിക്കൊടുമ്പോൾ കൃഷ്ണപിള്ളസ്സാർ നിർലോപം പ്രയോഗിച്ചിരുന്ന ഒരുവാക്കിന്റെ പര്യായം.
അച്ഛൻ:
തിരുമണ്ടനായ മകനെ ഐസ്റ്റൈനായി ചിത്രീകരിക്കുന്ന പാവം.
തിരഞ്ഞെടുപ്പു്:
ധനികരുടെ ബാങ്ക് ബാലൻസിൽ ഗണ്യമായ കുറവു വരുത്തുകയും ജാഥയിൽ പങ്കുകൊള്ളുന്നവർക്കു കഷ്ടപ്പാടു് ഇല്ലാതാക്കുകയും ചെയ്യുന്ന ഏർപ്പാടു്.
എന്തു്:
റ്റെലിവിഷൻ സെറ്റ് തുറന്നുനോക്കി സ്ക്രൂഡ്രൈവർ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചതിനുശേഷം നന്നാക്കുന്നവൻ കൂലി പറയുമ്പോൾ സെറ്റിന്റെ ഉടമസ്ഥന്റെ മൂലാധാരത്തിൽനിന്നു് ഉയർന്നു വായിൽക്കൂടി വരുന്ന വൈഖരി.
ചങ്ങമ്പുഴ:
നമ്മുടെ ചില കവികൾക്കു ചരമസ്മാരകക്കുറിപ്പായി കൊത്തിവയ്ക്കാവുന്ന ഒരു വീട്ടുപേരു്.
പേടി:
സുന്ദരിയായ യുവതിയെ മേയ്ക്കപ്പ് കൊണ്ടു വൈരൂപ്യമുള്ളവളാക്കി കതിർമണ്ഡപത്തിൽ കയറ്റുമ്പോൾ അവളെ മുൻപു കണ്ടിട്ടുള്ളവർക്കു് ഉണ്ടാകുന്ന ഒരു തരം വികാരം.
ചിരി:
സുഹാസിനി എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കുന്നതു്.
പൂതന:
കാണാൻ കൊള്ളാവുന്ന ഏതു യുവതിയും ബ്യൂട്ടി പാർലറിൽ കയറിയിട്ടു് തിരിച്ചിറങ്ങുമ്പോൾ വിളിക്കാവുന്ന പേരു്.
റ്റെലിവിഷൻ:
ഉറക്കഗുളികയ്ക്കു പകരം ഉപയോഗിക്കാവുന്നതു്.
സയൻസ് ഫിക്ഷൻ:
എച്ച്. ജി. വെൽസ് എഴുതിയാലും വർജ്ജിക്കപ്പെടേണ്ടതു്. ഡിക്റ്ററ്റീവ് നോവലുകൾപോലെ നിന്ദ്യം.
ട്രിക്ക്

സുന്ദരമായ കാഴ്ചയേതു്? നേർത്ത വെൺമേഘത്തിനു പിറകിൽ പൂർണ്ണചന്ദ്രനെ കാണുന്നതു്. സുതാര്യമായ യവനികയ്ക്കു പിറകിൽ സൗന്ദര്യമുള്ള മുഖം പ്രത്യക്ഷപ്പെടുന്നതു്.

Surprise ending എന്ന കഥാവിഭാഗത്തെക്കുറിച്ചു് ഞാനെത്ര തവണയാണു് ഈ കോളത്തിലെഴുതിയതു്. ഇനിയും അതാവർത്തിക്കാൻ എനിക്കു ലജ്ജയാണു്. കഥയുടെ അവസാനത്തിൽ ഒരു ‘റ്റ്വിസ്റ്റ്’—വളച്ചുതിരിക്കൽ—നടത്തി വായനക്കാരന്റെ അത്ഭുതവികാരത്തെ ഉദ്ദീപിപ്പിക്കുന്ന ഇത്തരം കഥകളുടെ കാലം എന്നേ കഴിഞ്ഞു. ഓ. ഹെൻട്രിയായിരുന്നു അതിന്റെ ഉദ്ഘോഷകൻ. ഒരിക്കൽ ആ അത്ഭുതാംശം ഗ്രഹിച്ചു കഴിഞ്ഞാൽ ആരും ആ കഥ വായിക്കാൻ മെനക്കെടില്ല. അതുകൊണ്ടാണു് ഹെൻട്രിയുടെ കഥകൾ ഇന്നാരും വായിക്കാത്തതു്. സാഹിത്യചരിത്രത്തിൽപ്പോലും അദ്ദേഹത്തിന്റെ പേരില്ല.

images/Concept_of_Anxiety.jpg

ആഖ്യാനം കലാപരമാകണമെങ്കിൽ അതു് ഭാവാത്മകമാകണം. ഭാവാത്മകത്വമില്ലാത്ത ആഖ്യാനത്തിനു് കലയുടെ മേന്മയില്ല. തകഴിയുടെ “മാഞ്ചുവട്ടിൽ”, ബഷീറിന്റെ “നീലവെളിച്ചം”, ഈ കഥകൾ ഉത്കൃഷ്ടങ്ങളായതു് ഭാവഭദ്രമായ ആഖ്യാനത്താലാണു്. അത്ഭൂതാംശത്തിൽ മാത്രം മനസ്സിരുത്തി കഥ പറയുമ്പോൾ അതു് യാന്ത്രികമാകുന്നു. പൊള്ളയായി മാറുന്നു. ഇതുതന്നെയാണു് ശ്രീ. പി. ചന്ദ്രശേഖരന്റെ “പാഠഭേദം” എന്ന ചെറുകഥയുടെ ന്യൂനത (ദേശാഭിമാനി വാരിക). ബുദ്ധിശാലിയെങ്കിലും തെമ്മാടിയായ വിദ്യാർത്ഥിയെ സ്ക്കൂളിൽനിന്നു പറഞ്ഞയയ്ക്കാൻ ഹെഡ്മാസ്റ്റർ തീരുമാനിക്കുന്നു. വിദ്യാർത്ഥിയുടെ അമ്മ വന്നു് അദ്ദേഹത്തോടു് അഭ്യർത്ഥിക്കുന്നു അതു ചെയ്യരുതെന്നു്. അവൾ തന്റെ ശിഷ്യത്തിയായിരുന്നുവെന്നു ഗ്രഹിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ മനസ്സു് അലിയുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന അവൾ ദാരിദ്ര്യം കൊണ്ടു് വിദ്യാഭ്യാസം മതിയാക്കി ഒരു വീട്ടിലെ പരിചാരികയായി പോയി. അവളാണു് മകനുവേണ്ടി അപേക്ഷയുമായി എത്തിയതു്. എന്തിനു് വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ ആക്രമിച്ചതെന്നു് ഹെഡ്മാസ്റ്റർ അന്വേഷിച്ചപ്പോൾ അവൻ തന്നെ മറുപടി പറഞ്ഞു. “എന്റെ അമ്മ പിഴച്ചുണ്ടായതാണു് ഞാനെന്നു്… പ്പൊ.” ഇതാണു് Surprise ending. മുൻപു പ്രയോഗിച്ച ഒരലങ്കാരം വീണ്ടും. രഹസ്യം മനസ്സിലാക്കിയ ചീട്ടുവിദ്യ വിരസമായിത്തീരുന്നതുപോലെ ഇക്കഥയുടെ രണ്ടാമത്തെ പാരായണം വിരസമായിത്തീരും. ജേണലിസത്തോടു മാത്രം ബന്ധപ്പെട്ട ഈ ട്രിക്കുകൾ എല്ലാക്കഥാകാരന്മാരും ഒഴിവാക്കേണ്ടതാണു്.

പണമില്ലാത്തതുകൊണ്ടു് വിദ്യാർത്ഥിനി വിദ്യാഭ്യാസം മതിയാക്കിയെന്നും പരിചാരികയായി പോയിയെന്നും അപ്പോൾ ഒരുത്തനു വഴങ്ങാൻ നിർബ്ബദ്ധയായിയെന്നും പറഞ്ഞാൽ കഥയാവുകയില്ല. കാര്യകാരണങ്ങൾ യുക്തിപരമായി പ്രതിപാദിക്കുന്നതല്ല കല. നമുക്കു് അറിയാവുന്ന വസ്തുക്കളെ ആവിഷ്കരിച്ചു് ഒരു നൂതന ദർശനത്തിലേക്കു്—കാഴ്ചയിലേക്കു്—നമ്മെ നയിക്കുന്നതാണു് അതു്. പ്രശ്നപരിഹാരം കലാകാരന്റെ കർത്തവ്യമല്ല. പ്രശ്ന്ങ്ങളുടെ പ്രതിപാദനത്തിലൂടെ നമ്മെ അനുധ്യാനത്തിലേക്കു കൊണ്ടുചെല്ലുക എന്നതാണു് അയാളുടെ ജോലി.

സദൃശ്യങ്ങളായ മാനസികനിലകൾ
images/Albert_Camus.jpg
കമ്യൂവ്

സവിശേഷതയാർന്ന മാനസികനിലയും പരിതസ്ഥിതിയും അവയിൽനിന്നു് വിഭിന്നമായ മാനസികനില വ്യക്തിക്കുണ്ടാക്കുമെന്നതിനു് നിദർശകമാണു് കമ്യൂവിന്റെThe Adulterous Women ” എന്ന മഹനീയമായ ചെറുകഥ. രണ്ടു് അൾജീരിയൻ വെള്ളക്കാർ—ഭാര്യയും ഭർത്താവും— തെക്കേ അൾജീരിയയിലേക്കു പോവുകയാണു്. അയാൾ ടെക്സ്റ്റൈൽസ് കച്ചവടക്കാരൻ ബെർനൂസ് burnoose a hooded mantle… മിണ്ടാതിരിക്കുന്ന അറബികളാണു് ബസ്സിൽ അവരുടെകൂടെ സഞ്ചരിക്കുന്നതു്. അവരുടെ നിശബ്ദതയും ആലസ്യവും അവളെ പീഡിപ്പിച്ചു. ബസ്സ് കാലത്താണു് യാത്രയാരംഭിച്ചതു്. പക്ഷേ, അറബികളുടെ മിണ്ടാട്ടമില്ലായ്മയും ചേഷ്ടാരാഹിത്യവുംകൊണ്ടു് വളരെ ദിവസങ്ങളായി താൻ യാത്രചെയ്യുകയാണു് എന്നു് അവൾക്കു തോന്നൽ. ആ യാത്ര തന്നെ അവൾക്കിഷ്ടമില്ലായിരുന്നു. ഭർത്താവിന്റെ നിർബ്ബന്ധം കൊണ്ടാണു് അവൾ ഇറങ്ങിത്തിരിച്ചതു്. ആകെക്കൂടി വൈരസ്യം. അർദ്ധരാത്രിയായി. വൃക്ഷങ്ങളുടെയും ഭവനങ്ങളുടെയും മുകളിൽ നക്ഷത്രമാലകൾ കറുത്ത ആകാശത്തുനിന്നു തൂങ്ങിക്കിടക്കുന്നു. ഹോട്ടലിൽ ഉറങ്ങുന്ന ഭർത്താവിനെ വിട്ടു് അവൾ പുറത്തേക്കോടി. വിറയ്ക്കുകയാണു് അവൾ. അന്തരീക്ഷത്തിൽ ആയിരമായിരം നക്ഷത്രങ്ങൾ. ചിലതു പൊഴിഞ്ഞുകൊണ്ടിരിക്കുന്നു. അവൾ തണുപ്പു മറന്നു. ജീവിതത്തിന്റെ ഉന്മാദാവസ്ഥ മറന്നു. ജീവിക്കുന്നതിന്റെയും മരിക്കുന്നതിന്റെയും തീവ്രവേദന മറന്നു. “At the same time, she seemed to recover her roots and the sap again rose in her body, which has ceased trembling”. പ്രകൃതിയുമായി അവൾക്കു യോഗാത്മക സംസർഗ്ഗം (mystical communion) ഉണ്ടായി. എന്റെ വിലക്ഷണമായ സംക്ഷേപത്തിൽ നിന്നു തന്നെ ചെറുകഥയുടെ മഹനീയത ഗ്രഹിക്കാൻ കഴിയുമെന്നാണു് വിശ്വാസം.

ഒരു മാനസികാവസ്ഥ അതിനു തുല്യമായ മാനസികാവസ്ഥ ഉളവാക്കുന്നതിനു് ഉദാഹരണമായി ശ്രീ. സുന്ദർ കലാകൗമുദിയിലെഴുതിയ “മടിയിൽ നിറയെ മഞ്ചാടിമണികളുമായി” എന്ന കഥയെ സ്വീകരിക്കാം. ഭർത്താവും മക്കളുമൊക്കെ നഷ്ടപ്പെട്ടിട്ടും അവരെ കാത്തിരിക്കുന്ന ഒരു വൃദ്ധ. മഞ്ചാടിമുത്തുകൾ ശേഖരിക്കുന്ന പ്രവൃത്തിയിൽ ദുഃഖമൊതുക്കുന്നതു കണ്ടു് അച്ഛനമ്മമാരെ അവഗണിക്കുന്ന ഒരുത്തനു് സദൃശമായ മാനസികനിലയുണ്ടാകുന്നു. ഇതുണ്ടാകുന്നതിനെ ഭംഗിയായി ചിത്രീകരിച്ചിട്ടു് കഥാകാരൻ ഒരു മാനുഷികമൂല്യത്തെ ഉയർത്തിപ്പിടിക്കുകയും നമ്മെക്കൊണ്ടു് ചിന്തിപ്പിക്കുകയും അവിടെനിന്നു് പ്രശാന്താവസ്ഥയിലേയ്ക്കു നയിക്കുകയും ചെയ്യുന്നു.

ദാർശനിക ഗ്രന്ഥം
images/Immanuel_Kant.jpg
കാന്റി

എനിക്കു ഫിലോസഫി വളരെ ഇഷ്ടമുള്ള വിഷയമാണു്. കോളേജിൽ പ്രഫെസറായിരുന്ന കാലത്തു് ഫിലോസഫി എം. എ. പരീക്ഷ എഴുതണമെന്നു് തീരുമാനിച്ചു. സിലബസ് അനുസരിച്ചു് എല്ലാം പഠിച്ചു. എഴുതിയാൽ ഒന്നാം ക്ളാസിൽ ജയിക്കുമെന്നു് തോന്നലുമുണ്ടായി. എങ്കിലും ഒരു കൊല്ലം കൂടി കഴിയട്ടെ എന്നങ്ങു തീരുമാനിച്ചു. മാർച്ചിലോ ഏപ്രിലോ പരീക്ഷകൾ നടക്കുന്ന കാലം. കോളേജ് വരാന്തയിലൂടെ നടന്നപ്പോൾ കുറെക്കുട്ടികൾ ബഹളം കൂട്ടുന്നതു കണ്ടു് ഞാൻ അവരുടെ അടുത്തുചെന്നു കാര്യമന്വേഷിച്ചു. അവർ ധർമ്മരോഷത്തോടെ പറഞ്ഞു: “സാർ, ഞങ്ങൾ ഫിലോസഫി എം. എ. പരീക്ഷയുടെ ആദ്യത്തെ പേപ്പർ എഴുതിയിട്ടു് ഇപ്പോൾ ഹാളിൽ നിന്നു് ഇറങ്ങിയതേയുള്ളൂ. ഞങ്ങളെ പഠിപ്പിക്കുന്ന …സാർ അദ്ദേഹത്തിന്റെ തേഡ് ക്ളാസ്സ് ഇംപ്രൂവ് ചെയ്യാനായി പരീക്ഷയെഴുതിയിരുന്നു. പക്ഷേ, ഹാളിലല്ല ഇരിക്കുന്നതു്. ആരും കാണാതെ വേറൊരു മുറിയിൽ ഒറ്റയ്ക്കിരുന്നു് എഴുതുകയാണു്. അടുത്തു് തടിച്ച ഫിലോസഫി ടെക്സ്റ്റുകളും കിടക്കുന്നു. അദ്ദേഹം അവ തുറന്നു വച്ചു് എഴുതുകയില്ല എന്നതിനു് എന്താണുറപ്പു്? ഞങ്ങൾ ഇതു സമ്മതിക്കില്ല.” ബഹളം. ഞാൻ ഇല്ലാത്ത ചിരി വരുത്തി ചിരിച്ചിട്ടു് അവിടെ നിന്നു പോയി. സാറ് പരീക്ഷ മുഴുവനും പ്രത്യേകം മുറിയിൽത്തന്നെയിരുന്നു് എഴുതി. ഒന്നാം ക്ലാസിൽ ജയിച്ചു് പ്രമോഷനുണ്ടായിരുന്ന സാങ്കേതിക തടസ്സം ഇല്ലാതാക്കി. അദ്ദേഹം കോപ്പിയടി നടത്തിയില്ല എന്നാണു് എന്റെ വിശ്വാസം. ആള് അത്രയ്ക്കു മാന്യനായിരുന്നു. ഏതായാലും ഈ സംഭവത്തോടെ ഞാൻ ഫിലോസഫിപ്പരീക്ഷ എഴുതേണ്ടതില്ലെന്നു തീരുമാനിച്ചു. മാത്രമല്ല ഫിലോസഫി എം. എ. ജയിച്ചാൽ ഇംഗ്ലീഷ് എം. എ. എഴുതണമെന്നു തോന്നും. അതുകഴിഞ്ഞാൽ ചരിത്രം എം. എ. എഴുതാൻ ആഗ്രഹം ഉണ്ടാകും. പിന്നെ സംസ്കൃതം, ഹിന്ദി അങ്ങനെ പലതും. ഒടുവിൽ എം. എ. (മലയാളം), എം. എ. (സംസ്കൃതം), എം. എ. (ഹിന്ദി) എന്നൊക്കെ എഴുതി വീതിയും നീളവുമുള്ള പലക വീട്ടിന്റെ മുൻപിൽ വച്ചു് റോഡിലൂടെ പോകുന്ന വിവരം കെട്ട പെണ്ണുങ്ങളെ ഭ്രമിപ്പിക്കാമെങ്കിലും സർവ്വകലാശാലയിൽ നിന്നു കിട്ടുന്ന സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചുവയ്ക്കുന്നതെങ്ങനെ എന്ന ചിന്ത എന്നെ അലട്ടുകയുണ്ടായി. ഇരുമ്പുപെട്ടികൾ എത്രയെണ്ണം വാങ്ങണം? വീട്ടിൽ അവ വയ്ക്കാൻ സ്ഥലവുമില്ല. അതുകൊണ്ടു് കൂടുതൽ പരീക്ഷയൊന്നും വേണ്ട എന്നു ഞാൻ തീരുമാനിച്ചു.

ഇത്രയും എഴുതിയതു് ഫിലോസഫിയിൽ, എനിക്കു് ഒട്ടൊക്കെ അറിവുണ്ടെന്നു വായനക്കാരെ അറിയിക്കാനാണു്. ആ അറിവിന്റെ ബലത്തോടുകൂടി പറയട്ടെ, Samuel Enoch Stumpf എഴുതിയ Philosophy —History and Problems, McGraw- Hill International Edition, $ 13.95 നല്ല പുസ്തകമാണെന്നു്.

കാന്റി ന്റെയോ സാർത്രിന്റെയോ മൗലികകൃതികൾ വായിക്കുന്ന ആളിനു് അവ സമ്പൂർണ്ണമായും മനസ്സിലായില്ലെന്നു വരും. ആ കൃതികളെ അവലംബിച്ചു് വേറൊരാൾ എഴുതുന്ന പ്രബന്ധത്തിനു് പോരായ്മയുണ്ടായേ മതിയാകൂ. അതുകൊണ്ടു് പടിഞ്ഞാറൻ തത്ത്വചിന്തയെക്കുറിച്ചുള്ള ദീർഘമായ പ്രതിപാദനം ഒന്നാം ഭാഗത്തിൽ, മൗലിക കൃതികളിൽ നിന്നു സംഗതങ്ങളായ ഭാഗങ്ങൾ രണ്ടാം ഭാഗത്തിൽ ഇങ്ങനെയാണു് ഈ പുസ്തകത്തിന്റെ സംവിധാനം. ബി. സി. അറുന്നൂറു തൊട്ടു് ആധുനികകാലം വരെയുള്ള തത്ത്വചിന്താപ്രതിപാദനം ഈ ഗ്രന്ഥമുൾക്കൊള്ളുന്നു.

ചോദ്യം ഉത്തരം

ചോദ്യം: സ്വദേശസ്നേഹമുള്ളവരെ നാം ബഹുമാനിക്കുന്നു. ധീരപ്രവൃത്തി ചെയ്യുന്നവരെ ആദരിക്കുന്നു. എന്നാൽ അന്യോന്യം സ്നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും ബഹുമാനിക്കുന്നില്ല. എന്തുകൊണ്ടാണിതു്?

ഉത്തരം: സ്ത്രീയുടെയും പുരുഷന്റെയും സ്നേഹമെന്ന വികാരത്തോടു മറ്റുള്ളവർക്കു പുച്ഛമാണു്. അതിനാലാണു് പ്രേമപ്രകടനം മറ്റുള്ളവന്റെ കല്ലേറിലും കൂവലിലും പര്യവസാനിക്കുന്നതു്. കാരണം അസൂയയാവാം.

ചോദ്യം: മിക്ക സ്ത്രീകളും വിവാഹം കഴിഞ്ഞാലുടൻ വൃദ്ധകളാകുന്നതു് എന്തുകൊണ്ടു്?

ഉത്തരം: കല്യാണം കഴിച്ചുകൊണ്ടു പോകുന്നതു് വെമ്പായം, വെളിയം, കോത്താഴം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കിൽ യുവതി പെട്ടന്നു വൃദ്ധയാകും. ഞാൻ ആ സ്ഥലങ്ങളിലുള്ളവരെ ആക്ഷേപിക്കുകയല്ല. ഗ്രാമപ്രദേശങ്ങൾ സ്ത്രീ സൗന്ദര്യത്തെ ഇല്ലാതാക്കും എന്നേ എനിക്കു പറയാനുള്ളൂ. അതേ സ്ത്രീകൾ പട്ടണത്തിൽ താമസിക്കുകയാണെങ്കിൽ അത്രയ്ക്കു വൃദ്ധകളാകുകയില്ല.

ചോദ്യം: വൈലോപ്പിള്ളി യുടേയും ചങ്ങമ്പുഴയുടെയും കവിതകൾക്കുള്ള വ്യത്യാസമെന്താണു്?

ഉത്തരം: വൈലോപ്പിള്ളിയുടെ പദപഞ്ജരത്തിനകത്തു് ആശയമാകുന്ന പക്ഷി ഇരുന്നു പിടയ്ക്കുന്നു. ചങ്ങമ്പുഴയുടെ പദപഞ്ജരത്തിനകത്തെ പഞ്ചവർണ്ണകിളി അനങ്ങാതെയിരിക്കുന്നു.

ചോദ്യം: പൂവാലന്മാർ എന്റെ പിറകേ നടന്നു ശല്യംചെയ്യുന്നു. എന്താണു് മാർഗ്ഗം അതില്ലാതാക്കാൻ?

ഉത്തരം: പെണ്ണു പ്രോത്സാഹിപ്പിച്ചാലേ ആണുങ്ങൾ പിറകേ നടക്കൂ. അന്തസുള്ള ഒരു പെൺകുട്ടിയേയും ആരും ശല്യപ്പെടുത്തുകയില്ല.

ചോദ്യം: പുരുഷൻ ക്രൂരനും സ്ത്രീ കാരുണ്യമുള്ളവളും അല്ലേ?

ഉത്തരം: അതെ. പക്ഷേ, ക്രൂരനായ പുരുഷൻ പെട്ടന്നു ദയയുള്ളവനാകും. സ്ത്രീ ക്രൂരയായാൽ ദയയുള്ളവളാകില്ല.

ചോദ്യം: സ്ത്രീകൾക്കു ഏതുതരം പുരുഷന്മാരോടു കഴിഞ്ഞുകൂടാനാണു് പ്രയാസം?

ഉത്തരം: അതിമദ്യപൻ, അതിരുകടന്ന അനുഷ്ഠാന നിഷ്ഠയുള്ളവൻ ഇവരുടെ ഭാര്യമാരാകുന്ന സ്ത്രീകൾ ഭാഗ്യഹീനകൾ. ഈ രണ്ടുപേരെയും സഹിച്ചാലും അതിഭക്തനെ സ്ത്രീക്കു സഹിക്കാനാവില്ല. കാലത്തു് ഒരു മണിക്കൂർ പൂജ. സന്ധ്യക്കു അമ്പലത്തിൽപ്പോക്കു്. വീട്ടിൽ വന്നിട്ടു് ഒരു മണിക്കൂർ പൂജ. കൂടെക്കൂടെ ‘ഹരഹര മഹാദേവ’ എന്നുള്ള വിളികൾ. ആശ്രമത്തിൽ ചെന്നിരുന്നു ഗീതാപ്രഭാഷണമോ ഭാഗവതപാരായണമോ കേൾക്കൽ. ഇതെല്ലാം പതിവായി വച്ചുനടത്തുന്ന പുരുഷനെ അയാളുടെ ഭാര്യ വല്ലാതെ വെറുക്കും. അവൾ വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോകാത്തതു് അവളുടെ സംസ്കാരവിശേഷം കൊണ്ടാണെന്നു മാത്രം ധരിച്ചാൽ മതി.

ചോദ്യം: സുന്ദരമായ കാഴ്ചയേതു്?

ഉത്തരം: നേർത്ത വെൺമേഘത്തിനു പിറകിൽ പൂർണ്ണചന്ദ്രനെ കാണുന്നതു്. സുതാര്യമായ യവനികയ്ക്കു പിറകിൽ സൗന്ദര്യമുള്ള മുഖം പ്രത്യക്ഷപ്പെടുന്നതു്.

വെറും സിദ്ധാന്തങ്ങൾ
images/Sartre.jpg
സാർത്രി

ഫ്രായിറ്റിനെ ഇന്നു പലരും കുറ്റം പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രാധാന്യത്തിനു കുറവു വരില്ല. കാരണം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ലോകത്തിന്റെ ചിന്താമണ്ഡലത്തിൽനിന്നു് സ്വാഭാവികമായും രൂപംകൊണ്ടു വന്നവയാണു് എന്നത്രേ. വ്യക്തിയുടെ അറിവിനു് അപ്പുറത്തുള്ള ഏതോ അറിവിൽ നിന്നുണ്ടാകുന്ന മാനസികപ്രവർത്തനങ്ങളെ എടുത്തു കാണിച്ചു് അബോധമനസ്സു് എന്നൊന്നു് ഉണ്ടെന്നു് ഫ്രായിറ്റ് സ്ഥാപിച്ചു. അതു് ഫ്രായിറ്റിന്റെ മാത്രമായുള്ള കണ്ടുപിടിത്തമല്ല. സോഫോക്ളിസു് തൊട്ടു ദസ്തെയ്വ്സ്കി വരെയുള്ള മഹാന്മാരുടെ കൃതികളിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ചില വസ്തുതകളെ സ്പഷ്ടമായി പ്രതിപാദിച്ചു് സിദ്ധാന്തമാക്കുകയായിരുന്നു ഫ്രായിറ്റ്. ശതാബ്ദങ്ങളോളം ദൈർഘ്യമുള്ള ഒരു സംസ്കാരത്തിൽനിന്നു് രൂപം കൊണ്ടതാണു് ഫ്രായിറ്റിന്റെ ആ സിദ്ധാന്തവും മറ്റുസിദ്ധാന്തങ്ങളും. കാറൽ മാക്സിന്റെ വൈരുദ്ധ്യവാദം തുടങ്ങിയ സിദ്ധാന്തങ്ങളും അവയ്ക്കു മുൻപുണ്ടായിരുന്ന വികസിത സംസ്കാരത്തിൽനിന്നു് രൂപമാർന്നവയാണു്. ഒരു മഹാനദിയിൽനിന്നു് കൊച്ചുകൊച്ചു നദികൾ ഒഴുകിപ്പോകുന്നതു പോലെ മഹത്തായ ലോകസംസ്കാരത്തിൽനിന്നു് ഉദ്ഭവിക്കുകയാണു് ഈ ചിന്താഗതികൾ. എന്നാൽ മീഷൽ ഫൂക്കോയുടെയും റൊളാങ്ങ് ബാർത്തിന്റെയും ക്ലോദു് ലെവി സ്റ്റ്രോസിന്റെയും സിദ്ധാന്തങ്ങൾ സാമാന്യ സംസ്കാരത്തിൽ നിന്നു് ഉദ്ഭവിച്ചവയല്ല. സിദ്ധാന്തങ്ങൾക്കു വേണ്ടിയുള്ള സിദ്ധാന്തങ്ങളാണു് അവ. വെലിസ്കോവ്സ്കിയുടെയും ഫ്രായിറ്റിന്റെ സഹപ്രവർത്തകനായിരുന്ന റീഹിന്റെയും സിദ്ധാന്തങ്ങൾ വിസ്മരിക്കപ്പെട്ടതുപോലെ ഇവയും വിസ്മരിക്കപ്പെടും. നവീനന്മാർ പൊക്കിക്കൊണ്ടു നടക്കുന്ന ദറീദയുടെയും സ്ഥിതി ഇതു തന്നെ. നേരത്തെയുള്ള ഒരടിസ്ഥാനത്തിൽ ഫ്രായിറ്റും മാർക്സും സൗധങ്ങൾ കെട്ടി. അടിസ്ഥാനമില്ലാതെ ആകാശത്തു സൗധങ്ങൾ നിർമ്മിച്ചവരാണു് ഫൂക്കോയും മറ്റുള്ളവരും. The Sunday Observer പത്രത്തിൽ ശ്രീ രാഹുൽ ഗോസ്വാമി ദുസ്സഹമായ അമേരിക്കൻ ജേണലിസ്റ്റിക് ഇംഗ്ലീഷിൽ എഴുതിയ “Literary World Turmoil” എന്ന വിലക്ഷണമായ ലേഖനം വായിച്ചപ്പോൾ ഇത്രയും രേഖപ്പെടുത്തണമെന്നു തോന്നി. പ്രാചീന സാഹിത്യകാരന്മാരിൽ നല്ല ഇംഗ്ലീഷ് എഴുതിയതു സ്വിഫ്റ്റാണു്. ആധുനികരിൽ ബർനാഡ് ഷാ, ബർട്രൻഡ് റസ്സൽ, ആൽഡസ് ഹക്സിലി ഇവരാണു് നല്ല ഗദ്യകാരന്മാർ. അവരെഴുതിയതിൽ ഒരു വാക്യം പോലും മനസ്സിലാകാതിരിക്കില്ല. പക്ഷേ, ഇന്ത്യയിലെ ഇംഗ്ലീഷ് ജേണലുകളിൽ വരുന്ന പല ലേഖനങ്ങളും എനിക്കു മനസ്സിലാകുന്നില്ല. ഈ ശിഖണ്ഡി ഭാഷ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

Nature and Nature’s laws day hid in night

God said, Let Newton be! and all was light

എന്നു പോപ്പ്, ന്യൂട്ടനെക്കുറിച്ചു് എഴുതി. പ്രകൃതി നിയമങ്ങൾ ഇരുട്ടിൽ മറഞ്ഞു കിടന്നു എന്ന പ്രസ്താവമാണു് പ്രാധാന്യമർഹിക്കുന്നതു്. ഫൂക്കോയും ബാർത്തും ഇരുട്ടിൽ ഇല്ലാത്ത നിയമങ്ങൾ സ്വയം നിർമ്മിച്ചവരാണു്.

ഒരേ സമയത്ത്
images/Sigmund_Freud.jpg
ഫ്രായിറ്റ്

ജനയുഗം വാരികയെടുത്തു് ശ്രീ. വി. കെ. രഘുനാഥ് എഴുതിയ “മരുപ്പറമ്പിലെ മീനാരാങ്ങൾ” എന്ന ചെറുകഥ വായിക്കാൻ തുടങ്ങി. “ഉൾക്കടലിലെ നങ്കൂരത്തിന്റെ ബലത്തിൽ അങ്ങനെ പൊങ്ങിക്കിടക്കുകയാണു് എന്റെ കപ്പൽ” എന്നു ആദ്യത്തെ വാക്യം. വെറെ എവിടയോ ഇതേ വാക്യം തന്നെ കണ്ടല്ലോ എന്ന തോന്നൽ. കുങ്കുമം വാരികയെടുത്തു നോക്കി. വി.കെ. രഘുനാഥന്റെ ഇതേ കഥ തന്നെ അതിലുമുണ്ടു്. കഥയുടെ പേരിനു മാത്രം മാറ്റം. ജനയുഗത്തിൽ അച്ചടിച്ചതിൽ കുറെ വാക്യങ്ങൾ കൂടിയുണ്ടു്. ഇങ്ങനെ ഒരേ കഥ രണ്ടു വാരികകളിൽ ഒരാഴ്ച തന്നെ വന്നതിനു് കഥാകാരനെ കുറ്റപ്പെടുത്തുകയില്ല. ഏതെങ്കിലും ഒരു വാരികയ്ക്കു കഥ അയച്ചിട്ടു് അതച്ചടിച്ചുവരാൻ മാസങ്ങളല്ല, വർഷങ്ങൾ തന്നെ കാത്തു് ഇരുന്നിരിക്കും കഥാകാരൻ. ഇനി അതിൽ വരില്ല എന്നു വിചാരിച്ചു് ചെറിയ മാറ്റങ്ങളോടുകൂടി വേറൊരു വാരികയ്ക്കു് അയച്ചുകൊടുക്കും. അയച്ചുകൊടുക്കുന്നതിനു മുൻപു് കഥ പ്രസിദ്ധപ്പെടുത്തരുതെന്നു കാണിച്ചു് ആദ്യത്തെ വാരികയുടെ പത്രാധിപകർക്കു് എഴുതി അയച്ചിരിക്കുകയും ചെയ്യും. പക്ഷേ, എഴുത്തുകളുടെയും പെരുവെള്ളപ്പാച്ചിലിലാണു് ഓരോ പത്രമാപ്പീസിലും. പത്രാധിപർക്കു് ഒന്നും ചെയ്യാനാവില്ല. ദൗർഭാഗ്യം കൊണ്ടു് ഒരു രചന തന്നെ ഒരാഴ്ചയിലെ രണ്ടു വാരികകളിൽ വരുന്നു. വായനക്കാരനു് കഥാപാത്രത്തിന്റെ രണ്ടുതരത്തിലുള്ള ചിത്രങ്ങൾ കാണാം എന്നൊരു മെച്ചമുണ്ടു്. ചിത്രകാരന്മാരുടെ വൈദഗ്ദ്ധ്യം താരതമ്യപ്പെടുത്താനുള്ള സന്ദർഭവും ലഭിക്കും.

സ്ഥാനം തെറ്റിയിരിക്കുന്നതെന്തും വിരൂപമാണു്. മുത്തുമാല തരുണിയുടെ കഴുത്തിലാവുമ്പോൾ സുന്ദരം. അവളുടെ മൃതദേഹത്തിലാണു് അതെങ്കിൽ അതിസുന്ദരം. തലമുടി ചോറ്റിൽക്കിടന്നാൽ ചർദ്ദിക്കാൻ തോന്നും. അതു പ്രിയപ്പെട്ടവളുടെ തലയിലാണെങ്കിൽ പുരുഷനു് ആഹ്ലാദദായകം. സ്ഥാനം തെറ്റി ഇരിക്കുന്ന വസ്തുവിനെയോ വസ്തുതതയെയോ വികാരത്തെയോ ചിന്തയെയോ അവയിരിക്കേണ്ട സ്ഥാനത്തു കലാകാരൻ വയ്ക്കുമ്പോൾ സൗന്ദര്യം ജനിക്കുന്നു. ആ പ്രക്രിയ നടത്തുന്ന കലാകാരനു മരണമില്ല. അതിന്റെ ഫലമായ കലാസൃഷിക്കു നാശമില്ല. അതുകൊണ്ടു ഇലക്ട്രോണിക്കു യുഗത്തിൽ കലയും സാഹിത്യവും നശിച്ചുവെന്നു ചിലർ മുറവിളികൂട്ടുന്നതു് ശുദ്ധമായ ഭോഷ്കാണു് (സൺഡേ ഒബ്സർവറിലെ ലേഖനം നോക്കുക).

എന്റെ ഒരുബന്ധു എന്നെക്കാണുമ്പോഴൊക്കെ പറയാറുണ്ടു്: “എന്റെ അച്ഛൻ മരിച്ചു”.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-07-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.