…ഈശ്വര സാക്ഷാത്കാരത്തിനു ശ്രമിക്കുന്നവർക്കും അതു കൈവന്നവർക്കും ചേതോഹരങ്ങളായ കലാസൃഷ്ടികൾക്കു ജന്മമരുളാൻ സാദ്ധ്യമല്ല. യേശുക്രിസ്തു എത്ര മഹാകാവ്യങ്ങളെഴുതി? ബുദ്ധൻ എത്ര നോവലുകൾ എഴുതി?
മൻമഥൻസാറ് പറഞ്ഞ ഒരു കഥ. അങ്ങു വടക്കു് ഒരു കൊല്ലനുണ്ടായിരുന്നു. അയാളുടെ വീട്ടിനു തെല്ലകലെയായി ആരോ വലിയ കുളം കുഴിപ്പിച്ചതു് അയാൾക്കു് ഇഷ്ടമായില്ല. അതു് എങ്ങനെയെങ്കിലും നശിപ്പിക്കണമെന്നുള്ള ചിന്ത അയാളെ വല്ലാതെ അലട്ടിയതിന്റെ ഫലമായി ഉറക്കമല്ലാതെ, ആഹാരം കഴിക്കാതെ അയാൾ ദിനങ്ങൾ പോക്കിവന്നു. ഒരു ദിവസം രാത്രി നിദ്രയില്ലാതെ കിടക്കുമ്പോൾ ഒരാശയം തോന്നുകയായി. കൊല്ലൻ ചാടിയെഴുന്നേറ്റു് ഒരു വലിയ കഷണം ഇരുമ്പു പഴുപ്പിച്ചു് ഒരുപകരണം കൊണ്ടു് അതു പിടിച്ചെടുത്തുകൊണ്ടു കുളക്കരയിൽ എത്തി. സംശയത്തോടെ, പേടിയോടെ നാലുഭാഗത്തും നോക്കിയതിനുശേഷം കുളത്തിന്റെ നടുക്കുതന്നെ അതെറിഞ്ഞു. ഒരോട്ടം ഓടുകയും ചെയ്തു. കുളം കരിഞ്ഞു വറ്റിപ്പോയിരിക്കുമെന്ന വിചാരത്തോടെ അയാൾ അന്നുരാത്രി സുഖമായി ഉറങ്ങി. നേരം വെളുത്തു. കുളത്തിനരികെ ചെന്നു നോക്കാൻ കൊല്ലപ്പണിക്കാരനു ഭയം. അതുകൊണ്ടു് അയാൾ പാതയിൽ ഇറങ്ങിനിന്നു് അതിലെ വരുന്ന ഓരോ ആളിനോടും ‘വിശേഷം വല്ലതുമുണ്ടോ?’ എന്നു ചോദിച്ചു. ‘വിശേഷമൊന്നുമില്ല’ എന്ന മറുപടി മാത്രമേ അയാൾക്കു് കിട്ടിയുള്ളു. അതിന്റെ ആവർത്തനവിരസ്യത്താൽ പീഡിപ്പിക്കപ്പെട്ടയാൾ ‘വല്ല കുളമെന്നോ കരിഞ്ഞു പോയെന്നോ മറ്റോ ആരെങ്കിലും പറയുന്നുണ്ടോ’ എന്നു ചോദിച്ചു തുടങ്ങി. ‘ഇല്ലല്ലോ’ എന്നു മാത്രമായിരുന്നു മറുപടി.

കൊല്ലപണിക്കാരൻ കുളം നശിപ്പിച്ച ഈ സംഭവം വെറുമൊരു കഥയല്ല. അതു് വേഷം മാറി നമ്മുടെ നാട്ടിൽ പലവിധത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. സാഹിത്യത്തിന്റെ മണ്ഡലത്തിലോ രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിലോ പ്രാധാന്യമുള്ള ഒരു വിഷയം അയാൾ തിരഞ്ഞെടുക്കുന്നു. ഉടനെ സെമിനാർ സംഘടിപ്പിക്കുകയായി. ‘മതം രാഷ്ട്രവ്യവഹാരത്തെ എങ്ങനെ മലിനമാക്കുന്നു?’ അല്ലെങ്കിൽ ‘നവീനതമസാഹിത്യം പാരമ്പര്യത്തോടു ബന്ധപ്പെട്ടതാണോ?’ ഇത്തരം വിഷയങ്ങളുമായി ചിലരെ സമീപിക്കുന്നു. തങ്ങൾ അതിൽ പ്രഗല്ഭന്മാരാണെന്ന വിചാരത്തോടുകൂടി അവർ പ്രബന്ധമെഴുതി വായിക്കുകയോ ഘോരഘോരം പ്രസംഗിക്കുകയോ ചെയ്യുന്നു. പത്രക്കാർ തങ്ങൾക്കിഷ്ടമുള്ളവരുടെ പ്രഭാഷണങ്ങൾ വെണ്ടക്കയിൽ അച്ചടിക്കുന്നു. ആ അച്ചടിക്കൽ സ്വപ്നം കണ്ടുകൊണ്ടാണു് പ്രഭാഷകന്റെ രാത്രിയിലെ ഉറക്കം. പ്രസംഗം കഴിഞ്ഞു വീട്ടിൽച്ചെന്നാൽ ഭാര്യയെ വിളിച്ചു ‘ഞാൻ കലക്കിയെടീ, വേഗം ചോറുവിളമ്പു് ’ എന്നു പറയും. ഊണുകഴിഞ്ഞു് ഉറങ്ങാൻ കിടക്കവെ മതം രാഷ്ട്രവ്യവഹാരത്തെ മലിനീകരിക്കുന്നു എന്നു സ്ഥാപിച്ചുകൊണ്ടു താൻ പ്രസംഗിച്ചതിനെ ഓർമ്മിച്ചു് ‘എന്തോന്നു മതം? എന്തോന്നു പൊളിറ്റിക്സ്?’ എന്നു സ്വയം ചോദിക്കുന്നു. ‘രാഷ്ട്രീയംകൊണ്ടു മതം പോയാലെന്തു്? ഇല്ലെങ്കിലെന്തു്? എനിക്കെന്തു കാര്യം’ എന്നു വിചാരിക്കുന്നു. ഇതിനിടയ്ക്കു് ‘അയ്യോ പ്രാർത്ഥിക്കാൻ മറന്നുപോയി’യെന്നു പറഞ്ഞു് പൂജാമുറിയിൽ കയറി അയാൾ ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നു. ‘സ്വാമിയെ ശരണമയ്യപ്പ’ എന്ന വിളികൾ മുഴക്കുന്നു. സ്വല്പം മുമ്പു് പ്രഭാഷണവേദിയിൽ നിരീശ്വരനായോ സംശയവാദിയായോ പ്രത്യക്ഷനായ ആളാണു് പ്രാർത്ഥന നടത്തുന്നതു്. നേരം വെളുക്കുമ്പോൾ പത്രം വരുന്നു. വാർത്ത കാണുന്നു. തന്റെ പ്രഭാഷണം വീണ്ടും വായിക്കുന്നു. ‘എന്റെ പ്രസംഗം ശരിക്കു് ഏറ്റു ’ എന്നു കരുതുന്നു. പാവം കൊല്ലപ്പണിക്കാരൻ!
വളരെയേറെ വാഴ്ത്തപ്പെട്ട പുസ്തകമാണു് രാജ് ഥാപ്പറുടെ ‘All These Years’ എന്ന ആത്മകഥ. പേരുകേട്ട ജേണലിസ്റ്റ് രമേഷ് ഥാപ്പറുടെ സഹധർമ്മിണിയായിരുന്നു രാജ് (രാജി എന്നതിന്റെ വേറൊരു രൂപം). ആരെല്ലാമാണു് പ്രശംസാവചനങ്ങൾ ഉതിർത്തതു്? പൂപൂൽ ജയക്കർ, ആഷിഷ് നന്ദി. ശ്രീമാധവ ആഷിഷ്, അശോക് മിത്ര ഇവരൊക്കെ. മാത്രമല്ല ഇന്ത്യയിലെ പല പത്രങ്ങളും വാരികകളും ഇതുപോലെയൊരു പുസ്തകം വേറെയില്ലെന്ന മട്ടിൽ എഴുതുകയുണ്ടായി. ഈ സ്തുതികൾ കേട്ടു കുളിർത്തു് സംസ്കാരലോപം സംഭവിക്കാതിരിക്കാനായി 275 രൂപകൊടുത്തു ഞാനിതു വായിച്ചു. മനസ്സിരുത്തി വായിച്ചു എന്നു തിരുത്തിപ്പറയണം. ചില വ്യക്തികൾ വിചാരിച്ചാൽ, പത്രങ്ങൾ വിചാരിച്ചാൽ ആരെയും മുൻനിരയിൽ കൊണ്ടുവരാമെന്നു മനസ്സിലാക്കുകയും ചെയ്തു.

കമ്മ്യൂണിസത്തിൽനിന്നു പ്രാകൃതത്വത്തിലേക്കു ചെന്ന ഒരു സ്ത്രീയുടെ ആത്മകഥയാണു് All These Years എന്നതു്. കമ്മ്യൂണിസമെന്നതു് മറ്റു പല രാഷ്ട്രയവ്യവഹാരസിദ്ധാന്തങ്ങൾ പോലെ ഒരാശയമാണു്. സമഷ്ടിയായി ഹിംസാത്മകതയെ അതു് നീതിമത്കരിക്കുന്നുണ്ടെങ്കിലും വ്യക്തികളോടുള്ള പെരുമാറ്റത്തിൽ മാന്യത പുലർത്തുന്നുണ്ടു് അതു്. ഞാനറിയുന്ന കമ്മ്യൂണിസ്റ്റുകാരെല്ലാം മാന്യരാണു്. ഇ. എം. എസ്, സി. അച്ചുതമേനോൻ, ഇ. കെ. നായനാർ, കെ. സി. ജോർജ്ജ്, എം. എൻ. ഗോവിന്ദൻനായർ, സുഗതൻ, പി. ഗോവിന്ദപിളള ഇവരോടെല്ലാം ഞാൻ നേരിട്ടു സംസാരിച്ചിട്ടുണ്ടു്. മാന്യന്മാരോടു സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ളാദാതിരേകം മാത്രമേ എനിക്കു് ആ സന്ദർഭങ്ങളിൽ ഉണ്ടായിട്ടുള്ളു. എഴുതുമ്പോഴും ഇവർ മാന്യത പുലർത്താറുണ്ടു്. അതല്ല രാജ് ഥാപ്പറിന്റെ സ്ഥിതി. ജവാഹർലാൽ നെഹ്റുവിനെ ‘running dog of imperialism’ എന്നു് അവർ കൂടക്കൂടെ വിശേഷിപ്പിക്കുന്നു. ദേഷ്യം സഹിക്കാനാവാതെ അവർ അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫെടുത്തു വലിച്ചെറിഞ്ഞു. chicken-hearted, feeble-minded എന്നൊക്കെയാണു് അവർക്കും സ്വാതന്ത്ര്യത്തോടുകൂടി ആശയമാവിഷ്കരിക്കാൻ സൗകര്യമുണ്ടാക്കിക്കൊടുത്ത ഒരാളിനെ വിളിക്കുന്നതു്. ഒടുവിൽ ആ ‘ഓടുന്ന പട്ടിയെ’ അവരും അവരുടെ ഭർത്താവും ആശ്രയിക്കുകയും ചെയ്തു. ലോകം മുഴുവനുമാരാധിക്കുന്ന ജെ. കൃഷ്ണമൂർത്തിയെക്കുറിച്ചു് രാജ് ഥാപ്പറിനു പറയാനുള്ളതു് ‘I came away very disappointed with Krishnamurti’s arrogance’ എന്നാണു്. ഇതിനെക്കാൾ കുത്സിതമാണു് ഡോക്ടർ എസ്. രാധാകൃഷ്ണനെക്കുറിച്ചുള്ള ശ്രീമതിയുടെ പ്രസ്താവം. ‘To me he (Radhakrishnan) was and will remain a wily Brahmin, keeping himself covered from all angles, sitting comfortable away during the freedom movement but making noises that could be turned into at some other date as proof of his commitment, entertaining thoughts of a position even higher than that of, Presidentship… ’
“കേരളത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാരു്?” “മമ്മൂട്ടി. വൃദ്ധകൾ കൂടി നില്ക്കുന്നിടത്തുചെന്നാൽ ‘മമ്മൂട്ടിയെപ്പോലെ സുന്ദരൻ’, ചെറുപ്പക്കാരികൾ കൂടുന്നിടത്തു് ‘മമ്മൂട്ടിയെപ്പാലെ സുന്ദരൻ’, ഇങ്ങനെ അവരാകെ പറയുന്നതുകേൾക്കാം”. വേറെയാരെയെങ്കിലും കുറിച്ചു സ്ത്രീകൾ ഇങ്ങനെ പറയാനുണ്ടോ? ഇല്ല.”
പദ്മജാനായിഡുവിനെക്കുറിച്ചു് രാജ് ഥാപ്പർ എഴുതുന്നതു വായിച്ചാൽ വായിക്കുന്നവന്റെ തൊലി പൊള്ളിപ്പോകും. ജയിലിൽകിടക്കുന്ന ജവാഹർലാൽ നെഹ്റുവിനു് ഗാന്ധിജിയുടെ സന്ദേശവും കൊണ്ടു ചെന്ന പദ്മജ വാർഡൻ കാൺകെ നെഹ്റുവിന്റെ മടിയിൽ കയറിയിരുന്നു് അദ്ദേഹത്തന്റെ മുഖം തലോടിപോലും. വാർഡൻ ലജ്ജിച്ചു മാറിയപ്പോൾ ആ സൗകര്യം പാഴാക്കാതെ പദ്മജ കുറെക്കൂടി വൃത്തികേടായിട്ടു പെരുമാറിയത്രേ: താൻ ധാരാളമായി ഉപയോഗിച്ചിരുന്ന ലിപ്സ്റ്റിക് കൊണ്ടു പദ്മജ സന്ദേശം എഴുതിപോലും. പ്രത്യക്ഷത്തിൽത്തന്നെ അവാസ്തവികങ്ങളായ ഇത്തരം സംഭവങ്ങൾകൊണ്ടു നിറച്ചുവച്ചിരിക്കുകയാണു് ഇപ്പുസ്തകം. തന്റെ ഭർത്താവിനെക്കുറിച്ചു മാത്രമേ അവർ നല്ലതായി വല്ലതും പറയുന്നുള്ളു. വലിയ കവിയായ ഹരീന്ദ്രനാഥ് ചട്ടോപാധ്യായയെ self-acclaimed poet എന്നു് വിളിച്ചിട്ടു് വള്ളത്തോളിനെ ‘Poor Vallathol’ എന്നു് ആക്ഷേപിക്കുന്നു. അദ്ദേഹം ടോയ്ലെറ്റിൽ പോയിട്ടു വന്നിട്ടു് സാറ എന്ന സ്ത്രീയോടു് ട്രൗസേഴ്സിന്റെ താഴത്തുഭാഗത്തുള്ള ബട്ടൺ ഇട്ടുകൊടുക്കാൻ ആവശ്യപ്പെട്ടത്രേ. അപ്പോൾ അവർ അദ്ദേഹത്തെ ‘dirty old man’ എന്നു വിളിച്ചു. തണുപ്പിൽനിന്നു രക്ഷനേടാനായി കമ്പിളികൊണ്ടുള്ള അണ്ടർപാന്റ്സ് വള്ളത്തോളിനു കൊടുത്തപ്പോൾ അതിന്റെ ഉപയോഗമെന്തെന്നറിയാതെ അദ്ദേഹം അതു കഴുത്തിൽ ചുറ്റിക്കൊണ്ടു നടന്നുവെന്നാണു് രാജ് ഥാപ്പർ പറയുന്നതു്. ഇ. എം. എസ്സിനെക്കുറിച്ചു് അവരെഴുതിയതും ആദരണീയമായ വിധത്തിലല്ല. ഇങ്ങനെ മാന്യന്മാരെ അമാന്യമായ രീതിയിൽ ആക്രമിക്കുന്ന ഈ പുസ്തകത്തിൽ ശ്രീമതി ജീവിച്ച കാലയളവിന്റെ ചിത്രമോ ചരിത്രമോ ഇല്ല. ആകെയുള്ളതു പകപോക്കലുകൾ മാത്രം. സഞ്ജയ് ഗാന്ധി വിമാനം തകർന്നു മരിച്ചപ്പോൾ ഇന്ദിരാഗാന്ധിയും മേനകയും മൃതദേഹം കിടന്നിടത്തു് ഓടിച്ചെന്നതു് സ്വിസ്ബാങ്കു് അക്കൗണ്ടിന്റെ നമ്പരുകളുള്ള റിസ്റ്റ്വാച്ചും താക്കോൽക്കൂട്ടവും എടുക്കാനായിരുന്നുവെന്നാണു് രാജ് ഥാപ്പറുടെ അഭിപ്രായം (പുറം 461). ഇന്ദിരാഗന്ധിയോടും മേനകയോടും വെറുപ്പു് ഉള്ളവർക്കും പ്രതിഷേധാർഹമായിത്തീരുന്ന മതമാണിതു്. അന്തസ്സുകെട്ട പുസ്തകം. Pin drop silence, do the needful ഈ വിലക്ഷണ പ്രയോഗങ്ങളുണ്ടെങ്കിലും ചിലപ്പോഴൊക്കെ കലാത്മകമായി ഉയരുന്ന ഇംഗ്ലീഷ് ഭാഷ വശമാണു് രാജ് ഥാപ്പറിനു്. എന്നാൾ അതുകൊണ്ടെന്തു പ്രയോജനം? താജ്മഹലനകത്തു് ഭീകരന്മാരാന്നു താമസിക്കുന്നതെങ്കിൽ നമ്മൾ അതിനടുത്തുകൂടെ നടക്കുമോ?

റോമൻ രാജ്യതന്ത്രജ്ഞൻ സിസറോ പ്രസംഗിച്ചു കഴിയുമ്പോൾ ‘ഹാ എന്തൊരു വാഗ്മിത’ എന്നു ശ്രോതാക്കൾ പറയും. അഥീനിയൻ’ രാജ്യതന്ത്രജ്ഞൻ ഡിമോസ്തനീസ് പ്രഭാഷണം നിർവ്വഹിച്ചു തീരുമ്പോൾ ‘നമുക്കു മാസിഡോണ്യയയിലെ ഫിലിപ്പ് രാജാവിനോടു പടവെട്ടാം’ എന്നു ശ്രോതാക്കൾ പ്രഖ്യാപിക്കുമായിരുന്നു. കലാസൃഷ്ടി അനുഭൂതിജനകമാകണമെന്നു് ഇതു തെളിയിക്കുന്നു. എന്റെ സുഹൃത്തു് ശ്രീ. പി. എ. ദിവാകരനു ഡിമോസ്തനീസിന്റെ വൈദഗ്ദ്ധ്യമില്ല; സിസറോയുടെ കഴിവുമില്ല. അദ്ദേഹം മാതൃഭൂമി ആഴ്ചപ്പിതിപ്പിന്റെ ആറരപ്പുറങ്ങൾ മെനക്കെടുത്തിക്കൊണ്ടു് ഒരു കുഞ്ഞിരാമന്റെ കഥ പറയുന്നു. ജോലി സ്ഥലത്തുനിന്നു് നാട്ടിലേക്കു പോകാൻ അയാൾ ഇറങ്ങുമ്പോൾ കഥയുടെ തുടക്കം. ഒടുവിൽ ഹസ്തരേഖാശാസ്ത്രജ്ഞന്റെ മുൻപിൽ കുനിഞ്ഞുനില്ക്കവെ വർഗ്ഗീയവാദികളുടെ കുത്തേറ്റു മരിക്കുമ്പോൾ അവസാനം. ഇതിനിടയിൽ ഗതാവലോകനരീതിയിലും ഋജുവായ രീതിയിലും എന്തെല്ലാം സംഭവവിവരണങ്ങൾ! അന്യോന്യ ബന്ധമില്ല അവയ്ക്കു്. കഥയുടെ കേന്ദ്രസ്ഥിതമായ ആശയത്തോടു ബന്ധവുമില്ല. ദീർഘതയ്ക്കുവേണ്ടിയുള്ള ദീർഘത. മെനക്കെടുത്തുന്നതിനു വേണ്ടിയുള്ള മെനക്കേടു്.
പണ്ടു് ഞാൻ മാസത്തിലൊരിക്കൽ നെടുമങ്ങാട്ടുനിന്നു പൊന്മുടി എസ്റ്റേറ്റിലേക്കു ലോറിയിൽ പോകുമായിരുന്നു. ലോറിക്കാരൻ തേയില കൊണ്ടുവരാനാണു് പോകുന്നതു്. എസ്റ്റേറ്റ് മാനേജർ അന്നു സായിപ്പായിരുന്നു. അയാളെ പ്രീതിപ്പെടുത്താൻവേണ്ടി ലോറിനിറയെ ‘കണ്ടതും കടിയതും’ വലിച്ചു കയറ്റിയിരിക്കും. ഞാൻ പോകുന്നതു് എന്റെ പരിചയക്കാരനായ സായിപ്പിനു സെക്സ്റ്റൺ ബ്ളേക്ക് ഡിറ്റക്ടീവ് നോവലുകൾ കൊടുക്കാനും സായിപ്പ് തരുന്ന ബി. ഒ. പി. തെയില വാങ്ങി വീട്ടിൽ കൊണ്ടുവരാനും. ഭാരക്കൂടുതൽകൊണ്ടു് ലോറി എസ്റ്റേറ്റിലേക്കു വേഗത്തിൽ കയറുകയില്ല. പുകപരത്തി മുക്കിയും മൂളിയും അതു് ഉയരങ്ങളിലേക്കു ഇഴയുമ്പോൾ ബ്രേക്ക് പൊട്ടി പിറകുവശത്തേക്കു ലോറി ഉരുണ്ടുപോരില്ലേ, വലതുഭാഗത്തെ നോക്കെത്താത്ത കുഴിയിൽ വീണുപോകില്ലേ എന്നു ഞാൻ ഓരോ തവണയും പോടിച്ചിട്ടുണ്ടു്. ആരോഹണം കഴിഞ്ഞു് എസ്റ്റേറ്റിലെത്തിയാൽ സായ്പിന്റെ ബംഗ്ളാവിൽ ചെല്ലും. പുസ്തകം കൊടുക്കും. തേയില വാങ്ങും ദാഹിച്ച വെള്ളംപോലും സായ്പു് തരില്ല. ഇന്നത്തെപ്പോലെയല്ല പൊന്മുടി അന്നു്. ചായ കിട്ടിയില്ല. പച്ചവെള്ളവും ഇല്ല. തൊണ്ടയുണങ്ങിക്കൊണ്ടു് ലോറിയിൽ കയറിയിരിക്കും ഞാൻ തിരിച്ചുപോരാനായി. ഭാരം കയറ്റിയ ലോറിപോലെ ദിവാകരന്റെ കഥ ഇഴഞ്ഞുനീങ്ങുന്നു. അതിൽ സഞ്ചരിക്കുന്ന ഞാൻ പേടിച്ചുപേടിച്ചു് നാലുപാടും നോക്കന്നു. ലക്ഷ്യത്തിലെത്തി അനുഭൂതിജലം കിട്ടാതെ മടങ്ങുന്നു. ഓരോ തവണയുമുള്ള പൊന്മുടി യാത്ര ദുസ്സഹമാണെങ്കിലും ഞാൻ പിന്നെയും പിന്നെയും പോയിട്ടുണ്ടു്. പി. എ. ദിവാകരന്റെ, ഭാരം കയറ്റിയ ലോറിക്കഥകളിൽ ഞാൻ ഇനിയും കയറും.
ചോദ്യം: വാർദ്ധക്യത്തിന്റെ പ്രത്യേകതയെന്തു്?
ഉത്തരം: പ്രത്യേകതയ്ക്കു each എന്ന അർത്ഥമേയുള്ളു. പ്രതി + ഏകം = പ്രത്യേകം. Peculiarity എന്നാണു് നിങ്ങൾ കരുതിയതെങ്കിൽ സവിശേഷതയെന്തു് എന്നു ചോദിക്കേണ്ടിയിരുന്നു. വാർദ്ധ്യക്യത്തിൽ ബന്ധുക്കളുടെ വീട്ടിൽ പോകാൻ ഇഷ്ടം കാണുകയില്ല. ബന്ധുക്കൾ വീട്ടിൽ വരുന്നതും വൃദ്ധർക്കു് ഇഷ്ടമാവില്ല.
ചോദ്യം: ഭാര്യയില്ലാത്ത പുരുഷൻ, ഭർത്താവില്ലാത്ത സ്ത്രീ എന്തു പറയുന്നു അവരെക്കുറിച്ചു്?
ഉത്തരം: ബഞ്ചമിൻ ഫ്രാങ്ക്ളിൻ പറഞ്ഞതു് എഴുതാം. കത്തിരിയുടെ പകുതിപോലെ.
ചോദ്യം: വാല്മീകി, വ്യാസൻ ഇവരൊക്കെ മഹർഷികളായിരുന്നുവെന്നു പറയുന്നതു ശരിയാണോ?
ഉത്തരം: എനിക്കു വിശ്വാസമില്ല. ഈശ്വരസാക്ഷാത്കാരത്തിനു ശ്രമിക്കുന്നവർക്കും അതു കൈവന്നവർക്കും ചോതോഹരങ്ങളായ കലാസൃഷ്ടികൾക്കു ജന്മമരുളാൻ സാദ്ധ്യമല്ല. യേശുക്രിസ്തു എത്ര മഹാകാവ്യങ്ങളെഴുതി? ബുദ്ധൻ എത്ര നോവലുകൾ എഴുതി? ലൈംഗികാഹ്ളാദം അനുഭവിച്ചവർക്കേ കലാസൃഷ്ടികൾ ലോകത്തിനു നല്കാൻ കഴിയൂ. വല്ല സന്ന്യാസിമാരും നല്ല കവിതയോ നല്ല ചെറുകഥയോ എഴുതുന്നുണ്ടെങ്കിൽ അവർക്കു് സെക്സ് ഉണ്ടെന്നു കരുതിക്കൊള്ളണം.
ചോദ്യം: സാഹിത്യകാരന്മാർ നടന്നുപോകുമ്പോൾ അവരുടെ പുറകേ ചെന്നു് ഉപ്പുകുറ്റി നോക്കി കുരയ്ക്കുന്ന പട്ടിയല്ലേ താൻ?
ഉത്തരം: കുരയ്ക്കുക മാത്രമല്ല, കടിക്കുകയും ചെയ്യുന്ന പട്ടിയാണു് ഞാൻ. സാഹിത്യം എന്റെ യജമാനന്റേതാണു്. അതിനെ മലിനമാക്കുന്നവരെ ഞാൻ കടിച്ചു മുറിവേല്പിക്കും. പിന്നെ ‘പിന്നിൽ എന്ന അർത്ഥത്തിൽ ‘പിറകേ’ എന്നെഴുതണം. ‘പുറകേ എന്നതിനു് അർത്ഥം വേറെ. ആനയുടെ പുറത്തുകയറി എന്നതു നോക്കുക.
ചോദ്യം: കേരളത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാരു് ?
ഉത്തരം: മമ്മൂട്ടി. വൃദ്ധകൾ കൂടിനില്ക്കുന്നിടത്തു ചെന്നാൽ ‘മമ്മൂട്ടിയെപ്പോലെ സുന്ദരൻ’, ചെറുപ്പക്കാരികൾ കൂടുന്നിടത്തു്. ‘മമ്മൂട്ടിയെപ്പോലെ സുന്ദരൻ’, ഇങ്ങനെ അവരാകെ പറയുന്നതു കേൾക്കാം. വേറെയാരെങ്കിലും കുറച്ചു സ്ത്രീകൾ ഇങ്ങനെ പറയാറുണ്ടോ? ഇല്ല.
ചോദ്യം: ലജ്ജിക്കുന്നതു് വ്യക്തികൾ അറിയുമോ?
ഉത്തരം: ഇല്ല. അറിയുമെങ്കിൽ കണ്ണാടിക്കഷണങ്ങൾ ബ്ളൗസിന്റെ വേറെ നിറമുള്ള കൈകളിൽ വച്ചുകൊണ്ടു് അന്യരുടെ മുൻപിൽ സ്ത്രീകൾ വരുമോ? തികച്ചും ജുഗുപ്സാവഹമായ കാഴ്ചയാണിതു്.
വായനക്കാരനു് കാണാൻ കഴിയാത്ത ഗഹനസത്യത്തിലേക്കു് കഥാകാരൻ അയാളെ നയിക്കുമ്പോഴാണു് കല വിജയം പ്രാപിക്കുന്നതു്. സർവ്വസാധാരണമായ കാക്കപ്പൊന്നു കൊണ്ടോ ഇമിററേഷൻ രത്നം കൊണ്ടോ കുട്ടിയായി കളിക്കുമ്പോഴല്ല.
യഥാർത്ഥ രത്നവും അയഥാർത്ഥ രത്നവും വേർതിരിച്ചറിയുന്ന രത്നവ്യാപാരി രണ്ടുതരത്തിലുള്ള രത്നങ്ങളും ചേർത്തു കളിക്കുന്ന കൊച്ചു കുട്ടിയെക്കണ്ടാൽ ആദ്യമൊന്നു ഞെട്ടിപ്പോകുമെന്നും രണ്ടാമതു് അവന്റെ ആഹ്ളാദം കണ്ടു് അതിനു അടിമപ്പെട്ടു പോകുമെന്നും കീർക്കഗോർ പറഞ്ഞിട്ടുണ്ടു്. രത്നങ്ങളുടെ മൂല്യത്തെക്കാൾ കുട്ടിയുടെ ആഹ്ളാദത്തിന്റെ മൂല്യമാണു് അയാളെ ആഹ്ളാദാതിരേകത്തിലേക്കു കൊണ്ടുചെല്ലുന്നതു്. നല്ല രത്നങ്ങൾ കേരളീയർക്കു നല്കുന്ന ശ്രീ. ഒ. പി. ജോസഫ് കലാകൗമുദിയിലെ ‘മകൾ’ എന്ന തന്റെ ചെറുകഥയിൽ കുട്ടിയായി രൂപാന്തരപ്പെട്ടു് മൂല്യമില്ലാത്ത കാക്കപ്പൊന്നു കൊണ്ടു കളിക്കുന്നു. അതു കാണുന്ന എനിക്കു് ആഹ്ളാദമില്ലെന്നു മാത്രമല്ല ദുഃഖമുണ്ടുതാനും. പണ്ടു സ്നേഹിച്ചിരുന്ന ഒരുത്തി മറ്റൊരുത്തന്റെ ഭാര്യ. അവിടെച്ചെല്ലുന്ന പൂർവ്വകാമുകൻ കണ്ണാടിയിൽ പ്രതിഫലനം കാണുന്നു. കാമുകിയുടെ യൗവനകാലരൂപം. പക്ഷേ, അവൾ പൂർവ്വകാമുകിയുടെ മകളാണെന്നു ഗ്രഹിക്കുമ്പോൾ അവളെക്കുറിച്ചു് ഒട്ടൊക്കെ ഊന്നലോടെ അവൾ (പൂർവ്വകാമുകി) സംസാരിക്കുമ്പോൾ അയാൾ വികാരത്തിനു് അധീനനാകുന്നു. മകൾ അവിടെ നിന്നു പോയപ്പോൾ അയാളുടെയും അവളുടെയും പ്രതിഫലനങ്ങൾ മാത്രമേ കണ്ണാടിയിൽ ഉള്ളു. അയാൾ തിരിച്ചു പോകുമ്പോൾ കഥ അവസാനിക്കുന്നു. വായനക്കാരനു് കാണാൻ കഴിയാത്ത ഗഹനസത്യത്തിലേക്കു് കഥാകാരൻ അയാളെ നയിക്കുമ്പോഴാണു് കല വിജയം പ്രാപിക്കുന്നതു്. സർവ്വസാധാരണമായ കാക്കപ്പൊന്നുകൊണ്ടോ ഇമിറ്റേഷൻ രത്നം കൊണ്ടോ കുട്ടിയായി കളിക്കുമ്പോഴല്ല.
- രാജ് ഥാപ്പറുടെ പുസ്തകത്തിൽ Balzac’s Germinal എന്നു കണ്ടു. ആ പേരുള്ള ഒരു നോവൽ ഞാൻ വായിച്ചിട്ടുണ്ടു്. ഫ്രഞ്ചെഴുത്തുകാരൻ സൊല എഴുതിയതാണതു്.
- ലോറൻസ് ഡൂറൽ എന്തെഴുതിയാലും പുതുമയുണ്ടായിരിക്കും. അവൾ ഡൂറലിനെ സ്നേഹിച്ചിരുന്നു എന്നതിനു തെളിവു്. കാലത്തു് ആറുമണിക്കു് അവൾ അദ്ദേഹത്തെ റ്റെലിഫോണിൽക്കൂടി വിളിച്ചുണർത്തി. എന്നിട്ടു് ടാക്സിക്കാറിൽ കയറി അദ്ദേഹത്തിന്റെ വീട്ടിലെത്തി അറിയിച്ചു:- ‘ബേർഹെസ് മരിച്ചു. എന്നിൽനിന്നല്ലാതെ മറ്റാരിൽനിന്നും അങ്ങ് ആ വാർത്ത അറിയരുതെന്നു് എനിക്കു വിചാരമുണ്ടായിരുന്നു.’
- വള്ളത്തോളിന്റെയുംകുമാരനാശാന്റെയും കവിത വായിക്കുമ്പോൾ ഈശ്വരൻ അടുത്തു നില്ക്കുന്നുവെന്നു നമുക്കു തോന്നും. വൈലോപ്പിളളിയുടെ കവിത ആ അനുഭവമുളവാക്കുന്നില്ല. ടോൾ സ്റ്റോയിയുടെ നോവലുകളിൽ ഈശ്വരൻ മദ്ധ്യഭാഗത്തു നില്ക്കുന്നു. എവിടെയോ നില്ക്കുന്ന ഈശ്വരനെ ദസ്തെയെവ്സ്കി അന്വേഷിക്കുന്നു. മോപസാങ്ങിന്റെ നോവലുകളിലോ ചെറുകഥകളിലോ ഈശ്വരൻ ഇല്ലേയില്ല.
- ചക്രത്തിനുശേഷം (wheel) മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം air conditioned room ആണെന്നു ഒരു മഹാൻ എഴുതിയിട്ടുണ്ടു്. അത്തരം മുറികളിൽ ഇരിക്കുന്നവർക്കു രോഗം വന്നു കണ്ടിട്ടുണ്ടു് ഞാൻ. കഴിയുന്നതും പ്രകൃതിയോടു യോജിച്ചു ജീവിക്കുന്നതാണു നല്ലതു്. ഗ്രാമപ്രദേശത്തുള്ളവർക്കു് രോഗങ്ങൾ കുറവാണല്ലോ. ചക്കയുള്ള കാലത്തു് ചക്ക; മരച്ചീനിയുള്ള കാലത്തു് മരച്ചീനി അവരുടെ ഭക്ഷണം അങ്ങനെയാണു്. പട്ടണങ്ങളിലുള്ളവർ ദിവസവും കാലത്തു് ഇഡ്ഡലി അല്ലെങ്കിൽ ദോശ അല്ലെങ്കിൽ ചപ്പാത്തി ഇവ കഴിക്കുന്നു. ഉച്ചയ്ക്കുള്ള ആഹാരവും ഇതുപോലെ ഏകസ്സ്വഭാവമുളളതാണു്. അതുകൊണ്ടു് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ പട്ടണവാസികൾക്കു കൂടൂതലാണു്. നമ്മുടെ സാഹിത്യവും air conditioned ആണു്. അതും രോഗത്തിനു ഹോതവായിബ്ഭവിക്കുന്നു.
- എനിക്കു സി. എൻ. ശ്രീകണ്ഠൻനായരുടെ നാടകങ്ങൾ ഇഷ്ടമല്ല. അവിശ്വസനീയമായ റെട്ടറിക്കാണു് എല്ലാ നാടകങ്ങളിലും. മന്ഥരയും കൈകേയിയും ദശരഥനും മണ്ഡോദരിയും രാവണനും ഒക്കെ ഒരേ രീതിയിൽ സംസാരിക്കുന്നു. എല്ലാവർക്കും റെട്ടറിക്കേയുള്ളു.
- കേരളീയർക്കു നന്ദി കുറവാണു്. ശ്രീ. വൈക്കം ചന്ദ്രശേഖരൻനായരുടെ രചനകൾ ഇപ്പോൾ കാണുന്നില്ലല്ലോ. അദ്ദേഹത്തിനു് എന്തു സംഭവിച്ചുവെന്നു് ആരെങ്കിലും ചോദിക്കുന്നുണ്ടോ? ആരെങ്കിലും അദ്ദേഹത്തെ അന്വേഷിച്ചു പോകുന്നുണ്ടോ? ഇല്ല. ചന്ദ്രശേഖരൻനായർ രോഗിയാണു്. ഞാൻ അദ്ദേഹത്തെ കാണാൻ പോയി. കൂടുതൽ എഴുതുന്നില്ല. അതു് അദ്ദേഹത്തന്റെ ബന്ധുക്കൾക്കു വേദനയുളവാക്കും.
സി. വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ എന്ന നോവൽ വായിച്ചിട്ടു കാലമേറെയായിക്കുന്നു. എങ്കിലും മാങ്കോയിക്കൽ ഭവനത്തിൽവച്ചു് മാർത്താണ്ഡവർമ്മയും അനുചരൻ പരമേശ്വരൻപിളളയും തമ്മിൽ മറ്റൊരു ഭാഷയിൽ സംസാരിച്ചതു് ഓർമ്മയിലുണ്ടു്.
- രാജാവു്:
- ടപി ഊനോ
- പരമേശ്വരൻപിളള:
- ലുളിഅഞം
ഈ ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും താഴെയായി ‘ചതിക്കുമോ?’ ‘സൂക്ഷിക്കണം’ എന്നുകൂടി കൊടുത്തിട്ടുണ്ടു്. അതുകൊണ്ടു് സംഭാഷണത്തിന്റെ അർത്ഥം വായനക്കാർക്കു മനസ്സിലാകും.
ബേബൽ നഗരത്തിൽ ആളുകൾ സ്വർഗ്ഗത്തിലെത്താൻ ഗോപുരം നിർമ്മിച്ചതു് വർണ്ണിച്ചിട്ടുണ്ടല്ലോ. ഈശ്വരനു ദേഷ്യം വന്നു. ഒരേ ഭാഷ സംസാരിച്ചിരുന്ന അവർക്കു വാക്കുകളുടെ അർത്ഥം ദുർഗ്രഹമായിത്തീരട്ടെ എന്നു് അദ്ദേഹം ശപിച്ചു. ഗോപുരനിർമ്മാണം കുഴപ്പത്തിലായി.

മാർത്താണ്ഡവർമ്മ മരിച്ചു. കല്പിതകഥാപാത്രമായ പരമേശ്വരൻപിളള മരിച്ചു. ബേബൽ നഗരത്തിലെ ആളുകൾ എല്ലാവരും മരിച്ചു. പക്ഷേ, മാർത്താണ്ഡവർമ്മയുടെയും പരമേശ്വരൻപിളളയുടെയും ബേബൽ നിവാസികളുടെയും ആത്മാവു് ഒന്നിച്ചുചേർന്നു കെ. എ. സെബാസ്റ്റ്യൻ ആയി അവതരിച്ചിരിക്കുന്നു. അദ്ദേഹം ടപി ഊനോ ഭാഷയിൽ, ബേബൽ നഗരവാസിഭാഷയിൽ ഒരു ചെറുകഥ—‘ബലി’—ദേശാഭിമാനി വാരികയിൽ എഴിതിയിരിക്കുന്നു. എന്തൊരു കൺഫ്യൂഷൻ! ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ലോകത്തിന്റെ ക്രൂരതകളാകെ ചിത്രീകരിക്കാനാണു് അദ്ദേഹത്തിന്റെ യത്നം. ബാബിലോണിയയിൽ ബാബിലോൺ നഗരവും (ബേബൽ നഗരം) തൂങ്ങികിടക്കുന്ന ഉദ്യാനവും നിർമ്മിച്ച നെബകേഡനീസർ (Nebuchadnezzar) ഭ്രാന്തു പിടിച്ചു പുല്ലുതിന്നു മരിച്ചുവെന്നാണു് കഥ.
സെബാസ്റ്റ്യൻ വായനക്കാരെയാണു് നെബകേഡനീസറന്മാരാക്കുന്നതു്. കഥയെന്നതു പ്രകടനാത്മകതയോടെ അതുമിതുമെഴുതുന്നതല്ലെന്നു കഥാകാരൻ മനസ്സിലാക്കുമോ എന്തോ?
കേരളീയർക്കു് നന്ദി കുറവാണു്.
ഗായകനും ഗാനരചയിതാവുമായ തിരുനൈനാർക്കുറിച്ചി മാധവൻനായർ രോഗം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുമ്പോൾ ‘എന്തു പറയുന്നു ഡോക്ടർ?’ എന്നു് ഒരാൾ ഡോക്ടറോടു ചോദിച്ചു. രണ്ടുപേരും രോഗിയിൽനിന്നു തെല്ലകലെയാണു നിന്നതു്. ഡോക്ടർ അടക്കിയ ശബ്ദത്തിൽപ്പറഞ്ഞു:- ‘ഒരാഴ്ചയ്ക്കപ്പുറം പോകില്ല.’ മാധവൻനായർ അതുകേട്ടു തനിക്കനുകൂലമായി അതിന്റെ അർത്ഥം ഗ്രഹിച്ചു. സന്തേഷത്തോടെ എന്റെ സുഹൃത്തു പറഞ്ഞു:- ‘അപ്പോൾ ഒരാഴ്ചയ്ക്കകം എന്റെ രോഗമെല്ലാം ഭേദമായി എനിക്കു വീട്ടിൽ പോകാമല്ലോ?’
രോഗി കേൾക്കില്ല എന്ന വിശ്വാസത്തോടെ ആ ഡോക്ടർ പറഞ്ഞതാണതു്. ഈ ലോകത്തു് ഒരു ഡോക്ടറും രോഗിയുടെ മുഖത്തുനോക്കി ‘നിങ്ങൾ ഇത്ര ദിവസത്തിനകം മരിക്കും’ എന്നു പറയുകയില്ല. മാത്രമല്ല രോഗം ഗൗരവാവഹമാണെന്നുപോലും രോഗിയെ അറിയിക്കില്ല. പക്ഷേ, നിരൂപണത്തിലും വിമർശനത്തിലും പ്രവർത്തക്കുന്ന ഞാൻ ക്രൂരനായ ഡോക്ടറാണു്. ‘വ്യക്തിയായ നിങ്ങൾ ജീവിച്ചിരിക്കുമെങ്കിലും കഥാകാരനായ നിങ്ങൾക്കു ജീവിതമില്ല’ എന്നു ഞാൻ പറയാറുണ്ടു്. അതു തെററാണെന്നു് ശ്രീ. ടി. എൻ. ഗോപിനാഥൻനായരും എം. പി. അപ്പൻ സാറും എന്നോടു പറഞ്ഞിട്ടുണ്ടു്. അവരെന്തു് അറിയിച്ചാലും നിർദ്ദേശിച്ചാലും ‘ശരി, ശരി’ എന്നു സമ്മിതിച്ചു കൊടുക്കുന്ന ഞാൻ ഇക്കാര്യത്തിൽ മാത്രം അവരോടു യോജിക്കില്ല. ‘Bad literature is a crime against society. It should be annihilated’ എന്നു് അൽഡസ് ഹക്സിലി പറഞ്ഞതിനോടാണു് ഞാൻ യോജിക്കുക. അധമ സാഹിത്യം വ്യക്തിയെ നശിപ്പിക്കും. വ്യക്തി നശിക്കുമ്പോൾ സമുദായം നശിക്കും. സമുദായം നശിച്ചാൽ രാഷ്ട്രം നശിക്കും. അമേരിക്കയുടെ അധഃപതനത്തിനു് അധമസാഹിത്യം കാരണമായിത്തീർന്നു. സോവിയറ്റ് യൂണിയന്റെ ഇന്നത്തെ തകർച്ചയ്ക്കുള്ള ഹേതുക്കളിൽ ഒന്നു് ഒരു കാലയളവിലെ അധമസാഹിത്യമത്രേ.

ഒരു വർഗ്ഗത്തിൽപ്പെട്ടവർ മറ്റൊരു വർഗ്ഗത്തിലേക്കു കടന്നാക്രമണം നടത്തിയാൽ മാരകങ്ങളായ വിപത്തുകൾ ഉണ്ടാകുമെന്നു ഭാരതീയർ വിശ്വസിച്ചിരുന്നതായി അൽഡസ് ഹക്സിലിയുടെ Grey Eminence എന്ന പുസ്തകത്തിൽ വായിച്ചതായി ഓർമ്മയുണ്ടെനിക്കു്. ക്ഷത്രിയർ മതപരങ്ങളായ കാര്യങ്ങളിൽ പ്രഗല്ഭരായ ബ്രാഹ്മണരുടെ ഇടയിലേക്കു ചെന്നു് അവർ ചെയ്യേണ്ട കൃത്യങ്ങൾ അനുഷ്ഠിച്ചു തുടങ്ങിയാൽ ആധ്യാത്മികത്വമാകെ തകരും. വൈശ്യർ ക്ഷത്രിയവർഗ്ഗത്തെ ആക്രമിച്ചു് അവരുടെ കർത്തവ്യങ്ങൾ ഏറ്റെടുത്താൽ മുതലാളിത്തത്തിന്റെ കെടുതികൾ എമ്പാടുമുണ്ടാകും. ബ്രാഹ്മണർ രാഷ്ട്രവ്യവഹാരത്തിൽ പ്രവേശിച്ചാലും ഇതു തന്നെ സംഭവിക്കും. അതുകൊണ്ടു് ഓരോ വർഗ്ഗവും അതിനു നിശ്ചയിച്ചിട്ടുള്ള ജോലികൾ മാത്രം ചെയ്തുകൊണ്ടു കഴിഞ്ഞുകൂടിക്കൊള്ളണം. ഈ ചിന്താഗതി വർണ്ണവ്യവസ്ഥയ്ക്കു യോജിച്ചതാണു്. ഇന്നു് അതാരും അംഗീകരിക്കില്ല. എങ്കിലും അതിലൊരു സത്യം ഒളിഞ്ഞിരിക്കുന്നുണ്ടു്. ഒരുത്തനു് ചെയ്യാവുന്നതേ അവനു് ആകാവൂ. സാഹിത്യം മാത്രമറിയുന്ന ഞാൻ പാലം കെട്ടാൻ ഇറങ്ങിയാലോ? ചന്ദ്രനിൽ പോകാൻ സന്നദ്ധനായാലോ? ശ്രീ. എൻ. എ. ലത്തീഫിനു് ഏതിലാണു് വൈദഗ്ദ്ധ്യമെന്നു് എനിക്കറിഞ്ഞുകൂടാ. അങ്ങനെ വേറൊരു മണ്ഡലത്തിൽ വൈദഗ്ദ്ധ്യമാർജ്ജിച്ച അദ്ദേഹം ചെറുകഥയുടെ മണ്ഡലത്തിൽ ആക്രമണം നടത്തിയതിന്റെ ദുരന്തമാണു് കുങ്കുമം വാരികയിലെ ‘കമലയുടെയും ജയകുമറിന്റെയും കഥ’ എന്ന രചനയിൽ കാണുന്നതു്. കമല ഒരു ചീത്തപ്പെണ്ണു്. അവൾ നല്ലവളായി അഭിനയിച്ചു ജയകുമാറിന്റെ ഭാര്യയാകുന്നു. ഒടുവിൽ അയാളെ വഞ്ചിച്ചിട്ടു് വേറൊരത്തനുമായി കുടന്നകളയുന്നു. ജിവിതത്തിൽ ക്ഷുദ്രമായത്തോന്നുന്നതിനെ കലയിലൂടെ ഉദാത്തതയിലേക്കു് ഉയർത്താം. എന്നാൽ ആ പ്രക്രിയയക്കു ഭാവന സഹായം നല്കണം. ദൗർഭാഗ്യം കൊണ്ടു് ലത്തീഫിനു് അതില്ലല്ലോ.
വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിത വായിക്കുമ്പോൾ ഈശ്വരൻ അടുത്തുനില്ക്കുന്നുവെന്നു നമുക്കുതോന്നും. വൈലോപ്ഫിള്ളിയുടെ കവിത ആ അനുഭവമുളവാക്കുന്നില്ല. ടോൾസ്റ്റോയിയുടെ നോവലുകളിൽ ഈശ്വരൻ മദ്ധ്യഭാഗത്തു നിൽക്കുന്നു. എവിടെയോ നിൽക്കുന്ന ഈശ്വരനെ ദസ്തെയെവ്സ്ക്കി അന്വേഷിക്കുന്നു. മോപസാങ്ങിന്റെ നോവലുകളിലോ ചെറുകഥകളിലോ ഈശ്വരൻ ഇല്ലേയില്ല.
പെൻഗ്വിൻ ബുക്ക്സിന്റെ അമേരിക്കൻ വിഭാഗമായ Plume പ്രസാധനം ചെയ്ത High Risk—An anthology of Forbidden Writings എന്ന പുസ്തകം കണ്ടപ്പോൾ ഞാനതു് നൂറ്റിത്തൊണ്ണൂറ്റിമൂന്നു രൂപ കൊടുത്തു വാങ്ങിച്ചതു് വിഷയത്തിന്റെ ആകർഷകത്വം കൊണ്ടല്ല. അത്തരം പുസ്തകങ്ങൾ എനിക്കിന്നു വൈരസ്യമേ നൽകുന്നുള്ളൂ. റിസർവു് ബാങ്കിന്റെ ക്രൂരത കൊണ്ടു് വിദേശത്തുനിന്നു ഇപ്പോൾ പുസ്തകങ്ങൾ വരുന്നില്ല. അതുകൊണ്ടു് ഒരു വൈദേശികഗ്രന്ഥം പുസ്തകക്കടയിൽ ഇരിക്കുന്നതു കണ്ടപ്പോൾ അതു വാങ്ങാനുള്ള അഭിലാഷം എനിക്കുണ്ടായിയെന്നേയുള്ള. വാങ്ങിയാൽ വായിച്ചുതീർക്കുകയും വേണമല്ലോ. വായിച്ചു. ഒരു തരം ‘മെന്റൽ ഡിപ്രെഷ’നിൽ വീണു. ലൈംഗികഭ്രംശത്തിന്റെ അത്യന്താവസ്ഥയെ ചിത്രീകരിക്കുന്ന രചനകളാണു് ഇവയിലാകെ. എഴുതിയവർ William Burroughs-നെപ്പോലെ Kathy Acker-നെപ്പോലെ പ്രസിദ്ധർ. പക്ഷേ, ആദ്യം പറഞ്ഞ എഴുത്തുകാരനൊഴിച്ചുള്ളവരെല്ലാം അനിയതലൈംഗികത്വത്തിന്റെ മലിനജലത്തിൽ ആറാട്ടു നടത്തുന്നു. വിശേഷിച്ചും സ്ത്രീകൾ. അവരെഴുതിയതിൽ നിന്നു് ഒരു വാക്യംപോലും ഇവിടെ എടുത്തെഴുതാൻ വയ്യ.
‘സ്വർഗത്തിലേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നു’ എന്നു പണ്ടാരോ പറഞ്ഞു. നരകത്തിലേക്കുള്ള വഴി അമേരിക്കാക്കാരൻ തെളിച്ചുവച്ചിരിക്കുന്നു എന്നാണു് ഈ പീറപ്പുസ്തകം വായിച്ചപ്പോൾ എനിക്കു തോന്നിയതു്. പ്രതിദിനം,പ്രതിനിമിഷം ജീർണ്ണിച്ചുവരുന്ന അമേരിക്കൻ സംസ്കാരത്തിനു നിദർശകമായിട്ടുണ്ടു് ഇതു്.

Inversion-നെ—ക്രമവിപര്യയത്തെ—അതിരുകടന്നു നമ്മൾ ആദരിക്കുന്നു. ഇതു നടത്താൻ കുറച്ചു ബുദ്ധി വേണമെന്നു ഞാൻ സമ്മതിക്കുന്നു. പക്ഷേ, ബുദ്ധിശക്തിയുടെ പാരമ്യം അതിലുണ്ടെന്നു കരുതുന്നതു് ഭോഷ്കാണു്. ക്രമവിപര്യയത്തിൽ രസിച്ചിരുന്നു ഓസ്കർ വൈൽസ്. ‘Every great man nowadays has his disciples, and it is always Judas who writes the biography’— ഇക്കാലത്തു് ഏതു മഹാനും ശിഷ്യരുണ്ടു്. പക്ഷേ, ജൂഡാസാണു് എപ്പോഴും ജീവചരിത്രമെഴുതുന്നതു്—ഇതു കേൾക്കുമ്പോൾ നമുക്കു ഒരാഹ്ളാദം. പക്ഷേ, അതിൽ inversion അല്ലാതെ വേറൊന്നുമില്ല. വൈൽഡിന്റെ ആ പ്രസ്താവം ശരിയുമല്ല. ‘Consistency is the last refuge of the unimaginative’ എന്നു വൈൽഡ്— ഭാവനയില്ലാത്തവന്റെ അവസാനത്തെ ആശ്രയമാണു് സ്ഥിരത—ഇതിലും സത്യമില്ല; ക്രമവിപര്യയമേയുള്ളു. പക്ഷേ, കേൾക്കുമ്പോൾ ശ്രോതാവിനു് രസം. കാചത്തിലൂടെ കടക്കുന്ന രശ്മികൾ ഒരു ബിന്ദുവിൽ ഒരുമിച്ചു കൂടുമ്പോൾ അവിടെ തിളങ്ങുമല്ലോ. അല്പം പഞ്ഞി വച്ചുകൊടുത്താൽ അതു തീപിടിക്കുകയും ചെയ്യും. അതുപോലെ അനുഭവസമ്പത്താകുന്ന രശ്മികൾ തലച്ചോറിലൂടെ കടന്നു ഫോക്കൽ പോയന്റിലെത്തുമ്പോൾ ഉണ്ടാകുന്ന തിളക്കമാണു് സത്യാത്മകമായ പ്രസ്താവത്തിനു സഹായിക്കുന്നതു്. അതാണു ബർട്രൻഡ് റസ്സലിന്റെ യും അൽഡസ് ഹക്സലിയുടെയും പ്രസ്താവങ്ങളിൽ കാണുന്നതു്. അവരെപ്പോലെ ചിന്തിക്കാനും സത്യം പ്രതിപാദിക്കാനും നമ്മൾ പഠിക്കണം. കൂട്ടത്തിൽ പറയട്ടെ. നമ്മുടെ പല ഹാസ്യചിത്രകാരന്മാർക്കും ചില ലേഖകന്മാർക്കും inversion മാത്രമാണുള്ളതു്. താൽക്കാലികമായ ഒരു രസം പ്രദാനം ചെയ്തുകൊണ്ടു് അവ നമ്മുടെ സ്മരണമണ്ഡലത്തിൽ നിന്നു് അപ്രത്യക്ഷമാകും.