സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-09-22-ൽ പ്രസിദ്ധീകരിച്ചതു്)

പാർശ്വപ്രകാശങ്ങൾ

ആളുകൾ ബുദ്ധിശൂന്യരായി പ്രവർത്തിച്ചാലും അവരെ രക്ഷിക്കേണ്ട ചുമതലയുണ്ടു് സർക്കാരിനെന്നു് അധികാരികൾക്കറിയാം. എന്നാൽ ഹൃദ്രോഗത്തോടുകൂടി നമ്മുടെ ആശുപത്രികളിൽ എത്തുന്നവർക്കു ചികിത്സ കിട്ടുന്നില്ല.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ചോദ്യങ്ങൾ ചോദിച്ചു് അദ്ദേഹത്തെ കറക്കിക്കളഞ്ഞ പത്രപ്രവർത്തകനാണു് ആ പാകിസ്ഥാൻകാരനെന്നു സുഹൃത്തുക്കൾ എനിക്കു മുന്നറിയിപ്പു തന്നിരുന്നു. പക്ഷേ, അതു കേട്ടിട്ടു് എനിക്കൊരു പേടിയുമുണ്ടായില്ല. സാഹിത്യത്തിൽ മാത്രം താൽപര്യമുള്ളവനാണു ഞാൻ. എന്നോടു ചോദിക്കുന്ന ചോദ്യങ്ങൾക്കു് എനിക്കറിയാവുന്ന മട്ടിൽ ഉത്തരങ്ങൾ നല്കും. അത്രേയുള്ളു. ഭയപ്പെടാൻ എന്തിരിക്കുന്നു? സ്വത്വത്തിന്റെ ആഘാതം എന്നിൽ ഏല്പിച്ചുകൊണ്ടു് ആ സ്ഥൂലഗാത്രൻ സാഹിത്യത്തെക്കുറിച്ചു പലതും ചോദിച്ചു. ഞാൻ മറുപടി പറയുകയും ചെയ്തു. അങ്ങനെയിരിക്കെ അദ്ദേഹം എന്റെ നേർക്കു് ബ്രഹ്മാസ്ത്രമയച്ചു: “രാജീവ് ഗാന്ധിയെക്കുറിച്ചു് എന്താണു് നിങ്ങളുടെ അഭിപ്രായം?” ഞാൻ മറുപടി നല്കി: “അദ്ദേഹം നല്ല ഭരണകർത്താവായിരുന്നില്ല. പക്ഷേ, നൂറിനു നൂറും മാന്യനായിരുന്നു.” “മാന്യനോ?” എന്നു പത്രപ്രതിനിധി. “അതേ” എന്നു എന്റെ ഉത്തരം. “നിങ്ങൾക്കു് എങ്ങനെ അറിയാം മാന്യനാണെന്നു്?” എന്നു വീണ്ടും ചോദ്യം. ഉത്തരം നല്കേണ്ടതുണ്ടോ എന്നു് ഒരു നിമിഷം ഞാൻ ആലോചിച്ചു. പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കാത്തവൻ മനുഷ്യനല്ലെന്നു് വെടിയേറ്റു മരിച്ച അമേരിക്കൻ പ്രസിഡന്റ് കെന്നഡി പറഞ്ഞതു് എന്റെ മനസ്സിൽ മിന്നൽ പിണർപോലെ പാഞ്ഞു. ഞാൻ ഉടനെ പറഞ്ഞു: “സിയാ ഉൾ ഹക്ക് അമാന്യനാണെന്നു് നിങ്ങൾ എങ്ങനെ മനസ്സിലാക്കിയോ അതുപോലെ രാജീവ് ഗാന്ധി മാന്യനാണെന്നു് ഞാൻ മനസ്സിലാക്കി.” പിന്നീടു് അദ്ദേഹം ഒന്നും മിണ്ടിയില്ല.

അവിടെ പെട്രോൾ വേണ്ടുവോളം കരുതാതെ ദൂരെ കാറോടിച്ചു പോകുന്നതു് ആപത്താണു്. പെട്രോൾ തീർന്നാൽ അതു കിട്ടാൻ മാർഗ്ഗമൊന്നുമില്ല. കുറെനേരം കാറിനകത്തിരിക്കും. പിന്നെ ഇറങ്ങി നടക്കും. ചുട്ടുപഴുത്ത മണലിൽ നടന്നു നടന്നു വഴിയിൽ വീണു മരിക്കും. പിന്നീടു് ആ മനുഷ്യന്റെ അസ്ഥിപഞ്ജരവും കാറിന്റെ അസ്ഥിപഞ്ജരവും കാണുമ്പോൾ മാത്രമേ അയാളുടെ ദുരന്തത്തെക്കുറിച്ചു് അറിവുണ്ടാവൂ. കാര്യക്ഷമതയുടെ പരകോടിയിലെത്തിയ ഗവൺമെന്റാണു് അവിടെയുള്ളത്. മനുഷ്യനു് അങ്ങനെ ആപത്തുണ്ടായിട്ടുണ്ടോ എന്നറിയാൻ വേണ്ടി ഹെലികോപ്റ്റർ കൂടക്കൂടെ മുകളിൽ ചുറ്റിക്കറങ്ങും. പെട്രോൾ തീർന്ന കാറിന്റെ ഉടമസ്ഥൻ തെല്ലെങ്കിലും ബുദ്ധിയുള്ളവനാണെങ്കിൽ റ്റയർ കത്തിച്ചു് ഉയർത്തിപ്പിടിക്കും. അങ്ങനെ ഹെലികോപ്റ്ററിലൂടെ പലരും രക്ഷിക്കപ്പെട്ടിട്ടുണ്ടു്. ആളുകൾ ബുദ്ധിശൂന്യരായി പ്രവർത്തിച്ചാലും അവരെ രക്ഷിക്കേണ്ട ചുമതലയുണ്ടു് സർക്കാരിനെന്നു് അധികാരികൾക്കറിയാം. എന്നാൽ ഹൃദ്രോഗത്തോടുകൂടി നമ്മുടെ ആശുപത്രികളിൽ എത്തുന്നവർക്കു ചികിത്സ കിട്ടുന്നില്ല. എന്റെ സഹധർമ്മിണിയുടെ അനുജൻ—മാർക്സിസ്റ്റ് പഞ്ചായത്തു പ്രസിഡൻറായിരുന്ന എം. സോമശേഖരൻ നായർ—സഹിക്കാനാവാത്ത നെഞ്ചുവേദനയുമായി ഡോക്ടറുടെ അടുത്തു് ഓടിച്ചെന്നപ്പോൾ “റ്റിക്കറ്റ് എടുത്തുകൊണ്ടു വരൂ” എന്നു് അദ്ദേഹം ആജ്ഞാപിച്ചു. റ്റിക്കറ്റ് എഴുതിച്ചുകൊണ്ടു വന്നപ്പോൾ “ക്യൂവിൽ പോയി നില്കൂ” എന്നു കല്പിച്ചു. “നെഞ്ചുവേദന സഹിക്കുന്നില്ല” എന്നു അയാൾ പറഞ്ഞപ്പോൾ “ഇവിടെയുള്ളവരെല്ലാം നെഞ്ചു വേദനക്കാർ തന്നെ. ക്യൂവിൽ പോയി നില്കൂ” എന്നു വീണ്ടും ഭിഷഗ്വരകല്പന. അയാൾ വരിയുടെ ഏറ്റവും പിറകിൽച്ചെന്നു നിന്നു. ഉടനെ മറിഞ്ഞു വീണു മരിച്ചു. മണൽക്കാട്ടിലെ സർക്കാരും സസ്യശ്യാമളകോമളമായ നമ്മുടെ നാട്ടിലെ സർക്കാരും തമ്മിലുള്ള വ്യത്യാസം ഇതാണു്. (ആരും വഴക്കിനു വരരുതെന്നു് അപേക്ഷിക്കുന്നു. സോമശേഖരൻ നായർ മരിച്ചിട്ടു കാലമേറെയായിരിക്കുന്നു. മൃതദേഹത്തിന്റെ ഹൃദയത്തിൽ ഒരിൻജെക്ഷൻ സ്വീകരിച്ചുകൊണ്ടു് ആ യുവാവ് ഇഹലോകം വിട്ടുപോയതു വർഷങ്ങൾക്കുമുൻപാണു്.)

കാമുകിയെ സ്നേഹിക്കുന്നവൻ ദുഃഖിച്ചു മരിക്കും. ഭാര്യയെ സ്നേഹിക്കുന്നവൻ ദുഃഖമില്ലാതെ മരിക്കും.

സർവകലാശാല. എന്തൊരു മനോഹാരിത! എന്തൊരു ഔജ്ജ്വല്യം! ളോഹ ധരിച്ചു് ഹെഡ് ഡ്രസ്സുമായി ഇരിക്കുന്നവർക്കു് ഇംഗ്ലീഷറിയാമോ? അവരുടെ ഭാഷ എനിക്കറിഞ്ഞുകൂടല്ലോ. അവർ മുഖത്തു നോക്കാത്തതുകൊണ്ടു് അതിനു തുനിഞ്ഞ ഒരു യുവതിയോടു്—അവിടത്തെ വേഷം ധരിച്ച യുവതിയോടു്—ഞാൻ വിനയത്തോടെ, ഇംഗ്ലീഷിൽ, സർവകലാശാലയുടെ സ്വഭാവത്തെക്കുറിച്ചു ചോദിച്ചു. ഉത്തരം മലയാളത്തിലായിരുന്നു. “സാറിനെ എനിക്കറിയാം. ആഴ്ച തോറും ഞാൻ കലാകൌമുദിയിലൂടെ കാണുന്നുണ്ടു്. എന്റെ പേരു ഗിരിജ. കൊടുങ്ങല്ലൂരാണു് എന്റെ നാടു്.” മഹാമനസ്കതയോടെ ശ്രീമതി എന്നെ ചില പ്രഫെസർമാരുടെ അടുത്തു കൊണ്ടുപോയി. ഇംഗ്ലീഷ് പ്രഫെസർ ലണ്ടനിലുള്ളയാൾ ശംബളം എത്രയെന്നു ചോദിക്കുന്നതു മര്യാദയല്ലെങ്കിലും ഗ്രാന്റ്സ് കമ്മിഷന്റെ ശംബള സ്കെയിലിനു വേണ്ടി പടവെട്ടുന്ന നമ്മുടെ പാവപ്പെട്ട അധ്യാപകരുടെ സ്ഥിതിയറിയാൻവേണ്ടി ഞാനതു് അദ്ദേഹത്തോടു് ആരാഞ്ഞു. മറുപടി: “ഇൻഡ്യൻ കറൻസിയിലാണെങ്കിൽ ഒരു ലക്ഷം രൂപ.” ആത്മാഭിമാനത്തിനു് അടിയേറ്റു. നിശ്ശബ്ദതയുടെ തരംഗങ്ങൾ എന്റെ ചുറ്റും ഉണ്ടായി. അങ്ങകലെ വെട്ടിത്തിളങ്ങുന്ന സൂര്യന്റെ ഉഷ്ണ രശ്മികളേറ്റ് ഞാൻ പ്രതിമപോലെ നിന്നുപോയി.

സാദൃശ്യം യാദൃച്ഛികം

പടിഞ്ഞാറൻ സാഹിത്യത്തിലെ ചില കൃതികൾക്കും മലയാള സാഹിത്യത്തിലെ ചില കൃതികൾക്കും തമ്മിൽ സാദൃശ്യം കാണുന്ന വേളയിൽ ഞാനിപ്പോൾ മൌനം അവലംബിക്കുകയാണു്. കാരണം പലതാണു്.

  1. അടിസ്ഥാനപരങ്ങളായി രണ്ടു വികാരങ്ങളേയുള്ളു. കാമവും വിശപ്പും. ഈ വികാരങ്ങളെ അവലംബിച്ചാണു് സാഹിത്യ സൃഷ്ടികൾ ഉണ്ടാവുക. അപ്പോൾ കഥയ്ക്കു പൊതുവേയും കഥാസന്ദർഭങ്ങൾക്കു സവിശേഷമായും സാദൃശ്യങ്ങൾ വരും. ശ്രീ. കെ. ബാലകൃഷ്ണൻ ഒരിക്കൽ എന്നോടു പറഞ്ഞു: പത്തു മുക്കുവന്മാരുടെ കഥ പത്തു കഥാകാരന്മാർ എഴുതിയാൽ പത്തും ഒന്നുപോലിരിക്കും.
  2. മുൻപു് എന്റെ വീട്ടിൽ പതിവായി ഒരു ബന്ധു വരുമായിരുന്നു. തിരിച്ചുപോകുമ്പോൾ അയാൾ എന്തെങ്കിലും മോഷ്ടിച്ചുകൊണ്ടു പോകും. ഒരിക്കൽ ഒരു പുതിയ പാർക്കർ പേന അയാൾ മേശയ്ക്കകത്തുനിന്നു് എടുത്തു ജൂബയുടെ പോക്കറ്റിലിടുന്നതു ഞാൻ കണ്ടു. തലതിരിച്ചു് അതു കണ്ടില്ലെന്നു നടിച്ചതേയുള്ളു ഞാൻ. ‘ഇതാ പേന മോഷ്ടിച്ചേ’ എന്നു പറയാൻ എനിക്കു കഴിയുമായിരുന്നില്ല. ഈ മാനസിക നിലയ്ക്കു് ഇപ്പോൾ കൂടുതൽ ശക്തി വന്നതുകൊണ്ടു് പ്രത്യക്ഷത്തിൽ ചൂഷണമെന്നു കാണുന്ന പല രചനകളെക്കുറിച്ചും ഞാൻ മിണ്ടാറില്ല.

സി. അച്യുതമേനോൻ: മനുഷ്യജൻമം കിട്ടിയാൽ ജീവിക്കേണ്ടതു് എങ്ങനെയെന്നു നമ്മളെ പഠിപ്പിച്ചമഹാൻ.

വസ്തുത ഇതാണെങ്കിലും രണ്ടു ത്രികോണങ്ങൾ അനുരൂപതയുള്ളതാണെന്നു ക്ഷേത്ര ഗണിതത്തിൽ സ്ഥാപിക്കുന്നതുപോലെ ഒന്നു മറ്റൊന്നിന്റെ ചൂഷണമാണെന്നു സ്ഥാപിക്കാം. ഒരു ത്രികോണത്തിന്റെ A B എന്ന രേഖ രണ്ടാമത്തെ ത്രികോണത്തിന്റെ D E രേഖയ്ക്കു തുല്യം. B C രേഖ E F-നു തുല്യം. A C രേഖ D F-നു തുല്യം. B A C എന്ന കോണും E D F എന്ന കോണും ഒന്നു തന്നെ. A B C എന്ന കോണും D E F എന്ന കോണും ഒന്നു്. B C A എന്ന കോണും E F D എന്ന കോണും ഒന്നു്. അതിനാൽ A B C എന്ന ത്രികോണം D E F എന്ന ത്രികോണത്തിനു സദൃശം. സാഹിത്യമോഷണം ഈ രീതിയിൽ അനുരൂപത ആവഹിക്കുമ്പോൾ അതിനെക്കുറിച്ചെഴുതാനുള്ള പ്രലോഭനം എനിക്കുണ്ടാകാറുണ്ടു്. എങ്കിലും ഞാൻ സ്വയം നിയന്ത്രിക്കുന്നു.

images/Arthur_Schnitzler.jpg
ആർറ്റൂർ ഷ്നിറ്റ്സ്ളർ

ഇത്രയും പറഞ്ഞതു് ഇനി ഞാൻ എഴുതാൻ പോകുന്ന രണ്ടു കഥകളും സ്വതന്ത്രങ്ങളായ ഭാവനകളുടെ സൃഷ്ടികളാണെന്നു വ്യക്തമാക്കാനാണു്. ഒന്നു്, ഓസ്റ്റ്രിയൻ സാഹിത്യകാരൻ ആർറ്റൂർ ഷ്നിറ്റ്സ്ള റുടെ (Arthur Schnitzler, 1862–1931) “The Dead Are Silent” എന്ന ചെറുകഥ. രണ്ടു്, ശ്രീ. കെ. എൽ. മോഹനവർമ്മ മാതൃഭൂമി വാർഷികപ്പതിപ്പിൽ എഴുതിയ “ഒളിച്ചോട്ടം” എന്ന ചെറുകഥ. കാമുകനും വിവാഹിതയായ കാമുകിയും കൂടി കുതിരവണ്ടിയിൽ കയറി ദൂരെ ഒരുസ്ഥലത്തു സല്ലാപത്തിനു പോകുന്നതാണു് ഷ്നിറ്റ്സ്ളറുടെ കഥയിലെ പ്രഥമ ദ്യശ്യം. അവൾ പേടിച്ചവളാണു്. ഭർത്താവു രഹസ്യ പ്രവൃത്തി അറിയുമോ എന്ന പേടി. കാമുകൻ അവളെ സ്നേഹാതിരേകത്തോടെ ചുംബിച്ചു. തിരിച്ചു പോകണമെന്നു് അവൾ ശാഠ്യം പിടിച്ചെങ്കിലും അവളുടെ അബോധാത്മകവും അയാളുടെ ബോധാത്മകവുമായ അഭിലാഷം കൊണ്ടു കുതിരവണ്ടി മുൻപോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു. വേഗത്തിലുള്ള പോക്കു്. പെട്ടെന്നു് ഒരു നാഴികക്കല്ലിലോ മറ്റോ ഇടിച്ചു് വണ്ടി തകിടം മറിഞ്ഞു. അവൾക്കൊന്നും പറ്റിയില്ല. പക്ഷേ, കാമുകൻ മരണത്തെ ആശ്ലേഷിച്ചു കഴിഞ്ഞു. അയാളുടെ മുഖത്തിന്റെ വലതു ഭാഗത്തു നിന്നു രക്തമൊഴുകുന്നുണ്ടു്. ആളുകൾ വന്നുകൂടും. താൻ ആരാണെന്നു് അന്യരറിയും, ഭർത്താവറിയും. ജീവിതം അതോടെ ഇല്ലാതാകും. ആംബ്യുലൻസ് വിളിക്കാൻ വണ്ടിക്കാരനെ പറഞ്ഞയച്ചിട്ടു് അവൾ പട്ടണത്തിലേക്കു തിരിച്ചോടി. ഭർത്താവും കുഞ്ഞുമുള്ള അവൾ ഓടിയതു നന്നായി. ഇല്ലെങ്കിൽ ആളുകൾ അറിയില്ലേ? വീട്ടിൽച്ചെന്നു ചേരണമെന്ന അഭിലാഷം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ. വീട്ടിലെത്തി പരിചാരിക അറിയാതെ സ്വന്തം മുറിയിൽ പ്രവേശിച്ചു. അല്പം കഴിഞ്ഞപ്പോൾ ഭർത്താവ് എത്തി. അയാളും കുഞ്ഞുമായി അവൾ ഭക്ഷണത്തിനു മേശയ്ക്കടുത്തു് ഇരുന്നപ്പോൾ ചകിതയായി “the dead are silent” എന്നു് അയാൾ കേൾക്കെ പറഞ്ഞു പോയി. “നീ എന്താണു് അങ്ങനെ പറയുന്നത്?” എന്നു് അയാൾ ചോദിച്ചപ്പോൾ “അതേ, അതേ” എന്നായിരുന്നു അവളുടെ മറുപടി. അവർ രണ്ടു പേരും വളരെ നേരം തമ്മിൽത്തമ്മിൽ നോക്കിക്കൊണ്ടിരുന്നു. വളരെക്കാലമായി ഭർത്താവിനെ വഞ്ചിക്കുന്ന അവൾക്കു സത്യം മുഴുവനും അയാളെ അറിയിക്കണമെന്നു തോന്നുകയായി കഥയുടെ പര്യവസാനം പ്രതിഭാശാലിയായ ഷ്നിറ്റ്സ്ളറുടെ വാക്കുകളിൽത്തന്നെയാവട്ടെ. ഇംഗ്ലീഷ് തർജ്ജമ: “And, as she slowly went out through the door with her son and felt her husband’s eyes upon her, a feeling of quiet stole over her, as if everything was going to be put to rights again.” മോഹനവർമ്മയൂടെ കഥയുടെ ചുരുക്കം നല്കാം. വിവാഹിതയായ അവൾ കാമുകനുമൊത്തു് കാറിൽ കയറി ദൂരെ, വനപ്രദേശത്തു് പോകുകയാണു്. കാമുകൻ വിജയൻ അവളെ ചുംബിച്ചു. അപ്പോൾ കാമുകന്റെ ആദ്യചുംബനത്തിന്റെ “കോരിത്തരിപ്പു് അനുഭവപ്പെട്ടു.” വിജയൻ ഒരു കുഴിയിൽ നിന്നു വെള്ളം കോരിയെടുക്കാൻ പോയി. പക്ഷേ, തിരിച്ചു വന്നില്ല. പാറയുടെ മുകളിൽ നിന്നു കാൽ തെറ്റി വീണിരിക്കണം. കാറിന്റെ താക്കോൽ അയാളുടെ മൃതദേഹത്തിലാണു്. അവൾ നടന്നു. “അദ്ദേഹമറിയും, നാട്ടുകാരറിയും, മക്കളറിയും.” ഓടിയോടി അവൾ ബസ്സിൽ കയറി, വീട്ടിലെത്തി, വേലക്കാരി മുഖത്തു സൂക്ഷിച്ചു നോക്കിയപ്പോൾ അവൾ കുളിമുറിയിൽ കയറി മുഖം കഴുകി. റ്റെലിഫോൺ ശബ്ദിക്കുന്നു. പൊലിസാവാമെന്നു പേടിച്ചു് അവൾ റിസീവറെടുത്തപ്പോൾ ബോംബെയിൽ പോയിരുന്ന ഭർത്താവിന്റെ ശബ്ദം മോഹന വർമ്മയുടെ കഥ പര്യവസാനത്തിൽ എത്തുന്നു: “എന്തൊക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അവളുടെ നാവിൽനിന്നു് വാക്കുകൾ ഉതിർന്നു വീണില്ല.” ഓസ്റ്റ്രിയയിലെ ഒരു പ്രതിഭാശാലിയും കേരളത്തിലെ ഒരു പ്രതിഭാശാലിയും ഒരേ രീതിയിൽ ചിന്തിച്ചുവെന്നു നമ്മൾ കരുതിയാൽ മതി. അതിൽക്കൂടുതലായി എനിക്കൊന്നും പറയാനില്ല.

ചോദ്യം, ഉത്തരം

ചോദ്യം: തയ്യൽക്കാരൻ സൂചി കൊണ്ടു് ആനയുടെ തുമ്പിക്കൈയിൽ കുത്തിയപ്പോൾ അതു അടുത്ത ദിവസം വെള്ളം വായിലും തുമ്പിക്കൈയിലും സംഭരിച്ചു കൊണ്ടുവന്നു് അയാളുടെ കട മുഴുവൻ നനച്ചുവെന്നു ഒരു കഥ കൊച്ചിലേ പഠിച്ചിട്ടുണ്ടു്.

ഉത്തരം: എനിക്കറിഞ്ഞുകൂടാ. പകഷേ ആനയും സ്ത്രീയും ഒന്നും മറക്കില്ലെന്നു് വിജ്ഞന്മാർ പറഞ്ഞു കേട്ടിട്ടുണ്ടു്.

ചോദ്യം: വൈരൂപ്യമുള്ള വരനും വധുവും കല്യാണ മണ്ഡപത്തിൽ കയറിയിരിക്കുന്നതു കാണുമ്പോൾ നിങ്ങൾക്കെന്തു തോന്നും?

ഉത്തരം: ഒന്നും തോന്നുകില്ല. പാവങ്ങൾ! അവർ കാണാൻ കൊള്ളാതെയായിപ്പോയതു് അവരുടെ കുറ്റം കൊണ്ടല്ലല്ലോ എന്നു യൂഗോ പറഞ്ഞതു പോലെ ഞാനും പറയും. പക്ഷേ, വല്ലാത്ത വണ്ണമുള്ള സുന്ദരിയായ വധുവും അതേ രീതിയിൽ വണ്ണമുള്ള സുന്ദരനായ വരനും കല്യാണമണ്ഡപത്തിൽ ഇരിക്കുന്നതു കാണുമ്പോൾ എനിക്കവരോടു വെറുപ്പു തോന്നും.

ചോദ്യം: കാമുകിയെ സ്നേഹിക്കുന്നതിന്റെ ഫലം ആഹ്ലാദം. ഭാര്യയെ സ്നേഹിക്കുന്നതിന്റെ ഫലം ദുഃഖം. നിങ്ങൾ യോജിക്കുന്നോ?

ഉത്തരം: കാമുകിയെ സ്നേഹിക്കുന്നവൻ ദുഃഖിച്ചു മരിക്കും. ഭാര്യയെ സ്നേഹിക്കുന്നവർ ദുഃഖമില്ലാതെ മരിക്കും.

ചോദ്യം: എല്ലാവരെയും തെറി പറയുന്ന നിങ്ങൾ, നിങ്ങളെ വിമർശിച്ചാൽ കോപിക്കുന്നതു ശരിയാണോ?

ഉത്തരം: ഞാൻ ആരെയും തെറി പറയാറില്ല. ദേഷ്യപ്പെടുന്നതും ദേഷ്യപ്പെടാത്തതും പ്രയോഗിക്കുന്ന വാക്കുകൾക്കു യോജിച്ച രീതിയിലാണു്. നിങ്ങൾക്കു അടി കിട്ടിയോ എന്നു ചോദിക്കുന്നതിനും നിങ്ങളെ ആരാണു് അടിച്ചതു് എന്നു് അന്വേഷിക്കുന്നതിനും തമ്മിൽ വ്യത്യാസമില്ലേ?

ചോദ്യം: അറുപതു കയറി പതിനേഴിനെ ആക്രമിച്ചാൽ?

ഉത്തരം: പതിനേഴിനു കാര്യമൊന്നും നേടാനില്ലെങ്കിൽ പ്രതിഷേധിക്കും. കാര്യം നേടാനുണ്ടെങ്കിൽ അറുപതിനല്ല, എഴുപതിനും കീഴ്പ്പെടും. നാബോക്കോഫിന്റെ ലോലീറ്റയ്ക്കു പന്ത്രണ്ടു വയസ്സേ ഉണ്ടായിരുന്നുള്ളു. മധ്യവയസ്കൻ ഉറക്കഗ്ഗുളിക അവൾക്കു് ആദ്യം കൊടുത്തെങ്കിലും പിന്നീടു് പിന്നീടു് ബാല്യം മധ്യവയസ്സിനെ ആക്രമിച്ചു എന്നാണു് എന്റെ ഓർമ്മ.

ചോദ്യം: മണ്ടത്തരങ്ങൾ കുറെ വർഷങ്ങളായി എഴുതുന്നല്ലോ. വയറ്റിപ്പാടിനാണെങ്കിൽ തുടർന്നെഴുതൂ. ഇല്ലെങ്കിൽ ഉടനെ നിറുത്തു.

ഉത്തരം: കുറെ വർഷങ്ങളായി നിങ്ങൾ ഇതു വായിക്കുന്നുവെന്നു അങ്ങനെ മനസ്സിലായി. മണ്ടന്റെ പിറകേ എപ്പോഴും ചെല്ലുന്നതു മണ്ടനായിരിക്കും.

ചോദ്യം: ചിലർ സാഹിത്യനിരൂപണം നടത്തിയില്ലെങ്കിൽ കോഴിക്കൃഷി നടത്തുമായിരുന്നു അല്ലേ?

ഉത്തരം: എന്നെ ഉദ്ദേശിച്ചാണു് ഈ ചോദ്യമെങ്കിൽ ‘ഇല്ല’ എന്നാണുത്തരം. പക്ഷേ, മറ്റു ചിലരെക്കുറിച്ചു് ഇതു ശരിയാണു താനും. എനിക്കു കോഴിയെ ഇഷ്ടമില്ല. കോഴിമുട്ട പോലും ഞാൻ കഴിക്കാറുമില്ല.

സി. വി. ശ്രീരാമൻ

നവീന നിരൂപകൻ: കലാസൃഷ്ടികളെന്ന ചിത്രശലഭങ്ങളെ പിടിച്ചു് ജീവനോടെ അസ്തിത്വവാദത്തിന്റെ മൊട്ടുസൂചി തറയ്ക്കുന്നവൻ.

വിശ്വവിഖ്യാതനായ ഉമ്പർടോ എകോ യുടെ— “റോസിന്റെ പേരു്”, “ഫൂക്കോയുടെ പെൻഡുലം” ഈ നോവലുകളെഴുതിയ പ്രതിഭാശാലിയുടെ—ഒരു പ്രബന്ധസമാഹാരം വായിച്ച ഓർമ്മയുണ്ടെനിക്കു്. “Travels in Hyperreality” എന്നാണെന്നു തോന്നുന്നു അതിന്റെ പേരു്. അതിലെ ഒരു പ്രബന്ധത്തിൽ സവിശേഷതയുള്ള ഓരോ ഗ്രന്ഥത്തെയും Cult Object ആയികാണാമെന്നു് അദ്ദേഹം പറഞ്ഞിട്ടുണ്ടു്. കലാപരമായ ഔന്നത്യത്തിന്റെ അടിസ്ഥാനത്തിൽ “The Divine Comedy ” എന്ന കാവ്യം “The Three Musketeers ” എന്ന നോവലിനെക്കാൾ എത്ര കേമം! “The Divine Comedy” ഒരു cult-വിശ്വാസപദ്ധതി—ഉണ്ടാക്കി. “The Three Musketeers” വേറൊന്നും ഓരോ വിഭാഗം ജനത ഓരോന്നിനെ ഉപാസിക്കുന്നു. കേരളത്തിലെ പൈങ്കിളിസ്സാഹിത്യം ഒരു Cult ജനിപ്പിച്ചു. സി. വി. രാമൻപിള്ള യുടെ ചരിത്രനോവലുകൾ വേറൊരു cult-ഉം. സമുദായത്തിലെ അധഃസ്ഥിതരുടെ കഷ്ടപ്പാടുകൾ വർണ്ണിച്ചു് അവരുടെ നേർക്കു് അനുകമ്പ പ്രവഹിപ്പിക്കാൻ ശ്രമിക്കുന്ന ചെറുകഥകളെ വേറൊരു cult ആയി കരുതുന്നതിൽ തെറ്റില്ല. ശ്രീ. സി. വി. ശ്രീരാമൻ ആ വിശ്വാസപദ്ധതിയുടെ ഉദ്ഘോഷകനായിട്ടാണു് പലപ്പോഴും നമ്മുടെ മുൻപിൽ വരാറ്. ദേശാഭിമാനി ഒന്നാം വിശേഷാൽ പ്രതിയിൽ അദ്ദേഹം എഴുതിയ “ഞങ്ങളെ തൊട്ടാൽ ഞങ്ങള്” എന്ന കഥയിൽ അദ്ദേഹം അമ്മട്ടിൽത്തന്നെ പ്രത്യക്ഷനാകുന്നു. തന്ത നിത്യരോഗി. തള്ള അശക്ത. അവരുടെ നിഷ്കളങ്കയായ മകളെ മുതലാളിത്തത്തിന്റെ നൃശംസത മനുഷ്യരൂപം പൂണ്ടു് ബലാത്സംഗം ചെയ്യുന്നു. മൂവായിരം രൂപ കൊടുത്തു് വഴക്കു് ഒതുക്കിക്കളയാനായി ശ്രമം. തള്ളയും തന്തയും മകളും അതിനു വഴങ്ങുന്നില്ല. ‘ഞങ്ങളെ തൊട്ടാൽ ഞങ്ങളു കൊല്ലും’ എന്ന പഴയ മുദ്രാവാക്യത്തിന്റെ ശക്തിക്കു് അവർ വിധേയരാകുന്നു.

images/C_V_Raman_Pillai.png
സി. വി. രാമൻപിള്ള

Cult എന്നു് എകോ പ്രയോഗിച്ചതു് ആക്ഷേപ സ്വരത്തിലല്ല. ഓരോ സാഹിത്യവിഭാഗത്തിന്റെയും സവിശേഷത കാണിക്കാനാണു് സി. വി. ശ്രീരാമന്റെ വിശ്വാസപദ്ധതിക്കു് അനുരൂപമായ ഇക്കഥ അതിന്റേതായ രീതിയിൽ നന്നായിട്ടുണ്ടു്. തീർച്ചയായും അതിൽ പ്രചാരണമുണ്ടു്. പക്ഷേ, ഉദ്ബുദ്ധമായ ആത്മലാഭത്തെ ലക്ഷ്യമാക്കിയുള്ള പ്രചാരണത്തിനു മേന്മയേയുള്ളു.

images/Umberto_Eco.jpg
ഉമ്പർടോ എകോ

മഹാനായ നേതാവു് ശ്രീ. എ. കെ. ഗോപാലനെ ക്കുറിച്ചു് ഒരുകവി എഴുതി: “വരുന്നു വരുന്നു ചങ്ങല പൊട്ടിച്ചേക്കേ ഗോപാലൻ.” അദ്ദേഹത്തെ (എ. കെയെ) എനിക്കറിയാമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങയെക്കുറിച്ചു് ഇങ്ങനെയെഴുതിയാൽ അതു കവിതയാണെന്നു് അങ്ങു കരുതുമോ?” എ. കെ. ചിരിച്ചു. എന്നാൽ “ഹിമവദ്വന്ധ്യാചലദേശത്തേകാണു ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്രമംഗളം കായ്ക്കും കല്പപാദമുണ്ടായ്വരൂ” എന്നു മഹാകവി എഴുതുമ്പോൾ ഗാന്ധിജിയെ വെറുക്കുന്നവർക്കും അതു കവിതയാണെന്നു സമ്മതിക്കേണ്ടി വരും.

നിർവ്വചനങ്ങൾ
സി. അച്യുതമേനോൻ:
മനുഷ്യജന്മം കിട്ടിയാൽ ജീവിക്കേണ്ടതു് എങ്ങനെയെന്നു നമ്മളെ പഠിപ്പിച്ച മഹാൻ.
സുരക്ഷിതത്വം:
അങ്ങനെയൊന്നില്ല. ഗോർബച്ചേവ് അതു നമ്മളെ ഗ്രഹിപ്പിച്ചു.
നാക്ക്:
വൈരുദ്ധ്യാത്മക സ്വഭാവമുള്ള ഒരു തുണ്ടു് മാംസപേശി. ആ മാംസപേശി കൊണ്ടു എം എസ് സുബ്ബലക്ഷ്മി ശ്രോതാക്കളെ ഗന്ധർവ്വലോകത്തേക്കു നയിക്കുന്നു; നവീനതമകവികൾ നരകത്തിലേക്കും.
ക്ഷമ:
പ്രവർത്തനശേഷിയില്ലാത്തവന്റെ ദൗർബ്ബല്യം.
റ്റെലിവിഷൻ:
വാലിയം ഗുളികയ്ക്കു പകരം ഉപയോഗിക്കാവുന്നതു്.
നേഴ്സ്:
സുന്ദരിയാണെങ്കിൽ സ്വന്തം സാന്നിദ്ധ്യം കൊണ്ടു മാത്രം പുരുഷനായ രോഗിയുടെ ഏതു രോഗവും മാറ്റുന്ന ഔഷധം ആന്റിബയോട്ടിക്ക്സിനെക്കാൾ ശക്തം.
നവീനനിരൂപകൻ:
കലാസൃഷ്ടികളെന്ന ചിത്രശലഭങ്ങളെ പിടിച്ചു് ജീവനോടെ അസ്തിത്വവാദത്തിന്റെ മൊട്ടുസൂചി തറയ്ക്കുന്നവൻ.
റ്റെലിഫോൺ:
റോങ് നമ്പർ എന്നു പറയുന്നതു സ്ത്രീശബ്ദമാണെങ്കിൽ വിളിക്കുന്ന പുരുഷനു് കൂടുതൽ മൃദുലമായും ദീർഘമായും സംസാരിക്കാൻ സൗകര്യം നല്കുന്ന ഒരു ഉപകരണം. കുളിമുറിയിൽ കയറി തലയിൽ വെള്ളമൊഴിക്കുമ്പോൾ മണിനാദം കേൾപ്പിച്ചു് നമ്മളെ വൈഷമ്യത്തിലാക്കുന്ന ഒരു യന്ത്രം.
അതിഥി:
വീട്ടിൽ വന്നു മൂന്നു മണിക്കൂർ നേരം അതുമിതും പറഞ്ഞിട്ടു് പോകാനായി എഴുന്നേറ്റതിനു ശേഷം ഒരു മണിക്കൂർ നിന്നു കൊണ്ടു സംസാരിക്കുന്ന പരമബോറൻ.
ആതിഥേയൻ:
കസേരയിൽ ഇരിക്കുന്ന അതിഥി ഇരുന്നുകൊണ്ടു തന്നെ യാത്ര പറയുമ്പോൾ അയാളെഴുന്നേല്ക്കുന്നതിനു മുൻപു് ചാടിയെഴുന്നേറ്റു് ഗെയ്റ്റിലേക്കു നടക്കുന്നവൻ.
പ്രഭാവർമ്മ
images/NightFlight.jpg

ഫ്രഞ്ചെഴുത്തുകാരൻ ആങ്ത്വാൻ ദ സാങ് ഗേത്സ്യൂപേരി (Antonie de saint exupery, 1900–1944) എഴുതിയ “Southern Mail ”, “Night Flight ”, “Wind, sand and Stars ” ഈ ഗ്രന്ഥങ്ങൾ വായിച്ചിട്ടില്ലാത്തവർ സാഹിത്യത്തിന്റെ മനോഹാരിത സമ്പൂർണ്ണമായും കണ്ടവരല്ല. നക്ഷത്രം നിറഞ്ഞ അന്തരീക്ഷത്തിലൂടെ വിമാനത്തിൽ സഞ്ചരിച്ചു് അതിനും അപ്പുറത്തുള്ള സത്യം തേടുകയായിരുന്നു മഹാനായ ഈ കലാകാരൻ. അവസാനമായി കോഴ്സിക്കയുടെ മുകളിലൂടെ പറന്ന അദ്ദേഹം തിരിച്ചു വന്നില്ല. സാങ്തേഗ് സ്യൂപേരി സത്യം കണ്ടുവോ? ആർക്കറിയാം?

“Up there the stars serve as a measure of true distances. The simple life, one’s abiding love, the girlfriend we think we cherish-the North Star is once more there to light the way”

—ഈ രചനാരീതി അദ്ദേഹത്തിന്റെ കലയുടെ വൈശിഷ്ട്യം സ്പഷ്ടമാക്കിത്തരും.

images/WindSandAndStars.jpg

സാങ്തേഗ് സ്യൂപേരിയെപ്പോലെ സത്യം തേടിയ മറ്റൊരു കലാകാരനാണു് മെൽവിൽ. പക്ഷേ, എത്ര സത്യാന്വേഷണതൽപരത്വം കാണിച്ചാലും ഒടുവിൽ തനിച്ചു മരിക്കും. തനിച്ചു ജനിക്കുന്ന മനുഷ്യൻ തനിച്ചു മരിക്കുന്നു. നിലവിളികൾ താൽകാലികം; ദുഃഖം താൽക്കാലികം. ഏതു പ്രേമഭാജനം പോയാലും ഉടനെ വിസ്മരിക്കപ്പെടും. ശരീരം നിശ്ചേതനമായാൽ അതിന്റെ കണ്ണുകൾ തിരുമ്മിയടയ്ക്കുന്നു. വായ് തുറന്നു പോകാതിരിക്കാൻ വേണ്ടി തലയിലൂടെ താടിയിലൂടെ കെട്ടു കെട്ടുന്നു. ചിലർ മൃതദേഹത്തിന്റെ മുഖവും മൂടുന്നു. മരിച്ചവരുടെ മുഖം മൂടുന്നതെന്തിനു് എന്നു ശ്രീ പ്രഭാവർമ്മ കാവ്യത്തിലൂടെ ചോദിച്ചു കൊണ്ടു് ജീവിതവും മരണവും ഉയർത്തുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. അവ ചിന്തോദ്ദീപകങ്ങളായതു കൊണ്ടാണു് എനിക്കു് ഈ വരികൾ കുറിക്കേണ്ടി വന്നതു്. ബിംബങ്ങളിലൂടെ വികാരവും ആശയവും ആവിഷ്കരിച്ചിരുന്നങ്കിലും കാവ്യം കൂടുതൽ ഹൃദ്യമാകുമായിരുന്നു (കാവ്യം കുങ്കുമം വാരികയിൽ).

മാജിക്

നമ്മുടെ ആഹ്ലാദദായകതമുള്ള ചെറുകഥയോ നോവലോ വായിക്കുമ്പോൾ ഗ്രന്ഥകാരനെ മറക്കുന്നു, ഗ്രന്ഥത്തെ മറക്കുന്നു… കലാസൃഷ്ടി ഭാവതലത്തിൽ ഉത്കൃഷ്ടത നേടുമ്പോഴാണു് ഇതു് സംഭവിക്കുക. എന്നാൽ നവീനൻമാരുടെ കഥകൾ വായിക്കുമ്പോൾ എന്റെ മുൻപിൽ വാക്കുകളല്ലാതെ വേറൊന്നുമില്ല.

മുതുകാടു് എന്ന പേരിൽ അറിയപ്പെടുന്ന യുവാവായ മജീഷ്യൻ എന്റെ വീട്ടിൽ വന്നു പല വിദ്യകളും കാണിച്ചു. അവ എ ന്നെ അദ്ഭുതപ്പെടുത്തി. പിന്നീടു് ഞാൻ ചോദിക്കാതെതന്നെ അദ്ദേഹം പല വിദ്യകളുടെയും സൂത്രം പറഞ്ഞു തന്നപ്പോൾ അദ്ഭുത വികാരം ഇല്ലാതായിയെന്നു മാത്രമല്ല ആ വിദ്യകളോടു എനിക്കുണ്ടായിരുന്ന അനുകൂലമായ മാനസിക നില നഷ്ടമായിബ്ഭവിക്കുകയും ചെയ്തു. അതിനു ശേഷം ഞാനൊരു ‘ട്രിക്കി’നെക്കുറിച്ചു് അദ്ദേഹത്തോടു ചോദിച്ചു. നാലു തൂണുകൾ അവയിൽ ഒന്നിൽ ഒരുത്തനെ ഇറുക്കിക്കെട്ടി വയ്ക്കുന്നു. എന്നിട്ടു് മുകൾ ഭാഗവും നാലു വശവും തുണി കൊണ്ടു മറയ്ക്കുന്നു. അല്പം നേരം കഴിഞ്ഞു മുൻവശത്തെ തുണി ഉയർത്തുമ്പോൾ ഒരു തൂണിൽ ബന്ധനസ്ഥനായിരുന്നവൻ മറ്റൊരു തൂണിൽ അതേ രീതിയിൽ കെട്ടപ്പെട്ടിരിക്കുന്നു. എങ്ങനെയാണു് ഇതു സാധിക്കുക? എന്റെ ചോദ്യത്തിനു മുതുകാടു് മറുപടി നല്കി. ബലപ്പിച്ചു കെട്ടുന്നു എന്നതു പ്രേക്ഷകർക്കു് ഉണ്ടാകുന്ന തോന്നലാണു്. തുണി താഴ്ത്തിക്കഴിഞ്ഞാൽ പെട്ടെന്നു കെട്ടുകളഴിക്കുകയും മറ്റേത്തൂണിൽ അതുപോലെ അയാളെ കെട്ടി വയ്ക്കുകയും ചെയ്യുകയാണു്. ഈ ട്രിക്ക് ആദ്യമായി കണ്ടപ്പോൾ ബഹുജനത്തോടൊപ്പം, പ്രായമായ ഞാനും കൈയടിച്ചു. ഇനി ആ വിദ്യ കാണേണ്ടതായി വന്നാൽ ഞാൻ കൈയടിക്കില്ല.

ശ്രീ. അഷ്ടമൂർത്തി നവയുഗം വാർഷികപ്പതിപ്പിൽ എഴുതിയ “അഭിമുഖ സംഭാഷണം” എന്ന ചെറുകഥ ഒരു തവണ വായിച്ചു. ഇനി വായിക്കില്ല. കാരണം അദ്ദേഹം ഇതിൽ കഥാകാരനായിട്ടല്ല, മജീഷ്യനായിട്ടാണു് നില്ക്കുക. പ്രശസ്തയായ ഒരഭിനേത്രിയെ കാണാൻ പ്രശസ്തനായ ഒരുത്തൻ വരുന്നു. അവർ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പണ്ടു സ്നേഹിച്ച അപ്പുവിനെക്കുറിച്ചു് അവൾ പറയുകയായി. അവളെ കിട്ടിയില്ലെങ്കിൽ അപ്പു ആറ്റിൽച്ചാടി ചത്തുകളയുമെന്നു് അറിയിച്ചത്രേ. പിന്നീടു് അപ്പുവിനെ അവൾ കണ്ടിട്ടേയില്ല. ദക്ഷനെ വകവരുത്താൻ ശിവൻ ജടപിടിച്ചു് തറയിൽ അടിച്ചപ്പോൾ രണ്ടു ഭീകരസത്വങ്ങൾ ഉണ്ടായല്ലോ. ഇവിടെ അഷ്ടമൂർത്തി (ശിവനെന്നു് അഷ്ടമൂർത്തിക്കു അർത്ഥം) തൂലിക എടുത്തു് നവയുഗത്തിന്റെ താളിൽ ഒരടി അടിച്ചപ്പോൾ വന്നവൻ പഴയ അപ്പുവായി നല്ക്കുന്നു. വായനക്കാരൻ എന്ന ദക്ഷനെ അയാൾ കൊല്ലുമെന്നതു തീർച്ച. മജീഷ്യൻ മുതുകാട്, മജീഷ്യൻ അഷ്ടമൂർത്തിയേക്കാൾ എത്രയെത്ര ഭേദം!

images/Max_Frisch.jpg
മാക്സ് ഫ്രിഷ്

ഓസ്റ്റ്രിയൻ ഗാനരചയിതാവ് മൊറ്റ്സാർട്ടിന്റെ (Mozart) ജീവചരിത്രമെഴുതി പ്രഖ്യാതനായ ജർമ്മൻ നാടകകർത്താവു് വൊൾഫ്ഗാങ് ഹിൽഡെഷീമർ (Wolfgang Hildesheimer) മരിച്ചെന്നു റ്റൈം വാരികയിൽ കണ്ടു. അദ്ദേഹം സാഹിത്യപരമായ വിഷാദാത്മകത്വത്തിനു വിധേയനായിരുന്നത്രേ. അടുത്ത കാലത്തു് അന്തരിച്ച മാക്സ് ഫ്രിഷ് എന്ന വലിയ സാഹിത്യകാരനു സമർപ്പിച്ച ഒരു പ്രബന്ധത്തിൽ ഹിൽഡെഷീമർ ഇങ്ങനെയെഴുതി: “എല്ലാ മായും… കാഴ്ചയും കേഴ്‌വിയും, പക്ഷേ, ആദ്യം ഇല്ലാതാകുന്നതു് ചിരിയാണു്” (സെപ്റ്റംബർ 2, റ്റൈം). നാലു കഥയോ നാലു കവിതയോ എഴുതി പത്രാധിപരെക്കൊണ്ടു മഷി പുരട്ടിപ്പിച്ചിട്ടു് ‘എന്നെ വെല്ലുന്ന കഥാകാരനുണ്ടോ? എന്നെ വെല്ലുന്ന കവിയുണ്ടോ?’ എന്ന മട്ടിൽ തല വെട്ടിച്ചു ചോദ്യമെറിയുന്ന നമ്മുടെ എഴുത്തുകാർ ഹിൽഡെഷീമറിന്റെ ഈ വാക്യം ഇൻഡ്യൻ ഇങ്കിൽ കടലാസ്സിൽ എഴുതി ഫ്രെയിം ചെയ്തു മേശപ്പുറത്തു വയ്ക്കണം. അതിനു സൗകര്യമില്ലെങ്കിൽ ഷേർട്ടിന്റെ പോക്കറ്റിലിട്ടു കൊണ്ടു നടക്കുകയും കൂടെക്കൂടെ അതെടുത്തു വായിക്കുകയും വേണം.

വെറും ക്രാഫ്റ്റ്
images/Maurice_Merleau.jpg
മോറീസ് മെർലോ പൊങ്തീ

ഫ്രഞ്ച് ദാർശനികൻ മോറീസ് മെർലോ പൊങ്തീ (Maurice Merleau-Ponty, 1980–61) “The Prose of the World” എന്ന പേരിൽ ഒരു മഹാഗ്രന്ഥം എഴുതാൻ തുടങ്ങി. അതിന്റെ പ്രാഥമികരൂപമായ ചില കുറിപ്പുകളേ അദ്ദേഹം എഴുതിയുള്ളു. ഗ്രന്ഥരചനയ്ക്കു മുൻപു് പൊങ്തീ മരിച്ചു പോയി. കുറിപ്പുകൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു പ്രസാധനം ചെയ്തിട്ടുണ്ടു്. അതുതന്ന ഇരുന്നുറ്റമ്പയോ മുന്നോറോ പുറങ്ങൾ വരും. ആ പുസ്തകത്തിലെ ഒരു വിവരണം ഓർമ്മയിലെത്തുന്നു. അമ്മൂമ്മ പതിവായി പേരക്കുട്ടിക്കു പുസ്തകമെടുത്തു വായിച്ചു കഥ മനസ്സിലാക്കിക്കൊടുക്കും. അവൻ അതിൽ രസിക്കും. ഒരു ദിവസം അമ്മുമ്മ ഇല്ലാതിരുന്നപ്പോൾ പേരക്കുട്ടി പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി. പക്ഷേ, കഥയില്ല. വെള്ളക്കടലാസ്സിൽ കുറെ കറുത്ത അക്ഷരങ്ങൾ മാത്രം. ഭാഷയെ സംബന്ധിച്ച തത്ത്വമാണു് ഇതു് സ്പഷ്ടമാക്കി തരുന്നത്. നമ്മൾ ആഹ്ളാദദായകത്വമുള്ള ചെറുകഥയോ നോവലോ വായിക്കുമ്പോൾ ഗ്രന്ഥകാരനെ മറക്കുന്നു. ഗ്രന്ഥത്തെ മറക്കുന്നു. “മാർത്താണ്ഡവർമ്മ” വായിക്കുന്ന ആൾ സി. വി. രാമൻ പിള്ളയെ ഓർമ്മിക്കുന്നില്ല. നോവൽ കൈയിലിരിക്കുന്നുവെന്നു് ഓർമ്മിക്കുന്നില്ല. അയാളുടെ മുൻപിലുള്ളതു കാടും അതിന്റെ നടുവിൽ വെട്ടു കൊണ്ടു ചോരയൊലിപ്പിച്ചു കിടക്കുന്ന യുവാവിനെയും മാത്രമാണു്.

തകഴി ശിവശങ്കരപ്പിള്ള യുടെ “വെള്ളപ്പൊക്കത്തിൽ” എന്ന ചെറുകഥ ഞാൻ പല പരിവൃത്തി വായിച്ചിട്ടുണ്ടു്. വായിക്കുമ്പോഴൊക്കെ കുട്ടനാടൻ പ്രദേശവും വെള്ളപ്പൊക്കവും പട്ടിയുടെ പ്രാണവേദനയും മാത്രമേ ഞാൻ കാണുകയുള്ളു, അറിയുകയുള്ളു. കഥാകാരനെ ഓർമ്മിക്കില്ല. കലാസൃഷ്ടി ഭാവതലത്തിൽ ഉത്കൃഷ്ടത നേടുമ്പോഴാണു് ഇതു സംഭവിക്കുക. എന്നാൽ നവീനന്മാരുടെ കഥകൾ വായിക്കുമ്പോൾ എന്റെ മുൻപിൽ വാക്കുകളല്ലാതെ വേറൊന്നുമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. രവി എഴുതിയ “മിഠായിമഴ” എന്ന ചെറുകഥയുടെയും സ്ഥിതി ഇതുതന്നെ. ഒരാൾ കുടുംബത്തോടെ ഒരു പുതിയ സ്ഥലത്തെത്തുന്നു. ഒരു ദിവസം സുഖിച്ചിട്ടു് എല്ലാവരും ആത്മഹത്യ ചെയ്യണമെന്നാണു് പ്ലാൻ അതുപോലെ ആത്മഹത്യക്കു് നേരത്തേ അവിടെയെത്തിയ ഒരുത്തൻ കുടുംബത്തെ കൊന്നെങ്കിലും വിഷം തീർന്നു പോയതുകൊണ്ടു് രക്ഷപ്പെടാൻ നിർബന്ധനായി. അയാൾ നവാഗതനോടു അല്പം വിഷം ചോദിക്കുമ്പോൾ കഥ അവസാനിക്കുന്നു.

ജീവശാസ്ത്രപരമായ വികാരമാണു് ആത്മഹത്യക്കുള്ള അഭിലാഷം. ആ വികാരത്തെ സാന്ദ്രരതയോടെ ആവിഷ്കരിക്കാതെ വികാരരഹിതങ്ങളായ വാക്യങ്ങൾ എഴുതി ഒരു ശില്പമുണ്ടാക്കി വയ്ക്കുകയാണു് രവി. ഈ ശില്പമുണ്ടാക്കൽ സർഗ്ഗാത്മകതയോടു ബന്ധപ്പെട്ടതല്ല; ക്രാഫ്റ്റിനോടാണു്, ടെക്നിക്കിനോടാണു് അതിനു ബന്ധം. അതിനാൽ കൃത്രിമമാണു്. ആർജ്ജവമില്ലാത്തതാണു്. കുടുംബത്തിന്റെ ആത്മഹത്യക്കുള്ള ശ്രമം നമ്മെ സ്പർശിക്കുന്നില്ല. വിഷം ചോദിക്കുന്നവന്റെ മട്ടു് ഹാസോൽ പാദകവും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-09-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.